2012, ഓഗസ്റ്റ് 21, ചൊവ്വാഴ്ച

കേരളത്തിന്റെ നേട്ടങ്ങള്‍ തകരുന്നു

II
വികസനവുമായി ബന്ധപ്പെട്ട ആഗോളചര്‍ച്ചകളില്‍ സവിശേഷസ്ഥാനം നേടിയ സംസ്ഥാനമാണ് കേരളം. ഈ നേട്ടങ്ങള്‍ക്കുള്ള സാഹചര്യം സൃഷ്ടിക്കുന്നതില്‍ സുപ്രധാന സ്ഥാനമുള്ളത് ഭൂപരിഷ്കരണത്തിനാണ്. ഭൂപരിഷ്കരണനടപടികള്‍ 1957ലെ സര്‍ക്കാര്‍ നടപ്പാക്കാന്‍ തുടങ്ങിയ ഘട്ടത്തില്‍ത്തന്നെ വലതുപക്ഷം അതിനെ എതിര്‍ക്കാന്‍ മുന്നോട്ടുവന്നു. വിമോചനസമരത്തില്‍ കലാശിച്ച സംഭവവികാസങ്ങള്‍ക്ക് അടിസ്ഥാനമായി തീര്‍ന്നത് ഭൂബന്ധങ്ങളെ ജന്മിത്വഘടനയില്‍നിന്ന് മോചിപ്പിച്ചെടുക്കാന്‍ നടത്തിയ ഈ പരിശ്രമമാണ്. വിമോചന സമരാനന്തരം അധികാരമേറ്റ വലതുപക്ഷ സര്‍ക്കാരും അവരെ പിന്തുണച്ച കേന്ദ്രസര്‍ക്കാരും ഭൂപരിഷ്കരണത്തോട് കാണിച്ച സമീപനം ഈ വസ്തുത ബോധ്യപ്പെടുത്തുന്നു.

നിയമസഭ പാസാക്കിയ നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം വച്ച് താമസിപ്പിക്കുക; കോടതികളിലൂടെ നിയമവ്യവസ്ഥയെ ചോദ്യംചെയ്യുക; ഭരണാധികാരം ഉപയോഗിച്ച് നിയമത്തില്‍ പഴുതുകള്‍ ഉണ്ടാക്കുക എന്നിങ്ങനെ പലവഴിയില്‍ അട്ടിമറിശ്രമം നടത്തി. മിച്ചഭൂമിയായി ഭൂരഹിതര്‍ക്ക് ലഭിക്കേണ്ടിയിരുന്ന ഭൂമിയുടെ അളവ് വെട്ടിക്കുറച്ച് പാവപ്പെട്ടവന് ഭൂമി ലഭിക്കാനുള്ള സാധ്യത ഇല്ലാതാക്കി. പിന്നീട് 1967ലെ രണ്ടാം ഇ എം എസ് സര്‍ക്കാരാണ് സമഗ്രമായ കാര്‍ഷിക പരിഷ്കരണം നടപ്പാക്കിയത്. ഈ നിയമം പ്രാവര്‍ത്തികമാക്കുന്നതിന് വലിയ പ്രക്ഷോഭം കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് നടത്തേണ്ടി വന്നു. ഭൂപരിഷ്കരണം കേരളത്തിനു നല്‍കിയ സംഭാവനകള്‍ ശക്തവും വിപുലവുമാണ്- അതുകൊണ്ടുതന്നെ ഈ നിയമങ്ങള്‍ അടിസ്ഥാനപരമായി തിരുത്താന്‍ വലതുപക്ഷ ശക്തികള്‍ക്ക് ധൈര്യം വന്നില്ല. എന്നാല്‍, ഇപ്പോഴത്തെ യുഡിഎഫ് സര്‍ക്കാര്‍ ഭൂപരിഷ്കരണത്തെ അട്ടിമറിക്കാന്‍ ഒരുമ്പെട്ടിറങ്ങിയിരിക്കുന്നു.

തോട്ടം ഭൂമിയെ ടൂറിസത്തിന് വിട്ടുകൊടുക്കാനും കശുമാവ് തോട്ടങ്ങളെ ഭൂപരിധിയില്‍നിന്ന് ഒഴിവാക്കാനുമുള്ള നീക്കങ്ങളെല്ലാം ഈ ദിശയിലുള്ളതാണ്. ഭൂപരിഷ്കരണത്തെ തകര്‍ക്കുക എന്നതിനര്‍ഥം കേരളത്തിന്റെ നേട്ടങ്ങളുടെ അടിത്തറ ഇല്ലാതാക്കുക എന്നതാണ്. ആ ദിശയിലാണ് സര്‍ക്കാര്‍ നീങ്ങുന്നത്. കരാര്‍കൃഷി കൊണ്ടുവരും എന്നതാണ് സര്‍ക്കാരിന്റെ നയം. ഇത് പ്രാവര്‍ത്തികമാകുന്നതോടെ ബഹുരാഷ്ട്രകുത്തകകളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചുള്ള കൃഷിയാണ് നടക്കുക. ഈ സര്‍ക്കാര്‍ വന്നശേഷം അറുപതോളം കര്‍ഷകര്‍ ആത്മഹത്യചെയ്തു. ഇതൊരു പ്രശ്നമായി യുഡിഎഫിനു തോന്നുന്നില്ല. അതേസമയം, സ്ഥാപിതതാല്‍പ്പര്യങ്ങള്‍ നടപ്പാക്കുന്നതിന് കര്‍ഷകരുടെ പേര് ഉപയോഗിക്കുന്നതില്‍ ഒരുകുറവും വരുത്തുന്നില്ല. നെല്ലിയാമ്പതി എസ്റ്റേറ്റുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ സ്ഥാപിതതാല്‍പ്പര്യസംരക്ഷണത്തിന് കര്‍ഷകരുടെ പേരാണ് കരുവാക്കുന്നത്. വിലക്കയറ്റം രൂക്ഷമായ ഘട്ടത്തിലും ന്യായമായ വില കിട്ടാതെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ നശിപ്പിക്കേണ്ടിവരുന്ന കര്‍ഷകരുടെ ദയനീയസ്ഥിതി കാര്‍ഷികമേഖലയോട് ഈ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവത്തിന്റെ ലക്ഷണമാണ്.

കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് പരവതാനി ഒരുക്കാനാണ് യുഡിഎഫ് സര്‍ക്കാരിന് താല്‍പ്പര്യം. പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കാന്‍ ആകില്ലെന്നായിരുന്നു കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്വീകരിച്ച സമീപനം. ഈ സ്ഥാപനങ്ങളെ സംരക്ഷിക്കാന്‍ ആകുമെന്ന് പ്രായോഗിക പദ്ധതിയിലൂടെ എല്‍ഡിഎഫ് സര്‍ക്കാര്‍ കാണിച്ചു. എട്ട് പൊതുമേഖലാ വ്യവസായ യൂണിറ്റ് പുതുതായി ആരംഭിച്ച് സ്വകാര്യവല്‍ക്കരണകാലഘട്ടത്തില്‍ രാജ്യത്തിനാകെ മാതൃകയായ ബദല്‍ മുന്നോട്ടുവയ്ക്കുകയുംചെയ്തു. പൊതുമേഖലയില്‍ ഉണ്ടായിരുന്ന ഉണര്‍വ് ഇന്ന് ഇല്ലാതായിരിക്കുന്നു. കൊല്ലത്തെ മീറ്റര്‍ കമ്പനി, കുണ്ടറ സെറാമിക്സ്, കോഴിക്കോട്ടെ സ്റ്റീല്‍ കോംപ്ലെക്സ്, ടെക്സ്റ്റൈല്‍ വ്യവസായങ്ങള്‍ തുടങ്ങിയവയെല്ലാം വലിയ പ്രതിസന്ധിയിലേക്കെത്തി. കേന്ദ്രസര്‍ക്കാരുമായി ചേര്‍ന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച പൊതുമേഖലാ നവീകരണ പദ്ധതികള്‍ മുന്നോട്ടുക്കൊണ്ടുപോകുന്നതിന് സംസ്ഥാന സര്‍ക്കാരിനു കഴിയുന്നില്ല.

കേന്ദ്രസര്‍ക്കാരുമായി ഒപ്പിട്ട ഓട്ടോകാസ്റ്റ് നവീകരണപദ്ധതി പാതിവഴിയില്‍ ഉപേക്ഷിച്ചു. പൊതുമേഖലയെ സ്വകാര്യവല്‍ക്കരിക്കുന്ന പിപിപി (പൊതു-സ്വകാര്യ പങ്കാളിത്തം) തങ്ങളുടെ സുപ്രധാന നയമാണ് എന്ന് പ്രഖ്യാപിച്ച യുഡിഎഫ് പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ത്ത് സ്വകാര്യവല്‍ക്കരണത്തിന് പശ്ചാത്തലമൊരുക്കുകയാണ്. വികസനത്തിന്റെ സൂചികകളില്‍ ലോകത്തെ ഏത് രാഷ്ട്രങ്ങളോടും കിടപിടിക്കാനുള്ള ശേഷി നമ്മുടെ ആരോഗ്യമേഖലയ്ക്കുണ്ട്. അതിന് അടിസ്ഥാനം വികസിച്ചുവന്ന പൊതുജനാരോഗ്യസമ്പ്രദായമാണ്. ഇന്ന് സര്‍ക്കാര്‍ ആശുപത്രികളുടെ നിലവാരം തകര്‍ന്നിരിക്കുന്നു. ആശുപത്രികളില്‍ ഡോക്ടര്‍മാരും മരുന്നും ഇല്ലാത്ത സ്ഥിതി സംജാതമായി. ഫലപ്രദമായി മരുന്നു വിതരണംചെയ്യാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ പ്രവര്‍ത്തനം താറുമാറായി. പൊതുആരോഗ്യമേഖലയെ തകര്‍ത്ത് സ്വകാര്യകച്ചവടക്കാരുടെ കൈകളിലേക്ക് പാവപ്പെട്ടവരെ എറിഞ്ഞുകൊടുക്കുന്ന പദ്ധതികളാണ് നടപ്പാക്കുന്നത്. കേരളത്തില്‍ പാവപ്പെട്ടവന് വിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള സാഹചര്യം ഒരുക്കിയത് 1957ലെ കമ്യൂണിസ്റ്റ് സര്‍ക്കാരാണ്. ഉയര്‍ന്ന ഫീസ് ഇല്ലാതാക്കിയും കുട്ടികള്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കുന്ന സമ്പ്രദായം വിദ്യാലയങ്ങളില്‍ ആരംഭിച്ചും ജനകീയപിന്തുണയോടെ നടത്തിയ ഇടപെടലാണ് ഇതിന് അടിസ്ഥാനം.

ഇത്തരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വ്യാപിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമാണ് ഇടതുപക്ഷ സര്‍ക്കാരുകള്‍ പരിശ്രമിച്ചത്. അതോടൊപ്പം പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരം വര്‍ധിപ്പിച്ചും പാവപ്പെട്ടവന്റെ പഠന പ്രവര്‍ത്തനങ്ങളെ ഉന്നതമായ മാനങ്ങളില്‍ എത്തിച്ചു. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും കേന്ദ്രങ്ങള്‍കൂടിയാണ്. എന്നാല്‍, ഇത്തരം സ്ഥാപനങ്ങള്‍ തകര്‍ക്കുകയും പകരം അണ്‍എയ്ഡഡ് സ്ഥാപനങ്ങള്‍ സ്ഥാപിക്കുകയും ചെയ്യുക എന്നതാണ് യുഡിഎഫ് സര്‍ക്കാരിന്റെ നയം. ഈ മേഖലയില്‍ വന്‍കിട കോര്‍പറേറ്റ് സ്ഥാപനങ്ങളെ കൊണ്ടുവരുന്നതും സര്‍ക്കാര്‍ നയമായി നടപ്പാക്കാന്‍ ശ്രമിക്കുന്നു. എവറോണ്‍, സീ ഗ്രൂപ്പ്, വിപ്രോ തുടങ്ങിയ വന്‍കിട കോര്‍പറേറ്റുകളെ വിദ്യാഭ്യാസമേഖലയില്‍ പ്രതിഷ്ഠിക്കുകയാണ്. അതോടൊപ്പം അണ്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ക്ക് ഉണ്ടായിരുന്ന നിയന്ത്രണങ്ങള്‍പോലും അട്ടിമറിച്ചു. സ്കൂളുകള്‍ തമ്മിലുള്ള ദൂരപരിധി, തദ്ദേശ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ എന്നിവ ഇല്ലാതാക്കി. കുട്ടികളില്‍നിന്ന് ഫീസ് പിരിക്കുന്നതിന് ഉണ്ടായിരുന്ന നിയന്ത്രണങ്ങളും മാറ്റിമറിച്ചു. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളെയാകെ ഇല്ലാതാക്കി.

പൊതുവിദ്യാഭ്യാസരംഗത്ത് വിദ്യാര്‍ഥികളുടെ ഭാവിതന്നെ തകര്‍ക്കുന്നതിനുള്ള ഗൂഢപദ്ധതികള്‍ അരങ്ങേറുന്നു. അവിടെയും സിബിഎസ്ഇ സ്ഥാപനങ്ങള്‍ക്ക് മുന്‍കൈ നല്‍കാനാണ് ശ്രമിക്കുന്നത്. പത്താംതരം പരീക്ഷ സ്കൂളുകളില്‍ത്തന്നെ നടത്തി മാര്‍ക്ക് നല്‍കുന്ന രീതിയാണ് സിബിഎസ്ഇ സ്ഥാപനങ്ങളില്‍. ഇത്തരം പരീക്ഷകളിലൂടെ കടന്നുവന്നവര്‍ക്ക് എസ്എസ്എല്‍സി പൊതുപരീക്ഷ പാസായി വരുന്നവരേക്കാള്‍ പരിഗണന കൊടുക്കുന്ന രീതി പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളോടു കാണിക്കുന്ന കടുത്ത അനീതിയാണ്. ഈ നയത്തിന്റെ രക്തസാക്ഷിയാണ് പട്ടാമ്പിയില്‍ ആത്മഹത്യചെയ്ത രേഷ്മ എന്ന വിദ്യാര്‍ഥിനി.

ഒരു നിയന്ത്രണവും ഇല്ലാതെ സ്വാശ്രയ കോളേജുകള്‍ അനുവദിച്ച യുഡിഎഫ് സര്‍ക്കാരിന്റെ നയമാണ് കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചത്. ഇതിന്റെ ഭാഗമായി വിദ്യാഭ്യാസനിലവാരത്തിന് വലിയ തിരിച്ചടി ഉണ്ടായി. നിലവാരം ഇല്ലാത്ത സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകള്‍ അടച്ചുപൂട്ടുന്നതിനുള്ള ഹൈക്കോടതി ഉത്തരവ് മറികടക്കാന്‍ മോഡറേഷന്‍ നല്‍കുകയാണ്. സ്വാശ്രയമെഡിക്കല്‍ പ്രവേശനത്തിന് യുഡിഎഫ് ഉണ്ടാക്കിയ കരാര്‍ മാനേജ്മെന്റുകള്‍ക്ക് കോടികള്‍ അധികവരുമാനം നല്‍കുന്നു. സ്കൂള്‍ അധ്യാപകനെപ്പോലും സര്‍വകലാശാലാ വൈസ് ചാന്‍സലറാക്കാന്‍ തയ്യാറാകുന്ന സമീപനം വിദ്യാഭ്യാസമേഖലയിലെ നിലവാരത്തകര്‍ച്ച എത്രമാത്രമാണ് എന്നതിന്റെ സൂചനയാണ്. കേരളവികസനത്തിന്റെ മറ്റൊരു പ്രധാന സവിശേഷത സാമൂഹ്യസുരക്ഷാ സംവിധാനങ്ങളുടെ വലയമാണ്.

യുഡിഎഫ് സര്‍ക്കാര്‍ ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിച്ചില്ലെന്നു മാത്രമല്ല, അവ കാര്യക്ഷമമായി വിതരണംചെയ്യുന്നതിനും തയ്യാറാകുന്നില്ല. ക്ഷേമനിധി ആനുകൂല്യങ്ങള്‍ വലിയ കുടിശ്ശികയായി വളര്‍ന്നിരിക്കുന്നു. പാരിസ്ഥിതിക സന്തുലനത്തിനും ഭക്ഷ്യോല്‍പ്പാദനത്തിന്റെ സംരക്ഷണത്തിനും അത്യന്താപേക്ഷിതമായ ഒന്നാണ് നെല്‍വയലുകളുടെയും നീര്‍ത്തടങ്ങളുടെയും സംരക്ഷണം. ഇതിനായി എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങള്‍ അട്ടിമറിക്കുന്നു. 2005ന് മുമ്പ് നികത്തപ്പെട്ട വയലുകള്‍ക്ക് ഭൂമാഫിയയുടെ സമ്മര്‍ദത്തിനു വഴങ്ങി അംഗീകാരം നല്‍കുകയാണ്. ഇതിലെ അഴിമതി യുഡിഎഫിലുള്ളവര്‍ക്കുപോലും ന്യായീകരിക്കാന്‍ പറ്റുന്നില്ല. നെല്ലിയാമ്പതിയിലെ വനഭൂമി വന്‍തോതില്‍ സ്വകാര്യ ഉടമകള്‍ക്ക് കൈക്കലാക്കുന്നതിന് സര്‍ക്കാര്‍ മനഃപൂര്‍വം കേസ് തോറ്റുകൊടുക്കുന്നു. പൊതുസ്വത്തിനെ സ്വകാര്യവല്‍ക്കരിക്കുക എന്ന ആഗോളവല്‍ക്കരണനയം മുന്നോട്ടുവയ്ക്കുന്ന സമീപനമാണ് ഈ കാഴ്ചപ്പാടിന്റെ അടിത്തറ.

ആദിവാസി ജനവിഭാഗത്തില്‍ വലിയൊരളവ് ഭൂരഹിതരായി തുടരുകയാണ്. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് ഓരോ കുടുംബത്തിനും ഒരേക്കര്‍വീതം നല്‍കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടി സ്വീകരിക്കുകയും മുപ്പതിനായിരത്തോളം ഏക്കര്‍ നല്‍കുകയും ചെയ്തു. യുഡിഎഫ് സര്‍ക്കാര്‍ വന്നശേഷം ഈ നടപടി മുന്നോട്ടുനീങ്ങിയില്ല. ഈ വിഷയം ഉന്നയിച്ച് പ്രക്ഷോഭത്തിന് ഇറങ്ങിയവരെ ജയിലില്‍ അടയ്ക്കാനാണ് തയ്യാറായത്. ആദിവാസിമേഖലയിലെ സൗജന്യചികിത്സയും അട്ടിമറിച്ചു. കാര്‍ഷിക- വ്യാവസായികമേഖലകളെ തകര്‍ക്കുന്നതിനു പുറമെ എല്ലാതലത്തിലും കേരളത്തിന്റെ നേട്ടങ്ങള്‍ അട്ടിമറിക്കുന്ന ഈ ദുഃസ്ഥിതി മാറ്റാന്‍ ജനങ്ങളുടെ യോജിച്ച പ്രക്ഷോഭമേ മാര്‍ഗമുള്ളൂ എന്ന് വന്നിരിക്കുന്നു.

III

കേരളത്തെ ഭ്രാന്താലയമാക്കുന്നു

യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ഘട്ടങ്ങളിലൊന്നും അടിസ്ഥാന ജനവിഭാഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് വിലകല്‍പ്പിച്ചിട്ടില്ല. അവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ സാമ്പത്തികബാധ്യതയുടെയും മറ്റും പേരുപറഞ്ഞ് ഒന്നിനുപുറകെ ഒന്നായി ഇല്ലാതാക്കി. ജാതി- മത ശക്തികളെ പ്രോത്സാഹിപ്പിച്ച് ജനങ്ങളുടെ പ്രതിഷേധത്തെ വഴിതിരിച്ചുവിടുന്നതിനുള്ള നടപടികളും സ്വീകരിച്ചു. ആ നില ഈ സര്‍ക്കാരിന്റെ കാലത്തും തുടരുന്നു.

ഏറ്റവും പാവപ്പെട്ടവര്‍ പണിയെടുക്കുന്ന മേഖലയാണ് പരമ്പരാഗത വ്യവസായങ്ങള്‍. ഈ മേഖലയെ സംരക്ഷിക്കാനോ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനോ ഉള്ള ശ്രമം യുഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.ഉല്‍പ്പന്നങ്ങള്‍ കയര്‍ഫെഡ് ഏറ്റെടുക്കാത്തതിനാല്‍ കയര്‍ സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനം സ്തംഭനാവസ്ഥയിലാണ്. കശുവണ്ടി മേഖലയെ സഹായിക്കാന്‍ തയ്യാറാകുന്നില്ലെന്നുമാത്രമല്ല, ക്ഷേമനിധി ആനുകൂല്യങ്ങളും തകര്‍ക്കുന്നു. കൈത്തറി സഹകരണസംഘങ്ങളാകട്ടെ, കടംപെരുകി പ്രവര്‍ത്തനമൂലധനം ഇല്ലാതെ പ്രതിസന്ധിയിലാണ്. വിദേശ മദ്യബാറുകളെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ കള്ളുഷാപ്പുകളെ സംരക്ഷിക്കുന്നതിന് തയ്യാറാകാത്തതിനാല്‍ ആ മേഖലയും പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു. ദിനേശ് ബീഡി തൊഴിലാളികള്‍ക്കായി എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പെന്‍ഷന്‍ പദ്ധതി അട്ടിമറിച്ചു. മണ്ണെണ്ണക്ഷാമവും വിലക്കയറ്റവും കാരണം പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പ്രതിസന്ധിയിലാണ്. ഈ മേഖലയില്‍ എല്‍ഡിഎഫ് കൊണ്ടുവന്ന മാതൃകാപരമായ പദ്ധതികളെല്ലാം യുഡിഎഫ് തകര്‍ത്തു. അധികാരവികേന്ദ്രീകരണ പ്രക്രിയയെ തകര്‍ക്കുക വലതുപക്ഷശക്തികളുടെ എക്കാലത്തെയും അജന്‍ഡയാണ്. തെരഞ്ഞെടുക്കപ്പെട്ട ജില്ലാ കൗണ്‍സിലുകളെപ്പോലും പിരിച്ചുവിട്ട് ഇത് യുഡിഎഫ് നേരത്തേതന്നെ വ്യക്തമാക്കിയിട്ടുണ്ട്. അധികാരവികേന്ദ്രീകരണത്തിന് കേരളം സംഭാവനചെയ്ത ജനകീയാസൂത്രണപദ്ധതിയെയും തകര്‍ക്കുന്നു.

ഉല്‍പ്പാദനമേഖലയിലെ തദ്ദേശസ്ഥാപനങ്ങളുടെ പങ്ക് ഉപേക്ഷിച്ച്, പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതിനുള്ള അധികാരം ഉദ്യോഗസ്ഥര്‍ക്ക് നല്‍കി അഴിമതിക്ക് പുതിയ വഴി അവതരിപ്പിച്ചു. കുടുംബശ്രീയെ തകര്‍ത്ത് ജനശ്രീയെ പ്രതിഷ്ഠിച്ച് രാഷ്ട്രീയ അജന്‍ഡ നടപ്പാക്കാനാണ് ശ്രമം. തൊഴിലുറപ്പ് പദ്ധതിയുടെ മേല്‍നോട്ടത്തില്‍നിന്ന് കുടുംബശ്രീയെ ഒഴിവാക്കുന്ന നടപടിയും സ്വീകരിച്ചു. അതോടൊപ്പം ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ കുടുംബശ്രീയില്‍നിന്ന് മാറ്റാനുള്ള പരിശ്രമവും തുടരുന്നു. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ മുന്‍പന്തിയില്‍നിന്ന കേരളം ഇക്കാര്യത്തില്‍ ഇന്ന് ഇന്ത്യയില്‍ 17-ാം സ്ഥാനത്താണ്. പൊതുവിതരണസമ്പ്രദായത്തെ ഫലപ്രദമായി ഉപയോഗിച്ച എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയം ഈ സര്‍ക്കാര്‍ തിരുത്തുകയാണ്. സപ്ലൈകോയുടെ ബജറ്റ് വിഹിതം എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയ 120 കോടി എന്നത് 50 കോടി രൂപയായി കുറച്ചു. സപ്ലൈകോയ്ക്ക് നല്‍കാനുള്ള 121 കോടി രൂപ നല്‍കിയിട്ടുമില്ല. കര്‍ഷകര്‍ ഉല്‍പ്പാദിപ്പിച്ച പച്ചക്കറി ഉള്‍പ്പെടെ സംഭരിച്ച് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ശ്രമിക്കാത്തതുകൊണ്ട് അവ കര്‍ഷകര്‍ നശിപ്പിക്കുന്നതിനും കേരളം സാക്ഷിയായി. കേരളത്തിന്റെ വികസനത്തിനുതന്നെ പ്രതിസന്ധി സൃഷ്ടിക്കുന്ന വിധത്തിലാണ് വൈദ്യുതിമേഖലയില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നയസമീപനം. ദീര്‍ഘവീക്ഷണത്തോടെ വൈദ്യുതോല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ആരംഭിക്കാത്തത് ഭാവിയില്‍ കേരളം ഇരുട്ടിലേക്ക് നീങ്ങും എന്ന സൂചനയാണ് നല്‍കുന്നത്. ഇടതുപക്ഷ സര്‍ക്കാരുകള്‍ അധികാരത്തിലിരുന്ന കാലത്ത് നടത്തിയ ഇടപെടലിന്റെ ഫലമായി ഇല്ലാതായ പവര്‍കട്ടും ലോഡ്ഷെഡിങ്ങും തിരിച്ചുവരുന്നു. വൈദ്യുതിനിരക്കിലാകട്ടെ കേട്ടുകേള്‍വിയില്ലാത്ത രീതിയിലാണ് വര്‍ധനവരുത്തിയത്. ജൂലൈ ഒന്നുവരെയുള്ള മുന്‍കാലപ്രാബല്യത്തോടെയാണ് ഇത് എന്നത് സര്‍ക്കാരിന്റെ മനോഭാവം വ്യക്തമാക്കുന്നതുമാണ്. ഈ വര്‍ധനയിലൂടെ 1676.84 കോടി രൂപയാണ് ജനങ്ങളില്‍നിന്ന് പിഴിഞ്ഞെടുക്കുന്നത്. ബോര്‍ഡിന്റെ നഷ്ടത്തിന്റെ കണക്കുപറഞ്ഞാണ് ഈ വര്‍ധനയെ ന്യായീകരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍, വന്‍കിടക്കാരുടേതുള്‍പ്പെടെ ആയിരത്തിമുന്നൂറോളം കോടി രൂപയുടെ കുടിശ്ശിക ബോര്‍ഡിന് പിരിച്ചെടുക്കാനുണ്ട്. അതിനുള്ള നടപടി ആവിഷ്കരിക്കാതെ നഷ്ടത്തിന്റെ പേരുപറഞ്ഞ് ജനങ്ങളുടെ തലയില്‍ ഭാരം കയറ്റിവയ്ക്കാനാണ് തീരുമാനിച്ചത്.

വ്യവസായങ്ങള്‍ക്കുള്ള വൈദ്യുതിനിരക്കിലും വന്‍തോതില്‍ വര്‍ധന വരുത്തി. തട്ടുകളായി തിരിച്ച് വ്യവസായങ്ങള്‍ക്ക് വൈദ്യുതിനിരക്ക് ഈടാക്കുന്ന രീതിയും നിര്‍ത്തലാക്കി. ഇത് വ്യാവസായികമേഖലയില്‍ വന്‍തോതിലുള്ള പ്രത്യാഘാതമുണ്ടാക്കും. എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച വികസനപദ്ധതികള്‍ ഇപ്പോള്‍ ഇഴഞ്ഞുനീങ്ങുകയാണ്. കോച്ച് ഫാക്ടറിക്കായി എല്‍ഡിഎഫ് സര്‍ക്കാര്‍ പാലക്കാട്ട് 239 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് നല്‍കിയിരുന്നു. എന്നാല്‍, ഇത് യാഥാര്‍ഥ്യമാക്കുന്നതിനുള്ള ശുഷ്കാന്തി സര്‍ക്കാര്‍ കാണിക്കുന്നില്ല. ചീമേനി തെര്‍മല്‍ പവര്‍ പ്ലാന്റ്, കണ്ണൂര്‍ വിമാനത്താവളം, കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം, തെക്ക്- വടക്ക് ഹൈ സ്പീഡ് റെയില്‍ കോറിഡോര്‍, കൊച്ചി- കോയമ്പത്തൂര്‍ വ്യാവസായിക ഇടനാഴി തുടങ്ങിയവയുടെ സ്ഥിതിയും ഇതുതന്നെ. സ്മാര്‍ട്ട് സിറ്റി പദ്ധതിയും കടലാസില്‍ തന്നെയാണ് ഇപ്പോഴും. അതിവേഗം ബഹുദൂരം എന്ന പ്രഖ്യാപനം മുഴങ്ങുന്നുണ്ടെങ്കിലും ജനവിരുദ്ധനയങ്ങള്‍ക്കുമാത്രമേ ഈ വേഗത കാണാനുള്ളൂ. സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ജന്‍ഡര്‍ ബജറ്റ് ഉള്‍പ്പെടെയുള്ള കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ച് ഈ മേഖലയിലെ വികസനത്തിന് പുതിയ ദിശാബോധം എല്‍ഡിഎഫ് സര്‍ക്കാര്‍ പകര്‍ന്നിരുന്നു. അവയെല്ലാം അട്ടിമറിക്കപ്പെടുകയാണ്. സ്ത്രീകള്‍ക്ക് തീവണ്ടിയില്‍പ്പോലും യാത്രചെയ്യാന്‍ പറ്റാത്ത നിലയാണ് ഇപ്പോഴുള്ളത്. സ്ത്രീപീഡനക്കേസുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പോലും പിടിക്കപ്പെടുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്ന് ഒരു വര്‍ഷത്തിനുള്ളില്‍ സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങളുടെ എണ്ണം 14,445 ആയി. 1132 ബലാത്സംഗങ്ങളും 5377 ഗാര്‍ഹിക പീഡനങ്ങളും ഇക്കാലത്ത് നടന്നു. 47 കുട്ടികള്‍ കൊല്ലപ്പെടുകയും 423 പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായതായും നിയമസഭയില്‍ സര്‍ക്കാര്‍ നല്‍കിയ കണക്കുകള്‍ വ്യക്തമാക്കുന്നു.

ക്രമസമാധാനപരിപാലനത്തില്‍ ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമായിരുന്നു കേരളം. എന്നാല്‍, ഇന്ന് നിലയാകെ മാറി. ക്രിമിനല്‍ കേസുകളില്‍പെട്ട 607 പൊലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടെന്ന് കേരള പോലീസ് തന്നെയാണ് ഹൈക്കോടതിയില്‍ വ്യക്തമാക്കിയത്. ഗുണ്ടകളും പെണ്‍വാണിഭക്കാരും കേരളം അടക്കിഭരിക്കുകയാണ്. അതിന്റെ തെളിവാണല്ലോ മണിയന്‍പിള്ള എന്ന പൊലീസുകാരനെ ഗുണ്ട കൊലപ്പെടുത്തിയത്. അതിലെ പ്രതിയെ പിടിക്കുന്നതിനുപോലും ഇന്നേവരെ കഴിഞ്ഞില്ല. അവകാശസമരങ്ങള്‍ക്കുനേരെ ഭീകരമര്‍ദനം അഴിച്ചുവിടുന്ന സര്‍ക്കാര്‍ ഗുണ്ടകളുടെയും കവര്‍ച്ചക്കാരുടെയും മുന്നില്‍ മുട്ടുവിറച്ച് നില്‍ക്കുന്നു. സംസ്ഥാനത്ത് അഴിമതിയും വ്യാപകമായി. മുഖ്യമന്ത്രി പ്രതിയായ പാമൊലിന്‍ അഴിമതിക്കേസ് ഭരണസ്വാധീനം ഉപയോഗിച്ച് അട്ടിമറിച്ചു. ടൈറ്റാനിയം അഴിമതിക്കേസും ഇതേ വഴിക്കാണ് നീങ്ങിയത്. മന്ത്രിമാരുടെ പേരിലുള്ള വിജിലന്‍സ് കേസുകള്‍ ഓരോന്നായി ഇല്ലാതാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ജാഗ്രതയോടെ അണിയറയില്‍ നടക്കുന്നു. ജീവനക്കാരുടെ സ്ഥലംമാറ്റത്തിലും മറ്റും ഉണ്ടായിട്ടുള്ള അഴിമതിയും സ്വജനപക്ഷപാതവും ഹൈക്കോടതിക്കുതന്നെ ഇടപെട്ട് തടയേണ്ടിവന്നു. നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന മതനിരപേക്ഷതാപാരമ്പര്യം കേരളീയന്റെ അഭിമാനങ്ങളിലൊന്നാണ്. രാഷ്ട്രീയലാഭത്തിനുവേണ്ടി ഈ പാരമ്പര്യത്തെ തകര്‍ക്കുന്നവിധം ജാതി- മത ശക്തികളെ പ്രോത്സാഹിപ്പിക്കുക എന്നത് വലതുപക്ഷശക്തികളുടെ എക്കാലത്തെയും അജന്‍ഡയാണ്. വിമോചനസമരത്തോടുകൂടി ശക്തിപ്രാപിച്ച ഈ പ്രവണത ഇപ്പോള്‍ തീവ്രമായിരിക്കുകയാണ്. ജനക്ഷേമകരമായി പ്രവര്‍ത്തിച്ച എല്‍ഡിഎഫ് സര്‍ക്കാരിനെ പരാജയപ്പെടുത്തുന്നതിന് ജാതി- മത ശക്തികളുടെ പിന്തുണയാണ് കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ പലയിടത്തും യുഡിഎഫ് തേടിയത്. അധികാരത്തിലെത്തിയതോടെ, യുഡിഎഫ് സര്‍ക്കാരിന് ഇത്തരം ശക്തികളുടെ സമ്മര്‍ദത്തിനുവിധേയമായി പ്രവര്‍ത്തിക്കേണ്ടിവന്നു. മന്ത്രിമാരെപ്പോലും നിശ്ചയിച്ചത് ജാതി- മത സംഘടനകളുടെ സമ്മര്‍ദത്തിനുവഴങ്ങിയാണ്. മുസ്ലിംലീഗിന്റെ അഞ്ചാംമന്ത്രിസ്ഥാനം സാമുദായിക സന്തുലിതാവസ്ഥ തകര്‍ത്തു എന്ന കാര്യം സമൂഹത്തോട് വിളിച്ചുപറഞ്ഞത് പല കോണ്‍ഗ്രസ് നേതാക്കളുമാണ്. വിദ്യാഭ്യാസമേഖല വര്‍ഗീയവല്‍ക്കരിക്കപ്പെടുന്നു. തീവ്രവാദികളുടെ നേതൃത്വത്തിലുള്ള സദാചാര പൊലീസ് നടത്തുന്ന അതിക്രമങ്ങള്‍ ജനങ്ങളുടെ സൈ്വരജീവിതത്തിന് കനത്ത ഭീഷണിയായി. കേരളം ഏറെക്കാലംകൊണ്ട് നേടിയെടുത്ത ജനാധിപത്യരീതിക്കുതന്നെ ഇത് വെല്ലുവിളി സൃഷ്ടിച്ചു. വര്‍ഗീയ തീവ്രവാദശക്തികളെ സംരക്ഷിക്കുന്ന സമീപനമാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിന്റെ ഉത്തമോദാഹരണങ്ങളിലൊന്നാണ് കാസര്‍കോട് അന്വേഷണത്തിന് നിയോഗിക്കപ്പെട്ട നിസാര്‍ കമീഷനെ പിരിച്ചുവിട്ടത്. മാറാട് കലാപവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണവും മരവിപ്പിച്ചു.

നരിക്കാട്ടേരി ബോംബ് സ്ഫോടനക്കേസിന്റെ അന്വേഷണത്തിനും ഇതേ ഗതിയാണ് ഉണ്ടായിരിക്കുന്നത്. മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ തീവ്രവാദസംഘങ്ങള്‍ അഴിഞ്ഞാടുന്ന നില കേരളത്തിലെ ക്രമസമാധാനപ്രശ്നമായി വളരുകയാണ്. ലീഗില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയിരിക്കുന്നുവെന്ന കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവന അക്ഷരംപ്രതി ശരിവയ്ക്കുന്നതാണ് വര്‍ത്തമാനകാലസംഭവങ്ങള്‍. ഇത്തരം പ്രവര്‍ത്തനങ്ങളെ നിയന്ത്രിച്ച് ജനങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദം നിലനിര്‍ത്താന്‍ ഉത്തരവാദപ്പെട്ട സംസ്ഥാന സര്‍ക്കാരാകട്ടെ ഇക്കാര്യത്തില്‍ തികഞ്ഞ പരാജയമാണ്. യുഡിഎഫിന്റെ തെറ്റായ നയങ്ങള്‍ മൂലം രൂപംകൊണ്ട ഈ സാഹചര്യം ഉപയോഗിച്ച് തങ്ങളുടെ അജന്‍ഡ നടപ്പാക്കാന്‍ ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള വര്‍ഗീയ- ഫാസിസ്റ്റ് സംഘടനകളും കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. ഈ അവസ്ഥ കേരളീയസമൂഹത്തില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നവിധം അതിവേഗം വളരുകയാണ്.

കേരളത്തിന്റെ വികസന അടിത്തറയെയും ജനാധിപത്യപരമായ ജീവിതരീതികളെയും തകര്‍ക്കുന്ന വിധത്തിലേക്ക് യുഡിഎഫ് സര്‍ക്കാരിന്റെ ഭരണം മാറി. സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമെന്നു വിശേഷിപ്പിച്ച കേരളം നവോത്ഥാനപ്രസ്ഥാനങ്ങള്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെയും ദേശീയപ്രസ്ഥാനത്തിന്റെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും ഇടപെടലിന്റെ ഫലമായാണ് ഇന്നത്തെ ജനാധിപത്യസമൂഹമായി വളര്‍ന്നത്. അത് തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന ജനലക്ഷങ്ങളുടെ ശബ്ദമാണ് ഈ പ്രക്ഷോഭത്തില്‍ ഉയര്‍ന്നുവരിക. അതുകൊണ്ടുതന്നെ കേരളത്തിന്റെ മഹത്തായ പാരമ്പര്യങ്ങളെ സംരക്ഷിക്കുന്നതിനായുള്ള ഈ പോരാട്ടത്തില്‍ കേരളത്തെ സ്നേഹിക്കുന്നവര്‍ മുഴുവന്‍ അണിനിരക്കുമെന്ന് പ്രതീക്ഷിക്കുന്നു.

IV

കേരളത്തെ രക്ഷിക്കാന്‍


ഇടതുപക്ഷത്തിനും കോണ്‍ഗ്രസിനും ഒരേ സാമ്പത്തികനയവും നിലപാടുമാണ് എന്ന് പ്രചരിപ്പിക്കുന്നതിനാണ് യഥാര്‍ഥ വിപ്ലവകാരികള്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ ശ്രമിക്കുന്നത്. അവരുടെ കാഴ്ചപ്പാടുകളുടെ പൊള്ളത്തരം വ്യക്തമാക്കുന്നതാണ് പങ്കാളിത്ത പെന്‍ഷനുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയപ്പോള്‍ ഇടതുപക്ഷം ഭരിച്ച കേരളം, പശ്ചിമ ബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ നടപ്പാക്കിയില്ല. അഖിലേന്ത്യാടിസ്ഥാനത്തില്‍ ഒരു നിയമം വരുന്നതിനു മുമ്പാണ് മറ്റു സംസ്ഥാനങ്ങള്‍ ഈ ദിശയിലേക്ക് നീങ്ങിയത്. എന്നാല്‍, തൊഴിലാളികളുടെയും ജീവനക്കാരുടെയും ബഹുജനങ്ങളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഇടതുപക്ഷ സര്‍ക്കാരുകള്‍ ഈ നയത്തിനു ബദലായ നയം മുന്നോട്ടുവച്ചു. ഇടതുപക്ഷം വലതുപക്ഷ ശക്തികളില്‍നിന്ന് നയപരമായി വ്യത്യസ്ത പാതയിലാണ് എന്ന് ഇത് തെളിയിക്കുന്നു.

പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുമ്പോള്‍ ഉണ്ടാകുന്ന സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യതക്കുറവുകൊണ്ട് ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് പദ്ധതികള്‍ ആവിഷ്കരിക്കുമെന്നാണ് യുഡിഎഫ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. പങ്കാളിത്ത പെന്‍ഷനെതിരായി ജീവനക്കാര്‍ പ്രക്ഷോഭരംഗത്ത് വരുമ്പോള്‍ അവര്‍ക്കെതിരായി മറ്റു ജനവിഭാഗങ്ങളെ തിരിച്ചുവിടാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഈ പ്രചാരണം. എന്നാല്‍, വസ്തുത ഇവരുടെ പ്രചാരണത്തില്‍നിന്ന് വളരെ വ്യത്യസ്തമാണ് എന്ന് പരിശോധനയില്‍ വ്യക്തമാകും. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണ് കേരളത്തില്‍ പങ്കാളിത്ത പെന്‍ഷന്റെ കാഴ്ചപ്പാടുകള്‍ മുന്നോട്ടുവച്ചതും നടപ്പാക്കിയതും. തുടര്‍ന്നുവന്ന ഇടതുപക്ഷ സര്‍ക്കാര്‍ ഈ തീരുമാനം പിന്‍വലിച്ചു. ജീവനക്കാര്‍ക്ക് ഉണ്ടായിരുന്ന നിരവധി ആനുകൂല്യങ്ങളും യുഡിഎഫ് ഇല്ലാതാക്കി. അന്നും ജീവനക്കാര്‍ രാഷ്ട്രീയം മറന്ന് പോരാട്ടരംഗത്തിറങ്ങിയപ്പോള്‍ ഇതേ പ്രചാരവേല നടന്നു. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ച യുഡിഎഫ് സര്‍ക്കാര്‍ മറ്റു ജനവിഭാഗങ്ങള്‍ക്ക് എന്താണ് സംഭാവനചെയ്തത് എന്നുകൂടി പരിശോധിച്ചാല്‍ ഇതിന്റെ പൊള്ളത്തരം മനസിലാകും.

കേരളത്തിലെ കര്‍ഷകത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികളുടെ ക്ഷേമപെന്‍ഷനുകള്‍ കാലോചിതമായി വര്‍ധിപ്പിക്കുന്നതിനുള്ള ഒരു നടപടിയും ആ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. മാത്രമല്ല, ക്ഷേമപെന്‍ഷന്‍ വകയില്‍ 165 കോടി രൂപ കുടിശ്ശികയാക്കി. ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കുന്ന കാര്യത്തിലും തികഞ്ഞ അലംഭാവമാണ് കാണിച്ചത്. എഴുപത്തയ്യായിരത്തോളം അപേക്ഷകള്‍ ആ ഇനത്തില്‍ കെട്ടിക്കിടന്നു. തൊഴിലില്ലായ്മാ വേതന ഇനത്തില്‍ 140 കോടി രൂപയാണ് നല്‍കാനുണ്ടായിരുന്നത്. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയ യുഡിഎഫ് സര്‍ക്കാര്‍ ക്ഷേമനിധി ആനുകൂല്യത്തിനായി ശരാശരി വര്‍ഷത്തില്‍ ചെലവഴിച്ചത് 134 കോടി രൂപയാണ്. എന്നാല്‍, പങ്കാളിത്ത പെന്‍ഷന്‍ എന്ന യുഡിഎഫ് നയം തിരുത്തിയ എല്‍ഡിഎഫ് സര്‍ക്കാരാവട്ടെ, വര്‍ഷത്തില്‍ ചെലവഴിച്ചത് ശരാശരി 389 കോടി രൂപയാണ്. ക്ഷേമ പെന്‍ഷനുകളുടെ കുടിശ്ശിക വിതരണംചെയ്തതും അവ വര്‍ധിപ്പിച്ചതും എല്‍ഡിഎഫ് സര്‍ക്കാരാണ്.

ആഗോളവല്‍ക്കരണ നയങ്ങള്‍ ലോകത്ത് വമ്പിച്ച സാമ്പത്തിക പ്രതിസന്ധി പ്രദാനംചെയ്തു. ഈ പ്രതിസന്ധി മറികടക്കുന്നതിന് ലോകബാങ്ക് തയ്യാറാക്കിയ രേഖയില്‍ രാഷ്ട്രങ്ങള്‍ക്ക് സുസ്ഥിര വളര്‍ച്ച കൈവരിക്കുന്നതിനുള്ള മാര്‍ഗമായാണ് പെന്‍ഷന്‍ ഫണ്ടുകള്‍ വ്യാപിപ്പിക്കണമെന്ന് നിര്‍ദേശിച്ചത്. മുതലാളിത്ത സാമ്പത്തിക പ്രതിസന്ധി തരണംചെയ്യുന്നതിന് അഥവാ ഓഹരിക്കമ്പോളത്തിന്റെ തകര്‍ച്ച ഒഴിവാക്കുന്നതിന് സ്ഥിരതയുള്ള നിക്ഷേപം അനിവാര്യമെന്നാണ് മുതലാളിത്ത വിശകലനം. ലോകത്താകെയുള്ള പെന്‍ഷന്‍ ഫണ്ടുകള്‍ ഷെയര്‍ മാര്‍ക്കറ്റിലേക്ക് തുറന്നുവിട്ടാല്‍ ഇന്നത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്നാണവരുടെ വാദം. ഇങ്ങനെ മുതലാളിത്ത സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി ലോകത്ത് കോര്‍പറേറ്റുകള്‍ക്ക് ഉണ്ടായിട്ടുള്ള സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനുള്ള വഴി എന്ന നിലയിലാണ് പങ്കാളിത്ത പെന്‍ഷനുകള്‍ വ്യാപിപ്പിക്കുന്നതിനുള്ള ശ്രമം ശക്തിപ്പെട്ടത്. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയ രാജ്യങ്ങളില്‍ ഉണ്ടായ അനുഭവം ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നഷ്ടമാക്കുക എന്നതായിരുന്നു. അമേരിക്കയിലെ ഏറ്റവും വലിയ പെന്‍ഷന്‍ഫണ്ടായ കാലിഫോര്‍ണിയ പബ്ലിക് എംപ്ലോയീസ് റിട്ടയര്‍മെന്റ് സിസ്റ്റം, കാലിഫോര്‍ണിയ സ്റ്റേറ്റ് ടീച്ചേഴ്സ് റിട്ടയര്‍മെന്റ് സിസ്റ്റം എന്നിവയ്ക്ക് 2008 ലും 2009 ലുമായി 67 ബില്യന്‍ ഡോളറിന്റെ നഷ്ടം നേരിട്ടു. ആകെ 500 ബില്യന്‍ ഡോളറിന്റെ നഷ്ടമാണ് ഓഹരിവിപണിയിലെ തകര്‍ച്ചമൂലം അമേരിക്കന്‍ പെന്‍ഷന്‍ഫണ്ടുകള്‍ക്കുണ്ടായത്. ഇതുമൂലം ഭാവിയില്‍ പെന്‍ഷന്‍ നല്‍കാന്‍ കഴിയാതെ വരുമെന്നാണ് വിലയിരുത്തുന്നത്.

അര്‍ജന്റീന, ചിലി തുടങ്ങിയ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ പരീക്ഷിച്ച് പരാജയമടഞ്ഞതാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി. നിരവധി പോരാട്ടങ്ങളിലൂടെ ജീവനക്കാര്‍ നേടിയെടുത്ത സേവന- വേതന വ്യവസ്ഥകളുടെ മേലാണ് ഈ സര്‍ക്കാര്‍ കൈവയ്ക്കുന്നത്. തുടര്‍ന്ന് ഇത് മറ്റു മേഖലകളില്‍, നേടിയെടുത്ത അവകാശങ്ങളിലേക്കും വ്യാപിക്കും. അതുകൊണ്ട് ഈ മേഖലയില്‍ നടക്കുന്ന പ്രക്ഷോഭങ്ങളുമായി മറ്റു വിഭാഗങ്ങളും ഐക്യപ്പെടേണ്ടത് അത്യന്താപേക്ഷിതമാണ്. പെന്‍ഷന്‍ഫണ്ടിലേക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ വേതനത്തിന്റെ 10 ശതമാനവും സര്‍ക്കാരിന്റെ തുല്യ വിഹിതവുമാണ് നല്‍കുക. ആ തുക ബഹുരാഷ്ട്ര കമ്പനികളുടെ കൈകളിലേക്കാണ് എത്തിച്ചേരുക. അതായത്, കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് കരുത്ത് പകരേണ്ട തുക ബഹുരാഷ്ട്ര കമ്പനികളുടെ കൈകളിലേക്കെത്തുമ്പോള്‍ കേരളത്തിന്റെ സാമ്പത്തിക ഘടനയ്ക്കാണ് പൊതുവില്‍ പ്രതിസന്ധിയുണ്ടാവുക. സ്വകാര്യ മേഖലയില്‍ ലഭിക്കുന്ന വന്‍ ആനുകൂല്യങ്ങള്‍ തേടി ഉദ്യോഗാര്‍ഥികള്‍ നീങ്ങുമ്പോള്‍ പൊതുജനാരോഗ്യ സമ്പ്രദായം ഉള്‍പ്പെടെയുള്ള സേവന മേഖലകള്‍ തകരുന്ന നില ഉണ്ടാകും. കേരളത്തിന്റെ സാമൂഹ്യ അവസ്ഥ മനസ്സിലാക്കാതെയുള്ള നടപടികളാണ് പെന്‍ഷന്‍ പ്രായത്തിന്റെ കാര്യത്തില്‍ യുഡിഎഫ് സ്വീകരിക്കുന്നത്. പെന്‍ഷന്‍പ്രായം 60 ആയി വര്‍ധിപ്പിക്കാനാണ് ഇപ്പോള്‍ ആലോചിക്കുന്നത്. അഭ്യസ്തവിദ്യരായ 44 ലക്ഷത്തോളം പേര്‍ തൊഴില്‍രഹിതരായി നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം എന്ന യാഥാര്‍ഥ്യബോധം ഈ സര്‍ക്കാരിനില്ല. മാത്രമല്ല, നിലവിലുള്ള തസ്തികകള്‍ വെട്ടിക്കുറയ്ക്കാനും നിയമന നിരോധനം നടപ്പാക്കുന്നതിനും ഉള്ള നടപടികള്‍ പെന്‍ഷന്‍ പരിഷ്കരണത്തോടൊപ്പം നടപ്പാക്കുന്നുണ്ട്. വിദ്യാര്‍ഥികളുടെയും തൊഴിലന്വേഷകരുടെയും സ്വപ്നങ്ങളില്‍ ഇരുട്ടുവീഴ്ത്തുന്ന പ്രക്രിയയാണ് നടക്കുന്നത്. ആഗോളവല്‍ക്കരണനയങ്ങളുടെ ചുവടുപിടിച്ച് നടക്കുന്ന ഇത്തരം പരിഷ്കാരങ്ങള്‍ക്കെതിരായി എല്ലാ കാലത്തും പൊരുതിനിന്നത് ഇടതുപക്ഷ പ്രസ്ഥാനമാണ്. അതിന്റെ നേതൃസ്ഥാനത്ത് നിലകൊണ്ടത് സിപിഐ എമ്മാണ്. ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്ന സിപിഐ എമ്മിനെ തകര്‍ക്കുക എന്നതുതന്നെ കോര്‍പറേറ്റ് ശക്തികളുടെ താല്‍പ്പര്യമാണ്. അതിനായി മാധ്യമങ്ങളെ ഫലപ്രദമായി അവര്‍ ഉപയോഗിക്കുന്നു.

മാധ്യമ മേഖലയിലേക്ക് കോര്‍പറേറ്റുകള്‍ സജീവമായി ഇടപെടുന്നത് ലാഭംമാത്രം ലക്ഷ്യംവച്ചല്ല. മറിച്ച്, അവര്‍ക്ക് അനുകൂലമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനും അവരുടെ ജനദ്രോഹനയങ്ങളെ പ്രതിരോധിക്കുന്നവരെ തകര്‍ക്കാനുംവേണ്ടിയാണ്. ഈ ഇരട്ടലക്ഷ്യത്തെ തിരിച്ചറിഞ്ഞ് മുന്നോട്ടുപോകേണ്ടതുണ്ട്. സിപിഐ എം ആക്രമിക്കപ്പെടേണ്ട പാര്‍ടിയാണ് എന്ന പൊതുബോധം വളര്‍ത്തുന്നതിനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. കള്ളപ്രചാരവേല നടത്തി കമ്യൂണിസ്റ്റുകാര്‍ എതിര്‍ക്കപ്പെടേണ്ടവരാണ് എന്ന ബോധം സൃഷ്ടിക്കുകയാണ് ഇവര്‍. ഒരടിസ്ഥാനവുമില്ലാതെ പാര്‍ടിനേതാക്കളെ അറസ്റ്റ് ചെയ്യുന്ന രീതിയാണ് നടക്കുന്നത്. സിപിഐ എമ്മിന്റെ കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജനെ അറസ്റ്റ് ചെയ്തത് ഇതിന് ഉദാഹരണമാണ്. കൊലപാതകത്തെക്കുറിച്ച് അറിഞ്ഞിട്ടും തടയാന്‍ ശ്രമിച്ചില്ലെന്നതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്നും അറസ്റ്റ് ചെയ്യുകയാണെന്നുമാണ് പൊലീസ് മേധാവി ജയരാജനോട് പറഞ്ഞത്. താന്‍ ചെയ്ത കുറ്റത്തിന് തെളിവ് എന്തെന്ന ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരാണ് അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്, ഞാനല്ല എന്നായിരുന്നു എസ്പിയുടെ മറുപടി.


ഇതിനു സമാനമായ നിലയാണ് ടി വി രാജേഷിന്റെ കാര്യത്തിലും ഉണ്ടായത്. ഈ സംഭവങ്ങളിലെല്ലാം ഗൂഢാലോചന വളരെ വ്യക്തമാണ്. രാഷ്ട്രീയ വിരോധത്തിന്റെ അടിസ്ഥാനത്തില്‍ കേസുകളില്‍ പ്രതിചേര്‍ക്കുന്ന ഈ നയം കേരളത്തിന്റെ ജനാധിപത്യബോധത്തെ അപഹസിക്കുന്ന വിധത്തിലുള്ളതാണ്. നിസ്സാര സംഭവംപോലും വാര്‍ത്തയാക്കി അവതരിപ്പിക്കുന്ന കേരളത്തിലെ ബഹുഭൂരിപക്ഷം മാധ്യമങ്ങളും ജനങ്ങളുടെ ജീവിതത്തെ ആകമാനം തകര്‍ക്കുന്ന ഇത്തരം നയങ്ങള്‍ക്കെതിരെ മൗനം പാലിക്കുകയാണ്.

ജനാധിപത്യ വിരുദ്ധനയങ്ങള്‍ സിപിഐ എമ്മിനെതിരെ പ്രയോഗിക്കപ്പെടുമ്പോള്‍ തങ്ങള്‍ക്ക് നേരെയല്ലല്ലോ എന്നു കരുതി മാറിനില്‍ക്കുന്നവരുണ്ട്. ജനാധിപത്യവിരുദ്ധത സമൂഹത്തില്‍ വ്യാപിച്ചാല്‍ നാളെ മറ്റെല്ലാ പ്രസ്ഥാനങ്ങള്‍ക്കു നേരെയും ഇത് പ്രയോഗിക്കപ്പെടും എന്ന് മനസിലാക്കേണ്ടതുണ്ട്. അത്തരം ജാഗ്രത ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പുലര്‍ത്തേണ്ടതുണ്ട് എന്നതും പ്രധാന കാര്യമാണ്. ഇത്തരം ആക്രമണങ്ങള്‍ക്കു മുന്നിലൊന്നും തകര്‍ന്നുപോകുന്നതല്ല കമ്യൂണിസ്റ്റ് പ്രസ്ഥാനം. പാര്‍ടി ആരംഭിച്ച കാലം തൊട്ടുതന്നെ നേതാക്കളെ കള്ളക്കേസില്‍ കുടുക്കി തുറുങ്കിലടയ്ക്കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. 1948ല്‍ പാര്‍ടി നിരോധിക്കപ്പെട്ട കാലത്ത് ഇനി കമ്യൂണിസ്റ്റുകാര്‍ തിരിച്ചുവരില്ലെന്നായിരുന്നു വലതുപക്ഷ ശക്തികള്‍ കരുതിയത്. എന്നാല്‍, കൂടുതല്‍ കരുത്തോടെ പാര്‍ടി വളര്‍ന്നു.

1960കളില്‍ ചൈനാ ചാരന്മാര്‍ എന്ന് മുദ്രകുത്തിയാണ് വേട്ടയാടിയത്. അടിയന്തരാവസ്ഥയുടെ നാളുകളില്‍ ജനാധിപത്യത്തിന്റെ പേര് പറഞ്ഞാണ് കമ്യൂണിസ്റ്റുകാര്‍ക്കെതിരായി ഭരണകൂട ഭീകരത അഴിഞ്ഞാടിയത്. അതിനെയെല്ലാം അതിജീവിച്ച് പ്രസ്ഥാനം വളര്‍ന്നു. ഇത്തരം ആക്രമണങ്ങളെ നേരിടാന്‍ പാര്‍ടിക്ക് കരുത്തായത് തങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ടുവരുന്നത് കമ്യൂണിസ്റ്റുകാരാണ് എന്ന ബോധ്യം ജനങ്ങള്‍ക്കുള്ളതുകൊണ്ടാണ്. ഏത് പ്രതിസന്ധിയിലും ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ടുപോവുക എന്ന കമ്യൂണിസ്റ്റ് പാര്‍ടിയുടെ ദൗത്യമാണ് ആഗസ്റ്റ് 22 ന്റെ പ്രക്ഷോഭത്തില്‍ പാര്‍ടി ഏറ്റെടുക്കുന്നത്. കേരളത്തെ രക്ഷിക്കാനുള്ള ഈ സമരത്തിന് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ഉണ്ടാകുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്.

*
പിണറായി വിജയന്‍ ദേശാഭിമാനി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ