2012, ഫെബ്രുവരി 29, ബുധനാഴ്‌ച

പണിമുടക്കിയവരും മുടക്കാത്തവരും

പി എം മനോജ്
Posted on: 01-Mar-2012 05:25 AM
ലോകത്ത് ഇന്നുവരെ ഇത്രയധികം തൊഴിലാളികള്‍ ഒരുമിച്ച് ഇങ്ങനെയൊരു പണിമുടക്കില്‍ അണിചേര്‍ന്നിട്ടില്ല. പത്തുകോടിയിലധികം തൊഴിലാളികളും ജീവനക്കാരുമാണ് പലനിറത്തിലുള്ള കൊടികളുമായി ചൊവ്വാഴ്ചത്തെ പൊതുപണിമുടക്കില്‍ പങ്കെടുത്തത്. പത്ത് മുദ്രാവാക്യങ്ങളുയര്‍ത്തി 11 ട്രേഡ്യൂണിയനുകളുടെ സംയുക്ത സമിതി നേതൃത്വം നല്‍കിയ പണിമുടക്കിന് രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളുടെ വൈകാരികമായ പ്രാതിനിധ്യമുണ്ട്. ഇന്ത്യയില്‍ ഇന്നലെ ഉണ്ടായ ഏറ്റവും വലിയ സംഭവമേത് എന്ന ചോദ്യത്തിനുമാത്രമല്ല, ലോകത്ത് ഈ വര്‍ഷം ഉണ്ടായ ഏറ്റവും വലിയ സംഭവമേത് എന്ന ചോദ്യത്തിനും ഉത്തരം ഈ പണിമുടക്ക് എന്നുതന്നെയാണ്. വോയ്സ് ഓഫ് അമേരിക്കയുടെ വാര്‍ത്ത "ഇന്ത്യയിലെ ദേശവ്യാപക പണിമുടക്ക് സാമ്പത്തികനയങ്ങളെ ലക്ഷ്യം വെക്കുന്നു" എന്നാണ്. "തൊഴിലാളിവിരുദ്ധ" നയങ്ങളില്‍ പ്രതിഷേധിച്ച് നടത്തിയ ദേശവ്യാപക പണിമുടക്കില്‍ ഇന്ത്യയിലെ മൂന്നു സുപ്രധാന സാമ്പത്തികമേഖല സ്തംഭിച്ചു.

തൊഴിലാളികളും ജീവനക്കാരും വീട്ടിലിരുന്നതിനാല്‍ ഗതാഗത, സാമ്പത്തിക, പോസ്റ്റല്‍ സര്‍വീസുകള്‍ രാജ്യത്തിന്റെ പലഭാഗങ്ങളിലും തടസ്സപ്പെട്ടു. മന്‍മോഹന്‍സിങ്ങിന്റെ, കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാരിന് തിരിച്ചടിയാണ് ഈ പണിമുടക്കെന്നും പ്രധാനമന്ത്രിയുടെയും മറ്റധികാരികളുടെയും നിരന്തര അഭ്യര്‍ഥന തള്ളിയാണ് തൊഴിലാളികള്‍ പണിമുടക്കിയതെന്നും വാര്‍ത്തയില്‍ വിശദീകരിക്കുന്നു. സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ ആദ്യമായാണ് എല്ലാ ട്രേഡ്യൂണിയനുകളും യോജിച്ച് പണിമുടക്കുന്നതെന്നും രാഷ്ട്രീയമായി അടിച്ചമര്‍ത്തപ്പെടുന്നവരുടെ ഐക്യം ഒരുപരിധിവരെ ഇതിലൂടെ സാധിതമായെന്നും ഐഎന്‍ടിയുസി പ്രസിഡന്റ് ജി സഞ്ജീവ റെഡ്ഡി പറഞ്ഞതായും വോയ്സ് ഓഫ് അമേരിക്ക റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്ലൂംബെര്‍ഗ് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ , ദശലക്ഷക്കണക്കിന് ഇന്ത്യന്‍ തൊഴിലാളികള്‍ നടത്തിയ പണിമുടക്കില്‍ ബാങ്കുകള്‍ അടഞ്ഞുകിടന്നതിനെക്കുറിച്ചും പൊതുഗതാഗതം സ്തംഭിച്ചതിനെക്കുറിച്ചുമാണ് പറയുന്നത്. സാമ്രാജ്യത്വാനുകൂല വാര്‍ത്താ ഏജന്‍സികള്‍ക്ക് കാര്യം പിടികിട്ടി. പൊതുപണിമുടക്ക് ഇന്ത്യയിലെ ഏറ്റവും പ്രധാന വാര്‍ത്തയായിത്തന്നെ അവര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടിവന്നു. അതേസമയം, നമുക്ക് ചുറ്റുമുള്ള മാധ്യമങ്ങള്‍ എങ്ങനെ ഈ തൊഴിലാളിമുന്നേറ്റത്തെ കണ്ടു എന്ന് നോക്കുക. മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള പത്രമെന്ന് പറയാറുള്ള മലയാളമനോരമയുടെ ഒന്നാംപുറത്ത് പണിമുടക്ക് വാര്‍ത്തകളേയില്ല. അകംപേജില്‍ അവര്‍ നല്‍കിയിരിക്കുന്ന വാര്‍ത്തയുടെ തലക്കെട്ട് "അഖിലേന്ത്യാ പണിമുടക്ക് ഭാഗികം" എന്നാണ്. മറ്റൊരു പ്രമുഖ പത്രം "ജനങ്ങള്‍ വലഞ്ഞു" എന്നാണ് പണിമുടക്ക് വാര്‍ത്തയ്ക്കു നല്‍കിയ പ്രധാന ശീര്‍ഷകം.

ആരാണ് ഈ ജനങ്ങള്‍ ? രാജ്യത്തെ 11 ട്രേഡ്യൂണിയനുകളിലും തൊഴിലാളികളുടെയും ജീവനക്കാരുടെയും കേന്ദ്ര ഫെഡറേഷനുകളിലും അണിനിരന്ന ജനവിഭാഗങ്ങള്‍ ഈ വലയുന്ന ജനങ്ങളില്‍നിന്ന് എങ്ങനെ വേറിട്ട് നില്‍ക്കുന്നു? മനോരമതന്നെ അകത്തെ പേജില്‍ മറ്റൊരു സചിത്ര വാര്‍ത്ത കൊടുത്തിട്ടുണ്ട്. "പണി പാര്‍ടി കോണ്‍ഗ്രസിനെങ്കില്‍ പണിമുടക്കു ബാധകമല്ല" എന്ന്. ഇടത് യൂണിയനുകളടക്കമുള്ള സംയുക്ത ട്രേഡ് യൂണിയന്‍ പണിമുടക്കില്‍ സംസ്ഥാനം ഏതാണ്ട് പൂര്‍ണമായി നിശ്ചലമായപ്പോള്‍ സിപിഎം പാര്‍ടി കോണ്‍ഗ്രസിനായി ഒരുങ്ങുന്ന രണ്ടുവേദിയില്‍ തൊഴിലാളികള്‍ക്ക് പണിയോടുപണി എന്ന് വാര്‍ത്ത തുടരുന്നു. മാര്‍ച്ച് അഞ്ചിന് ആരംഭിക്കുന്ന ചരിത്രപ്രദര്‍ശനത്തിന്റെ പന്തല്‍ പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തകരുടെ ശ്രമത്തെയാണ് പണിമുടക്കിന്റെ ശോഭകെടുത്താനുള്ള മഹാസംഭവമായി മനോരമ അവതരിപ്പിച്ചത്. മുമ്പ് സിപിഐ എം സംസ്ഥാന സമ്മേളനം പാലക്കാട്ട് നടന്നപ്പോള്‍ , ആ സമ്മേളനത്തിലേക്ക് (പങ്കെടുത്ത പ്രതിനിധികളുടെ എണ്ണം അറുനൂറില്‍താഴെ) മീന്‍ വാങ്ങിയതുകൊണ്ട് പാലക്കാട് മാര്‍ക്കറ്റില്‍ മത്സ്യക്ഷാമം എന്ന് വാര്‍ത്ത കൊടുക്കാന്‍ ഒരുപത്രം സാഹസികത കാട്ടിയിരുന്നു. അതിലും വലിയ സാഹസികതയാണ് മലയാള മനോരമയുടേത്. പാര്‍ടി കോണ്‍ഗ്രസിനുവേണ്ടി വേദിയൊരുക്കുന്നതിലെ അസഹനീയത അവര്‍ പരിഹാസവാര്‍ത്തയിലൂടെ പ്രകടിപ്പിച്ചു. ഇന്ദിരഗാന്ധി വധത്തിനുശേഷം ഭ്രാന്തുപിടിച്ച കോണ്‍ഗ്രസുകാര്‍ സിഖ് സഹോദരങ്ങളെ കൂട്ടക്കൊലചെയ്തു. അന്നതിനെ കോണ്‍ഗ്രസ് പ്രസിഡന്റ് ലാഘവത്തോടെ വിശേഷിപ്പിച്ചത്, വന്‍മരം വീഴുമ്പോഴുണ്ടാകുന്ന സ്വാഭാവിക പ്രത്യാഘാതമായാണ്. മനുഷ്യമനഃസാക്ഷിയെ നടുക്കിയ കൂട്ടക്കുരുതിയെ പരസ്യമായി ന്യായീകരിച്ചപ്പോള്‍ അതിലെ അനൗചിത്യം ചൂണ്ടിക്കാണിക്കാന്‍പോലും നട്ടെല്ലുനിവര്‍ത്താതെ, സ്തുതിഗീതമാലപിച്ച മാധ്യമങ്ങള്‍ ഇന്നാട്ടിലുണ്ട്. അവര്‍ക്ക് രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യത്തേതെന്ന് നിസ്സംശയം പറയാവുന്ന തൊഴിലാളിമുന്നേറ്റത്തെ തുറന്നകണ്ണോടെ കാണാനാകുന്നില്ല. കോണ്‍ഗ്രസിന്റെ മൂവര്‍ണക്കൊടി കൈയിലേന്തിയ ലക്ഷക്കണക്കിനു തൊഴിലാളികള്‍ ചെങ്കൊടിയേന്തിയവര്‍ക്കൊപ്പം; കാവിക്കൊടിയേന്തിയവര്‍ക്കൊപ്പം അണിനിരന്ന മഹാസമരമാണിത്. ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി തൊഴിലാളികള്‍ ഭിന്നതകള്‍ മറന്ന് ഒറ്റശരീരമായി മാറിയ സുവര്‍ണമുഹൂര്‍ത്തം. ആ അത്യുജ്വല ചരിത്രസന്ദര്‍ഭത്തെ മലിനപ്പെടുത്താന്‍ തമ്പാനൂരില്‍നിന്ന് സെക്രട്ടറിയറ്റുവരെ നടന്നുപോകേണ്ടിവന്നതിന്റെ "ദുരിത"ത്തെക്കുറിച്ചുള്ള വര്‍ണനകള്‍ മാധ്യമങ്ങള്‍ അവതരിപ്പിക്കുകയാണ്. പണിമുടക്കല്ല മനോരമ കണ്ടത്- അക്രമമാണ്. ലക്ഷക്കണക്കിനു തൊഴിലാളികള്‍ പല നിറങ്ങളിലുള്ള കൊടികളേന്തി പണിമുടക്കി തെരുവിലിറങ്ങി മുഴക്കിയത് ഇന്നാട്ടിലെ സാധാരണക്കാരായ ഓരോരുത്തര്‍ക്കുംവേണ്ടിയുള്ള മുദ്രാവാക്യങ്ങളാണ്. ആ മുദ്രാവാക്യത്തെക്കുറിച്ച് എഴുതാതെ, "പന്നി കിണറ്റില്‍വീണ" വാര്‍ത്തയ്ക്കുപോലും അമിത പ്രാധാന്യം നല്‍കുമ്പോള്‍ മാധ്യമപ്രവര്‍ത്തനം എന്ന പ്രയോഗത്തിന്റെ ഏറ്റവും മോശപ്പെട്ട അര്‍ഥംപോലും ചോര്‍ന്നുപോകുന്നു. അന്നന്ന് ഓട്ടോ ഓടിച്ചുകിട്ടുന്ന പണംകൊണ്ട് വീട്ടിലേക്ക് അരിവാങ്ങുന്നവരാണ് മഹാഭൂരിപക്ഷം ഓട്ടോ ഡ്രൈവര്‍മാരും. കയറുപിരിക്കുന്നവരും തൊണ്ട് തല്ലുന്നവരും ബീഡിതെറുക്കുന്നവരും ടാക്സി ഓടിക്കുന്നവരും നെയ്ത്തുകാരും കശുവണ്ടിത്തൊഴിലാളികളുമെല്ലാം പണിമുടക്കിയിട്ടുണ്ട്. അവര്‍ക്ക് ഒരുദിവസത്തെ വേതനം നഷ്ടപ്പെടുകയെന്നാല്‍ അന്ന് അടുപ്പില്‍ തീ പുകയാതിരിക്കുക എന്നാണര്‍ഥം. ആ ത്യാഗത്തിന് അവര്‍ തയ്യാറാകുന്നത് പിറ്റേന്ന് കൂലിക്കൂടുതല്‍ കിട്ടും എന്ന് കരുതിയിട്ടല്ല. ജി സഞ്ജീവ റെഡ്ഡി ഇന്ത്യയിലെ മുന്‍നിര ട്രേഡ് യൂണിയന്‍ നേതാവുമാത്രമല്ല, ഇന്ത്യന്‍ നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനും ഇന്ത്യന്‍ നാഷണല്‍കോണ്‍ഗ്രസിന്റെ പ്രതിനിധിയായ പാര്‍ലമെന്റ് അംഗവുമാണ്. കോണ്‍ഗ്രസിനുവേണ്ടി അഹോരാത്രം പാടുപെടുന്ന മാധ്യമങ്ങള്‍ ആ നേതാവിന്റെ വാക്കുകള്‍ തമസ്കരിക്കുന്നുണ്ടെങ്കില്‍ അതിനു പിന്നിലെ താല്‍പ്പര്യങ്ങള്‍ ചികഞ്ഞുനോക്കേണ്ടതുതന്നെയാണ്.

കോണ്‍ഗ്രസിനെയും അതിന്റെ നയങ്ങളെയും സഹായിക്കുന്നവര്‍ പരസ്യമായിത്തന്നെ കോണ്‍ഗ്രസിലെ തൊഴിലാളികളുടെ പ്രശ്നങ്ങളെ ഇകഴ്ത്തിക്കാട്ടുകയും അവഗണിക്കുകയും ചെയ്യുന്നു എന്നത് ഈ പണിമുടക്ക് റിപ്പോര്‍ട്ടിങ്ങില്‍ കൂടുതല്‍ വ്യക്തമാക്കപ്പെടുകയാണ്. താല്‍പ്പര്യം കൊടിയുടേതല്ല; വര്‍ഗത്തിന്റേതാണ്. ദില്ലിയിലെ രാംലീലാ മൈതാനിയില്‍ ബാബാ രാംദേവ് നൃത്തസത്യഗ്രഹം നടക്കുന്നിടത്ത് ആളെ എത്തിച്ചാല്‍ രാഷ്ട്രീയമായ അപകടമില്ലെന്ന് മനോരമയ്ക്കറിയാം. അതേസമയം, തൊഴിലാളികള്‍ പൊതുപ്രശ്നങ്ങളുയര്‍ത്തി യോജിച്ചുനില്‍ക്കുമ്പോള്‍ ബൂര്‍ഷ്വാരാഷ്ട്രീയത്തിനുണ്ടാകുന്ന വെല്ലുവിളിയുടെ ഗൗരവവും അവര്‍ക്കറിയാം. രാംദേവും ആള്‍ദൈവ വ്യവസായവും പ്രകീര്‍ത്തിക്കപ്പെടുമ്പോള്‍ സഞ്ജീവറെഡ്ഡി തമസ്കരിക്കപ്പെടുന്നതിന്റെ പൊരുള്‍ അവിടെയാണ്. പടിഞ്ഞാറന്‍ ബംഗാളില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പോടെ ഇടതുപക്ഷം നിലംപരിശായെന്ന് പ്രചരിപ്പിച്ചവരും അങ്ങനെ വിശ്വസിച്ചവരുമുണ്ട്്. ബംഗാളില്‍ പണിമുടക്കിനെപ്പറ്റി മനോരമ എഴുതുന്നു: "ബംഗാളിലും പണിമുടക്ക് ഭാഗികമായിരുന്നു. പണിമുടക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും "സര്‍വീസ്ബ്രേക്ക് ആകുമെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന സെക്രട്ടറിയറ്റില്‍ ഇന്നലെ 65 ശതമാനംപേരും ജോലിക്കെത്തി. റയില്‍ , റോഡ് ഗതാഗതം തടഞ്ഞ നൂറോളം പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്." പ്രമുഖ ഇഗ്ലീഷ് പത്രമായ ഡെക്കാന്‍ഹെറാള്‍ഡ് കൊല്‍ക്കത്തയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്, "പണിമുടക്ക് ബംഗാളിനെ ബാധിച്ചപ്പോള്‍ മമതയുടെ മുഖം ചുവന്നു." എന്നാണ്. തൃണമൂല്‍കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാരിന്റെ എല്ലാ എതിര്‍പ്പുകളെയും അതിജീവിച്ച് വിജയം വരിച്ച പണിമുടക്കില്‍ , റോഡുകള്‍ വിജനമായെന്നും ഓട്ടോറിക്ഷകളും ടാക്സിയും ഓടിയില്ല എന്നും ഇടതുഭരണമുണ്ടായിരുന്ന കാലത്തെ പ്രതീതിയാണ് ഇതുണര്‍ത്തിയതെന്നും ആ പത്രംപറയുന്നു.

ഇടതുപക്ഷത്തിന്റെ തിരിച്ചുവരവിന്റെ സൂചനയായി പണിമുടക്കിനെ പ്രധാന മാധ്യമങ്ങള്‍ വിലയിരുത്തിയപ്പോഴാണ്, റോഡും റെയിലും തടഞ്ഞ നൂറോളംപേരുടെ അറസ്റ്റ് എന്ന "നിസ്സാരസംഭവ"മാക്കി മനോരമ അതിനെ ചുരുക്കിക്കളഞ്ഞത്. നാം പണംകൊടുത്ത് വാങ്ങി വായിക്കുന്ന പത്രങ്ങള്‍ എത്രമാത്രം വഞ്ചനയാണ് നമ്മളോട് കാണിക്കുന്നത് എന്ന് ഓര്‍ത്തുനോക്കാനുള്ള സന്ദര്‍ഭവുമാണിത്. ഇറ്റാലിയന്‍ കപ്പലില്‍നിന്ന് വെടിയുതിര്‍ത്ത് പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ജീവനെടുത്തവരെ മഹത്വപ്പെടുത്താനും അവരുടെ രക്ഷകരെ വെള്ളപൂശാനും അതിന്റെ ജാള്യം മറയ്ക്കാനും മനോരമ ഡസനിലേറെ വാര്‍ത്ത കൊടുത്തിട്ടുണ്ട് ഫെബ്രുവരി 29ന്. ഇറ്റാലിയന്‍ കൊലയാളികളോടാണ് അവര്‍ക്ക് ഇന്ത്യന്‍ തൊഴിലാളികളോടുള്ളതിനേക്കാള്‍ ബന്ധുത്വം. പത്രമുടമകളുടെ ആ താല്‍പ്പര്യം മനസ്സിലാക്കാവുന്നതേയുള്ളൂ. അബദ്ധത്തിലെങ്കിലും തൊഴിലാളികള്‍ക്കനുകൂലമായിവരുന്ന ഒരു വാര്‍ത്ത വെളിച്ചം കാണരുത്, അതിനുമേലാകട്ടെ പന്നി കിണറ്റില്‍ വീണ വാര്‍ത്ത എന്നു കരുതുന്ന ചില മാധ്യമപ്രവര്‍ത്തകരുടെ അല്‍പ്പത്തത്തെ അങ്ങനെ മനസ്സിലാക്കാനും പ്രയാസമാണ്. അവരോട്, "നിങ്ങള്‍ ജീവിക്കുന്നത് ഈ നാട്ടിലല്ലേ" എന്ന് ചോദിച്ചുപോയാല്‍ ആരും നെറ്റിചുളിക്കില്ല.

1 അഭിപ്രായം:

  1. okay, I (partially)agrees with your point that the strike was a Great one. But do you know, 95% of the common people in this country, ofcourse kerala is not an exception, dont know for what the aim of this strike was. For them, this was just just another holiday. Dont quote AOL, Bloomberg, BBC etc for this. Just step out to the common public and get their opinion. They were compelled to "participate" in the strike, with the fear to the strike conducting political parties.

    മറുപടിഇല്ലാതാക്കൂ