2011, ഒക്‌ടോബർ 12, ബുധനാഴ്‌ച

ചിലിയിലുദിക്കുന്നു പെണ്‍താരകങ്ങള്‍

"വിദ്യാഭ്യാസം പണത്തിനും കച്ചവടത്തിനുമുള്ളതല്ല;
സമൂഹത്തിന്റെ സര്‍വതോമുഖമായ നന്മക്കാണ്"....
ചിലിയിലെ സ്കൂള്‍ വിദ്യാര്‍ഥിനികള്‍ ആരംഭിച്ച സമരം ലോകശ്രദ്ധ നേടിക്കഴിഞ്ഞു


സാന്റിയാഗോ: ജീവിക്കാനുള്ള അവകാശങ്ങള്‍ക്കായി എണ്ണമറ്റ പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ചിലിയില്‍ നിന്ന് പുതിയൊരു സമരവാര്‍ത്ത. പൊതുവിദ്യാഭ്യാസം സാര്‍വത്രികമാക്കണമെന്നാവശ്യപ്പെട്ട് ഒരു പെണ്‍പള്ളിക്കൂടത്തില്‍ നിന്നാരംഭിച്ച സമരം ലോകശ്രദ്ധയാകര്‍ഷിച്ച പ്രക്ഷോഭരൂപം കൈവരിച്ചിരിക്കുന്നു. "ചിലിയന്‍ വിന്റര്‍" എന്നറിയപ്പെട്ട പ്രക്ഷോഭത്തെ പൊലീസ് അടിച്ചമര്‍ത്താനാണ് ശ്രമിച്ചത്.


ചിലിയിലെ പ്രശസ്ത പള്ളിക്കൂടമായ കര്‍മീല കര്‍വാജല്‍ പ്രൈമറി ആന്‍ഡ് ഹയര്‍സെക്കന്ററി സ്കൂള്‍ ഇന്ന് വിദ്യാര്‍ഥിനികളുടെ നിയന്ത്രണത്തിലാണ്. സ്കൂളിന്റെ നിയന്ത്രണം അഞ്ച് മാസമായിട്ടും പോലീസിന് തിരിച്ചു പിടിക്കാനായിട്ടില്ല. ഇരുപതു വര്‍ഷത്തെ ഇടതുപക്ഷ ഭരണത്തിനുശേഷം അധികാരത്തിലേറിയ കോടീശ്വരനായ സെബാസ്റ്റ്യന്‍ പിനോറെ നടപ്പാക്കിയ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെയാണ് സമരം. ഈ സമരത്തിന്റെ നായിക കാമില എന്ന വിദ്യാര്‍ഥിനിയാണ്. ചിലി സര്‍വകലാശാലാ വിദ്യാര്‍ഥി യൂണിയന്‍ ചെയര്‍പേഴ്സണാണ് കാമില. സമാധാനപരമായ സമരത്തിനു നേരെ പൊലീസ് എറിഞ്ഞ ടിയര്‍ഗ്യാസ് ഷെല്ലുകള്‍ ഉപയോഗിച്ച് സമാധാനത്തിന്റെ ചിഹ്നം ഉണ്ടാക്കുകയാണ് ഈ യുവവിപ്ലവകാരികള്‍ . ട്രേഡ് യൂണിയനുകളും ഇവര്‍ക്കൊപ്പം ചേര്‍ന്നതോടെ രണ്ട് ദിവസം ചിലി പൂര്‍ണമായും സ്തംഭിച്ചു. കാമിലയും മറ്റു നേതാക്കളുമായും പിനോറെ നേരിട്ട് ചര്‍ച്ചനടത്തി. 20,000 കോടി രൂപ വിദ്യാഭ്യാസ പദ്ധതികള്‍ക്കായി അനുവദിച്ചു. ഭരണഘടനാ പരിഷ്കാരത്തില്‍ത്തന്നെ ഉറച്ചുനില്‍ക്കുകയാണ് കാമിലയും കൂട്ടരും.


വിദ്യാഭ്യാസരംഗത്തെ സമൂല പരിവര്‍ത്തനം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭമാണ് ഇവര്‍ നടത്തിവരുന്നത്. വിദ്യാഭ്യാസ ബില്‍ പിന്‍വലിക്കണമെന്നതാണ് ഇവരുടെ ഒന്നാമത്തെ ആവശ്യം. വിദ്യാഭ്യാസ കച്ചവട സ്ഥാപനങ്ങള്‍ നിര്‍ത്തലാക്കുക, വിദ്യാഭ്യാസച്ചെലവ് കുറയ്ക്കുക, ദരിദ്രരും സമ്പന്നരുമെന്ന പ്രവണത വിദ്യാഭ്യാസരംഗത്തുനിന്ന് മാറ്റുക എന്നിവയാണ് ഇവര്‍ ഉന്നയിക്കുന്ന മറ്റ് ആവശ്യങ്ങള്‍ . ടൈല്‍സ് വിരിച്ച ക്ലാസ്റൂം തറയില്‍ അവരൊന്നിച്ചന്തിയുറങ്ങുന്നു, പരസ്പരം സിഗററ്റുകള്‍ കൈമാറിവലിക്കുന്നു, എതു നിമിഷവും പാഞ്ഞെത്താവുന്ന പൊലീസിന്റെ നീക്കങ്ങള്‍ക്ക് ചിലര്‍ കാതോര്‍ത്ത്് ഉറങ്ങാതിരിക്കുന്നു. ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സമരരീതിയുമാണ് വിദ്യാര്‍ഥിനികള്‍ പോരാട്ടവീഥിയിലിറങ്ങിയത്. പൊലീസ് വിദ്യാലയത്തിലേക്ക് അടുക്കുംതോറും ഫെയ്സ് ബുക്കിലൂടെ കൈമാറുന്ന സന്ദേശത്തിലൂടെ മറ്റു സ്കൂളുകളിലെ കുട്ടികളും അയല്‍സമൂഹവും പ്രതിരോധത്തിനായി അണിനിരക്കുന്നു. സ്കൂളിലെ താഴത്തെ നിലയിലാണ് വിദ്യാര്‍ഥിനികള്‍ കിടന്നുറങ്ങുന്നത്. പുറംലോകത്തെ അറിയാനായി അവരൊരുമിച്ച് ടിവി കാണുന്നു.

ഭൂരിപക്ഷം പിന്തുണയുറപ്പായതോടെയാണ് പുതിയ സമരരീതി. പഠനദിനങ്ങളില്‍ താല്‍ക്കാലിക അധ്യാപകര്‍ സാമ്പത്തിക ശാസ്ത്രവും ജ്യോതിശാസ്ത്രവും യോഗയും വ്യായാമവും പഠിപ്പിക്കുന്നു. രാത്രികളിലും വാരാന്ത്യത്തിലും റോക്ക് ബാന്റുകളുടെ സംഗീതം ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ടില്‍ നടത്തി കാണാനെത്തുന്നവരില്‍ നിന്ന് ചെറിയതുക സ്വീകരിക്കുന്നു. ഇവര്‍ക്കായി അയല്‍ക്കാര്‍ ഭക്ഷണം പാചകം ചെയ്ത് നല്‍കുന്നു. ആവശ്യത്തിന് ശേഷം മറ്റു സ്കൂളുകളിലെ ദരിദ്ര വിദ്യാര്‍ഥികള്‍ക്കായി ഭക്ഷണം നല്‍കുന്നു. പത്തുതവണയാണ് പൊലീസ് സ്കൂള്‍ തിരികെ പിടിക്കാനായി ശ്രമിച്ചത്. കഴിഞ്ഞില്ല. ചുമതലകളെല്ലാം വിഭജിച്ചു നല്‍കിയിരിക്കുന്നു. സ്കൂള്‍ പ്രസിഡന്റിനെയും വക്താവിനെയും തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തി. ലൈംഗികതയും ലഹരിയും പെണ്‍പള്ളിക്കൂടത്തില്‍ നിരോധിച്ചു. അറുപതുകളില്‍ ഉന്നതവിദ്യാഭ്യാസം സൗജന്യമായിരുന്ന ചിലിയില്‍ ഇന്ന് ഫീസ് ഏറ്റവും കുറഞ്ഞ വാര്‍ഷികവേതനത്തിന്റെ മൂന്നിരട്ടിയാണ്.

വിദ്യാഭ്യാസവായ്പകളിലെ പലിശ നിരക്ക് 7% ആണ്. നിലവില്‍ ചിലിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മികച്ച ലാഭം നല്‍കുന്ന വ്യവസായമായാണ് പരിഗണിക്കുന്നത്. അഞ്ചു മാസങ്ങളിലെ ചിലിയന്‍ വിദ്യാഭ്യാസം നഷ്ടമായതായി രാഷ്ട്രീയക്കാര്‍ വിലപിക്കുമ്പോള്‍ ഇക്കാലയളവിലാണ് തങ്ങളേറെ പഠിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. മേയില്‍ പൊതുമേഖലയിലെ സ്കൂള്‍ കൈമാറാന്‍ ശ്രമിച്ചപ്പോഴാണ് പ്രക്ഷോഭം തുടങ്ങിയത്. ചിലിയുടെ ഇടതുപക്ഷത്തിന് ഒരു പുതിയ നേതാവിനെയാണ് ലഭിച്ചിരിക്കുന്നത്. മികച്ച പ്രസംഗകയായ കാമിലക്ക് ബ്രസീലില്‍ നടക്കുന്ന വിദ്യാഭ്യാസ പ്രക്ഷോഭത്തെ അഭിസംബോധനചെയ്യാന്‍ ക്ഷണം ലഭിച്ചിട്ടുണ്ട്. രാജ്യാന്തര പ്രശസ്തിയാര്‍ജിച്ച ഈ പെണ്‍കുട്ടി പിനോഷേയുടെ സ്വേഛാധിപത്യത്തിനെതിരായ സമരങ്ങളില്‍ അണിനിരന്ന ചിലിയന്‍ കമ്യൂണിസ്റ്റ് ദമ്പതികളായ റെയ്നോള്‍ഡോ വലേജോയുടെയും മരിയേല ഡൗളിങ്ങിന്റെയും മകളാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ