പ്രകാശ് കാരാട്ട്
കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്)യുടെ 20-ാം പാര്‍ടി
കോണ്‍ഗ്രസ് 2012 ഏപ്രില്‍ 4 മുതല്‍ 9 വരെ കോഴിക്കോട്ട് നടന്നു. രാഷ്ട്രീയ
സാഹചര്യത്തില്‍ വളരെ പ്രധാനപ്പെട്ട മാറ്റങ്ങള്‍ സംഭവിച്ച
നാലുവര്‍ഷങ്ങള്‍ക്കുശേഷമാണ് പാര്‍ടി കോണ്‍ഗ്രസ് നടന്നത്. യുപിഎ
സര്‍ക്കാരിന്റെ നയപരിപാടികള്‍ക്കെതിരെ ശക്തമായ എതിര്‍പ്പ്
വളര്‍ന്നുവന്നുകൊണ്ടിരിക്കുകയായിരുന്നെങ്കിലും 19-ാം പാര്‍ടി കോണ്‍ഗ്രസ്
നടന്ന കാലഘട്ടത്തില്‍ ഇടതുപക്ഷ പാര്‍ടികള്‍ യുപിഎ സര്‍ക്കാരിനുള്ള പിന്തുണ
തുടരുകയായിരുന്നു. പാര്‍ടി കോണ്‍ഗ്രസ് കഴിഞ്ഞ് മൂന്നുമാസത്തിനകം പാര്‍ടി
യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. അതിനുശേഷം
ബിജെപിക്കെതിരെയുള്ള പോരാട്ടം തുടരുന്നതോടൊപ്പം കോണ്‍ഗ്രസിനെ എതിര്‍ക്കാനും
യുപിഎ സര്‍ക്കാരിനെ പരാജയപ്പെടുത്താനുമുള്ള അടവുനയത്തിന് കേന്ദ്രകമ്മിറ്റി
രൂപംനല്‍കി.
2009 മേയില്‍ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം രണ്ടാം യുപിഎ സര്‍ക്കാര്‍ രൂപംകൊണ്ടു. രണ്ടാം യുപിഎ സര്‍ക്കാര്‍ നവഉദാരവല്‍ക്കരണ അജന്‍ഡയുമായി മുന്നോട്ടുപോകുന്നതാണ് മൂന്നു വര്‍ഷങ്ങളില്‍ കണ്ടത്. ഭക്ഷ്യവസ്തുക്കളുടെ അഭൂതപൂര്‍വമായ വിലക്കയറ്റം, ഞെട്ടിപ്പിക്കുന്ന വന്‍ അഴിമതികള്‍, അമേരിക്കന്‍ അനുകൂല വിദേശനയം, തൊഴിലാളിവര്‍ഗത്തെയും കര്‍ഷകരെയും അധ്വാനിക്കുന്ന മറ്റ് ജനവിഭാഗങ്ങളെയും കൂടുതല്‍ വര്‍ധിച്ച തോതില്‍ ചൂഷണംചെയ്യല്‍ എന്നിവയ്ക്കാണ് ഈ മൂന്ന് വര്‍ഷങ്ങള്‍ സാക്ഷ്യംവഹിച്ചത്. ഇക്കാലയളവില്‍, ലോക്സഭ തെരഞ്ഞെടുപ്പിലും ബംഗാള്‍നിയമസഭ തെരഞ്ഞെടുപ്പിലും സിപിഐ എമ്മിനും ഇതര ഇടതുപക്ഷ പാര്‍ടികള്‍ക്കും കനത്ത തിരിച്ചടിയേറ്റു; കേരളനിയമസഭ തെരഞ്ഞെടുപ്പിലും അത്ര വലിയ തോതിലല്ലെങ്കിലും പരാജയം നേരിട്ടു. പാര്‍ടിയെ ഒറ്റപ്പെടുത്തുകയും ദുര്‍ബലപ്പെടുത്തുകയുംചെയ്യുകയെന്ന ലക്ഷ്യത്തോടെ ബംഗാളില്‍ സിപിഐ എമ്മിനെതിരെ അതിശക്തമായ കടന്നാക്രമണം നടക്കുകയാണ്.
യുപിഎ സര്‍ക്കാരിനെതിരെ ജനങ്ങളില്‍ വ്യാപകമായ അതൃപ്തി വളര്‍ന്നുവരുന്നുണ്ട്. രാജ്യത്തെ തൊഴിലാളിവര്‍ഗത്തിന്റെ യോജിച്ച പോരാട്ടം എന്ന നിലയില്‍, എല്ലാ കേന്ദ്രട്രേഡ് യൂണിയനുകളുടെയും സംയുക്ത ആഹ്വാനപ്രകാരം 2012 ഫെബ്രുവരി 28ന് നടന്ന പൊതുപണിമുടക്ക് നവ ഉദാരനയങ്ങള്‍ക്കെതിരായ പ്രധാന ചുവടുവയ്പായി. ഈ സാഹചര്യത്തിലാണ് പാര്‍ടി കോണ്‍ഗ്രസ് രാഷ്ട്രീയവും അടവുപരവുമായ നിലപാടിന് രൂപംനല്‍കിയത്. സമകാല രാഷ്ട്രീയ സാഹചര്യവും ശാക്തികബന്ധങ്ങളും ഭരണവര്‍ഗങ്ങളുടെയും സര്‍ക്കാരിന്റെയും സ്ഥിതിയും വിവിധ രാഷ്ട്രീയപാര്‍ടികളുടെ പങ്കും തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിന്റെയും ഇതര ബഹുജനപ്രസ്ഥാനങ്ങളുടെയും അവസ്ഥയും വിലയിരുത്തിയാണ് രാഷ്ട്രീയവും അടവുപരവുമായ നിലപാട് രൂപീകരിച്ചത്. ബൂര്‍ഷ്വ-ഭൂപ്രഭു വാഴ്ചയ്ക്കു പകരം ജനകീയ ജനാധിപത്യം സ്ഥാപിക്കാന്‍ ശേഷിയുള്ള ജനകീയ ജനാധിപത്യ മുന്നണി കെട്ടിപ്പടുക്കുകയെന്ന തന്ത്രപരമായ ലക്ഷ്യം മനസ്സില്‍ കണ്ടുവേണം അടവുപരമായ നിലപാട് ആവിഷ്കരിക്കേണ്ടത്.
രാഷ്ട്രീയ നിലപാട്
പിന്തുടരേണ്ട രാഷ്ട്രീയനിലപാട് പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയപ്രമേയത്തില്‍ വിശദീകരിച്ചിട്ടുണ്ട്. കോണ്‍ഗ്രസിനെയും ബിജെപിയെയും നേരിടുകയെന്ന ആഹ്വാനത്തില്‍ പാര്‍ടി ഉറച്ചുനില്‍ക്കുന്നു. അവരുടെ വര്‍ഗസ്വഭാവം നോക്കിയാല്‍ ഇരുപാര്‍ടികളും വന്‍കിട ബൂര്‍ഷ്വാകളെയും ഭൂപ്രഭുക്കളെയുമാണ് പ്രതിനിധാനംചെയ്യുന്നത്. നവഉദാരനയങ്ങളുടെ മുഖ്യവക്താക്കളാണ് ഇരുപാര്‍ടികളും. ഇരുകൂട്ടരുടെയും സാമ്പത്തികനയത്തില്‍ ഒരു വ്യത്യാസവുമില്ല. അമേരിക്കന്‍ സാമ്രാജ്യത്വത്തോടുള്ള സമീപനത്തിന്റെ കാര്യത്തിലും കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ നിലപാടാണ്. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ ആറ് വര്‍ഷത്തെ ഭരണത്തിലും യുപിഎ സര്‍ക്കാരിന്റെ എട്ട് വര്‍ഷക്കാലത്തും അമേരിക്കയുമായുള്ള തന്ത്രപരമായ ബന്ധത്തിന് രൂപംനല്‍കുകയായിരുന്നു. അഴിമതി, ജനവിരുദ്ധ-തൊഴിലാളിവിരുദ്ധ നയങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ യുപിഎ സര്‍ക്കാര്‍ സൃഷ്ടിച്ച റെക്കോഡ് കാണുമ്പോള്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുകയും യുപിഎ സര്‍ക്കാരിനെ അധികാരത്തില്‍നിന്ന് പുറത്താക്കുകയുംചെയ്യേണ്ടത് അത്യാവശ്യമാണ്. എന്നാല്‍, കൂടുതല്‍ വലതുപക്ഷത്തുള്ള ബദലിനെയാണ് ബിജെപി പ്രതിനിധാനംചെയ്യുന്നത്. മാത്രമല്ല, അത് ഹിന്ദുത്വ പ്രത്യയശാസ്ത്രത്തില്‍ അധിഷ്ഠിതവുമാണ്. അതുകൊണ്ട് അവര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്നത് തടയുകയെന്ന ലക്ഷ്യത്തോടെ അവരെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തണം.
വന്‍കിട ബൂര്‍ഷ്വാസിയുടെയും ഭൂപ്രഭുവര്‍ഗങ്ങളുടെയും താല്‍പ്പര്യങ്ങള്‍ പ്രതിനിധാനംചെയ്യുന്ന കോണ്‍ഗ്രസും ബിജെപിയും മുന്നോട്ടുവയ്ക്കുന്ന നയങ്ങളെ എങ്ങനെ നേരിടാമെന്നതാണ് പ്രധാന ചോദ്യം. നവഉദാര നയങ്ങള്‍ക്ക് ഇരകളാകുന്ന വര്‍ഗങ്ങളെയും സാമൂഹികവിഭാഗങ്ങളെയും അണിനിരത്തിയും ബദല്‍നയങ്ങള്‍ക്കുവേണ്ടി പൊരുതാന്‍ പ്രതിബദ്ധത കാട്ടുന്ന രാഷ്ട്രീയശക്തികളെ യോജിപ്പിച്ചും മാത്രമേ ഇത് നിര്‍വഹിക്കാന്‍ സാധിക്കൂ. സിപിഐ എമ്മും ഇതര ഇടതുപക്ഷ കക്ഷികളും നവഉദാരനയങ്ങളുടെയും ബൂര്‍ഷ്വ-ഭൂപ്രഭു വാഴ്ചയുടെയും സുസ്ഥിര എതിരാളികളാണ്. എന്നാല്‍, ഇപ്പോള്‍ ഇടതുപക്ഷത്തിന്റെ ശക്തിയും സ്വാധീനവും പരിമിതമാണ്. ബദല്‍സഖ്യം കെട്ടിപ്പടുക്കാനായി വര്‍ഗങ്ങളെയും രാഷ്ട്രീയശക്തികളെയും എങ്ങനെ അണിനിരത്താമെന്നതാണ് ചോദ്യം.
മൂന്നാം ബദലിനെക്കുറിച്ച്
മൂന്നാം ബദല്‍ കെട്ടിപ്പടുക്കാന്‍ നടത്തിയ ശ്രമങ്ങളും കോണ്‍ഗ്രസിനും ബിജെപിക്കും എതിരായി കോണ്‍ഗ്രസിതര, ബിജെപിയിതര കക്ഷികളെ അണിനിരത്തിയതിന്റെ അനുഭവങ്ങളും ഇരുപതാം കോണ്‍ഗ്രസ് വിലയിരുത്തി. ഐക്യമുന്നണി സര്‍ക്കാരിന്റെ പതനത്തിനുശേഷം, പതിനാറാം കോണ്‍ഗ്രസ് മുതല്‍ മൂന്നാം ബദല്‍ രൂപീകരണത്തിനായി പാര്‍ടി ആഹ്വാനംചെയ്തുവന്നു. ഇത്തരമൊരു ബദല്‍, പരിപാടികളുടെ അടിസ്ഥാനത്തില്‍ ആയിരിക്കണം, തെരഞ്ഞെടുപ്പ് സഖ്യം മാത്രമാകരുത് എന്ന് തുടര്‍ന്നുള്ള പാര്‍ടി കോണ്‍ഗ്രസുകളില്‍ വ്യക്തമാക്കുകയുംചെയ്തിട്ടുണ്ട്. പ്രാദേശിക പാര്‍ടികളുടെ പങ്കും സ്വഭാവവും പരിഗണിക്കുമ്പോള്‍, യോജിച്ച പോരാട്ടങ്ങളും പ്രസ്ഥാനങ്ങളും വഴി മാത്രമേ ഇത്തരം കക്ഷികളുടെ നിലപാടുകളെ സ്വാധീനിക്കാനും പൊതുപരിപാടിയിലേക്ക് കൊണ്ടുവരാനും കഴിയൂ എന്നും വിശദീകരിച്ചിട്ടുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് രൂപം നല്‍കുന്നതുവരെയുള്ള കാലയളവിലെ താല്‍ക്കാലിക മുന്നണി എന്ന നിലയിലാണ് മൂന്നാം മുന്നണി എന്ന മുദ്രാവാക്യത്തെ പാര്‍ടി കണ്ടത്.
ഒരു ദശകത്തിലേറെ കാലത്തിനുശേഷം, മൂന്നാം ബദല്‍ രൂപീകരണത്തിന്റെ അനുഭവങ്ങള്‍ പാര്‍ടി കോണ്‍ഗ്രസ് വിലയിരുത്തി. കോണ്‍ഗ്രസിതര മതനിരപേക്ഷ കക്ഷികളില്‍ ഭൂരിപക്ഷവും പ്രാദേശിക പാര്‍ടികളാണ്. അവരുടെ പങ്കും സ്വഭാവവും മാറിയിരിക്കുന്നു. പ്രാഥമികമായി, പ്രാദേശിക ബൂര്‍ഷ്വകളെയും സമ്പന്നഗ്രാമീണരെയും പ്രതിനിധാനംചെയ്യുന്ന ഇത്തരം പാര്‍ടികള്‍ നവഉദാര നയങ്ങളെ നിരന്തരം എതിര്‍ക്കാന്‍ തയ്യാറല്ല. ഇവര്‍ക്ക് സംസ്ഥാനങ്ങളില്‍ അധികാരം ലഭിക്കുമ്പോള്‍ കേന്ദ്രത്തിന്റെ അതേ നവഉദാര നയങ്ങള്‍തന്നെ നടപ്പാക്കുന്നു. കേന്ദ്രത്തില്‍ മുന്നണി സര്‍ക്കാര്‍ സംവിധാനം നിലവില്‍വന്നതോടെ പ്രാദേശിക കക്ഷികള്‍ക്ക് കേന്ദ്രഭരണത്തില്‍ പങ്കാളികളാകാനുള്ള സാധ്യതയുമേറി. ഇത് ഓരോ കാലത്തും അവര്‍ അവസരവാദപരമായ രാഷ്ട്രീയനിലപാട് സ്വീകരിക്കുന്നതിന് കാരണമായി. മിക്ക പ്രാദേശിക കക്ഷികളും കോണ്‍ഗ്രസുമായോ ബിജെപിയുമായോ കൈ കോര്‍ത്ത് കേന്ദ്രഭരണത്തില്‍ പങ്കാളികളായി. യോജിച്ച പോരാട്ടങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും മിക്കപ്പോഴും ഇത്തരം കക്ഷികള്‍ തയ്യാറാകുന്നുമില്ല. മാത്രമല്ല, ഇടതുപക്ഷത്തിന്റെ കരുത്ത് വര്‍ധിക്കാത്ത സാഹചര്യത്തില്‍ ഇത്തരം കക്ഷികളെ സ്വാധീനിക്കാനും അവരെ സുസ്ഥിരമായ സഖ്യത്തിലേക്ക് കൊണ്ടുവരാനും കഴിയുന്നില്ല. ഇതെല്ലാം നോക്കുമ്പോള്‍, ഈ പാര്‍ടികളുമായി ചേര്‍ന്ന് പരിപാടിയുടെ അടിസ്ഥാനത്തില്‍ മൂന്നാം ബദലിന് രൂപംനല്‍കുന്നത് പ്രായോഗികമല്ല.
കേന്ദ്ര- സംസ്ഥാനബന്ധങ്ങള്‍പോലുള്ള വിഷയങ്ങളില്‍ പ്രാദേശിക പാര്‍ടികളും വന്‍കിട ബൂര്‍ഷ്വാസികളുടെ അഖിലേന്ത്യാ പാര്‍ടികളും തമ്മില്‍ ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ട്. ഈ ഭിന്നതകളും വൈരുധ്യങ്ങളും നാം പ്രയോജനപ്പെടുത്തണം. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിലക്കയറ്റംപോലുള്ള പ്രശ്നങ്ങള്‍, മതനിരപേക്ഷതയും ഫെഡറലിസവും സംരക്ഷിക്കല്‍ എന്നീ വിഷയങ്ങളില്‍ പാര്‍ലമെന്റിന് അകത്തും പുറത്തും ഇത്തരം പാര്‍ടികളുമായി ചേര്‍ന്ന് യോജിച്ച പോരാട്ടങ്ങളാണ് പാര്‍ടിയുടെ രാഷ്ട്രീയനിലപാട് വിഭാവന ചെയ്യുന്നത്. സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും ഒറ്റപ്പെടുത്താനും ദുര്‍ബലമാക്കാനും ആസൂത്രിത ശ്രമം നടക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിതര മതനിരപേക്ഷ കക്ഷികളുമായി ബന്ധം കാത്തുസൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. തെരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍, ആവശ്യമെങ്കില്‍ ഇവയില്‍ ചില കക്ഷികളുമായി തെരഞ്ഞെടുപ്പ് ധാരണകളാകാം. ചില കോണ്‍ഗ്രസിതര, ബിജെപിയിതര കക്ഷികളെ അണിനിരത്തുന്നതിന് തെരഞ്ഞെടുപ്പ് അടവുകള്‍ വേണ്ടിവരും. എന്നാല്‍, ഇതിനെ മൂന്നാംബദല്‍ എന്ന നിലയില്‍ അവതരിപ്പിക്കുകയോ ഉയര്‍ത്തിക്കാട്ടുകയോ ചെയ്യരുത്.
(അവസാനിക്കുന്നില്ല)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ