2011, ഒക്‌ടോബർ 19, ബുധനാഴ്‌ച

എഴുത്തും അരാജകവാദവും


  • എം മുകുന്ദന്‍
  • കവി എ അയ്യപ്പന്‍ അന്തരിച്ചിട്ട് ഒരു വര്‍ഷം തികയുന്നു.
    2010 ഒക്ടോബര്‍ 21 നായിരുന്നു കവിയുടെ വേര്‍പാട്.

    ജീവിതംപോലെ തന്നെ മരണവും വേഗത്തിലാണ് വന്നുപോകുന്നത്. ഒന്നു കണ്ണടച്ചു തുറക്കുമ്പോഴേക്ക് ഒരു കൊല്ലം കഴിഞ്ഞുപോയിരിക്കുന്നു. അല്ലെങ്കില്‍ ഇരുപത്തിനാല് ആണ്ടുകള്‍ കഴിഞ്ഞുപോയിരിക്കുന്നു. ഇരുപത്തിനാല് കൊല്ലങ്ങള്‍ക്ക് മുമ്പായിരുന്നു ജോണ്‍ എബ്രഹാമിന്റെ നിര്യാണം. ജോണിനെയും അയ്യപ്പനെയും വേറിട്ടുകാണാന്‍ എനിയ്ക്ക് കഴിയാറില്ല. ജോണിനെക്കുറിച്ച് ചിന്തിക്കുമ്പോഴൊക്കെ അയ്യപ്പന്‍ മനസിലേക്ക് കടന്നുവരും. അയ്യപ്പനെക്കുറിച്ച് ആലോചിക്കുമ്പോള്‍ ജോണും കടന്നുവരും. ജീവിതത്തിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ചും ജീവിത ശൈലികളെക്കുറിച്ചും നമ്മെ പുനരാലോചനകള്‍ക്ക് പ്രേരിപ്പിച്ചവരായിരുന്നു അവര്‍ .Everything has been figured out except how to live അവര്‍ എന്റെ ചിന്തയിലേക്ക് കയറിവരുമ്പോള്‍ സാര്‍ത്രിന്റെ പ്രശസ്തമായ ഈ വാചകമാണ് ഞാന്‍ ഓര്‍ക്കുക.

    ഇഷ്ടപ്പെട്ട കവികള്‍ ഒരിക്കലും മരിച്ചു കാണുവാന്‍ നാം ആഗ്രഹിക്കുന്നില്ല. അയ്യപ്പന്‍ അങ്ങനെയുള്ള ഒരു കവിയായിരുന്നു. ആരാണ് അയ്യപ്പനെ സ്നേഹിക്കാതിരുന്നിട്ടുള്ളത്? ചില കവികളെ നാം ഇഷ്ടപ്പെടില്ല. പക്ഷേ അവരുടെ കവിതകള്‍ ഇഷ്ടപ്പെടും. മറിച്ചും സംഭവിക്കാം. കവിതകളെ ഇഷ്ടപ്പെട്ടില്ലെങ്കിലും കവിയെ ഇഷ്ടപ്പെട്ടേക്കാം. എന്നാല്‍ അയ്യപ്പനെയും അയ്യപ്പന്റെ കവിതകളെയും ഒരുപോലെ ഇഷ്ടപ്പെടുന്നവരാണ് നമ്മള്‍ .

    തെരുവില്‍ അലഞ്ഞുനടന്നും തെരുവില്‍ കിടന്നുറങ്ങിയും തെരുവില്‍ കിടന്നു മരിക്കുകയും ചെയ്ത കവി. അങ്ങനെയൊരു കവി നമ്മുടെ ഇടയില്‍ വേറെ ഉണ്ടായിട്ടില്ല. ഒരുപക്ഷേ ഇനി ഉണ്ടാകുകയുമില്ല.

    അച്ചടക്കമില്ലാത്ത, കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന എഴുത്തുകാരുടെ വാക്കുകള്‍ക്ക് മൂര്‍ച്ച നഷ്ടപ്പെട്ടുപോയെന്നുവരാം. ഉള്ളിലെ നീറ്റലും പുകച്ചിലും അതേപോലെ പകര്‍ത്താന്‍ അവര്‍ക്ക് കഴിയാതെ വന്നെന്നു വരാം. അങ്ങനെയുള്ള ചില എഴുത്തുകാര്‍ നമ്മുടെ ഭാഷയില്‍ തന്നെയുണ്ട്. ചിലര്‍ ഈ അപകടം മണത്തറിഞ്ഞ് ചിതറിക്കിടക്കുന്ന സ്വന്തം ജീവിതത്തെ വീണ്ടും പെറുക്കിയെടുത്ത് ക്രമീകരിച്ച് പുതിയൊരു സര്‍ഗാത്മകമായ സാര്‍ഥകമായ ജീവിതം തുടങ്ങുന്നു. അങ്ങനെയുള്ള എഴുത്തുകാരും നമ്മുടെ ഇടയിലുണ്ട്.ഈ സാമാന്യ നിയമങ്ങളൊന്നും അയ്യപ്പന് ബാധകമായിരുന്നില്ല. എങ്ങനെ എവിടെ ജീവിച്ചാലും അയ്യപ്പന്‍ നമ്മുടെ ഉള്ള് പൊള്ളിക്കുന്ന കവിത എഴുതുമായിരുന്നു. ഒരു കവി ചെയ്യേണ്ടതും അതാണ്.

    അയ്യപ്പന്‍ എനിയ്ക്ക് ഒരു പഴയ കാലത്തിന്റെ ഓര്‍മയാണ്. ഗൃഹാതുരത്വമാണ്. അയ്യപ്പനെപ്പോലുള്ളവര്‍ ലോകത്തില്‍ നിറഞ്ഞു നിന്നിരുന്ന അറുപതുകളുടെ ആദ്യമാണ് ഞാന്‍ ഡല്‍ഹിയിലേക്ക് കുടിയേറിപ്പാര്‍ത്തത്. അന്നു കണ്ട നഗരക്കാഴ്ചകളില്‍ ഏറ്റവും അസ്വസ്ഥമാക്കുന്ന ഒന്നായിരുന്നു അയ്യപ്പനെപ്പോലുള്ളവരുടെ തെരുവിലെ സാന്നിധ്യം. അക്കാലത്ത് അവര്‍ എല്ലായിടത്തുമുണ്ടായിരുന്നു. ഡല്‍ഹിയില്‍ അവരെ പതിവായി കണ്ടിരുന്നത് പഹാഡ് ഗഞ്ചിലും അതിനരികില്‍ തന്നെയുള്ള കുത്തബ് റോഡിലുമായിരുന്നു. ആധുനികതയുടെ കാലത്ത് നമ്മുടെ ഭാഷയിലുണ്ടായ കഥകളും നോവലുകളും പ്രശസ്തമാക്കിയ ഡല്‍ഹിയിലെ തെരുവാണ് കുത്തബ് റോഡ്. ഭംഗിനും ചരസിനും കേളികേട്ട ഇടമായിരുന്നു അത്.
    ഒരര്‍ഥത്തിലും ഞാനൊരു അരാജകവാദിയായിരുന്നില്ല. അങ്ങനെ ആകുവാന്‍ ആഗ്രഹിച്ചിട്ടുമില്ല. എങ്കിലും യൗവനകാലത്ത് നിഷേധാത്മകമായ എല്ലാ ആശയങ്ങളോടും ദര്‍ശനങ്ങളോടും ഞാനറിയാതെ എന്നില്‍ ഒരാഭിമുഖ്യം വളര്‍ന്നിരുന്നു. അങ്ങനെയാണ് ആ പ്രായത്തില്‍ ഒരിടക്കാലത്ത് അരാജകത്വം ഒരു ജീവിതദര്‍ശനമെന്ന നിലയില്‍ എന്നെ ആകര്‍ഷിച്ചത്.

     

    അരാജകവാദത്തെക്കുറിച്ച് താത്വികമായി മനസിലാക്കുവാന്‍ സഹായിച്ചത് പ്രധാനമായും രണ്ട് ഫ്രഞ്ച് അനാര്‍ക്കിസ്റ്റുകളുടെ രചനകളാണ്. പിയര്‍ ജോസഫ് പ്രൂധോന്‍ (Pierre  Joseph Proudhon), എമില്‍ അര്‍മാന്‍ (Emile Armand)) എന്നിവരായിരുന്നു അവര്‍ . തുടര്‍ന്ന് എമ്മാ ഗോള്‍ഡുമാന്റെ ലേഖനങ്ങളും പ്രത്യേകിച്ച് "അനാര്‍ക്കിസം ആന്‍ഡ് അദര്‍ എസേയ്സ്" എന്ന അവരുടെ പുസ്തകവും "മദര്‍ എര്‍ത്ത്" മാസികയുടെ പഴയ കോപ്പികളും അരാജകവാദത്തെ സൈദ്ധാന്തികമായി അറിയുവാന്‍ ഇടയാക്കിയിരുന്നു. എമ്മാ ഗോള്‍ഡ്മാന്റെ ഇരുണ്ട ദര്‍ശനത്തിന്റെ ആഴത്തില്‍ മാനവികതയുടെയും സ്നേഹത്തിന്റെയും വെളുത്ത കണികകളുണ്ടായിരുന്നു. അതും അന്ന് എന്നെ കുറേ ആകര്‍ഷിച്ചിരുന്നു.
    യൂറോപ്യന്‍ അനാര്‍ക്കിസം പൂര്‍ണമായും മനുഷ്യവിരുദ്ധമായിരുന്നില്ല. സ്വേഛാധിപത്യത്തിനെതിരായുള്ള കലാപമെന്ന നിലയിലായിരുന്നു അതിന്റെ തുടക്കം. മനുഷ്യ സ്വാതന്ത്ര്യമായിരുന്നു അതിന്റെ ലക്ഷ്യം. സ്പാനിഷ് യുദ്ധകാലത്ത് ഫ്രാന്‍സിലെ അരാജകവാദികള്‍ വളണ്ടിയര്‍മാരായി യുദ്ധക്ഷേത്രത്തില്‍ പോയ കഥ പ്രസിദ്ധമാണ്.

    ഒന്നര നൂറ്റാണ്ടിന് മുമ്പ് അന്തരിച്ച പ്രൂധോന്‍ ആയിരുന്നു യൂറോപ്യന്‍ അനാര്‍ക്കിസത്തിന് സൈദ്ധാന്തിക ബലം നല്‍കിയത്. ഭൂവുടമകള്‍ക്കെതിരെ പ്രൂധോന്‍ കലാപക്കൊടി ഉയര്‍ത്തുകയുണ്ടായി. അവരുടെ കൈയിലെ സ്വത്ത് കളവുമുതലാണെന്നും സ്വത്തിന്റെ യഥാര്‍ഥ അവകാശികള്‍ തൊഴിലാളികളാണെന്നും പ്രൂധോന്‍ എഴുതി. അധ്വാനത്തിലൂടെ മാത്രമേ സ്വത്ത് ഉല്‍പ്പാദിപ്പിക്കാന്‍ പാടുള്ളൂവെന്ന് പ്രൂധോന്‍ വിശദീകരിച്ചു. യൂറോപ്പിലെ ആദ്യത്തെ ഈ അനാര്‍ക്കിസ്റ്റ് സൈദ്ധാന്തികന്‍ കാറല്‍ മാര്‍ക്സിനെ ആകര്‍ഷിച്ചത് അതുകൊണ്ടായിരുന്നു. ദീര്‍ഘകാലം മാര്‍ക്സും പ്രൂധോനും സുഹൃത്തുക്കളായിരുന്നു.

    മനുഷ്യപക്ഷത്തുനിന്നിരുന്ന അനാര്‍ക്കിസത്തെ അതിന്റെ ഇന്നത്തെ അവസ്ഥയില്‍ എത്തിച്ചതും ഒരു ഫ്രഞ്ച് അരാജകവാദി തന്നെയായിരുന്നു. എമില്‍ അര്‍മാന്‍ . അനാര്‍ക്കിസത്തെ അതിന്റെ സാമൂഹികമായ പരിപ്രേക്ഷ്യങ്ങളില്‍നിന്ന് വേര്‍പെടുത്തി വൈയക്തികമായ തലത്തില്‍ കൊണ്ടെത്തിച്ചത് എമില്‍ അര്‍മാന്‍ ആയിരുന്നു. പില്‍ക്കാലത്ത് ഫ്രഞ്ച് സമൂഹം ആഘോഷിച്ച സ്വതന്ത്ര രതി എന്ന സങ്കല്‍പ്പത്തിന്റെ ഉപജ്ഞാതാവ് എമില്‍ അര്‍മാനായിരുന്നു. ഇന്നു ഫ്രാന്‍സ് പോലുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ സ്വതന്ത്ര രതി സ്ഥാപനവല്‍ക്കരിക്കപ്പെട്ടിരിക്കയാണ്.

    ലോകം കണ്ട വലിയൊരു അരാജകവാദിയായ എഴുത്തുകാരന്‍ ഴാന്‍ ഴെനെ ഫ്രാന്‍സില്‍ ജന്മംകൊണ്ടത് അതുകൊണ്ടായിരിക്കാം. മോഷ്ടാവായും ആണ്‍വേശ്യയായും ജയില്‍പുള്ളിയായും ജീവിച്ച ഴെനെയാണ് ഏറ്റവും അഴകുള്ള ഭാഷയില്‍ കവിതയും നാടകങ്ങളും എഴുതിയത്. ഴെനെ ഏറ്റവും മനോഹരമായ ഗദ്യമെഴുതിയ ഫ്രഞ്ച് എഴുത്തുകാരില്‍ ഒരാളായിരുന്നു. മറ്റൊരാള്‍ അല്‍ബേര്‍ കമ്യൂവായിരുന്നു. ഒരു അനാര്‍ക്കിസ്റ്റും ഒരു കുടിയേറ്റക്കാരനുമാണ് ഫ്രഞ്ച്ഭാഷയെ സമ്പന്നമാക്കിയത്.
    യൂറോപ്പിലോ അമേരിക്കയിലോ ഉണ്ടായിരുന്നതുപോലുള്ള അരാജകവാദത്തിന്റെ ഒരു സൈദ്ധാന്തിക പൈതൃകമോ പരിസരമോ നമ്മുടെ രാജ്യത്തിനില്ല. പ്രത്യേകിച്ച് കേരളത്തിനില്ല. രാഷ്ട്രീയ തലത്തിലും ദാര്‍ശനിക തലത്തിലുമായിരുന്നു പാശ്ചാത്യ രാജ്യങ്ങളില്‍ അനാര്‍ക്കിസം വികസിച്ചുവന്നത്. സൈദ്ധാന്തിക തലത്തില്‍ മാത്രമല്ല, പെയിന്റിങ്ങിലും സംഗീതത്തിലും സാഹിത്യത്തിലുമെല്ലാം അതിന്റെ വെളിപാടുകള്‍ കണ്ടിരുന്നു.
    നമ്മുടെ നാട്ടില്‍ മദ്യപിച്ച് ലക്കും ലഗാനുമില്ലാതെ നടക്കുന്ന ഏഴുത്തുകാരനെയാണ് നമ്മള്‍ അരാജകവാദിയെന്നു വിളിക്കുന്നത്. അത് അരാജകവാദത്തിന്റെ കുറ്റകരമായ ലളിതവല്‍ക്കരണമാണ്. പല്ലു തേയ്ക്കാത്തതുകൊണ്ടും തലമുടി വെട്ടാത്തതുകൊണ്ടും മദ്യപിച്ച് നടുറോഡില്‍ ഉടുതുണിയുരിഞ്ഞിട്ട് അസഭ്യം പറയുന്നതുകൊണ്ടും ഒരു എഴുത്തുകാരന്‍ അരാജകവാദിയാകുന്നില്ല.

    അറുപതുകളില്‍ ഇന്ത്യന്‍ നഗരങ്ങളില്‍ കണ്ടിരുന്ന അരാജകവാദത്തിന്റെ പ്രകടനങ്ങള്‍ നിസ്സാരവല്‍ക്കരിച്ച് തിരസ്കരിച്ചു കളയുവാന്‍ കഴിയുന്നതല്ല. നമ്മുടെ നാട്ടിലും കുത്തഴിഞ്ഞ ജീവിതം നയിച്ച യുവാക്കളുണ്ടായിരുന്നു. അവരുടെ ഇടയില്‍ പഴയ നക്സലുകളുണ്ടായിരുന്നു. ഹെന്‍റി മില്ലറെയും ഴെനെയെയും വായിച്ചവരുണ്ടായിരുന്നു. ഒന്നും വായിക്കാത്തവരുമുണ്ടായിരുന്നു. അറുപതുകളില്‍ ഞാന്‍ ഡല്‍ഹി നഗരത്തിലും നമ്മുടെ സ്വന്തം നാട്ടിലും കണ്ടത് അനാര്‍ക്കിസത്തിന്റെ നൈസര്‍ഗികമായ പ്രത്യക്ഷങ്ങളായിരുന്നു. അവരില്‍ കാപട്യമുണ്ടായിരുന്നില്ല. അവര്‍ പല്ലുതേയ്ക്കാതെ നടന്നത് ടൂത്ത്പേസ്റ്റ് വാങ്ങാന്‍ പൈസയില്ലാത്തതുകൊണ്ടായിരുന്നില്ല. തലമുടി വെട്ടാതെ നടന്നത് ക്ഷുരകന്മാരുടെ അഭാവം കാരണമായിരുന്നില്ല. അവരില്‍ പലരും ധനിക കുടുംബങ്ങളില്‍ ജനിച്ചുവളര്‍ന്നരായിരുന്നു. ചിലര്‍ക്ക് അനാര്‍ക്കിസം വ്യവസ്ഥാപിത ജീവിതശൈലികളോടുള്ള കലഹമായിരുന്നു. അതു മറ്റൊരു ജീവിതരീതിയായിരുന്നു.
    നമ്മുടെ നാട്ടിലെ അനാര്‍ക്കിസ്റ്റുകള്‍ ഏറ്റുമുട്ടലുകള്‍ക്ക് തയ്യാറായിരുന്നില്ല. വെല്ലുവിളികളെ നേരിടാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല. ആ അര്‍ഥത്തില്‍ നമ്മുടെ അരാജകവാദം പലായനവാദമായിരുന്നു. കീഴടങ്ങലായിരുന്നു.
    ഒരു യഥാര്‍ഥ അനാര്‍ക്കിസ്റ്റ് കര്‍മനിരതനാണ്. പോരാളിയാണ്. ഒളിച്ചോട്ടക്കാരനല്ല. അനാര്‍ക്കിസ്റ്റ് അലക്സാണ്ടര്‍ ബെര്‍ക്മാന്‍ , തൊഴിലാളികളെ ചൂഷണംചെയ്യുകയും തുറുങ്കിലടയ്ക്കുകയും ചെയ്ത അമേരിക്കന്‍ സ്റ്റീല്‍ കമ്പനി മാനേജര്‍ ഹെന്‍റി ക്ലേ ഫ്രിക്കിനെ കൊലചെയ്തത് അതുകൊണ്ടായിരുന്നു. അനാര്‍ക്കിസം അസ്തിത്വവാദം ആധുനികത...

    ഇതിലൊക്കെ മനുഷ്യവിരുദ്ധതയാണ് നമ്മള്‍ കണ്ടുവരുന്നത്. അതു നമുക്ക് പറ്റുന്ന ഇടര്‍ച്ചയാണ്. ഇരുണ്ട ദര്‍ശനങ്ങളും നമുക്ക് വേണം. ഇരുണ്ട ദര്‍ശനങ്ങള്‍ ഉണ്ടാകുന്നത് ചരിത്രപരമോ സാമൂഹികപരമോ അല്ലെങ്കില്‍ വ്യക്തിതലത്തിലോ ഉണ്ടാകുന്ന പ്രതിസന്ധികള്‍ക്കോ വിശ്വാസത്തകര്‍ച്ചയ്ക്കോ എതിരെയുണ്ടാകുന്ന പ്രതികരണങ്ങള്‍ എന്ന നിലയിലാണ്. ഇത്രയും പറയുമ്പോള്‍ അനാര്‍ക്കിസത്തെ നാം പിന്തുണയ്ക്കണമെന്ന സന്ദേശം നല്‍കുകയല്ല ചെയ്യുന്നത്. സമൂഹത്തിന്റെ മുന്നോട്ടേക്കുള്ള പുരോഗതിയെ അനാര്‍ക്കിസവും അസ്തിത്വവാദവും പോലുള്ള തത്വശാസ്ത്രങ്ങള്‍ക്കും ത്വരപ്പെടുത്തുവാന്‍ കഴിയുമെന്ന സൂചന മാത്രമേ അതിലുള്ളൂ. ഏത് അശുഭ ദര്‍ശനങ്ങളിലും ചില പാഠങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. അതു തിരിച്ചറിയുവാന്‍ നമുക്ക് കഴിയാതെ പോകുന്നു. പക്ഷേ യുഗപ്രഭാവന്മാരായ ചിന്തകര്‍ക്ക് അത് എളുപ്പം മനസിലാക്കുവാന്‍ കഴിയുന്നു. അതുകൊണ്ടാണ് പില്‍ക്കാലം പ്രത്യയശാസ്ത്ര കാരണങ്ങളാല്‍ തമ്മില്‍ തെറ്റിപ്പിരിഞ്ഞെങ്കിലും മാര്‍ക്സ് പ്രൂധോന്റെ ആശയങ്ങളെ പഠിച്ചറിഞ്ഞത്.

    അയ്യപ്പന്‍ നമ്മെ വിട്ടുപോയിട്ട് ഒരു വര്‍ഷം തികയുന്നു. സാര്‍ത്ര് ഴാന്‍ ഴെനെയെ സെയിന്റ് ഴെനെ എന്നു വിളിച്ചതുപോലെ നമ്മുടെ അയ്യപ്പനെ നമുക്ക് നമ്മുടെ സെയിന്റ് അയ്യപ്പന്‍ എന്നു വിളിക്കാം. പക്ഷേ അയ്യപ്പനെ അരാജകവാദിയായ കവിയെന്ന് വിളിക്കുവാന്‍ ബുദ്ധിമുട്ടുണ്ട്. അനാര്‍ക്കിസത്തിന്റെ പ്രത്യക്ഷങ്ങള്‍ അയ്യപ്പന്റെ ജീവിതത്തിലുണ്ടെങ്കിലും അയ്യപ്പന്‍ അനാര്‍ക്കിസ്റ്റായ കവിയാണോ? അനാര്‍ക്കിസം ഒരു സമഗ്രമായ കാവ്യദര്‍ശനമായി അയ്യപ്പന്റെ കവിതകളില്‍ ഇടംപിടിച്ചതായി കാണുന്നില്ല. നമ്മുടെ അനാര്‍ക്കിസം മദ്യാസക്തിയുടെ സൃഷ്ടി മാത്രമാണ്. അതിന് പിറകില്‍ ചരിത്രപ്രതിസന്ധികള്‍ അന്വേഷിക്കുന്നത് വ്യര്‍ഥമാണ്. അതുകൊണ്ടുതന്നെ നമ്മുടെ അനാര്‍ക്കിസം ആഘോഷിക്കപ്പെടേണ്ട ഒന്നല്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ