2012, ഏപ്രിൽ 13, വെള്ളിയാഴ്‌ച

ഇടതുപക്ഷ ജനാധിപത്യബദല്‍


എസ് രാമചന്ദ്രന്‍പിള്ള
Posted on: 14-Apr-2012 07:34 AM
ഇരുപതാം പാര്‍ടി കോണ്‍ഗ്രസ് സിപിഐ എമ്മിന്റെ പുതിയ രാഷ്ട്രീയ അടവുനയത്തിന് രൂപം നല്‍കി. 19-ാം കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ അടവുനയത്തില്‍നിന്ന് ഇപ്പോള്‍ അംഗീകരിച്ച രാഷ്ട്രീയ അടവുനയം വ്യത്യസ്തമാണ്. കഴിഞ്ഞകാല അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ അതതു കാലത്തെ സമൂര്‍ത്ത രാഷ്ട്രീയസാഹചര്യങ്ങളെ വിലയിരുത്തിയാണ് പാര്‍ടി രാഷ്ട്രീയ അടവുകള്‍ ആവിഷ്കരിക്കുന്നത്. കോണ്‍ഗ്രസിനും ബിജെപിക്കും അവയുടെ സഖ്യങ്ങള്‍ക്കും എതിരെ മൂന്നാംബദല്‍ വളര്‍ത്തിക്കൊണ്ടുവരണമെന്ന രാഷ്ട്രീയ അടവ് പത്തൊമ്പതാം കോണ്‍ഗ്രസ് മുന്നോട്ടുവച്ചു. ഇത് സാധ്യമാക്കാന്‍ പ്രാദേശിക രാഷ്ട്രീയ കക്ഷികളുമായി പാര്‍ടി സംയുക്ത പ്രവര്‍ത്തനങ്ങളും പ്രക്ഷോഭസമരങ്ങളും വളര്‍ത്തിക്കൊണ്ടുവരണമെന്നും പത്തൊമ്പതാം കോണ്‍ഗ്രസ് നിര്‍ദേശിക്കുകയുണ്ടായി.

കോണ്‍ഗ്രസിനും ബിജെപിക്കും അവര്‍ രൂപംനല്‍കിയ സഖ്യങ്ങള്‍ക്കുമെതിരെ മൂന്നാംബദല്‍ വളര്‍ത്തിക്കൊണ്ടുവരണമെന്ന രാഷ്ട്രീയ അടവ് പതിനാറും പതിനേഴും പതിനെട്ടും പാര്‍ടി കോണ്‍ഗ്രസുകളും നിശ്ചയിച്ചിരുന്നു. കഴിഞ്ഞകാല അനുഭവങ്ങളെ അടിസ്ഥാനമാക്കി ചില വ്യക്തമായ പൊതുപരിപാടികള്‍ അടിസ്ഥാനമാക്കിയായിരിക്കണം മൂന്നാം ബദലെന്ന് പതിനേഴാം കോണ്‍ഗ്രസ് വ്യക്തമാക്കി. താല്‍ക്കാലിക തെരഞ്ഞെടുപ്പ് സഖ്യങ്ങളില്‍നിന്നു വ്യത്യസ്തമായി വ്യക്തമായ ചില പൊതുപ്രശ്നങ്ങളെ ആസ്പദമാക്കി നടത്തുന്ന പ്രക്ഷോഭസമരങ്ങളിലൂടെയാണ് കോണ്‍ഗ്രസിതര മതനിരപേക്ഷ രാഷ്ട്രീയകക്ഷികളെ ഒരുമിച്ച് അണിനിരത്താന്‍ കഴിയുകയെന്നും പതിനേഴാം കോണ്‍ഗ്രസ് ചൂണ്ടിക്കാണിച്ചിരുന്നു.

ബിജെപിയോടും കോണ്‍ഗ്രസിനോടും അണിനിരന്നിട്ടുള്ള മതനിരപേക്ഷ രാഷ്ട്രീയകക്ഷികളുടെ നിലപാടുകളില്‍ മാറ്റംവരുമ്പോഴാണ് മൂന്നാംമുന്നണി യാഥാര്‍ഥ്യമാകുന്നതെന്നും പത്തൊമ്പതാം കോണ്‍ഗ്രസ് വ്യക്തമാക്കി. മതനിരപേക്ഷ പ്രാദേശിക കക്ഷികള്‍ പൊതുവില്‍ നവ ഉദാരവല്‍ക്കരണ സാമ്പത്തികനയം തുടരുന്നവരാണ്. ഇത്തരം കക്ഷികളുടെ നിലപാടുകളില്‍ മാറ്റംവരുത്താതെ മൂന്നാംബദല്‍ വളര്‍ത്തിക്കൊണ്ടുവരാനാകില്ലെന്നും പത്തൊമ്പതാം കോണ്‍ഗ്രസ് കണ്ടു. വലിയ ബഹുജനപ്രസ്ഥാനങ്ങളും സമരങ്ങളും വളര്‍ത്തിക്കൊണ്ടുവന്ന് ഇത്തരം കക്ഷികളുടെ പിന്നില്‍ അണിനിരന്നിട്ടുള്ള ബഹുജനങ്ങളെ സ്വാധീനിക്കുകയും അവരുടെ സമ്മര്‍ദംവഴി ഈ കക്ഷികളുടെ നിലപാടുകളില്‍ മാറ്റംവരുത്താന്‍ ശ്രമിക്കണമെന്നും നിര്‍ദേശിച്ചു. മൂന്നാംബദല്‍ രൂപപ്പെടുന്നത് അങ്ങനെയാണെന്നും പത്തൊമ്പതാം പാര്‍ടി കോണ്‍ഗ്രസ് വ്യക്തമാക്കി.
                   
മൂന്നാം മുന്നണി അഥവാ മൂന്നാംബദല്‍ വളര്‍ത്തിക്കൊണ്ടുവരാന്‍, കഴിഞ്ഞ ഒരു ദശകക്കാലം പാര്‍ടി നടത്തിയ പ്രവര്‍ത്തനാനുഭവങ്ങളെ ഇരുപതാം കോണ്‍ഗ്രസ് വിലയിരുത്തി. പ്രാദേശിക രാഷ്ട്രീയ കക്ഷികളുടെ സ്വഭാവത്തില്‍വന്ന മാറ്റങ്ങള്‍ പതിനാറാം പാര്‍ടികോണ്‍ഗ്രസുമുതല്‍ പാര്‍ടി വിലയിരുത്തിവരികയായിരുന്നു. പ്രാദേശിക രാഷ്ട്രീയകക്ഷികള്‍ പ്രാദേശിക ബൂര്‍ഷ്വാസിയെയും ഗ്രാമങ്ങളിലെ സമ്പന്നവിഭാഗത്തെയുമാണ് പ്രതിനിധാനംചെയ്യുന്നത്. ഈ വിഭാഗങ്ങള്‍ക്ക് നവ ഉദാരവല്‍ക്കരണനയങ്ങളില്‍നിന്ന് പ്രയോജനം ലഭിക്കുന്നതിനാല്‍ അവയെ പ്രാദേശിക രാഷ്ട്രീയ കക്ഷികള്‍ എതിര്‍ക്കുന്നില്ല. പ്രതിപക്ഷമായിരിക്കുമ്പോള്‍ നവ ഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങളെ ജനകീയപിന്തുണ നേടാന്‍ വേണ്ടി എതിര്‍ക്കാന്‍ തയ്യാറാകുമെങ്കിലും ഭരണകക്ഷിയായാല്‍ ഈനയങ്ങള്‍ നടപ്പാക്കാന്‍ അവര്‍ ഉത്സാഹം പ്രകടിപ്പിക്കും. കൂട്ടുകക്ഷി ഭരണ സാധ്യതകള്‍ കേന്ദ്രത്തില്‍കൂടി ഉണ്ടായതോടെ കേന്ദ്ര- സംസ്ഥാന ഭരണം ലഭിക്കാനുള്ള സാധ്യതകള്‍ തേടി കോണ്‍ഗ്രസിനോടോ ബിജെപിയോടോ കൂട്ടുചേരാന്‍ ഈ പ്രാദേശിക കക്ഷികള്‍ തെല്ലും മടികാണിക്കാത്ത അനുഭവമാണുള്ളത്.

സിപിഐ എമ്മിനോടോ ഇടതുപക്ഷ രാഷ്ട്രീയ കക്ഷികളോടോ ഒപ്പം അണിനിരന്ന് പ്രക്ഷോഭസമരങ്ങള്‍ നടത്താന്‍ ഈ കക്ഷികള്‍ തയ്യാറാകുന്നില്ല. അതുകൊണ്ടുതന്നെ കൂട്ടായ പ്രക്ഷോഭസമരങ്ങളിലൂടെ ഇത്തരം കക്ഷികളുടെ പിന്നില്‍ അണിനിരന്നിട്ടുള്ള പൊതുജനങ്ങളെ സ്വാധീനിക്കാനും അതുവഴി ഇത്തരം കക്ഷികളുടെ നിലപാടുകളില്‍ മാറ്റം വരുത്താനുമുള്ള സാധ്യതയും വിരളമാണ്. പലപ്പോഴും പ്രാദേശിക രാഷ്ട്രീയകക്ഷികള്‍ സംസ്ഥാനഭരണങ്ങളില്‍ വരികയും നവ ഉദാരവല്‍ക്കരണനയങ്ങള്‍ നടപ്പാക്കുന്നതും, യോജിച്ച സമരത്തിനുള്ള സാധ്യതയെ ഇല്ലാതാക്കുന്നു.
പതിനാറാം പാര്‍ടി കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയതുപോലെ സ്ഥിരമായ മൂന്നാംബദല്‍ വളര്‍ത്തിക്കൊണ്ടുവരണമെങ്കില്‍ സിപിഐ എമ്മും ഇടതുപാര്‍ടികളും അഖിലേന്ത്യാടിസ്ഥാനത്തില്‍ കൂടുതല്‍ കരുത്താര്‍ജിക്കണം. ഇടതുപക്ഷങ്ങള്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ കരുത്താര്‍ജിച്ചിട്ടില്ലാത്ത ഇന്നത്തെ സാഹചര്യത്തില്‍ പ്രാദേശിക രാഷ്ട്രീയ കക്ഷികളെ മൂന്നാംബദലില്‍ സ്ഥിരമായി അണിനിരത്തുക പ്രയാസമാണ്.
ഇന്ത്യയില്‍ നടപ്പാക്കുന്ന മുതലാളിത്ത വികസനരീതിക്കും നവ ഉദാരവല്‍ക്കരണനയങ്ങള്‍ക്കും അമേരിക്കന്‍ വിധേയ വിദേശനയത്തിനും എതിരെ ബദല്‍നയങ്ങളെ അടിസ്ഥാനമാക്കി ഇടതുജനാധിപത്യ ശക്തികളെയാകെ അണിനിരത്തുന്ന വര്‍ഗങ്ങളുടെയും ജനവിഭാഗങ്ങളുടെയും മുന്നണിയാണ്. പ്രക്ഷോഭങ്ങളിലൂടെയും സമരങ്ങളിലൂടെയുമാണ് ഇടതുപക്ഷ ജനാധിപത്യ ബദല്‍ വളര്‍ന്നുവരുന്നത്. ബൂര്‍ഷ്വ-ഭൂപ്രഭു വര്‍ഗാധിപത്യത്തിനും നയസമീപനങ്ങള്‍ക്കുമെതിരെ നടത്തുന്ന നിരന്തരമായ പ്രക്ഷോഭസമരങ്ങളാണ് ഇടതുപക്ഷ ജനാധിപത്യ ശക്തികളെ ഒരുമിപ്പിച്ച് അണിനിരത്തുന്നത്.

കോണ്‍ഗ്രസിനും ബിജെപിക്കും എതിരായി ഇരുപതാം കോണ്‍ഗ്രസ് ഇടതുപക്ഷ ജനാധിപത്യ ബദലിന്റെ മുദ്രാവാക്യം മുന്നോട്ടു വയ്ക്കുന്നു. ബൂര്‍ഷ്വ-ഭൂപ്രഭു ഭരണത്തിനു ബദലാകാന്‍ ഇടതുപക്ഷ ജനാധിപത്യ വേദിക്കുമാത്രമേ കഴിയൂ. പ്രക്ഷോഭങ്ങളിലൂടെയും സമരങ്ങളിലൂടെയും ഇടതുപക്ഷ ജനാധിപത്യ ശക്തികളുടെ രാഷ്ട്രീയ സഖ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതിലൂടെയുമാണ് ഈ ബദല്‍ കെട്ടിപ്പടുക്കുക.

നവ ഉദാരവല്‍ക്കരണനയങ്ങളെ ചെറുക്കുന്നതിന് വിശാലാടിസ്ഥാനത്തിലുള്ള സമരങ്ങള്‍ സംഘടിപ്പിക്കുകയും ശക്തിപ്പെടുത്തുകയും വേണം. ഭൂമിയും ഭൂമി ഏറ്റെടുക്കലും, ഭക്ഷണം, തൊഴിലും തൊഴില്‍ സ്ഥിരപ്പെടുത്തലും, ജീവനോപാധികള്‍ സംരക്ഷിക്കല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതിന് കൂടുതല്‍ ബഹുജന പ്രസ്ഥാനങ്ങള്‍ ആവശ്യമാണ്. സംയുക്ത പ്രക്ഷോഭങ്ങള്‍ക്ക് മുന്‍കൈ എടുത്ത് പാര്‍ടിയുടെ സ്വാധീനമേഖലയ്ക്കു പുറത്തുനില്‍ക്കുന്നവരെ പാര്‍ടിയുടെ ഒപ്പം കൊണ്ടുവരാന്‍ കഴിയണം.

രണ്ടു വലിയ ബൂര്‍ഷ്വാപാര്‍ടികളായ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നേതൃത്വത്തിലുള്ള ഇരുമുന്നണി സമ്പ്രദായത്തോട് ഭരണവര്‍ഗങ്ങളെപ്പോഴും ആനുകൂല്യം കാണിക്കുന്നു. രണ്ടില്‍ ഏതു മുന്നണി അധികാരത്തില്‍വന്നാലും വന്‍കിട ബൂര്‍ഷ്വാ വിഭാഗങ്ങളുടെ വര്‍ഗതാല്‍പ്പര്യങ്ങള്‍ പരിരക്ഷിക്കപ്പെടുമെന്നവര്‍ക്കറിയാം. അത്തരം രണ്ടു സഖ്യങ്ങള്‍ ദൃഢമായി തീരുന്നതിനെ തടയാനുള്ള ശ്രമവും പാര്‍ടി തുടരേണ്ടതുണ്ട്. കോണ്‍ഗ്രസിനോടോ ബിജെപിയോടോ കൂട്ടുചേരാത്ത പ്രാദേശിക മതനിരപേക്ഷ കക്ഷികളുമായി പാര്‍ടി ബന്ധം നിലനിര്‍ത്തുകയും വളര്‍ത്തിയെടുക്കുകയും ചെയ്യും. ജനങ്ങളുടെ പ്രശ്നങ്ങള്‍, ദേശീയ പരമാധികാരം സംരക്ഷിക്കല്‍, കേന്ദ്ര- സംസ്ഥാന ബന്ധങ്ങള്‍, മതനിരപേക്ഷത തുടങ്ങിയ വിഷയങ്ങളില്‍ സംയുക്ത സമരങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള സാധ്യതകളെ പാര്‍ടി പ്രയോജനപ്പെടുത്തും. ഇടതുപക്ഷ ജനാധിപത്യശക്തികളുടെ സഖ്യം കെട്ടിപ്പടുക്കുന്നതിന് ഇത്തരം സംയുക്തവേദികളുടെ ആവിര്‍ഭാവം സഹായിക്കും. പാര്‍ലമെന്റിനകത്തും പുറത്തും സംയുക്ത പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള എല്ലാ അവസരങ്ങളും പാര്‍ടി പ്രയോജനപ്പെടുത്തും. ഇതോടൊപ്പം ചില കക്ഷികളുമായി ആവശ്യമെങ്കില്‍ തെരഞ്ഞെടുപ്പ് ധാരണകള്‍ ഉണ്ടാക്കുന്നതിനും പാര്‍ടി മുന്‍കൈ എടുക്കും. ഇത്തരം ധാരണകളെ മൂന്നാം മുന്നണിയായോ മൂന്നാം ബദലായോ ഇരുപതാം കോണ്‍ഗ്രസ് കണക്കാക്കുന്നില്ല. കോണ്‍ഗ്രസ് സഖ്യത്തിനും ബിജെപി സഖ്യത്തിനും എതിരായ യഥാര്‍ഥ ബദല്‍ ഇടതുപക്ഷ ജനാധിപത്യ ബദല്‍ മാത്രമാണെന്ന് ഇരുപതാം കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.നവ ഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങളെയും അമേരിക്കന്‍ വിധേയ വിദേശനയത്തെയും എതിര്‍ക്കാനും പാവപ്പെട്ട ജനങ്ങളുടെ താല്‍പ്പര്യം ഉയര്‍ത്തിപ്പിടിക്കാനും ഇടതുപക്ഷ ജനാധിപത്യ ബദലിനു മാത്രമേ കഴിയൂ. കോണ്‍ഗ്രസിതര മതനിരപേക്ഷ രാഷ്ട്രീയ കക്ഷികള്‍ നവ ഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങളെയും അമേരിക്കന്‍ വിധേയ വിദേശനയത്തെയും എതിര്‍ക്കാന്‍ ഇന്ന് മുന്നോട്ടു വരുന്നില്ല.

പാര്‍ടിയുടെ സ്വാധീനവും അടിത്തറയും വിപുലമാക്കേണ്ടത് പരമ പ്രധാനമാണെന്നു ഇരുപതാം കോണ്‍ഗ്രസ് കാണുന്നു. പാര്‍ടിയുടെ സ്വതന്ത്രമായ പങ്ക് ശക്തിപ്പെടുത്തുന്നതിനും വിപുലപ്പെടുത്തുന്നതിനും വേണ്ട പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് പാര്‍ടി കോണ്‍ഗ്രസ് മുന്‍ഗണന നല്‍കി. രാഷ്ട്രീയവും സാമ്പത്തികവുമായ പ്രശ്നങ്ങളെ ആസ്പദമാക്കി പാര്‍ടിയുടെ സ്വതന്ത്രമായ പ്രവര്‍ത്തനങ്ങള്‍ പരമാവധി ശക്തിപ്പെടുത്താന്‍ ഇരുപതാം കോണ്‍ഗ്രസ് ആഹ്വാനംചെയ്തു. തൊഴിലാളിവര്‍ഗ വീക്ഷണത്തെ അടിസ്ഥാനമാക്കി പാര്‍ടിയുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ പ്രവര്‍ത്തനങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരണമെന്നും നിര്‍ദേശിച്ചു. എല്ലാ പ്രധാനപ്പെട്ട വിഷയങ്ങളിലും പാര്‍ടിയുടെ തനതായ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകണം. ബൂര്‍ഷ്വാ രാഷ്ട്രീയ കക്ഷികളില്‍നിന്നും അവരുടെ രാഷ്ട്രീയത്തില്‍നിന്നും സിപിഐ എമ്മിനെ എപ്പോഴും വേര്‍തിരിച്ചുകാട്ടാനാകണം. ബൂര്‍ഷ്വാ രാഷ്ട്രീയ കക്ഷികളുടെ രാഷ്ട്രീയത്തെയും പ്രത്യയശാസ്ത്രത്തെയും എല്ലായ്പ്പോഴും ചെറുക്കണം. പാര്‍ടി അതിന്റെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ നിലപാടുകളെ നിരന്തരം ഉയര്‍ത്തിപ്പിടിക്കുകയും തൊഴിലാളിവര്‍ഗ നിലപാടില്‍നിന്നുകൊണ്ട് പോരാടുകയും വേണം. അടിസ്ഥാന വര്‍ഗങ്ങള്‍ക്കിടയിലെ പാര്‍ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും തീരുമാനിച്ചു. വര്‍ഗസമരങ്ങളും ബഹുജന സമരങ്ങളും വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ കര്‍ഷക ജനസാമാന്യത്തിനിടയിലും ഗ്രാമീണ ദരിദ്രര്‍ക്കിടയിലുമുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാക്കണമെന്നും പാര്‍ടി കോണ്‍ഗ്രസ് തീരുമാനിച്ചു. നിര്‍മാണ വ്യവസായങ്ങളിലെയും തന്ത്രപരമായ വ്യവസായങ്ങളിലെയും സംഘടിത മേഖലയിലെയും തൊഴിലാളികള്‍ക്കിടയിലും പാര്‍ടിയുടെ സ്വാധീനം വളര്‍ത്താന്‍ പ്രത്യേക ശ്രദ്ധ ഉണ്ടാകും. അസംഘടിത മേഖലയിലെ തൊഴിലാളികളെ പ്രസ്ഥാനത്തിലേക്ക് കൊണ്ടുവരുന്നതിനും അവര്‍ക്കിടയില്‍ രാഷ്ട്രീയപ്രവര്‍ത്തനം സംഘടിപ്പിക്കുന്നതിനും പാര്‍ടി പ്രാധാന്യം നല്‍കും.

പൊതുജനാധിപത്യ പരിപാടിയുടെ ഭാഗമായി ദളിതരുടെയും ന്യൂനപക്ഷങ്ങളുടെയും ഗോത്രവര്‍ഗക്കാരുടെയും സ്ത്രീകളുടെയും പ്രത്യേകപ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതില്‍ പാര്‍ടി പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്നും ഇരുപതാം കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.

പാര്‍ടിയുടെ വര്‍ഗപരമായ രാഷ്ട്രീയത്തിനും പ്രത്യയശാസ്ത്രപരമായ നിലപാടുകള്‍ക്കും പ്രാധാന്യം നല്‍കി മുമ്പോട്ടു നീങ്ങണമെന്നുള്ളതാണ് ഇരുപതാം കോണ്‍ഗ്രസ് തീരുമാനങ്ങളുടെ അന്തഃസത്ത. വളര്‍ച്ച നേടുന്നതിനും ബഹുജനസ്വാധീനം വര്‍ധിപ്പിക്കുന്നതിനും പാര്‍ടിക്ക് മറ്റ് കുറുക്കുവഴികളൊന്നുമില്ല. (അവസാനിക്കുന്നില്ല)

2 അഭിപ്രായങ്ങൾ:

  1. ഇന്ത്യയുടെ സാമൂഹ്യ പ്രശ്നങ്ങളില്‍ നിന്നും മുഖം തിരിച്ചു നില്‍ക്കുന്ന സി.പി.എം. ഇനി എന്തു ബദല്‍ വെച്ചാലും അതെല്ലാം കടലാസു പുലികള്‍ക്കപ്പുറം വളരില്ല. നിലവിലുള്ള പാര്‍ട്ടി സ്വത്തുക്കലിലും, സ്ഥാനങ്ങളിലും ഗുമസ്തപ്പണി ചെയ്ത് കഴിഞ്ഞു കൂടാം. പെര്‍ന്നയില്‍ ചെന്ന് വല്ല ജാതി സംഘടനകളുടേയും കാലുപിടിച്ചാല്‍ ക്ഷേത്രങ്ങളില്‍ വാച്ചുമാന്‍ പണി തരാവാനിടയുണ്ട്. ജനങ്ങളെ വഞ്ചിച്ച പാര്‍ട്ടിക്ക് അതിനൊക്കെയെ കഴിയു.

    മറുപടിഇല്ലാതാക്കൂ
  2. chithrakaran:ചിത്രകാരന്‍ നിങ്ങള്‍ വായിച്ചെടുത്തത് ഒരു പജരണത്തിന്റെ ഭാഗമാണ്. അതിനു വഴിയൊരുക്കിയതു പാര്‍ട്ടിയുടെ മുന്നോട്ട് ഉള്ള പ്രയാണത്തില്‍ വന്ന പോരായ്മ സഹായകരമായിരിക്കാം അതുകൊണ്ടു കൂടിയാണ് ഇങ്ങനെ പറയുന്നതു “പാര്‍ടിയുടെ സ്വാധീനവും അടിത്തറയും വിപുലമാക്കേണ്ടത് പരമ പ്രധാനമാണെന്നു ഇരുപതാം കോണ്‍ഗ്രസ് കാണുന്നു. പാര്‍ടിയുടെ സ്വതന്ത്രമായ പങ്ക് ശക്തിപ്പെടുത്തുന്നതിനും വിപുലപ്പെടുത്തുന്നതിനും വേണ്ട പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് പാര്‍ടി കോണ്‍ഗ്രസ് മുന്‍ഗണന നല്‍കി. രാഷ്ട്രീയവും സാമ്പത്തികവുമായ പ്രശ്നങ്ങളെ ആസ്പദമാക്കി പാര്‍ടിയുടെ സ്വതന്ത്രമായ പ്രവര്‍ത്തനങ്ങള്‍ പരമാവധി ശക്തിപ്പെടുത്താന്‍ ഇരുപതാം കോണ്‍ഗ്രസ് ആഹ്വാനംചെയ്തു. തൊഴിലാളിവര്‍ഗ വീക്ഷണത്തെ അടിസ്ഥാനമാക്കി പാര്‍ടിയുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ പ്രവര്‍ത്തനങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരണമെന്നും നിര്‍ദേശിച്ചു. എല്ലാ പ്രധാനപ്പെട്ട വിഷയങ്ങളിലും പാര്‍ടിയുടെ തനതായ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകണം. ബൂര്‍ഷ്വാ രാഷ്ട്രീയ കക്ഷികളില്‍നിന്നും അവരുടെ രാഷ്ട്രീയത്തില്‍നിന്നും സിപിഐ എമ്മിനെ എപ്പോഴും വേര്‍തിരിച്ചുകാട്ടാനാകണം. ബൂര്‍ഷ്വാ രാഷ്ട്രീയ കക്ഷികളുടെ രാഷ്ട്രീയത്തെയും പ്രത്യയശാസ്ത്രത്തെയും എല്ലായ്പ്പോഴും ചെറുക്കണം. പാര്‍ടി അതിന്റെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ നിലപാടുകളെ നിരന്തരം ഉയര്‍ത്തിപ്പിടിക്കുകയും തൊഴിലാളിവര്‍ഗ നിലപാടില്‍നിന്നുകൊണ്ട് പോരാടുകയും വേണം. അടിസ്ഥാന വര്‍ഗങ്ങള്‍ക്കിടയിലെ പാര്‍ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും തീരുമാനിച്ചു. വര്‍ഗസമരങ്ങളും ബഹുജന സമരങ്ങളും വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ കര്‍ഷക ജനസാമാന്യത്തിനിടയിലും ഗ്രാമീണ ദരിദ്രര്‍ക്കിടയിലുമുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാക്കണമെന്നും പാര്‍ടി കോണ്‍ഗ്രസ് തീരുമാനിച്ചു. നിര്‍മാണ വ്യവസായങ്ങളിലെയും തന്ത്രപരമായ വ്യവസായങ്ങളിലെയും സംഘടിത മേഖലയിലെയും തൊഴിലാളികള്‍ക്കിടയിലും പാര്‍ടിയുടെ സ്വാധീനം വളര്‍ത്താന്‍ പ്രത്യേക ശ്രദ്ധ ഉണ്ടാകും. അസംഘടിത മേഖലയിലെ തൊഴിലാളികളെ പ്രസ്ഥാനത്തിലേക്ക് കൊണ്ടുവരുന്നതിനും അവര്‍ക്കിടയില്‍ രാഷ്ട്രീയപ്രവര്‍ത്തനം സംഘടിപ്പിക്കുന്നതിനും പാര്‍ടി പ്രാധാന്യം നല്‍കും.”

    മറുപടിഇല്ലാതാക്കൂ