2015, മേയ് 18, തിങ്കളാഴ്‌ച

തമിഴകത്ത് തളിര്‍ക്കുന്നു; ദളിത് ജീവിതം


ചെരുപ്പിടരുത്, പൊതുവഴിയിലൂടെ നടക്കരുത്, പൊതുശ്മശാനത്തില്‍ ദഹിപ്പിക്കരുത്, പൊതുപൈപ്പില്‍ വെള്ളമെടുക്കരുത്, ക്ഷേത്രത്തില്‍ പ്രവേശിക്കരുത്, സ്കൂളില്‍ ഒന്നിച്ചിരിക്കരുത്, രണ്ടുതരം ഗ്ലാസ്. തമിഴ്നാട്ടില്‍ ദളിതര്‍ക്കുനേരെ മേല്‍ജാതിക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന കല്‍പ്പനകള്‍. ഉയര്‍ന്ന ജാതിക്കാരന്‍ വേട്ടയാടുമ്പോള്‍ മിണ്ടാന്‍പോലുമാകാതെ ജീവിച്ചവരാണ് ദളിതര്‍. അടിമയെ പോലെ കഴിഞ്ഞ ദളിതര്‍ ഇന്ന് അവകാശങ്ങള്‍ക്കായി തെരുവിലിറങ്ങുന്നു.
മനുഷ്യനെ പോലെ ജീവിക്കണമെന്ന ബോധത്തിലേക്ക് തമിഴകത്തെ ദളിതര്‍ മാറുകയാണ്. തമിഴ്നാട് അയിത്തനിര്‍മാര്‍ജന മുന്നണിയുടെ ചിറകിലേറിയാണ് ഇവര്‍ പൊതുജീവിതത്തിലേക്ക് പറന്നുയരുന്നത്്. സിപിഐ എമ്മിന്റെ നിരന്തര ഇടപെടലിന്റെ ഫലമായാണ് 2008ലാണ് അയിത്തനിര്‍മാര്‍ജന മുന്നണി രൂപീകരിച്ചത്. പുതുക്കോട്ടയില്‍ 2010 മെയ് 28, 29 തിയതികളിലായിരുന്നു ആദ്യസമ്മേളനം. ട്രേഡ് യൂണിയനുകള്‍, പുരോഗമന ആശയമുള്ള സര്‍വീസ് സംഘടനകള്‍, കിസാന്‍സഭ, ഡിവൈഎഫ്ഐ, എസ്എഫ്ഐ, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍, മുര്‍പ്പോക്ക് എഴുത്താളര്‍ സംഘം തുടങ്ങിയ പ്രസ്ഥാനങ്ങളുടെ പിന്തുണയിലാണ് മുന്നണി ആരംഭിച്ചത്.
 
രണ്ടാം സംസ്ഥാനസമ്മേളനത്തിന് വിരുദുനഗറില്‍ എത്തുമ്പോള്‍ അണിചേര്‍ന്നത് 68 ദളിത് സംഘടനകള്‍. 40 ലക്ഷംപേര്‍.ദളിത് പീഡനം സംബന്ധിച്ച് സര്‍വേ സംഘടിപ്പിച്ചാണ് മുന്നണി പൊതുരംഗത്തേക്ക് കടന്നുവരുന്നത്. 1348 ഗ്രാമങ്ങളില്‍ നടത്തിയ സര്‍വേയില്‍ അയിത്തത്തിന്റെ 85 വകഭേദങ്ങള്‍ കണ്ടെത്തി. ജനസഖ്യയില്‍ 90 ശതമാനം ദളിതരും മറ്റ് പിന്നോക്കവിഭാഗക്കാരും ചേര്‍ന്നതാണ്.
70 ശതമാനം മറ്റ് പിന്നോക്കക്കാരും 20 ശതമാനം ദളിതരും. ഒരുകാലത്ത് ബ്രാഹ്മണവിരുദ്ധമുന്നേറ്റമായിരുന്നു തമിഴ്നാട്ടില്‍. ഇന്ന് ദളിതരും ഒബിസി വിഭാഗവും തമ്മിലാണ് ഏറ്റുമുട്ടല്‍. തൊഴിലാളികള്‍ ബഹുഭൂരിപക്ഷം ഈ വിഭാഗങ്ങളില്‍പ്പെട്ടവര്‍ ആയതിനാല്‍ സംഘടിത തൊഴിലാളിപ്രസ്ഥാനത്തിനും ജാതിവ്യവസ്ഥ ഭീഷണിയായി. പലയിടത്തും ദളിതരെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കില്ല. ദളിത് പഞ്ചായത്ത് പ്രസിഡന്റിന് കസേരയും നല്‍കില്ല. ചെക്കില്‍ ഒപ്പിടാനും അനുവാദമില്ല. ഇത് ലംഘിക്കുന്നവരെ അതിക്രൂരമായി മര്‍ദിക്കും, കൊലപ്പെടുത്തും. ദുരഭിമാനഹത്യയും  വ്യാപകമായി. ഒരുവര്‍ഷത്തിനിടെ 28 ദുരഭിമാനഹത്യ . ധര്‍മപുരിയില്‍ ഉയര്‍ന്ന ജാതിക്കാരിയെ വിവാഹം ചെയ്തതിന് ഇളവരശനെ കൊലപ്പെടുത്തി. മൂന്ന് ദളിത് ഗ്രാമം തീയിട്ടു.
തഞ്ചാവൂരില്‍ മാരിമുത്തു കൊല്ലപ്പെട്ടതും മധുരയില്‍ വിമല കൊല്ലപ്പെട്ടതും ദുരഭിമാനഹത്യയുടെ പേരില്‍.കലുഷിതമായ ഈ അന്തരീക്ഷത്തിലാണ് അയിത്തനിര്‍മാര്‍ജന മുന്നണിയുടെ രംഗപ്രവേശം. ദളിതരുടെ ഉന്നമനത്തിനായി വലിയ പ്രക്ഷോഭം സംഘടിപ്പിച്ചു. 28 ക്ഷേത്രങ്ങളിലേക്ക് ദളിതരുമായി പ്രവേശിച്ചു. ഉത്തപുരത്തെ ജാതിമതില്‍ പൊളിച്ചു. ദളിതരില്‍ ദളിതര്‍ എന്നറിയപ്പെടുന്ന അരുന്ധതിയര്‍ വിഭാഗത്തിലെ 20000 പേരെ അണിനിരത്തി ചെന്നൈയില്‍ പ്രകടനം നടത്തി. ആ വിഭാഗത്തിന് ദളിത് സംവരണത്തിന്റെ മൂന്നുശതമാനം ഉപസംവരണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍.
ഇപ്പോള്‍ ദുരഭിമാനഹത്യ തടയാന്‍ പ്രത്യേകനിയമം വേണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം. അംബേദ്കര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് എംപ്ലോയീസ് ട്രെയ്നിങ് സെന്റര്‍ ആരംഭിച്ചതും വിപ്ലവകരമായ ചുവടുവയ്പാണ്. സെന്ററിന്റെ 28 ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നു. എന്‍ജിനിയറിങ്-ബാങ്ക് പ്രവേശനപരീക്ഷാപരിശീലനവുമുണ്ട്.മുന്നേറാന്‍ ഏറെയുള്ള ദളിതര്‍ക്ക്് പ്രതീക്ഷയും ഈ പ്രസ്ഥാനംതന്നെയാണെന്ന് തമിഴ്നാട് അയിത്തനിര്‍മാര്‍ജന മുന്നണി സംസ്ഥാന പ്രസിഡന്റും സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗവുമായ പി സമ്പത്ത് പറഞ്ഞു.

ജാതിമാറി കല്യാണം കഴിച്ചാല്‍ കൊല്ലും, മക്കളായാലും



പ്രണയിച്ചതിന്റെപേരില്‍ ജീവന്‍ നല്‍കേണ്ടിവന്ന ധര്‍മപുരിയിലെ ഇളവരശനെന്ന ചെറുപ്പക്കാരന്‍ ഒരു നൊമ്പരമായി ഇന്നും ഓര്‍മയിലുണ്ട്. ദളിതനായിരുന്നു ഇളവരശന്‍. മേല്‍ജാതിക്കാരിയായ ദിവ്യയെ വിവാഹംചെയ്ത ഇളവരശനെ പിന്നീട് കണ്ടെത്തിയത് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍. സംഭവം 2012 നവംബറില്‍. സ്നേഹിക്കുന്ന മനസ്സുകളെ വേര്‍പിരിക്കാന്‍ ജാതിത്തീയെരിഞ്ഞപ്പോള്‍ നത്തം, അണ്ണാനഗര്‍, കൊണ്ടംപട്ടി ഗ്രാമങ്ങളില്‍ 234 വീടുകള്‍ കത്തിയമര്‍ന്നു. സംഘം ചേര്‍ന്നെത്തിയ 1500 ആയുധധാരികള്‍ ചേര്‍ന്ന്് ആക്രമിച്ചപ്പോള്‍ ദളിതര്‍ എല്ലാം ഉപേക്ഷിച്ച് വീട് വിട്ടു. സ്വര്‍ണവും പണവും കവര്‍ന്നു. പൊലീസും സര്‍ക്കാരും കാഴ്ചക്കാരായി.
ധര്‍മപുരി ഒരു പരീക്ഷണശാലയായി. ധര്‍മപുരിയില്‍ തുടങ്ങിയ അടിച്ചമര്‍ത്തല്‍ പടര്‍ന്നു. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ സംസ്ഥാനത്ത് നടന്നത് 78 ദുരഭിമാനഹത്യ.ധര്‍മപുരി സംഭവത്തിനുശേഷം മേല്‍ജാതിക്കാര്‍ സംഘം ചേര്‍ന്ന് മിശ്രവിവാഹങ്ങളുടെ കണക്കെക്കുകയാണ്. അവരെ കണ്ടെത്തി വേര്‍പിരിക്കാനാണ് ശ്രമം. തയ്യാറാകാത്തവരെ കൊല്ലും. ധര്‍മപുരി ബൊമ്മുടി വേപ്പിലഹള്ളി ഗ്രാമത്തില്‍ ദളിത് പെണ്‍കുട്ടിയെ വണ്ണിയര്‍ വിഭാഗത്തില്‍പ്പെട്ട യുവാവ് വിവാഹംചെയ്തു. അഞ്ചുവര്‍ഷം മുമ്പ് വിവാഹിതരായ ഇവര്‍ക്ക് മൂന്നു വയസ്സുള്ള കുഞ്ഞുണ്ട്. ജോലി സംബന്ധമായ കാര്യത്തിനായി താമസം ജില്ലയ്ക്ക് പുറത്ത്. ഉത്സവത്തിനും മറ്റ് വിശേഷങ്ങള്‍ക്കും ഭാര്യയും കുഞ്ഞിനെയും കൂട്ടി യുവാവ് എത്താറുണ്ട്. എന്നാല്‍, ധര്‍മപുരി സംഭവത്തിന് ശേഷം സ്ഥിതി മാറി. ദളിത് വിഭാഗത്തില്‍പ്പെട്ട ഭാര്യയുമായി ഗ്രാമത്തില്‍ പ്രവേശിക്കരുതെന്ന് ഗ്രാമമുഖ്യന്‍.
നരിപ്പള്ളിയില്‍ മേല്‍ജാതിക്കാരനെ മേനകയെന്ന പട്ടികവര്‍ഗ യുവതി വിവാഹം ചെയ്തത് രണ്ടരവര്‍ഷം മുമ്പ്. ആറുമാസം ഗര്‍ഭിണി. ഭര്‍ത്താവ് ജോലിയാവശ്യത്തിനായി പുറത്ത്. ഭര്‍ത്താവിന്റെ അടുത്ത ബന്ധു റെയില്‍വേ സ്റ്റേഷനിലേക്കെന്നപേരില്‍ മേനകയെ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി കഴുത്തില്‍ കയറിട്ട് മുറുക്കി കൊലപ്പെടുത്തി. പെട്രോള്‍ ഒഴിച്ച് തീയിട്ടു.വെകടതാംപട്ടിയില്‍ മേല്‍ജാതിക്കാരിയായ യുവതി ദളിത് യുവാവിനെ വിവാഹം ചെയ്തു. പ്രശ്നം പറഞ്ഞുതീര്‍ക്കാമെന്ന പേരില്‍ പെണ്‍കുട്ടിയെ വീട്ടുകാര്‍ വിളിച്ചുവരുത്തി. കസേരയില്‍ കെട്ടിയിട്ട് സ്വന്തം അച്ഛനും അമ്മയും ചേര്‍ന്ന് തീകൊളുത്തി. മേല്‍ജാതിക്കാരുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് കൃത്യം നടത്തിയതെന്നാണ് മാതാപിതാക്കള്‍ സമ്മതിച്ചു.
അരൂര്‍ നിയമസഭാമണ്ഡലത്തിലെ പോളയാംപള്ളി പഞ്ചായത്തിലെ ജയദാംപട്ടിയില്‍ നടന്ന സംഭവം മനുഷ്യമനഃസാക്ഷിയെ പിടിച്ചുകുലുക്കുന്നതാണ്. അരുന്ധതിയര്‍ വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടി സ്കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുമ്പോള്‍ മേല്‍ജാതിയില്‍പ്പെട്ട മൂന്നുപേര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചു. ദൃശ്യം വീഡിയോയില്‍ പകര്‍ത്തി. ദൃശ്യം പുറത്തുപോകുമെന്ന് ഭീഷണിപ്പെടുത്തി. ദൃശ്യം കാണിച്ച് ഭീഷണിപ്പെടുത്തി മറ്റുചിലരും പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലും പൊലീസ് തയ്യാറായില്ല. പരാതി നല്‍കാതിരിക്കാനും ശ്രമം നടത്തി. ഒടുവില്‍ തമിഴ്നാട് അയിത്ത നിര്‍മാര്‍ജന മുന്നണി ഉള്‍പ്പെടെയുള്ള സംഘടനകളുടെ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്നാണ് കേസെടുത്തത്. അഞ്ചുപേരെ അറസ്റ്റ് ചെയ്തു.

ഈ ഗ്രാമജീവിതങ്ങള്‍ വേര്‍തിരിക്കുന്നതാര്  
""ഒന്നിച്ചു ജോലിചെയ്തിരുന്നവര്‍ ഇപ്പോള്‍ പരസ്പരം സംസാരിക്കാറില്ല. വിവാഹങ്ങള്‍ക്ക് ക്ഷണിക്കില്ല. മേല്‍ജാതിക്കാരുടെ ഗ്രാമത്തില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തിയപ്പോള്‍ ദളിത് ഗ്രാമങ്ങളില്‍ നിന്നുള്ള ടീമുകള്‍ക്ക് വിലക്ക്. ഇളവരശന്‍-ദിവ്യ സംഭവത്തിനു ശേഷമുള്ള ധര്‍മപുരിയുടെ അവസ്ഥയാണിത്.'' തമിഴ്നാട് അയിത്തനിര്‍മാര്‍ജന മുന്നണി ധര്‍മപുരി യൂണിറ്റ് സെക്രട്ടറിയും നത്തം സ്വദേശിയുമായ കെ ഗോവിന്ദസ്വാമി പറഞ്ഞു.
ഇളവരശന്‍ സംഭവം സൃഷ്ടിച്ച സാമൂഹികാഘാതം വിവരിക്കാനാകാത്തതാണ്. മേല്‍ജാതിക്കാര്‍ ദളിതരെ ജോലിക്ക് വിളിക്കാറില്ല.അന്യജില്ലകളില്‍ പോയി ജോലിചെയ്യേണ്ട സ്ഥിതിയാണിപ്പോള്‍. പല കാര്യങ്ങളിലും ദളിതര്‍ക്ക് സാമൂഹികവിലക്ക്. മേല്‍ജാതിക്കാരന്റെ കടയില്‍നിന്ന് ദളിതര്‍ സാധനങ്ങള്‍ വാങ്ങരുത് എന്നു തുടങ്ങി നേരില്‍ കണ്ടാല്‍ സംസാരിക്കരുത് എന്നുവരെയുള്ള വിലക്കുണ്ട്. സിപിഐ എമ്മും അയിത്തനിര്‍മാര്‍ജന മുന്നണിയും ഇടപെട്ടതുകൊണ്ടു മാത്രമാണ് അഗ്നിക്കിരയാക്കിയ മൂന്നു ഗ്രാമങ്ങള്‍ക്കായി സര്‍ക്കാര്‍ 12.5 കോടി രൂപ അനുവദിച്ചത്. വോട്ട് ബാങ്കായതിനാല്‍ മേല്‍ജാതിക്കാരെ പിണക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ടിയും ശ്രമിക്കാറില്ലെന്നും ഗോവിന്ദസ്വാമി പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ