2011, ഒക്‌ടോബർ 13, വ്യാഴാഴ്‌ച

മരണം ജീവിതത്തിലെ മികച്ച ഒറ്റ കണ്ടുപിടിത്തം


  • അനില്‍കുമാര്‍ എ വി
  • ഒരാള്‍ക്ക്/കരയാതെ/കഴിച്ചുകൂട്ടാം/ ഉറക്കമില്ലാതെയും കഴിയാം/ പക്ഷേ തടുക്കാനാവില്ല, മരിച്ചവര്‍ കനവുകളില്‍ കയറിവരുന്നത്. പൊരുതുന്ന ശ്രീലങ്കന്‍ കവിതയുടെ പ്രതിനിധാനമായ ലതയുടെ വരികളാണിവ. നാം കരുതുമ്പോലെ ഒടുങ്ങാത്തതാണ് മരണം. ജീവനുള്ളിടത്തോളം അത് പലവട്ടം നമുക്കുചുറ്റും കറങ്ങിക്കൊണ്ടിരിക്കും. മരണം ഉറപ്പായ ഘട്ടങ്ങള്‍ തീര്‍ച്ചയായും ചില നിശ്ചയങ്ങളുണ്ടാക്കിത്തീര്‍ക്കാറുണ്ടെന്നതാണ് വാസ്തവം. കഴിഞ്ഞദിവസം അന്തരിച്ച ആപ്പിള്‍ കംപ്യൂട്ടേഴ്സ് സ്ഥാപകന്‍ സ്റ്റീവ് ജോബ്സിന്റെ സംഭവബഹുലമായ പക്വജീവിതം തെളിയിച്ച അനേകം കാര്യങ്ങളിലൊന്നാണത്. അവ്യക്തതകളുടെയും അനിശ്ചിതത്വങ്ങളുടെയും ചിതറിത്തെറിച്ച ബാല്യം. പ്രായപൂര്‍ത്തിയാകുംമുമ്പ് പ്രസവിച്ച അമ്മ. മറ്റൊരു കുടുംബത്തിന്റെ ദത്തെടുക്കല്‍ . ചതഞ്ഞരഞ്ഞിട്ടും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാവാത്ത അവരുടെ നിസ്സഹായത. ജോബ്സ് പഠനം നിര്‍ത്തുന്നു. പിന്നെ സഹപാഠികളുടെ ധൂര്‍ത്തുകള്‍ക്കിടയിലെ വീര്‍പ്പുമുട്ടല്‍ . ഒഴിഞ്ഞ കുപ്പികള്‍ പെറുക്കിയെടുത്തുള്ള ഭക്ഷണംതേടലും. വീട്ടുമുറ്റത്തെ കാര്‍ഷെഡില്‍ തുടങ്ങിയ കമ്പനിയില്‍നിന്ന് സിലിക്കണ്‍വാലിയിലെ ഇതിഹാസമായി മാറിയ കഥ നിശ്ചയദാര്‍ഢ്യത്തിന്റേതുകൂടിയായിരുന്നു. പ്രതിസന്ധികളും തര്‍ക്കങ്ങളും കരളുറപ്പിനെ ശക്തിപ്പെടുത്തി. 50-ാം വയസ്സില്‍ പിടികൂടിയ പാന്‍ക്രിയാസിലെ അര്‍ബുദം ജോബ്സിനെ ദുര്‍ബലനാക്കുകയായിരുന്നില്ല. കരുത്തില്‍ കുരുത്ത തത്വശാസ്ത്രങ്ങള്‍ സ്വയം പ്രസരിപ്പിച്ചത് അതിന്റെ വാചാലമായ സാക്ഷ്യപത്രം. രോഗബാധയുടെ ക്രൂരകാലത്ത് മരണത്തെ സംയമനപൂര്‍ണമായി അഭിമുഖീകരിക്കാന്‍ പ്രാപ്തിനേടുകയായിരുന്നു ജോബ്സ്. "ഓരോ ദിവസവും ജീവിതത്തിലെ അവസാനത്തേതാണെന്നു കരുതി കഴിയുക. ഒരുദിവസം നിങ്ങളുടെ ധാരണ ശരിയാകും. 33 വര്‍ഷമായി ദിവസവും കണ്ണാടിയില്‍ നോക്കി ഞാന്‍ ഉന്നയിക്കുന്ന ചോദ്യം ഇതാണ്: ഇന്ന് എന്റെ അന്ത്യമാണെങ്കില്‍ ഇന്ന് ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍തന്നെയാണോ ഞാന്‍ ചെയ്യുക. കുറേദിവസം തുടര്‍ച്ചയായി അല്ല എന്നാണ് ഉത്തരമെങ്കില്‍ മാറ്റം ആവശ്യമാണ്. മരണം അടുത്തിരിക്കുന്നുവെന്ന ബോധ്യമാണ് പല തെരഞ്ഞെടുപ്പുകളും നടത്താന്‍ എന്നെ പ്രേരിപ്പിക്കുന്നത്. മരണത്തിനുമുന്നില്‍ ജയപരാജയങ്ങളും പ്രതീക്ഷകളുമെല്ലാം തകര്‍ന്നുവീഴുന്നു.

    അത് ജീവിതത്തിന്റെ ഉപയോഗപ്രദവും ബുദ്ധിപരവുമായ സങ്കല്‍പ്പമാണ്...."എന്ന കാഴ്ചപ്പാട് അവസാനകാലത്ത് അദ്ദേഹം ശാഠ്യംപോലെ പിന്തുടരുകയായിരുന്നെന്നു പറയാം. തലതിരിഞ്ഞതെന്ന് എളുപ്പം വിളിക്കാവുന്ന തത്വശാസ്ത്രങ്ങള്‍ കേട്ടുകൊണ്ടാവണം ജീവചരിത്രത്തിന് ഐസാക്സണ്‍ "ഭ്രാന്തന്‍ മഹാപ്രതിഭ" എന്ന ശീര്‍ഷകമിടാന്‍ തിടുക്കംകാട്ടിയത്. ദീര്‍ഘങ്ങളായ അഭിമുഖങ്ങളിലൂടെ പൂര്‍ത്തിയാക്കിയ ആ സ്മരണയുടെ പ്രകാശനം തീരുമാനിച്ചിരുന്നെങ്കിലും അതിനുമുമ്പ് കഥാനായകന്‍ രംഗമൊഴിഞ്ഞത് മറ്റൊരു സങ്കടം. ദര്‍ശനങ്ങളില്‍ കുതറിമാറാന്‍ ഉപദേശിച്ചപ്പോഴും ജോബ്സ് ചില ദര്‍ശനങ്ങള്‍ മുന്നോട്ടുവച്ചുകൊണ്ടിരുന്നു. പഠനം ഉപേക്ഷിച്ച ജോബ്സ് രണ്ടുവര്‍ഷത്തിനടുത്ത് ജന്മസ്ഥലത്തുതന്നെ അലയുകയായിരുന്നു. 1974ല്‍ സ്റ്റീവ് അറ്റാരിയ ശൃംഖലയില്‍ ടെക്നീഷ്യനായി. കുറച്ചുമാസം അവിടെ തൊഴില്‍ചെയ്തു നേടിയ നീക്കിയിരിപ്പുമായി ഇന്ത്യയിലേക്കു വന്നത് മറ്റൊരു സ്വാധീനമായെന്നു തോന്നുന്നു. കൈന്‍ചി ആശ്രമത്തിലേക്കു പോയത് നീം കരോളി ബാബയെക്കുറിച്ച് കേട്ടറിഞ്ഞതിനാലാണ്. അവിടെയെത്തുമ്പോഴേക്കും ബാബ മരിച്ചിരുന്നു. തുടര്‍ന്ന് ജോബ്സ് ബുദ്ധമതത്തില്‍ ആകൃഷ്ടനായി. ബുദ്ധപാതയിലായിരുന്നു പിന്നീടുള്ള ജീവിതം. തല മുണ്ഡനംചെയ്ത് സസ്യാഹാരംമാത്രം കഴിച്ചുകൊണ്ട്. എ എല്‍ ബാഷാമിനെപ്പോലുള്ളവരെ അത്ഭുതംകൊള്ളിച്ച ഇന്ത്യയുടെ ഇതരഭാവങ്ങളാണ് ജോബ്സിന്റെ മനസ്സില്‍ തറച്ചത്. അതിന്റെ കിതപ്പുകള്‍ , മുറിവുകള്‍ തീര്‍ക്കുകയുംചെയ്തു. വായനയും ഭാവനയും നെയ്ത് നിരൂപിച്ച ഇന്ത്യയുടെ ഹൃദയംതേടിയുള്ള സന്ദര്‍ശനം വേദനകളില്‍ മുക്കിയ കാഴ്ചകളാണ് സമ്മാനിച്ചത്. നിരാശയുടെ സമ്പാദ്യം കൈമുതലാക്കിയുള്ള മടങ്ങിപ്പോക്ക് ജീവിതത്തില്‍ വഴിത്തിരിവായെന്നാണ് ജോബ്സ് പറഞ്ഞതും. തിരിച്ചെത്തിയശേഷമാണ് സുഹൃത്തിനൊപ്പം ആപ്പിള്‍കമ്പനി ആരംഭിക്കുന്നത്. അതും അദ്ദേഹത്തിന്റെ അനുഭവങ്ങളിലെ മറ്റൊരു രൂപകം.

    തന്റെ പ്രിയഭക്ഷണം എന്നതുപോലെ അതിന് വിശ്വാസത്തിന്റെ പിന്‍ബലംകൂടിയുണ്ടായിരുന്നു. ലോകത്തെ കീഴ്മേല്‍ മറിച്ചത് മൂന്ന് ആപ്പിളുകളാണെന്നു പറയാറുണ്ട്. പറുദീസയില്‍ ഹവ്വയെ പ്രലോഭിപ്പിച്ചതായിരുന്നു ആദ്യത്തേത്. ഗുരുത്വാകര്‍ഷണം കണ്ടെടുക്കാന്‍ നിമിത്തവും പ്രചോദനവുമായി ഐസക് ന്യൂട്ടന്റെ തലയില്‍ വീണത് രണ്ടാമത്തേതും. അവസാനത്തേത് ജോബ്സിന്റെ ആപ്പിള്‍ കമ്പനി. 2005 ജൂണ്‍ 12ന് ജോബ്സ് സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല വിദ്യാര്‍ഥികളെ അഭിസംബോധനചെയ്യവേ മരണമെന്ന രൂപകത്തെ വീണ്ടും ഓര്‍മിപ്പിക്കുന്നുണ്ട്. ജീവിതത്തിലെ ഏറ്റവും മികച്ച ഒറ്റ കണ്ടുപിടിത്തമാണതെന്ന, തീര്‍ത്തും അപരിചിത ദര്‍ശനം പങ്കുവയ്ക്കുകയായിരുന്നു അന്ന്. ആരും മരിക്കാന്‍ ആഗ്രഹിക്കുന്നില്ല. സ്വര്‍ഗത്തില്‍ പോകാന്‍ വെമ്പുന്നവര്‍പോലും. എന്നാലും എല്ലാവരും പങ്കുവയ്ക്കുന്ന ലക്ഷ്യസ്ഥാനവുമാണത്. അത് പ്രായമുള്ളവയെ മാറ്റി പുതിയവ പ്രതിഷ്ഠിക്കുന്നു. ഇപ്പോള്‍ നിങ്ങള്‍ പുതിയതായിരിക്കാം. ഒരുദിവസം നിങ്ങളും മാറ്റിനിര്‍ത്തപ്പെടും. ഇത്രയും നാടകീയത ഉണ്ടാക്കിയതിന് മാപ്പപേക്ഷിച്ചായിരുന്നു പ്രഭാഷണത്തിന്റെ അവസാനം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ