2012, ഓഗസ്റ്റ് 25, ശനിയാഴ്‌ച

ഒഴിവാക്കേണ്ടിയിരുന്ന ആക്രമണം


പ്രഭാവര്‍മ
ജനാധിപത്യ കേന്ദ്രീകരണമെന്ന ലെനിനിസ്റ്റ് സംഘടനാ തത്വത്തെത്തന്നെ സുനില്‍ പി ഇളയിടം വിമര്‍ശിക്കുന്നുണ്ട്. റോസാലക്സംബര്‍ഗും ലെനിനും തമ്മില്‍ ജനാധിപത്യത്തെക്കുറിച്ച് ദീര്‍ഘമായ സംവാദങ്ങള്‍ നടന്നിട്ടുണ്ടെന്നത് ശരിയാണ്. എന്നാല്‍, അതിനര്‍ഥം റോസാലക്സംബര്‍ഗ് ജനാധിപത്യവാദിയും ലെനിന്‍ ജനാധിപത്യവിരുദ്ധവാദിയും എന്നമട്ടില്‍ വേര്‍തിരിവുണ്ടെന്നതല്ല. ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അത് എങ്ങനെ കൂടുതല്‍ അര്‍ഥപൂര്‍ണമാക്കാമെന്ന് അന്വേഷിക്കുകയാണ് ഇരുവരും ചെയ്തത്. ""ലെനിന്‍ തുറന്നിട്ട വഴിയിലൂടെയല്ല, റോസാലക്സംബര്‍ഗ് പ്രവചിച്ച സ്വേച്ഛാപ്രവണതയുടെ വഴിയിലൂടെയാണ് ജനാധിപത്യ കേന്ദ്രീകരണം എന്ന സംഘടനാതത്വം പില്‍ക്കാലത്ത് സഞ്ചരിച്ച""തെന്ന സുനിലിന്റെ നിഗമനം, ലെനിന്‍ ജനാധിപത്യവിരുദ്ധനായിരുന്നു എന്ന പ്രതീതിയാണ് ജനിപ്പിക്കുക. സോവിയറ്റ് പാര്‍ടി കോണ്‍ഗ്രസിലേക്ക് സംഘടനാപ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട് എത്താന്‍ കഴിയാതെ പോയ ട്രോട്സ്കിയെ പാര്‍ടി കോണ്‍ഗ്രസില്‍ പങ്കെടുപ്പിച്ച് വീണ്ടും ട്രോട്സ്കിയുടെ വീക്ഷണം എല്ലാ പ്രതിനിധികള്‍ക്കും അറിയാനുള്ള അവസരം ഒരുക്കിക്കൊടുത്തയാളാണ് ലെനിന്‍. അതില്‍ കവിഞ്ഞ ജനാധിപത്യബോധം എവിടെയാണ് കാണാനാവുക? അത് എന്തുകൊണ്ടാണ് സുനില്‍ കാണാതെ പോകുന്നത്?

സിപിഐ എം ഓരോ മൂന്നുവര്‍ഷ കാലയളവിലും ജനാധിപത്യപരമായി സമ്മേളനപ്രക്രിയ പൂര്‍ത്തിയാക്കുന്ന പാര്‍ടിയാണ്. ഇന്ത്യയില്‍ ഇത്രയേറെ ജനാധിപത്യം പാലിക്കപ്പെടുന്ന മറ്റ് ഏത് പാര്‍ടിയുണ്ടെന്ന് സുനില്‍ ആലോചിക്കണം. അടിയന്തരാവസ്ഥയാണ് മറ്റൊരു ഘട്ടം. പാര്‍ടി നേതാക്കളാകെ ജയിലിലും ഒളിവിലുമായ ആ കാലവും "അടിയന്തരാവസ്ഥ അറബിക്കടലില്‍" എന്ന മുദ്രാവാക്യവുമായി ഇ എം എസ് മൈക്കുപോലുമില്ലാതെ നടന്ന് പ്രസംഗിച്ച കാര്യവും പാര്‍ടി പ്രവര്‍ത്തകര്‍ ലോക്കപ്പുകളില്‍ ക്രൂരമായ ഭേദ്യത്തിനിരയായ കാര്യവും അമിതാധികാര സ്വേച്ഛാധിപത്യവാഴ്ചയ്ക്കെതിരായി വ്യക്തമായ നിലപാട് സ്വീകരിച്ചുകൊണ്ട് പാര്‍ടി നടത്തിയ പോരാട്ടവും ഒക്കെ അത്ര വിദൂര സംഭവങ്ങളല്ല എന്നതിനാല്‍ ഇക്കാര്യം വിശദീകരണം ആവശ്യപ്പെടുന്നില്ല.

മുഖ്യധാരാ മാര്‍ക്സിസ്റ്റ് പ്രസ്ഥാനങ്ങള്‍ സ്റ്റാലിനിസ്റ്റ് പാരമ്പര്യത്തെ പിന്‍പറ്റിക്കൊണ്ട് ജനാധിപത്യത്തെ ബൂര്‍ഷ്വാസിയുടെ ഭരണകൂട പ്രത്യയശാസ്ത്രമായി ചുരുക്കിക്കണ്ടു എന്ന് സുനില്‍ എഴുതുമ്പോള്‍ സ്റ്റാലിന്‍ മഹാ കൊള്ളരുതാത്തവന്‍ ആയിരുന്നുവെന്ന പ്രതീതിയാണ് ജനിക്കുക. ഇത് സ്റ്റാലിനെ ഹിറ്റ്ലര്‍ക്കുതുല്യനായ ഒരാളായി ചിത്രീകരിക്കാന്‍ വലതുപക്ഷ മാധ്യമങ്ങള്‍ നടത്തിപ്പോരുന്ന ശ്രമങ്ങളുടെ വിജയമാണ്. ഹിറ്റ്ലറെയും ഫാസിസത്തെയും മുട്ടുകുത്തിച്ച് ലോകത്തെ രക്ഷിക്കുന്നതിന് ചെമ്പടയുടെ നടുനായകമായി നിന്ന ഒരാളെ ആ കാലത്തിന്റെ പ്രത്യേകതകൊണ്ടും നവജാത സോഷ്യലിസ്റ്റ് രാജ്യം നശിപ്പിക്കപ്പെടരുതെന്ന ആഗ്രഹംകൊണ്ടും ഒരുപക്ഷേ ഉണ്ടായിപ്പോയിട്ടുണ്ടാകാവുന്ന ഒറ്റപ്പെട്ട ചില നടപടികള്‍മാത്രം മുന്‍നിര്‍ത്തി അതിഘോര രൂപിയായി ചിത്രീകരിക്കാനുള്ള വലതുപക്ഷ മാധ്യമശ്രമങ്ങളില്‍ സുനിലിനെപ്പോലൊരു ഇടതുപക്ഷ ചിന്തകന്‍ ഭ്രമിച്ച് വീണുപോയിക്കൂടാത്തതാണ്.


ടി പി ചന്ദ്രശേഖരന്‍ വധം കേരളത്തില്‍ അതിതീവ്രമായ വലതുപക്ഷ പ്രതിതരംഗത്തിനാണ് വഴിതുറന്നത് എന്ന് ലേഖനകര്‍ത്താവ് പറയുന്നുണ്ട്. ഇടതുപക്ഷത്തുതന്നെയുള്ള ബുദ്ധിജീവിയായ താനും അറിഞ്ഞുകൊണ്ടല്ലെങ്കില്‍പ്പോലും ഫലത്തില്‍ ആ പ്രതിതരംഗത്തിന് ശക്തിയേറ്റുകയല്ലേ ലേഖനത്തിലൂടെ ചെയ്യുന്നതെന്ന് അദ്ദേഹം ആലോചിക്കണം. ചരിത്രത്തിലൊരിക്കലും ഉണ്ടായിട്ടില്ലാത്തിധം, ഇടതുപക്ഷം പൊതുവിലും സിപിഐ എം പ്രത്യേകിച്ചും ആഴമേറിയ വിശ്വാസത്തകര്‍ച്ചയെ നേരിടുന്നു എന്ന് എഴുതുന്നത് സിപിഐ എമ്മിനുവേണ്ടിയുള്ള ന്യായവാദമാണോ? സിപിഐ എമ്മില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം തകര്‍ക്കാന്‍വേണ്ടി എല്ലാ സ്ഥാപിതതാല്‍പ്പര്യങ്ങളുടെ ശക്തികളും മാധ്യമങ്ങളും സംയുക്തമായി ശ്രമിക്കുന്നു എന്ന് പറഞ്ഞാല്‍ അത് നേരാണ്. ആ നേര് ലേഖനകര്‍ത്താവ് എന്തുകൊണ്ട് കാണുന്നില്ല? അത് എന്തുകൊണ്ട് സൗകര്യപൂര്‍വം വിസ്മരിക്കുന്നു? "

ഇടത് ധാര്‍മികത"യ്ക്കുവേണ്ടി കൂടിയുള്ളതാണ് ലേഖനകര്‍ത്താവിന്റെ ന്യായവാദം എന്നാണ് ലേഖനം പറയുന്നത്. സിപിഐ എമ്മിന്റെ ധാര്‍മിക അടിത്തറ മുമ്പൊരുകാലത്തുമുണ്ടായിട്ടില്ലാത്തതുപോലെ ദുര്‍ബലപ്പെട്ടു എന്നാക്ഷേപിക്കുന്നത് സിപിഐ എമ്മിനുവേണ്ടിയുള്ള ന്യായവാദമാണോ? ധാര്‍മികമായ അടിത്തറ നഷ്ടപ്പെട്ട പാര്‍ടിയാണിത് എന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലാകില്ലേ ഇത്? അധാര്‍മിക പ്രവൃത്തികളില്‍ വ്യാപാരിക്കുന്നവര്‍ക്കെതിരെ നടപടിയെടുത്ത് ധാര്‍മികതയെ ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്ഥാനമാണിതെന്ന് ജനങ്ങള്‍ക്കറിയാം. ധാര്‍മികമൂല്യങ്ങള്‍ പരിരക്ഷിക്കാന്‍ വിട്ടുവീഴ്ചയില്ലാതെ പൊരുതുന്ന പ്രസ്ഥാനമാണിതെന്നും ജനങ്ങള്‍ക്കറിയാം. അതുകൊണ്ടുതന്നെയാണ് ലക്ഷക്കണക്കായ ജനങ്ങള്‍ ഈ പ്രസ്ഥാനത്തിനൊപ്പം നില്‍ക്കുന്നത്.
1937ല്‍ കോഴിക്കോട്ട് കല്ലായി തെരുവില്‍ പാര്‍ടിയുടെ ആദ്യഘടകം പി കൃഷ്ണപിള്ളയും ഇ എം എസും കെ ദാമോദരനും എന്‍ സി ശേഖറും ചേര്‍ന്ന് രൂപീകരിച്ചപ്പോള്‍ കേരളത്തിലെ മൊത്തം ജനസംഖ്യ ഒന്നേകാല്‍ കോടിയായിരുന്നു. ആ സംഭവത്തിന്റെ പ്ലാറ്റിനം ജൂബിലിയിലെത്തിയ ഈ ഘട്ടത്തില്‍ നാം കാണുന്നത് ആദ്യഘടക രൂപീകരണത്തിന്റെ ഘട്ടത്തിലെ മൊത്തം കേരള ജനസംഖ്യയുടെ അത്രതന്നെ ജനങ്ങള്‍ പിന്തുണയ്ക്കുന്ന പ്രസ്ഥാനമായി സിപിഐ എം വളര്‍ന്നിരിക്കുന്നു എന്നതാണ്. നിലപാടില്ലായ്മകൊണ്ട് ഉണ്ടായതാണോ ഈ വളര്‍ച്ച? വിശ്വാസത്തകര്‍ച്ചയെയാണോ ഇത് പ്രതിഫലിപ്പിക്കുന്നത്? നിലപാടുകളിലേക്കെടുത്തു ചാടുമ്പോള്‍ സുനില്‍ ഇതൊക്കെ ആലോചിക്കണമായിരുന്നു. നിയോലിബറല്‍ സാമ്പത്തികനയങ്ങള്‍ ഇടതുപക്ഷ രാഷ്ട്രീയത്തില്‍ സ്വാധീനമുളവാക്കിയെന്നുമുണ്ട് ലേഖനത്തില്‍ ആക്ഷേപം. നിയോലിബറല്‍ നയങ്ങള്‍ക്കെതിരെ ഇന്ത്യയില്‍ ഇടതുപക്ഷമല്ലാതെ വേറെ ഏതെങ്കിലും ശക്തി പൊരുതുന്നുണ്ടോ? ആഗോളവല്‍ക്കരണ സാമ്പത്തികനയങ്ങള്‍ നടപ്പാക്കിയെടുക്കാന്‍ ഇന്ത്യയിലുള്ള ഏക വിഘാതമായി സാമ്രാജ്യത്വം കാണുന്നത് ഇടതുപക്ഷത്തെയാണ്. ആ ഇടതുപക്ഷത്തെ ഒഴിച്ചുനിര്‍ത്തി മറ്റെല്ലാവരും സഹകരിച്ച് കേന്ദ്ര സര്‍ക്കാരുണ്ടാക്കണമെന്ന് അമേരിക്കന്‍ സ്ഥാനപതി പല രാഷ്ട്രീയപാര്‍ടികളെയും കഴിഞ്ഞ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി എംബസിയിലേക്ക് വിളിച്ചുവരുത്തി ആവശ്യപ്പെട്ടത് ലേഖനകര്‍ത്താവ് കണ്ടിട്ടില്ലെന്നുണ്ടോ? സിപിഐ എമ്മിനെ തോല്‍പ്പിച്ചതു മുന്‍നിര്‍ത്തി അടുത്തകാലത്ത് ഹിലാരി ക്ലിന്‍ണ്‍ പശ്ചിമ ബംഗാളില്‍ ചെന്ന് മമത ബാനര്‍ജിയെ അഭിനന്ദിച്ചത് അറിഞ്ഞിട്ടില്ലെന്നുണ്ടോ?

ചില്ലറ വില്‍പ്പനരംഗത്തെയും കൃഷിരംഗത്തെയും വിദേശ കോര്‍പറേറ്റുവല്‍ക്കരണം മുതല്‍ ഇന്ത്യയെ അമേരിക്കയുടെ ജൂനിയര്‍ പങ്കാളിയാക്കുന്ന സൈനിക സഖ്യം വരെയുള്ള കാര്യങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പൊരുതുന്ന ഏക ശക്തി ഇടതുപക്ഷമല്ലേ? ആ ഇടതുപക്ഷം നിയോലിബറല്‍ സ്വാധീനത്തിലാണെന്നു പറഞ്ഞാല്‍ ആരുടെ താല്‍പ്പര്യമാണ് നിര്‍വഹിക്കപ്പെടുക? ആദിവാസി- ദളിത്- സ്ത്രീ പ്രശ്നങ്ങള്‍ ഇടതുപക്ഷം ഏറ്റെടുക്കുന്നില്ലെന്നു പറയുന്ന ലേഖകന്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലായി കിസാന്‍സഭയുടെയും മറ്റും നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭങ്ങളും ആദിവാസി ദേശീയസമ്മേളനവും മധുരയില്‍ സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ ജാതിവിരുദ്ധ ഭിത്തി തകര്‍ത്തതും ഒക്കെ മനസ്സിലാക്കാതെ പോയോ? കേരളത്തിലെ വയനാട്ടിലെ ആദിവാസികളുടെ ഭൂമിക്കുവേണ്ടിയുള്ള സമരം ഇപ്പോള്‍ മുമ്പോട്ടുകൊണ്ടുപോകുന്നത് സിപിഐ എമ്മല്ലാതെ മറ്റൊരു പാര്‍ടിയല്ല. ഇത്ര ശക്തവും വ്യാപകവുമായ മറ്റൊരു ആദിവാസി സമരവും ഇന്ന് നടക്കുന്നുമില്ല. സുനില്‍ ഇതും കാണുന്നില്ല. ഇടതുപക്ഷം കേരളത്തിനു വേണ്ടപ്പെട്ട പ്രസ്ഥാനമാണ്. പക്ഷേ, അതിന് ഉള്ളതില്‍ ഏറിയ പങ്കും ദോഷങ്ങള്‍മാത്രമാണെന്ന ഈ സമീപനം ഈ ഘട്ടത്തില്‍ സുനിലിനെപ്പോലൊരാളില്‍നിന്ന് ആരും പ്രതീക്ഷിക്കുന്നതല്ല.

ടി പി ചന്ദ്രശേഖരന്റെ കൊലപാതകം കേരളത്തില്‍ അതിതീവ്രമായ വലതുപക്ഷ പ്രതിതരംഗത്തിനാണ് വഴിതുറന്നതെന്ന് പറയുന്ന സുനില്‍, ഈ പ്രതിതരംഗം വലതുപക്ഷം ബോധപൂര്‍വം രാഷ്ട്രീയമായി സൃഷ്ടിച്ചെടുത്തതാണെന്ന സത്യത്തിലേക്ക് മിഴിതുറക്കുന്നില്ലെന്നത് ഖേദകരമാണ്; വലതുപക്ഷ മാധ്യമ ഗൂഢാലോചനയുടെ ചെലവില്‍ പ്രശ്നങ്ങള്‍ എഴുതിത്തള്ളിക്കൂടാ എന്നു സുനിലിനെപ്പോലൊരാള്‍ പറയുന്നത് അല്‍പ്പം ക്രൂരവുമാണ്. നീതിബോധവും ധാര്‍മികതയും മനുഷ്യവംശത്തിന്റെ ചരിത്രത്തിലെ ഏറ്റവും വിപ്ലവകരമായ പ്രേരണാശക്തികളാണെന്നും ഈ പ്രേരണകളാല്‍ പ്രചോദിതമാകാത്ത ഒരു സംഘടനയും സംഘാടനവും വിപ്ലവപരമോ പുരോഗമനംപോലുമോ ആകില്ലെന്നും ഒക്കെ എഴുതുന്ന സുനില്‍, ധാര്‍മികതയ്ക്ക് കാവലാളായി ചരിത്രത്തിന്റെ ഓരോ ഘട്ടത്തിലും നിന്നിട്ടുള്ള പ്രസ്ഥാനം സിപിഐ എം ആണ് എന്നതുകൂടി എടുത്തുപറയേണ്ടതായിരുന്നില്ലേ?

ഇടതുപക്ഷ സാംസ്കാരികതയെ സര്‍ഗാത്മക നിരീക്ഷണങ്ങള്‍കൊണ്ട് സമ്പന്നമാക്കിപ്പോരുന്നവരുടെ നിരയിലാണ് സുനില്‍ പി ഇളയിടം. ഇവിടെ പരാമര്‍ശ വിഷയലേഖനത്തിലും ഇടതുപക്ഷം കേരളത്തിന് എത്രമേല്‍ വിലപ്പെട്ടതാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്.

തീര്‍ത്തും കമ്യൂണിസ്റ്റ്വിരുദ്ധവും അന്ധവുമായ ഇതര മാതൃഭൂമി ലേഖനങ്ങളില്‍നിന്ന് ആ നിലയ്ക്ക് സുനിലിന്റെ ലേഖനം വേറിട്ടുനില്‍ക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെയാണ് ഇതര ലേഖനങ്ങളെ അവഗണിക്കാനാവുമ്പോഴും സുനിലിന്റെ ലേഖനത്തെ അവഗണിക്കാനാവാത്തത്. അത്തരം ഒരു വ്യതിരിക്തത സുനിലിന്റെ ലേഖനത്തിനുണ്ട് എന്നതുകൊണ്ടുതന്നെയാണ് ഒരുപക്ഷെ, അറിഞ്ഞുകൊണ്ടല്ലാതെയാണെങ്കില്‍പോലും സുനിലിന്റെ ലേഖനം പരത്താനിടയുള്ള തെറ്റിദ്ധാരണകള്‍ നീക്കാന്‍ ഈ വിധത്തിലുള്ള ഒരു ഇടപെടല്‍ ആവശ്യമായി വന്നതും. അവസാനിച്ചു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ