2012, ഓഗസ്റ്റ് 18, ശനിയാഴ്‌ച

രാമായണം: പറയുന്തോറും പിളരുന്ന പാഠം


 ഡോ. അനില്‍ ചേലേമ്പ്ര
"പാഠം" എന്ന സങ്കല്‍പ്പം ഇന്ന് ഏറെക്കുറെ പരിചിതമായിട്ടുണ്ട്. ലാറ്റിന്‍ പദമായ "ടെക്സ്റ്റം" എന്നതില്‍ നിന്നുണ്ടായ "ടെക്സ്റ്റ്" എന്നതിന്റെ തര്‍ജ്ജമയായാണ് ഇന്ന് ഇതുപയോഗിക്കുന്നത്. വിശുദ്ധ ഗ്രന്ഥവുമായി ബന്ധപ്പെട്ടുകൊണ്ടാണ് ഈ ആശയം പാശ്ചാത്യദേശത്ത് വളര്‍ന്നു വന്നത്. എന്നാല്‍ പില്‍ക്കാലത്ത് ലിഖിത രൂപത്തിലുള്ള ഏതിനെയും കുറിക്കുന്ന വാക്കായി അത് വളര്‍ന്നു. മൗലികവും ആധികാരികവുമായ ഒരു "ഭാഷാ വസ്തു" വിനെ കുറിക്കുന്ന പദമായാണ് ഇന്ന് നാം "ടെക്സ്റ്റി"നെ കാണുന്നത്. ബൈബിള്‍ "പാഠ"ത്തിന്റെ വ്യാഖ്യാനത്തെ അടിസ്ഥാനമാക്കി വളര്‍ന്നുവന്ന വിജ്ഞാന ശാഖയാണ് വ്യാഖ്യാനശാസ്ത്രം. ബൈബിള്‍ വ്യാഖ്യാനശാസ്ത്രം ആരംഭിക്കുന്നതുതന്നെ "ഒറിജിനല്‍ ടെക്സ്റ്റ്" ഏത് എന്ന് തിട്ടപ്പെടുത്തിയതിനു ശേഷമാണ്.

"ഒറിജിനല്‍ ടെക്സ്റ്റ്" എന്നതിനെ മൂലപാഠ"മായി പരിഗണിക്കാം. കാലാന്തരത്തില്‍ വന്നുപെട്ട കലര്‍പ്പുകളെ ദൂരീകരിച്ച് "ശുദ്ധപാഠ"ത്തെ കണ്ടെടുക്കുകയെന്നത് വ്യാഖ്യാനശാസ്ത്രകാരന്മാരുടെ പ്രഥമദൗത്യമായിരുന്നു. ആധികാരികവും ഏകവും ശരിയുമായ ഒരു പാഠം എന്ന സങ്കല്‍പ്പം ബൈബിള്‍ പാഠവിമര്‍ശനവുമായി ബന്ധപ്പെട്ട് വളര്‍ന്നുവന്നതാണ്. "ദൈവത്തിന്റെ ദൂതന്‍" എന്ന അര്‍ഥം വരുന്ന ഒലൃാലെ എന്ന വാക്കില്‍നിന്ന് "ഹെര്‍മസ്യൂട്ടിക്സ്" (വ്യാഖ്യാനശാസ്ത്രം) എന്ന പരികല്‍പ്പന രൂപപ്പെടുന്നത്. ദൈവവചനത്തിന്റെ ഏകത്വത്തെ "പാഠ"ത്തില്‍ ആരോപിക്കുകയാണ് ചെയ്തത് എന്നര്‍ഥം. വ്യാഖ്യാനശാസ്ത്രത്തോടൊപ്പം വളര്‍ന്നുവന്ന അര്‍ഥത്തോടെയല്ല "ടെക്സ്റ്റ്" എന്ന പദം ആധുനികാനന്തര ഘട്ടത്തില്‍ യൂറോപ്പില്‍ ഉപയോഗിക്കുന്നത്. "ടെക്സ്റ്റി"നെക്കുറിച്ചുള്ള ആധുനികാനന്തര സങ്കല്പനത്തിന് ചേരുന്ന തര്‍ജ്ജമയാണ് "പാഠം" എന്നത്. "പാഠം" എന്നതിന് പഠിക്കുന്നതെന്തോ അതാണ് പാഠം" എന്ന അര്‍ഥമാണ് നല്‍കിക്കാണുന്നത്. വായനക്കാരെ കേന്ദ്രീകരിച്ച് രൂപപ്പെട്ട പരികല്‍പ്പനയാണ് പൗരസ്ത്യദേശത്തെ "പാഠം" എന്ന് കാണാം. "ആധികാരികത" "മൗലികത" എന്ന സങ്കല്‍പ്പല്ല. പാഠത്തെക്കുറിച്ച് പൗരസ്ത്യദേശത്തുള്ളത്. മറിച്ച് "സമാന്തര പാഠങ്ങള്‍" എന്നോ "ബഹുപാഠങ്ങള്‍" (ാൗഹശേുഹല ലേഃേെ) എന്നോ വിളിക്കാവുന്ന സങ്കല്‍പ്പമാണ് ഇവിടെയുണ്ടായിരുന്നത്. പാഠത്തെ ഒരു കേവലഭാഷാ രൂപമായിക്കണ്ടാല്‍ അതിനെ എഡിറ്റ് ചെയ്യുകയോ പരിഷ്കരിക്കുകയോ ചെയ്യാം. എന്നാല്‍ "പഠിക്കുന്നതാണ് പാഠം" എന്ന് പരിഗണിച്ചാല്‍ പഠിക്കുന്നതിന് മുമ്പ് "ഒരുക്കിവെക്കപ്പെട്ട ഒരുപാഠം" ഇല്ല എന്നുവരും. അത് പഠനത്തിലൂടെ സൃഷ്ടിക്കപ്പെടുന്നതാണ് എന്ന് മനസിലാക്കാം. പഠനം/വായന എന്ന വ്യവഹാരമാണ് ഇവിടെ പാഠനിര്‍മിതിക്ക് നിയാമകം. ഇന്ത്യയിലെ എല്ലാ കവികളും പൂര്‍വ്വസൂരികളുടെ തുടര്‍ച്ചയായാണ് തങ്ങളെ കണ്ടിരുന്നത്. "പാഠ"ത്തിന്റെ ആധികാരികതയില്‍ ആരും ഊന്നാറില്ല. ""മന്ദഃ കവിയശഃ പ്രാര്‍ത്ഥീ ഗമിഷ്യമ്യുപഹാസ്യതാം പ്രാശുലഭ്യേ ഫലേ ലോഭാദുദ് ബാഹുരിവ വാമന അഥവാ കൃതവാഗ്ദ്വാരേ വംശേസ്മിന്‍ പൂര്‍വ്വ സൂരിഭിഃ മണൗ വജ്രസമുല്‍ക്കീര്‍ണ്ണേ സൂത്രസ്യേവാസ്തി മേ ഗതി"". എന്ന് കാളിദാസന്‍. പൂര്‍വ്വസൂരികള്‍ ഉണ്ടാക്കിവെച്ച "വാഗ്ദ്വാര"ങ്ങളിലൂടെ നട്ടലോട്ടം നടത്താന്‍ മാത്രമാണ് താന്‍ ശ്രമിക്കുന്നതെന്നാണ് കവി പറയുന്നത്. "കവി കെട്ടലി"നെ മാല കോര്‍ക്കലായി സങ്കല്‍പ്പിക്കുന്ന അതേ ചിത്രം തന്നെയാണ് ഇവിടെയും. മുത്തുകള്‍ ഒന്നുതന്നെയെങ്കിലും ഓരോ തവണ കെട്ടുമ്പോഴും അത് ഓരോതരം മാലയായിത്തീരുന്നു. അതുതന്നെയാണ് പാഠത്തിന്റെ ബഹുത്വത്തിന് കാരണമായി പൗരസ്ത്യര്‍ കണ്ടത്. ആഖ്യാനം ചെയ്യുന്തോറും പെരുകുന്ന പാഠത്തെക്കുറിച്ചുള്ള സങ്കല്‍പ്പം രാമായണത്തിന്റെ കാര്യത്തില്‍ വളരെ പ്രകടമാണ്. ദക്ഷിണേഷ്യയില്‍ പൊതുവെയും ഇന്ത്യയില്‍ വിശേഷിച്ചും രാമായണം ബഹുപാഠങ്ങളിലൂടെയാണ് ചാലിട്ടൊഴുകിയിട്ടുള്ളത്. ലോകത്തെ ഏത് ഇതിഹാസത്തെയും പോലെ ചരിത്രവും ഭാവനയും സന്ദേശവും ഇഴചേര്‍ത്ത് നെയ്തെടുത്തതാണ് രാമായണം. രാമായണകഥ "അസ്ഥിര" പാഠങ്ങളായി ഇന്ത്യയിലെമ്പാടും ഒഴുകിപ്പരന്നു. അതിനെ "ലിഖിത"പാഠത്തില്‍ "സ്ഥിര"പ്പെടുത്താനുള്ള ആദ്യശ്രമം നടത്തിയത് വാല്‍മീകിയാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇന്ത്യയിലെ ഏകാധിപത്യ സ്വഭാവമുള്ള രാജഭരണത്തിന്റെ സാധൂകരണമായി വാല്‍മീകി രാമായണം മാറി. വൈഷ്ണവിസത്തിന്റെ വ്യാപനം വാല്‍മീകി രാമായണത്തിന്റെ പലതരത്തിലുള്ള പുനരാവിഷ്കാരങ്ങള്‍ക്ക് വഴിയൊരുക്കി. വാമൊഴിയിലും വരമൊഴിയിലും വ്യാപിച്ചു കിടക്കുന്ന രാമായണ കഥയുടെ പാഠവൈവിധ്യം അമ്പരപ്പിക്കുന്നതാണ്. 1. ദശരഥ ജാതകം/വാല്‍മീകി രാമായണം, പൗമചരിതം: ചരിത്രസൂചനകള്‍ ഇന്ത്യന്‍ സംസ്കാരത്തെ സമഗ്രമായി സ്പര്‍ശിക്കാന്‍ രാമായണത്തിന്റെ ആഖ്യാന രൂപങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ബൗദ്ധ-ജൈന പാരമ്പര്യങ്ങളില്‍ രാമായണത്തിന്റെ സ്വാധീനം പ്രബലമാണ്. ഇന്ത്യയിലെ കാര്‍ഷിക സമ്പദ്വ്യവസ്ഥയും നാടുവാഴിത്തവും വ്യാപിക്കുന്നതിന്റെ സൂചനകളാണ് ബൗദ്ധപാരമ്പര്യത്തില്‍ പെടുന്ന ദശരഥ ജാതകം നല്‍കുന്നത്. പദങ്ങള്‍ വികസിക്കുകയും ജനപദങ്ങളും നഗരങ്ങളും ചേര്‍ന്ന് ഒരു സമ്പദ്ക്രമം രൂപപ്പെടുകയും ചെയ്യുന്നതിന്റെ സാക്ഷ്യമായി ഈ കഥയെ കാണാം. രാജവംശങ്ങള്‍ ശാഖോപശാഖകളായി പന്തലിക്കുകയും ഈ ശാഖകളും ഉപശാഖകളും തമ്മിലുള്ള ബന്ധം ഇതിഹാസത്തിലൂടെ പുനഃസൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്.

ജാതക കഥകളില്‍ ശ്രദ്ധേയമായതാണ് ദശരഥ ജാതകം. ബനാറസിലാണ് ദശരഥന്റെ രാജധാനി. പ്രധാന രാജ്ഞിയില്‍ അദ്ദേഹത്തിന് രണ്ട്പുത്രന്മാരും ഒരു പുത്രിയുമുണ്ടായി. രാമപണ്ഡിതന്‍, ലക്കണന്‍, സീത എന്നിങ്ങനെയാണ് ആ പേരുകള്‍. ആദ്യ ഭാര്യ മരിച്ചപ്പോള്‍ ദശരഥന്‍ മറ്റൊരുവളെ വിവാഹം കഴിച്ചു. അതിലുണ്ടായ പുത്രനാണ് ഭരതന്‍. ദശരഥന്റെ കാലശേഷം ഭരതനെ രാജാവാക്കണമെന്ന് രണ്ടാമത്തെ ഭാര്യ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ആദ്യഭാര്യയിലെ മക്കള്‍ക്ക് ആപത്തുണ്ടാകരുതെന്ന് കരുതി ദശരഥന്‍ അവരോട് കാട്ടിലേക്ക് പോകാന്‍ ആവശ്യപ്പെട്ടു. രാമപണ്ഡിതനും ലക്കണനും സീതയും കാട്ടിലെത്തി. രാമപണ്ഡിതന്‍ അവിടെവെച്ച് ബുദ്ധമതം സ്വീകരിച്ച് സന്യാസിയായി. ഒമ്പത് വര്‍ഷത്തിന് ശേഷം ദശരഥന്‍ അന്തരിച്ചു. ഭരതനെ രാജാവാക്കി വാഴിക്കാന്‍ രാജ്ഞി ശ്രമിച്ചു. എന്നാല്‍ മന്ത്രിമാരും മറ്റും ഇതിനെ എതിര്‍ത്തു. അതേത്തുടര്‍ന്ന് ഭരതന്‍ രാമപണ്ഡിതനെത്തേടി കാട്ടിലെത്തി. സന്യാസിയായ രാമന്‍ തന്റെ പാദുകങ്ങള്‍ ഭരതനെ ഏല്‍പ്പിച്ച് രാജ്യം ഭരിച്ചുകൊള്ളാന്‍ നിര്‍ദേശിച്ചു. അച്ഛന്റെ ചരമവാര്‍ത്തയറിഞ്ഞ് ലക്കണനും സീതയും വാവിട്ടു കരഞ്ഞു. എന്നാല്‍ രാമപണ്ഡിതന്‍ മനഃസ്ഥൈര്യം കൈവിടാതെ അവരുടെ ദുഃഖത്തിന്റെ അര്‍ത്ഥശൂന്യത വെളിപ്പെടുത്താന്‍ ശ്രമിച്ചു. പന്ത്രണ്ട് വര്‍ഷത്തെ വനവാസത്തിനുശേഷം രാമപണ്ഡിതന്‍ സഹോദരീ-സഹോദരനോടൊപ്പം രാജ്യത്തേക്ക് തിരിച്ചുവന്നു. രാമപണ്ഡിതനും സീതയും രാജ്യത്തെ രാജാവും രാജ്ഞിയുമായി വാഴിക്കപ്പെട്ടു. സഹോദരീ-സഹോദരന്മാര്‍ക്കിടയില്‍ വൈവാഹികബന്ധം നിലനിന്നിരുന്ന ഒരു കാലത്തെ ഓര്‍മിപ്പിക്കുന്ന ചടങ്ങായി ഇതിനെ കാണാം. സഹോദരനും സഹോദരിയും രാജ്യഭാരമേറ്റെടുക്കുന്നത്, ബൗദ്ധേതര പാരമ്പര്യങ്ങളില്‍ കാണുന്ന ദായക്രമത്തില്‍നിന്ന് വ്യത്യസ്തമായ ഒന്നിനെ സൂചിപ്പിക്കുന്നുണ്ട്. ഏകാധിപത്യ സ്വഭാവത്തോടെയുള്ള രാജഭരണം സംസ്ഥാപിതമാവുന്നതിന്റെ മുന്നേ നിലനിന്നിരുന്ന "ഗണസംഘ" വ്യവസ്ഥയെയാണ് "ദശരഥജാതകം" പ്രതിനിധീകരിക്കുന്നതെന്ന് റോമിലാ ഥാപ്പര്‍ സൂചിപ്പിക്കുന്നുണ്ട്. വ്യക്തികളായ രാജാക്കന്മാരെക്കുറിച്ച് പരാമര്‍ശമുണ്ടെങ്കിലും രാജാക്കന്മാരെ വാഴിക്കാനും വീഴിക്കാനുമുള്ള അധികാരം പ്രജകള്‍ക്കുണ്ടായിരുന്നുവെന്ന സൂചനയും "ദശരഥജാതകം" നല്‍കുന്നുണ്ട്. ബൗദ്ധരാമായണത്തില്‍നിന്ന് വിഭിന്നമായി രാമനെ വിഷ്ണുവിന്റെ അവതാരമായി ചിത്രീകരിക്കാനുള്ള ശ്രമം വാല്മീകി രാമായണത്തില്‍ കാണാം. ബാലകാണ്ഡവും ഉത്തരകാണ്ഡവും ഇത്തരത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടതാണെന്ന നിരീക്ഷണമുണ്ട്. രാവണനിഗ്രഹം രാമന്റെ നിയോഗമാണ്. രാമന്‍ വിഷ്ണുവിന്റെ അവതാരമാണ്. ചാരിത്രവതിയായ സീത ഉര്‍വ്വരതാദേവതയാണ് തുടങ്ങിയ സന്ദേശങ്ങളാണ് ഈ കൂട്ടിച്ചേര്‍ത്ത ഭാഗങ്ങള്‍ നല്‍കുന്നത്. ഇതുകൂടാതെ ഇന്ത്യയില്‍ പ്രബലമായിക്കൊണ്ടിരുന്ന ജാത്യാവബോധത്തെക്കുറിച്ചുള്ള സൂചനകളും വാല്‍മീകി രാമായണത്തിലുണ്ട്.

ബ്രാഹ്മണന് ഉയര്‍ന്ന പദവിയും ശൂദ്രന് താഴ്ന്ന പദവിയും കല്‍പ്പിക്കുന്ന ഒന്നാണ് വാല്‍മീകി രാമായണം. മാത്രമല്ല ജാതികള്‍ തമ്മിലുള്ള സങ്കരത്തെ അത് തടയുന്നുമുണ്ട്. കാര്‍ഷികവൃത്തിയേക്കാള്‍ പ്രധാനമായി കച്ചവടം മാറിത്തീരുന്നതിന്റെ സൂചനകളാണ് ബാലകാണ്ഡത്തിലും ഉത്തരകാണ്ഡത്തിലുമുള്ളത്. ഗ്രാമങ്ങള്‍ സമ്മാനമായി നല്‍കുന്ന പതിവ് കുറഞ്ഞുവരുന്നതും സ്വര്‍ണം, കുതിരകള്‍, പശുക്കള്‍ എന്നിവ ഉപഹാരമായി മാറുന്നതും ഈ രണ്ട് കാണ്ഡങ്ങളില്‍നിന്ന് മനസിലാക്കാം. വാല്‍മീകിയുടെ രാമായണത്തില്‍ രണ്ട്തരം ജനസമൂഹങ്ങളെക്കുറിച്ചുള്ള സൂചന സുവ്യക്തമാണ്. അയോധ്യയിലെ ജനങ്ങള്‍ ഏകാധിപത്യത്തിന് കീഴ്പ്പെട്ടപ്പോഴും രാക്ഷസകുലം "ഗണസംഘ"ഭരണത്തിന്റെ കീഴിലായിരുന്നു. "ജാതകകഥ"യിലെമ്പാടും കടന്നുവരുന്നത് "ഗണസംഘ"ഭരണത്തിന്റെ സൂചനകളാണ്. ജനങ്ങള്‍ അവരുടെ ഇംഗിതത്തിനുസരിച്ച് ഭരണകര്‍ത്താക്കളെ മാറ്റുന്നതിനെക്കുറിച്ച് ദശരഥജാതകത്തില്‍ പറയുന്നു. എന്നാല്‍ ജനങ്ങള്‍ അഭിലഷിച്ചാലും രാജാവിന്റെ ഇംഗിതമാണ് നടക്കുക എന്ന സൂചനയാണ് വാല്‍മീകി രാമായണത്തിലെ സമൂഹം നല്‍കുന്നത്.

രാക്ഷസന്മാര്‍ക്കിടയില്‍ സ്വത്ത് ഏറെക്കുറെ തുല്യമായി വീതം വെച്ചിരുന്നു എന്നും അവര്‍ക്കിടയില്‍ ജാതി സമ്പ്രദായമുണ്ടായിരുന്നില്ല എന്നും ഊഹിക്കാം. കോസലദേശത്ത് കാണുന്നതുപോലുള്ള കൃഷിയോ നിറഞ്ഞ പത്തായങ്ങളോ കച്ചവടക്കാരോ ലങ്കയിലില്ല. ലങ്കയിലെ അസുരന്മാര്‍ പ്രധാനമായും പ്രകൃതിവിഭവങ്ങളെ ആശ്രയിച്ചാണ് ജീവിച്ചിരുന്നത് എന്ന് കാണാം. ജൈന സംസ്കാരത്തിലും രാമായണത്തിന്റെ പാഠമുണ്ട്. "പൗമചരിയ"മാണ് ഇതില്‍ ശ്രദ്ധേയം. "പദ്മചരിതം" എന്ന സംസ്കൃതത്തിന്റെ പ്രാകൃത രൂപമാണ് "പൗമചരിയം". രാവണനെ അപരിഷ്കൃതനായി അവതരിപ്പിക്കുന്നില്ല എന്നതാണ് ഈ രാമായണ പാഠത്തിന്റെ സവിശേഷത.

വിദ്യാധരവംശത്തിന്റെ പിന്തുറക്കാരനായാണ് പൗമചരിതത്തില്‍ രാവണനെ അവതരിപ്പിക്കുന്നത്. വിദ്യാധരവംശത്തില്‍പ്പെട്ട മേഘവാഹനന്‍ ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ ലങ്കയിലേക്കോടിപ്പോകുന്നതും അവിടെ "രാക്ഷസവംശം" സ്ഥാപിക്കുന്നതുമാണ് പൗമചരിതത്തിലെ പരാമര്‍ശം. ഇതേ വിദ്യാധരവംശത്തിന്റെ മറ്റൊരു ശാഖയാണ് വാനരവംശം. കിഷ്കിന്ധിയാണ് ഈ വംശത്തിന്റെ പ്രോദ്ഘാടകന്‍. വാനരവംശവും രാക്ഷസവംശവും തമ്മില്‍ വിവാഹബന്ധം നിലനിന്നിരുന്നു. വാനരവംശത്തിലെ ശ്രീപ്രഭയെ രാക്ഷസവംശത്തില്‍പ്പിറന്ന രാവണന്‍ വിവാഹം കഴിക്കുന്നുണ്ട്. ഹരിവംശത്തിലാണ് ജനകന്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അത്രയൊന്നും പ്രശസ്തമല്ലാത്ത വംശമാണിത്. ഇക്ഷ്വാകു വംശത്തില്‍പ്പിറന്ന രാമനുമായുള്ള സീതയുടെ വിവാഹം ഹരിവംശത്തെ കൂടുതല്‍ പ്രശസ്തമാക്കിയിരുന്നിരിക്കണം. രാവണന്‍ ജൈനക്ഷേത്രങ്ങളുടെ സംരക്ഷകനും ഉറച്ച ജൈനമത വിശ്വാസിയുമായിരുന്നു എന്നാണ് "പൗമചരിയം" നല്‍കുന്ന സൂചന. ദശരഥന്‍ ജൈനമതത്തിന്റെ വഴിയിലേക്ക് തിരിയുന്നു എന്ന് അറിയുമ്പോഴാണ് കൈകേയി തന്റെ മകനെ രാജാവാക്കണമെന്ന് നിര്‍ബന്ധിക്കുന്നത്. രാമനെ കാട്ടിലയക്കണമെന്ന് പൗമചരിതത്തില്‍ കൈകേയി ആവശ്യപ്പെടുന്നില്ല. എന്നാല്‍ ചില ജൈനക്ഷേത്രങ്ങള്‍ സംരക്ഷിക്കുക എന്ന ദൗത്യമേറ്റെടുത്തുകൊണ്ടാണ് പൗമചരിതത്തിലെ രാമന്‍ കാട്ടിലേക്ക് പോകുന്നത്. ബ്രാഹ്മണരെ അതിനികൃഷ്ടരായാണ് ജൈന രാമായണം അവതരിപ്പിക്കുന്നത്. മാത്രമല്ല ജൈനരാമായണത്തില്‍ രാവണനെക്കൊല്ലുന്നത് ലക്ഷ്മണനാണ്. സീത രാവണന്റെ പുത്രിയാണെന്ന വ്യത്യാസവും ഇതിലുണ്ട്. ചുരുക്കത്തില്‍ "ഗണസംഘ" ഭരണത്തില്‍നിന്ന് ഏകാധിപത്യ സ്വഭാവമുള്ള രാജവാഴ്ചയിലേക്ക് സമൂഹം മാറുന്നതിന്റെ സൂചനകളാണ് മേല്‍പ്പറഞ്ഞ മൂന്ന് രാമായണപാഠങ്ങള്‍ നല്‍കുന്നത്. ഈ മാറ്റത്തിനിടയില്‍ ഭരണവര്‍ഗത്തെ സ്വാധീനിക്കാന്‍ വ്യത്യസ്ത മതവിഭാഗങ്ങള്‍ ശ്രമിച്ചതിന്റെ സൂചനയാണ് ഈ ഓരോ രാമായണ പാഠവും മുന്നോട്ട് വെക്കുന്നത്. ദശരഥ ജാതക പ്രകാരം രാമപണ്ഡിതനാണ് പില്‍കാലത്ത് ബുദ്ധനായി അവതരിക്കുന്നത്. വാല്‍മീകി രാമായണം, പൗമചരിതം എന്നിവയിലെപ്പോലെ വികസിതമായ രാമായണപാഠം ബൗദ്ധപാരമ്പര്യത്തില്‍ കാണുന്നില്ല. ഏകാധിപത്യത്തിന് പ്രാമാണ്യം ലഭിക്കാത്ത ഒരു കാലത്തെയാണ് ബുദ്ധമതം പ്രതിനിധീകരിക്കുന്നത് എന്നതുകൊണ്ട് ഏകാധിപത്യത്തെ സാധൂകരിക്കുന്ന ഒരിതിഹാസം അവര്‍ക്ക് ആവശ്യമായിരുന്നില്ല. എന്നാല്‍ വാല്‍മീകി രാമായണം ഏകാധിപത്യത്തെ സാധൂകരിക്കാനായി "ഗണസംഘ" വ്യവസ്ഥയെ അപരിഷ്കൃതമായി ചിത്രീകരിക്കുന്നുണ്ട്. അസന്തുലിത വ്യവസ്ഥകള്‍ തമ്മിലുള്ള സംഘര്‍ഷമായാണ് വാല്‍മീകി രാമായണത്തില്‍ രാമ-രാവണയുദ്ധം ആവിഷ്കരിക്കപ്പെടുന്നതെങ്കില്‍, തുല്യവ്യവസ്ഥകള്‍ തമ്മിലുള്ള സംഘര്‍ഷമായാണ് അത് ജൈനരാമായണത്തില്‍ ആഖ്യാനം ചെയ്യപ്പെടുന്നത്. 2. രാമായണത്തിന്റെ ഭക്തിപാഠങ്ങള്‍ വൈഷ്ണവിസത്തിന്റെ പ്രചാരണ ഘട്ടത്തിലാണ് ഇന്ത്യയില്‍ രാമകഥക്ക് വ്യത്യസ്തമായ നിരവധി പാഠങ്ങളുണ്ടാകുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് തുളസീദാസന്റേതാണ്. രാമായണപാഠത്തിന്റെ ഉള്ളടരുകളില്‍ പരസ്പരം ഇടഞ്ഞും പൊരുതിയും നിന്നിരുന്ന ചരിത്രസൂചനകളെ സൗകര്യപൂര്‍വം പൊരുത്തപ്പെടുത്തി തന്റെ സന്ദേശം ജനങ്ങളിലെത്തിക്കാനാവശ്യമായ ഒരു പാഠം സൃഷ്ടിച്ചെടുക്കുകയാണ് തുളസീദാസ് ചെയ്തത്. പതിനാറാം നൂറ്റാണ്ടിലാണ് തുളസീദാസന്റെ രാമായണ പാഠം പുറത്തുവരുന്നത്. ഒരുപക്ഷേ ഉത്തരേന്ത്യയിലെ ഏറ്റവും പ്രചാരമുള്ള രാമായണം തുളസീദാസന്റേതാണ്. "രാമാനന്ദികള്‍" എന്ന പ്രത്യേക വിഭാഗത്തിലെ അംഗമായിരുന്നു അദ്ദേഹം. ഇത് ഒരു ബ്രാഹ്മണ വിഭാഗമായിരുന്നു. രാമഭക്തിയുടെ കേന്ദ്രമായി അയോധ്യ മാറുന്നത് രാമാനന്ദികളുടെ പ്രചാരണത്തിന്റെ ഭാഗമായാണ്. അയോധ്യ കേന്ദ്രീകരിച്ചുള്ള തീര്‍ഥാടനങ്ങളും മറ്റും വ്യാപകമായതോടെ, അത്തരമൊരു സംസ്കൃതിക്കനുസരിച്ച് രാമായണകഥ പുനരാഖ്യാനം ചെയ്യേണ്ടത് ആവശ്യമായി വന്നു. ഇതിന്റെ ഭാഗമായാണ് തുളസീദാസന്‍ രാമായണം രചിക്കപ്പെടുന്നത്. തന്റെ കാലം ധര്‍മ്മച്യുതിയുടെ കാലമായി തുളസീദാസ് കരുതി. രാമനെ ദിവ്യാവതാരമായാണ് അദ്ദേഹം മനസിലാക്കിയത്. താന്‍ ജീവിക്കുന്ന "കലിയുഗ"ത്തില്‍ രാമചിന്തയിലൂടെ ജനങ്ങളെ മുക്തരാക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം കരുതി. ജാതിശ്രേണി അട്ടമറിക്കപ്പെടുന്നതും "അധഃസ്ഥിതര്‍" "അനര്‍ഹ"മായ പദവികളിലേക്ക് വരുന്നതും മൂല്യശോഷണത്തിന്റെ ലക്ഷണമായി തുളസീദാസ് കരുതി. രാമനിലുള്ള ഉറച്ച ഭക്തിയിലൂടെ ശ്രേണീബദ്ധമായ ഒരു സമൂഹത്തെ പുനഃസൃഷ്ടിക്കാമെന്ന് അദ്ദേഹം കരുതി. മുഗള്‍ ഭരണത്തിനെതിരെയുള്ള ഹിന്ദുവികാരമാണ് തുളസീദാസ രാമായണത്തിലുള്ളതെന്ന വാദത്തെ റോമിലാ ഥാപ്പര്‍ പൂര്‍ണമായി പിന്തുണക്കുന്നില്ല. നിലവിലുള്ള സാമൂഹിക ശ്രേണിക്ക് ഉലച്ചില്‍ തട്ടുമ്പോഴെല്ലാം മതപരമായ ഇടപെടലിലൂടെ അതിനെ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്.

മത്സ്യപുരാണം, വായു പുരാണം, വിഷ്ണുപുരാണം, ബ്രഹ്മാണ്ഡപുരാണം എന്നിവയെല്ലാം ഇതിന് ദൃഷ്ടാന്തമാണ്. ബ്രാഹ്മണാധിപത്യത്തെ വെല്ലുവിളിക്കുന്ന ശാക്തേയ സംസ്കൃതി അക്കാലത്ത് പ്രബലമായിക്കൊണ്ടിരുന്നു. ബ്രാഹ്മണേതര സമൂഹങ്ങളെ ഇത് വലിയ അളവില്‍ സ്വാധീനിച്ചു. ഇത്തരം പ്രവണതകളെ തുളസീദാസ് ഭയപ്പാടോടെയാണ് കണ്ടത്. "ഹിന്ദുമതം" എന്ന് ഇന്ന് വിളിക്കുന്ന സംസ്കാരത്തിനകത്ത് വിവിധ വിശ്വാസങ്ങള്‍ തമ്മില്‍ നടന്ന ഈ തര്‍ക്കം പരസ്പരാക്രമണത്തിലേക്ക് പോലും നയിച്ചു. വൈരാഗികളും സന്യാസികളും തമ്മില്‍ നടന്ന ഏറ്റുമുട്ടല്‍ ഇതിന് ദൃഷ്ടാന്തമാണെന്ന് റോമിലാ ഥാപ്പര്‍ സൂചിപ്പിക്കുന്നുണ്ട്. വൈഷ്ണവരുടെ ഇടയില്‍ത്തന്നെ, സാംസ്കാരിക മേല്‍ക്കോയ്മക്ക് വേണ്ടിയുള്ള കിടമത്സരം നിലനിന്നിരുന്നു. വൃന്ദാവനം കേന്ദ്രീകരിച്ച് വളര്‍ന്നുവന്ന "കൃഷ്ണസംസ്കൃതി" ഇതിനുദാഹരണമാണ്.
 
രാമചരിതമാനസം ഒരു വൈഷ്ണവകൃതി എന്നതിനേക്കാള്‍ രാമഭക്തി പിന്‍പറ്റുന്നവരുടെ "രാമായണപാഠ"മാണ്. രാമായണത്തിന്റെ വിവര്‍ത്തനമല്ല തുളസീദാസ രാമായണം. ഒരര്‍ഥത്തില്‍ "ഹിന്ദി" എന്ന ഒരു " മാനകഭാഷ"യെ രൂപപ്പെടുത്തിയെടുക്കുന്നതിലും ഈ കൃതി വലിയ പങ്കു വഹിച്ചതായി കരുതാം. രാമചരിതത്തെ ആസ്പദിച്ച് "രാമലീല" എന്ന നാടോടി നാടകരൂപം വികസിച്ചുവന്നു. കൊയ്ത്തു കഴിഞ്ഞകാലത്ത് പൂര്‍വ്വികര്‍ക്ക് ബലിതര്‍പ്പണം ചെയ്യുന്ന സന്ദര്‍ഭത്തിലാണ് ഇതിന്റെ അവതരണം. ഹിന്ദിയില്‍ രാമചരിതമാനസം അനുഷ്ഠിച്ച ധര്‍മ്മം തന്നെയാണ് മലയാളത്തില്‍ തുഞ്ചത്തെഴുത്തച്ഛനും നിര്‍വഹിച്ചത്. കുത്തഴിഞ്ഞ സാമൂഹിക വ്യവസ്ഥിതിയെ ആചാരബദ്ധമായ ഒരു ക്രമത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമമാണ് അധ്യാത്മരാമായണം കിളിപ്പാട്ട്. യജ്ഞ സംസ്കാരത്തെ സംരക്ഷിക്കുന്ന ധീരനായകനായ ക്ഷത്രിയനാണ് രാമന്‍. ആചാരങ്ങളിലൂടെ അച്ചടക്കമുള്ള ഒരു ശരീരമാക്കി സമൂഹത്തെ മാറ്റണമെന്നതായിരുന്നു എഴുത്തച്ഛന്റെ നിലപാട്. ""താപസോത്തമ! ഭവാന്‍ ദീക്ഷിക്ക യാഗമിനി താപം കൂടാതെ രക്ഷിച്ചീടുവനേതു ചെയ്തും ദുഷ്ടരാം നിശചാചരേന്ദ്രന്മാരെക്കാട്ടിത്തന്നാല്‍ നഷ്ടമാക്കുവന്‍ ബാണം കൊണ്ടു ഞാന്‍ തപോനിധേ"" എന്ന് രാമന്‍ വിശ്വാമിത്രന് ഉറപ്പു നല്‍കുന്നുണ്ട്. സീതാ സ്വയംവരത്തിന് ജനകന്റെ കൊട്ടാരത്തിലെത്തുന്ന വിശ്വാമിത്രനും രാമലക്ഷ്മണന്മാരും ഏറ്റുവാങ്ങുന്ന സ്വീകരണത്തില്‍ ജനകന്റെ ഉപചാരങ്ങളെ എഴുത്തച്ഛന്‍ വാഴ്ത്തുന്നുണ്ട്. ""പൂജാ സാധനങ്ങളുമെടുത്ത് ഭക്തിയോടു- മാചാര്യനോടു മുഷിപാടം പ്രാപിച്ചനേരം ആമോദപൂര്‍വ്വം പൂജിച്ചാചാരം പൂണ്ടുനിന്ന രാമലക്ഷ്മണന്മാരെക്കാണായി നൃപേന്ദ്രനും"". കാവ്യത്തിലുടനീളം ഉപചാരങ്ങളിലുള്ള ഊന്നല്‍ കാണാം. ""വിധി നന്ദന പ്രമുഖന്മാരാംമുനികളെ വിധിപൂര്‍വ്വകം ഭക്ത്യാ പൂജിച്ചു വണങ്ങിനാന്‍""് എന്നിങ്ങനെ ബ്രാഹ്മണരെ പൂജിച്ചാദരിക്കുന്ന ""വൈഷ്ണവ" ദര്‍ശനമാണ് അധ്യാത്മരാമായണം കിളിപ്പാട്ടിലും നാം കാണുന്നത്. രാമചരിത മാനസത്തിന്റെ കാര്യത്തിലെന്നപോലെ ആധ്യാത്മരാമായണം കിളിപ്പാട്ടും കേരളത്തിലെ സവര്‍ണഹിന്ദുക്കളെ സാംസ്കാരികമായി ഏകോപിപ്പിക്കാന്‍ കഴിയുന്ന ഒരു വ്യവഹാരരൂപമായി മാറി. കര്‍ക്കടകത്തിലെ രാമായണവായന, മരണസമയത്തെ രാമായണ പാരായണം എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. ചുരുക്കത്തില്‍ ഇതിഹാസത്തിനകത്ത് ചരിത്രം, സന്ദേശം, ഭാവന എന്നിവയുടെ ഘടകങ്ങളെല്ലാമുണ്ടെങ്കിലും സന്ദേശത്തിനാണ് പ്രാധാന്യം. കവി/ആഖ്യാതാവ് എന്ത് സന്ദേശം കൈമാറാന്‍ ആഗ്രഹിക്കുന്നുവോ, ആ പ്രത്യയശാസ്ത്ര നിലപാടാണ് ഇതിഹാസത്തിന്റെ ചരിത്രപരതയെ നിര്‍ണയിക്കുക. രാമായണത്തിന്റെ ഭക്തിപാഠങ്ങള്‍ തന്നെ ഇതിന് ഉത്തമ ദൃഷ്ടാന്തം. 3. രാമായണം ആധുനിക ഇന്ത്യയില്‍ ആധുനിക ഇന്ത്യയുടെ രാഷ്ട്രീയത്തിലും രാമായണം വലിയ അളവില്‍ സ്വാധീനം ചെലുത്തുകയുണ്ടായി. സ്വാതന്ത്ര്യസമരഘട്ടത്തിലും സ്വാതന്ത്ര്യാനന്തര ഘട്ടത്തിലും രാമായണം പലമട്ടില്‍ വ്യാഖ്യാനിക്കപ്പെട്ടു. ഉത്തര്‍പ്രദേശിലെ ബാബ രാംചന്ദര്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കര്‍ഷകരെ ഏകോപിപ്പിക്കുന്നതിനായി തുളസീദാസ രാമായണത്തെ ഉപയോഗപ്പെടുത്തി. മുഖ്യമായും ദേശീയ പ്രസ്ഥാനത്തെ പിന്തുണക്കലായിരുന്നു ബാബ രാംചന്ദറിന്റെ ലക്ഷ്യം. അതോടൊപ്പം ജന്മികള്‍ക്കെതിരെ സമരം ചെയ്യുന്നതിനേയും അദ്ദേഹം പ്രോല്‍സാഹിപ്പിച്ചു. രാമനും ലക്ഷ്മണനും സീതയും മറ്റും കര്‍ഷക സമൂഹത്തിന്റെ പ്രതിനിധികളായിരുന്നുവെന്ന് രാംചന്ദര്‍ വ്യാഖ്യാനിച്ചു. ഭൂസ്വാമിമാരും ബ്രിട്ടീഷുകാരും രാക്ഷസന്മാരാണെന്ന് അദ്ദേഹം ജനങ്ങളെ പഠിപ്പിച്ചു. ഇത്തരത്തിലുള്ള പ്രസ്ഥാനങ്ങള്‍ അക്കാലത്ത് വളരെയധികമുണ്ടായിരുന്നു.

3-1 ഗാന്ധിജിയുടെ രാമന്‍ സ്വാതന്ത്ര്യസമരകാലത്ത്, രാമായണത്തെ ഒരു സമരായുധമായി വികസിപ്പിച്ചതില്‍ മുഖ്യ പങ്കു വഹിച്ചത് ഗാന്ധിജിയായിരുന്നു. തന്റെ എല്ലാ രാഷ്ട്രീയ പ്രവര്‍ത്തനത്തെയും വ്യാഖ്യാനിക്കാനുള്ള അടിസ്ഥാന പ്രമാണമായി ഗാന്ധിജി സ്വീകരിച്ചത് തുളസീദാസ രാമായണത്തെയായിരുന്നു. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ ബ്രാഹ്മണിക്കല്‍ ഉള്ളടക്കം നിര്‍ണയിക്കുന്നതില്‍ രാമചരിത മാനസത്തിനുള്ള പ്രാധാന്യം ശ്രദ്ധേയമാണ്. 1927 ആഗസ്ത് 11ന് ജയന്തിക്കെഴുതിയ കത്തില്‍ ഗാന്ധിജി തന്റെ രാമായണ സങ്കല്‍പ്പത്തെ ഇങ്ങനെ ക്രോഡീകരിക്കുന്നുണ്ട്: ""ഞാന്‍ തീര്‍ച്ചയായും തുളസീദാസ രാമായണത്തെയാണ് കൂടുതല്‍ ആദരിക്കുക.

കലാപരമായി വാല്‍മീകിയുടേത് മെച്ചപ്പെട്ടതായിരിക്കാം. എന്നാല്‍ സമര്‍പ്പണത്തിന്റെ ആവേശം എന്നില്‍ നിറക്കുന്നത് തുളസീദാസ രാമായണമാണ്. വാല്‍മീകിയുടെ രാമായണം സംസ്കൃതത്തില്‍ മാത്രമേ ലഭിക്കുന്നുള്ളൂ. മൂലകൃതിയെ പൂര്‍ണമായ അര്‍ഥത്തില്‍ പുനഃസൃഷ്ടിക്കുന്ന ഒരു വാല്‍മീകി രാമായണ തര്‍ജ്ജമ എനിക്ക് ഗുജറാത്തിയില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. മറ്റൊരു കാര്യം കൂടി നിങ്ങള്‍ മനസ്സിലാക്കണം. ഈ കൃതികളൊന്നും ചരിത്രവസ്തുതകളല്ല അവതരിപ്പിക്കുന്നത്. വാല്‍മീകി രാമായണത്തില്‍ ചില ചരിത്രപുരുഷന്മാരും സ്ത്രീകളും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അവയൊന്നും തന്നെ ശരിയായി നിര്‍വചിക്കപ്പെട്ടിട്ടില്ല. ഈ കൃതികളില്‍നിന്ന് ചരിത്രം വായിച്ചെടുക്കാനാവില്ലെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. തുളസീദാസ രാമായണത്തില്‍ ചരിത്രം എന്ന വസ്തുത കടന്നുവരുന്നതേയില്ല. വാല്‍മീകിയെ തന്റെ കാലത്തിനുസരിച്ച് സ്വീകരിക്കുക മാത്രമാണ് തുളസീദാസ് ചെയ്തത്. ഭക്തിയുടെ വ്യാപാനത്തിനുയോജ്യമായവയെ തെരഞ്ഞെടുക്കാനും അല്ലാത്തവയെ തിരസ്കരിക്കാനുമുള്ള സ്വാതന്ത്ര്യം അദ്ദേഹം സ്വീകരിച്ചു. ഇത് ഹിന്ദുസമുദായത്തിന് നന്മയല്ലാതെ തിന്മ ചെയ്തിട്ടില്ല. ദൈവിക മഹത്വമുള്ള ചില മനുഷ്യര്‍ പില്‍ക്കാലത്ത് ദൈവങ്ങളായി വാഴ്ത്തപ്പെടുക സ്വാഭാവികമാണ്. ഇതെല്ലായ്പ്പോഴും സംഭവിക്കുന്നതാണ്. അത് ശരിയുമാണ്. ഈശ്വരനെ ഒരു പ്രത്യേക രൂപത്തില്‍ കാണാന്‍ ഒരാള്‍ പരിശീലിപ്പിക്കപ്പെട്ടു കഴിഞ്ഞാല്‍ അതിനപ്പുറം പോകാന്‍ പിന്നീട് അയാള്‍ക്ക് കഴിയാതാവും. തുളസീദാസിന്റെ രാമചന്ദ്രന്‍ അദ്ദേഹത്തിന്റെ വൈകാരിക സൃഷ്ടിയാണ്. വിശദീകരണക്ഷമമല്ലാത്ത ഒന്നായി അദ്ദേഹം ദൈവത്തെ അവതരിപ്പിക്കുന്നു. അത് ഇന്ദ്രിയജ്ഞാനത്തിനോ യുക്തിക്കോ വഴങ്ങിത്തരുന്ന ഒന്നല്ല. ബാലി വധത്തോട് യോജിക്കാന്‍ നമുക്ക് കഴിയില്ലായിരിക്കാം. ആ ഭാഗം നമുക്ക് തല്‍ക്കാലം മാറ്റിവെക്കാം. തുളസീദാസ് രാമകഥ ആഖ്യാനം ചെയ്യുമ്പോള്‍, തന്റെ കാലത്തിനുയോജ്യമായ വിശ്വാസങ്ങള്‍ക്കനുസരിച്ചാണ് അത് നിറവേറ്റിയത്. അതിനെ അതിവര്‍ത്തിക്കുക സാധ്യമല്ല. മനുഷ്യപുരോഗതിയനുസരിച്ച് ഈശ്വരസങ്കല്‍പ്പം സൂക്ഷ്മവും ശുദ്ധുമായിത്തീരും. അതുകൊണ്ടുതന്നെ രാമായണത്തെ ഈശ്വരാര്‍പ്പണത്തിനുള്ള ഒന്നായാണ് നാം കാണേണ്ടത്. അല്ലാതെ ചരിത്രകൃതി എന്ന നിലക്കല്ല. അതുകൊണ്ടുതന്നെ നമ്മുടെ മൂല്യബോധത്തിന് നിരക്കാത്ത ഭാഗങ്ങള്‍ ഒഴിവാക്കാന്‍ നാം മടിക്കേണ്ടതില്ല. തന്റെ രാമായണപാഠത്തില്‍ നിരവധി പിഴവുകളുള്ളതായി തുളസീദാസ് തന്നെ സൂചിപ്പിക്കുന്നുണ്ട്. അതിന് വ്യത്യസ്തമായ ഒരു കാരണമാണ് അദ്ദേഹം നല്‍കിക്കാണുന്നത്. പക്ഷേ അദ്ദേഹത്തിന്റെ കുറ്റസമ്മതം തന്നെ നമ്മെ തൃപ്തരാക്കേണ്ടതാണ്. ""ദൈവം ജീവനുള്ളവയേയും ജീവനില്ലാത്തവയേയും നന്മ-തിന്മകളോടെയാണ് സൃഷ്ടിച്ചത്"" എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ആരംഭിക്കുന്നതുതന്നെ. ഒരുതരത്തില്‍ ലോകത്തെ ഒരു പ്രത്യേക രീതിയില്‍ നോക്കാന്‍ പഠിപ്പിക്കുകയാണ് തുളസീദാസ് ചെയ്തത്. പഴഞ്ചൊല്ലിലെ അരയന്നത്തെപ്പോലെ, നല്ലതും ചീത്തയും വേര്‍തിരിച്ചെടുക്കാനുള്ള ഒരു ശേഷി നമുക്കുണ്ടാവുകയാണ് വേണ്ടത്. ഒരര്‍ഥത്തില്‍ എല്ലാ പുസ്തകവായനയിലും ഈ തത്വം അന്തര്‍ഭവിച്ചിരിക്കുന്നു""(1). ഗാന്ധിജി ചരിത്രത്തെ പൂര്‍ണമായി മാറ്റിവെച്ചാണ് തുളസീദാസ രാമായണം വായിക്കുന്നത്. സ്വന്തം ധാര്‍മ്മിക നിലപാട് വ്യക്തമാക്കിയ ശേഷമാണ് അദ്ദേഹം ആ വായന ആരംഭിക്കുന്നത്. വസ്തുനിഷ്ഠത എന്നൊന്നുണ്ടെങ്കില്‍ അത് തന്റെ ഈ നിലപാട് മാത്രമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. തന്റെ ആദര്‍ശങ്ങളുടെ ഒരു സൗന്ദര്യാത്മക രൂപമായാണ് ഗാന്ധിജി രാമചരിത മാനസത്തെ സ്വീകരിക്കുന്നത്. എല്ലാ ജീവിതവ്യവഹാരങ്ങളെയും വ്യാഖ്യാനിക്കാന്‍ അദ്ദേഹം രാമായണത്തെ പ്രയോജനപ്പെടുത്തുന്നു. ""രാമനാമം എന്റെ ഹൃദയത്തിലേക്ക് തുളച്ചുകയറിയിട്ടുണ്ടെങ്കില്‍, എനിക്ക് തീര്‍ച്ചയുണ്ട്, അതിജീവനത്തിനായി എനിക്ക് വെള്ളം പോലും കുടിക്കേണ്ടി വരില്ല. ""രാമനാമമാണ് ഏറ്റവും വലിയ ഔഷധം. അതൊരിക്കലും പരാജയപ്പെടുകയില്ല. രാമന്റെ അസ്ത്രത്തിന് ഒരിക്കലും ലക്ഷ്യം പിഴക്കുന്നില്ല. അതുപോലെ രാമനാമമെന്ന ഔഷധം ഒരിക്കലും തോല്‍ക്കില്ല"". രാമന്‍ ജാതീയമായ ഉച്ചനീചത്വം ദീക്ഷിച്ചിരുന്നില്ല എന്നതിന് മഹാത്മജി ഗുഹന്റെ കഥയാണ് ഉദ്ധരിക്കാറുണ്ടായിരുന്നത്. ""നിങ്ങള്‍ക്ക് തുളസീദാസ രാമായണം പരിചയമുണ്ടെങ്കില്‍ ഒരു വസ്തുത ശ്രദ്ധിച്ചിട്ടുണ്ടാകും. രാമചന്ദ്രനും സീതയും ലക്ഷ്മണനും സ്നേഹപൂര്‍വം അസ്പൃശ്യനായ ഗുഹനെ ആലിംഗനം ചെയ്യുകയുണ്ടായി. അത് ഒരിക്കല്‍ക്കൂടി ഇന്ത്യയില്‍ സംഭവിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു."" ""ശ്രീരാമചന്ദ്രന് ഗുഹനെ സ്പര്‍ശിക്കാന്‍ ഒരു മടിയുമുണ്ടായിരുന്നില്ല. അദ്ദേഹം ഗുഹനെ ആലിംഗനം ചെയ്യുകയൂം വെള്ളം വാങ്ങിക്കുടിക്കുകയും ചെയ്തു. ഭരതനാകട്ടെ ഒരു പടികൂടി കടന്ന്, ഗുഹനെ വന്ദിക്കുക പോലും ചെയ്തു"". ""മതപരമായ സഹാനുഭൂതിയെക്കുറിച്ചാണ് രാമായണവും തുളസീദാസും ഓര്‍മിപ്പിക്കുന്നത്. ഇവിടെ കൂടിയിരിക്കുന്ന ഉയര്‍ന്ന ജാതിക്കാര്‍ സനാതനധര്‍മ്മികളാകണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍, അവര്‍ യഥാര്‍ഥത്തില്‍ പശുക്കളെ സ്നേഹിക്കുന്നുണ്ടെങ്കില്‍, അസ്പൃശ്യരായി കരുതപ്പെടുന്നവരെ വെറുക്കാതിരിക്കണം"".

പുറളിയയില്‍ 1925 സെപ്തംബര്‍ 13ന് അസ്പൃശ്യതക്കെതിരെ ഗാന്ധിജി നടത്തിയ വിവിധ പരാമര്‍ശങ്ങളാണ് ഇതെല്ലാം. ആഖ്യാനത്തിലൂടെ കേട്ടിരിക്കുന്നവരുടെ മനോനില (ാലിമേഹശേ്യ) മാറ്റാനാണ് ഗാന്ധിജി ശ്രമിക്കുന്നത്. അതിനായി തന്റേതായ ഒരു രാമായണപാഠത്തെ അദ്ദേഹം സൃഷ്ടിക്കുന്നു. "ശ്രീരാമചന്ദ്രന്റെ കാലത്തെ ധനികരോ ദരിദ്രരോ വിദേശവസ്ത്രങ്ങള്‍ ധരിച്ചിരുന്നില്ല എന്നും സ്വന്തം ദേശത്തുണ്ടാക്കിയ ഖാദിയായിരുന്നു അവരുടെ വസ്ത്രമെന്നും നിങ്ങള്‍ ഓര്‍ക്കണം. ചരിത്രപരമായി ഒട്ടും സംഗതമെന്ന് തോന്നുന്നതല്ല ഗാന്ധിജിയുടെ വാദം. പക്ഷേ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വസ്തുനിഷ്ഠമായ അറിവ് ഉല്‍പാദിപ്പിക്കലായിരുന്നില്ല ലക്ഷ്യം. മറിച്ച് ജനങ്ങള്‍ക്ക് മനസിലാകുന്ന ഭാഷയില്‍ അവരുടെ സങ്കല്‍പ്പലോകത്തിരുന്ന് കാര്യങ്ങള്‍ വിശദീകരിക്കുകയും അവരെ സമരോല്‍സുകരാക്കുകയുമാണ് അദ്ദേഹം ചെയ്തത്. സ്ത്രീകളോട് ഏറ്റവും മാന്യമായാണ് ശ്രീരാമന്‍ പെരുമാറിയിരുന്നതെന്ന് മഹാത്മജി വാദിച്ചു.

""ഭാര്യയെ മര്‍ദിക്കുന്നവന് നിര്‍ഭാഗ്യത്തെ നേരിടേണ്ടിവരും. കാരണം തുളസീദാസ് ഇങ്ങനെ പറയുന്നുണ്ട്: ശൂദ്രന്‍, ബുദ്ധി കുറഞ്ഞവന്‍, മൃഗം, സ്ത്രീ എന്നിവരോട് കരുണ കാണിക്കണം. ശ്രീരാമചന്ദ്രന്‍ ഒരിക്കലും സീതക്കെതിരെ കൈയുയര്‍ത്തിയില്ല. ഒരിക്കലും അവളെ അസന്തുഷ്ടയാക്കിയില്ല""-ഗാന്ധിജിയുടെ സമ്പൂര്‍ണ്ണ കൃതികള്‍ വാല്യം 28.. തനിക്ക് പറയാനുള്ളതെല്ലാം ശ്രീരാമചന്ദ്രന്‍ മുന്നേ പറഞ്ഞിട്ടുള്ളതാണെന്ന് ബോധിപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഗാന്ധിജി രാമായണത്തെ ആശ്രയിച്ചത്. രാമായണത്തിന്റെ ഒരു തണല്‍ മാത്രമേ അദ്ദേഹത്തിനാവശ്യമുണ്ടായിരുന്നുള്ളൂ. തീര്‍ത്തും ധര്‍മ്മപരമായ ഒരു തണല്‍ മാത്രമായിരുന്നു അത്. അതിനകത്തുനിന്ന് ചരിത്രബോധം, യുക്തി, ശാസ്ത്രീയത എന്നിവയെയെല്ലാം അദ്ദേഹം മുന്‍കൂറായി നാടു കടത്തിയിരുന്നു. 3- 2. അംബേദ്കറുടെ രാമന്‍ ഗാന്ധിജിയും അംബേദ്കറും തമ്മിലുള്ള ആശയവൈരുധ്യത്തെ തീര്‍ച്ചയായും വെളിപ്പെടുത്തുന്നതാണ് അവരുടെ രാമായണ ദര്‍ശനങ്ങള്‍. ബ്രാഹ്മണിക്കലായ തുളസീദാസ രാമായണത്തെയാണ് ഗാന്ധിജി പിന്‍പറ്റുന്നതെങ്കില്‍ വാല്‍മീകിയുടെ രാമായണത്തെ അംബേദ്കര്‍ ഉപജീവിക്കുന്നു. ഗാന്ധിജി ധര്‍മ്മാദര്‍ശത്തെ സാധൂകരിക്കാനാണ് രാമകഥ വ്യാഖ്യാനിക്കുന്നതെങ്കില്‍, ആ ധര്‍മ്മാദര്‍ശത്തെ രൂക്ഷമായി വിമര്‍ശിക്കാനാണ് അംബേദ്കര്‍ രാമായണത്തിലേക്ക് തിരിയുന്നത്. ഇന്ത്യന്‍ കീഴാള ജീവിതത്തിന്റെ പ്രാചീനത്വത്തെ എടുത്തുകാട്ടാന്‍ അംബേദ്കര്‍ രാമായണത്തെ ആശ്രയിക്കുന്നു. ഗാന്ധിജി ചരിത്രത്തെ മാറ്റിനിര്‍ത്തുമ്പോള്‍, അംബേദ്കര്‍ ഒരു ചരിത്രകൃതി എന്ന നിലയ്ക്കാണ് രാമായണത്തെ കാണുന്നത്. സി വി വൈദ്യയുടെ "ദി റിഡില്‍ ഓഫ് ദി രാമായണ" എന്ന കൃതി ഉദ്ധരിച്ചുകൊണ്ട് അംബേദ്കര്‍ എഴുതുന്നു: ""മഹാഭാരതത്തിന്റെ കാര്യത്തിലെന്നപോലെ രാമായണത്തിന്റെയും പ്രതിപാദ്യ വിഷയത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായിട്ടുണ്ട്. രാമായണത്തിന്റെ ആദ്യപതിപ്പ് രാമനും രാവണനും തമ്മില്‍ നടന്ന യുദ്ധത്തിന്റെ കഥ മാത്രമായിരുന്നു. രാമപത്നിയായ സീതയെ രാവണന്‍ തട്ടിക്കൊണ്ടു പോയതായിരുന്നു യുദ്ധത്തിന് കാരണം. രണ്ടാം പതിപ്പില്‍ അത് ധര്‍മ്മോപദേശമടങ്ങിയ ഒരു കഥയായിത്തീര്‍ന്നു. ചരിത്രസംബന്ധമായ കൃതി മാത്രമായിരുന്ന കാവ്യം സാമൂഹികവും സദാചാരപരവും മതപരവുമായ കടമകളുടെ ശരിയായ സംഹിത പഠിപ്പിക്കുകയെന്ന ലക്ഷ്യത്തോട് കൂടിയ ബോധനപരമായ ഒരു കൃതിയായി മാറി. മൂന്നാം പതിപ്പിലെത്തിയപ്പോള്‍ മഹാഭാരതത്തെപ്പോലെ അതിനെയും ഐതിഹ്യങ്ങളുടെയും അറിവിന്റെയും പാണ്ഡിത്യത്തിന്റെയും തത്വശാസ്ത്രത്തിന്റെ മറ്റു കലകളുടെയും ശാസ്ത്രങ്ങളുടെയും കലവറയാക്കിത്തീര്‍ത്തു"".(2). രാമായണത്തിന്റെ പാഠവല്‍ക്കരണം വിവിധ ഘട്ടങ്ങള്‍ കടന്ന് വന്നതാണെന്ന ബോധ്യം അംബേദ്കര്‍ക്കുണ്ടായിരുന്നു. ബ്രാഹ്മണ മതസാഹിത്യത്തിലൊന്നായാണ് അദ്ദേഹം രാമായണത്തെ കാണുന്നത്. ഗാന്ധിജി രാമന്റെ ജീവിതത്തെ ആദര്‍ശാത്മകമായി കാണുമ്പോള്‍, അംബേദ്കര്‍ അനുകരിക്കത്തക്കതായി ഒന്നും രാമന്റെ ജീവിതത്തിലില്ല എന്ന് ഉറപ്പിച്ചു പറയുന്നു. രാമന്റെ ജന്മം പോലും സംശയാസ്പദമായ ഒന്നാണ്. ഒരര്‍ഥത്തിലും അദ്ദേഹം ധര്‍മ്മിഷ്ഠനല്ല. ശംബൂകനെക്കൊന്ന് ബ്രാഹ്മണധര്‍മ്മം സംരക്ഷിക്കാനാണ് രാമന്‍ ശ്രമിച്ചത്. സ്വന്തം കാര്യ ലാഭത്തിലപ്പുറം മറ്റൊന്നും പരിഗണിക്കാത്ത ഒരാള്‍ക്ക് എന്ത് അധര്‍മ്മവും പ്രവര്‍ത്തിക്കാം. രാമന്‍ ബാലിയെക്കൊന്നതിന് ഇതിലപ്പുറം ഒരു ന്യായവുമില്ല. സ്ത്രീകളോട് ഏറ്റവും മോശമായാണ് രാമന്‍ പെരുമാറിയത്. യുദ്ധം ജയിച്ചു കഴിഞ്ഞ രാമന്‍ സീതയെക്കാണാന്‍ തിടുക്കപ്പെട്ട് പോകുന്നില്ല. വിഭീഷണനെ ലങ്കയിലെ രാജാവായി വാഴിച്ചതിനുശേഷം സീതയെക്കൊണ്ടുവരാന്‍ ഹനുമാനെ അയക്കുകയാണ് ചെയ്യുന്നത്. സീതയെക്കാണുന്ന രാമന്‍ പറയുന്നത് നോക്കുക: ""എന്റെ ശത്രുവിനെ, നിന്നെ തട്ടിക്കൊണ്ടുപോയവനെ യുദ്ധത്തില്‍ കീഴടക്കിയതിനുശേഷം ഒരു സമ്മാനമായി നിന്നെ എനിക്ക് കിട്ടിയിരിക്കുന്നു. ഞാന്‍ എന്റെ ബഹുമതി വീണ്ടെടുക്കുകയും എന്റെ ശത്രുവിനെ ശിക്ഷിക്കുകയും ചെയ്തിരിക്കുന്നു. എന്റെ സൈന്യശക്തിക്ക് ജനങ്ങള്‍ സാക്ഷ്യം വഹിച്ചിരിക്കുന്നു. എന്റെ പരിശ്രമങ്ങള്‍ക്ക് പ്രതിഫലം ലഭിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്. രാവണനെ കൊല്ലാനും ദുഷ്കീര്‍ത്തി കഴുകിക്കളയാനുമാണ് ഞാന്‍ ഇവിടെ വന്നത്. നിനക്ക് വേണ്ടിയല്ല ഞാന്‍ ഈ കഷ്ടപ്പാട് സഹിച്ചത്""(3). ഇതിലേറെ ക്രൂരമായി ഒരാള്‍ക്ക് സംസാരിക്കാന്‍ കഴിയുമോ എന്നാണ് അംബേദ്കര്‍ ചോദിക്കുന്നത്. ഒരു ഭരണാധികാരി എന്ന നിലയില്‍ രാമന്‍ ഒരിക്കലും ശോഭിച്ചിട്ടില്ലെന്ന് അംബേദ്കര്‍ അസന്ദിഗ്ധമായി തെളിയിക്കുന്നുണ്ട്. ""യഥാര്‍ഥത്തില്‍ രാമന്‍ ഒരിക്കലും രാജാവായി വര്‍ത്തിക്കുന്നില്ല. അദ്ദേഹം ഒരു നാമമാത്ര രാജാവായിരുന്നു. ഭരണനിര്‍വഹണം വാല്‍മീകി പ്രസ്താവിക്കുന്നതുപോലെ അദ്ദേഹത്തിന്റെ സഹോദരനായ ഭരതനില്‍ നിക്ഷിപ്തമായിരുന്നു. തന്റെ സാമ്രാജ്യത്തെയും പ്രജകളെയും കുറിച്ചുള്ള ശ്രദ്ധകളിലും അസ്വാസ്ഥ്യങ്ങളിലും നിന്നും അദ്ദേഹം സ്വയമേവ സ്വതന്ത്രനാക്കപ്പെട്ടിരുന്നു""(4). കൊട്ടാരത്തിലെ രാമന്‍ പൂര്‍വ്വാഹ്നത്തില്‍ അനുഷ്ഠാനങ്ങളിലും അപരാഹ്നത്തില്‍ വനിതാഗാരത്തിലും സുരപാനത്തിലും മുഴുകിയിരുന്നുവെന്നും വാല്‍മീകി എഴുതുന്നതായി അംബേദ്കര്‍ ചൂണ്ടിക്കാണിക്കുന്നു. ചുരുക്കത്തില്‍ ബ്രാഹ്മണ പ്രത്യയശാസ്ത്രത്തിന്റെയും പിതൃമേധാവിത്തത്തിന്റെയും അമിതാധികാരത്തിന്റെയും പ്രവണതകളാണ് ശ്രീരാമന്റെ ജീവിതത്തില്‍ കാണുന്ന തെന്ന വിമര്‍ശനമാണ് അംബേദ്കര്‍ ഉന്നയിക്കുന്നത്. അംബേദ്കറുടെ കൈവഴികളിലൂടെയാണ് പില്‍ക്കാലത്തും ഇന്ത്യയില്‍ രാമായണത്തില്‍ കീഴാളവായനകള്‍ ഉണ്ടായിട്ടുള്ളത്. വടക്കേ ഇന്ത്യ കൗടില്യന്റെ ഭരണകൂട വ്യവസ്ഥക്ക് കീഴ്പ്പെടുകയും മനുവിന്റെ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരികയും ചെയ്തപ്പോള്‍ ബ്രാഹ്മണിസം സാംസ്കാരികാധിനിവേശം നേടി. തെക്കേ ഇന്ത്യയിലേക്ക് തങ്ങളുടെ അധിനിവേശം വ്യാപിപ്പിക്കാനുള്ള തക്കസമയമാണതെന്ന് ബ്രാഹ്മണര്‍ കരുതി. ഈയൊരു ചരിത്രപ്രക്രിയയെ ആഖ്യാനം ചെയ്യുകയാണ് രാമായണം ചെയ്യുന്നതെന്ന് കാഞ്ച ഐലയ്യ സൂചിപ്പിക്കുന്നു. ""താതകി, ശംബൂകന്‍, ബാലി, രാവണന്‍ തുടങ്ങിയവരെല്ലാം ദളിത് ബഹുജന്‍ ചക്രവര്‍ത്തിമാരായിരുന്നു. രാവണന്‍ ബ്രാഹ്മണനായിരുന്നുവെന്ന് ചില ബ്രാഹ്മണര്‍ അവകാശപ്പെടുന്നുണ്ട്. പമ്പര വിഡ്ഢിത്തമാണിത്.

രാവണന്‍ അതിശക്തനായ ഒരു ദ്രാവിഡ ദളിത് ബഹുജന്‍ ഭരണാധികാരിയായിരുന്നു - കടുത്ത ശൈവനും. ശൈവിസത്തെ ബ്രാഹ്മണിസത്തില്‍നിന്ന് വേര്‍പെടുത്തി, ദളിത് ബഹുജന്‍ ശൈവിസത്തിന് സ്വതന്ത്രമായ ഒരു അസ്തിത്വമുണ്ടാക്കാനായിരുന്നു രാവണന്റെ ശ്രമം പില്‍ക്കാലത്ത് ബസവ ഒരു പരിധിവരെ ഇതില്‍ വിജയിച്ചിട്ടുണ്ട്. രാവണന്‍ ബ്രാഹ്മണ കടന്നാക്രമണങ്ങള്‍ ചെറുക്കാനായി ശ്രീലങ്ക തലസ്ഥാനമാക്കിക്കൊണ്ടാണ് രാജ്യം സ്ഥാപിച്ചത്. വടക്കേ ഇന്ത്യയിലെ ബ്രാഹ്മണരാകട്ടെ, തെക്കേ ഇന്ത്യയിലെ ദളിത് ബഹുജന്‍ രാജ്യങ്ങളെ കീഴടക്കി തങ്ങളുടെ അധീശത്വം അവിടേക്കുകൂടി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. അങ്ങനെ ഈ ദേശങ്ങളെ ആക്രമിക്കാന്‍ അവര്‍ തന്ത്രങ്ങള്‍ മെനഞ്ഞു.

രാമന്റെ നീക്കങ്ങളോരോന്നും തീരുമാനിച്ചത് ഋഷിമാരായിരുന്നു. രാമായണത്തിലെ കേന്ദ്രശക്തികള്‍ വസിഷ്ഠനും വിശ്വാമിത്രനുമാണ് - രാമന്റെ കുലഗുരുക്കള്‍ -ഏത് സാഹചര്യത്തിലും എല്ലാവരും അനുസരിക്കേണ്ട മഹാന്മാര്‍"".(5). ബ്രാഹ്മണാധിനിവേശത്തിന്റെ ഈ രാഷ്ട്രീയത്തോടൊപ്പം പിതൃമേധാവിത്വത്തിന്റെ ശാസനകളും രാമായണത്തില്‍ പുലരുന്നതായി കാഞ്ചാ ഐലയ്യ തെളിയിക്കുന്നുണ്ട്. ദ്രാവിഡദേശത്ത് നിലനിന്നിരുന്ന പെണ്‍കോയ്മാ പാരമ്പര്യത്തെ അട്ടിമറിക്കാനുള്ള ശ്രമം, രാമായണത്തിന്റെ വ്യാപനത്തിലൂടെ നടന്നതായി കരുതാം. ചുരുക്കത്തില്‍ തെക്കേയിന്ത്യയിലെ ദളിത് ബഹുജന്‍ സമൂഹത്തെ ബ്രാഹ്മണവല്‍ക്കരിച്ച് ബ്രാഹ്മണ ആണ്‍കോയ്മാ വ്യവസ്ഥ സ്ഥാപിച്ചെടുക്കുന്നതിന്റെ വിവരണമാണ് രാമായണം.

""രാവണവധത്തോടെ തെക്കേ ഇന്ത്യയിലെ ദളിത് ബഹുജനങ്ങള്‍ പൂര്‍ണമായും ബ്രാഹ്മണിത്ത ആര്യന്മാരുടെ കീഴിലാവുന്നു. ഏറ്റവും ഭീകരമായതെന്തെന്നാല്‍ രാവണന്റെ പതനത്തോടെ വടക്കേയിന്ത്യയിലെ പല ബ്രാഹ്മണ ഋഷിമാരും തെക്കേ ഇന്ത്യയിലേക്ക് കുടിയേറുകയും അവിടുത്തെ ജാതിരഹിത സമൂഹത്തെ ഒരു ജാത്യാധിഷ്ഠിത സമൂഹമാക്കിത്തീര്‍ക്കുകയും ചെയ്തുവെന്നതാണ്. അങ്ങനെ ബ്രാഹ്മണര്‍ തങ്ങളുടെ പ്രത്യയശാസ്ത്രാധീശത്വം തെക്കെയിന്ത്യ മുഴുവന്‍ സ്ഥാപിച്ചെടുത്തു"". അംബേദ്കര്‍ ബ്രാഹ്മണ-ശൂദ്ര സംഘര്‍ഷത്തിന്റെ പാഠമായി രാമായണത്തെ കാണുമ്പോള്‍ കാഞ്ച ഐലയ്യ ഉത്തരേന്ത്യ - ദക്ഷിണേന്ത്യ എന്ന വൈരുധ്യത്തിലേക്ക് കൂടി അതിനെ വ്യാപിപ്പിക്കുന്നു. ദേശരാഷ്ട്രത്തെ കെട്ടിപ്പൊക്കാനാണ് ഗാന്ധിജി രാമായണത്തെ വ്യാഖ്യാനിച്ചതെങ്കില്‍, അത്തരമൊരു ശ്രമത്തിലെ വിള്ളലുകളെ തുറന്നുകാണിക്കാനും ചരിത്രനിരപേക്ഷമായ വായനകളെ തുറന്നെതിര്‍ക്കാനുമാണ് രാമായണത്തിന്റെ കീഴാള വായനകള്‍ ശ്രമിക്കുന്നത്, എന്ന് ചുരുക്കിപ്പറയാം. 3- 3. പെരിയാറിന്റെ രാമന്‍ 1956 ആഗസ്ത് 1ന് രാമന്റെ കോലം കത്തിക്കാന്‍ പെരിയാര്‍ ഇ വി രാമസ്വാമി നായ്ക്കര്‍ നടത്തിയ ശ്രമം ചരിത്രത്തില്‍ പ്രസിദ്ധമാണ്. 1920 കളില്‍ തുടങ്ങി ജീവിതാന്ത്യം വരെ പെരിയാര്‍ നടത്തിക്കൊണ്ടിരുന്ന രാമായണ വിമര്‍ശനത്തിന്റെ ഒരു ഘട്ടം മാത്രമായിരുന്നു അത്. ഇ വി ആറിന്റെ രാമായണ വ്യാഖ്യാനത്തിന് തീര്‍ത്തും രാഷ്ട്രീയമായ ഉള്ളടക്കമാണ് ഉണ്ടായിരുന്നത്. ഉത്തരേന്ത്യന്‍ അധികാരക്കുത്തകക്കെതിരെ ദക്ഷിണേന്ത്യക്കാരെ ഉണര്‍ത്താനും ദ്രാവിഡത്തന്മ തിരിച്ചുപിടിക്കാനുമുള്ള ശ്രമമായിരുന്നു അത്. പെരിയാറിനെ സംബന്ധിച്ചിടത്തോളം ഉത്തരേന്ത്യ ബ്രാഹ്മണിസത്തിന് സാംസ്കാരികാധിപത്യമുള്ള ജാതിശ്രേണി നിലനില്‍ക്കുന്ന സംസ്കൃതത്തിന് മേല്‍ക്കോയ്മയുള്ള പ്രദേശമാണ്. ദക്ഷിണേന്ത്യ സമത്വം നിറഞ്ഞതും അബ്രാഹ്മണിക്കലുമായ ഒരു സമൂഹമായിരുന്നു. തമിഴ് ഭാഷക്കായിരുന്നു ഇവിടെ കോയ്മ. രാമായണത്തിലെ "ആദര്‍ശ" കഥാപാത്രങ്ങളെല്ലാം ഭീരുക്കളോ ദുരാഗ്രഹികളോ ധര്‍മ്മം പാലിക്കാത്തവരോ ആണ്. അതുകൊണ്ടുതന്നെ അവരെ ആദര്‍ശവാന്മാരായി ചിത്രീകരിക്കുന്ന ആഖ്യാനം അധമമായ ലക്ഷ്യത്തോടു കൂടിയുള്ളതാണ്. ദ്രാവിഡരെ പറഞ്ഞുപറ്റിക്കാന്‍ ആര്യന്മാര്‍ കെട്ടിച്ചമച്ചതാണ് രാമായണം. പെരിയാര്‍ രാമായണത്തിലെ കഥാപാത്രങ്ങളെ വിലയിരുത്തുന്നത് മനുവിന്റെ നിയമങ്ങളെ മുന്‍നിര്‍ത്തിയാണ്. ബ്രാഹ്മണിസത്തെ ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ പേരില്‍ ഇ വി ആര്‍ മനുസംഹിതയെ പലയിടത്തും രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ടെങ്കിലും രാമായണത്തെ വിമര്‍ശിക്കാന്‍ അദ്ദേഹം മനുവിന്റെ ധര്‍മ്മശാസ്ത്രത്തെതന്നെ ആധാരമാക്കുന്നു എന്നത് ഏറെ വിചിത്രമാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. രാമായണത്തിലെ കഥാപാത്രങ്ങളൊന്നും മനുധര്‍മ്മമനുസരിച്ച് ഉത്തമകഥാപാത്രങ്ങളല്ലെന്നാണ് അദ്ദേഹം വാദിക്കുന്നത്. ഇന്ദ്രിയങ്ങളെ അടക്കാന്‍ കഴിയാത്തവരാണ് രാമായണത്തിലെ ദശരഥനും സീതയും കൗസല്യയും ലക്ഷ്മണനുമെല്ലാം. ഇന്ത്യന്‍ ആത്മീയ ദര്‍ശനത്തിലെ വൈരാഗ്യമാണ് ഇവിടെ പെരിയാറിന്റെ വിമര്‍ശനത്തിനാധാരാം. അധികാരപ്രമത്തനായ രാമന്റെ അമ്പതിലേറെ ദുഷ്ടചെയ്തികള്‍ ഇ വി ആര്‍ അക്കമിട്ട് നിരത്തുന്നുണ്ട്. ഇതില്‍ പലതും അംബേദ്കറും മറ്റും സൂചിപ്പിച്ചവ തന്നെയാണ്. ""രാമനെപ്പോലുള്ള രാജാക്കന്മാര്‍ ഇന്നും ജീവിച്ചിരുന്നെങ്കില്‍ ശൂദ്രന്മാരുടെ സ്ഥിതിയെന്താകുമായിരുന്നു?"" എന്ന് ശംബൂകവധത്തെ മുന്‍നിര്‍ത്തി പെരിയാര്‍ ചോദിക്കുന്നു. ബ്രാഹ്മണക്കോയ്മയെ ചോദ്യം ചെയ്യുന്ന വലിയ പാരമ്പര്യം തന്നെ തമിഴ്നാട്ടിലുണ്ട്. മണിമേഖല എന്ന കാവ്യത്തിലെ ആപുത്തിരന്‍ ഇത്തരത്തിലുള്ള ഒരു കഥാപാത്രമാണ്. സിദ്ധന്മാരും ലിംഗായത്തുകളും ബ്രാഹ്മണക്കോയ്മയെ എതിര്‍ത്തിട്ടുണ്ട്. രാമലിംഗസ്വാമി (1823-1874) പെരിയാറിന് തൊട്ടുമുമ്പ്ജീവിച്ചിരുന്ന സാമൂഹിക പരിഷ്കര്‍ത്താവായിരുന്നു. അദ്ദേഹവും ജാതിവ്യവസ്ഥയെ നിശിതമായി വിമര്‍ശിച്ചു. ഇവരുടെയെല്ലാം സ്വാധീനം പെരിയാറില്‍ കാണാനാവും. പൗമചരിതവും വലിയ അളവില്‍ പെരിയാറിനെ സ്വാധീനിക്കുകയുണ്ടായി. ബംഗാളിലെ മൈക്കിള്‍ മധുസൂദനന്‍ദത്ത് എഴുതിയ "പ്രതി രാമായണ"വും പൗമചരിതത്തില്‍നിന്ന് ആവേശമുള്‍ക്കൊണ്ടതാണെന്ന് പറയുന്നവരുണ്ട്. രാമന്റെ കോലം കത്തിക്കാന്‍വേണ്ടി പെരിയാര്‍ നടത്തിയ ശ്രമവും "രാമായണത്തിലെ കഥാപാത്രങ്ങള്‍" എന്ന അദ്ദേഹത്തിന്റെ ലഘുലേഖയും വലിയ അളവില്‍ രാഷ്ട്രീയ സംവാദങ്ങള്‍ക്ക് തിരികൊളുത്തി. രാമായണത്തെക്കുറിച്ചുതന്നെ അത് തുറന്ന ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. പെരിയാര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന രാമായണത്തിന്റെ ബ്രാഹ്മണ വിരുദ്ധവ്യാഖ്യാനം പില്‍ക്കാലത്ത് തമിഴ്നാട്ടിലെ സിനിമയിലും രാഷ്ട്രീയത്തിലും വലിയ അളവില്‍ സ്വാധീനം ചെലുത്തി. 3- 4. ഗോള്‍വാള്‍ക്കറുടെ രാമന്‍ അംബേദ്കറും പെരിയാറും കാഞ്ചാ ഐലയ്യയും ഏത് രാമനെതിരെയാണോ പ്രതിരോധം തീര്‍ക്കുന്നത് ആ രാമനെ അധികാരത്തിലേറ്റാനാണ് ഗോള്‍വാള്‍ക്കറും അദ്ദേഹത്തിന്റെ പിന്മുറക്കാരായ സംഘപരിവാരവും ശ്രമിക്കുന്നത്. സവര്‍ണ്ണ പ്രത്യയശാസ്ത്രത്തിന്റെ ആരാധനാമൂര്‍ത്തിയായ രാമന്‍ യുദ്ധോദ്യുക്തനാണ്. ശത്രുക്കള്‍ക്കുനേരെ മാത്രമല്ല, തന്റെ വഴിയില്‍ പ്രതിബന്ധമായി നില്‍ക്കുന്ന സഹോദരങ്ങള്‍ക്ക് നേരെപ്പോലും വില്ലുകുലച്ചുനില്‍ക്കുന്ന രാമനാണ് ഗോള്‍വാള്‍ക്കറുടെ ആദര്‍ശ പുരുഷന്‍. ഹിന്ദുരാഷ്ട്രമെന്ന സങ്കല്‍പ്പം ഇന്ത്യക്കാരില്‍ ചിരപുരാതനമായി നിലനില്‍ക്കുന്നുണ്ട് എന്ന് സമര്‍ഥിക്കാന്‍ ഗോള്‍വാള്‍ക്കര്‍ രാമായണമാണ് ഉദ്ധരിക്കുന്നത്. ""മാതൃരാജ്യത്തോടുള്ള സ്നേഹം സ്വയം വെളിപ്പെടുത്തുന്ന അത്തരം രാഷ്ട്രബോധം ഹിന്ദുജാതിയില്‍ സദാനേരവും സജീവമാണ്. ഇതിഹാസകൃതിയായ രാമായണത്തില്‍ അതിന്റെ ഏറ്റവും മനോഹരവും ഹൃദയസ്പര്‍ശിയുമായ പ്രകാശനം കാണാവുന്നതാണ്. തന്റെ പ്രവാസ ജീവിതകാലത്ത് പൈതൃകമായ സിംഹാസനം സിദ്ധിച്ച ഭരതന്‍ മാറ്റത്തിന് വിധേയമായിട്ടുണ്ടാവുമെന്നും അദ്ദേഹവുമായുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ ഇപ്പോള്‍ കീഴടക്കി ലങ്കയില്‍ തുടരുന്നതാണ് നല്ലതെന്നും ഉപദേശിച്ചപ്പോള്‍ ഇതിഹാസത്തിലെ ഹിന്ദു ആദര്‍ശനപുരുഷനും രാജാവുമായ ശ്രീരാമചന്ദ്രന്‍ നല്‍കിയ മറുപടി: ""അപി സ്വര്‍ണ്ണമയീ ലങ്കാ നമേ ലക്ഷ്മണ രോചതേ ജനി ജന്മഭൂമിച്ച സ്വര്‍ഗാദപി ഗരിയസി"" (അല്ലയോ ലക്ഷ്മണാ! സുവണ ദേശമായ ലങ്ക, അതിന്റെ എല്ലാ സമ്പത്തുകളോടും എന്നെ ആകര്‍ഷിക്കുന്നില്ല. എനിക്ക് സ്വര്‍ഗത്തേക്കാള്‍ ശ്രേഷ്ഠമായത് എന്റെ മാതാവും മാതൃഭൂമിയുമാണ്) എന്നാണ്""(13). ഗോള്‍വാള്‍ക്കറെ സംബന്ധിച്ചിടത്തോളം മാതൃരാജ്യം തിരിച്ചുപിടിക്കാന്‍ തടസ്സമാവുന്നത് സഹോദരനായാലും വില്ലെടുക്കാന്‍ മടിക്കേണ്ടതില്ല. ഗാന്ധിയെ വധിച്ചും ബാബറിപ്പള്ളി തകര്‍ത്തും വംശഹത്യകള്‍ നടത്തിയും യുദ്ധോദ്യുക്തനായ രാമന്‍ പോരാട്ടം തുടരുകയാണ്. ഒരു തരത്തില്‍ പല രാമന്മാര്‍ തമ്മിലുള്ള പോരാട്ടത്തെയാണ് നാം ഇന്ത്യന്‍ രാഷ്ട്രീയം എന്ന് വിളിക്കുന്നത്. 3- 5. രാമായണത്തിന്റെ "ദൂരദര്‍ശനം" 1987 ലാണ് ദൂരദര്‍ശനിലൂടെ രാമായണം സീരിയലായി കടന്നുവരുന്നത്. എണ്‍പത് ദശലക്ഷം ജനങ്ങള്‍ ഇത് വീക്ഷിച്ചു എന്നാണ് കണക്ക്. ടെലിവിഷന്‍ ഒട്ടും പ്രാപ്യമല്ലാതിരുന്ന കാലത്താണ് ഇന്ത്യയിലെ ജനങ്ങള്‍ രാമായണത്തിന്റെ ഈ പുതിയ ആഖ്യാനത്തോട് ഇത്രമാത്രം പ്രതിപത്തി കാണിച്ചത്. രാമായണകഥ പൂര്‍ണമായില്ലെന്ന് പരാതിപ്പെട്ട് ജലന്ധറിലെ തോട്ടിത്തൊഴിലാളികള്‍ പണിമുടക്കുകപോലും ചെയ്തു. ഗവണ്‍മെന്റുമായുണ്ടാക്കിയ കരാര്‍ അവസാനിച്ചതാണ് സീരിയല്‍ അപൂര്‍ണമായി നിര്‍ത്താന്‍ കാരണമെന്ന വാര്‍ത്ത ഇതിനകം ജനങ്ങളിലെത്തിക്കഴിഞ്ഞിരുന്നു. ഗവണ്‍മെന്റ് അതിന്റെ സ്പോണ്‍സര്‍ഷിപ്പ് തുടരണം എന്നാവശ്യപ്പെട്ടാണ് തൊഴിലാളികള്‍ സമരത്തിനിറങ്ങിയത്. ക്ഷേത്രബിംബത്തോടെന്നപോലെ ആരാധനയോടെയാണ് ടെലിവിഷനിലെ "രാമാവതാരത്തെ" ജനങ്ങള്‍ എതിരേറ്റത്. ഇത്രയധികം ജനങ്ങള്‍ ഒറ്റകാര്യത്തില്‍ ഒരുമിച്ച് വ്യാപൃതരായ സന്ദര്‍ഭം ദക്ഷിണേഷ്യയുടെ ചരിത്രത്തിലില്ല എന്നാണ് ഗവേഷകര്‍ നിരീക്ഷിച്ചിട്ടുള്ളത്. സംസ്കാരത്തെ ഭരണകൂടം നിര്‍വചിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി വേണം രാമായണം സീരിയലിനെ കാണാനെന്ന് റോമിലാ ഥാപ്പര്‍ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്ത് നിലനില്‍ക്കുന്ന സാംസ്കാരിക വൈവിധ്യത്തെ ഏകാത്മകമായ ഒരു സംസ്കാരം കൊണ്ട് പകരം വെക്കാനുള്ള ശ്രമമായിരുന്നു രാമായണം സീരിയല്‍. ജനതയുടെ സര്‍ഗാത്മകാവബോധത്തിന്മേലുള്ള കടന്നുകയറ്റമായാണ് ഥാപ്പര്‍ ഇതിനെ കാണുന്നത്. ഇതുവരെ സൂചിപ്പിച്ചതുപോലെ രാമായണ കഥാഖ്യാനത്തിലെ സവിശേഷമായ പ്രത്യയശാസ്ത്ര ഇടപെടലായി വേണം ദൂരദര്‍ശന്‍ സീരിയലിനെ കാണാന്‍. ജൈനരാമായണത്തേയോ ബൗദ്ധരാമായണത്തെയോ അല്ല ഈ സീരിയലിന് ആധാരമാക്കിയത്. അത്തരം പാഠങ്ങളുടെ സംപ്രേഷണം "ഭൂരിപക്ഷ" സമുദായത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുമെന്നാണ് വ്യാഖ്യാനം. അങ്ങനെ വരുമ്പോള്‍ ഈ ഭൂരിപക്ഷമാരാണ് എന്ന ചോദ്യമുണ്ട്. വയനാട്ടിലെ ആദിവാസികള്‍ക്കിടയിലെ രാമായണകഥ തീര്‍ത്തും വ്യത്യസ്തമാണെന്ന് ഡോ. അസീസ് തരുവണ നിരീക്ഷിക്കുന്നുണ്ട്. പുല്‍പ്പള്ളിയിലും ചുറ്റുപാടും മാത്രം നടക്കുന്ന കഥയാണ് പണിയരാമായണത്തിന്റെ ഉള്ളടക്കം. സീതയും രാമനും മറ്റും ചില ഗോത്ര കഥാപാത്രങ്ങളാണിവിടെ. ഈ കഥകള്‍ വാമൊഴിയില്‍ കൊണ്ടുനടക്കുന്ന ആദിവാസികളും "ഭൂരിപക്ഷ"ത്തിന് പുറത്താണ്. അങ്ങനെ വരുമ്പോള്‍ "ബ്രാ്ഹമണിക്കല്‍" എന്ന് വിശേഷിപ്പിക്കാവുന്ന ആഖ്യാനത്തെ മാത്രമേ ഭൂരിപക്ഷത്തിന്റേതായി അംഗീകരിക്കാനാവൂ എന്ന് വരും. ഇതുവരെയായി ചര്‍ച്ച ചെയ്തുവന്നതും വിപരീത ധ്രുവങ്ങളില്‍ നില്‍ക്കുന്നതുമായ രാമായണ വ്യാഖ്യാനങ്ങളുടെ ഇടയിലേക്കാണ് "ദൂരദര്‍ശ രാമായണം" കടന്നുവന്നത്. അത് തീര്‍ച്ചയായും കീഴാളവിരുദ്ധമായ രാമായണത്തെയാണ് അടിസ്ഥാനമാക്കിയത് എന്ന വസ്തുത പ്രധാനമത്രേ. ഭരണകൂടം സംസ്കാരത്തെ പുരസ്കരിക്കുകയും മതവികാരം അതിന്റെ അടിത്തറയായിത്തീരുകയും ചെയ്യുന്നത് അതീവ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുക. സാംസ്കാരികവും സര്‍ഗാത്മകവുമായ ആവിഷ്കാരങ്ങളെ മതവികാരങ്ങളില്‍നിന്ന് വേര്‍പെടുത്താന്‍ കഴിയാത്ത സ്ഥിതിയിലാണ് ഇന്ന് ഭരണകൂടം. എ കെ രാമാനുജത്തിന്റെ ഭഠവൃലല വൗിറൃലറ ഞമാമ്യമിമെ"" എന്ന ലേഖനം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ദില്ലി സര്‍വ്വകലാശാലയില്‍ ഉയര്‍ന്നുവന്ന പ്രതിഷേധം, "മതമില്ലാത്ത ജീവന്‍" എന്ന പാഠം ഉള്‍പ്പെടുത്തിയതിന് കേരളത്തിലുണ്ടായ കലാപങ്ങള്‍, ചോദ്യപേപ്പറില്‍ കടന്നുവന്ന മതവിമര്‍ശനം സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍, പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയ യൂറോപ്യന്‍ നവോത്ഥാനത്തിന്റെ ചരിത്രത്തിനെതിരെ ക്രിസ്തീയ സഭകള്‍ വളര്‍ത്തിക്കൊണ്ടുവന്ന പ്രതിഷേധങ്ങള്‍ ഇവയെല്ലാം ഭരണകൂടം പുരസ്കരിക്കുന്ന സംസ്കാരത്തിന്റെ ദൗര്‍ബല്യങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഭരണകൂടത്തിന്റെ സ്വാധീനമുപയോഗിച്ച് സെന്‍സര്‍ ചെയ്യുന്നതിലൂടെ "സഹിഷ്ണുത" വളര്‍ത്തിയെടുക്കാനാവില്ല. സഹിഷ്ണുത വളരേണ്ടത് സംവാദങ്ങളിലൂടെയാണ്. ഏതെങ്കിലും ഒരു കാര്യം ആര്‍ക്കെങ്കിലും അനിഷ്ടമുണ്ടാക്കുന്നുണ്ടെങ്കില്‍ അതിനെക്കുറിച്ചുള്ള തുറന്ന സംവാദങ്ങള്‍ ഉണ്ടാവുകയാണ് വേണ്ടത്. ശക്തമായ വാദഗതികള്‍ കൊണ്ട് പിന്തുണക്കുന്ന ആശയങ്ങള്‍ തീര്‍ച്ചയായും നിലനില്‍ക്കും. അല്ലാത്തവ അഗണ്യകോടിയില്‍പ്പെടും. "സാത്താന്റെ വചനങ്ങള്‍" ഇസ്ലാമിക വിരുദ്ധമാണെന്ന് ഭരണകൂടം പ്രഖ്യാപിക്കുമ്പോള്‍ എല്ലാ മുസ്ലിങ്ങളേയും മൗലികവാദികളായി മുദ്ര കുത്തുക കൂടിയാണ് ചെയ്യുന്നത്. യഥാര്‍ഥത്തില്‍ ആ നോവല്‍ വായിക്കുന്ന ഓരോ മുസ്ലിമിനും വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാവാന്‍ ഇടയുണ്ട്. ആ അഭിപ്രായങ്ങള്‍ സ്വതന്ത്രമായി പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുകയാണ് വേണ്ടത്. ചുരുക്കത്തില്‍ ഭരണകൂടം സംസ്കാരത്തെ പുരസ്കരിക്കുമ്പോള്‍ ജാതീയത/വര്‍ഗീയത ശക്തിപ്പെടുകയാണ് ചെയ്യുക. തുളസീദാസിന്റെ രാമചരിത മാനസമാണ് രാമായണം സീരിയലിന് ആധാരമാക്കിയത്. ഹിന്ദി സംസാരിക്കുന്ന വടക്കേ ഇന്ത്യന്‍ വൈഷ്ണവരുടെ ഇടയില്‍ പ്രചാരമുള്ള പാഠത്തെ സര്‍ക്കാര്‍ പുരസ്കരിക്കുന്നതോടെ, അതിന് പ്രത്യേകമായ ഒരാധികാരികത കൈവരുന്നു. ഉത്തരേന്ത്യയിലെ രാംലീലാ സംസ്കാരത്തെയാണ് സീരിയല്‍ ഉപജീവിച്ചതെങ്കിലും അതിന്റെ "കാര്‍ണിവെല്‍" സ്വഭാവത്തെ അത് തീര്‍ത്തും കൈയൊഴിഞ്ഞു". ടെലിവിഷന്‍ രാമായണം സംസ്കാര വ്യവസായത്തിന്റെ ഭാഗമായ ഉല്‍പ്പന്നമായിരുന്നു. ഉപരി മധ്യവര്‍ഗത്തിന്റെ ജീവിതസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുതകുന്ന ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാതാക്കളായിരുന്നു സീരിയലിന്റെ പുരസ്കര്‍ത്താക്കള്‍. താഴ്ന്ന മധ്യവര്‍ഗത്തിലോ ദരിദ്ര വിഭാഗത്തെയോ ആ സീരിയല്‍ കാഴ്ചക്കാരായി വിഭാവനം ചെയ്തിരുന്നില്ല. ഓരോ രംഗങ്ങള്‍ക്കും അശോക്കുമാര്‍ നല്‍കിക്കൊണ്ടിരുന്ന വ്യാഖ്യാനവും ഇക്കാര്യം ഓര്‍മിപ്പിക്കുന്നതാണ്. തങ്ങളുടെ നാല് പുത്രന്മാര്‍" ആയുധാഭ്യാസത്തിനായി "ഗുരുകുല"ത്തിലേക്ക് പോകുമ്പോള്‍, ദശരഥനും രാജ്ഞിമാര്‍ക്കുമുണ്ടായ ദുഃഖം സൂചിപ്പിക്കുമ്പോള്‍ മക്കളെ ബോര്‍ഡിങ് സ്കൂളിലേക്കയക്കുന്ന അച്ഛനമ്മമാരുടെ ദുഃഖം പോലെയായിരുന്നു അത് എന്ന് അശോക് കുമാര്‍ വ്യാഖ്യാനം നല്‍കുന്നുണ്ട്. രാമ-രാവണ യുദ്ധത്തെ ആധുനിക കാലത്തെ ആകാശയുദ്ധങ്ങളോടാണ് അശോക് കുമാര്‍ തുലനം ചെയ്യുന്നത്. ഹിന്ദുത്വ വാദികളുടെ "കപടശാസ്ത്ര"യുക്തിയാണ് ഈ വ്യാഖ്യാനത്തിന്റെ അടിത്തറ. ആധുനിക സാങ്കേതിക വിദ്യയെ വെല്ലുന്ന ആയുധങ്ങളുണ്ടായിരുന്നെന്നാണ് ഇവിടെ സൂചന. ഋഷിമാരുടെ തപസ്സുമുടക്കുന്ന അസുരന്മാരെ "അപരിഷ്കൃത"രായ ആദിവാസികളായാണ് ചിത്രീകരിച്ചത്. ചിന്മയാനന്ദന്റെ ഗീതാ പ്രഭാഷണങ്ങള്‍ ആധുനിക "മാനേജ്മെന്റ്" സങ്കല്‍പ്പവുമായി കൂടിക്കുഴഞ്ഞ് ഉപരി മധ്യവര്‍ഗത്തിന്റെ പ്രത്യയശാസ്ത്രരൂപമായി വികസിക്കുന്നതെങ്ങനെയെന്ന് ""ഇന്നത്തെ മതപരമായ പുനരുദ്ധാരണ രൂപങ്ങള്‍: ഒരു പ്രത്യയശാസ്ത്രത്തിന്റെ വര്‍ഗസ്വഭാവവും സാമൂഹികമായ വേരുകളും"" എന്ന പ്രബന്ധത്തില്‍ മുരളീധരന്‍ (15) വിശദീകരിക്കുന്നുണ്ട്. ചിന്മയാനന്ദന്റെ പ്രഭാഷണത്തിലെ ഒരു ഭാഗം ഇങ്ങനെ: ""ഒരു സെയില്‍സ്മാന്‍ വമ്പിച്ച പ്രതീക്ഷകളോടെയും വികാരകലുഷിതമായ മനസ്സോടെയും ഒരു വലിയ ബിസിനസ്സുകാരനെ സമീപിക്കുന്നു എന്ന്കരുതുക. അയാള്‍ വിജയിച്ചുകൊള്ളണമെന്നില്ല. എന്നാല്‍ അയാള്‍ നിര്‍മ്മമനാണെങ്കില്‍, അതായത് കര്‍മ്മയോഗിയാണെങ്കില്‍ അയാളുടെ ശ്രമങ്ങള്‍ ഫലവത്താവും. ഫലേച്ഛ വെടിഞ്ഞുള്ള കര്‍മ്മം ചന്തയിലെ വിലപേശലുകളില്‍പ്പോലും വിജയം ഉറപ്പു തരുന്നുണ്ടെങ്കില്‍ മനുഷ്യന്റെ സാമൂഹികവും ദേശീയവുമായ പ്രവര്‍ത്തനത്തിന്റെ ഉദാത്ത മേഖലകളില്‍ അത്എത്രയോ കൂടുതല്‍ വിജയകരമാവും!"" തന്നെ കേള്‍ക്കാനിരിക്കുന്ന ഉപരിമധ്യവര്‍ഗത്തിലെ ഭക്തന്മാരുടെ കരള്‍ കവരുന്ന രൂപത്തിലാണ് ചിന്മയാനന്ദന്‍ ആത്മീയ ഭാഷണങ്ങള്‍ ചിട്ടപ്പെടുത്തിയത്. അതേവിധം രാമായണസീരിയലുകള്‍ ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെ വ്യാമോഹങ്ങളെയും ഇച്ഛാഭംഗങ്ങളെയുമാണ് തഴുകിയുണര്‍ത്തിയത്. ഇതുവഴി രാമായണ കഥാഖ്യാനത്തിന്റെ ഒരു പുതിയ "ഫോക്" രൂപപ്പെടുകയായിരുന്നു. ആ "ഫോക്" ഇന്ത്യയിലെ നവലിബറല്‍ നയങ്ങളേയും ഹൈന്ദവ പുനരുത്ഥാനത്തെയും ഒരേസമയം പിന്തുണച്ചവരായിരുന്നു. നിരന്തരം പ്രതിസന്ധികളുണ്ടാവുകയും "ഒരല്‍ഭുതം പോലെ" അവ പരിഹരിക്കപ്പെടുകയും ചെയ്യുന്ന ഇന്ത്യന്‍ മധ്യവര്‍ഗ ജീവിതത്തിന്റെ ഫാന്റസികളെ തൃപ്തിപ്പെടുത്താന്‍ കഴിയുന്ന ഒന്നായിരുന്നു രാമായണം സീരിയല്‍.

ഗണസംഘകാലത്തെ ഏതോ ജനപദത്തില്‍ നിന്ന് തുടങ്ങി ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള വഴിയിലൂടെ രാമന്റെ രഥം ശീഘ്രഗതിയില്‍ കുതിക്കുകയാണ്. അംബാനിമാരുടെ ഒരു വലിയ നിര പരവതാനി വിരിച്ച് കാത്തിരിക്കുന്നുണ്ട്. പക്ഷേ ഇന്ത്യയുടെ ചരിത്രത്തോടൊപ്പം രാമകഥക്ക് ഇനിയും ഒഴുകാതിരിക്കാനാവില്ല. കാരണം ഒഴുകുന്തോറും ചിന പൊട്ടുന്ന ഒരു മഹാപ്രവാഹമാണത്. കുറിപ്പുകള്‍: (1) ഗാന്ധിജിയുടെ സമ്പൂര്‍ണ കൃതികള്‍ വാല്യം 34. (2) അംബേദ്കറുടെ സമ്പൂര്‍ണ കൃതികള്‍ വാല്യം 7 (3) അംബേദ്കറുടെ സമ്പൂര്‍ണ കൃതികള്‍ വാല്യം 8 (4) അംബേദ്കറുടെ സമ്പൂര്‍ണ്ണ കൃതികള്‍ വാല്യം 8 (5) കാഞ്ച ഐലയ്യ, ഞാനെന്തുകൊണ്ടൊരു ഹിന്ദുവല്ല (തിരുവനന്തപുരം: സംവാദം, 2001) 83.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ