2013, മേയ് 29, ബുധനാഴ്‌ച

ഫെമിനിസത്തോടുള്ള മാര്‍ക്സിസ്റ്റ് സമീപനം

ഡോ. ടി.കെ ആനന്ദി.
ചിന്ത വാരിക, മെയ് ദിനപതിപ്പിൽ പ്രസിദ്ധീകരിച്ചത്.

കഴിഞ്ഞ ചില മാസങ്ങളായി, സ്ത്രീപീഡനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും സംവാദങ്ങളുമാണ് മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ദിനംതോറും പ്രത്യക്ഷപ്പെടുന്ന ഈ പീഡന സംഭവങ്ങളെ സംബന്ധിച്ചും, അവയെ നേരിടാന്‍ ഇന്നത്തെ നിയമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ദൗര്‍ബല്യങ്ങളെ അല്ലെങ്കില്‍ പഴുതുകളെ സംബന്ധിച്ചും സ്ത്രീ പ്രവര്‍ത്തകരുടെ ഇടയില്‍ത്തന്നെ ധാരാളമായി സംവാദങ്ങള്‍ നടക്കുന്നുണ്ട്. ഇതിന്‍റ ഫലമായി, വ്യത്യസ്ത ചിന്താധാരകളുള്ള സ്ത്രീ പ്രവര്‍ത്തകരുടെയിടയില്‍ ഒരു ഐക്യനിര രൂപപ്പെട്ടുവരുന്നുണ്ട് എന്നത് ശുഭസൂചകമാണ്. എങ്കിലും, ഇവയെ സംബന്ധിച്ച സമീപനങ്ങളില്‍ വ്യക്തമായ അഭിപ്രായ ഭിന്നതയുമുണ്ട്. അത് സ്ത്രീവാദികള്‍ (Feminists) എന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍, സ്ത്രീ പീഡനങ്ങളുടെ അടിത്തറ പുരുഷമേധാവിത്വവും ലൈംഗികതയുമാണ് എന്നു വാദിക്കുന്നവരാണ്. വര്‍ഗീയ ശക്തികളും ലിബറലുകളും ധാര്‍മിക അധഃപതനത്തിലാണ് ഊന്നുന്നത്. അതിന്റെ കേന്ദ്ര സ്ഥാനം ലൈംഗികതയാണ്. ലൈംഗികതയ്ക്കപ്പുറം കടന്ന് സാമൂഹ്യ വൈരുധ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രശ്നത്തെ സമീപിക്കുന്നവര്‍ പ്രധാനമായും മാര്‍ക്സിസ്റ്റുകളാണ്.

ലൈംഗികതയേയും സാമൂഹ്യവൈരുധ്യങ്ങളെയും അടിസ്ഥാനപ്പെടുത്തിയുള്ള സ്ത്രീ നിലപാടുകള്‍ തമ്മില്‍ത്തമ്മിലുള്ള ഭിന്നത അടുത്ത കാലത്താണ് കൂടുതല്‍ വ്യക്തമായത്. സ്ത്രീ പ്രസ്ഥാനങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ ലൈംഗികതയെ സ്ത്രീ വാദത്തിന്റെ കേന്ദ്ര ബിന്ദു ആക്കിയത് കഴിഞ്ഞ ഏതാനും ദശകങ്ങളിലാണ് എന്നു കാണാം. അതിനുമുമ്പ്, പുരുഷാധീശത്വത്തെക്കുറിച്ചുള്ള ആശയങ്ങളില്‍ ലൈംഗികതയും വര്‍ഗസമീപനവും ഒരുപോലെ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ ചര്‍ച്ച പരിശോധിക്കുമ്പോള്‍ മാത്രമാണ് സ്ത്രീവാദത്തോടുള്ള മാര്‍ക്സിസ്റ്റ് കാഴ്ചപ്പാട് വ്യക്തമാകുന്നത്.

എംഗല്‍സിന്റെ സ്വാധീനം  


മാര്‍ക്സും എംഗല്‍സും ലെനിനും സ്ത്രീ പ്രശ്നത്തെക്കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. പക്ഷേ, മാര്‍ക്സിസത്തെയും സ്ത്രീവാദത്തെയും ഒരുപോലെ സ്വാധീനിച്ചത്, "കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം" എന്ന എംഗല്‍സിെന്‍റ പുസ്തകമാണ്. മോര്‍ഗെന്‍റ നരവംശശാസ്ത്ര പഠനങ്ങളെ ആധാരമാക്കി എംഗല്‍സ് തയ്യാറാക്കിയ പുസ്തകത്തില്‍, സമൂഹത്തില്‍ സ്വകാര്യസ്വത്തിന്റെ ഉദയവും, ഭരണകൂടത്തിെന്‍റ വളര്‍ച്ചയും എങ്ങനെ സ്ത്രീകളുടെ അവസ്ഥയില്‍ മാറ്റം വരുത്തി എന്ന് വിശദീകരിച്ചു. ഭക്ഷ്യശേഖരണത്തില്‍നിന്ന് ഭക്ഷ്യോല്‍പാദനത്തിലേക്കുള്ള മാറ്റം, ഗോത്ര സമൂഹത്തില്‍ ലിംഗപരമായ തൊഴില്‍ വിഭജനത്തെ സൃഷ്ടിച്ചു. സ്ത്രീകള്‍ ഭക്ഷ്യസാധനങ്ങള്‍ ശേഖരിക്കുന്നവരും, സന്തതികളെ പരിപാലിക്കുന്നവരും ഒക്കെയായി മാറിയപ്പോള്‍, പുരുഷന്മാര്‍ ഗോത്ര സമൂഹങ്ങളുടെ സംരക്ഷകരായി മാറി. സ്വകാര്യ സ്വത്തിെന്‍റ വളര്‍ച്ചയോടെ സംരക്ഷകര്‍ ഭൂമിയുടെയും വിഭവങ്ങളുടെയും നിയന്ത്രണമേറ്റെടുത്തു. സ്ത്രീകള്‍ അവരുടെ നിയന്ത്രണത്തിന് കീഴിലായി. ഭരണകൂടങ്ങള്‍ ഈ നിയന്ത്രണത്തിന് നിയമപരമായ സാധുത നല്‍കി. അതോടെ, വ്യക്തിഗതമായ പ്രണയത്തിെന്‍റയും ലൈംഗികതയുടെയും അടിസ്ഥാനത്തിലുള്ള സ്ത്രീ പുരുഷബന്ധങ്ങള്‍ തകര്‍ന്നു. ഈ തകര്‍ച്ചയെ ""സ്ത്രീ ലിംഗത്തിന്റെ ലോകചരിത്രപരമായ പരാജയ""മായിട്ടാണ് (World defeat of the female sex) എംഗല്‍സ് കാണുന്നത്.
എംഗല്‍സിന്റെ ഈ വാദം 1970കളില്‍ നടന്ന സ്ത്രീവാദികള്‍ തമ്മിലുള്ള സംവാദങ്ങളില്‍ പുനരുദ്ധരിക്കപ്പെട്ടു. 1960കളില്‍ ബെറ്റി ഫ്രീഡാന്‍ ((Betty Friedan) എന്ന അമേരിക്കന്‍ സ്ത്രീവാദ പ്രവര്‍ത്തകയുടെ "ഫെമിനൈന്‍ മിസ്റ്റിക്" എന്ന പുസ്തകം പുരുഷാധിപത്യത്തെക്കുറിച്ചും സ്ത്രീകളുടെ അടിമത്തത്തെക്കുറിച്ചുമുള്ള ശക്തമായ വാദങ്ങളുയര്‍ത്തി. ചഛണ (NOW (National Organisation for Women) എന്ന അമേരിക്കന്‍ സ്ത്രീ സംഘടനയുടെ മുഖ്യസംഘാടകയായിരുന്നു ബെറ്റി ഫ്രീഡാന്‍. 1960കളില്‍ പാശ്ചാത്യരാജ്യങ്ങളിലുണ്ടായ വിദ്യാര്‍ത്ഥി - ബഹുജന പ്രക്ഷോഭങ്ങള്‍ ധാരാളം സ്ത്രീകളെയും രാഷ്ട്രീയത്തിലേക്കു കൊണ്ടുവന്നു. അവരുടെയിടയില്‍ മാര്‍ക്സിസ്റ്റുകാരും മാര്‍ക്സിസ്റ്റ് വിരുദ്ധ നിലപാടെടുക്കുന്നവരും ധാരാളമായുണ്ടായിരുന്നു. ഇവരുടെയിടയില്‍ നടന്ന സംവാദങ്ങളാണ് പില്‍ക്കാല സ്ത്രീവാദ ചിന്തയ്ക്ക് രൂപം നല്‍കിയത്.




കെയ്റ്റ്മില്ലറ്റ് , ജെര്‍മെയ്ന്‍ ഗ്രീയര്‍ , ഗ്ലോറിയ സ്റ്റീനം , ജൂലിയറ്റ് മിച്ചല്‍ , ഷൂലാസ്മിത്ത് ഫയര്‍സ്റ്റോണ്‍  എന്നിവരാണ് 70 കളിലെ ഫെമിനിസ്റ്റുകളെ ഏറ്റവുമധികം സ്വാധീനിച്ച ചിന്തകര്‍. ടSexual Politics (ലൈംഗികതയുടെ രാഷ്ട്രീയം) എഴുതിയ കെയ്റ്റ് മില്ലറ്റ്, രാഷ്ട്രീയം അധികാരബന്ധങ്ങളില്‍ അധിഷ്ഠിതമാണെന്നും, ലൈംഗികത നിലവിലുള്ള രാഷ്ട്രീയ അധികാരബന്ധങ്ങളിലുള്ള ഒരു അവസ്ഥയാണെന്നും വാദിച്ചു. ഉല്‍പാദനബന്ധങ്ങള്‍ മാറുകയും മാറ്റുകയും ചെയ്യുന്നതിനേക്കാള്‍ പ്രാധാന്യം അവയോടുള്ള സമീപനം മാറുക എന്നതാണ്. ഗാര്‍ഹികാധ്വാനം, ഇത്തരത്തില്‍ ചര്‍ച്ച ചെയ്യേണ്ടുന്ന അനിവാര്യഘടകമായി അവര്‍ കണ്ടു. സ്ത്രീ പുരുഷബന്ധങ്ങളിലെ ലൈംഗിക പ്രശ്നങ്ങള്‍ സ്ത്രീകളുടെ ഗാര്‍ഹികമായ അടിമത്തത്തില്‍നിന്നും ഉണ്ടാകുന്നതാണ്. അതിന്റെ തുടര്‍ച്ചയായി ജെര്‍മെയ്ന്‍ ഗ്രീയര്‍ തെന്‍റ ഫീമെയ്ല്‍ യൂണെക് (Female Eunech - ഷണ്ഡയായ സ്ത്രീ) എന്ന ഗ്രന്ഥത്തില്‍ സ്ത്രീകളുടെ അടിമത്തം അവരുടെ സ്ത്രൈണതയെപ്പോലും നശിപ്പിക്കുന്നുവെന്നും, പുരുഷാധിപത്യത്തില്‍നിന്നുള്ള മോചനത്തില്‍ മാത്രമേ ഒരു സ്ത്രീക്ക് "സ്ത്രീ"യായി ജീവിക്കാന്‍ കഴിയുകയുള്ളൂവെന്നും വാദിച്ചു. പുരുഷാധിപത്യത്തെ കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ഠിച്ചത് ഈ പുസ്തകമാണ്.

ജൂലിയറ്റ് മിച്ചല്‍, വിദ്യാര്‍ഥി പ്രക്ഷോഭങ്ങളിലൂടെ വളര്‍ന്നുവന്ന ഒരു പുത്തന്‍ ഇടതുപക്ഷ പ്രവര്‍ത്തകയായിരുന്നു. അവര്‍ ലൂയി അല്‍ത്തൂസര്‍, ക്ലോഡ് ലെവി സ്ട്രോസ്,ഫ്രോയ്ഡ് തുടങ്ങിയവരുടെ സിദ്ധാന്തങ്ങളെ കൂട്ടിയിണക്കി സ്ത്രീ പ്രശ്നത്തെ സമീപിച്ചു. സ്ത്രീകളുടെ കുടുംബപ്രശ്നങ്ങളെ ഘടനാവാദത്തിലൊതുങ്ങിനിന്നുകൊണ്ടാണ് അവര്‍ പരിശോധിച്ചത്. മതം, സ്ഥാപനങ്ങള്‍, രാഷ്ട്രീയ സാഹചര്യങ്ങള്‍ തുടങ്ങിയ ഘടനാരൂപങ്ങളും സ്ത്രീയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ സന്നിവേശിപ്പിച്ചു. സ്ത്രീകളുടെ അവസ്ഥയെ അവര്‍ കണ്ടത്,  ഉല്‍പാദനം, പുനരുല്‍പാദനം, ലൈംഗികചോദന, സാമൂഹ്യവല്‍ക്കരണം എന്നീ ഘടനകളിലൂടെയാണ്. ഇതിന്റെയൊക്കെ ഫലമായി, സ്വത്തുടമാബന്ധങ്ങള്‍, ഭരണകൂടം തുടങ്ങിയ അധികാര രൂപങ്ങളെ അവര്‍ അവഗണിക്കുകയും ചെയ്തു. ഇതിനവര്‍ അവലംബിച്ചത് ഫ്രോയ്ഡിന്റെ വിശകലനമായിരുന്നു. ഷൂലാസ്മിത്ത് സ്റ്റോണിെന്‍റ "Dialectics of sex" എന്ന പുസ്തകം റാഡിക്കല്‍ ഫെമിനിസം എന്നു കരുതപ്പെടുന്ന പ്രവണതയുടെ തുടക്കമാണ്.



മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍നിന്നു തന്നെ ആരംഭിച്ച അവര്‍, ""ആപേക്ഷികതാ സിദ്ധാന്തം എങ്ങനെയാണോ ന്യൂട്ടോണിയന്‍ ഫിസിക്സിെന്‍റ ഭാഗമാകുന്നത്, അതുപോലെയാണ് എനിക്ക് മാര്‍ക്സിസം"" എന്നാണ് പറഞ്ഞത്. കൂടാതെ തേന്‍റത് ചരിത്രപരമായ ഭൗതികവാദത്തിലൂന്നിയ സിദ്ധാന്തമാണെന്നും അവര്‍ പ്രഖ്യാപിച്ചു. വര്‍ഗത്തിനുപകരം ലിംഗപദവിയും ഉല്‍പാദനത്തിനുപകരം പുനരുല്‍പാദനവും പകരംവെച്ചുകൊണ്ട് സ്ത്രീകളുടെ സാമൂഹ്യാവസ്ഥയെ അവര്‍ വിശദീകരിച്ചു. പുനരുല്‍പാദനത്തിന്റെ ഫലമായുണ്ടാവുന്ന അധ്വാനത്തെ ഇല്ലാതാക്കാന്‍ സ്ത്രീകള്‍ പ്രസവിക്കുന്നതിനുപകരം കൃത്രിമ ബീജസങ്കലനവും, കൃത്രിമ ഗര്‍ഭധാരണവും എന്ന രീതിയ്ക്കായി അവര്‍ വാദിച്ചു - ഇത്തരത്തില്‍ ആദ്യകാല ഫെമിനിസ്റ്റുകളില്‍ മാര്‍ക്സിസത്തിെന്‍റ ശക്തമായ സ്വാധീനം നിലനിന്നതായി കാണാം. അതേസമയം സ്ത്രീപ്രശ്നത്തെക്കുറിച്ച്, മാര്‍ക്സിസം കാര്യമായി ചര്‍ച്ച ചെയ്തിട്ടില്ലെന്നും, മാര്‍ക്സിസ്റ്റുകളുടെ "സാമ്പത്തിക നിര്‍ണ്ണയ വാദം" സ്ത്രീ പ്രശ്നത്തെ അവഗണിക്കുന്ന സ്ഥിതിയിലേക്കെത്തിച്ചു എന്നുമാണ് ഇവരെല്ലാവരും വാദിച്ചത്. അതിനു പരിഹാരമെന്ന നിലയിലാണ് ഫ്രായ്ഡിയന്‍ സിദ്ധാന്തങ്ങള്‍ നരവംശശാസ്ത്ര, പുനരുല്‍പാദന സാങ്കേതിക വിദ്യ മുതലായ രൂപങ്ങളെ ഉപയോഗിച്ചുകൊണ്ട് പുതിയ സ്ത്രീ പ്രസ്ഥാനങ്ങള്‍ക്കുവേണ്ടി ഇവര്‍ നിലകൊണ്ടത്. വര്‍ഗവൈരുധ്യങ്ങള്‍ക്കുപകരം, പുരുഷാധിപത്യത്തിനെതിരായ സമരമായി, സ്ത്രീപ്രസ്ഥാനത്തെ മാറ്റാന്‍ ഇവരെ പ്രേരിപ്പിച്ചത് ഇതേ നിലപാടാണ്. അതുകൊണ്ടുതന്നെ, മുതലാളിത്ത സമൂഹത്തിന്റെയും ഭരണകൂടത്തിെന്‍റയും പ്രവര്‍ത്തനത്തെ പലപ്പോഴും ഇവര്‍ ന്യൂനീകരിക്കുകയാണുണ്ടായത് . ഇതിന്റെ ഫലമായി 70കളുടെ അവസാനത്തിലും 80-കളിലുമായി ഒരു സംഘം സ്ത്രീവാദികള്‍ തന്നെ മാര്‍ക്സിസ്റ്റ് കൃതികള്‍ പുനഃപരിശോധിക്കാനായി ആരംഭിച്ചു. ഈ കാലഘട്ടത്തിലാണ്, ജാനറ്റ് സെയേഴ്സ് , മാര്‍ത്താ ജിമിനസ് , ഹെയ്ലിത്ത് സഫിയോട്ടി , അലിസന്‍ ജാഗര്‍ , ലിസെ ഫോഗല്‍ , മിഷല്‍ ബാരറ്റ്  തുടങ്ങി പ്രകടമായി മാര്‍ക്സിസ്റ്റ് രീതി ഉപയോഗിച്ച ഫെമിനിസ്റ്റുകളുടെ രചനകള്‍ പുറത്തുവരുന്നത്. ഇവരുടെ അന്വേഷണങ്ങള്‍ക്കാധാരം, സ്ത്രീകളെയും കുടുംബങ്ങളെയുംകുറിച്ചുള്ള മാര്‍ക്സിെന്‍റയും എംഗല്‍സിെന്‍റയും ലെനിന്റെയും പരാമര്‍ശങ്ങള്‍ തന്നെയാണ്. അതുകൊണ്ട് അതിലേക്ക് കണ്ണോടിക്കേണ്ടതുണ്ട്.

 സ്ത്രീപ്രശ്നം മാര്‍ക്സിസത്തില്‍

മാര്‍ക്സിന്റെ രചനകളില്‍ സ്ത്രീപ്രശ്നത്തെക്കുറിച്ച് വളരെ ചെറിയ പരാമര്‍ശങ്ങളെ ഉള്ളൂ എന്നത് ശരിയാണ്. പക്ഷേ അദ്ദേഹത്തിെന്‍റ നിരീക്ഷണങ്ങള്‍ ഫെമിനിസ്റ്റുകള്‍ ഗൗരവമായി പരിശോധിച്ചിട്ടില്ല. കുടുംബത്തെക്കുറിച്ചുള്ള സങ്കല്‍പമാണ് ഇതില്‍ ഏറ്റവും പ്രധാനം. മുതലാളിത്തപൂര്‍വമായ ക്രിസ്ത്യന്‍ കുടുംബസങ്കല്‍പമാണ് (Teutonic Christian Family) മുതലാളിത്തം നിലനിര്‍ത്തിയതെന്ന് മാര്‍ക്സ് നിരീക്ഷിക്കുന്നു. ഇതില്‍ കുടുംബത്തിനുവേണ്ടി, പണിയെടുക്കുകയും സമ്പാദിക്കുകയും ചെയ്യുന്ന പുരുഷനോടുള്ള സ്ത്രീയുടെ കടപ്പാടും ആദരവും സ്നേഹവുമാണ്  ആധുനിക കുടുംബത്തിലെ സ്ത്രീ പുരുഷ ബന്ധങ്ങളെ നിര്‍ണയിക്കുന്നത്. പകലന്തിയോളം പണിയെടുത്ത് തിരിച്ചുവരുന്ന പുരുഷന് വീണ്ടും പണിയെടുക്കാനുള്ള ഊര്‍ജം പ്രദാനം ചെയ്യുന്നതില്‍ സ്ത്രീ പങ്ക് വഹിക്കുന്നു. അപ്പോള്‍ തൊഴിലാളികളെയും മുതലാളിത്ത ബന്ധങ്ങളെയും നിലനിര്‍ത്തുന്നതിനും പ്രത്യുല്‍പാദനത്തിലൂടെ ഈ ബന്ധങ്ങള്‍ക്ക് തുടര്‍ച്ച ഉണ്ടാവുന്നതിനും പങ്കാളിയായി സ്ത്രീ മാറുന്നു. അതായത്, മുതലാളിത്ത ബന്ധങ്ങളെ നിലനിര്‍ത്താനായി ""ഭാര്യമാരുടെ കൂട്ട""ത്തെ ((Wives in Common) മുതലാളിത്തം നിലനിര്‍ത്തുന്നു. (കൂട്ടായ്മ അല്ല, കാരണം അതില്‍ ഭാര്യമാര്‍ക്ക് അധികാരങ്ങളൊന്നുമില്ല. വെറും "കൂട്ട"മാണ്) ഇതിെന്‍റ ഫലമായി ഉണ്ടായിവരുന്ന സ്ത്രീ പുരുഷബന്ധങ്ങള്‍ പരസ്യമായ വ്യഭിചാരത്തില്‍നിന്ന് വ്യത്യസ്തമല്ലാത്ത "സ്വകാര്യ വ്യഭിചാര"മാണെന്നും(Prostitution - Public & Private)  മാര്‍ക്സ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ പറയുന്നു. അതായത് സ്ത്രീ പുരുഷന്മാര്‍ തമ്മിലുള്ള സ്നേഹമോ പ്രണയമോ ഇത്തരം ബന്ധങ്ങളില്‍ പ്രധാന ഘടകമല്ല എന്നര്‍ത്ഥം. ഇത്തരത്തിലുള്ള കുടുംബബന്ധങ്ങള്‍ക്കുപകരം, തൊഴിലിടങ്ങളില്‍ സ്ത്രീയും പുരുഷനും കണ്ടെത്തി, പ്രണയിച്ച് സൃഷ്ടിക്കുന്ന ബന്ധങ്ങളാണാവശ്യം എന്ന് മാര്‍ക്സ് പറയുന്നുണ്ട്.

മാര്‍ക്സിന്റെ ഈ നിരീക്ഷണങ്ങള്‍, പൂര്‍ണരൂപത്തില്‍ പില്‍ക്കാലത്ത് വിശദീകരിക്കുകയോ, വിശകലനം ചെയ്യുകയോ ചെയ്തിട്ടില്ല. സ്ത്രീ പുരുഷബന്ധങ്ങളെ "സഖ്യ"മായി (comradery) കണക്കാക്കിയ അലക്സാണ്ഡ്രാ കൊളന്തായുടെ നിരീക്ഷണങ്ങളാണ് ഇതിനു തുടര്‍ച്ചയായി പറയാവുന്നത്. സ്ത്രീപ്രശ്നം ഗൗരവത്തില്‍ ചര്‍ച്ച ചെയ്തത് പിന്നീട് രണ്ടാം ഇന്‍റര്‍നാഷണലിലെ ജര്‍മന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടിപോലുള്ള സംഘടനകളിലാണ്. ആഗസ്റ്റ് ബെബലിന്റെ സ്ത്രീകളെക്കുറിച്ചുള്ള പുസ്തകങ്ങള്‍ (Women - Past, Present & Future; Women & Communism) എംഗല്‍സിന്റെ നിരീക്ഷണങ്ങളെ പിന്‍തുടര്‍ന്ന് സ്ത്രീകളുടെ അടിമത്തം എങ്ങനെ വ്യത്യസ്ത സമൂഹങ്ങളില്‍ തുടര്‍ന്നുപോകുന്നു എന്ന് വിശദീകരിച്ചു. സ്വകാര്യസ്വത്തിന്റെയും ഭരണകൂടത്തിന്റെയും അന്ത്യം ഉണ്ടാവുന്ന കമ്യൂണിസ്റ്റ് സമൂഹത്തിലാണ് സ്ത്രീകളുടെ മോചനം പൂര്‍ണമായും സാധ്യമാവുക എന്നും ബെബല്‍ വാദിച്ചു. എന്നാല്‍, പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ വളര്‍ന്നുവന്ന "സ്വതന്ത്ര ലൈംഗികത" (Free Sex)യെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അന്നത്തെ സോഷ്യല്‍ ഡെമോക്രാറ്റുകളെ സ്വാധീനിക്കുകയും സ്ത്രീകളുടെ മോചനത്തിനുള്ള ഒരു ചവിട്ടുപടിയായി സ്വതന്ത്ര ലൈംഗികത ഗൗരവത്തിലെടുക്കണമെന്ന് ചില സോഷ്യല്‍ ഡെമോക്രാറ്റുകള്‍ നിര്‍ദേശിക്കുകയും ചെയ്തു. അതില്‍ ഫ്രാന്‍സില്‍ വിപ്ലവ പ്രവര്‍ത്തനം നടത്തിയിരുന്ന റഷ്യക്കാരിയായിരുന്നു ഇന്നെസാ ആര്‍മാദ്  അവരുടെ Free Sex-നെക്കുറിച്ചുള്ള ലഘുലേഖയോട് പ്രതികരിച്ചുകൊണ്ടാണ് ചര്‍ച്ച തുടങ്ങിയത്. തുടര്‍ന്ന് ജര്‍മന്‍ കമ്യൂണിസ്റ്റായ ക്ലാരാ സെറ്റ്കിന്‍ ലെനിനുമായി നടത്തിയ ദീര്‍ഘ സംഭാഷണത്തില്‍ സ്വതന്ത്ര ലൈംഗികത പരാമര്‍ശിക്കപ്പെടുന്നു. അതില്‍ ബൂര്‍ഷ്വാ സ്ത്രീകളുടെയും തൊഴിലാളിസ്ത്രീകളുടെയും മുന്‍ഗണനകളില്‍ വ്യത്യാസമുണ്ടാകുമെന്നാണ് ലെനിന്‍ സൂചിപ്പിക്കുന്നത്.

തൊഴിലിടങ്ങളില്‍നിന്നും അധ്വാനഭാരങ്ങളില്‍നിന്നും അകന്നു നില്‍ക്കുന്ന ബൂര്‍ഷ്വാ സ്ത്രീക്ക് സ്ത്രീ പുരുഷബന്ധങ്ങളെ വ്യക്തിപരമായും ആത്മനിഷ്ഠമായും മാത്രമേ കാണാന്‍ കഴിയൂ. അവര്‍ക്കാണ് സ്വതന്ത്ര ലൈംഗികത മോചനത്തിനുള്ള ഉപാധിയായി മാറുന്നത്. എന്നാല്‍ തൊഴിലാളികളുടെ പ്രശ്നം നിലനില്‍പാണ്. അവിടെ ഗാര്‍ഹികാധ്വാനവും, പൊതു അധ്വാനഭാരവും ഒരുമിച്ച് സ്ത്രീയുടെ ചുമലില്‍ വരുന്നു. ബൂര്‍ഷ്വാ സ്ത്രീ ഗാര്‍ഹികാധ്വാനത്തില്‍നിന്ന് രക്ഷപ്പെടുന്നത്, അത് മറ്റൊരു സ്ത്രീയുടെ തലയില്‍ കെട്ടിവെച്ചിട്ടാണ്. അതുകൊണ്ട്, സ്ത്രീയുടെ ഗാര്‍ഹികാധ്വാനമാണ് തൊഴിലാളി പ്രസ്ഥാനത്തിന്റെയുള്ളില്‍ സ്ത്രീകളുടെ പ്രത്യേക പ്രശ്നമായി കണക്കാക്കേണ്ടത് -((Household drudgery). അതേസമയം തന്നെ, ലെനിന്‍ ഇതുകൂടി കൂട്ടിച്ചേര്‍ക്കുന്നു. "ഒരു കമ്യൂണിസ്റ്റുകാരനെ മാന്തിയാല്‍, തൊലിക്കടിയില്‍ ഒരു സംസ്കാരശൂന്യനെ (Philistine) കാണാമെന്നതുപോലെ, അവന്റെ  തൊലിക്കടിയില്‍ "സ്ത്രീകളോടുള്ള മനോഭാവം മറ്റൊന്നാണ്" എന്നതും വെളിപ്പെടുന്നുണ്ട്. അല്ലെങ്കില്‍ ഗാര്‍ഹികാധ്വാനം ചെയ്തു ക്ഷീണിച്ച് പരവശയാകുന്ന സ്ത്രീയുടെനേരെ കണ്ണടയ്ക്കാന്‍ ഒരു കമ്യൂണിസ്റ്റിനു പറ്റുമോ?"" - എന്നും ലെനിന്‍ ചോദിക്കുന്നു.



ലെനിന്‍ ചര്‍ച്ച ചെയ്ത വിഷയങ്ങളില്‍, കൂലിയടിമത്തവും, ഗാര്‍ഹികാടിമത്തവും വിശദീകരിക്കുന്നു. സാങ്കേതികവിദ്യകളുടെ വളര്‍ച്ച, സ്ത്രീ സ്വാതന്ത്ര്യത്തെ സഹായിക്കുന്നുണ്ട്. അതേസമയം, ഗര്‍ഭധാരണം, ഗര്‍ഭഛിദ്രം എന്നിവയെ നിയന്ത്രിക്കുന്ന ഉപാധികള്‍ സ്ത്രീകളെ അടിമപ്പെടുത്തുന്നു. മാര്‍ക്സ് സൂചിപ്പിച്ച സ്ത്രീകള്‍ വ്യവസായ തൊഴില്‍രംഗത്തെ "റിസര്‍വ് സൈന്യ"മാകുന്നു എന്ന വാദവും ലെനിന്‍ ഉദ്ധരിക്കുന്നു. സ്ത്രീകളുടെ ഗാര്‍ഹികാധ്വാനത്തിെന്‍റ പങ്ക് പറഞ്ഞ് ബോധപൂര്‍വം റിസര്‍വ് സൈന്യമാക്കുകയാണ് മുതലാളിത്തം ചെയ്യുന്നത്. അതുപോലെത്തന്നെ, ബൂര്‍ഷ്വാ സ്ത്രീകളുടെ പ്രണയം മാര്‍ക്സ് സൂചിപ്പിച്ചപോലെ പ്രജനനത്തിനുള്ള കരാറാണെന്നും തൊഴിലാളികള്‍ക്കിടയിലുള്ള പ്രണയം നിലനില്‍പിെന്‍റ പോരാട്ടത്തിെന്‍റ ഭാഗമായി വരുന്ന "ഐക്യപ്പെട"ലാണെന്നും ലെനിന്‍ പറയുന്നു. അതിനോടൊപ്പം തന്നെ സ്ത്രീപുരുഷബന്ധങ്ങളുടെ രൂപീകരണത്തില്‍ ഫ്യൂഡല്‍ പുരുഷ മേധാവിത്വശക്തികളുടെ സ്വാധീനവും പ്രകടമാണ്. ഇവയെല്ലാം കൂടാതെ മുതലാളിത്ത പ്രത്യയശാസ്ത്രം സൃഷ്ടിക്കുന്ന മിഥ്യാബോധവും കാപട്യവും തൊഴിലാളി സ്ത്രീകളോടുള്ള പരിഗണനയെ സ്വാധീനിക്കുന്നുണ്ട്. അതായത്, ബൂര്‍ഷ്വാസി പ്രചരിപ്പിക്കുന്ന സ്ത്രീ പുരുഷ ബന്ധങ്ങളെക്കുറിച്ചുള്ള സങ്കല്‍പങ്ങള്‍ തൊഴിലാളിപ്രസ്ഥാനങ്ങളെയും സ്വാധീനിക്കുന്നു.

ലെനിന്റെ  ഈ പൊതുനിരീക്ഷണങ്ങളെ കൂടുതല്‍ വിശദമായി പരിശോധിക്കുന്നത് കൊളന്തായ് ആണ്. ഗാര്‍ഹികാധ്വാനത്തില്‍ നിന്നുള്ള മോചനം, പ്രണയം, സ്ത്രീപുരുഷ ബന്ധങ്ങളിലെ സുതാര്യത, പുതിയ കമ്യൂണിസ്റ്റ് കുടുംബബന്ധങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് സൈദ്ധാന്തികമായി ചര്‍ച്ച ചെയ്യാനും അവര്‍ തന്നെയാണ് ശ്രമിച്ചിട്ടുള്ളത്. മാര്‍ക്സിെന്‍റയും ലെനിെന്‍റയും പരാമര്‍ശങ്ങളില്‍ വളര്‍ന്നുവരുന്ന ഒരു രീതിശാസ്ത്രം (Methodology) ഉണ്ട്. അതില്‍ (1) സ്ത്രീ പുരുഷ ബന്ധങ്ങളിലെ അസമത്വവും സ്ത്രീയുടെ സാമൂഹ്യവും ലൈംഗികവുമായ അടിമത്തവും വസ്തുതയാണ്. (2) അതിനെ പരിശോധിക്കുന്ന രീതിയില്‍ ബൂര്‍ഷ്വാ സ്ത്രീവാദികളുടെ നിലപാടുകളും തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങളുടെ നിലപാടും തമ്മില്‍ പ്രകടമായ അന്തരമുണ്ട്.

ബൂര്‍ഷ്വാ സ്ത്രീകള്‍, സ്ത്രീ പുരുഷബന്ധങ്ങളിലും കുടുംബഘടനയിലും നിലനില്‍ക്കുന്ന അധ്വാനത്തിെന്‍റയും അതിജീവനത്തിന്റെയും ഘടകങ്ങളെ അവഗണിക്കുകയും, സ്ത്രീയുടെയും പുരുഷെന്‍റയും വ്യക്തിപരവും ആത്മനിഷ്ഠവുമായ ഘടകങ്ങളെ പര്‍വതീകരിക്കുകയും ചെയ്യുന്നു. ലെനിന്റെ കാലഘട്ടത്തിലെ സ്വതന്ത്ര ലൈംഗികതയും ഇന്നത്തെ ലിംഗപദവി ചര്‍ച്ചകളും ഇതിന്റെ സൂചനയാണ്. വര്‍ഗ വൈരുധ്യങ്ങള്‍ സ്ത്രീ പുരുഷബന്ധങ്ങളെയും കുടുംബത്തെയും നേരിട്ട് സ്വാധീനിക്കുന്നു എന്ന് മാര്‍ക്സും ലെനിനും സൂചിപ്പിക്കുന്നു. ഫ്യൂഡല്‍ സ്വഭാവമുള്ളതും, പലപ്പോഴും മതത്തിെന്‍റ പ്രത്യയശാസ്ത്രത്താല്‍ നിയന്ത്രിക്കപ്പെടുന്നതുമായ കുടുംബബന്ധങ്ങളില്‍ സ്ത്രീകള്‍ തളച്ചിടപ്പെടുകയും ഗാര്‍ഹികാധ്വാനവും പ്രത്യുല്‍പാദന "ബാധ്യത"യും കുടുംബഘടനയെ നിയന്ത്രിക്കുകയും ചെയ്യുമ്പോഴാണ് മുതലാളിത്ത സമൂഹത്തില്‍ സ്ത്രീയുടെ അടിമത്തം യാഥാര്‍ത്ഥ്യമാകുന്നത്. ഇതിനെ നിലനിര്‍ത്തുന്നതിനുള്ള പ്രത്യയശാസ്ത്രം മുതലാളിത്തം തന്നെ സൃഷ്ടിക്കുകയും ചെയ്യുന്നു. അത് തൊഴിലാളികളെ സ്വാധീനിക്കുന്നു എന്നതിലും സംശയമില്ല. ഈ സാഹചര്യങ്ങളില്‍ സ്ത്രീ പ്രസ്ഥാനങ്ങളുടെ ഉത്തരവാദിത്തം, തൊഴിലാളിവര്‍ഗത്തിന്റെ പോരാട്ടങ്ങളുമായി ഒന്നുചേര്‍ന്ന് പുതിയ സമൂഹത്തിനുവേണ്ടി പോരാടുകയാണെന്ന് ലെനിന്‍ പ്രകടമായി സൂചിപ്പിക്കുന്നുണ്ട്. സ്വതന്ത്ര ലൈംഗികതയെപ്പോലുള്ള ചര്‍ച്ചകള്‍ തൊഴിലാളി സ്ത്രീകളുടെ കമ്യൂണിസ്റ്റ് ഉത്തരവാദിത്തത്തില്‍നിന്നുള്ള പിന്‍വാങ്ങലായിട്ടാണ് ലെനിന്‍ കാണുന്നത്. ഈ വാദങ്ങളെ പൂര്‍ണമായി പരിശോധിക്കുന്നതിനും അവയെ സമകാലീന സാഹചര്യങ്ങള്‍ക്കനുസരിച്ച് യുക്തിസഹമായി വിപുലീകരിക്കുന്നതിനുമുള്ള ചില ശ്രമങ്ങള്‍ 70-കളിലും 80-കളിലും നടന്നിട്ടുണ്ട്. അലിസന്‍ ജാഗര്‍, ഹെയ്ലി സഫിയോട്ടി (ബ്രസീലിയന്‍ മാര്‍ക്സിസ്റ്റ്), യോഹന്നാ ബ്രണ്ണര്‍ തുടങ്ങിയവര്‍ ഉദാഹരണങ്ങളാണ്.

എന്നാല്‍, 80കളില്‍ ആരംഭിച്ച ഈ ശ്രമങ്ങള്‍ തൊണ്ണൂറുകള്‍ക്കുശേഷം വഴിമാറിപ്പോവുകയാണുണ്ടായത് - മാര്‍ക്സിസ്റ്റുകള്‍ മുന്നോട്ടുവെച്ച ഒരു പ്രധാനപ്പെട്ട നിരീക്ഷണം, സ്ത്രീകള്‍ കേവലമായ ഒരു വര്‍ഗമല്ലെന്നും നിലവിലുള്ള സാമൂഹ്യവ്യവസ്ഥയുടെ വൈരുധ്യങ്ങള്‍ അവരെയും സ്വാധീനിക്കും എന്നുള്ളതാണ്. എന്നാല്‍ 80-കളിലെ ആധുനികോത്തര (Post Modernist) ചിന്താഗതിയുടെ വളര്‍ച്ച, സാമൂഹ്യഭിന്നതകള്‍ക്ക് വര്‍ഗേതരമായ (വര്‍ഗസമീപനത്തില്‍നിന്ന് ഭിന്നമായ) മറ്റൊരു വിശദീകരണം നല്‍കി. അവര്‍ വര്‍ഗസമരത്തെയും മാര്‍ക്സിസത്തെയും നിരാകരിച്ചു. മിഷേല്‍ ഫൂക്കോവിന്റെ സ്വാധീനത്തില്‍ സമൂഹബന്ധങ്ങളെ "അധികാര"ബന്ധങ്ങളായി പുനര്‍നിര്‍വചിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ജ്ഞാനവും അധികാരവും കേന്ദ്രീകരിക്കുന്ന സംവര്‍ഗമായി (Category) പുരുഷത്വം (Mascularity) നിര്‍വചിക്കപ്പെട്ടു. സ്ത്രീ പുരുഷ ലൈംഗികത (Hetereo Sexuality) സ്ത്രീകളെ അടിമപ്പെടുത്തുന്ന ലൈംഗിക രൂപമായി വ്യാഖ്യാനിക്കപ്പെട്ടു. ഇതിെന്‍റ ഫലമായി സ്വതന്ത്ര വേഴ്ചകളെക്കുറിച്ചുള്ള ചര്‍ച്ച വീണ്ടും ഉയര്‍ന്നുവരികയും ലൈംഗികവേഴ്ചകളിലെ ബഹുത്വം - സ്വവര്‍ഗ്ഗരതി, സ്വയംഭോഗം ആദിയായ രൂപങ്ങള്‍ അടക്കം - സ്ത്രീകളുടെ മോചനത്തിനുള്ള മാര്‍ഗങ്ങളായി അവരോധിക്കപ്പെടുകയും ചെയ്തു. സ്വവര്‍ഗരതിയെ അനുവദിച്ചുകൊണ്ടുള്ള നിയമങ്ങളും മറ്റും വന്നത് ഈ പശ്ചാത്തലത്തിലാണ്. ആസ്ട്രേലിയന്‍ കമ്യൂണിസ്റ്റു പാര്‍ടി പോലുള്ള ഇടതുപക്ഷ സംഘടനകളും സ്വവര്‍ഗരതിക്കുവേണ്ടി വാദിച്ചു.

മറ്റൊന്ന്, സ്ത്രീകള്‍ തമ്മിലുള്ള ഭിന്നതയുടെ അടിത്തറ വര്‍ഗമല്ല, വംശീയ (ethnic-) ഭിന്നതകളാണെന്നുള്ള വാദമാണ്. അമേരിക്കയിലെ, ആഫ്രോ - അമേരിക്കന്‍ ഫെമിനിസ്റ്റുകളാണ് ഈ വാദം ശക്തമായി ആദ്യം ഉയര്‍ത്തിയത്. അമേരിക്കന്‍ കമ്യൂണിസ്റ്റായ ഏഞ്ചലാ ഡേവിസ്
ഇതിന്റെ തുടക്കക്കാരിയാണ്. തുടര്‍ന്ന്, ആഫ്രോ - അമേരിക്കന്‍, ആഫ്രിക്കക്കാര്‍ തുടങ്ങി ക്രമേണ, ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള മത - ജാതി വിഭാഗങ്ങള്‍ക്കുള്ള ഭിന്നതകളും ഫെമിനിസ്റ്റുകള്‍ ഇത്തരത്തില്‍ ഉയര്‍ത്താനാരംഭിച്ചു. ഇന്ത്യയില്‍ ദളിത് ഫെമിനിസം, മുസ്ലീം മതവിഭാഗത്തിലെ ഫെമിനിസം, ഗോത്ര സമൂഹ ഫെമിനിസം, ആഫ്രിക്കയിലെ ബ്ലാക്ക് ഫെമിനിസം തുടങ്ങിയവ ഇതിന്റെ ഫലമായി വളര്‍ന്നുവന്നവയാണ്. ഇവരാണ് പ്രകടമായി മാര്‍ക്സിസ്റ്റ് വര്‍ഗവീക്ഷണത്തെ ശക്തമായി നിരാകരിക്കുകയും, അതിനുപകരം ലിംഗപദവി (gender)യുടെ അടിസ്ഥാനത്തില്‍ മാത്രമാണ് സ്ത്രീകളുടെ അവസ്ഥയെക്കുറിച്ച് ചര്‍ച്ച നടത്താവുന്നത് എന്നു വാദിക്കുകയും ചെയ്തത്. നിരവധി മുന്‍ മാര്‍ക്സിസ്റ്റുകള്‍ ഇവരുടെ വാദങ്ങള്‍ ഉയര്‍ത്തുന്നതില്‍ പ്രധാനപ്പെട്ട പങ്ക് വഹിച്ചു.

ഇത് ഒരു പ്രധാനപ്പെട്ട വെല്ലുവിളിയാണ്. ഇതുവരെയുള്ള സാമൂഹ്യശാസ്ത്രത്തിെന്‍റ രീതിശാസ്ത്രത്തെ പുതിയ ഫെമിനിസ്റ്റുകള്‍ വെല്ലുവിളിക്കുന്നു. മാര്‍ക്സിസം അംഗീകരിക്കുന്ന ചരിത്രപരതയും വൈരുധ്യാത്മകതയും അവര്‍ പൂര്‍ണമായി നിരാകരിക്കുന്നു. അതിനുപകരം, വ്യക്തിപരവും സാമൂഹ്യവുമായ കര്‍ത്തൃത്വങ്ങളില്‍നിന്നാണ് എല്ലാ പഠനങ്ങളും അവര്‍ ആരംഭിക്കുന്നത്. വര്‍ത്തമാനകാലത്തിനപ്പുറമുള്ള എല്ലാ സംവര്‍ഗങ്ങളെയും അവര്‍ നിരാകരിക്കുന്നു. അതായത്, മാര്‍ക്സിസം പോലെയുള്ള രീതിശാസ്ത്രങ്ങള്‍ അംഗീകരിച്ചുപോന്ന സാമൂഹ്യവിപ്ലവത്തെക്കുറിച്ചും, അതിന് ആധാരമായ ചരിത്രപരമായ മാറ്റങ്ങളെക്കുറിച്ചുമുള്ള എല്ലാ ആശയങ്ങളെയും ഇവര്‍ പൂര്‍ണമായും നിരാകരിക്കുന്നു. പിന്നെ നിലനില്‍ക്കുന്നത്, ലിംഗപദവിയെ (gender) ആധാരമാക്കിയുള്ള അധികാരബന്ധങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ മാത്രമാണ്. അവിടെ ഇന്നത്തെ അധികാരസ്ഥാനങ്ങളില്ലാത്ത (Social exclused) സ്ത്രീകളുടെ, ദളിതരുടെ, ന്യൂനപക്ഷത്തിെന്‍റ അധികാര സ്ഥാനങ്ങളിലേക്കുള്ള വിന്യാസം മാത്രമേ പ്രസക്തമായിട്ടുള്ളൂ. ആ അധികാരം രാഷ്ട്രീയമായ മാറ്റമാകണമെന്നില്ല. അതിനുപകരം, സ്ത്രീയുടെ, ദളിതരുടെ പുറംതള്ളപ്പെട്ടവരുടെ വ്യത്യസ്തത (difference) നിലനിര്‍ത്തിക്കൊണ്ടാണ് - ആ രാഷ്ട്രീയം മാത്രമാണിവര്‍ അംഗീകരിക്കുന്നത്. ചുരുക്കത്തില്‍, ഇന്നത്തെ ഫെമിനിസം രാഷ്ട്രീയപരമായ പ്രയോഗ പദ്ധതികളെയെല്ലാം നിരാകരിക്കുകയും, പകരം ജീവിതരീതി നിര്‍മാണത്തില്‍ (Life Style Politics) അതിനാവശ്യമായ അധികാരഘടനയില്‍ വരുത്തേണ്ട മാറ്റങ്ങളില്‍ മാത്രം കേന്ദ്രീകരിക്കുകയുമാണ് ചെയ്യുന്നത്.

ഫെമിനിസ്റ്റുകള്‍ ഇന്ന് ചെയ്യുന്നത്

ലെനിന്റെ സംവാദങ്ങളില്‍, അദ്ദേഹം പ്രതികരിച്ചത്, 20-ം  നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളില്‍ നിലനിന്ന ബൂര്‍ഷ്വാ ഫെമിനിസത്തോടാണ്. 70-കളില്‍ വളര്‍ന്നുവന്ന ഫെമിനിസ്റ്റുകളില്‍ ബൂര്‍ഷ്വാ ഫെമിനിസത്തിന്റെ ശക്തമായ സ്വാധീനമുണ്ടായിരുന്നുവെങ്കിലും മാര്‍ക്സിസത്തിന്റെയും മറ്റു പുരോഗമന ചിന്താഗതികളുടെയും ആശയങ്ങള്‍ ഉള്‍ക്കൊണ്ട്, സ്ത്രീകളുടെ മോചനത്തെയും, മാനവിക മോചനവുമായിട്ടുള്ള അതിന്റെ ബന്ധത്തെയുംകുറിച്ചുള്ള സൈദ്ധാന്തികവും പ്രായോഗികവുമായ പദ്ധതികള്‍ സൃഷ്ടിക്കാന്‍ അവര്‍ ശ്രമിച്ചിരുന്നു. അതിലവര്‍ പൂര്‍ണമായും വിജയിച്ചു എന്നു പറയാന്‍ കഴിയില്ല. മാത്രമല്ല, സ്ത്രീ പുരുഷബന്ധങ്ങള്‍ എത്രമാത്രം സാമൂഹ്യപരിവര്‍ത്തനത്തിന് ആവശ്യമാണ് എന്ന ആദ്യകാല മാര്‍ക്സിസ്റ്റുകളുടെ നിരീക്ഷണങ്ങള്‍ പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ മുന്നോട്ടു കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ ദുര്‍ബലമായിരുന്നു. അതുകൊണ്ടുതന്നെ, എഴുപതുകളിലെ ഫെമിനിസം കൂടുതല്‍ കാലം നിലനിന്നില്ല. പകരം, വളര്‍ന്നുവന്നത്, പ്രകടമായി മാര്‍ക്സിസ്റ്റ് വിരുദ്ധമായ, സാമൂഹ്യ വിപ്ലവങ്ങള്‍ക്കുപകരം ഭിന്നതയുടെയും വ്യത്യസ്തതയുടെയും ബഹുത്വത്തിന്റെയും ശബ്ദങ്ങള്‍ ഉയര്‍ത്തുന്ന പുതിയ ഫെമിനിസമാണ്. ഇത്, സ്ത്രീ പ്രസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്തുന്നതിനും പുതിയ രാഷ്ട്രീയ പ്രയോഗത്തില്‍ ആവേശത്തോടെ മുന്നോട്ടുവന്ന പെണ്‍കുട്ടികളെ അരാഷ്ട്രീയവല്‍ക്കരിക്കുന്നതിനും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

ഇതിനെതിരെ എന്ത് ചെയ്യാന്‍ കഴിയും? മാര്‍ക്സിന്റെയും എംഗല്‍സിന്റെയും ലെനിന്റെയും നിരീക്ഷണങ്ങളെ കാലാനുസൃതമായി പരിശോധിച്ച് ഇന്നത്തെ സാഹചര്യങ്ങള്‍ക്കധിഷ്ഠിതമായ പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്കരിക്കുന്നതില്‍ മാര്‍ക്സിസ്റ്റ് പ്രവര്‍ത്തകര്‍ മുന്നോട്ടുവരേണ്ടതുണ്ട്. ഇതിന് രണ്ടുവശങ്ങളുണ്ട്.

1. ഏതൊരു കമ്യൂണിസ്റ്റിന്റെയും തൊലിക്കടിയില്‍ ഒരു "സംസ്കാരശൂന്യനുണ്ട്" എന്ന ലെനിന്റെ വിമര്‍ശനം ഗൗരവമായി എടുക്കുകയും, സ്വയം വിമര്‍ശനപരമായി, സ്ത്രീകളോടുള്ള നിലപാടിനെ പുനഃപരിശോധിക്കാന്‍ തയ്യാറാവുകയും വേണം.

 2. വസ്തുനിഷ്ഠമായി പുതിയ നവലിബറല്‍ സാഹചര്യങ്ങളില്‍ സ്ത്രീ പുരുഷബന്ധങ്ങള്‍, കുടുംബം തുടങ്ങിയവയില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റം അവയെ മൂലധനത്തിന്റെ പ്രത്യയശാസ്ത്രവും, ജാതി മത ശക്തികളും സ്വാധീനിക്കുന്ന വിധവും പരിശോധിക്കാന്‍ തയ്യാറാവണം.

എന്നാല്‍ മാത്രമേ സ്ത്രീകളുടെ സാമ്പത്തികവും സാമൂഹ്യവുമായ അടിമത്തവും ലൈംഗിക പീഡനവും തമ്മിലുള്ള പരസ്പരബന്ധം കൃത്യമായി വെളിപ്പെടുകയുള്ളൂ. വിശദീകരിച്ചാല്‍, ലിംഗപദവിയെക്കുറിച്ച് ഇന്ന് ഫെമിനിസ്റ്റുകളും ഭരണകൂടവും ഒന്നുചേര്‍ന്ന് വളര്‍ത്തിക്കൊണ്ടുവരുന്ന ആശയസംഹിതയെ അംഗീകരിക്കുന്ന സ്ഥിതി, മാര്‍ക്സിസ്റ്റ് പ്രവര്‍ത്തകര്‍ക്കുണ്ട്. ഒരു രീതിശാസ്ത്രമെന്ന നിലയിലും പ്രായോഗിക വിപ്ലവ പരിപാടി എന്ന നിലയിലും വര്‍ഗവൈരുധ്യങ്ങള്‍ക്കുള്ള പ്രാധാന്യത്തില്‍ ഊന്നേണ്ടതുണ്ട്. സ്ത്രീ പ്രശ്നത്തെ അതുമായി ബന്ധപ്പെടുത്തി ചര്‍ച്ച ചെയ്യാന്‍ സാധ്യമാണ് എന്നാണ് ആദ്യകാല മാര്‍ക്സിസ്റ്റ് നിരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന്, തൊഴിലെടുക്കുന്ന സ്ത്രീയുടെ "ഇരട്ട അധ്വാന"ത്തെക്കുറിച്ചുള്ള ലെനിന്റെ സൂചനയും മുതലാളിത്ത ലോകത്തില്‍ പ്രാങ്ങ് - മുതലാളിത്ത കുടുംബബന്ധങ്ങളെക്കുറിച്ചുള്ള മാര്‍ക്സിന്റെ സൂചനയും ഇന്നത്തെ സാഹചര്യങ്ങളില്‍ ഏറെ പ്രസക്തമാണ്. അതിനെക്കുറിച്ചുള്ള പഠനങ്ങളും പ്രായോഗിക പദ്ധതികളും മാര്‍ക്സിസ്റ്റ് പ്രവര്‍ത്തകരില്‍നിന്ന് ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു.

ആവിഷ്കാരം :BIJOY FRANCO

2013, മേയ് 25, ശനിയാഴ്‌ച

പ്രണയം സാധ്യമാണ് അതൊരു സാധ്യതയാണ്

ഇരകളുടെ മാനിഫെസ്റ്റോ 
കെ ഇ എൻ.

ജനാലയിലൂടെ, മദ്യത്തിന്റെ സ്ഫടികത്തിലൂടെ തെളിമയേറിയ ആകാശം. വെള്ളിമേഘങ്ങൾ. തടാകത്തിനപ്പുറത്തേ മലമുടിയിലേക്ക് കൽപകവ്യക്ഷത്തിന്റെ കരിക്കിൻതൊണ്ടുകൾ ഉതിർന്നുവീണു.
"പത്മേ!-"
"രവീ!"
"നീ നീന്താൻ പോയി, ഇല്ലേ?"
"പോയീ."

രവി പത്മയുടെ കവിളിലും ചുണ്ടിലും തൊട്ടു. പട്ടുകുപ്പായത്തിനകത്ത് തൊട്ടുനോക്കി. കൈതണ്ടകളും അടിവയറും തുടകളുമുഴിഞ്ഞു.
"എന്നീട്ട്-ചിറ്റമ്മ നിന്നെ തൊട്ടുനോക്കിയോ?"
"കഷ്ടം!"
"പറയൂ"
"ഇല്ല."
"പ്രിൻസ്റ്റണിൽ വച്ച് സായിപ്പൻമാർ നിന്നെ തൊട്ടുനോക്കിയോ?"
"ഇല്ല."
"നീ ആരുടെയും കൂടെ കിടന്നില്ലേ?"
"ഇല്ല"
"എന്തേ കിടക്കാഞ്ഞാത്?"
"ഞാൻ തിരിച്ചുവന്നു"
"എന്നേ തിരക്കി ഇവിടെ വന്നു?"
"രവീ!"
"എന്റെ ഗ്ലാസ് കഴിഞ്ഞൂ."
മദ്യം പൊട്ടിചിതറി ഗ്ലാസ്സിലേക്ക് വീണു.
ഉച്ചതിരിഞ്ഞിരുന്നു. കാറ്റ് വീശി. കിഴക്കൻകാറ്റല്ല. തടാകത്തിന്റെ മാത്രം കാറ്റ്.
കുന്നുകൾക്കിടയിൽ, കരിമ്പനകൾകിടയിൽ, അസ്തമയം.
കാറ്റുകൾ തണുത്തു. തടാകം തണുത്തു. ജനാലയിൽ നക്ഷത്രങ്ങൾ ഉദിച്ചു.
"രവീ!"
"പത്മേ!"
"എന്റെ കുടെ വരൂ"
ശരീരങ്ങളിൽ തണുത്ത കാറ്റുതട്ടി. വിയർപ്പിൽ കാറ്റുതട്ടി തണുത്തു.
"രവീ!"
"പത്മേ!"
"രവിയുടെ അഛ്ചൻ ഇനി എത്രകാലം ജീവിക്കും? രവി അവരുടെ കുടെ ചെന്നുതാമസിക്കൂ. അവസാനത്തെ ദിവസങ്ങളിൽ ശാന്തി കൈവരട്ടെ."
"പറഞ്ഞുതീർന്നോ?"
"ഇല്ല. എന്നീട്ടെന്റെ കുടെവരൂ, എനിക്കു പ്രിൻസ്റ്റണിൽ ജോലിയുണ്ട്. രവിക്കു പഠിപ്പു തുടരാം ഗവേഷണം തുടരാം."
"എന്ത് ഗവേഷണം?"
"എന്നെ കളിയാക്കുകയാണോ, രവീ?"
ഒരുപാടുനേരം രണ്ടുപേരും ഒന്നും പറഞ്ഞില്ല.
"രവീ!"
"എന്താ?"
"എന്നെ വേണ്ടേ?"
രവി അവളെ പൊക്കിയെടുത്തൂ. മലർന്നുകിടന്ന്, ഉറച്ച കൈകളിൽ അവളെ ഉയർത്തി. ചുവപ്പ് പ്രസരിച്ച ശരീരം. മാറിടവും അരക്കെട്ടും മാത്രം തളിരുപോലെ വിളറിയിരുന്നു.
"രവീ!"
"ഓ-"
"രവീ, ഖസാക്ക് വിടാമെന്ന് എന്നോട് പറയൂ"
പൊടുന്നനെ, ലാഘവത്തോടെ, രവി പറഞ്ഞു, "വിടാം"
"സത്യം?"
"സത്യം"
"എന്നീട്ട്, എന്റെ കൂടെ വരും. വരില്ലേ?"
"അറിഞ്ഞുകൂടാ"
                                              

                                         
അവൾ കരയാൻ തുടങ്ങി. ധാര മുറിയാതെ കണ്ണുനീരൊഴുകി. ഒരു മരുഭൂമിയെപോലെ രവി അതേറ്റുവാങ്ങി.
"രവീ," അവൾ ചോദിച്ചു. "രവി ആരിൽ നിന്നാണ് ഒളിഞ്ഞോടാൻ ശ്രമിക്കുന്നത്?"
ആ പൊരുളിലേക്ക് നോക്കികൊണ്ട് രവി നിന്നു. നോക്കി നോക്കി കണ്ണുകടഞ്ഞു. കൺതടം ചുവന്നു. മുഖം അഴിഞ്ഞ് ലയനം പ്രാപിച്ചു. (ഖസാക്കിന്റെ ഇതിഹാസം).

ആസന്നഭാവിയിൽ ലോകമാകെ ശക്തമായ തെറുത്തുനിൽപ്പുകൾ ഉണ്ടാവുന്നില്ലെങ്കിൽ ആവിർഭവിക്കാനിടയുള്ള ലൈംഗികവ്യവസായത്തിന്റെ ഒരാദ്യമലയാള മാനിഫെസ്റ്റോയാണ് മുകളിൽ ഉദ്ധരിച്ചത്. ഇന്ന് സജീവമാകുന്ന 'ലൈംഗിക കർത്ത്യത്വ' കേന്ദ്രത്തിൽ ഒരമ്മ പെറ്റ മക്കളെ പോലെ ഒരുമിച്ച് നിൽക്കുന്ന 'വിമതലൈംഗികത'കളൊക്കെയും വളരെമുമ്പെത്തന്നെ ഇവിടെ ഒന്നിച്ചിരിക്കുന്നു. ലെസ്ബിയൻ ബന്ധം മുതൽ ഫ്രീ-സെക്സ് വരെയും കാൽപനിക പ്രണയത്തിന്റെ കള്ളകരച്ചിൽ മുതൽ മനുഷ്യബന്ധങ്ങളുടെ വരൾച്ചവരെയും ഒ വി വിജയന്റെ ഖസാക്കിൽ ഒത്തുചേർന്നിരിക്കുന്നു. പ്രണയം സാധ്യമല്ലെന്നുതന്നെയാണ് കൊളോണിയൽ ആധുനികതയിൽ നിന്നും ആവേശം കൊണ്ട ഖസാക്കിന്റെ ഇതിഹാസം പതീറ്റാണ്ടുകൾക്കു മുമ്പ് അസന്ദിഗ്ധമായി പ്രഖ്യാപിച്ചത്. അന്നത് പ്രധാനമായും 'മാംസവിൽപ്പനയുടെ' മുദ്രാവാക്ക്യമായിരുന്നു. എന്നാൽ ഇന്നത് ലൈംഗികവ്യവസായത്തിന്റെ മജ്ജയും മാംസവുമായി മാറികഴിഞ്ഞിരിക്കുന്നു.

ആത്മരതി, സ്വവർഗരതി, സ്വതന്ത്രരതി തുടങ്ങിയ ആശയങ്ങളുടെ ആദർശവൽക്കരണം പ്രണയതിരസ്കാരത്തിന്റെ പ്രത്യയശാസ്ത്രവും സ്വകാര്യവൽക്കരണത്തിന്റെ ആയുധമേന്തിയ ആവിഷ്കാരവുമാണ്. പൊതുമണ്ഡലത്തിന്റെ പ്രകാശവേദികളിലാണ് പ്രണയം പ്രത്യക്ഷപെട്ടതെങ്കിൽ സ്വകാര്യവൽക്കരണത്തിന്റെ ഇരുട്ടിൽവെച്ചാണ് പ്രണയം അപ്രത്യക്ഷമാകുന്നത്.

ഖസാക്കിന്റെ ഇതിഹാസം മാംസവിൽപനയുടെ ആശയകമ്പോളമായിരുന്നുവെന്ന തിരിച്ചറിവിന്റെ ഒരായിരം സൂര്യൻമാർ ജീവിതത്തിന്റെ ആകാശത്തിൽ ഉദിച്ചീട്ടും അത് തിരിച്ചറിയാത്തവരാണ് 'പ്രണയം സാധ്യമല്ല' എന്ന ലൈംഗിക വ്യവസായത്തിന്റെ പരസ്യത്തിൽ പുളകം കൊളളുന്നത്. മനുഷ്യർ സ്വതന്ത്ര്രാവുന്നത് വിവേചനരഹിതമായി സമസ്ത ആഗ്രഹങ്ങൾക്കും സാക്ഷാത്കാരം നൽകുമ്പോഴല്ല, മറിച്ച് ജനാധിപത്യപരമായ ആഗ്രഹങ്ങളെ സ്വന്തം ജീവിതസംസ്കാരത്തിൽ അലിയിച്ച് ചേർക്കുമ്പോഴാണ്. ചരിത്രപരമായ വളർച്ചയ്കിടയിൽ മനുഷ്യരാർജിച്ച വൈവിധ്യപൂർണമായ ബന്ധങ്ങളുടെ അതിവിപുലമായ ലോകങ്ങൾ തിരസ്കരിക്കപ്പെടുമ്പോൾ 'രതി' സ്വതന്ത്രമാവുകയല്ല, മറിച്ച്, 'ജന്തുത'യില്ലേക്ക് തിരിച്ച് പോവുകയാണ് ചെയുന്നത്. പിതാവ്, മാതാവ്,മക്കൾ, സഹോദരങ്ങൾ തുടങ്ങി ചരിത്രവികാസം സാധ്യമാക്കിയ ബന്ധമാത്യകകളും, സ്നേഹം, വാത്സല്യം, അനുരാഗം, സൗഹ്യദം തുടങ്ങിയ മാനുഷികഭാവങ്ങളും 'രതി'യിലേക്ക് മാത്രമായി സങ്കോചിപ്പിക്കാനുള്ള ശ്രമം ശക്തിയാർജിക്കുന്നത് സാമ്പത്തികരംഗത്ത് ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞ 'ഉദാരവൽക്കരണ' - ഉദ്യമങ്ങൾ മനുഷ്യവംശത്തിന്റെ ഉള്ളിലും നുഴഞ്ഞ് കയറുമ്പോഴാണ്.

'ലൈംഗികഉദാരവൽകരണം' ലൈംഗിക അരാജകത്വ നിരാസത്തിന് 'മാന്യത' നൽകാനുള്ള കമ്പോളവേട്ടയുടെ വിജയാഘോഷമാണ്. റാഡിക്കൽ ഫെമിനിസ്റ്റുകളിൽ ചിലർ ആവേശം കൊള്ളുന്ന സ്വവർഗ്ഗരതിയും, സ്വതന്ത്രരതിയും, നഗ്നമായ ബാലപീഢനവും, സ്ത്രീപീഡനവുമായി മാറാനുള്ള സാധ്യതയാണ് ഇന്നുള്ളത്. നാളെയത് മനുഷ്യസംസ്കാരത്തിന് തന്നെ ഒരു ബാധ്യതയായിതീരുകയും ചെയും. ലൈംഗികതയെ മാത്രം കേന്ദ്രമാക്കി കേരളത്തിലിപ്പോൾ കൊഴുക്കുന്ന ആഢംബര അന്വേഷണങ്ങൾക്ക് പിറകിലുള്ളത് നവസാമ്രാജ്യത്വത്തിന്റെ സാംസ്കാരിക കാര്യപരിപാടിയാണ്. ജന്മവാസനകളുടെ ഇരുണ്ട ലോകങ്ങളിലേക്ക് മനുഷ്യരായ മനുഷ്യരെ മുഴുവൻ വീഴ്താൻ കഴിഞ്ഞാൽ പ്രതിരോധവും പ്രക്ഷോഭവും അതോടെ അവസാനിക്കും. 'പ്രണയം സാധ്യമല്ല' എന്ന ലൈംഗികവ്യവസായത്തിന്റെ പ്രച്ഛനപരസ്യം സാമ്രാജ്യത്തിന്റെ മൂല്യമ്പോധത്തിനു മുമ്പിൽ ചരിത്രം മുട്ടുകുത്തും എന്ന മോഹചിന്തയുടെ ഭാഗമാണ്. നിലവിലുള്ള ബന്ധമാത്യകകളുടെ പരിമിതികൾ ചൂണ്ടികാട്ടിയാണ് സമസ്ത ബന്ധങ്ങളെയും വെല്ലുവിളിക്കുന്ന വാണിജ്യമാത്യകകൾക്ക് 'ലൈംഗികഉദാരവാദികൾ' ജീവിതത്തെ ഒറ്റികൊടുക്കുന്നത്. നിലവിലുള്ള വിവാഹസമ്പ്രദായങ്ങൾക്കെതിരെ ഇന്ന് സ്വവർഗ്ഗരതിയെ ഒരു പ്രക്ഷോഭമാത്യകയായി കൊണ്ടാടുന്നവർ, നാളെ മനുഷ്യ-മനുഷ്യ ബന്ധങ്ങൾ പ്രശ്നസങ്കീർണമായതുകൊണ്ട് 'ജന്തു-മനുഷ്യകൂട്ടായ്മ'യുടെ അനിവാര്യതയെകുറിച്ചും തീസ്സിസ്സുകൾ അവതരിപ്പിച്ചേക്കും!. ജീവിതത്തിന്റെ സമസ്തമണ്ഢലങ്ങളില്ലും ആധിപത്യം സ്ഥാപിച്ചിരിക്കുന്ന 'അവികിതാവസ്ഥകളോട്' ഏറ്റുമുട്ടുനതില്ലല്ല, അതിൽ നിന്നും സമർത്ഥമായി ഒഴിഞ്ഞുമാറാനുള്ള തന്ത്രങ്ങളില്ലാണിവർ സ്വതന്ത്ര്യം അനുഭവിക്കുന്നത്. പ്രണയത്തിനുമുകളിൽ മുതലാളിത്ത കമ്പോളം ഇറക്കിവച്ച പഴയ കാൽപനികതയെ പുതിയ കമ്പോളകാൽപനികതകൊണ്ട് പകരം വെക്കുന്നതിലാണ് 'പുത്തൻ ലൈംഗികധ്യാനികൾ' ഉത്സാഹം ക്കൊള്ളുന്നത്. ഇടതുപക്ഷമുഖംമൂടി ധരിച്ച് ലൈംഗിക ജീർണതയിലും മയക്കുമരുന്നുകളിലും ഇളകിമറിയുന്നവരെ മനസ്സിൽ കണ്ട് മുമ്പ് ലെനിൻ എഴുതിയത് ഇന്ന് ഒരുപാട് തവണ ആവർത്തിച്ചെഴുത്തേണ്ടിയിരിക്കു
ന്നു.


"ഒരിന്ത്യൻ ഫക്കീർ തന്റെ നാഭിയെ ധ്യാനിക്കുന്നതുപോലെ ലൈംഗികപ്രശ്നങ്ങളിൽ വ്യഗ്രതയോടെ സദാസമയം മുഴുകിയിരിക്കുന്ന ആളുകളെ എനിക്കു വിശ്വാസമില്ല. ഒട്ടുമുക്കാലും കേവലം പരികൽപനകൾ മാത്രമായ, പലപ്പോഴും ബോധിച്ചതുപോലെ ഉന്നയിക്കുന്ന ഈ ലൈംഗികസിദ്ധാന്തങ്ങളുടെ അതിബാഹുല്യം വ്യക്തിപരമായ ആവശ്യങ്ങളിൽ നിന്നാണ് ഉളവാകുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. അസ്വാഭാവികമോ അതിരുകടനതോ ആയ തന്റെ ലൈംഗികജീവിതത്തേ ബൂർഷ്വസന്മാർഗബോധത്തിന്റെ മുമ്പിൽ ന്യായീകരിക്കാനും തന്നോട് സഹിഷ്ണുത കാട്ടണമെന്ന് അപേഷിക്കാനുള്ള ഒരു വ്യഗ്രതയിൽ നിന്നാണ് അത് ഉടലെടുക്കുന്നത്."

മനുഷ്യർ ജീവിക്കുനത് ഒരേ സമയം യാഥാർത്ഥ്യത്തിന്റെ ലോകത്തിലും അതേ സമയം ഭാവനയുടെ ലോകത്തിലും ആണ്. യാഥാർത്ഥ്യബോധമുളളവർ ഭാവനദരിദ്രരും ഭാവനസമ്പന്നർ സ്വപ്നജീവികളും ആണെന്ന സാമന്യബോധസമീപനം ഭാവനയ്ക് മനുഷ്യജീവിതത്തിലുളള കേന്ദ്രപങ്കിനെ കുറിച്ചുള്ള അജ്ഞതയുടെ പ്രകാശനമാണ്. ഇന്നൊരു മൂഢുമില്ല എന്ന പ്രസ്താവനയ്ക്ക് പിറകിലുള്ളത് വിവരണവിധേയമല്ലാത്ത ഏതോ ഒരു ഭാവനനഷ്ടത്തിന്റെ അസ്വാസ്ഥ്യം ആണ്. മനുഷ്യനുണരുകയും തിളങ്ങുകയും ചെയുന്ന നേരങ്ങളിലൊക്കെയും ഭാവന ജീവിതത്തേ സ്പർശിച്ചുനിൽക്കുന്നുണ്ടാകും. ഭാവനനഷ്ടത്തേ പോലെ തന്നെ ഭാവനദൂർത്തും മനുഷ്യാസ്ഥിത്വത്തിന്റെ സാധ്യതകളെ സൂക്ഷമാർത്ഥത്തിൽ സങ്കോചിപ്പിക്കുന്നു. ആദ്യത്തേത് നമ്മേ താൽക്കാലികമായി ജന്തുപ്രക്യതിയിലേക്ക് തള്ളി മാറ്റുമ്പോൾ രണ്ടാമത്തേത് നമ്മേ ചരിത്രത്തിൽ നിന്നു എന്നന്നേക്കുമായി പുറന്തള്ളുന്നു. ആദ്യത്തേത് വെറുതെ ഒന്നു മോഹിക്കാൻ പോലും നമ്മെ വളർത്താതിരിക്കുമ്പോൾ, രണ്ടാമത്തേത് വ്യാമോഹങ്ങളുടെ ലോകത്തേക്ക് നമ്മെ വലിച്ചെറിയുന്നു.

യാഥാർത്ഥ്യവും ഭാവനയും സന്ധിക്കുമ്പോഴാണ് പ്രണയം സംഭവിക്കുന്നത്. ശരീരസാധ്യതകൾ സംസ്കാരവും, സംസ്കാരസാധ്യതകൾ ശരീരവും സ്വീകരിക്കുമ്പോഴാണ് പ്രണയം പൂക്കുന്നത്. 'ആശതൻ തേൻ' മാത്രമല്ല, 'നിരാശതൻ കണ്ണീരും ആത്മദാഹങ്ങളും' അവിടെവച്ച് പങ്കുവക്കപെടുന്നു. മടിച്ചുകൊണ്ടാണെങ്കിലും 'സംസ്കാരത്തിന്റെ കോളത്തിൽ' മനുഷ്യശരീരം എഴുതിചേർത്ത ജീവിതകാമനയുടെ ഗംഭീരമായ ആമുഖമാണത്. 'കാമം' കുപ്പായമിട്ടപ്പോഴോ, സാരി ധരിച്ചപോഴോ അല്ല മറിച്ച് സാംസ്കാരികപരിവർത്തനത്തിനു വിധേയമായപ്പോഴാണ് 'ചരിത്രവികാസപ്രക്രിയ'ക്കിടയിൽ പ്രണയം സാധ്യമായത്. ലൈംഗികവ്യവസായം സംസ്കാരത്തിന്റെ നിയന്ത്രണത്തിൽ നിന്നും 'കാമത്തേ' മോചിപ്പിക്കാനുള്ള യുദ്ധമാണ് ലോകവ്യാപകമായി നടത്തികൊണ്ടിരിക്കുന്നത്. ആഗോളമൂലധനം ഒരു തായ്ലാന്റ് കൊണ്ടുംമറ്റൊരു സിംഗപൂർ കൊണ്ടും ത്രപ്തിപെടുമെന്ന് കരുതുന്നത് മൗഢ്യമാണ്. പരസ്യകാഴ്ചകളുടെ കുത്തൊഴുക്കിൽ ഒലിച്ചുപോകുന്നത് സഹസ്രാബ്ദങ്ങളിലൂടെ മനുഷ്യസമൂഹം സ്വാംശീകരിച്ച ജനാധിപത്യകാഴ്ചപാടുകളുടെ ഒരിക്കൽ ചൈതന്യഭരിതമായിരുന്ന ജീവിതം മുഴുവനുമാണ്. ദ്യശ്യതയുടെ അതിപ്രസരം വഴി അരാഷ്ട്രീയവൽകരണത്തിന്റെ അദ്യശ്യ 'വൈറസുകളാണ്' ജനകീയപ്രതിരോധങ്ങളെ വെലുവിളിച്ചുകൊണ്ട് സർവത്ര വ്യാപിച്ചുകൊണ്ടിരിക്കുന്നത്. ജന്മവാസനകളുടെ 'തമോഗർത്തങ്ങളിൽ വച്ച്' ജീവിതം സ്വാംശീകരിച്ച സാംസ്കാരികവെളിച്ചങ്ങൾ മുഴുവൻ തകർക്കപെടുമോ എന്ന ചോദ്യം 'ചരിത്രത്തിൽ' ഉയർന്നുകഴിഞ്ഞിരിക്കുന്നു. അപമാനവീകരിക്കപെട്ട അക്രമവും രതിയും പരസ്പരം ഇണപിരിയാത്ത ഇരട്ടകളെ പോലെ വെളിച്ചങ്ങളെ മുഴുവൻ ഇരുട്ടാക്കുന്ന വിധ്വംസകപ്രവർത്തനം ശക്താംവിധം ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു. സൗന്ദര്യവൽകരണത്തിന്റെ ചിലവിലാണ് ഇന്നും ചരിത്രനിഷേധം കൊഴുക്കുന്നത്. അതിന്നൊപ്പം പൊറുക്കുകയല്ല, മറിച്ച് അതിനെ ചെറുക്കുകയാണ് ജനാധിപത്യഭാവനയുടെ ദൗത്യം.

പ്രണയം സമം കാൽപനികത എന്ന സമീപനം പ്രണയത്തെ കുറിച്ചും കാൽപനികതയേകുറിച്ചുമുള്ള അവികസിതകാഴ്ച്ചപാടിന്റെ സന്തതിയാണ്. വാൻഗോഗ് ഒർമ്മപെടുത്തിയതുപോലെ പ്രണയത്തിനു മുൻപും പിൻപും ഉള്ള മനുഷ്യന്റെ അവസ്ഥ യഥാക്രമം കത്താതിരിക്കുമ്പോഴും കത്തുമ്പോഴും ഉള്ള വിളക്കിന്റേതിനു തുല്യമാണ്. വിളക്ക് അവിടെ ഉണ്ടായിരുന്നു. ഇപ്പോൾ അത് പ്രകാശം ചൊരിയുന്നു. വിളക്കിന്റെ യഥാർത്ഥധർമ്മമാണത്. വി ആർ സുധീഷിന്റെ 'ചന്തുമാമനും പക്ഷികളും' എന്ന കഥ പ്രണയത്തിന്റെ മധുരം കൊണ്ടാണ് നാടകീയമാവുന്നത്. 'ചന്തുമാമന്റെ ഒർമകൾ കൊണ്ടുപോയ നാലുപക്ഷികളും ഒരോരോ കയ്പ് നിമിത്തം ഒർമയുടെ ഭാണ്ഢം രാമേശ്വരം കടലിലും ഗംഗയിലും മാറാടും തിരുനെല്ലിയിലും ഉപേക്ഷിച്ചു. എന്നാൽ അഞ്ചാമത്തെ പക്ഷിയുടെ ഒർമക്കെട്ടിനു നല്ല ചുവപ്പുനിറമായിരുന്നു. കൂറ്റൻ അരയാലിന്റെ കൊമ്പത്ത് വച്ച് പക്ഷി എത് കൊത്തിനോക്കി. നന്നായി മധുരിക്കുന്നു. കയ്തോലകാടുകൊണ്ട് അതിരിട്ട നാട്ടിൻപുറത്തേ ഒരു കൊച്ചുവീട്ടിൽ ചന്തുമാമന്റെ പ്രണയത്തിന് ഇലയും പൂവും വിരിഞ്ഞത് പക്ഷി കണ്ടു. പ്കഷിയുടെ ഉള്ളിൽ ഒരു വെളിച്ചത്തിന്റെ പ്രളയമുണ്ടായി....ആ ഓർമതുണ്ട് ചന്തുമാമന് തിരിച്ചുകൊടുത്തു. ചിരിച്ചുകൊണ്ടാണ് ചന്തുമാമൻ മരിച്ചത്....'. എന്നാലിപ്പോൾ വാൻഗോഗ് വാഴ്ത്തിയ ജീവിതവിളക്കിൽ ഇരുട്ടാണ് തെളിയുന്നത്. വെളിച്ചങ്ങളെല്ലാം ഇരുട്ടിലേക്ക് തിരിച്ചു നടക്കുന്നു. സമ്മാനങ്ങൾ മാത്രം സ്വപ്നം കണ്ടുണരുന്ന ഒരു കാലത്ത് പ്രണയത്തിന്റെ അസ്ഥികൂടുകൾപോലും കണ്ടെത്തുക പ്രയാസമാണ്. 'ഇല്ലാ ഞാനെന്നെ നശിപ്പിക്കയില്ലൊരു/ പുല്ലാങ്കുഴലിനു വേണ്ടിയൊരിക്കലും' എന്ന് 'ചന്ദ്രിക' സന്തോഷം കൊള്ളും. 'അവനിയിൽ മമപ്രണയനാടകമവസാനിക്കുവാൻ സമയമായ്' എന്ന് രമണനോ സങ്കടപെടുകയുമില്ല!

'സ്ത്രീപുരുഷബന്ധമെന്നത് സമുദായത്തിന്റെ ധനശ്സ്ത്രവും കായികാവശ്യവും തമിലുള്ള ഒരു പകിടകളി മാത്രമല്ല....'(ലെനിൻ). പ്രണയം ഒരു മാർക്സിസ്റ്റിനെ സംബന്ധിച്ചിടത്തോളും പ്രക്യതിസാധ്യതകളും സാംസ്കാരികസാധ്യതകളും തമ്മിലുള്ള വൈരുദ്ധ്യാത്മകസമന്വയമാണ്. 'സാംസ്കാരികാവസ്ഥ' എത്രതന്നെ അവികസിതമായാലും 'മനുഷ്യബന്ധങ്ങളുടെ ലോകത്ത് നിന്ന്' അതിനെ കേവലമായി തള്ളികളയുന്നത് ഇന്നത്തെ അവസ്ഥയിൽ ബൂർഷ്വാ അരാജകവാദത്തെ പിന്തുണക്കലായിരിക്കും. സങ്കീർണമായ പ്രത്യയശാസ്ത്രങ്ങളാലും ഭാവസാന്ദ്രമായ സ്വപ്നങ്ങളാലും 'അതിനിർണ്ണയിക്കപെടുന്ന' മനുഷ്യബന്ധങ്ങളുടെ ജ്വലിക്കുന്ന ആദർശമാത്യകകളെ 'മ്യൂസിയങ്ങളിലേക്ക്' മാറ്റി സ്ഥാപിക്കാനുള്ള ശ്രമങ്ങൾക്കെതിരെ നിതാന്തജാഗ്രത അനിവാര്യമാണ്. യുവജനപ്രസ്ഥാനത്തിന്റെ അകത്തളങ്ങളിലേക്ക് മൂലധനമൂല്യബോധത്തിന്റെ വൈറസുകൾ കടന്നുവരാനിടയുള്ള സമസ്തവഴികളിലും പ്രതിരോധത്തിന്റെ തീപന്തങ്ങൾ ഉയർന്നുവരണം. ജന്മവാസനകളെ 'അതിന്റെ പാട്ടിനു' തുറന്നുവിടാന്നുള്ള ആഹ്വാനം മനുഷ്യബന്ധങ്ങളുടെ മണ്ഡലത്തിൽകൂടി 'ആഗോളവൽക്കരണം' അടിച്ചേൽപ്പിക്കലാണ്. 'ലൈംഗിക ഉദാരവൽകരണ'വും, ലൈംഗികസ്വാതന്ത്ര്യവും വ്യത്യസ്ഥസംവർഗങ്ങളാണെന്നിരിക്കെ അവയുടെ അതിർത്തികൾ അവ്യക്തമാക്കാനുള്ള സൈദ്ധാന്തികശ്രമങ്ങൾക്കെതിരെ നിതാന്തജാഗ്രത അനിവാര്യമാണ്. രതിമാത്രജന്യ സിനിമകൾക്കും അശ്ലീലസാഹിത്യങ്ങൾക്കും ബ്യൂട്ടിപാർലറുകൾക്കും വാജീകരണപരസ്യങ്ങൾക്കും മയക്കുമരുന്നു മാഫിയകൾക്കുമൊപ്പം പ്രണയതിരസ്കാരത്തിന്റെ തത്ത്വശാസ്ത്രങ്ങളും നിർദ്ദയമായ വിചാരണകൾക്ക് വിധേയമാക്കേണ്ടിയിരിക്കുന്നു.
ആവിഷ്കാരം Bijoy Franco

2013, മേയ് 24, വെള്ളിയാഴ്‌ച

വധശിക്ഷയും പരിഷ്കൃതസമൂഹവും


പ്രകാശ് കാരാട്ട്
ഇന്ത്യന്‍ നിയമവ്യവസ്ഥയിലുള്ള വധശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെടാന്‍ സിപിഐ എമ്മിന്റെ കേന്ദ്രകമ്മിറ്റി യോഗം തീരുമാനിച്ചു. ഈ നിലപാട് എടുക്കുന്ന ആദ്യ ദേശീയകക്ഷിയാണ് സിപിഐ എം. എന്തുകൊണ്ടാണ് വധശിക്ഷ ഒഴിവാക്കേണ്ടത്? ഏകപക്ഷീയമായാണ് വധശിക്ഷ നടപ്പാക്കിവരുന്നത്. പലപ്പോഴും രാഷ്ട്രീയമായാണ് ഈ തീരുമാനം കൈക്കൊള്ളുന്നത്. ഒരാളുടെ ജീവനാണ് അറുതിവരുത്തപ്പെടുന്നത്. നീതിപൂര്‍വകമല്ല വധശിക്ഷ നടപ്പാക്കിയതെങ്കില്‍ അത് തിരിച്ചെടുക്കാന്‍ കഴിയുകയുമില്ല. വര്‍ഗവിഭജിത സമൂഹത്തില്‍ ദരിദ്രരും വേണ്ടത്ര വിഭവങ്ങളില്ലാത്തവരുമാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നത്. സ്വയം പ്രതിരോധിക്കാനാവശ്യമായ നിയമപരമായ പിന്‍ബലം ഇല്ലാത്തതിനാലാണിത്.

ബ്രിട്ടീഷ് കൊളോണിയല്‍കാലം മുതല്‍തന്നെ ഇന്ത്യന്‍ ജുഡീഷ്യല്‍ സംവിധാനത്തില്‍ വധശിക്ഷ നിലവിലുണ്ട്. സ്വതന്ത്ര ഇന്ത്യയിലെ നിയമവ്യവസ്ഥയിലും ഇത് മാറ്റമില്ലാതെ നിലനിര്‍ത്തി. എന്നിരുന്നാലും 1980ല്‍ സുപ്രീംകോടതി "അപൂര്‍വങ്ങളില്‍ അപൂര്‍വമായ" കേസുകളില്‍ മാത്രമേ വധശിക്ഷ നല്‍കാവൂ എന്ന് വിധിച്ചു. അതിനുശേഷം വധശിക്ഷ അപൂര്‍വമായി മാത്രമേ നല്‍കാറുള്ളൂ. കൊലപാതകത്തിനും സമാനമായ കുറ്റകൃത്യങ്ങള്‍ക്കും ജീവപര്യന്തം തടവായി ശിക്ഷ.
 
കഴിഞ്ഞ വര്‍ഷം മൂന്നു കേസുകളില്‍ തീരുമാനമെടുക്കുന്ന വേളയില്‍, നേരത്തെയുള്ള ഏഴു കേസുകളില്‍ വധശിക്ഷ വിധിച്ചത് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന മുന്‍വിധിക്ക് വിപരീതമായാണെന്ന് പരമോന്നത കോടതിതന്നെ അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷംമാത്രം 14 റിട്ടയേഡ് ജഡ്ജിമാര്‍ രാജ്യത്തെ വിവിധ ജയിലുകളില്‍ വധശിക്ഷ കാത്തുകഴിയുന്ന 13 കുറ്റവാളികളുടെ ശിക്ഷ ഭരണഘടനയിലെ 72-ാം ഖണ്ഡിക നല്‍കുന്ന അധികാരം ഉപയോഗിച്ച് ജീവപര്യന്തമാക്കി മാറ്റണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പ്രത്യേകമായി കത്തെഴുതുകയുണ്ടായി. തെറ്റായ രീതിയിലാണ് 13 പേര്‍ക്കും വധശിക്ഷ വിധിച്ചതെന്ന് സുപ്രീംകോടതിയെത്തന്നെ ഉദ്ധരിച്ച് അവര്‍ പറഞ്ഞു. ഇതില്‍ കുറ്റം ചുമത്തപ്പെട്ട രണ്ടു പേരെ രാജസ്ഥാനില്‍ തെറ്റായ രീതിയില്‍ വധശിക്ഷയ്ക്ക് വിധിക്കുകയും 1996ലും 1998ലുമായി തൂക്കിക്കൊല്ലുകയും ചെയ്തതായി ഇവര്‍ രാഷ്ട്രപതിയെ അറിയിച്ചു. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ നീതിഭംഗമാണ് ഇതെന്നാണ് ജഡ്ജിമാരുടെ അഭിപ്രായം. ഈ അഭിപ്രായം പറഞ്ഞതില്‍ സുപ്രീംകോടതിയിലെ മുന്‍ ജഡ്ജിമാരും വിവിധ ഹൈക്കോടതികളുടെ മുന്‍ ചീഫ് ജസ്റ്റിസുമാരും റിട്ടയേഡ് ജഡ്ജിമാരുമുണ്ട്.

രാഷ്ട്രീയ പരിഗണനവച്ച് വധശിക്ഷ നടപ്പാക്കുന്ന രീതി വര്‍ധിച്ചുവരികയാണ്. രാജീവ് വധക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്നുപേര്‍ വര്‍ഷങ്ങളായി ജയിലില്‍ കഴിയുകയാണ്. ഇവര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയും രാഷ്ട്രപതിക്ക് സമര്‍പ്പിച്ച ദയാഹര്‍ജിയും നേരത്തെ തള്ളിയിരുന്നു. തമിഴ്നാട്ടില്‍നിന്നുള്ള രാഷ്ട്രീയ സമ്മര്‍ദം കാരണമാണ് ഇവരുടെ വധശിക്ഷ നടപ്പാക്കാത്തത്. മൂന്നു പേരുടെയും വധശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് തമിഴ്നാട് നിയമസഭ ഏകകണ്ഠമായി അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതുപോലെതന്നെയാണ് പഞ്ചാബ് മുഖ്യമന്ത്രിയായ ബിയാന്ത് സിങ്ങിന്റെ കൊലയാളിയുടെയും സ്ഥിതി. ഇയാളുടെ വധശിക്ഷ നടപ്പാക്കുന്നതിനെ പഞ്ചാബിലെ അകാലിദള്‍ സര്‍ക്കാര്‍ എതിര്‍ക്കുകയാണ്. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിനു ശേഷം വധശിക്ഷയും കാത്ത് കഴിയുകയാണ് ഇയാള്‍. ഭുല്ലറിന്റെ വധശിക്ഷയും പഞ്ചാബ് സംസ്ഥാന സര്‍ക്കാരിന്റെ പ്രതിഷേധം കാരണം നടപ്പാക്കിയിട്ടില്ല.

മേല്‍പ്പറഞ്ഞ ചില കേസുകളില്‍ രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിനുശേഷം കുറ്റവാളിയോ ബന്ധുക്കളോ കോടതിയെ സമീപിച്ച് വധശിക്ഷ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. അന്തിമ വിധി വന്നിട്ടുമില്ല. എന്നാല്‍, ഇതിനൊക്കെ വിരുദ്ധമായി പാര്‍ലമെന്റ് ആക്രമണക്കേസില്‍ കുറ്റവാളിയായ അഫ്സല്‍ ഗുരുവിനെ, ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതിനുശേഷം ഉടന്‍തന്നെ വധശിക്ഷയ്ക്ക് വിധേയനാക്കി. മറ്റ് കേസുകളിലെന്നതുപോലെ കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കാന്‍പോലും അഫ്സല്‍ ഗുരുവിനെ അനുവദിച്ചില്ല. അഫ്സല്‍ ഗുരുവിനെ തൂക്കിക്കൊല്ലുന്നതിനെക്കുറിച്ച് കുടുംബത്തെ അറിയിച്ചതുമില്ല. വധശിക്ഷ നടപ്പാക്കിയതിനുശേഷമാണ് വിവരം കൈമാറിയത്. നിയമപ്രക്രിയയുടെ നഗ്നമായ ലംഘനമാണിത്.

കശ്മീരിലെ എല്ലാ രാഷ്ട്രീയ പാര്‍ടികളും സംസ്ഥാന സര്‍ക്കാരും ഈ വധശിക്ഷ നടപ്പക്കുന്നതിന് എതിരായിരുന്നു. എന്നിട്ടും കേന്ദ്രം ഈ വധശിക്ഷ നടപ്പാക്കിയത് ബിജെപി ഇതില്‍നിന്ന് ഒരു രാഷ്ട്രീയനേട്ടവും കൊയ്യരുതെന്ന ലക്ഷ്യംവച്ചാണ്. ബിജെപിയും നരേന്ദ്രമോഡി ഉള്‍പ്പെടെയുള്ള നേതാക്കളും അഫ്സല്‍ ഗുരുവിനെ വധിക്കണമെന്നാവശ്യപ്പെട്ട് കടുത്ത പ്രചാരണം നടത്തിവരികയായിരുന്നു. അഫ്സല്‍ഗുരുവിനെ തൂക്കിക്കൊന്നതോടെ രാജ്യത്തെ മറ്റു ഭാഗങ്ങളിലേതെന്നതുപോലെ കശ്മീരിലെ ജനങ്ങളുടെ ഉല്‍ക്കണ്ഠകള്‍ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്ന സന്ദേശമാണ് കശ്മീര്‍ താഴ്വരയിലെ ജനങ്ങള്‍ക്കുണ്ടായത്. കശ്മീരിലെ ജനങ്ങളെ രാജ്യത്തുനിന്ന് കൂടുതല്‍ അകലാന്‍മാത്രമേ ഈ നടപടി ഉപകരിച്ചുള്ളൂ. മാത്രമല്ല, കശ്മീരിലെ സ്ഥിതി കൂടുതല്‍ വഷളാവുകയും ചെയ്തു. ഇന്ത്യയെന്ന രാഷ്ട്രത്തിന്റെ വര്‍ഗസ്വഭാവമനുസരിച്ച് കുറ്റംചെയ്യുന്ന ദരിദ്രരും സാധാരണക്കാരുമാണ് വധശിക്ഷയ്ക്ക് ഇരയാകുന്നത്. ഭൂവുടമയെ വധിച്ചതിന് നക്സലൈറ്റുകളായ കിഷ്തഗൗഡ്, ബൊമിയ എന്നീ ആദിവാസികളെ 1970കളുടെ മധ്യത്തില്‍ തൂക്കിക്കൊന്ന കാര്യം ഞാനോര്‍ക്കുന്നു. ഇവര്‍ നല്‍കിയ ദയാഹര്‍ജി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ രാഷ്ട്രപതിയായ ഫക്രുദ്ദീന്‍ അലി അഹമ്മദിനെ മറ്റ് രാഷ്ട്രീയ പാര്‍ടി നേതാക്കള്‍ക്കൊപ്പം ഞാനും പോയി കണ്ടിരുന്നു. എന്നാല്‍, രാഷ്ട്രപതി ദയാഹര്‍ജി തള്ളുകയും പിന്നീട് അവരെ തൂക്കിക്കൊല്ലുകയും ചെയ്തു. ബിഹാറിലോ മറ്റു സംസ്ഥാനങ്ങളിലോ സവര്‍ണനായ ഒരു ഭൂവുടമയെയും കര്‍ഷകത്തൊഴിലാളികളെ വധിച്ചതിന്റെ പേരില്‍ തൂക്കിക്കൊന്നിട്ടില്ല. വധശിക്ഷയ്ക്ക് വിരാമമിടുകയെന്നതാണ് ലോകത്തിലെ പൊതുവായ രീതി. 97 രാഷ്ട്രങ്ങള്‍ ഇതിനകം വധശിക്ഷ റദ്ദാക്കിയിട്ടുണ്ട്. പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത ഒന്നായാണ് വധശിക്ഷയെ ഇപ്പോള്‍ ലോകം കാണുന്നത്.

വധശിക്ഷ നടപ്പാക്കുന്നതിന് മൊറട്ടോറിയം നല്‍കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ മൂന്നു തവണ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 2007, 2008, 2010 വര്‍ഷങ്ങളിലാണ് യുഎന്‍ പ്രമേയം പാസാക്കിയത്. 2010ലെ പ്രമേയത്തിന് അനുകൂലമായി 109 രാഷ്ട്രങ്ങള്‍ വോട്ട് ചെയ്തു. 41 രാഷ്ട്രങ്ങള്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ 36 രാഷ്ട്രങ്ങള്‍ വിട്ടുനിന്നു. മൂന്നു തവണയും പ്രമേയത്തെ എതിര്‍ത്തുകൊണ്ട് വധശിക്ഷയ്ക്ക് അനുകൂലമായാണ് ഇന്ത്യ വോട്ട് ചെയ്തത്. ഇന്ത്യയിലെ നിയമങ്ങളനുസരിച്ച് ഒരു ശിക്ഷ എന്ന നിലയില്‍ വധശിക്ഷ ഒഴിവാക്കേണ്ട സമയമായി. "അപൂര്‍വങ്ങളില്‍ അപൂര്‍വമായ" കേസുകളിലും ക്രൂരമായ കുറ്റകൃത്യങ്ങള്‍ക്കും വധശിക്ഷ നല്‍കുന്നതിനു പകരം മരണംവരെ ജയില്‍ശിക്ഷ നല്‍കുന്നതിനുള്ള വകുപ്പുകള്‍ക്ക് രൂപം നല്‍കണം. പൊതുവെ 14 മുതല്‍ 16 വര്‍ഷംവരെ തുടരുന്ന ജീവപര്യന്തം തടവിന് പുറത്തായിരിക്കണം ഇത്. നീതിന്യായ വ്യവസ്ഥയെ കുറ്റവിമുക്തമാക്കാനും പൗരന്മാരുടെ മനുഷ്യാവകാശം സംരക്ഷിക്കാനും വധശിക്ഷ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. രാഷ്ട്രീയ പ്രായോഗികതകൂടിയാണിത്.

2013, മേയ് 9, വ്യാഴാഴ്‌ച

ഗുജറാത്ത് കര്‍ഷകരുടെയും ശവപ്പറമ്പ്


 വി ബി പരമേശ്വരന്‍
"ഖേഡു മോര റേ" (ഓ എന്റെ കര്‍ഷകാ) എന്നത് ഒരു ഗുജറാത്തി ഡോക്യുമെന്ററിയുടെ പേരാണ്. രാകേഷ് ശര്‍മയാണ് നിര്‍മാതാവ്. "തിളങ്ങുന്ന" ഗുജറാത്തിന്റെ മറുപുറം വ്യക്തമാക്കുന്നതാണ് ഈ ഡോക്യുമെന്ററി. സൗരാഷ്ട്രയില്‍ വ്യാപകമാകുന്ന കര്‍ഷക ആത്മഹത്യയെക്കുറിച്ചാണ് ഇതില്‍ വിവരിക്കുന്നത്. 2001ല്‍ നരേന്ദ്ര മോഡി മുഖ്യമന്ത്രിയായതാണ് കാര്‍ഷിക തകര്‍ച്ചയ്ക്ക് കാരണമെന്നാണ് രാകേഷ് ശര്‍മയുടെ വാദം. 2007 മാര്‍ച്ച് 14ന് എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗുജറാത്തില്‍ കര്‍ഷക ആത്മഹത്യയില്ലെന്ന് മോഡി പറഞ്ഞത്. ഇത് തെറ്റാണെന്ന് തെളിയിച്ചു ഒരു മണിക്കൂര്‍ നീളുന്ന ഈ ചിത്രം.

ഒടുവില്‍, ഗുജറാത്തില്‍ കര്‍ഷക ആത്മഹത്യയുണ്ടെന്ന് മോഡിക്ക് സമ്മതിക്കേണ്ടി വന്നു. 498 കര്‍ഷകര്‍ സംസ്ഥാനത്ത് ആത്മഹത്യചെയ്തെന്ന് നിയമസഭയില്‍ മോഡി സമ്മതിച്ചു. കര്‍ഷക ആത്മഹത്യയെക്കുറിച്ച് നിയമസഭയില്‍ നല്‍കിയ കണക്ക് ഇങ്ങനെ: രാജ്കോട്ട്- 63, ജുനഗഢ്- 85, അമ്രേലി- 34, മെഹ്സാന- 48, നദിയാദ്- 44, ജാംനഗര്‍- 55, നര്‍മദ- 30, മോഡിയുടെ മൂക്കിനു താഴെയുള്ള ഗാന്ധിനഗറില്‍ 13. വ്യവസായ വികസനത്തിന് മോഡി ഊന്നല്‍ നല്‍കുമ്പോള്‍ അവഗണിക്കപ്പെട്ടത് കൃഷിയാണ്. സംസ്ഥാനത്തെ 70 ശതമാനം ജനങ്ങളും കൃഷിയെ ആശ്രയിച്ച് ജീവിക്കുമ്പോഴാണ് കൃഷിയോട് കടുത്ത അവഗണന കാട്ടിയത്. അതുകൊണ്ടുതന്നെ വിദര്‍ഭയിലേതുപോലെ ഗുജറാത്തിലെ സൗരാഷ്ട്രയും കര്‍ഷക ആത്മഹത്യയുടെ കേന്ദ്രമായി. പരുത്തിയും നിലക്കടലയും വിളഞ്ഞ ഈ പാടങ്ങളില്‍ ഇപ്പോള്‍ കര്‍ഷകന്റെ വിയര്‍പ്പല്ല ചോരയാണ് കിനിയുന്നത്. രാജ്കോട്ടും അമ്രേലിയും ഭാവ്നഗറും മറ്റുമുള്ള സൗരാഷ്ട്ര ഗുജറാത്തിന്റെ കൃഷിക്കളമാണ്. രാജ്യത്തെ നിലക്കടല ഉല്‍പ്പാദനത്തിന്റെ 28 ശതമാനവും പരുത്തി ഉല്‍പ്പാദനത്തിന്റെ 25 ശതമാനവും ഇവിടെയാണ്. നിലക്കടലയില്‍നിന്ന് ഭക്ഷ്യഎണ്ണ ഉല്‍പ്പാദിപ്പിക്കലും ഇവിടത്തെ പ്രധാന വരുമാനമാര്‍ഗമാണ്. 250 ലധികം എണ്ണ മില്ലുകളാണ് ഇവിടെയുള്ളത്. എന്നാല്‍, ഈ മേഖല ഇന്ന് കടുത്ത വരള്‍ച്ചയുടെ പിടിയിലാണ്. വരള്‍ച്ചയില്‍ പൊള്ളുന്ന കൃഷിക്കാരനെ സഹായിക്കാന്‍ മോഡിയില്‍നിന്ന് സഹായമൊന്നും ഉണ്ടായില്ല.


കോര്‍പറേറ്റുകള്‍ക്ക് കോടികളുടെ സൗജന്യം അനുവദിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് ഒരു സഹായവും നല്‍കാന്‍ മോഡി തയ്യാറല്ല. അതുകൊണ്ടുതന്നെ കൊള്ളപ്പലിശക്കാരില്‍നിന്ന് കടം വാങ്ങി അത് തിരിച്ചടയ്ക്കാനാകാതെ കര്‍ഷകര്‍ ആത്മഹത്യചെയ്യുന്നു. യഥാര്‍ഥത്തിലുള്ള കര്‍ഷക ആത്മഹത്യകള്‍ രേഖപ്പെടുത്തിയിരുന്നെങ്കില്‍ ഈ കണക്കുകള്‍ക്കും അപ്പുറമായിരിക്കും മരണനിരക്ക്. എന്നാല്‍, മോഡിയുടെ "വികാസ് പുരുഷ്" എന്ന പ്രതിഛായക്ക് ആഘാതമേല്‍ക്കുമെന്നതിനാല്‍ പൊലീസ് ഇക്കാര്യം രജിസ്റ്റര്‍ ചെയ്യുന്നില്ലെന്ന് വ്യാപകമായ പരാതി ഉയര്‍ന്നിട്ടുണ്ട്. മോഡി ആവര്‍ത്തിച്ചു പറയുന്നത് സൗരാഷ്ട്രയിലേത് കര്‍ഷക ആത്മഹത്യയല്ലെന്നാണ്. അതുകൊണ്ടാണ് പൊലീസ് ഇത് കര്‍ഷക ആത്മഹത്യയായി രജിസ്റ്റര്‍ ചെയ്യാത്തത്. ഒരു ഏകാധിപത്യ സര്‍ക്കാരിന്റേതുപോലെ എല്ലാ വസ്തുതകളും മറച്ചുവയ്ക്കാനാണ് മോഡി ആവര്‍ത്തിച്ച് ശ്രമിക്കുന്നത്. കര്‍ഷക ആത്മഹത്യ രേഖപ്പെടുത്താതെ അതില്ലെന്നു പറയാനുള്ള ചങ്കൂറ്റമാണ് മോഡി കാണിക്കുന്നത്. വിവരാവകാശ നിയമമനുസരിച്ചാണ് കര്‍ഷക ആത്മഹത്യയെക്കുറിച്ചുള്ള അല്‍പ്പമെങ്കിലും വിവരം പുറത്തുവന്നത്.



വ്യവസായ വികസനത്തിനുവേണ്ടി കാര്‍ഷികമേഖലയെ പൂര്‍ണമായും അവഗണിക്കുകയാണ് മോഡിയെന്ന വിമര്‍ശവും ഗുജറാത്തില്‍ ഇപ്പോള്‍ ഉയരുന്നുണ്ട്. സൗരാഷ്ട്രയില്‍ ഈ വര്‍ഷംമാത്രം 35 ലക്ഷം ഹെക്ടര്‍ സ്ഥലത്തെ പരുത്തിക്കൃഷി നശിച്ചെന്നാണ് കണക്ക്. സൗരാഷ്ട്രയിലെ 80 ശതമാനം ജനങ്ങളും കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. അതുകൊണ്ടുതന്നെ കാര്‍ഷികത്തകര്‍ച്ച ഈ മേഖലയിലെ എല്ലാ കുടുംബങ്ങളെയും ബാധിക്കുമെന്നുറപ്പ്. കൃഷി നശിച്ചതിനെത്തുടര്‍ന്ന് പലര്‍ക്കും വായ്പ തിരിച്ചടയ്ക്കാനായില്ല. ബാങ്കുകള്‍ ജപ്തി നോട്ടീസ് നല്‍കാനാരംഭിച്ചു. ഈ ഘട്ടങ്ങളിലൊക്കെ കര്‍ഷകര്‍ സര്‍ക്കാരിന്റെ സഹായം അഭ്യര്‍ഥിച്ചെങ്കിലും അതുണ്ടായില്ല. ഗത്യന്തരമില്ലാതെ കര്‍ഷകര്‍ ആത്മഹത്യചെയ്തു. 10,000 രൂപ വായ്പ തിരിച്ചടയ്ക്കാനുള്ള കര്‍ഷകര്‍പോലും മോഡിയുടെ ഗുജറാത്തില്‍ ആത്മഹത്യചെയ്തെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മോഡിയെയും മോഡി ഭക്തരെയും ഇത് ലജ്ഞിപ്പിക്കുന്നില്ലേ?

കര്‍ഷക ആത്മഹത്യ മോഡി സര്‍ക്കാര്‍ അംഗീകരിക്കാത്തത് ആ കുടുംബങ്ങളുടെ വിഷമം ഇരട്ടിപ്പിച്ചു. സര്‍ക്കാരില്‍നിന്ന് ആനുകൂല്യങ്ങള്‍ ലഭിച്ചില്ലെന്നു മാത്രമല്ല, ദരിദ്രരായ കുടുംബാംഗങ്ങള്‍ വായ്പ തിരിച്ചടയ്ക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയുംചെയ്തു. ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും സര്‍ക്കാരിന്റെ സമീപനം ഏറെ രുചിച്ചമട്ടാണ്. ഇതിനെതിരെ വിമര്‍ശമുയര്‍ത്തുന്നവരുടെ വായടപ്പിക്കാനും മോഡിതന്നെയാണ് മുന്നിട്ടിറങ്ങുന്നത്. ഒരുദാഹരണംമാത്രം സൂചിപ്പിക്കാം. വ്യവസായത്തിന് ഊന്നല്‍ നല്‍കി കാര്‍ഷികമേഖലയെ അവഗണിക്കുന്ന മോഡിയുടെ നയത്തെ കന്‍ഭായ് കന്‍സാരിയ എന്ന ബിജെപി എംഎല്‍എ വിമര്‍ശിച്ചപ്പോള്‍ അദ്ദേഹത്തെ മോഡി മുന്‍കൈ എടുത്ത് പാര്‍ടിയില്‍നിന്ന് പുറത്താക്കി.

കര്‍ഷകര്‍ക്ക് 10 മണിക്കൂര്‍ വൈദ്യുതി നല്‍കുന്നുണ്ടെന്നാണ് മോഡിയുടെ വാദം. എന്നാല്‍, ആറുമണിക്കൂര്‍ വൈദ്യുതി ലഭിക്കുന്നത് രാത്രിയിലാണ്. പകല്‍ കര്‍ഷകന് വൈദ്യുതി ലഭിക്കുന്നത് നാലു മണിക്കൂര്‍മാത്രമാണ്. എണ്ണ മില്ലുകളെയും ഇത് ദോഷകരമായി ബാധിക്കുന്നു. പകുതിയോളം മില്ലുകള്‍ അടച്ചിടാന്‍ ഇത് കാരണമായി. സൗരാഷ്ട്രയിലാകട്ടെ, ജലസേചനവും കുറവാണ്. നര്‍മദയില്‍നിന്ന് വെള്ളം സൗരാഷ്ട്രയിലെത്തിക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ടത് സൗരാഷ്ട്രക്കാരനായ കേശുഭായ് പട്ടേലായിരുന്നു. അദ്ദേഹത്തെ പുറത്താക്കി 12 വര്‍ഷംമുമ്പ് അധികാരമേറിയ മോഡി ഇതുവരെയും ഈ പദ്ധതി യാഥാര്‍ഥ്യമാക്കിയില്ല. ഇതും കര്‍ഷക ആത്മഹത്യക്ക് കാരണമാണ്. മോഡിയുടെ നാട് തിളങ്ങുകയാണെന്ന് പറയുന്നവര്‍ മേല്‍പ്പറഞ്ഞ യാഥാര്‍ഥ്യങ്ങള്‍ കാണാന്‍ തയ്യാറാകണം. "തിളങ്ങുന്ന" ഗുജറാത്തിന് ഒരു മറുപുറമുണ്ടെന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ ഗുജറാത്ത് മോഡല്‍ രാജ്യവ്യാപകമാക്കണമെന്നു പറയുമ്പോള്‍ അവര്‍ അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ ബോധപൂര്‍വം മറച്ചുപിടിക്കുകയാണ്. (അവസാനിച്ചു)

ഗുജറാത്തിന്റെ മോഡിക്കാഴ്ചകള്‍

വി ബി പരമേശ്വരന്‍
"ഞാനാണ് രാഷ്ട്രം" എന്ന് പ്രഖ്യാപിച്ചത് ലൂയി പതിനാലാമനാണ്. അതേസമയം, നരേന്ദ്രമോഡിയുടെ പ്രഖ്യാപനം "ഞാനാണ് വികസനം" എന്നാണ്. നേരത്തെ വാജ്പേയി എടുത്തണിഞ്ഞ "വികാസ് പുരുഷ്" എന്ന സ്ഥാനപ്പേര് ഇനി തനിക്കാണെന്നും മോഡി അവകാശപ്പെടുന്നു. അദ്വാനിയുടെ "ലോഹ് പുരുഷ്" എന്ന സ്ഥാനപ്പേര് ഏറ്റെടുക്കുന്നതിനേക്കാള്‍ അധികാരത്തിലേക്കുള്ള എളുപ്പവഴി വികാസ് പുരുഷെന്ന വിളിപ്പേരാണെന്ന് മോഡി തിരിച്ചറിഞ്ഞിരിക്കുന്നുവെന്നു സാരം. അതേറ്റുപാടാന്‍ അബ്ദുള്ളക്കുട്ടിമാരും ഷിബു ബേബിജോണ്‍മാരും മത്സരിക്കുകയും ചെയ്യുന്നു. എന്നാല്‍, ഇവര്‍ കഥയറിയാതെ ആട്ടം കാണുന്നവര്‍ മാത്രമാണെന്ന് ഗുജറാത്തിനെക്കുറിച്ച് അറിയുന്നവര്‍ക്കറിയാം. "ഛോട്ടേ സര്‍ദാര്‍" എന്ന് വിളിക്കപ്പെട്ട മോഡിക്ക് "ഗുജറാത്തിന്റെ കശാപ്പുകാര"നെന്നും "മരണത്തിന്റെ വ്യാപാരി"യെന്നും വിളിപ്പേരുകളുണ്ടെന്ന കാര്യം ഇവര്‍ ബോധപൂര്‍വം മറക്കുന്നു. ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട രണ്ടായിരത്തോളം പേരെ കൊന്നുതള്ളിയതിന്റെ രക്തക്കറ ഏത് പുണ്യനദിയില്‍ കുളിച്ചാലും മോഡിക്ക് കഴുകിക്കളയാനാകില്ല. സദ്ഭാവന യാത്രകൊണ്ടും പ്രയോജനമില്ല. ഒരു വിഭാഗം ജനതയെ മുഴുവന്‍ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി എങ്ങനെ യഥാര്‍ഥവും സമഗ്രവുമായ വികസനം നടപ്പാക്കാന്‍ കഴിയുമെന്ന ചോദ്യമാണ് ഉയരുന്നത്.

മോഡിയുടെ മോടി കൂട്ടാന്‍ തിളങ്ങുന്ന ഗുജറാത്തിനെക്കുറിച്ചുമാത്രമാണ് മാധ്യമങ്ങളും കോര്‍പറേറ്റ് ഹൗസുകളും പ്രചരിപ്പിക്കുന്നത്. നല്ല റോഡുകളും വ്യവസായങ്ങളും കൊണ്ടുമാത്രം ഒരു സംസ്ഥാനം വികസിച്ചെന്നു പറയാനാകില്ല. മാനുഷിക വികസനത്തിന്റെ തോത് നോക്കിയാണ് ഒരു പ്രദേശം, സംസ്ഥാനം സമഗ്രവികസനം നേടിയെന്നു പറയാനാവുക. ആധുനിക ലോകരീതിയും ഇതുതന്നെ. അത്തരമൊരു പരിശോധന നടത്തിയാല്‍ നരേന്ദ്രമോഡിയുടെ ഗുജറാത്തിന് തിളക്കമേയില്ലെന്നു കാണാം. വ്യവസായ വികസനത്തില്‍മാത്രം ഊന്നിയുള്ള ഗുജറാത്ത് മോഡല്‍ സമഗ്രവികസനത്തിന് വഴിതെളിക്കില്ലെന്ന് എല്ലാ സാമൂഹ്യ ശാസ്ത്രജ്ഞരും സാമ്പത്തിക ശാസ്ത്രജ്ഞരും വ്യക്തമാക്കുന്നു. ഉദാരവല്‍ക്കരണത്തിന്റെ പതാകാവാഹകര്‍ എപ്പോഴും ഉദ്ധരിക്കുന്ന സാമ്പത്തികവളര്‍ച്ചയുടെ കാര്യം ആദ്യം പരിശോധിക്കാം.

ഗുജറാത്തില്‍ ആദ്യമായി ബിജെപി സര്‍ക്കാരിന് രൂപംനല്‍കിയ കേശുഭായ് പട്ടേലിനെ മാറ്റി 2001ലാണ് മോഡി ആദ്യം മുഖ്യമന്ത്രിയാകുന്നത്. അപ്പോള്‍ ഗുജറാത്തിന്റെ സാമ്പത്തികവളര്‍ച്ച 8.01 ശതമാനമായിരുന്നു. മോഡി അധികാരത്തില്‍ വന്നതിനുശേഷം 2010 വരെ അത് 8.68 ശതമാനം മാത്രമായാണ് ഉയര്‍ന്നത്. അതായത്, ഒരു ശതമാനം സാമ്പത്തിക വളര്‍ച്ചപോലും 10 വര്‍ഷത്തിനകം ഉയര്‍ത്താന്‍ മോഡിക്ക് കഴിഞ്ഞിട്ടില്ല. ബിജെപി അധികാരത്തിലെത്തുന്നതിനുമുമ്പുതന്നെ ഗുജറാത്ത് വ്യാവസായികമായി വികസിച്ചിരുന്നുവെന്നതും സത്യമാണ്. മോഡിയുടെ സംഭാവന കോര്‍പറേറ്റുകള്‍ക്ക് കൊള്ളലാഭം കൊയ്യാന്‍ നികുതി ഇളവും സൗജന്യമായി ഭൂമിയും മറ്റും നല്‍കി എന്നതുമാത്രമാണ്. 2001നും 2010നും ഇടയില്‍ ആന്ധ്രപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്നാട്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളേക്കാളും സാമ്പത്തിക വളര്‍ച്ചയില്‍ ഗുജറാത്ത് പിന്നിലാണെന്നതാണ് വാസ്തവം. എന്നാല്‍, പിന്നോക്ക സംസ്ഥാനങ്ങളായ ബിഹാറും ഒഡിഷയും സാമ്പത്തികവളര്‍ച്ച ഇതേകാലയളവില്‍ ഇരട്ടിയാക്കുകയുംചെയ്തു.
 
ബിഹാര്‍ 4.7 ശതമാനത്തില്‍നിന്ന് 8.02 ശതമാനമായും ഒഡിഷ 4.42 ശതമാനത്തില്‍നിന്ന് 8.13 ശതമാനമായും സാമ്പത്തികവളര്‍ച്ച ഉയര്‍ത്തി. അതായത്, നിതീഷ് കുമാറിന്റെയും നവീന്‍ പട്നായ്ക്കിന്റെയും അടുത്തുപോലും എത്താന്‍ മോഡിക്ക് കഴിഞ്ഞിട്ടില്ലെന്നര്‍ഥം. ഗുജറാത്ത് വ്യവസായവികസനത്തില്‍ ഏറെ മുന്നിലെത്തിയെന്നതാണ് പൊതുവെയുള്ള ധാരണ. അത് ശരിയാണുതാനും. എന്നാല്‍, മറ്റു സംസ്ഥാനങ്ങള്‍ ഈ മേഖലയില്‍ ഉണ്ടാക്കിയ മുന്നേറ്റം മാത്രമേ മോഡിയുടെ ഗുജറാത്തിനും നേടാന്‍ കഴിഞ്ഞിട്ടുള്ളൂ. 2001-04ല്‍ 3.9 ശതമാനമായിരുന്നു ഗുജറാത്തില്‍ ഈ രംഗത്തുള്ള വളര്‍ച്ചയെങ്കില്‍ 2005-10ല്‍ 12.65 ശതമാനമായി ഉയര്‍ന്നു. ഇതേകാലയളവില്‍ ഒഡിഷ 6.4 ശതമാനത്തില്‍നിന്ന് 17.53 ശതമാനമായും ഛത്തീസ്ഗഢില്‍ 8.10 ശതമാനത്തില്‍നിന്ന് 13.3 ശതമാനമായും ഉയര്‍ത്തി. വ്യാവസായികമായി പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളാണ് ഇവ രണ്ടുമെന്നു മനസ്സിലാക്കണം. അതുകൊണ്ടുതന്നെ ഗുജറാത്ത് മാത്രമാണ് വ്യവസായമേഖലയില്‍ മുന്നേറിയതെന്നു പറയാനാകില്ല.

വിപുലമായ പ്രവാസിസമൂഹവും വ്യാപാരബന്ധവും ഉണ്ടായിട്ടും വിദേശനിക്ഷേപം ആകര്‍ഷിക്കുന്ന കാര്യത്തില്‍ ഗുജറാത്ത് മഹാരാഷ്ട്രയേക്കാളും പിന്നിലാണ്. ഗുജറാത്തിന് ഇക്കാര്യത്തില്‍ അഞ്ചാംസ്ഥാനം മാത്രമാണുള്ളത്. 2011-12ലെ ഗുജറാത്തിലെ സാമൂഹ്യ-സാമ്പത്തിക റിവ്യൂ റിപ്പോര്‍ട്ട് പറയുന്നത് 20 ലക്ഷം കോടി രൂപയുടെ വിദേശനിക്ഷേപ വാഗ്ദാനം ഉണ്ടായിരുന്നു എന്നാണ്. പക്ഷേ, ലഭിച്ചത് 29,813 കോടി രൂപയുടെ നിക്ഷേപംമാത്രം. 8300 ധാരണാപത്രങ്ങള്‍ ഒപ്പുവച്ചെങ്കിലും നടപ്പായത് 250 എണ്ണംമാത്രം. 2003 മുതലുള്ള കണക്ക് പരിശോധിച്ചാല്‍ വാഗ്ദാനംചെയ്യപ്പെട്ട നിക്ഷേപത്തിന്റെ പത്തിലൊന്നുപോലും യാഥാര്‍ഥ്യമായിട്ടില്ലെന്നു കാണാം. മാത്രമല്ല, നിക്ഷേപങ്ങള്‍വഴി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിലും ഗുജറാത്ത് പിന്നിലാണെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു.

 കട-നിക്ഷേപ അനുപാതത്തിലും മറ്റു സംസ്ഥാനങ്ങളേക്കാള്‍ ഗുജറാത്ത് പുറകിലാണ്. ഗുജറാത്തിലെ നിക്ഷേപാനുപാതം 4.71 ശതമാനമാണെങ്കില്‍ തൊട്ടടുത്ത സംസ്ഥാനമായ മഹാരാഷ്ട്രയില്‍ ഇത് 26.6 ശതമാനമാണ്. ആന്ധ്രപ്രദേശ് (5.4), തമിഴ്നാട് (6.2), കര്‍ണാടക (6.34) എന്നീ സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ ഗുജറാത്തിനേക്കാളും മുന്നിലാണ്. ആളോഹരി നിക്ഷേപനിരക്ക് പരിശോധിച്ചാലും ഗുജറാത്തിന്റെ പിന്നോക്കാവസ്ഥ മനസ്സിലാക്കാം. 37,174 രൂപയാണ് ഗുജറാത്തിലെ ആളോഹരി നിക്ഷേപം. തമിഴ്നാട്, കര്‍ണാടകം തുടങ്ങി പത്തോളം സംസ്ഥാനങ്ങള്‍ ഗുജറാത്തിനേക്കാളും മെച്ചപ്പെട്ട നിലയിലാണ്. വാണിജ്യബാങ്കുകള്‍ നല്‍കുന്ന വായ്പയുടെ അനുപാതം പരിശോധിച്ചാലും ഗുജറാത്ത് ഏറെ പിന്നിലാണെന്നു കാണാം. ഗുജറാത്തിലെ വായ്പയുടെ ശതമാനം 4.22 മാത്രമാണ്. മഹാരാഷ്ട്രയില്‍ ഇത് 29.75 ശതമാനമാണ്. ആളോഹരിവരുമാനത്തിന്റെ കാര്യത്തിലും പല സംസ്ഥാനങ്ങളേക്കാളും ഗുജറാത്ത് പിന്നിലാണ്. ആറാം സ്ഥാനംമാത്രമാണ് ഇക്കാര്യത്തില്‍ മോഡിയുടെ ഗുജറാത്തിനുള്ളത്. 63,996 രൂപയാണ് ഗുജറാത്തിലെ ആളോഹരി വരുമാനം. ഹരിയാനയാണ് ഏറെ മുന്നില്‍- 92327 രൂപ. മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്നാട്, ഉത്തരാഖണ്ട് എന്നീ സംസ്ഥാനങ്ങളാണ് ഗുജറാത്തിനേക്കാളും മുന്നിലുള്ളത്. (അവസാനിക്കുന്നില്ല)


2013, മേയ് 8, ബുധനാഴ്‌ച

ഗുജറാത്തില്‍

വി ബി പരമേശ്വരന്‍

ഗുജറാത്തില്‍ നരേന്ദ്രമോഡി നടപ്പാക്കുന്നു എന്നുപറയുന്ന വികസനത്തിന്റെ പ്രധാന പോരായ്മ അതിന് മനുഷ്യമുഖമില്ലെന്നതാണ്. മാത്രമല്ല, അത് സമഗ്രമല്ലെന്നും പരക്കെ പരാതി ഉയര്‍ന്നിട്ടുണ്ട്. ഈ രണ്ടു വശങ്ങള്‍ പരിശോധിച്ചാല്‍ കേരളം ഗുജറാത്തിന് വിപരീതദിശയിലാണ്. ഗുജറാത്ത്- കേരള മാതൃകകള്‍ തമ്മിലുള്ള പ്രധാന വ്യത്യാസവും ഇതുതന്നെ. കേരളവികസനം ഊന്നുന്നത് മനുഷ്യവികസനമാണെങ്കില്‍ ഗുജറാത്ത് ഊന്നുന്നത് കോര്‍പറേറ്റ് വികസനവും.
മോഡി കോര്‍പറേറ്റുകളെ സഹായിക്കുന്നതിന് നിരവധി ഉദാഹരണങ്ങള്‍ നിരത്താനാകും.

അടുത്തിടെ സിഎജി പുറത്തിറക്കിയ റിപ്പോര്‍ട്ട് ഇതിന് തെളിവാണ്. 2011-12ല്‍ മാത്രം കോര്‍പറേറ്റ് ഹൗസുകള്‍ക്ക് മോഡി 1275 കോടിയുടെ ഇളവ് അനുവദിച്ചു. അദാനി, റിലയന്‍സ്, എസ്സാര്‍ തുടങ്ങിയ വന്‍കിട കമ്പനികള്‍ക്കാണ് ഈ സൗജന്യം നല്‍കിയത്. വൈദ്യുതി ഉല്‍പ്പാദക കമ്പനിയായ അദാനി, ഗുജറാത്ത് ഊര്‍ജവികാസ് നിഗമവുമായി എത്തിയ കരാര്‍ ലംഘിച്ചതിന് 240.8 കോടി രൂപ പിഴ അടയ്ക്കേണ്ടതായിരുന്നു. ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ കമ്പനിക്ക് ആണവനിലയം സ്ഥാപിക്കുന്നതിന് കുറഞ്ഞ വിലയ്ക്ക് ഭൂമി നല്‍കിയത് വഴി 128.7 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും സിഎജി പറഞ്ഞു. മോഡിയെ പ്രധാനമന്ത്രിസ്ഥാനത്തേക്ക് കോര്‍പറേറ്റുകള്‍ പരസ്യമായി ശുപാര്‍ശചെയ്യുന്നതും ഇതുകൊണ്ടുതന്നെ. എന്നാല്‍, കോര്‍പറേറ്റുകളുടെ കീശ വീര്‍ക്കുമ്പോള്‍ സാധാരണ മനുഷ്യര്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ വിഷമിക്കുകയാണെന്ന് കാണാം. 2008ലെ മനുഷ്യവികസന സൂചികമാത്രം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.

പോഷകാഹാരം, വിദ്യാഭ്യാസം, ആരോഗ്യം, ഗ്രാമീണ ആസൂത്രണം, കൂലി തുടങ്ങിയ ഘടകങ്ങളാണ് മനുഷ്യവികസന റിപ്പോര്‍ട്ടിന് ആധാരം. 2008ലെ മനുഷ്യവികസന സൂചികയില്‍ പത്താംസ്ഥാനത്താണ് ഗുജറാത്ത്. സൂചികയില്‍ 0.790 പോയിന്റുമായി കേരളമാണ് മുന്നില്‍. ഗുജറാത്തിന് 0.577 പോയിന്റ് മാത്രം. കൊച്ചു സംസ്ഥാനമായ ഹിമാചല്‍പ്രദേശാണ് രണ്ടാംസ്ഥാനത്ത്. പഞ്ചാബ്, മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളും ഗുജറാത്തിനേക്കാളും ഏറെ മുന്നിലാണ്. ഗുജറാത്തിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം 64 വയസ്സാണ്. രാജ്യത്ത് ഒമ്പതാം സ്ഥാനത്താണ് മോഡിയുടെ ഗുജറാത്ത്. കുട്ടികളെ സ്കൂളിലേക്ക് അയക്കുന്ന കാര്യത്തില്‍ ഏഴാം സ്ഥാനമാണ് ഗുജറാത്തിന്. ഈ രണ്ടിലും ഒന്നാംസ്ഥാനം അലങ്കരിക്കുന്നത് കേരളമാണ്.

പോഷകാഹാരക്കുറവ് ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്. ബിമാരു (ബിഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്) സംസ്ഥാനങ്ങള്‍ക്കൊപ്പമാണ് ഇക്കാര്യത്തില്‍ ഗുജറാത്തിന്റെ സ്ഥാനം. 2011ലെ മനുഷ്യവികസന റിപ്പോര്‍ട്ടില്‍ പറയുന്നത് ഗുജറാത്തിലെ പകുതിയോളം കുട്ടികള്‍ പോഷകാഹാരക്കുറവ് അനുഭവപ്പെടുന്നവരാണെന്നാണ്.

2012ലെ യുനിസെഫ് റിപ്പോര്‍ട്ടനുസരിച്ച് അഞ്ചുവയസ്സിനു താഴെയുള്ള രണ്ടു കുട്ടികളില്‍ ഒരാള്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു. നാലില്‍ മൂന്നു കുട്ടികള്‍ വിളര്‍ച്ച ബാധിച്ചവരാണെന്നും ഈ റിപ്പോര്‍ട്ട് പറയുന്നു. സ്റ്റാറ്റിസ്റ്റിക്കല്‍ പ്രോഗാം ആന്‍ഡ് ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിന്റെ 2012ലെ കണക്കനുസരിച്ച് ഗുജറാത്തിലെ 40 മുതല്‍ 50 ശതമാനംവരെ കുട്ടികള്‍ ഭാരക്കുറവോടെയാണ് ജനിക്കുന്നത്. അതായത് ഒഡിഷ, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഢ്, മേഘാലയ എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പമാണ് ഗുജറാത്തിന്റെ സ്ഥാനം.

ശിശുമരണനിരക്ക് കൂടുതലുള്ള സംസ്ഥാനംകൂടിയാണ് ഗുജറാത്ത്. ഗുജറാത്തില്‍ ജനിക്കുന്ന 1000 കുട്ടികളില്‍ 44 പേരും മരിക്കുന്നുവെന്ന് 2012ലെ "ചില്‍ഡ്രന്‍സ് ഇന്‍ ഇന്ത്യ" എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. ശിശുമരണത്തില്‍ പതിനൊന്നാംസ്ഥാനമുള്ള  സംസ്ഥാനമാണ് ഗുജറാത്ത്. ഗ്രാമീണമേഖലയില്‍ വേണ്ടത്ര ആരോഗ്യസംവിധാനം ഇല്ലാത്തതാണ് ഇതിന് പ്രധാന കാരണം.ശൈശവ വിവാഹത്തില്‍ നാലാംസ്ഥാനം ഗുജറാത്ത് അലങ്കരിക്കുകയുംചെയ്യുന്നു. മൂന്ന് അമ്മമാരില്‍ ഒരാള്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത് എന്നും യുനിസെഫ് പറയുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയ്ക്ക് മാതൃ-ശിശു മരണ നിരക്ക് കുറച്ചുകൊണ്ടുവരുന്നതിലും ഗുജറാത്തിന് ഏറെയൊന്നും മുന്നേറാന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ഗുജറാത്തിന് മുന്നേറ്റം നടത്താനായിട്ടില്ല. സാക്ഷരതയുടെ കാര്യത്തില്‍ ഏഴാം സ്ഥാനമാണ് ഗുജറാത്തിനുള്ളത്. നൂറു ശതമാനം കുട്ടികളെയും സ്കൂളിലേക്ക് നയിക്കുമെന്ന് ഉറപ്പു വരുത്തുമെന്ന് ബിജെപിയുടെ പ്രകടനപത്രിക കഴിഞ്ഞ തെരഞ്ഞെടുപ്പുവേളയിലും ആവര്‍ത്തിച്ചെങ്കിലും ഇനിയും ആ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. സ്കൂളുകളില്‍ മൊത്തത്തിലുള്ള കൊഴിഞ്ഞുപോക്ക് രണ്ടു ശതമാനമായി തുടരുന്നു. കുട്ടികളെ സ്കൂളില്‍ സ്ഥിരമായി ഇരുത്തുന്നതില്‍ 18-ാം സ്ഥാനത്താണ് ഇപ്പോഴും ഗുജറാത്ത്. യുഎന്‍ഡിപി റിപ്പോര്‍ട്ടനുസരിച്ച് കേരളത്തിലെ കുട്ടികള്‍ ശരാശരി 11.3 വര്‍ഷം സ്കൂളുകളില്‍ പഠിക്കുമ്പോള്‍ ഗുജറാത്തില്‍ ഇത് 8.79 വര്‍ഷംമാത്രമാണ്. വിദ്യാഭ്യാസത്തിനായി സ്വകാര്യമേഖലയെയാണ് മോഡി സര്‍ക്കാര്‍ പ്രധാനമായും ആശ്രയിക്കുന്നത്. സര്‍ക്കാര്‍മേഖലയെ തീര്‍ത്തും അവഗണിച്ചു.

മനുഷ്യവികസന സൂചികയില്‍ ഗുജറാത്ത് പിന്നോട്ടുപോകാന്‍ പ്രധാന കാരണം കുറഞ്ഞ കൂലിയും ശമ്പളവുമാണ്. വ്യവസായങ്ങള്‍ ഏറെയുണ്ടെങ്കിലും അതില്‍ ജോലിയെടുക്കുന്നവര്‍ക്ക് അന്തസ്സോടെ ജീവിതം നയിക്കാനുള്ള കൂലി ലഭിക്കുന്നില്ല. കൂലിയുടെ കാര്യത്തില്‍ 14-ാം സ്ഥാനത്താണ് ഗുജറാത്ത്. എന്‍എസ്എസ്ഒയുടെ 2011ലെ റിപ്പോര്‍ട്ടനുസരിച്ച് അസംഘടിത മേഖലയില്‍, നഗരപ്രദേശങ്ങളില്‍ കൂലി 106 രൂപയാണ്. ഗ്രാമപ്രദേശങ്ങളില്‍ 83ഉം. വിലക്കയറ്റം മറ്റു സംസ്ഥാനങ്ങളേക്കാളും അധികമാണ് ഗുജറാത്തില്‍. ഭക്ഷണം, ഇന്ധനം, വസ്ത്രം എന്നിവയുടെ ചെലവ് എടുത്താല്‍ രാജ്യത്ത് എട്ടാമത്തെ ചെലവേറിയ സംസ്ഥാനമാണ് ഗുജറാത്ത്. ഗുജറാത്തിലെ 67 ശതമാനം വീടുകളിലും കക്കൂസില്ല. മലനീകരണത്തിന്റെ കാര്യത്തിലും ഗുജറാത്ത് മുന്നിലാണ്. വ്യവസായനഗരമായ വാപിയിലും അങ്കലേശ്വറിലും മലിനീകരണം 88 ശതമാനമാണ്. ജനങ്ങളുടെ ജീവിതസുരക്ഷയേക്കാള്‍ വ്യവസായികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്ന മോഡിയുടെ നയമാണ് ഇവിടെ വെളിവാകുന്നത്. (അവസാനിക്കുന്നില്ല)

ഗുജറാത്തിന്റെ കറുത്ത മോടി

പ്രൊഫ. കെ എന്‍ ഗംഗാധരന്‍
Posted on: 05-May-2013 11:25 PM
ഗുജറാത്തില്‍നിന്ന് കേരളത്തിന് എന്തെങ്കിലും പഠിക്കാനുണ്ടോ? മന്ത്രി ഷിബു ബേബിജോണിന് എന്തു പാഠമാകും കേരള മുഖ്യമന്ത്രിക്കു കൈമാറാന്‍ മോഡി നല്‍കിയിരിക്കുക? പ്ലാനിങ് കമീഷന്റെ മനുഷ്യവികസന റിപ്പോര്‍ട്ടില്‍ ചേര്‍ത്ത കണക്ക് കാണുക.


ഏതൊരു സമൂഹത്തിന്റെയും ജീവിത ഗുണനിലവാരത്തിന്റെ സൂചകങ്ങളാണ് ഈ പട്ടികയില്‍. കുറഞ്ഞ ഭക്ഷണവും താഴ്ന്ന വിദ്യാഭ്യാസവും മോശപ്പെട്ട വൈദ്യസഹായവും കുറഞ്ഞവേതനവുമുള്ള ഒരു ജനതയ്ക്ക് ആയുര്‍ദൈര്‍ഘ്യം കുറവായിരിക്കും; ശിശുമരണ നിരക്ക് കൂടുതലും. ജനനനിരക്കും മരണനിരക്കും ഉയര്‍ന്നതായിരിക്കും. ഇതാണ് ഗുജറാത്ത് നല്‍കുന്ന പാഠം. നേരെ എതിര്‍ചിത്രമാണ് കേരളം സമ്മാനിക്കുന്നത്. കേരളീയനേക്കാള്‍ പത്തുകൊല്ലം കുറവാണ് ഗുജറാത്തുകാരന്റെ ആയുര്‍ദൈര്‍ഘ്യം. ഗുജറാത്തില്‍ ജനിക്കുന്ന 1000 കുഞ്ഞുങ്ങളില്‍ 48 പേര്‍ ഒരു വയസ്സ്് പൂര്‍ത്തിയാക്കുന്നതിനു മുമ്പേ മരണപ്പെടുന്നു. ഗുജറാത്തിലെ ശിശുമരണനിരക്കിന്റെ നാലിലൊന്നുമാത്രമാണ് കേരളത്തില്‍. കേരളം സമ്പൂര്‍ണ സാക്ഷരത കൈവരിച്ചപ്പോള്‍ ഗുജറാത്തിലെ സാക്ഷരതാനിരക്ക് 79 ശതമാനം മാത്രമാണ്. സ്ത്രീകളില്‍ 71 ശതമാനത്തിനേ എഴുത്തും വായനയും അറിയൂ. കേരളത്തില്‍ 92 ശതമാനം സ്ത്രീകള്‍ സാക്ഷരരാണ്. ഇത് രാജ്യത്തുതന്നെ ഏറ്റവും ഉയര്‍ന്നതാണ്.

ജനങ്ങള്‍ക്ക് സ്ഥിരമായ ജോലിയും ന്യായമായ കൂലിയും ഉണ്ടെങ്കിലേ പ്രസവിക്കുന്ന അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും പോഷകാഹാരം ഉറപ്പാക്കാനാകൂ. ഭക്ഷണവും ആരോഗ്യസുരക്ഷയും വിദ്യാഭ്യാസവും പോഷകാഹാരക്കുറവ് മറികടക്കാന്‍ അത്യാവശ്യമാണ്. 2011ല്‍ ദേശീയ മനുഷ്യവികസന റിപ്പോര്‍ട്ട് പോഷകാഹാരക്കുറവ് സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് നല്‍കുന്നത്.

പട്ടികയില്‍ ഒന്നാംസ്ഥാനത്ത് ഗുജറാത്താണ്. അഞ്ചുവയസ്സ് തികയാത്ത കുഞ്ഞുങ്ങളില്‍ 69.7 ശതമാനം പേരും പോഷകാഹാരക്കുറവുമൂലം വിളര്‍ച്ചാരോഗ ബാധിതരാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 45 ശതമാനം കുഞ്ഞുങ്ങള്‍ക്കും പ്രായത്തിനൊത്ത തൂക്കമില്ല. അമേരിക്കയിലെ വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ ലേഖകന്‍ നരേന്ദ്ര മോഡിയോട് ഉന്നയിച്ച ചോദ്യവും അതിന് മോഡി നല്‍കിയ മറുപടിയും ഏറെ വിവാദം സൃഷ്ടിച്ചതാണ്.

സാമ്പത്തികവളര്‍ച്ച കൈവരിച്ച ഗുജറാത്തില്‍ എന്തുകൊണ്ടാണ് ഭൂരിപക്ഷം കുഞ്ഞുങ്ങളും മെലിഞ്ഞ് വിളര്‍ത്ത് ഇരിക്കുന്നത് എന്നാണ് ലേഖകന് അറിയേണ്ടിയിരുന്നത്. ഗുജറാത്തുകാര്‍ സസ്യഭുക്കുകളാണെന്നും അവര്‍ സൗന്ദര്യത്തെക്കുറിച്ച് ബോധവാന്മാരാണെന്നും ആയതിനാല്‍ വണ്ണം വയ്ക്കുന്നത് ഇഷ്ടപ്പെടുന്നില്ലെന്നുമായിരുന്നു "വികസന നായക"ന്റെ മറുപടി. അതിലൂടെ വിലപ്പെട്ട രണ്ടു വിജ്ഞാനശകലങ്ങളാണ് അദ്ദേഹം സാക്ഷരലോകത്തിന് നല്‍കിയത്. ഒന്ന് സസ്യാഹാരത്തില്‍ പോഷകമൂല്യം ഇല്ല. രണ്ട് വണ്ണമുള്ളവര്‍ സൗന്ദര്യ രഹിതരാണ്.

ഗുജറാത്തിന്റെ സാമ്പത്തികവളര്‍ച്ചയെ കോര്‍പറേറ്റുകളും അവ നിയന്ത്രിക്കുന്ന മാധ്യമങ്ങളും ഉയര്‍ന്ന വരുമാനക്കാരും മുക്തകണ്ഠം പ്രശംസിക്കുക മാത്രമല്ല, നരേന്ദ്രമോഡിയെ രാജ്യം മാതൃകയാക്കണമെന്നു ഉപദേശിക്കുകയും ചെയ്യുന്നു. എന്താണ് അതിനു കാരണം? യഥേഷ്ടം മൂലധനനിക്ഷേപം നടത്താന്‍ മോഡി അനുവദിക്കുന്നു. വന്‍കിട വ്യവസായികള്‍ക്കുമേല്‍ ഒരു നിയന്ത്രണവുമില്ല. വളരെ അയഞ്ഞ തൊഴില്‍ നിയമങ്ങളാണ് ഗുജറാത്തിലുള്ളത്. സ്വതന്ത്ര സാമ്പത്തികമേഖലയുടെ പേരില്‍ (ഫ്രീ ഇക്കണോമിക് സോണ്‍) ഗുജറാത്തിലെ കൃഷിഭൂമിയുടെ 40 ശതമാനവും വന്‍കിട കോര്‍പറേറ്റുകളുടെ കൈകളില്‍ എത്തിച്ചു. വന്‍തോതിലുള്ള മൂലധന നിക്ഷേപത്തിലൂന്നിയ വന്‍കിട വ്യവസായങ്ങളാണ് ഗുജറാത്തിന്റെ സാമ്പത്തികവളര്‍ച്ചയുടെ ആണിക്കല്ല്. വളര്‍ച്ചയ്ക്കുള്ള പരക്കംപാച്ചിലില്‍ സാധാരണക്കാരെ മോഡി നിര്‍ദാക്ഷിണ്യം കൈയൊഴിഞ്ഞു. മൂലധനനിക്ഷേപം, വന്‍കിട വ്യവസായങ്ങള്‍, ലാഭം, ഉല്‍പ്പാദനം- ഇവയാണ് മോഡിയുടെ വികസനമന്ത്രം. വികസനം സാധാരണക്കാര്‍ക്കു പ്രയോജനപ്പെടുന്നുണ്ടോ എന്നത് അജന്‍ഡയിലില്ല. ഗുജറാത്ത് വ്യവസായവളര്‍ച്ച കൈവരിച്ചിട്ടുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ഗുജറാത്തിന്റെ ആഭ്യന്തരവരുമാനത്തില്‍ വ്യവസായമേഖലയുടെ സംഭാവന 36.1 ശതമാനമാണ്. കേരളത്തില്‍ 20.22 ശതമാനവും. ആഭ്യന്തരവരുമാന വളര്‍ച്ചയുടെ കാര്യത്തിലും വ്യത്യാസമുണ്ട്. ഗുജറാത്തിലെ കഴിഞ്ഞ ആറുവര്‍ഷത്തെ ശരാശരി വളര്‍ച്ച നിരക്ക് 9.3 ശതമാനമാണ്. കേരളത്തിന്റേത് 8.43 ശതമാനവും. ഉയര്‍ന്ന വളര്‍ച്ച നിരക്ക് നരേന്ദ്രമോഡിയുടെ മാത്രം സംഭാവനയാണ് എന്നു കരുതേണ്ട. 2001ലാണ് മോഡി അധികാരത്തിലെത്തുന്നത്. അതിനുമുമ്പുതന്നെ ഗുജറാത്ത് ഭേദപ്പെട്ട വളര്‍ച്ച കൈവരിച്ചിരുന്നു. മോഡി, പ്രസ്തുത വളര്‍ച്ചയ്ക്ക് മുതലാളിത്തമുഖം നല്‍കി. അക്ഷരാര്‍ഥത്തില്‍ നവ ഉദാരവല്‍ക്കരണനയം നടപ്പാക്കി. ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമുള്ള തുറമുഖങ്ങളിലൊന്ന് ഗുജറാത്തിലാണ്. വിദേശരാജ്യങ്ങളുമായി നല്ല കച്ചവടബന്ധം സ്ഥാപിക്കാന്‍ തുറമുഖത്തിന്റെ സാന്നിധ്യം സഹായിച്ചു. ബ്രിട്ടീഷുകാര്‍ ഇന്ത്യയെ കൊള്ളയടിച്ചില്ലായിരുന്നെങ്കില്‍, സൂറത്ത് വ്യവസായ നഗരം രാജ്യത്തെ വ്യവസായവിപ്ലവത്തിന് തിരികൊളുത്തുമായിരുന്നു എന്നൊരു ചൊല്ലുതന്നെയുണ്ട്. വൈദ്യുതിയിലും എണ്ണയിലും സമ്പന്നമാണ് ഗുജറാത്ത്. പ്രകൃതിവിഭവങ്ങളാല്‍ അനുഗ്രഹീതമാണ്. ജാംഷെഡ്ജി ടാറ്റായുടെയും ധീരുഭായ് അംബാനിയുടെയും അസിം പ്രേംജിയുടെയും ജന്മനാടാണ്. അനുകൂല സാഹചര്യങ്ങള്‍ മോഡിയുടെ ശ്രമങ്ങള്‍ക്ക് അടിത്തറനല്‍കി.

2001-02 മുതല്‍ 2011-12 വരെ പത്തുകൊല്ലത്തിനിടയ്ക്ക് ആഭ്യന്തരവരുമാനം പ്രതിവര്‍ഷം 10 ശതമാനം കണ്ട് വര്‍ധിച്ചു. എന്നാല്‍, ദാരിദ്ര്യം ഒരു പ്രധാന പ്രശ്നമായി പരിഹാരമില്ലാതെ തുടരുന്നു. സാമ്പത്തികവളര്‍ച്ചകൊണ്ട് ദാരിദ്ര്യം തുടച്ചുനീക്കപ്പെടില്ല. ആരോഗ്യസുരക്ഷ, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിവയെ അടിസ്ഥാനമാക്കിയ ബഹുമുഖ ദാരിദ്ര്യ സൂചികപ്രകാരം, ഗുജറാത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ 11-ാം സ്ഥാനത്ത് നില്‍ക്കുന്നു. കേരളം ദാരിദ്ര്യലഘൂകരണത്തില്‍ ഒന്നാം സ്ഥാനത്തും. 23 ശതമാനം ജനങ്ങള്‍ ഗുജറാത്തില്‍ ദാരിദ്ര്യരേഖയ്ക്കു താഴെ കഴിയുന്നു. കേരളത്തില്‍ 13 ശതമാനവും.

സങ്കുചിതമായ അര്‍ഥത്തില്‍ ഗുജറാത്ത് സാമ്പത്തികവളര്‍ച്ച കൈവരുത്തുമ്പോഴും വളര്‍ച്ചയുടെ പ്രയോജനം നിഷേധിക്കപ്പെട്ട വലിയൊരു വിഭാഗത്തെ നരേന്ദ്രമോഡി സൃഷ്ടിച്ചു; പോഷകാഹാരവും വിദ്യാഭ്യാസവും ആരോഗ്യസുരക്ഷയും നിഷേധിക്കപ്പെട്ട ഒരു തലമുറയെ. അങ്ങനെ നരേന്ദ്രമോഡി രണ്ടു ഗുജറാത്തിനെ സൃഷ്ടിച്ചു. സമ്പന്നരുടെ ഗുജറാത്തും  ദരിദ്രരുടെ ഗുജറാത്തും. 2013-14 ലെ സംസ്ഥാന ബജറ്റിനുമുന്നോടിയായി അവതരിപ്പിച്ച സാമൂഹിക- സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ഇങ്ങനെ രേഖപ്പെടുത്തുന്നു: ""2001 മുതല്‍ സംസ്ഥാനം കൈവരിച്ച സാമ്പത്തിക പുരോഗതിയോടു നീതിപുലര്‍ത്തുന്ന മുന്നേറ്റം മനുഷ്യവികസന രംഗത്ത് ഉണ്ടാക്കാനായില്ല. വികസനനേട്ടങ്ങള്‍ ജനങ്ങളുടെ ജീവിത ഗുണനിലവാരം ഉയര്‍ത്താന്‍ ഉതകിയില്ല."" എന്താണ് ഇതില്‍നിന്നും മനസ്സിലാക്കേണ്ടത്? വികസനം ഒരു വഴിയെ, ജനജീവിതാവസ്ഥ മറുവഴിയെ എന്നല്ലേ? ഗുജറാത്ത് "വികസനമാതൃക"യുടെ പ്രത്യാഘാതങ്ങള്‍ പലതാണ്.

തൊഴിലവസരങ്ങള്‍ കുറഞ്ഞു എന്നതാണ് പ്രധാന പ്രത്യാഘാതം. നാഷണല്‍ സാമ്പിള്‍ സര്‍വേ പ്രകാരം, 1993-94 മുതല്‍ 2004-05 വരെ പ്രതിവര്‍ഷം തൊഴിലവസരങ്ങളുടെ വര്‍ധന 2.69 ശതമാനമായിരുന്നു. എന്നാല്‍, 2004-05 മുതല്‍ 2009-10 വരെ തൊഴില്‍ലഭ്യതാ വളര്‍ച്ചാനിരക്ക് പൂജ്യം ശതമാനമായി ചുരുങ്ങി. സംഘടിതമേഖലയിലെ തൊഴിലവസരങ്ങള്‍ ഇടിഞ്ഞു. അപ്രകാരം തൊഴില്‍ നഷ്ടപ്പെട്ടവരും സ്വതന്ത്ര സാമ്പത്തികമേഖലയുടെ പേരില്‍ ഭൂമിയും വരുമാനവും നഷ്ടമായവരും അസംഘടിതമേഖലയെ അഭയം പ്രാപിച്ചു.

ഗുജറാത്തിലെ പുരുഷതൊഴിലാളികളില്‍ 89 ശതമാനവും സ്ത്രീത്തൊഴിലാളികളില്‍ 98 ശതമാനവും അസംഘടിതമേഖലയിലാണ് തൊഴിലെടുക്കുന്നത്. കുറഞ്ഞ കൂലിയും ജോലിസ്ഥിരതയില്ലായ്മയുമാണ് അസംഘടിതമേഖലയുടെ പ്രത്യേകത. ഗ്രാമങ്ങളിലെ പുരുഷ തൊഴിലാളികളുടെ ശരാശരി ദിവസക്കൂലി 69 രൂപയും സ്ത്രീത്തൊഴിലാളികളുടേത് 56 രൂപയുമാണ്. പട്ടണങ്ങളില്‍ യഥാക്രമം 106 ഉം, 56 ഉം. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം അതിരൂക്ഷമാണ്. ഉദാഹരണമായി, പ്രധാനനഗരമായ അഹമ്മദാബാദില്‍ ഉപഭോക്തൃവിലസൂചിക 2009-10ല്‍ 157 ആയിരുന്നു. 2012-13ല്‍ അത് 209 ആയി വര്‍ധിച്ചു. അതായത് 33 ശതമാനം വര്‍ധന, പ്രതിവര്‍ഷം 10 ശതമാനം നിരക്കില്‍. കര്‍ഷകത്തൊഴിലാളികളുടെ ഉപഭോക്തൃവില സൂചിക 2012-13 നകമുള്ള അഞ്ചുവര്‍ഷവും പ്രതിവര്‍ഷം 11.74 ശതമാനം നിരക്കില്‍ വര്‍ധിച്ചു.

 സാധാരണക്കാര്‍ക്ക് പ്രയോജനകരമാകേണ്ട പൊതുവിതരണ സമ്പ്രദായം ദുര്‍ബലമാണ്. ബിപിഎല്‍ കുടുംബത്തിന് ഒരാഴ്ച മൂന്നുരൂപ നിരക്കില്‍ ലഭിക്കുന്നത് മൂന്ന് കിലോ അരി മാത്രമാണ്. സ്പെഷ്യല്‍ അരി കിട്ടണമെങ്കില്‍ ഏഴുരൂപ നല്‍കണം. ഏഴുരൂപ നിരക്കില്‍ എട്ടുകിലോ അരി ലഭിക്കും. രണ്ടുരൂപ നിരക്കില്‍ 13 കിലോ ഗോതമ്പും. കേരളവും ഗുജറാത്തും തമ്മിലെ താരതമ്യം രണ്ടു ഗുണപാഠങ്ങള്‍ നമുക്കുനല്‍കുന്നു. ഒന്നാമതായി, മുതലാളിത്തപരമായ ഉല്‍പ്പാദനത്തില്‍ അധിഷ്ഠിതമായ സാമ്പത്തികവളര്‍ച്ച ജനജീവിതം മെച്ചപ്പെടുത്തുകയില്ല. ഗുജറാത്ത് നല്‍കുന്ന പാഠമാണത്.

രണ്ട്, സ്വത്തുടമാബന്ധങ്ങളിലെ മാറ്റങ്ങള്‍ സാധാരണക്കാരുടെ ജീവിതഗുണനിലവാരം മെച്ചപ്പെടുത്തും. കേരളം നല്‍കുന്ന പാഠമാണിത്. ജന്മികള്‍ ഭൂമി കൈയടക്കിവച്ചിരുന്ന കാലത്തെ ജീവിതാവസ്ഥയും ഭൂപരിഷ്കരണത്തെതുടര്‍ന്ന് നിലവില്‍വന്ന ജീവിതാവസ്ഥയും തമ്മില്‍ അജഗജാന്തരമുണ്ട്. 1957ലെ സര്‍ക്കാര്‍ നടപ്പാക്കിയ ഭൂപരിഷ്കാരവും വിദ്യാഭ്യാസ പരിഷ്കാരവും കേരളീയ ജീവിതത്തില്‍ സമഗ്രമായ മാറ്റങ്ങള്‍ക്ക് വഴിതുറന്നു. സമ്പൂര്‍ണ സാക്ഷരതാ പ്രസ്ഥാനവും അധികാരവികേന്ദ്രീകരണവും സാമൂഹ്യസുരക്ഷാപദ്ധതികളും റേഷന്‍ സമ്പ്രദായവും തൊഴില്‍ നിയമങ്ങളും സാധാരണക്കാരുടെ ജീവിത ഗുണനിലവാരം ഉയര്‍ത്തുന്നതില്‍ നിര്‍ണായകമായി. അവയുടെയെല്ലാം ആകത്തുകയാണ് ലോകം ആദരിക്കുന്ന കേരള വികസന മാതൃക.