2012, ഫെബ്രുവരി 15, ബുധനാഴ്‌ച

മാര്‍ക്സിസവും തലയില്ലാത്ത പരിഷ്കരണവാദങ്ങളും

പ്രതികരണം... പി.പി. സത്യന്
                                                                                                ‍http://www.madhyamam.com/weekly/1080
വഷളന്‍ ഭൗതികവാദികളുടെയും (vulgar materialist) ആശയവാദികളുടെയും വിചാരങ്ങള്‍ പരസ്പരം പൂരിപ്പിക്കുന്നതാണ്. മാര്‍ക്സിസ-ലെനിനിസത്തെ ഇനിയും മനസ്സിലാക്കാന്‍ കഴിയാത്ത വഷളന്‍ ഭൗതികവാദികള്‍ രൂപപ്പെടുത്തിയ വികല ധാരണകളാണ് മാര്‍ക്സിസ്റ്റ് വിമര്‍ശമായി ഇന്ന് പൊതുസമൂഹത്തില്‍ കൂടുതലായും ചര്‍ച്ചചെയ്യപ്പെടുന്നത്. ഇത്തരം ധാരണകളുടെ ഒരു പൊതു സവിശേഷത, അവയെല്ലാം ഒറ്റനോട്ടത്തില്‍ യാഥാര്‍ഥ്യമാണെന്ന് തോന്നും എന്നുള്ളതാണ്. ലളിതവത്കരിച്ചുകൊണ്ടാണ് ഏറ്റവും സങ്കീര്‍ണമായ മുതലാളിത്ത പ്രത്യയശാസ്ത്രരൂപങ്ങള്‍ സമൂഹത്തിന്‍െറ ബോധമണ്ഡലത്തിലേക്ക് കടന്നുവരുന്നത്. ഇതിന്‍െറ മികച്ച ഉദാഹരണമാണ് എം.പി. പരമേശ്വരന്‍െറ ‘ഇടതുപക്ഷത്തിന്‍െറ പുതിയ ദിശകള്‍’ എന്ന ലേഖനം. ഡോ. കാള്‍ മാര്‍ക്സും ഏംഗല്‍സും ‘കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ’യില്‍ പരാമര്‍ശിച്ച ഫ്യൂഡലിസത്തിന്‍െറയും ലെനിന്‍ എതിരിട്ട ‘നരോദ്നിക്കു’കളുടെയും പരിഷ്കരണവാദികളുടെയും തണലില്‍ വളര്‍ന്ന തലയില്ലാത്ത തിരുത്തല്‍വാദത്തിന്‍െറ പുനരാവര്‍ത്തനമാണ് എം.പി. പരമേശ്വരനും നടത്തുന്നത്.
 ‘‘ഇരുപതാം നൂറ്റാണ്ടിലെ സോഷ്യലിസ്റ്റ് പരീക്ഷണങ്ങളുടെ പരാജയം അധ്വാനിക്കുന്ന വര്‍ഗങ്ങള്‍ക്കേറ്റ കനത്ത ഒരു തിരിച്ചടിയായിരുന്നു.’’
തുടര്‍ന്ന് സോഷ്യലിസ്റ്റ് പരീക്ഷണങ്ങളുടെ പരാജയത്തെക്കുറിച്ച് അദ്ദേഹം വാചാലനാകുന്നു. മാര്‍ക്സിസത്തെക്കുറിച്ചല്ല. മാര്‍ക്സിസത്തെ എതിര്‍ക്കുന്നതിന്‍െറ ഭാഗമായി സോഷ്യലിസ്റ്റ് പരീക്ഷണങ്ങളെക്കുറിച്ചാണ് വഷളന്‍ ഭൗതികവാദികള്‍ എന്നും വാചാലരായിട്ടുള്ളത്. അനേകായിരം വര്‍ഷങ്ങള്‍കൊണ്ട് ലോകചരിത്രത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെ ഏതാനും ദശകങ്ങള്‍കൊണ്ട് യാഥാര്‍ഥ്യമാക്കുകയായിരുന്നു സോവിയറ്റ് യൂനിയന്‍, ചൈന തുടങ്ങിയ സോഷ്യലിസ്റ്റ് രാജ്യങ്ങള്‍. എന്നാല്‍, അവിടെ നിലനിന്ന സോഷ്യലിസ്റ്റ് വ്യവസ്ഥ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ സംഭവിച്ച പരാജയം ഒരു യാഥാര്‍ഥ്യം തന്നെയാണ്. പക്ഷേ, കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഈ രാജ്യങ്ങളില്‍ നടന്ന പ്രവര്‍ത്തനത്തിന്‍െറ ചരിത്രപരമായ അന്തഃസത്തയെ സോഷ്യലിസ്റ്റ് പരിഷ്കാരങ്ങളിലേക്ക് ചുരുക്കിക്കാണിക്കുന്നത് ശരിയായ കാഴ്ചപ്പാടല്ല. ഫ്യൂഡല്‍വ്യവസ്ഥയിലും രാജഭരണത്തിലും കൊളോണിയല്‍ വ്യവസ്ഥയിലും ഇവയെല്ലാം സൃഷ്ടിച്ച ജീര്‍ണമായ സാമൂഹികാചാരങ്ങളിലും പഴഞ്ചന്‍ പ്രത്യയശാസ്ത്രങ്ങളിലും വീര്‍പ്പുമുട്ടി മൃഗസമാനരായി ജീവിച്ച അനേകകോടി ജനതയെ മാര്‍ക്സിസ-ലെനിനിസം പുതിയ ലോകത്തിലേക്ക് കൈ പിടിച്ചുയര്‍ത്തി. നഗ്നമായ ചൂഷണങ്ങളില്‍നിന്നും അടിച്ചമര്‍ത്തലുകളില്‍നിന്നും അപമാനവീകരണങ്ങളില്‍നിന്നും വലിയൊരുപരിധിവരെ മോചിതരാക്കി. സോഷ്യലിസ്റ്റ് രാജ്യങ്ങളിലെല്ലാം ഈ മാറ്റം പ്രകടമായിരുന്നു. മാത്രമല്ല, ഇന്ത്യയെപ്പോലുള്ള മുതലാളിത്ത രാജ്യങ്ങളിലും എണ്ണത്തില്‍ ചെറുതെങ്കിലും ജനങ്ങളെ സംഘടിതരാക്കി. ബഹുവിധ മര്‍ദനങ്ങളില്‍നിന്നും മോചിതരാക്കി. മുതലാളിത്തത്തിന്‍െറ സങ്കീര്‍ണമായ ചൂഷണരൂപങ്ങളെക്കുറിച്ച് ബോധവാന്മാരാക്കി. വരാനിരിക്കുന്ന വെല്ലുവിളികളെക്കുറിച്ച് ചിന്തിക്കാന്‍ പ്രചോദനം നല്‍കി. ഇത്തരം പരിവര്‍ത്തനങ്ങളെ കാണാതെ സോഷ്യലിസ്റ്റ് പരീക്ഷണങ്ങളുടെ പരാജയം മാത്രം എടുത്തുപറയുന്ന പരിഷ്കരണവാദികള്‍ക്ക് ഇനിയും മാര്‍ക്സിസ- ലെനിനിസത്തിന്‍െറ ദാര്‍ശനികവും പ്രത്യയശാസ്ത്രപരവുമായ അന്തഃസത്ത മനസ്സിലായിട്ടില്ല.
നവലിബറല്‍
മുദ്രാവാക്യങ്ങള്‍
മാര്‍ക്സിസ-ലെനിനിസമെന്നാല്‍ കേവലം ഭരണപരമായ പരിഷ്കാരങ്ങളല്ല. അത് എം.പി. പരമേശ്വരനെപ്പോലുള്ള ശുദ്ധശാസ്ത്രവാദികളായ സാമ്പത്തികശാസ്ത്രവാദികള്‍ കരുതുംപോലെ വര്‍ഗസഹകരണത്തിലൂടെ വികസിപ്പിക്കേണ്ട സാമൂഹികവ്യവസ്ഥയെക്കുറിച്ചുള്ള തത്ത്വശാസ്ത്രവുമല്ല. മുതലാളിത്തത്തിനകത്തുനിന്നുകൊണ്ടുതന്നെ വളര്‍ന്നുവരാവുന്ന ഒരു സാമൂഹികവ്യവസ്ഥയെക്കുറിച്ച് ഡോ. കാള്‍ മാര്‍ക്സിന് മുമ്പുതന്നെ പല സോഷ്യലിസ്റ്റുകളും ചിന്തിച്ചിരുന്നു. ശാസ്ത്രീയ സോഷ്യലിസത്തെക്കുറിച്ച് അഥവാ തൊഴിലാളിവര്‍ഗ നേതൃത്വത്തില്‍ നടക്കുന്ന വിപ്ളവത്തിന്‍െറ ഫലമായി രൂപപ്പെടുന്ന സോഷ്യലിസത്തെക്കുറിച്ച് അറിവില്ലാതിരുന്ന അക്കാലത്ത് അത്തരം സോഷ്യലിസ്റ്റ് ചിന്തകളെ ചരിത്രപരമായി നമുക്ക് ഇന്ന് വിലയിരുത്താന്‍ കഴിയും. എന്നാല്‍, മാര്‍ക്സിസത്തിന്‍െറ ഉദയത്തിനുശേഷവും വര്‍ഗസഹകരണ പാതയിലൂടെ സോഷ്യലിസം സ്ഥാപിക്കാന്‍ കഴിയും എന്ന് മാര്‍ക്സിസത്തിന്‍െറ പേരില്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരെ വെറുതെ വിട്ടുകൂടാ. മാര്‍ക്സിന്‍െറതന്നെ ചില പരാമര്‍ശങ്ങളെ അസ്ഥാനത്ത് ഉദ്ധരിച്ചുകൊണ്ടാണ് ചിലര്‍ പുത്തന്‍ പ്രായോഗിക മാര്‍ക്സിസ്റ്റുകളായി സ്വയം അവരോധിക്കുന്നത്. പരിഷ്കരണവാദപരമായിട്ടാണ് ഇത്തരം ചിന്തകള്‍ വികസിക്കുന്നത്. പഴയ വ്യവസ്ഥയുടെ ഉള്ളില്‍തന്നെയാണ് പുതിയതിന്‍െറ ഭ്രൂണം ഉടലെടുക്കുന്നത് എന്ന ജൈവശാസ്ത്രപരമായ ഒരു യാഥാര്‍ഥ്യത്തെ മാര്‍ക്സിസത്തിന്‍െറ വിപ്ളവസങ്കല്‍പവുമായി വ്യാജമായി വിളക്കിച്ചേര്‍ക്കാനുള്ള ശ്രമമാണ് വഷളന്‍ ഭൗതികവാദികള്‍ നടത്തുന്നത്. ഇതിലൂടെ അവര്‍ നിഷേധിക്കുന്നത് മാര്‍ക്സിസത്തിനു മുമ്പുള്ള സാമൂഹികവ്യവസ്ഥകളും ശേഷമുള്ള സാമൂഹികവ്യവസ്ഥകളും തമ്മിലുള്ള അന്തരത്തെയാണ്. മാര്‍ക്സിന്‍െറ പ്രധാനപ്പെട്ട കാഴ്ചപ്പാടുകളിലൊന്ന് ഭരണകൂടത്തെ തകര്‍ത്തുകൊണ്ടുമാത്രമേ ഒരു പുതിയ സോഷ്യലിസ്റ്റ് വ്യവസ്ഥ കെട്ടിപ്പടുക്കാന്‍ കഴിയുകയുള്ളൂ എന്നതാണ്.
മുതലാളിത്ത വ്യവസ്ഥ എന്നാല്‍ കേവലമൊരു സാമ്പത്തികവ്യവസ്ഥയല്ല. ഒരു അധികാരവ്യവസ്ഥയാണത്. അധികാരത്തിന്‍െറ സങ്കീര്‍ണമായ ബലതന്ത്രങ്ങള്‍ നിരന്തരം പ്രയോഗിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യവസ്ഥ. മുതലാളിത്തത്തെ ഇത്തരം അധികാര ബലതന്ത്രങ്ങളില്‍നിന്ന് വേറിട്ടുകാണുന്നു എന്നുള്ളതാണ് വഷളന്‍ ഭൗതികവാദികളുടെ സവിശേഷത.
ഒരര്‍ഥത്തില്‍ മുതലാളിത്തം ഒരു അധികാരവ്യവസ്ഥയാണ്. മൂലധനത്തിന്‍െറ ആധിപത്യം സ്ഥാപിക്കപ്പെടുന്നതും വികസിക്കുന്നതും ഈ അധികാരവ്യവസ്ഥയുടെ സങ്കീര്‍ണമായ പ്രയോഗത്തിലൂടെയാണ്. ആഗോളീകരണ കാലഘട്ടത്തില്‍ മൂലധനം മാത്രമല്ല ആഗോളീകരിക്കപ്പെടുന്നത്. അധികാരത്തിന്‍െറ സങ്കീര്‍ണമായ ആഗോളീകരണമാണ് ഈ കാലഘട്ടത്തെ സവിശേഷമാക്കുന്നത്. അതുകൊണ്ടുതന്നെ, മുതലാളിത്ത കാലഘട്ടത്തില്‍ വിശേഷിച്ചും ആഗോളീകരണ കാലഘട്ടത്തില്‍ ഒരു രാജ്യത്ത് മാത്രമായി സോഷ്യലിസം വിജയിക്കുകയെന്നത് വളരെ പ്രയാസകരമായ ഒന്നാണ്. എം.പി. പരമേശ്വരനെപ്പോലുള്ള വഷളന്‍ ഭൗതികവാദികള്‍ ഒരേസമയത്ത് ഇതിനെ അംഗീകരിക്കുകയും അതേസമയത്തുതന്നെ അതിനെ നിഷേധിക്കുകയും ചെയ്യുന്നു. അദ്ദേഹം പറയുന്നു:
‘‘ലോകത്ത് ഒരു രാജ്യത്തുമാത്രമായി കമ്യൂണിസം നടപ്പാക്കാന്‍ പറ്റില്ല എന്നത് സുവിദിതമാണ്. സോഷ്യലിസവും പറ്റില്ല.’’ മറ്റൊരിടത്ത് അദ്ദേഹം പറയുന്നു:  ‘‘...ഇവയൊക്കെ സോഷ്യലിസത്തിലേക്കുള്ള നീക്കത്തിന്‍െറ ലക്ഷണങ്ങളാണ്.  ഇന്ത്യയിലൊട്ടാകെ അല്ളെങ്കില്‍ ഒരു സംസ്ഥാനത്ത് മുഴുവനുമായി (ബംഗാള്‍, കേരള, ത്രിപുര) ഈ ദിശയിലേക്കുള്ള പരിവര്‍ത്തനം ഇന്ന് സാധ്യമല്ല. എന്നാല്‍, ഒറ്റപ്പെട്ട ഗ്രാമങ്ങളിലും പഞ്ചായത്തുകളിലും ഈ ദിശയിലുള്ള നീക്കം സാധ്യമാണ്.’’ പിന്തിരിപ്പന്‍ സോഷ്യലിസം നടത്തുന്ന അവസരവാദ ജല്‍പനത്തിന്‍െറ  ക്ളാസിക് ഉദാഹരണമാണിത്. ഒരേസമയത്ത് ഒരു സംസ്ഥാനത്തില്‍ പോലും സോഷ്യലിസം നടപ്പാക്കാന്‍ പറ്റില്ളെന്നു പറയുക. അതേസമയം, ഒരേ പഞ്ചായത്തില്‍ സാധ്യമാണെന്ന് പറയുക.  കേരളത്തിലും പശ്ചിമബംഗാളിലും മറ്റും സോഷ്യലിസ്റ്റ് പരിവര്‍ത്തനമാണ് നടപ്പാക്കാന്‍ സി.പി.എം ലക്ഷ്യമിടുന്നത്  എന്ന തെറ്റിദ്ധാരണ പരത്തുക എന്ന ലക്ഷ്യംകൂടി അദ്ദേഹത്തിനുണ്ട്. മുതലാളിത്ത വ്യവസ്ഥ വെറും മൂലധനവ്യവസ്ഥയല്ളെന്നും അതൊരു സങ്കീര്‍ണമായ അധികാരവ്യവസ്ഥയാണെന്നും മനസ്സിലാക്കുമ്പോള്‍ ആ അധികാരവ്യവസ്ഥയെ തകര്‍ത്തുകൊണ്ടല്ലാതെ അല്ളെങ്കില്‍ തകര്‍ക്കുന്നതിന്‍െറ ഭാഗമായിട്ടല്ലാതെ സോഷ്യലിസ്റ്റ് വ്യവസ്ഥ സ്ഥാപിക്കാന്‍ കഴിയുകയില്ളെന്ന് വ്യക്തമാണല്ളോ.
എന്നാല്‍, ഭരണകൂടത്തെ തകര്‍ക്കുന്നതിനെ വഷളന്‍ ഭൗതികവാദികള്‍ ശക്തമായി പ്രതിരോധിക്കുന്നു. ഭരണകൂടം തകര്‍ക്കപ്പെടാന്‍ പാടില്ല. ഭരണകൂടത്തിനുള്ളില്‍തന്നെ ചില പഞ്ചായത്തുകളില്‍ സോഷ്യലിസം നടപ്പാക്കാന്‍ കഴിയും, ഇതാണ് പരിഷ്കരണവാദികളായ ശുദ്ധശാസ്ത്രവാദികളുടെ നിലപാട്. മാത്രമല്ല, സോഷ്യലിസ്റ്റ് സംസ്കാരം വളര്‍ത്തിയെടുത്തുകൊണ്ട് സോഷ്യലിസം സ്ഥാപിക്കാന്‍ കഴിയും എന്നും അവര്‍ ഉറപ്പിക്കുന്നു. എം.പി. പരമേശ്വരന്‍ പറയുന്നു:
 ‘‘സഹകരണം, സാഹോദര്യം, സഹിഷ്ണുത, സമത്വം, സുസ്ഥിരത, സാമൂഹിക സുരക്ഷ മുതലായ സോഷ്യലിസ്റ്റ് സ്വഭാവങ്ങള്‍ സമൂഹത്തില്‍ രൂഢമൂലമാകാന്‍ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളാണ് വേണ്ടത്.’’
 ഈ പറഞ്ഞ എല്ലാ ആശയങ്ങളും നവലിബറല്‍ മുതലാളിത്തത്തിന്‍െറ മുദ്രാവാക്യങ്ങളാണ്. ഏതൊരു സ്കൂള്‍ വിദ്യാര്‍ഥിക്കും ഇതെല്ലാം മനഃപാഠമാണ്.
എന്നാല്‍, ഇത്തരം മുതലാളിത്ത മുദ്രാവാക്യങ്ങളിലൂടെ സോഷ്യലിസം സ്ഥാപിക്കാന്‍ കഴിയുമെന്ന് പറഞ്ഞാല്‍ ഇതില്‍പരം വഞ്ചനാപരമായ ഒരു നിലപാടില്ല. കാരണം, സോഷ്യലിസം ബോധവത്കരണത്തിലൂടെ നടപ്പാകുന്ന ഒന്നല്ല. സോഷ്യലിസ്റ്റ് സംസ്കാരം വളര്‍ത്തിയെടുത്താല്‍ സോഷ്യലിസം സ്ഥാപിക്കപ്പെടും എന്ന് കരുതുന്നത് തികഞ്ഞ ആശയവാദമാണ്. അത് മാര്‍ക്സിസത്തിന് കടകവിരുദ്ധമാണ്. വര്‍ഗസമരത്തിലൂടെയാണ് സമൂഹം മാറുന്നത്. അതിലൂടെയാണ് ഭരണകൂടം അട്ടിമറിക്കപ്പെടുന്നത്. അധികാരവ്യവസ്ഥക്കെതിരായ വിപ്ളവത്തിലൂടെ മാത്രമേ സോഷ്യലിസം സ്ഥാപിക്കപ്പെടുകയുള്ളൂ. സോഷ്യലിസ്റ്റ് സംസ്കാരവും സോഷ്യലിസ്റ്റ് മൂല്യവും ഭൗതികവത്കരിക്കപ്പെടുന്നത് വര്‍ഗസമരത്തിലൂടെ മാത്രമാണ്. ഈ വര്‍ഗസമരത്തിന്‍െറ പ്രാധാന്യത്തെ നിഷേധിക്കുക എന്നതാണ് വഷളന്‍ ഭൗതികവാദത്തിന്‍െറ ഹിഡന്‍ അജണ്ട.
യാന്ത്രികവാദ സമീപനങ്ങള്‍
മൂലധനത്തിന്‍െറ സര്‍വാധിനിവേശഘട്ടമാണിത്. അധ്വാനിക്കാതെതന്നെ മിച്ചമൂല്യം ഉല്‍പാദിപ്പിക്കാവുന്ന സാഹചര്യം സൃഷ്ടിക്കുന്ന മുതലാളിത്തഘട്ടം. ഈ ഘട്ടത്തില്‍ ഓരോ രാജ്യത്തും സമൂഹങ്ങളിലും നിലനില്‍ക്കുന്ന വര്‍ഗവൈരുധ്യങ്ങള്‍ വിഭിന്നരീതികളില്‍ പ്രകടമാവുന്നു. മുതലാളിത്തം അതിന്‍െറ അധിനിവേശം സ്ഥാപിക്കുന്നത് കേവലമായ സാമ്പത്തികശക്തി ഉപയോഗിച്ചല്ല. നിലവിലുള്ള സമൂഹത്തിലെ അധിനിവേശ പ്രത്യയശാസ്ത്രത്തെ ദൃഢമാക്കിക്കൊണ്ടാണ് മൂലധനാധിപത്യം മുന്നോട്ടുകൊണ്ടുപോവുന്നത്. ഗ്രാംഷിയും അല്‍ത്തൂസറും വികസിപ്പിച്ച ഈ പ്രത്യയശാസ്ത്രാധിനിവേശമെന്തെന്ന് യാന്ത്രികവാദികള്‍ക്കും ആശയവാദികള്‍ക്കും മനസ്സിലാവില്ല. ഇന്ത്യന്‍ അവസ്ഥയില്‍ ഹിന്ദുത്വത്തിന്‍െറ പ്രത്യയശാസ്ത്രം മൂലധനരാഷ്ട്രീയത്തെ പിന്‍പറ്റുന്നതെങ്ങനെയെന്ന് മനസ്സിലാക്കുമ്പോള്‍ മാത്രമേ ഇടതുപക്ഷത്തിന് രാഷ്ട്രീയത്തില്‍ സര്‍ഗാത്മകമായ ഇടപെടലുകള്‍ നടത്താന്‍ കഴിയുകയുള്ളൂ. നെഹ്റൂവിയന്‍ ബൂര്‍ഷ്വാ മതേതരസങ്കല്‍പമാണ് കമ്യൂണിസ്റ്റുകളുടെ മതനിരപേക്ഷതയെന്ന് തെറ്റിദ്ധരിക്കുന്ന യാന്ത്രികവാദികള്‍ ‘ഭൂരിപക്ഷ-ന്യൂനപക്ഷ’ സമവാക്യത്തെ പിടിവിടാന്‍ തയാറാവുന്നില്ല. സി.പി.എം അതിന്‍െറ പരിപാടിയില്‍ വര്‍ഗീയഫാഷിസത്തിന്‍െറയും ന്യൂനപക്ഷ വര്‍ഗീയതയുടെയും അപകടങ്ങളെക്കുറിച്ച് പറയുമ്പോഴും ആദ്യത്തേത് അധിനിവേശരൂപമായി പ്രവര്‍ത്തിക്കുന്നതെങ്ങനെ എന്ന് വ്യക്തമാക്കുന്നുണ്ട്.
‘അയോധ്യാവിധി’യില്‍ ഹൈകോടതിയും അവസാനം സുപ്രീംകോടതിയും എടുത്ത സമീപനം ഇത് കൂടുതല്‍ സ്പഷ്ടമാക്കുന്നു.
ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയധ്രുവീകരണം നടത്താന്‍ ശ്രമിക്കുന്ന അധികാരശക്തികളെയും സാധാരണ മതവിശ്വാസികളെയും തിരിച്ചറിയാന്‍ കഴിയാത്തവര്‍ക്ക് ഇതൊന്നും മനസ്സിലാവില്ല. അതുപോലെതന്നെ മതവിശ്വാസികളെയെല്ലാം വിശ്വാസത്തിന്‍െറ പേരില്‍ അകറ്റിനിര്‍ത്തുന്ന യുക്തിവാദികളും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു ചെയ്യുന്ന ദ്രോഹം ചില്ലറയല്ല.
ദലിതര്‍, ആദിവാസികള്‍, ന്യൂനപക്ഷ വിഭാഗങ്ങള്‍ തുടങ്ങിയ കോടിക്കണക്കിന് ഇന്ത്യക്കാരുടെയിടയിലെ എല്ലാവിധ അടിച്ചമര്‍ത്തലുകളെയും ചൂഷണങ്ങളെയും അഡ്രസ് ചെയ്തുകൊണ്ടല്ലാതെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അതിന്‍െറ വര്‍ഗസമരപാത മുന്നോട്ടുകൊണ്ടുപോവാനാവില്ല. ഈ സമരപാതയില്‍ ആശയസമരത്തിന് വളരെയധികം പ്രാധാന്യമുണ്ട്. റെയ്മണ്ട് വില്യംസിനെപ്പോലുള്ളവര്‍ സാംസ്കാരികരാഷ്ട്രീയത്തെക്കുറിച്ചു പറയുന്നതൊന്നും എം.പി. പരമേശ്വരാദികള്‍ക്ക് മനസ്സിലാവില്ല. അതുകൊണ്ടാണ് സോഷ്യലിസ്റ്റ് സംസ്കാരം പ്രചരിപ്പിക്കണം എന്നൊക്കെ അദ്ദേഹം പറയുന്നത്. ബോധവത്കരണത്തിലൂടെ സമൂഹത്തെ മാറ്റാന്‍ കഴിയും എന്നു കരുതുന്ന എന്‍.ജി.ഒ പൊളിറ്റിക്സ് തന്നെയാണിത്. അങ്ങനെയെങ്കില്‍ ബോധവത്കരണത്തിലൂടെ സോഷ്യലിസവും കമ്യൂണിസവും നടപ്പാക്കാന്‍ കഴിയും. നിശ്ചിത സാമൂഹികസന്ദര്‍ഭത്തില്‍, നിശ്ചിത വര്‍ഗ-സാമൂഹിക ഘടനക്കുള്ളില്‍ ജീവിക്കുന്ന ജനങ്ങളുടെ പോരാട്ടങ്ങളിലൂടെയും ആശയസംവാദങ്ങളിലൂടെയുമാണ് കമ്യൂണിസം വളര്‍ന്നുവരുക. ശാസ്ത്രവാദികള്‍ കരുതുന്നത് എല്ലാം മേലേനിന്ന് ബോധവത്കരിച്ചാല്‍ പരിഹരിക്കാമെന്നാണ്. ‘ബോധനാത്മക കമ്യൂണിസ’ത്തെ വിഭാവനംചെയ്യുന്ന ഇവരെല്ലാം പിന്‍പറ്റുന്നത് കൊളോണിയല്‍ ജ്ഞാനസിദ്ധാന്തമാണ്. പോളിയോ വാക്സിന്‍പോലെ തയാറാക്കപ്പെട്ട സോഷ്യലിസ്റ്റ് സംസ്കാരം തുള്ളിതുള്ളിയായി ‘വിവര’മില്ലാത്തവരും ‘സംസ്കാരരഹിതരു’മായ ജനങ്ങള്‍ക്ക് പകര്‍ന്നുനല്‍കുകയെന്നതാണ് ഈ പെറ്റി ബൂര്‍ഷ്വാ ചിന്തകരുടെ പരിപാടി. കേരളത്തിലെ മാലിന്യപ്രശ്നംപോലും പരിഹരിക്കാന്‍ കഴിയാത്ത ശാസ്ത്രവാദികള്‍ സോഷ്യലിസത്തെക്കുറിച്ചും ബോധവത്കരണപരിപാടി നടത്തിയാല്‍ അതില്‍ അദ്ഭുതപ്പെടാനില്ല. എല്ലാ ബോധവത്കരണങ്ങളിലും അഭിസംബോധന ചെയ്യപ്പെടുന്നവര്‍ ‘താഴെതട്ടില്‍’ ആണെന്ന മുന്‍നിശ്ചയമുണ്ട്. ഇത് ബൂര്‍ഷ്വാബോധനത്തെ നയിക്കുന്ന ആശയവാദമാണ്. ഇതല്ല മാര്‍ക്സിസത്തിന്‍െറ രീതി. ഇതുപോലും മനസ്സിലാവാത്തവരാണ് മാര്‍ക്സിസത്തെക്കുറിച്ച് വീണ്‍വാക്കുകള്‍ പറയുന്നത്. ‘അതീതകര്‍ത്തൃത്വ’മായിട്ടല്ല മാര്‍ക്സിസം തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തെ കാണുന്നത്. തൊഴിലാളിവര്‍ഗം മറ്റെല്ലാ ജനവിഭാഗങ്ങളുടെയും സമരസഖാവായ നേതാവാണ്. അത് എല്ലാ ജനവിഭാഗങ്ങളുടെയും ജൈവാധികാരത്തെ അംഗീകരിക്കുന്നു.
മാര്‍ക്സിസത്തെക്കുറിച്ചുള്ള ഗൗരവാവഹമായ സംവാദങ്ങള്‍ ഇന്നു നടക്കുന്നില്ല. വികാരപരമായിട്ടാണ് പലരും വിഷയങ്ങളെ കാണുന്നത്. അണ്ണാ ഹസാരെ അരങ്ങുതകര്‍ത്തപ്പോള്‍ പലരും ആ സമരത്തിന്‍െറ വര്‍ഗസ്വഭാവം പഠിക്കാതെ ആവേശഭരിതരായി. അതുപോലെതന്നെ, അഴിമതിയെക്കുറിച്ചു പറയുമ്പോള്‍ പെറ്റിബൂര്‍ഷ്വാ അഴിമതിവിരുദ്ധതയെയും മാര്‍ക്സിസ്റ്റ് കാഴ്ചപ്പാടിനെയും വേര്‍തിരിക്കാതെ, ‘ജുഡീഷ്യറി വ്യാമോഹ’ത്തിനടിപ്പെട്ട് മുന്നോട്ടുപോവുന്ന മധ്യവര്‍ഗ അഴിമതിവിരുദ്ധതയെ പരിരംഭണം ചെയ്യുന്ന കാഴ്ചയാണ് നാം കാണുന്നത്. അഴിമതിയെ വര്‍ഗരാഷ്ട്രീയത്തിന്‍െറ അടിസ്ഥാനത്തില്‍ വിലയിരുത്തുന്ന സമീപനം ഇനിയും വികസിച്ചിട്ടില്ല. അഴിമതിയുടെ ഉറവിടം രാഷ്ട്രീയമാണെന്ന വികലബോധമാണ് പൊതുസമൂഹത്തിലുള്ളത്. അഴിമതിയുടെ ഉറവിടം മുതലാളിത്തമാണെന്ന യാഥാര്‍ഥ്യം തിരിച്ചറിയപ്പെടുന്നില്ല. അതുപോലെ, നിലവിലുള്ള ഭൂബന്ധങ്ങള്‍ മാറ്റിമറിക്കുന്ന സമരമാര്‍ഗങ്ങളിലൂടെ മാത്രമേ ‘ഭൂപരിഷ്കരണം’ മുന്നോട്ടുപോവുകയുള്ളൂവെന്നും തിരിച്ചറിയപ്പെടുന്നില്ല. ഭരണകൂടത്തെ നോവിക്കാതെ ഒറ്റപ്പെട്ട പഞ്ചായത്ത് തുരുത്തുകളില്‍ സോഷ്യലിസം നടപ്പാക്കാന്‍ കഴിയുമെന്ന ബോധം, പഴയ തിരുത്തല്‍വാദികളുടെ വീര്യമില്ലാത്ത വീഞ്ഞുമാത്രമാണ്. എം.പി. പരമേശ്വരനെപ്പോലുള്ളവര്‍ പിന്തുടരുന്ന യാന്ത്രികവാദ സമീപനംതന്നെയാണ് മുഖ്യധാരാ മാധ്യമങ്ങളില്‍ മാര്‍ക്സിസ്റ്റ് വിശകലനമെന്ന പേരില്‍ മാര്‍ക്സിസ്റ്റ് വിരുദ്ധതയായി നിറഞ്ഞുതുളുമ്പുന്നത്. എം.പി. പരമേശ്വരന്‍െറ പഞ്ചായത്തുതല സോഷ്യലിസമെന്നത് ഗാന്ധിയന്‍ ‘ഗ്രാമസ്വരാജിന്‍െറ’ പരിഷ്കരിച്ച രൂപമാണ്. ‘സ്വയം പര്യാപ്ത ഗ്രാമം’ എന്ന സങ്കല്‍പത്തെ മാര്‍ക്സ് വിശകലനം ചെയ്യുന്നത് ഉദ്ധരിച്ചുകൊണ്ട് ഈ ലേഖനം അവസാനിപ്പിക്കട്ടെ.
‘‘പുറമേക്ക് നിരുപദ്രവമെന്നു തോന്നിക്കുന്ന ശാലീനങ്ങളായ ഈ ഗ്രാമസമുദായങ്ങളായിരുന്നു എക്കാലവും പൗരസ്ത്യ സ്വേച്ഛാധിപത്യത്തിന്‍െറ അടിയുറച്ച അസ്തിവാരമായി നിലകൊണ്ടിരുന്നത് എന്ന കാര്യം നാം വിസ്മരിക്കരുത്. മനുഷ്യമനസ്സിനെ അന്ധവിശ്വാസത്തിന്‍െറ കരുവാക്കുകയും പാരമ്പര്യ നിയമങ്ങള്‍ക്ക് അടിമപ്പെടുത്തുകയും അതിന്‍െറ മുഴുവന്‍ മഹിമയും ചരിത്രശേഷിയും നഷ്ടപ്പെടുത്തി, ഏറ്റവും സങ്കുചിതമായ അതിരുകള്‍ക്കുള്ളില്‍ ഒതുക്കിനിര്‍ത്തിയിരുന്നത് ഈ ഗ്രാമസമൂഹങ്ങളായിരുന്നു എന്ന വസ്തുതയും നാം വിസ്മരിക്കരുത്. ഏതെങ്കിലും ഒരു ചെറുതുണ്ട് ഭൂമിയില്‍ അള്ളിപ്പിടിച്ചുകൊണ്ട് സാമ്രാജ്യങ്ങള്‍ മണ്ണടിയുന്നതും വിവരിക്കാനാവാത്തതരം ക്രൂരതകള്‍ നടത്തുന്നതും വന്‍ നഗരങ്ങളിലെ ജനതയെ കശാപ്പുചെയ്യുന്നതും ഒരു പ്രകൃതികോപം എന്നതില്‍ കവിഞ്ഞ ഒരു പരിഗണനയും കൂടാതെ കൈയുംകെട്ടി നോക്കിനില്‍ക്കുകയും അതേസമയം ഏതെങ്കിലും ആക്രമണകാരിയുടെ ദൃഷ്ടിയില്‍പ്പെട്ട് അവന്‍ തന്‍െറമേല്‍ ചാടിവീഴാന്‍ തുടങ്ങിയാല്‍ സ്വയം നിസ്സഹായനായി കുമ്പിട്ടുനില്‍ക്കുകയും ചെയ്തിരുന്ന കിരാത അഹംഭാവത്തെയും നാം വിസ്മരിക്കാന്‍ പാടില്ല. മറുവശത്ത് അന്തഃസാരശൂന്യവും നിഷ്ക്രിയവുമായ ഈ നിലനില്‍പ് വന്യവും ലക്ഷ്യരഹിതവുമായ സംഹാരശക്തികളെ കെട്ടഴിച്ചുവിടുകയും നരഹത്യയത്തെന്നെ ഹിന്ദുസ്ഥാനിലെ ഒരു മതചടങ്ങാക്കി മാറ്റുകയും ചെയ്തുവെന്നതും മറക്കാന്‍ പാടുള്ളതല്ല. ജാതിവ്യത്യാസങ്ങളും അടിമത്തവും ഈ ചെറുസമൂഹങ്ങളുടെ തീരാശാപമായിരുന്നു എന്നും മനുഷ്യനെ സാഹചര്യങ്ങളുടെ യജമാനനാക്കുന്നതിനുപകരം അവനെ ബാഹ്യസാഹചര്യങ്ങളുടെ തീരാശാപമായിരുന്നു എന്നും മനുഷ്യനെ സാഹചര്യങ്ങളുടെ യജമാനനാക്കുന്നതിനുപകരം അവനെ ബാഹ്യസാഹചര്യങ്ങളുടെ അടിമയാക്കുകയാണ് ചെയ്തതെന്നും സ്വയം വികസിതമായ ഒരു സാമൂഹികാവസ്ഥയെ ഒരിക്കലും മാറ്റമില്ലാത്ത പ്രകൃതിദത്തമായ തലവിധിയാക്കിക്കൊണ്ട് മൃഗപ്രായമായ പ്രകൃതിപൂജക്ക് ജന്മംനല്‍കിയെന്ന വസ്തുതയും നാം വിസ്മരിക്കാന്‍ പാടില്ല (‘ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം’ - തെരഞ്ഞെടുത്ത കൃതികള്‍-മാര്‍ക്സ്-ഏംഗല്‍സ്).

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ