2013, മേയ് 8, ബുധനാഴ്‌ച

ഗുജറാത്തില്‍

വി ബി പരമേശ്വരന്‍

ഗുജറാത്തില്‍ നരേന്ദ്രമോഡി നടപ്പാക്കുന്നു എന്നുപറയുന്ന വികസനത്തിന്റെ പ്രധാന പോരായ്മ അതിന് മനുഷ്യമുഖമില്ലെന്നതാണ്. മാത്രമല്ല, അത് സമഗ്രമല്ലെന്നും പരക്കെ പരാതി ഉയര്‍ന്നിട്ടുണ്ട്. ഈ രണ്ടു വശങ്ങള്‍ പരിശോധിച്ചാല്‍ കേരളം ഗുജറാത്തിന് വിപരീതദിശയിലാണ്. ഗുജറാത്ത്- കേരള മാതൃകകള്‍ തമ്മിലുള്ള പ്രധാന വ്യത്യാസവും ഇതുതന്നെ. കേരളവികസനം ഊന്നുന്നത് മനുഷ്യവികസനമാണെങ്കില്‍ ഗുജറാത്ത് ഊന്നുന്നത് കോര്‍പറേറ്റ് വികസനവും.
മോഡി കോര്‍പറേറ്റുകളെ സഹായിക്കുന്നതിന് നിരവധി ഉദാഹരണങ്ങള്‍ നിരത്താനാകും.

അടുത്തിടെ സിഎജി പുറത്തിറക്കിയ റിപ്പോര്‍ട്ട് ഇതിന് തെളിവാണ്. 2011-12ല്‍ മാത്രം കോര്‍പറേറ്റ് ഹൗസുകള്‍ക്ക് മോഡി 1275 കോടിയുടെ ഇളവ് അനുവദിച്ചു. അദാനി, റിലയന്‍സ്, എസ്സാര്‍ തുടങ്ങിയ വന്‍കിട കമ്പനികള്‍ക്കാണ് ഈ സൗജന്യം നല്‍കിയത്. വൈദ്യുതി ഉല്‍പ്പാദക കമ്പനിയായ അദാനി, ഗുജറാത്ത് ഊര്‍ജവികാസ് നിഗമവുമായി എത്തിയ കരാര്‍ ലംഘിച്ചതിന് 240.8 കോടി രൂപ പിഴ അടയ്ക്കേണ്ടതായിരുന്നു. ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ കമ്പനിക്ക് ആണവനിലയം സ്ഥാപിക്കുന്നതിന് കുറഞ്ഞ വിലയ്ക്ക് ഭൂമി നല്‍കിയത് വഴി 128.7 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും സിഎജി പറഞ്ഞു. മോഡിയെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് കോര്‍പറേറ്റുകള്‍ പരസ്യമായി ശുപാര്‍ശചെയ്യുന്നതും ഇതുകൊണ്ടുതന്നെ. എന്നാല്‍, കോര്‍പറേറ്റുകളുടെ കീശ വീര്‍ക്കുമ്പോള്‍ സാധാരണ മനുഷ്യര്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ വിഷമിക്കുകയാണെന്ന് കാണാം. 2008ലെ മനുഷ്യവികസന സൂചികമാത്രം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.

പോഷകാഹാരം, വിദ്യാഭ്യാസം, ആരോഗ്യം, ഗ്രാമീണ ആസൂത്രണം, കൂലി തുടങ്ങിയ ഘടകങ്ങളാണ് മനുഷ്യവികസന റിപ്പോര്‍ട്ടിന് ആധാരം. 2008ലെ മനുഷ്യവികസന സൂചികയില്‍ പത്താംസ്ഥാനത്താണ് ഗുജറാത്ത്. സൂചികയില്‍ 0.790 പോയിന്റുമായി കേരളമാണ് മുന്നില്‍. ഗുജറാത്തിന് 0.577 പോയിന്റ് മാത്രം. കൊച്ചു സംസ്ഥാനമായ ഹിമാചല്‍പ്രദേശാണ് രണ്ടാംസ്ഥാനത്ത്. പഞ്ചാബ്, മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളും ഗുജറാത്തിനേക്കാളും ഏറെ മുന്നിലാണ്. ഗുജറാത്തിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം 64 വയസ്സാണ്. രാജ്യത്ത് ഒമ്പതാം സ്ഥാനത്താണ് മോഡിയുടെ ഗുജറാത്ത്. കുട്ടികളെ സ്കൂളിലേക്ക് അയക്കുന്ന കാര്യത്തില്‍ ഏഴാം സ്ഥാനമാണ് ഗുജറാത്തിന്. ഈ രണ്ടിലും ഒന്നാംസ്ഥാനം അലങ്കരിക്കുന്നത് കേരളമാണ്.

പോഷകാഹാരക്കുറവ് ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്. ബിമാരു (ബിഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്) സംസ്ഥാനങ്ങള്‍ക്കൊപ്പമാണ് ഇക്കാര്യത്തില്‍ ഗുജറാത്തിന്റെ സ്ഥാനം. 2011ലെ മനുഷ്യവികസന റിപ്പോര്‍ട്ടില്‍ പറയുന്നത് ഗുജറാത്തിലെ പകുതിയോളം കുട്ടികള്‍ പോഷകാഹാരക്കുറവ് അനുഭവപ്പെടുന്നവരാണെന്നാണ്.

2012ലെ യുനിസെഫ് റിപ്പോര്‍ട്ടനുസരിച്ച് അഞ്ചുവയസ്സിനു താഴെയുള്ള രണ്ടു കുട്ടികളില്‍ ഒരാള്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു. നാലില്‍ മൂന്നു കുട്ടികള്‍ വിളര്‍ച്ച ബാധിച്ചവരാണെന്നും ഈ റിപ്പോര്‍ട്ട് പറയുന്നു. സ്റ്റാറ്റിസ്റ്റിക്കല്‍ പ്രോഗാം ആന്‍ഡ് ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിന്റെ 2012ലെ കണക്കനുസരിച്ച് ഗുജറാത്തിലെ 40 മുതല്‍ 50 ശതമാനംവരെ കുട്ടികള്‍ ഭാരക്കുറവോടെയാണ് ജനിക്കുന്നത്. അതായത് ഒഡിഷ, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഢ്, മേഘാലയ എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പമാണ് ഗുജറാത്തിന്റെ സ്ഥാനം.

ശിശുമരണനിരക്ക് കൂടുതലുള്ള സംസ്ഥാനംകൂടിയാണ് ഗുജറാത്ത്. ഗുജറാത്തില്‍ ജനിക്കുന്ന 1000 കുട്ടികളില്‍ 44 പേരും മരിക്കുന്നുവെന്ന് 2012ലെ "ചില്‍ഡ്രന്‍സ് ഇന്‍ ഇന്ത്യ" എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. ശിശുമരണത്തില്‍ പതിനൊന്നാംസ്ഥാനമുള്ള  സംസ്ഥാനമാണ് ഗുജറാത്ത്. ഗ്രാമീണമേഖലയില്‍ വേണ്ടത്ര ആരോഗ്യസംവിധാനം ഇല്ലാത്തതാണ് ഇതിന് പ്രധാന കാരണം.ശൈശവ വിവാഹത്തില്‍ നാലാംസ്ഥാനം ഗുജറാത്ത് അലങ്കരിക്കുകയുംചെയ്യുന്നു. മൂന്ന് അമ്മമാരില്‍ ഒരാള്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത് എന്നും യുനിസെഫ് പറയുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയ്ക്ക് മാതൃ-ശിശു മരണ നിരക്ക് കുറച്ചുകൊണ്ടുവരുന്നതിലും ഗുജറാത്തിന് ഏറെയൊന്നും മുന്നേറാന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ഗുജറാത്തിന് മുന്നേറ്റം നടത്താനായിട്ടില്ല. സാക്ഷരതയുടെ കാര്യത്തില്‍ ഏഴാം സ്ഥാനമാണ് ഗുജറാത്തിനുള്ളത്. നൂറു ശതമാനം കുട്ടികളെയും സ്കൂളിലേക്ക് നയിക്കുമെന്ന് ഉറപ്പു വരുത്തുമെന്ന് ബിജെപിയുടെ പ്രകടനപത്രിക കഴിഞ്ഞ തെരഞ്ഞെടുപ്പുവേളയിലും ആവര്‍ത്തിച്ചെങ്കിലും ഇനിയും ആ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. സ്കൂളുകളില്‍ മൊത്തത്തിലുള്ള കൊഴിഞ്ഞുപോക്ക് രണ്ടു ശതമാനമായി തുടരുന്നു. കുട്ടികളെ സ്കൂളില്‍ സ്ഥിരമായി ഇരുത്തുന്നതില്‍ 18-ാം സ്ഥാനത്താണ് ഇപ്പോഴും ഗുജറാത്ത്. യുഎന്‍ഡിപി റിപ്പോര്‍ട്ടനുസരിച്ച് കേരളത്തിലെ കുട്ടികള്‍ ശരാശരി 11.3 വര്‍ഷം സ്കൂളുകളില്‍ പഠിക്കുമ്പോള്‍ ഗുജറാത്തില്‍ ഇത് 8.79 വര്‍ഷംമാത്രമാണ്. വിദ്യാഭ്യാസത്തിനായി സ്വകാര്യമേഖലയെയാണ് മോഡി സര്‍ക്കാര്‍ പ്രധാനമായും ആശ്രയിക്കുന്നത്. സര്‍ക്കാര്‍മേഖലയെ തീര്‍ത്തും അവഗണിച്ചു.

മനുഷ്യവികസന സൂചികയില്‍ ഗുജറാത്ത് പിന്നോട്ടുപോകാന്‍ പ്രധാന കാരണം കുറഞ്ഞ കൂലിയും ശമ്പളവുമാണ്. വ്യവസായങ്ങള്‍ ഏറെയുണ്ടെങ്കിലും അതില്‍ ജോലിയെടുക്കുന്നവര്‍ക്ക് അന്തസ്സോടെ ജീവിതം നയിക്കാനുള്ള കൂലി ലഭിക്കുന്നില്ല. കൂലിയുടെ കാര്യത്തില്‍ 14-ാം സ്ഥാനത്താണ് ഗുജറാത്ത്. എന്‍എസ്എസ്ഒയുടെ 2011ലെ റിപ്പോര്‍ട്ടനുസരിച്ച് അസംഘടിത മേഖലയില്‍, നഗരപ്രദേശങ്ങളില്‍ കൂലി 106 രൂപയാണ്. ഗ്രാമപ്രദേശങ്ങളില്‍ 83ഉം. വിലക്കയറ്റം മറ്റു സംസ്ഥാനങ്ങളേക്കാളും അധികമാണ് ഗുജറാത്തില്‍. ഭക്ഷണം, ഇന്ധനം, വസ്ത്രം എന്നിവയുടെ ചെലവ് എടുത്താല്‍ രാജ്യത്ത് എട്ടാമത്തെ ചെലവേറിയ സംസ്ഥാനമാണ് ഗുജറാത്ത്. ഗുജറാത്തിലെ 67 ശതമാനം വീടുകളിലും കക്കൂസില്ല. മലനീകരണത്തിന്റെ കാര്യത്തിലും ഗുജറാത്ത് മുന്നിലാണ്. വ്യവസായനഗരമായ വാപിയിലും അങ്കലേശ്വറിലും മലിനീകരണം 88 ശതമാനമാണ്. ജനങ്ങളുടെ ജീവിതസുരക്ഷയേക്കാള്‍ വ്യവസായികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന മോഡിയുടെ നയമാണ് ഇവിടെ വെളിവാകുന്നത്. (അവസാനിക്കുന്നില്ല)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ