2011, ഒക്‌ടോബർ 27, വ്യാഴാഴ്‌ച

ശക്തിപ്രാപിക്കുന്ന മുതലാളിത്തവിരുദ്ധ മുന്നേറ്റം


വി എസ് അച്യുതാനന്ദന്‍

ഐതിഹാസികമായ പുന്നപ്ര- വയലാര്‍ രക്തസാക്ഷിത്വത്തിന്റെ 65-ാം വാര്‍ഷികം പിന്നിടുകയാണ്. ദിവാന്‍ഭരണത്തിനും സര്‍ സി പിയുടെ അമേരിക്കന്‍ മോഡലിനും സാമ്രാജ്യത്വ-നാടുവാഴിത്ത സംയുക്തഭരണത്തിന്റെ കിരാതവാഴ്ചയ്ക്കുമെതിരെ നടന്ന അത്യുജ്വലമായ ജനകീയ ചെറുത്തുനില്‍പ്പും മുന്നേറ്റവുമാണ് പുന്നപ്ര- വയലാര്‍ സമരം.

മഹത്തായ ഈ സമരവും കയ്യൂരിലുള്‍പ്പെടെ മലബാര്‍ മേഖലയില്‍ നടന്ന രക്തരൂഷിത സമരങ്ങളും തെലങ്കാനയിലും തേഭാഗയിലും നടന്ന സമരങ്ങളും മുംബൈയില്‍ നടന്ന ആര്‍ഐഎന്‍ കലാപവും എല്ലാം സ്വാതന്ത്ര്യസമരത്തിന്റെ പ്രധാനപ്പെട്ട ധാരയാണ്.

ഈ യഥാര്‍ഥ ചതിത്രപാഠം വിസ്മരിച്ചും തമസ്കരിച്ചും കമ്യൂണിസത്തെയും സോഷ്യലിസത്തെയും അപഹസിക്കുകയും താഴ്ത്തികെട്ടുകയും ചെയ്യുന്ന പ്രവണത ബൂര്‍ഷ്വാസിയും സാമ്രാജ്യത്വ ദല്ലാളന്മാരും അവരുടെ പ്രത്യയശാസ്ത്രവക്താക്കളും പ്രചാരകരുമായ മാധ്യമങ്ങളും ശക്തിപ്പെടുത്തിയിരിക്കുകയാണ്. കേരളനിയമസഭയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ പോലും കോണ്‍ഗ്രസ് ഐക്കാരും മുസ്ലിംലീഗുകാരും കമ്യൂണിസത്തിന്റെ കാലം കഴിഞ്ഞുവെന്ന വിവരക്കേട് വിളിച്ചുപറയാനാണ് കൂടുതല്‍ സമയം ചെലവഴിച്ചത്.

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും കിഴക്കന്‍ യൂറോപ്യന്‍ സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ തിരോധാനവും എടുത്തുപറഞ്ഞ് പരിഹസിക്കാന്‍ ശ്രമിച്ച അവര്‍ പശ്ചിമബംഗാളിലെ പരാജയവും കേരളത്തിലുണ്ടായ വിജയത്തിനോടടുത്ത തോല്‍വിയും ചൂണ്ടിക്കാട്ടി കമ്യൂണിസത്തിന്റെ കാലം കഴിഞ്ഞുവെന്നാണ് ആക്രോശിച്ചത്. പുന്നപ്ര-വയലാറിലെയും മറ്റനേകം സമരഭൂമികളിലെയും സഖാക്കള്‍ , രക്തസാക്ഷികള്‍ ഉയര്‍ത്തിയ മുദ്രാവാക്യം വൃഥാവിലായെന്നും അവരുടെ സ്വപ്നങ്ങള്‍ വ്യാമോഹമായിരുന്നുവെന്നും പ്രത്യേകമായ "ആത്മസംതൃപ്തി"യോടെ അവരുടെ ആക്രോശത്തില്‍ നിറഞ്ഞുനിന്നിരുന്നു.

സോവിയറ്റ് തകര്‍ച്ചയുടെ കാലത്ത് സാമ്രാജ്യത്വം കൊട്ടിഘോഷിച്ചത് ചരിത്രം അവസാനിച്ചുവെന്നും വര്‍ഗസമരമെന്നത് മൗഢ്യമാണെന്നും ഇനി തൊഴിലാളിസമരങ്ങള്‍ പോലും അപ്രസക്തമാണെന്നുമാണ്. ആ "ചരിത്രം അവസാനിച്ചു"വാദികളുടെ അണിയിലെ ഇങ്ങേത്തലയാണ് ഇവിടത്തെ കോണ്‍ഗ്രസുകാരും ലീഗുകാരും അവരുടെ മൂടുതാങ്ങികളായ മാധ്യമങ്ങളും. അവര്‍ക്ക് ലോകത്തിന്റെ ഇന്നത്തെ ചുവരെഴുത്ത് കാണാന്‍ കാഴ്ചയില്ല. ലോകത്താകെ മുതലാളിത്തത്തിനെതിരെ മുഴങ്ങുന്ന അഭൂതപൂര്‍വമായ മുദ്രാവാക്യം ശ്രവിക്കാന്‍ കാതില്ല. അങ്ങനെ കണ്ണും കാതുമടച്ച് വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങള്‍ക്കുനേരെ പുറംതിരിഞ്ഞിരിക്കുന്നവരെ കടപുഴക്കിയെറിഞ്ഞുകൊണ്ട് പുതിയ ശൈലിയില്‍ , പുതിയ രൂപത്തില്‍ കോര്‍പറേറ്റ് വിരുദ്ധ, മുതലാളിത്തവിരുദ്ധ പോരാട്ടത്തിന്റെ പ്രവാഹം തുടങ്ങിയിരിക്കുകയാണ്.

പുന്നപ്ര-വയലാര്‍ സമരത്തിന്റെ 65-ാം വാര്‍ഷികം ആചരിക്കുമ്പോള്‍ രക്തസാക്ഷികളും സമരസഖാക്കളും സ്വപ്നം കണ്ട, മുതലാളിത്തവിരുദ്ധ സാര്‍വദേശീയ ഉണര്‍വ് യാഥാര്‍ഥ്യമാവുകയാണ്. 2009 നവംബര്‍ 20 മുതല്‍ 22 വരെ ഡല്‍ഹിയില്‍ സിപിഐ എം ആഭിമുഖ്യത്തില്‍ നടന്ന കമ്യൂണിസ്റ്റ്- തൊഴിലാളിപാര്‍ടികളുടെ ആഗോള സമ്മേളനം വിലയിരുത്തിയതുപോലുള്ള ഒരു സാഹചര്യം യാഥാര്‍ഥ്യമായിരിക്കുകയാണ്.

അന്ന് ആ സമ്മേളനത്തെയും അതിലെ ചര്‍ച്ചകളെയും അപഹസിക്കുകയായിരുന്നു ബുര്‍ഷ്വാ മാധ്യമങ്ങള്‍ . എന്നാലിന്ന് ആ സമ്മേളനം കഴിഞ്ഞ് രണ്ട് വര്‍ഷമാകാറായപ്പോള്‍ എന്താണ് ലോകത്തിന്റെ ചിത്രം? മൂന്ന് വര്‍ഷംമുമ്പ് സാമ്പത്തികമാന്ദ്യം പൊട്ടിപ്പുറപ്പെടുമ്പോള്‍ അത് രണ്ട് വര്‍ഷംകൊണ്ട് സാധാരണനില കൈവരിക്കുമെന്ന് ആഗോള ബൂര്‍ഷാസി സ്വയം ആശ്വസിക്കുകയും മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയുംചെയ്തു. എന്നാല്‍ , മുതലാളിത്തത്തെ ഗ്രസിച്ച കുഴപ്പം കൂടുതല്‍ സങ്കീര്‍ണമായിക്കൊണ്ടിരിക്കുകയാണ്.

ആഗോളവല്‍ക്കരണത്തിലൂടെ തടിച്ചുകൊഴുത്ത് തങ്ങളുടെ നേതൃത്വത്തിലുള്ള ഏകധ്രുവലോകം ഇതാ യാഥാര്‍ഥ്യമായിരിക്കുന്നുവെന്ന് ആര്‍ത്തുവിളിച്ചവരാണ് അമേരിക്ക. എന്നാല്‍ , മുതലാളിത്തത്തിന്റെ ചാക്രിക കുഴപ്പത്തെപ്പറ്റി മാര്‍ക്സ് ഒന്നര നൂറ്റാണ്ട് മുമ്പ് വിലയിരുത്തിയത് ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ആഗോളവല്‍ക്കരണ നയം രണ്ട് പതിറ്റാണ്ട് പോലും തികയുംമുമ്പ് മൂക്കുംകുത്തി വീഴുകയാണ്. സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള അതിശക്തമായ ബഹുജനസമരങ്ങള്‍ കൊണ്ട് ലോകം ഇളകിമറിയുകയാണ്.

മുതലാളിത്തത്തിന്റെ നാനാവിധ ചൂഷണത്തിനുമെതിരെ അമേരിക്കയിലും യൂറോപ്പിലും അഭൂതപൂര്‍വമായ ട്രേഡ് യൂനിയന്‍ മുന്നേറ്റങ്ങളും ബഹുജന സമരങ്ങളും അലയടിക്കുന്നു. ലോക മുതലാളിത്തത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും നായകനായ അമേരിക്ക സമ്പൂര്‍ണ തകര്‍ച്ചയിലേക്ക് കാല് നീട്ടിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. അന്നന്ന് രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തില്‍ അമേരിക്ക കിടിലംകൊള്ളുകയാണ്. മുതലാളിത്ത സ്വര്‍ഗമായ അമേരിക്കയില്‍ ആറിലൊന്നു പേരും ദാരിദ്ര്യക്കയത്തിലകപ്പെട്ടിരിക്കുന്നു. അതിരൂക്ഷമായ തൊഴിലില്ലായ്മയില്‍ ജനങ്ങള്‍ നട്ടംതിരിയുന്നു.

ഈ സാഹചര്യത്തിലാണ് ഏതെങ്കിലും പ്രസ്ഥാനങ്ങള്‍ ആഹ്വാനം ചെയ്യാതെതന്നെ അമേരിക്കന്‍ തെരുവുകളില്‍ ബഹുജനരോഷം അലയടിക്കുന്നത്. "വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍" എന്ന് പേരിട്ടിരിക്കുന്ന ഈ ജനമുന്നേറ്റത്തില്‍ ലക്ഷങ്ങളാണ് പങ്കെടുക്കുന്നത്. സെപ്തംബര്‍ 17ന് വാള്‍സ്ട്രീറ്റില്‍ ആരംഭിച്ച സമരം ലോകമാകെ കത്തിപ്പടര്‍ന്നുകൊണ്ടിരിക്കുകയാണ്.

രണ്ട് പതിറ്റാണ്ട് മുമ്പ് ചരിത്രം അവസാനിച്ചുവെന്ന് വീമ്പിളക്കിയവര്‍ ചരിത്രത്തിന്റെ കൂടുതല്‍ വ്യാപ്തിയോടെയുള്ള ആവര്‍ത്തനം കണ്ട്, ചരിത്രത്തിന്റെ സജീവത കണ്ട് പകയ്ക്കുകയാണ്. കോര്‍പറേറ്റുകള്‍ക്ക് വിടുപണിചെയ്യുന്ന ഭരണനേതൃത്വങ്ങള്‍ക്കെതിരെ ലോകവ്യാപകമായി ബഹുജനസമരങ്ങള്‍ തുടരുകയാണ്. "ഞങ്ങളാണ് 99 ശതമാനം. ഒരു ശതമാനം വരുന്ന നിങ്ങളുടെ ചൂഷണം തുടരാന്‍ അനുവദിക്കില്ല" എന്ന പ്രഖ്യാപനമാണ് എല്ലാ തെരുവുകളിലും മുഴങ്ങുന്നത്.

സാമ്പത്തികമാന്ദ്യത്തില്‍ കൂപ്പുകുത്തുന്ന കോര്‍പറേറ്റുകളെ താങ്ങിനിര്‍ത്താന്‍ ഖജനാവിലെ പണം മുഴുവന്‍ ഉപയോഗിക്കുന്നതിനെതിരെ സമരമുയര്‍ത്തേണ്ട കാര്യം 2009ലെ ലോകകമ്യൂണിസ്റ്റ് സമ്മേളനം ഊന്നിപ്പറഞ്ഞ കാര്യം സ്മരണീയമാണ്.

സോവിയറ്റനന്തര കാലത്ത് മുതലാളിത്തം കൂടുതല്‍ ഉന്മത്തമായി വിഹരിക്കുകയും തൊഴിലാളിവര്‍ഗ പ്രത്യയശാസ്ത്രത്തിനും സമരങ്ങള്‍ക്കുമെതിരെ ആക്രോശിക്കുകയും ആക്രമണമഴിച്ചുവിടുകയും ചെയ്യുന്നതാണ് അനുഭവം. നമ്മുടെ സമരങ്ങളും പ്രചാരണങ്ങളും അതിനെ പ്രതിരോധിക്കുന്ന രൂപത്തിലുള്ളതായിരുന്നു. നിലവിലുള്ള അവകാശങ്ങള്‍ തട്ടിപ്പറിക്കാന്‍ ഭരണവര്‍ഗം നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ പ്രതിരോധസമരങ്ങളാണ് നടന്നത്. എന്നാല്‍ , പ്രതിരോധത്തില്‍മാത്രം ഊന്നുന്ന സമരങ്ങള്‍ക്ക് ദൗര്‍ബല്യമുണ്ടെന്നും മുമ്പ് നേടിയെടുത്ത അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനോടൊപ്പം കാലാനുസൃതമായ പുതിയ അവകാശങ്ങള്‍ക്കുകൂടി വേണ്ടിയുള്ള മൂര്‍ച്ചയേറിയ ഉപരോധാത്മക പ്രക്ഷോഭസമരങ്ങളാണ് വര്‍ത്തമാനകാലം ആവശ്യപ്പെടുന്നതെന്നും ഡല്‍ഹി സമ്മേളനം പ്രഖ്യാപിക്കുകയുണ്ടായി. രാഷ്ട്രീയമായി അത് യാഥാര്‍ഥ്യമാകുന്ന ആവേശകരമായ ചിത്രമാണിന്ന് ലോകത്താകെ കാണുന്നത്.

അത് കാണാതെയാണ് ഇടതുപക്ഷ-പുരോഗമനപ്രസ്ഥാനങ്ങള്‍ക്കെതിരെ നടക്കുന്ന കുപ്രചാരണങ്ങള്‍ . മുന്നേറ്റങ്ങള്‍ക്കിടയിലുള്ള തിരിച്ചടികള്‍ ലോകത്തെമ്പാടും കമ്യൂണിസ്റ്റ് പാര്‍ടികളും തൊഴിലാളിവര്‍ഗ പ്രസ്ഥാനവും അഭിമുഖീകരിച്ചിട്ടുണ്ട്. അതൊന്നും ചരിത്രത്തിന്റെ അവസാനമായിരുന്നില്ല. വര്‍ഗസമരം ഒരേ നേര്‍രേഖയിലൂടെ മുന്നോട്ടുപോകുമെന്ന് കരുതുന്നത് മൗഢ്യമാണ്. രണ്ടടി മുന്നോട്ടുവയ്ക്കുമ്പോള്‍ ഒരുപക്ഷേ ഒരടി പിന്നോട്ട് വയ്ക്കേണ്ടിവന്നാല്‍പോലും ആത്യന്തികമായി അത് മുന്നേറുകതന്നെചെയ്യും. തിരിച്ചടികളുണ്ടാകുമ്പോള്‍ ആത്യന്തിക പരാജയമായും ചരിത്രത്തിന്റെ അവസാനമായും വര്‍ഗശത്രുക്കള്‍ പ്രചരിപ്പിക്കുകയും ആഹ്ലാദിക്കുകയും ചെയ്യും. എന്നാല്‍ , അവരുടെ ആഹ്ലാദപ്രകടനങ്ങള്‍ മൗഢ്യമാണെന്ന് കാലം തെളിയിച്ചുകൊണ്ടിരിക്കുന്നു. തിരിച്ചടികളെ അതിജീവിച്ച് മുതലാളിത്തവിരുദ്ധ- സാമ്രാജ്യത്വവിരുദ്ധ- ആഗോളവല്‍ക്കരണവിരുദ്ധ പോരാട്ടം സാര്‍വദേശീയമായി മുന്നേറാന്‍ തുടങ്ങിയ സന്ദര്‍ഭത്തിലാണ് ഇത്തവണ നാം പുന്നപ്ര- വയലാര്‍ രക്തസാക്ഷി സ്മരണ പുതുക്കുന്നത്.

1 അഭിപ്രായം: