2011, ഒക്‌ടോബർ 15, ശനിയാഴ്‌ച

രക്തകരബിയിലൂടെ


എവിടെയെല്ലാം അടിമത്തം ഉണ്ടോ അവിടെയെല്ലാം സ്ത്രീ നിലനില്‍ക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. കാലാന്തരങ്ങളായി അതിനെതിരെ അവള്‍ സമരം തുടരുന്നു... ഒന്നിനോടും സമരസപ്പെടാനാകാതെ... ഒടുവില്‍ അവള്‍ സ്വയം നിര്‍വചിച്ചെടുക്കുന്ന നിഷേധത്തിന്റെ കുറിപ്പുകള്‍ . ഇപ്പോള്‍ യാത്രാമധ്യേ വഴിവക്കിലെ മൗനമരണങ്ങള്‍ അവളെ സ്തബ്ദയാക്കുന്നില്ല... കണ്ണുകള്‍ അമര്‍ത്തി ആ കാഴ്ചകള്‍ കണ്ടില്ലെന്ന് നടിക്കുന്നില്ല. അപ്രതിരോധ്യമായ സത്യങ്ങള്‍ ചേര്‍ത്ത് പിടിച്ച് കാലത്തിന് കുറുകെ ഇപ്രകാരം ഒരാള്‍ നടന്നടുക്കുക തന്നെചെയ്യും. കാലം ആവശ്യപ്പെടുന്നതും അത്തരമൊരാളെയാണ് .... "വുമണ്‍ എ വ്യൂ- രക്തകരബിയിലൂടെ ഒരു ദര്‍ശനം" എന്ന നാടകം നമ്മോട് ഉറക്കെ സംസാരിക്കുന്നു, ചിന്തിപ്പിക്കുന്നു.

 
ഇനി നമുക്ക് കാത്തിരിക്കാനൊന്നുമില്ല. മരണത്തിനുമുമ്പ് ചെയ്തുതീര്‍ക്കേണ്ട കടമകള്‍ മാത്രം. എല്ലാ ഓര്‍മകളെയും ചേര്‍ത്തുപിടിച്ച് മുന്നോട്ട് നടക്കാം. വരും... വിശ്രമത്തിന്റെ, സ്നേഹത്തിന്റെ പ്രതീക്ഷയുടെ വെള്ളിവെളിച്ചം നമുക്ക് മുന്നില്‍ തെളിയാതിരിക്കില്ല. തൃശൂര്‍ രംഗചേതനയുടെ ആഭിമുഖ്യത്തിലാണ് "വുമണ്‍ എ വ്യൂ- രക്തകരബിയിലൂടെ ഒരു ദര്‍ശനം" എന്ന നാടകം അരങ്ങേറിയത്. ഔന്നത്യം കൊണ്ട് അനശ്വരമായ രവീന്ദ്രനാഥടാഗോറിന്റെ ദര്‍ശനങ്ങളെ ഉയര്‍ത്തിക്കാട്ടുന്ന ശ്രദ്ധേയമായ രചനയാണ് രക്തകരബി എന്ന നാടകം. അദ്ദേഹത്തിന്റെ "വുമണ്‍ എ വ്യൂ" എന്ന പ്രശസ്ത ചിത്രത്തെ ഈ നാടകവുമായി ചേര്‍ത്തിണക്കിയാണ് പുതിയ നാടകാവതരണം. പിണഞ്ഞുകിടക്കുന്നതും സ്വത്വബോധത്താല്‍ ശക്തിയാര്‍ജിച്ചതുമായ ഒരു സ്ത്രീ രൂപത്തെയാണ് ടാഗോര്‍ വരച്ചിരിക്കുന്നത്.

 
രക്തകരബി നാടകത്തിലെ നന്ദിനി എന്ന കഥാപാത്രത്തിലൂടെ ആ ചിത്രത്തിലേക്കുള്ള സഞ്ചാരമാണ് നാടകം. സ്ത്രീയുടെ സ്വാതന്ത്ര്യബോധവും പോരാട്ടവും അടിച്ചമര്‍ത്തപ്പെടുന്നവന്റെ യാതനകളും ഉയിര്‍പ്പും ഈ നാടകം അഭിമുഖം ചെയ്യുന്നു. ബ്രിട്ടീഷുകാരാല്‍ അടിച്ചമര്‍ത്തപ്പെട്ട ഒരു കൂട്ടം നാട്ടുരാജാക്കന്മാര്‍ . ദുര്‍ബലമായ ഈ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകളോട് കലഹിക്കുന്ന തൊഴിലാളികള്‍ . ഇവിടെ പൊതുജനങ്ങള്‍ക്ക് മുന്നില്‍ രാജാവ് ഒരിക്കലും പ്രത്യക്ഷപ്പെടുന്നില്ല എന്നതാണ് മറ്റൊരു യാഥാര്‍ഥ്യം. ഭരണമെന്ന കൂടത്തില്‍ തളച്ചതും ചക്കില്‍ കെട്ടിയതുമായ കാളകള്‍ മാത്രമാണ് ഈ തൊഴിലാളികള്‍ . എവിടെയാണ് സ്വാതന്ത്ര്യത്തിന്റെ തുറന്ന ആകാശം... എവിടെയാണ് പ്രണയത്തിന്റെ ഗന്ധമുള്ള രക്തകരബിപ്പൂക്കള്‍ ... ഇടയില്‍ എപ്പോഴോ ഇവര്‍ക്കിടയിലേക്ക് പ്രണയം..സ്നേഹം.. സൗന്ദര്യം.. വിശ്രമം എന്നിവയെല്ലാം നിറഞ്ഞ സന്ദേശവുമായി നന്ദിനി യെത്തുന്നു. അടിമകളെപ്പോലെ ജീവിച്ചിരുന്ന അവര്‍ക്ക് നന്ദിനിയുടെ സൗന്ദര്യത്തെപ്പോലും ഭയമായിരുന്നു. വിശു എന്ന പാട്ടുകാരനും രക്തകരബിപ്പൂക്കള്‍ തേടിക്കൊടുക്കുന്ന കിശോരനും ഒടുവില്‍ ഇവളുടെ സ്നേഹത്തിന് അര്‍ഥം കണ്ടെത്തുന്നു.

 
ജീവിതത്തെ അതിന്റെ എല്ലാ മാധുര്യങ്ങളും ചേര്‍ത്തുപിടിച്ച് എല്ലാ ദുഃഖങ്ങളും മാറ്റിനിര്‍ത്തി അവര്‍ സ്നേഹിക്കാന്‍ ആരംഭിക്കുന്നു. ആ ശക്തിയാല്‍ തകര്‍ക്കപ്പെടുന്നത് രാജാവിന്റെ കോട്ടകളാണ്. കോട്ടക്കുള്ളില്‍ ബന്ധിതനായ രഞ്ജനെ ഇവിടെ നന്ദിനി കാത്തിരിക്കുന്നു. പക്ഷേ, അധികാരത്തിന്റെ അടിച്ചമര്‍ത്തലില്‍ രഞ്ജന്‍ മരിച്ചുവീഴുന്നു. തടവറകള്‍ തകര്‍ത്തെത്തുന്ന വിശു രഞ്ജന്റെ രക്തത്തില്‍ മുക്കിയ ബ്രഷ് എടുത്ത് ഒരു സ്ത്രീ രൂപം വരയ്ക്കാനാരംഭിക്കുതോടെയാണ് നാടകം അവസാനിക്കുന്നത്. ഇവിടെ നന്ദിനി യാത്രയാകുന്നു, മറ്റൊരു പടപ്പുറപ്പാടിന് തുടക്കം കുറിച്ച്.

അഭിനയിക്കാന്‍ സ്ത്രീകള്‍ മടിക്കുന്ന കാലത്താണ് ടാഗോര്‍ നന്ദിനി എന്ന ശക്തമായ കഥാപാത്രത്തെ അരങ്ങിലെത്തിക്കുന്നത്. അസ്വാതന്ത്ര്യത്തിന്റെ പര്യായമായാണ് സ്ത്രീയെ ടാഗോര്‍ കണ്ടെത്തുന്നത്. ആ ദീര്‍ഘദര്‍ശനത്തിനുമുന്നില്‍ ഇവിടെ ഒരു കവി ജനിക്കുകയായിരുന്നു. സൗന്ദര്യവും, സര്‍ഗാത്മഗതയും ചോദ്യം ചെയ്യപ്പെടുന്നത് സ്ത്രീയുടെ സ്വത്വബോധത്തിലാണെന്നും അരങ്ങ് പ്രഖ്യാപിക്കുന്നു. ശില്‍പ്പകലയുടെ അനന്യമായ സൗന്ദര്യം ഈ നാടകത്തിന്റെ വിവിധഘട്ടങ്ങളില്‍ അരങ്ങിലെത്തുന്നുണ്ട്. അതോടൊപ്പം ശക്തവും വ്യക്തവുമായ ഒരു രാഷ്ട്രീയം ഈ നാടകം മുന്നോട്ടുവയ്ക്കുന്നു. പ്രകൃതിക്ക് മനുഷ്യനുമായുള്ള അഭേദ്യമായ ബന്ധത്തെ എടുത്തുകാട്ടുന്ന ഒന്നായിരുന്നു നാടകത്തിലെ സംഗീതം. നാടകത്തിന്റെ സംവിധാനവും രംഗപാഠവും നിര്‍വഹിച്ചത് കേന്ദ്രസാംസ്കാരികവകുപ്പിന്റെ ജൂനിയര്‍ ഫെല്ലോഷിപ്പിന് അര്‍ഹനായ കെ വി ഗണേശാണ്. കുട്ടികളുടെ നാടകവേദിയില്‍ ഏറെ ശ്രദ്ധേയനായ ഗണേശ് ഒട്ടേറെ നാടകങ്ങള്‍ രചിക്കുകയും സംവിധാനവും ചെയ്തിട്ടുണ്ട്. രംഗചേതനയുടെ സാരഥിയായ ഇ ടി വര്‍ഗീസ് രംഗാധികാരിയും സി എസ് അലക്സ്, നിതിന്‍ തിമോത്തി എന്നിവര്‍ സംവിധാന സഹായികളുമായി.


*****


ജിഷ, കടപ്പാട് :ദേശാഭിമാനി വാരാന്തപ്പതിപ്പ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ