2011, നവംബർ 4, വെള്ളിയാഴ്‌ച

മാര്‍ക്സിസം കൂടുതല്‍ സാധൂകരിക്കപ്പെടുമ്പോള്‍



അഡ്വ. കെ അനില്‍കുമാര്‍

വിപ്ലവം, സമരം തുടങ്ങിയവയൊക്കെ അശ്ലീലപദങ്ങളായി കരുതപ്പെട്ടിരുന്ന ആഗോളവല്‍ക്കരണത്തിന്റെ ഒരു വ്യാഴവട്ടമാണ് കടന്നുപോയത്. മാനവരാശിക്ക് എന്തോ നന്മചെയ്യാന്‍ പോകുന്ന വിശുദ്ധ പാക്കേജായി ആഗോളവല്‍ക്കരണത്തെ മധ്യവര്‍ഗവും മാധ്യമങ്ങളും കൊണ്ടാടി. അതിനെ എതിര്‍ത്ത കമ്യൂണിസ്റ്റുകാര്‍ വികസനവിരുദ്ധരായി ആക്ഷേപിക്കപ്പെട്ടു. സാമ്പത്തികനയങ്ങളാല്‍ മാത്രമല്ല ആശയപ്രചാരണങ്ങളിലും ലോകജനതയ്ക്കുമേല്‍ സമ്പൂര്‍ണ മേധാവിത്വമാണ് ഇതുവഴി മുതലാളിത്തം സ്ഥാപിച്ചെടുത്തത്. സോവിയറ്റ് യൂണിയന്‍ തകര്‍ക്കപ്പെട്ടതോടെ അമേരിക്കന്‍ ചൊല്‍പ്പടിയില്‍ ഐക്യരാഷ്ട്രസഭയും ഒരു കളിപ്പാട്ടംപോലെയായി. ഭൂമിക്കടിയില്‍നിന്ന് എണ്ണയൂറുന്ന ഏതു രാജ്യത്തും ഏതെങ്കിലും കാരണം പറഞ്ഞ് കടന്നുകയറുന്ന കാട്ടു നീതിയാണ് ഇക്കാലത്ത് ലോകത്ത് നടമാടിയത്. ഇറാഖിനും അഫ്ഗാനിസ്ഥാനും പുറമെ ലിബിയകൂടി അധിനിവേശത്തിന് ഇരയാകുന്നു. എങ്കിലും അമേരിക്ക ജയിക്കുന്നില്ല. വാള്‍സ്ട്രീറ്റ് കലാപം ലോകത്തിനു നല്‍കുന്ന സന്ദേശം ഇതാണ്. സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയിട്ട് സര്‍വലോകവും നേടിയാലും അതിന്റെ നിരര്‍ഥകതയെപ്പറ്റി ദൈവശാസ്ത്രം വിരല്‍ചൂണ്ടുന്നതുപോലെ അമേരിക്കന്‍ വിജയങ്ങളുടെ നിരര്‍ഥകതയുടെ പരസ്യപ്പലകയാണ് വാള്‍സ്ട്രീറ്റ്. ഒരു സെപ്തംബര്‍ 11ന് ലോകവ്യാപാരകേന്ദ്രം മാത്രമല്ല, പെന്റഗണ്‍തന്നെ കുലുങ്ങി. അമേരിക്കന്‍ ഭരണകൂടം ആ ആക്രമണത്തെ രാജ്യത്തിന് എതിരായ യുദ്ധമായി വ്യാഖ്യാനിച്ചു. ഭരണകൂടത്തിനു പിന്നില്‍ അമേരിക്കന്‍ ജനതയെ അണിനിരത്താന്‍ അവര്‍ക്കും ആ ആക്രമണം പിടിവള്ളിയായി. അഫ്ഗാന്‍ ജനതയുടെ ജീവിതത്തിനുമേല്‍ അഭിശപ്തമായ മരണദൂതുമായി മിസൈലുകള്‍ പുറപ്പെട്ടത് അതിനുശേഷമാണ്.

സെപ്തംബര്‍ 11ന് ഉണ്ടായ ഭീകരവാദികളുടെ ആക്രമണം സാമ്രാജ്യത്വം ലോകമാകെ വിളയാടാനുള്ള അവസരമാക്കി. ഞങ്ങള്‍ ഒന്നാണെന്ന് അമേരിക്കന്‍ ജനതയെ ചൂണ്ടി ലോകത്തോട് വിളിച്ചുപറഞ്ഞ അമേരിക്കന്‍ ഭരണാധികാരികളോട് ഇന്ന് അമേരിക്കന്‍ ജനത തിരിച്ചു പറയുന്നു ഞങ്ങള്‍ 99 ശതമാനം ആണ്. നിങ്ങള്‍ ഒരു ശതമാനംമാത്രം. അമേരിക്കയില്‍ മാത്രമല്ല, മുതലാളിത്ത രാജ്യങ്ങളിലാകെ ഭരണകൂടത്തിനെതിരെ ജനങ്ങള്‍ തെരുവിലാണ്. ഒരു പുതിയ തിരിച്ചറിവിന്റെ നിറവില്‍ . ആഗോള രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുന്ന മുഖ്യവൈരുധ്യങ്ങളെപ്പറ്റി കമ്യൂണിസ്റ്റുകാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുതലാളിത്തരാജ്യങ്ങളിലെ ഭരണകൂടവും ആ രാജ്യങ്ങളിലെ ജനങ്ങളും തമ്മിലുള്ള വൈരുധ്യം തീവ്രമായി വരുന്നു. ആഗോളവല്‍ക്കരണത്തിന്റെ രണ്ടു പതിറ്റാണ്ടിലെ യാഥാര്‍ഥ്യങ്ങള്‍ പാശ്ചാത്യരാജ്യങ്ങളിലെ മുതലാളിത്ത ഭരണകൂടങ്ങളെ അവിടത്തെ ജനങ്ങളില്‍നിന്ന് ഒറ്റപ്പെടുത്തിയിരിക്കുന്നു. കോര്‍പറേറ്റുകളുടെ ആര്‍ത്തിയെ അവര്‍ പഴിക്കുന്നു. യഥാര്‍ഥത്തില്‍ ഇത് ആര്‍ത്തിയല്ല. മൂലധനത്തിന്റെ സ്വഭാവമാണ്, കൊള്ളയാണ്. അത്രയും അറിയാനും പറയാനുമുള്ള രാഷ്ട്രീയവളര്‍ച്ച വാള്‍സ്ട്രീറ്റ് പ്രക്ഷോഭകര്‍ നേടിയിട്ടില്ല എന്നേയുള്ളു. എങ്കിലും ഉണ്ടാകുന്ന സംഭവങ്ങള്‍ , സമരങ്ങള്‍ , പോരാട്ടങ്ങള്‍ , അവയുടെ ഉള്ളടക്കം സാമ്രാജ്യത്വത്തിനും മുതലാളിത്തത്തിനും എതിരാണ്. അതിനെ റാഞ്ചാന്‍ തീവ്രവലതുപക്ഷം കരുക്കള്‍ നീക്കുന്നുണ്ടെങ്കിലും അത് അത്ര എളുപ്പമല്ല. അതിന് കാരണം മാറുന്ന ലോകരാഷ്ട്രീയമാണ്. രണ്ടായിരത്തി അന്‍പതാമാണ്ടില്‍ ചൈന അമേരിക്കയെ മറികടന്ന് സാമ്പത്തികരംഗത്ത് ഒന്നാം ശക്തിയാകുമെന്നാണ് ലോകബാങ്ക് പ്രവചിച്ചത്. മാന്ദ്യംമൂലം തകരുന്ന അമേരിക്ക പിന്നോട്ടടിക്കുന്നതോടെ ചൈനയ്ക്ക് ഒന്നാമതെത്താന്‍ 2025ല്‍ തന്നെ കഴിയുമെന്നാണ് ഇപ്പോള്‍ അനുമാനിക്കപ്പെടുന്നത്.

ആഗോളവല്‍ക്കരണം നല്‍കിയ വിപുലമായ ചൂഷണാവസരങ്ങള്‍ കിട്ടിയിട്ടും എണ്ണസമ്പന്നമായ മൂന്നു രാജ്യത്തെ യുദ്ധത്താല്‍ കീഴ്പ്പെടുത്തിയിട്ടും അമേരിക്കയെ മാന്ദ്യം പിടികൂടിയതെന്തുകൊണ്ട്. മുതലാളിത്തവ്യവസ്ഥയുടെ ചാക്രിക കുഴപ്പങ്ങളെപ്പറ്റി കാള്‍ മാര്‍ക്സിന്റെ നിഗമനങ്ങള്‍ സാധൂകരിക്കുന്നതാണ് ഇപ്പോഴത്തെ ആഗോളമാന്ദ്യം. അത് നേരിടാന്‍ സ്വകാര്യ ധനസ്ഥാപനങ്ങളെ ഖജനാവിലെ പണം കൊടുത്ത് സഹായിച്ചിട്ടും കോര്‍പറേറ്റുകള്‍ വീണ്ടും രാഷ്ട്രസമ്പത്ത് വിഴുങ്ങുന്നെന്നല്ലാതെ മാന്ദ്യം മാറുന്നില്ല. മാന്ദ്യത്തിന് മുതലാളിത്ത വിദഗ്ധര്‍ നിര്‍ദേശിക്കുന്ന പരിഹാരം തൊഴിലിന്റെ പ്രതിഫലം വെട്ടിക്കുറയ്ക്കുകയെന്നതാണ്. മുതലാളിത്ത പ്രതിസന്ധിക്ക് അവര്‍ കണ്ട മരുന്ന് വെളുക്കാന്‍ തേച്ചത് പാണ്ടായ അവസ്ഥയിലെത്തിയെന്നതാണ് മുതലാളിത്ത രാജ്യങ്ങളിലെ സമരതരംഗങ്ങള്‍ തെളിയിക്കുന്നത്. സമരങ്ങളോട് വിരക്തിയും പുച്ഛവും കാട്ടിയിരുന്ന മധ്യവര്‍ഗം ഉള്‍പ്പെടെ നഷ്ടപ്പെടലിന്റെ നീറ്റലില്‍ പോരാട്ടത്തിന്റെ വഴിതേടുമ്പോള്‍ , ചൂഷിത ഭൂരിപക്ഷം പരസ്പരം ഐക്യപ്പെടുന്നതിന്റെ അടയാളമാണ് ലോകത്തെ ആയിരത്തിനടുത്ത പട്ടണങ്ങളില്‍ തെരുവിലേക്കിരമ്പിയെത്തിയത്. ചൈനയ്ക്ക് ഈ മാന്ദ്യം അതേ രീതിയില്‍ ബാധകമല്ലാത്തതിന് കാരണം ആ വ്യവസ്ഥയുടെ സത്ത മുതലാളിത്തമല്ലാത്തിനാലാണ്. അമേരിക്ക പിന്തള്ളപ്പെടുകയും സാമ്പത്തികവളര്‍ച്ചയാല്‍ സുരക്ഷിതമായ ചൈന ഒന്നാംശക്തിയാവുകയും ചെയ്യുമ്പോള്‍ , ലോകത്തെ വിവിധ രാജ്യങ്ങളിലെ വിപ്ലവ പ്രക്രിയയുടെ ഭാവി ഇരുളടഞ്ഞതാകില്ല. മാര്‍ക്സിസത്തെ സാധൂകരിക്കുന്ന സംഭവങ്ങള്‍ തുടരെയുണ്ടാകുമ്പോഴും നമ്മുടെ മാധ്യമങ്ങള്‍ പുലര്‍ത്തുന്ന മഹാമൗനത്തിനു പിന്നില്‍ ഏതു വര്‍ഗമാണ് തകരുന്നതെന്ന് വായിച്ചെടുക്കാനാകും. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ലോക വിപ്ലവത്തെപ്പറ്റിയാണ് ഉദ്ഘോഷിച്ചത്. എല്ലാ രാജ്യങ്ങളിലും ഒരേപോലെ വിപ്ലവപ്രസ്ഥാനത്തിന് വളര്‍ച്ചയുണ്ടാകാതെ വരുമ്പോള്‍ മുന്നേറാനാകുന്ന രാജ്യങ്ങളില്‍ തൊഴിലാളിവര്‍ഗം നിസ്സംഗരായിരിക്കാന്‍ പാടില്ല എന്നും സാമ്രാജ്യത്വത്തിന്റെ ചങ്ങലയിലെ കണ്ണി ദുര്‍ബലമാകുന്നിടത്ത് തൊഴിലാളിവര്‍ഗം വിപ്ലവത്തിലൂടെ ആഞ്ഞടിക്കണമെന്നുമാണ് ലെനിന്‍ സിദ്ധാന്തിച്ചത്.

സോവിയറ്റ് യൂണിയന്റെ ഉദയം അങ്ങനെയായിരുന്നു. ശീതയുദ്ധത്തിന്റെ അറുതിയിലെ സാമ്പത്തികത്തകര്‍ച്ച റഷ്യയെ ദുര്‍ബലപ്പെടുത്തി. എന്നാല്‍ ,ഒന്നാംശക്തിയാകുന്ന ചൈന സാമ്പത്തികമായി ശക്തമാണ്. പുതിയൊരു ലോകസാഹചര്യം ഉയരും. ബാഹ്യ വൈരുധ്യങ്ങള്‍ ഓരോ രാജ്യത്തിനകത്തെയും ആഭ്യന്തര രാഷ്ട്രീയത്തെ സ്വാധീനിക്കും. ലോകവിപ്ലവത്തിന്റെ പുതിയ സാധ്യതകളിലേക്ക് അത് വഴിതുറന്നുകൂടെന്നില്ല. ഏതായാലും വാള്‍സ്ട്രീറ്റ് പ്രക്ഷോഭം, മുതലാളിത്തത്തിന്റെയും ആഗോളവല്‍ക്കരണത്തിന്റെയും പൊള്ളത്തരം ഒന്നുകൂടി തുറന്നുകാട്ടുന്നു. വിപ്ലവങ്ങള്‍ അവസാനിച്ചെന്ന് ആരാണ് കളവ് പറഞ്ഞത്. മുതലാളിത്തം അവസാനത്തെ വ്യവസ്ഥയാണെന്ന് ആരാണ് പ്രചരിപ്പിച്ചത്. വാള്‍സ്ട്രീറ്റില്‍നിന്ന് ഉയരുന്നത് അവര്‍ക്കുള്ള മറുപടികൂടിയാണ്.

1 അഭിപ്രായം:

  1. മുതലാളിത്തവ്യവസ്ഥയുടെ ചാക്രിക കുഴപ്പങ്ങളെപ്പറ്റി കാള്‍ മാര്‍ക്സിന്റെ നിഗമനങ്ങള്‍ സാധൂകരിക്കുന്നതാണ് ഇപ്പോഴത്തെ ആഗോളമാന്ദ്യം. അത് നേരിടാന്‍ സ്വകാര്യ ധനസ്ഥാപനങ്ങളെ ഖജനാവിലെ പണം കൊടുത്ത് സഹായിച്ചിട്ടും കോര്‍പറേറ്റുകള്‍ വീണ്ടും രാഷ്ട്രസമ്പത്ത് വിഴുങ്ങുന്നെന്നല്ലാതെ മാന്ദ്യം മാറുന്നില്ല. മാന്ദ്യത്തിന് മുതലാളിത്ത വിദഗ്ധര്‍ നിര്‍ദേശിക്കുന്ന പരിഹാരം തൊഴിലിന്റെ പ്രതിഫലം വെട്ടിക്കുറയ്ക്കുകയെന്നതാണ്. മുതലാളിത്ത പ്രതിസന്ധിക്ക് അവര്‍ കണ്ട മരുന്ന് വെളുക്കാന്‍ തേച്ചത് പാണ്ടായ അവസ്ഥയിലെത്തിയെന്നതാണ് മുതലാളിത്ത രാജ്യങ്ങളിലെ സമരതരംഗങ്ങള്‍ തെളിയിക്കുന്നത്. സമരങ്ങളോട് വിരക്തിയും പുച്ഛവും കാട്ടിയിരുന്ന മധ്യവര്‍ഗം ഉള്‍പ്പെടെ നഷ്ടപ്പെടലിന്റെ നീറ്റലില്‍ പോരാട്ടത്തിന്റെ വഴിതേടുമ്പോള്‍ , ചൂഷിത ഭൂരിപക്ഷം പരസ്പരം ഐക്യപ്പെടുന്നതിന്റെ അടയാളമാണ് ലോകത്തെ ആയിരത്തിനടുത്ത പട്ടണങ്ങളില്‍ തെരുവിലേക്കിരമ്പിയെത്തിയത്. ചൈനയ്ക്ക് ഈ മാന്ദ്യം അതേ രീതിയില്‍ ബാധകമല്ലാത്തതിന് കാരണം ആ വ്യവസ്ഥയുടെ സത്ത മുതലാളിത്തമല്ലാത്തിനാലാണ്.

    മറുപടിഇല്ലാതാക്കൂ