2013, മേയ് 9, വ്യാഴാഴ്‌ച

ഗുജറാത്ത് കര്‍ഷകരുടെയും ശവപ്പറമ്പ്


 വി ബി പരമേശ്വരന്‍
"ഖേഡു മോര റേ" (ഓ എന്റെ കര്‍ഷകാ) എന്നത് ഒരു ഗുജറാത്തി ഡോക്യുമെന്ററിയുടെ പേരാണ്. രാകേഷ് ശര്‍മയാണ് നിര്‍മാതാവ്. "തിളങ്ങുന്ന" ഗുജറാത്തിന്റെ മറുപുറം വ്യക്തമാക്കുന്നതാണ് ഈ ഡോക്യുമെന്ററി. സൗരാഷ്ട്രയില്‍ വ്യാപകമാകുന്ന കര്‍ഷക ആത്മഹത്യയെക്കുറിച്ചാണ് ഇതില്‍ വിവരിക്കുന്നത്. 2001ല്‍ നരേന്ദ്ര മോഡി മുഖ്യമന്ത്രിയായതാണ് കാര്‍ഷിക തകര്‍ച്ചയ്ക്ക് കാരണമെന്നാണ് രാകേഷ് ശര്‍മയുടെ വാദം. 2007 മാര്‍ച്ച് 14ന് എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗുജറാത്തില്‍ കര്‍ഷക ആത്മഹത്യയില്ലെന്ന് മോഡി പറഞ്ഞത്. ഇത് തെറ്റാണെന്ന് തെളിയിച്ചു ഒരു മണിക്കൂര്‍ നീളുന്ന ഈ ചിത്രം.

ഒടുവില്‍, ഗുജറാത്തില്‍ കര്‍ഷക ആത്മഹത്യയുണ്ടെന്ന് മോഡിക്ക് സമ്മതിക്കേണ്ടി വന്നു. 498 കര്‍ഷകര്‍ സംസ്ഥാനത്ത് ആത്മഹത്യചെയ്തെന്ന് നിയമസഭയില്‍ മോഡി സമ്മതിച്ചു. കര്‍ഷക ആത്മഹത്യയെക്കുറിച്ച് നിയമസഭയില്‍ നല്‍കിയ കണക്ക് ഇങ്ങനെ: രാജ്കോട്ട്- 63, ജുനഗഢ്- 85, അമ്രേലി- 34, മെഹ്സാന- 48, നദിയാദ്- 44, ജാംനഗര്‍- 55, നര്‍മദ- 30, മോഡിയുടെ മൂക്കിനു താഴെയുള്ള ഗാന്ധിനഗറില്‍ 13. വ്യവസായ വികസനത്തിന് മോഡി ഊന്നല്‍ നല്‍കുമ്പോള്‍ അവഗണിക്കപ്പെട്ടത് കൃഷിയാണ്. സംസ്ഥാനത്തെ 70 ശതമാനം ജനങ്ങളും കൃഷിയെ ആശ്രയിച്ച് ജീവിക്കുമ്പോഴാണ് കൃഷിയോട് കടുത്ത അവഗണന കാട്ടിയത്. അതുകൊണ്ടുതന്നെ വിദര്‍ഭയിലേതുപോലെ ഗുജറാത്തിലെ സൗരാഷ്ട്രയും കര്‍ഷക ആത്മഹത്യയുടെ കേന്ദ്രമായി. പരുത്തിയും നിലക്കടലയും വിളഞ്ഞ ഈ പാടങ്ങളില്‍ ഇപ്പോള്‍ കര്‍ഷകന്റെ വിയര്‍പ്പല്ല ചോരയാണ് കിനിയുന്നത്. രാജ്കോട്ടും അമ്രേലിയും ഭാവ്നഗറും മറ്റുമുള്ള സൗരാഷ്ട്ര ഗുജറാത്തിന്റെ കൃഷിക്കളമാണ്. രാജ്യത്തെ നിലക്കടല ഉല്‍പ്പാദനത്തിന്റെ 28 ശതമാനവും പരുത്തി ഉല്‍പ്പാദനത്തിന്റെ 25 ശതമാനവും ഇവിടെയാണ്. നിലക്കടലയില്‍നിന്ന് ഭക്ഷ്യഎണ്ണ ഉല്‍പ്പാദിപ്പിക്കലും ഇവിടത്തെ പ്രധാന വരുമാനമാര്‍ഗമാണ്. 250 ലധികം എണ്ണ മില്ലുകളാണ് ഇവിടെയുള്ളത്. എന്നാല്‍, ഈ മേഖല ഇന്ന് കടുത്ത വരള്‍ച്ചയുടെ പിടിയിലാണ്. വരള്‍ച്ചയില്‍ പൊള്ളുന്ന കൃഷിക്കാരനെ സഹായിക്കാന്‍ മോഡിയില്‍നിന്ന് സഹായമൊന്നും ഉണ്ടായില്ല.


കോര്‍പറേറ്റുകള്‍ക്ക് കോടികളുടെ സൗജന്യം അനുവദിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് ഒരു സഹായവും നല്‍കാന്‍ മോഡി തയ്യാറല്ല. അതുകൊണ്ടുതന്നെ കൊള്ളപ്പലിശക്കാരില്‍നിന്ന് കടം വാങ്ങി അത് തിരിച്ചടയ്ക്കാനാകാതെ കര്‍ഷകര്‍ ആത്മഹത്യചെയ്യുന്നു. യഥാര്‍ഥത്തിലുള്ള കര്‍ഷക ആത്മഹത്യകള്‍ രേഖപ്പെടുത്തിയിരുന്നെങ്കില്‍ ഈ കണക്കുകള്‍ക്കും അപ്പുറമായിരിക്കും മരണനിരക്ക്. എന്നാല്‍, മോഡിയുടെ "വികാസ് പുരുഷ്" എന്ന പ്രതിഛായക്ക് ആഘാതമേല്‍ക്കുമെന്നതിനാല്‍ പൊലീസ് ഇക്കാര്യം രജിസ്റ്റര്‍ ചെയ്യുന്നില്ലെന്ന് വ്യാപകമായ പരാതി ഉയര്‍ന്നിട്ടുണ്ട്. മോഡി ആവര്‍ത്തിച്ചു പറയുന്നത് സൗരാഷ്ട്രയിലേത് കര്‍ഷക ആത്മഹത്യയല്ലെന്നാണ്. അതുകൊണ്ടാണ് പൊലീസ് ഇത് കര്‍ഷക ആത്മഹത്യയായി രജിസ്റ്റര്‍ ചെയ്യാത്തത്. ഒരു ഏകാധിപത്യ സര്‍ക്കാരിന്റേതുപോലെ എല്ലാ വസ്തുതകളും മറച്ചുവയ്ക്കാനാണ് മോഡി ആവര്‍ത്തിച്ച് ശ്രമിക്കുന്നത്. കര്‍ഷക ആത്മഹത്യ രേഖപ്പെടുത്താതെ അതില്ലെന്നു പറയാനുള്ള ചങ്കൂറ്റമാണ് മോഡി കാണിക്കുന്നത്. വിവരാവകാശ നിയമമനുസരിച്ചാണ് കര്‍ഷക ആത്മഹത്യയെക്കുറിച്ചുള്ള അല്‍പ്പമെങ്കിലും വിവരം പുറത്തുവന്നത്.



വ്യവസായ വികസനത്തിനുവേണ്ടി കാര്‍ഷികമേഖലയെ പൂര്‍ണമായും അവഗണിക്കുകയാണ് മോഡിയെന്ന വിമര്‍ശവും ഗുജറാത്തില്‍ ഇപ്പോള്‍ ഉയരുന്നുണ്ട്. സൗരാഷ്ട്രയില്‍ ഈ വര്‍ഷംമാത്രം 35 ലക്ഷം ഹെക്ടര്‍ സ്ഥലത്തെ പരുത്തിക്കൃഷി നശിച്ചെന്നാണ് കണക്ക്. സൗരാഷ്ട്രയിലെ 80 ശതമാനം ജനങ്ങളും കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. അതുകൊണ്ടുതന്നെ കാര്‍ഷികത്തകര്‍ച്ച ഈ മേഖലയിലെ എല്ലാ കുടുംബങ്ങളെയും ബാധിക്കുമെന്നുറപ്പ്. കൃഷി നശിച്ചതിനെത്തുടര്‍ന്ന് പലര്‍ക്കും വായ്പ തിരിച്ചടയ്ക്കാനായില്ല. ബാങ്കുകള്‍ ജപ്തി നോട്ടീസ് നല്‍കാനാരംഭിച്ചു. ഈ ഘട്ടങ്ങളിലൊക്കെ കര്‍ഷകര്‍ സര്‍ക്കാരിന്റെ സഹായം അഭ്യര്‍ഥിച്ചെങ്കിലും അതുണ്ടായില്ല. ഗത്യന്തരമില്ലാതെ കര്‍ഷകര്‍ ആത്മഹത്യചെയ്തു. 10,000 രൂപ വായ്പ തിരിച്ചടയ്ക്കാനുള്ള കര്‍ഷകര്‍പോലും മോഡിയുടെ ഗുജറാത്തില്‍ ആത്മഹത്യചെയ്തെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മോഡിയെയും മോഡി ഭക്തരെയും ഇത് ലജ്ഞിപ്പിക്കുന്നില്ലേ?

കര്‍ഷക ആത്മഹത്യ മോഡി സര്‍ക്കാര്‍ അംഗീകരിക്കാത്തത് ആ കുടുംബങ്ങളുടെ വിഷമം ഇരട്ടിപ്പിച്ചു. സര്‍ക്കാരില്‍നിന്ന് ആനുകൂല്യങ്ങള്‍ ലഭിച്ചില്ലെന്നു മാത്രമല്ല, ദരിദ്രരായ കുടുംബാംഗങ്ങള്‍ വായ്പ തിരിച്ചടയ്ക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയുംചെയ്തു. ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും സര്‍ക്കാരിന്റെ സമീപനം ഏറെ രുചിച്ചമട്ടാണ്. ഇതിനെതിരെ വിമര്‍ശമുയര്‍ത്തുന്നവരുടെ വായടപ്പിക്കാനും മോഡിതന്നെയാണ് മുന്നിട്ടിറങ്ങുന്നത്. ഒരുദാഹരണംമാത്രം സൂചിപ്പിക്കാം. വ്യവസായത്തിന് ഊന്നല്‍ നല്‍കി കാര്‍ഷികമേഖലയെ അവഗണിക്കുന്ന മോഡിയുടെ നയത്തെ കന്‍ഭായ് കന്‍സാരിയ എന്ന ബിജെപി എംഎല്‍എ വിമര്‍ശിച്ചപ്പോള്‍ അദ്ദേഹത്തെ മോഡി മുന്‍കൈ എടുത്ത് പാര്‍ടിയില്‍നിന്ന് പുറത്താക്കി.

കര്‍ഷകര്‍ക്ക് 10 മണിക്കൂര്‍ വൈദ്യുതി നല്‍കുന്നുണ്ടെന്നാണ് മോഡിയുടെ വാദം. എന്നാല്‍, ആറുമണിക്കൂര്‍ വൈദ്യുതി ലഭിക്കുന്നത് രാത്രിയിലാണ്. പകല്‍ കര്‍ഷകന് വൈദ്യുതി ലഭിക്കുന്നത് നാലു മണിക്കൂര്‍മാത്രമാണ്. എണ്ണ മില്ലുകളെയും ഇത് ദോഷകരമായി ബാധിക്കുന്നു. പകുതിയോളം മില്ലുകള്‍ അടച്ചിടാന്‍ ഇത് കാരണമായി. സൗരാഷ്ട്രയിലാകട്ടെ, ജലസേചനവും കുറവാണ്. നര്‍മദയില്‍നിന്ന് വെള്ളം സൗരാഷ്ട്രയിലെത്തിക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ടത് സൗരാഷ്ട്രക്കാരനായ കേശുഭായ് പട്ടേലായിരുന്നു. അദ്ദേഹത്തെ പുറത്താക്കി 12 വര്‍ഷംമുമ്പ് അധികാരമേറിയ മോഡി ഇതുവരെയും ഈ പദ്ധതി യാഥാര്‍ഥ്യമാക്കിയില്ല. ഇതും കര്‍ഷക ആത്മഹത്യക്ക് കാരണമാണ്. മോഡിയുടെ നാട് തിളങ്ങുകയാണെന്ന് പറയുന്നവര്‍ മേല്‍പ്പറഞ്ഞ യാഥാര്‍ഥ്യങ്ങള്‍ കാണാന്‍ തയ്യാറാകണം. "തിളങ്ങുന്ന" ഗുജറാത്തിന് ഒരു മറുപുറമുണ്ടെന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ ഗുജറാത്ത് മോഡല്‍ രാജ്യവ്യാപകമാക്കണമെന്നു പറയുമ്പോള്‍ അവര്‍ അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ ബോധപൂര്‍വം മറച്ചുപിടിക്കുകയാണ്. (അവസാനിച്ചു)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ