2012, ഓഗസ്റ്റ് 28, ചൊവ്വാഴ്ച

ഇടതുപക്ഷ-ജനാധിപത്യ മുന്നണിയുടെ പ്രാധാന്യം


പ്രകാശ് കാരാട്ട്
നവഉദാരനയങ്ങള്‍ക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം, വര്‍ഗീയതയെയും സാമ്രാജ്യത്വശക്തികളുടെ കടന്നാക്രമണങ്ങളെയും ചെറുക്കല്‍ എന്നിങ്ങനെ രാഷ്ട്രീയ പ്രമേയത്തില്‍ പ്രതിപാദിച്ചിട്ടുള്ള പ്രധാന കടമകളിലേക്ക് കടന്നാല്‍ അത്യാവശ്യം വേണ്ടത് ഇടതുപക്ഷ-ജനാധിപത്യ സഖ്യം കെട്ടിപ്പടുക്കലാണ്. തൊഴിലാളിവര്‍ഗത്തിന്റെയും അധ്വാനിക്കുന്ന ഇതര ജനവിഭാഗങ്ങളുടെയും ബദല്‍ നയങ്ങളും ആവശ്യങ്ങളും ഉള്‍ക്കൊള്ളുന്ന ഇടതുപക്ഷ-ജനാധിപത്യ പരിപാടിയാണ് ബൂര്‍ഷ്വ-ഭൂപ്രഭു നയങ്ങളുടെ യഥാര്‍ഥ ബദല്‍. വ്യത്യസ്ത മേഖലകളിലുള്ള അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ യോജിച്ച പ്രസ്ഥാനങ്ങളും പോരാട്ടങ്ങളും വഴി ഇടതുപക്ഷ- ജനാധിപത്യ മുന്നണി കെട്ടിപ്പടുക്കാന്‍ കഴിയും. ഇതിനായി ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തുകയും എല്ലാ ജനാധിപത്യ ശക്തികളെയും ഇടതുപക്ഷ-ജനാധിപത്യ പരിപാടിയില്‍ കേന്ദ്രീകരിച്ച് അണിനിരത്തുകയും ചെയ്യണം.

പാര്‍ടിയുടെ പത്താം കോണ്‍ഗ്രസ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പങ്ക് വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്: ""രണ്ട് ബൂര്‍ഷ്വ- ഭൂപ്രഭു പാര്‍ടികളില്‍ ഏതെങ്കിലും ഒന്നിനെ തെരഞ്ഞെടുക്കാന്‍മാത്രം അവസരം ലഭിക്കുകയും അതുവഴി ജനങ്ങള്‍ ഇന്നത്തെ അവസ്ഥയുടെ തടവറയില്‍ കുടുങ്ങിക്കിടക്കുകയും ചെയ്യുന്ന സാഹചര്യത്തിന് അന്ത്യംകുറിക്കാന്‍ വര്‍ഗബന്ധങ്ങളില്‍ മാറ്റം വരുത്തുകയെന്ന നമ്മുടെ പരിശ്രമത്തിന്റെ ഭാഗമാണ് ഈ മുന്നണി കെട്ടിപ്പടുക്കാനുള്ള പ്രയത്നം. കൂടുതല്‍ മുന്നേറ്റത്തിനായി എല്ലാ ഇടതുപക്ഷ- ജനാധിപത്യ ശക്തികളെയും ഒന്നിച്ച് അണിനിരത്തുന്നതിലൂടെ പാര്‍ടി തുടക്കം കുറിക്കുന്നത്, ഭാവിയില്‍ തൊഴിലാളിവര്‍ഗത്തിന്റെ നേതൃത്വത്തില്‍ രൂപംകൊള്ളുന്ന ജനകീയ ജനാധിപത്യ മുന്നണിയില്‍ പങ്കാളികളാകുന്ന എല്ലാ ശക്തികളെയും ഏകോപിപ്പിക്കുന്ന പ്രവര്‍ത്തനത്തിനാണ്. തെരഞ്ഞെടുപ്പില്‍ ജയിക്കാനോ മന്ത്രിസഭ രൂപീകരിക്കാനോ വേണ്ടിയുള്ള ഒരു സഖ്യം എന്ന നിലയില്‍ മാത്രമായി ഇടതുപക്ഷ ജനാധിപത്യമുന്നണിയെ കാണരുത്; സമ്പദ്ഘടനയെ അവരുടെ കൈപ്പിടിയില്‍ ഒതുക്കിയിരിക്കുന്ന പിന്തിരിപ്പന്‍ ശക്തികളെ ഒറ്റപ്പെടുത്താനും സാമ്പത്തിക-രാഷ്ട്രീയ മേഖലകളില്‍ അടിയന്തര മുന്നേറ്റത്തിനുവേണ്ടിയും പൊരുതുന്ന ശക്തികളുടെ സഖ്യവുമാണിത്."" ദീര്‍ഘകാല കാഴ്ചപ്പാടിലുള്ള മുദ്രാവാക്യങ്ങളുടെ അടിസ്ഥാനത്തില്‍മാത്രം ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ കാണരുത്. നവഉദാര നയങ്ങള്‍ക്കെതിരായ പോരാട്ടം, ജനങ്ങളുടെ അവകാശസംരക്ഷണം എന്നിങ്ങനെ അടിയന്തരവിഷയങ്ങളുമായും ഇതിന് ബന്ധമുണ്ട്. ഇടതുപക്ഷ-ജനാധിപത്യ മുന്നണി കെട്ടിപ്പടുക്കുന്നതിന് പ്രാമുഖ്യം നല്‍കണം. ഇത്തരം ശക്തികളെ അണിനിരത്തുന്നതിന്റെ അടിസ്ഥാനം എന്ന നിലയില്‍ രൂപം നല്‍കേണ്ട ഇടതുപക്ഷ- ജനാധിപത്യ വേദിയെക്കുറിച്ച് രാഷ്ട്രീയ പ്രമേയത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

ബഹുജന അടിത്തറ വികസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ഇടതുപക്ഷ ജനാധിപത്യ സഖ്യം കെട്ടിപ്പടുക്കാനുള്ള ഈ കടമ ഏറ്റെടുക്കുമ്പോള്‍ ഇത്തരം വിഷയങ്ങളില്‍ കോണ്‍ഗ്രസിതര മതനിരപേക്ഷകക്ഷികളുമായി ചേര്‍ന്ന് സംയുക്ത പ്രക്ഷോഭങ്ങള്‍ക്ക് നാം തയ്യാറാകണം. ഇത്തരം വേദികള്‍ ഇടതുപക്ഷ ജനാധിപത്യ ശക്തികളുടെ സഖ്യം കെട്ടിപ്പടുക്കാനുള്ള പ്രക്രിയയെ സഹായിക്കും. വിവിധ രാഷ്ട്രീയകക്ഷികള്‍ ഉള്‍പ്പെട്ട തെരഞ്ഞെടുപ്പ് സഖ്യം മാത്രമായി ഇതിനെ കാണരുത്. താല്‍ക്കാലിക തെരഞ്ഞെടുപ്പ് സഖ്യങ്ങളെ ഒരു പരിപാടിയുടെ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയസഖ്യമായി ഉയര്‍ത്തിക്കാട്ടുകയും ചെയ്യരുത്്. ഇടതുപക്ഷ ഐക്യം ഇടതുപക്ഷ-ജനാധിപത്യ മുന്നണി കെട്ടിപ്പടുക്കാന്‍ ഇടതുപക്ഷഐക്യം ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്. സിപിഐ എമ്മും സിപിഐയും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കണം. ഇതോടൊപ്പം, നാല് ഇടതുപക്ഷ കക്ഷികള്‍ തമ്മിലുള്ള ഏകോപനവും ഉയര്‍ന്നതോതിലാകണം. ഈ നാല് പാര്‍ടികള്‍ക്ക് പുറത്തുള്ള ഇടതുപക്ഷ ഗ്രൂപ്പുകളെയും വ്യക്തികളെയും സംയുക്ത വേദികളില്‍ അണിനിരത്താന്‍ ശ്രമം ഉണ്ടാകണം.

പാര്‍ടിയുടെ സ്വതന്ത്രമായ പങ്ക്



രാഷ്ട്രീയവും അടവുപരവുമായ നിലപാടിലെ പ്രധാനകണ്ണി പാര്‍ടിയുടെ സ്വതന്ത്രമായ പങ്ക് ശക്തിപ്പെടുത്തുകയും വിപുലപ്പെടുത്തുകയും വ്യാപിപ്പിക്കുകയും ചെയ്യുകയെന്നതാണ്. പാര്‍ടി, തെരഞ്ഞെടുപ്പ് തിരിച്ചടികള്‍ നേരിട്ടിരിക്കുകയും ഏറ്റവും വലിയ ശക്തികേന്ദ്രമായ പശ്ചിമബംഗാളില്‍ കടന്നാക്രമണം നടക്കുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തില്‍ പശ്ചിമബംഗാള്‍- കേരളം- ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ക്ക് പുറത്ത് പാര്‍ടിയുടെ സ്വാധീനവും അടിത്തറയും വിപുലപ്പെടുത്തേണ്ടത് നിര്‍ണായക പ്രാധാന്യമുള്ള കാര്യമാണ്. പാര്‍ടിയുടെ സ്വതന്ത്രമായ പ്രവര്‍ത്തനം രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക വിഷയങ്ങളില്‍ വ്യാപരിക്കണം. പാര്‍ടിയുടെ രാഷ്ട്രീയവും ആശയപരവുമായ പ്രവര്‍ത്തനം വര്‍ഗപരമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ വികസിപ്പിച്ചെടുക്കണം. സ്വതന്ത്രമായ രാഷ്ട്രീയ പ്രചാരണപരിപാടികളും പാര്‍ടിയുടെ രാഷ്ട്രീയവേദി കേന്ദ്രീകരിച്ചുള്ള ബഹുജന മുന്നേറ്റങ്ങളും കൂടുതലായി ഉണ്ടാകണം, ബൂര്‍ഷ്വാ പാര്‍ടികളുടെ ആശയങ്ങളെയും രാഷ്ട്രീയത്തെയും നേരിടാന്‍ ഇത് സഹായകമാകും. അടിസ്ഥാനവര്‍ഗങ്ങള്‍ക്കിടയില്‍ പാര്‍ടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. വര്‍ഗ, ബഹുജനപോരാട്ടങ്ങള്‍ സംഘടിപ്പിക്കാന്‍ കര്‍ഷകജനസാമാന്യത്തിനും ദരിദ്രഗ്രാമീണര്‍ക്കും ഇടയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ നിലനില്‍ക്കുന്ന മാന്ദ്യം മറികടക്കണം. ദളിതര്‍, ഗോത്രവംശജര്‍, ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍ എന്നിവരുടെ തനതായ പ്രശ്നങ്ങള്‍ പാര്‍ടി തുടര്‍ച്ചയായി ഏറ്റെടുക്കണം. ബഹുജനസംഘടനകള്‍ ജനങ്ങളെ അണിനിരത്തുന്നതിനായി വിശാലമായ വേദികളായി മാറുകയും ഇപ്പോള്‍ അവയുടെ കുടക്കീഴില്‍ അണിനിരന്നിട്ടില്ലാത്ത ജനവിഭാഗങ്ങളെയും ആകര്‍ഷിക്കുന്ന വിധത്തില്‍ യോജിച്ച പോരാട്ടങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യണം. പോരാട്ടങ്ങളും പ്രസ്ഥാനങ്ങളും വളര്‍ത്തിക്കൊണ്ടുവരുന്നതിന്, നവഉദാരവല്‍ക്കരണ നയങ്ങള്‍ വിവിധ വര്‍ഗങ്ങളിലും ജനവിഭാഗങ്ങളിലും സൃഷ്ടിച്ച ആഘാതം വ്യക്തമായി പഠിക്കേണ്ടതുണ്ട്. നവഉദാരവാഴ്ച ഏറ്റവുമധികം വിനാശം വിതച്ച ജനങ്ങളുടെ പ്രശ്നങ്ങള്‍ നാംഏറ്റെടുക്കണം.

തൊഴിലാളിവര്‍ഗത്തില്‍, അസംഘടിതമേഖലയില്‍ വര്‍ധിച്ചുവരുന്ന തൊഴിലാളികളാണ് ഏറ്റവുമധികം ചൂഷണത്തിനിരയാകുന്നത്. സംഘടിത-അസംഘടിത മേഖലകളില്‍ കരാര്‍ ജീവനക്കാര്‍ പണിയെടുക്കുന്നു, സ്ഥിരം ജോലിക്കും സാമൂഹികക്ഷേമ ആനുകൂല്യങ്ങള്‍ക്കും വേണ്ടി ഇവര്‍ നടത്തുന്ന പോരാട്ടങ്ങളെ ഗൗരവമായി എടുക്കണം. കാര്‍ഷികമേഖലയിലെ പ്രതിസന്ധി ഏറ്റവും ഗുരുതരമായി ബാധിച്ചത് ദരിദ്രകര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും ഗ്രാമീണ തൊഴിലാളികളെയുമാണ്. ഭൂപ്രഭുക്കളും സമ്പന്നഗ്രാമീണരും പ്രതിസന്ധിയുടെ ഭാരം ദരിദ്രജനവിഭാഗങ്ങളിലേക്ക് തള്ളിവിടുന്നു. ചെറുകിട പാട്ടകര്‍ഷകര്‍ കടുത്ത ചൂഷണത്തിനിരയാകുന്നു. ഭൂമിക്കു വേണ്ടി നടത്തുന്ന പോരാട്ടങ്ങള്‍ക്കൊപ്പം ചൂഷണത്തിന്റെ മറ്റ് വിഷയങ്ങളും ഏറ്റെടുക്കണം. ജനങ്ങളുടെ വിവിധങ്ങളായ പ്രാദേശിക പ്രശ്നങ്ങളും ഏറ്റെടുക്കുകയും തുടര്‍ച്ചയായ പോരാട്ടങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്താലേ നവഉദാര നയങ്ങള്‍ക്കെതിരായ പോരാട്ടങ്ങള്‍ക്ക് മുന്നേറാന്‍ കഴിയൂ. ജീവിതവൃത്തി, ഭൂമി, തൊഴില്‍സുരക്ഷ, ന്യായമായ കൂലി, വിദ്യാഭ്യാസം, അടിസ്ഥാനസേവനങ്ങള്‍ എന്നീ വിഷയങ്ങളെയെല്ലാം നവഉദാരനയങ്ങള്‍ ബാധിച്ചിട്ടുണ്ട്. പ്രാദേശികമായി നിരന്തരപോരാട്ടങ്ങള്‍ സംഘടിപ്പിക്കാന്‍ ഈ പ്രശ്നങ്ങള്‍ ഏറ്റെടുക്കണം.

അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍ പാര്‍ടിയുടെ സ്വാധീനവും അടിത്തറയും വളരുന്നത് ഇത്തരം പ്രശ്നങ്ങള്‍ ഏറ്റെടുത്ത് വിജയകരമായി എങ്ങനെയാണ് നാം തുടര്‍ച്ചയായ പോരാട്ടങ്ങള്‍ സംഘടിപ്പിക്കുകയും അവരെ ഏകോപിപ്പിക്കുകയുംചെയ്യുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും. നഗരമേഖലയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ പാര്‍ടി പ്രത്യേകശ്രദ്ധ പതിപ്പിക്കണം; ചേരികളിലും ദരിദ്രജനവിഭാഗങ്ങള്‍ക്കിടയിലും പ്രത്യേകിച്ചും. വളര്‍ന്നുവരുന്ന നഗരവല്‍ക്കരണവും തൊഴിലാളിവര്‍ഗത്തില്‍ ഗണ്യമായ വിഭാഗത്തിനും പാര്‍പ്പിടം ഉള്‍പ്പടെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ലഭിക്കാത്തതും അടിയന്തരശ്രദ്ധ ആവശ്യപ്പെടുന്നു. പരിസ്ഥിതി തകര്‍ച്ചയും മലിനീകരണവും ജനങ്ങളെ ബാധിക്കുന്നു. പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ മുതലാളിമാരും ബ്യൂറോക്രസിയും ചേര്‍ന്ന അവിഹിതകൂട്ടുകെട്ടിന്റെ സൃഷ്ടികളാണ്. പരിസ്ഥിതിപ്രശ്നങ്ങള്‍ പാര്‍ടി ഗൗരവത്തോടെ ഏറ്റെടുക്കുകയും ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയുംചെയ്യണം.

വര്‍ഗീയതയ്ക്കെതിരെ 2009ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി തുടര്‍ച്ചയായി രണ്ടാമത്തെ പരാജയം നേരിട്ടു. എന്നാല്‍, ഈ തെരഞ്ഞെടുപ്പ് തോല്‍വി വര്‍ഗീയശക്തികളുടെ സ്വാധീനം കുറച്ചുകാണുന്നതിലേക്ക് വഴിതെളിക്കരുത്. പാര്‍ടി കോണ്‍ഗ്രസില്‍ അംഗീകരിച്ച രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു: ""വര്‍ഗീയശക്തികളുടെ പ്രവര്‍ത്തനം രാഷ്ട്രീയമണ്ഡലത്തില്‍മാത്രമായി ഒതുങ്ങിനില്‍ക്കുന്നതല്ല. സാമൂഹികവും സാംസ്കാരികവും മതപരവുമായ സ്ഥാപനങ്ങള്‍ വഴിയും ജനങ്ങള്‍ ഒത്തുചേരുന്ന ഉത്സവങ്ങള്‍പോലുള്ള അവസരങ്ങള്‍ ഉപയോഗിച്ചും ജനങ്ങളെ വര്‍ഗീയ ആശയങ്ങള്‍വഴി സ്വാധീനിക്കുന്നത് അവര്‍ തുടരുന്നു. സ്കൂളുകളുടെയും ഇതര വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും വിപുലമായ ശൃംഖല ആര്‍എസ്എസ് നടത്തുന്നു. മുസ്ലിം വര്‍ഗീയസംഘടനകളും ഇത്തരം പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ വികസിച്ചുവരുന്ന വര്‍ഗീയബോധമാണ് ബിജെപി- ആര്‍എസ്എസ് കൂട്ടുകെട്ടിന്റെ വര്‍ഗീയരാഷ്ട്രീയത്തിന് വളമാകുന്നത്. വര്‍ഗീയതയ്ക്കെതിരായ നമ്മുടെ പ്രചാരണം മുഖ്യമായും രാഷ്ട്രീയ അജന്‍ഡയില്‍ കേന്ദ്രീകരിച്ചുള്ളതാണ്, വര്‍ഗീയസംഘര്‍ഷങ്ങള്‍ ഉണ്ടാകുന്ന അവസരങ്ങളില്‍മാത്രമാണ് പ്രധാനമായും നാം ഇടപെടുന്നതും. സാമൂഹിക, സാംസ്കാരിക മേഖലകളില്‍ വര്‍ഗീയ സംഘടനകള്‍ നിരന്തരം നടത്തുന്ന പ്രവര്‍ത്തനങ്ങളും നാം നേരിടേണ്ട വിഷയമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ നാം വഴി കണ്ടെത്തണം, ഈ മേഖലകളില്‍ നമ്മുടെ പ്രവര്‍ത്തനം ശക്തമാക്കുകയും ചെയ്യണം. വരുംകാലങ്ങളില്‍ വര്‍ഗീയശക്തികളെ രാഷ്ട്രീയ, പ്രത്യയശാസ്ത്ര, സാംസ്കാരിക മണ്ഡലങ്ങളില്‍ നേരിടാന്‍ നാം തയ്യാറെടുക്കണം"". (അവസാനിക്കുന്നില്ല)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ