2012, ഏപ്രിൽ 15, ഞായറാഴ്‌ച

ചില പ്രത്യയശാസ്ത്ര പ്രശ്നങ്ങള്‍


 
 
എസ് രാമചന്ദ്രന്‍പിള്ള
Posted on: 15-Apr-2012 09:24 PM
ഇരുപതാം പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ച മറ്റൊരു പ്രധാന രേഖ ചില പ്രത്യയശാസ്ത്ര പ്രശ്നങ്ങളെപ്പറ്റി എന്ന പ്രമേയമാണ്. ഇന്നത്തെ ലോക സംഭവവികാസങ്ങളുടെ അന്തഃസത്ത എന്തെന്ന് വിലയിരുത്താനാണ് പ്രത്യയശാസ്ത്ര പ്രമേയം ശ്രമിക്കുന്നത്. സാമ്രാജ്യത്വ ആഗോളവല്‍ക്കരണം മാനവരാശിയുടെമേല്‍ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത തോതില്‍ ദുരിതങ്ങള്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നു. സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിനെതിരെ ലോകത്താകെ പല സ്വഭാവത്തിലുള്ള ചെറുത്തുനില്‍പ്പ് സമരങ്ങള്‍ വളര്‍ന്നുവരുന്നുണ്ട്.

ലാറ്റിനമേരിക്കയില്‍ ഇത്തരം സമരങ്ങള്‍ പുരോഗമന സ്വഭാവമുള്ള സര്‍ക്കാരുകളെ അധികാരത്തില്‍ കൊണ്ടുവന്നു. വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ സമരം, ജനങ്ങളുടെ ഉപജീവനത്തിനു വേണ്ടി നടക്കുന്ന സമരങ്ങള്‍ എന്നിവയെല്ലാം സാമ്രാജ്യത്വ നവ-ഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ക്കെതിരെ വളര്‍ന്നുവരുന്ന സമരങ്ങളാണ്. ഈ സമരങ്ങളെ മൂലധനവാഴ്ചയ്ക്കെതിരായ സമരമായി ഉയര്‍ത്തിക്കൊണ്ടുവരണമെങ്കില്‍ പല വെല്ലുവിളികളെയും മറികടക്കേണ്ടതുണ്ട്. തൊഴിലാളിവര്‍ഗ നേതൃത്വത്തില്‍ വര്‍ഗസമരം തീക്ഷ്ണമാകുന്നതിനെ ആശ്രയിച്ചാണ് ഈ സമരങ്ങളുടെ വിജയം സ്ഥിതിചെയ്യുന്നത്.

തൊഴിലാളിവര്‍ഗ നേതൃത്വത്തില്‍ എല്ലാ ചൂഷിതവര്‍ഗങ്ങളുടെയും ഐക്യം ശക്തിപ്പെടുത്തുകയും വേണം. വിപ്ലവസമരത്തിന്റെ ആത്മനിഷ്ഠ ഘടകം ശക്തിയും കെട്ടുറപ്പും കൈവരിക്കുമ്പോഴാണ് വിജയം നേടാനാകുക. സംഭവവികാസങ്ങള്‍ അതിവേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ലോക പരിതഃസ്ഥിതിയില്‍ മാനവമോചനത്തിനുള്ള വര്‍ഗസമരങ്ങളെ ശക്തിപ്പെടുത്തുന്നതിന് മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് അടിസ്ഥാനത്തില്‍ പ്രത്യയശാസ്ത്ര വിഷയങ്ങളെ പ്രമേയം അപഗ്രഥിക്കുന്നു. നവ ഉദാരവല്‍ക്കരണത്തിന്റെയും ആഗോളവല്‍ക്കരണത്തിന്റെയും പ്രത്യേകതകള്‍, അതിന്റെ നിലനില്‍പ്പില്ലായ്മ, പ്രതിസന്ധികള്‍ എന്നിവയെപ്പറ്റിയും പരിവര്‍ത്തനം എങ്ങനെ സാധ്യമാക്കാമെന്നതിനെ കുറിച്ചും പ്രത്യയശാസ്ത്ര പ്രമേയം പരിശോധിക്കുന്നു. സോഷ്യലിസ്റ്റ് രാജ്യങ്ങളിലെയും ചില വികസ്വര രാജ്യങ്ങളിലെയും സംഭവവികാസങ്ങളെ വിശകലനം ചെയ്ത് പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്നു. ഇന്ത്യയുടെ പരിതഃസ്ഥിതികളില്‍ സോഷ്യലിസം എങ്ങനെ കെട്ടിപ്പടുക്കാമെന്നതിന്റെ രൂപരേഖ വരച്ചുകാട്ടുന്നു. ഇതോടൊപ്പം മുഖ്യ മാര്‍ക്സിസ്റ്റ് വിരുദ്ധ പിന്തിരിപ്പന്‍ പ്രത്യയശാസ്ത്ര വെല്ലുവിളികള്‍ ഏതെല്ലാമാണെന്നും വിപ്ലവപ്രസ്ഥാനം ശ്രദ്ധിക്കേണ്ട ഇന്ത്യയിലെ ചില സമൂര്‍ത്ത വിഷയങ്ങളെപ്പറ്റിയും പരിശോധിക്കുന്നു.

പ്രത്യയശാസ്ത്രരേഖയില്‍ പരാമര്‍ശിച്ച വിഷയമെല്ലാം ഒരു ലേഖനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനാകില്ല. പ്രധാനപ്പെട്ട വിഷയങ്ങളില്‍ ചിലതിനെ മാത്രം ചുരുക്കത്തില്‍ സൂചിപ്പിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. ആഗോളവല്‍ക്കരണമെന്നത് മുതലാളിത്തത്തിന്റെ സാമ്രാജ്യത്വ ഘട്ടത്തിലെ ഒരു പ്രത്യേക ദശയാണ്. നിലവിലുള്ള പലവിധ സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തി മൂലധനത്തിന്റെ വന്‍തോതിലുള്ള സഞ്ചയവും കേന്ദ്രീകരണവും നടക്കുന്നു. വര്‍ധിച്ച ധനമൂലധനം അന്തര്‍ദേശീയ ധനമൂലധനത്തിന്റെ സ്വഭാവം ആര്‍ജിക്കുന്നു. പരമാവധി ലാഭം കൈവരിക്കലാണ് മൂലധനത്തിന്റെ സഹജസ്വഭാവം. ലാഭം നേടാന്‍ രാജ്യാതിര്‍ത്തികള്‍ ഭേദിച്ച് ലോകമാകെ ഒഴുകിനടക്കാന്‍ അന്തര്‍ദേശീയ ധനമൂലധനം അതിന്റെ ഒഴുക്കിനെതിരെയുള്ള എല്ലാ പ്രതിബന്ധങ്ങളെയും തകര്‍ക്കുന്നു. ഇങ്ങനെ അന്തര്‍ദേശീയ ധനമൂലധനത്തിന്റെ ഒഴുക്കിന് സഹായകമായി ലോകത്തെ പുനര്‍ക്രമീകരിക്കുന്നതിനെയാണ് നവ ഉദാരവല്‍ക്കരണമെന്ന് വിശേഷിപ്പിക്കുന്നത്.

ചരക്കുകള്‍ക്കും മൂലധനത്തിനും രാജ്യാതിര്‍ത്തികള്‍ മുറിച്ചുകടക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുകയാണ് പുനര്‍ക്രമീകരണത്തില്‍ മുഖ്യമായും സംഭവിക്കുന്നത്. അന്തര്‍ദേശീയ ധനമൂലധനത്തിന് അളവറ്റ പണലഭ്യതയുണ്ടാക്കാന്‍, മൊത്തം ചോദനിലവാരം താഴ്ത്തുന്നതിന് ഇടയാക്കുന്ന ധനപരമായ അച്ചടക്കം അടിച്ചേല്‍പ്പിച്ച് സര്‍ക്കാര്‍ ചെലവുകള്‍ കുറയ്ക്കുന്നു. വികസ്വരരാജ്യങ്ങളിലെ കര്‍ഷകജനതയ്ക്കെതിരായി വ്യാപാരവ്യവസ്ഥകളില്‍ മാറ്റംവരുത്തുന്നതും പൊതുമേഖലയും പൊതുസേവനങ്ങളും സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുക്കുന്നതും മൂലധന സഞ്ചയത്തിനുള്ള മറ്റു മാര്‍ഗങ്ങളാണ്. മൂലധനസഞ്ചയത്തിന്റെ ചരിത്രത്തിലുടനീളം ഉല്‍പ്പാദനപ്രക്രിയയുടെ വികാസത്തിലൂടെ നടക്കുന്ന മൂലധന വിപുലീകരണവും (കൈവശപ്പെടുത്തലും) ബലപ്രയോഗത്തിലൂടെ നടക്കുന്ന തനി കൊള്ളയടിക്കലും (ബലപ്രയോഗത്തോടെയുള്ള പിടിച്ചെടുക്കല്‍) സംഭവിക്കുന്നു. മൂലധനത്തിന്റെ ആദിമസഞ്ചയമെന്ന നിലയിലാണ് മാര്‍ക്സ് ബലപ്രയോഗത്തിലൂടെയുള്ള പിടിച്ചെടുക്കലിനെ നിര്‍വചിച്ചത്.

മൂലധനസഞ്ചയത്തിന്റെ രണ്ടു പ്രക്രിയയും ഒരുപോലെ സമാന്തരമായി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ കൈവശപ്പെടുത്തലിലൂടെയുള്ള മൂലധനസഞ്ചയമെന്ന മുതലാളിത്തത്തിന്റെ സ്വാഭാവിക പ്രക്രിയയില്‍ നിന്ന് വ്യത്യസ്തമായി ബലംപ്രയോഗിച്ചുള്ള പിടിച്ചെടുക്കലിലൂടെയുള്ള മൂലധനസഞ്ചയം സമകാലീന സാമ്രാജ്യത്വത്തിന്റെ അതിപ്രധാന സവിശേഷതയായി മാറിയിരിക്കുന്നുവെന്ന് പ്രത്യയശാസ്ത്രരേഖ വിലയിരുത്തുന്നു. നവ ഉദാരവല്‍ക്കരണം നിലനില്‍പ്പില്ലാത്തതാണെന്ന് രേഖ ചൂണ്ടിക്കാട്ടുന്നു.

മുതലാളിത്തത്തിന് ഒരിക്കലും ചൂഷണരഹിതമോ പ്രതിസന്ധിരഹിതമോ ആയ വ്യവസ്ഥയാകാനാകില്ല. ഉല്‍പ്പാദനത്തിന്റെ സാമൂഹ്യസ്വഭാവവും കൈവശപ്പെടുത്തലിന്റെ വ്യക്തിഗതസ്വഭാവവും തമ്മിലുള്ള മുതലാളിത്ത വ്യവസ്ഥയിലെ അടിസ്ഥാന വൈരുധ്യത്തില്‍ നിന്നാണ് ഈ സവിശേഷതകള്‍ ഉദിക്കുന്നത്. മുതലാളിത്തത്തിന് മാനുഷികമുഖം കൊടുക്കാനാകുമെന്ന സോഷ്യല്‍ ഡെമോക്രസിയുടെ നിലപാടുകള്‍ക്കും ഒരടിസ്ഥാനവുമില്ല. ആഗോളവല്‍ക്കരണകാലത്ത് രണ്ട് മുഖ്യപ്രവണത പ്രകടമാണ്. ഓരോ രാജ്യത്തിനകത്തും ധനികരും ദരിദ്രരും തമ്മിലും, വികസിതരാജ്യങ്ങളും വികസ്വരരാജ്യങ്ങളും തമ്മിലുമുള്ള സാമ്പത്തിക അസമത്വം വര്‍ധിക്കുന്നതാണ് ഒന്ന്. രണ്ടാമത്തേത്, തൊഴിലില്ലാത്ത വളര്‍ച്ച എന്ന പ്രതിഭാസമാണ്. ഈ രണ്ടു പ്രത്യേകതയും കാരണം ലോക ജനസംഖ്യയിലെ മഹാഭൂരിപക്ഷത്തിന്റെയും വാങ്ങല്‍ കഴിവ് ഇടിഞ്ഞുകൊണ്ടിരിക്കുന്നു. ഉല്‍പ്പാദിപ്പിക്കപ്പെട്ടവ വില്‍ക്കപ്പെടാതിരിക്കുമ്പോള്‍ മിച്ചമൂല്യം ലാഭമാക്കി മാറ്റാനാകാതെ വരുന്നു. മുതലാളിത്തം പ്രതിസന്ധിയിലേക്ക് തലകുത്തിവീഴുന്നു. ഇന്നത്തെ ആഗോളവല്‍ക്കരണ കാലത്ത് ഇത്തരം പ്രതിസന്ധികള്‍ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കും.

മുതലാളിത്തത്തെ ബാധിച്ച പ്രതിസന്ധി എത്രതന്നെ മൂര്‍ഛിച്ചതാണെങ്കിലും മുതലാളിത്തം ഒരിക്കലും താനേ തകരുകയില്ല. ശക്തിയായ രാഷ്ട്രീയബദലിന്റെ അഭാവം കാരണം മുതലാളിത്തം പ്രതിസന്ധിയില്‍ നിന്നു രക്ഷപ്പെടാം. എന്നാല്‍, അത് സംഭവിക്കുന്നത് ചൂഷണം കൂടുതല്‍ വര്‍ധിപ്പിച്ചും ആദിമ മൂലധനസഞ്ചയം വികസിപ്പിക്കുന്ന പ്രക്രിയയിലൂടെയുമായിരിക്കും. യഥാര്‍ഥത്തില്‍ മുതലാളിത്തത്തെ തന്നെ കടപുഴക്കി എറിയുകയാണ് വേണ്ടത്. തൊഴിലാളിവര്‍ഗനേതൃത്വത്തില്‍ മറ്റു സാമൂഹ്യശക്തികളെക്കൂടി അണിനിരത്തി സാമൂഹ്യമാറ്റം കൈവരിക്കാനുള്ള ഭൗതികശക്തിയെ വളര്‍ത്തിയെടുക്കണം. വര്‍ഗസമരം തീക്ഷ്ണമാക്കുന്നതിലൂടെ മാത്രമേ ഇത് നേടാനാകൂ. മൂര്‍ത്തമായ പരിതഃസ്ഥിതി വിപ്ലവമുന്നേറ്റത്തിന് എത്രതന്നെ അനുകൂലമാണെങ്കിലും ഈ ആത്മനിഷ്ഠ ഘടകം ശക്തിപ്പെടുത്താതെ മൂലധനവാഴ്ച അവസാനിപ്പിക്കാനാകില്ല. ഓരോ രാജ്യത്തെയും ആത്മനിഷ്ഠ ഘടകം ശക്തിപ്പെടുത്തുന്നതിന് മൂര്‍ത്ത സാഹചര്യങ്ങളെ വിലയിരുത്തി നിരവധി ഇടക്കാല മുദ്രാവാക്യങ്ങളും നടപടികളും അടവുകളും കൈക്കൊള്ളേണ്ടിവരും.

1 അഭിപ്രായം:

  1. മുതലാളിത്തത്തിന് ഒരിക്കലും ചൂഷണരഹിതമോ പ്രതിസന്ധിരഹിതമോ ആയ വ്യവസ്ഥയാകാനാകില്ല. ഉല്‍പ്പാദനത്തിന്റെ സാമൂഹ്യസ്വഭാവവും കൈവശപ്പെടുത്തലിന്റെ വ്യക്തിഗതസ്വഭാവവും തമ്മിലുള്ള മുതലാളിത്ത വ്യവസ്ഥയിലെ അടിസ്ഥാന വൈരുധ്യത്തില്‍ നിന്നാണ് ഈ സവിശേഷതകള്‍ ഉദിക്കുന്നത്. മുതലാളിത്തത്തിന് മാനുഷികമുഖം കൊടുക്കാനാകുമെന്ന സോഷ്യല്‍ ഡെമോക്രസിയുടെ നിലപാടുകള്‍ക്കും ഒരടിസ്ഥാനവുമില്ല. ആഗോളവല്‍ക്കരണകാലത്ത് രണ്ട് മുഖ്യപ്രവണത പ്രകടമാണ്. ഓരോ രാജ്യത്തിനകത്തും ധനികരും ദരിദ്രരും തമ്മിലും, വികസിതരാജ്യങ്ങളും വികസ്വരരാജ്യങ്ങളും തമ്മിലുമുള്ള സാമ്പത്തിക അസമത്വം വര്‍ധിക്കുന്നതാണ് ഒന്ന്. രണ്ടാമത്തേത്, തൊഴിലില്ലാത്ത വളര്‍ച്ച എന്ന പ്രതിഭാസമാണ്. ഈ രണ്ടു പ്രത്യേകതയും കാരണം ലോക ജനസംഖ്യയിലെ മഹാഭൂരിപക്ഷത്തിന്റെയും വാങ്ങല്‍ കഴിവ് ഇടിഞ്ഞുകൊണ്ടിരിക്കുന്നു. ഉല്‍പ്പാദിപ്പിക്കപ്പെട്ടവ വില്‍ക്കപ്പെടാതിരിക്കുമ്പോള്‍ മിച്ചമൂല്യം ലാഭമാക്കി മാറ്റാനാകാതെ വരുന്നു. മുതലാളിത്തം പ്രതിസന്ധിയിലേക്ക് തലകുത്തിവീഴുന്നു. ഇന്നത്തെ ആഗോളവല്‍ക്കരണ കാലത്ത് ഇത്തരം പ്രതിസന്ധികള്‍ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കും.

    മറുപടിഇല്ലാതാക്കൂ