2012, ജൂലൈ 22, ഞായറാഴ്‌ച

വൈരുദ്ധ്യാത്മക ഭൌതിക വാദം

പണിയെല്ലാം തീര്‍ന്ന് ഉമ്മാ വരുന്നതും കാത്തിരിക്കുകയായിരുന്നു കുഞ്ഞു ഫാസില്‍. രണ്ട് ദിവസമായി, നാട്ടില്‍ നിന്നും വാപ്പുമ്മ വന്നതിനു ശേഷം വീട്ടില്‍ വലിയ മാറ്റമാണു. എല്ലാവരും വലിയ നിസ്ക്കാരവും ഓതലും പ്രാര്‍ഥനയും ദിക്ക്രുമൊക്കെയാണ്. അങ്ങിനെയാണു കിടക്കും മുന്‍പേ അന്‍പത് “ലാഇലാഹ ഇല്ലള്ളാ” ചൊല്ലി വീട്ടിലെല്ലാവരേയും രക്ഷിക്കണേന്ന് പ്രാര്‍ഥിക്കാന്‍ തലേന്ന് മുതല്‍ ആരംഭിച്ചത്.

കുട്ടികളെ ഇതൊന്നും ശീലിപ്പിക്കാത്തതിനു വാപ്പുമ്മ ഉമ്മായെ കുറേ വഴക്ക് പറഞ്ഞു. ഉമാ കരയുന്നതു കണ്ടു. ആദ്യമൊക്കെ ചൊല്ലാന്‍ മടിയായിരുന്നെങ്കിലും വഴക്ക് കേള്‍ക്കുമ്പോള്‍ കണ്ണ് നിറച്ച് കുനിഞ്ഞ് നില്‍ക്കുന്ന ഉമ്മായെ കുറിച്ചോര്‍ത്തപ്പോള്‍ അവന്‍ വിഷമിച്ചാണെങ്കിലും അനുസരിച്ചു. ഉമ്മായെ കാക്കണേ, ഉപ്പായെ കാക്കണേ ഇത്താത്തായേയും ഇക്കാക്കാനേം കാക്കണേ വീട്ടിലുള്ളവരെ കാക്കണേ എന്നൊക്കെ ധൃതിയില്‍ പറഞ്ഞ് അവന്‍ കിടന്നുറങ്ങി. കുട്ടികളുടെ പ്രാര്‍ഥനയാണു അല്ലാഹുവിനു ഏറ്റവും ഇഷ്ടമെന്നാണ് വാപ്പുമ്മ പറയുന്നത്.

കുട്ടികള്‍ ആര്‍ക്കുവേണ്ടി പ്രാര്‍ഥിച്ചാലും അവര്‍ സ്വര്‍ഗ്ഗത്തില്‍ പോകുമത്രെ..
  
                                                   
രാവിലെ അപ്പുറത്തെ വീട്ടിലെ കളിക്കൂട്ടുകാരന്‍ കണ്ണനെ കാണുമ്പോഴാണു താന്‍ ചെയ്ത തെറ്റിനെക്കുറിച്ച് കുഞ്ഞു ഫാസിക്ക് ഓര്‍മ്മവന്നത്..

ആഴ്ചയിലൊരിക്കല്‍ നാട്ടില്‍ വരുന്ന കണ്ണന്റെ അഛന്‍ കൊണ്ടെത്തരുന്ന മുട്ടായിയില്‍ പകുതിയിലധികം അവന്‍ തനിക്കാണല്ലോ തരുന്നത്. എന്നിട്ടും അവനെ രക്ഷിക്കണേന്ന് താനല്ലാഹുവിനോട് പറഞ്ഞില്ലല്ലോന്നോര്‍ത്തപ്പോള്‍ അവന്റെ നെഞ്ച് നീറി.

കുറ്റബോധം കാരണം കണ്ണന്റെ മുഖത്ത് നോക്കാന്‍ അവനായില്ല. ഇന്നെങ്കിലും കൂട്ടുകാരനുവേണ്ടി അല്ലാഹുവിനോട് പറയണം അവന്‍ തീരുമാനിച്ചു..

സമയം വല്ലാതെ ഇഴഞ്ഞ് നീങ്ങും പോലെ അവനു തോന്നി.

രാത്രിയാകാന്‍ ഇനിയുമെത്രയോ നേരം വേണം..

സ്വര്‍ഗ്ഗത്തില്‍ കിട്ടാന്‍ പോകുന്ന സൌകര്യങ്ങളെ ക്കുറിച്ചൊക്കെ അവന്‍ ചോദിച്ചു മനസ്സിലാക്കി.. ചോക്ലേറ്റ് മലയും ഐസ്ക്രീം തടാകവും ആകാശം നിറയെ ബലൂണുകളുമുള്ള സ്വര്‍ഗ്ഗത്തില്‍ താനും കണ്ണനും ഓടി നടക്കുന്നത്, പന്ത് കളിക്കുന്നതൊക്കെ അവന്‍ സ്വപ്നം കണ്ടു... ഹൊ.!!

ഈ ഉമ്മ എന്താ വരാത്തത്.. അവന്‍ അടുക്കളയില്‍ ചെന്ന് നോക്കി.  ഉമ്മാടെ പണി കഴിയാറായീന്ന് തോന്നുന്നു.. അവന്‍ ഓടി ബെഢില്‍ കയറിയിരുന്നു.. ദിക്ക് ര്‍ ചൊല്ലാന്‍ തുടങ്ങി.

ആഹാ. എന്റെ മോന്‍ ശരിക്കും മിടുക്കാനായല്ലോന്ന് പറഞ്ഞ് ചിരിച്ചു ഉമ്മാ അവനെ കെട്ടിപ്പിടിച്ചു.

അന്‍പത് തവണ ചൊല്ലിക്കഴിഞ്ഞാണു ഓരോഴുത്തര്‍ക്കും വേണ്ടി പ്രാര്‍ഥിക്കേണ്ടത്.

അവന്‍ മനസ്സു കോണ്ട് ശരിക്കും തയ്യാറായിരുന്നു.

ആദ്യം കണ്ണന്റെ കാര്യമാണു പറയേണ്ടത്.

പക്ഷേ...

അപ്പോഴേക്കും അവന്റെ മനസ്സില്‍ ഒത്തിരി പേരുകള്‍ കയറി വന്നു. അപ്പുറത്തേ വീട്ടിലെ അമ്മ മുതല്‍ സ്കൂളിലെ ടീച്ചര്‍മാര്‍ വരെ.

രാവിലെ മുതല്‍ വൈകുന്നേരം വരെ അവന്‍ കാണുന്ന എല്ലാവരേയും അവനോര്‍മ്മ വന്നു. അവനു എല്ലാവരേയും ഇഷ്ടമായിരുന്നു.

അമ്മയുടെ വീട്ടിലെ കറുമ്പി പശുവിനെ മുതല്‍ അച്ചാച്ചന്റെ വീട്ടിലെ കൈസറിനെ വരെ..

അവന്‍ ചെല്ലുമ്പോഴെല്ലാം കാലിനിടയിലൂടെയൊക്കെ ഉരുമ്മിയുരുമ്മി നടക്കുന്ന മൈമൂനത്താത്തയുടെ വീട്ടിലെ കുറിഞ്ഞിപ്പൂച്ചമുതല്‍, അവനെ പേരു ചൊല്ലി വിളിക്കുന്ന മീനു തത്ത വരെ..

അവനു സ്വര്‍ഗ്ഗത്തിലെത്തിക്കേണ്ടവരുടെ പട്ടിക നീണ്ട് നീണ്ട് പോയി..

അവസാനം തളര്‍ന്നു പോയ അവന്റെ ഉമ്മ അവനോട് പറഞ്ഞു .. “എന്റെ കുട്ടാ നമുക്കൊരു കാര്യം ചെയ്യാം.. നിനക്കിഷ്ടമുള്ള എല്ലാവരേയും കാക്കണേ എന്ന് പ്രാര്‍ഥിച്ചോളൂ” എന്ന്.

അപ്പോളവന്‍ പ്രാര്‍ഥിച്ചു.

അല്ലാഹുവേ... ഈ ലോകത്തില്‍ എല്ലാവരും ഇഷ്ടപ്പെടുന്ന എല്ലാവരേയും കാത്തു രക്ഷിക്കണേ...........

അങ്ങനെ കുഞ്ഞു ഫാസി ഒരു കമ്മ്യൂണിസ്റ്റായി................

3 അഭിപ്രായങ്ങൾ:

  1. അന്യമതസ്ഥരെ വളരെ ചെറുപ്പത്തില്‍ തന്നെ വെറുക്കാന്‍ പഠിപ്പിക്കുന്ന മദ്രസകള്‍ ഉള്ള നാട്ടില്‍ ഇത്തരം ചിന്ധകള്‍ ഒരു മത വിസ്വാസിയില്‍ നിന്ന് ഉണ്ടാവുക എന്നത് അതിര് കടന്ന ഒരു വ്യാമോഹം മാത്രമാണ്. കഥയാണിത് എങ്ങിലും നല്ല രസമുണ്ട് നമ്മുടെ ഭാവി തലമുറയെങ്ങിലും ഇങ്ങിനെ സ്വതന്ദ്രമായി ചിന്ധിച്ച്ചു ലോകത്ത് സമാധാനം പുലരനമെങ്ങില്‍ കതിരില്‍ വളം വ്ച്ച്ചുകൊടുക്കുന്ന മധാധിഷ്ടിത വിദ്യഭ്യാസം നിര്‍ത്തലാക്കിയെ മതിയാവു.

    മറുപടിഇല്ലാതാക്കൂ
  2. അയൽ ക്കാരൻ പട്ടിണി കിടക്കുമ്പോൾ വയർ നിറച്ചുണ്ണുന്നവൻ വിശ്വാസിയല്ലന്ന പ്രവാചക വചനമാണ് മദ്രസകളിൽ പഠിപ്പിക്കുന്നത്. മനുഷ്യരെല്ലാം ഒരെമാതാവിന്റെയും പിതാവിന്റെയും സന്താനങ്ങളാണെന്ന മനുഷ്യ സമത്വമാണ് ഖുർ ആൻ പഠിപ്പിക്കുന്നത്. കാര്യങ്ങൾ മനസിലാക്കാതെ വിദ്വേഷം പ്രചരിപ്പിക്കാതെ

    മറുപടിഇല്ലാതാക്കൂ
  3. മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി .................

    മറുപടിഇല്ലാതാക്കൂ