2012, ഫെബ്രുവരി 29, ബുധനാഴ്‌ച

പണിമുടക്കിയവരും മുടക്കാത്തവരും

പി എം മനോജ്
Posted on: 01-Mar-2012 05:25 AM
ലോകത്ത് ഇന്നുവരെ ഇത്രയധികം തൊഴിലാളികള്‍ ഒരുമിച്ച് ഇങ്ങനെയൊരു പണിമുടക്കില്‍ അണിചേര്‍ന്നിട്ടില്ല. പത്തുകോടിയിലധികം തൊഴിലാളികളും ജീവനക്കാരുമാണ് പലനിറത്തിലുള്ള കൊടികളുമായി ചൊവ്വാഴ്ചത്തെ പൊതുപണിമുടക്കില്‍ പങ്കെടുത്തത്. പത്ത് മുദ്രാവാക്യങ്ങളുയര്‍ത്തി 11 ട്രേഡ്യൂണിയനുകളുടെ സംയുക്ത സമിതി നേതൃത്വം നല്‍കിയ പണിമുടക്കിന് രാജ്യത്തെ മഹാഭൂരിപക്ഷം ജനങ്ങളുടെ വൈകാരികമായ പ്രാതിനിധ്യമുണ്ട്. ഇന്ത്യയില്‍ ഇന്നലെ ഉണ്ടായ ഏറ്റവും വലിയ സംഭവമേത് എന്ന ചോദ്യത്തിനുമാത്രമല്ല, ലോകത്ത് ഈ വര്‍ഷം ഉണ്ടായ ഏറ്റവും വലിയ സംഭവമേത് എന്ന ചോദ്യത്തിനും ഉത്തരം ഈ പണിമുടക്ക് എന്നുതന്നെയാണ്. വോയ്സ് ഓഫ് അമേരിക്കയുടെ വാര്‍ത്ത "ഇന്ത്യയിലെ ദേശവ്യാപക പണിമുടക്ക് സാമ്പത്തികനയങ്ങളെ ലക്ഷ്യം വെക്കുന്നു" എന്നാണ്. "തൊഴിലാളിവിരുദ്ധ" നയങ്ങളില്‍ പ്രതിഷേധിച്ച് നടത്തിയ ദേശവ്യാപക പണിമുടക്കില്‍ ഇന്ത്യയിലെ മൂന്നു സുപ്രധാന സാമ്പത്തികമേഖല സ്തംഭിച്ചു.

തൊഴിലാളികളും ജീവനക്കാരും വീട്ടിലിരുന്നതിനാല്‍ ഗതാഗത, സാമ്പത്തിക, പോസ്റ്റല്‍ സര്‍വീസുകള്‍ രാജ്യത്തിന്റെ പലഭാഗങ്ങളിലും തടസ്സപ്പെട്ടു. മന്‍മോഹന്‍സിങ്ങിന്റെ, കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാരിന് തിരിച്ചടിയാണ് ഈ പണിമുടക്കെന്നും പ്രധാനമന്ത്രിയുടെയും മറ്റധികാരികളുടെയും നിരന്തര അഭ്യര്‍ഥന തള്ളിയാണ് തൊഴിലാളികള്‍ പണിമുടക്കിയതെന്നും വാര്‍ത്തയില്‍ വിശദീകരിക്കുന്നു. സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ ആദ്യമായാണ് എല്ലാ ട്രേഡ്യൂണിയനുകളും യോജിച്ച് പണിമുടക്കുന്നതെന്നും രാഷ്ട്രീയമായി അടിച്ചമര്‍ത്തപ്പെടുന്നവരുടെ ഐക്യം ഒരുപരിധിവരെ ഇതിലൂടെ സാധിതമായെന്നും ഐഎന്‍ടിയുസി പ്രസിഡന്റ് ജി സഞ്ജീവ റെഡ്ഡി പറഞ്ഞതായും വോയ്സ് ഓഫ് അമേരിക്ക റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്ലൂംബെര്‍ഗ് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ , ദശലക്ഷക്കണക്കിന് ഇന്ത്യന്‍ തൊഴിലാളികള്‍ നടത്തിയ പണിമുടക്കില്‍ ബാങ്കുകള്‍ അടഞ്ഞുകിടന്നതിനെക്കുറിച്ചും പൊതുഗതാഗതം സ്തംഭിച്ചതിനെക്കുറിച്ചുമാണ് പറയുന്നത്. സാമ്രാജ്യത്വാനുകൂല വാര്‍ത്താ ഏജന്‍സികള്‍ക്ക് കാര്യം പിടികിട്ടി. പൊതുപണിമുടക്ക് ഇന്ത്യയിലെ ഏറ്റവും പ്രധാന വാര്‍ത്തയായിത്തന്നെ അവര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടിവന്നു. അതേസമയം, നമുക്ക് ചുറ്റുമുള്ള മാധ്യമങ്ങള്‍ എങ്ങനെ ഈ തൊഴിലാളിമുന്നേറ്റത്തെ കണ്ടു എന്ന് നോക്കുക. മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള പത്രമെന്ന് പറയാറുള്ള മലയാളമനോരമയുടെ ഒന്നാംപുറത്ത് പണിമുടക്ക് വാര്‍ത്തകളേയില്ല. അകംപേജില്‍ അവര്‍ നല്‍കിയിരിക്കുന്ന വാര്‍ത്തയുടെ തലക്കെട്ട് "അഖിലേന്ത്യാ പണിമുടക്ക് ഭാഗികം" എന്നാണ്. മറ്റൊരു പ്രമുഖ പത്രം "ജനങ്ങള്‍ വലഞ്ഞു" എന്നാണ് പണിമുടക്ക് വാര്‍ത്തയ്ക്കു നല്‍കിയ പ്രധാന ശീര്‍ഷകം.

ആരാണ് ഈ ജനങ്ങള്‍ ? രാജ്യത്തെ 11 ട്രേഡ്യൂണിയനുകളിലും തൊഴിലാളികളുടെയും ജീവനക്കാരുടെയും കേന്ദ്ര ഫെഡറേഷനുകളിലും അണിനിരന്ന ജനവിഭാഗങ്ങള്‍ ഈ വലയുന്ന ജനങ്ങളില്‍നിന്ന് എങ്ങനെ വേറിട്ട് നില്‍ക്കുന്നു? മനോരമതന്നെ അകത്തെ പേജില്‍ മറ്റൊരു സചിത്ര വാര്‍ത്ത കൊടുത്തിട്ടുണ്ട്. "പണി പാര്‍ടി കോണ്‍ഗ്രസിനെങ്കില്‍ പണിമുടക്കു ബാധകമല്ല" എന്ന്. ഇടത് യൂണിയനുകളടക്കമുള്ള സംയുക്ത ട്രേഡ് യൂണിയന്‍ പണിമുടക്കില്‍ സംസ്ഥാനം ഏതാണ്ട് പൂര്‍ണമായി നിശ്ചലമായപ്പോള്‍ സിപിഎം പാര്‍ടി കോണ്‍ഗ്രസിനായി ഒരുങ്ങുന്ന രണ്ടുവേദിയില്‍ തൊഴിലാളികള്‍ക്ക് പണിയോടുപണി എന്ന് വാര്‍ത്ത തുടരുന്നു. മാര്‍ച്ച് അഞ്ചിന് ആരംഭിക്കുന്ന ചരിത്രപ്രദര്‍ശനത്തിന്റെ പന്തല്‍ പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തകരുടെ ശ്രമത്തെയാണ് പണിമുടക്കിന്റെ ശോഭകെടുത്താനുള്ള മഹാസംഭവമായി മനോരമ അവതരിപ്പിച്ചത്. മുമ്പ് സിപിഐ എം സംസ്ഥാന സമ്മേളനം പാലക്കാട്ട് നടന്നപ്പോള്‍ , ആ സമ്മേളനത്തിലേക്ക് (പങ്കെടുത്ത പ്രതിനിധികളുടെ എണ്ണം അറുനൂറില്‍താഴെ) മീന്‍ വാങ്ങിയതുകൊണ്ട് പാലക്കാട് മാര്‍ക്കറ്റില്‍ മത്സ്യക്ഷാമം എന്ന് വാര്‍ത്ത കൊടുക്കാന്‍ ഒരുപത്രം സാഹസികത കാട്ടിയിരുന്നു. അതിലും വലിയ സാഹസികതയാണ് മലയാള മനോരമയുടേത്. പാര്‍ടി കോണ്‍ഗ്രസിനുവേണ്ടി വേദിയൊരുക്കുന്നതിലെ അസഹനീയത അവര്‍ പരിഹാസവാര്‍ത്തയിലൂടെ പ്രകടിപ്പിച്ചു. ഇന്ദിരഗാന്ധി വധത്തിനുശേഷം ഭ്രാന്തുപിടിച്ച കോണ്‍ഗ്രസുകാര്‍ സിഖ് സഹോദരങ്ങളെ കൂട്ടക്കൊലചെയ്തു. അന്നതിനെ കോണ്‍ഗ്രസ് പ്രസിഡന്റ് ലാഘവത്തോടെ വിശേഷിപ്പിച്ചത്, വന്‍മരം വീഴുമ്പോഴുണ്ടാകുന്ന സ്വാഭാവിക പ്രത്യാഘാതമായാണ്. മനുഷ്യമനഃസാക്ഷിയെ നടുക്കിയ കൂട്ടക്കുരുതിയെ പരസ്യമായി ന്യായീകരിച്ചപ്പോള്‍ അതിലെ അനൗചിത്യം ചൂണ്ടിക്കാണിക്കാന്‍പോലും നട്ടെല്ലുനിവര്‍ത്താതെ, സ്തുതിഗീതമാലപിച്ച മാധ്യമങ്ങള്‍ ഇന്നാട്ടിലുണ്ട്. അവര്‍ക്ക് രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യത്തേതെന്ന് നിസ്സംശയം പറയാവുന്ന തൊഴിലാളിമുന്നേറ്റത്തെ തുറന്നകണ്ണോടെ കാണാനാകുന്നില്ല. കോണ്‍ഗ്രസിന്റെ മൂവര്‍ണക്കൊടി കൈയിലേന്തിയ ലക്ഷക്കണക്കിനു തൊഴിലാളികള്‍ ചെങ്കൊടിയേന്തിയവര്‍ക്കൊപ്പം; കാവിക്കൊടിയേന്തിയവര്‍ക്കൊപ്പം അണിനിരന്ന മഹാസമരമാണിത്. ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി തൊഴിലാളികള്‍ ഭിന്നതകള്‍ മറന്ന് ഒറ്റശരീരമായി മാറിയ സുവര്‍ണമുഹൂര്‍ത്തം. ആ അത്യുജ്വല ചരിത്രസന്ദര്‍ഭത്തെ മലിനപ്പെടുത്താന്‍ തമ്പാനൂരില്‍നിന്ന് സെക്രട്ടറിയറ്റുവരെ നടന്നുപോകേണ്ടിവന്നതിന്റെ "ദുരിത"ത്തെക്കുറിച്ചുള്ള വര്‍ണനകള്‍ മാധ്യമങ്ങള്‍ അവതരിപ്പിക്കുകയാണ്. പണിമുടക്കല്ല മനോരമ കണ്ടത്- അക്രമമാണ്. ലക്ഷക്കണക്കിനു തൊഴിലാളികള്‍ പല നിറങ്ങളിലുള്ള കൊടികളേന്തി പണിമുടക്കി തെരുവിലിറങ്ങി മുഴക്കിയത് ഇന്നാട്ടിലെ സാധാരണക്കാരായ ഓരോരുത്തര്‍ക്കുംവേണ്ടിയുള്ള മുദ്രാവാക്യങ്ങളാണ്. ആ മുദ്രാവാക്യത്തെക്കുറിച്ച് എഴുതാതെ, "പന്നി കിണറ്റില്‍വീണ" വാര്‍ത്തയ്ക്കുപോലും അമിത പ്രാധാന്യം നല്‍കുമ്പോള്‍ മാധ്യമപ്രവര്‍ത്തനം എന്ന പ്രയോഗത്തിന്റെ ഏറ്റവും മോശപ്പെട്ട അര്‍ഥംപോലും ചോര്‍ന്നുപോകുന്നു. അന്നന്ന് ഓട്ടോ ഓടിച്ചുകിട്ടുന്ന പണംകൊണ്ട് വീട്ടിലേക്ക് അരിവാങ്ങുന്നവരാണ് മഹാഭൂരിപക്ഷം ഓട്ടോ ഡ്രൈവര്‍മാരും. കയറുപിരിക്കുന്നവരും തൊണ്ട് തല്ലുന്നവരും ബീഡിതെറുക്കുന്നവരും ടാക്സി ഓടിക്കുന്നവരും നെയ്ത്തുകാരും കശുവണ്ടിത്തൊഴിലാളികളുമെല്ലാം പണിമുടക്കിയിട്ടുണ്ട്. അവര്‍ക്ക് ഒരുദിവസത്തെ വേതനം നഷ്ടപ്പെടുകയെന്നാല്‍ അന്ന് അടുപ്പില്‍ തീ പുകയാതിരിക്കുക എന്നാണര്‍ഥം. ആ ത്യാഗത്തിന് അവര്‍ തയ്യാറാകുന്നത് പിറ്റേന്ന് കൂലിക്കൂടുതല്‍ കിട്ടും എന്ന് കരുതിയിട്ടല്ല. ജി സഞ്ജീവ റെഡ്ഡി ഇന്ത്യയിലെ മുന്‍നിര ട്രേഡ് യൂണിയന്‍ നേതാവുമാത്രമല്ല, ഇന്ത്യന്‍ നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനും ഇന്ത്യന്‍ നാഷണല്‍കോണ്‍ഗ്രസിന്റെ പ്രതിനിധിയായ പാര്‍ലമെന്റ് അംഗവുമാണ്. കോണ്‍ഗ്രസിനുവേണ്ടി അഹോരാത്രം പാടുപെടുന്ന മാധ്യമങ്ങള്‍ ആ നേതാവിന്റെ വാക്കുകള്‍ തമസ്കരിക്കുന്നുണ്ടെങ്കില്‍ അതിനു പിന്നിലെ താല്‍പ്പര്യങ്ങള്‍ ചികഞ്ഞുനോക്കേണ്ടതുതന്നെയാണ്.

കോണ്‍ഗ്രസിനെയും അതിന്റെ നയങ്ങളെയും സഹായിക്കുന്നവര്‍ പരസ്യമായിത്തന്നെ കോണ്‍ഗ്രസിലെ തൊഴിലാളികളുടെ പ്രശ്നങ്ങളെ ഇകഴ്ത്തിക്കാട്ടുകയും അവഗണിക്കുകയും ചെയ്യുന്നു എന്നത് ഈ പണിമുടക്ക് റിപ്പോര്‍ട്ടിങ്ങില്‍ കൂടുതല്‍ വ്യക്തമാക്കപ്പെടുകയാണ്. താല്‍പ്പര്യം കൊടിയുടേതല്ല; വര്‍ഗത്തിന്റേതാണ്. ദില്ലിയിലെ രാംലീലാ മൈതാനിയില്‍ ബാബാ രാംദേവ് നൃത്തസത്യഗ്രഹം നടക്കുന്നിടത്ത് ആളെ എത്തിച്ചാല്‍ രാഷ്ട്രീയമായ അപകടമില്ലെന്ന് മനോരമയ്ക്കറിയാം. അതേസമയം, തൊഴിലാളികള്‍ പൊതുപ്രശ്നങ്ങളുയര്‍ത്തി യോജിച്ചുനില്‍ക്കുമ്പോള്‍ ബൂര്‍ഷ്വാരാഷ്ട്രീയത്തിനുണ്ടാകുന്ന വെല്ലുവിളിയുടെ ഗൗരവവും അവര്‍ക്കറിയാം. രാംദേവും ആള്‍ദൈവ വ്യവസായവും പ്രകീര്‍ത്തിക്കപ്പെടുമ്പോള്‍ സഞ്ജീവറെഡ്ഡി തമസ്കരിക്കപ്പെടുന്നതിന്റെ പൊരുള്‍ അവിടെയാണ്. പടിഞ്ഞാറന്‍ ബംഗാളില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പോടെ ഇടതുപക്ഷം നിലംപരിശായെന്ന് പ്രചരിപ്പിച്ചവരും അങ്ങനെ വിശ്വസിച്ചവരുമുണ്ട്്. ബംഗാളില്‍ പണിമുടക്കിനെപ്പറ്റി മനോരമ എഴുതുന്നു: "ബംഗാളിലും പണിമുടക്ക് ഭാഗികമായിരുന്നു. പണിമുടക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും "സര്‍വീസ്ബ്രേക്ക് ആകുമെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന സെക്രട്ടറിയറ്റില്‍ ഇന്നലെ 65 ശതമാനംപേരും ജോലിക്കെത്തി. റയില്‍ , റോഡ് ഗതാഗതം തടഞ്ഞ നൂറോളം പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്." പ്രമുഖ ഇഗ്ലീഷ് പത്രമായ ഡെക്കാന്‍ഹെറാള്‍ഡ് കൊല്‍ക്കത്തയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്, "പണിമുടക്ക് ബംഗാളിനെ ബാധിച്ചപ്പോള്‍ മമതയുടെ മുഖം ചുവന്നു." എന്നാണ്. തൃണമൂല്‍കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാരിന്റെ എല്ലാ എതിര്‍പ്പുകളെയും അതിജീവിച്ച് വിജയം വരിച്ച പണിമുടക്കില്‍ , റോഡുകള്‍ വിജനമായെന്നും ഓട്ടോറിക്ഷകളും ടാക്സിയും ഓടിയില്ല എന്നും ഇടതുഭരണമുണ്ടായിരുന്ന കാലത്തെ പ്രതീതിയാണ് ഇതുണര്‍ത്തിയതെന്നും ആ പത്രംപറയുന്നു.

ഇടതുപക്ഷത്തിന്റെ തിരിച്ചുവരവിന്റെ സൂചനയായി പണിമുടക്കിനെ പ്രധാന മാധ്യമങ്ങള്‍ വിലയിരുത്തിയപ്പോഴാണ്, റോഡും റെയിലും തടഞ്ഞ നൂറോളംപേരുടെ അറസ്റ്റ് എന്ന "നിസ്സാരസംഭവ"മാക്കി മനോരമ അതിനെ ചുരുക്കിക്കളഞ്ഞത്. നാം പണംകൊടുത്ത് വാങ്ങി വായിക്കുന്ന പത്രങ്ങള്‍ എത്രമാത്രം വഞ്ചനയാണ് നമ്മളോട് കാണിക്കുന്നത് എന്ന് ഓര്‍ത്തുനോക്കാനുള്ള സന്ദര്‍ഭവുമാണിത്. ഇറ്റാലിയന്‍ കപ്പലില്‍നിന്ന് വെടിയുതിര്‍ത്ത് പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ജീവനെടുത്തവരെ മഹത്വപ്പെടുത്താനും അവരുടെ രക്ഷകരെ വെള്ളപൂശാനും അതിന്റെ ജാള്യം മറയ്ക്കാനും മനോരമ ഡസനിലേറെ വാര്‍ത്ത കൊടുത്തിട്ടുണ്ട് ഫെബ്രുവരി 29ന്. ഇറ്റാലിയന്‍ കൊലയാളികളോടാണ് അവര്‍ക്ക് ഇന്ത്യന്‍ തൊഴിലാളികളോടുള്ളതിനേക്കാള്‍ ബന്ധുത്വം. പത്രമുടമകളുടെ ആ താല്‍പ്പര്യം മനസ്സിലാക്കാവുന്നതേയുള്ളൂ. അബദ്ധത്തിലെങ്കിലും തൊഴിലാളികള്‍ക്കനുകൂലമായിവരുന്ന ഒരു വാര്‍ത്ത വെളിച്ചം കാണരുത്, അതിനുമേലാകട്ടെ പന്നി കിണറ്റില്‍ വീണ വാര്‍ത്ത എന്നു കരുതുന്ന ചില മാധ്യമപ്രവര്‍ത്തകരുടെ അല്‍പ്പത്തത്തെ അങ്ങനെ മനസ്സിലാക്കാനും പ്രയാസമാണ്. അവരോട്, "നിങ്ങള്‍ ജീവിക്കുന്നത് ഈ നാട്ടിലല്ലേ" എന്ന് ചോദിച്ചുപോയാല്‍ ആരും നെറ്റിചുളിക്കില്ല.

2012, ഫെബ്രുവരി 26, ഞായറാഴ്‌ച

എന്തുകൊണ്ട് നമ്മള്‍ പണിമുടക്കുന്നു.


1990 കളില്‍ അന്നത്തെ ഇന്ത്യയുടെ ധനകാര്യ വകുപ്പ് മന്ത്രിയും ഇന്നത്തെ പ്രധാനമന്ത്രിയുമായ വായില്ല കുന്നില്‍ മന്‍മോഹന്‍ സിംഗ് നമ്മുടെ രാജ്യത്തേക്ക് പുതിയൊരു നയം കെട്ടിയിറക്കി.അമേരിക്കയും അവരുടെ പിണിയാളുകളും കൂട്ടിനു ലോകബാങ്കും നടപ്പില്ലാക്കിയ ആഗോളവത്കരണമായിരുന്നു അത്.ഈ നയം നടപ്പിലാക്കുമ്പോള്‍ വായില്ല കുന്നിലപ്പന്‍ രാജ്യത്തെ അടിസ്ഥ ന വര്‍ഗ്ഗത്തോടുപറഞ്ഞത് പുതിയ നയം നടപ്പകുന്നതോടുകൂടി നിങ്ങളുടെയെല്ലാം ജീവിതം സ്വര്‍ഗ്ഗ തുല്യമാകാന്‍ പോകുന്നു.

അന്നുതന്നെ ഈ നടപടിയെ ഇടതുപക്ഷം ശക്തമായി എതിര്‍ത്തു.പക്ഷെ വികസന വിരോധികള്‍ എന്നുവിളിച് നമ്മളെ കളിയാക്കി.ഇന്ന് ഈ നയം നടപ്പാക്കിയ എല്ലാ രാജ്യങ്ങളും തകര്‍ന്ന് തരിപ്പണമാകുന്ന കാഴ്ചയാണ് കാണുന്നത്.പണം ഉള്ളവന്റെ പറുദീസയായ പാരിസ് ഇന്ന് തൊഴിലാളി പണിമുടക്കുകള്‍ കൊണ്ടു സ്തംഭിച്ചിരിക്കുകയാണ്.വീട്ടമ്മമാര്‍ മുതല്‍ എല്ലാ തുറയില്‍ പെട്ടവരും ഇന്ന് തെരുവില്‍ ഇറങ്ങി ജീവിതസമരം നടത്തുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്‌.

അമേരിക്കക്ക് എന്നും പിന്തുണനല്‍കിയിരുന്ന ഗ്രീസ് സാമ്പത്തികമായി നിന്ക്കകള്ളിയില്ലാതെ നട്ടം തിരിയുകയാണ്.എന്തിനേറെ പറയണം തലതൊട്ടപ്പന്‍ അമേരിക്ക നിലയില്ല കയത്തിലേക്ക് താഴുകയാണ്.ഇതൊക്കെയാണെങ്കിലും നമ്മുടെ രാജ്യം ഭരിക്കുന്ന കോണ്ഗ്രസ് എന്ന നട്ടെല്ലില്ല ജിവിക്കും അതിന്റെ കുട്ടികള്‍ക്കും ഇതൊന്നും കാണാന്‍ കഴിയുന്നില്ല .

മുതലാളിത്ത രാജ്യങ്ങളിലെ അവസ്ഥ ഇതാണെങ്കില്‍ നമ്മുടെ രാജ്യത്തിന്റെ അവസ്ഥ മറ്റൊന്നല്ല.പുതിയ നയം നടപ്പാക്കിതുടങ്ങിയിട്ട് ഇരുപതു വര്‍ഷം പിന്നിടുമ്പോള്‍ രാജ്യത്തെ അടിസ്ഥാനവര്‍ഗ്ഗം ജീവിക്കാന്‍ നെട്ടോട്ടമോടുകയാണ്.കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്രൈം റെക്കോര്‍ഡ്‌ ബ്യുറോ യുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് ഇവിടെ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം 15 ലക്ഷം കവിഞ്ഞിരിക്കുന്നു. ഇവരെല്ലാം തന്നെ കടക്കെണിമൂലം ആത്മഹത്യ ചെയ്തവരാണ്.


വിദര്‍ഭ നമ്മുടെ പരുത്തിയുടെ കലവറ ആയിരുന്നെങ്ങില്‍ ഇന്ന് നമുക്ക് അവിടങ്ങളിലെ കൃഷിസ്ഥലത്ത്‌ കാണാന്‍ കഴിയുന്നത്‌ മരിച്ച (അല്ലെങ്ങില്‍ കൊണ്ഗ്രസ്സുതമ്പുരാന്‍മാര്‍ കൊന്നുതള്ളിയ) കര്‍ഷകരുടെ ശവകല്ലറകളാണ്.ഹിന്ദുവിന്റെ ഗ്രാമിന വാര്‍ത്താവിഭാഗം തലവന്‍ സായിനാഥ്‌ നടത്തിയ പഠനത്തില്‍ അദ്ദേഹം കണ്ടെത്തിയത് നമ്മുടെ രാജ്യത്തെ കര്‍ഷകരില്‍ 38 % കാര്‍ഷികജോലി ഉപേക്ഷിച്ചു പറയാന്‍ അറക്കുന്ന പണിവരെ ചെയ്തുകൊണ്ട് അന്യസംസ്ഥാനങ്ങളില്‍ നരഗതുല്യമായ ജിവിതം നയിക്കുന്നു എന്നാണ്.

കാര്‍ഷിക സംസ്ഥാനമായ പഞാബില്‍ ഇന്ന് കര്‍ഷകന്‍ ടേണ്‍ അനുസരിച്ച് ഭക്ഷണം കഴിക്കേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.കാര്‍ഷിക മേഘലയെ സംരക്ഷിക്കുന്നതിനു പകരം ഉദരവത്കരണത്തിന്റെ പേരില്‍ വന്‍കിട കുത്തകകള്‍ക്ക് ആരംഗത്തെ അടിയറ വക്കുകയാണ് മന്‍മോഹന്‍ ചെയ്തത്.

യു പി യിലെ ഒരു ഗ്രാമത്തില്‍ മാത്രം വിശന്നു മരിച്ചത് നൂറുകണക്കിന് സ്ത്രീകളാണ്.ആ സംസ്ഥാനത്തില്‍ ഇന്ന് സ്ത്രികളെ കുട്ടികളെ വില്‍ക്കുന്ന ചന്തകള്‍ പ്രവര്‍ത്തിക്കുന്നു എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നു. ഈ സംസ്ഥാനത്തെയാണ് അമ്മ മഹാറാണിയും അഭിനവ രാജകുമാരനും പ്രതിനിധാനം ചെയുന്നത് എന്നത് വിരോധാഭാസമാണ്.റോഡ്‌ ഷോ നടത്തി രാജ്യത്തെ കബളിപ്പിക്കുന്ന ഇവരുടെ കള്ളത്തരം തിരിച്ചറിയുക തന്നെചെയ്യും.അവശേഷിക്കുന്ന കര്‍ഷകന്‍ എങ്ങിനെയെങ്കിലും ജീവിക്കാന്‍ തീരുമാനിക്കുമ്പോള്‍ അവന്റെ ശവപ്പെട്ടിക്കു അവസാന അണിയെന്നനിലക്ക് ആകെയുണ്ടായിരുന്ന അനുകൂല്യമായ വളം സബ്സിഡിയും എടുത്തുകളയുന്നു.

പട്ടിണി നമ്മുടെ രാജ്യത്തെ നമ്മുടെ രാജ്യത്തെ സ്ത്രീകളുടെയും കുട്ടികളുടെയും സ്ഥിതിയെ കുറിച്ച് പുറത്തു വന്നു കൊണ്ടിരിക്കുന്ന റിപ്പോര്‍ട്ട്‌കള്‍ ഒട്ടും ആശാവഹമായതല്ല.കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം രാജ്യത്ത് പ്രതിവര്‍ഷം രണ്ടര ലക്ഷം ഗര്‍ഭിണികള്‍ പോഷകാഹാര കുറവ് മൂലം മരിച്ചുവീഴുന്നു എന്നും,കുട്ടികളില്‍ നാല്‍പ്പതു ശതമാനത്തിനുമുകളില്‍ വിളര്‍ച്ചയും ഭാരമില്ലയ്മയും ഉള്ളവരാണെന്നും എടുത്തുപറയുന്നു.ലോകാരോഗ്യ സംഘടന പറയുന്നത് ലോകത്ത് പോഷകാഹാരകുറവു കൊണ്ടു മരണത്തിനു കീഴടങ്ങുന്ന നവജാത ശിശുക്കളില്‍ 35 % നവും നമ്മുടെ രാജ്യത്തു നിന്നാണ് എന്നാണ്. ഗ്രാമീണ മേഘലയിലെ കുട്ടികളുടെ വിദ്യാഭ്യാസം ഇല്ലാതായിരിക്കുന്നു.തൊഴിലാളികളുടെ സ്ഥിതി മറ്റൊന്നല്ല, ദേശീയ സാമ്പത്തിക കമ്മിഷന്‍ പറയുന്നത് ഇവിടുത്തെ എഴുപതു ശതമാനം തൊഴിലാളികളുടെ ദിവസവരുമാനം കേവലം 16 ക്കും 20 രൂപക്കും ഇടയില്‍ മാത്രമാണെന്നാണ്.


നന്നായി മരിക്കാന്‍ മിനിമം 100 രൂപ വേണ്ട ഈ കാലത്ത് ഭൂരിപക്ഷ തൊഴിലാളികള്‍ ചുരുങ്ങിയ ഈ വരുമാനത്തില്‍ വേണം കുടുംബം പുലര്‍ത്താന്‍.ഉള്ള തൊഴില്‍ മേഖല ഒന്നൊന്നായി വിറ്റുതുലക്കുകയാണ്.ബി എസ് എന്‍ എല്‍ , റെയില്‍വേ, നവരത്ന സ്ഥാപങ്ങള്‍ അങ്ങിനെ പോകുന്നു പട്ടിക. തൊഴിലില്ലായ്മ ഏറ്റവും കൂടുതലുള്ള ഒരു രാജ്യത്താണ് സര്‍ക്കാര്‍ ഉള്ള തൊഴിലുകൂടി ഇല്ലാതാക്കുന്നത്.

സമ്രാജ്യത്തെ കുത്തക മുതലാളിക്ക് വേണ്ടി എന്തും ചെയ്തുകൊടുക്കുക അവന്റെ ലാഭം വര്‍ധിപ്പിക്കാന്‍ തൊഴിലാളിയെ കുരുതി കൊടുക്കാന്‍ അവനെ സഹായിക്കുക. അതിന്റെ ഭാഗമായി തൊഴില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്താന്‍ സര്‍ക്കാര്‍ കൂട്ട് നിന്ക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇത്തരതിലെല്ലാം ജീവിക്കാനുള്ള അവകാശത്തെ അധിക്കാരം ഉപയോഗിച്ച് അടിച്ചമാര്തുമ്പോള്‍ അതിനെതിരെ പ്രതികരിക്കേണ്ടത് തൊഴിലാളികളുടെ കടമയാണ്. നല്ലൊരു നാളെ നമ്മുടെ വെറും സ്വപ്നമല്ലെന്നും അത് ഞങ്ങടെ അവകാശമാണെന്നും അത് ഞങ്ങള്‍ നേടുകതന്നെ ചെയ്യുമെന്നും പ്രഖ്യാപിക്കുന്ന ദിവസം കോടിയാണ് ഈ വരുന്ന 28 .ഈ സമരത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ തോല്‍പ്പിക്കുന്നത്‌ നിങ്ങളുടെ അടുത്ത തലമുറയെ തന്നെയാണെന്ന് മനുസ്സിലാക്കുക.

2012, ഫെബ്രുവരി 23, വ്യാഴാഴ്‌ച

ബര്‍ണാഡ്ഷായും ഐന്‍സ്റ്റീനും പിന്നെ കമ്യൂണിസ്റ്റ് പാര്‍ടിയും


http://jagrathablog.blogspot.in/2012/02/blog-post_4653.html


ഇന്ത്യന്‍ കമ്യൂണിസ്റ്റുകാരുടെ മോചനത്തിന് വിശ്വപ്രശസ്ത ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട് ഐന്‍സ്റ്റൈന്‍ ഇടപെടുക, ലോകസാഹിത്യത്തിലെ പ്രതിഭാചക്രവര്‍ത്തിയായ ബര്‍ണാഡ്ഷായും എച്ച് ജി വെല്‍സും കമ്യൂണിസ്റ്റുകാര്‍ക്കായി ശബ്ദമുയര്‍ത്തുക.. പി സി ജോഷിയും മുസാഫിര്‍ അഹമ്മദും എസ് വി ഘാട്ടെയും അധികാരിയും അടക്കമുള്ള ഇന്ത്യന്‍ കമ്യൂണിസ്റ്റ്പ്രസ്ഥാനത്തിന്റെ നായകരെ രക്ഷിക്കാന്‍ ഇവരൊന്നിച്ച് ആവശ്യപ്പെട്ടതറിയുക. ചരിത്രത്തിലെ ആവേശജനകവും വികാരഭരിതവുമായ ഒരുപാടേടുകള്‍ ഇന്നലെകളിലുണ്ട്. അതറിയാന്‍ , കാണാന്‍ , വായിക്കാന്‍ മാര്‍ച്ചില്‍ കോഴിക്കോട്ടേക്ക് വരിക. സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായ ചരിത്രപ്രദര്‍ശനം ഇന്നലെകളിലെ അറിയപ്പെടാത്ത ചരിത്രത്തിന്റെ നിലവറകള്‍ നിങ്ങള്‍ക്ക് തുറന്നുതരും. അഞ്ചിന് പ്രദര്‍ശനം ആരംഭിക്കും.

സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ മുഖ്യാധാരാ ചരിത്രപുസ്തകങ്ങളില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും അതിന്റെ നേതാക്കളെയും കാണില്ല. കാരണം കമ്യൂണിസ്റ്റുകാരെ അട്ടിമറിക്കാരും ചാരന്മാരുമായി സ്വാതന്ത്ര്യസമരകാലത്ത് മുദ്രകുത്താന്‍ കോണ്‍ഗ്രസിലെ വലിയൊരു വിഭാഗമുണ്ടായിരുന്നു. ബ്രിട്ടീഷ് പട്ടാളം വിപ്ലവകാരികളായ കമ്യൂണിസ്റ്റുകാര്‍ ശത്രുക്കളാണെന്ന് വിളംബരംചെയ്ത് വേട്ടയുമാരംഭിച്ചു. നമ്മുടെ ഔദ്യോഗിക ചരിത്രങ്ങളില്‍ അതിനാല്‍തന്നെ കമ്യൂണിസ്റ്റുകാര്‍ പ്രതിയായ മീററ്റ് ഗൂഢാലോചനാകേസ് വലിയ ഭീകരപ്രവര്‍ത്തനമായാണ് അവതരിപ്പിക്കപ്പെടാറ്. മീററ്റ് ഗൂഢാലോചനാ കേസ്, പെഷവാര്‍ ഗൂഢാലോചനാ കേസ്, കാണ്‍പൂര്‍ ഗൂഢാലോചനാ കേസ്... ചരിത്രപുസ്തകങ്ങളില്‍ വായിച്ചുപോയ ഈ കേസുകള്‍ എന്താണ്? കമ്യൂണിസ്റ്റുകാര്‍ എന്ത് ഗൂഢാലോചനയാണ് സംഘടിപ്പിച്ചത്. ഭീകരവാദികളും അട്ടിമറിക്കാരുമായി കമ്യൂണിസ്റ്റുകാരെ വേട്ടയാടിയതിന്റെ യാഥാര്‍ഥ്യമെന്ത്.... നിറംപിടിപ്പിച്ച നുണകള്‍ക്ക് പിന്നിലെ ചരിത്രവസ്തുതകളിതാ ശരിയായറിയാം, ചരിത്രപ്രദര്‍ശനത്തിലൂടെ. മുഖ്യധാരാചരിത്രങ്ങള്‍ കമ്യൂണിസ്റ്റുകാര്‍ക്കെതിരെ കെട്ടിഎഴുന്നള്ളിക്കുന്ന നുണകള്‍ ഇന്നത്തെ വലതുപക്ഷ മാധ്യമങ്ങളിലേതിലും ഭീകരമായിരുന്നു എന്ന് മനസിലാക്കാനും കാണ്‍പൂരിന്റെ, മീററ്റിന്റെ, പെഷവാറിന്റെ ഉള്ളറകള്‍ .... അന്ന് വേട്ടയാടപ്പെട്ട ധീരന്മാരുടെ വിശദാംശങ്ങള്‍ പഠിക്കാനും സഹായിക്കും പ്രദര്‍ശനം.

1929-ലാണ് മീററ്റ് ഗൂഢാലോചനാ കേസ്. ബ്രിട്ടീഷ് ചക്രവര്‍ത്തിയെ നിഷ്കാസിതനാക്കാന്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു ആരോപണം. "ബോള്‍ഷെവിക് വിപത്ത്" തടയാന്‍ കമ്യൂണിസ്റ്റുകാര്‍ , തൊഴിലാളി-കര്‍ഷക പാര്‍ടി പ്രവര്‍ത്തകര്‍ , ദേശീയവാദികള്‍ എന്നിവരെ അറസ്റ്റുചെയ്യുകയായിരുന്നു. 31 പ്രതികളില്‍ 18 കമ്യൂണിസ്റ്റുകാര്‍ , 7 എഐസിസി മെമ്പര്‍മാര്‍ . മുസാഫിര്‍ അഹമ്മദ്, എസ് വി ഘാട്ടെ, ജി അധികാരി, എസ് എ ഡാങ്കെ, ബഞ്ചമിന്‍ ബ്രാഡ്ലി, ഫിലിപ്സ് പ്രാറ്റ്, പി സി ജോഷി എന്നിവര്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്നു. ആല്‍ബര്‍ട് ഐന്‍സ്റ്റൈന്‍ , ഹാരോള്‍ഡ് ലാസ്കി, എച്ച് ജി വെല്‍സ്, ബര്‍ണാഡ് ഷാ, റൊമാന്‍ റോളങ് എന്നിവര്‍ പ്രതികളെ മോചിപ്പിക്കാനാവശ്യപ്പെട്ട് അന്ന് രംഗത്തുവന്നു. ഗാന്ധിജിയും നെഹ്റുവും പ്രതികളെ ജയിലില്‍ സന്ദര്‍ശിക്കുന്നു. മോത്തിലാല്‍ നെഹ്റുവും മുഹമ്മദാലി ജിന്നയും അന്ന് കമ്യൂണിസ്റ്റുകാര്‍ക്കുവേണ്ടി കോടതിയില്‍ വാദിച്ചതും സ്വാതന്ത്ര്യസമരം തങ്ങളുടെ കുത്തകയാണെന്ന് ധരിക്കുന്നവര്‍ മൂടിവയ്ക്കുന്ന വസ്തുതകള്‍ . പെഷവാര്‍ , കാണ്‍പൂര്‍ ഗൂഢാലോചനാകേസുകളുടെ വിശദാംശങ്ങളും പ്രദര്‍ശനത്തിലുണ്ട്.

2012, ഫെബ്രുവരി 15, ബുധനാഴ്‌ച

മാര്‍ക്സിസവും തലയില്ലാത്ത പരിഷ്കരണവാദങ്ങളും

പ്രതികരണം... പി.പി. സത്യന്
                                                                                                ‍http://www.madhyamam.com/weekly/1080
വഷളന്‍ ഭൗതികവാദികളുടെയും (vulgar materialist) ആശയവാദികളുടെയും വിചാരങ്ങള്‍ പരസ്പരം പൂരിപ്പിക്കുന്നതാണ്. മാര്‍ക്സിസ-ലെനിനിസത്തെ ഇനിയും മനസ്സിലാക്കാന്‍ കഴിയാത്ത വഷളന്‍ ഭൗതികവാദികള്‍ രൂപപ്പെടുത്തിയ വികല ധാരണകളാണ് മാര്‍ക്സിസ്റ്റ് വിമര്‍ശമായി ഇന്ന് പൊതുസമൂഹത്തില്‍ കൂടുതലായും ചര്‍ച്ചചെയ്യപ്പെടുന്നത്. ഇത്തരം ധാരണകളുടെ ഒരു പൊതു സവിശേഷത, അവയെല്ലാം ഒറ്റനോട്ടത്തില്‍ യാഥാര്‍ഥ്യമാണെന്ന് തോന്നും എന്നുള്ളതാണ്. ലളിതവത്കരിച്ചുകൊണ്ടാണ് ഏറ്റവും സങ്കീര്‍ണമായ മുതലാളിത്ത പ്രത്യയശാസ്ത്രരൂപങ്ങള്‍ സമൂഹത്തിന്‍െറ ബോധമണ്ഡലത്തിലേക്ക് കടന്നുവരുന്നത്. ഇതിന്‍െറ മികച്ച ഉദാഹരണമാണ് എം.പി. പരമേശ്വരന്‍െറ ‘ഇടതുപക്ഷത്തിന്‍െറ പുതിയ ദിശകള്‍’ എന്ന ലേഖനം. ഡോ. കാള്‍ മാര്‍ക്സും ഏംഗല്‍സും ‘കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ’യില്‍ പരാമര്‍ശിച്ച ഫ്യൂഡലിസത്തിന്‍െറയും ലെനിന്‍ എതിരിട്ട ‘നരോദ്നിക്കു’കളുടെയും പരിഷ്കരണവാദികളുടെയും തണലില്‍ വളര്‍ന്ന തലയില്ലാത്ത തിരുത്തല്‍വാദത്തിന്‍െറ പുനരാവര്‍ത്തനമാണ് എം.പി. പരമേശ്വരനും നടത്തുന്നത്.
 ‘‘ഇരുപതാം നൂറ്റാണ്ടിലെ സോഷ്യലിസ്റ്റ് പരീക്ഷണങ്ങളുടെ പരാജയം അധ്വാനിക്കുന്ന വര്‍ഗങ്ങള്‍ക്കേറ്റ കനത്ത ഒരു തിരിച്ചടിയായിരുന്നു.’’
തുടര്‍ന്ന് സോഷ്യലിസ്റ്റ് പരീക്ഷണങ്ങളുടെ പരാജയത്തെക്കുറിച്ച് അദ്ദേഹം വാചാലനാകുന്നു. മാര്‍ക്സിസത്തെക്കുറിച്ചല്ല. മാര്‍ക്സിസത്തെ എതിര്‍ക്കുന്നതിന്‍െറ ഭാഗമായി സോഷ്യലിസ്റ്റ് പരീക്ഷണങ്ങളെക്കുറിച്ചാണ് വഷളന്‍ ഭൗതികവാദികള്‍ എന്നും വാചാലരായിട്ടുള്ളത്. അനേകായിരം വര്‍ഷങ്ങള്‍കൊണ്ട് ലോകചരിത്രത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെ ഏതാനും ദശകങ്ങള്‍കൊണ്ട് യാഥാര്‍ഥ്യമാക്കുകയായിരുന്നു സോവിയറ്റ് യൂനിയന്‍, ചൈന തുടങ്ങിയ സോഷ്യലിസ്റ്റ് രാജ്യങ്ങള്‍. എന്നാല്‍, അവിടെ നിലനിന്ന സോഷ്യലിസ്റ്റ് വ്യവസ്ഥ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ സംഭവിച്ച പരാജയം ഒരു യാഥാര്‍ഥ്യം തന്നെയാണ്. പക്ഷേ, കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഈ രാജ്യങ്ങളില്‍ നടന്ന പ്രവര്‍ത്തനത്തിന്‍െറ ചരിത്രപരമായ അന്തഃസത്തയെ സോഷ്യലിസ്റ്റ് പരിഷ്കാരങ്ങളിലേക്ക് ചുരുക്കിക്കാണിക്കുന്നത് ശരിയായ കാഴ്ചപ്പാടല്ല. ഫ്യൂഡല്‍വ്യവസ്ഥയിലും രാജഭരണത്തിലും കൊളോണിയല്‍ വ്യവസ്ഥയിലും ഇവയെല്ലാം സൃഷ്ടിച്ച ജീര്‍ണമായ സാമൂഹികാചാരങ്ങളിലും പഴഞ്ചന്‍ പ്രത്യയശാസ്ത്രങ്ങളിലും വീര്‍പ്പുമുട്ടി മൃഗസമാനരായി ജീവിച്ച അനേകകോടി ജനതയെ മാര്‍ക്സിസ-ലെനിനിസം പുതിയ ലോകത്തിലേക്ക് കൈ പിടിച്ചുയര്‍ത്തി. നഗ്നമായ ചൂഷണങ്ങളില്‍നിന്നും അടിച്ചമര്‍ത്തലുകളില്‍നിന്നും അപമാനവീകരണങ്ങളില്‍നിന്നും വലിയൊരുപരിധിവരെ മോചിതരാക്കി. സോഷ്യലിസ്റ്റ് രാജ്യങ്ങളിലെല്ലാം ഈ മാറ്റം പ്രകടമായിരുന്നു. മാത്രമല്ല, ഇന്ത്യയെപ്പോലുള്ള മുതലാളിത്ത രാജ്യങ്ങളിലും എണ്ണത്തില്‍ ചെറുതെങ്കിലും ജനങ്ങളെ സംഘടിതരാക്കി. ബഹുവിധ മര്‍ദനങ്ങളില്‍നിന്നും മോചിതരാക്കി. മുതലാളിത്തത്തിന്‍െറ സങ്കീര്‍ണമായ ചൂഷണരൂപങ്ങളെക്കുറിച്ച് ബോധവാന്മാരാക്കി. വരാനിരിക്കുന്ന വെല്ലുവിളികളെക്കുറിച്ച് ചിന്തിക്കാന്‍ പ്രചോദനം നല്‍കി. ഇത്തരം പരിവര്‍ത്തനങ്ങളെ കാണാതെ സോഷ്യലിസ്റ്റ് പരീക്ഷണങ്ങളുടെ പരാജയം മാത്രം എടുത്തുപറയുന്ന പരിഷ്കരണവാദികള്‍ക്ക് ഇനിയും മാര്‍ക്സിസ- ലെനിനിസത്തിന്‍െറ ദാര്‍ശനികവും പ്രത്യയശാസ്ത്രപരവുമായ അന്തഃസത്ത മനസ്സിലായിട്ടില്ല.
നവലിബറല്‍
മുദ്രാവാക്യങ്ങള്‍
മാര്‍ക്സിസ-ലെനിനിസമെന്നാല്‍ കേവലം ഭരണപരമായ പരിഷ്കാരങ്ങളല്ല. അത് എം.പി. പരമേശ്വരനെപ്പോലുള്ള ശുദ്ധശാസ്ത്രവാദികളായ സാമ്പത്തികശാസ്ത്രവാദികള്‍ കരുതുംപോലെ വര്‍ഗസഹകരണത്തിലൂടെ വികസിപ്പിക്കേണ്ട സാമൂഹികവ്യവസ്ഥയെക്കുറിച്ചുള്ള തത്ത്വശാസ്ത്രവുമല്ല. മുതലാളിത്തത്തിനകത്തുനിന്നുകൊണ്ടുതന്നെ വളര്‍ന്നുവരാവുന്ന ഒരു സാമൂഹികവ്യവസ്ഥയെക്കുറിച്ച് ഡോ. കാള്‍ മാര്‍ക്സിന് മുമ്പുതന്നെ പല സോഷ്യലിസ്റ്റുകളും ചിന്തിച്ചിരുന്നു. ശാസ്ത്രീയ സോഷ്യലിസത്തെക്കുറിച്ച് അഥവാ തൊഴിലാളിവര്‍ഗ നേതൃത്വത്തില്‍ നടക്കുന്ന വിപ്ളവത്തിന്‍െറ ഫലമായി രൂപപ്പെടുന്ന സോഷ്യലിസത്തെക്കുറിച്ച് അറിവില്ലാതിരുന്ന അക്കാലത്ത് അത്തരം സോഷ്യലിസ്റ്റ് ചിന്തകളെ ചരിത്രപരമായി നമുക്ക് ഇന്ന് വിലയിരുത്താന്‍ കഴിയും. എന്നാല്‍, മാര്‍ക്സിസത്തിന്‍െറ ഉദയത്തിനുശേഷവും വര്‍ഗസഹകരണ പാതയിലൂടെ സോഷ്യലിസം സ്ഥാപിക്കാന്‍ കഴിയും എന്ന് മാര്‍ക്സിസത്തിന്‍െറ പേരില്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരെ വെറുതെ വിട്ടുകൂടാ. മാര്‍ക്സിന്‍െറതന്നെ ചില പരാമര്‍ശങ്ങളെ അസ്ഥാനത്ത് ഉദ്ധരിച്ചുകൊണ്ടാണ് ചിലര്‍ പുത്തന്‍ പ്രായോഗിക മാര്‍ക്സിസ്റ്റുകളായി സ്വയം അവരോധിക്കുന്നത്. പരിഷ്കരണവാദപരമായിട്ടാണ് ഇത്തരം ചിന്തകള്‍ വികസിക്കുന്നത്. പഴയ വ്യവസ്ഥയുടെ ഉള്ളില്‍തന്നെയാണ് പുതിയതിന്‍െറ ഭ്രൂണം ഉടലെടുക്കുന്നത് എന്ന ജൈവശാസ്ത്രപരമായ ഒരു യാഥാര്‍ഥ്യത്തെ മാര്‍ക്സിസത്തിന്‍െറ വിപ്ളവസങ്കല്‍പവുമായി വ്യാജമായി വിളക്കിച്ചേര്‍ക്കാനുള്ള ശ്രമമാണ് വഷളന്‍ ഭൗതികവാദികള്‍ നടത്തുന്നത്. ഇതിലൂടെ അവര്‍ നിഷേധിക്കുന്നത് മാര്‍ക്സിസത്തിനു മുമ്പുള്ള സാമൂഹികവ്യവസ്ഥകളും ശേഷമുള്ള സാമൂഹികവ്യവസ്ഥകളും തമ്മിലുള്ള അന്തരത്തെയാണ്. മാര്‍ക്സിന്‍െറ പ്രധാനപ്പെട്ട കാഴ്ചപ്പാടുകളിലൊന്ന് ഭരണകൂടത്തെ തകര്‍ത്തുകൊണ്ടുമാത്രമേ ഒരു പുതിയ സോഷ്യലിസ്റ്റ് വ്യവസ്ഥ കെട്ടിപ്പടുക്കാന്‍ കഴിയുകയുള്ളൂ എന്നതാണ്.
മുതലാളിത്ത വ്യവസ്ഥ എന്നാല്‍ കേവലമൊരു സാമ്പത്തികവ്യവസ്ഥയല്ല. ഒരു അധികാരവ്യവസ്ഥയാണത്. അധികാരത്തിന്‍െറ സങ്കീര്‍ണമായ ബലതന്ത്രങ്ങള്‍ നിരന്തരം പ്രയോഗിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യവസ്ഥ. മുതലാളിത്തത്തെ ഇത്തരം അധികാര ബലതന്ത്രങ്ങളില്‍നിന്ന് വേറിട്ടുകാണുന്നു എന്നുള്ളതാണ് വഷളന്‍ ഭൗതികവാദികളുടെ സവിശേഷത.
ഒരര്‍ഥത്തില്‍ മുതലാളിത്തം ഒരു അധികാരവ്യവസ്ഥയാണ്. മൂലധനത്തിന്‍െറ ആധിപത്യം സ്ഥാപിക്കപ്പെടുന്നതും വികസിക്കുന്നതും ഈ അധികാരവ്യവസ്ഥയുടെ സങ്കീര്‍ണമായ പ്രയോഗത്തിലൂടെയാണ്. ആഗോളീകരണ കാലഘട്ടത്തില്‍ മൂലധനം മാത്രമല്ല ആഗോളീകരിക്കപ്പെടുന്നത്. അധികാരത്തിന്‍െറ സങ്കീര്‍ണമായ ആഗോളീകരണമാണ് ഈ കാലഘട്ടത്തെ സവിശേഷമാക്കുന്നത്. അതുകൊണ്ടുതന്നെ, മുതലാളിത്ത കാലഘട്ടത്തില്‍ വിശേഷിച്ചും ആഗോളീകരണ കാലഘട്ടത്തില്‍ ഒരു രാജ്യത്ത് മാത്രമായി സോഷ്യലിസം വിജയിക്കുകയെന്നത് വളരെ പ്രയാസകരമായ ഒന്നാണ്. എം.പി. പരമേശ്വരനെപ്പോലുള്ള വഷളന്‍ ഭൗതികവാദികള്‍ ഒരേസമയത്ത് ഇതിനെ അംഗീകരിക്കുകയും അതേസമയത്തുതന്നെ അതിനെ നിഷേധിക്കുകയും ചെയ്യുന്നു. അദ്ദേഹം പറയുന്നു:
‘‘ലോകത്ത് ഒരു രാജ്യത്തുമാത്രമായി കമ്യൂണിസം നടപ്പാക്കാന്‍ പറ്റില്ല എന്നത് സുവിദിതമാണ്. സോഷ്യലിസവും പറ്റില്ല.’’ മറ്റൊരിടത്ത് അദ്ദേഹം പറയുന്നു:  ‘‘...ഇവയൊക്കെ സോഷ്യലിസത്തിലേക്കുള്ള നീക്കത്തിന്‍െറ ലക്ഷണങ്ങളാണ്.  ഇന്ത്യയിലൊട്ടാകെ അല്ളെങ്കില്‍ ഒരു സംസ്ഥാനത്ത് മുഴുവനുമായി (ബംഗാള്‍, കേരള, ത്രിപുര) ഈ ദിശയിലേക്കുള്ള പരിവര്‍ത്തനം ഇന്ന് സാധ്യമല്ല. എന്നാല്‍, ഒറ്റപ്പെട്ട ഗ്രാമങ്ങളിലും പഞ്ചായത്തുകളിലും ഈ ദിശയിലുള്ള നീക്കം സാധ്യമാണ്.’’ പിന്തിരിപ്പന്‍ സോഷ്യലിസം നടത്തുന്ന അവസരവാദ ജല്‍പനത്തിന്‍െറ  ക്ളാസിക് ഉദാഹരണമാണിത്. ഒരേസമയത്ത് ഒരു സംസ്ഥാനത്തില്‍ പോലും സോഷ്യലിസം നടപ്പാക്കാന്‍ പറ്റില്ളെന്നു പറയുക. അതേസമയം, ഒരേ പഞ്ചായത്തില്‍ സാധ്യമാണെന്ന് പറയുക.  കേരളത്തിലും പശ്ചിമബംഗാളിലും മറ്റും സോഷ്യലിസ്റ്റ് പരിവര്‍ത്തനമാണ് നടപ്പാക്കാന്‍ സി.പി.എം ലക്ഷ്യമിടുന്നത്  എന്ന തെറ്റിദ്ധാരണ പരത്തുക എന്ന ലക്ഷ്യംകൂടി അദ്ദേഹത്തിനുണ്ട്. മുതലാളിത്ത വ്യവസ്ഥ വെറും മൂലധനവ്യവസ്ഥയല്ളെന്നും അതൊരു സങ്കീര്‍ണമായ അധികാരവ്യവസ്ഥയാണെന്നും മനസ്സിലാക്കുമ്പോള്‍ ആ അധികാരവ്യവസ്ഥയെ തകര്‍ത്തുകൊണ്ടല്ലാതെ അല്ളെങ്കില്‍ തകര്‍ക്കുന്നതിന്‍െറ ഭാഗമായിട്ടല്ലാതെ സോഷ്യലിസ്റ്റ് വ്യവസ്ഥ സ്ഥാപിക്കാന്‍ കഴിയുകയില്ളെന്ന് വ്യക്തമാണല്ളോ.
എന്നാല്‍, ഭരണകൂടത്തെ തകര്‍ക്കുന്നതിനെ വഷളന്‍ ഭൗതികവാദികള്‍ ശക്തമായി പ്രതിരോധിക്കുന്നു. ഭരണകൂടം തകര്‍ക്കപ്പെടാന്‍ പാടില്ല. ഭരണകൂടത്തിനുള്ളില്‍തന്നെ ചില പഞ്ചായത്തുകളില്‍ സോഷ്യലിസം നടപ്പാക്കാന്‍ കഴിയും, ഇതാണ് പരിഷ്കരണവാദികളായ ശുദ്ധശാസ്ത്രവാദികളുടെ നിലപാട്. മാത്രമല്ല, സോഷ്യലിസ്റ്റ് സംസ്കാരം വളര്‍ത്തിയെടുത്തുകൊണ്ട് സോഷ്യലിസം സ്ഥാപിക്കാന്‍ കഴിയും എന്നും അവര്‍ ഉറപ്പിക്കുന്നു. എം.പി. പരമേശ്വരന്‍ പറയുന്നു:
 ‘‘സഹകരണം, സാഹോദര്യം, സഹിഷ്ണുത, സമത്വം, സുസ്ഥിരത, സാമൂഹിക സുരക്ഷ മുതലായ സോഷ്യലിസ്റ്റ് സ്വഭാവങ്ങള്‍ സമൂഹത്തില്‍ രൂഢമൂലമാകാന്‍ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളാണ് വേണ്ടത്.’’
 ഈ പറഞ്ഞ എല്ലാ ആശയങ്ങളും നവലിബറല്‍ മുതലാളിത്തത്തിന്‍െറ മുദ്രാവാക്യങ്ങളാണ്. ഏതൊരു സ്കൂള്‍ വിദ്യാര്‍ഥിക്കും ഇതെല്ലാം മനഃപാഠമാണ്.
എന്നാല്‍, ഇത്തരം മുതലാളിത്ത മുദ്രാവാക്യങ്ങളിലൂടെ സോഷ്യലിസം സ്ഥാപിക്കാന്‍ കഴിയുമെന്ന് പറഞ്ഞാല്‍ ഇതില്‍പരം വഞ്ചനാപരമായ ഒരു നിലപാടില്ല. കാരണം, സോഷ്യലിസം ബോധവത്കരണത്തിലൂടെ നടപ്പാകുന്ന ഒന്നല്ല. സോഷ്യലിസ്റ്റ് സംസ്കാരം വളര്‍ത്തിയെടുത്താല്‍ സോഷ്യലിസം സ്ഥാപിക്കപ്പെടും എന്ന് കരുതുന്നത് തികഞ്ഞ ആശയവാദമാണ്. അത് മാര്‍ക്സിസത്തിന് കടകവിരുദ്ധമാണ്. വര്‍ഗസമരത്തിലൂടെയാണ് സമൂഹം മാറുന്നത്. അതിലൂടെയാണ് ഭരണകൂടം അട്ടിമറിക്കപ്പെടുന്നത്. അധികാരവ്യവസ്ഥക്കെതിരായ വിപ്ളവത്തിലൂടെ മാത്രമേ സോഷ്യലിസം സ്ഥാപിക്കപ്പെടുകയുള്ളൂ. സോഷ്യലിസ്റ്റ് സംസ്കാരവും സോഷ്യലിസ്റ്റ് മൂല്യവും ഭൗതികവത്കരിക്കപ്പെടുന്നത് വര്‍ഗസമരത്തിലൂടെ മാത്രമാണ്. ഈ വര്‍ഗസമരത്തിന്‍െറ പ്രാധാന്യത്തെ നിഷേധിക്കുക എന്നതാണ് വഷളന്‍ ഭൗതികവാദത്തിന്‍െറ ഹിഡന്‍ അജണ്ട.
യാന്ത്രികവാദ സമീപനങ്ങള്‍
മൂലധനത്തിന്‍െറ സര്‍വാധിനിവേശഘട്ടമാണിത്. അധ്വാനിക്കാതെതന്നെ മിച്ചമൂല്യം ഉല്‍പാദിപ്പിക്കാവുന്ന സാഹചര്യം സൃഷ്ടിക്കുന്ന മുതലാളിത്തഘട്ടം. ഈ ഘട്ടത്തില്‍ ഓരോ രാജ്യത്തും സമൂഹങ്ങളിലും നിലനില്‍ക്കുന്ന വര്‍ഗവൈരുധ്യങ്ങള്‍ വിഭിന്നരീതികളില്‍ പ്രകടമാവുന്നു. മുതലാളിത്തം അതിന്‍െറ അധിനിവേശം സ്ഥാപിക്കുന്നത് കേവലമായ സാമ്പത്തികശക്തി ഉപയോഗിച്ചല്ല. നിലവിലുള്ള സമൂഹത്തിലെ അധിനിവേശ പ്രത്യയശാസ്ത്രത്തെ ദൃഢമാക്കിക്കൊണ്ടാണ് മൂലധനാധിപത്യം മുന്നോട്ടുകൊണ്ടുപോവുന്നത്. ഗ്രാംഷിയും അല്‍ത്തൂസറും വികസിപ്പിച്ച ഈ പ്രത്യയശാസ്ത്രാധിനിവേശമെന്തെന്ന് യാന്ത്രികവാദികള്‍ക്കും ആശയവാദികള്‍ക്കും മനസ്സിലാവില്ല. ഇന്ത്യന്‍ അവസ്ഥയില്‍ ഹിന്ദുത്വത്തിന്‍െറ പ്രത്യയശാസ്ത്രം മൂലധനരാഷ്ട്രീയത്തെ പിന്‍പറ്റുന്നതെങ്ങനെയെന്ന് മനസ്സിലാക്കുമ്പോള്‍ മാത്രമേ ഇടതുപക്ഷത്തിന് രാഷ്ട്രീയത്തില്‍ സര്‍ഗാത്മകമായ ഇടപെടലുകള്‍ നടത്താന്‍ കഴിയുകയുള്ളൂ. നെഹ്റൂവിയന്‍ ബൂര്‍ഷ്വാ മതേതരസങ്കല്‍പമാണ് കമ്യൂണിസ്റ്റുകളുടെ മതനിരപേക്ഷതയെന്ന് തെറ്റിദ്ധരിക്കുന്ന യാന്ത്രികവാദികള്‍ ‘ഭൂരിപക്ഷ-ന്യൂനപക്ഷ’ സമവാക്യത്തെ പിടിവിടാന്‍ തയാറാവുന്നില്ല. സി.പി.എം അതിന്‍െറ പരിപാടിയില്‍ വര്‍ഗീയഫാഷിസത്തിന്‍െറയും ന്യൂനപക്ഷ വര്‍ഗീയതയുടെയും അപകടങ്ങളെക്കുറിച്ച് പറയുമ്പോഴും ആദ്യത്തേത് അധിനിവേശരൂപമായി പ്രവര്‍ത്തിക്കുന്നതെങ്ങനെ എന്ന് വ്യക്തമാക്കുന്നുണ്ട്.
‘അയോധ്യാവിധി’യില്‍ ഹൈകോടതിയും അവസാനം സുപ്രീംകോടതിയും എടുത്ത സമീപനം ഇത് കൂടുതല്‍ സ്പഷ്ടമാക്കുന്നു.
ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയധ്രുവീകരണം നടത്താന്‍ ശ്രമിക്കുന്ന അധികാരശക്തികളെയും സാധാരണ മതവിശ്വാസികളെയും തിരിച്ചറിയാന്‍ കഴിയാത്തവര്‍ക്ക് ഇതൊന്നും മനസ്സിലാവില്ല. അതുപോലെതന്നെ മതവിശ്വാസികളെയെല്ലാം വിശ്വാസത്തിന്‍െറ പേരില്‍ അകറ്റിനിര്‍ത്തുന്ന യുക്തിവാദികളും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു ചെയ്യുന്ന ദ്രോഹം ചില്ലറയല്ല.
ദലിതര്‍, ആദിവാസികള്‍, ന്യൂനപക്ഷ വിഭാഗങ്ങള്‍ തുടങ്ങിയ കോടിക്കണക്കിന് ഇന്ത്യക്കാരുടെയിടയിലെ എല്ലാവിധ അടിച്ചമര്‍ത്തലുകളെയും ചൂഷണങ്ങളെയും അഡ്രസ് ചെയ്തുകൊണ്ടല്ലാതെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അതിന്‍െറ വര്‍ഗസമരപാത മുന്നോട്ടുകൊണ്ടുപോവാനാവില്ല. ഈ സമരപാതയില്‍ ആശയസമരത്തിന് വളരെയധികം പ്രാധാന്യമുണ്ട്. റെയ്മണ്ട് വില്യംസിനെപ്പോലുള്ളവര്‍ സാംസ്കാരികരാഷ്ട്രീയത്തെക്കുറിച്ചു പറയുന്നതൊന്നും എം.പി. പരമേശ്വരാദികള്‍ക്ക് മനസ്സിലാവില്ല. അതുകൊണ്ടാണ് സോഷ്യലിസ്റ്റ് സംസ്കാരം പ്രചരിപ്പിക്കണം എന്നൊക്കെ അദ്ദേഹം പറയുന്നത്. ബോധവത്കരണത്തിലൂടെ സമൂഹത്തെ മാറ്റാന്‍ കഴിയും എന്നു കരുതുന്ന എന്‍.ജി.ഒ പൊളിറ്റിക്സ് തന്നെയാണിത്. അങ്ങനെയെങ്കില്‍ ബോധവത്കരണത്തിലൂടെ സോഷ്യലിസവും കമ്യൂണിസവും നടപ്പാക്കാന്‍ കഴിയും. നിശ്ചിത സാമൂഹികസന്ദര്‍ഭത്തില്‍, നിശ്ചിത വര്‍ഗ-സാമൂഹിക ഘടനക്കുള്ളില്‍ ജീവിക്കുന്ന ജനങ്ങളുടെ പോരാട്ടങ്ങളിലൂടെയും ആശയസംവാദങ്ങളിലൂടെയുമാണ് കമ്യൂണിസം വളര്‍ന്നുവരുക. ശാസ്ത്രവാദികള്‍ കരുതുന്നത് എല്ലാം മേലേനിന്ന് ബോധവത്കരിച്ചാല്‍ പരിഹരിക്കാമെന്നാണ്. ‘ബോധനാത്മക കമ്യൂണിസ’ത്തെ വിഭാവനംചെയ്യുന്ന ഇവരെല്ലാം പിന്‍പറ്റുന്നത് കൊളോണിയല്‍ ജ്ഞാനസിദ്ധാന്തമാണ്. പോളിയോ വാക്സിന്‍പോലെ തയാറാക്കപ്പെട്ട സോഷ്യലിസ്റ്റ് സംസ്കാരം തുള്ളിതുള്ളിയായി ‘വിവര’മില്ലാത്തവരും ‘സംസ്കാരരഹിതരു’മായ ജനങ്ങള്‍ക്ക് പകര്‍ന്നുനല്‍കുകയെന്നതാണ് ഈ പെറ്റി ബൂര്‍ഷ്വാ ചിന്തകരുടെ പരിപാടി. കേരളത്തിലെ മാലിന്യപ്രശ്നംപോലും പരിഹരിക്കാന്‍ കഴിയാത്ത ശാസ്ത്രവാദികള്‍ സോഷ്യലിസത്തെക്കുറിച്ചും ബോധവത്കരണപരിപാടി നടത്തിയാല്‍ അതില്‍ അദ്ഭുതപ്പെടാനില്ല. എല്ലാ ബോധവത്കരണങ്ങളിലും അഭിസംബോധന ചെയ്യപ്പെടുന്നവര്‍ ‘താഴെതട്ടില്‍’ ആണെന്ന മുന്‍നിശ്ചയമുണ്ട്. ഇത് ബൂര്‍ഷ്വാബോധനത്തെ നയിക്കുന്ന ആശയവാദമാണ്. ഇതല്ല മാര്‍ക്സിസത്തിന്‍െറ രീതി. ഇതുപോലും മനസ്സിലാവാത്തവരാണ് മാര്‍ക്സിസത്തെക്കുറിച്ച് വീണ്‍വാക്കുകള്‍ പറയുന്നത്. ‘അതീതകര്‍ത്തൃത്വ’മായിട്ടല്ല മാര്‍ക്സിസം തൊഴിലാളിവര്‍ഗ രാഷ്ട്രീയത്തെ കാണുന്നത്. തൊഴിലാളിവര്‍ഗം മറ്റെല്ലാ ജനവിഭാഗങ്ങളുടെയും സമരസഖാവായ നേതാവാണ്. അത് എല്ലാ ജനവിഭാഗങ്ങളുടെയും ജൈവാധികാരത്തെ അംഗീകരിക്കുന്നു.
മാര്‍ക്സിസത്തെക്കുറിച്ചുള്ള ഗൗരവാവഹമായ സംവാദങ്ങള്‍ ഇന്നു നടക്കുന്നില്ല. വികാരപരമായിട്ടാണ് പലരും വിഷയങ്ങളെ കാണുന്നത്. അണ്ണാ ഹസാരെ അരങ്ങുതകര്‍ത്തപ്പോള്‍ പലരും ആ സമരത്തിന്‍െറ വര്‍ഗസ്വഭാവം പഠിക്കാതെ ആവേശഭരിതരായി. അതുപോലെതന്നെ, അഴിമതിയെക്കുറിച്ചു പറയുമ്പോള്‍ പെറ്റിബൂര്‍ഷ്വാ അഴിമതിവിരുദ്ധതയെയും മാര്‍ക്സിസ്റ്റ് കാഴ്ചപ്പാടിനെയും വേര്‍തിരിക്കാതെ, ‘ജുഡീഷ്യറി വ്യാമോഹ’ത്തിനടിപ്പെട്ട് മുന്നോട്ടുപോവുന്ന മധ്യവര്‍ഗ അഴിമതിവിരുദ്ധതയെ പരിരംഭണം ചെയ്യുന്ന കാഴ്ചയാണ് നാം കാണുന്നത്. അഴിമതിയെ വര്‍ഗരാഷ്ട്രീയത്തിന്‍െറ അടിസ്ഥാനത്തില്‍ വിലയിരുത്തുന്ന സമീപനം ഇനിയും വികസിച്ചിട്ടില്ല. അഴിമതിയുടെ ഉറവിടം രാഷ്ട്രീയമാണെന്ന വികലബോധമാണ് പൊതുസമൂഹത്തിലുള്ളത്. അഴിമതിയുടെ ഉറവിടം മുതലാളിത്തമാണെന്ന യാഥാര്‍ഥ്യം തിരിച്ചറിയപ്പെടുന്നില്ല. അതുപോലെ, നിലവിലുള്ള ഭൂബന്ധങ്ങള്‍ മാറ്റിമറിക്കുന്ന സമരമാര്‍ഗങ്ങളിലൂടെ മാത്രമേ ‘ഭൂപരിഷ്കരണം’ മുന്നോട്ടുപോവുകയുള്ളൂവെന്നും തിരിച്ചറിയപ്പെടുന്നില്ല. ഭരണകൂടത്തെ നോവിക്കാതെ ഒറ്റപ്പെട്ട പഞ്ചായത്ത് തുരുത്തുകളില്‍ സോഷ്യലിസം നടപ്പാക്കാന്‍ കഴിയുമെന്ന ബോധം, പഴയ തിരുത്തല്‍വാദികളുടെ വീര്യമില്ലാത്ത വീഞ്ഞുമാത്രമാണ്. എം.പി. പരമേശ്വരനെപ്പോലുള്ളവര്‍ പിന്തുടരുന്ന യാന്ത്രികവാദ സമീപനംതന്നെയാണ് മുഖ്യധാരാ മാധ്യമങ്ങളില്‍ മാര്‍ക്സിസ്റ്റ് വിശകലനമെന്ന പേരില്‍ മാര്‍ക്സിസ്റ്റ് വിരുദ്ധതയായി നിറഞ്ഞുതുളുമ്പുന്നത്. എം.പി. പരമേശ്വരന്‍െറ പഞ്ചായത്തുതല സോഷ്യലിസമെന്നത് ഗാന്ധിയന്‍ ‘ഗ്രാമസ്വരാജിന്‍െറ’ പരിഷ്കരിച്ച രൂപമാണ്. ‘സ്വയം പര്യാപ്ത ഗ്രാമം’ എന്ന സങ്കല്‍പത്തെ മാര്‍ക്സ് വിശകലനം ചെയ്യുന്നത് ഉദ്ധരിച്ചുകൊണ്ട് ഈ ലേഖനം അവസാനിപ്പിക്കട്ടെ.
‘‘പുറമേക്ക് നിരുപദ്രവമെന്നു തോന്നിക്കുന്ന ശാലീനങ്ങളായ ഈ ഗ്രാമസമുദായങ്ങളായിരുന്നു എക്കാലവും പൗരസ്ത്യ സ്വേച്ഛാധിപത്യത്തിന്‍െറ അടിയുറച്ച അസ്തിവാരമായി നിലകൊണ്ടിരുന്നത് എന്ന കാര്യം നാം വിസ്മരിക്കരുത്. മനുഷ്യമനസ്സിനെ അന്ധവിശ്വാസത്തിന്‍െറ കരുവാക്കുകയും പാരമ്പര്യ നിയമങ്ങള്‍ക്ക് അടിമപ്പെടുത്തുകയും അതിന്‍െറ മുഴുവന്‍ മഹിമയും ചരിത്രശേഷിയും നഷ്ടപ്പെടുത്തി, ഏറ്റവും സങ്കുചിതമായ അതിരുകള്‍ക്കുള്ളില്‍ ഒതുക്കിനിര്‍ത്തിയിരുന്നത് ഈ ഗ്രാമസമൂഹങ്ങളായിരുന്നു എന്ന വസ്തുതയും നാം വിസ്മരിക്കരുത്. ഏതെങ്കിലും ഒരു ചെറുതുണ്ട് ഭൂമിയില്‍ അള്ളിപ്പിടിച്ചുകൊണ്ട് സാമ്രാജ്യങ്ങള്‍ മണ്ണടിയുന്നതും വിവരിക്കാനാവാത്തതരം ക്രൂരതകള്‍ നടത്തുന്നതും വന്‍ നഗരങ്ങളിലെ ജനതയെ കശാപ്പുചെയ്യുന്നതും ഒരു പ്രകൃതികോപം എന്നതില്‍ കവിഞ്ഞ ഒരു പരിഗണനയും കൂടാതെ കൈയുംകെട്ടി നോക്കിനില്‍ക്കുകയും അതേസമയം ഏതെങ്കിലും ആക്രമണകാരിയുടെ ദൃഷ്ടിയില്‍പ്പെട്ട് അവന്‍ തന്‍െറമേല്‍ ചാടിവീഴാന്‍ തുടങ്ങിയാല്‍ സ്വയം നിസ്സഹായനായി കുമ്പിട്ടുനില്‍ക്കുകയും ചെയ്തിരുന്ന കിരാത അഹംഭാവത്തെയും നാം വിസ്മരിക്കാന്‍ പാടില്ല. മറുവശത്ത് അന്തഃസാരശൂന്യവും നിഷ്ക്രിയവുമായ ഈ നിലനില്‍പ് വന്യവും ലക്ഷ്യരഹിതവുമായ സംഹാരശക്തികളെ കെട്ടഴിച്ചുവിടുകയും നരഹത്യയത്തെന്നെ ഹിന്ദുസ്ഥാനിലെ ഒരു മതചടങ്ങാക്കി മാറ്റുകയും ചെയ്തുവെന്നതും മറക്കാന്‍ പാടുള്ളതല്ല. ജാതിവ്യത്യാസങ്ങളും അടിമത്തവും ഈ ചെറുസമൂഹങ്ങളുടെ തീരാശാപമായിരുന്നു എന്നും മനുഷ്യനെ സാഹചര്യങ്ങളുടെ യജമാനനാക്കുന്നതിനുപകരം അവനെ ബാഹ്യസാഹചര്യങ്ങളുടെ തീരാശാപമായിരുന്നു എന്നും മനുഷ്യനെ സാഹചര്യങ്ങളുടെ യജമാനനാക്കുന്നതിനുപകരം അവനെ ബാഹ്യസാഹചര്യങ്ങളുടെ അടിമയാക്കുകയാണ് ചെയ്തതെന്നും സ്വയം വികസിതമായ ഒരു സാമൂഹികാവസ്ഥയെ ഒരിക്കലും മാറ്റമില്ലാത്ത പ്രകൃതിദത്തമായ തലവിധിയാക്കിക്കൊണ്ട് മൃഗപ്രായമായ പ്രകൃതിപൂജക്ക് ജന്മംനല്‍കിയെന്ന വസ്തുതയും നാം വിസ്മരിക്കാന്‍ പാടില്ല (‘ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം’ - തെരഞ്ഞെടുത്ത കൃതികള്‍-മാര്‍ക്സ്-ഏംഗല്‍സ്).

2012, ഫെബ്രുവരി 9, വ്യാഴാഴ്‌ച

21-ാം നൂറ്റാണ്ടിലെ മാര്‍ക്‌സിസം: നവീകരിക്കപ്പെട്ട സോഷ്യലിസം

Posted on: 07 Feb 2012
പ്രകാശ് കാരാട്ട്‌


സോഷ്യലിസത്തിന്റെ ജീവരക്തമാണ് ജനാധിപത്യം. സോഷ്യലിസത്തെ സംബന്ധിച്ചിടത്തോളം, എല്ലാ തലങ്ങളിലുമുള്ള ജനങ്ങളുടെ സജീവവും ജനകീയവുമായ പങ്കാളിത്തമില്ലാതെ, അതിന് വികസിക്കുവാന്‍ കഴിയുകയില്ല. സ്ഥിരമായ ഒരു ഏകകക്ഷി ഭരണംമൂലം ഉണ്ടാകാനിടയുള്ള അപഭ്രംശങ്ങള്‍ തടയുന്നതിന് സോഷ്യലിസത്തിന്‍കീഴിലുള്ള ബഹുകക്ഷി വ്യവസ്ഥയ്ക്ക് കഴിയും


സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കും റഷ്യയില്‍ മുതലാളിത്തം പുനഃസ്ഥാപിക്കപ്പെട്ടതിനും തൊട്ടടുത്തുള്ള വര്‍ഷങ്ങളില്‍, സോവിയറ്റ് യൂണിയനില്‍ സോഷ്യലിസം കെട്ടിപ്പടുക്കുന്ന പരീക്ഷണത്തിന് എന്താണ് സംഭവിച്ചത് എന്നതിനെയും എവിടെയാണ് തെറ്റ് സംഭവിച്ചത് എന്നതിനെയും കേന്ദ്രീകരിച്ചാണ് ചര്‍ച്ചകള്‍ നടന്നത്. എന്നാല്‍ നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്ക്, 21-ാം നൂറ്റാണ്ടിലെ സോഷ്യലിസത്തിന്റെ രൂപവും സ്വഭാവവുംഎന്തായിരിക്കണം എന്നതിലേക്ക് ശ്രദ്ധ തിരിഞ്ഞു കഴിഞ്ഞു.

20-ാം നൂറ്റാണ്ടിലെ സോഷ്യലിസത്തിന്റെ അനുഭവങ്ങളെ വിമര്‍ശനാത്മകമായി പരിശോധിക്കുന്നതിലൂടെ, 21-ാം നൂറ്റാണ്ടിലെ സോഷ്യലിസത്തിന്റെ പുതിയതും കൂടുതല്‍ അര്‍ഥവത്തുമായ സങ്കല്പനത്തില്‍ നമുക്ക് എത്തിച്ചേരാന്‍ കഴിയും. ഒക്ടോബര്‍ വിപ്ലവത്തിന്റെ ചില മൗലിക പ്രചോദനങ്ങളെയും അതിന്റെ ചില വിലപ്പെട്ട നേട്ടങ്ങളെയും ഉയര്‍ത്തിപ്പിടിക്കേണ്ടത് ഇതിന്നാവശ്യമാണ്. അതേ അവസരത്തില്‍ത്തന്നെ 20-ാം നൂറ്റാണ്ടില്‍ നിലനിന്ന സോഷ്യലിസത്തില്‍ പ്രകടമായിക്കണ്ടിരുന്ന ചില നിഷേധാത്മക വശങ്ങളെയും വക്രീകരണങ്ങളെയും തള്ളിക്കളയുകയും വേണം.

21-ാം നൂറ്റാണ്ടിലെ സോഷ്യലിസത്തെക്കുറിച്ചുള്ള ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്; അത് അന്തിമരൂപത്തിലെത്തിക്കഴിഞ്ഞിട്ടില്ല. 21-ാം നൂറ്റാണ്ടിലെ സോഷ്യലിസം സിദ്ധാന്തത്തില്‍നിന്ന് മാത്രമല്ല, മറിച്ച് പ്രയോഗത്തില്‍നിന്നു കൂടിയാണ് രൂപം കൊള്ളുക എന്നതാണതിന് കാരണം. എന്നാല്‍ 21-ാം നൂറ്റാണ്ടിലെ നവീകരിക്കപ്പെട്ട സോഷ്യലിസം എങ്ങനെയിരിക്കും എന്നതിനെ സംബന്ധിച്ച് ചില വിശാല മാര്‍ഗരേഖകള്‍ നമ്മുടെ മുന്നിലുണ്ട്. അവയില്‍ ചിലത് രൂപരേഖയുടെ രൂപത്തില്‍ ആവിഷ്‌കരിക്കാനേ നമുക്കിപ്പോള്‍ കഴിയൂ.

1.ഉത്പാദനോപകരണങ്ങള്‍ സാമൂഹികവത്കരിക്കുക എന്നത് സോഷ്യലിസത്തിന്റെ പരമപ്രധാനമായ തത്ത്വമാണ്. ഉത്പാദനോപകരണങ്ങളുടെ ഉടമസ്ഥതയുടെ മുതലാളിത്തരൂപങ്ങളുടെ സ്ഥാനത്ത് സോഷ്യലിസ്റ്റ് ഉടമസ്ഥത മാറ്റി സ്ഥാപിക്കേണ്ടത് ഇതിന്നാവശ്യമാണ്. സോവിയറ്റ് മാതൃകയെ അടിസ്ഥാനപ്പെടുത്തിയുള്ള 20-ാം നൂറ്റാണ്ടിലെ സോഷ്യലിസത്തില്‍, ഉത്പാദനോപകരണങ്ങളുടെ പൊതുഉടമസ്ഥതയെ വ്യാപകമായ വിധത്തില്‍ത്തന്നെ, സ്റ്റേറ്റ് ഉടമസ്ഥതയുമായി തുല്യതപ്പെടുത്തിയിരുന്നു. സ്റ്റേറ്റിന്റെ ഉടമസ്ഥതയിലുള്ളതും സ്റ്റേറ്റ് നടത്തിക്കൊണ്ടിരിക്കുന്നതുമായ സ്ഥാപനങ്ങളാണ് പ്രധാനപ്പെട്ടവ എന്നതിനാല്‍, സമ്പദ്‌വ്യവസ്ഥയെ നിയന്ത്രിക്കുന്നതിലും അതിന്റെ നടത്തിപ്പിലും ബ്യൂറോക്രസിക്ക് മേധാവിത്വം കൈവരുന്നതിലേക്കാണ് ഇത് നയിച്ചത്. സ്ഥാപനങ്ങളുടെ നടത്തിപ്പില്‍ തൊഴിലാളികള്‍ക്ക് സ്ഥാനമൊന്നുമില്ലെന്നു വന്നു. ബ്യൂറോക്രാറ്റിക് കേന്ദ്രീകരണത്തിന്റെ വളര്‍ച്ചയും ഇതിന് കാരണമായിയെന്നുപറയാം. 21-ാം നൂറ്റാണ്ടിലെ സോഷ്യലിസത്തിന്‍കീഴിലെ പൊതുഉടമസ്ഥത, അതിനാല്‍ വൈവിധ്യമാര്‍ന്ന രൂപങ്ങളിലുള്ളതായിരിക്കും. ഈ വിവിധ രൂപങ്ങളില്‍ ഒന്നുമാത്രമായിരിക്കും സ്റ്റേറ്റ് ഉടമസ്ഥത. സ്റ്റേറ്റിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുണ്ടാകാം; അല്ലെങ്കില്‍ വിപുലമായ ഓഹരിയുടമസ്ഥതയുള്ള പൊതുമേഖലയുണ്ടാകാം; അല്ലെങ്കില്‍ തൊഴിലാളികളുടെയും ജീവനക്കാരുടെയും ഉടമസ്ഥതയിലുള്ള സംയുക്ത സ്ഥാപനങ്ങളുണ്ടാവാം; അതുമല്ലെങ്കില്‍ സഹകരണ സ്ഥാപനങ്ങളുണ്ടാവാം. സോവിയറ്റ് യൂണിയനില്‍ നിലനിന്നിരുന്ന വളരെയേറെ കേന്ദ്രീകൃതമായ വ്യവസ്ഥയില്‍നിന്ന് വ്യത്യസ്തമായി പല തരത്തിലുള്ള പൊതുഉടമസ്ഥതയുണ്ടാകാം; അവ തമ്മില്‍ത്തമ്മില്‍ മത്സരവും ഉണ്ടാകാം.

2. ചരക്ക് ഉത്പാദനത്തിന്റെയും വിപണിയുടെയും അസ്തിത്വം സോഷ്യലിസത്തിന്റെ നിഷേധമല്ല. ചെറുകിട ചരക്കുത്പാദനവും ചെറുകിട വ്യാപാരവും ദേശസാത്കരിക്കപ്പെട്ടിരുന്ന സോവിയറ്റ് യൂണിയനിലേതില്‍നിന്ന് വ്യത്യസ്തമായി സോഷ്യലിസത്തിന്റെ കാലഘട്ടത്തില്‍ വിപണികള്‍ക്ക് ഒരുപങ്ക് വഹിക്കാനുണ്ട്. വന്‍കിട മൂലധനം വളരുന്നില്ല എന്ന് ഉറപ്പുവരുത്താനായി വിപണികളെ നിയന്ത്രിക്കേണ്ടതുണ്ട്.

3. ആസൂത്രിതമായ സമ്പദ്‌വ്യവസ്ഥ എന്നത് സോഷ്യലിസത്തിന്റെ മറ്റൊരു അടിസ്ഥാനതത്ത്വമാണ്. എന്നാല്‍ സാമ്പത്തികമായ എല്ലാ തീരുമാനങ്ങളും എടുക്കുന്നത് കേന്ദ്രീകൃതമാക്കുന്ന തരത്തിലുള്ളതായിരിക്കരുത്. ആസൂത്രണത്തിന്റെ സ്വഭാവം എന്നുമാത്രമല്ല, സാമ്പത്തികമായ തീരുമാനം കൈക്കൊള്ളുന്നതിലും സാമ്പത്തിക സ്ഥാപനങ്ങള്‍ കൊണ്ടു നടത്തുന്നതിലും ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി ആസൂത്രണം വികേന്ദ്രീകരിക്കുകയും വേണം.

4. സോഷ്യലിസത്തിന്റെ ജീവരക്തമാണ് ജനാധിപത്യം. എന്നാല്‍ ഉത്പാദനോപകരണങ്ങളുടെയും ഭരണകൂട സ്ഥാപനങ്ങളുടെയും മേലുള്ള ബൂര്‍ഷ്വാസിയുടെ നിയന്ത്രണം ജനാധിപത്യത്തെ നിയന്ത്രിക്കുന്നതിലേക്കും പൗരന്മാരുടെ ജനാധിപത്യാവകാശങ്ങള്‍ നിയന്ത്രിക്കുന്നതിലേക്കും നയിക്കുന്നുവെന്നതിനാല്‍ മുതലാളിത്ത വ്യവസ്ഥയിന്‍ കീഴില്‍ ജനാധിപത്യം വെറും 'ഔപചാരികം' മാത്രമായിത്തീരുന്നു. എന്നാല്‍ സോഷ്യലിസത്തെ സംബന്ധിച്ചിടത്തോളം, എല്ലാ തലങ്ങളിലുമുള്ള ജനങ്ങളുടെ സജീവവും ജനകീയവുമായ പങ്കാളിത്തമില്ലാതെ, അതിന് വികസിക്കുവാന്‍ കഴിയുകയില്ല. ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുന്ന ഒരു രാഷ്ട്രീയ വ്യവസ്ഥ സോഷ്യലിസത്തിന്‍കീഴില്‍ ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. വിവിധതലങ്ങളില്‍ ജനകീയ കൂട്ടായ്മകള്‍ (യോഗങ്ങള്‍) രൂപവത്കരിക്കേണ്ടത് ഇതിന്നാവശ്യമാണ്; ഈ കൂട്ടായ്മകള്‍ക്ക് ഭരണപരമായ മേഖലയില്‍ മാത്രമല്ല, സാമ്പത്തിക മേഖലയിലും അധികാരമുണ്ടായിരിക്കണം. സ്ഥിരമായ ഒരു ഏകകക്ഷി ഭരണംമൂലം ഉണ്ടാകാനിടയുള്ള അപഭ്രംശങ്ങള്‍ തടയുന്നതിന് സോഷ്യലിസത്തിന്‍കീഴിലുള്ള ബഹുകക്ഷി വ്യവസ്ഥയ്ക്ക് കഴിയും.

5. ഭരണകൂടവും ഭരണകക്ഷിയും തമ്മിലുള്ള വേര്‍തിരിവ് സ്ഥാപനവത്കരിക്കപ്പെടേണ്ടതുണ്ട്. സോഷ്യലിസ്റ്റ് സ്റ്റേറ്റ് മുഴുവന്‍ ജനങ്ങളെയും പ്രതിനിധീകരിക്കുന്ന സ്ഥാപനമാണ്; അതിനുപകരം വെക്കാന്‍ പാര്‍ട്ടിയെക്കൊണ്ടാവില്ല. കാരണം തൊഴിലാളിവര്‍ഗത്തിന്റെയും അധ്വാനിക്കുന്ന ജനങ്ങളുടെയും ഒരു വിഭാഗത്തെ മാത്രമേ പാര്‍ട്ടി പ്രതിനിധീകരിക്കുന്നുള്ളൂ. മുതലാളിത്ത - സാമ്രാജ്യത്വ ശത്രുതയുടെ പരിതഃസ്ഥിതികളില്‍വേണം, 21-ാം നൂറ്റാണ്ടിലെ സോഷ്യലിസവും കെട്ടിപ്പടുക്കാന്‍. അനിവാര്യമായ ഒരു യാഥാര്‍ഥ്യമാണിത് - രക്ഷപ്പെടാനാവാത്ത യാഥാര്‍ഥ്യം. എന്നാല്‍ ഇക്കാരണം കൊണ്ട് സോഷ്യലിസ്റ്റ് ജനാധിപത്യം ദുര്‍ബലപ്പെടുത്തപ്പെടരുത്. മറിച്ച് അത് സോഷ്യലിസ്റ്റ് അവബോധം വളര്‍ത്തിയെടുക്കുന്നതിനുള്ള ഒരു ഉപകരണവും ഈ പുതിയ സമൂഹത്തെ സംരക്ഷിക്കുന്നതിനായി ജനങ്ങളെ അണിനിരത്തുന്നതിനുള്ള ഉപാധിയും ആയിരിക്കണം.

ഇന്ത്യയില്‍ ജാതി വ്യവസ്ഥയിലൂടെ സാമൂഹികമായ അടിച്ചമര്‍ത്തല്‍ ഇപ്പോഴും നിലനില്ക്കുന്നു. ഇന്ത്യയുടെ സാമൂഹിക-സാമ്പത്തിക ഘടനയുടെ പശ്ചാത്തലത്തില്‍ ജാതി, മതം, ലിംഗം എന്നിവയുടെ അടിസ്ഥാനത്തില്‍ വിവിധ രൂപങ്ങളിലുള്ള സാമൂഹിക അടിച്ചമര്‍ത്തലിനോടൊപ്പം തന്നെ മുതലാളിത്ത ചൂഷണവും അര്‍ധഫ്യൂഡല്‍ ചൂഷണവും (രണ്ടുവിധത്തിലുള്ള വര്‍ഗചൂഷണവും) നിലനില്‍ക്കുന്നു. അതുകൊണ്ട് വര്‍ഗചൂഷണത്തിനും സാമൂഹികമായ അടിച്ചമര്‍ത്തലിനും (രണ്ടിനും) എതിരായ സമരം ഒരേസമയം നടത്തേണ്ടതുണ്ട്.

ഇന്ത്യയില്‍ സോഷ്യലിസത്തിലേക്കുള്ള അന്തരാളഘട്ടത്തിന്റെ പരിപാടിക്കുവേണ്ടി സി.പി.എം. പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ജനകീയ ജനാധിപത്യത്തിന്റെ ഈ ഘട്ടം കൈവരിക്കുന്നതിനുവേണ്ടി തൊഴിലാളിവര്‍ഗത്തിന്റെ നേതൃത്വത്തില്‍ വര്‍ഗശക്തികളുടെ സഖ്യം കെട്ടിപ്പടുക്കേണ്ടതുണ്ട്. ഇതിന് ശക്തമായ തൊഴിലാളി -കര്‍ഷക ഐക്യം കെട്ടിപ്പടുക്കുകയും വര്‍ഗചൂഷണത്തിന്റെയും സാമൂഹികമായ അടിച്ചമര്‍ത്തലിന്റെയും ദുരിതങ്ങള്‍ സഹിക്കുന്ന എല്ലാ ശക്തികളെയും അണിനിരത്തുകയും ചെയ്യേണ്ടതുണ്ട്. ഈ ലക്ഷ്യം നേടിയെടുക്കാന്‍ കഴിയുന്നതുവരെ, ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഇന്നത്തെ ബൂര്‍ഷ്വാ - ഭൂപ്രഭുനയങ്ങള്‍ക്കുള്ള ഇടതുപക്ഷ ജനാധിപത്യ ബദല്‍ ഊട്ടിയുണ്ടാക്കുന്നതിനാണ് ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.


'21-ാം നൂറ്റാണ്ടിലെ മാര്‍ക്‌സിസം' എന്ന വിഷയത്തെക്കുറിച്ച് ലണ്ടനില്‍ നടന്ന ഒരു സെമിനാറില്‍ സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അവതരിപ്പിച്ച പ്രബന്ധത്തിലെ പ്രസക്ത ഭാഗങ്ങള്‍

2012, ഫെബ്രുവരി 7, ചൊവ്വാഴ്ച

21-ാം നൂറ്റാണ്ടിലെ മാര്‍ക്‌സിസം സാമ്രാജ്യത്വത്തിനുള്ള ബദല്‍

പ്രകാശ് കാരാട്ട്‌


സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം രണ്ടു പതിറ്റാണ്ടു കഴിഞ്ഞപ്പോള്‍, അന്ന് നിലനിന്നിരുന്ന മുതലാളിത്തത്തിന്റെ വിജയാഹ്ലാദ മനോഭാവമെല്ലാം അപ്രത്യക്ഷമായിരിക്കുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യത്തെ സുദീര്‍ഘ മുതലാളിത്ത പ്രതിസന്ധിയോടെ, മുതലാളിത്തത്തിന്റെ ഭാവിയിലും അത് അഭിമുഖീകരിക്കുന്ന അനിശ്ചിതത്വത്തിലും ആണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്.

19-ാം നൂറ്റാണ്ടിലെ തത്ത്വശാസ്ത്രമാണ് മാര്‍ക്‌സിസമെന്ന് പറഞ്ഞ് പുച്ഛിച്ചു തള്ളുകയും അത് കാലഹരണപ്പെട്ടു കഴിഞ്ഞു എന്ന് 20-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നതാണ്. എന്നാല്‍, സമകാലീന മുതലാളിത്തത്തെ ബാധിച്ചിട്ടുള്ള പ്രതിസന്ധിയെ വിശകലനം ചെയ്യുന്നതിന് പര്യാപ്തമായ ഒരേയൊരു ശാസ്ത്രീയ സിദ്ധാന്തം ആ മാര്‍ക്‌സിസമാണെന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു. മുതലാളിത്തത്തെ അതിലംഘിച്ച് മുന്നേറുന്നതിനും വര്‍ഗചൂഷണത്തില്‍നിന്നും സാമൂഹികമായ അടിച്ചമര്‍ത്തലില്‍നിന്നും വിമുക്തമായ ഒരു പുതിയ സമൂഹം കെട്ടിപ്പടുക്കുന്നതിനും എങ്ങനെ കഴിയും എന്നതിനെ സംബന്ധിച്ച വഴികാട്ടിയായി മാര്‍ക്‌സിസം ഇപ്പോഴും നിലകൊള്ളുന്നു.

സിദ്ധാന്തവും പ്രയോഗവും എന്ന നിലയില്‍ മാര്‍ക്‌സിസം നിരന്തരം പരിണാമത്തിന് വിധേയമാക്കേണ്ടതുണ്ട്. വികസിച്ചുകൊണ്ടേയിരിക്കുന്ന ഒരു സിദ്ധാന്തം എന്ന നിലയിലാണ് മാര്‍ക്‌സിസത്തെ വീക്ഷിക്കേണ്ടത്. ഇരുപതാം നൂറ്റാണ്ടിലെ സോവിയറ്റ്‌ശൈലിയിലുള്ള മാര്‍ക്‌സിസത്തിന്റെ പൈതൃകം പരിഗണിക്കുമ്പോള്‍, ഇക്കാര്യം ഊന്നിപ്പറയേണ്ടതുണ്ട്. മാര്‍ക്‌സ്, എംഗല്‍സ്, ലെനിന്‍ തുടങ്ങിയവരുടെ ക്ലാസിക്കല്‍ ഗ്രന്ഥങ്ങളുടെ സംഹിതയായിട്ടാണ് മാര്‍ക്‌സിസം വീക്ഷിക്കപ്പെട്ടത്. ഈ ക്ലാസിക്കുകളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട്, വിവിധ വിജ്ഞാനശാഖകളിലെ സംഭവവികാസങ്ങള്‍ വിശകലനം ചെയ്യപ്പെട്ടു; ആ കാരണത്താല്‍ നിശ്ചിതമായ ഒരു ചട്ടക്കൂട്ടില്‍ അവയെ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമം നടന്നു. ഇത് സിദ്ധാന്തത്തെ കല്ലുപോലെയാക്കിത്തീര്‍ത്തു; വരട്ടുതത്ത്വവാദങ്ങളില്‍ അഥവാ നിശ്ചേഷ്ടാവസ്ഥയില്‍ ആണ് അത് കൊണ്ടുചെന്നെത്തിച്ചത്.

21-ാം നൂറ്റാണ്ടിലെ മാര്‍ക്‌സിസത്തിന്, സൈദ്ധാന്തികമായ ഈ ഇടുങ്ങിയ ചട്ടക്കൂട്ടില്‍ നിന്ന് പുറത്തുകടക്കേണ്ടതുണ്ട്. കാരണം മാര്‍ക്‌സിസത്തെ ജീവത്തായ ഒരു സിദ്ധാന്തവും പ്രയോഗത്തിനുള്ള കൃത്യമായ വഴികാട്ടിയും ആക്കിത്തീര്‍ക്കുന്നതിന്, അത് അവശ്യം ആവശ്യമാണ്.

തുടരുന്ന സാമ്രാജ്യത്വം



ആഗോള മുതലാളിത്ത വ്യവസ്ഥയുടെ അവിഭാജ്യ ഭാഗമായി സാമ്രാജ്യത്വം നിലനില്‍ക്കുന്നു എന്ന കാര്യം മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തിക വിശകലനം സ്ഥിരീകരിക്കുന്നുണ്ട്. ആഗോളീകരണത്തിന്റെ യുഗത്തില്‍ ദേശരാഷ്ട്രങ്ങള്‍ അപ്രസക്തമായിത്തീര്‍ന്നിരിക്കുന്നുവെന്നും ദരിദ്രരാഷ്ട്രങ്ങളെ സമ്പന്നരാഷ്ട്രങ്ങള്‍ കോളനികളാക്കുന്നതിന്റെയും ചൂഷണം ചെയ്യുന്നതിന്റെയും അടിസ്ഥാനത്തിലുള്ള സാമ്രാജ്യത്വം എന്ന സങ്കല്പത്തിനപ്പുറത്തേക്ക് നാം നീങ്ങേണ്ടത് ആവശ്യമാണെന്നും വാദിക്കുന്നവരുണ്ട്. ലോകമുതലാളിത്തത്തെ ഇന്ന് ചലിപ്പിച്ചുകൊണ്ടിരിക്കുന്ന മുഖ്യവര്‍ഗശക്തികളെ കണ്ടെത്തുന്നതില്‍ ആ വാദം പരാജയപ്പെടുന്നു. സാമ്രാജ്യത്വത്തിന്റെ രൂപത്തിലും സ്വഭാവത്തിലും ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ കാണുമ്പോള്‍ സാമ്രാജ്യത്വത്തിന്റെ അന്തഃസത്തയും ഉള്ളടക്കവും ഇല്ലാതായിക്കഴിഞ്ഞു എന്ന തെറ്റിദ്ധാരണയ്ക്ക് ഈ വാദം ഇടവരുത്തുന്നു.

മൂലധനത്തിന്റെ കേന്ദ്രീകരണത്തിന്റെയും വികസിത മുതലാളിത്ത രാജ്യങ്ങളിലെ ബാങ്കിങ് മൂലധനവും വ്യവസായ മൂലധനവും തമ്മില്‍ ലയിച്ചുചേര്‍ന്നതിന്റെയും ഫലമായി ഉയര്‍ന്നുവന്ന കുത്തകകളെയും അതിന്റെ ഫലമായുണ്ടായ ഫിനാന്‍സ് മൂലധനത്തിന്റെ ഉയര്‍ച്ചയെയും അടിസ്ഥാനപ്പെടുത്തിയാണ്, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ സാമ്രാജ്യത്വത്തെക്കുറിച്ച് ലെനിന്‍ വിശകലനം നടത്തിയത്. ഫിനാന്‍സ് മൂലധനം ദേശരാഷ്ട്രങ്ങളുടെ സഹായത്തോടുകൂടി, ദരിദ്രരാജ്യങ്ങളുടെ വിഭവങ്ങളെയും വിപണികളെയും നിയന്ത്രിച്ചുകൊണ്ട് സാമ്രാജ്യത്വത്തെ പ്രയോഗത്തില്‍ കൊണ്ടുവന്നു.



ലെനിന്റെ കാലത്തിനുശേഷം എങ്ങനെയാണ് കാര്യങ്ങള്‍ മാറിയത് എന്നത്, അന്താരാഷ്ട്ര ഫിനാന്‍സ് മൂലധനത്തിന്റെ വളര്‍ച്ചയില്‍നിന്ന് ദൃശ്യമാണ്. ഫിനാന്‍സ് മൂലധനത്തിന് പക്ഷേ, ഇന്ന് ദേശീയരൂപം ഒട്ടുമില്ല. അത് ഇന്ന് ആഗോളതലത്തില്‍ത്തന്നെ ചലിച്ചുകൊണ്ടിരിക്കുന്നു. ആഗോളതലത്തില്‍ കണ്ണിചേര്‍ക്കപ്പെട്ട ഒരു വിപണിയുണ്ടാവണമെന്നും ആ വിപണിയില്‍ തങ്ങള്‍ക്ക് അനിയന്ത്രിതമായ ചലന സ്വാതന്ത്ര്യം ഉണ്ടായിരിക്കണം എന്നുമാണ് ഇന്നത് ആവശ്യപ്പെടുന്നത്. സാമ്രാജ്യത്വ ദേശരാഷ്ട്രങ്ങള്‍ തമ്മില്‍ത്തമ്മിലുള്ള ശത്രുതകള്‍ അന്താരാഷ്ട്ര ഫിനാന്‍സ് മൂലധനത്തിന്റെ മേധാവിത്വത്തിനുമുന്നില്‍ പത്തിമടക്കിയിരിക്കുന്നു.

എന്നാല്‍, സാമ്രാജ്യത്വം അപ്രത്യക്ഷമായിക്കഴിഞ്ഞു എന്നല്ല ഇതിനര്‍ഥം. മറിച്ച്, അന്താരാഷ്ട്ര ഫിനാന്‍സ് മൂലധനത്തിന്റെ കല്പനകള്‍ക്കുകീഴില്‍ സാമ്രാജ്യത്വം പ്രത്യേകിച്ചും വിഷമയമായ ഒരു രൂപം ആര്‍ജിച്ചിരിക്കുന്നുവെന്ന് പറയാം.



2007-'08 കാലത്ത് ആരംഭിച്ച ഇന്നത്തെ പ്രതിസന്ധി, വിവേകശൂന്യമായ വിധത്തിലുള്ള വായ്പകളിലൂടെയും ഊഹ ഇടപാടുകളിലൂടെയും ഉണ്ടാക്കപ്പെട്ട ഫിനാന്‍സ് - ആസ്തി - വിലക്കയറ്റക്കുമിളകളിലൂടെയുള്ള കൊള്ളകളിലൂടെ ഉണ്ടാക്കപ്പെട്ടതാണ്. ഈ പ്രതിസന്ധിയുടെ ഉടനെയുണ്ടായ പ്രത്യാഘാതമെന്ന നിലയില്‍ ജി-20 രൂപവത്കരിക്കുന്നതിന് സാമ്രാജ്യത്വ രാജ്യങ്ങള്‍ മുന്‍കൈയെടുത്തു. പ്രതിസന്ധി തരണം ചെയ്യുന്നതിനുള്ള മാര്‍ഗമെന്ന നിലയില്‍ ഗവണ്‍മെന്റുകളുടെ ചെലവ് സംയുക്തമായി വര്‍ധിപ്പിക്കണമെന്ന് തുടര്‍ന്നവര്‍ നിര്‍ദേശിച്ചു. എന്നാല്‍, നികുതിദായകരുടെ പണം ഉപയോഗിച്ച് വന്‍കിട ബാങ്കുകളെയും ഫിനാന്‍ഷ്യല്‍ കമ്പനികളെയും രക്ഷപ്പെടുത്തിക്കഴിഞ്ഞ ഉടനെത്തന്നെ, സാമ്രാജ്യത്വശക്തികള്‍ (പ്രത്യേകിച്ചും അമേരിക്കയും ജര്‍മനിയും ഫ്രാന്‍സും ഇംഗ്ലണ്ടും) ആര്‍ഭാടങ്ങള്‍ ഒഴിവാക്കണമെന്നും ചെലവ് വെട്ടിച്ചുരുക്കണമെന്നും വാദിച്ചു തുടങ്ങി. സ്റ്റേറ്റ് ഖജനാവിന്റെ ചെലവിലാണ് അന്തര്‍ദേശീയ ഫിനാന്‍സ്, അതിന്റെ നഷ്ടങ്ങളില്‍നിന്ന് രക്ഷപ്പെട്ടതെങ്കില്‍ത്തന്നെയും അത്തരം നീക്കുപോക്കുകളുടെ ഭാരം, ചെലവുചുരുക്കല്‍ നടപടികളിലൂടെ ലോകത്തെങ്ങുമുള്ള അധ്വാനിക്കുന്ന ജനങ്ങളുടെ തലയിലേക്ക് മാറ്റിവെക്കുകയാണുണ്ടായത്. നവലിബറല്‍ ആഗോളീകരണത്തില്‍നിന്ന് വേറിട്ട ഒരു മാറ്റത്തിന്റെ സാധ്യതയെയും പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വന്‍കിട ഫിനാന്‍സിന്റെ അധികാരശക്തിയെ തടയുന്നതിനെയും സാമ്രാജ്യത്വം തടഞ്ഞുനിര്‍ത്തുകയായിരുന്നു.

ശീതയുദ്ധ കാലഘട്ടത്തിനുശേഷം നാറ്റോ വഹിച്ച പങ്ക്, സാമ്രാജ്യത്വത്തിന്റെ സൈനികമേധാവിത്വ വാഞ്ഛയ്ക്കുള്ള നിദര്‍ശനമാണ്. 'ഭീകരതയ്‌ക്കെതിരായ യുദ്ധം' എന്നോ 'മനുഷ്യത്വപരമായ ഇടപെടല്‍' എന്നോ ഒക്കെയുള്ള പേരില്‍ നാറ്റോയുടെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ പശ്ചിമേഷ്യയിലും വ്യാപിപ്പിച്ചിരിക്കുന്നു.

അതിനാല്‍, മാര്‍ക്‌സിസ്റ്റ് കാഴ്ചപ്പാടില്‍നിന്നുകൊണ്ട് വീക്ഷിക്കുമ്പോള്‍, ജനാധിപത്യപരവും സമാധാനപരവും നീതിയുക്തവുമായ ഒരു ലോകക്രമം ഉണ്ടാക്കുന്നതിനുവേണ്ടി ശ്രമിക്കുന്ന എല്ലാറ്റിനും മുന്നിലുള്ള തടസ്സമായി എല്ലായ്‌പ്പോഴും നില്‍ക്കുന്നത് സാനമ്രാജ്യത്വമാണ്. അന്താരാഷ്ട്ര ഫിനാന്‍സിന്റെ ഉത്തേജനത്താല്‍ ചലിച്ചുകൊണ്ടിരിക്കുന്ന സാനമ്രാജ്യത്വത്തിനെതിരായ ചെറുത്തുനില്‍പ്പും സമരവും ആണ്, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വിപ്ലവ പ്രസ്ഥാനത്തിന്റെ അന്തഃസത്ത.

നവലിബറല്‍ നയങ്ങളും പ്രതിസന്ധികളും

മുതലാളിത്തത്തിന്റെ ആദ്യഘട്ടത്തില്‍ ഉണ്ടാക്കപ്പെട്ട ക്ഷേമരാഷ്ട്രത്തെ, പ്രതിസന്ധി മൂര്‍ച്ഛിക്കുമ്പോള്‍ ഫിനാന്‍സ് മൂലധനം കടന്നാക്രമിക്കുകയും തകര്‍ത്തെറിയുകയും ചെയ്യുന്നു. വികസിത മുതലാളിത്ത രാജ്യങ്ങളിലെ ജനങ്ങളുടെ ഇടയിലെ രൂക്ഷമായ അസമത്വവും വര്‍ധിച്ചുകൊണ്ടിരിക്കുന്ന തൊഴിലില്ലായ്മയും പാര്‍പ്പിടക്ഷാമവും നവലിബറല്‍ നയങ്ങളുടെ ഫലമായി സംഭവിക്കുന്നതാണ്. കോര്‍പ്പറേറ്റുകളുടെ അത്യാര്‍ത്തിക്കും ചെലവുചുരുക്കല്‍ നടപടികള്‍ക്കും എതിരായ പ്രതിഷേധങ്ങള്‍ യൂറോപ്പിലും അമേരിക്കയിലും പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു; ശക്തിപ്രാപിച്ചിരിക്കുന്നു. അതെന്തായാലും ശക്തമായ ഒരു രാഷ്ട്രീയ ബദല്‍ ആയി ഇതു മാറേണ്ടിയിരിക്കുന്നു. വളരെ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ അതിന് കഴിയും.

നവലിബറല്‍ കടന്നാക്രമണങ്ങളെ പിറകോട്ടടിപ്പിക്കുന്നതിലും അന്താരാഷ്ട്ര ഫിനാന്‍സ് മൂലധനത്തിന്റെ പിടിത്തം വിടുവിക്കുന്നതിലും കേന്ദ്രീകരിച്ചുകൊണ്ടുള്ള ഒരു ഇടതുപക്ഷ ബദല്‍ പരിപാടി കെട്ടിപ്പടുക്കേണ്ടത്, സാമ്രാജ്യത്വ ആഗോളീകരണത്തെ ചെറുക്കുന്നതിന് ആവശ്യമാണ്. സാമ്പത്തിക പരമാധികാരവും ജനകീയ പരമാധികാരവും പുനഃസ്ഥാപിക്കുന്നതിനും അതാവശ്യമാണ്. തൊഴിലവസരങ്ങള്‍ ഉണ്ടാക്കുകയും വരുമാന അസമത്വം കുറയ്ക്കുകയും ചെയ്യുന്ന വിധത്തില്‍ ഉത്പാദനശക്തികളെ വളര്‍ത്തിക്കൊണ്ടുവരുന്നതിന് സ്റ്റേറ്റിന്റെ ഇടപെടല്‍ ഉണ്ടാകണമെന്ന്, അത്തരമൊരു ഇടതുപക്ഷ പരിപാടി ആവശ്യപ്പെടണം.

ഓരോ രാജ്യത്തും അതത് രാജ്യങ്ങളിലെ സ്ഥിതിഗതികള്‍ക്കനുസരിച്ച്, ഇടതുപക്ഷ ബദല്‍ പരിപാടിയും അതിനുവേണ്ടിയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും വളര്‍ത്തിയെടുക്കേണ്ടതുണ്ട്. അന്താരാഷ്ട്ര ഫിനാന്‍സ് മൂലധനം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് ആഗോളതലത്തിലാണെങ്കില്‍ത്തന്നെയും തങ്ങളുടെ നവലിബറല്‍ തിട്ടൂരങ്ങളെ പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനായി ഓരോ രാജ്യത്തെയും ഭരണകൂടത്തെ അത് പ്രയോജനപ്പെടുത്തുന്നു. അതുകൊണ്ട്, ജനങ്ങളുടെ സാമ്പത്തിക പരമാധികാരവും ജനകീയപരമാധികാരവും പിടിച്ചെടുക്കുന്നതിനുള്ള സമരം, ആ ദേശരാഷ്ട്രത്തിന്നുള്ളില്‍ത്തന്നെയുള്ള വര്‍ഗസമരമാണ്. ദേശരാഷ്ട്രങ്ങളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള ഈ സമരങ്ങളെ സാമ്രാജ്യത്വ ആഗോളീകരണം അപ്രസക്തമാക്കിത്തീര്‍ത്തിട്ടില്ല.
                                                         
                                              
മുതലാളിത്തത്തിനെ വിപ്ലവപരമായി വെല്ലുവിളിക്കുമ്പോള്‍ അതിന്റെ കേന്ദ്രസ്ഥാനം തൊഴിലാളിവര്‍ഗത്തിനുതന്നെയാണ്. തൊഴിലാളിവര്‍ഗത്തിന്റെ ശക്തിയും വലിപ്പവും ആഗോളതലത്തില്‍ വിപുലമായിത്തീര്‍ന്നിട്ടുണ്ട് - പോസ്റ്റ് മാര്‍ക്‌സിസ്റ്റു കള്‍ മറിച്ച് പറയുന്നുണ്ടെങ്കില്‍ത്തന്നെയും. സേവനമേഖലകളില്‍ ജോലി ചെയ്യുന്നവരും ചൂഷണം ചെയ്യപ്പെടുന്ന തൊഴിലാളികള്‍ തന്നെയാണ്. രൂക്ഷമായ ചൂഷണത്തിന്റെ ഭാരം മുഴുവന്‍ പേറേണ്ടിവരുന്ന താത്കാലിക ജീവനക്കാരെയും അനൗപചാരിക തൊഴിലാളികളെയും സംഘടിപ്പിക്കുന്നതിനുള്ള ഒരു പുതിയ രൂപം ആവിഷ്‌കരിക്കുക എന്നതാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മാര്‍ക്‌സിസ്റ്റുകാരുടെ മുന്നിലുള്ള സുപ്രധാന വെല്ലുവിളി.

ഇന്ന് ലോകത്ത് സംഭവിക്കുന്ന ഏറ്റവും സങ്കീര്‍ണമായ പ്രക്രിയ, ഒരുപക്ഷേ, നാട്ടിന്‍പുറങ്ങളില്‍, പ്രത്യേകിച്ചും വികസനമധികം ഉണ്ടായിട്ടില്ലാത്ത രാജ്യങ്ങളിലെ നാട്ടിന്‍പുറങ്ങളില്‍ (ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെ) സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലമായി, 'ഘടനാപരമായ നീക്കുപോക്കുകളും സുദൃഢീകരണവും' എന്നു പറയപ്പെടുന്ന നയങ്ങള്‍, അന്താരാഷ്ട്ര മൂലധനവും ആഭ്യന്തര ബൂര്‍ഷ്വാസിയും ഭൂഉടമസ്ഥരായ ഗ്രാമീണ വരേണ്യവര്‍ഗവും ചേര്‍ന്ന്, മൂന്നാംലോകത്തെങ്ങുമുള്ള അധ്വാനിക്കുന്ന ജനങ്ങളുടെ തലയില്‍ നിരന്തരം കെട്ടിയേല്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. ഈ നയങ്ങള്‍ കാര്‍ഷിക പ്രതിസന്ധിയെ മൂര്‍ച്ഛിപ്പിക്കുകയും കര്‍ഷക ജനസാമാന്യത്തിന്റെ വരുമാനത്തെയും ഉപജീവനമാര്‍ഗങ്ങളെയും കൂടുതല്‍ വഷളാക്കുകയും അവരെ പാപ്പരാക്കിത്തീര്‍ക്കുകയും ചെയ്യുന്നു. ഭൂമി, ഉപജീവനമാര്‍ഗം, വിഭവങ്ങളുടെ ലഭ്യത എന്നീ വിഷയങ്ങളെച്ചൊല്ലിയുള്ള ഗ്രാമീണമേഖലയിലെ അസ്വാസ്ഥ്യം, ഇന്ന് വികസ്വര ലോകത്തിലെങ്ങും ദൃശ്യമാകുന്ന വ്യാപകമായ പ്രതിഭാസമാണ്. കര്‍ഷക ജനസാമാന്യത്തെയും ഗ്രാമീണ തൊഴിലാളികളെയും സംഘടിപ്പിക്കുകയും അവരും പട്ടണപ്രദേശങ്ങളിലെ തൊഴിലാളിവര്‍ഗവും ചേര്‍ന്ന സഖ്യം കെട്ടിപ്പടുക്കുകയും ചെയ്യുക എന്നത്, ഈ സമൂഹങ്ങളില്‍ ഉയര്‍ന്നുവരുന്ന ഏറ്റവും പ്രധാന വെല്ലുവിളിയാണ്.

(തുടരും)


21-ാം നൂറ്റാണ്ടിലെ മാര്‍ക്‌സിസം' എന്ന വിഷയത്തെക്കുറിച്ച് ലണ്ടനില്‍ നടന്ന ഒരു സെമിനാറില്‍ സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അവതരിപ്പിച്ച പ്രബന്ധത്തിലെ പ്രസക്ത ഭാഗങ്ങള്‍

2012, ഫെബ്രുവരി 6, തിങ്കളാഴ്‌ച

ചരിത്രത്തെ നിഷേധിക്കരുത്

സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ചരിത്രപ്രദര്‍ശനത്തില്‍ വച്ച ഒരു പോസ്ററിനെക്കുറിച്ച് വിവാദമുയര്‍ത്തി, കമ്യൂണിസ്റുകാരും ക്രൈസ്തവ സമൂഹവും ശത്രുപക്ഷങ്ങളിലാണെന്ന് വരുത്താന്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്ന ശ്രമത്തിന്റെ രാഷ്ട്രീയലക്ഷ്യം തിരിച്ചറിയാന്‍ പ്രയാസമില്ല. ആ ശ്രമം വേണ്ട രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ പറ്റാതിരുന്നപ്പോഴാണ്, നാളുകള്‍ക്കുമുമ്പ് ഒരു കവലയില്‍ പ്രത്യക്ഷപ്പെടുകയും നിമിഷങ്ങള്‍ക്കകം എടുത്തുമാറ്റുകയുംചെയ്ത ഒരു ബോര്‍ഡ് വിവാദവിഷയമാക്കിയത്്. വസ്തുതകള്‍ വ്യക്തമാക്കപ്പെട്ടതോടെ ആ വിവാദവും കെട്ടടങ്ങിയിരിക്കുന്നു. എന്നാല്‍, ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട് വലതുപക്ഷവും ഏതാനും വലതുപക്ഷ മാധ്യമങ്ങളും ഉയര്‍ത്തിക്കൊണ്ടുവന്ന ചര്‍ച്ചകള്‍ മതത്തെ സംബന്ധിച്ച മാര്‍ക്സിസ്റ് സമീപനത്തെ വികലമായി ചിത്രീകരിക്കുന്നതാണ്.

യേശുക്രിസ്തുവും ക്രിസ്തുമതവും ലോകചരിത്രത്തിന്റെ അഭേദ്യമായ ഭാഗമാണ്. മാനവരാശിയുടെ പുരോഗതിക്കുവേണ്ടി ജീവന്‍ ബലി നല്‍കിയവരുടെ ചരിത്രം ഒരു പ്രദര്‍ശനത്തിലൂടെ അവതരിപ്പിക്കുമ്പോള്‍ യേശുവിന്റെ പേര് സ്വാഭാവികമായും കടന്നുവരുന്നു. എംഗല്‍സ് ആദ്യകാല ക്രിസ്തുമത ചരിത്രത്തെപ്പറ്റി എന്ന ലേഖനത്തില്‍ ഇങ്ങനെ പറയുന്നു: "ആദ്യകാല ക്രിസ്തുമത ചരിത്രത്തിന് ആധുനിക തൊഴിലാളിവര്‍ഗ പ്രസ്ഥാനവുമായി പല സംഗതികളിലും ശ്രദ്ധേയമായ സാദൃശ്യമുണ്ട്. ഈ പ്രസ്ഥാനംപോലെ ക്രിസ്തുമതവും മര്‍ദിതജനങ്ങളുടെ ഒരു പ്രസ്ഥാനമായിരുന്നു. അടിമകളുടെയും സ്വതന്ത്രരാക്കപ്പെട്ടവരുടെയും മതമെന്ന നിലയ്ക്കാണ്, എല്ലാവിധ അവകാശങ്ങളും നിഷേധിക്കപ്പെട്ട പാവപ്പെട്ടവരുടെ മതമെന്ന നിലയ്ക്കാണ്, റോമിന്റെ ചവിട്ടടിക്കീഴില്‍ ആക്കപ്പെട്ടതോ റോമിനാല്‍ ഛിന്നഭിന്നമാക്കപ്പെട്ടതോ ആയ ജനതയുടെ മതമെന്ന നിലയ്ക്കാണ് അത് ആദ്യം രംഗപ്രവേശനംചെയ്തത്. ബന്ധനത്തില്‍ നിന്നും കഷ്ടപ്പാടുകളില്‍നിന്നുമുള്ള മോക്ഷമാണ് ക്രിസ്തുമതത്തെപ്പോലെ തൊഴിലാളിസോഷ്യലിസവും വാഗ്ദാനംചെയ്യുന്നത്.'' മരണാനന്തരലോകത്തെ സമത്വസുന്ദരമായ സമൂഹത്തെക്കുറിച്ചാണ് ക്രിസ്തുമതം വിഭാവനംചെയ്തതെങ്കില്‍ അത് ഈ ലോകത്ത് എങ്ങനെ പ്രാവര്‍ത്തികമാക്കാമെന്നതാണ് കമ്യൂണിസ്റുകാര്‍ ആലോചിക്കുന്നത്. സമത്വം ഈ ലോകത്ത് സാധ്യമാക്കുന്നതിന് കമ്യൂണിസ്റുകാരുമായി ഐക്യപ്പെടാന്‍ മതവിശ്വാസികള്‍ക്ക് കഴിയുമെന്നര്‍ഥം.

ചരിത്രത്തെ ശാസ്ത്രീയമായി കാണുന്ന ഈ സമീപനംതന്നെയാണ് മറ്റെല്ലാ മതങ്ങളോടും മാര്‍ക്സിസം സ്വീകരിക്കുന്നത്. റോമാ സാമ്രാജ്യത്വത്തിന്റെ ജീര്‍ണകാലഘട്ടത്തിലെ ബഹുജന കലാപങ്ങളിലാണ് ക്രിസ്തുമതത്തിന്റെ ഉത്ഭവമെന്ന് മാര്‍ക്സും എംഗല്‍സും ദര്‍ശിച്ചിട്ടുണ്ട്. ഇസ്ളാംമതത്തിന്റെ ആവിര്‍ഭാവം പരാമര്‍ശിക്കവെ ബദൂയിനുകളും പട്ടണവാസികളും തമ്മിലുള്ള ആഭ്യന്തര സമരങ്ങളിലേക്ക് മാര്‍ക്സും എംഗല്‍സും ശ്രദ്ധക്ഷണിക്കുകയുണ്ടായി. അറേബ്യന്‍ ഉപദ്വീപിനെ അബിസീനിയക്കാരില്‍നിന്ന് മോചിപ്പിക്കുന്നതിനും ചിരകാലമായി മറഞ്ഞുപോയ വ്യാപാരമാര്‍ഗങ്ങള്‍ വീണ്ടെടുക്കുന്നതിനുള്ള അറബി ദേശീയബോധത്തിന്റെ ഉണര്‍വായിരുന്നു അതെന്നും കണ്ടെത്തുന്നുണ്ട്. ബുദ്ധമതവും ജൈനമതവും ബ്രാഹ്മണമേധാവിത്വത്തിനെതിരെ രൂപപ്പെട്ടുവന്ന എതിര്‍പ്പിന്റെ മുഖമാണ് മുന്നോട്ടുവയ്ക്കുന്നതെന്നാണ് മാര്‍ക്സിസ്റ് നിരീക്ഷണം.

മനുഷ്യന്റെ ദുഃഖത്തിന്റെ പ്രതിഫലനവും അതിനോടുള്ള പ്രതിഷേധവുമായി മതത്തെ കാണുകയാണ് മാര്‍ക്സ് ചെയ്തത്. അടിച്ചമര്‍ത്തപ്പെട്ടവന്റെ വികാരങ്ങളാണ് മതം പ്രതിഫലിപ്പിക്കുന്നത് എന്ന് മാര്‍ക്സ് വ്യക്തമാക്കുന്നു. മാത്രമല്ല, മനുഷ്യത്വരഹിതമായ ലോകത്ത് മനുഷ്യത്വമാണ് മതദര്‍ശനം ഉയര്‍ത്തിപ്പിടിക്കുന്നതെന്നും അംഗീകരിക്കാന്‍ അദ്ദേഹത്തിന് ഒരു മടിയുമുണ്ടായില്ല. ഇത്തരത്തിലുള്ള ഗുണഗണങ്ങള്‍ വിശദീകരിക്കുമ്പോഴും യഥാര്‍ഥ പ്രശ്നങ്ങളെ ശാസ്ത്രീയമായി പരിഹരിക്കുന്നതിനുള്ള ശേഷി ഈ കാഴ്ചപ്പാടുകളില്‍ നിലനില്‍ക്കുന്നില്ലെന്നും വ്യക്തമാക്കാനാണ് കറുപ്പെന്ന പ്രയോഗം നടത്തിയത്. വേദനസംഹാരികള്‍കൊണ്ട് വേദന തല്‍ക്കാലം ശമിക്കും. എന്നാല്‍, രോഗം മാറ്റാന്‍ അതുകൊണ്ട് സാധ്യമല്ല. മനുഷ്യന്റെ പ്രയാസങ്ങളെ പ്രതിഫലിപ്പിക്കുകയും എന്നാല്‍, അതിന് പരിഹാരം കാണാനുള്ള പ്രായോഗിക പദ്ധതി ഇല്ലെന്നുമുള്ള കാഴ്ചപ്പാടാണ് ഇതില്‍ വിശദീകരിച്ചിരിക്കുന്നത്.

മതത്തിന്റെ പേരുപറഞ്ഞ് അടിസ്ഥാന ജനവിഭാഗത്തിന്റെ താല്‍പ്പര്യങ്ങളെ ഹനിക്കുന്ന വിധത്തില്‍ ഇടപെടുന്നതിനെ അതിശക്തമായി മാര്‍ക്സും എംഗല്‍സും എതിര്‍ത്തിട്ടുണ്ട്. അത് മതത്തോടുള്ള വിദ്വേഷത്തിന്റെ പശ്ചാത്തലത്തിലല്ല ഉണ്ടായത്. മതവിരുദ്ധരെന്ന് മുദ്രകുത്തി കമ്യൂണിസ്റുകാര്‍ക്കെതിരെ നിലപാടുകള്‍ സ്വീകരിച്ച ചില പുരോഹിതന്മാരുടെ നിലപാടിനെയാണ് എതിര്‍ത്തത്. ഈ വസ്തുത കമ്യൂണിസ്റ് മാനിഫെസ്റോയില്‍ വ്യക്തമാക്കുന്നുണ്ട്. കമ്യൂണിസ്റ് ആശയങ്ങള്‍ രൂപപ്പെട്ടുവരുന്ന കാലത്ത് അതിനെ എപ്രകാരമാണ് ചില പുരോഹിതന്മാര്‍ കൈകാര്യംചെയ്തത് എന്നതിന്റെ സൂചനകള്‍ കൂടിയാണിത്.

മാനിഫെസ്റോയില്‍ മാര്‍ക്സും എംഗല്‍സും ഇങ്ങനെ പറയുന്നു: "മതത്തിന്റെ പേരിലുള്ള ആവേശത്തിന്റെയും നിസ്വാര്‍ഥമായ വീരശൂരപരാക്രമങ്ങളുടെയും ഫിലിസ്റൈനുകളുടെ വികാരപരതയുടെയും ഏറ്റവും ദിവ്യമായ ആനന്ദനിര്‍വൃതികളെ അത് സ്വാര്‍ഥതാപരമായ കണക്കുകൂട്ടലിന്റെ മഞ്ഞുവെള്ളത്തിലാഴ്ത്തി''. മുതലാളിത്തം മതത്തെ സ്വാര്‍ഥതയ്ക്കും സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്കും കീഴ്പ്പെടുത്തുന്നതിനെതിരെയുള്ള വിമര്‍ശമാണ് ഇതിലൂടെ മാനിഫെസ്റോയില്‍ ഉന്നയിച്ചത്. മതത്തെ ഇത്തരത്തില്‍ രാഷ്ട്രീയവും സാമ്പത്തികവുമായ നേട്ടങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിനെ തീവ്രമായ ഭാഷയില്‍ എക്കാലത്തും മാര്‍ക്സും എംഗല്‍സും എതിര്‍ത്തിട്ടുണ്ട്.

മതത്തെ സ്ഥാപിത താല്‍പ്പര്യത്തിനും വലതുപക്ഷ രാഷ്ട്രീയ അജന്‍ഡയ്ക്കും വേണ്ടി ഉപയോഗിക്കുന്നത് ഇന്നത്തെ കാലത്ത് സജീവമാണ്. ലോകത്തിന്റെ പലഭാഗത്തും നടന്ന ഈ പദ്ധതി വിമോചനസമരകാലത്ത് കേരളത്തില്‍ നാം കണ്ടതാണ്. 1957 ലെ വിമോചനസമരത്തില്‍ മതത്തെ അപകടപ്പെടുത്തുന്നു എന്നു പറഞ്ഞാണ് രാഷ്ട്രീയ താല്‍പര്യത്തിനുവേണ്ടി പള്ളി ഇറങ്ങിപ്പുറപ്പെട്ടത്. ഇപ്പോള്‍ വലതുപക്ഷ രാഷ്ട്രീയശക്തികളുടെ കാഴ്ചപ്പാടുകള്‍ക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ മതത്തിന്റെ പേര് പറഞ്ഞ് ചില മത സംഘടനകളും മാധ്യമങ്ങളും മറ്റും ഇറങ്ങിപ്പുറപ്പെട്ടതും മാര്‍ക്സിന്റെയും എംഗല്‍സിന്റെയും മേല്‍വിവരിച്ച നിരീക്ഷണങ്ങള്‍ക്ക് ഇപ്പോഴും പ്രസക്തിയുണ്ട് എന്ന് വ്യക്തമാക്കുന്നു. മതത്തിന്റെ പേരുപറഞ്ഞ് വലതുപക്ഷ രാഷ്ട്രീയത്തെ സഹായിക്കാനും കമ്യൂണിസ്റുകാരെ എതിര്‍ക്കാനുമുള്ള നയപരിപാടിയെ കമ്യൂണിസ്റുകാര്‍ എന്നും പ്രതിരോധിച്ചിട്ടുണ്ട്. ഇത് മതവിരോധമല്ല. മറിച്ച് അതിന്റെ തെറ്റായ രീതിയിലുള്ള ഉപയോഗത്തിനെതിരെയുള്ള ഇടപെടലാണ്.

മതവിശ്വാസത്തെ അംഗീകരിച്ചും ബഹുമാനിച്ചും അത് നിലനില്‍ക്കുന്നതിന്റെ വസ്തുതകളെ ശരിയായ രീതിയില്‍ വിശകലനം ചെയ്തുകൊണ്ടുമാണ് മാര്‍ക്സിസ്റുകാര്‍ മുന്നോട്ടുപോകുന്നത്. ഒപ്പം അതിന്റെ പേരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന അന്ധവിശ്വാസത്തെയും അനാചാരത്തെയും എതിര്‍ക്കുന്നതിനും പാര്‍ടി പരിശ്രമിക്കുന്നു.

മാര്‍ക്സിസം വര്‍ഗസമരത്തിനെ അടിസ്ഥാനപ്പെടുത്തി നിലകൊള്ളുന്ന ആശയഗതിയാണ്. വിശ്വാസിയും അവിശ്വാസിയും തമ്മിലുള്ള സമരമല്ല മാര്‍ക്സിസത്തിന്റെ ലക്ഷ്യം. മറിച്ച് വിശ്വാസിയും അവിശ്വാസിയുമെല്ലാം അടങ്ങുന്ന അധ്വാനിക്കുന്ന ജനവിഭാഗത്തെയാകെ സംഘടിപ്പിച്ച് ആധിപത്യശക്തികള്‍ക്കെതിരായുള്ള പോരാട്ടമാണ് അതിന്റെ ഉന്നം. അതുകൊണ്ടുതന്നെ സിപിഐ എം ഒരു മതവിരുദ്ധ പ്രസ്ഥാനമല്ല.

മതവിശ്വാസത്തെ രാഷ്ട്രീയ ആവശ്യത്തിനും അധികാര താല്‍പ്പര്യത്തിനും വേണ്ടി ഉപയോഗിക്കപ്പെടുമ്പോഴാണ് അത് വര്‍ഗീയവാദമായിത്തീരുന്നത്. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന നയത്തിന് സഹായകമായ വിധത്തില്‍ ഭരണാധികാരത്തെ നിരന്തരമായി ബ്രിട്ടീഷുകാര്‍ ഉപയോഗിച്ചു. പിന്നീട് ഹിന്ദു-മുസ്ളിം വേര്‍തിരിവിന്റെ അടിസ്ഥാനത്തില്‍ സമ്മതിദായകരെ വേര്‍തിരിച്ചത്, ബംഗാള്‍ വിഭജനം, അന്നത്തെ മുസ്ളിംലീഗിന് അവര്‍ നല്‍കിയ പരിരക്ഷയും ഹിന്ദുവര്‍ഗീയ സംഘടനകളുമുണ്ടാക്കിയ ഐക്യവും-ഇതെല്ലാം മതത്തെ സാമ്രാജ്യത്വ താല്‍പ്പര്യത്തിന് അനുകൂലമായി മാറ്റിയതിന്റെ ഉദാഹരണങ്ങളാണ്. ഇത്തരത്തില്‍ മതത്തെ ആധിപത്യത്തിനുള്ള ഉപാധിയാക്കിത്തീര്‍ക്കുന്ന പ്രവണതയെ എല്ലാ കാലത്തും പാര്‍ടി എതിര്‍ത്തിട്ടുണ്ട്; എതിര്‍ക്കുകയുംചെയ്യും.

കേരളത്തിലും സമാനമായ ചിത്രങ്ങള്‍ കാണാം. വിമോചനസമരകാലത്ത് മതത്തെ രാഷ്ട്രീയ ലാഭത്തിനായി നഗ്നമായി ഉപയോഗിച്ചു. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയശക്തിയായ കമ്യൂണിസ്റ് പാര്‍ടിക്ക് ഇത്തരം പ്രവണതകളുമായി നിരന്തരം ഏറ്റുമുട്ടേണ്ടിവന്നു. കേരളത്തിലാകമാനം ഉയര്‍ന്നുവന്ന കര്‍ഷകരുടെയും തൊഴിലാളികളുടെയും വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയുമെല്ലാം സമരത്തിന് നടുനായകത്വം വഹിച്ച് പാര്‍ടി നിലകൊണ്ടു. ഇതിലൂടെ മതേതരമായ ഒരു സംസ്കാരം കേരളത്തില്‍ രൂപപ്പെട്ടു. 1957 ല്‍ കേരള നിയമസഭയിലേക്ക് നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പില്‍ ജനഹിതത്തിലൂടെ ലഭിച്ച അധികാരമുപയോഗിച്ച് അടിസ്ഥാന ജനവിഭാഗത്തിന് ഗുണപരമായ നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കുവാന്‍ പാര്‍ടി പ്രയത്നിച്ചു. ജന്മിത്വം അവസാനിപ്പിക്കാനുള്ള പരിഷ്കാരങ്ങള്‍ നടപ്പാക്കി. ഇത് പ്രമാണിമാര്‍ക്ക് കനത്ത തിരിച്ചടിയായി. കമ്യൂണിസ്റ് പാര്‍ടിയെ തോല്‍പ്പിക്കണമെങ്കില്‍ ജാതി-മത സംഘടനകളെ ആകമാനം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അണിനിരത്തണം എന്ന പാഠമാണ് കോണ്‍ഗ്രസിലെയും ജാതി-മത വര്‍ഗീയ സംഘടനകളിലെയും പ്രമാണിമാര്‍ ഇതില്‍നിന്ന് പഠിച്ചത്. അതിന്റെ ഭാഗമായാണ് 1959ല്‍ കമ്യൂണിസ്റ് വിരുദ്ധമുന്നണി രൂപപ്പെട്ടതും വിമോചന സമരം അരങ്ങേറിയതും. അന്ന് രൂപപ്പെട്ട ഈ മുന്നണിയാണ് ഇന്നത്തെ യുഡിഎഫ് ആയി തുടരുന്നത്. ആ യുഡിഎഫാണ് ഇപ്പോഴും യുക്തിരഹിതമായ പ്രശ്നങ്ങള്‍പോലും ഉയര്‍ത്തി കമ്യൂണിസ്റ് പാര്‍ടിക്കെതിരെ രംഗത്തുവരുന്നത്. സമീപനാളുകളില്‍ പാര്‍ടിക്കെതിരെ നടത്താന്‍ ശ്രമിക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലവും ലക്ഷ്യവും ഇതില്‍നിന്നൊക്കെ നിസ്സംശയം വ്യക്തമാകുന്നുണ്ട്. ക്രിസ്തുവിനെ അവഹേളിക്കുന്നവരല്ല മാര്‍ക്സിസ്റുകാര്‍ എന്നതിന് ഈ ചരിത്രംതന്നെയാണ് സാക്ഷി. മറിച്ച് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ അക്ഷരാര്‍ഥത്തില്‍ ചരിത്രനിഷേധികളാണ്.

*
പിണറായി വിജയന്‍ 07 ഫെബ്രുവരി 2012

2012, ഫെബ്രുവരി 1, ബുധനാഴ്‌ച

ഏക ബദല്‍ സോഷ്യലിസം, ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തണം

രാജ്യത്ത് ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്താന്‍ ഇടതുപക്ഷ പാര്‍ടികള്‍ക്ക് പുറത്തുള്ള ഇടതുപക്ഷ ചിന്താഗതിക്കാരായ സംഘടനകളെയും വ്യക്തികളെയും ഒപ്പം നിര്‍ത്താന്‍ ശ്രമിക്കണമെന്ന് സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയ പ്രമേയത്തില്‍ പറഞ്ഞു. കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ ഇടതുജനാധിപത്യ ബദല്‍ യാഥാര്‍ഥ്യമാക്കാന്‍ സിപിഐ എമ്മിന്റെ വളര്‍ച്ച സാധ്യമാകണം. തെരഞ്ഞെടുപ്പ് തിരിച്ചടികളുടെയും പാര്‍ടിയുടെ ഏറ്റവും വലിയ ശക്തികേന്ദ്രമായ പശ്ചിമബംഗാളില്‍ നേരിടുന്ന ആക്രമണങ്ങളുടെയും സാഹചര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ പാര്‍ടിയുടെ അടിത്തറയും സ്വാധീനവും വര്‍ധിപ്പിക്കേണ്ടത് അത്യന്തം പ്രധാനമാണ്. ദേശീയ രാഷ്ടീയത്തില്‍ പാര്‍ടിയുടെ സ്വതന്ത്രമായ പങ്കും വളര്‍ത്തണം-പ്രമേയം വ്യക്തമാക്കി. എ കെ ജി ഭവനില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് കരട് രാഷ്ട്രീയ പ്രമേയം പുറത്തിറക്കി. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ സീതാറാം യെച്ചൂരിയും കെ വരദരാജനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനും ബിജെപിയെ ഒറ്റപ്പെടുത്താനും ഇടതു-ജനാധിപത്യ ബദല്‍ വളര്‍ത്തിക്കൊണ്ടുവരണമെന്ന് കരട് പ്രമേയം പറയുന്നു. ബൂര്‍ഷ്വാ-ഭൂപ്രഭു വര്‍ഗത്തിന്റെ താല്‍പ്പര്യമാണ് കോണ്‍ഗ്രസും ബിജെപിയും പ്രതിനിധാനംചെയ്യുന്നത്. വിവിധ ജനവിഭാഗങ്ങളെ സാമൂഹ്യമായി അടിച്ചമര്‍ത്തുന്നതിലും ചൂഷണം ചെയ്യുന്നതിലും ഇരു പാര്‍ടിയും മത്സരിക്കുന്നു. നവ ഉദാരവല്‍ക്കരണ നയത്തോടൊപ്പം അമേരിക്കന്‍ അനുകൂല വിദേശനയമാണ് ഇരു പാര്‍ടിയും സ്വീകരിക്കുന്നത്. വന്‍വിലക്കയറ്റവും തൊഴിലില്ലായ്മയും അഴിമതിയും കാര്‍ഷിക പ്രതിസന്ധിയും സാമ്പത്തികമായ അസമത്വവും അടിച്ചേല്‍പ്പിക്കുന്ന യുപിഎ സര്‍ക്കാരിനെ പരാജയപ്പെടുത്തണം. ഇതേ നയം തുടരുന്നതോടൊപ്പം വര്‍ഗീയ അജന്‍ഡ കൂടി വഹിക്കുന്ന ബിജെപിയെ ഒറ്റപ്പെടുത്തണം. യോജിച്ച പോരാട്ടങ്ങളിലൂടെ മാത്രമേ ഇടതു ജനാധിപത്യ ബദല്‍ കെട്ടിപ്പടുക്കാനാകൂ. ബദല്‍ കെട്ടിപ്പടുക്കാന്‍ കോണ്‍ഗ്രസിതര, ബിജെപിയിതര കക്ഷികളെ കൂടെ നിര്‍ത്തേണ്ടിവരും. ജനാധിപത്യവും രാജ്യത്തിന്റെ പരമാധികാരവും ജനങ്ങളുടെ അവകാശവും ഫെഡറലിസവും സംരക്ഷിക്കാന്‍ ഇത്തരം കക്ഷികളെ അണിനിരത്തേണ്ടിവരും. ഇത്തരം സംയുക്തവേദികള്‍ ദേശീയതലത്തില്‍ ഇടതു ജനാധിപത്യസഖ്യം കെട്ടിപ്പടുക്കാനുള്ള പ്രക്രിയയെ സഹായിക്കും. ജനകീയ പ്രശ്നങ്ങളിലും നയപരമായ വിഷയങ്ങളിലും കോണ്‍ഗ്രസിതര മതനിരപേക്ഷ കക്ഷികളുമായി യോജിച്ച പോരാട്ടത്തിനു ശ്രമിക്കുന്നത് ജനകീയപ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ സഹായിക്കും. പാര്‍ലമെന്റില്‍ ഇത്തരം കക്ഷികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയും. ഇവയില്‍ ചില കക്ഷികളുമായി ആവശ്യാനുസരണം തെരഞ്ഞെടുപ്പ് സഖ്യമാകാം.

ഉദാരവല്‍ക്കരണ നയത്തിനെതിരെ ശക്തവും വിശാലവുമായ പോരാട്ടം വളര്‍ത്തണം. നിലവിലുള്ള സമരം നവ ഉദാരവല്‍ക്കരണനയത്തെ പ്രതിരോധിക്കാന്‍ പര്യാപ്തമല്ല. ഭൂമി, ഭക്ഷണം, തൊഴില്‍ , സാമൂഹ്യനീതി എന്നീ വിഷയങ്ങളുയര്‍ത്തി ശക്തമായ സമരം വളര്‍ത്തണം. ജനങ്ങളെ ബാധിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങളും ഉയര്‍ത്തിക്കൊണ്ടുവരണം. വര്‍ഗീയതയ്ക്കും വിഘടനവാദത്തിനും എതിരായി വിട്ടുവീഴ്ചയില്ലാതെ പൊരുതുന്നതോടൊപ്പം മതനിരപേക്ഷത സംരക്ഷിക്കുകയും വേണം. എല്ലാ മേഖലയിലുമുള്ള സാമ്രാജ്യത്വ സ്വാധീനം തടയണം. ഇതിനായി രാജ്യത്തെങ്ങും ശക്തമായ പാര്‍ടി കെട്ടിപ്പടുക്കണം അതിലൂടെ മാത്രമേ യഥാര്‍ഥ ബദലായ ജനകീയ ജനാധിപത്യത്തിലൂടെ സോഷ്യലിസത്തിലേക്ക് മുന്നേറാനാകൂ- കാരാട്ട് പറഞ്ഞു. മുസ്ലീങ്ങള്‍ക്ക് പത്ത് ശതമാനവും മറ്റു ന്യൂനപക്ഷങ്ങള്‍ക്ക് അഞ്ച് ശതമാനവും സംവരണം വേണമെന്ന രംഗനാഥ മിശ്ര കമ്മീഷന്‍ നടപ്പാക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.
(വി ബി പരമേശ്വരന്‍)

ഏക ബദല്‍ സോഷ്യലിസം

അഞ്ചുവര്‍ഷംമുമ്പ് ആരംഭിച്ച ആഗോള മുതലാളിത്തപ്രതിസന്ധി മാറ്റമില്ലാതെ തുടരുകയാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം അംഗീകരിച്ച കരട് രാഷ്ട്രീയപ്രമേയം ചൂണ്ടിക്കാട്ടി. ധന മൂലധനം നയിക്കുന്ന ആഗോളവല്‍ക്കരണത്തിന്റെ സ്ഥിരതയില്ലായ്മയാണ് ദീര്‍ഘമായ പ്രതിസന്ധി വ്യക്തമാക്കുന്നത്. ചൂഷണാധിഷ്ഠിത നവ ഉദാരവല്‍ക്കരണ മുതലാളിത്തത്തിന് ഏകബദല്‍ സോഷ്യലിസം മാത്രമാണെന്ന് കൂടുതല്‍ തിരിച്ചറിയപ്പെടുകയാണ്. എല്ലാ ആധുനിക മുതലാളിത്ത രാജ്യങ്ങളിലെയും ജനങ്ങള്‍ സര്‍ക്കാരുകളുടെ ചെലവുചുരുക്കല്‍ നടപടിയിലും സാമൂഹ്യക്ഷേമപദ്ധതികളുടെ വെട്ടിക്കുറയ്ക്കലിലും പ്രതിഷേധിച്ച് പോരാട്ടങ്ങള്‍ സംഘടിപ്പിക്കുകയാണ്. അമേരിക്കയിലെ വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രസ്ഥാനവും യൂറോപ്യന്‍ രാജ്യങ്ങളില്‍ തൊഴിലാളികളും വിദ്യാര്‍ഥികളും യുവാക്കളും നടത്തുന്ന സമരപരിപാടികളും ശ്രദ്ധേയമാണ്. ഇടതുപക്ഷശക്തികളുടെ രാഷ്ട്രീയബദല്‍ ഉരുത്തിരിഞ്ഞെങ്കില്‍മാത്രമേ യൂറോപ്പിലെ ജനങ്ങളുടെ പോരാട്ടങ്ങളും മുന്നേറ്റങ്ങളും കാര്യമായ മാറ്റത്തിന് വഴിയൊരുക്കൂ.

ലാറ്റിനമേരിക്കയില്‍ ഇടതുപക്ഷത്തിന് മുന്നേറ്റം നിലനിര്‍ത്താനായി. ഇടതുപക്ഷസര്‍ക്കാരുകള്‍ അധികാരത്തിലുള്ള പല രാജ്യങ്ങളും നവ ഉദാരവല്‍ക്കരണമാതൃക തള്ളിക്കളഞ്ഞു. നവ ഉദാരവല്‍ക്കരണത്തിന് ബദലായുള്ള നയമാണ് ഈ രാജ്യങ്ങള്‍ നടപ്പാക്കുന്നത്. തെക്കന്‍ ഏഷ്യയിലെ ജനാധിപത്യ- പുരോഗമന ശക്തികളോട് പാര്‍ടി ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയാണ്. ഈ മേഖലയിലെ ഇടതുജനാധിപത്യ- മതനിരപേക്ഷ ശക്തികളുമായുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിന് പാര്‍ടി ശ്രമിക്കും. ഇപ്പോഴത്തെ മുതലാളിത്തപ്രതിസന്ധിയോടെ മുതലാളിത്തത്തിന്റെ വിജയമെന്ന വായ്ത്താരിക്ക് അവസാനമായി. നവ ഉദാരവല്‍ക്കരണത്തിന് ഏകബദല്‍ സോഷ്യലിസം മാത്രമാണെന്ന് കൂടുതല്‍ വ്യക്തമാകുകയാണ്- രാഷ്ട്രീയപ്രമേയം പറഞ്ഞു.

യുപിഎ സര്‍ക്കാര്‍ ജനജീവിതം ദുസ്സഹമാക്കി

നവഉദാരവല്‍ക്കരണ നയവുമായി മുന്നോട്ടുപോവുകയാണ് രണ്ടാം യുപിഎ സര്‍ക്കാരെന്ന് സിപിഐ എം കരടു രാഷ്ട്രീയപ്രമേയത്തില്‍ പറഞ്ഞു. അവശ്യവസ്തുക്കളുടെ അനിയന്ത്രിതമായ വിലക്കയറ്റം, ഒന്നാം യുപിഎ സര്‍ക്കാരിന്റെ അവസാന കാലത്ത് ആരംഭിച്ച വന്‍ അഴിമതിയുടെ തുടര്‍ച്ച, അമേരിക്കന്‍ അനുകൂല വിദേശനയത്തിന്റെ തുടര്‍ച്ചയും അമേരിക്കയുമായുള്ള തന്ത്രപരമായ സഖ്യവും, തൊഴിലാളി വര്‍ഗത്തെയും കര്‍ഷകരെയും പണിയെടുക്കുന്ന മറ്റ് ജനവിഭാഗങ്ങളെയും കടുത്ത ചൂഷണത്തിനും അവഗണനയ്ക്കും വിധേയമാക്കല്‍ എന്നിവയാണ് മൂന്നുവര്‍ഷ കാലയളവില്‍ യുപിഎ സര്‍ക്കാരിന്റെ എടുത്തുപറയാവുന്ന കാര്യങ്ങള്‍ . പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിറ്റഴിക്കല്‍ , എണ്ണ-വാതക-ഖനന മേഖലകളുടെ സ്വകാര്യവല്‍ക്കരണം, ധനമേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ ഒഴുക്ക് വര്‍ധിപ്പിക്കലും വിപണി കൂടുതലായി തുറക്കലും, മരുന്നുനിര്‍മാണരംഗത്ത് ബഹുരാഷ്ട്രകുത്തകകളുടെ ആധിപത്യം തുടരാന്‍ അനുവദിക്കല്‍ , ചില്ലറവ്യാപാരമേഖല ബഹുരാഷ്ട്രകുത്തകള്‍ക്കായി തുറന്നുകൊടുക്കല്‍ എന്നിങ്ങനെ നവ ഉദാരവല്‍ക്കരണ നയവുമായി മുന്നോട്ടുനീങ്ങുകയാണ് രണ്ടാം യുപിഎ സര്‍ക്കാര്‍ . അവശ്യവസ്തുക്കളുടെ അവധിവ്യാപാരം അവസാനിപ്പിച്ചും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതിഘടന പരിഷ്കരിച്ചും പൊതുവിതരണ സംവിധാനം സാര്‍വത്രികമാക്കിയും വിലക്കയറ്റം തടയാനുള്ള നടപടിയെടുക്കാന്‍ യുപിഎ സര്‍ക്കാര്‍ വിസമ്മതിക്കുകയാണ്.

ആഗോളസാമ്പത്തികമാന്ദ്യവും ആഭ്യന്തരമായി സ്വീകരിച്ച നവഉദാരവല്‍ക്കരണ നയവും സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച കുറയാന്‍ ഇടയാക്കി. തൊഴില്‍ വളര്‍ച്ചയിലും ഗണ്യമായ ഇടിവുണ്ടായി. കാര്‍ഷിക പ്രതിസന്ധി രാജ്യത്ത് വീണ്ടും കര്‍ഷക ആത്മഹത്യകള്‍ തിരിച്ചുകൊണ്ടുവന്നു. പൊതുനിക്ഷേപത്തിന്റെ അപര്യാപ്തതയും സബ്സിഡി വെട്ടിക്കുറച്ചതും കാര്‍ഷിക ചെലവ് കൂട്ടി. ന്യായവിലകൂടി ലഭിക്കാത്തതോടെ വലിയ വിഭാഗം കര്‍ഷകര്‍ക്ക് കൃഷി ലാഭമല്ലാതായി മാറി. കര്‍ഷകത്തൊഴിലാളികളുടെ സ്ഥിതിയും കൂടുതല്‍ മോശമായി. ഗ്രാമങ്ങളില്‍നിന്ന് നഗരങ്ങളിലേക്ക്ദരിദ്രരുടെ ഒഴുക്ക് വര്‍ധിക്കുകയാണ്. വിദേശ- ആഭ്യന്തര കുത്തകകള്‍ കാര്‍ഷികമേഖല ഏറ്റെടുക്കണമെന്ന നയമാണ് യുപിഎ സര്‍ക്കാരിന്റേത്. ഇതിനെതിരെ പോരാട്ടം ഉയരണം.

പ്രത്യേക സാമ്പത്തികമേഖലയ്ക്കായും കോര്‍പറേറ്റുകള്‍ക്കുവേണ്ടിയും ഖനനാവശ്യത്തിനും ഭൂമി ഏറ്റെടുക്കല്‍ വന്‍തോതില്‍ വര്‍ധിച്ചു. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ഭൂമി ഏറ്റെടുക്കലിനെതിരെ പ്രതിഷേധം ഉയരാന്‍ ഇതു കാരണമായി. രണ്ട് ദശകം നീണ്ട ഉദാരവല്‍ക്കരണ നയം വന്‍ ബിസിനസുകാര്‍ക്കും നഗരങ്ങളിലെ സമ്പന്നര്‍ക്കുമാണ് ഗുണം ചെയ്തത്. തൊഴിലാളികള്‍ അവഗണിക്കപ്പെട്ടു. ശതകോടീശ്വരന്മാരുടെ എണ്ണം 2003ല്‍ 13 ആയിരുന്നത് 2011 മാര്‍ച്ചില്‍ 55 ആയി. ലാഭവിഹിതം 1980കളില്‍ 20 ശതമാനമായിരുന്നത് 2008ല്‍ 60 ശതമാനമായി. കൂലിയുടെ വിഹിതമാകട്ടെ ഗണ്യമായി കുറഞ്ഞു. നിലവില്‍ തൊഴിലുകളിലെ സിംഹഭാഗവും കരാര്‍ - താല്‍ക്കാലിക സ്വഭാവത്തിലേക്ക് മാറിയെന്നും കരടുപ്രമേയം വ്യക്തമാക്കി.

കേന്ദ്രഭരണ നേതൃത്വത്തിന്റെ മുഖമുദ്ര അഴിമതി

ഉന്നതതല അഴിമതി യുപിഎ സര്‍ക്കാരിന്റെ മുഖമുദ്രയായി മാറിയെന്ന് കരട് രാഷ്ട്രീയപ്രമേയം ചൂണ്ടിക്കാട്ടി. 2ജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ്, ആദര്‍ശ് പാര്‍പ്പിടസമുച്ചയം, കെജി വാതകതടം, എസ് ബാന്‍ഡ് സ്പെക്ട്രത്തിനായുള്ള ആന്‍ഡ്രിക്സ്- ദേവാസ് കരാര്‍ തുടങ്ങി അഴിമതിപരമ്പരതന്നെ അരങ്ങേറി. ഉദാരവല്‍ക്കരണനയത്തിന്റെ ഭാഗമായി വിദേശത്തേക്കുള്ള അനധികൃത പണമൊഴുക്ക് വന്‍തോതില്‍ വര്‍ധിച്ചു. കള്ളപ്പണം കണ്ടെത്തുന്ന കാര്യത്തിലും വിദേശത്ത് അനധികൃതമായി സൂക്ഷിച്ച പണം തിരിച്ചുകൊണ്ടുവരുന്നതിലും സര്‍ക്കാരിന്റെ താല്‍പ്പര്യമില്ലായ്മ തുടരുകയാണ്.

ഉന്നതതല അഴിമതി തടയാന്‍ സര്‍ക്കാര്‍നടപടി സ്വീകരിക്കണം. ലോക്പാല്‍ രൂപീകരണത്തിനൊപ്പം ജുഡീഷ്യറിക്കായി പ്രത്യേക നിയമനിര്‍മാണം, തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങള്‍ , കോര്‍പറേറ്റ് കൊള്ളയ്ക്ക് വഴിയൊരുക്കുന്ന നയങ്ങള്‍ പിന്‍വലിക്കുക, വന്‍ കച്ചവടക്കാരും രാഷ്ട്രീയ- ഉദ്യോഗസ്ഥ കൂട്ടുകെട്ടും ചേര്‍ന്നുള്ള അഴിമതി തടയുക തുടങ്ങിയ നടപടികളും സ്വീകരിക്കണം. വന്‍ കച്ചവടക്കാരും രാഷ്ട്രീയപാര്‍ടികളുമായുള്ള സഹകരണം വര്‍ധിക്കുന്നതിനെയും തെരഞ്ഞെടുപ്പില്‍ വലിയ തോതില്‍ പണമൊഴുക്കുന്നതിനെയും രാഷ്ട്രീയപ്രമേയം അപലപിച്ചു. പണാധികാരത്തിന്റെ ഉപയോഗം പാര്‍ലമെന്ററി ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുകയാണ്. ജനാധിപത്യ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം വര്‍ധിക്കുന്നു. രാഷ്ട്രീയത്തിലെ പണസ്വാധീനത്തിന് എതിരായും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങള്‍ക്കായും സിപിഐ എം വിശാലാടിസ്ഥാനത്തില്‍ പ്രചാരണം ആരംഭിക്കും.

കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ പുനഃക്രമീകരണത്തിന്റെ ആവശ്യകതയും കരട് രാഷ്ട്രീയപ്രമേയം ഊന്നുന്നു. പരമാവധി സ്വയംഭരണം നല്‍കി ജമ്മു കശ്മീര്‍ പ്രശ്നത്തിന് രാഷ്ട്രീയപരിഹാരം, വടക്ക്-കിഴക്കന്‍ മേഖലയിലെ വംശീയ ഏറ്റുമുട്ടലുകളും തീവ്രവാദം തടയേണ്ടതിന്റെ ആവശ്യകത എന്നീ കാര്യങ്ങളും രാഷ്ട്രീയപ്രമേയം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷം ഹിന്ദുത്വ അജന്‍ഡ സജീവമാക്കാന്‍ ബിജെപി ശ്രമമാരംഭിച്ചു. വര്‍ഗീയസംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനും വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം വളര്‍ത്താനും തുടര്‍ച്ചയായി ശ്രമം നടക്കുന്നു. ഇത് തടയണം. ബിജെപി ഭരിക്കുന്ന ഗുജറാത്തിലും കര്‍ണാടകയിലും മധ്യപ്രദേശിലും ന്യൂനപക്ഷങ്ങള്‍ക്കുനേരെ പ്രത്യേകിച്ച് മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കുനേരെ അക്രമങ്ങള്‍ തുടര്‍ക്കഥയാണ്. ഭീകരാക്രമണങ്ങളില്‍ ചില തീവ്രവാദസംഘടനകള്‍ക്കുള്ള പങ്ക് പുറത്തുവന്നിട്ടുണ്ട്. ഭീകരത ആരുടെ ഭാഗത്തുനിന്നായാലും ചെറുക്കണം. ഭീകരതയ്ക്ക് പ്രേരണയാകുന്ന തീവ്രവാദ-വര്‍ഗീയ ആശയങ്ങളെ ചെറുത്തുതോല്‍പ്പിക്കണമെന്നും രാഷ്ട്രീയപ്രമേയം പറഞ്ഞു.

സാമ്പത്തികപ്രതിസന്ധി: മുതലാളിത്ത രാജ്യങ്ങള്‍ ബാധ്യത ജനങ്ങളുടെ തലയിലാക്കി

സാമ്പത്തിക പ്രതിസന്ധിക്ക് ഉത്തരവാദികളായ സ്വകാര്യബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും കരകയറ്റുന്നതിന് ശതകോടിക്കണക്കിന് ഡോളര്‍ ചെലവഴിച്ചശേഷം ഇപ്പോള്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ചെലവുചുരുക്കല്‍ നടപടിയിലേക്ക് കടന്നിരിക്കുകയാണെന്ന് രാഷ്ട്രീയപ്രമേയം ചൂണ്ടിക്കാട്ടി. പൊതു മുതല്‍മുടക്ക് വെട്ടിക്കുറച്ച് ബാധ്യത സാധാരണജനങ്ങള്‍ക്ക് കൈമാറി. യൂറോമേഖല രാജ്യങ്ങള്‍ കടുത്ത വായ്പപ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഗ്രീസാണ് ഇതിന്റെ കേന്ദ്രബിന്ദു. തൊഴിലില്ലായ്മ വര്‍ധിക്കുന്നതിനും അസമത്വം കൂടുന്നതിനും സാമൂഹ്യക്ഷേമപദ്ധതികളില്‍ വലിയ വെട്ടിക്കുറവിനും പ്രതിസന്ധി വഴിയൊരുക്കി. പ്രതിസന്ധി തുടര്‍ക്കഥയാകുമ്പോഴും അമേരിക്കയും നാറ്റോ സഖ്യരാജ്യങ്ങളും അധിനിവേശശ്രമങ്ങള്‍ തുടരുകയാണ്. ലിബിയക്കുമേലുള്ള കടന്നുകയറ്റവും സിറിയയെ കടന്നാക്രമിക്കുമെന്ന ഭീഷണിയും ഇറാനുമായുള്ള സംഘര്‍ഷം തുടരുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്. അഫ്ഗാനില്‍ താലിബാനെ ഇല്ലാതാക്കാന്‍ അമേരിക്കയ്ക്കും നാറ്റോയ്ക്കും കഴിഞ്ഞിട്ടില്ല. അവരുടെ അഫ്പാക്ക് തന്ത്രം പാളിയിരിക്കുകയാണ്. ടുണീഷ്യയിലെയും ഈജിപ്തിലെയും ജനകീയപ്രക്ഷോഭം അവിടത്തെ ഏകാധിപത്യസര്‍ക്കാരുകളെ തകിടംമറിച്ചു. ഈ ജനകീയസമരങ്ങളെ തട്ടിയെടുക്കാനും വഴിതിരിച്ചുവിടാനും അമേരിക്കയും പാശ്ചാത്യശക്തികളും ഇടപെടല്‍ നടത്തി. പലസ്തീന്‍ ജനതയ്ക്കുനേരെയുള്ള അധിനിവേശവും അതിക്രമവും ഇസ്രയേല്‍ തുടരുകയാണ്. എന്നാല്‍ , പലസ്തീന്‍പ്രസ്ഥാനം ഇന്ന് കൂടുതല്‍ യോജിപ്പിലാണ്.

ദളിത് പ്രശ്നങ്ങളില്‍ പ്രക്ഷോഭം ശക്തമാക്കും

ദളിതരുടെയും ന്യൂനപക്ഷങ്ങളുടെയും ആദിവാസികളുടെയും സ്ത്രീകളുടെയും പ്രശ്നമുയര്‍ത്തി ശക്തമായ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരാന്‍ സിപിഐ എം കരട് രാഷ്ട്രീയപ്രമേയം ആഹ്വാനംചെയ്തു. ദളിതര്‍ക്കായുള്ള പ്രത്യേക ഫണ്ട് മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കില്ലെന്ന് ഉറപ്പ് വരുത്താന്‍ കേന്ദ്രനിയമം പാസാക്കണമെന്ന് കരട് രാഷ്ട്രീയപ്രമേയം ആവശ്യപ്പെട്ടു. സ്വകാര്യമേഖലയില്‍ ദളിതര്‍ക്ക് സംവരണം ഏര്‍പ്പെടുത്തണം. അയിത്തത്തിനും തൊട്ടുകൂടായ്മയ്ക്കെതിരെയും പ്രക്ഷോഭം വളര്‍ത്തിക്കൊണ്ടുവരണം. പട്ടികവര്‍ഗത്തിനെന്നപോലെ മുസ്ലിം ന്യൂനപക്ഷത്തിനും ഉപ പദ്ധതികള്‍ വേണം. രംഗനാഥമിശ്ര കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണം. മുസ്ലിങ്ങള്‍ക്ക് 10 ശതമാനവും മറ്റ് ന്യൂനപക്ഷങ്ങള്‍ക്ക് 5 ശതമാനവും സംവരണം വേണമെന്ന കമീഷന്‍ നിര്‍ദേശം ഉടന്‍ നടപ്പാക്കണം. പശ്ചിമബംഗാളിലെ ഇടതുപക്ഷ സര്‍ക്കാര്‍ മുസ്ലിങ്ങള്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ച നാലര ശതമാനം സംവരണം മുസ്ലിങ്ങള്‍ക്ക് ഗുണം ചെയ്യില്ല. ദളിതര്‍ക്കുള്ള സംവരണാനുകൂല്യം ദളിത് ക്രൈസ്തവര്‍ക്കും ദളിത് മുസ്ലിങ്ങള്‍ക്കും നല്‍കണം. ഈ നിര്‍ദേശം നടപ്പാക്കാന്‍ ഭരണഘടനാഭേദഗതി ആവശ്യമാണ്. സംവരണം 50 ശതമാനത്തില്‍ കൂടരുതെന്ന സുപ്രീംകോടതി ഉത്തരവ് മറികടക്കാനാണ് ഭരണഘടനാ ഭേദഗതി അനിവാര്യമാകുന്നത്. മുസ്ലിങ്ങള്‍ക്കെതിരായ മനുഷ്യാവകാശലംഘനങ്ങള്‍ക്ക് അന്ത്യമിടണമെന്നും സിപിഐ എം ആവശ്യപ്പെട്ടു. ആദിവാസികളുടെ ഭൂമി സംരക്ഷിക്കാനും രാഷ്ട്രീയപ്രമേയം ആഹ്വാനം ചെയ്തു. വനിതാസംവരണ ബില്‍ ഉടന്‍ പാസാക്കണമെന്നും ആവശ്യപ്പെട്ടു.

അമേരിക്കയുമായുള്ള തന്ത്രപ്രധാന ബന്ധം രാജ്യത്തിന് ദോഷം

അമേരിക്കയുമായുള്ള തന്ത്രപ്രധാന ബന്ധത്തിന്റെ ഭാഗമായാണ് ചില്ലറവില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപത്തിന് യുപിഎ സര്‍ക്കാര്‍ ഒരുങ്ങുന്നതെന്ന് കരട് രാഷ്ട്രീയ പ്രമേയം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ താല്‍പ്പര്യത്തിനെതിരായ സ്വതന്ത്ര വ്യാപാര കരാറുകളും അമേരിക്കന്‍ അനുകൂല വിദേശ നയത്തിന്റെ ഫലമാണ്. അമേരിക്കയുമായുള്ള ആണവകരാറിന്റെ ഭാഗമായി വിലയേറിയ ആണവ റിയാക്ടര്‍ ഇറക്കുമതി ചെയ്യുന്നതിനാല്‍ വൈദ്യുതിയുടെ വില വര്‍ധിക്കും. അതിനാല്‍ സ്വതന്ത്ര വിദേശനയത്തിനായുള്ള സമരം രാഷ്ട്രീയ ബദല്‍ കെട്ടിപ്പടുക്കാനുള്ള സമരത്തിന്റെ ഭാഗമാണെന്ന് കരടുപ്രമേയം വ്യക്തമാക്കി. അമേരിക്കയില്‍ നിന്ന് ആയുധക്കടത്ത് ഉറപ്പാക്കുന്നതിനാണ് അന്തിമ ഉപയോഗ കരാര്‍ (എന്‍ഡ്യൂസ് കരാര്‍) ഒപ്പിട്ടത്. ഇതിനകം 40,000 കോടി രൂപയുടെ ആയുധം അമേരിക്കയില്‍ നിന്നു വാങ്ങി. 2010ല്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഇന്ത്യ സന്ദര്‍ശിച്ചത് ഇന്ത്യന്‍ കമ്പോളം അവര്‍ക്കായി തുറന്നിടാന്‍ സമ്മര്‍ദം ചെലുത്താനും സൈനികബന്ധം ശക്തമാക്കാനും വേണ്ടിയായിരുന്നുവെന്നും കരടുപ്രമേയം വ്യക്തമാക്കി.

ഹിന്ദിമേഖല: പ്രത്യേക രേഖ പാര്‍ടി കോണ്‍ഗ്രസില്‍

ഹിന്ദി മേഖലയില്‍ സിപിഐ എം ശക്തമാക്കുന്നതിനുള്ള കാഴ്ചപ്പാടിനെക്കുറിച്ചുള്ള പ്രത്യേക രേഖ കോഴിക്കോട്ട് ഏപ്രില്‍ നാല് മുതല്‍ ഒമ്പത് വരെ നടക്കുന്ന ഇരുപതാം പാര്‍ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുമെന്ന് പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അറിയിച്ചു. രാജ്യത്തിന്റെ എല്ലാ മേഖലയിലും പാര്‍ടിയെ വളര്‍ത്താതെ ബദല്‍ ശക്തിയായി വളരാന്‍ കഴിയില്ലെന്ന യാഥാര്‍ഥ്യമാണ് ഈ മേഖലയില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കാന്‍ കാരണമെന്നും കാരാട്ട് പറഞ്ഞു. പ്രാദേശികവിഷയങ്ങള്‍ ഉയര്‍ത്തി തുടര്‍ച്ചയായ സമരങ്ങള്‍ നടത്തണമെന്ന മുന്‍ പാര്‍ടി കോണ്‍ഗ്രസിന്റെ ആഹ്വാനം അതിന്റെ പൂര്‍ണ അര്‍ഥത്തില്‍ നടപ്പായിട്ടില്ല. ഈ ദൗര്‍ബല്യം പരിഹരിക്കേണ്ടതുണ്ട്-കാരാട്ട് പറഞ്ഞു. ഇരുപതാം പാര്‍ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയപ്രമേയം എ കെ ജി ഭവനില്‍ പുറത്തിറക്കി സംസാരിക്കുകയായിരുന്നു കാരാട്ട്.

ഏപ്രില്‍ നാല് മുതല്‍ ഒമ്പത് വരെയാണ് ഇരുപതാം പാര്‍ടി കോണ്‍ഗ്രസ്. ശനിയാഴ്ച പുറത്തിറക്കിയ കരട് രാഷ്ട്രീയപ്രമേയം എല്ലാ പ്രാദേശികഭാഷകളിലേക്കും തര്‍ജമ ചെയ്യും. പാര്‍ടിയുടെ എല്ലാ ഘടകങ്ങളും കരട് രാഷ്ട്രീയപ്രമേയം ചര്‍ച്ചചെയ്യും. കൊല്‍ക്കത്തയില്‍ ജനുവരി 17 മുതല്‍ 20 വരെ ചേര്‍ന്ന സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം അംഗീകരിച്ച കരട് രാഷ്ട്രീയപ്രമേയമാണ് പുറത്തിറക്കിയത്. 2008ല്‍ കോയമ്പത്തൂരില്‍ ചേര്‍ന്ന 19-ാം പാര്‍ടി കോണ്‍ഗ്രസിന് ശേഷമുള്ള നാല് വര്‍ഷം സാര്‍വദേശീയ- ദേശീയ രാഷ്ട്രീയ സ്ഥിതിഗതികളും അതിന്റെ അടിസ്ഥാനത്തിലുള്ള അടവ് നയവുമാണ് പ്രമേയത്തിലുള്ളത്. കരട് രാഷ്ട്രീയപ്രമേയത്തില്‍ പാര്‍ടി അംഗങ്ങള്‍ക്കും ഘടകങ്ങള്‍ക്കും ഭേദഗതി അവതരിപ്പിക്കാം. ഭേദഗതികള്‍ അയക്കുമ്പോള്‍ കരട് പ്രമേയത്തിലെ ഖണ്ഡികയും വരിയും ഏതെന്ന് വ്യക്തമാക്കണം. അയക്കുന്ന വ്യക്തിയുടെ അല്ലെങ്കില്‍ ഘടകത്തിന്റെ പേര് വ്യക്തമാക്കണം. മാര്‍ച്ച് 10നകം ഭേദഗതി പാര്‍ടി ആസ്ഥാനത്ത് ലഭിക്കണം. കവറിന് പുറത്ത് "കരട് രാഷ്ട്രീയപ്രമേയത്തിനുള്ള ഭേദഗതികള്‍" എന്ന് എഴുതണം. അയക്കേണ്ട വിലാസം സിപിഐ എം കേന്ദ്രകമ്മിറ്റി, എ കെ ഗോപാലന്‍ ഭവന്‍ , 27-29 ഭായ്വീര്‍സിങ് മാര്‍ഗ്, ന്യൂഡല്‍ഹി 110001. ഭേദഗതികള്‍ ഇ-മെയില്‍ വഴിയും അയക്കാം. അതിലും കരട് രാഷ്ട്രീയപ്രമേയത്തിനുള്ള ഭേദഗതിയെന്ന് വ്യക്തമാക്കണം. അറ്റാച്ച്മെന്റ് അയക്കരുത്. അയക്കേണ്ട വിലാസം 20@രുശാ.ീൃഴ ഫാക്സില്‍ അയക്കരുത്. പാര്‍ടികോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന പ്രത്യയശാസ്ത്രപ്രമേയം അടുത്ത ആഴ്ച പുറത്തിറക്കും.

കേരളത്തില്‍ വിഭാഗീയതയില്ല: കാരാട്ട്

കേരളത്തിലെ പാര്‍ടിയില്‍ വിഭാഗീയതയില്ലെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയത്തിനു കാരണം വിഭാഗീയതയല്ല. രാഷ്ട്രീയ പ്രമേയം പുറത്തിറക്കിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിപിഐ എമ്മിലെ വിഭാഗീയതയാണ് കേരളത്തിലെ പരാജയത്തിന് കാരണമെന്ന സിപിഐയുടെ വിലയിരുത്തല്‍ തെറ്റാണെന്ന് കാരാട്ട് പറഞ്ഞു.

മൂന്ന് സീറ്റിന്റെ വ്യത്യാസത്തിനാണ് കേരളത്തില്‍ ഭരണം നഷ്ടമായത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ ഭരണത്തെ ജനങ്ങള്‍ തള്ളിക്കളഞ്ഞെന്ന് പറയാനാകില്ല. പാര്‍ടിയുടെ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള വിലയിരുത്തലനുസരിച്ച് സിപിഐ എമ്മിലെയും ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെയും വര്‍ധിച്ച ഐക്യമാണ് തെരഞ്ഞെടുപ്പില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാന്‍ കാരണമായത്. യഥാര്‍ഥ വസ്തുത കാണാതെയാണ് സിപിഐയുടെ വിലയിരുത്തല്‍ . പശ്ചിമബംഗാളിലെ തോല്‍വിയുടെ ഉത്തരവാദിത്തം സിപിഐ എമ്മിനാണെന്ന സിപിഐയുടെ വിലയിരുത്തലിനെക്കുറിച്ച് ചോദിച്ചപ്പോള്‍ 34 വര്‍ഷം ഭരണം നിലനിര്‍ത്തിയതിന്റെയും ഏഴു തവണ തുടര്‍ച്ചയായി വിജയിച്ചതിന്റെയും ബഹുമതി സിപിഐ എമ്മിന് ആയിരിക്കുമല്ലോ എന്ന് കാരാട്ട് പ്രതികരിച്ചു.

*
കടപ്പാട്: ദേശാഭിമാനി 29 ജനുവരി 2012