2012, ഏപ്രിൽ 18, ബുധനാഴ്‌ച

കരുത്തോടെ മുന്നോട്ട്



എസ് രാമചന്ദ്രന്‍പിള്ള
 
Posted on: 18-Apr-2012 11:44 PM
പൊളിറ്റ് ബ്യൂറോയുടെയും കേന്ദ്രകമ്മിറ്റിയുടെയും പ്രവര്‍ത്തനങ്ങളും സിപിഐ എം ഇരുപതാം പാര്‍ടി കോണ്‍ഗ്രസ് വിലയിരുത്തി. പാര്‍ടി കേന്ദ്രത്തിന് പ്രധാനപ്പെട്ട ഒട്ടേറെ കടമകള്‍ നിര്‍വഹിക്കേണ്ടതായുണ്ട്. രാജ്യത്തിന്റെ എല്ലാ പ്രധാനപ്പെട്ട സാമ്പത്തിക രാഷ്ട്രീയ സംഭവവികാസങ്ങളും ശ്രദ്ധാപൂര്‍വം പഠിച്ച് തൊഴിലാളിവര്‍ഗ രാഷ്ട്രീയ താല്‍പ്പര്യമനുസരിച്ച് ഇടപെടുക, അഖിലേന്ത്യാ തലത്തില്‍ പ്രക്ഷോഭങ്ങള്‍ക്ക് രൂപംനല്‍കുക, സംസ്ഥാനങ്ങളിലുണ്ടാകുന്ന രാഷ്ട്രീയ സംഭവവികാസങ്ങളില്‍ ഇടപെടാന്‍ സംസ്ഥാന കമ്മിറ്റികളെ സഹായിക്കുക, സംഘടനാ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക, പാര്‍ടി പത്രങ്ങള്‍ക്ക് ആശയപരമായ നേതൃത്വം നല്‍കുക, പ്രത്യയശാസ്ത്ര സമരങ്ങള്‍ സംഘടിപ്പിക്കുക, മറ്റ് രാഷ്ട്രീയകക്ഷികളുമായും വിദേശങ്ങളിലെ കമ്യൂണിസ്റ്റ്-വര്‍ക്കേഴ്സ് പാര്‍ടികളുമായും ബന്ധം പുലര്‍ത്തുക, പാര്‍ടി എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കിയതിന്റെ അനുഭവങ്ങള്‍ അവലോകനംചെയ്യുക, വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ടി അംഗങ്ങള്‍ക്ക് ഉപദേശവും നേതൃത്വവും നല്‍കുക തുടങ്ങിയവ ഇവയില്‍ ചിലതു മാത്രമാണ്. കഴിവും അനുഭവസമ്പത്തുമുള്ള സഖാക്കളെ ഉള്‍പ്പെടുത്തി പാര്‍ടി കേന്ദ്രത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും പാര്‍ടി കോണ്‍ഗ്രസ് നിശ്ചയിച്ചു.

ജനാധിപത്യ കേന്ദ്രീകരണമെന്ന പാര്‍ടിയുടെ സംഘടനാ സമ്പ്രദായത്തെ ശക്തിപ്പെടുത്തണമെന്ന് സ്ഥിതിഗതികളെ വിലയിരുത്തി 19-ാം കോണ്‍ഗ്രസ് ആവശ്യപ്പെടുകയുണ്ടായി. ഇക്കാര്യത്തില്‍ കുറെ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞു. എന്നിരുന്നാലും തെറ്റുകളും പോരായ്മകളും പല നിലവാരത്തിലും നിലനില്‍ക്കുന്നു. പാര്‍ടി രഹസ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്ന പ്രവണത വര്‍ധിച്ചുവരുന്നതായി പാര്‍ടി കോണ്‍ഗ്രസ് നിരീക്ഷിച്ചു. ഇതിന്റെ ഫലമായി മാധ്യമങ്ങള്‍ പലപ്പോഴും പ്രചരിപ്പിക്കുന്ന നിറംപിടിപ്പിച്ച നുണക്കഥകള്‍ ശരിയെന്ന് വിശ്വസിക്കാനുള്ള പശ്ചാത്തലം ഒരുങ്ങുന്നു. പാര്‍ടി ഘടകങ്ങള്‍ക്കു പുറത്ത് അഭിപ്രായം പ്രകടിപ്പിക്കാനും ചില പാര്‍ടി അംഗങ്ങള്‍ തയ്യാറാകുന്നു. പാര്‍ടിയുടെ കൂട്ടായ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് പാര്‍ടി കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. 2009ല്‍ കേന്ദ്രകമ്മിറ്റി അംഗീകരിച്ച തെറ്റുതിരുത്തല്‍ രേഖ നടപ്പാക്കിയത് സംബന്ധിച്ചുള്ള അനുഭവങ്ങളും പാര്‍ടി കോണ്‍ഗ്രസ് അവലോകനംചെയ്തു. പാര്‍ടി അംഗങ്ങളുടെ രാഷ്ട്രീയ-പ്രത്യയശാസ്ത്ര-സംഘടനാ നിലവാരത്തിലെ ഇടിവ് സമൂഹത്തില്‍ നിലനില്‍ക്കുന്ന ഒട്ടേറെ തെറ്റുകളും വൈകൃതങ്ങളും പാര്‍ടിക്കുള്ളിലേക്ക് കടന്നുവരുന്നതിന് ഇടവരുത്തുന്നു. വര്‍ധിച്ചുവരുന്ന പല തെറ്റുകളുടെയും അടിസ്ഥാനം ഇതാണ്. ഉദ്യോഗസ്ഥ മേധാവിത്വപരമായ പെരുമാറ്റം, വിമര്‍ശങ്ങളോട് അസഹിഷ്ണുത, അഹന്ത, അവിഹിതമായ ധനം സമ്പാദിക്കാനുള്ള ശ്രമം, അഴിമതി, വര്‍ധിച്ച മദ്യപാനാസക്തി, സ്ത്രീകളോടുള്ള അപമര്യാദയായ പെരുമാറ്റം, പാര്‍ലമെന്ററി സ്ഥാനങ്ങളോടുള്ള അമിതമായ താല്‍പ്പര്യം തുടങ്ങിയവ അപൂര്‍വം ചില പാര്‍ടി അംഗങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നു. കമ്യൂണിസ്റ്റ് പാര്‍ടിയിലെ മഹാഭൂരിപക്ഷം അംഗങ്ങളും ഉത്തമമായ കമ്യൂണിസ്റ്റ് സദാചാരവും ജീവിതചര്യയും സ്വീകരിച്ചവരാണ്. കമ്യൂണിസ്റ്റ് പാര്‍ടി ഒരു ദൗര്‍ബല്യവും മൂടിവയ്ക്കാന്‍ ആഗ്രഹിക്കുന്നില്ല. തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നത് ദൃഢനിശ്ചയത്തോടെ തിരുത്തുന്നതിനാണ്. തെറ്റുകള്‍ക്കെതിരെ പടപൊരുതാന്‍ പാര്‍ടി ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ കൂട്ടായും വ്യക്തികളെന്ന നിലയില്‍ ഓരോ പാര്‍ടി അംഗവും ശ്രമിക്കേണ്ടതാണ്. മറ്റ് രാഷ്ട്രീയകക്ഷികളില്‍ നിന്ന് കമ്യൂണിസ്റ്റ് പാര്‍ടിയെ വേര്‍തിരിച്ചുകാട്ടുന്ന ഒരു സവിശേഷത പാര്‍ടി അംഗങ്ങളുടെ ഉയര്‍ന്ന സാംസ്കാരികനിലയും അതനുസരിച്ചുള്ള ജീവിതരീതിയുമാണ്.


തെറ്റുതിരുത്തല്‍ പ്രക്രിയ തുടര്‍ച്ചയായി നടത്തേണ്ട ഒന്നാണ്. കഴിഞ്ഞകാല പ്രവര്‍ത്തനാനുഭവങ്ങളെ വിലയിരുത്തി പാര്‍ടിയുടെ പുതിയ കടമകള്‍ ഇരുപതാം കോണ്‍ഗ്രസ് നിശ്ചയിച്ചു. ദുര്‍ബല സംസ്ഥാനങ്ങളില്‍ പാര്‍ടിയെ അതിവേഗം വളര്‍ത്തി ശക്തിപ്പെടുത്തുകയെന്നത് ഒന്നാമത്തെ കടമയായി പാര്‍ടി കോണ്‍ഗ്രസ് കണ്ടു. ഇതിനുപകരിക്കുന്ന വ്യക്തമായ കര്‍മപരിപാടി തയ്യാറാക്കി സമയബന്ധിതമായി നടപ്പാക്കാന്‍ ശ്രമിക്കണമെന്ന് പാര്‍ടി കോണ്‍ഗ്രസ് പുതിയ കേന്ദ്രകമ്മിറ്റിയോട് നിര്‍ദേശിച്ചു. നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി അവലോകനംചെയ്യണമെന്നും തീരുമാനിച്ചിട്ടുണ്ട്. നവ ഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങളുടെയും മുതലാളിത്ത വളര്‍ച്ചയുടെയും ഫലമായി ജനജീവിതം ദുരിതമയമായിരിക്കുന്നു. ജനങ്ങള്‍ നിലവിലുള്ള വ്യവസ്ഥിതിയുടെ ചൂഷണത്തിലും അടിച്ചമര്‍ത്തലിലും അസ്വസ്ഥരാണ്. ജനങ്ങളുടെ ജീവല്‍പ്രശ്നങ്ങളെ ആസ്പദമാക്കി പ്രാദേശികമായും അഖിലേന്ത്യാടിസ്ഥാനത്തിലും സമരങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ പാര്‍ടിയും പാര്‍ടി അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്ന ബഹുജന മുന്നണികളും മുന്നോട്ടുവരണം. പാര്‍ടിയും ബഹുജന മുന്നണികളും ബഹുജനപ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ എപ്പോഴും സജീവമാകണം. സാമ്പത്തികപ്രശ്നങ്ങളോടൊപ്പം സാമൂഹ്യപ്രശ്നങ്ങളും ഏറ്റെടുക്കേണ്ടതുണ്ട്. പാര്‍ടി അംഗങ്ങളുടെ റിക്രൂട്ട്മെന്റ്, അവര്‍ക്ക് രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവും സംഘടനാപരവുമായ വിദ്യാഭ്യാസം നല്‍കുക, ബ്രാഞ്ചുകളുടെയും കമ്മിറ്റികളുടെയും പ്രവര്‍ത്തനം ശക്തിപ്പെടുത്തുക തുടങ്ങി പാര്‍ടി കെട്ടിപ്പടുക്കുന്നതിലുള്ള ദൗര്‍ബല്യങ്ങള്‍ ഓരോന്നും മൂര്‍ത്തമായി പരിശോധിച്ച് ഓരോ നിലവാരത്തിലും ആവശ്യമായ തിരുത്തല്‍ വരുത്തണം. ജനാധിപത്യ കേന്ദ്രീകരണം ശക്തിപ്പെടുത്തി പാര്‍ടിക്കുള്ളിലെ യോജിപ്പ് വളര്‍ത്താനും തെറ്റുകള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടി കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും പാര്‍ടിയാകെ ദൃഢനിശ്ചയത്തോടെ മുന്നോട്ടുവരണമെന്ന് പാര്‍ടി കോണ്‍ഗ്രസ് ആഹ്വാനംചെയ്തു. വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ക്ക് ഒട്ടേറെ പൂര്‍ണസമയ പ്രവര്‍ത്തകരെ പാര്‍ടിക്ക് ആവശ്യമുണ്ട്. ആവശ്യം വേണ്ട പൂര്‍ണസമയ പ്രവര്‍ത്തകരെ കണ്ടെത്തി പാര്‍ടിയുടെയും ബഹുജന സംഘടനകളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കണം. അടിസ്ഥാന വര്‍ഗങ്ങള്‍, പട്ടികവര്‍ഗക്കാര്‍, പട്ടികജാതിക്കാര്‍, മത ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍ എന്നീ വിഭാഗങ്ങളില്‍നിന്ന് പൂര്‍ണസമയ പ്രവര്‍ത്തകരെ കണ്ടെത്തുന്നതിന് പാര്‍ടി പ്രത്യേകം ശ്രദ്ധിക്കണം. ജീവിക്കാന്‍ അവശ്യം വേണ്ട വേതനം നല്‍കാനും പാര്‍ടി ക്രമീകരണങ്ങള്‍ ഉണ്ടാക്കണം. വരുമാനമുള്ളവര്‍ക്കോ വ്യക്തിപരമായ വരുമാനം സമാഹരിക്കാന്‍ കഴിയുന്നവര്‍ക്കോ മാത്രമേ പാര്‍ടിയുടെ കാഡര്‍മാരാകാന്‍ കഴിയൂ എന്ന അവസ്ഥ കമ്യൂണിസ്റ്റ് പാര്‍ടിക്ക് ഒരിക്കലും അഭികാമ്യമല്ല. പാര്‍ടി നേതൃത്വത്തിന്റെ ശരിയായ വര്‍ഗപരമായ ഉള്ളടക്കത്തെ അത് ദുര്‍ബലമാക്കും.

പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ച കടമകള്‍ നിര്‍വഹിക്കുമെന്ന് ഉറപ്പുവരുത്തേണ്ടത് പാര്‍ടികേന്ദ്രത്തിന്റെ ചുമതലയാണ്. പാര്‍ടി കേന്ദ്രം ശക്തിപ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും പാര്‍ടി കോണ്‍ഗ്രസ് നിര്‍ദേശിച്ചു. പാര്‍ടിയുടെ ഭരണഘടനയില്‍ പാര്‍ടി കോണ്‍ഗ്രസ് ചില പ്രധാനപ്പെട്ട ഭേദഗതികള്‍ വരുത്തി. പാര്‍ടി ജനറല്‍ സെക്രട്ടറിയുടെ കാലാവധി മൂന്നു തവണയില്‍ അധികമാകരുതെന്ന് നിജപ്പെടുത്തി. പ്രത്യേക സാഹചര്യങ്ങളില്‍ കേന്ദ്ര കമ്മിറ്റിയിലെ നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെ മൂന്നു തവണ ജനറല്‍ സെക്രട്ടറിസ്ഥാനം പൂര്‍ത്തിയായ ഒരാളെ നാലാമത്തെ തവണത്തേക്കു കൂടി തെരഞ്ഞെടുക്കാവുന്നതാണെന്നും വ്യവസ്ഥചെയ്തു. സംസ്ഥാന-ജില്ല-ഏരിയ-ലോക്കല്‍ കമ്മിറ്റികളുടെ സെക്രട്ടറിസ്ഥാനം മൂന്ന് തവണകളിലധികം വഹിക്കാന്‍ കഴിയില്ലെന്നും തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറിയുടെ കാര്യത്തില്‍ സംസ്ഥാന കമ്മിറ്റിയിലെ നാലില്‍ മൂന്നുഭാഗം അംഗങ്ങളുടെ പിന്തുണയും കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരവുമുണ്ടെങ്കില്‍ ഒരു തവണകൂടി കാലാവധി നീട്ടിക്കൊടുക്കാവുന്നതാണ്. മറ്റ് കമ്മിറ്റികളുടെ സെക്രട്ടറിമാരുടെ കാര്യത്തില്‍ ബന്ധപ്പെട്ട കമ്മിറ്റികളിലെ അംഗങ്ങളില്‍ നാലില്‍ മൂന്നു ഭാഗം അംഗങ്ങളുടെ പിന്തുണയും സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരവുമുണ്ടെങ്കില്‍ നാലാമത്തെ തവണകൂടി തെരഞ്ഞെടുക്കാവുന്നതാണ്. ഇത്തരമൊരു ഭേദഗതി പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ചത് ചില സുപ്രധാനമായ കാരണങ്ങളാലാണ്. ചില കമ്മിറ്റികളുടെ കാര്യത്തിലെങ്കിലും സെക്രട്ടറിമാര്‍ ജീവിതകാലം അവസാനിക്കുന്നതുവരെ സെക്രട്ടറിമാരായി തുടരുന്ന സ്ഥിതിയുണ്ട്. മരണമോ രോഗം കാരണം പ്രവര്‍ത്തിക്കാന്‍ കഴിയാതെ വരുമ്പോഴോ മാത്രമാണ് അവര്‍ സ്ഥാനമൊഴിയുന്നത്.

പാര്‍ടിനേതൃത്വത്തില്‍ സ്ഥാനമാറ്റം വരുന്നത് പുതിയ നേതൃത്വത്തെ പരിശീലിപ്പിച്ച് വളര്‍ത്തിക്കൊണ്ടുവരാന്‍ അവസരം നല്‍കും. സെക്രട്ടറിമാര്‍ സ്ഥിരമായി തുടരുന്ന അവസ്ഥ പലപ്പോഴും അവര്‍ എല്ലാറ്റിന്റെയും എല്ലാമായി മാറുന്ന പ്രവണത ശക്തിപ്പെടാനും അവസരം നല്‍കാം. ഇടയ്ക്കിടെയുള്ള സ്ഥാനമാറ്റം കൂട്ടായ നേതൃത്വം ശക്തിപ്പെടുന്നതിന് സഹായകമാകും. പാര്‍ടി കോണ്‍ഗ്രസ് വരുത്തിയ പുതിയ ഭരണഘടനാ ഭേദഗതി അടുത്ത പാര്‍ടി സമ്മേളനങ്ങളും പാര്‍ടി കോണ്‍ഗ്രസും മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും പാര്‍ടി കോണ്‍ഗ്രസ് നിശ്ചയിച്ചു. പാര്‍ടിയുടെ ചരിത്രത്തിലെ സുപ്രധാനമായ കോണ്‍ഗ്രസാണ് കോഴിക്കോട്ട് ചേര്‍ന്നത്. പാര്‍ടിയുടെ ചരിത്രത്തില്‍ എക്കാലവും ഇരുപതാം കോണ്‍ഗ്രസ് ഓര്‍മിക്കപ്പെടും. പാര്‍ടിക്കുള്ളില്‍ രാഷ്ട്രീയ-പ്രത്യയശാസ്ത്ര-സംഘടനാ കാര്യങ്ങളിലുണ്ടായ വര്‍ധിച്ച യോജിപ്പും ഉയര്‍ന്നുവരുന്ന വെല്ലുവിളികളെ നേരിട്ട്് പാര്‍ടി അതിവേഗം മുന്നേറുമെന്ന ആത്മവിശ്വാസവും ദൃഢനിശ്ചയവും പാര്‍ടി കോണ്‍ഗ്രസിലുടനീളം പ്രകടമായിരുന്നു. (അവസാനിച്ചു)

1 അഭിപ്രായം: