2012, ഏപ്രിൽ 17, ചൊവ്വാഴ്ച

സോഷ്യലിസത്തിനായുള്ള പോരാട്ടം


 
എസ് രാമചന്ദ്രന്‍പിള്ള
 
Posted on: 16-Apr-2012 11:59 PM
അന്താരാഷ്ട്ര വര്‍ഗശക്തി ബന്ധങ്ങളില്‍ സാമ്രാജ്യത്വത്തിന് അനുകൂലമായി മാറ്റമുണ്ടായതിനെത്തുടര്‍ന്ന് ലോക അധീശത്വം കൂടുതല്‍ ഉറപ്പിക്കാന്‍ അമേരിക്ക വിവിധ ശ്രമങ്ങള്‍ നടത്തുന്നു. സോഷ്യലിസ്റ്റ് രാജ്യങ്ങളെ ഇല്ലാതാക്കാനും ചേരിചേരാ പ്രസ്ഥാനത്തിന് അടിസ്ഥാനമായ മൂന്നാം ലോക ദേശീയതയെ തോല്‍പ്പിച്ചോ കൂട്ടത്തില്‍ ചേര്‍ത്തോ നിര്‍വീര്യമാക്കാനും ലോകത്തിന്റെമേല്‍ സൈനികവും സാമ്പത്തികവുമായ മേധാവിത്വം സ്ഥാപിക്കാനും അമേരിക്കന്‍ സാമ്രാജ്യത്വം നിരന്തരം പരിശ്രമിച്ചുവരികയാണ്. തങ്ങളുടെ കീഴില്‍ ഏകധ്രുവലോകം അടിച്ചേല്‍പ്പിക്കാനുള്ള സാമ്രാജ്യത്വ ശ്രമങ്ങള്‍ക്ക് പ്രത്യയശാസ്ത്രപരമായ ആക്രമണത്തിന്റെ പിന്‍ബലം നേടാനും ശ്രമം നടക്കുന്നു. ജനാധിപത്യം എന്നത് സ്വതന്ത്ര വിപണിയാണെന്ന് സാമ്രാജ്യത്വം വ്യാഖ്യാനിക്കുന്നു. സ്വതന്ത്ര വിപണികള്‍ അടിച്ചേല്‍പ്പിക്കുന്നതിനെയും നവ ഉദാരവല്‍ക്കരണ പരിഷ്കാരങ്ങളെയും എതിര്‍ക്കുന്ന രാജ്യങ്ങള്‍ക്കെതിരെ രാഷ്ട്രീയമായും സൈനികമായും സാമ്രാജ്യത്വം ഇടപെടുന്നു. മനുഷ്യാവകാശങ്ങള്‍, സാര്‍വത്രിക മൂല്യങ്ങള്‍ എന്നെല്ലാം വിളിക്കപ്പെടുന്നതിനെ ഉയര്‍ത്തിപ്പിടിക്കാനെന്ന പേരില്‍ സ്വതന്ത്ര പരമാധികാര രാജ്യങ്ങളില്‍ സൈനികമായി ഇടപെടുന്നു. വേള്‍ഡ് ട്രേഡ് സെന്ററിനു നേരെ നടന്ന ആക്രമണത്തെത്തുടര്‍ന്ന് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഭീകരതക്കെതിരായ ആഗോളയുദ്ധം ഇറാഖിലും അഫ്ഗാനിസ്ഥാനിലും പ്രകടമായതുപോലെ സൈനിക ഇടപെടലിനുള്ള ന്യായീകരണമായി ഉപയോഗപ്പെടുത്തുന്നു. സാമ്രാജ്യത്വം നടപ്പാക്കുന്ന ഭരണകൂട ഭീകരതയും മതമൗലികവാദികള്‍ കെട്ടഴിച്ചുവിടുന്ന വ്യക്തിഗത ഭീകരതയും പരസ്പരം പോഷിപ്പിക്കുന്നതായി ലോക സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നു. സാമ്രാജ്യത്വം ഇന്ന് അതിരൂക്ഷമായ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേല അഴിച്ചുവിട്ടിരിക്കുകയാണ്. കമ്യൂണിസത്തെ സമഗ്ര ആധിപത്യത്തിനും ഫാസിസത്തിനും സമാനമായി ചിത്രീകരിക്കുന്നു. സോഷ്യലിസം ഏകാധിപത്യപരമെന്നും മനുഷ്യാവകാശങ്ങള്‍ക്കും സാര്‍വത്രിക മാനുഷിക മൂല്യങ്ങള്‍ക്കും വിരുദ്ധമാണെന്നും നിര്‍വചിക്കപ്പെടുന്നു. സാമ്രാജ്യത്വത്തിന്റെ മേല്‍ക്കോയ്മ ശക്തിപ്പെടുത്താന്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രത്യയശാസ്ത്രപരമായ ആക്രമണങ്ങളെ ദൃഢനിശ്ചയത്തോടെ എതിര്‍ക്കേണ്ടത് മാനവരാശിയുടെ വിപ്ലവകരമായ പുരോഗതിക്ക് ആവശ്യമാണെന്ന് പ്രത്യയശാസ്ത്രരേഖ ചൂണ്ടിക്കാണിക്കുന്നു. സോഷ്യലിസത്തിലേക്കുള്ള പരിവര്‍ത്തനത്തിനു വേണ്ടി നടക്കുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സമരങ്ങള്‍ അനിവാര്യമാണെങ്കിലും നീണ്ടുനില്‍ക്കുന്ന ഒന്നായി പ്രത്യയശാസ്ത്രരേഖ വിലയിരുത്തുന്നു. സാമ്രാജ്യത്വം അത്തരം സാധ്യതകളെ ഇല്ലാതാക്കാന്‍ നിരന്തരം കടന്നാക്രമണങ്ങള്‍ കെട്ടഴിച്ചുവിടുന്നു. അതത് രാജ്യങ്ങളിലെ വര്‍ഗസമരങ്ങള്‍ തീക്ഷ്ണമാക്കി സാമൂഹ്യപരിവര്‍ത്തന പ്രക്രിയ വേഗമാക്കാന്‍ കമ്യൂണിസ്റ്റുകാര്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്.
                     
മനുഷ്യന്‍ മനുഷ്യനെയും രാഷ്ട്രം രാഷ്ട്രത്തെയും ചൂഷണംചെയ്യുന്നതില്‍ നിന്ന് മുക്തമായ ഒരു വ്യവസ്ഥ സ്ഥാപിക്കുന്നതിനുള്ള സമരമായിരിക്കും സോഷ്യലിസത്തിനു വേണ്ടിയുള്ള പോരാട്ടം. ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളെയും സിവില്‍ സ്വാതന്ത്ര്യങ്ങളെയും കൂടുതല്‍ വികസിപ്പിക്കണം. ഉല്‍പ്പാദനക്ഷമതയുടെയും ഉല്‍പ്പാദനശക്തികളുടെ വളര്‍ച്ചയുടെയും കാര്യത്തില്‍ മുതലാളിത്ത വ്യവസ്ഥയേക്കാള്‍ മെച്ചം കൈവരിക്കാന്‍ കഴിയണം. ഓരോരുത്തര്‍ക്കും അവനവന്റെ കഴിവനുസരിച്ചും തൊഴിലിനുസരിച്ചും ലഭിക്കും എന്ന തത്വത്തില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്നതില്‍നിന്ന് ഓരോരുത്തര്‍ക്കും അവനവന്റെ ആവശ്യത്തിനുസരിച്ച് ലഭിക്കുന്ന വ്യവസ്ഥയിലേക്ക് പരിവര്‍ത്തനം നടക്കുന്ന രീതി ഉണ്ടാകണം. ബഹുജന പങ്കാളിത്തം രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മേഖലകളില്‍ വര്‍ധിപ്പിക്കണം. വിവിധ രൂപങ്ങളിലുള്ള സ്വത്തുടമസ്ഥതയുടെ നിലനില്‍പ്പിലൂടെ സോഷ്യലിസ്റ്റ് ഭരണകൂടം സാമ്പത്തികജീവിതക്രമത്തെ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാക്കുന്നത് ഉറപ്പാക്കണം. സാമ്പത്തികശാസ്ത്രം (ലാഭം പരമാവധിയാക്കല്‍) ആണ് രാഷ്ട്രീയത്തെ നിര്‍ണയിക്കുന്നത് എന്ന തത്വത്തിന് പകരം ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സോഷ്യലിസം രാഷ്ട്രീയമാണ് സാമ്പത്തികശാസ്ത്രത്തെ നിര്‍ണയിക്കുന്നത് എന്ന നില കൈവരിക്കണം. ഇന്നത്തെ കാലഘട്ടത്തിലെ സാമൂഹ്യപരിവര്‍ത്തനത്തിന്റെ ഗതിവേഗവും സ്വഭാവവും നിര്‍ണയിക്കുന്നത് നാല് അടിസ്ഥാന ലോക സാമൂഹ്യ വൈരുധ്യങ്ങളാണെന്ന് പ്രത്യയശാസ്ത്ര രേഖ ചൂണ്ടിക്കാട്ടുന്നു. അവ അധ്വാനവും മൂലധനവും തമ്മിലും, വികസ്വരരാജ്യങ്ങളിലെ ജനങ്ങളും സാമ്രാജ്യത്വവും തമ്മിലും, സാമ്രാജ്യത്വ രാജ്യങ്ങള്‍ തമ്മില്‍ത്തമ്മിലും, സോഷ്യലിസവും സാമ്രാജ്യത്വവും തമ്മിലും ഉള്ളതാണ്. ഉല്‍പ്പാദനത്തിന്റെ സാമൂഹിക സ്വഭാവവും സ്വായത്തമാക്കലിന്റെ സ്വകാര്യ സ്വഭാവവും തമ്മിലുള്ള മുതലാളിത്തത്തിന്റെ മൗലിക വൈരുധ്യം, ലാഭം പരമാവധി വര്‍ധിപ്പിക്കുന്നതിന് നടത്തുന്ന പരിശ്രമങ്ങളുടെ ഫലമായി ആഗോള പരിതഃസ്ഥിതിക്ക് ഗുരുതരമായ ദോഷം വരുത്തുന്ന നടപടികളിലൂടെ പ്രകടമാവുന്നു. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് നടന്നുവരുന്ന ചര്‍ച്ചകളില്‍ സാമ്രാജ്യത്വവും വികസ്വരരാജ്യങ്ങളും തമ്മിലുള്ള വൈരുധ്യം തീവ്രതരമാവുന്നത് കാണാം. ആഗോള പരിസ്ഥിതി സംരക്ഷിക്കാനുള്ള ബാധ്യത വികസ്വര രാജ്യങ്ങള്‍ക്കുമേല്‍ കെട്ടിവയ്ക്കാനുള്ള സാമ്രാജ്യത്വ പരിശ്രമത്തിനെതിരെ വികസ്വര രാജ്യങ്ങളിലെ ജനങ്ങള്‍ നടത്തുന്ന സമരം ആഗോള മുതലാളിത്തത്തിനെതിരായ സാര്‍വദേശീയ വര്‍ഗസമരത്തിന്റെ ഭാഗമാണ്. സോഷ്യലിസ്റ്റ് രാജ്യങ്ങളായ ചൈന, വിയറ്റ്നാം, ക്യൂബ, ഉത്തരകൊറിയ എന്നീ രാജ്യങ്ങള്‍ ആഗോളവല്‍ക്കരണം ഉയര്‍ത്തിയ വെല്ലുവിളികളെ നേരിടുന്നതിന് ഒരുകൂട്ടം സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഈ സാമ്പത്തിക പരിഷ്കാരങ്ങള്‍ ഓരോ രാജ്യത്തും വരുത്തുന്ന ക്രിയാത്മകവും പ്രതികൂലവുമായ മാറ്റങ്ങളെ വിലയിരുത്തി അതത് രാജ്യങ്ങളിലെ സോഷ്യലിസ്റ്റ് ദൃഢീകരണത്തിന്റെ ഭാവി അതത് രാജ്യങ്ങള്‍, ഉയര്‍ന്നുവരുന്ന പുതിയ പ്രശ്നങ്ങളെയും വൈരുധ്യങ്ങളെയും എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതിനെ ആശ്രയിച്ചിരിക്കുന്നു എന്ന് പ്രത്യയശാസ്ത്രരേഖ സൂചിപ്പിക്കുന്നു. സാമ്രാജ്യത്വത്തിനും നവ ഉദാരവല്‍ക്കരണ കടന്നാക്രമണങ്ങള്‍ക്കുമെതിരെ ലാറ്റിനമേരിക്കയില്‍ ജനകീയ മുന്നേറ്റത്തിന്റെ ഭാഗമായി ജനാധിപത്യ പുരോഗമന സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്നു. സാമ്രാജ്യത്വ മേധാവിത്വത്തിനും ആഗോളവല്‍ക്കരണത്തിനുമെതിരായി ലോകവ്യാപകമായി നടക്കുന്ന സമരങ്ങളെ ലാറ്റിനമേരിക്കയില്‍ നടക്കുന്ന മാറ്റങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് പ്രത്യയശാസ്ത്രരേഖ വിലയിരുത്തുന്നു. ജനകീയ ജനാധിപത്യ വിപ്ലവം പൂര്‍ത്തീകരിച്ചതിനു ശേഷമേ ഇന്ത്യന്‍ ജനതയ്ക്ക് സോഷ്യലിസത്തിലേക്ക് മുന്നേറാന്‍ കഴിയൂ. ജനകീയ ജനാധിപത്യ വിപ്ലവം വിജയകരമായി പൂര്‍ത്തീകരിക്കുമ്പോള്‍മാത്രമേ സോഷ്യലിസം കെട്ടിപ്പടുക്കുന്നതിനുള്ള വ്യക്തമായ രൂപം വിവരിക്കാന്‍ കഴിയൂ. മുമ്പത്തെ പ്രത്യയശാസ്ത്രരേഖയും കാലോചിതമായി പുതുക്കിയ പാര്‍ടി പരിപാടിയും വിശദീകരിച്ചിട്ടുള്ള ഇന്ത്യന്‍ പരിതഃസ്ഥിതികളില്‍ സോഷ്യലിസം കെട്ടിപ്പടുക്കുന്നതിനെപ്പറ്റിയുള്ള രൂപരേഖ പ്രത്യയശാസ്ത്ര പ്രമേയം കൂടുതല്‍ വികസിപ്പിച്ചു. സോവിയറ്റ് യൂണിയന്റെയോ ചൈനയുടെയോ മാതൃക അതേപോലെ പിന്തുടരുകയല്ല, മറിച്ച് സോഷ്യലിസ്റ്റ് രാജ്യങ്ങളുടെയാകെ അനുഭവങ്ങളും ഇന്നത്തെ ലോക യാഥാര്‍ഥ്യങ്ങളും ഇന്ത്യയുടെ സമൂര്‍ത്ത സാഹചര്യങ്ങളും വിലയിരുത്തി വികസിപ്പിക്കാനാണ് പ്രത്യയശാസ്ത്രരേഖ ശ്രമിച്ചത്.

വര്‍ത്തമാന കാലഘട്ടത്തിലെ മാര്‍ക്സിസ്റ്റ് വിരുദ്ധ പ്രത്യയശാസ്ത്രങ്ങളായ ഉത്തരാധുനികതയും സോഷ്യല്‍ ഡെമോക്രസിയും പ്രചരിപ്പിക്കുന്ന ആശയങ്ങളെ സൈദ്ധാന്തികമായും വര്‍ഗ ഐക്യത്തെ തകര്‍ക്കുന്ന അവയുടെ പ്രകടിത രൂപങ്ങളെ പ്രായോഗികമായും ചെറുക്കാന്‍ തൊഴിലാളിവര്‍ഗ രാഷ്ട്രീയ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയും ശക്തിപ്പെടുത്തുകയും വേണം. പാര്‍ലമെന്ററിയും പാര്‍ലമെന്റിതരവുമായ രൂപങ്ങള്‍, തൊഴിലാളി-കര്‍ഷക ഐക്യം, തൊഴിലാളിവര്‍ഗ ഐക്യം, സ്വത്വരാഷ്ട്രീയം, ജാതി അടിസ്ഥാനമാക്കിയുള്ള അണിചേരലുകള്‍, ലിംഗഭേദ പ്രശ്നം, ദേശീയത തുടങ്ങിയ ഇന്ത്യയിലെ ചില സമൂര്‍ത്ത വിഷയങ്ങളെയും പ്രത്യയശാസ്ത്ര രേഖ വിശകലനംചെയ്യുകയും മാര്‍ക്സിസ്റ്റ് സമീപനം വ്യക്തമാക്കുകയുംചെയ്തു. ലോക സോഷ്യലിസത്തിന് തിരിച്ചടികളേല്‍ക്കുകയും സാമ്രാജ്യത്വത്തിന് അനുകൂലമായി വര്‍ഗശക്തികളുടെ ബലാബലത്തില്‍ മാറ്റം വരികയും ചെയ്തിട്ടുണ്ടെങ്കിലും മാര്‍ക്സിസം-ലെനിനിസമെന്ന ക്രിയാത്മക ശാസ്ത്രത്തില്‍ ഉറച്ചുനിന്ന് സമ്പൂര്‍ണമായ മോചനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി ഇന്ത്യന്‍ ജനതയുടെ പോരാട്ടങ്ങള്‍ ശക്തിപ്പെടുത്താന്‍ കഴിയുന്നതാണ്. ശിഥിലീകരണ പ്രസ്ഥാനങ്ങള്‍ നടത്തുന്ന വെല്ലുവിളികളെ നേരിട്ടും മാര്‍ക്സിസം- ലെനിനിസത്തിന്റെ വിപ്ലവകരമായ ഉള്ളടക്കത്തില്‍നിന്നുള്ള എല്ലാ വ്യതിയാനങ്ങള്‍ക്കെതിരെ ജാഗ്രത പാലിച്ചും ആത്മനിഷ്ഠ ഘടകത്തെ അതിവേഗം ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ പാര്‍ടിയാകെ മുഴുകണമെന്ന് പ്രത്യയശാസ്ത്രരേഖ ആവശ്യപ്പെടുന്നു. (അവസാനിക്കുന്നില്ല)

1 അഭിപ്രായം:

  1. സോഷ്യലിസ്റ്റ് രാജ്യങ്ങളായ ചൈന, വിയറ്റ്നാം, ക്യൂബ, ഉത്തരകൊറിയ എന്നീ രാജ്യങ്ങള്‍ ആഗോളവല്‍ക്കരണം ഉയര്‍ത്തിയ വെല്ലുവിളികളെ നേരിടുന്നതിന് ഒരുകൂട്ടം സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഈ സാമ്പത്തിക പരിഷ്കാരങ്ങള്‍ ഓരോ രാജ്യത്തും വരുത്തുന്ന ക്രിയാത്മകവും പ്രതികൂലവുമായ മാറ്റങ്ങളെ വിലയിരുത്തി അതത് രാജ്യങ്ങളിലെ സോഷ്യലിസ്റ്റ് ദൃഢീകരണത്തിന്റെ ഭാവി അതത് രാജ്യങ്ങള്‍, ഉയര്‍ന്നുവരുന്ന പുതിയ പ്രശ്നങ്ങളെയും വൈരുധ്യങ്ങളെയും എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതിനെ ആശ്രയിച്ചിരിക്കുന്നു എന്ന് പ്രത്യയശാസ്ത്രരേഖ സൂചിപ്പിക്കുന്നു. സാമ്രാജ്യത്വത്തിനും നവ ഉദാരവല്‍ക്കരണ കടന്നാക്രമണങ്ങള്‍ക്കുമെതിരെ ലാറ്റിനമേരിക്കയില്‍ ജനകീയ മുന്നേറ്റത്തിന്റെ ഭാഗമായി ജനാധിപത്യ പുരോഗമന സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്നു. സാമ്രാജ്യത്വ മേധാവിത്വത്തിനും ആഗോളവല്‍ക്കരണത്തിനുമെതിരായി ലോകവ്യാപകമായി നടക്കുന്ന സമരങ്ങളെ ലാറ്റിനമേരിക്കയില്‍ നടക്കുന്ന മാറ്റങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് പ്രത്യയശാസ്ത്രരേഖ വിലയിരുത്തുന്നു. ജനകീയ ജനാധിപത്യ വിപ്ലവം പൂര്‍ത്തീകരിച്ചതിനു ശേഷമേ ഇന്ത്യന്‍ ജനതയ്ക്ക് സോഷ്യലിസത്തിലേക്ക് മുന്നേറാന്‍ കഴിയൂ. ജനകീയ ജനാധിപത്യ വിപ്ലവം വിജയകരമായി പൂര്‍ത്തീകരിക്കുമ്പോള്‍മാത്രമേ സോഷ്യലിസം കെട്ടിപ്പടുക്കുന്നതിനുള്ള വ്യക്തമായ രൂപം വിവരിക്കാന്‍ കഴിയൂ. മുമ്പത്തെ പ്രത്യയശാസ്ത്രരേഖയും കാലോചിതമായി പുതുക്കിയ പാര്‍ടി പരിപാടിയും വിശദീകരിച്ചിട്ടുള്ള ഇന്ത്യന്‍ പരിതഃസ്ഥിതികളില്‍ സോഷ്യലിസം കെട്ടിപ്പടുക്കുന്നതിനെപ്പറ്റിയുള്ള രൂപരേഖ പ്രത്യയശാസ്ത്ര പ്രമേയം കൂടുതല്‍ വികസിപ്പിച്ചു. സോവിയറ്റ് യൂണിയന്റെയോ ചൈനയുടെയോ മാതൃക അതേപോലെ പിന്തുടരുകയല്ല, മറിച്ച് സോഷ്യലിസ്റ്റ് രാജ്യങ്ങളുടെയാകെ അനുഭവങ്ങളും ഇന്നത്തെ ലോക യാഥാര്‍ഥ്യങ്ങളും ഇന്ത്യയുടെ സമൂര്‍ത്ത സാഹചര്യങ്ങളും വിലയിരുത്തി വികസിപ്പിക്കാനാണ് പ്രത്യയശാസ്ത്രരേഖ ശ്രമിച്ചത്.

    മറുപടിഇല്ലാതാക്കൂ