2015, മേയ് 16, ശനിയാഴ്‌ച

ഫാസിസവും മോഡി ഗവണ്‍മെന്റും

 കെ എ വേണുഗോപാലന്‍

നമ്മുടെ ആശയരംഗത്ത് ഇന്ന് ഫാസിസവുമായി ബന്ധപ്പെട്ട് നിരവധി പുതിയ പദപ്രയോഗങ്ങളും സങ്കല്‍പനങ്ങളും നിലവിലുണ്ട്. സാംസ്‌കാരിക ഫാസിസം, വര്‍ഗ്ഗീയ ഫാസിസം സവര്‍ണ്ണ ഫാസിസം തുടങ്ങിയവ അക്കൂട്ടത്തില്‍ പെടുന്നു. ബിജെപിയെയും ആര്‍ എസ് എസ്സിനെയും ബന്ധപ്പെടുത്തിയാണ് ഇവയില്‍ പലതും ഉപയോഗിക്കുന്നത്. എന്നാല്‍ ഇടതുപക്ഷത്തെ ഏറ്റവും ജനപിന്തുണയുള്ള പാര്‍ട്ടിയായ സിപിഐ എമ്മിന്റെ ഇരുപത്തിയൊന്നാം പാര്‍ട്ടികോണ്‍ഗ്രസ്സില്‍ അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തില്‍ ഒരിടത്തും ഈ പദപ്രയോഗങ്ങളില്ല എന്നുമാത്രമല്ല, മോഡി ഗവണ്‍മെന്റ് ഫാസിസ്റ്റാണ് എന്ന് വിലയിരുത്തിയിട്ടുമില്ല.
സ്വാഭാവികമായും എന്തുകൊണ്ട് എന്ന ചോദ്യം ഉയര്‍ന്നുവരാവുന്നതാണ്. രാഷ്ട്രീയ പ്രമേയം 2.30 പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്: ''റിപ്പബ്ലിക്കിന്റെ മതനിരപേക്ഷ ജനാധിപത്യ അടിത്തറയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന വിനാശകരമായ ഒരു ഹിന്ദുത്വ പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നതിനാവശ്യമായ ഒരു ബഹുമുഖ പദ്ധതിയാണിപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.ഇന്ത്യയില്‍ ആര്‍ എസ് എസ്സിന്റെ നിര്‍ദ്ദേശാനുസൃതം ബിജെപി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് എന്ത് എന്നതിന്റെ അന്തഃസത്തയാണ് ഇവിടെ വ്യക്തമാക്കപ്പെട്ടിരിക്കുന്നത്. പ്രധാനപ്പെട്ട വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാരും ആര്‍ എസ് എസ്സും തമ്മില്‍ ഏകോപനമുണ്ടാക്കുകയും അതുവഴി വിദ്യാഭ്യാസരംഗത്തും ചരിത്ര പഠനത്തിലും സാംസ്‌കാരിക രംഗത്തും ഒക്കെ ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റുന്നതിന് സഹായകമായ മാറ്റങ്ങള്‍ ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ബഹുമത സ്വഭാവമുള്ളതും മതനിരപേക്ഷതയില്‍ അടിയുറച്ചുനില്‍ക്കുന്നതുമായ ഒരു രാജ്യമാണ് ഇന്ത്യ. അങ്ങനെയുള്ള ഒരു രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കി മാറ്റുക എന്നതുതന്നെ ജനാധിപത്യ വിരുദ്ധമായ ഒരു നടപടിയാണ്.
പക്ഷേ അതുകൊണ്ടുമാത്രം ഇപ്പോള്‍ ഇന്ത്യ ഒരു ഫാസിസ്റ്റ് രാഷ്ട്രമായി മാറിക്കഴിഞ്ഞുവെന്ന് വിലയിരുത്താനാവുമോ? ഇല്ല എന്നുതന്നെയാണ് സിപിഐ എമ്മിന്റെ ഇരുപത്തിയൊന്നാം പാര്‍ട്ടികോണ്‍ഗ്രസ്സ് നല്‍കുന്ന ഉത്തരം. എന്താണ് ഫാസിസം എന്നത് സംബന്ധിച്ച് വ്യക്തമായ ധാരണയുള്ള പാര്‍ട്ടിയാണ് സിപിഐഎം. 'ഫൈനാന്‍സ് മൂലധനക്കാരില്‍ വച്ച് ഏറ്റവും പിന്തിരിപ്പനും അങ്ങേയറ്റത്തെ ദേശീയ സങ്കുചിതത്വവാദികളും കടുത്ത സാമ്രാജ്യത്വവാദികളുമായ ശക്തികളുടെ പരസ്യവും ഭീകരവുമായ സ്വേഛാധിപത്യമാണ് അധികാരത്തിലേറിയ ഫാസിസം' എന്നാണ് കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ ഫാസിസത്തെ വിലയിരുത്തിയത്.
ജര്‍മ്മനിയിലും ഇറ്റലിയിലും ജപ്പാനിലും നിലവിലുണ്ടായിരുന്ന ഫാസിസത്തിന് തന്നെ വിശദാംശങ്ങളില്‍ വ്യത്യസ്തതയുണ്ടായിരുന്നു. അവയില്‍നിന്നൊക്കെ വ്യത്യസ്തമായിട്ടായിരിക്കും ഇന്ത്യയില്‍ ഫാസിസം പ്രത്യക്ഷപ്പെടുക എന്നതിലും സംശയമില്ല. കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ കാലത്തെ ധനമൂലധനത്തിന്റെ സ്വഭാവമല്ല ഇന്നത്തെ ധനമൂലധനത്തിന് ഉള്ളത് എന്ന് സിപിഐ എമ്മിന്റെ ഇരുപതാം പാര്‍ട്ടികോണ്‍ഗ്രസ്സ് അംഗീകരിച്ച പ്രത്യയ ശാസ്ത്രപ്രമേയം വ്യക്തമാക്കിയിട്ടുണ്ട്.
'ലെനിന്റെ കാലത്തേതില്‍ നിന്ന് വ്യത്യസ്തമായി നിര്‍ദ്ദിഷ്ടമായ ദേശരാഷ്ട്രങ്ങളുടെ നിര്‍ദ്ദിഷ്ടമായ തന്ത്രപര താല്‍പര്യങ്ങള്‍ നിറവേറ്റുന്നതിനു മാത്രമല്ല, അന്തര്‍ദേശീയ ധനമൂലധനം പ്രവര്‍ത്തിക്കുന്നത്, അന്തര്‍ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ്'. അതുകൊണ്ടുതന്നെ ഇന്നത്തെ ഫാസിസത്തിന് കടുത്ത സങ്കുചിത ദേശീയവാദിയാകാന്‍ കഴിയില്ല. മാത്രമല്ല അന്ന് ദേശരാഷ്ട്രാടിസ്ഥാനത്തിലാണ് ധനമൂലധനം പ്രവര്‍ത്തിച്ചുവന്നിരുന്നതെങ്കില്‍ ഇന്നത് പ്രവര്‍ത്തിക്കുന്നത് അന്തര്‍ദേശീയമായാണ്. അന്ന് യുദ്ധം നടത്തി രാജ്യങ്ങളെ വെട്ടിപ്പിടിച്ചാണ് സാമ്രാജ്യത്വ രാജ്യങ്ങള്‍ ലോകത്തെ പങ്കിട്ടെടുത്തിരുന്നതെങ്കില്‍ ഇന്ന് അതല്ലാതെതന്നെ മൂന്നാം ലോകരാജ്യങ്ങളെ ചൂഷണം ചെയ്യാന്‍ അന്തര്‍ദേശീയ ധനമൂലധന ശക്തികള്‍ക്ക് കഴിയും എന്ന സ്ഥിതിയുണ്ട്. അതിനാണ് നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കാന്‍ രാജ്യങ്ങളോട് ആവശ്യപ്പെടുന്നത്.
ഇന്ത്യയിലെ ഭരണാധികാരിവര്‍ഗം വിദേശ-ധനമൂലധന ശക്തികളുമായി കൂടുതല്‍ കൂടുതല്‍ സഹകരിക്കുന്നവരാണെന്ന് സി പി ഐ (എം)ന്റെ പാര്‍ടി പരിപാടിയില്‍ തന്നെ വിലയിരുത്തിയിട്ടുണ്ട്. തന്മൂലം അന്തര്‍ദേശീയ ധനമൂലധന ശക്തികള്‍ക്ക് ഇന്ത്യന്‍ ഭരണാധികാരി വര്‍ഗത്തിനുമേല്‍ ആയുധപ്രയോഗം നടത്തി അനുസരിപ്പിക്കേണ്ട ആവശ്യകമില്ല. ഇന്ത്യന്‍ ഭരണാധികാരി വര്‍ഗത്തിന് മുമ്പിലാവട്ടെ അവരുടെ നവലിബറല്‍ നയത്തിന് വിഘാതം സൃഷ്ടിക്കാവുന്നവരും ബദല്‍ നയത്തിനുവേണ്ടി നിലകൊള്ളുന്നവരുമായ തൊഴിലാളി വര്‍ഗമോ അവരുടെ രാഷ്ട്രീയപാര്‍ട്ടിയോ കരുത്തുറ്റ ഒരു എതിരാളിയായി ഇന്ന് നിലനില്‍ക്കുന്നില്ല. അതുകൊണ്ടുതന്നെ പാര്‍ലമെന്ററി ജനാധിപത്യത്തെ ഉപേക്ഷിച്ച് ഫാസിസത്തിലേക്ക് നീങ്ങേണ്ട ഒരു അടിയന്തിരഘട്ടം ഇന്ന് ഇന്ത്യന്‍ ഭരണാധികാരി വര്‍ഗത്തിനു മുമ്പില്‍ ഉയര്‍ന്നുവന്നിട്ടില്ല. അങ്ങനെ ഉയര്‍ന്നു വന്നാല്‍ അവര്‍ ഫാസിസത്തിലേക്ക് നീങ്ങുമെന്നതില്‍ സംശയമൊന്നുമില്ല. എന്നാല്‍ ഇന്ന് അങ്ങനെയൊരു സ്ഥിതിയില്ലാത്തതിനാലാണ് പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥ നിലനിര്‍ത്തിക്കൊണ്ടുതന്നെ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനുവേണ്ടി ഒരു ഹിന്ദു വോട്ടുബാങ്കുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ബി ജെ പി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
സിപിഐ എം പരിപാടിയില്‍ പറയുന്നതുപോലെ 'ഫാസിസ്റ്റ് സ്വഭാവമുള്ള രാഷ്ട്രീയ സ്വയം സേവക് സംഘം മാര്‍ഗനിര്‍ദ്ദേശം നല്‍കുകയും മേധാവിത്വം വഹിക്കുകയും ചെയ്യുന്നതിനാല്‍ ബി ജെ പി ഒരു സാധാരണ ബൂര്‍ഷ്വാപാര്‍ടിയല്ല' എന്ന മുന്നറിയിപ്പ് നമ്മുടെ മുമ്പിലുണ്ട്. ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നതും വര്‍ഗീയമായ പരിപാടിയോടുകൂടിയതുമായ ഒരു പാര്‍ടി തന്നെയാണ് ബി ജെ പി. അവരുടെ നയങ്ങള്‍ക്കെതിരായി വിപുലമായ സമരനിര ഉയര്‍ന്നുവരുന്നതോടെ അതിന്റെ ഫാസിസ്റ്റ് ദംഷ്ട്രകള്‍ പുറത്തുവരും എന്നതില്‍ സംശയമൊന്നുമില്ല. എന്നാല്‍ വിപുലമായ ജനകീയ ഐക്യത്തിന് ഫാസിസ്റ്റ് നടപടികളെ ചെറുക്കാനും ജനാധിപത്യം സംരക്ഷിക്കാനും കഴിയും.
അതിന് ഫാസിസത്തെ കുരുടന്മാര്‍ ആനയെക്കാണുന്നതുപോലെ കണ്ടാല്‍പോര. സമഗ്രമായിതന്നെ കാണേണ്ടതുണ്ട്. ആശയരംഗത്തോ, സാംസ്‌കാരിക രംഗത്തോ, സാമൂഹിക രംഗത്തോ മാത്രമായി ഒറ്റതിരിച്ച് ഫാസിസത്തെ ചെറുക്കാനാവില്ല. അതിനൊരു സാമ്പത്തിക നയമുണ്ട്; അത് ധനമൂലധനത്തിന്റെ സാമ്പത്തിക നയമാണ്; അത് നവലിബറല്‍ സാമ്പത്തിക നയമാണ്. ആ സാമ്പത്തിക നയം നടപ്പിലാക്കപ്പെടുന്നതിന്റെ ഭാഗമായി കഷ്ടതയനുഭവിക്കുന്ന വലിയൊരു ജനവിഭാഗമുണ്ട്. അവരെ അവരനുഭവിക്കുന്ന ജീവല്‍പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തില്‍ അണിനിരത്താനും പോരാടാനും കഴിയണം. ആ പോരാട്ടത്തെ ശരിയായ രീതിയില്‍ അവതരിപ്പിച്ചു എന്നതാണ് സി പി ഐ (എം) 21-ാം പാര്‍ടി കോണ്‍ഗ്രസിലെ രാഷ്ട്രീയപ്രമേയത്തിന്റെ സവിശേഷത. അത് താഴെ കൊടുക്കുന്നു:
''ഹിന്ദുത്വശക്തികള്‍ക്കും മറ്റിതര വര്‍ഗീയ രൂപങ്ങള്‍ക്കും എതിരായ പോരാട്ടത്തെ നവലിബറല്‍ നയങ്ങള്‍ക്കും അധ്വാനിക്കുന്ന ജനങ്ങള്‍ക്ക് മേല്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ക്കും എതിരായ പോരാട്ടവുമായി കണ്ണി ചേര്‍ക്കുകയും സംയോജിപ്പിക്കുകയും വേണം''.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ