2012, ഏപ്രിൽ 18, ബുധനാഴ്‌ച

പാര്‍ടിയെ ശക്തിപ്പെടുത്തുക

http://www.deshabhimani.com/newscontent.php?id=142983
എസ് രാമചന്ദ്രന്‍പിള്ള
 
Posted on: 18-Apr-2012 09:47 AM
അഖിലേന്ത്യാടിസ്ഥാനത്തില്‍ പാര്‍ടിയെ അതിവേഗം വ്യാപിപ്പിക്കാനും ശക്തിപ്പെടുത്താനുമുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഉഷാറാക്കാന്‍ ഇരുപതാം കോണ്‍ഗ്രസ് തീരുമാനിച്ചു. പശ്ചിമബംഗാളില്‍ സിപിഐ എമ്മിനെയും മറ്റ് ഇടതുപാര്‍ടികളെയും ഒറ്റതിരിച്ച് കടന്നാക്രമിക്കാന്‍ എല്ലാ ശത്രുക്കളും ഒത്തുചേര്‍ന്നിരിക്കുന്നു. ഇതിനെ ചെറുത്തുതോല്‍പ്പിക്കേണ്ടത് പാര്‍ടിയുടെ അടിയന്തര കടമകളിലൊന്നാണ്. ആഗോളവല്‍ക്കരണവും നവ ഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങളും അടിച്ചേല്‍പ്പിക്കുന്ന ദുരിതങ്ങളില്‍നിന്ന് ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതിന് ശക്തിയായ ചെറുത്തുനില്‍പ്പ് സമരങ്ങള്‍ സംഘടിപ്പിക്കേണ്ടതുണ്ട്. അതോടൊപ്പം ഇടതു ജനാധിപത്യ ബദല്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ വളര്‍ത്തി ശക്തിപ്പെടുത്തുകയെന്നത് പാര്‍ടിയുടെ ഇന്നത്തെ മുഖ്യ രാഷ്ട്രീയ സമീപനമാണ്. സിപിഐ എമ്മിന്റെ വ്യാപനം നടക്കുകയും അഖിലേന്ത്യാടിസ്ഥാനത്തില്‍ പാര്‍ടി ശക്തിപ്പെടുകയുംചെയ്യേണ്ടത് അതിപ്രധാനമായ അടിയന്തര ലക്ഷ്യമായി ഇരുപതാം കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.

പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ച സംഘടനാരേഖ കഴിഞ്ഞ നാല് കൊല്ലത്തെ പാര്‍ടിയുടെ സംഘടനാരംഗത്തെ പ്രവര്‍ത്തനങ്ങള്‍ അവലോകനംചെയ്തു. പാര്‍ടിക്ക് വ്യാപനം നേടാനും കരുത്താര്‍ജിക്കാനും കഴിയുന്ന അനുകൂല സാഹചര്യങ്ങള്‍ നിലനിന്നിരുന്നതായി 19-ാം കോണ്‍ഗ്രസ് വിലയിരുത്തിയിരുന്നു. അനുകൂല സാഹചര്യങ്ങള്‍ ദീര്‍ഘകാലം നിലനില്‍ക്കുകയില്ലെന്നും പാര്‍ടിയുടെ ശത്രുക്കള്‍ ഒത്തുചേരുന്നതായും മുന്നറിയിപ്പ് നല്‍കി. പാര്‍ടിയുടെ ശക്തികേന്ദ്രങ്ങള്‍ സംരക്ഷിക്കുന്നതിന് പാര്‍ടിയുടെ അതിവേഗത്തിലുള്ള വ്യാപനവും ശക്തിപ്പെടലും വളരെ പ്രധാനമാണെന്ന് 19-ാം കോണ്‍ഗ്രസ് അംഗീകരിച്ച സംഘടനാരേഖ എടുത്തുപറഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ പാര്‍ടിയുടെ വ്യാപനവും ശക്തിപ്പെടലും കൈവരിക്കാന്‍ ഉതകുന്ന അടിയന്തര കടമകള്‍ക്കും 19-ാം കോണ്‍ഗ്രസ് രൂപംനല്‍കി.

കഴിഞ്ഞ നാല് കൊല്ലത്തിനിടെ പാര്‍ടി എത്രമാത്രം ശക്തിപ്പെട്ടുവെന്ന കാര്യമാണ് സംഘടനാപ്രമേയം ആദ്യം പരിശോധിച്ചത്. പാര്‍ടി അംഗങ്ങളുടെ എണ്ണം നാല് കൊല്ലത്തിനിടയില്‍ 9,82,155 ല്‍ നിന്ന് 10,44,833 ആയി വര്‍ധിച്ചു. പാര്‍ടി അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്ന ബഹുജന മുന്നണികളുടെ അംഗസംഖ്യ 6,17,93,166ല്‍ നിന്ന് 6,10,39,800 ആയി കുറഞ്ഞു. പശ്ചിമബംഗാളില്‍ പല പ്രദേശങ്ങളിലും സാധാരണഗതിയിലുള്ള രാഷ്ട്രീയപ്രവര്‍ത്തനം അസാധ്യമായതാണ് ബഹുജന മുന്നണികളുടെ അംഗസംഖ്യ കുറയാന്‍ മുഖ്യകാരണം. യുവജന-വനിതാ മുന്നണികളുടെ അംഗസംഖ്യയിലാണ് വലിയ ഇടിവുണ്ടായത്. ഹിന്ദി ഭാഷ സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍, രാജസ്ഥാനില്‍ പാര്‍ടി നടത്തിയ തുടര്‍ച്ചയായ സമരങ്ങളുടെ അടിസ്ഥാനത്തില്‍ ആര്‍ജിച്ച മുന്നേറ്റം തുടരുകയാണ്. ഹിമാചല്‍പ്രദേശിലും ഹരിയാണയിലും പാര്‍ടിരംഗത്തും ബഹുജന മുന്നണികളുടെ രംഗത്തും കുറച്ച് പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞു. ജാര്‍ഖണ്ഡിലും ബിഹാറിലും പാര്‍ടി കൂടുതല്‍ സജീവമായിട്ടുണ്ട്. മുന്‍ഗണനാ സംസ്ഥാനങ്ങളായി തെരഞ്ഞെടുത്ത അസം, ജാര്‍ഖണ്ഡ്, ബിഹാര്‍, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും കുറെ സജീവത കൈവരിക്കാനായി. പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലും മുന്‍കാലത്തെ അപേക്ഷിച്ച് പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞു. സംസ്ഥാന, ജില്ലാ കമ്മിറ്റികളുടെയും ബഹുജന മുന്നണികളുടെയും പ്രവര്‍ത്തനം ഈ സംസ്ഥാനങ്ങളില്‍ സജീവമായി വരുന്നുണ്ട്. ഇവയെല്ലാമാണെങ്കിലും പശ്ചിമബംഗാള്‍, കേരളം, ത്രിപുര, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ പാര്‍ടിയുടെ സ്വാധീനശക്തിയുടെ നിലവാരത്തിലേക്കെത്താന്‍ മറ്റ് സംസ്ഥാനങ്ങളിലെ പാര്‍ടി ഘടകങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നത് പരിഹാരം കാണേണ്ട പോരായ്മയായി അവശേഷിക്കുന്നു. ഇക്കാലത്ത് സ്ത്രീകളുടെ അംഗത്വത്തില്‍ ഗണ്യമായ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞു.

വനിതകളായ പാര്‍ടി അംഗങ്ങളുടെ അംഗസംഖ്യ 12 ശതമാനമായിരുന്നത് 14.05 ശതമാനമായി വര്‍ധിച്ചു. വനിതകളെ പാര്‍ടിയില്‍ ചേര്‍ക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് ഫലമുണ്ടായെന്നാണ് ഈ വളര്‍ച്ച സൂചിപ്പിക്കുന്നത്. വനിതകളെ പാര്‍ടിയില്‍ ചേര്‍ക്കുന്നതിനും ഉപരി കമ്മിറ്റികളിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിനുമുള്ള പരിശ്രമം തുടരണമെന്നും 20-ാം കോണ്‍ഗ്രസ് തീരുമാനിച്ചു. ജനങ്ങളുടെ അടിയന്തരപ്രശ്നങ്ങളെയും പ്രാദേശിക പ്രശ്നങ്ങളെയും അടിസ്ഥാനമാക്കി സമരങ്ങള്‍ സംഘടിപ്പിച്ച് പുതിയ ജനവിഭാഗങ്ങളുമായി ബന്ധംസ്ഥാപിക്കണമെന്ന മുന്‍ പാര്‍ടി കോണ്‍ഗ്രസുകളുടെ തീരുമാനം നടപ്പാക്കാന്‍ വിവിധ സംസ്ഥാന ഘടകങ്ങള്‍ പരിശ്രമം തുടര്‍ന്നു. ബഹുജന മുന്നണികളിലെ പാര്‍ടി അംഗങ്ങളുടെ പ്രവര്‍ത്തനം സജീവമാക്കാനും ശ്രമം നടന്നു. രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ്, ഹരിയാണ, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര തുടങ്ങി പാര്‍ടി താരതമ്യേന ദുര്‍ബലമായ സംസ്ഥാനങ്ങളില്‍ പാര്‍ടിയും ബഹുജന മുന്നണികളും സജീവമായി വരുന്നുണ്ട്. പശ്ചിമബംഗാള്‍, കേരളം, ത്രിപുര, ആന്ധ്രപ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബഹുജനപ്രശ്നങ്ങള്‍ ഏറ്റെടുത്ത് സമരങ്ങള്‍ സംഘടിപ്പിക്കാന്‍ പാര്‍ടി മുന്‍പന്തിയിലുണ്ട്. അടിയന്തര പ്രശ്നങ്ങളെ ആസ്പദമാക്കി നടത്തുന്ന ബഹുജന സമരങ്ങള്‍ വഴിയാണ് പാര്‍ടിക്ക് പുതിയ ജനവിഭാഗങ്ങളുമായി ബന്ധം സ്ഥാപിക്കാന്‍ കഴിയുക. സമരങ്ങള്‍ സംഘടിപ്പിക്കുന്നതിലും വ്യാപിപ്പിക്കുന്നതിലും വ്യത്യസ്ത സ്വഭാവങ്ങളിലുള്ള ദൗര്‍ബല്യങ്ങളും പോരായ്മകളും ഉണ്ടെന്ന് സംഘടനാരേഖ വിലയിരുത്തുകയും തിരുത്തുന്നതിന് ആവശ്യമായ വ്യക്തമായ നിര്‍ദേശങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്തു. സാമ്പത്തിക പ്രശ്നങ്ങള്‍ക്കൊപ്പം സാമൂഹ്യപ്രശ്നങ്ങളും ഉയര്‍ത്തിക്കൊണ്ടുവരണമെന്ന് 19-ാം കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. ആന്ധ്രപ്രദേശ്, തമിഴ്നാട്, ഹരിയാണ, കര്‍ണാടക, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ സാമൂഹ്യപ്രശ്നങ്ങള്‍ ഏറ്റെടുത്ത് ചില സമരങ്ങള്‍ ഇക്കാലത്ത് സംഘടിപ്പിച്ചിരുന്നു. എവിടെയൊക്കെ സാമൂഹ്യപ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറായോ അവിടെയൊക്കെ പുതിയ ജനവിഭാഗങ്ങളുടെ ഇടയിലേക്ക് പാര്‍ടിയുടെ സ്വാധീനശക്തി വളര്‍ത്താന്‍ കഴിഞ്ഞു. സാമ്പത്തിക പ്രശ്നങ്ങളോടൊപ്പം സാമൂഹ്യമായ അടിച്ചമര്‍ത്തലിന്റെ പ്രശ്നങ്ങളും ഏറ്റെടുക്കണമെന്ന് 20-ാം കോണ്‍ഗ്രസ് നിര്‍ദേശിച്ചു. പാര്‍ടി അംഗങ്ങളുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവും സംഘടനാപരവുമായ നിലവാരമുയര്‍ത്താന്‍ നടത്തിയ പരിശ്രമങ്ങളെ 20-ാം കോണ്‍ഗ്രസ് അവലോകനംചെയ്തു. മുന്‍കാലത്തെ അപേക്ഷിച്ച് ഇക്കാലത്ത് പാര്‍ടി വിദ്യാഭ്യാസത്തിന് കുടുതല്‍ ശ്രദ്ധ നല്‍കിയിരുന്നു. അടുത്ത കാലത്ത് ആദ്യമായി കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ക്കുവേണ്ടി ക്ലാസ് സംഘടിപ്പിച്ചത് വലിയ വിജയമായിരുന്നു. പതിനെട്ടോളം സംസ്ഥാനങ്ങളില്‍ വിവിധ നിലവാരങ്ങളില്‍ പാര്‍ടി സ്കൂളുകള്‍ സംഘടിപ്പിച്ചു. ഇവയെല്ലാമാണെങ്കിലും പാര്‍ടി അംഗങ്ങളില്‍ പകുതിയിലേറെപ്പേര്‍ കഴിഞ്ഞ പത്ത് കൊല്ലത്തിനകം പാര്‍ടി അംഗങ്ങളായവരാണെന്ന സ്ഥിതി പാര്‍ടി വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം എടുത്തുകാട്ടുന്നു. പുതുതായി പാര്‍ടിയിലേക്ക് കടന്നുവരുന്നവര്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന വികലമായ രാഷ്ട്രീയ പ്രത്യയശാസ്ത്ര സംഘടനാ ധാരണകളുമായാണ് കടന്നുവരുന്നത്. ഇവര്‍ക്ക് നല്‍കുന്ന രാഷ്ട്രീയ, പ്രത്യയശാസ്ത്ര, സംഘടനാ വിദ്യാഭ്യാസം അപര്യാപ്തമാണെന്നാണ് പാര്‍ടിയില്‍ പ്രകടമാകുന്ന ഒട്ടേറെ വ്യതിയാനങ്ങള്‍ സൂചിപ്പിക്കുന്നത്. സാമ്പത്തിക-രാഷ്ട്രീയ-പ്രത്യയശാസ്ത്ര സമരങ്ങള്‍ നടത്താന്‍ പാര്‍ടി അംഗങ്ങളുടെ കഴിവ് വികസിപ്പിക്കേണ്ടതുണ്ട്.

കമ്യൂണിസ്റ്റ് പാര്‍ടിയുടെ സംഘടനാ സംവിധാനവും സമ്പ്രദായങ്ങളും മറ്റ് രാഷ്ട്രീയകക്ഷികളില്‍നിന്ന് തികച്ചും വ്യത്യസ്തമാണ്. നിലവിലുള്ള സമൂഹത്തെ വിപ്ലവകരമായി പരിവര്‍ത്തനംചെയ്ത് കൂടുതല്‍ പുരോഗമനപരമായ പുതിയ സമൂഹത്തെ കെട്ടിപ്പടുക്കുകയാണ് പാര്‍ടിയുടെ ലക്ഷ്യം. ഒരു സാധാരണ സംഘടനയ്ക്ക് സങ്കീര്‍ണമായ ഈ കടമകള്‍ നിര്‍വഹിക്കാന്‍ ആകില്ല. നിലവിലുള്ള സാമൂഹ്യവ്യവസ്ഥയ്ക്കെതിരെ സാമ്പത്തിക-രാഷ്ട്രീയ-പ്രത്യയശാസ്ത്ര മേഖലകളില്‍ വര്‍ഗസമരം തീക്ഷ്ണമാക്കിയും വ്യാപിപ്പിച്ചും ചൂഷകവര്‍ഗങ്ങളെ ഒറ്റപ്പെടുത്തി ചൂഷിത ജനവിഭാഗങ്ങളെ ഒരുമിപ്പിച്ച് അണിനിരത്തി നടത്തുന്ന മുന്നേറ്റങ്ങളിലൂടെയാണ് സാമൂഹ്യവിപ്ലവം വിജയകരമായി നിര്‍വഹിക്കപ്പെടുന്നത്. സ്വയംവരിച്ച അച്ചടക്കത്തോട് കൂടിയ ഉരുക്കുപോലെ ഉറച്ച ഒരു പാര്‍ടിക്ക് മാത്രമേ അതിശക്തരായ ശത്രുവര്‍ഗങ്ങളുടെ കുത്തിത്തിരിപ്പുകളെയും ഉപജാപങ്ങളെയും കടന്നാക്രമണങ്ങളെയും ചെറുത്തും തോല്‍പ്പിച്ചും മുന്നേറാനാവൂ.

കമ്യൂണിസ്റ്റ് പാര്‍ടിക്ക് സംഘടനാപരമായ കെട്ടുറപ്പ് സര്‍വപ്രധാനമാണ്. സര്‍വശക്തിയും സമാഹരിച്ചുനില്‍ക്കുന്ന ശത്രുവര്‍ഗങ്ങളെ പരാജയപ്പെടുത്താന്‍ തൊഴിലാളിവര്‍ഗത്തിന്റെ മുന്നണിപ്പടയാണ് കമ്യൂണിസ്റ്റ് പാര്‍ടി. സംഘടനാ പ്രത്യേകതകള്‍ പാര്‍ടി അംഗങ്ങളെയാകെ പഠിപ്പിച്ച്, പരിശീലിപ്പിച്ച് ഉറപ്പിക്കുന്നില്ലെങ്കില്‍ കമ്യൂണിസ്റ്റ് പാര്‍ടി അതിന്റെ വിപ്ലവകരമായ കാഴ്ചപ്പാടും കെട്ടുറപ്പും നഷ്ടപ്പെട്ട് മറ്റേതെങ്കിലും ബൂര്‍ഷ്വ-പെറ്റി ബൂര്‍ഷ്വാ പാര്‍ടികളുടെ നിലവാരത്തിലേക്ക് അധഃപതിക്കും. കമ്യൂണിസ്റ്റ് പാര്‍ടിയുടെ വിപ്ലവകരമായ കാഴ്ചപ്പാടും കെട്ടുറപ്പും നിലനിര്‍ത്താന്‍ നിരന്തരമായ ജാഗ്രത പുലര്‍ത്തുകയും ഉറച്ച നിലപാട് സ്വീകരിക്കുകയും വേണം. ഏതാണ്ട് ഒരു ലക്ഷത്തോളം പാര്‍ടി ബ്രാഞ്ചുകളില്‍ കുറെയെണ്ണം സജീവമായി പ്രവര്‍ത്തിക്കാത്തവയാണ്. പാര്‍ടിയുടെ സംഘടനാസ്ഥിതിയുടെ നിലവാരമനുസരിച്ച് ഓരോ പ്രദേശത്തും പ്രവര്‍ത്തനക്ഷമമല്ലാത്ത ബ്രാഞ്ചുകളുടെ എണ്ണം ഏറിയും കുറഞ്ഞുമിരിക്കും. ബ്രാഞ്ച് സെക്രട്ടറിമാരുടെ രാഷ്ട്രീയ-സംഘടനാ നിലവാരത്തിലെ ദൗര്‍ബല്യങ്ങളും ലോക്കല്‍ കമ്മിറ്റികള്‍, ഏരിയാ കമ്മിറ്റികള്‍, ജില്ലാ കമ്മിറ്റികള്‍ എന്നിവകളുടെ പോരായ്മകളുമാണ് ബ്രാഞ്ചുകളുടെ നിര്‍ജീവാവസ്ഥയ്ക്ക് കാരണം. പടിപടിയായി ബ്രാഞ്ചുകളെ സജീവമാക്കാനുള്ള പദ്ധതി ജില്ലാ കമ്മിറ്റികള്‍ തയ്യാറാക്കി നടപ്പാക്കണം. ബ്രാഞ്ചുകള്‍ സജീവമാകുന്നതോടെ പാര്‍ടി അംഗങ്ങളും ബഹുജന മുന്നണികളും സജീവമാകും. പാര്‍ടിക്ക് വളര്‍ച്ച നേടാനും ശക്തിപ്പെടാനും കഴിയും.

ദുര്‍ബല സംസ്ഥാനങ്ങളിലെ ജില്ലാ കമ്മിറ്റികളെ സജീവമാക്കാനുള്ള പദ്ധതികളും ഓരോ സംസ്ഥാന കമ്മിറ്റിയും തയ്യാറാക്കണമെന്ന് പാര്‍ടി കോണ്‍ഗ്രസ് നിശ്ചയിച്ചു. സംസ്ഥാന കമ്മിറ്റികളുടെ പ്രവര്‍ത്തനം ഇടക്കാലത്ത് കൂടുതല്‍ സജീവമായിട്ടുണ്ട്. രണ്ട് മാസത്തിലൊരിക്കല്‍ യോഗം ചേരുന്ന സമ്പ്രദായം പതിവായി. പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിലും അവലോകനം നടത്തുന്നതിലും പുരോഗതി ദൃശ്യമാണ്. ചില സംസ്ഥാന കമ്മിറ്റികള്‍ അതത് സംസ്ഥാനങ്ങളിലുണ്ടാകുന്ന സംഭവവികാസങ്ങളില്‍ ഫലപ്രദമായി ഇടപെടുന്നതില്‍ പ്രകടിപ്പിക്കുന്ന ദൗര്‍ബല്യം പരിഹരിക്കപ്പെടേണ്ടതാണ്. പൂര്‍ണസമയ പ്രവര്‍ത്തകരെ കണ്ടെത്തുന്നതിലും പ്രവര്‍ത്തനങ്ങളില്‍ നിയോഗിക്കുന്നതിലും അവരുടെ ജീവിതച്ചെലവുകള്‍ക്ക് ആവശ്യമായ വേതനം നല്‍കുന്നതിലും പല സംസ്ഥാനങ്ങളിലും പോരായ്മകള്‍ നിലനില്‍ക്കുന്നുണ്ട്. ഇവയ്ക്കെല്ലാം അടിയന്തര പരിഹാരം കാണണമെന്ന് പാര്‍ടി കോണ്‍ഗ്രസ് നിര്‍ദേശിച്ചു. (അവസാനിക്കുന്നില്ല)

1 അഭിപ്രായം:

  1. കമ്യൂണിസ്റ്റ് പാര്‍ടിയുടെ സംഘടനാ സംവിധാനവും സമ്പ്രദായങ്ങളും മറ്റ് രാഷ്ട്രീയകക്ഷികളില്‍നിന്ന് തികച്ചും വ്യത്യസ്തമാണ്. നിലവിലുള്ള സമൂഹത്തെ വിപ്ലവകരമായി പരിവര്‍ത്തനംചെയ്ത് കൂടുതല്‍ പുരോഗമനപരമായ പുതിയ സമൂഹത്തെ കെട്ടിപ്പടുക്കുകയാണ് പാര്‍ടിയുടെ ലക്ഷ്യം. ഒരു സാധാരണ സംഘടനയ്ക്ക് സങ്കീര്‍ണമായ ഈ കടമകള്‍ നിര്‍വഹിക്കാന്‍ ആകില്ല. നിലവിലുള്ള സാമൂഹ്യവ്യവസ്ഥയ്ക്കെതിരെ സാമ്പത്തിക-രാഷ്ട്രീയ-പ്രത്യയശാസ്ത്ര മേഖലകളില്‍ വര്‍ഗസമരം തീക്ഷ്ണമാക്കിയും വ്യാപിപ്പിച്ചും ചൂഷകവര്‍ഗങ്ങളെ ഒറ്റപ്പെടുത്തി ചൂഷിത ജനവിഭാഗങ്ങളെ ഒരുമിപ്പിച്ച് അണിനിരത്തി നടത്തുന്ന മുന്നേറ്റങ്ങളിലൂടെയാണ് സാമൂഹ്യവിപ്ലവം വിജയകരമായി നിര്‍വഹിക്കപ്പെടുന്നത്. സ്വയംവരിച്ച അച്ചടക്കത്തോട് കൂടിയ ഉരുക്കുപോലെ ഉറച്ച ഒരു പാര്‍ടിക്ക് മാത്രമേ അതിശക്തരായ ശത്രുവര്‍ഗങ്ങളുടെ കുത്തിത്തിരിപ്പുകളെയും ഉപജാപങ്ങളെയും കടന്നാക്രമണങ്ങളെയും ചെറുത്തും തോല്‍പ്പിച്ചും മുന്നേറാനാവൂ.

    കമ്യൂണിസ്റ്റ് പാര്‍ടിക്ക് സംഘടനാപരമായ കെട്ടുറപ്പ് സര്‍വപ്രധാനമാണ്. സര്‍വശക്തിയും സമാഹരിച്ചുനില്‍ക്കുന്ന ശത്രുവര്‍ഗങ്ങളെ പരാജയപ്പെടുത്താന്‍ തൊഴിലാളിവര്‍ഗത്തിന്റെ മുന്നണിപ്പടയാണ് കമ്യൂണിസ്റ്റ് പാര്‍ടി. സംഘടനാ പ്രത്യേകതകള്‍ പാര്‍ടി അംഗങ്ങളെയാകെ പഠിപ്പിച്ച്, പരിശീലിപ്പിച്ച് ഉറപ്പിക്കുന്നില്ലെങ്കില്‍ കമ്യൂണിസ്റ്റ് പാര്‍ടി അതിന്റെ വിപ്ലവകരമായ കാഴ്ചപ്പാടും കെട്ടുറപ്പും നഷ്ടപ്പെട്ട് മറ്റേതെങ്കിലും ബൂര്‍ഷ്വ-പെറ്റി ബൂര്‍ഷ്വാ പാര്‍ടികളുടെ നിലവാരത്തിലേക്ക് അധഃപതിക്കും. കമ്യൂണിസ്റ്റ് പാര്‍ടിയുടെ വിപ്ലവകരമായ കാഴ്ചപ്പാടും കെട്ടുറപ്പും നിലനിര്‍ത്താന്‍ നിരന്തരമായ ജാഗ്രത പുലര്‍ത്തുകയും ഉറച്ച നിലപാട് സ്വീകരിക്കുകയും വേണം. ഏതാണ്ട് ഒരു ലക്ഷത്തോളം പാര്‍ടി ബ്രാഞ്ചുകളില്‍ കുറെയെണ്ണം സജീവമായി പ്രവര്‍ത്തിക്കാത്തവയാണ്. പാര്‍ടിയുടെ സംഘടനാസ്ഥിതിയുടെ നിലവാരമനുസരിച്ച് ഓരോ പ്രദേശത്തും പ്രവര്‍ത്തനക്ഷമമല്ലാത്ത ബ്രാഞ്ചുകളുടെ എണ്ണം ഏറിയും കുറഞ്ഞുമിരിക്കും. ബ്രാഞ്ച് സെക്രട്ടറിമാരുടെ രാഷ്ട്രീയ-സംഘടനാ നിലവാരത്തിലെ ദൗര്‍ബല്യങ്ങളും ലോക്കല്‍ കമ്മിറ്റികള്‍, ഏരിയാ കമ്മിറ്റികള്‍, ജില്ലാ കമ്മിറ്റികള്‍ എന്നിവകളുടെ പോരായ്മകളുമാണ് ബ്രാഞ്ചുകളുടെ നിര്‍ജീവാവസ്ഥയ്ക്ക് കാരണം. പടിപടിയായി ബ്രാഞ്ചുകളെ സജീവമാക്കാനുള്ള പദ്ധതി ജില്ലാ കമ്മിറ്റികള്‍ തയ്യാറാക്കി നടപ്പാക്കണം. ബ്രാഞ്ചുകള്‍ സജീവമാകുന്നതോടെ പാര്‍ടി അംഗങ്ങളും ബഹുജന മുന്നണികളും സജീവമാകും. പാര്‍ടിക്ക് വളര്‍ച്ച നേടാനും ശക്തിപ്പെടാനും കഴിയും.

    മറുപടിഇല്ലാതാക്കൂ