2012, ഓഗസ്റ്റ് 24, വെള്ളിയാഴ്‌ച

ചരിത്രവായനയിലെ സ്ഥലജലഭ്രമം


പ്രഭാവര്‍മ

മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ജൂലൈ അവസാനത്തെ ലക്കവും അവരുടെ സാധാരണ ലക്കങ്ങള്‍പോലെ കമ്യൂണിസ്റ്റുവിരുദ്ധ രാഷ്ട്രീയ ഉള്ളടക്കം മാത്രംകൊണ്ട് അതിസാധാരണമായിപ്പോകുമായിരുന്നു സുനില്‍ പി ഇളയിടത്തിന്റെ "ഇടതുപക്ഷത്തിന് ഒരു ന്യായവാദം; ഇടതു ധാര്‍മ്മികതയ്ക്കും" എന്ന ലേഖനംകൂടി അതില്‍ ഇല്ലായിരുന്നെങ്കില്‍ എന്നുതോന്നി ആദ്യം പേജുകള്‍ മറിച്ചപ്പോള്‍. ഇടതുപക്ഷത്തിനുവേണ്ടിയുള്ള ന്യായവാദം മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിക്കുകയോ എന്ന അമ്പരപ്പായി ആ ലക്കമൊന്ന് ഓടിച്ചുനോക്കിയപ്പോള്‍. ഈ ഇരു തോന്നലുകളും മാറി ആ ലേഖനം സൂക്ഷ്മമായി വായിച്ച് പൂര്‍ത്തിയാക്കിയപ്പോള്‍. ""ഓരോ പ്രതിസന്ധി സന്ദര്‍ഭവും ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം കണ്ടെത്തിക്കൊണ്ടോ സോവിയറ്റ് പതനംപോലുള്ള വലിയ സമസ്യകള്‍ക്ക് തൃപ്തികരമായ വിശദീകരണം നല്‍കിക്കൊണ്ടോ അല്ല ഇടതുപക്ഷം ആ സന്ദര്‍ഭങ്ങളെ മറികടന്നുപോന്നത്"" എന്ന് സുനില്‍ പി ഇളയിടം പറയുന്നുണ്ട്. ഈ വിലയിരുത്തലിനെ ശരിവയ്ക്കാന്‍ ചരിത്രവസ്തുതകള്‍ അനുവദിക്കുന്നില്ല. എന്തൊക്കെയായിരുന്നു പ്രതിസന്ധികള്‍?

സുനിലിന്റെ അഭിപ്രായത്തില്‍ എടുത്തുപറയേണ്ടവ അഞ്ചെണ്ണമാണ്. ക്വിറ്റ് ഇന്ത്യാ സമരത്തോടുള്ള സമീപനം, കല്‍ക്കത്താ തീസീസ്, ഇന്ത്യ- ചൈന യുദ്ധം, അടിയന്തരാവസ്ഥ, സോവിയറ്റ് തകര്‍ച്ച എന്നിവ. ഇതില്‍ ഏതിനാണ് തൃപ്തികരമായ വിശദീകരണമില്ലാതെ കമ്യൂണിസ്റ്റ് പാര്‍ടി കടന്നുപോയത്? -ക്വിറ്റ് ഇന്ത്യാ

സമരത്തിന്റെ കാര്യമെടുക്കുക. ജര്‍മനിയും ഇറ്റലിയും ജപ്പാനും ഉള്‍പ്പെട്ട അച്ചുതണ്ടുശക്തികള്‍ ഒരു ഭാഗത്തും ബ്രിട്ടനും അമേരിക്കയും ഫ്രാന്‍സും ഉള്‍പ്പെട്ട സഖ്യശക്തികള്‍ മറുഭാഗത്തും നിന്ന് പരസ്പരം ഏറ്റുമുട്ടിയ ഘട്ടമാണ് അത്. അന്ന് ആകെ ഒരു സോഷ്യലിസ്റ്റ് മഹാശക്തിയേ ഉണ്ടായിരുന്നുള്ളൂ- സോവിയറ്റ് യൂണിയന്‍. ലോകത്തെ അധീനതയിലാക്കാന്‍ വ്യഗ്രതപ്പെട്ട ഇരുശക്തികളും സാമ്രാജ്യത്വ വികസന താല്‍പ്പര്യങ്ങള്‍ക്കുള്ള ഏകവിഘാതമായി സോവിയറ്റ് യൂണിയനെ കണ്ടിരുന്ന ഘട്ടം. ഹിറ്റ്ലറുടെ ജര്‍മനി നേതൃത്വം നല്‍കിയ അച്ചുതണ്ടുശക്തികള്‍ സഖ്യശക്തികളെ ആക്രമിക്കുന്നതും അങ്ങനെ രണ്ടാംലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നതും 1939 സെപ്തംബറിലാണ്. സോവിയറ്റ് യൂണിയന്‍ യുദ്ധത്തില്‍ കക്ഷിയായിരുന്നില്ല. എന്നാല്‍, 1941ഓടെ സഖ്യശക്തികള്‍ക്കുമേല്‍ അച്ചുതണ്ടുശക്തികള്‍ ആധിപത്യമുറപ്പിക്കുന്ന നിലയായി. സഖ്യശക്തികള്‍ക്കെതിരെ എന്നതിനൊപ്പം സോവിയറ്റ് യൂണിയനെതിരായിക്കൂടി ഹിറ്റ്ലര്‍ നീക്കമാരംഭിച്ചു. 1941 ജൂണില്‍ സോവിയറ്റ് യൂണിയനെ ഹിറ്റ്ലര്‍ ആക്രമിച്ചു. ഇതോടെ അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും ഉള്‍പ്പെട്ട സഖ്യശക്തികളും സോവിയറ്റ് യൂണിയനും ഹിറ്റ്ലര്‍ക്കെതിരെ ഒരുമിച്ചുനിന്ന് പൊരുതേണ്ട നിലയായി- ശത്രുവിന്റെ ശത്രു മിത്രം എന്നനിലയ്ക്ക്. ഈ സാര്‍വദേശീയ സാഹചര്യത്തില്‍ ബ്രിട്ടനെതിരായ ഏത് പോര്‍മുഖവും ഹിറ്റ്ലറെ സഹായിക്കലാകുമെന്ന് കരുതിയവര്‍ ഇന്ത്യയില്‍ നിരവധിയാണ്. അതില്‍ ഗാന്ധിജിയും പെടുന്നു. അന്ന് ഗാന്ധിജി പറഞ്ഞു- ""ഞാന്‍ ഇപ്പോള്‍ ഇന്ത്യയുടെ മോചനത്തെക്കുറിച്ചല്ല ചിന്തിക്കുന്നത്. ഇംഗ്ലണ്ടും ഫ്രാന്‍സും നാസിസത്തിന് കീഴ്പെട്ടുപോയാല്‍ ഇന്ത്യയടക്കമുള്ള ലോകത്തിന്റെ ഗതി പിന്നീട് എന്താകുമെന്നതാണ് എന്റെ ഉല്‍ക്കണ്ഠ."" (മഹാത്മാഗാന്ധിയുടെ സമാഹൃത കൃതികള്‍ വാള്യം 70, പേജ് 162). ഗാന്ധിജിയുടെ ഉല്‍ക്കണ്ഠയേ അന്ന് കമ്യൂണിസ്റ്റുകാര്‍ക്കും ഉണ്ടായുള്ളൂ. ""ഞങ്ങളുടെ അനുഭാവം ബ്രിട്ടനോടാണ്"" എന്ന് ഗാന്ധിജി ബ്രിട്ടീഷ് വൈസ്രോയി ലിന്‍ലിത് ഗോവിനോട് പറയുകപോലും ചെയ്തു. കമ്യൂണിസ്റ്റുകാര്‍ അത് ചെയ്തില്ല.

41-42ല്‍ അച്ചുതണ്ടുശക്തികള്‍ സഖ്യശക്തികള്‍ക്കുമേലുള്ള മേല്‍ക്കൈ തുടര്‍ന്നുകൊണ്ടേയിരുന്നു. എന്നാല്‍, അതേസമയം അച്ചുതണ്ടുശക്തികളുമായി ബന്ധം സ്ഥാപിച്ച നേതാജി സുഭാഷ്ചന്ദ്രബോസ് അവരുടെ സഹായത്തോടെ ഇന്ത്യയുടെ മോചനം സാധ്യമാക്കാമെന്ന തെറ്റിദ്ധാരണയില്‍ ഐഎന്‍എയുമായി നീങ്ങുകയും ജനങ്ങളെയാകെ ഇളക്കിമറിക്കുകയുംചെയ്തു. ഇതിന്റെ ഫലമായി ജനങ്ങള്‍ കൈപ്പിടിയില്‍നിന്ന് ചോരുന്നുവെന്ന് മനസിലാക്കിയ കോണ്‍ഗ്രസ് ഗാന്ധിജി നേരത്തെ പ്രഖ്യാപിച്ച നിലപാടിനുവിരുദ്ധമായി ക്വിറ്റ് ഇന്ത്യാ സമരം പ്രഖ്യാപിക്കുകയായിരുന്നു. അത് ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരെ എന്നതിനേക്കാള്‍ സ്വന്തം നേതൃത്വത്തെ അണികള്‍ക്ക് സ്വീകാര്യമാക്കാനുള്ള തന്ത്രവുമായിരുന്നു. ബ്രിട്ടന്റെ മനസ്സുമാറട്ടെ എന്ന് പ്രാര്‍ഥിച്ചുകൊണ്ട് നിസ്സംഗമായി നീങ്ങുകയായിരുന്നു സുഭാഷ്ചന്ദ്രബോസിന്റെ ഇടപെടല്‍വരെ കോണ്‍ഗ്രസെന്നതും ഓര്‍മിക്കണം. ക്വിറ്റ് ഇന്ത്യാ സമരത്തോടുള്ള നിലപാടുകൊണ്ട് കമ്യൂണിസ്റ്റ് പാര്‍ടിക്ക് പ്രതിസന്ധിയുണ്ടായി എന്ന സുനില്‍ പി ഇളയിടത്തിന്റെ നിലപാട് സാര്‍വദേശീയ ചരിത്ര പശ്ചാത്തലത്തില്‍ ശരിയല്ല. അത് കോണ്‍ഗ്രസ് നേതാക്കള്‍മുതല്‍ അരുണ്‍ഷൂരിവരെ പല ഘട്ടങ്ങളിലായി നടത്തിയ ദുര്‍വ്യാഖ്യാനങ്ങളാല്‍ സ്വാധീനിക്കപ്പെട്ടതിന്റെമാത്രം ഫലമാണ്. അന്ന് സഖ്യശക്തികളും സോവിയറ്റ് യൂണിയനും ഹിറ്റ്ലര്‍ക്കും നാസിസത്തിനും മുമ്പില്‍ തകര്‍ന്നുപോയിരുന്നുവെന്ന് വയ്ക്കുക. എങ്കില്‍ ഇന്ത്യയുടെ മോചനം സാധ്യമാകുമായിരുന്നോ? ഒരിക്കലും മോചിതമാകാതെ നാസിസത്തിന്റെ ബൂട്ട്സിനുകീഴില്‍ ഞെരിഞ്ഞമരുമായിരുന്നില്ലേ? ചൈനയടക്കമുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ ഉണ്ടാകുമായിരുന്നോ? ഈ വഴിക്ക് ചിന്തിച്ചിരുന്നുവെങ്കില്‍ ചരിത്രത്തിന്റെ തെറ്റായ വായനയുടെ അടിസ്ഥാനത്തിലുള്ള തെറ്റായ നിഗമനം ഉണ്ടാകുമായിരുന്നില്ല.
 
1942ല്‍ പ്രഖ്യാപിച്ച ക്വിറ്റ് ഇന്ത്യാ സമരം തൊട്ടടുത്തവര്‍ഷംതന്നെ ഗാന്ധിജിക്ക് പിന്‍വലിക്കേണ്ടിവന്നതെന്തുകൊണ്ടാണ്? ഇക്കാര്യവും സുനില്‍ ആലോചിക്കേണ്ടതാണ്, പ്രതിസന്ധി കമ്യൂണിസ്റ്റ് പാര്‍ടിക്കാണെന്നു പറയുമ്പോള്‍. ആ ഘട്ടങ്ങളില്‍ ബ്രിട്ടീഷുകാര്‍ കമ്യൂണിസ്റ്റുകാരെ ഇന്ത്യയില്‍ വേട്ടയാടുകയായിരുന്നു എന്നതും ഓര്‍ക്കണം. പെഷ്വാര്‍, കാണ്‍പുര്‍, മദ്രാസ്, മീറത്, ലാഹോര്‍ ഗൂഢാലോചനക്കേസുകളില്‍ കോണ്‍ഗ്രസ് നേതാക്കളെയല്ല, കമ്യൂണിസ്റ്റ് നേതാക്കളെയാണ് ബ്രിട്ടന്‍ പ്രതിയാക്കിയത്. സോവിയറ്റ് യൂണിയന്‍ ഹിറ്റ്ലറെ തകര്‍ത്തുകളഞ്ഞതുകൊണ്ടാണ് ഇന്ത്യക്ക് സ്വതന്ത്രമാകാന്‍ കഴിഞ്ഞതുപോലും. ഇത്തരം ചരിത്രവസ്തുതകള്‍ പശ്ചാത്തലത്തില്‍ വച്ചുനോക്കിയാല്‍ കമ്യൂണിസ്റ്റ് പാര്‍ടിക്ക് "ക്വിറ്റ് ഇന്ത്യാ" ഒരു പ്രതിസന്ധിയുമുണ്ടാക്കിയില്ലെന്ന് തിരിച്ചറിയാനാകും. വിശദീകരണമില്ലാതെ ആ സന്ദര്‍ഭത്തെ മറികടന്നുപോരുകയല്ല കമ്യൂണിസ്റ്റ് പാര്‍ടി ചെയ്തത്. കല്‍ക്കത്താ തീസീസിന്റെ കാര്യത്തിലും കമ്യൂണിസ്റ്റ് പാര്‍ടി നയവ്യക്തതയോടെയാണ് മുമ്പോട്ടുപോന്നിട്ടുള്ളത്. ആ തീസീസിനെ തള്ളിക്കളഞ്ഞ് പാര്‍ടി പിന്നീട് നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ സ്വഭാവവും അതിന് ജനങ്ങളില്‍നിന്ന് ലഭിച്ച അംഗീകാരവും അതിനോടുള്ള നിലപാടിന്റെ സ്വീകാര്യതയ്ക്കുള്ള സ്ഥിരീകരണമായിരുന്നിട്ടുണ്ട്. അക്കാര്യത്തില്‍ നയവ്യക്തതയില്ലായിരുന്നെങ്കില്‍, ഇന്നു കാണുന്നതാകുമായിരുന്നില്ലല്ലോ പാര്‍ടിയുടെ പ്രവര്‍ത്തനശൈലി.
 

സോവിയറ്റ് യൂണിയന്റെ തകര്‍ച്ച, കിഴക്കന്‍ യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ സോഷ്യലിസ്റ്റ് ശക്തികള്‍ക്കുണ്ടായ തിരിച്ചടി എന്നിവയെ ആദ്യമായി നിര്‍വചിച്ച് നിലപാട് വ്യക്തമാക്കിയ ലോക കമ്യൂണിസ്റ്റ് പാര്‍ടികളിലൊന്ന് സിപിഐ എമ്മാണ്. ചില രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാര്‍ടികള്‍ ആ ഘട്ടത്തില്‍ ആശയക്കുഴപ്പത്തില്‍പ്പെടുകയും പേരുപോലും മാറ്റുകയുംചെയ്തു. സിപിഐ എമ്മിന് ഒരു ആശയക്കുഴപ്പവുമുണ്ടായില്ല. സോവിയറ്റ് യൂണിയനിലുണ്ടായ തകര്‍ച്ച മാര്‍ക്സിസം- ലെനിനിസത്തിന്റെ പരാജയമല്ലെന്നും ശാസ്ത്രീയ സോഷ്യലിസത്തിന്റെ ശരിയെ അത് കെടുത്തിക്കളയുന്നില്ലെന്നും പ്രഖ്യാപിച്ച പാര്‍ടിയാണ് സിപിഐ എം. സോവിയറ്റ് യൂണിയനിലുണ്ടായ തകര്‍ച്ച സോഷ്യലിസത്തിന്റെ തകര്‍ച്ചയല്ല, മറിച്ച് നടപ്പാക്കല്‍ പ്രക്രിയയില്‍ വന്ന പാളിച്ചയാണ് വ്യക്തമാക്കുന്നതെന്ന് സിപിഐ എം അസന്ദിഗ്ധമായി പറഞ്ഞു. പിന്നീട് ലോക കമ്യൂണിസ്റ്റ് പാര്‍ടികളുടെ സമ്മേളനം കൊല്‍ക്കത്തയില്‍ ചേര്‍ന്നപ്പോള്‍ പല രാജ്യങ്ങളില്‍നിന്നുള്ള കമ്യൂണിസ്റ്റ് പാര്‍ടികളും ധീരമാംവിധം അത്തരമൊരു നിലപാട് ആദ്യഘട്ടത്തില്‍തന്നെ പ്രഖ്യാപിച്ചതിന് സിപിഐ എമ്മിനെ ശ്ലാഘിച്ചു. പക്ഷേ, സുനില്‍ പി ഇളയിടം പറയുന്നത് സോവിയറ്റ് തകര്‍ച്ചപോലുള്ള വലിയ സമസ്യകള്‍ക്ക് വിശദീകരണം നല്‍കിക്കൊണ്ടല്ല ഇടതുപക്ഷം ആ സമ്മര്‍ദത്തെ മറികടന്നത് എന്നാണ്. വിചിത്രമെന്നേ ഇതിനെ വിശേഷിപ്പിക്കാനാകൂ. സോവിയറ്റ് തകര്‍ച്ചയെത്തുടര്‍ന്നുള്ള ഘട്ടത്തില്‍ പാര്‍ടി അണുവിടപോലും ക്ഷീണിക്കാതിരുന്നത് പാര്‍ടിയുടെ നയവ്യക്തതകൊണ്ടാണെന്നത് സുനില്‍ കാണണം. -


ഇന്ത്യ- ചൈന യുദ്ധമാണ് സുനിലിന്റെ അഭിപ്രായത്തില്‍ "തൃപ്തികരമായ വിശദീകരണമില്ലാതെ" ഇടതുപക്ഷത്തിന് കടന്നുപോരേണ്ടിവന്ന മറ്റൊരു ഘട്ടം. ഇന്ത്യ- ചൈന പ്രശ്നത്തില്‍ സിപിഐ എം പറഞ്ഞത് ശരിയായി എന്നു ചരിത്രം തെളിയിച്ചുകഴിഞ്ഞ ഘട്ടത്തിലാണ് സുനില്‍ ഇത്തരമൊരു നിലപാടുമായി രംഗത്തുവരുന്നത്. ഇന്ത്യക്കും ചൈനയ്ക്കുമിടയിലുള്ള സഹകരണാത്മകമായ ബന്ധത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. എഡി 65ല്‍ കശ്യപമാതംഗ, ധര്‍മരത്ന എന്നീ ഇന്ത്യന്‍ ബുദ്ധസന്യാസികളിലൂടെയാണ് ബുദ്ധമതം ചൈനയിലെത്തിയത്. അഞ്ചുമുതല്‍ 12 വരെ നൂറ്റാണ്ടുകള്‍ ചൈനയില്‍ ബുദ്ധമതത്തിന്റെ പ്രതാപകാലമായിരുന്നു. എഡി അഞ്ചാംനൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിലാണ് ഫാഹിയാനും ഹ്യുയാന്‍സാങ്ങും ഇന്ത്യ സന്ദര്‍ശിച്ചത്. അതിനുംമുമ്പുതന്നെ തെക്കുപടിഞ്ഞാറന്‍ ചൈനയില്‍നിന്ന് വടക്കേ ഇന്ത്യയിലേക്ക് സില്‍ക്കിന്റെയും സിന്ദൂരത്തിന്റെയും വ്യാപാരികള്‍ തുടരെ വന്നിരുന്നതായി ചരിത്രം സ്ഥിരീകരിക്കുന്നുണ്ട്. 15-ാംനൂറ്റാണ്ടില്‍ മിങ് വംശത്തില്‍പ്പെട്ട ജനറല്‍ ഷെങ്ഹി കൊച്ചിയിലും കോഴിക്കോട്ടും എത്തിയിരുന്നു. ഇതെല്ലാം കാണിക്കുന്നത്, ഇന്ത്യക്കും ചൈനയ്ക്കുമിടയില്‍ പലകാലങ്ങളായി സൗഹൃദത്തിന്റെ സുദൃഢബന്ധം നിലനിന്നിരുന്നുവെന്നാണ്. എന്നാല്‍, അറുപതുകളിലുണ്ടായ ചില അലോസരങ്ങളുടെ പേരില്‍ ഈ ചരിത്രത്തെയാകെ തമസ്കരിച്ചുകൊണ്ട് ഇരുരാജ്യങ്ങളെയും ശത്രുപക്ഷങ്ങളിലാക്കി ഉറപ്പിച്ചുനിര്‍ത്താന്‍ സാമ്രാജ്യത്വം ശ്രമിച്ചു. സാമ്രാജ്യത്വത്തിന്റെ ഏജന്റുമാരായി പ്രവര്‍ത്തിച്ച രാഷ്ട്രീയശക്തികളും മാധ്യമങ്ങളുമാകട്ടെ, ഇന്ത്യക്കും ചൈനയ്ക്കുമിടയില്‍ ശത്രുത ആളിപ്പടര്‍ത്താന്‍ കഥകളും കള്ളപ്രചാരണങ്ങളും നിരത്തി. ഇന്ത്യയും ചൈനയും ഒരുമിച്ചുനിന്നാല്‍ ഈ മേഖലയില്‍ കടന്നുകയറാനുള്ള അവസരം സാമ്രാജ്യത്വത്തിന് ലഭിക്കില്ല. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ ചൈനാവിരുദ്ധവികാരം പടര്‍ത്താന്‍ അമേരിക്ക നിരന്തരം ശ്രമിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷംപോലും അരുണാചല്‍പ്രദേശിനെ മുന്‍നിര്‍ത്തി നിരവധി കല്‍പ്പിതകഥകള്‍ മലയാളത്തിലെ ഒരു പ്രമുഖ ദിനപത്രം തുടരെ പ്രസിദ്ധീകരിച്ചുപോന്നു.

ചൈനാവിരുദ്ധ വികാരത്തിന്റെ അപസ്മാരം ആളിപ്പടര്‍ത്തി ഇന്ത്യ- ചൈന സൗഹൃദത്തെ തകര്‍ക്കാന്‍ സംഘടിതശ്രമങ്ങളാണ് ഇവിടെയും പുറത്തും നടന്നത് എന്നര്‍ഥം. ഇന്ത്യയിലും ചൈനയിലും ഒരേപോലെയാണ് ദേശീയപ്രസ്ഥാനങ്ങള്‍ വളര്‍ന്നുവന്നത്. ഇത് ഇരുജനതയ്ക്കുമിടയില്‍ വിമോചനബോധത്തിന്റേതായ ഒരു സവിശേഷാന്തരീക്ഷം ഉണര്‍ത്തിയെടുത്തു. അത് ആത്മബന്ധമായി ഇരുജനതകള്‍ക്കുമിടയില്‍ വികസിച്ചുവന്നു. ജനകീയ ജനാധിപത്യ ചൈനീസ് റിപ്പബ്ലിക് രൂപംകൊണ്ടപ്പോള്‍ അതിനെ സോഷ്യലിസ്റ്റ് ലോകസമൂഹത്തിനുപുറത്ത് ആദ്യമായി അംഗീകരിച്ച രാജ്യങ്ങളിലൊന്ന് ഇന്ത്യയായിരുന്നു. മൂന്നുനാലുവര്‍ഷങ്ങള്‍ക്കുള്ളില്‍ത്തന്നെ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നയതന്ത്രബന്ധം നിലവില്‍വന്നു. രവീന്ദ്രനാഥടാഗോറിന്റെ ചൈനാസന്ദര്‍ശനം, ജാപ്പന്‍ വിരുദ്ധ യുദ്ധത്തില്‍ മുറിവേറ്റവരെ സഹായിക്കാന്‍ ഇന്ത്യയില്‍നിന്നുപോയ ദ്വാരകാനാഥ് കോട്നിസിന്റെ സേവനം തുടങ്ങിയവയൊക്കെ ചൈനീസ് ജനത ഇന്ത്യന്‍ ജനതയോടുള്ള സ്നേഹവായ്പായി മനസ്സില്‍ സൂക്ഷിക്കുകയുംചെയ്തു. ഇന്ത്യ-ചീനാ ഭായി ഭായി എന്ന മുദ്രാവാക്യംവരെ എത്തി അത്. ഇങ്ങനെ സുദൃഢമായ ബന്ധത്തിന്റെ ചരിത്രപശ്ചാത്തലത്തിലാണ്, അറുപതുകളുടെ തുടക്കത്തില്‍ "യുദ്ധമല്ല; ചര്‍ച്ചയാണ് വേണ്ടത്" എന്ന് ഇ എം എസ് പറഞ്ഞത്. അന്ന് ഇ എം എസിന്റെ നിലപാടിനെ എതിര്‍ത്തവര്‍പോലും ഇന്ന് ആ നിലപാടിനെ അംഗീകരിക്കുന്നു. യുദ്ധംചെയ്തല്ല, ചര്‍ച്ചചെയ്താണ് അതിര്‍ത്തിപ്രശ്നത്തിന് പരിഹാരം കാണേണ്ടതെന്നു പറഞ്ഞ "കുറ്റ"ത്തിന് ചൈനീസ് ചാരന്മാരെന്ന് ഇ എം എസ് അടക്കമുള്ള കമ്യൂണിസ്റ്റുകാര്‍ ആക്ഷേപിക്കപ്പെട്ടു. അന്ന് ആ നിലപാടിനെ ആക്ഷേപിച്ചവര്‍തന്നെ ഇന്ന് അംഗീകരിക്കുന്നു. അതുകൊണ്ടാണല്ലോ, മൂന്നുവട്ടചര്‍ച്ച നിശ്ചയിച്ചതും ഒന്നാംഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി സഹകരണത്തിന്റേതായ പ്രത്യേക സംവിധാനം രൂപപ്പെടുത്തുന്നതിനുള്ള കരാറില്‍ ഒപ്പിട്ടതും.

യുദ്ധത്തിലൂടെ ഒരു പ്രശ്നവും പരിഹരിക്കാനാകില്ലെന്ന തിരിച്ചറിവ് എണ്‍പതുകളുടെ പ്രാരംഭത്തില്‍ത്തന്നെ ഉണ്ടായിത്തുടങ്ങിയിരുന്നു. 1988ല്‍ രാജീവ്ഗാന്ധി, "92ല്‍ നരസിംഹറാവു, "93ല്‍ രാഷ്ട്രപതി ആര്‍ വെങ്കട്ടരാമന്‍, 2000ല്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്‍, 2003ല്‍ വാജ്പേയി എന്നിവര്‍ ചൈന സന്ദര്‍ശിച്ചത് ആ തിരിച്ചറിവിന്റെ പശ്ചാത്തലത്തിലാണ്. ഇന്ത്യ കാട്ടിയ മനോഭാവത്തോട് ചൈന അതേ ഊഷ്മളതയോടെതന്നെ പ്രതികരിച്ചു.

1981ല്‍ വിദേശമന്ത്രി ഹുയാന്‍ ഹുവ, "91ല്‍ വെന്‍ ജിയാബാവോ എന്നിവര്‍ ഇന്ത്യ സന്ദര്‍ശിച്ചു. ഇന്ത്യക്കും ചൈനയ്ക്കുമിടയില്‍ സൗഹൃദാന്തരീക്ഷം ക്രമേണ രൂപപ്പെട്ടുവരികയായിരുന്നു. ഇരുരാജ്യങ്ങളും യുദ്ധംചെയ്ത് നശിക്കുന്നത് കാണാന്‍ കാത്തിരുന്നവരെ ഇത് നിരാശപ്പെടുത്തും. യുദ്ധംചെയ്ത് നശിക്കുകയല്ല, മറിച്ച് ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവും ഇരുന്ന് ചര്‍ച്ചചെയ്യുകയാണ് വേണ്ടതെന്ന് അന്ന് ഇ എം എസ് പറഞ്ഞത് അംഗീകരിക്കപ്പെടുന്നതാണ് പില്‍ക്കാലത്ത് കണ്ടത്. കഴിഞ്ഞദിവസം ചൈനീസ് പ്രധാനമന്ത്രി പറഞ്ഞത്, ഇന്ത്യ ശത്രുരാജ്യമല്ല, സഹോദര രാജ്യമാണ് എന്നാണ്. ഇന്ത്യക്കും ചൈനയ്ക്കുമിടയില്‍ യുദ്ധമുണ്ടായാല്‍ അത് സാമ്രാജ്യത്വത്തിന്റെ താല്‍പ്പര്യങ്ങളെമാത്രമേ സന്തോഷിപ്പിക്കൂ എന്ന സിപിഐ എമ്മിന്റെ നിലപാടാണ് ഇത്തരമൊരു അവസ്ഥയിലേക്ക് നയിച്ചത്. ഇതില്‍ എന്താണ് വിശദീകരിക്കപ്പെടേണ്ടതായുള്ളത്? (അവസാനിക്കുന്നില്ല)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ