2012, ഓഗസ്റ്റ് 25, ശനിയാഴ്‌ച

ആഗസ്ത് 25: ഒഴുകിപ്പരന്ന ചോരയുടെ ഓര്‍മ


നാരായണന്‍ കാവുമ്പായി

നാട് നടുങ്ങിയ ആ തിരുവോണസന്ധ്യയുടെ ചോരച്ചുവപ്പാര്‍ന്ന ഓര്‍മ ഇന്നലെയെന്നപോലെ യമുനയുടെ മനസ്സിലുണ്ട്. ആര്‍എസ്എസ് ക്രിമിനലുകള്‍, സിപിഐ എം നേതാവ് പി ജയരാജനെ വെട്ടിപ്പിളര്‍ന്ന നിമിഷങ്ങള്‍ക്ക് സാക്ഷിയാകേണ്ടിവന്ന ജയരാജന്റെ ഭാര്യ യമുന നടുക്കത്തോടെയാണ് ചോര കിനിയുന്ന ആ സംഭവം ഓര്‍ത്തെടുക്കുന്നത്. സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗവും ദേശാഭിമാനി കണ്ണൂര്‍ യൂണിറ്റ് മാനേജരും എല്‍ഡിഎഫ് വടകര പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി സെക്രട്ടറിയുമായിരുന്ന പി ജയരാജനെ മുപ്പതോളം ബിജെപി- ആര്‍എസ്എസ് ക്രിമിനലുകള്‍, കിഴക്കേ കതിരൂരിലെ വീട്ടില്‍ കയറിയാണ് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. സംഭവസമയത്ത് വീട്ടില്‍ ജയരാജനും ഭാര്യയുംമാത്രമേ ഉണ്ടായിരുന്നുള്ളൂ  ജയരാജന്‍ മരിച്ചെന്നു കരുതി "ഓം കാളി..." വിളികളുമായാണ് കാവിപ്പട മടങ്ങിയത്.

യമുന

തിരിച്ചുപോയ വഴികളിലെല്ലാം ബോംബെറിഞ്ഞ് ഭീതിപരത്തി പിന്തിരിയുമ്പോള്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു; ""നിങ്ങടെ നേതാവിന്റെ ശവമതാടാ, കെട്ടിയെടുത്തോ..."" തലനാരിഴയ്ക്കാണ് ജയരാജന്‍ രക്ഷപ്പെട്ടത്. പൈശാചികമായ ആക്രമണത്തിന് സാക്ഷിയാകേണ്ടിവന്നപ്പോഴും മനഃസ്ഥൈര്യം കൈവിടാതെയുള്ള യമുനയുടെ ഇടപെടല്‍കൊണ്ടാണ് ജയരാജന്റെ ജീവന്‍ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞത്. കൈകാലുകളറ്റ്, വെട്ടിപ്പിളര്‍ക്കപ്പെട്ട ശരീരവുമായി ചോരയില്‍ പിടഞ്ഞു ഞരങ്ങുന്ന ഭര്‍ത്താവിന്റെ അരികില്‍, ഏത് സ്ത്രീയും ബോധരഹിതയായി വീണേക്കാവുന്ന നിമിഷങ്ങളെ സമാനതകളില്ലാത്ത സമചിത്തതയോടെയാണ് യമുന അതിജീവിച്ചത്. ഒട്ടുംവൈകാതെ പാര്‍ടിസഖാക്കളെ വിവരമറിയിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് ചികിത്സ ലഭ്യമാക്കാനും ജീവന്‍ നിലനിര്‍ത്താനുമായത്. പതിമൂന്നുവര്‍ഷം മുമ്പത്തെ ആ നടുങ്ങുന്ന അനുഭവം യമുന ഓര്‍ത്തെടുക്കുന്നതിങ്ങനെ: "എന്റെ മോന്‍.." എന്ന് നിലവിളികേട്ടാണ് ഞാന്‍ ആദ്യം പുറത്തിറങ്ങിയത്. എന്തു സംഭവിച്ചെന്നറിയാതെ വീട്ടില്‍നിന്നിറങ്ങി അങ്ങോട്ടോടുമ്പോള്‍ പിന്നാലെ ജയരാജേട്ടനും ഇറങ്ങി വന്നു. അപ്പോള്‍ "യമുനേ നിന്റെ വീട്" എന്ന് ആരോ വിളിച്ചുപറഞ്ഞു. ഞാന്‍ പിന്തിരിഞ്ഞു നോക്കുമ്പോഴേക്കും ജയരാജേട്ടന്‍ വീട്ടിലേക്ക് തിരിഞ്ഞോടിക്കയറുകയായിരുന്നു. ഒരു നിമിഷത്തിനകം എന്റെ കാല്‍ക്കീഴില്‍ ഒരു ബോംബ് വന്നു വീണു. അത് പൊട്ടിയില്ല. എല്ലാം നിമിഷങ്ങള്‍ക്കകമാണ് സംഭവിച്ചത്.


ആക്രമണത്തിനിരയായ ജയരാജന്‍ ആശുപത്രിയില്‍


ആര്‍എസ്എസുകാര്‍ കുറച്ചു മാസംമുമ്പ് വെട്ടിക്കൊന്ന സുരേന്ദ്രന്റെ സ്മാരക സ്തൂപത്തിനടുത്തുകൂടിയാണ് ഒരു സംഘം എത്തിയത്. മറ്റൊരു സംഘം റോഡില്‍നിന്നും. ഒരു സംഘം വീടിന് പിറകില്‍നിന്ന്. മൂന്നു സംഘവും ചേര്‍ന്ന് തുരുതുരാ ബോംബെറിഞ്ഞപ്പോള്‍ ഒന്നും കാണാന്‍ കഴിയാത്തവിധം എങ്ങും പുകപടലം. ജയരാജേട്ടന്‍ ഓടിക്കയറിയതിനുപുറകെ ക്രിമിനലുകള്‍... അവരില്‍ ചിലര്‍ പരിചയമുള്ളവരാണ്. പരിസരത്തുള്ളവര്‍... ഡയമണ്ട് മുക്കിലും മറ്റുമുള്ളവര്‍. അവര്‍ വീടിനുള്ളിലേക്ക് ഓടിക്കയറി. പിന്നെ ഒന്നും വ്യക്തമല്ലായിരുന്നു. ഞാന്‍ എങ്ങനെയോ അകത്ത് ഓടിക്കയറി നോക്കി. അവിടെ പുകപടലത്തിനിടയില്‍ ഒന്നും കാണാനാവുന്നില്ല. കട്ടിലും കിടക്കയും ടെലിവിഷനുമെല്ലാം തകര്‍ന്ന് ചിതറിയ നിലയില്‍. അതിനിടയിലെല്ലാം നോക്കി. ഇല്ല. ജയരാജേട്ടന്‍ പിറകിലെ വാതില്‍ തുറന്ന് ഓടി അടുത്ത വീട്ടില്‍ കയറിയിരിക്കുമെന്ന് കരുതി അങ്ങോട്ടേക്കോടി. ഇല്ല. അവിടെയുമില്ല. വീണ്ടും തിരിച്ചുവന്ന് നോക്കുമ്പോള്‍ അകത്തെ കക്കൂസില്‍ ചോരയില്‍ കുളിച്ച്... കക്കൂസ് ചുമരില്‍നിന്നും ഒഴുകിത്താഴുന്ന ചോര... ജയരാജേട്ടാ, എവിടെയാണ്.. ഇതാ കെട്ടാം എന്നു പറഞ്ഞ് ഒരു ബെഡ്ഷീറ്റ് കൊണ്ട് കെട്ടാന്‍ ശ്രമിച്ചു. എന്തോ പറയാനോങ്ങി... ഒന്നും പറയാനാവാതെ അബോധാവസ്ഥയിലേക്ക് വീഴുകയായിരുന്നു ജയരാജേട്ടന്‍. ഉടന്‍തന്നെ മനഃസാന്നിധ്യം വിടാതെ ഞാന്‍ പാര്‍ടി ഓഫീസിലേക്ക് വിളിച്ചു. പത്തു മിനിറ്റിനകംതന്നെ ആളുകള്‍ ഓടിയെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ജയരാജേട്ടന്‍ മരിച്ചു എന്നു വിചാരിച്ച് അവര്‍ "ഓം കാളി..." വിളിച്ച് തിരിഞ്ഞോടുകയായിരുന്നു. ഇടയ്ക്കുമാത്രം കിട്ടുന്ന ഒരു വിശ്രമദിവസം. അതായിരുന്നു ഞങ്ങള്‍ക്ക് തിരുവോണനാള്‍.

മക്കള്‍ വീട്ടിലില്ല. അവര്‍ കോഴിക്കോട്ട് സതിയേച്ചിയുടെ വീട്ടിലായിരുന്നു. ഞങ്ങള്‍ ഊണ് കഴിഞ്ഞ് ടിവിയിലെ സിനിമ കാണുമ്പോള്‍ കുറെ ആളുകള്‍ ഒപ്പമുണ്ടായിരുന്നു. സിനിമ കഴിഞ്ഞശേഷം ഞാന്‍ പറഞ്ഞു: പൂട്ടിക്കിടക്കുന്ന തറവാട്ടുവീട്ടിലേക്ക് ഒന്നുപോയിവരാം. ജയരാജേട്ടനും വരാമെന്നുപറഞ്ഞു. ഞങ്ങള്‍ പുറത്തിറങ്ങി. അപ്പോഴാണോര്‍മ വന്നത്, വാതില്‍ പൂട്ടിയിട്ടില്ല. ഞങ്ങള്‍ വീട്ടിലേക്കുതന്നെ തിരിച്ചുകയറി. എന്നാല്‍, മോട്ടോര്‍ ഓണാക്കി കുറച്ച് വെള്ളം പിടിച്ചുവയ്ക്കാം. എന്നിട്ടുപോകാം എന്നായി തീരുമാനം. മോട്ടോര്‍ ഓണാക്കി. അപ്പോഴാണ് ""എന്റെ മോന്‍.."". എന്ന ആര്‍ത്തനാദം അടുത്ത പറമ്പില്‍നിന്ന് കേട്ടത്. നേരത്തെ നടന്ന ബോംബേറില്‍ മകന് പരിക്കേറ്റോ എന്ന് സംശയിച്ച് അടുത്ത വീട്ടിലെ അമ്മയുടെ കരച്ചിലായിരുന്നു. അവരുടെ മകന്‍ അങ്ങോട്ട് പോകുന്നത് ഞങ്ങള്‍ കണ്ടതുമാണ്. ആശങ്കയോടെ അവരുടെ അടുത്തേക്ക് പോകുമ്പോഴാണ് വീട് വളഞ്ഞതും ആക്രമിച്ചതും. ഇന്നിപ്പോള്‍ പതിമൂന്നു വര്‍ഷം പിന്നിട്ടെത്തുന്ന ഓണനാളുകളില്‍ കള്ളക്കേസില്‍ കുടുക്കി ജയരാജേട്ടനെ ജയിലിലടച്ചിരിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ