ശരത്
ലോകത്ത് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ അപ്രമാദിത്യത്തിന് അറുതി വരുത്തുമെന്ന മുന്നറിയിപ്പോടെ പടിപടിയായി ചൈന നടത്തുന്ന കുതിപ്പിന് ലോകം സാക്ഷിയാകുന്നു. അമേരിക്കയും റഷ്യയും അടക്കിവാണ ബഹിരാകാശ രംഗത്തും, ലോക സമ്പദ് വ്യവസ്ഥയെ നിയന്ത്രിച്ചിരുന്ന അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തകകളെ പിന്നിലാക്കി സാമ്പത്തിക രംഗത്തുമെല്ലാം ചൈന കൈവരിക്കുന്ന നേട്ടങ്ങള്‍ ലോകത്തിന് പുതിയ ദിശാബോധം നല്‍കുകയാണ്. രാജ്യത്തിന്റെ വിഭവങ്ങള്‍ ക്രിയാത്മകമായി ഉപയോഗപ്പെടുത്തിയും ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തിയുമാണ് ചൈന കുതിക്കുന്നത്.
ഈയടുത്തുണ്ടായ രണ്ടു സംഭവങ്ങള്‍ ചൈനീസ് മുന്നേറ്റത്തിന്റെ സൂചികയാണ്. ബഹിരാകാശ രംഗത്തെ വിജയമാണ് ഒന്ന്. മറ്റൊന്ന് സാമ്പത്തിക മേഖലയിലെ മേല്‍ക്കൈയും. രണ്ട് പേടകം ബഹിരാകാശത്ത് വിജയകരമായി ലക്ഷ്യത്തിലെത്തിച്ചാണ് ചൈന ബഹിരാകാശ രംഗത്തെ കുതിപ്പ് തുടരുന്നത്. കഴിഞ്ഞദിവസം വിക്ഷേപിച്ച ആളില്ലാ പേടകം "ഷെന്‍ഷൂ-8"കഴിഞ്ഞമാസം വിക്ഷേപിച്ച "തിയാന്‍ഗോങ്-1" പേടകത്തിലേക്ക് കൃത്യമായി ഇണക്കിച്ചേര്‍ത്തുകൊണ്ട് അമേരിക്കയ്ക്കും റഷ്യക്കും പിന്നാലെ ഈ സാങ്കേതികവിദ്യ കൈവരിക്കുന്ന മൂന്നാമത്തെ രാജ്യമായി
ചൈന മാറി. 2020 ആവുമ്പോഴേക്കും സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിച്ച് മനുഷ്യനെ അവിടെ എത്തിക്കാനുള്ള പരിശ്രമത്തിലെ നിര്‍ണായക ചുവടുവയ്പാണ് ഈ നേട്ടത്തിലൂടെ ചൈന കൈവരിച്ചത്. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയ്ക്ക് പകരം വെക്കാവുന്ന കുതിപ്പുകളാണ് ചൈന തുടരുന്നത്. പതിനായിരത്തോളം ഭാഗങ്ങള്‍ സംയോജിച്ച പേടക സ്ഥാപന സംവിധാനം (ഡോക്കിങ് സിസ്റ്റം) ഷാങ്ഹായ് അക്കാഡമി ഓഫ് സ്പേസ് ഫ്ളൈറ്റ് ടെക്നോളജിയുടെ നേതൃത്വത്തില്‍ ചൈനീസ് ഗവേഷണ സ്ഥാപനങ്ങള്‍ തദ്ദേശീയമായി വികസിപ്പിച്ചതാണ്. അടുത്തവര്‍ഷം രണ്ട് പേടകംകൂടി ചൈന ഇപ്രകാരം ബഹിരാകാശത്ത് സ്ഥാപിക്കും. ഇതിനുശേഷം ബഹിരാകാശ പരീക്ഷണശാലയും നിലയവും സ്ഥാപിക്കാനുള്ള പ്രവര്‍ത്തനം തുടങ്ങുമെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍ പറഞ്ഞു. പേടകം കൃത്യമായി ബഹിരാകാശത്ത് സ്ഥാപിക്കാനുള്ള സാങ്കേതികവിദ്യ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ഉദ്യമത്തിലെ സുപ്രധാന നേട്ടമാണ്.
ബഹിരാകാശ രംഗത്ത് ഈ കുതിപ്പ് തുടരുമ്പോള്‍ , മാന്ദ്യത്തിന്റെ ശീതക്കാറ്റിലും സാമ്പത്തിക രംഗത്തെ ചൈനയുടെ ഉറച്ച ചുവടുവയ്പ്പും ലോകം ഉറ്റുനോക്കുകയാണ്. യൂറോപ്പിനെയും അമേരിക്കയെയും വട്ടം കറക്കുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും വിഭിന്നമായി സാമ്പത്തിക രംഗത്ത് ചൈന നേട്ടം കൈവരിക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ആഭ്യന്തര കടപരിധി വര്‍ധിപ്പിച്ചുകൊണ്ടുള്ള പുതിയ സാമ്പത്തികനയം അമേരിക്കയില്‍ നടപ്പാക്കിയത് ഈയിടെയാണ്. അമേരിക്കന്‍ ഓഹരി വിപണിയുടെ റേറ്റിങ് പ്രമുഖ ഏജന്‍സിയായ സ്റ്റാന്റേര്‍ഡ് ആന്റ് പ്യുവര്‍ "എഎഎ"യില്‍ നിന്ന് "എഎ+" ലേക്ക് തരം താഴ്ത്തിയത് അമേരിക്കന്‍ സമ്പദ് വ്യവസ്ഥ നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളിലേക്കാണ് വിരല്‍ ചൂണ്ടി. യൂറോപ്യന്‍ രാജ്യങ്ങളിലും കനത്ത സാമ്പത്തിക പ്രതിസന്ധി പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ഗ്രീസിലെ പ്രധാനമന്ത്രി ജോര്‍ജ് പപ്പന്‍ദ്രു സാമ്പത്തിക പ്രതിസന്ധിമൂലം പ്രധാമന്ത്രി പദം അടുത്തിടെ രാജിവെച്ചു. ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബര്‍ലുസ്കോണിയും സാമ്പത്തിക പ്രതിസന്ധിമൂലം രാജി പ്രഖ്യാപിച്ചിട്ടുണ്ട്.
വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തില്‍ നിന്ന്
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ യൂറോപ്യന്‍ സാമ്പത്തിക സ്ഥിരതാ ഫണ്ടിലേക്ക്(ഇഎഫ്എസ്എഫ്) യൂറോസോണ്‍ ചൈനയുടെ സഹായം തേടിയത് അടുത്തിടെയാണ്. 3000 കോടി ഡോളറിലധികം വരുന്ന ചൈനയുടെ വിദേശ നീക്കിയിരുപ്പ് യൂറോപ്പിനെ കടക്കെണിയില്‍ നിന്ന് കരകയറ്റാന്‍ ചൈന ഉപയോഗപ്പെടുത്തിയേക്കും. ഇഎഫ്എസ്എഫ് ചീഫ് എക്സിക്യൂട്ടീവ് ക്ളോസ് റിഗ്ലിങ് ചൈനീസ് പ്രസിഡന്റ് ഹു സിന്റാവോയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. യൂറോപ്പിലെ പ്രബല രാജ്യങ്ങളായ ജര്‍മനിയും ബ്രിട്ടനും അടക്കമുള്ള രാജ്യങ്ങള്‍ക്ക് ഇഎഫ്എസ്എഫിന്റെ പുതിയ ഫണ്ടിലേക്ക് ഒരു യൂറോപോലും നല്‍കാന്‍ സാധിക്കാത്ത അവസരത്തിലാണ് ചൈനയുടെ സഹായ വാഗ്ദാനം. ചൈനയുമായി വിദേശ വ്യാപാരത്തിലേര്‍പ്പെട്ടിരിക്കുന്നതിലധികവും യൂറോപ്യന്‍ രാജ്യങ്ങളാണ്. 2001ല്‍ ചൈനയുമായുള്ള വ്യാപാരകരാറിന് ഗ്രീസ് തയാറാവാതിരുന്നത് ഗ്രീസിന്റെ സാമ്പത്തിക തകര്‍ച്ചയ്ക്ക് പ്രധാന കാരണമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് നിക്കൊളാസ് സര്‍ക്കോസി അഭിപ്രായപ്പെട്ടിരുന്നു.
ലോകത്തിലെ സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന വികസിത രാഷ്ട്രങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുമ്പോള്‍ ചൈന വേറിട്ട് നില്‍ക്കുകയാണ്. 2008ല്‍ ലോകത്ത് വീശിയടിച്ച സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ ദീര്‍ഘവീക്ഷണമുള്ള പദ്ധതികളാണ് ചൈന ആവിഷ്കരിച്ചത്. മാന്ദ്യത്തെ മറികടക്കാന്‍ ആയിരക്കണക്കിന് സ്വകാര്യ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി പൊതുമേഖല ശക്തപ്പെടുത്തുകയും ചെറുകിട വ്യവസായങ്ങള്‍ പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു. ശക്തമായ നടപടികളുടെ ഭാഗമായി 2010ആയപ്പോള്‍ കോടിക്കണക്കിന് ചെറുകിട വ്യവസായങ്ങള്‍ ചൈനയില്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് കണക്ക്. 1978 മുതല്‍ നടപ്പാക്കിയ സാമ്പത്തിക പരിഷ്കരണങ്ങളുടെ ഭാഗമായി ദശലക്ഷക്കണക്കിന് ജനങ്ങളാണ് ദാരിദ്ര്യത്തില്‍ നിന്നും കരകയറിയത്. ദരിദ്ര ജനത 2005 ആയപ്പോഴേക്കും 2.5%മായി കുറഞ്ഞു. അമേരിക്കയടക്കമുള്ള വികസിത രാജ്യങ്ങളില്‍ തൊഴിലില്ലാത്തവരുടെയും ദരിദ്രരുടെയും എണ്ണം ദിനംപ്രതി വര്‍ധിക്കുമ്പോഴാണ് ചൈനയുടെ നേട്ടം. ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയും ചൈനയുടെതാണ്. കഴിഞ്ഞ 30 വര്‍ഷമായി തുടര്‍ച്ചയായ സാമ്പത്തിക പുരോഗതി കൈവരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ലോകത്ത് കയറ്റുമതിയില്‍ ഒന്നാംസ്ഥാനവും ഇറക്കുമതിയില്‍ രണ്ടാം സ്ഥാനവും ചൈനയ്ക്കാണ്. കൃഷിയും വ്യവസായവും ഒരുപോലെ മികച്ച രീതിയില്‍ മുന്നോട്ടു നയിക്കുന്നതാണ് ചൈനയുടെ മറ്റൊരു പ്രത്യേകത. ലോകത്ത് ഏറ്റവും കൂടുതല്‍ അരി ഉല്‍പാദിപ്പിക്കുന്നതും ചൈനയില്‍ത്തന്നെ. ഇത്തരത്തില്‍ വ്യവസായവും കൃഷിയും തുല്യപ്രാധാന്യത്തോടെ കൈകാര്യം ചെയ്ത് ദീര്‍ഘവീക്ഷണമുള്ള പരിഷ്കാരങ്ങളിലൂടെയാണ് ചൈന ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യമാവാനുള്ള കുതിപ്പ് തുടരുന്നത്. ലോക വിപണി ചൈന നിയന്ത്രിക്കുന്ന കാലം വിദൂരമല്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ