2011, ഒക്‌ടോബർ 27, വ്യാഴാഴ്‌ച

അറബ് രാജ്യങ്ങളിലെ ജനകീയ പ്രക്ഷോഭവും അമേരിക്കന്‍ നിലപാടുകളും

പിണറായി വിജയന്‍

മുതലാളിത്തത്തിന്റെ സവിശേഷതയെ സംബന്ധിച്ച് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോവില്‍ മാര്‍ക്സും എംഗല്‍സും ഇങ്ങനെ വിശദീകരിക്കുന്നു: "ഉല്‍പ്പന്നങ്ങള്‍ക്ക് അനുസ്യൂതം വിപുലപ്പെടുന്ന ഒരു കമ്പോളം കണ്ടുപിടിക്കേണ്ടതിന്റെ ആവശ്യം ബൂര്‍ഷ്വാസിയെ ഭൂമണ്ഡലമെങ്ങും ഓടിക്കും. അതിന് എല്ലായിടത്തും കൂടുകെട്ടണം, എല്ലായിടത്തും പാര്‍പ്പ് ഉറപ്പിക്കണം, എല്ലായിടത്തും ബന്ധങ്ങള്‍ സ്ഥാപിക്കണം."&ൃെൂൗീ;ഇങ്ങനെ അനുസ്യൂതമായി ഓടിക്കൊണ്ടിരിക്കുന്ന മുതലാളിത്തം സാമ്രാജ്യത്വമായി വികസിക്കുന്നതും തല്‍ഫലമായി അവ മറ്റ് രാഷ്ട്രങ്ങളെ തങ്ങളുടെ അധീനതയിലേക്ക് കൊണ്ടുവരുന്നതും അതിന്റെ സ്വഭാവമാണെന്ന് "സാമ്രാജ്യത്വം മുതലാളിത്തത്തിന്റെ പരമോന്നത ഘട്ടം" എന്ന പുസ്തകത്തില്‍ ലെനിനും വിശദീകരിക്കുന്നുണ്ട്. ഈ അടിസ്ഥാന നിലപാടില്‍ നിന്നുകൊണ്ട് പില്‍ക്കാല മാര്‍ക്സിസ്റ്റുകാര്‍ സാമ്രാജ്യത്വത്തിന്റെ പിന്നീടുള്ള വികാസത്തെക്കുറിച്ചും വിശദമായി പഠിച്ചിട്ടുണ്ട്.

സാമ്രാജ്യത്വത്തിന്റെ ഈ സഹജസ്വഭാവം അതേപോലെ പ്രകടിപ്പിക്കാന്‍ അമേരിക്കയ്ക്ക് കഴിഞ്ഞിരുന്നില്ല. അതിന് രാഷ്ട്രീയമായ തടസ്സം സൃഷ്ടിച്ചുകൊണ്ട് സോഷ്യലിസ്റ്റ് വ്യവസ്ഥ നിലനിന്ന സോവിയറ്റ് യൂണിയന്റെ നിലപാടുകളുണ്ടായിരുന്നു. മൂന്നാം ലോകരാജ്യങ്ങളില്‍ പ്രത്യേകിച്ചും അറബ് രാഷ്ട്രങ്ങളില്‍ കടന്നുകയറാനുള്ള അമേരിക്കന്‍ പരിശ്രമങ്ങള്‍ തടയപ്പെട്ടു. സൂയസ് കനാല്‍ പ്രശ്നത്തില്‍ ഈജിപ്തിനെ ആക്രമിക്കുന്നതിന് അമേരിക്കന്‍ കപ്പല്‍പട പുറപ്പെട്ടിരുന്നു. എന്നാല്‍ , അതിനെ പ്രതിരോധിക്കുമെന്ന സോവിയറ്റ് യൂണിയന്റെ നിലപാടിനെത്തുടര്‍ന്ന് അവര്‍ക്ക് തിരിച്ചു പോകേണ്ടിവന്നു. ഇന്ത്യ-പാക് യുദ്ധകാലത്ത് അമേരിക്ക നടത്തിയ ഇത്തരം ഇടപെടലും പ്രതിരോധിച്ചത് സോവിയറ്റ് യൂണിയന്‍തന്നെയായിരുന്നു. നേരിട്ടുള്ള കടന്നുകയറ്റം അസാധ്യമായിത്തീര്‍ന്നപ്പോള്‍ അറബ് രാഷ്ട്രങ്ങളില്‍ നിലനിന്ന സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ മത മൗലികവാദ ശക്തികളെയും ഭീകരവാദശക്തികളെയും അമേരിക്ക വളര്‍ത്തിയെടുത്തു. അതിലൂടെ ആ രാജ്യങ്ങളെ അസ്ഥിരപ്പെടുത്തി തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ് അവര്‍ ശ്രമിച്ചത്. താലിബാനും ബിന്‍ലാദന്‍ നേതൃത്വം നല്‍കിയതുള്‍പ്പെടെയുള്ള മത തീവ്രവാദത്തിന്റെ സ്വഭാവമുള്ള സംഘടനകള്‍ രൂപപ്പെട്ടുവന്നത് ഈ പശ്ചാത്തലത്തിലാണ്. സാമ്രാജ്യത്വ കടന്നുകയറ്റങ്ങളില്‍നിന്ന് മൂന്നാംലോക രാജ്യങ്ങളെ രക്ഷപ്പെടുത്തുക മാത്രമല്ല, അത്തരം രാഷ്ട്രങ്ങളുടെ സമ്പദ്ഘടന കെട്ടിപ്പടുക്കുന്നതിനും കൈയയച്ച് സഹായം ചെയ്യുന്നതിലും സോവിയറ്റ് യൂണിയന്‍ ശ്രദ്ധിച്ചിരുന്നു. ഇന്ത്യ സ്വതന്ത്രയായശേഷം നമ്മുടെ സമ്പദ്ഘടന ശക്തിപ്പെടുത്തുന്നതിന് അമേരിക്കന്‍ സഹായമാണ് ആദ്യം തേടിയത്. എന്നാല്‍ , അവര്‍ മുന്നോട്ടുവച്ച വ്യവസ്ഥകള്‍ രാജ്യതാല്‍പ്പര്യത്തിന് എതിരായതുകൊണ്ട് അത് സ്വീകരിക്കാന്‍ കഴിയുമായിരുന്നില്ല. അന്ന് നമ്മുടെ താല്‍പ്പര്യത്തിനനുസരിച്ച് സമ്പദ്ഘടന ശക്തിപ്പെടുത്താന്‍ സഹായിച്ചത് സോവിയറ്റ് യൂണിയനായിരുന്നു. സോവിയറ്റ് യൂണിയന്‍ തകരുകയും അവിടത്തെ സോഷ്യലിസ്റ്റ് വ്യവസ്ഥ ഇല്ലാതാകുകയും ചെയ്തതോടെ, അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കടന്നുകയറ്റത്തിന് അനുകൂലമായ രാഷ്ട്രീയ പശ്ചാത്തലം ലോകത്ത് രൂപപ്പെട്ടുവന്നു. മറ്റു രാഷ്ട്രങ്ങളെ കാല്‍ക്കീഴിലേക്ക് കൊണ്ടുവരുന്ന അമേരിക്കന്‍നയം ഏറ്റവും ശക്തമായി നടപ്പാക്കപ്പെട്ടത് അറബ് രാഷ്ട്രങ്ങളിലായിരുന്നു. അവിടത്തെ വന്‍തോതിലുള്ള എണ്ണസമ്പത്ത് കൈവശമാക്കുക എന്ന ഉദ്ദേശ്യമായിരുന്നു ഇതിനു പിന്നില്‍ . ഈ രാജ്യങ്ങളിലെ സമ്പന്നമായ കമ്പോളം തങ്ങളുടെ സമ്പദ്ഘടനയുടെ വികാസത്തിന് അടിത്തറയാകുമെന്ന് അവര്‍ കണക്കുകൂട്ടി. അമേരിക്കന്‍ അധിനിവേശത്തിന്റെ അടിസ്ഥാനകാരണം ഇതാണ്.

ലോകത്തിലെ പെട്രോളിയം നിക്ഷേപത്തിന്റെ മറ്റൊരു പ്രധാനപ്പെട്ട കേന്ദ്രം കാസ്പിയന്‍ കടലോര മേഖലയാണ്. അതുകൊണ്ട് ഈ മേഖലയിലും ഇടപെടുക എന്നതും അമേരിക്കയുടെ സുപ്രധാനമായ അജന്‍ഡയാണ്. അറബ് രാഷ്ട്രങ്ങളെ കരാറുകളിലൂടെയും മറ്റും തങ്ങളുടെ കാല്‍ക്കീഴില്‍ കൊണ്ടുവരുന്നതിന് അമേരിക്ക ഇടപെട്ടു. ഇതിന് വഴങ്ങാത്ത സര്‍ക്കാരുകളെയും ഭരണാധികാരികളെയും ഇല്ലാതാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തുടങ്ങി. ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് അഫ്ഗാനിസ്ഥാനിലെയും ഇറാഖിലെയും ലിബിയയിലെയും ഭരണാധികാരികള്‍ക്കുണ്ടായ അനുഭവങ്ങള്‍ . ഈ രാഷ്ട്രങ്ങളില്‍ അമേരിക്ക സ്വീകരിച്ച സമീപനം പൊതുവില്‍ ഒന്നുതന്നെയായിരുന്നു. അഫ്ഗാനിസ്ഥാനില്‍ നജീബുള്ളയുടെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇസ്ലാമികഭീകരവാദികളെ ഉപയോഗിച്ചുകൊണ്ടാണ് അമേരിക്ക ഇടപെട്ടത്. അമേരിക്കന്‍ സഹായത്തോടുകൂടി നടത്തിയ ആ മുന്നേറ്റത്തില്‍ നജീബുള്ളയെ വധിക്കുകയും വിളക്കുകാലില്‍ കെട്ടിത്തൂക്കുകയും ചെയ്തു. ഇറാഖിലേക്ക് കടന്നപ്പോള്‍ സദ്ദാം ഹുസൈനെ ബന്ധനസ്ഥനാക്കി വിചാരണാപ്രഹസനം നടത്തി തൂക്കിക്കൊന്നു. ലിബിയയിലാകട്ടെ അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സൈന്യത്തിന്റെ ഇടപെടലിന്റെ ഭാഗമായി ഗദ്ദാഫിയെ മാരകമായി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തി. മൃതദേഹം ഇറച്ചിക്കടയില്‍ പ്രദര്‍ശനത്തിന് വയ്ക്കുന്ന അതിനീചമായ പ്രവൃത്തിയുംചെയ്തു. അതിന് ശേഷം മൃതദേഹം രഹസ്യമായി മറവുചെയ്തു. മനുഷ്യാവകാശത്തെപ്പറ്റിയും ജനാധിപത്യത്തെപ്പറ്റിയും വാതോരാതെ പ്രസംഗിക്കുന്ന അമേരിക്കയ്ക്ക് ഇത്തരം മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും അവയെ പിന്തുണയ്ക്കുന്നതിനും ഒരു ബുദ്ധിമുട്ടുമുണ്ടായില്ല.

1969ല്‍ ഗദ്ദാഫി അധികാരമേറ്റയുടനെ ലിബിയയില്‍ എണ്ണ ഉല്‍പ്പാദനമേഖലയെ പൊതുഉടമസ്ഥതയില്‍ കൊണ്ടുവരുന്ന നടപടികള്‍ സ്വീകരിച്ചിരുന്നു. അറബ് ദേശീയത ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള നിലപാടും അദ്ദേഹം സ്വീകരിച്ചിരുന്നു. അടുത്തകാലത്തായി ഇവിടത്തെ ഭരണത്തെ അമേരിക്കയുമായി അടുപ്പിക്കുന്നതിനുള്ള നയങ്ങളും നടപ്പാക്കപ്പെട്ടിരുന്നു. ഈ നയങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച സൈന്യത്തിലെയും ഉദ്യോഗസ്ഥവൃന്ദത്തിലെയും നയതന്ത്രപ്രതിനിധികളിലെയും ഒരു വിഭാഗം ഗദ്ദാഫി സര്‍ക്കാരിനോട് വിടപറഞ്ഞു. ബെന്‍ഗാസി കേന്ദ്രീകരിച്ച് വിമത സര്‍ക്കാരിന് രൂപം നല്‍കിയതും ലിബിയയില്‍ ആഭ്യന്തരയുദ്ധം ആരംഭിച്ചതും അവരാണ്. അമേരിക്കയ്ക്ക് ഇടപെടാനുള്ള വഴിയൊരുക്കലാണ് ഇതിലൂടെ നടന്നത്. അല്‍ഖായ്ദ ഉള്‍പ്പെടെയുള്ള മതതീവ്രവാദികളുടെയും ഭീകരവാദികളുടെയും മറ്റും പിന്തുണ ഇവര്‍ക്കുണ്ടായിരുന്നു. ടുണീഷ്യന്‍ ഭരണാധികാരിയായിരുന്ന സൈന്‍ അല്‍ അബ്ദീന്‍ ബെന്‍ അലിയുടെ ഏകാധിപത്യ പ്രവണതകള്‍ക്കെതിരായി നടന്ന മുന്നേറ്റങ്ങളില്‍ നിന്നാണല്ലോ അറബ് വസന്തം എന്ന് വിളിക്കപ്പെട്ട ഈ പ്രക്ഷോഭത്തിന്റെ തുടക്കം കുറിക്കുന്നത്. ബെന്‍ അലി പൊതുവില്‍ അമേരിക്കന്‍ അനുകൂല നിലപാട് സ്വീകരിക്കുന്ന ആളായിരുന്നു. അതുകൊണ്ടുതന്നെ ജനങ്ങള്‍ക്കുവേണ്ടി ഇടപെടാന്‍ അമേരിക്ക തയ്യാറായില്ലെന്നു മാത്രമല്ല അദ്ദേഹത്തിന് മറ്റൊരു രാജ്യത്ത് അഭയം നല്‍കുന്നതിനുള്ള സാഹചര്യം ഒരുക്കുകയും ചെയ്തു.

ഈജിപ്തിന്റെ ചിത്രം പരിശോധിച്ചാല്‍ ഹോസ്നി മുബാറക് അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ മുറുകെ പിടിക്കുന്ന ആളായിരുന്നു. അദ്ദേഹത്തിന്റെ തെറ്റായ നയങ്ങള്‍ക്കെതിരായി ഉയര്‍ന്നുവന്ന ജനകീയ പ്രക്ഷോഭത്തെ നിസംഗതയോടെ അമേരിക്ക നോക്കി കണ്ടു. അവിടെ ജനാധിപത്യത്തിന്റെ പേര് പറഞ്ഞ് ഭരണാധികാരിക്കെതിരായി ഇടപെടാന്‍ തയ്യാറായില്ല. പ്രക്ഷോഭം രൂക്ഷമായപ്പോള്‍ പട്ടാളത്തെക്കൊണ്ട് അടിച്ചമര്‍ത്താന്‍ ശ്രമിച്ചെങ്കിലും അതിന് പട്ടാളം തയ്യാറായില്ല. തുടര്‍ന്ന് മുബാറക്കിന് ഗത്യന്തരമില്ലാതെ അധികാരം ഒഴിയേണ്ടിവന്നു. അദ്ദേഹത്തെ പീഡിപ്പിക്കുന്നതിനോ കൊലപ്പെടുത്തുന്നതിനോ പ്രക്ഷോഭകര്‍ തയ്യാറായതുമില്ല. ഈ പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് മറ്റു പല രാഷ്ട്രങ്ങളിലും സമരങ്ങള്‍ ഉയര്‍ന്നുവരികയുണ്ടായി. ബഹ്റൈനില്‍ ഉയര്‍ന്നുവരുന്ന ജനകീയ പ്രക്ഷോഭത്തെ ജനാധിപത്യപരമായി സമീപിക്കുന്നതിനു പകരം ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനുള്ള ഉപാധിയാക്കി മാറ്റുന്ന തരത്തിലാണ് അമേരിക്ക ഇടപെട്ടുകൊണ്ടിരിക്കുന്നത്. തങ്ങളുടെ നയങ്ങള്‍ അംഗീകരിക്കാത്ത ഭരണാധികാരികളെ ജനാധിപത്യത്തിന്റെ പേര് പറഞ്ഞ് അമേരിക്ക അട്ടിമറിക്കുകയും മനുഷ്യത്വരഹിതമായി കൊലപ്പെടുത്തുകയും ചെയ്യുന്നു. ഇംഗിതത്തിന് വഴങ്ങുന്നവരെ സംരക്ഷിക്കുകയും ചെയ്യുന്നു. ഈ നയം ഇവിടംകൊണ്ട് അവസാനിക്കുമെന്ന് കരുതേണ്ടതില്ല. പലസ്തീന്‍ വിമോചനപ്പോരാളികളെ ഉള്‍പ്പെടെ സംരക്ഷിക്കുന്ന സിറിയയിലെ സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ഇപ്പോള്‍ അമേരിക്ക ശ്രമിക്കുന്നത്. അതിന്റെ തുടര്‍ച്ച എന്ന നിലയില്‍ ഇറാനിലെ ഭരണാധികാരികളെയും അട്ടിമറിക്കുന്നതിനുള്ള നയതന്ത്ര പരിപാടികള്‍ അവര്‍ നീക്കിക്കഴിഞ്ഞിട്ടുണ്ട്. &ഹറൂൗീ;അറബ് വസന്തം&ൃെൂൗീ;എന്ന് വിളിക്കപ്പെടുന്ന ജനകീയ മുന്നേറ്റത്തിന് ടുണീഷ്യയിലും ഈജിപ്തിലും മറ്റുമുണ്ടായ കാരണം ജനങ്ങളുടെ ജീവിത നിലവാരത്തിലുണ്ടായ തകര്‍ച്ചയാണ്. ഭക്ഷണസാധനങ്ങളുടെ വിലവര്‍ധന ജനങ്ങളെ കലാപങ്ങളിലേക്ക് നയിച്ചു. യുവാക്കള്‍ക്കിടയിലെ വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ ഈ അസംതൃപ്തിയെ ആളിക്കത്തിച്ചു. അതായത്, അമേരിക്ക മുന്നോട്ടുവച്ച നവലിബറല്‍ നയങ്ങള്‍ക്കെതിരായ ചെറുത്തുനില്‍പ്പ് എന്ന നിലയിലാണ് അത് ഉയര്‍ന്നുവന്നത്. അഭ്യസ്തവിദ്യരായ യുവാക്കളും മധ്യവര്‍ഗക്കാരായ പ്രൊഫഷണലുകളും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരുമായിരുന്നു ഈ പ്രക്ഷോഭത്തില്‍ ഉണ്ടായിരുന്നത്. അവര്‍ പൊതുവില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ മതനിരപേക്ഷ സ്വഭാവമുള്ളതുമായിരുന്നു. സാമ്രാജ്യത്വ ഇടപെടലിന്റെ ഭാഗമായി തങ്ങളുടെ കാല്‍ക്കീഴില്‍ കൊണ്ടുവന്ന രാഷ്ട്രങ്ങള്‍ ദേശീയ വികാരത്തിന്റെ അടിസ്ഥാനത്തില്‍ സംഘടിക്കുന്നത് തടയുന്നതിനുള്ള പദ്ധതികള്‍ ഇതോടൊപ്പംതന്നെ അമേരിക്ക നടപ്പാക്കുന്നുണ്ട്.

വംശീയവും സ്വത്വപരവുമായ വികാരങ്ങളെ ഉണര്‍ത്തി ജനകീയമായ കൂട്ടായ്മയെ അവര്‍ തകര്‍ക്കുകയാണ്. ഷിയാ, സുന്നി എന്ന നിലയിലുള്ള വിഭജനത്തിനും മറ്റു ഏറ്റുമുട്ടലുകള്‍ക്കും പശ്ചാത്തലമൊരുക്കുന്നത് അമേരിക്കയുടെ ഇത്തരം താല്‍പ്പര്യങ്ങളും ഇടപെടലുകളുമാണ്. സുഡാനെ രണ്ടായി പിളര്‍ത്തുന്ന നയത്തിന് പിന്നിലുള്ളതും ഇത്തരത്തിലുള്ള ഭിന്നിപ്പിക്കല്‍ തന്ത്രമാണെന്ന് കാണാനാവും. ഇറാഖില്‍ അമേരിക്കന്‍ അധിനിവേശം രൂപപ്പെട്ടശേഷം ഇത്തരത്തിലുള്ള വംശീയവും വിഘടനവാദപരവുമായി ഭിന്നിപ്പിക്കുന്ന രീതിയാണുണ്ടായിരിക്കുന്നത്. ലിബിയയുടെ പോക്കും ഈ ദിശയിലേക്കാണെന്ന് അവിടെനിന്നു വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. ഒരു രാഷ്ട്രം ആരാണ് ഭരിക്കേണ്ടതെന്ന് തീരുമാനിക്കുന്നതിനുള്ള അവകാശം ആ രാജ്യത്തെ ജനങ്ങള്‍ക്കുള്ളതാണ്. രാജ്യങ്ങളുടെ ഈ പരമാധികാരത്തെ അംഗീകരിക്കുകയെന്നത് ജനാധിപത്യത്തിന്റെ പ്രാഥമിക തത്വങ്ങളില്‍ ഒന്നാണ്. അങ്ങനെ രാഷ്ട്രങ്ങള്‍ തമ്മിലുള്ള പരസ്പര ബഹുമാനവും അംഗീകാരവും നിലനില്‍ക്കുമ്പോള്‍ മാത്രമേ ലോകത്ത് സമാധാനവും സ്വാതന്ത്ര്യവും പുലരുകയുള്ളൂ. അമേരിക്കന്‍ സാമ്രാജ്യത്വം സ്വന്തം താല്‍പ്പര്യത്തിനുവേണ്ടി ഈ സമീപനത്തെ അട്ടിമറിക്കുകയാണ്. ജനങ്ങളുടെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും സുഖകരമായ ജീവിതത്തിനും തടസ്സമായി വര്‍ത്തിക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വ നയങ്ങള്‍ക്കെതിരായി ജനങ്ങളെ അണിനിരത്തി മുന്നോട്ടുപോകാന്‍ കഴിയണം. രാഷ്ട്രങ്ങളുടെ പരമാധികാരത്തെ തകര്‍ക്കുകയും ജനദ്രോഹ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുകയുംചെയ്യുന്ന അമേരിക്കന്‍ സാമ്രാജ്യത്വ നയങ്ങളെ പ്രതിരോധിക്കുക എന്നത് വര്‍ത്തമാനകാലത്ത് പ്രധാനപ്പെട്ട ഒന്നാണ്. എന്നാല്‍ , ഒരുകാലത്ത് ചേരിചേരാ നയത്തിന്റെ വക്താവായ ഇന്ത്യ ഇന്ന് അമേരിക്കയുടെ ജൂനിയര്‍ പങ്കാളിയായി മാറിയിരിക്കുകയാണ്.

ഇറാഖ് അധിനിവേശത്തിനെതിരെയും അഫ്ഗാനിലെ ഇടപെടലിനെപ്പറ്റിയും ലിബിയയിലെ സാമ്രാജ്യത്വ കുത്തിത്തിരിപ്പിനെതിരായും ശക്തമായി പ്രതികരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. ഇറാനെ തകര്‍ക്കാന്‍ അമേരിക്കയുമായി ചേര്‍ന്ന് വോട്ട് ചെയ്യുന്നതിനും കേന്ദ്രസര്‍ക്കാരിന് മടിയുണ്ടായില്ല. കേരളത്തെ സംബന്ധിച്ചിടത്തോളം 100ല്‍ 44 വീടുകളും പ്രവാസി മേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. അറബ് മേഖലയില്‍ ഉള്‍പ്പെടെ ഉണ്ടാകുന്ന അസ്ഥിരത നമ്മുടെ സമ്പദ്ഘടനയെ ഗുരുതരമായി ബാധിക്കും. ഈ യാഥാര്‍ഥ്യം കണ്ടറിഞ്ഞുകൊണ്ട് ഇടപെടാന്‍ സംസ്ഥാന സര്‍ക്കാരിനും കഴിയേണ്ടതുണ്ട്. അക്കാര്യത്തില്‍ കേന്ദ്രമന്ത്രിസഭയിലുള്ള കേരളത്തിലെ മന്ത്രിമാര്‍ക്കും ഏറെ ചെയ്യാനുണ്ട്. എന്നാല്‍ , നമ്മുടെ നാട്ടിലെ ജനങ്ങളുടെ താല്‍പ്പര്യത്തേക്കാള്‍ വലുത് അമേരിക്കന്‍ താല്‍പ്പര്യമാണ് എന്നു കരുതുന്ന കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികള്‍ രാജ്യത്തിന്റെ മഹത്തായ സാമ്രാജ്യത്വവിരുദ്ധ പാരമ്പര്യത്തെ തകര്‍ക്കുകയാണ്. അതിലൂടെ നമ്മുടെ ജനതയുടെ ജീവിതത്തെത്തന്നെ ദുരിതപൂര്‍ണമാക്കുന്നതിനും ഒത്താശചെയ്യുകയാണ്. ഈ നയത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ