2012, ഫെബ്രുവരി 9, വ്യാഴാഴ്‌ച

21-ാം നൂറ്റാണ്ടിലെ മാര്‍ക്‌സിസം: നവീകരിക്കപ്പെട്ട സോഷ്യലിസം

Posted on: 07 Feb 2012
പ്രകാശ് കാരാട്ട്‌


സോഷ്യലിസത്തിന്റെ ജീവരക്തമാണ് ജനാധിപത്യം. സോഷ്യലിസത്തെ സംബന്ധിച്ചിടത്തോളം, എല്ലാ തലങ്ങളിലുമുള്ള ജനങ്ങളുടെ സജീവവും ജനകീയവുമായ പങ്കാളിത്തമില്ലാതെ, അതിന് വികസിക്കുവാന്‍ കഴിയുകയില്ല. സ്ഥിരമായ ഒരു ഏകകക്ഷി ഭരണംമൂലം ഉണ്ടാകാനിടയുള്ള അപഭ്രംശങ്ങള്‍ തടയുന്നതിന് സോഷ്യലിസത്തിന്‍കീഴിലുള്ള ബഹുകക്ഷി വ്യവസ്ഥയ്ക്ക് കഴിയും


സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കും റഷ്യയില്‍ മുതലാളിത്തം പുനഃസ്ഥാപിക്കപ്പെട്ടതിനും തൊട്ടടുത്തുള്ള വര്‍ഷങ്ങളില്‍, സോവിയറ്റ് യൂണിയനില്‍ സോഷ്യലിസം കെട്ടിപ്പടുക്കുന്ന പരീക്ഷണത്തിന് എന്താണ് സംഭവിച്ചത് എന്നതിനെയും എവിടെയാണ് തെറ്റ് സംഭവിച്ചത് എന്നതിനെയും കേന്ദ്രീകരിച്ചാണ് ചര്‍ച്ചകള്‍ നടന്നത്. എന്നാല്‍ നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്ക്, 21-ാം നൂറ്റാണ്ടിലെ സോഷ്യലിസത്തിന്റെ രൂപവും സ്വഭാവവുംഎന്തായിരിക്കണം എന്നതിലേക്ക് ശ്രദ്ധ തിരിഞ്ഞു കഴിഞ്ഞു.

20-ാം നൂറ്റാണ്ടിലെ സോഷ്യലിസത്തിന്റെ അനുഭവങ്ങളെ വിമര്‍ശനാത്മകമായി പരിശോധിക്കുന്നതിലൂടെ, 21-ാം നൂറ്റാണ്ടിലെ സോഷ്യലിസത്തിന്റെ പുതിയതും കൂടുതല്‍ അര്‍ഥവത്തുമായ സങ്കല്പനത്തില്‍ നമുക്ക് എത്തിച്ചേരാന്‍ കഴിയും. ഒക്ടോബര്‍ വിപ്ലവത്തിന്റെ ചില മൗലിക പ്രചോദനങ്ങളെയും അതിന്റെ ചില വിലപ്പെട്ട നേട്ടങ്ങളെയും ഉയര്‍ത്തിപ്പിടിക്കേണ്ടത് ഇതിന്നാവശ്യമാണ്. അതേ അവസരത്തില്‍ത്തന്നെ 20-ാം നൂറ്റാണ്ടില്‍ നിലനിന്ന സോഷ്യലിസത്തില്‍ പ്രകടമായിക്കണ്ടിരുന്ന ചില നിഷേധാത്മക വശങ്ങളെയും വക്രീകരണങ്ങളെയും തള്ളിക്കളയുകയും വേണം.

21-ാം നൂറ്റാണ്ടിലെ സോഷ്യലിസത്തെക്കുറിച്ചുള്ള ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്; അത് അന്തിമരൂപത്തിലെത്തിക്കഴിഞ്ഞിട്ടില്ല. 21-ാം നൂറ്റാണ്ടിലെ സോഷ്യലിസം സിദ്ധാന്തത്തില്‍നിന്ന് മാത്രമല്ല, മറിച്ച് പ്രയോഗത്തില്‍നിന്നു കൂടിയാണ് രൂപം കൊള്ളുക എന്നതാണതിന് കാരണം. എന്നാല്‍ 21-ാം നൂറ്റാണ്ടിലെ നവീകരിക്കപ്പെട്ട സോഷ്യലിസം എങ്ങനെയിരിക്കും എന്നതിനെ സംബന്ധിച്ച് ചില വിശാല മാര്‍ഗരേഖകള്‍ നമ്മുടെ മുന്നിലുണ്ട്. അവയില്‍ ചിലത് രൂപരേഖയുടെ രൂപത്തില്‍ ആവിഷ്‌കരിക്കാനേ നമുക്കിപ്പോള്‍ കഴിയൂ.

1.ഉത്പാദനോപകരണങ്ങള്‍ സാമൂഹികവത്കരിക്കുക എന്നത് സോഷ്യലിസത്തിന്റെ പരമപ്രധാനമായ തത്ത്വമാണ്. ഉത്പാദനോപകരണങ്ങളുടെ ഉടമസ്ഥതയുടെ മുതലാളിത്തരൂപങ്ങളുടെ സ്ഥാനത്ത് സോഷ്യലിസ്റ്റ് ഉടമസ്ഥത മാറ്റി സ്ഥാപിക്കേണ്ടത് ഇതിന്നാവശ്യമാണ്. സോവിയറ്റ് മാതൃകയെ അടിസ്ഥാനപ്പെടുത്തിയുള്ള 20-ാം നൂറ്റാണ്ടിലെ സോഷ്യലിസത്തില്‍, ഉത്പാദനോപകരണങ്ങളുടെ പൊതുഉടമസ്ഥതയെ വ്യാപകമായ വിധത്തില്‍ത്തന്നെ, സ്റ്റേറ്റ് ഉടമസ്ഥതയുമായി തുല്യതപ്പെടുത്തിയിരുന്നു. സ്റ്റേറ്റിന്റെ ഉടമസ്ഥതയിലുള്ളതും സ്റ്റേറ്റ് നടത്തിക്കൊണ്ടിരിക്കുന്നതുമായ സ്ഥാപനങ്ങളാണ് പ്രധാനപ്പെട്ടവ എന്നതിനാല്‍, സമ്പദ്‌വ്യവസ്ഥയെ നിയന്ത്രിക്കുന്നതിലും അതിന്റെ നടത്തിപ്പിലും ബ്യൂറോക്രസിക്ക് മേധാവിത്വം കൈവരുന്നതിലേക്കാണ് ഇത് നയിച്ചത്. സ്ഥാപനങ്ങളുടെ നടത്തിപ്പില്‍ തൊഴിലാളികള്‍ക്ക് സ്ഥാനമൊന്നുമില്ലെന്നു വന്നു. ബ്യൂറോക്രാറ്റിക് കേന്ദ്രീകരണത്തിന്റെ വളര്‍ച്ചയും ഇതിന് കാരണമായിയെന്നുപറയാം. 21-ാം നൂറ്റാണ്ടിലെ സോഷ്യലിസത്തിന്‍കീഴിലെ പൊതുഉടമസ്ഥത, അതിനാല്‍ വൈവിധ്യമാര്‍ന്ന രൂപങ്ങളിലുള്ളതായിരിക്കും. ഈ വിവിധ രൂപങ്ങളില്‍ ഒന്നുമാത്രമായിരിക്കും സ്റ്റേറ്റ് ഉടമസ്ഥത. സ്റ്റേറ്റിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുണ്ടാകാം; അല്ലെങ്കില്‍ വിപുലമായ ഓഹരിയുടമസ്ഥതയുള്ള പൊതുമേഖലയുണ്ടാകാം; അല്ലെങ്കില്‍ തൊഴിലാളികളുടെയും ജീവനക്കാരുടെയും ഉടമസ്ഥതയിലുള്ള സംയുക്ത സ്ഥാപനങ്ങളുണ്ടാവാം; അതുമല്ലെങ്കില്‍ സഹകരണ സ്ഥാപനങ്ങളുണ്ടാവാം. സോവിയറ്റ് യൂണിയനില്‍ നിലനിന്നിരുന്ന വളരെയേറെ കേന്ദ്രീകൃതമായ വ്യവസ്ഥയില്‍നിന്ന് വ്യത്യസ്തമായി പല തരത്തിലുള്ള പൊതുഉടമസ്ഥതയുണ്ടാകാം; അവ തമ്മില്‍ത്തമ്മില്‍ മത്സരവും ഉണ്ടാകാം.

2. ചരക്ക് ഉത്പാദനത്തിന്റെയും വിപണിയുടെയും അസ്തിത്വം സോഷ്യലിസത്തിന്റെ നിഷേധമല്ല. ചെറുകിട ചരക്കുത്പാദനവും ചെറുകിട വ്യാപാരവും ദേശസാത്കരിക്കപ്പെട്ടിരുന്ന സോവിയറ്റ് യൂണിയനിലേതില്‍നിന്ന് വ്യത്യസ്തമായി സോഷ്യലിസത്തിന്റെ കാലഘട്ടത്തില്‍ വിപണികള്‍ക്ക് ഒരുപങ്ക് വഹിക്കാനുണ്ട്. വന്‍കിട മൂലധനം വളരുന്നില്ല എന്ന് ഉറപ്പുവരുത്താനായി വിപണികളെ നിയന്ത്രിക്കേണ്ടതുണ്ട്.

3. ആസൂത്രിതമായ സമ്പദ്‌വ്യവസ്ഥ എന്നത് സോഷ്യലിസത്തിന്റെ മറ്റൊരു അടിസ്ഥാനതത്ത്വമാണ്. എന്നാല്‍ സാമ്പത്തികമായ എല്ലാ തീരുമാനങ്ങളും എടുക്കുന്നത് കേന്ദ്രീകൃതമാക്കുന്ന തരത്തിലുള്ളതായിരിക്കരുത്. ആസൂത്രണത്തിന്റെ സ്വഭാവം എന്നുമാത്രമല്ല, സാമ്പത്തികമായ തീരുമാനം കൈക്കൊള്ളുന്നതിലും സാമ്പത്തിക സ്ഥാപനങ്ങള്‍ കൊണ്ടു നടത്തുന്നതിലും ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി ആസൂത്രണം വികേന്ദ്രീകരിക്കുകയും വേണം.

4. സോഷ്യലിസത്തിന്റെ ജീവരക്തമാണ് ജനാധിപത്യം. എന്നാല്‍ ഉത്പാദനോപകരണങ്ങളുടെയും ഭരണകൂട സ്ഥാപനങ്ങളുടെയും മേലുള്ള ബൂര്‍ഷ്വാസിയുടെ നിയന്ത്രണം ജനാധിപത്യത്തെ നിയന്ത്രിക്കുന്നതിലേക്കും പൗരന്മാരുടെ ജനാധിപത്യാവകാശങ്ങള്‍ നിയന്ത്രിക്കുന്നതിലേക്കും നയിക്കുന്നുവെന്നതിനാല്‍ മുതലാളിത്ത വ്യവസ്ഥയിന്‍ കീഴില്‍ ജനാധിപത്യം വെറും 'ഔപചാരികം' മാത്രമായിത്തീരുന്നു. എന്നാല്‍ സോഷ്യലിസത്തെ സംബന്ധിച്ചിടത്തോളം, എല്ലാ തലങ്ങളിലുമുള്ള ജനങ്ങളുടെ സജീവവും ജനകീയവുമായ പങ്കാളിത്തമില്ലാതെ, അതിന് വികസിക്കുവാന്‍ കഴിയുകയില്ല. ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുന്ന ഒരു രാഷ്ട്രീയ വ്യവസ്ഥ സോഷ്യലിസത്തിന്‍കീഴില്‍ ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. വിവിധതലങ്ങളില്‍ ജനകീയ കൂട്ടായ്മകള്‍ (യോഗങ്ങള്‍) രൂപവത്കരിക്കേണ്ടത് ഇതിന്നാവശ്യമാണ്; ഈ കൂട്ടായ്മകള്‍ക്ക് ഭരണപരമായ മേഖലയില്‍ മാത്രമല്ല, സാമ്പത്തിക മേഖലയിലും അധികാരമുണ്ടായിരിക്കണം. സ്ഥിരമായ ഒരു ഏകകക്ഷി ഭരണംമൂലം ഉണ്ടാകാനിടയുള്ള അപഭ്രംശങ്ങള്‍ തടയുന്നതിന് സോഷ്യലിസത്തിന്‍കീഴിലുള്ള ബഹുകക്ഷി വ്യവസ്ഥയ്ക്ക് കഴിയും.

5. ഭരണകൂടവും ഭരണകക്ഷിയും തമ്മിലുള്ള വേര്‍തിരിവ് സ്ഥാപനവത്കരിക്കപ്പെടേണ്ടതുണ്ട്. സോഷ്യലിസ്റ്റ് സ്റ്റേറ്റ് മുഴുവന്‍ ജനങ്ങളെയും പ്രതിനിധീകരിക്കുന്ന സ്ഥാപനമാണ്; അതിനുപകരം വെക്കാന്‍ പാര്‍ട്ടിയെക്കൊണ്ടാവില്ല. കാരണം തൊഴിലാളിവര്‍ഗത്തിന്റെയും അധ്വാനിക്കുന്ന ജനങ്ങളുടെയും ഒരു വിഭാഗത്തെ മാത്രമേ പാര്‍ട്ടി പ്രതിനിധീകരിക്കുന്നുള്ളൂ. മുതലാളിത്ത - സാമ്രാജ്യത്വ ശത്രുതയുടെ പരിതഃസ്ഥിതികളില്‍വേണം, 21-ാം നൂറ്റാണ്ടിലെ സോഷ്യലിസവും കെട്ടിപ്പടുക്കാന്‍. അനിവാര്യമായ ഒരു യാഥാര്‍ഥ്യമാണിത് - രക്ഷപ്പെടാനാവാത്ത യാഥാര്‍ഥ്യം. എന്നാല്‍ ഇക്കാരണം കൊണ്ട് സോഷ്യലിസ്റ്റ് ജനാധിപത്യം ദുര്‍ബലപ്പെടുത്തപ്പെടരുത്. മറിച്ച് അത് സോഷ്യലിസ്റ്റ് അവബോധം വളര്‍ത്തിയെടുക്കുന്നതിനുള്ള ഒരു ഉപകരണവും ഈ പുതിയ സമൂഹത്തെ സംരക്ഷിക്കുന്നതിനായി ജനങ്ങളെ അണിനിരത്തുന്നതിനുള്ള ഉപാധിയും ആയിരിക്കണം.

ഇന്ത്യയില്‍ ജാതി വ്യവസ്ഥയിലൂടെ സാമൂഹികമായ അടിച്ചമര്‍ത്തല്‍ ഇപ്പോഴും നിലനില്ക്കുന്നു. ഇന്ത്യയുടെ സാമൂഹിക-സാമ്പത്തിക ഘടനയുടെ പശ്ചാത്തലത്തില്‍ ജാതി, മതം, ലിംഗം എന്നിവയുടെ അടിസ്ഥാനത്തില്‍ വിവിധ രൂപങ്ങളിലുള്ള സാമൂഹിക അടിച്ചമര്‍ത്തലിനോടൊപ്പം തന്നെ മുതലാളിത്ത ചൂഷണവും അര്‍ധഫ്യൂഡല്‍ ചൂഷണവും (രണ്ടുവിധത്തിലുള്ള വര്‍ഗചൂഷണവും) നിലനില്‍ക്കുന്നു. അതുകൊണ്ട് വര്‍ഗചൂഷണത്തിനും സാമൂഹികമായ അടിച്ചമര്‍ത്തലിനും (രണ്ടിനും) എതിരായ സമരം ഒരേസമയം നടത്തേണ്ടതുണ്ട്.

ഇന്ത്യയില്‍ സോഷ്യലിസത്തിലേക്കുള്ള അന്തരാളഘട്ടത്തിന്റെ പരിപാടിക്കുവേണ്ടി സി.പി.എം. പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ജനകീയ ജനാധിപത്യത്തിന്റെ ഈ ഘട്ടം കൈവരിക്കുന്നതിനുവേണ്ടി തൊഴിലാളിവര്‍ഗത്തിന്റെ നേതൃത്വത്തില്‍ വര്‍ഗശക്തികളുടെ സഖ്യം കെട്ടിപ്പടുക്കേണ്ടതുണ്ട്. ഇതിന് ശക്തമായ തൊഴിലാളി -കര്‍ഷക ഐക്യം കെട്ടിപ്പടുക്കുകയും വര്‍ഗചൂഷണത്തിന്റെയും സാമൂഹികമായ അടിച്ചമര്‍ത്തലിന്റെയും ദുരിതങ്ങള്‍ സഹിക്കുന്ന എല്ലാ ശക്തികളെയും അണിനിരത്തുകയും ചെയ്യേണ്ടതുണ്ട്. ഈ ലക്ഷ്യം നേടിയെടുക്കാന്‍ കഴിയുന്നതുവരെ, ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഇന്നത്തെ ബൂര്‍ഷ്വാ - ഭൂപ്രഭുനയങ്ങള്‍ക്കുള്ള ഇടതുപക്ഷ ജനാധിപത്യ ബദല്‍ ഊട്ടിയുണ്ടാക്കുന്നതിനാണ് ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.


'21-ാം നൂറ്റാണ്ടിലെ മാര്‍ക്‌സിസം' എന്ന വിഷയത്തെക്കുറിച്ച് ലണ്ടനില്‍ നടന്ന ഒരു സെമിനാറില്‍ സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അവതരിപ്പിച്ച പ്രബന്ധത്തിലെ പ്രസക്ത ഭാഗങ്ങള്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ