2015, മേയ് 13, ബുധനാഴ്‌ച

പാര്‍ടി കോണ്‍ഗ്രസിനുശേഷം

by കോടിയേരി ബാലകൃഷ്ണന്‍ on 13-May-2015

സിപിഐ എം 21-ാം പാര്‍ടി കോണ്‍ഗ്രസിനുശേഷം പാര്‍ടിയെയും ലോകകമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും മാര്‍ക്സിസത്തെയും ആസ്പദമാക്കി പണ്ഡിതരും വിമര്‍ശകരും ബൂര്‍ഷ്വാബുദ്ധിജീവികളും കമ്യൂണിസ്റ്റ്വിരുദ്ധരും നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. ഇതില്‍ പ്രമുഖ പംക്തിയെഴുത്തുകാരനും പണ്ഡിതനുമായ പ്രഭുല്‍ബിദ്വായ്യുടെ ലേഖനമാകട്ടെ, സിപിഐ എമ്മിനെ സഹിഷ്ണുതയോടെ സമീപിച്ചുള്ള വിമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. സിപിഐ എം കേരളത്തിലും ഒറ്റപ്പെട്ടു എന്നിത്യാദിയുള്ള അദ്ദേഹത്തിന്റെ നിഗമനങ്ങള്‍ വസ്തുനിഷ്ഠമല്ലാത്തതിനാല്‍ തള്ളിക്കളയാം. പക്ഷേ, പാര്‍ടി കോണ്‍ഗ്രസ് പരിശോധനയ്ക്ക് വിധേയമാക്കിയ ചില കാര്യങ്ങള്‍ മറ്റൊരു ഭാഷയില്‍ ഉന്നയിക്കുകയും അതേപ്പറ്റി പാര്‍ടി സൂക്ഷ്മനിരീക്ഷണം നടത്തണമെന്ന് ഉപദേശിക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍, ഈ ഉപദേശം നിഷേധാത്മകമല്ല.
""ബുദ്ധിജീവികളും കലാകാരന്മാരും എഴുത്തുകാരും നാടകപ്രവര്‍ത്തകരും ഇടത് ആശയങ്ങളില്‍ മുമ്പേപോലെ ആകൃഷ്ടരായി ജനസേവനപ്രവര്‍ത്തനങ്ങളില്‍ നിരതരാകാത്തത് എന്തുകൊണ്ട്? ഇടതുമുന്നണി അടവുകള്‍ക്ക് എവിടെയെല്ലാമാണ് ചുവടുപിഴച്ചത്? ഭരണത്തില്‍ റെക്കോഡ് സ്ഥാപിക്കാന്‍ സാധ്യമായിട്ടുപോലും പശ്ചിമബംഗാളില്‍ എന്തുകൊണ്ട് അധികാരനഷ്ടം സംഭവിച്ചു?''- ഇത്തരം ചോദ്യങ്ങള്‍ ബിദ്വായ് ഉന്നയിക്കുന്നു. ഇതേ കാര്യങ്ങള്‍ കുറേക്കൂടി വിശാലമായും ഗൗരവത്തിലും 21-ാം പാര്‍ടികോണ്‍ഗ്രസ് ചര്‍ച്ചചെയ്യുകയും തുടര്‍ചര്‍ച്ചയ്ക്കും തീരുമാനങ്ങള്‍ക്കുമായി ഈവര്‍ഷം ഒടുവില്‍ പാര്‍ടി പ്ലീനം ചേരാന്‍ പോകുകയുമാണ്. സിംഗുര്‍- നന്ദിഗ്രാം ഭൂപ്രശ്നത്തില്‍ ബംഗാളിലെ ഇടതുമുന്നണി ഭരണത്തിന് തെറ്റ് സംഭവിച്ചിട്ടുണ്ട്. അതടക്കമുള്ള വിഷയങ്ങള്‍ ആഴത്തില്‍ പഠിച്ച് പ്രതിസന്ധി മറികടക്കാന്‍ സിപിഐ എം ബംഗാള്‍ ഘടകം ഇക്കാര്യത്തില്‍ ചര്‍ച്ചയും തീരുമാനവും പ്രത്യേകമായി എടുക്കും. അതിന് ബംഗാള്‍ സംസ്ഥാനസമ്മേളനംതന്നെ തീരുമാനമെടുത്തുകഴിഞ്ഞു.
സീതാറാം യെച്ചൂരി പാര്‍ടി ജനറല്‍ സെക്രട്ടറിയായതിനോട് ഏറെ സന്തോഷത്തോടെ ബിദ്വായ് പ്രതികരിച്ചിട്ടുണ്ട്. പ്രസരിപ്പാര്‍ന്ന വ്യക്തിത്വം, സമര്‍ഥനായ പാര്‍ലമെന്റേറിയന്‍, ബഹുഭാഷാപ്രാവീണ്യം, വിപുലമായ സാര്‍വദേശീയബന്ധങ്ങള്‍ എന്നിവ യെച്ചൂരിയുടെ സ്വീകാര്യത ബലപ്പെടുത്തിയ ഘടകങ്ങളാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. "ജനസമ്മതിയില്‍ പിന്നിലായ സിപിഐ എമ്മിന് നവജീവന്‍ പകരാന്‍ യെച്ചൂരിക്ക് എത്രത്തോളം പ്രാപ്തിയുണ്ടാകു'മെന്ന ചോദ്യം ബിദ്വായ് ഉയര്‍ത്തുന്നതുതന്നെ കുറേയധികം ഗുണകരമായ ഉത്തരം ഉള്ളിലൊതുക്കിക്കൊണ്ടാണ്. കമ്യൂണിസ്റ്റ്പാര്‍ടി വ്യക്തികേന്ദ്രീകൃത പാര്‍ടിയല്ല; കൂട്ടായ നേതൃത്വത്തിന്റെ പ്രസ്ഥാനമാണ്. പാര്‍ടി നയങ്ങളും പരിപാടികളും കൂട്ടായി ആവിഷ്കരിക്കുന്നതാണ്. പാര്‍ടി കേന്ദ്ര കമ്മിറ്റിയും പിബിയും ചര്‍ച്ചചെയ്ത് അക്കാര്യങ്ങള്‍ ദേശീയമായി നടപ്പാക്കുന്നതാണ്. അതിനാല്‍, ഒരു നേതാവ് സിപിഐ എമ്മിന്റെ ജനറല്‍സെക്രട്ടറിയായോ സംസ്ഥാന സെക്രട്ടറിയായോ തെരഞ്ഞെടുക്കപ്പെടുന്നതുകൊണ്ട് ആ നേതാവിന്റെ വ്യക്തിപ്രഭയില്‍ കേന്ദ്രീകരിച്ച് ചലിക്കുന്ന ഒന്നല്ല കമ്യൂണിസ്റ്റ് പാര്‍ടി. അതാണ് വസ്തുതയെങ്കിലും, യെച്ചൂരി സെക്രട്ടറിയായപ്പോള്‍ സിപിഐ എമ്മിനോട് താല്‍പ്പര്യക്കുറവ് നേരത്തെ പ്രകടിപ്പിച്ചവരും വിരോധമുള്ളവരുമായ ചില വ്യക്തികളും "ടിവി ചര്‍ച്ചാതാരങ്ങളും' യെച്ചൂരി അനുകൂലികളായി രംഗത്തുവരുന്നതുകണ്ടു. യെച്ചൂരിയെ പ്രശംസിക്കുന്ന ഇക്കൂട്ടര്‍ യെച്ചൂരി ജനറല്‍ സെക്രട്ടറിയായിരിക്കുന്ന സിപിഐ എമ്മിനെ പിന്തുണയ്ക്കുകയും പാര്‍ടിയോടുള്ള ശത്രുത ഇനിയെങ്കിലും അവസാനിപ്പിക്കുകയും ചെയ്യുമോ? അതോ, കേരളത്തിലെ സിപിഐ എം ഘടകത്തിന് താല്‍പ്പര്യമില്ലാത്ത നേതാവാണ് യെച്ചൂരിയെന്നും കേരളഘടകത്തോട് പ്രതിപത്തിയില്ലാത്ത ജനറല്‍ സെക്രട്ടറിയാണ് യെച്ചൂരിയെന്നുമുള്ള വങ്കത്തം നിറഞ്ഞ ചിത്രീകരണം തുടരുമോ?
ജനറല്‍ സെക്രട്ടറി തെരഞ്ഞെടുപ്പിനെ ആസ്പദമാക്കി പ്രചരിപ്പിച്ച മാധ്യമനുണകള്‍ക്ക് ശക്തമായ മറുപടി പ്രകാശ് കാരാട്ട് ഇതിനകം നല്‍കിക്കഴിഞ്ഞു. പാര്‍ടി ഇതഃപര്യന്തം പിന്തുടരുന്ന രീതിയനുസരിച്ച് സ്ഥാനമൊഴിയുന്ന ജനറല്‍ സെക്രട്ടറിയായ കാരാട്ട് എല്ലാ പൊളിറ്റ് ബ്യൂറോ അംഗങ്ങളുമായും ചര്‍ച്ച ചെയ്തശേഷം പുതിയ ജനറല്‍ സെക്രട്ടറിയുടെ പേര് പാര്‍ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്ത കേന്ദ്ര കമ്മിറ്റിക്ക് മുമ്പാകെ വയ്ക്കുകയായിരുന്നു. ആ നിര്‍ദേശം കേന്ദ്ര കമ്മിറ്റി ഏകകണ്ഠമായി അംഗീകരിച്ചു. ഇതിനൊപ്പം, ഒരു കാര്യംകൂടി വ്യക്തമാക്കട്ടെ. സീതാറാം യെച്ചൂരി ജനറല്‍ സെക്രട്ടറിയാകുന്നത് എല്ലാ പിബി അംഗങ്ങളുടെയും പിന്തുണയോടെയാണ്. അതുകൊണ്ട് ഏതെങ്കിലും ഒരു സംസ്ഥാനഘടകവുമായി ജനറല്‍ സെക്രട്ടറിയുടെ തെരഞ്ഞെടുപ്പിനെ ബന്ധപ്പെടുത്തി നടത്തുന്ന മാധ്യമപ്രചാരണങ്ങള്‍ ശുദ്ധ അസംബന്ധമാണ്. ഇത്തരം പൊള്ളയായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് കേരളത്തിലെ പാര്‍ടിക്കുള്ളില്‍ വിഭാഗീയതയോ ഛിദ്രവാസനയോ തലപൊക്കിക്കാം എന്ന് ആരെങ്കിലും ആശിക്കുന്നുണ്ടെങ്കില്‍ ആ വെള്ളം വാറ്റിക്കളയുന്നതാണ് നല്ലത്. എല്ലാത്തരത്തിലും ഉള്‍പാര്‍ടി ജനാധിപത്യം കാത്തുസൂക്ഷിക്കുന്നതിനൊപ്പം പാര്‍ടിയെ നശിപ്പിക്കുന്ന വിഭാഗീയതയും ഛിദ്രവാസനയും പാര്‍ടിയില്‍ തലപൊക്കാന്‍ അനുവദിക്കുകയുമില്ല.
പാര്‍ടി ജനറല്‍ സെക്രട്ടറി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ ഒരുവിഭാഗം ദൃശ്യ- അച്ചടി മാധ്യമചര്‍ച്ചകളില്‍ അനഭിലക്ഷണീയമായ ചില പ്രവണതകള്‍ ദൃശ്യമായി. പൊളിറ്റ് ബ്യൂറോയിലെ ഏറ്റവും സീനിയറായ നേതാവാണ് എസ് രാമചന്ദ്രന്‍പിള്ള. പാര്‍ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്ത കേന്ദ്ര കമ്മിറ്റിയുടെ ആദ്യയോഗത്തില്‍ സീതാറാം യെച്ചൂരിയുടെ പേര് പ്രകാശ് കാരാട്ട് നിര്‍ദേശിക്കുകയും എസ് ആര്‍ പി പിന്താങ്ങുകയുമായിരുന്നു. കമ്മിറ്റി അത് ഏകകണ്ഠമായി അംഗീകരിച്ചു. എന്നാല്‍, യെച്ചൂരിയുമായി താരതമ്യംചെയ്ത് പിബി അംഗങ്ങള്‍ക്ക് മാര്‍ക്കിടാന്‍ ചില "ചാനല്‍ ചര്‍ച്ചാവിദ്വാന്മാര്‍' സാഹസം കാട്ടി. ഇത് അസ്ഥാനത്തുള്ള അര്‍ഥശൂന്യ അഭ്യാസമായിപ്പോയി. 1964ല്‍ കൊല്‍ക്കത്ത പാര്‍ടി കോണ്‍ഗ്രസില്‍ സിപിഐ എം രൂപംകൊണ്ടപ്പോള്‍ പി സുന്ദരയ്യ ജനറല്‍ സെക്രട്ടറിയായി. പിബിയില്‍ ഇ എം എസ്, ബി ടി ആര്‍, ബാസവപുന്നയ്യ, ജ്യോതിബസു തുടങ്ങിയവരെല്ലാമുണ്ട്. അന്ന് സുന്ദരയ്യയെ ഒരു ത്രാസിലും ഇ എം എസ് ഉള്‍പ്പെടെയുള്ള നേതാക്കളെ ഓരോരുത്തരെയായി മറ്റേ ത്രാസിലും തൂക്കാനുള്ള വിഡ്ഢിപ്പണി ആരും ചെയ്തില്ല. 1978ല്‍ ജലന്തറില്‍ പാര്‍ടി 10-ാം കോണ്‍ഗ്രസില്‍ ഇ എം എസ് ജനറല്‍ സെക്രട്ടറിയായപ്പോള്‍ പിബിയില്‍ സുന്ദരയ്യയും ബി ടി ആറും ജ്യോതിബസുവുമെല്ലാം ഉണ്ടായിരുന്നു. സുന്ദരയ്യ ജനറല്‍ സെക്രട്ടറിയാകുമ്പോള്‍ ഇ എം എസ് ഉള്‍പ്പെടെയുള്ള നേതാക്കളോ ഇ എം എസ് ജനറല്‍ സെക്രട്ടറിയാകുമ്പോള്‍ സുന്ദരയ്യ ഉള്‍പ്പെടെയുള്ള പി ബി അംഗങ്ങളോ ഗുണം കുറഞ്ഞവരോ മോശക്കാരോ ആകുന്നില്ല. അതിനാല്‍ 21-ാം പാര്‍ടി കോണ്‍ഗ്രസില്‍ യെച്ചൂരി ജനറല്‍ സെക്രട്ടറിയായതിനെ തുടര്‍ന്ന് ചില പിബി അംഗങ്ങളുമായി ജനറല്‍ സെക്രട്ടറിയെ താരതമ്യംചെയ്യാനും മാര്‍ക്കിടാനും നടന്ന മാധ്യമപരിപാടി തികഞ്ഞ കമ്യൂണിസ്റ്റ്വിരുദ്ധതയില്‍നിന്ന് ഉടലെടുത്തതാണ്.
കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചരിത്രത്തില്‍ പാര്‍ടി കോണ്‍ഗ്രസുകള്‍ക്ക് നിര്‍ണായക പ്രാധാന്യമുണ്ട്. നയസമീപനത്തിലും രാഷ്ട്രീയ അടവുനയത്തിലും വരുത്തുന്ന മാറ്റങ്ങളെപ്പറ്റിയും സംഘടനാകാര്യങ്ങളിലെ ശൈലീവ്യത്യാസങ്ങളെപ്പറ്റിയുമെല്ലാം ചര്‍ച്ചചെയ്തു തീരുമാനിക്കുന്ന പരമോന്നത സംവിധാനമാണ് പാര്‍ടി കോണ്‍ഗ്രസ്. അതുകൊണ്ടുതന്നെ പാര്‍ടി കോണ്‍ഗ്രസുകള്‍ രാജ്യത്തിന്റെ രാഷ്ട്രീയത്തെയും സ്വാധീനിക്കുന്നതാണ്. 1943 മെയ് 23 മുതല്‍ ജൂണ്‍ ഒന്നുവരെ മുംബൈയിലായിരുന്നു ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഒന്നാംകോണ്‍ഗ്രസ്. 1942ല്‍ ഇന്ത്യയിലാകെ പാര്‍ടി അംഗസംഖ്യ അയ്യായിരമായിരുന്നു. അതില്‍ എഴുന്നൂറിലധികംപേര്‍ ജയിലിലായിരുന്നു. അവരില്‍ത്തന്നെ 105 പേര്‍ ജീവപര്യന്ത തടവുകാരായിരുന്നു. കോണ്‍ഗ്രസ് നടക്കുമ്പോഴാകട്ടെ, അംഗസംഖ്യ 10,000. ഇവരെ പ്രതിനിധാനംചെയ്ത്് 139 പേരാണ് കോണ്‍ഗ്രസില്‍ പങ്കെടുത്തത്. ആ കോണ്‍ഗ്രസിലെ ചര്‍ച്ചയുടെയും തീരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് പിന്നീട് ഇന്ത്യന്‍ നാവിക കലാപം, തെലങ്കാന സമരം, പുന്നപ്ര- വയലാര്‍ സമരം, തേഭാഗ സമരം തുടങ്ങിയവ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ടത്. അടുത്ത പാര്‍ടി കോണ്‍ഗ്രസ് 1950ല്‍ ആയിരുന്നു. ആ കോണ്‍ഗ്രസിന്റെ തീരുമാനപ്രകാരമാണ് തെലങ്കാന സമരം പിന്‍വലിക്കുന്നതടക്കമുള്ള നടപടികളുണ്ടായത്.
1972 ജൂണില്‍ മധുരയില്‍ ചേര്‍ന്ന ഒമ്പതാം പാര്‍ടി കോണ്‍ഗ്രസാണ് അര്‍ധഫാസിസ്റ്റ് ഭീകരവാഴ്ചയെ ഗൗരവപൂര്‍വം നിരീക്ഷിച്ചത്. അതുപോലെ ഇന്ദിര ഗാന്ധിയുടെ സേച്ഛാധിപത്യനീക്കത്തിന് മുന്നറിയിപ്പ് നല്‍കിയതും അതിനെ തോല്‍പ്പിക്കാന്‍ വിപുലമായ ജനാധിപത്യ ഐക്യത്തിന് ആഹ്വാനം കൊടുത്തതും. അതിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് ജെപി പ്രസ്ഥാനവുമായി പാര്‍ടി സഹകരിച്ചത്. അമേരിക്കയുമായുള്ള ആണവകരാര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന് ഇടതുപക്ഷം പിന്തുണ പിന്‍വലിക്കുന്നതിന് പ്രേരണയായ ഘടകത്തില്‍ പ്രധാനമാണ് 2008ല്‍ കോയമ്പത്തൂരില്‍ ചേര്‍ന്ന 19-ാം പാര്‍ടി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ കാഴ്ചപ്പാട്. വര്‍ഗീയതയ്ക്കും നവ ഉദാരവല്‍ക്കരണത്തിനും എതിരായ യോജിച്ച പോരാട്ടങ്ങള്‍ക്ക് ദിശാബോധം പകര്‍ന്നു വിശാഖപട്ടണത്തെ 21-ാം പാര്‍ടി കോണ്‍ഗ്രസ്. ബിജെപിക്കും കോണ്‍ഗ്രസിനും എതിരെ ഇടതുപക്ഷ- ജനാധിപത്യ ശക്തികളെ അണിനിരത്താനും അതിലൂടെ ശക്തമായ ഇടതുപക്ഷ- ജനാധിപത്യ സഖ്യം രൂപപ്പെടുത്താനുമാണ് തീരുമാനം. ബൂര്‍ഷ്വ- ഭൂപ്രഭു വര്‍ഗരാഷ്ട്രീയത്തിനും നയങ്ങള്‍ക്കും എതിരെയുള്ള യഥാര്‍ഥ ബദലാണ് ഈ സഖ്യം. ഇതുവരെ നാലു പാര്‍ടികള്‍ ചേര്‍ന്ന ഇടതുസഖ്യമായിരുന്നെങ്കില്‍ അത് വിപുലമാക്കുന്നു. പാര്‍ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടന വേദിയില്‍ത്തന്നെ സിപിഐ, അഖിലേന്ത്യാ ഫോര്‍വേര്‍ഡ് ബ്ളോക്ക്, ആര്‍എസ്പി എന്നീ കക്ഷികള്‍ക്കുപുറമേ എസ്യുസിഐ- കമ്യൂണിസ്റ്റ്, സിപിഐ എംഎല്‍ ലിബറേഷന്‍ എന്നീ പാര്‍ടികളുടെ നേതാക്കളും ആശംസ നേര്‍ന്നു.
എല്ലാ ഇടതുപക്ഷ പാര്‍ടികളെയും ഗ്രൂപ്പുകളെയും വ്യക്തികളെയും വിശാലമായ ഇടതുപക്ഷവേദിയിലേക്ക് നയിക്കാനുള്ള സുപ്രധാനമായ കാഴ്ചപ്പാടാണ് 21-ാം പാര്‍ടി കോണ്‍ഗ്രസിന്റേത്. ഇടതുപക്ഷനേതൃത്വത്തിലുള്ള ബഹുജനസംഘടനകളുടെ ഏകോപനത്തിനായി നടപടി ഉണ്ടാകണമെന്നും നിശ്ചയിച്ചു. മോഡിഭരണവും ഹിന്ദുത്വശക്തികളും ഉയര്‍ത്തുന്ന ആപത്തിനെ നേരിടാന്‍ രാജ്യത്തെ എല്ലാ മതനിരപേക്ഷ- ജനാധിപത്യ ശക്തികളെയും അണിനിരത്തി വിപുലമായ പ്രസ്ഥാനം കെട്ടിപ്പടുക്കാനുമാണ് പാര്‍ടി കോണ്‍ഗ്രസ് തീരുമാനം. തെളിമയാര്‍ന്ന ഈ രാഷ്ട്രീയം മനസ്സിലാക്കി ഇന്നലെവരെ കമ്യൂണിസ്റ്റുകാരോട് മമതയില്ലാതിരുന്ന വ്യക്തികളും ഗ്രൂപ്പുകളും സാമൂഹ്യസംഘടനകളും അടക്കം ഞങ്ങളോട് സഹകരിക്കുന്ന നില വരാന്‍ പോവുകയാണ്.(അവസാനിക്കുന്നില്ല)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ