2012, ഓഗസ്റ്റ് 30, വ്യാഴാഴ്‌ച

സാമൂഹിക പ്രശ്നങ്ങളിലെ ഇടപെടല്‍


പ്രകാശ് കാരാട്ട്
പതിനെട്ടാം കോണ്‍ഗ്രസ് മുതല്‍, സാമൂഹികപ്രശ്നങ്ങളില്‍ പാര്‍ടി നേരിട്ട് ഇടപെടണമെന്ന് നാം ശക്തമായി പറയുന്നു. നമ്മുടെ സമൂഹത്തില്‍ വര്‍ഗചൂഷണംമാത്രമല്ല നടക്കുന്നത്, വിവിധ രൂപത്തിലുള്ള സാമൂഹിക അടിച്ചമര്‍ത്തലുകളും അനുഭവിക്കുന്ന പല വിഭാഗങ്ങളും സമുദായങ്ങളുമുണ്ട്. മുതലാളിത്ത, അര്‍ധ-നാടുവാഴിത്ത ചൂഷണംവഴി മിച്ചമൂല്യം ഊറ്റിയെടുക്കുമ്പോള്‍തന്നെ ഇവരുടെ ആധിപത്യം നിലനിര്‍ത്താനായി വിവിധതരം സാമൂഹിക അടിച്ചമര്‍ത്തലുകളും ഉപയോഗിക്കുന്നു. അതുകൊണ്ടാണ് വര്‍ഗസമരത്തോടൊപ്പം സാമൂഹിക അടിച്ചമര്‍ത്തലിനെതിരായ പോരാട്ടവും ഏറ്റെടുക്കേണ്ടത് അത്യാവശ്യമായി വരുന്നത്. കര്‍ഷകത്തൊഴിലാളികള്‍ എന്ന നിലയിലും അടിമതുല്യമായ മറ്റു തൊഴിലുകള്‍ ചെയ്യുന്നവര്‍ എന്ന നിലയിലും മൃഗീയചൂഷണത്തിന് വിധേയരാകുന്ന ദളിതര്‍ നേരിടുന്ന ജാതീയമായ അടിച്ചമര്‍ത്തല്‍ ഇത്തരം പ്രശ്നങ്ങളുമായി കെട്ടുപിണഞ്ഞുകിടക്കുകയാണ്, ആദിവാസികളുടെ ആവാസവ്യവസ്ഥയും സംസ്കാരവും നശിപ്പിച്ചശേഷം അവരെ അത്യാര്‍ത്തിയോടെ ചൂഷണംചെയ്യുന്നു; നവഉദാരവാഴ്ച സ്ത്രീത്തൊഴിലാളികളെ കൂടുതല്‍ തീവ്രമായി ചൂഷണംചെയ്യുമ്പോള്‍ തന്നെ നാടുവാഴിത്ത-പുരുഷാധിപത്യ മൂല്യബോധം സ്ത്രീകള്‍ക്കെതിരായ വിവേചനത്തെയും അടിച്ചമര്‍ത്തലുകളെയും ശാശ്വതമായി നിലനിര്‍ത്തുന്നു.

തമിഴ്നാട്ടില്‍ നിലനില്‍ക്കുന്ന തൊട്ടുകൂടായ്മയ്ക്കും ദളിതര്‍ക്കുനേരെയുള്ള വിവിധ രീതിയിലുള്ള അടിച്ചമര്‍ത്തലുകള്‍ക്കും എതിരായി കഴിഞ്ഞ വര്‍ഷങ്ങളില്‍ പാര്‍ടി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചു; ആന്ധ്രപ്രദേശിലെ ജാതിവിവേചനത്തിനെതിരെ പാര്‍ടി പൊരുതി; ഹരിയാനയില്‍ സ്ത്രീകള്‍ക്കെതിരായി നിലകൊള്ളുന്ന ജാതിപഞ്ചായത്തുകളെ പാര്‍ടി എതിര്‍ക്കുന്നു, കര്‍ണാടകത്തിലും ഒഡിഷയിലും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായി പാര്‍ടി നിലകൊള്ളുകയാണ്. ഇത്തരം പ്രശ്നങ്ങള്‍ ഏറ്റെടുത്ത് രാജ്യമാകെ, പ്രത്യേകിച്ച് ഹിന്ദിമേഖലയില്‍ മുന്നോട്ടുപോകാന്‍ ഇരുപതാം കോണ്‍ഗ്രസ് ആഹ്വാനംചെയ്തു. ഇത്തരം പ്രക്ഷോഭം ഇടതുപക്ഷ- ജനാധിപത്യ പ്രസ്ഥാനത്തിന്റെ ഭാഗമായി മാറണം. ഭിന്നിപ്പിന് കാരണമാകുന്ന സ്വത്വരാഷ്ട്രീയത്തിന്റെ വളര്‍ച്ച പാര്‍ടിക്കും ഇടതുപക്ഷ പ്രസ്ഥാനത്തിനും ഗുരുതരമായ ഭീഷണിയാണ് ഉയര്‍ത്തുന്നത്.

ജാതി, മതം, ഗോത്രം, വംശപരമായ സ്വത്വം എന്നിവയില്‍ അധിഷ്ഠിതമായ രാഷ്ട്രീയം ജനങ്ങളെ പലതട്ടിലാക്കുന്നു. ഭരണവര്‍ഗങ്ങള്‍ക്കും ചൂഷണാധിഷ്ഠിതമായ ക്രമത്തിനും എതിരായ പോരാട്ടത്തില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാന്‍ ശേഷിയുള്ള ആയുധമായി സ്വത്വരാഷ്ട്രീയം മാറിയിരിക്കുന്നു. അതുകൊണ്ട്, ഇത്തരം വിഭാഗങ്ങളും സമുദായങ്ങളും നേരിടുന്ന സാമൂഹിക അടിച്ചമര്‍ത്തലുകളുടെയും വിവേചനത്തിന്റെയും വിഷയങ്ങള്‍ പാര്‍ടി ഏറ്റെടുക്കുകയും അവരെ പൊതുപ്രസ്ഥാനത്തിന്റെ ധാരയിലേക്ക് കൊണ്ടുവരികയും ചെയ്യേണ്ടത് അനിവാര്യമായ സംഗതിയാണ്. പശ്ചിമബംഗാളില്‍ പാര്‍ടിയെ സംരക്ഷിക്കല്‍ 2009 മേയില്‍ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം പശ്ചിമബംഗാളില്‍ സിപിഐ എമ്മിനും ഇടതുപക്ഷപ്രസ്ഥാനത്തിനും നേരെ ആസൂത്രിതവും നിരന്തരവുമായ ആക്രമണം നടക്കുന്നു. സിപിഐ എം അംഗങ്ങളും അനുഭാവികളുമായ നാനൂറ്റമ്പതോളം പേര്‍ 2009 മെയ് മാസത്തിനുശേഷം ഇതുവരെ കൊല്ലപ്പെട്ടു. പാര്‍ടിയുടെയും ട്രേഡ്യൂണിയന്റെയും ബഹുജനപ്രസ്ഥാനങ്ങളുടെയും നൂറുകണക്കിന് ഓഫീസുകള്‍ പിടിച്ചെടുക്കുകയോ നശിപ്പിക്കുകയോ ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നു, ജനപ്രതിനിധികളെ ഭീഷണിപ്പെടുത്തുന്നു. എന്നാല്‍, എതിരാളികള്‍ തുടര്‍ച്ചയായി സംഘര്‍ഷത്തിന്റെയുംഭീകരതയുടെയും തന്ത്രങ്ങള്‍ പയറ്റിയിട്ടും ഇടതുമുന്നണിക്ക് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 41 ശതമാനം വോട്ട് ലഭിച്ചു. പാര്‍ടിയെ ഒറ്റപ്പെടുത്തുകയും ദുര്‍ബലപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ആക്രമണങ്ങള്‍ തുടരുകയാണ്. ജനങ്ങളെ അവര്‍ നേരിടുന്ന പ്രശ്നങ്ങളുടെ അടിസ്ഥാനത്തിലും തൃണമൂല്‍ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരായും അണിനിരത്തുകയെന്നതാണ്, നഷ്ടമായ ജനപിന്തുണ തിരിച്ചുപിടിക്കാനും അതുവഴി സിപിഐ എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും ശക്തി വര്‍ധിപ്പിക്കാനും മുഖ്യമായി ചെയ്യേണ്ടത്.

പശ്ചിമബംഗാളില്‍ നടക്കുന്ന ആക്രമണം




സിപിഐ എമ്മിനുനേരെ മാത്രമായി ഒതുങ്ങുന്നതല്ല. അത് ജനാധിപത്യത്തിനും ജനാധിപത്യ അവകാശങ്ങള്‍ക്കും നേരെയുള്ള പൊതുവായ കടന്നാക്രമണമായി വളര്‍ന്നിരിക്കുന്നു. അതുകൊണ്ട് ഇത്തരം കടന്നാക്രമണങ്ങളെ തുറന്നുകാട്ടാനും അപലപിക്കാനും അതിനെതിരെ പൊതുജനാഭിപ്രായം ഉയര്‍ത്തിക്കൊണ്ടുവരാനും പശ്ചിമബംഗാളിലെ പാര്‍ടിക്കും ഇടതുപക്ഷത്തിനും പിന്തുണ നല്‍കാനും പാര്‍ടിയൊന്നാകെ രംഗത്തിറങ്ങേണ്ടത് അടിയന്തര കടമയായി മാറിയിരിക്കുന്നു.

ഇടതുപക്ഷ തീവ്രവാദത്തെ നേരിടല്‍ പശ്ചിമബംഗാളില്‍, ജാര്‍ഖണ്ഡ് അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന മൂന്ന് ജില്ലകളിലെ സിപിഐ എം കേഡര്‍മാരെ ആക്രമിക്കാനും വധിക്കാനും ആരംഭിച്ചതോടെയാണ് മാവോയിസ്റ്റുകളുടെ വിനാശകരമായ അതിക്രമവും തന്ത്രവും പൊതുശ്രദ്ധയില്‍ വന്നത്. ഈ കൊലപാതക പേക്കൂത്തിനെ തൃണമൂല്‍ കോണ്‍ഗ്രസ് ആയുധമണിയിച്ച് പ്രോത്സാഹിപ്പിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിനും നിയമസഭ തെരഞ്ഞെടുപ്പിനും ഇടയിലുള്ള രണ്ടു വര്‍ഷം മാവോയിസ്റ്റുകളുടെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും പരസ്യസഖ്യം ദൃശ്യമായി. സിപിഐ എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും പ്രവര്‍ത്തകരോ അനുഭാവികളോ ആയ ഇരുനൂറില്‍പരം പേരെ മാവോയിസ്റ്റുകള്‍ വധിച്ചു. ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ബിഹാര്‍, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്ന ഗോത്രമേഖലകളിലും മറ്റ് വിദൂരപ്രദേശങ്ങളിലും, ഇവരുടെ വിവേചനരഹിതമായ അതിക്രമങ്ങളും ഭീകരതന്ത്രങ്ങളും ഒരുവശത്തും ഭരണാധികാരികളുടെ അടിച്ചമര്‍ത്തലുകള്‍ മറുവശത്തും നിലനില്‍ക്കുന്നു. അതിനാല്‍ ജനകീയ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെടുകയും അടിച്ചമര്‍ത്തലിന് വിധേയമാവുകയുംചെയ്യുന്നു. മാവോയിസ്റ്റുകളെ രാഷ്ട്രീയമായും ആശയപരമായും നേരിടണം. അവരുടെ അരാജക-ഭീകര രീതികളെ ഇടതുപക്ഷത്തിന് വിനാശകരവും അന്യവുമാണെന്ന് തുറന്നുകാട്ടണം. ഈ പ്രചാരണം പ്രത്യേകിച്ചും വിദ്യാര്‍ഥികളെയും ബുദ്ധിജീവികളെയും പോലെ, തീവ്ര ഇടതുപക്ഷത്തിന്റെ ആകര്‍ഷണത്തില്‍പ്പെടാന്‍ സാധ്യതയുള്ള വിഭാഗങ്ങളെ ലക്ഷ്യമിട്ടാണ് നടത്തേണ്ടത്.

മുഖ്യകടമകള്‍ വരുംകാലത്ത് ഏറ്റെടുക്കേണ്ട ഏഴ് മുഖ്യകടമകള്‍ക്കാണ് രാഷ്ട്രീയവും തന്ത്രപരവുമായ നിലപാടിന്റെ ഭാഗമായി രൂപംനല്‍കിയിട്ടുള്ളത്. അവ ഇതാണ്:

(1) തൊഴിലാളിവര്‍ഗത്തെയും കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും അസംഘടിതമേഖലയിലെ തൊഴിലാളികളെയും കൈവേലക്കാരെയും അധ്വാനിക്കുന്ന ഇതരജനവിഭാഗങ്ങളെയും ബാധിക്കുന്ന പ്രശ്നങ്ങള്‍ ഏറ്റെടുത്ത് നവഉദാരനയങ്ങള്‍ക്കെതിരെ സന്ധിയില്ലാസമരം.

(2). ബിജെപി-ആര്‍എസ്എസ് കൂട്ടുകെട്ടിന്റെ വര്‍ഗീയ അജന്‍ഡയ്ക്കെതിരെ തുടര്‍ച്ചയായ പോരാട്ടവും ഹിന്ദുത്വ ആശയങ്ങളെ സാമൂഹിക, സാംസ്കാരിക, ബൗദ്ധിക മണ്ഡലങ്ങളിലും നേരിടലും. ഇതോടൊപ്പം തന്നെ ന്യൂനപക്ഷ വര്‍ഗീയതയെയും തീവ്രവാദത്തെയും പാര്‍ടി ചെറുക്കണം.

(3). ഇന്ത്യ-അമേരിക്ക തന്ത്രപരമായ സഖ്യത്തിനെതിരായും നമ്മുടെ ആഭ്യന്തരനയങ്ങളില്‍ അവരുടെ സ്വാധീനം വര്‍ധിക്കുന്നതിനെതിരായും ദേശാഭിമാന-ജനാധിപത്യ ബോധമുള്ള ജനവിഭാഗങ്ങളെ അണിനിരത്തണം. ഇതിനായി സ്വതന്ത്രമായ വിദേശനയം പിന്തുടരേണ്ടതുണ്ട്.

(4). ദളിതര്‍, ഗോത്രവംശജര്‍, ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍ എന്നിവരുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സാമൂഹിക അടിച്ചമര്‍ത്തലിനെതിരായി പൊരുതണം.

(5). പശ്ചിമബംഗാളില്‍ സിപിഐ എമ്മിനുനേരെ നടക്കുന്ന അതിക്രമങ്ങള്‍ ചെറുക്കാനും അവിടെ ജനാധിപത്യവും ജനാധിപത്യ അവകാശങ്ങളും സംരക്ഷിക്കാനും ജനങ്ങളെയും ജനാധിപത്യശക്തികളെയും അണിനിരത്തണം.

(6). ഇടതുപക്ഷഐക്യം ശക്തിപ്പെടുത്തലും ജനങ്ങളുടെ അവകാശങ്ങളും ജീവിതവൃത്തിയും സംരക്ഷിക്കാന്‍ ജനാധിപത്യശക്തികളെ വിശാലാടിസ്ഥാനത്തില്‍ യോജിപ്പിക്കലും. മാവോയിസ്റ്റുകളുടെ വിനാശകരമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള പോരാട്ടം.

(7). തൊഴിലാളിവര്‍ഗത്തെയും അധ്വാനിക്കുന്ന ഇതര ജനവിഭാഗങ്ങളെയും ഇടതുപക്ഷ, ജനാധിപത്യ മുദ്രാവാക്യങ്ങളുടെ അടിസ്ഥാനത്തില്‍ അണിനിരത്തി ഇടതുപക്ഷ ജനാധിപത്യമുന്നണി കെട്ടിപ്പടുക്കല്‍.

രാജ്യാന്തരതലത്തിലാകട്ടെ, നീണ്ടുനില്‍ക്കുന്ന ആഗോള മുതലാളിത്ത പ്രതിസന്ധി, വികസിത മുതലാളിത്ത രാജ്യങ്ങളില്‍ തൊഴിലാളിവര്‍ഗത്തിന്റെ വളര്‍ന്നുവരുന്ന പ്രക്ഷോഭങ്ങളും ചെറുത്തുനില്‍പ്പുകളും, ലാറ്റിനമേരിക്കയില്‍ ഇടതുപക്ഷശക്തികളുടെ മുന്നേറ്റം, ബഹുധ്രുവലോകം എന്നതിലേക്ക് നീങ്ങുന്ന പ്രവണത- ഇതില്‍ ചൈനയുടെ വളര്‍ന്നുവരുന്ന സാമ്പത്തികശക്തി പ്രധാന ഘടകമാണ്-ഇവയെല്ലാം ചേര്‍ന്ന് നവ ഉദാരവല്‍ക്കരണത്തിനും സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിനും എതിരായ പോരാട്ടത്തിന് കൂടുതല്‍ അനുകൂലമായ സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ സാമ്പത്തികമാന്ദ്യവും യുപിഎ സര്‍ക്കാരിലെ ഭിന്നതയും അവര്‍ പിന്തുടരുന്ന നവഉദാരപാതയുടെയും സാമ്രാജ്യത്വ ധനമൂലധനവുമായുള്ള അവരുടെ സഹകരണത്തിന്റെയും പാപ്പരത്തത്തിന്റെ പ്രതിഫലനമാണ്. പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയവും തന്ത്രപരവുമായ നിലപാട് നടപ്പാക്കുന്നത് രാജ്യത്ത് ഇടതുപക്ഷ, ജനാധിപത്യശക്തികളുടെ മുന്നേറ്റത്തിന് വഴിതെളിക്കും. (അവസാനിച്ചു)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ