2012, ജൂലൈ 26, വ്യാഴാഴ്‌ച

ശാസ്ത്ര മുന്നേറ്റത്തിന്റെ ശാസ്ത്രീയ വീക്ഷണം


വി ബി ചെറിയാന്‍


പദാര്‍ഥകണങ്ങള്‍ക്ക് പിണ്ഡം നല്‍കുന്നത് ഹിഗ്സ് ബോസോണ്‍ എന്ന സവിശേഷ കണികയാണെന്ന സങ്കല്‍പ്പം 1964ല്‍ മുന്നോട്ടുവയ്ക്കുന്നത് പീറ്റര്‍ ഹിഗ്സ് ഉള്‍പ്പെടെയുള്ള ആറ് ഭൗതിക ശാസ്ത്രജ്ഞരാണ്. അന്നുമുതല്‍ ശാസ്ത്രജ്ഞര്‍ അതിനെ കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ ശ്രമം സഫലമാകുന്നതിന് തൊട്ടടുത്തെത്തിയിരിക്കുന്നെന്ന വിശ്വാസമാണ് ജനീവയിലെ യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ച് എന്ന സ്ഥാപനത്തിലെ ശാസ്ത്രജ്ഞരെയും ലോകമെങ്ങുമുള്ള ഭൗതിക ശാസ്ത്രജ്ഞരെയും ഇപ്പോള്‍ ആവേശം കൊള്ളിച്ചിരിക്കുന്നത്. ഇവിടെ സ്ഥാപിച്ച ലാര്‍ജ് ഹാഡ്രണ്‍ കൊളൈഡര്‍ എന്ന ലോകത്തെ ഏറ്റവും ചെലവേറിയ പരീക്ഷണയന്ത്രത്തിന്റെ സഹായത്തോടെ നടത്തിയ പരീക്ഷണത്തില്‍ ഹിഗ്സ് ബോസോണ് സമാനമായ വസ്തു കണ്ടെത്താന്‍ കഴിഞ്ഞെന്നതാണ് ആവേശത്തിനാധാരമായ പുതിയ സംഭവവികാസം.

ജനീവയ്ക്കടുത്ത് ഫ്രാന്‍സിന്റെയും സ്വിറ്റ്സര്‍ലന്‍ഡിന്റെയും അതിര്‍ത്തിയില്‍ ഭൂനിരപ്പില്‍ നിന്ന് താഴെയുള്ള തുരങ്കത്തിലാണ് ലാര്‍ജ് ഹാഡ്രണ്‍ കൊളൈഡര്‍ സ്ഥാപിച്ചത്. 27 കിലോമീറ്റര്‍ (17 മൈല്‍) നീളമുള്ള കുഴലാണ് യന്ത്രത്തിന്റെ പ്രധാനഭാഗം. 1998 മുതല്‍ 2008 വരെ 10 വര്‍ഷംകൊണ്ടാണ് യന്ത്രം സ്ഥാപിക്കല്‍ പൂര്‍ത്തിയാക്കിയത്.

ഈ കുഴലിനുള്ളില്‍ അത്യുന്നത ഊര്‍ജത്തില്‍ എതിര്‍ദിശകളില്‍ പ്രോട്ടോണ്‍ കണങ്ങളെ പ്രവഹിപ്പിച്ച് ഓരോ സെക്കന്‍ഡിലും 14 ലക്ഷം കോടി വോള്‍ട്ടില്‍ കോടിക്കണക്കിന് കൂട്ടിയിടികള്‍ സൃഷ്ടിച്ചാണ് പരീക്ഷണം നടത്തിയത്. ഈ കൂട്ടിയിടിയില്‍ പ്രോട്ടോണുകള്‍ തകരുകയും അവയിലെ സൂക്ഷ്മതരങ്ങളായ കണികകള്‍ ചിതറിത്തെറിക്കുകയും ചെയ്യും. കൂട്ടിയിടിയില്‍ സൃഷ്ടിക്കപ്പെടുന്ന ഉന്നതതാപനിലയും കൂടിയാകുമ്പോള്‍ ഇന്നത്തെ രൂപത്തിലുള്ള പ്രപഞ്ചത്തിന്റെ ആരംഭത്തിന് തൊട്ടുശേഷമുള്ള സന്ദര്‍ഭത്തിന് സമാനമായ സ്ഥിതി രൂപപ്പെടും. ആ സ്ഥിതിവിശേഷത്തില്‍ പദാര്‍ഥങ്ങള്‍ക്ക് പിണ്ഡം നല്‍കുന്ന വസ്തുവിനെ സ്വതന്ത്രമായി കണ്ടെത്താനാകുമെന്നായിരുന്നു പ്രതീക്ഷ. ആ പ്രതീക്ഷ സഫലമായെന്നാണ് ജൂലൈ നാലിന് സേണിലെ ഇരു ഗവേഷണസംഘങ്ങളുടെയും തലവന്മാര്‍ (ജോ ഇന്‍കാന്‍ഡലയും ഫാബിയോള ജിയോനാറ്റിയും) സംയുക്തമായി അറിയിച്ചത്.

ഇന്ത്യയടക്കം നൂറിലധികം രാജ്യത്തെ മൂവായിരത്തിലധികം ശാസ്ത്രജ്ഞരും ആയിരത്തോളം ശാസ്ത്രവിദ്യാര്‍ഥികളുമാണ് ഈ അന്താരാഷ്ട്രസംരംഭത്തില്‍ പങ്കാളികളായത്. ഗവേഷണഫലത്തെ "5 സിഗ്മ" എന്നാണ് ശാസ്ത്രജ്ഞര്‍ വിശേഷിപ്പിച്ചത്. അതായത് പിഴവിനുള്ള സാധ്യത 0.00006ന് ശതമാനം മാത്രം.

കഴിഞ്ഞ ഡിസംബറില്‍ പരീക്ഷണം ബോസോണ്‍ കണത്തിനടുത്ത് എത്തിയെന്ന് പ്രഖ്യാപിച്ചിരുന്നു. വീണ്ടും ആറുമാസം കൂടി നടത്തിയ ഗവേഷണങ്ങള്‍ വിജയത്തിന് കൂടുതല്‍ അടുത്തേക്ക് നയിച്ചിരിക്കുന്നുവെന്നുള്ളതാണ് ഇപ്പോഴത്തെ പ്രഖ്യാപനം വ്യക്തമാക്കുന്നത്. ഈ വര്‍ഷാവസാനത്തോടെ ഹിഗ്സ് ബോസോണ്‍ കൂടുതല്‍ സ്ഥിരീകരണം നേടാനാകുമെന്നാണ് ഈ ഗവേഷണസംഘങ്ങളുടെ പ്രതീക്ഷ. പ്രപഞ്ചത്തില്‍ കണികകളുടെ പ്രവര്‍ത്തന- പ്രതിപ്രവര്‍ത്തനം സംബന്ധിച്ച് ശാസ്ത്രലോകം അംഗീകരിച്ച ഗണിതമാതൃകയാണ് സ്റ്റാന്‍ഡേര്‍ഡ് മോഡല്‍.

ഇപ്രകാരം വസ്തുക്കളുടെയും ഊര്‍ജത്തിന്റെയും അടിസ്ഥാനമായി 18 മൂലകമാണ് ഉള്ളതെന്നാണ് അവകാശവാദം. അതില്‍ ആറുതരം ക്വാര്‍ക്കും ആറുതരം ലെപ്ടോണുകളും പെടുമത്രേ. പ്രകാശത്തിന്റെ അടിസ്ഥാന കണമായി കരുതപ്പെടുന്ന ഫോട്ടോണുകള്‍ക്ക് പിണ്ഡമില്ല. അതില്‍നിന്ന് വ്യത്യസ്തമായി ക്വാര്‍ക്കുകള്‍ക്കും ലെപ്ടോണുകള്‍ക്കും പിണ്ഡം ലഭിക്കുന്നത് എങ്ങനെയെന്ന് വിശദീകരിക്കാന്‍ സ്റ്റാന്‍ഡേര്‍ഡ് മോഡലിന്റെ ഗണിതമാതൃകയ്ക്ക് കഴിഞ്ഞില്ല. ഈ കുറവ് പരിഹരിക്കാനാണ് 1964ല്‍ പീറ്റര്‍ ഹിഗ്സും കൂട്ടരും ഹിഗ്സ് ഫീല്‍ഡ് എന്ന സങ്കല്‍പ്പം കൊണ്ടുവന്നത്.

ഹിഗ്സ് ഫീല്‍ഡിന് അടിസ്ഥാനമായ കണങ്ങളാണ് ഹിഗ്സ് ബോസോണുകള്‍. പ്രതിസന്ധിയില്‍പ്പെട്ട് തകരുന്ന സാമ്രാജ്യത്വം ഇന്ന് പിടിച്ചുനില്‍ക്കാന്‍ എല്ലാ സങ്കുചിതബോധങ്ങളെയും മതബോധങ്ങളെയുമാണ് ആയുധമാക്കുന്നത്. ശാസ്ത്രത്തിന്റെ വമ്പിച്ച പുരോഗതിയിലൂടെ അനാവരണം ചെയ്യപ്പെടുന്ന ഭൗതികചലനിയമങ്ങള്‍ ഈ സാമ്രാജ്യത്വശ്രമങ്ങളെ ചെറുക്കാന്‍ പറ്റുന്ന ആയുധങ്ങളാണ്.

അത് സാധ്യമാകണമെങ്കില്‍ പ്രകൃതിയെ യഥാതഥം ചിത്രീകരിക്കുന്ന വൈരുധ്യാത്മക ഭൗതികവാദ അടിത്തറയില്‍ നിന്ന് ശാസ്ത്രത്തിന്റെ ഓരോ കാല്‍വയ്പുകളെയും വിശദീകരിക്കാന്‍ കഴിയണം. സാമ്പത്തികരംഗത്തെയും രാഷ്ട്രീയരംഗത്തെയും എന്നപോലെ ആശയ സാംസ്കാരികരംഗത്തെ വര്‍ഗസമരവും പ്രധാനമാണ്. സാമ്പത്തിക വര്‍ഗസമരമാണ് അടിസ്ഥാനപരമെന്നും രാഷ്ട്രീയരംഗത്തെ വര്‍ഗസമരമാണ് നിര്‍ണായകമെന്നും അംഗീകരിക്കുമ്പോള്‍ തന്നെ ഈ രണ്ടു രംഗത്തെയും വര്‍ഗസമരം വിജയിക്കണമെങ്കില്‍ അതിന് സാംസ്കാരികരംഗത്തെ വര്‍ഗസമരത്തിന്റെ പിന്തുണ ആവശ്യമാണെന്നതുകൂടി ഓര്‍ക്കേണ്ടതുണ്ട്.

മഹാഭൂരിപക്ഷം വരുന്ന അധ്വാനിക്കുന്ന ജനങ്ങളുടെ താല്‍പ്പര്യത്തെ ഹനിക്കുന്ന ഒന്നെന്ന നിലയ്ക്ക് മുതലാളിത്തവ്യവസ്ഥയുടെ ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ ഭാവം ഇന്നത്തെ ലോക സാമ്പത്തിക കുഴപ്പം മറനീക്കി കാണിക്കുകയാണ്. 99 ശതമാനത്തിനെതിരായ ഒരുശതമാനം സമ്പന്നരുടെ ആധിപത്യമെന്ന നിലയ്ക്ക് വാള്‍സ്ട്രീറ്റ് സമരം അമേരിക്കന്‍ മുതലാളിത്തത്തെ ലോകസമൂഹത്തിനു മുന്നില്‍ തുറന്നുകാട്ടി. അത് ലോകമുതലാളിത്തത്തെ പിടിച്ചുലയ്ക്കുകയാണ്. ഇതാകട്ടെ അവികസിത മുതലാളിത്തലോകത്തെ ചൂഷിത ജനസാമാന്യത്തിനാകെ പുത്തനുണര്‍വ് പകര്‍ന്നുകൊടുക്കുകയും ചെയ്യുന്നു.

പ്രപഞ്ചത്തിനുള്ള സാര്‍വലൗകിക പ്രസക്തങ്ങളായ നിയമങ്ങളെയാണ് പ്രകൃതിനിയമങ്ങളെന്ന് മനസ്സിലാക്കേണ്ടത്. നിയമനിര്‍മാണസഭകള്‍ക്കോ അവയുണ്ടാക്കുന്ന നിയമങ്ങളെ ആസ്പദമാക്കി വിധിന്യായം പുറപ്പെടുവിക്കുന്ന കോടതിക്കോ ആധാരമാകുന്ന നിയമബോധങ്ങളെല്ലാം പ്രകൃതിനിയമങ്ങള്‍ക്ക് വഴങ്ങുന്നവയാകണം. പ്രകൃതിനിയമങ്ങള്‍ പ്രകൃതിയുടെ ഭാഗമായ സമൂഹത്തിനും സമൂഹത്തിന്റെ അവിഭാജ്യഭാഗമായ സാമൂഹ്യമനസ്സിനും അഥവാ ബോധത്തിനും അഥവാ ചിന്തയ്ക്കും ഒരുപോലെ ബാധകവുമായിരിക്കും. പ്രകൃതിനിയമവുമായി പൊരുത്തപ്പെടാത്ത ഏത് സാമൂഹ്യനിയമവും ഏത് ചിന്താപദ്ധതിയും ഒരു നീതിന്യായകോടതിക്കും എത്ര ശ്രമിച്ചാലും സംരക്ഷിക്കാനാകില്ല. ആയതിനാല്‍ പ്രകൃതി, സമൂഹം, ചിന്ത ഇവയെല്ലാം എങ്ങനെ പരസ്പരം ബന്ധപ്പെട്ട് തുടര്‍ചലനങ്ങളിലൂടെ മാറിക്കൊണ്ടിരിക്കുന്നുവെന്ന യാഥാര്‍ഥ്യത്തെ തിരിച്ചറിയേണ്ടതുണ്ട്. ഈ തിരിച്ചറിവില്ലാത്ത എന്തു പ്രവൃത്തികള്‍ക്കും ചിന്താപദ്ധതികള്‍ക്കും മാറ്റങ്ങളുടെ തുടര്‍പ്രവാഹത്തിന്റെ കുത്തൊഴുക്കായ കാലത്തിനു മുന്നില്‍ നിലനില്‍പ്പ് നഷ്ടമാകുമെന്നത് തെളിഞ്ഞുതെളിഞ്ഞു വരുന്ന വസ്തുനിഷ്ഠ യാഥാര്‍ഥ്യമാണ്. ഈ വസ്തുനിഷ്ഠ യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളുന്ന ഒന്നാണ് സോഷ്യലിസ്റ്റ് നിയമങ്ങള്‍.

സോഷ്യലിസ്റ്റ് ശക്തികള്‍ സോഷ്യലിസ്റ്റ് നിയമങ്ങളെ ലംഘിച്ചാല്‍ അങ്ങനെ ലംഘിക്കുന്ന ഇടങ്ങളില്‍ അത്തരം സോഷ്യലിസ്റ്റ് പരീക്ഷണങ്ങളും തിരസ്കരിക്കപ്പെടുമെന്നുള്ളത് കാലം തെളിയിച്ചല്ലോ? ആയതിനാല്‍ സോഷ്യലിസ്റ്റ് ശക്തികള്‍ വസ്തുനിഷ്ഠസ്വഭാവമുള്ള സോഷ്യലിസ്റ്റ് നിയമങ്ങളില്‍ നിന്ന് വ്യതിചലിക്കരുതെന്നും ഒരിക്കലും അവയെ ലംഘിക്കരുതെന്നും സാമൂഹ്യവികാസത്തിന്റെ ഓരോ ഘട്ടത്തിലും ഓര്‍ക്കേണ്ടതുണ്ട്. (അവസാനിച്ചു)





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ