2012, ജൂലൈ 26, വ്യാഴാഴ്‌ച

ശാസ്ത്ര മുന്നേറ്റത്തിന്റെ ശാസ്ത്രീയ വീക്ഷണം


വി ബി ചെറിയാന്‍


പദാര്‍ഥകണങ്ങള്‍ക്ക് പിണ്ഡം നല്‍കുന്നത് ഹിഗ്സ് ബോസോണ്‍ എന്ന സവിശേഷ കണികയാണെന്ന സങ്കല്‍പ്പം 1964ല്‍ മുന്നോട്ടുവയ്ക്കുന്നത് പീറ്റര്‍ ഹിഗ്സ് ഉള്‍പ്പെടെയുള്ള ആറ് ഭൗതിക ശാസ്ത്രജ്ഞരാണ്. അന്നുമുതല്‍ ശാസ്ത്രജ്ഞര്‍ അതിനെ കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ ശ്രമം സഫലമാകുന്നതിന് തൊട്ടടുത്തെത്തിയിരിക്കുന്നെന്ന വിശ്വാസമാണ് ജനീവയിലെ യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ച് എന്ന സ്ഥാപനത്തിലെ ശാസ്ത്രജ്ഞരെയും ലോകമെങ്ങുമുള്ള ഭൗതിക ശാസ്ത്രജ്ഞരെയും ഇപ്പോള്‍ ആവേശം കൊള്ളിച്ചിരിക്കുന്നത്. ഇവിടെ സ്ഥാപിച്ച ലാര്‍ജ് ഹാഡ്രണ്‍ കൊളൈഡര്‍ എന്ന ലോകത്തെ ഏറ്റവും ചെലവേറിയ പരീക്ഷണയന്ത്രത്തിന്റെ സഹായത്തോടെ നടത്തിയ പരീക്ഷണത്തില്‍ ഹിഗ്സ് ബോസോണ് സമാനമായ വസ്തു കണ്ടെത്താന്‍ കഴിഞ്ഞെന്നതാണ് ആവേശത്തിനാധാരമായ പുതിയ സംഭവവികാസം.

ജനീവയ്ക്കടുത്ത് ഫ്രാന്‍സിന്റെയും സ്വിറ്റ്സര്‍ലന്‍ഡിന്റെയും അതിര്‍ത്തിയില്‍ ഭൂനിരപ്പില്‍ നിന്ന് താഴെയുള്ള തുരങ്കത്തിലാണ് ലാര്‍ജ് ഹാഡ്രണ്‍ കൊളൈഡര്‍ സ്ഥാപിച്ചത്. 27 കിലോമീറ്റര്‍ (17 മൈല്‍) നീളമുള്ള കുഴലാണ് യന്ത്രത്തിന്റെ പ്രധാനഭാഗം. 1998 മുതല്‍ 2008 വരെ 10 വര്‍ഷംകൊണ്ടാണ് യന്ത്രം സ്ഥാപിക്കല്‍ പൂര്‍ത്തിയാക്കിയത്.

ഈ കുഴലിനുള്ളില്‍ അത്യുന്നത ഊര്‍ജത്തില്‍ എതിര്‍ദിശകളില്‍ പ്രോട്ടോണ്‍ കണങ്ങളെ പ്രവഹിപ്പിച്ച് ഓരോ സെക്കന്‍ഡിലും 14 ലക്ഷം കോടി വോള്‍ട്ടില്‍ കോടിക്കണക്കിന് കൂട്ടിയിടികള്‍ സൃഷ്ടിച്ചാണ് പരീക്ഷണം നടത്തിയത്. ഈ കൂട്ടിയിടിയില്‍ പ്രോട്ടോണുകള്‍ തകരുകയും അവയിലെ സൂക്ഷ്മതരങ്ങളായ കണികകള്‍ ചിതറിത്തെറിക്കുകയും ചെയ്യും. കൂട്ടിയിടിയില്‍ സൃഷ്ടിക്കപ്പെടുന്ന ഉന്നതതാപനിലയും കൂടിയാകുമ്പോള്‍ ഇന്നത്തെ രൂപത്തിലുള്ള പ്രപഞ്ചത്തിന്റെ ആരംഭത്തിന് തൊട്ടുശേഷമുള്ള സന്ദര്‍ഭത്തിന് സമാനമായ സ്ഥിതി രൂപപ്പെടും. ആ സ്ഥിതിവിശേഷത്തില്‍ പദാര്‍ഥങ്ങള്‍ക്ക് പിണ്ഡം നല്‍കുന്ന വസ്തുവിനെ സ്വതന്ത്രമായി കണ്ടെത്താനാകുമെന്നായിരുന്നു പ്രതീക്ഷ. ആ പ്രതീക്ഷ സഫലമായെന്നാണ് ജൂലൈ നാലിന് സേണിലെ ഇരു ഗവേഷണസംഘങ്ങളുടെയും തലവന്മാര്‍ (ജോ ഇന്‍കാന്‍ഡലയും ഫാബിയോള ജിയോനാറ്റിയും) സംയുക്തമായി അറിയിച്ചത്.

ഇന്ത്യയടക്കം നൂറിലധികം രാജ്യത്തെ മൂവായിരത്തിലധികം ശാസ്ത്രജ്ഞരും ആയിരത്തോളം ശാസ്ത്രവിദ്യാര്‍ഥികളുമാണ് ഈ അന്താരാഷ്ട്രസംരംഭത്തില്‍ പങ്കാളികളായത്. ഗവേഷണഫലത്തെ "5 സിഗ്മ" എന്നാണ് ശാസ്ത്രജ്ഞര്‍ വിശേഷിപ്പിച്ചത്. അതായത് പിഴവിനുള്ള സാധ്യത 0.00006ന് ശതമാനം മാത്രം.

കഴിഞ്ഞ ഡിസംബറില്‍ പരീക്ഷണം ബോസോണ്‍ കണത്തിനടുത്ത് എത്തിയെന്ന് പ്രഖ്യാപിച്ചിരുന്നു. വീണ്ടും ആറുമാസം കൂടി നടത്തിയ ഗവേഷണങ്ങള്‍ വിജയത്തിന് കൂടുതല്‍ അടുത്തേക്ക് നയിച്ചിരിക്കുന്നുവെന്നുള്ളതാണ് ഇപ്പോഴത്തെ പ്രഖ്യാപനം വ്യക്തമാക്കുന്നത്. ഈ വര്‍ഷാവസാനത്തോടെ ഹിഗ്സ് ബോസോണ്‍ കൂടുതല്‍ സ്ഥിരീകരണം നേടാനാകുമെന്നാണ് ഈ ഗവേഷണസംഘങ്ങളുടെ പ്രതീക്ഷ. പ്രപഞ്ചത്തില്‍ കണികകളുടെ പ്രവര്‍ത്തന- പ്രതിപ്രവര്‍ത്തനം സംബന്ധിച്ച് ശാസ്ത്രലോകം അംഗീകരിച്ച ഗണിതമാതൃകയാണ് സ്റ്റാന്‍ഡേര്‍ഡ് മോഡല്‍.

ഇപ്രകാരം വസ്തുക്കളുടെയും ഊര്‍ജത്തിന്റെയും അടിസ്ഥാനമായി 18 മൂലകമാണ് ഉള്ളതെന്നാണ് അവകാശവാദം. അതില്‍ ആറുതരം ക്വാര്‍ക്കും ആറുതരം ലെപ്ടോണുകളും പെടുമത്രേ. പ്രകാശത്തിന്റെ അടിസ്ഥാന കണമായി കരുതപ്പെടുന്ന ഫോട്ടോണുകള്‍ക്ക് പിണ്ഡമില്ല. അതില്‍നിന്ന് വ്യത്യസ്തമായി ക്വാര്‍ക്കുകള്‍ക്കും ലെപ്ടോണുകള്‍ക്കും പിണ്ഡം ലഭിക്കുന്നത് എങ്ങനെയെന്ന് വിശദീകരിക്കാന്‍ സ്റ്റാന്‍ഡേര്‍ഡ് മോഡലിന്റെ ഗണിതമാതൃകയ്ക്ക് കഴിഞ്ഞില്ല. ഈ കുറവ് പരിഹരിക്കാനാണ് 1964ല്‍ പീറ്റര്‍ ഹിഗ്സും കൂട്ടരും ഹിഗ്സ് ഫീല്‍ഡ് എന്ന സങ്കല്‍പ്പം കൊണ്ടുവന്നത്.

ഹിഗ്സ് ഫീല്‍ഡിന് അടിസ്ഥാനമായ കണങ്ങളാണ് ഹിഗ്സ് ബോസോണുകള്‍. പ്രതിസന്ധിയില്‍പ്പെട്ട് തകരുന്ന സാമ്രാജ്യത്വം ഇന്ന് പിടിച്ചുനില്‍ക്കാന്‍ എല്ലാ സങ്കുചിതബോധങ്ങളെയും മതബോധങ്ങളെയുമാണ് ആയുധമാക്കുന്നത്. ശാസ്ത്രത്തിന്റെ വമ്പിച്ച പുരോഗതിയിലൂടെ അനാവരണം ചെയ്യപ്പെടുന്ന ഭൗതികചലനിയമങ്ങള്‍ ഈ സാമ്രാജ്യത്വശ്രമങ്ങളെ ചെറുക്കാന്‍ പറ്റുന്ന ആയുധങ്ങളാണ്.

അത് സാധ്യമാകണമെങ്കില്‍ പ്രകൃതിയെ യഥാതഥം ചിത്രീകരിക്കുന്ന വൈരുധ്യാത്മക ഭൗതികവാദ അടിത്തറയില്‍ നിന്ന് ശാസ്ത്രത്തിന്റെ ഓരോ കാല്‍വയ്പുകളെയും വിശദീകരിക്കാന്‍ കഴിയണം. സാമ്പത്തികരംഗത്തെയും രാഷ്ട്രീയരംഗത്തെയും എന്നപോലെ ആശയ സാംസ്കാരികരംഗത്തെ വര്‍ഗസമരവും പ്രധാനമാണ്. സാമ്പത്തിക വര്‍ഗസമരമാണ് അടിസ്ഥാനപരമെന്നും രാഷ്ട്രീയരംഗത്തെ വര്‍ഗസമരമാണ് നിര്‍ണായകമെന്നും അംഗീകരിക്കുമ്പോള്‍ തന്നെ ഈ രണ്ടു രംഗത്തെയും വര്‍ഗസമരം വിജയിക്കണമെങ്കില്‍ അതിന് സാംസ്കാരികരംഗത്തെ വര്‍ഗസമരത്തിന്റെ പിന്തുണ ആവശ്യമാണെന്നതുകൂടി ഓര്‍ക്കേണ്ടതുണ്ട്.

മഹാഭൂരിപക്ഷം വരുന്ന അധ്വാനിക്കുന്ന ജനങ്ങളുടെ താല്‍പ്പര്യത്തെ ഹനിക്കുന്ന ഒന്നെന്ന നിലയ്ക്ക് മുതലാളിത്തവ്യവസ്ഥയുടെ ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ ഭാവം ഇന്നത്തെ ലോക സാമ്പത്തിക കുഴപ്പം മറനീക്കി കാണിക്കുകയാണ്. 99 ശതമാനത്തിനെതിരായ ഒരുശതമാനം സമ്പന്നരുടെ ആധിപത്യമെന്ന നിലയ്ക്ക് വാള്‍സ്ട്രീറ്റ് സമരം അമേരിക്കന്‍ മുതലാളിത്തത്തെ ലോകസമൂഹത്തിനു മുന്നില്‍ തുറന്നുകാട്ടി. അത് ലോകമുതലാളിത്തത്തെ പിടിച്ചുലയ്ക്കുകയാണ്. ഇതാകട്ടെ അവികസിത മുതലാളിത്തലോകത്തെ ചൂഷിത ജനസാമാന്യത്തിനാകെ പുത്തനുണര്‍വ് പകര്‍ന്നുകൊടുക്കുകയും ചെയ്യുന്നു.

പ്രപഞ്ചത്തിനുള്ള സാര്‍വലൗകിക പ്രസക്തങ്ങളായ നിയമങ്ങളെയാണ് പ്രകൃതിനിയമങ്ങളെന്ന് മനസ്സിലാക്കേണ്ടത്. നിയമനിര്‍മാണസഭകള്‍ക്കോ അവയുണ്ടാക്കുന്ന നിയമങ്ങളെ ആസ്പദമാക്കി വിധിന്യായം പുറപ്പെടുവിക്കുന്ന കോടതിക്കോ ആധാരമാകുന്ന നിയമബോധങ്ങളെല്ലാം പ്രകൃതിനിയമങ്ങള്‍ക്ക് വഴങ്ങുന്നവയാകണം. പ്രകൃതിനിയമങ്ങള്‍ പ്രകൃതിയുടെ ഭാഗമായ സമൂഹത്തിനും സമൂഹത്തിന്റെ അവിഭാജ്യഭാഗമായ സാമൂഹ്യമനസ്സിനും അഥവാ ബോധത്തിനും അഥവാ ചിന്തയ്ക്കും ഒരുപോലെ ബാധകവുമായിരിക്കും. പ്രകൃതിനിയമവുമായി പൊരുത്തപ്പെടാത്ത ഏത് സാമൂഹ്യനിയമവും ഏത് ചിന്താപദ്ധതിയും ഒരു നീതിന്യായകോടതിക്കും എത്ര ശ്രമിച്ചാലും സംരക്ഷിക്കാനാകില്ല. ആയതിനാല്‍ പ്രകൃതി, സമൂഹം, ചിന്ത ഇവയെല്ലാം എങ്ങനെ പരസ്പരം ബന്ധപ്പെട്ട് തുടര്‍ചലനങ്ങളിലൂടെ മാറിക്കൊണ്ടിരിക്കുന്നുവെന്ന യാഥാര്‍ഥ്യത്തെ തിരിച്ചറിയേണ്ടതുണ്ട്. ഈ തിരിച്ചറിവില്ലാത്ത എന്തു പ്രവൃത്തികള്‍ക്കും ചിന്താപദ്ധതികള്‍ക്കും മാറ്റങ്ങളുടെ തുടര്‍പ്രവാഹത്തിന്റെ കുത്തൊഴുക്കായ കാലത്തിനു മുന്നില്‍ നിലനില്‍പ്പ് നഷ്ടമാകുമെന്നത് തെളിഞ്ഞുതെളിഞ്ഞു വരുന്ന വസ്തുനിഷ്ഠ യാഥാര്‍ഥ്യമാണ്. ഈ വസ്തുനിഷ്ഠ യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളുന്ന ഒന്നാണ് സോഷ്യലിസ്റ്റ് നിയമങ്ങള്‍.

സോഷ്യലിസ്റ്റ് ശക്തികള്‍ സോഷ്യലിസ്റ്റ് നിയമങ്ങളെ ലംഘിച്ചാല്‍ അങ്ങനെ ലംഘിക്കുന്ന ഇടങ്ങളില്‍ അത്തരം സോഷ്യലിസ്റ്റ് പരീക്ഷണങ്ങളും തിരസ്കരിക്കപ്പെടുമെന്നുള്ളത് കാലം തെളിയിച്ചല്ലോ? ആയതിനാല്‍ സോഷ്യലിസ്റ്റ് ശക്തികള്‍ വസ്തുനിഷ്ഠസ്വഭാവമുള്ള സോഷ്യലിസ്റ്റ് നിയമങ്ങളില്‍ നിന്ന് വ്യതിചലിക്കരുതെന്നും ഒരിക്കലും അവയെ ലംഘിക്കരുതെന്നും സാമൂഹ്യവികാസത്തിന്റെ ഓരോ ഘട്ടത്തിലും ഓര്‍ക്കേണ്ടതുണ്ട്. (അവസാനിച്ചു)





2012, ജൂലൈ 25, ബുധനാഴ്‌ച

കേരള സാഹചര്യങ്ങളെക്കുറിച്ചുള്ള കേന്ദ്രകമ്മിറ്റി പ്രമേയം




(2012 ജൂലൈ 21, 22 തീയതികളില്‍ ചേര്‍ന്ന സിപിഐ എം കേന്ദ്രകമ്മിറ്റി യോഗം അംഗീകരിച്ചത്)


കേരളത്തിലെ സ്ഥിതിയും അവിടെ പാര്‍ടിയില്‍ ഉയര്‍ന്നുവന്ന പ്രശ്നങ്ങളും ചര്‍ച്ചചെയ്യുന്നതിന് ജൂലൈ 21, 22 തീയതികളില്‍ കേന്ദ്രകമ്മിറ്റി യോഗം ചേര്‍ന്നു. ജനറല്‍ സെക്രട്ടറി അടക്കം നാല് പൊളിറ്റ്ബ്യൂറോ അംഗങ്ങള്‍ ജൂണില്‍ ഈ വിഷയങ്ങള്‍ ചര്‍ച്ചചെയ്ത കേരള സംസ്ഥാന കമ്മിറ്റി യോഗത്തില്‍ സംബന്ധിക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ പിബി, കേന്ദ്രകമ്മിറ്റിക്ക് ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തുടര്‍ന്ന് ചര്‍ച്ചകള്‍ക്കുശേഷം കേന്ദ്രകമ്മിറ്റി താഴെ കാണുന്ന പ്രമേയം അംഗീകരിച്ചു.

1. പാര്‍ടിക്ക് മുന്നേറാന്‍ സഹായകരമായ രാഷ്ട്രീയ സാഹചര്യമായിരുന്നു കേരളത്തിലേത്. ചെറിയ ഭൂരിപക്ഷത്തോടെ നേടിയ വിജയത്തെതുടര്‍ന്നാണ് യുഡിഎഫ് സര്‍ക്കാര്‍ രൂപീകരിച്ചത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ, ജനങ്ങള്‍ക്ക് പ്രയോജനകരമായിരുന്ന പല നയങ്ങളും യുഡിഎഫ് സര്‍ക്കാര്‍ തിരുത്തുകയുണ്ടായി. കര്‍ഷക ആത്മഹത്യകള്‍ വീണ്ടും തുടങ്ങി. ജാതി- വര്‍ഗീയ ശക്തികള്‍ കൂടുതല്‍ ആക്രമണോത്സുകരാവുകയും അവരെ സംപ്രീതരാക്കുന്ന നഗ്നമായ നടപടികള്‍ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുകയും ചെയ്യുന്നു. അഞ്ചാംമന്ത്രിക്കായുള്ള മുസ്ലിംലീഗിന്റെ ആവശ്യം യുഡിഎഫിലെ മറ്റു ഘടകപാര്‍ടികള്‍ എതിര്‍ത്തു. സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ഇത് അസംതൃപ്തി സൃഷ്ടിച്ചു.


2. ഈ പശ്ചാത്തലത്തിലാണ് കോഴിക്കോട്ട് 20-ാം പാര്‍ടികോണ്‍ഗ്രസ് നടന്നത്. പാര്‍ടികോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ അടവുനയവും പ്രത്യയശാസ്ത്രപ്രമേയവും സമാപനറാലിയിലെ വമ്പിച്ച ബഹുജനപങ്കാളിത്തവും പാര്‍ടിയുടെ പ്രവര്‍ത്തനങ്ങളും സ്വാധീനവും സംസ്ഥാനത്ത് മുന്നേറുന്നതിന് വഴിയൊരുക്കി.

3. ഈ സാഹചര്യത്തിലാണ് ടി പി ചന്ദ്രശേഖരന്‍ മെയ് നാലിന് കോഴിക്കോട്ട് വധിക്കപ്പെട്ടത്. പാര്‍ടികോണ്‍ഗ്രസ് കഴിഞ്ഞ് അപ്പോള്‍ കഷ്ടിച്ച് ഒരുമാസം തികഞ്ഞതേയുള്ളൂ. ഈ ദാരുണവധം കടുത്ത രോഷം ഉയര്‍ത്തി; ബോധപൂര്‍വമായ മാധ്യമപ്രചാരണം ഇത് തീവ്രമാക്കി. വധം നടന്ന ഉടന്‍, കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, സിപിഐ എമ്മാണ് ഇതിനുത്തരവാദി എന്ന് ആരോപിച്ചു. തുടര്‍ന്ന് യുഡിഎഫ് സര്‍ക്കാരും മന്ത്രിമാരും നേതാക്കളും നമ്മുടെ പാര്‍ടിക്കും നേതാക്കള്‍ക്കുമെതിരായി കൊലക്കുറ്റം ചുമത്തി ഒരു പ്രചാരണപ്രളയംതന്നെ സൃഷ്ടിച്ചു. ഇതൊക്കെ വളരെ പ്രതികൂലമായ ഒരു സാഹചര്യത്തിനിടയാക്കി.

4. നെയ്യാറ്റിന്‍കര അസംബ്ലി ഉപതെരഞ്ഞെടുപ്പ് ജൂണ്‍ രണ്ടിനായിരുന്നു. യുഡിഎഫും മാധ്യമങ്ങളും ചന്ദ്രശേഖരന്‍വധത്തെ മുന്‍നിര്‍ത്തിയാണ് പാര്‍ടിക്കെതിരായ പ്രചാരണം ഉപതെരഞ്ഞെടുപ്പില്‍ കേന്ദ്രീകരിച്ചത്. പൊലീസ് അന്വേഷണം പാര്‍ടിനേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേര്‍ക്ക് തിരിച്ചുവിടപ്പെട്ടു. താമസിയാതെ അറസ്റ്റുകളും തുടങ്ങി. അറുപതോളം പാര്‍ടി അംഗങ്ങളും അനുഭാവികളും കേസില്‍ ബോധപൂര്‍വം തെറ്റായി ഉള്‍പ്പെടുത്തപ്പെടുകയും അറസ്റ്റിലാവുകയും ചെയ്തു. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ജില്ല, ഏരിയ, ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.



5. തുടക്കംമുതല്‍ പാര്‍ടിനേതൃത്വത്തിന് ഈ സാഹചര്യത്തെ യോജിപ്പോടെ നേരിടാന്‍ സാധിച്ചില്ല. ഇക്കാര്യത്തില്‍ സംസ്ഥാന സെക്രട്ടറിയുടെയും സംസ്ഥാന സെക്രട്ടറിയറ്റിന്റെയും നിലപാട് തനിക്ക് പങ്കുവയ്ക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുന്ന തുടര്‍ച്ചയായ പ്രസ്താവനകള്‍ സ. വി എസ് നടത്തി. ഈ തുറന്ന വിമര്‍ശനസമീപനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് മറ്റു ചില സഖാക്കള്‍ അദ്ദേഹത്തെ വിമര്‍ശിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സ. ടി കെ ഹംസയും സ. എം എം മണിയുമാണ് അങ്ങനെ ചെയ്തത്.

6. മെയ് 12ന് ഒരു പത്രസമ്മേളനത്തില്‍, ടി പി ചന്ദ്രശേഖരനും മറ്റു പാര്‍ടി അംഗങ്ങളും ഒഞ്ചിയത്ത് കലാപം ഉയര്‍ത്തിയത്, 1964ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയിലുണ്ടായ ഭിന്നിപ്പിനോട് താരതമ്യപ്പെടുത്തി സ. വി എസ് അച്യുതാനന്ദന്‍ അവതരിപ്പിച്ചു. ഒഞ്ചിയത്ത് രാഷ്ട്രീയ പ്രത്യയശാസ്ത്ര പ്രശ്നങ്ങളിന്മേലാണ് ഭിന്നിപ്പുണ്ടായതെന്ന് അദ്ദേഹം പ്രസ്താവിച്ചു. സിപിഐ വിട്ടുപോയവരെ എങ്ങനെയാണ് എസ് എ ഡാങ്കെ, "വര്‍ഗവഞ്ചകര്‍" എന്ന് വിളിച്ചത് എന്നു ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം സ. പിണറായി വിജയനെയും ഡാങ്കെയെയും താരതമ്യപ്പെടുത്തി. പാര്‍ടിയുടെ സംസ്ഥാന സെക്രട്ടറിയെയും പാര്‍ടിനേതൃത്വത്തെയും വെല്ലുവിളിച്ച സ. വി എസിന്റെ ഈ പത്രസമ്മേളനം വലിയ പ്രത്യാഘാതമുണ്ടാക്കി. ഇത് പാര്‍ടിയെ പിന്താങ്ങുന്നവരില്‍ വലിയ ആശയക്കുഴപ്പവും നിരാശയും പരത്തി. കേരളത്തിലും ഇന്ത്യയിലാകെയുമുള്ള മാധ്യമങ്ങള്‍ ഇത് ഉയര്‍ത്തിക്കാട്ടുകയും കേരളത്തില്‍ സിപിഐ എം അഗാധമായ ഒരു പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

7. മെയ് 20ന് സ. വി എസ് ജനറല്‍ സെക്രട്ടറിക്കൊരു കത്തയച്ചു. ഇതിന്റെ ഉള്ളടക്കത്തിലെ ചില ഭാഗങ്ങള്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കപ്പെട്ടു. ഉപതെരഞ്ഞെടുപ്പു പ്രചാരണം നടന്ന സമയത്ത് ഇതും വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചു. ഒരു കത്ത് ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍, അതിന്റെ ഉള്ളടക്കം വളച്ചൊടിച്ചാണ് ദുരുദ്ദേശ്യത്തോടുകൂടി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും ജനറല്‍ സെക്രട്ടറി ഒരു പ്രസ്താവനയില്‍ വ്യക്തമാക്കി.

8. ടി പി ചന്ദ്രശേഖരന്റെ ഭാര്യയെയും കുടുംബാംഗങ്ങളെയും കാണാന്‍ ജൂണ്‍ രണ്ടിന് സ. വി എസ് ഒഞ്ചിയത്തെ വീട് സന്ദര്‍ശിച്ചു. പാര്‍ടിയുടെ സംസ്ഥാന- ജില്ലാ നേതൃത്വങ്ങളുമായി ചര്‍ച്ചചെയ്യുകയോ അവരെ അറിയിക്കുകയോ ചെയ്തുകൊണ്ടായിരുന്നില്ല ഇത്. വധത്തിനുശേഷം, സിപിഐ എം നേതാക്കന്മാര്‍ വീട് സന്ദര്‍ശിക്കാന്‍ പാടില്ലെന്ന് ആര്‍എംപി നേതാക്കളും ചന്ദ്രശേഖരന്റെ ഭാര്യയും വിലക്കിയിരുന്നു. നെയ്യാറ്റിന്‍കരയില്‍ വോട്ടെടുപ്പ് നടക്കുന്ന ദിവസമായിരുന്നു ജൂണ്‍ രണ്ട്. സ. വി എസിന്റെ ഈ സന്ദര്‍ശനം ദൃശ്യമാധ്യമങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യുകയും ആ ദിവസം മുഴുവന്‍ ആവര്‍ത്തിക്കുകയും ചെയ്തുകൊണ്ടിരുന്നു. വോട്ടെടുപ്പ് നടന്നുകൊണ്ടിരുന്ന നെയ്യാറ്റിന്‍കരയില്‍ ഇത് ദോഷഫലമുണ്ടാക്കി.

9. പാര്‍ടി അംഗങ്ങളുടെയും അനുഭാവികളുടെയും ചില ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളുടെയും അറസ്റ്റ് നടക്കുകയുണ്ടായി. അവരില്‍ പലരെയും ചോദ്യംചെയ്യുന്നതിനിടയില്‍ ശാരീരികമായി പീഡിപ്പിക്കുന്നതു സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായപ്പോള്‍ പാര്‍ടി പ്രതിഷേധപ്രകടനങ്ങള്‍ സംഘടിപ്പിച്ചു. സ. വി എസ് ഒരു പരസ്യപ്രസ്താവനയില്‍, പൊലീസ് അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും ഇതില്‍ ഇടപെടാന്‍ പാടില്ലെന്നും പറഞ്ഞു. പാര്‍ടിസമീപനത്തിന് കടകവിരുദ്ധമായ സമീപനമാണ് സ. വി എസിന്റേത് എന്നു കാണപ്പെട്ടു.

10. പൊളിറ്റ്ബ്യൂറോയ്ക്കുള്ള കത്തുകളില്‍ സംസ്ഥാന പാര്‍ടിനേതൃത്വത്തിന് വലതുപക്ഷ വ്യതിയാനമാണെന്ന് സ. വി എസ് കുറ്റപ്പെടുത്തുന്നുണ്ട്. ഈ ആരോപണം പാര്‍ടി കേന്ദ്രകമ്മിറ്റി തള്ളിക്കളയുന്നു. ഡിഐസിയുമായുള്ള സഖ്യം, പിഡിപിയുമായുള്ള ബന്ധം തുടങ്ങി മുമ്പ് ഉയര്‍ന്നുവന്ന രാഷ്ട്രീയപ്രശ്നങ്ങളിന്മേല്‍ പിബിയുടെ ഇടപെടലുകളെതുടര്‍ന്ന് തീരുമാനം ഉണ്ടായിട്ടുള്ളതാണ്. പാര്‍ടികോണ്‍ഗ്രസും കേന്ദ്രകമ്മിറ്റിയും മുന്നോട്ടുവച്ചിട്ടുള്ള അടവുനയങ്ങളാണ് കേരള സംസ്ഥാന കമ്മിറ്റി പിന്തുടര്‍ന്നുപോരുന്നത്. രാഷ്ട്രീയപ്രശ്നങ്ങളില്‍ പിബിയുടെയും കേന്ദ്രകമ്മിറ്റിയുടെയും എല്ലാ തീരുമാനങ്ങളും സംസ്ഥാന കമ്മിറ്റി പാലിച്ചുപോന്നിട്ടുണ്ട്.

11. എഡിബി വായ്പയുടെ പ്രശ്നം വി എസ് കത്തില്‍ ഉന്നയിച്ചിട്ടുണ്ട്. ഇത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പിബി തീരുമാനമെടുത്തുകഴിഞ്ഞിട്ടുള്ള കാര്യമാണ്. 18-ാം പാര്‍ടികോണ്‍ഗ്രസ്, പാര്‍ടിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റുകള്‍ വിദേശവായ്പയും സഹായങ്ങളും സ്വീകരിക്കുമ്പോള്‍ പാലിക്കേണ്ട സമീപനം വിശദീകരിച്ചിട്ടുണ്ട്.

12. എസ്എന്‍സി- ലാവ്ലിന്‍ കാര്യത്തില്‍ സ. പിണറായി വിജയനെതിരെ പഴയ ആരോപണം സ. വി എസ് ഉന്നയിച്ചിട്ടുണ്ട്. 2009 ജൂലൈയില്‍ ചേര്‍ന്ന പിബിയും സിസിയും ഈ പ്രശ്നം ആഴത്തില്‍ പരിശോധിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ പിണറായി വിജയനുനേരെയുള്ള ഈ ആരോപണങ്ങളില്‍ ഒരു കഴമ്പുമില്ലെന്ന നിഗമനത്തില്‍ എത്തിച്ചേരുകയും ചെയ്തിട്ടുള്ളതാണ്.

13. അതുകൊണ്ട് രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമാണ് തന്റെ ഭിന്നതകള്‍ എന്ന് സ. വി എസ് പറയുന്നതിന് ഒരു അടിസ്ഥാനവുമില്ല. രാഷ്ട്രീയമായ വ്യതിയാനമാണ് ഭിന്നമായ അഭിപ്രായങ്ങളെ അടിച്ചമര്‍ത്തുകയും വ്യത്യസ്ത സ്വരങ്ങളെ ഉന്മൂലനംചെയ്യുകയും ചെയ്യുന്ന സംഘടനാപരമായ പ്രവണത എന്ന സ. വി എസിന്റെ യുക്തി കേന്ദ്രകമ്മിറ്റിക്ക് അംഗീകരിക്കാന്‍ കഴിയില്ല. ഇത്തരം ആരോപണങ്ങള്‍ വിഭാഗീയ ഉദ്ദേശ്യത്തോടുകൂടിയാണ് ഉയര്‍ത്തുന്നത്.

14. പാര്‍ടിയുടെ സംസ്ഥാനനേതൃത്വത്തെ ജനമധ്യത്തില്‍ പരസ്യമായി കുറ്റപ്പെടുത്തുന്ന അടിസ്ഥാനരഹിതങ്ങളായ പ്രസ്താവനകള്‍ ഇറക്കുകയും പാര്‍ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തതിന് സ. വി എസിനെ ശക്തമായി വിമര്‍ശിക്കാന്‍ 2012 ജൂലൈ 21, 22 തീയതികളില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. സ. പിണറായി വിജയനെ ഡാങ്കെയോട് ഉപമിച്ചത് ശരിയായില്ലെന്ന്, ചര്‍ച്ചകള്‍ക്കുശേഷം സ. വി എസ് കേന്ദ്രകമ്മിറ്റിയില്‍ സ്വയംവിമര്‍ശനപരമായി പറഞ്ഞു. തെരഞ്ഞെടുപ്പുദിവസമായ ജൂണ്‍ രണ്ടിന് താന്‍ ഒഞ്ചിയത്ത് പോയത് ഒഴിവാക്കേണ്ടതായിരുന്നു എന്നും പറയുകയുണ്ടായി.

15. ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ടിയുടെ അടിസ്ഥാനതത്വങ്ങളുടെ ലംഘനത്തിനും തെറ്റായ പ്രസ്താവനകള്‍ നടത്തിയതിനും സ. വി എസിനെ പരസ്യമായി ശാസിക്കുവാന്‍ കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. ഈ സ്വയംവിമര്‍ശന പരാമര്‍ശങ്ങള്‍ സ. വി എസ് തന്നെ പൊതുജനമധ്യത്തില്‍ പരസ്യമായി പ്രകടിപ്പിക്കേണ്ടതാണെന്നും കേന്ദ്രകമ്മിറ്റി നിര്‍ദേശിച്ചു. പാര്‍ടിക്കുനേരെയുള്ള കടന്നാക്രമണങ്ങളെ ഐക്യത്തോടുകൂടി അഭിമുഖീകരിക്കുന്നതിന് സഹായകമായ വിധത്തില്‍ സ. വി എസ് പെരുമാറുമെന്ന് കേന്ദ്രകമ്മിറ്റി പ്രതീക്ഷിക്കുന്നു.

16. ടി പി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പാര്‍ടിക്കെതിരായി ഉയര്‍ന്ന ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനുള്ള ക്യാമ്പയിന്‍ നടത്തിക്കൊണ്ടിരുന്ന സാഹചര്യത്തിലായിരുന്നു നെയ്യാറ്റിന്‍കര അസംബ്ലി തെരഞ്ഞെടുപ്പുപ്രചാരണവും നടന്നുകൊണ്ടിരുന്നത്. ഈ സന്ദര്‍ഭത്തില്‍ ഇടുക്കി ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ സ. എം എം മണി നടത്തിയ പ്രസംഗം വലിയ ക്ഷതമേല്‍പ്പിക്കുകയും ടി പി ചന്ദ്രശേഖരന്റെ വധവുമായി ബന്ധപ്പെട്ട് നടത്തിവന്ന ക്യാമ്പയിന്റെ വിശ്വാസ്യതയെത്തന്നെ ബാധിക്കുകയുമുണ്ടായി. മണിയുടെ ഈ പ്രസ്താവന വലിയ തോതില്‍ യുഡിഎഫും ബിജെപിയും കോര്‍പറേറ്റ് മാധ്യമങ്ങളും പാര്‍ടിയെ ഭര്‍ത്സിക്കുന്നതിന് ഉപയോഗിക്കുകയുണ്ടായി.

17. സ. മണിയുടെ ഈ പ്രസംഗം പാര്‍ടിയുടെ യശസ്സിന് കനത്ത ആഘാതമാണ് ഉണ്ടാക്കിയതെന്നത് കണക്കിലെടുത്തുകൊണ്ട് ഇക്കാര്യത്തില്‍ പാര്‍ടി കേരള സംസ്ഥാന കമ്മിറ്റി അനുയോജ്യമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രകമ്മിറ്റി നിര്‍ദേശിച്ചു.

18. സ. വി എസ്, ""ധീരനായ കമ്യൂണിസ്റ്റ്"" എന്ന് ചന്ദ്രശേഖരനെ വിശേഷിപ്പിക്കുകയും സംസ്ഥാന നേതൃത്വവുമായി രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ഭിന്നതയുള്ളവരാണ് ഒഞ്ചിയത്തെ റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ടി എന്ന് അഭിപ്രായപ്പെടുകയും ചെയ്തു. സ. പിണറായി വിജയന്‍ ഇവരെ ""കുലംകുത്തികള്‍"" എന്ന് വിശേഷിപ്പിച്ചു. 2008ല്‍ ഒഞ്ചിയത്തെ പാര്‍ടി ഓഫീസ് ഇക്കൂട്ടര്‍ തീവച്ച് നശിപ്പിച്ച സമയത്താണ് സ. വിജയന്‍ ഇവരെ ""കുലംകുത്തികള്‍"" എന്ന് വിളിച്ചത്. പാര്‍ടിയുടെ നിലപാട് സംരക്ഷിക്കുന്നതിനായി ""കുലംകുത്തി"" എന്ന ഈ പദം, ചന്ദ്രശേഖരന്റെ വധത്തിനുശേഷവും സ. വിജയന്‍ പൊതുസമ്മേളനങ്ങളില്‍ ആവര്‍ത്തിക്കുകയുണ്ടായി. കൊലപാതകത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്ന ജനവികാരത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ടിവിരുദ്ധ മാധ്യമങ്ങള്‍ ഈ പ്രയോഗത്തെ നമുക്കെതിരെ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുകയുണ്ടായി.

19. പാര്‍ടിക്കെതിരെ വ്യാപകമായ പ്രചാരണങ്ങളും ആരോപണങ്ങളും ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ പാര്‍ടി ജനറല്‍ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും, പാര്‍ടിക്ക് ഈ വധത്തില്‍ പങ്കില്ലെന്ന് വ്യക്തമാക്കി. രാഷ്ട്രീയ എതിരാളികളെ ശാരീരികമായി ഇല്ലാതാക്കുകയല്ല, രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും എതിര്‍ത്ത് പോരാടുകയാണ് പാര്‍ടിനയം. എന്നാല്‍, പാര്‍ടിയില്‍പ്പെട്ട ആരെങ്കിലും യഥാര്‍ഥത്തില്‍ ഈ വധത്തില്‍ പങ്കാളിയാണെന്ന് തെളിയിക്കപ്പെട്ടാല്‍ ശക്തമായ പാര്‍ടിനടപടിയുണ്ടാകും. പാര്‍ടിയുമായി ബന്ധപ്പെട്ട ആരെങ്കിലും ഈ സംഭവത്തില്‍ പങ്കാളികളായിട്ടുണ്ടോ എന്നു പരിശോധിക്കാന്‍ പാര്‍ടി അന്വേഷണം നടത്തുന്നതാണ്.

20. പാര്‍ടിയാകെ ഐക്യത്തോടെ ഈ സാഹചര്യത്തെ അഭിമുഖീകരിക്കണമെന്ന് കേന്ദ്രകമ്മിറ്റി ആഹ്വാനംചെയ്യുന്നു. രാഷ്ട്രീയ ഉദ്ദേശ്യത്തോടെ പാര്‍ടിക്കെതിരായി നടക്കുന്ന പ്രചാരണത്തെ എതിര്‍ക്കുകയും തള്ളിക്കളയുകയും വേണം. കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന്റെയും കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരിന്റെയും തെറ്റായ നയങ്ങള്‍ക്കെതിരെ പ്രസ്ഥാനം വളര്‍ത്തിയെടുക്കുകയും തൊഴിലാളിസമരങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്യണം. മഹത്തായ സമരങ്ങളുടെയും ത്യാഗങ്ങളുടെയും പാരമ്പര്യമുള്ള കേരളത്തിലെ പാര്‍ടിഘടകം ഈ സാഹചര്യത്തെ വിജയകരമായി മുറിച്ചുകടക്കുകയും മുന്നോട്ടുപോവുകയും ചെയ്യുമെന്നതില്‍ സംശയമില്ല.

2012, ജൂലൈ 22, ഞായറാഴ്‌ച

വൈരുദ്ധ്യാത്മക ഭൌതിക വാദം

പണിയെല്ലാം തീര്‍ന്ന് ഉമ്മാ വരുന്നതും കാത്തിരിക്കുകയായിരുന്നു കുഞ്ഞു ഫാസില്‍. രണ്ട് ദിവസമായി, നാട്ടില്‍ നിന്നും വാപ്പുമ്മ വന്നതിനു ശേഷം വീട്ടില്‍ വലിയ മാറ്റമാണു. എല്ലാവരും വലിയ നിസ്ക്കാരവും ഓതലും പ്രാര്‍ഥനയും ദിക്ക്രുമൊക്കെയാണ്. അങ്ങിനെയാണു കിടക്കും മുന്‍പേ അന്‍പത് “ലാഇലാഹ ഇല്ലള്ളാ” ചൊല്ലി വീട്ടിലെല്ലാവരേയും രക്ഷിക്കണേന്ന് പ്രാര്‍ഥിക്കാന്‍ തലേന്ന് മുതല്‍ ആരംഭിച്ചത്.

കുട്ടികളെ ഇതൊന്നും ശീലിപ്പിക്കാത്തതിനു വാപ്പുമ്മ ഉമ്മായെ കുറേ വഴക്ക് പറഞ്ഞു. ഉമാ കരയുന്നതു കണ്ടു. ആദ്യമൊക്കെ ചൊല്ലാന്‍ മടിയായിരുന്നെങ്കിലും വഴക്ക് കേള്‍ക്കുമ്പോള്‍ കണ്ണ് നിറച്ച് കുനിഞ്ഞ് നില്‍ക്കുന്ന ഉമ്മായെ കുറിച്ചോര്‍ത്തപ്പോള്‍ അവന്‍ വിഷമിച്ചാണെങ്കിലും അനുസരിച്ചു. ഉമ്മായെ കാക്കണേ, ഉപ്പായെ കാക്കണേ ഇത്താത്തായേയും ഇക്കാക്കാനേം കാക്കണേ വീട്ടിലുള്ളവരെ കാക്കണേ എന്നൊക്കെ ധൃതിയില്‍ പറഞ്ഞ് അവന്‍ കിടന്നുറങ്ങി. കുട്ടികളുടെ പ്രാര്‍ഥനയാണു അല്ലാഹുവിനു ഏറ്റവും ഇഷ്ടമെന്നാണ് വാപ്പുമ്മ പറയുന്നത്.

കുട്ടികള്‍ ആര്‍ക്കുവേണ്ടി പ്രാര്‍ഥിച്ചാലും അവര്‍ സ്വര്‍ഗ്ഗത്തില്‍ പോകുമത്രെ..
  
                                                   
രാവിലെ അപ്പുറത്തെ വീട്ടിലെ കളിക്കൂട്ടുകാരന്‍ കണ്ണനെ കാണുമ്പോഴാണു താന്‍ ചെയ്ത തെറ്റിനെക്കുറിച്ച് കുഞ്ഞു ഫാസിക്ക് ഓര്‍മ്മവന്നത്..

ആഴ്ചയിലൊരിക്കല്‍ നാട്ടില്‍ വരുന്ന കണ്ണന്റെ അഛന്‍ കൊണ്ടെത്തരുന്ന മുട്ടായിയില്‍ പകുതിയിലധികം അവന്‍ തനിക്കാണല്ലോ തരുന്നത്. എന്നിട്ടും അവനെ രക്ഷിക്കണേന്ന് താനല്ലാഹുവിനോട് പറഞ്ഞില്ലല്ലോന്നോര്‍ത്തപ്പോള്‍ അവന്റെ നെഞ്ച് നീറി.

കുറ്റബോധം കാരണം കണ്ണന്റെ മുഖത്ത് നോക്കാന്‍ അവനായില്ല. ഇന്നെങ്കിലും കൂട്ടുകാരനുവേണ്ടി അല്ലാഹുവിനോട് പറയണം അവന്‍ തീരുമാനിച്ചു..

സമയം വല്ലാതെ ഇഴഞ്ഞ് നീങ്ങും പോലെ അവനു തോന്നി.

രാത്രിയാകാന്‍ ഇനിയുമെത്രയോ നേരം വേണം..

സ്വര്‍ഗ്ഗത്തില്‍ കിട്ടാന്‍ പോകുന്ന സൌകര്യങ്ങളെ ക്കുറിച്ചൊക്കെ അവന്‍ ചോദിച്ചു മനസ്സിലാക്കി.. ചോക്ലേറ്റ് മലയും ഐസ്ക്രീം തടാകവും ആകാശം നിറയെ ബലൂണുകളുമുള്ള സ്വര്‍ഗ്ഗത്തില്‍ താനും കണ്ണനും ഓടി നടക്കുന്നത്, പന്ത് കളിക്കുന്നതൊക്കെ അവന്‍ സ്വപ്നം കണ്ടു... ഹൊ.!!

ഈ ഉമ്മ എന്താ വരാത്തത്.. അവന്‍ അടുക്കളയില്‍ ചെന്ന് നോക്കി.  ഉമ്മാടെ പണി കഴിയാറായീന്ന് തോന്നുന്നു.. അവന്‍ ഓടി ബെഢില്‍ കയറിയിരുന്നു.. ദിക്ക് ര്‍ ചൊല്ലാന്‍ തുടങ്ങി.

ആഹാ. എന്റെ മോന്‍ ശരിക്കും മിടുക്കാനായല്ലോന്ന് പറഞ്ഞ് ചിരിച്ചു ഉമ്മാ അവനെ കെട്ടിപ്പിടിച്ചു.

അന്‍പത് തവണ ചൊല്ലിക്കഴിഞ്ഞാണു ഓരോഴുത്തര്‍ക്കും വേണ്ടി പ്രാര്‍ഥിക്കേണ്ടത്.

അവന്‍ മനസ്സു കോണ്ട് ശരിക്കും തയ്യാറായിരുന്നു.

ആദ്യം കണ്ണന്റെ കാര്യമാണു പറയേണ്ടത്.

പക്ഷേ...

അപ്പോഴേക്കും അവന്റെ മനസ്സില്‍ ഒത്തിരി പേരുകള്‍ കയറി വന്നു. അപ്പുറത്തേ വീട്ടിലെ അമ്മ മുതല്‍ സ്കൂളിലെ ടീച്ചര്‍മാര്‍ വരെ.

രാവിലെ മുതല്‍ വൈകുന്നേരം വരെ അവന്‍ കാണുന്ന എല്ലാവരേയും അവനോര്‍മ്മ വന്നു. അവനു എല്ലാവരേയും ഇഷ്ടമായിരുന്നു.

അമ്മയുടെ വീട്ടിലെ കറുമ്പി പശുവിനെ മുതല്‍ അച്ചാച്ചന്റെ വീട്ടിലെ കൈസറിനെ വരെ..

അവന്‍ ചെല്ലുമ്പോഴെല്ലാം കാലിനിടയിലൂടെയൊക്കെ ഉരുമ്മിയുരുമ്മി നടക്കുന്ന മൈമൂനത്താത്തയുടെ വീട്ടിലെ കുറിഞ്ഞിപ്പൂച്ചമുതല്‍, അവനെ പേരു ചൊല്ലി വിളിക്കുന്ന മീനു തത്ത വരെ..

അവനു സ്വര്‍ഗ്ഗത്തിലെത്തിക്കേണ്ടവരുടെ പട്ടിക നീണ്ട് നീണ്ട് പോയി..

അവസാനം തളര്‍ന്നു പോയ അവന്റെ ഉമ്മ അവനോട് പറഞ്ഞു .. “എന്റെ കുട്ടാ നമുക്കൊരു കാര്യം ചെയ്യാം.. നിനക്കിഷ്ടമുള്ള എല്ലാവരേയും കാക്കണേ എന്ന് പ്രാര്‍ഥിച്ചോളൂ” എന്ന്.

അപ്പോളവന്‍ പ്രാര്‍ഥിച്ചു.

അല്ലാഹുവേ... ഈ ലോകത്തില്‍ എല്ലാവരും ഇഷ്ടപ്പെടുന്ന എല്ലാവരേയും കാത്തു രക്ഷിക്കണേ...........

അങ്ങനെ കുഞ്ഞു ഫാസി ഒരു കമ്മ്യൂണിസ്റ്റായി................

2012, ജൂലൈ 21, ശനിയാഴ്‌ച

മാധ്യമങ്ങളും പൊതുബോധവും

 പി രാജീവ്

പുസ്തകശേഖരത്തില്‍നിന്നും "സമ്മതനിര്‍മാണം" വീണ്ടും വായിക്കാന്‍ എടുത്തു. എന്റെ കൈയില്‍ നോം ചോംസ്കിയുടെ കൈയൊപ്പോടെയുള്ള ഒരു കോപ്പിയുണ്ട്. എറണാകുളം മഹാരാജാസില്‍ പണ്ട് ചോംസ്കി വന്നപ്പോള്‍ അദ്ദേഹം കൈയൊപ്പിട്ട് നല്‍കിയതാണ്. എഡ്വേര്‍ഡ് ഹെര്‍മനും നോം ചോംസ്കിയും ചേര്‍ന്നെഴുതിയ സമ്മതനിര്‍മാണം എന്ന പുസ്തകം ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ആധുനിക സമൂഹത്തില്‍ പ്രചാരണരീതികളിലൂടെ എങ്ങനെയാണ് സമ്മതങ്ങള്‍ നിര്‍മിച്ചെടുക്കുന്നതെന്ന് ഉദാഹരണസഹിതം വിശദീകരിക്കുകയാണ് ഹെര്‍മനും ചോംസ്കിയും ഈ പുസ്തകത്തില്‍. വാര്‍ത്തകള്‍ നിരവധി അരിപ്പകളിലൂടെ കടന്നാണ് വരുന്നത്. ഒരു സംഭവം വാര്‍ത്തയാകുന്നത് അതിന്റെ കേവലമായ പ്രാധാന്യത്തില്‍നിന്നല്ല. അരിപ്പകള്‍ എങ്ങനെ കടന്നുവരുന്നുവെന്നതിനെ അടിസ്ഥാനമാക്കിയാണ്. അക്കൂട്ടത്തില്‍ പ്രധാനപ്പെട്ട അരിപ്പയാണ് കമ്യൂണിസ്റ്റ് വിരുദ്ധതയെന്ന് ചോംസ്കി വ്യക്തമാക്കുന്നു.

പ്രധാനപ്പെട്ട ചില താരതമ്യങ്ങള്‍ ഇവര്‍ നടത്തുന്നുണ്ട്. പൊതുബോധ നിര്‍മാണം എന്ന ലേഖനത്തിലും മറ്റും ഞാന്‍ തന്നെ അതില്‍ ചിലത് ഉദ്ധരിച്ചിട്ടുണ്ട്. എങ്കിലും ഇന്നത്തെ കാലത്ത് അതില്‍ ഒന്നെങ്കിലും ആവര്‍ത്തിക്കേണ്ടിയിരിക്കുന്നു. പോളണ്ടില്‍ സോഷ്യലിസ്റ്റ് സാമൂഹ്യവ്യവസ്ഥയുടെ നിര്‍മാണം നടന്നിരുന്ന കാലത്ത് കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഭരണത്തെ അട്ടിമറിക്കുന്നതിനായി ഏറ്റവും ശക്തമായി പ്രവര്‍ത്തിച്ച സംഘടനയാണ് ലേ വലേസ നേതൃത്വം നല്‍കിയ സോളിഡാരിറ്റി. അതിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന പുരോഹിതന്‍ ജെര്‍സി പോപ്പിലോസ്കോ അവിടത്തെ രഹസ്യപൊലീസിനാല്‍ കൊല്ലപ്പെട്ടു. കൊലപാതകം നടത്തിയവരെ വളരെ പെട്ടെന്നുതന്നെ അറസ്റ്റ് ചെയ്യുകയും ജയിലിലടക്കുകയും ചെയ്തു. അതിവേഗത്തിലാണ് കേസിന്റെ നടപടികള്‍ തീര്‍ത്തത്. എന്നാല്‍, അമേരിക്കന്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന മാധ്യമങ്ങള്‍ ഈ സംഭവത്തെ വല്ലാതെ പര്‍വതീകരിച്ച് അവതരിപ്പിച്ചു. ലോകത്തിന്റെ ചരിത്രത്തിലെ എക്കാലത്തെയും മഹാനായ രക്തസാക്ഷിയെന്ന മട്ടിലായിരുന്നു ലോകമാധ്യമങ്ങള്‍ ഇദ്ദേഹത്തെ വാഴ്ത്തിയതെന്ന് ഉദാഹരണങ്ങളിലൂടെ ഈ പുസ്തകം വ്യക്തമാക്കുന്നുണ്ട്.

കൊലപാതകരീതിയെക്കുറിച്ചും മറ്റുമുള്ള അവതരണങ്ങള്‍ വായനക്കാരില്‍ വല്ലാത്ത വൈകാരികാവേശം സൃഷ്ടിക്കുന്ന രൂപത്തിലാണ് അവതരിപ്പിച്ചത്. ന്യൂയോര്‍ക്ക് ടൈംസ് ഇതുസംബന്ധിച്ച് പത്ത് ഒന്നാംപേജ് വാര്‍ത്തകള്‍ നല്‍കി. മൂന്ന് എഡിറ്റോറിയലുകള്‍ എഴുതി. ഇതു കൂടാതെ വ്യത്യസ്തമായ 78 വാര്‍ത്തകള്‍ നല്‍കി. ടൈം വാരികയും ന്യൂസ് വീക്കും പതിനാറു ലേഖനങ്ങളാണ് നല്‍കിയത്. അന്നത്തെ പ്രധാന ന്യൂസ് ചാനലായ സിബിസി ന്യൂസ് 23 വൈകുന്നേര പരിപാടികള്‍ ഉള്‍പ്പെടെ 46 വാര്‍ത്തകള്‍ നല്‍കി. ഇവയിലൊന്നും യഥാര്‍ഥ പ്രതികളെ അറസ്റ്റ് ചെയ്ത വിവരങ്ങളൊന്നുംതന്നെ ഉണ്ടായിരുന്നില്ലെന്നു മാത്രമല്ല അവിടത്തെ ഭരണാധികാരികളും പാര്‍ടി നേതാക്കളുമാണ് യഥാര്‍ഥ കൊലപാതകികള്‍ എന്നു സ്ഥാപിക്കുന്നതിനാണ് ശ്രമിച്ചത്. പുരോഹിതന്മാരെപോലും ജീവിക്കാന്‍ അനുവദിക്കാത്ത ഭീകരതയുടേയും ജനാധിപത്യ വിരുദ്ധതയുടേയും പ്രതീകമാണ് കമ്യൂണിസ്റ്റ് പാര്‍ടിയെന്ന് സ്ഥാപിക്കുന്നതിനാണ് ശ്രമിച്ചത്. ഇതാണ് എക്കാലത്തും മാധ്യമങ്ങള്‍ സ്വീകരിക്കുന്ന രീതി. ഏതാണ്ട് ഇതേ കാലയളവില്‍ എല്‍സാല്‍വഡോറില്‍ അമേരിക്കന്‍ പാവസര്‍ക്കാരിന്റെ ശക്തനായ വിമര്‍ശകനായിരുന്ന ആര്‍ച്ച് ബിഷപ്പ് ഓസ്കാര്‍ റോമറോ കൊല്ലപ്പെട്ടു. സര്‍ക്കാരിന്റെ പിന്തുണക്കാരായ സായുധസംഘമാണ് കൊലപാതകം നടത്തിയത്. ആ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ആര്‍ച്ച് ബിഷപ്പിനെ കൊന്നവരെ കണ്ടെത്തുന്നതിനോ അറസ്റ്റ് ചെയ്യുന്നതിനോ സര്‍ക്കാര്‍ തയ്യാറായില്ല. ഇതു സംബന്ധിച്ച് ന്യൂയോര്‍ക്ക് ടൈംസ് നല്‍കിയത് കേവലം 16 വാര്‍ത്തകളാണ്. പോളണ്ടിലെ പുരോഹിതന്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് മൂന്നു എഡിറ്റോറിയല്‍ എഴുതിയവര്‍ ആര്‍ച്ച് ബിഷപ്പ് കൊല്ലപ്പെട്ടപ്പോള്‍ ഒരെണ്ണംപോലും എഴുതാന്‍ തയ്യാറായില്ല. പൊപ്പിലോസ്കോയുടെ കൊലപാതകത്തെ നിരന്തരം വിവരിച്ച് വൈകാരികമാനം നല്‍കിയവര്‍ റെമേറെയുടെ കൊലപാതകത്തെ വരണ്ടഭാഷയില്‍ രണ്ടും മൂന്നും വരികളില്‍ ഒതുക്കി. ടൈമിലും ന്യൂസ് വീക്കിലും ആര്‍ച്ച് ബിഷപ്പിന്റെ കൊലപാതകം വാര്‍ത്തകളുടെ ചുരുക്കത്തില്‍ ഒതുക്കി. കമ്യൂണിസ്റ്റ് പാര്‍ടിയുടെ സര്‍ക്കാരിനെതിരെ നിലപാട് സ്വീകരിക്കുന്ന പുരോഹിതന്റെ കൊലപാതകം പര്‍വതീകരിച്ചവര്‍ അമേരിക്കന്‍ പാവസര്‍ക്കാരിനെതിരെ നിലപാട് സ്വീകരിച്ച ആര്‍ച്ച് ബിഷപ്പിന്റെ കൊലപാതകത്തെ മുക്കിക്കളഞ്ഞു. ഇങ്ങനെയാണ് മാധ്യമം പൊതുബോധത്തെ സമര്‍ഥമായി നിര്‍മിക്കാന്‍ ശ്രമിക്കുന്നത്. കേരളത്തിലെ സമകാലിക സംഭവങ്ങളുടെ മാധ്യമ അവതരണത്തെ ഇതുമായി കൂട്ടിവച്ച് വായിച്ചാല്‍ അമ്പരപ്പിക്കുന്ന പല സാമ്യങ്ങളും കാണാന്‍കഴിയും. ചന്ദ്രശേഖരന്റെ കൊലപാതകത്തെ പോപ്പിലേസ്കോയെപ്പോലെ അവതരിപ്പിച്ചവര്‍ കുനിയില്‍ ഇരട്ടക്കൊലപാതകത്തെ കണ്ടില്ലെന്നു നടിക്കുന്നു. കൊലപാതകത്തിന് പ്രസംഗത്തിലൂടെ ആഹ്വാനം ചെയ്ത, എഫ്ഐആറില്‍ പേരുള്ള എംഎല്‍എ സുരക്ഷിതനായി ഇരിക്കുമ്പോള്‍ മറുവശത്ത് ഒരു പാര്‍ടിയെത്തന്നെ തകര്‍ക്കാന്‍ കഴിയുമോയെന്ന വ്യാമോഹത്താല്‍ നിയന്ത്രിക്കുന്ന അന്വേഷണം പൊടിപൊടിക്കുന്നു. ഒരു തരത്തിലുള്ള മര്യാദകളും പാലിക്കാതെയാണ് കേരളത്തിലെ മാധ്യമങ്ങള്‍ ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. അതിന്റെ ചില ഉദാഹരണങ്ങള്‍ ഈ കോളത്തില്‍ ഇതിനു മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്. പി മോഹനനെ അറസ്റ്റ് ചെയ്ത രീതി പൊതുവെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. അത് പൊതുബോധമായി വളരാതിരിക്കുന്നതിനുള്ള ശ്രമം നടത്തുന്നതെങ്ങനെയാണെന്നറിയാന്‍ പിറ്റേ ദിവസത്തെ മനോരമ നോക്കിയാല്‍ മതി. നേതാക്കളുടെ സംരക്ഷണ വലയത്തില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചയാളാണ് മോഹനനെന്ന മട്ടിലാണ് അവതരണം.

എം ദാസന്‍ അനുസ്മരണം കഴിഞ്ഞ് രണ്ടു വാഹനത്തിലായി പാര്‍ടി നേതാക്കള്‍ മടങ്ങുന്നു. അതില്‍ ഒരു വാഹനത്തിലാണ് മോഹനന്‍ മാസ്റ്റര്‍ ഇരുന്നത്. അതു മനേരാമക്ക് സംരക്ഷണവലയമാണ്. ഒരു കാറില്‍ ഇരുവശത്തും ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറി മുഹമ്മദ് റിയാസിനെയും മെഹബൂബിനെയും ഇരുത്തിയെന്നും പിന്നില്‍ അകമ്പടിയായി ജില്ലാസെക്രട്ടറിയുടെ കാറുണ്ടായിരുന്നു എന്നുമാണ് മനോരമ വാര്‍ത്ത. എങ്ങനെയാണ് ഒരു സംഭവത്തെ വളച്ചൊടിച്ച് തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് അവതരിപ്പിക്കേണ്ടതെന്ന് മനോരമക്ക് അറിയാം. പക്ഷേ, ഇത് അല്‍പ്പം കടന്നുപോയി.

പെട്രോളിന്റെ വില വര്‍ധനയും പടര്‍ന്നുപിടിക്കുന്ന പനിയും ഒളിപ്പിച്ചുവയ്ക്കാന്‍ കൂടി നിര്‍മിത കഥകള്‍ സഹായകരമായിരുന്നുവെന്നും ഇക്കാലം കാണിച്ചുതന്നു. അക്കൂട്ടത്തില്‍ പ്രധാനമാണ് നെല്ലിയാമ്പതിയിലെ എസ്റ്റേറ്റ് പ്രശ്നത്തില്‍ മന്ത്രി ഗണേശ്കുമാറും ചീഫ് വിപ്പ് പി സി ജോര്‍ജും തമ്മില്‍നടന്ന തര്‍ക്കവും അനുബന്ധ സംഭവങ്ങളും. ഇതു നടന്നതിന്റെ പിറ്റേദിവസത്തെ മനോരമയുടെ ഒന്നാംപേജില്‍ ഇങ്ങനെയൊരു വാര്‍ത്തയേയില്ല. മാതൃഭൂമിയില്‍ പോലും ലീഡായിരുന്നു. പക്ഷേ മനോരമ അത് അപഹാസ്യമാകുംവിധം മറച്ചുകളഞ്ഞു. എന്നാല്‍, പിറ്റേദിവസം മുഖ്യമന്ത്രി വിശദീകരിച്ചതോടെ ജോര്‍ജ്- ഗണേശ്് തര്‍ക്കം ഒച്ചപ്പാടില്ലാതെ അവസാനിച്ചെന്ന് വലിയ തലക്കെട്ടില്‍ തന്നെ അവതരിപ്പിക്കുകയും ചെയ്തു. ജനം ഇതു വായിച്ചുകൊണ്ടിരിക്കുമ്പോള്‍ പി സി ജോര്‍ജ് ഗണേശിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. ജനം എല്ലാം പെട്ടെന്ന് മറന്നുകൊള്ളുമെന്ന അഹങ്കാരത്തില്‍ തന്നെയാണ് ഇത്തരം വാര്‍ത്തകള്‍ നിര്‍മിക്കുന്നത്. സമൂഹത്തില്‍ പൊതുഅഭിപ്രായം രൂപം കൊള്ളുന്നുവെന്ന് പറഞ്ഞ് വിലപിക്കുന്നവര്‍ കാണാതെ പോകുന്നത് ഇതൊക്കെയാണ്.

2012, ജൂലൈ 20, വെള്ളിയാഴ്‌ച

"ദൈവകണം"

വി ബി ചെറിയാന്‍
ഹിഗ്സ് ബോസോണ്‍ കണ്ടെത്തിയെന്ന വാര്‍ത്ത ലോകമെങ്ങും ശാസ്ത്രകുതുകികളെ മാത്രമല്ല സാധാരണക്കാരെപ്പോലും ആകര്‍ഷിച്ചു. സാധാരണ ശാസ്ത്രീയ കണ്ടുപിടിത്തങ്ങള്‍ക്കുള്ള സങ്കീര്‍ണ ഫോര്‍മുലകളൊന്നുമില്ലാതെ ലളിതമായി മനസ്സിലാക്കാന്‍ കഴിയുന്നതാണെന്നതായിരിക്കും ഒരു കാരണം. "ദൈവകണം" എന്ന് ഹിഗ്സ് ബോസോണ് മാധ്യമങ്ങള്‍ നല്‍കിയ പേരും ആളുകളെ ആകര്‍ഷിക്കും. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ സമകാലികനായിരുന്ന സത്യേന്ദ്രനാഥ് ബോസാണ് ക്വാണ്ടം മെക്കാനിക്സ് അടിസ്ഥാനമാക്കിയ കണികാസങ്കല്‍പ്പം മുന്നോട്ടുവച്ചത്. ക്വാണ്ടം മെക്കാനിക്സില്‍ ബോസിന്റെ സംഭാവനയെ ഐന്‍സ്റ്റീനും അംഗീകരിച്ചിരുന്നു. ഇരുവരും ചേര്‍ന്ന് രൂപപ്പെടുത്തിയതാണ് ബോസ് ഐന്‍സ്റ്റീന്‍ സാംഖ്യകം (ബോസ് ഐന്‍സ്റ്റീന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സിസ്റ്റം).

ബോസിന്റെ സംഭാവനകള്‍ക്കുകൂടിയുള്ള അംഗീകാരം എന്ന നിലയ്ക്കാണ് ഹിഗ്സ് ബോസോണ്‍ എന്ന പേര് നല്‍കപ്പെട്ടത്. തന്റെ പേര് ചേര്‍ത്ത് വിളിക്കുന്നത് പീറ്റര്‍ ഹിഗ്സ് ഇഷ്ടപ്പെട്ടിരുന്നില്ല. അദ്ദേഹത്തിന്റെ അതൃപ്തി വകവയ്ക്കാതെ യൂറോപ്യന്‍ ശാസ്ത്രജ്ഞരാണ് ഹിഗ്സ് ബോസോണ്‍ എന്ന പേര് പ്രചരിപ്പിച്ചത്. അമേരിക്കയിലെ ഇല്ലിനോയ്സിലുള്ള ഫെര്‍മിനാഷണല്‍ ആക്സലറേറ്റര്‍ ലാബിന്റെ തലവന്‍ ലിയോണ്‍ മാക്സ് ലെഡര്‍മാന്‍ ഹിഗ്സ് ബോസോണെപ്പറ്റി കൂടുതല്‍ പഠനം നടത്തി. അദ്ദേഹമാണ് അതിന്റെ സവിശേഷതകള്‍ മനസ്സിലാക്കി നാശംപിടിച്ചത് എന്ന അര്‍ഥത്തില്‍ ഏീറ ഉമാി (ഗോഡ് ഡാം) പാര്‍ട്ടിക്കിള്‍ എന്ന് അതിനെ വിളിച്ചത്. അദ്ദേഹം എഴുതിയ ലേഖനത്തിന്റെ പ്രസാധകരാണ് വായനക്കാര്‍ക്ക് സ്വീകാര്യമാകാനെന്ന പേരില്‍ അതിനെ ഗോഡ് പാര്‍ട്ടിക്കിള്‍ (ദൈവകണം) എന്നാക്കി മാറ്റിയത്. അത് കണ്ടുപിടിക്കാനുള്ള പരീക്ഷണമാണ് സമീപഭാവിയില്‍ പൂര്‍ത്തീകരിക്കപ്പെടുമെന്ന വിശ്വാസത്തില്‍ ഇന്ന് എത്തിനില്‍ക്കുന്നത്. പ്രകൃതിശാസ്ത്രത്തിന്റെയും ഭൗതികശാസ്ത്രത്തിന്റെയും ചരിത്രം നോക്കിയാല്‍ പ്രാധാന്യമുള്ള ഇത്തരം ഒട്ടേറെ കണ്ടുപിടിത്തങ്ങള്‍ നടന്നിട്ടുണ്ടെന്നു കാണാന്‍ കഴിയും. ഈ ഓരോ സന്ദര്‍ഭത്തിലും അത്തരം കണ്ടുപിടിത്തങ്ങളെ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കൊത്തവണ്ണം ദുര്‍വ്യാഖ്യാനിക്കാന്‍ ചൂഷകവര്‍ഗം ശ്രമിച്ചിട്ടുണ്ട്. പൊതുവില്‍ പറഞ്ഞാല്‍ ആത്മീയവാദത്തെയാണ് അതിന് അവര്‍ ആയുധമാക്കിയത്. അതിനെ ചെറുക്കാന്‍ ഭൗതികവാദത്തെ പൊതുവില്‍ ചൂഷിതരും ഉപയോഗിച്ചു. എന്നാല്‍, ഈ പൊതു നിയമത്തിന് പലപ്പോഴും അപവാദങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും കാണാം. മാര്‍ക്സിന്റെ കാലംമുതല്‍ ഈ തര്‍ക്കത്തില്‍ വൈരുധ്യാത്മക ഭൗതികവാദ വീക്ഷണത്തോടെ ഇടപെട്ട് ശാസ്ത്രീയമായ സമീപനം ഉയര്‍ത്തിപ്പിടിക്കാനുള്ള ശ്രമമാരംഭിച്ചു. പിന്നീട് ലെനിനും സ്റ്റാലിന്റെ നേതൃത്വത്തില്‍ സോവിയറ്റ് ശാസ്ത്രജ്ഞരും ആ ശ്രമം തുടര്‍ന്നു.

ഐസക് ന്യൂട്ടണ്‍ മെക്കാനിക്സിലെ യാന്ത്രികചലന നിയമങ്ങളാണ് ശാസ്ത്രീയമായി തെളിയിച്ചത്. അത് ദൈവസങ്കല്‍പ്പങ്ങളുടെ അടിസ്ഥാനത്തെ സാരമായി പിടിച്ചുലച്ചു. ശാസ്ത്രജ്ഞനായ ന്യൂട്ടണ്‍ പരീക്ഷണശാലയിലെ ഗവേഷണങ്ങളിലൂടെ എത്തിച്ചേര്‍ന്ന ശാസ്ത്രീയ നിഗമനങ്ങള്‍ അദ്ദേഹത്തിലെ ഈശ്വരവിശ്വാസിയെ അത്യന്തം അസ്വസ്ഥനാക്കി. ഈ വൈരുദ്ധ്യത്തിനൊരു പരിഹാരം കണ്ടെത്താനും സ്വന്തം മനസ്സിന് സ്വസ്ഥത നല്‍കാനും അദ്ദേഹത്തിന് ഒടുവില്‍ ഈശ്വരനെ ഇറക്കുമതി ചെയ്യേണ്ടിവന്നു. ചലനരഹിതമായിരുന്ന പദാര്‍ഥത്തെ ചലിപ്പിച്ച് ചൈതന്യവത്താക്കാന്‍ അതിനൊരു ആദ്യതാക്കോല്‍ (ക്ലോക്കിന്റെ സങ്കല്‍പ്പം) കൊടുത്തതുപോലെയോ, നിശ്ചലമായ പദാര്‍ഥത്തെ ചലിപ്പിക്കാന്‍ ആദ്യത്തെ ഉന്ത് കൊടുത്തതുപോലെയോ, പ്രകൃതിയില്‍ ആദ്യചലനത്തിന് ഈശ്വരന്‍ കാരണക്കാരനായി എന്നാണതിന് അദ്ദേഹം നല്‍കിയ ന്യായം. ഇപ്രകാരം ഈശ്വര സങ്കല്‍പ്പത്തിന്റെ കള്ളക്കടത്ത് നടത്തുന്നതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത് പദാര്‍ഥചലനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവിന്റെ അന്നത്തെ പരിമിതിയായിരുന്നെന്നു ചൂണ്ടിക്കാണിച്ചത് മാര്‍ക്സും എംഗല്‍സുമാണ്. പദാര്‍ഥത്തിന്റെ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്കുള്ള സ്ഥാനമാറ്റംപോലെയുള്ള ചലനത്തിന്റെ യാന്ത്രികരൂപം (മെക്കാനിക്കല്‍ ഫോം ഓഫ് മോഷന്‍) മാത്രം മനസ്സിലുണ്ടായിരുന്നതാണ് ന്യൂട്ടന്റെ പരിമിതിയെന്നും ചലനത്തെ യാന്ത്രികരൂപത്തില്‍ മാത്രമല്ല മറ്റു കൂടുതല്‍ രൂപത്തിലും നിരീക്ഷിക്കാന്‍ കഴിയുമെന്നു സമര്‍ഥിക്കാന്‍ മാര്‍ക്സിനും എംഗല്‍സിനും കഴിഞ്ഞു. വലിയ പദാര്‍ഥരൂപത്തിന്റെ ചലനത്തിനാണ് യാന്ത്രികചലനം (മെക്കാനിക്കല്‍ ഫോം ഓഫ് മോഷന്‍) എന്ന് പറയുന്നത്. പദാര്‍ഥവലുപ്പം തന്മാത്രയിലേക്ക് എത്തുമ്പോള്‍ അത് മെക്കാനിക്സ് ഓഫ് മോളിക്യൂള്‍ അഥവാ ഫിസിക്സ് ആകും. ആറ്റം തലത്തിലേക്കെത്തുമ്പോള്‍ ഫിസിക്സ് ഓഫ് ആറ്റം അഥവാ കെമിസ്ട്രിയാകും.

ജീവശാസ്ത്രതലത്തിലേക്കെത്തുമ്പോള്‍ അതിലെ ചലനപ്രക്രിയകളെ മനസ്സിലാക്കാന്‍ അത് ബയോളജിയായും ജന്തുലോകത്തില്‍ സുവോളജിയായും സസ്യലോകത്തില്‍ ബോട്ടണിയായും മാറുന്നു. ഭൗതികവിജ്ഞാനത്തിലും അതിന്റെ ഭാഗമായി ഊര്‍ജതന്ത്രത്തിലും 20-ാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടായി. ആറ്റം ആണ് പദാര്‍ഥകണികകളുടെ ഏറ്റവും ചെറിയ രൂപമെന്നും ആറ്റം അവിഭാജ്യമാണെന്നുമുള്ള ധാരണ ചോദ്യംചെയ്യപ്പെട്ടു. കൂടുതല്‍ സൂക്ഷ്മകണങ്ങളെ ശാസ്ത്രം കണ്ടെത്തി. ശാസ്ത്രത്തിന്റെ ഈ പുരോഗതിയെ ദ്രവ്യസങ്കല്‍പ്പത്തെയും ഭൗതികവാദത്തെയും ചോദ്യംചെയ്യാന്‍ ആത്മീയവാദ ദാര്‍ശനികര്‍ ഉപയോഗപ്പെടുത്തി. അവരുടെ വാദത്തെ നിരാകരിച്ച് ലെനിന്‍ നടത്തിയ ദാര്‍ശനിക ഇടപെടലാണ് "ഭൗതികവാദവും അതിഭൗതിക വിമര്‍ശനവും" (മെറ്റീരിയലിസം & എംപീരിയോ ക്രിട്ടിസിസം) എന്ന കൃതി. ആറ്റം വിഭജിച്ചുണ്ടായ കണങ്ങള്‍ വീണ്ടും വിഭജിക്കപ്പെടാമെന്നും ആ വിഭജനസാധ്യതയ്ക്ക് അന്ത്യമില്ലെന്നും ലെനിന്‍ ചൂണ്ടിക്കാട്ടി. ദ്രവ്യത്തിന്റെ ഇതുവരെ അജ്ഞാതമായിരുന്ന പ്രത്യേകതകളാണ് അതില്‍ക്കൂടി പുറത്തുവരുന്നതെന്നും അതുകൊണ്ട് ദ്രവ്യത്തിന്റെ നിലനില്‍പ്പ് നിഷേധിക്കപ്പെടുന്നില്ലെന്നും നമ്മുടെ ബോധത്തിനു പുറത്ത് അസ്തിത്വമുള്ളതെന്തോ അതാണ് ദ്രവ്യമെന്നും ലെനിന്‍ കൂട്ടിച്ചേര്‍ത്തു. ഭൗതികവാദിയും നിരീശ്വരവാദിയും ആണെങ്കിലും ഐന്‍സ്റ്റീന് ഈ വൈരുധ്യാത്മക സമീപനം ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണ് അദ്ദേഹത്തിന്റെ പരിമിതിയെന്നും ലെനിന്‍ വിമര്‍ശനപരമായി ചൂണ്ടിക്കാട്ടി. ഐന്‍സ്റ്റീന്‍ ഊര്‍ജത്തിന്റെ ദ്രവ്യ സമവാക്യം (ഋ = ാഇ2) കണ്ടുപിടിച്ചതിനെത്തുടര്‍ന്ന് പദാര്‍ഥം ജനിക്കുന്നുവെന്നും നശിക്കുന്നുവെന്നുമാണ് ഐന്‍സ്റ്റീന്റെ കണ്ടുപിടിത്തം തെളിയിക്കുന്നതെന്ന എതിര്‍വാദവുമായി അന്നത്തെ കത്തോലിക്കാസഭയുടെ തത്വചിന്തകരായിരുന്ന നിയോതോമിസ്റ്റുകള്‍ രംഗത്തെത്തി. സ്റ്റാലിന്‍ നേതൃത്വം നല്‍കിയിരുന്ന അന്നത്തെ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ടിയില്‍ പ്രവര്‍ത്തിച്ച സോഷ്യലിസ്റ്റ് ശാസ്ത്രജ്ഞരാണ് ഇതിനെതിരെ രംഗത്തെത്തിയത്. പദാര്‍ഥവും ഊര്‍ജവും (പ്രഭാവവും) ദ്രവ്യം എന്ന വസ്തുനിഷ്ഠയാഥാര്‍ഥ്യത്തിന്റെ വ്യത്യസ്ത രൂപങ്ങളാണെന്നും അതുകൊണ്ട് ദ്രവ്യം ഇല്ലാതാകുന്നില്ലെന്നും രൂപമാറ്റം സംഭവിക്കുകമാത്രമാണ് ചെയ്യുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. സോവിയറ്റ് ശാസ്ത്രജ്ഞര്‍ അണുകേന്ദ്രത്തില്‍ 33 കണികകളെകൂടി കണ്ടെത്തി. ആ എണ്ണം അന്തിമമാണെന്നു കരുതുന്നില്ലെന്ന് അവര്‍ വ്യക്തമാക്കുകയും ചെയ്തു. ഭൗതികശാസ്ത്രം വളര്‍ന്നുകൊണ്ടേയിരിക്കുകയാണ്. ഏതാണ്ട് 1370 കോടി വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന മഹാവിസ്ഫോടനത്തോടെയാണ് പ്രപഞ്ചോല്‍പ്പത്തി എന്നാണ് പൊതുവില്‍ ഭൗതികശാസ്ത്രജ്ഞര്‍ കരുതുന്നത്. 1928ല്‍ ജോര്‍ജ് ലെമൈറ്റര്‍ എന്ന ശാസ്ത്രജ്ഞനാണ് ഈ പ്രപഞ്ചസിദ്ധാന്തം ആവിഷ്കരിച്ചത്. അത്യന്തം സാന്ദ്രീകൃതമായ ഒരു ബിന്ദുവിലേക്ക് ചുരുങ്ങിയിരുന്ന പ്രപഞ്ചമാണ് മഹാസ്ഫോടനത്തോടെ വികസിക്കാനാരംഭിച്ചതെന്നാണ് ഈ സിദ്ധാന്തം കരുതുന്നത്. ഇന്നത്തെ രൂപത്തിലുള്ള പ്രപഞ്ചത്തിന്റെ ഉല്‍പ്പത്തി എന്നുമാത്രമേ പ്രപഞ്ചോല്‍പ്പത്തി എന്നു പറയുമ്പോള്‍ അര്‍ഥമാക്കേണ്ടതുള്ളൂ. കാരണം, ദ്രവ്യം കാലത്തില്‍ നിത്യവും സ്ഥലത്തില്‍ അതിരുകളില്ലാത്തത് എന്ന അര്‍ഥത്തില്‍ അപാരവുമാണ്. ദ്രവ്യമില്ലാത്ത സ്ഥലവും കാലവുമില്ല. അതായത്, ദ്രവ്യത്തിന് കേവലം നീളം, വീതി, കനം എന്നീ ത്രിമാന സങ്കല്‍പ്പം പോരെന്നും അത് സ്ഥലകാല നിബദ്ധംകൂടിയാണെന്നും സാരം.

പ്രപഞ്ചത്തില്‍ എവിടെയും ഭൗതികപദാര്‍ഥം ഉണ്ടെന്ന അര്‍ഥത്തില്‍ ശൂന്യത എന്നൊന്നില്ല. ഭൗതികതയാണ് പ്രപഞ്ചത്തിന്റെ ഏകത്വത്തിന് ആധാരം. പദാര്‍ഥങ്ങളുടെ സൂക്ഷ്മതലങ്ങളിലേക്കുള്ള കൂടുതല്‍ അന്വേഷണം പാര്‍ടിക്കിള്‍ ഫിസിക്സ് (കണികാ ഭൗതികം) എന്ന സൂക്ഷ്മകണ ശാസ്ത്രശാഖയ്ക്ക് വഴിതെളിച്ചു. സ്ഥൂലതലങ്ങളിലേക്കുള്ള അന്വേഷണം സൗര കടാഹത്തിലേക്കും നക്ഷത്രഗാലക്സികളിലേക്കും നമ്മെ നയിക്കും. സൗക്ഷ്മ്യത്തിലേക്കും സ്ഥൗല്യത്തിലേക്കും ഉള്ള അന്വേഷണത്തില്‍നിന്ന് സിദ്ധിക്കുന്ന ഒരു കാര്യമുണ്ട്- പദാര്‍ഥം അതിന്റെ സൂക്ഷ്മതലങ്ങളിലും സ്ഥൂലതലങ്ങളിലും നിരന്തരം ചലിച്ചുകൊണ്ടിരിക്കുകയാണെന്ന വസ്തുതയാണത്. ചലനരഹിതമായ പദാര്‍ഥസങ്കല്‍പ്പത്തിന് ഒരടിസ്ഥാനവുമില്ലെന്നും പദാര്‍ഥവും ചലനവും ഭിന്നരൂപങ്ങളാണെങ്കിലും ദ്രവ്യത്തിന്റെ വിഭജിച്ച് മാറ്റാനാകാത്ത സ്വഭാവമാണ് ചലനമെന്നും അങ്ങനെ ദ്രവ്യം ചലനാത്മകമാണെന്നും സംശയലേശമന്യേ തെളിയിക്കപ്പെടുന്നു.

പദാര്‍ഥത്തിന്റെ സ്വഭാവവിശേഷങ്ങളെപ്പറ്റിയുള്ള ആഴത്തിലുള്ള ഈ പഠനങ്ങള്‍ എല്ലാ പദാര്‍ഥങ്ങളിലുമുള്ള ഏറ്റവും പൊതുവായതിനെ പ്രതിനിധാനം ചെയ്യുന്നത് എന്ന നിലയ്ക്ക് ദ്രവ്യസങ്കല്‍പ്പത്തെ ഒരു ദാര്‍ശനിക തലത്തിലേക്ക് ഉയര്‍ത്താന്‍, മാറ്ററിന്റെ (ങമേലേൃ) അര്‍ഥകല്‍പ്പന ആ തലത്തിലേക്ക് ഉയര്‍ത്താന്‍ സഹായകരമായി. അതായത് വിഭിന്ന രൂപങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വിവിധ പദാര്‍ഥങ്ങളിലെ ഏറ്റവും സാമാന്യമായതിനെ പ്രതിനിധീകരിക്കുന്ന ഗണമായി ദ്രവ്യത്തെ (മാറ്ററിനെ) കാണാന്‍ ആരംഭിച്ചു. ഈ കാഴ്ചപ്പാടുള്‍ക്കൊള്ളാന്‍ കഴിയാതെ പോയതിന്റെ ഫലമായി 20-ാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിലെ അന്ത്യപാദങ്ങളില്‍ (1917-18) പ്രകടമായ ഐന്‍സ്റ്റീന്റെ പരിമിതികളെ ചൂണ്ടിക്കാണിച്ച് വിമര്‍ശം നടത്താന്‍ കഴിഞ്ഞത് വൈരുധ്യാത്മക ഭൗതികവാദിയായ ലെനിന്റെ ശാസ്ത്രബോധത്തിനാണ്. വൈരുധ്യാത്മക ഭൗതികവാദത്തില്‍ എന്തുകൊണ്ട് മാറ്റം? എങ്ങനെ മാറുന്നു? ഏത് ദിശയിലേക്ക് മാറുന്നു? ഈ ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളുമാണ് പ്രധാനം.

എന്തുകൊണ്ട് മാറ്റം എന്നതിനുത്തരം വൈരുധ്യംമൂലമെന്നാണ്. എങ്ങനെ മാറുന്നു എന്നതിനുത്തരം അളവ് ഗുണമാകുന്നതിലൂടെ എന്നതാണ്. ഏത് ദിശയിലേക്ക് മാറുന്നു എന്നതിനുത്തരം നിഷേധ, നിഷേധത്തിലേക്ക്, താരതമ്യേന ലളിതമായതില്‍നിന്നും കൂടുതല്‍ സങ്കീര്‍ണമായതിലേക്ക് എന്നാണ്. ഈ മുഖ്യ നിയമങ്ങള്‍ക്കു പുറമെ പ്രധാന ദാര്‍ശനിക ഗണങ്ങള്‍കൂടി മനസ്സിലാക്കിയാല്‍ മാത്രമേ പ്രാപഞ്ചിക യാഥാര്‍ഥ്യങ്ങളെ ലളിതമായി ഉള്‍ക്കൊള്ളാനും സാധാരണക്കാര്‍ക്കുപോലും മനസ്സിലാക്കാന്‍ കഴിയുംവിധം വിശദമാക്കിക്കൊടുക്കാനും കഴിയൂ. കാര്യകാരണ ബന്ധം അത്തരം ഒരു ദാര്‍ശനിക ഗണമാണ്.

ഏത് കാര്യത്തിനും ഒരു കാരണമുണ്ടാകും. ആ കാര്യമാകട്ടെ മറ്റൊരു കാര്യത്തിന്റെ കാരണമാകും. അതായത് ഏതും ഒരേ സമയം കാര്യവും കാരണവുമാണെന്നുകാണാം. കാരണം മാത്രമായോ, കാര്യം മാത്രമായോ ഒന്നുമില്ല. അങ്ങനെ മനസ്സിലാക്കാത്തവരാണ് ആദ്യകാരണം തേടി പോകുന്നത്. രൂപം- ഉള്ളടക്കം, പ്രതിഭാസം-സത്ത, മൂര്‍ത്തം- അമൂര്‍ത്തം, ആവശ്യകത- യാദൃച്ഛികത തുടങ്ങിയ ദാര്‍ശനിക ഗണദ്വയങ്ങള്‍ വേറെയുമുണ്ട്. ഇതെല്ലാംവഴി വൈരുധ്യാത്മക ഭൗതികവാദത്തെ സ്വന്തം ബോധമായി മാറ്റാന്‍ കഴിയുന്നവര്‍ക്ക് വളരെവേഗം പുരോഗതിയുണ്ടാക്കാന്‍ കഴിയുമെന്നതിന്റെ തെളിവാണ് സോഷ്യലിസ്റ്റ് ശക്തികളുടെ ആദ്യഘട്ടത്തിലെ വേഗത്തിലുള്ള വളര്‍ച്ച. (അവസാനിക്കുന്നില്ല)

2012, ജൂലൈ 19, വ്യാഴാഴ്‌ച

ഇരയെ പ്രതിയാക്കുന്ന വിദ്യ

ടി പി ചന്ദ്രശേഖരന്‍ വധിക്കപ്പെട്ട സംഭവം വലിയ രാഷ്ട്രീയ അനുഗ്രഹമായാണ് യുഡിഎഫ് പൊതുവിലും കോണ്‍ഗ്രസ് പ്രത്യേകിച്ചും കണ്ടത്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി ഉപയോഗിക്കാമെന്ന ചിന്തയേ ആദ്യം ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, കേരളത്തില്‍ ആകെ സിപിഐ എമ്മിനെ തകര്‍ക്കാനുള്ള ആയുധമാക്കാമെന്ന നിലപാടിലേക്ക് അവര്‍ പിന്നീടു മാറി. ഈ നിലപാടുമാറ്റം കൊലപാതകക്കേസ് അന്വേഷണത്തില്‍ കൃത്യമായി പ്രതിഫലിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. സിപിഐ എം പ്രാദേശിക നേതാക്കളെ ഒരു സൂചനയുടെപോലും അടിസ്ഥാനത്തിലല്ലാതെ കസ്റ്റഡിയിലെടുക്കുക. അവര്‍ എന്ത് മൊഴി നല്‍കണമെന്ന് പൊലീസുതന്നെ കല്‍പ്പിക്കുക. സത്യവുമായി ഒരു ബന്ധവുമില്ലാത്ത അക്കാര്യങ്ങള്‍ ഏറ്റുപറയാന്‍ അവര്‍ തയ്യാറാകാത്തപ്പോള്‍, തങ്ങള്‍ എഴുതിത്തയ്യാറാക്കിയ മൊഴി അവര്‍ പറഞ്ഞതാണ് എന്ന മട്ടില്‍ മാധ്യമങ്ങള്‍ക്കു നല്‍കുക. അങ്ങനെ ഇല്ലാത്ത "സിപിഐ എം കുറ്റസമ്മതം" കൃത്രിമമായി ഉണ്ടാക്കിയെടുക്കാന്‍ നോക്കുക. ഇതായിരുന്നു പൊലീസ് രീതി. ഈ പ്രക്രിയയിലാണ് "ഉന്നതനു ബന്ധം" എന്നും മറ്റുമുള്ള കഥകള്‍ മാധ്യമങ്ങളില്‍ വന്നത്.

ഇല്ലാത്ത ഉന്നതബന്ധം ഉണ്ടെന്ന പ്രതീതി സൃഷ്ടിച്ചാല്‍ സിപിഐ എമ്മിനെ ജനമനസ്സുകളില്‍നിന്ന് ഒറ്റപ്പെടുത്താനാകും എന്ന കണക്കുകൂട്ടലോടെയാണ് പൊലീസ് നീങ്ങിയത്. ഇത് പൊലീസിന്റെ സ്വന്തം അജന്‍ഡയല്ല, മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും അജന്‍ഡയാണ്. ഭൗതികതലത്തില്‍ ബംഗാളിലേതിനു സമാനമായി സംസ്ഥാന വ്യാപകമായി സിപിഐ എമ്മിനെതിരെ അടിച്ചമര്‍ത്തല്‍ നടപ്പാക്കാനും മാനസികതലത്തില്‍ സിപിഐ എമ്മിനെ ജനവിരുദ്ധശക്തിയായി ചിത്രീകരിക്കാനും അങ്ങനെ കേരള രാഷ്ട്രീയത്തില്‍ കാര്യമായ മേല്‍ക്കൈ നേടിയെടുക്കാനുമുള്ള തന്ത്രമാണിത്. വ്യക്തിഹത്യ സിപിഐ എം നയമല്ല. എന്നുമാത്രമല്ല, വ്യക്തിഹത്യയിലധിഷ്ഠിതമായ അതിസാഹസികതാവാദത്തോടു വീട്ടുവീഴ്ചയില്ലാതെ പൊരുതിയാണ് സിപിഐ എം കെട്ടിപ്പടുത്തതുതന്നെ. അതുകൊണ്ടുതന്നെയാണ് ടി പി ചന്ദ്രശേഖരന്‍ വധത്തെ സിപിഐ എം അപലപിച്ചതും പാര്‍ടിനയത്തിനു വിരുദ്ധമായി ഏതെങ്കിലും വ്യക്തി പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ മുഖംനോക്കാതെ നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ചതും. അങ്ങനെ പ്രഖ്യാപിച്ച പാര്‍ടിയെത്തന്നെ പ്രതിക്കൂട്ടിലാക്കാനുള്ള സത്യവിരുദ്ധമായ നീക്കങ്ങള്‍ പിന്നീടുണ്ടായി. അതിന്റെ ഭാഗമായി ഒരു അടിസ്ഥാനവുമില്ലാതെ സിപിഐ എം ജില്ലാനേതാക്കളെവരെ പിടികൂടി കേസില്‍ കുരുക്കാന്‍ ശ്രമമാരംഭിച്ചു. ഇത് സിപിഐ എമ്മിനെ കരിവാരിത്തേയ്ക്കാനുള്ള രാഷ്ട്രീയനീക്കമാണെന്നത് തെളിയുകയാണിന്ന്. പൊതുയോഗത്തിലെ പ്രസംഗം എങ്ങനെ ഗൂഢാലോചനയാകുമെന്നും ജാമ്യം നിഷേധിക്കാന്‍തക്ക തെളിവ് എവിടെയെന്നും ഹൈക്കോടതിക്കുതന്നെ പൊലീസിനോട് ചോദിക്കേണ്ടിവന്നത് ഈ രാഷ്ട്രീയനീക്കം പൊളിയുന്നതിലേക്കുള്ള സൂചനകളാണ്. സി എച്ച് അശോകന്റെയും കെ കെ കൃഷ്ണന്റെയും കേസ് പരിഗണനയ്ക്കുവന്നപ്പോള്‍ ജസ്റ്റിസ് എന്‍ കെ ബാലകൃഷ്ണനാണ് ഈ ചോദ്യങ്ങളുന്നയിച്ചത്. പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിചേര്‍ത്തതെന്നുപറഞ്ഞ അഡ്വക്കറ്റ് ജനറലിന് ആ ചോദ്യങ്ങള്‍ക്കുമുമ്പില്‍ കൃത്യമായ മറുപടിയുണ്ടായില്ല. കൊല്ലുന്നവരുടെ പാര്‍ടിയല്ല, കൊല്ലപ്പെടുന്നവരുടെ പാര്‍ടിയാണ് സിപിഐ എം. വേട്ടയാടുന്നവരുടെ പാര്‍ടിയല്ല, വേട്ടയാടപ്പെടുന്നവരുടെ പാര്‍ടിയാണത്. മൊയാരത്ത് ശങ്കരനെയും സെയ്താലിയെയും കുഞ്ഞാലിയെയും സര്‍ദാര്‍ ഗോപാലകൃഷ്ണനെയും അഴീക്കോടന്‍ രാഘവനെയുമൊക്കെ കൊലപ്പെടുത്തിയവരാണിന്ന് മനുഷ്യത്വത്തിന്റെ മാലാഖചമയുന്നത്. ഇവരാരും സംഘട്ടനത്തില്‍ കൊല്ലപ്പെട്ടവരല്ല, പതിയിരുന്ന് ആക്രമിച്ചുകൊന്നതാണ് ഇവരെയൊക്കെ. കേരളത്തില്‍ മറ്റൊരു പ്രസ്ഥാനത്തിന്റെയും ഇത്ര പ്രമുഖരായ നേതാക്കള്‍ കൊലചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞ 12 വര്‍ഷത്തിനിടെ 109 പേരാണ് സിപിഐ എമ്മില്‍നിന്ന് കൊലചെയ്യപ്പെട്ടത്. ജി ഭുവനേശ്വരനെയും മുസ്തഫയെയും സുധീഷിനെയും പ്രസാദിനെയും ജോസിനെയും അനീഷിനെയുംപോലെ ഇളംപ്രായത്തിലേ എത്രയോ ഡസന്‍പേര്‍ കോണ്‍ഗ്രസുകാരാല്‍, ആര്‍എസ്എസുകാരാല്‍ ഈ പതിറ്റാണ്ടുകളില്‍ കൊല്ലപ്പെട്ടു. കൊലചെയ്യപ്പെടുന്നവരുടെ പ്രസ്ഥാനത്തെ കൊലയാളികളുടെ പ്രസ്ഥാനമായി ചിത്രീകരിച്ച് അപകീര്‍ത്തിപ്പെടുത്താനുള്ള സംഘടിതശ്രമങ്ങളാണിന്ന് നടക്കുന്നത്. ഇരകളെ പ്രതികളാക്കുന്ന വിദ്യയാണിത്. ഇത് നടത്തുന്നതാകട്ടെ, കൊലപാതക പരമ്പകള്‍ സിപിഐ എമ്മിനെതിരെ നടത്തിയ അതേ രാഷ്ട്രീയശക്തിതന്നെ. ഈ ദുഷ്ടനീക്കത്തില്‍ മുന്‍ കമ്യൂണിസ്റ്റുകാരും കമ്യൂണിസ്റ്റുവിരുദ്ധരും നക്സലുകളും മുന്‍ നക്സലുകളും തീവ്രവലതുപക്ഷക്കാരും ബുദ്ധിജീവിനാട്യക്കാരും അരാജകവാദികളും പാര്‍ടിവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് സിപിഐ എമ്മില്‍നിന്ന് പുറത്തായവരും വര്‍ഗീയവാദികളും മാധ്യമമൂലധനശക്തികളുമൊക്കെ മുന്നിട്ട് കൈകോര്‍ത്തുനില്‍ക്കുന്നു. ഈ കാഴ്ചതന്നെയാണ് സിപിഐ എം ആണ് ശരിയെന്നതിന്റെ ഏറ്റവും വലിയ സ്ഥിരീകരണം. വാക്കുകൊണ്ടോ കര്‍മംകൊണ്ടോ മനസ്സുകൊണ്ടോ മൗനംകൊണ്ടോ ഈ സംഘടിതനീക്കത്തെ ആരെങ്കിലും അനുകൂലിക്കുന്നുവെങ്കില്‍ അത് ചരിത്രത്തോടും വരുംതലമുറയോടും ചെയ്യുന്ന മാപ്പില്ലാത്ത കുറ്റകൃത്യമാകും. കാരണം, ഈ പ്രസ്ഥാനമാണ് കേരളത്തെ ഇന്നുകാണുന്ന ആധുനികനാടാക്കി മാറ്റിയത്; വര്‍ഗീയ ഛിദ്രശക്തികള്‍ മതനിരപേക്ഷതയുടെ അടിവേരറുക്കാന്‍ ആക്രമണോത്സുകമായി എത്തിയപ്പോള്‍ നാടിന് കാവല്‍നിന്നത്; സാമ്പത്തികാധിനിവേശങ്ങളിലൂടെ രാജ്യത്തിന്റെ പരമാധികാരം ഞെരിച്ചമര്‍ത്താന്‍ സാമ്രാജ്യത്വം നടത്തുന്ന ഒളിഞ്ഞും തെളിഞ്ഞുമുള്ള നീക്കങ്ങളെ വിട്ടുവീഴ്ചയില്ലാതെ തുറന്നുകാട്ടി ചെറുക്കുന്നത്.

പാട്ടവ്യവസ്ഥ അവസാനിപ്പിച്ചും പാട്ടക്കൃഷിക്കാരന് ഭൂമിയില്‍ സ്ഥിരാവകാശം നല്‍കിയും കുടികിടപ്പവകാശം കൊടുത്തും മിച്ചഭൂമി ഏറ്റെടുത്ത് വിതരണംചെയ്തും കേരളത്തിലെ സ്വത്തുബന്ധങ്ങളില്‍ മാറ്റംവരുത്തിക്കൊണ്ട് ജാതിവ്യവസ്ഥയെവരെ നിര്‍വീര്യമാക്കി ആത്മാഭിമാനമുള്ള കേരളജനതയെ രൂപപ്പെടുത്തിയെടുത്ത പ്രസ്ഥാനമാണിത്. കരാര്‍കൃഷി സമ്പ്രദായത്തിലൂടെ കാര്‍ഷികമേഖലയെയും കോര്‍പറേറ്റ്വല്‍ക്കരണത്തിലൂടെ ചില്ലറവ്യാപാര മേഖലയെയുമൊക്കെ കൈയടക്കാന്‍ സാമ്രാജ്യത്വം വ്യഗ്രതപൂണ്ട് ആഞ്ഞടുക്കുകയും കേന്ദ്രം അതിന് കീഴ്പെടുകയും ചെയ്യുമ്പോള്‍ ഇന്ത്യയില്‍ അതിനെതിരെ ഉയരുന്ന ഏകശബ്ദം ഇടതുപക്ഷത്തിന്റെതാണ്. അന്ധകാരഗ്രസ്തമാകുന്ന ഇന്ത്യന്‍ രാഷ്ട്രീയാന്തരീക്ഷത്തില്‍ പ്രത്യാശയുടെ ഏക രജതരേഖയായി നില്‍ക്കുന്നത് ഇടതുപക്ഷമാണ്. ആ ഇടതുപക്ഷത്തിന്റെ നടുനായകമായി നില്‍ക്കുന്ന പ്രസ്ഥാനം സിപിഐ എമ്മാണ്. അത് തകര്‍ന്നുകാണാന്‍ സാമ്രാജ്യത്വശക്തികളുടെമുതല്‍ വര്‍ഗീയവിധ്വംസക ശക്തികളുടെവരെ കിങ്കരന്മാര്‍ ആഗ്രഹിക്കുന്നു. ആ വലതുപക്ഷ ഗൂഢനീക്കങ്ങള്‍ക്ക് ശക്തിയും തീവ്രതയും വിശ്വാസ്യതയും പകര്‍ന്നുകൊടുക്കാന്‍ ഇടതുപക്ഷ വേഷധാരികളായ ചിലര്‍കൂടി സന്നദ്ധരായിരിക്കുന്ന വിപല്‍ക്കരമായ ഒരു കാലമാണിത്. ലാഹോര്‍, കാണ്‍പുര്‍, മീററ്റ് ഗൂഢാലോചന കേസുകളെയും തെലങ്കാന, തേഭാഗ, മൊറാഴ, കയ്യൂര്‍, കരിവെള്ളൂര്‍, സേലം, ഒഞ്ചിയം, പുന്നപ്ര-വയലാര്‍, ശൂരനാട് തുടങ്ങിയയിടങ്ങളില്‍ നടന്ന മനുഷ്യത്വരഹിതമായ വേട്ടകളെയും ചൈനീസ്ചാരന്മാര്‍ എന്ന ആക്ഷേപത്തിന്റെ അടിസ്ഥാനത്തിലുള്ള കൂട്ട അറസ്റ്റുകളെയും ഭീകരമായ അടിയന്തരാവസ്ഥ വാഴ്ചയെയുമൊക്കെ അതിജീവിച്ചുവന്ന ഒരു പ്രസ്ഥാനത്തെയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പൊലീസും ഒരുപിടി വലതുപക്ഷമാധ്യമങ്ങളും ചേര്‍ന്ന് ഇന്ന് തകര്‍ക്കാന്‍ ശ്രമിക്കുന്നത് എന്നത് ഈ കാലത്തിന്റെ വിഡ്ഢിത്തമായേ ചരിത്രം രേഖപ്പെടുത്തൂ. ""കുലീന കുടുംബത്തിലെ അക്ഷരാഭ്യാസമുള്ള നല്ല യുവാക്കളെ വഴിതെറ്റിക്കുന്ന തെമ്മാടിക്കൂട്ടത്തിന്റെ നേതാവ്"" എന്ന് പി കൃഷ്ണപിള്ളയെ പണ്ട് വിശേഷിപ്പിച്ച "ദേശീയപത്രം" ഇന്ന് കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതാക്കളെ "കൊലയാളികള്‍" എന്ന് ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതില്‍ അത്ഭുതത്തിനവകാശമില്ല. ഈ പത്രം ഏതെങ്കിലും ഒരു കമ്യൂണിസ്റ്റ് നേതാവിനെ വാഴ്ത്തുന്നുവെങ്കിലേ അമ്പരക്കേണ്ടതുള്ളൂ; അമ്പരപ്പിനപ്പുറം ചിലത് സംശയിക്കേണ്ടതുള്ളൂ.

""അവിശ്വാസികള്‍ ഭരണം തുടര്‍ന്നാല്‍ ഭരണഘടനയുടെ താക്കോല്‍സ്ഥാനങ്ങളിലാകെ അവര്‍ നിരീശ്വരവാദികളെ കുത്തിത്തിരുകും, ആരാധനാലയങ്ങളെ പൊതുവല്‍ക്കരിക്കും, തെരഞ്ഞെടുപ്പുകള്‍ എക്കാലത്തേക്കുമായി റദ്ദാക്കും. പിന്നീട് ജനാധിപത്യത്തെക്കുറിച്ച് ചിന്തിക്കുകയേവേണ്ട"" എന്ന് ഇന്ദിരാഗാന്ധി വായിച്ചറിയാന്‍ ഇംഗ്ലീഷില്‍ കമ്യൂണിസ്റ്റ് പാര്‍ടിക്കെതിരെ എഡിറ്റോറിയല്‍ എഴുതിയ മലയാളപത്രം ഇന്ന് കമ്യൂണിസ്റ്റ് പാര്‍ടിയെക്കുറിച്ച് നല്ലതുപറഞ്ഞാലേ അത്ഭുതപ്പെടേണ്ടതുള്ളൂ. കേരളത്തിന് ഒരു ഇടതുപക്ഷമനസ്സുണ്ട്. ആ മനസ്സ് തകര്‍ത്താലേ തങ്ങളുടെ നിക്ഷിപ്തതാല്‍പ്പര്യങ്ങള്‍ക്ക് മേല്‍ക്കൈ കിട്ടൂവെന്ന് വലതുപക്ഷ രാഷ്രീയശക്തികള്‍ക്കും വലതുപക്ഷ മാധ്യമങ്ങള്‍ക്കും നന്നായറിയാം. അതുകൊണ്ടുതന്നെ ഇരുവര്‍ക്കുമിടയില്‍ ഒരു അവിശുദ്ധ കൂട്ടുകെട്ടുണ്ട്. ഈ കൂട്ടുകെട്ട് ചിലപ്പോള്‍ മന്ദഗതിയിലാകും. തങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്നത് എന്ന് ഇവര്‍ തിരിച്ചറിയുന്ന സന്ദര്‍ഭങ്ങളില്‍ തീവ്രഗതിയിലാകും. കമ്യൂണിസ്റ്റ് പാര്‍ടിയെ നിരാകരിക്കുക എന്ന് നേരിട്ടുവന്ന് ആഹ്വാനംചെയ്താല്‍ ആധുനിക കേരളം രൂപപ്പെട്ടത് എങ്ങനെ എന്നറിയുന്ന കേരളത്തിന്റെ ഇടതുപക്ഷമനസ്സ് ആ ആഹ്വാനത്തെ നിരാകരിക്കുകയേയുള്ളൂ എന്ന് ഇവര്‍ക്കറിയാം.

അങ്ങനെ തുറന്നുപറഞ്ഞാല്‍ തങ്ങളുടെ വിശ്വാസ്യത തകരുമെന്നും ഇവര്‍ക്കറിയാം. അതുകൊണ്ട് അങ്ങനെ നേരിട്ടുപറയില്ല. ചില സന്ദര്‍ഭങ്ങള്‍ക്കായി ഇവര്‍ തക്കംപാര്‍ത്തിരിക്കും. അങ്ങനെ വലതുപക്ഷരാഷ്ട്രീയവും വലതുപക്ഷമാധ്യമങ്ങളും തങ്ങള്‍ക്ക് പറ്റിയത് എന്ന് കണ്ടെത്തി കമ്യൂണിസ്റ്റ്വിരുദ്ധ പ്രചാരവേലയ്ക്കായി ഉപയോഗിക്കുകയാണ് ടി പി ചന്ദ്രശേഖരന്‍ വധത്തെ. ഇടയ്ക്കൊക്കെ കൊലപാതകങ്ങള്‍ സംഭവിക്കാറുള്ള കേരളത്തില്‍ ടി പി ചന്ദ്രശേഖരന്‍ വധത്തിന് പ്രത്യേക പ്രാധാന്യം വന്നത്, രമയോടോ ചന്ദ്രശേഖരന്റെ മകനോടോ ഇവര്‍ക്ക് അനുതാപമുള്ളതുകൊണ്ടല്ല, മറിച്ച് മുഖ്യ ഇടതുപക്ഷപ്രസ്ഥാനമായ സിപിഐ എമ്മിനെതിരെ ഉപയോഗിക്കാനുള്ള വെടിമരുന്ന് ഈ വധത്തില്‍നിന്ന് കണ്ടെത്താമെന്ന് ഇവര്‍ പദ്ധതിയിട്ടതുകൊണ്ടാണ്. (അവസാനിച്ചു)

2012, ജൂലൈ 18, ബുധനാഴ്‌ച

ചന്ദ്രശേഖരന്‍ വധക്കേസിന്റെ രൂപപരിണാമങ്ങള്‍


പ്രഭാവര്‍മ
കമ്യൂണിസ്റ്റ് വിരുദ്ധതകൊണ്ട് അടിമുടി നീറിപ്പുകഞ്ഞുനില്‍ക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ സമസ്ത പൊലീസ്- ഭരണസംവിധാനവും നിരന്തരം ഉപയോഗിച്ച് രണ്ടരമാസത്തോളം ഭഗീരഥപ്രയത്നം നടത്തിയിട്ടും ടി പി ചന്ദ്രശേഖരന്‍ വധത്തിനു പിന്നിലുണ്ടെന്ന് ആരോപിക്കപ്പെട്ട സിപിഐ എം ബന്ധം തെളിയിക്കാനാകാതെ ഉഴലുകയാണ്. വധത്തിനു പിന്നില്‍ സിപിഐ എം ആയിരുന്നെങ്കില്‍ എല്ലാ അധികാരസംവിധാനങ്ങളും കൈവശമുള്ള യുഡിഎഫ് സര്‍ക്കാരിന് അതെല്ലാം രണ്ടരദിവസംകൊണ്ട് തെളിയിക്കാന്‍ കഴിയുമായിരുന്നു. പക്ഷേ, അന്വേഷണം രണ്ടരമാസമാകുമ്പോഴും കൊലനടത്തിയവരില്‍ ഒരു സിപിഐ എംകാരനെങ്കിലും ഉണ്ടെന്ന് തെളിവോടെ സ്ഥിരീകരിക്കാന്‍ സര്‍ക്കാരിനു കഴിയുന്നില്ല.

കൊലചെയ്യപ്പെട്ടയാളുടെ ചോരയുണങ്ങുംമുമ്പുതന്നെ സിപിഐ എംകാരാണ് ഇത് ചെയ്തതെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഈ അവസ്ഥമൂലമുള്ള ജാള്യം ചെറുതല്ല. ഇത് മറയ്ക്കാനും മാനംരക്ഷിക്കാനും ഒടുവില്‍ ഇവര്‍ കണ്ട പോംവഴിയാണ് കേസില്‍ ഗൂഢാലോചനക്കുറ്റത്തിനുള്ള വകുപ്പുചേര്‍ക്കുക എന്നത്. അങ്ങനെയൊരു വകുപ്പുചേര്‍ത്താല്‍ ആരെയും അതിലേക്ക് പിടിച്ചിടാം; തങ്ങള്‍ പറഞ്ഞതാണ് ശരി എന്ന പ്രതീതി വരുത്തി സിപിഐ എമ്മിനെ സംശയത്തിന്റെ പുകമറയില്‍ നിര്‍ത്തുകയും ചെയ്യാം. ഈ അടവാണ് ഇപ്പോള്‍ പയറ്റുന്നത്. സിപിഐ എമ്മിന്റെ ഏരിയ സെക്രട്ടറിയെയും ജില്ലാ സെക്രട്ടറിയറ്റ് അംഗത്തെയുമൊക്കെ കൊലപാതകവുമായി ഒരു വിധത്തിലും ബന്ധിപ്പിക്കാന്‍ കൃത്രിമ തെളിവുകള്‍ക്കുപോലും സാധിക്കുന്നില്ല എന്നുബോധ്യമായപ്പോഴാണ് ഇവരൊക്കെ ഗൂഢാലോചന നടത്തി എന്ന ആരോപണത്തിലേക്ക് പൊലീസും സര്‍ക്കാരും തെന്നിമാറിയത്.

തെങ്ങിനെക്കുറിച്ച് ഉപന്യസിക്കാനറിയാത്ത കുട്ടി തെങ്ങില്‍ പശുവിനെ കെട്ടിയിടാറുണ്ട് എന്ന് പരാമര്‍ശിച്ച് പശുവിനെക്കുറിച്ച് ഉപന്യസിക്കുന്നതുപോലുള്ള പരിപാടി. പശുവിനെക്കുറിച്ചുള്ള ഉപന്യാസം തെങ്ങിനെക്കുറിച്ചാകില്ല എന്ന സത്യം അപ്പോഴും ബാക്കിനില്‍ക്കും. എണ്‍പതുപേരെ പ്രതിയാക്കിയിട്ടുണ്ടെന്നാണ് പൊലീസിന്റെയും സര്‍ക്കാരിന്റെയും പ്രിയപ്പെട്ട വലതുപക്ഷ മാധ്യമങ്ങള്‍ പറയുന്നത്. അപ്പോള്‍ 80 പേര്‍ ഉള്‍പ്പെട്ട ഗൂഢാലോചനയോ? ഇത്രയേറെപ്പേര്‍ ചേര്‍ന്നാല്‍ അത് രഹസ്യയോഗമല്ല, പൊതുയോഗമേ ആകൂ. പൊതുയോഗത്തില്‍ ഗൂഢാലോചന നടക്കില്ലല്ലോ. "ഗൂഢാലോച" എന്നത് കമ്യൂണിസ്റ്റുകാരെ ആക്രമിക്കാന്‍ ബ്രിട്ടീഷ് ഭരണകാലംതൊട്ട് ഉപയോഗിക്കപ്പെട്ടുപോരുന്ന വകുപ്പാണ്. കമ്യൂണിസ്റ്റുകാര്‍ യോഗം ചേര്‍ന്നതിന്റെ പേരില്‍ മാത്രമുണ്ടായ ലാഹോര്‍- കാണ്‍പുര്‍- മീററ്റ് ഗൂഢാലോചന കേസുകളെക്കുറിച്ച് ഓര്‍മിക്കുക. അതേ ആയുധംതന്നെ ഇന്നും പ്രയോഗിക്കപ്പെടുന്നു. അറിഞ്ഞു, സഹായിച്ചു എന്നും മറ്റുമുള്ള അവ്യക്തമായ കഥമെനയല്‍ മാത്രമാണ് പലര്‍ക്കുമെതിരെ നടക്കുന്നത്. ഈ കുറ്റാരോപണങ്ങളൊന്നും കോടതിയില്‍ നിലനില്‍ക്കുന്നതല്ല എന്ന് പൊലീസിനും ഉമ്മന്‍ചാണ്ടി മന്ത്രിസഭയ്ക്കുമറിയാം. നിലനിന്നേ പറ്റൂ എന്ന് അവര്‍ക്ക് നിര്‍ബന്ധവുമില്ല. ആകെ വേണ്ടത് സിപിഐ എമ്മിനെതിരായി പൊതുജനാഭിപ്രായത്തെ തിരിച്ചുവിട്ട് കമ്യൂണിസ്റ്റ്വിരുദ്ധ അപസ്മാരാന്തരീക്ഷം സമൂഹത്തിലുണ്ടാക്കുക എന്നതുമാത്രമാണ്.

പൊലീസും വലതുപക്ഷ മാധ്യമങ്ങളും നിരന്തരം ചെയ്തുകൊണ്ടിരിക്കുന്നത് അതാണ്. ചന്ദ്രശേഖരന്‍ വധം സിപിഐ എമ്മിനെതിരായി രാഷ്ട്രീയമായി ഉപയോഗിക്കാന്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇടപെട്ട നിമിഷംമുതല്‍ ഈ കേസ് വഴിതെറ്റുകയായിരുന്നു. കല്യാണവീട്ടില്‍ നില്‍ക്കുമ്പോള്‍ ടി പി ചന്ദ്രശേഖരന് ഒരു ഫോണ്‍ വന്നുവെന്നും ആ ഫോണിന്റെ തുടര്‍ച്ചയെന്നോണം അദ്ദേഹം ബൈക്ക് ഓടിച്ചുപോവുകയായിരുന്നുവെന്നുമാണ് ആദ്യദിവസം പത്രങ്ങള്‍ എഴുതിയത്. ചന്ദ്രശേഖരന്‍ പോയതാകട്ടെ, തന്റെ വീടുള്ള വഴിക്കല്ല, നേരെ എതിര്‍ദിശയിലേക്കാണ്. ചന്ദ്രശേഖരനെ ആ വഴിക്കുതിരിച്ചുവിട്ട് കൊലപാതകസംഘത്തിന്റെ മുന്നിലെത്തിച്ചുകൊടുത്ത ഫോണ്‍കോള്‍ ആരുടേതായിരുന്നു? ആ വഴിക്ക് സ്വാഭാവികമായും അന്വേഷണം നീങ്ങേണ്ടതാണ്. അതുണ്ടായില്ല. കാരണം, അപ്പോഴേക്ക് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും അന്വേഷണസംഘം പോകേണ്ട ദിശ ഏതെന്ന് പരസ്യമായിത്തന്നെ നിര്‍ണയിച്ചുകൊടുത്തുകഴിഞ്ഞിരുന്നു. രാഷ്ട്രീയമല്ല, മറിച്ച് സ്വകാര്യതാല്‍പര്യമാണ് കൊലപാതകത്തിനു പിന്നിലെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് ഡയറക്ടര്‍ ജനറല്‍ രാവിലെ പറഞ്ഞു. രാഷ്ട്രീയവിരോധമാണ് കൊലയ്ക്കു പിന്നിലെന്ന് വൈകിട്ടായപ്പോള്‍ ആഭ്യന്തരമന്ത്രി ഡിജിപിയെ തിരുത്തി. അതോടെ, അതുവരെ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സ്വാഭാവികമായി നീങ്ങേണ്ട ദിശയില്‍നിന്ന് അന്വേഷണം വീണ്ടും വഴിതെറ്റി. ഇതിനിടെ, കൊല നടത്തിയവര്‍ എന്ന് പൊലീസ് തന്നെ പറയുന്ന ചിലര്‍ അറസ്റ്റുചെയ്യപ്പെട്ടു. അപ്പോഴാണ് കേന്ദ്ര ആഭ്യന്തരസഹമന്ത്രി, അവരൊക്കെ പരല്‍മീനുകളാണെന്നും വമ്പന്‍ സ്രാവുകള്‍ വേറെയുണ്ടെന്നും പ്രഖ്യാപിക്കുന്നത്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര സഹമന്ത്രി ഇതുപറഞ്ഞത്?


ഏതായാലും പിറ്റേന്നുതന്നെ കേസില്‍ അതുവരെ ഇല്ലാതിരുന്ന ഒരു വകുപ്പ് (120 ബി) കൂടി ചേര്‍ക്കപ്പെട്ടു- ഗൂഢാലോചനക്കുറ്റം. ആഭ്യന്തര സഹമന്ത്രിയുടെ പ്രീതിക്കായി വമ്പന്‍സ്രാവുകളുടെ പേര് ലിസ്റ്റില്‍ കയറ്റണമെങ്കില്‍ അതല്ലേയുള്ളൂവഴി- അന്വേഷണം വീണ്ടും വഴിതിരിഞ്ഞു. സത്യത്തെ വഴിയില്‍വിട്ട്, അന്വേഷണത്തെ രാഷ്ട്രീയമായി വഴിതിരിച്ചുവിട്ടത് സംസ്ഥാന ആഭ്യന്തരമന്ത്രിയും കേന്ദ്ര ആഭ്യന്തരസഹമന്ത്രിയുമാണ്. ഇവരുടെ പരസ്യ പ്രഖ്യാപനങ്ങളോടെയാണ് സി എച്ച് അശോകനെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നതും ഒരുമടിയും കൂടാതെ സ്റ്റേഷനില്‍ ചെന്ന അദ്ദേഹത്തെ ലോക്കപ്പിലടയ്ക്കുന്നതും. തുടര്‍ന്ന് മറ്റ് സിപിഐ എം നേതാക്കളുടെ പേര് അശോകനില്‍നിന്നുകിട്ടി എന്ന കഥയുണ്ടാക്കി അവരെക്കൂടി കസ്റ്റഡിയിലെടുക്കുന്നതും നേതാക്കളുടെ പേര് പറയിക്കാനായി പലരെയും അതിക്രൂരമാംവിധം ഭേദ്യംചെയ്യുന്നതും. 2010ല്‍ പൊലീസ് നിയമം ഭേദഗതിചെയ്ത് ഭേദ്യംചെയ്യല്‍ നിരോധിച്ചതാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. നിരോധിക്കപ്പെട്ട ആ ഭേദ്യമുറകള്‍ ലോക്കപ്പുകളില്‍ വീണ്ടും വരുമ്പോഴും മനുഷ്യത്വത്തിന്റെ മഹാപ്രവാചകരായി മറ്റു ഘട്ടങ്ങളില്‍ അവതരിക്കുന്ന വലതുപക്ഷ മാധ്യമങ്ങള്‍ക്ക് മിണ്ടാട്ടമില്ല. ഇതിനെല്ലാം അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചുകൊടുക്കുക എന്നതായി വലതുപക്ഷ മാധ്യമങ്ങളുടെ റോള്‍. കസ്റ്റഡിയില്‍ ആയവര്‍ പറഞ്ഞതായി അവര്‍ പറയാത്ത കഥകള്‍ നിത്യേന പൊലീസ് ചോര്‍ത്തിക്കൊടുക്കുക; പത്രങ്ങള്‍ അവയൊക്കെ പൊടിപ്പും തൊങ്ങലുംവച്ച് എഴുതിത്തകര്‍ക്കുക. ഇതായി പിന്നീട് പരിപാടി. കസ്റ്റഡിയിലായവര്‍ക്ക് തങ്ങള്‍ ഇങ്ങനെയൊന്നും മൊഴി നല്‍കിയിട്ടില്ല എന്ന് വിശദീകരിക്കാനുള്ള അവകാശം നിഷേധിച്ചു. അവരുടെ അഭിഭാഷകര്‍ പത്രത്തില്‍ വരുന്നതൊന്നും സത്യമല്ല എന്ന് അവരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ വിശദീകരിച്ചതൊക്കെ പത്രങ്ങള്‍ തമസ്കരിക്കുകയും ചെയ്തു. പൊലീസ് ഓഫീസര്‍മാര്‍ നൂറുകണക്കിനു തവണ പത്രങ്ങളുടെയും ചാനലുകളുടെയും ലേഖകന്മാരെ വിളിച്ചതിന്റെ തെളിവുകള്‍ ഇതിനിടെ ദേശാഭിമാനി പുറത്തുകൊണ്ടുവന്നു. അന്വേഷണം നടക്കുന്നതിനിടെ അതിന്റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റകൃത്യമാണ്. അങ്ങനെ ചെയ്യുന്നത് നീതിപൂര്‍വകമായ അന്വേഷണത്തെ അനീതി നിറഞ്ഞതാക്കാനുള്ള ഇടപെടലാണ്. അതുകൊണ്ടുതന്നെ സുപ്രീംകോടതി ഇക്കാര്യത്തില്‍ സുവ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതെല്ലാംവച്ചു നോക്കിയാല്‍ നൂറുകണക്കിനു തവണ ചാനല്‍- പത്ര റിപ്പോര്‍ട്ടര്‍മാരെ വിളിച്ച പൊലീസ് ഓഫീസര്‍മാര്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടാകേണ്ടതാണ്. എന്നാലിവിടെ, നടപടി കുറ്റംചെയ്ത പൊലീസ് ഓഫീസര്‍മാര്‍ക്കെതിരെയല്ല, മറിച്ച് അത് പുറത്തുകൊണ്ടുവന്ന ദേശാഭിമാനിക്കെതിരെയാണ്. ഈ പൊലീസ് ഓഫീസര്‍മാര്‍ക്ക് ഡിപ്പാര്‍ട്മെന്റ് മൊബൈല്‍ ഫോണ്‍ കൊടുത്തിട്ടുള്ളതും അതിന്റെ ബില്‍ തുക സര്‍ക്കാര്‍ ഖജനാവില്‍നിന്ന് നല്‍കുന്നതും ഈ പണിക്കാണോ? ഈ ചോദ്യം പത്രസ്വാതന്ത്ര്യത്തെക്കുറിച്ച് മറ്റു സന്ദര്‍ഭങ്ങളില്‍ ഗിരിപ്രഭാഷണം നടത്താറുള്ള ഒരു മാധ്യമവും ചോദിക്കുന്നില്ല. മാധ്യമ- പൊലീസ് അവിശുദ്ധ ബന്ധത്തിന്റെ ക്ലാസിക് ദൃഷ്ടാന്തമാണിത്. ദേശാഭിമാനിക്കെതിരെ സര്‍ക്കാര്‍ കേസെടുക്കുന്നത് തീര്‍ത്തും സത്യവിരുദ്ധമായ ഒരു തലത്തില്‍നിന്നുകൊണ്ടാണ്. ദേശാഭിമാനി അന്വേഷണ ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയെന്നാണ് കേസ്. അവര്‍ ഫോണില്‍ സംസാരിച്ച ഒരു വാക്കുപോലും ദേശാഭിമാനി പ്രസിദ്ധീകരിച്ചിട്ടില്ല. പ്രസിദ്ധീകരിച്ചത് അവര്‍ വിളിച്ച ഫോണ്‍ നമ്പരുകളാണ്. ആ നമ്പരുകള്‍ പുറത്തുവരുമ്പോള്‍ പൊലീസ് വകുപ്പ് എന്തിനാണ് നടുങ്ങുന്നത്. മാധ്യമങ്ങള്‍ക്ക് വിവരം കൊടുക്കരുതെന്ന സുപ്രീംകോടതിയുടെവരെ വിലക്ക് ലംഘിച്ച് നിരന്തരം മാധ്യമങ്ങളെ ബന്ധപ്പെട്ടത് എന്തിന് എന്ന് അവരോട് വിശദീകരണം തേടുകയല്ലേ ഡിജിപി ചെയ്യേണ്ടത്? പക്ഷേ, അതുചെയ്യാന്‍ പോലും കഴിയാത്തവിധം ഡിപ്പാര്‍ട്മെന്റിന്റെയാകെ കൈകെട്ടിയിരിക്കുന്നു ഈ ഭരണം. ഇടുക്കിയില്‍ എം എം മണി ഒരു പ്രസംഗംചെയ്തു. അതിന്റെ ആദ്യഭാഗം മാധ്യമങ്ങള്‍ അപ്പാടെ തമസ്കരിച്ചു. എങ്കിലും, പൊലീസിന്റെ പക്കല്‍ ആ ആദ്യഭാഗവുമുണ്ട്. എന്തായിരുന്നു ആ ആദ്യഭാഗം? പീരുമേട്ടിലെ തോട്ടംതൊഴിലാളി സ്ത്രീകളെ എസ്റ്റേറ്റ് ഉടമകളും അവരുടെ ഏജന്റുമാരായ കോണ്‍ഗ്രസ് നേതാക്കളും രാത്രികാലങ്ങളില്‍ മാനഭംഗപ്പെടുത്താന്‍ ചെല്ലുമായിരുന്നതിന്റെയും അതിനെ എതിര്‍ത്ത ആങ്ങളമാരെയും ഭര്‍ത്താക്കന്മാരെയും ആ പ്രമാണിമാര്‍ കൊന്നൊടുക്കിയതിന്റെയും കഥയായിരുന്നു അത്. പീരുമേട്ടില്‍ തോട്ടം തൊഴിലാളികള്‍ സ്ത്രീകളുടെ അഭിമാന സംരക്ഷണത്തിനും തങ്ങളുടെ അവകാശം നേടലിനുംവേണ്ടി യൂണിയനുണ്ടാക്കിത്തുടങ്ങിയപ്പോള്‍ അതിനുമുന്‍നിന്നു പ്രവര്‍ത്തിച്ച തൊഴിലാളി നേതാക്കളെ ഒന്നൊന്നായി എസ്റ്റേറ്റ് മുതലാളിമാരും കോണ്‍ഗ്രസ് നേതാക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയതിന്റെ ലിസ്റ്റായിരുന്നു അതില്‍. ആ കൊലപാതകങ്ങളുടെ ലിസ്റ്റിനെക്കുറിച്ച് അന്വേഷണമില്ല. അത് പുറത്തുവരാതെ നോക്കാന്‍ മാധ്യമങ്ങളുടെ ജാഗ്രതാപൂര്‍ണമായ തമസ്കരണം! ആ കൊലപാതകങ്ങളുടെ ലിസ്റ്റ് കാണുമ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എന്തിനാണ് നടുങ്ങുന്നത്? മാധ്യമങ്ങള്‍ എന്തിനാണ് ആ ലിസ്റ്റ് മറയ്ക്കാന്‍ ഇത്ര താല്‍പ്പര്യം കാണിക്കുന്നത്? പൊലീസും വലതുപക്ഷ മാധ്യമങ്ങളും എങ്ങനെ തോളോടുതോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുവെന്നു നോക്കുക!


മുസ്ലിംലീഗ് നേതാവ് പി കെ ബഷീറും കോണ്‍ഗ്രസ് നേതാവ് കെ സുധാകരനും നടത്തിയ ഭീഷണിപ്രസംഗങ്ങള്‍ പുറത്തുവന്നു. ആ ഭീഷണിപ്രസംഗങ്ങള്‍ മുന്‍നിര്‍ത്തി അവര്‍ക്കെതിരെ ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നില്ല. വലതുപക്ഷമാധ്യമങ്ങള്‍ക്കാകട്ടെ, അതില്‍ ഒരു പരാതിയുമില്ല. എം എം മണിയുടെ കാര്യമാകുമ്പോള്‍, അദ്ദേഹം പൊതുപ്രവര്‍ത്തനത്തില്‍ വ്യാപരിക്കുമ്പോഴും ""ഒളിവില്‍"" എന്ന് എഴുതി മണിയെ അറസ്റ്റ് ചെയ്യണമെന്ന് മുറവിളി കൂട്ടാന്‍ ഇവര്‍ക്ക് മടിയുമില്ല. ഈ മുറവിളി എന്തേ പി കെ ബഷീറിന്റെയും കെ സുധാകരന്റെയും കാര്യത്തില്‍ കണ്ടില്ല? കഴിഞ്ഞ ലോക്സഭാ തെഞ്ഞെടുപ്പുഘട്ടത്തില്‍ താന്‍ കണ്ണൂരില്‍ കൊണ്ടുവന്ന ക്വട്ടേഷന്‍സംഘത്തെ വിടുവിച്ചെടുക്കാന്‍ പകലന്തിയോളം കെ സുധാകരന്‍ പൊലീസ്സ്റ്റേഷനില്‍ ഉറഞ്ഞുതുള്ളി. ഇതില്‍ കാണാത്ത "നീതിപാലനത്തിലെ ഇടപെടല്‍" എസ്എഫ്ഐ കുട്ടികളെ സ്റ്റേഷനില്‍കൊണ്ടുപോയതിനെക്കുറിച്ച് അന്വേഷിക്കാന്‍ ചെന്ന എം വി ജയരാജന്റെ കേവലമായ അന്വേഷണത്തില്‍ ഇതേ മാധ്യമങ്ങള്‍ കണ്ടെത്തുന്നു. എന്തുകൊണ്ട് മാധ്യമങ്ങള്‍ക്ക് ഈ ഇരട്ടത്താപ്പ്? പി കെ ബഷീര്‍ നടത്തിയ വധഭീഷണി പ്രസംഗത്തില്‍ കേസെടുക്കാന്‍വേണ്ട കാര്യങ്ങള്‍ കാണാത്ത പൊലീസ് ക്രൂരഭേദ്യങ്ങള്‍ നടത്തുന്ന പൊലീസുകാരെ സുപ്രീംകോടതി ശിക്ഷിച്ചിട്ടുണ്ടെന്ന് എളമരം കരീം പ്രസംഗിച്ചതായി കേള്‍ക്കുമ്പോള്‍ തുടര്‍കേസുകളുമായി എത്തുന്നു- പൊലീസിനെ ഭീഷണിപ്പെടുത്തിയെന്ന കേസ്! ഇക്കണക്കിനുപോയാല്‍ "ഇക്കളി തീക്കളി സൂക്ഷിച്ചോ" എന്നു പ്രകടനത്തില്‍ മുദ്രാവാക്യം ഉയര്‍ന്നാല്‍ പ്രകടനത്തെ അപ്പാടെ ഈ സര്‍ക്കാര്‍ തടവറയിലാക്കും. വിയോജനാഭിപ്രായങ്ങളെയാകെ ഈ വിധത്തില്‍ ഞെരിച്ചമര്‍ത്തുമ്പോഴും ജനാധിപത്യ സ്വാതന്ത്ര്യത്തെക്കുറിച്ച് മറ്റു വേളകളില്‍ മഹാപ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്ന വലതുപക്ഷ മാധ്യമങ്ങള്‍ക്ക് ഒരു എതിരഭിപ്രായവുമില്ല!

ജഡ്ജിയാകേണ്ടയാള്‍ക്കെതിരെ വ്യാജപേരില്‍ പരാതി അയച്ച ദല്ലാള്‍ നന്ദകുമാറിനെതിരായ കേസ് സിബിഐക്ക് വിടാനുള്ള തീരുമാനം പൂഴ്ത്തിവച്ച് ദല്ലാള്‍ നന്ദകുമാറിന് ഇടക്കാല സ്റ്റേനേടാന്‍ അവസരമുണ്ടാക്കിക്കൊടുത്ത ആഭ്യന്തരമന്ത്രിയാണ് പൊലീസിനെ ഭരിക്കുന്നത്. സിബിഐ അന്വേഷണത്തിനുള്ള തുടര്‍നടപടികള്‍ തടയണമെന്ന് ആവശ്യപ്പെട്ട് ദല്ലാള്‍ കോടതിയില്‍ പോയപ്പോള്‍ എതിര്‍വാദത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ ഹാജരാകാതിരുന്നതും ഫെബ്രുവരി 22ന്റെ സിബിഐ അന്വേഷണ വിജ്ഞാപനം നിരവധി മാസങ്ങള്‍ ആഭ്യന്തരമന്ത്രി കേന്ദ്രത്തിനയക്കാതെ പൂഴ്ത്തിവച്ചതും കൂട്ടിവായിക്കാന്‍ വിഷമമില്ല. നാഴികയ്ക്ക് നാല്‍പ്പതുവട്ടം നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്ന് ആവര്‍ത്തിക്കുന്ന ആഭ്യന്തരമന്ത്രി നിയമത്തെ ഈ വിധത്തില്‍ തടസ്സപ്പെടുത്തിയത് ആര്‍ക്കുവേണ്ടി എന്ന ചോദ്യം വലതുപക്ഷ മാധ്യമങ്ങള്‍ ഉയര്‍ത്തുന്നതേയില്ല. കെ സുധാകരനെതിരെ സിബിഐ കേസുണ്ടെന്നു പറഞ്ഞാണല്ലോ യുഡിഎഫ് സര്‍ക്കാര്‍ കേരളത്തിലെ കേസ് ഇല്ലാതാക്കാന്‍ കോടതിയെ സമീപിച്ചത്. എവിടെയാണ് ആ സിബിഐ കേസ്? തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മറുപടി പറയണം. ജഡ്ജിക്ക് കൈക്കൂലികൊടുത്തെന്ന് കെ സുധാകരന്‍ പ്രസംഗിച്ച കേസില്‍ സിബിഐ അന്വേഷണം നടക്കുന്നുണ്ടെന്ന കള്ള നിലപാടിന്റെ അടിസ്ഥാനത്തില്‍ ഇവിടത്തെ പൊലീസ്- വിജിലന്‍സ് കേസുകള്‍ അവസാനിപ്പിക്കാന്‍ കോടതിയെ സര്‍ക്കാര്‍ സമീപിച്ചു. കോടതിയെ കബളിപ്പിച്ച് കേസ് ഇല്ലായ്മചെയ്ത് സുധാകരനെ രക്ഷപ്പെടുത്തിയെടുക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വകുപ്പ് ശ്രമിച്ചതെന്തിനെന്ന ചോദ്യം വലതുപക്ഷ മാധ്യമങ്ങള്‍ ഉയര്‍ത്തുന്നതേയില്ല. ഇങ്ങനെ നോക്കിയാല്‍, കേരളത്തിലെ കേസുകളെയെല്ലാം തങ്ങള്‍ക്ക് രാഷ്ട്രീയമായി അനുകൂലമായത്, പ്രതികൂലമായത് എന്ന നിലയ്ക്ക് കേരളത്തിന്റെ ആഭ്യന്തരവകുപ്പ് വേര്‍തിരിക്കുന്നതാണ് ബോധ്യമാവുക. രാഷ്ട്രീയമായി പ്രതികൂലമാകുന്ന കേസുകളെല്ലാം നിയമവിരുദ്ധമായ വഴിക്കുപോലും പോയി ഇല്ലായ്മചെയ്യുക. മറുവശത്ത്, രാഷ്ട്രീയമായി ഇടതുപക്ഷത്തിനെതിരെ ഉപയോഗിക്കാവുന്നതെന്ന് ലിസ്റ്റുചെയ്തിട്ടുള്ള കേസുകളിലെല്ലാം കൃത്രിമമായി തെളിവുകളുണ്ടാക്കിയെടുത്ത് വൈരനിര്യാതനം നടത്തുക. ഇതാണ് ആഭ്യന്തരവകുപ്പ് ചെയ്തുകൊണ്ടിരിക്കുന്നത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ മാപ്പുസാക്ഷികളെ ഉണ്ടാക്കി രാഷ്ട്രീയ ലക്ഷ്യം നേടാന്‍ നോക്കുന്ന നെറികേടാണ് ഇവര്‍ ഏറ്റവുമൊടുവില്‍ പ്രകടിപ്പിക്കുന്നത്. ഇതിനൊക്കെ കുടപിടിക്കുകയാണ് വലതുപക്ഷ മാധ്യമങ്ങള്‍. കസ്റ്റഡിയില്‍പ്പെട്ട കാരായി രാജനെയും മറ്റും സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സന്ദര്‍ശിച്ചതിനെ വലതുപക്ഷ മാധ്യമങ്ങള്‍ വിമര്‍ശിച്ചു. അന്യായമായി പ്രതിചേര്‍ക്കപ്പെട്ട് ജയിലിലായാല്‍ ആ നേതാവിനെ കൈയൊഴിയുക എന്നതല്ല സിപിഐ എം രീതി. പാര്‍ടിക്കുവേണ്ടി പ്രവര്‍ത്തിച്ചതുകൊണ്ടാണ് ചെയ്യാത്ത കുറ്റത്തിന് കാരായി രാജനും മറ്റും ജയിലിലടയ്ക്കപ്പെട്ടത്. ഇങ്ങനെ ജയിലിലായവരെ മാത്രമല്ല, വധശിക്ഷയ്ക്കു കാത്തുകഴിഞ്ഞവരെവരെ സന്ദര്‍ശിച്ച ചരിത്രമാണ് കമ്യൂണിസ്റ്റ് പാര്‍ടിക്കുള്ളത്. തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ട കയ്യൂര്‍ സഖാക്കളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പോയി സന്ദര്‍ശിച്ച പി സി ജോഷിയുടെയും പി കൃഷ്ണപിള്ളയുടെയും പാരമ്പര്യമാണ് അത്. അത് ഉയര്‍ത്തിപ്പിടിക്കുക എന്നതുതന്നെയാണ് സിപിഐ എം നേതാവിന്റെ കര്‍ത്തവ്യം. അത് ആ നിലയ്ക്ക് കാണാന്‍ വലതുപക്ഷ മാധ്യമങ്ങള്‍ക്ക് കഴിയില്ല. കാരണം ഇടതുപക്ഷത്തെ തകര്‍ക്കുകയെന്ന കനത്ത ദൗത്യം ഏറ്റെടുക്കാന്‍ നടക്കുന്നവരാണല്ലോ അവര്‍! (അവസാനിക്കുന്നില്ല)

2012, ജൂലൈ 5, വ്യാഴാഴ്‌ച

കാരി സതീശും കൊടി സുനിയും പിന്നെ മാധ്യമങ്ങളും

കെ ആര്‍ മായ
ജേഴ്സി പോപീലുസ്ക്കൊ പോളണ്ടുകാരനായ കത്തോലിക്കാ പുരോഹിതന്‍. 1984 ഒക്ടോബര്‍ 19ന് അദ്ദേഹത്തെ കാണാതായി. പോളണ്ടിലെ കമ്യൂണിസ്റ്റ് പാര്‍ടി നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരായ സോളിഡാരിറ്റി പ്രസ്ഥാനത്തിെന്‍റ പ്രവര്‍ത്തകനായ പോപീലുസ്ക്കൊയുടെ മൃതദേഹം ഏതാനും ദിവസങ്ങള്‍ക്കുശേഷം ഒരു കുളത്തില്‍നിന്ന് കണ്ടെടുത്തു. പോളണ്ടിലെ സര്‍ക്കാര്‍ ഉടന്‍തന്നെ അന്വേഷണം നടത്തി. ഈ പുരോഹിതനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്നത് ചില പോലീസുകാര്‍ തന്നെയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കുറ്റകൃത്യത്തിന് ഉത്തരവാദികളായ പോലീസുകാരെ പിടികൂടി വിചാരണ നടത്തി ശിക്ഷിക്കുകയും ചെയ്തു.

ഈ സംഭവത്തെ അമേരിക്കയിലെ കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ ആ കാലത്ത് എങ്ങനെ കൈകാര്യം ചെയ്തുവെന്ന് എഡ്വേര്‍ഡ് എസ് ഹെര്‍മനും നോം ചോംസ്ക്കിയും വിശകലനം ചെയ്യുന്നുണ്ട്. പുരോഹിതനെ കാണാതായതിന് തൊട്ടടുത്ത ദിവസം മുതല്‍ 18 മാസത്തിനിടയില്‍ ""ന്യൂയോര്‍ക്ക് ടൈംസ്"" 78 റിപ്പോര്‍ട്ടുകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചുവെന്നും ഇതില്‍ 10 എണ്ണം ഒന്നാം പേജിലെ ലീഡ് വാര്‍ത്തകളായിരുന്നുവെന്നും മൂന്ന് മുഖപ്രസംഗങ്ങള്‍ എഴുതിയിരുന്നുവെന്നും ഹെര്‍മനും ചോംസ്ക്കിയും രേഖപ്പെടുത്തുന്നു. എന്നാല്‍ പോളിഷ് അധികാരികള്‍ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിച്ച വിവരം അമേരിക്കന്‍ ജനതയെ അറിയിക്കാന്‍ ""ന്യൂയോര്‍ക്ക് ടൈംസോ"" ഇതേവിധം ഈ വിഷയം കൈകാര്യം ചെയ്ത മറ്റു മാധ്യമങ്ങളോ തയ്യാറായില്ല എന്നും ഈ പഠനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, ഈ കൊലപാതകത്തിെന്‍റ ഉത്തരവാദിത്വം "ഉന്നത"ങ്ങളിലുള്ളവര്‍ക്കാണെന്ന സൂചനയോടെ 18 ലേഖനങ്ങള്‍ ""ന്യൂയോര്‍ക്ക് ടൈംസ്"" പ്രസിദ്ധീകരിച്ചിരുന്നുവെന്നും നിരവധി ലേഖനങ്ങളില്‍ ഇതിനുപിന്നില്‍ സോവിയറ്റ് ഗൂഢാലോചനയുണ്ടെന്നും സോവിയറ്റ് - ബള്‍ഗേറിയന്‍ ഗൂഢാലോചനയാണെന്നും തട്ടിവിട്ടിരുന്നതായും സൂചിപ്പിക്കുന്നു.



ഹെര്‍മനും ചോംസ്ക്കിയും പറയുന്നത് നോക്കൂ - ""ഈ ഒരു റിപ്പോര്‍ട്ടിലും ഈ വാദത്തെ സാധൂകരിക്കുന്ന തെളിവിെന്‍റ കണികപോലും നിരത്താന്‍ കഴിഞ്ഞിരുന്നുമില്ല"" (പേജ് 43) 1984 ഒക്ടോബര്‍ 30ന് ""ന്യൂയോര്‍ക്ക് ടൈംസ്"" എഴുതിയ ""ആളെക്കൊല്ലുന്ന പോളണ്ട്"" എന്ന മുഖപ്രസംഗത്തിലെ വാചകം ഇങ്ങനെ - ""പോലീസുകാരുടെ നടപടികള്‍ക്ക് ഉത്തരവാദി ഭരണകൂടം തന്നെ"". അമേരിക്കന്‍ ദൃശ്യമാധ്യമങ്ങളും ഇതേ വിധം തന്നെ പോളിഷ് പുരോഹിതെന്‍റ കൊലപാതകം ആഘോഷിക്കുകയുണ്ടായി. എന്നാല്‍ കമ്യൂണിസ്റ്റ് ഭരണം നിലനിന്നിരുന്ന പോളണ്ടിലെ പുരോഹിതെന്‍റ കൊലപാതകം കൈകാര്യം ചെയ്തതുപോലെയാണോ അമേരിക്കന്‍ മാധ്യമങ്ങള്‍ മറ്റു രാജ്യങ്ങളില്‍ നടന്ന കൊലപാതകങ്ങളെ കൈകാര്യം ചെയ്തത്? അല്ല എന്നാണ് ഹെര്‍മനും ചോംസ്ക്കിയും പറയുന്നത്.

അമേരിക്കന്‍ അനുകൂല പട്ടാള ഭരണങ്ങള്‍ നിലനിന്നിരുന്ന എല്‍ സാല്‍വദോറിലേയും ഗ്വാട്ടിമാലയിലെയും ഹോണ്ടുറാസിലെയും ചില ഉദാഹരണങ്ങളാണ് അവര്‍ പഠനവിധേയമാക്കിയത്. 1985 മാര്‍ച്ച് 30നും ഏപ്രില്‍ 6നും ഗ്വാട്ടിമാലയില്‍ ഹെക്ടര്‍ ഒര്‍ലാന്‍ഡോ, മരിയ റൊസാരിയൊ എന്നീ കത്തോലിക്കാ പുരോഹിതര്‍ കൊല്ലപ്പെട്ടു. പട്ടാളവും പോലീസും ഭൂപ്രഭുക്കന്മാരും പാവപ്പെട്ട കര്‍ഷകരെ പീഡിപ്പിക്കുന്നതിനെതിരെ പ്രതികരിച്ചിരുന്ന ഇവര്‍ അരുംകൊല ചെയ്യപ്പെട്ടതിന് ഉത്തരവാദികള്‍ സൈനിക മേധാവികള്‍ തന്നെയെന്ന് പരക്കെ വിശ്വസിക്കപ്പെട്ടിരുന്നു; പില്‍ക്കാലത്ത് ""ട്രൂത്ത് കമ്മീഷന്‍"" അത് ശരിവെയ്ക്കുകയും ചെയ്തിരുന്നു.

എന്നാല്‍ അന്ന് സര്‍ക്കാരിെന്‍റ ഭാഗത്തുനിന്ന് അന്വേഷണം പോലും ഉണ്ടായില്ല. 5 ചെറിയ വാര്‍ത്തകളില്‍ അമേരിക്കന്‍ മാധ്യമങ്ങള്‍ ഇത് ഒതുക്കി. എല്‍ സാല്‍വദോറിലെ ആര്‍ച്ച് ബിഷപ്പ് ഓസ്ക്കാര്‍ റോമിറോ 1980 മാര്‍ച്ച് 18നാണ് കൊല്ലപ്പെട്ടത്. യാഥാസ്ഥിതികനും എന്നാല്‍ പ്രശസ്തനും ജനപ്രിയനുമായ ആര്‍ച്ച് ബിഷപ് കൊല ചെയ്യപ്പെട്ടതും സൈനിക മേധാവികളുടെ ആജ്ഞാനുസരണം ആയിരുന്നു. 1975-78 കാലത്ത് ഹോണ്ടുറാസില്‍ 72 പുരോഹിതന്മാര്‍ കൊല്ലപ്പെട്ടിരുന്നു. (ഇതില്‍ 68 എണ്ണത്തെക്കുറിച്ചും അമേരിക്കന്‍ മാധ്യമങ്ങളില്‍ ഒറ്റക്കോളം വാര്‍ത്തപോലും വന്നിരുന്നില്ല) ഇതില്‍ 1977 മാര്‍ച്ച് 12ന് കൊല്ലപ്പെട്ട റൂട്ടിലിയൊ ഗ്രാന്‍ഡെ എന്ന ജെസ്യൂട്ട് പുരോഹിതന്‍ ആര്‍ച്ച് ബിഷപ്പ് റോമിറൊവിെന്‍റ ഉറ്റ ചങ്ങാതിയായിരുന്നു. ആരാധനയ്ക്കായി പള്ളിയിലേക്ക് പോകവെ ആയിരുന്നു അദ്ദേഹം വെടിയുണ്ടയ്ക്കിരയായത്. ഇതില്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതി കയറുകയും പ്രസിഡന്‍റ് മൊളിനയ്ക്ക് കത്തെഴുതുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു ആര്‍ച്ച് ബിഷപ്പും കൊല്ലപ്പെട്ടത്. സര്‍വാദരണീയനായ ആര്‍ച്ച് ബിഷപ്പിെന്‍റ കൊലപാതകത്തെ സംബന്ധിച്ച് ""ന്യൂയോര്‍ക്ക് ടൈംസ്"" 16 വാര്‍ത്തകള്‍ (4 എണ്ണം ഒന്നാം പേജില്‍) മാത്രമാണ് പ്രസിദ്ധീകരിച്ചത്. മുഖപ്രസംഗം എഴുതിയതേയില്ല. എല്‍ സാല്‍വദോറില്‍ തന്നെ അമേരിക്കക്കാരായ 4 കന്യാസ്ത്രീമാര്‍ 1980 ഡിസംബറില്‍ കൊല്ലപ്പെട്ടിരുന്നു. മൂന്ന് ഒന്നാം പേജ് വാര്‍ത്ത ഉള്‍പ്പെടെ 26 വാര്‍ത്തകള്‍ മാത്രമാണ് ഇതില്‍ ""ന്യൂയോര്‍ക്ക് ടൈംസ്"" പ്രസിദ്ധീകരിച്ചത്.


കൊല്ലപ്പെട്ടവര്‍ അമേരിക്കന്‍ പൗരത്വമുള്ള കന്യാസ്ത്രീകള്‍ ആയിട്ടുപോലും മുഖപ്രസംഗം ആവശ്യമാണെന്ന് തോന്നിയില്ല; ഭരണകൂട ഭീകരതയും ഗൂഢാലോചനയും കണ്ടെത്തിയതുമില്ല. കാരണം, ഈ കൊലപാതകങ്ങള്‍ നടത്തിയത് അമേരിക്കന്‍ ഭരണകൂടത്തിന് വേണ്ടപ്പെട്ടവരായ സൈനിക ഭരണാധികാരികള്‍ ആയിരുന്നു. 1981 മെയ് 13ന് പോപ്പ് ജോണ്‍പോള്‍ രണ്ടാമനു നേരെ നടന്ന വധശ്രമം സോവിയറ്റ് - ബള്‍ഗേറിയന്‍ ഗൂഢാലോചനയാണെന്ന് മത്തങ്ങാ വലിപ്പത്തില്‍ അച്ചുനിരത്താന്‍ ""ന്യൂയോര്‍ക്ക് ടൈംസ്"" ഉള്‍പ്പെടെ അമേരിക്കന്‍ മാധ്യമങ്ങള്‍ക്കും വാര്‍ത്താ ഏജന്‍സികള്‍ക്കും രണ്ടാമതൊന്ന് ആലോചിക്കേണ്ടതായി വന്നില്ല.

അതേറ്റുപിടിക്കാന്‍ മലയാളമാധ്യമങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ പോപ്പിനുനേരെ വെടിയുണ്ട ഉതിര്‍ത്ത് പരിക്കേല്‍പിച്ചത് തുര്‍ക്കിയിലെ നാഷണലിസ്റ്റ് ആക്ഷന്‍ പാര്‍ടി എന്ന തീവ്രവലതുപക്ഷകക്ഷിയിലെ മെഹ്മെത്ത് അലി അഗ്ക എന്ന ഫാസിസ്റ്റായിരുന്നു എന്ന് തെളിഞ്ഞതോടെ പോപ്പ്വധശ്രമ വാര്‍ത്തയ്ക്ക് മാധ്യമശ്രദ്ധ കുറഞ്ഞതായും ചോംസ്ക്കിയും ഹെര്‍മനും ചൂണ്ടിക്കാട്ടുന്നു. ""മാധ്യമങ്ങള്‍ സ്വതന്ത്രരും സത്യം കണ്ടെത്താനും റിപ്പോര്‍ട്ടു ചെയ്യാനും ബാധ്യതപ്പെട്ടവരുമാണെന്ന ജനാധിപത്യധാരണ"" യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ലെന്നും ""ഭരണകൂടത്തിലും സ്വകാര്യമേഖലയിലും ആധിപത്യം പുലര്‍ത്തുന്ന വിഭാഗങ്ങളുടെ സവിശേഷ താല്‍പര്യങ്ങള്‍ക്ക് ജനപിന്തുണ നേടാന്‍ വേണ്ടിയാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്"" എന്നും ചോംസ്ക്കിയും ഹെര്‍മനും ഈ കൃതിയില്‍ അടിവരയിട്ട് സ്ഥാപിക്കുന്നു.

ഈ സ്വകാര്യമാധ്യമങ്ങളുടെ പൊതുസ്വഭാവം അവയുടെ കമ്യൂണിസ്റ്റ് വിരുദ്ധതയാണെന്നും ഈ പൊതുമാധ്യമങ്ങളൊന്നും തന്നെ നിഷ്പക്ഷമല്ലെന്നും അവ ഭരണവര്‍ഗ താല്‍പര്യങ്ങളുടെ സമ്മതി ഉല്‍പാദന ഉപകരണങ്ങളാണെന്നുമാണ് ഈ പഠനം വെളിപ്പെടുത്തുന്നത്. ഇത് അമേരിക്കന്‍ മാധ്യമങ്ങളുടെ മാത്രമല്ല, ലോകത്തെല്ലായിടത്തെയുംപോലെ കേരളത്തിലെയും സ്വകാര്യമാധ്യമങ്ങളുടെയും സ്വഭാവം തന്നെയാണെന്ന് സമീപകാല സംഭവങ്ങള്‍ നമ്മെ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നു          


2006 ഏപ്രില്‍ 16ന്, നിയമസഭാ തിരഞ്ഞെടുപ്പിെന്‍റ പ്രചരണം നടക്കുന്ന വേളയിലാണ്, പട്ടാപ്പകല്‍ നിരവധിയാളുകള്‍ നോക്കിനില്‍ക്കെ സിപിഐ എം ഏരിയാകമ്മിറ്റി അംഗവും ചാവക്കാട് മുനിസിപ്പല്‍ ചെയര്‍മാനുമായിരുന്ന കെ പി വല്‍സലനെ യുഡിഎഫ് ഗുണ്ടകള്‍ വെട്ടിക്കൊലപ്പെടുത്തിയത്. കേരളത്തില്‍ ആദ്യമായി കൊലപാതക രാഷ്ട്രീയത്തിെന്‍റ ഇരയായ ഒരു മുനിസിപ്പല്‍ ചെയര്‍മാന്‍, അദ്ദേഹത്തിന് യുവതിയായ ഭാര്യയും ശൈശവം പിന്നിടാത്ത പുത്രനും വാര്‍ദ്ധക്യത്തിലെത്തിയ മാതാപിതാക്കളും ഉണ്ടായിരുന്നു. ചാവക്കാട് മേഖലയിലെ സാധാരണക്കാരായ മനുഷ്യരുടെ മുഴുവന്‍ സ്നേഹഭാജനമായിരുന്നു ചെറുപ്പക്കാരനായ ഈ പൊതുപ്രവര്‍ത്തകന്‍.

എന്നാല്‍ ഇന്ന് ടി പി ചന്ദ്രശേഖരെന്‍റ നിഷ്ഠൂരവും ദാരുണവുമായ വധത്തെ ആഘോഷമാക്കുന്ന മാധ്യമങ്ങള്‍ വല്‍സലെന്‍റ അതിഭീകരമായ അരുംകൊലയെ എങ്ങനെയാണ് അവതരിപ്പിച്ചത് എന്നത് പരിശോധനയര്‍ഹിക്കുന്നു. വല്‍സലനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ യുഡുഎഫ് പ്രവര്‍ത്തകര്‍ അപ്പോള്‍ തിരഞ്ഞെടുപ്പു പ്രചരണത്തിലേര്‍പ്പെട്ടിരുന്നതായാണ് പറയുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന യുഡിഎഫുകാര്‍ മാരകായുധങ്ങള്‍ ഉപയോഗിച്ചതിനെ കുറിച്ച് മുഖ്യധാരാ മാധ്യമങ്ങളൊന്നും ചോദ്യം ചെയ്തതായി കണ്ടില്ല. പിറ്റേന്നത്തെ മലയാള മനോരമ പത്രം, തൃശ്ശൂര്‍ ജില്ലയില്‍ എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍മൂലം വിവാഹത്തിനായി ഗുരുവായൂരിലെത്തിയവര്‍ കഷ്ടത്തിലായെന്ന് കണ്ണീര്‍ വാര്‍ത്തുകൊണ്ട് മുഖപ്രസംഗമെഴുതി.
                    

തുടര്‍ദിനങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മനോരമ നിഷ്കരുണം തമസ്കരിച്ചു. ജനപ്രതിനിധിയുടെ ഈ നിഷ്ഠൂരമായ കൊലയെ മാതൃഭൂമി മുന്‍പേജിലെ അപ്രധാന വാര്‍ത്തയാക്കി. ""മുനിസിപ്പല്‍ ചെയര്‍മാന്‍ കുത്തേറ്റ് മരിച്ചു"" എന്നത്രെ തലവാചകം. ചരമപ്പേജില്‍ ഒരു വാര്‍ത്ത കൂടി കൊടുത്ത് മാതൃഭൂമി ആ അധ്യായം അവസാനിപ്പിച്ചു. വല്‍സലന് എത്ര വെട്ട് കൊണ്ടു, എത്ര കുത്തേറ്റു എന്നാരും വിലാപകാവ്യം രചിച്ചതുമില്ല. കൊന്നത് യുഡിഎഫും ചത്തത് കമ്യൂണിസ്റ്റുകാരനുമാണല്ലോ!

എസ്എഫ്ഐയുടെ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്‍റ് അനീഷ് രാജനെ പട്ടാപ്പകലാണ് കോണ്‍ഗ്രസുകാര്‍ വെട്ടിക്കൊന്നത്. ജനകീയ പ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന ആ യുവാവിനുമുണ്ട് അച്ഛനും അമ്മയും ബന്ധുജനങ്ങളും. അവരുടെ വേദനയെക്കുറിച്ച് പറയാന്‍ ഒരു മാധ്യമവുമുണ്ടായില്ല.
മറിച്ച് ആ കൊലപാതകത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കുനേരെ ക്രൂരമായ ആക്രമണത്തിന് ആഹ്വാനം ചെയ്ത ഭരണകൂടത്തെയും പോലീസ് നടപടിയേയും ആ പത്രങ്ങള്‍ ന്യായീകരിക്കുകയാണുണ്ടായത്. അനീഷ് രാജെന്‍റ കൊലപാതകത്തിനും മാധ്യമങ്ങളില്‍ ഒരു ദിവസത്തെ വാര്‍ത്തയേ ഉണ്ടായിരുന്നുള്ളൂ - അതും അപ്രധാനമായി.

മലപ്പുറത്ത് അരീക്കോടിനടുത്ത് മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ സഹോദരങ്ങളായ അബൂബക്കറിനെയും ആസാദിനെയും വെട്ടിക്കൊന്നതും മാധ്യമങ്ങള്‍ കൈകാര്യം ചെയ്തത് ഇതേ രീതിയിലായിരുന്നു. മാതൃഭൂമിയുടെ തലവാചകം ""വെട്ടേറ്റ് വധക്കേസ് പ്രതികള്‍ മരിച്ചു"" എന്നായിരുന്നു. ഇത് ധ്വനിപ്പിക്കുന്നത് കൊല്ലപ്പെട്ട സഹോദരങ്ങള്‍ അതിന് അര്‍ഹരാണെന്നാണല്ലോ! ഇതാണ് ഭരണവര്‍ഗ മാധ്യമപ്രവര്‍ത്തനത്തിെന്‍റ "മിടുക്ക്". അരീക്കോടിലെ സഹോദരന്‍മാരുടെ കൊലപാതകത്തിന് ഒരാഴ്ച മുമ്പ് മുസ്ലീംലീഗ് നേതാവ് പി കെ ബഷീര്‍ എംഎല്‍എ നടത്തിയ കൊലവിളി പ്രസംഗം ഒരു പത്രത്തിലും വലിയ വാര്‍ത്തയായില്ല. ഒരു ചാനലും ചര്‍ച്ചയാക്കിയില്ല.

അതേസമയം ഒഞ്ചിയത്ത് സിപിഐ എം പ്രവര്‍ത്തകര്‍ക്കുനേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് ലോക്കല്‍ സെക്രട്ടറി 2010ല്‍ നടത്തിയ പ്രസംഗം എവിടെനിന്നോ ചികഞ്ഞെടുത്ത് മാധ്യമങ്ങള്‍ വന്‍ വാര്‍ത്തയാക്കി. കൊന്നിട്ടുണ്ട് എന്ന് എം എം ഹസന്‍ നടത്തിയ പ്രസംഗവും, കെ സുധാകരെന്‍റ ഭീഷണിപ്രസംഗങ്ങളും ഒരിടത്തും വാര്‍ത്തയായില്ല. പ്രാദേശികമായുണ്ടാകുന്ന സംഘട്ടനങ്ങളെതുടര്‍ന്നു നടത്തുന്ന പ്രതിഷേധ യോഗങ്ങളുടെ ആഡിയോ റിക്കാര്‍ഡ് പരിശോധിച്ച് കേസെടുക്കാന്‍ തുടങ്ങിയാല്‍ കേരളത്തിലെ മിക്കവാറും എല്ലാ കക്ഷികളിലെയും നേതാക്കള്‍ കേസില്‍ കുടുങ്ങാനാണ് സാധ്യത. എന്നാല്‍ ഇവിടെ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണത്തിന് ഏത് അധമമാര്‍ഗവും സ്വീകരിക്കാന്‍ ബൂര്‍ഷ്വാ മാധ്യമങ്ങള്‍ തയ്യാറാകുന്നതാണ് കാണുന്നത്.

2006 ഒക്ടോബര്‍ 22ന് എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന മുഹമ്മദ് ഫസല്‍ കൊല്ലപ്പെട്ടത് മുഖ്യധാരാ പത്രങ്ങളില്‍ പ്രാദേശിക എഡിഷനുകളില്‍ മാത്രമൊതുങ്ങിയ വാര്‍ത്തയായിരുന്നു. 23ലെ ""മാധ്യമം"" പത്രത്തില്‍പോലും മുന്‍പേജില്‍ ഒരു ഒറ്റക്കോളം വാര്‍ത്തയാണുണ്ടായിരുന്നത്. ഫസല്‍ കൊല്ലപ്പെട്ടതിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന് എന്‍ഡിഎഫ് ആരോപിക്കുന്നുവെന്നുമായിരുന്നു വാര്‍ത്ത. ഫസലിനെ ആര്‍എസ്എസുകാര്‍ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് എന്‍ഡിഎഫ് അന്ന് ആരോപിച്ചിരുന്നതായി ""മാധ്യമം"" റിപ്പോര്‍ട്ടു ചെയ്യുന്നു. പ്രാദേശികമായി ആര്‍എസ്എസ് - എന്‍ഡിഎഫ് സംഘട്ടനങ്ങള്‍ നടന്നിരുന്നു എന്നും അതിെന്‍റ അടിസ്ഥാനത്തിലായിരുന്നു ഫസലിെന്‍റ കൊലയ്ക്കുപിന്നില്‍ ആര്‍എസ്എസാണെന്ന് എന്‍ഡിഎഫ് പരസ്യമായി പ്രഖ്യാപിച്ചത് എന്നും "മാധ്യമം" വാര്‍ത്തയില്‍ കാണാം. ഫസലിെന്‍റ വധത്തിന് ഉത്തരവാദി ആര്‍എസ്എസുകാരാണെന്ന് ആരോപിച്ച് അന്ന് വാര്‍ത്തയെഴുതിയ മാധ്യമമുള്‍പ്പെടെയുള്ള പത്രങ്ങളെല്ലാം ഇപ്പോള്‍ മലക്കം മറിയുന്നു.

എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഫസല്‍ കൊല്ലപ്പെട്ട വാര്‍ത്ത പ്രാദേശിക എഡിഷനില്‍ മാത്രം ഒതുക്കിയ ""മാതൃഭൂമി""യും ""മനോരമ""യും ഉള്‍പ്പെടെ എല്ലാ പത്രങ്ങളും 2009ലെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പുമുതല്‍ പ്ലേറ്റ് മാറ്റി വന്‍ വാര്‍ത്താ പ്രാധാന്യം കൊടുത്തു തുടങ്ങി. അതോടെ ഫസല്‍ സിപിഐ എം വിട്ടയാളായി. സിപിഐ എം കൊലപ്പെടുത്തിയതായി ചിത്രീകരിച്ച് കഥയെഴുത്ത് തുടങ്ങി. 2006ല്‍ നടന്ന ഈ കൊലപാതകത്തെപ്പറ്റി മൂന്നുകൊല്ലക്കാലം ഈ പത്രങ്ങളൊന്നും മിണ്ടിയില്ല. പിന്നീടിത് സജീവമായതും സിപിഐ എമ്മിെന്‍റ മേല്‍ കെട്ടിയേല്‍പിച്ചതും പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനു മുന്നോടിയായിട്ടായിരുന്നു.

ആണവക്കരാറിനെ അനുകൂലിച്ച യുപിഎ ഗവണ്‍മെന്‍റിനുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിച്ച പശ്ചാത്തലത്തിലുമായിരുന്നു അത്. ഇടതുപക്ഷത്തിനെതിരെ പൊതുവിലും സിപിഐ എമ്മിനെതിരെ പ്രത്യേകിച്ചും ആസൂത്രിതമായി വന്‍പ്രചരണം നടന്ന കാലമായിരുന്നല്ലോ അത്. അതിനായി ഫസല്‍ വധത്തെയും ഉപയോഗപ്പെടുത്തുകയാണുണ്ടായത്. ഫസല്‍ വധത്തിന് ഉത്തരവാദി സിപിഐ എമ്മാണെന്നും അതുവഴി ഗൂഢാലോചന നടത്തിയത് സിപിഐ എം നേതാക്കളാണെന്നും കോണ്‍ഗ്രസ് നേതൃത്വവും മനോരമയും മാതൃഭൂമിയും കണ്ടെത്തിയ വഴിയിലൂടെയാണ് അന്വേഷണസംഘം ഇപ്പോള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്.

2009 ആഗസ്ത് 23ന് രാത്രി യാത്രാമധ്യേ മുത്തൂറ്റ് പോള്‍ എം ജോര്‍ജ് കൊല്ലപ്പെട്ടത് സാധാരണഗതിയില്‍ യാതൊരു രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും ഇടമില്ലാത്തതാണ്. ബിസിനസ്സ് കുടുംബത്തിലെ ബിസിനസ്സുകാരനായ അംഗമെന്ന നിലയില്‍, സാധാരണ മറ്റൊരാള്‍ കൊല്ലപ്പെടുമ്പോഴുള്ളതിനേക്കാള്‍ പ്രാധാന്യം ഉണ്ടാവുക സ്വാഭാവികം. എന്നാല്‍ ഇതില്‍ സംഭവിച്ചത് അങ്ങനെയല്ല. സംഭവം നടക്കുമ്പോള്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയാണ് അധികാരത്തിലിരുന്നത് എന്നതിനാല്‍ സര്‍ക്കാരിനും സിപിഐ എമ്മിനും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും എതിരായ ഒരു പ്രചരണ ആയുധമായി ആഘോഷിക്കുകയായിരുന്നു മാധ്യമങ്ങള്‍.

കൊല്ലപ്പെട്ട പോളിനൊപ്പം കുപ്രസിദ്ധരായ രണ്ട് ഗുണ്ടകള്‍ - ഓം പ്രകാശും പുത്തന്‍പാലം രാജേഷും - ഉണ്ടായിരുന്നതും കൊലപാതകം നടന്ന ഉടന്‍ അവര്‍ സംഭവ സ്ഥലത്തുനിന്ന് മുങ്ങിയതുമായി ബന്ധപ്പെട്ടായിരുന്നു മാധ്യമങ്ങള്‍ സിപിഐ എമ്മിനെതിരെ കഥകള്‍ മെനഞ്ഞത്. ഓം പ്രകാശ് വിദ്യാര്‍ത്ഥിയായിരുന്ന ഘട്ടത്തില്‍ എസ്എഫ്ഐ അംഗമായിരുന്നു എന്ന തുമ്പില്‍ പിടിച്ചായിരുന്നു കത്തിക്കയറിയത്. യഥാര്‍ത്ഥത്തില്‍ ഒരു ക്രമസമാധാന വീഴ്ചയുടെ പ്രശ്നമായിപോലും ഉന്നയിക്കാന്‍ പഴുതില്ലാത്തവിധം ദിവസങ്ങള്‍ക്കുള്ളില്‍, പോളിനെ വധിച്ച കാരി സതീശിെന്‍റ നേതൃത്വത്തിലുള്ള ഗുണ്ടാസംഘത്തെ മുഴുവന്‍ കേരള പോലീസ് അറസ്റ്റ് ചെയ്യുകയാണുണ്ടായത്.

എന്നാല്‍ ആ കാലത്തെ മാധ്യമപ്രചരണങ്ങള്‍ മുഴുവന്‍ കാരി സതീശും സംഘവുമല്ല കൊലയാളികളെന്നും ഉന്നതതല ഗൂഢാലോചന ഉണ്ടെന്നും ഓം പ്രകാശിനെയും പുത്തന്‍പാലം രാജേഷിനെയും സിപിഐ എം ഒളിപ്പിക്കുകയോ അവരെ രക്ഷപ്പെടുത്തുകയോ ആണെന്നുമായിരുന്നു. പോള്‍ വധത്തിനുപയോഗിച്ച ""എസ്"" കത്തി പോലും ഒരു വിവാദവിഷയമായിരുന്നു ആ കാലത്ത്. (ആയിടെ ഒരു സിനിമയില്‍ സംഭാഷണത്തില്‍ ""എസ്"" കത്തി കടന്നുവന്നത് ഓര്‍ക്കുക). ഒടുവില്‍ പുത്തന്‍പാലം രാജേഷിനെയും ഓം പ്രകാശിനെയും തമിഴ്നാട്ടില്‍നിന്ന് പിടികൂടി പ്രതിചേര്‍ത്തിട്ടു പോലും (ഇതും മാധ്യമങ്ങള്‍ ആഘോഷപൂര്‍വം കൊണ്ടാടുകയായിരുന്നു) മാധ്യമങ്ങള്‍ക്ക് ഇരുത്തം വന്നിരുന്നില്ല. കാരി സതീശിനെ ജയില്‍മോചിതനാക്കാനും പ്രതിപട്ടികയില്‍നിന്ന് ഒഴിവാക്കാനുംവേണ്ടി സുപ്രീംകോടതി അഭിഭാഷകനെ കൊണ്ടുവന്ന് കേരള ഹൈക്കോടതിയില്‍ വാദിച്ചത് കാരി സതീശെന്‍റ ദരിദ്രരായ മാതാപിതാക്കളാണെന്ന് വിശ്വസിക്കാനാവില്ല. ചില "മനുഷ്യാവകാശ പ്രവര്‍ത്തക"രും "മാധ്യമ പ്രവര്‍ത്തക"രുമായിരുന്നു ഇതിനെല്ലാം ചരടുവലിച്ചത്. ഒടുവില്‍ കേരളാ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചശേഷം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പോളിെന്‍റ പിതാവ് തന്നെ കോടതിയെ സമീപിച്ചു. ആ ആവശ്യം കോടതി അംഗീകരിക്കുകയുമാണുണ്ടായത്.

പോള്‍ കുടുംബവും കാരി സതീശും ഓം പ്രകാശും മാധ്യമങ്ങളും ഒരേപോലെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു എന്നും ഓര്‍ക്കുക. ഒടുവില്‍ സിബിഐ അന്വേഷണം പൂര്‍ത്തിയാക്കിയപ്പോഴോ? കേരളാ പോലീസ് ആദ്യം അന്വേഷിച്ച് പ്രതിപട്ടികയില്‍ ചേര്‍ത്തതില്‍ 13 പേരല്ലാതെ മറ്റാരും ഇല്ലെന്നാണ് "മാതൃഭൂമി" പത്രം ഒരാഴ്ച മുമ്പ് വാര്‍ത്ത നല്‍കിയിരുന്നത്. മാത്രമല്ല, വിവാദ കഥാപാത്രങ്ങളായ ഓം പ്രകാശും പുത്തന്‍പാലം രാജേഷും സിബിഐ കുറ്റപത്രത്തില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടില്ല എന്നും "മാതൃഭൂമി" റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. മാധ്യമങ്ങള്‍ ഏത് സംഭവത്തെയും വക്രീകരിച്ച് സിപിഐ എം വിരുദ്ധ പ്രചരണത്തിന് ഉപയോഗിക്കുന്നതെങ്ങനെ എന്നതിനുള്ള ഉദാഹരണങ്ങളില്‍ ഒന്നു മാത്രമാണ് ഇത്.

സിപിഐ എമ്മിനുമേല്‍ കരിവാരി തേയ്ക്കാന്‍ 2009ല്‍ കാരി സതീശ് എന്ന ഗുണ്ടയ്ക്കുവേണ്ടി കണ്ണീരൊഴുക്കിയ മാധ്യമങ്ങള്‍ ഇപ്പോള്‍ "കൊടി സുനി" എന്ന മറ്റൊരു ഗുണ്ടയെ അതേ ലക്ഷ്യത്തോടെ മറ്റൊരു വിധത്തില്‍ ഉപയോഗപ്പെടുത്തുകയാണ്. ചന്ദ്രശേഖരന്‍ വധിക്കപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മാധ്യമങ്ങള്‍ക്ക് - യുഡിഎഫിനും - അത് സിപിഐ എമ്മിനുമേല്‍ കെട്ടിവെയ്ക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതായി വന്നില്ല. കൊലയാളികള്‍ വന്ന വാഹനം ഓടിച്ചിരുന്നതും ആദ്യം വെട്ടിയതും വായപ്പടച്ചി റഫീക്ക് ആണെന്ന് വധം നടന്ന അടുത്ത ദിവസങ്ങളില്‍ തറപ്പിച്ച് പറയുകയും വാഹനത്തില്‍ വിരലടയാളം കണ്ടെത്തുകയും മറ്റും ചെയ്ത മാധ്യമങ്ങള്‍ റഫീക്ക് എന്‍ഡിഎഫോ മുസ്ലീംലീഗോ ആണെന്ന് കണ്ടതോടെ അയാളെ വിട്ടു. ഇതാണ് മാധ്യമധര്‍മ്മം.

ചന്ദ്രശേഖരനെ കൊലപ്പെടുത്തുന്നത് കണ്ട സാക്ഷികളും അപ്രത്യക്ഷരായിരിക്കുന്നു. ഇന്നിപ്പോള്‍, സിപിഐ എമ്മിെന്‍റ കണ്ണൂര്‍ ജില്ലയിലെ പ്രവര്‍ത്തകരെ ഒന്നടങ്കം പോലീസ് വേട്ടയാടുകയാണ്. ചന്ദ്രശേഖരന്‍ വധിക്കപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ഒഞ്ചിയം, വടകര മേഖലയിലെ സിപിഐ എം പ്രവര്‍ത്തകരുടെ വീടുകളും സ്ഥാപനങ്ങളും പാര്‍ടി ഓഫീസുകളും ആക്രമണത്തിനിരയായി. പോലീസ് കസ്റ്റഡിയിലുള്ള പാര്‍ടി പ്രവര്‍ത്തകരെ കൊല്ലാക്കൊല ചെയ്ത് അവരെക്കൊണ്ട് തങ്ങള്‍ പറയുന്ന പ്രസ്താവനയില്‍ ഒപ്പിടുവിക്കാന്‍ പോലീസ് ശ്രമിക്കുകയാണ്.

ഇതൊന്നും മാധ്യമങ്ങള്‍ക്ക് വാര്‍ത്തയല്ല. കാരി സതീശിനെയും കൂട്ടു ഗുണ്ടകളെയും പോലീസ് പീഡിപ്പിക്കുന്നതായി കഥയെഴുതുകയും ഹൈക്കോടതിയില്‍ കേസ് നടത്തുകയും ചെയ്തവരെല്ലാം ഇന്ന് ഏത് പാതാളത്തിലാണ് മുങ്ങിയിരിക്കുന്നത്. വര്‍ക്കലയില്‍ പ്രഭാത സവാരിക്കിറങ്ങിയ വൃദ്ധനെ അകാരണമായി വെട്ടിക്കൊന്ന ഡിഎച്ച്ആര്‍എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ മനുഷ്യാവകാശ ബുദ്ധിജീവികളും കഥയെഴുതിയ മാധ്യമ പ്രവര്‍ത്തകരും ഇന്ന് കണ്ണൂര്‍ - കോഴിക്കോട് ജില്ലകളില്‍ നടക്കുന്ന പോലീസ് ഭീകരതയ്ക്കെതിരെ മുഖംതിരിക്കുന്നത് കമ്യൂണിസ്റ്റ് വിരുദ്ധ തിമിരം കാരണമല്ലാതെ മറ്റെന്തുകൊണ്ട്?

നിഷ്പക്ഷ മാധ്യമപ്രവര്‍ത്തനമാണ് സ്വകാര്യ മാധ്യമങ്ങള്‍ നടത്തുന്നത് എന്നാണ് പൊതുധാരണ. എന്നാല്‍ നിഷ്പക്ഷതയുടെ മുഖംമൂടി അണിഞ്ഞെത്തുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ പലപ്പോഴും ജനാധിപത്യത്തെയും ഭരണഘടനാ തത്വങ്ങളെപ്പോലും അതിലംഘിക്കുന്നത് തിരിച്ചറിയാന്‍ പോലുമാകാത്ത തരത്തിലായിരിക്കും. ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോഴും ഗുജറാത്ത് വംശഹത്യയുടെ നാളുകളിലും ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ഭരണഘടനയുടെ മതേതരതത്വങ്ങളെ വെല്ലുവിളിച്ചുകൊണ്ട് റിപ്പോര്‍ട്ടിങ്ങിനുപകരം സംഘപരിവാറിെന്‍റ പ്രചാരണ പരിപാടി ഏറ്റെടുക്കുകയാണുണ്ടായത്.

മേല്‍പറഞ്ഞ നിഷ്പക്ഷതയിലൂടെ ഇത്തരം പത്രങ്ങള്‍ എപ്പോഴും ഒളിച്ചുകടത്തുന്നത് മുതലാളിയുടെ രാഷ്ട്രീയവും മുതലാളിത്തത്തിെന്‍റ അജണ്ടയും കമ്യൂണിസ്റ്റ് വിരുദ്ധതയുമാണ്. മാത്രവുമല്ല മുതലാളിത്തത്തെ ചെറുക്കുന്ന മാനവിക പ്രത്യയശാസ്ത്രങ്ങളെ അടിമുടി ഞെരിച്ചു തകര്‍ക്കാനും ശ്രമിക്കും. നേരിനെ കൊല്ലുന്ന നുണകള്‍ സത്യസന്ധതയുടെ പരിവേഷമണിയിച്ചുകൊണ്ട് പ്രദര്‍ശിപ്പിക്കും. ആവര്‍ത്തിക്കുന്ന ആ പ്രദര്‍ശനപരതയില്‍ ജനതയുടെ മിഴിയും മനസ്സും യുക്തിബോധത്തെ കീഴടക്കും. പിന്നീടു വരുന്ന സത്യസന്ധമായ വാര്‍ത്തകള്‍ തിരസ്കാരത്തിെന്‍റ കുത്തൊഴുക്കില്‍ മാഞ്ഞുപോവും.

അത്തരത്തില്‍ മലയാളിയുടെ പൊതുബോധത്തെ വാര്‍ത്തകളുടെ മെസ്മെറിസത്തില്‍ തളച്ചിട്ട് അതെങ്ങനെ കമ്യൂണിസ്റ്റ് വിരുദ്ധവും ജനാധിപത്യവിരുദ്ധവുമാക്കി മാറ്റാമെന്നതില്‍ ""മാതൃഭൂമി""യും ""മലയാള മനോരമ""യും വഹിച്ച പങ്ക് അവരുടെ നിഷ്പക്ഷതാവാദത്തെ പൊളിക്കുന്നു. യുഡിഎഫിനും പൊതുവില്‍ വലതുപക്ഷ രാഷട്രീയത്തിനും നേട്ടമുണ്ടാക്കുന്ന വാര്‍ത്തകളെ പര്‍വതീകരിക്കുകയും അല്ലാത്തവയെ നിഷ്കരുണം തള്ളിക്കളയുകയും ചെയ്ത് ആസൂത്രിതമാംവിധമുള്ള അവിശുദ്ധ കൂട്ടുകെട്ട് ഇവര്‍ക്കിടയില്‍ ശക്തമാകുന്നതാണ് നാം കണ്ടത്. "നിഷ്പക്ഷ" മാധ്യമങ്ങളുടെ മാധ്യമ സ്വാതന്ത്ര്യമെന്നത് വാര്‍ത്തകളുടെ വളച്ചൊടിക്കല്‍, തിരസ്കരണം, നിസ്സാരവല്‍ക്കരണം, അഭ്യൂഹങ്ങള്‍, അസത്യപ്രചരണം എന്നിവയൊക്കെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്ന് ഓരോ റിപ്പോര്‍ട്ടും സൂചിപ്പിക്കുന്നു. ഇതിനെല്ലാമുപരി ആത്യന്തികമായും വെളിപ്പെടുന്നത് ഈ മാധ്യമങ്ങളുടെയെല്ലാം അന്ധമായ കമ്യൂണിസ്റ്റു വിരുദ്ധതയാണ്.

പോളണ്ടില്‍ പുരോഹിതന്‍ കൊല്ലപ്പെട്ടാല്‍, പോപ്പിനുനേരെ ആരെങ്കിലും വെടിവെച്ചാല്‍ അതിനെല്ലാം ഉത്തരവാദികള്‍ കമ്യൂണിസ്റ്റുകാരാണെന്ന് ചിത്രീകരിച്ച് കമ്യൂണിസത്തെ തുടച്ചുനീക്കാന്‍ കച്ചകെട്ടിയിറങ്ങിയവരുടെ പിന്‍മുറക്കാരാണ് തങ്ങളുമെന്ന് കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ സംശയാതീതമായി തെളിയിക്കുകയാണ്. കമ്യൂണിസ്റ്റുകാരെ തകര്‍ത്താല്‍, കമ്യൂണിസ്റ്റു പാര്‍ടിയെ ഇല്ലാതാക്കിയാല്‍ ബൂര്‍ഷ്വാസിക്ക് നിര്‍ബാധം ചൂഷണവും കൊള്ളയും നടത്താമെന്നതിനാലാണ് കമ്യൂണിസ്റ്റുകാരെ കൊലയാളികളായി ചിത്രീകരിക്കുന്നതിനുള്ള കൊണ്ടുപിടിച്ച പ്രചരണം നടക്കുന്നത്. യഥാര്‍ത്ഥത്തില്‍, ഇത് അധ്വാനിക്കുന്ന ജനതയ്ക്കുനേരെ ഉയര്‍ത്തപ്പെട്ടിരിക്കുന്ന വെല്ലുവിളിയാണ്. കാരി സതീശും കൊടി സുനിയും ഈ കമ്യൂണിസ്റ്റുവിരുദ്ധ കൊലവെറിയുടെ ഉപകരണങ്ങളോ പ്രതീകങ്ങളോ ആയി മാറ്റപ്പെട്ടിരിക്കുകയാണ്.

2012, ജൂലൈ 4, ബുധനാഴ്‌ച

വര്‍ഗസമരവും ബലപ്രയോഗവും: കെ. വേണു കാണാതെ പോകുന്നത്

 ഡോ. ടി എം തോമസ് ഐസക്


ടി പി ചന്ദ്രശേഖരന്‍ വധം ഒരു നിമിത്തമാക്കി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിന് കെ വേണു നല്‍കുന്ന ദുര്‍വ്യാഖ്യാനങ്ങളെക്കുറിച്ചാണ് കഴിഞ്ഞ ലക്കത്തില്‍ പരിശോധിച്ചത്. അദ്ദേഹം ഇതുകൊണ്ടും തൃപ്തനല്ല. ഈ വധത്തോടെ കേരളത്തിന്റെ ചരിത്രം തന്നെ അദ്ദേഹം കീഴ്മേല്‍ മറിക്കുകയാണ്. അല്ല, കമ്മ്യൂണിസ്റ്റുകാര്‍ ജനാധിപത്യവാദികളല്ല എന്ന ലേഖനത്തിന്റെ ആരംഭത്തില്‍ത്തന്നെ അദ്ദേഹം ആ സാഹസത്തിനു മുതിരുന്നു. ലേഖനം ഇങ്ങനെയാണ് തുടങ്ങുന്നത്: 

"ആധുനിക കേരളത്തിന്റെ രാഷ്ട്രീയ മുഖം എത്രമാത്രം ബീഭത്സമായിരിക്കുന്നു എന്ന രാഷ്ട്രീയ വസ്തുതയാണ് ടി.പി. ചന്ദ്രശേഖരന്‍ വധത്തിലൂടെ പ്രകടമായിരിക്കുന്നത്. അവകാശരാഷ്ട്രീയത്തിന്റെയും പ്രബുദ്ധരാഷ്ട്രീയത്തിന്റെയും മികച്ച മാതൃകയായി അഖിലേന്ത്യാതലത്തില്‍ തന്നെ പരിഗണിക്കപ്പെട്ടുപോന്ന കേരളത്തില്‍ ഇന്ന് നടക്കുന്നത് ഭിന്ന രാഷ്ട്രീയക്കാരെയും വിമതരെയുമെല്ലാം മൃഗീയവും നിഷ്ഠൂരവുമായ രീതിയില്‍ ആക്രമിക്കുകയും കൊന്നൊടുക്കുകയും ചെയ്യുന്ന രാഷ്ട്രീയ പകപോക്കലുകളാണ്."

സമകാലിക രാഷ്ട്രീയത്തിന്റെ മുഖം എന്നല്ല, ആധുനിക കേരളത്തിന്റെ രാഷ്ട്രീയമുഖം എന്നാണ് വേണുവിന്റെ പ്രയോഗം. അങ്ങനെയാണ് വേണു ചരിത്രത്തെ കീഴ്മേല്‍ മറിക്കാന്‍ ശ്രമിക്കുന്നത്. ആധുനിക കാലഘട്ടത്തില്‍ കേരളത്തിനുണ്ടായ പരിണാമങ്ങളെയെല്ലാം വേണു വിസ്മരിക്കുന്നു. സവര്‍ണമേധാവിത്വത്തിന്റെ കീഴില്‍ എല്ലാ പൗരാവകാശങ്ങളും നൂറ്റാണ്ടുകളായി നിഷേധിക്കപ്പെട്ടുകിടന്ന ഒരു ജനത ഉയര്‍ത്തെഴുന്നേറ്റത് ഈ കാലഘട്ടത്തിലാണ്. ജന്മിത്തത്തിനെതിരെ കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളും പടപൊരുതിയതും ഭൂമിക്കുമേല്‍ അവകാശം സ്ഥാപിച്ചതും ഈ കാലഘട്ടത്തിലാണ്. തൊഴിലാളികള്‍ എന്ന പുതിയൊരു വര്‍ഗം രൂപം കൊണ്ടതും അവര്‍ സംഘടിതരായതും ഈ കാലഘട്ടത്തിലാണ്. ഈ അവകാശസമരങ്ങളുടെ ഫലമായാണ് കേരളത്തിലെ സാധാരണക്കാര്‍ക്ക് രക്ഷയും സാമാന്യവിദ്യാഭ്യാസവും ആരോഗ്യവും കിടക്കാനിടവും റേഷനുമെല്ലാം ലഭ്യമായത്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനാകാത്ത നേട്ടമാണിത്. എല്ലാത്തിനുമുപരി കീഴാളരില്‍ അന്യാദൃശമായ ഒരു അവകാശബോധവും അഭിമാനവുമുണ്ടായി.

ഈ നേട്ടങ്ങളെല്ലാം പ്രബുദ്ധമായ അവകാശരാഷ്ട്രീയത്തിന്റെ ഫലമാണ്. കേരളത്തിലെ ;അവകാശരാഷ്ട്രീയവും പ്രബുദ്ധ രാഷ്ട്രീയവും മികച്ച മാതൃകയാണെന്ന് വേണുവിന് ഉറപ്പില്ല. പരിഗണിക്കപ്പെട്ടുപോന്നത്  എന്ന ന്യൂനോക്തിയിലാണ് വേണു കേരളത്തിന്റെ നേട്ടങ്ങളെ വിശേഷിപ്പിക്കുന്നത്. കേരളത്തില്‍ ഇന്ന് നടക്കുന്നത് ഭിന്ന രാഷ്ട്രീയക്കാരെയും വിമതരെയുമെല്ലാം  കൊന്നൊടുക്കുന്ന രാഷ്ട്രീയ പകപോക്കലുകളാണത്രേ. നിഷ്ഠുരമായ ഒരു കൊലപാതകം നടന്നു. ഒരിക്കലും നടക്കാന്‍ പാടില്ലാത്തത്. എന്നാല്‍ അതിന്റെപേരില്‍ കേരളത്തില്‍ നടന്നത് അത്തരം കൊലപാതകങ്ങള്‍ മാത്രമാണ് എന്ന് അടച്ചാക്ഷേപിക്കുന്നത് അതിശയോക്തിയല്ലേ?

വര്‍ഗസമരവും ബലപ്രയോഗവും സ്വാതന്ത്ര്യലബ്ധിക്കു ശേഷം കേരളത്തില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ ചരിത്രമെടുക്കാം. ആദ്യത്തെ മൂന്നു പതിറ്റാണ്ടുകളിലാണ് ഏറ്റവും കൂടുതല്‍ രാഷ്ട്രീയ കൊലപാതകങ്ങളും അക്രമങ്ങളുമുണ്ടായത്. ഇതിന്റെ ഇരകളായിരുന്നു കമ്മ്യൂണിസ്റ്റുകാരും ഇടതുപക്ഷവും. ഈ വധങ്ങളില്‍ മഹാഭൂരിപക്ഷവും നാട്ടുപ്രമാണിമാരും പോലീസും കോണ്‍ഗ്രസും ചേര്‍ന്നാണ് നടത്തിയത്. എഴുപതുകളുടെ ഉത്തരാര്‍ദ്ധം മുതല്‍ ആര്‍എസ്എസും ഈ സംഘത്തിനൊപ്പം ചേര്‍ന്നു. ന്യൂനപക്ഷവിരുദ്ധ ലഹളയുടെയും നിഷ്ഠുരമായ കൊലപാതകങ്ങളുടെയും പ്രയോക്തക്കളായ ആര്‍എസ്എസ് കേരളത്തില്‍ സിപിഐ എമ്മിനെ ശത്രുപക്ഷത്ത് നിര്‍ത്തിയതില്‍ അത്ഭുതപ്പെടാനില്ല. ആര്‍എസ്എസിന്റെ കടന്നാക്രമണം - പ്രത്യേകിച്ച് കണ്ണൂരില്‍ - രൂക്ഷമായ ഏറ്റുമുട്ടലുകളിലേക്കും കൊലപാതകങ്ങളിലേക്കും വളര്‍ന്നു. ഇവിടെയെല്ലാം ഇരകള്‍ മഹാഭൂരിപക്ഷവും സിപിഐഎം പ്രവര്‍ത്തകരായിരുന്നു. എന്നാല്‍ പുതിയ നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ രാഷ്ട്രീയ ഏറ്റുമുട്ടലുകളും കൊലപാതകങ്ങളും ഗണ്യമായി കുറഞ്ഞുവന്നു.

മേല്‍വിവരിച്ച ഏറ്റുമുട്ടലുകളെ കേരളത്തിലെ തൊഴില്‍മേഖലകളില്‍ നടന്ന അവകാശ സമരങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്ത് വിശദീകരിക്കേണ്ട ബാധ്യത ഈ മുന്‍ കമ്മ്യൂണിസ്റ്റിനു വന്നതില്‍ സഹതാപമുണ്ട്. നിയമവാഴ്ചയ്ക്കു നേരെയുളള വെല്ലുവിളികള്‍ മാത്രമായി അദ്ദേഹം ഈ സമരചരിത്രം ചുരുക്കിയെഴുതുന്നു. മറിച്ചുള്ള വാദങ്ങളെ ഈ കൊലപാതകങ്ങളെയും ചന്ദ്രശേഖരന്റെ കൊലപാതകത്തെയും ന്യായീകരിക്കാനുളള പരിശ്രമമായി പുച്ഛിച്ചുതള്ളുന്ന വേണു എഴുതുന്നു: ""ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ സമൂഹം ഒറ്റക്കെട്ടായി ഉയര്‍ന്നു നിന്ന് അവയെ അപലപിക്കുന്നതിന് പകരം, പുരോഗമനരാഷ്ട്രീയത്തിന്റെയും വര്‍ഗ്ഗരാഷ്ട്രീയത്തിന്റെയും മറ്റും തുടര്‍ച്ചയാണ് ഇത്തരം സംഭവങ്ങളെന്ന് വരുത്തിത്തീര്‍ത്ത് അവയെ ന്യായീകരിക്കാനും അല്ലെങ്കില്‍ ചെറിയ പാളിച്ചകളും വ്യതിയാനങ്ങളുമെന്ന് പറഞ്ഞ് ലഘൂകരിക്കാനും ശ്രമിക്കുന്ന പ്രബലമായ ഒരു ചിന്താഗതി സമൂഹത്തില്‍ നിലനില്‍ക്കുന്നു എന്നതാണ് സ്ഥിതിഗതികളെ ഗുരുതരമാക്കുന്നത്.""

നാളിതുവരെയുളള ചരിത്രം വര്‍ഗസമരങ്ങളുടെ ചരിത്രമാണ് എന്നത് മാര്‍ക്സിസത്തിന്റെ അടിസ്ഥാന പ്രമാണങ്ങളിലൊന്നാണ്. ആ പ്രസ്താവനയുടെ ധാര്‍മ്മികതയോ ന്യായാന്യായങ്ങളോ ഒക്കെ വേണുവിന് വിമര്‍ശനവിധേയമാക്കാം. പക്ഷേ, വര്‍ഗസമരവും അതുമായി ബന്ധപ്പെട്ട ബലപ്രയോഗവും ചരിത്രയാഥാര്‍ത്ഥ്യമാണ്. ഭരണകൂടവും ഭരണാധികാരിവര്‍ഗങ്ങളും കീഴാളര്‍ക്കും തൊഴിലാളികള്‍ക്കും നേരെ നിരന്തരമായ ബലപ്രയോഗം നടത്തും. ഈ ബലപ്രയോഗത്തിനു നേരെ ഒളിഞ്ഞും തെളിഞ്ഞും ചെറുത്തുനില്‍പ്പുമുണ്ടാകും. ഇതില്‍ ബലപ്രയോഗം ഒഴിവാക്കാനാവില്ല. കാരണം, ചൂഷക വര്‍ഗാധിപത്യത്തിന്റെ കാതല്‍ ബലപ്രയോഗം തന്നെയാണ്. എത്ര നിഷ്ഠൂരമായ ബലപ്രയോഗമാണ് ദളിതര്‍ക്കും, കൂലിവേലക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമൊക്കെ നേരിടേണ്ടിവരുന്നത്? മാരുതിയുടെ അത്യന്താധുനിക ഫാക്ടറിയില്‍പോലും ബലപ്രയോഗത്തിലൂടെയാണ് ഭരണവര്‍ഗം സ്വേച്ഛ നടപ്പാക്കിയത്. ഈ ബലപ്രയോഗത്തെ തൊഴിലാളികള്‍ ചെറുക്കുമ്പോള്‍ ചിലപ്പോള്‍ ഏറ്റുമുട്ടലുകളും മരണവും സംഭവിക്കും. ഇവയെ കേവലം നിയമലംഘനപ്രശ്നമായി ചിത്രീകരിക്കുന്ന വേണു പൂര്‍ണമായും അധ്വാനവര്‍ഗത്തിന്റെ ശത്രുപക്ഷത്ത് അണിചേര്‍ന്നു നില്‍ക്കുന്നത്. ഇടുക്കിയെക്കുറിച്ചു തന്നെ, എം എം മണിയെക്കുറിച്ചും കഴിഞ്ഞ ലേഖനത്തില്‍ പരാമര്‍ശിച്ച ആല്‍ബിയെന്ന പ്രീഡിഗ്രിക്കാരന്റെ വീട് ഇടുക്കിയിലായിരുന്നു. അപ്പന്‍ ഒരു ഏലത്തോട്ടമുടമ. തോട്ടങ്ങളില്‍ സിഐടിയു യൂണിയന്‍ രൂപീകരിക്കുന്നത് വ്യക്തിപരമായ വെല്ലുവിളിയായി അദ്ദേഹവും മറ്റു തോട്ടമുടമകളും ഏറ്റെടുത്തു.
രൂക്ഷമായ സമരം ഏറ്റുമുട്ടലുകളിലേക്കും വധശ്രമങ്ങളിലേക്കുമെത്തി. ഇത്ര രൂക്ഷമായ വൈരാഗ്യവും പകയും എന്തിന് എന്ന് അന്നെനിക്കു മനസിലായില്ല. പയ്യന്‍ സഖാവിന്റെ ധര്‍മ്മവ്യഥ ഞങ്ങളേയും ബാധിച്ചു. ആല്‍ബിയുടെ അപ്പന്റെ കാര്യം ചര്‍ച്ച ചെയ്യാന്‍ എ പി വര്‍ക്കിയുടെ കത്തുമായി ഞാനും എന്‍. കെ. വാസുദേവനും ഇടുക്കിയിലെത്തി. അന്നാണ് ഞാന്‍ ആദ്യമായി എം എം മണിയെ കാണുന്നത്. ദൗത്യം പരാജയപ്പെട്ടു. അത് അനിവാര്യവുമായിരുന്നു. കാരണം അത്രയേറെ രൂക്ഷവും സ്ഫോടനാത്മകവുമായ അന്തരീക്ഷമായിരുന്നു ഏലത്തോട്ടങ്ങളില്‍ നിലനിന്നിരുന്നത്. എറണാകുളം പട്ടണത്തിലെ സംഘര്‍ഷങ്ങള്‍ എത്രയോ ലഘുവാണെന്ന് അന്നെനിക്കു മനസ്സിലായി.

മലയാളം ന്യൂസ് പോര്‍ട്ടല്‍  അടുത്തിടെ പ്രസിദ്ധീകരിച്ച ഏലക്കാടുകളില്‍ ചെന്തീ പടര്‍ന്നതെങ്ങനെ? എന്ന സജി മാര്‍ക്കോസിന്റെ ലേഖനത്തില്‍ ഇടുക്കിയിലെ തൊഴില്‍സംഘര്‍ഷങ്ങളുടെ ചരിത്രം ഓര്‍മ്മിപ്പിക്കുന്നുണ്ട്. ദേശാഭിമാനി പത്രത്തില്‍ ഈ ലേഖനം പുനഃപ്രസിദ്ധീകരിച്ചിരുന്നു. ഇതൊരാവര്‍ത്തി വായിക്കണമെന്ന് ഞാന്‍ വേണുവിനോട് അഭ്യര്‍ത്ഥിക്കുകയാണ്.

ലേഖനത്തിന്റെ പകുതിഭാഗം ഏലത്തോട്ടങ്ങളിലെ വര്‍ഗബന്ധങ്ങളുടേയും കൊടിയ പീഡനങ്ങളുടേയും ഹൃദയസ്പര്‍ശിയായ വിവരണമാണ്. കങ്കാണിമാര്‍ക്കു കീഴില്‍ അടിമതുല്യമായ സ്ഥിതിയിലായിരുന്നു ഇടുക്കിയിലെ ഏലക്കാടുകളില്‍ അന്ന് തൊഴിലാളികള്‍ കഴിഞ്ഞിരുന്നത്. ഇതിനെതിരെ പടപൊരുതിയാണ് സിഐടിയു വളര്‍ന്നത്. അങ്ങനെ 1969ല്‍ എ. കെ. ദാമോദരന്‍, എം. എം. മണി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ആദ്യത്തെ ചെങ്കൊടി മുക്കിടിയില്‍ ഉയര്‍ന്നു.

സിഐടിയുവിനെ അംഗീകരിക്കാത്ത മുതലാളിമാര്‍ ഐഎന്‍ടിയുസി പുനഃസംഘടിപ്പിച്ച് ചെറുത്തുനില്‍പ്പിന് കളമൊരുക്കി. എങ്കിലും സിഐടിയുവിന്റെ പിന്തുണ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവന്നു. 1972 ല്‍ വെങ്കലപ്പാറയിലും ചെങ്കൊടി പൊങ്ങി. എസ്റ്റേറ്റില്‍ സിഐടിയു രൂപം കൊണ്ടു. സ്വതന്ത്രമായ യൂണിയന്‍ പ്രവര്‍ത്തനാവകാശത്തിനുവേണ്ടി ഒട്ടാത്തിയില്‍നിന്നും വെങ്കലപ്പാറയിലേക്ക് സിപിഐഎമ്മും സിഐടിയുവും മാര്‍ച്ചു നടത്തി. മാര്‍ച്ചിനുനേരെ പൊട്ടങ്കുളം എസ്റ്റേറ്റ് ബംഗ്ലാവില്‍ നിന്നു വെടിയുതിര്‍ത്തു. വെടിവെപ്പില്‍ സ. കാമരാജ് രക്തസാക്ഷിയായി. ശരീരത്തില്‍ കയറിയ നാടന്‍ തോക്കിന്റെ ചില്ലുമായി മുക്കുച്ചാമി ഇന്നും മുക്കുടിയില്‍ ജീവിച്ചിരിക്കുന്നു.
ഉടുമ്പഞ്ചോല താലൂക്കിലെ ആദ്യ രാഷ്ട്രീയ കൊലപാതകമായിരുന്നു സ. കാമരാജിന്റേത്. സിഐടിയുവിനെ ഭയപ്പെടുത്തി ഇല്ലായ്മ ചെയ്യുവാന്‍ തോട്ടം മുതലാളിമാരും ഐഎന്‍ടിയുസി പ്രവര്‍ത്തകരും പദ്ധതിയിട്ടു. ആ സാഹചര്യം സജി മാര്‍ക്കോസിന്റെ വാക്കുകളില്‍ വായിക്കുക.

""...മുള്ളഞ്ചിറ മത്തായിയുടെ നേതൃത്തില്‍ സിഐടിയുക്കാരുടെ വീടു തിരഞ്ഞ് ഇറങ്ങും. സിഐടിയുവിന്റെ യൂണിറ്റ് പ്രസിഡന്റ് പുന്നോലി മേരി ഒളിവില്‍ പോയി. പുന്നോലി മേരിയുടെ ഒളിത്താവളമറിയാന്‍ മോസ്കോക്കുന്നിലെ വപ്പിമത്തായിയുടെ മകള്‍ ഡോളിയെ രാത്രി വീട്ടില്‍ നിന്നും വലിച്ചിഴച്ചു കൊണ്ടുപോയിട്ട് തിരികെ വിട്ടത് രണ്ടാമത്തെ ദിവസമാണ്.. എട്ടുമാസം ഗര്‍ഭിണിയായിരുന്ന ഒരു യൂണിയന്‍ പ്രവര്‍ത്തകയെ മുറ്റത്ത് വലിച്ചിറക്കി വയറിന്മേല്‍ കയറിയിരുന്നിട്ട്  നിന്റെ വയറില്‍ ഇരിക്കുന്നത് ബഡ്ഡില്‍ ഇരിക്കുന്നതിനേക്കാള്‍ സുഖമുണ്ടല്ലോടീ എന്നു മുള്ളന്‍ചിറ മത്തായി പറഞ്ഞത് ഇന്നും മോസ്ക്കോയിലെ നാട്ടുകാര്‍ ഓര്‍ത്തിരിക്കുന്നു.

ഐഎന്‍റ്റിയുസിയില്‍ ചേര്‍ന്നുവെന്ന സ്റ്റേറ്റ്മെന്റുമായാണ് സംഘം ഇറങ്ങുന്നത്. ഒപ്പിടുന്നവരെ ഉപദ്രവിക്കില്ല. ആണുങ്ങള്‍ പോലീസിനെ പേടിച്ച് ഒളിവില്‍ പോയി. തനിയെ ഉള്ള സ്ത്രീകള്‍ സഹിക്കുകയല്ലാതെ വഴിയില്ലായിരുന്നു. ഇതേസമയം കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ആയിരുന്ന അഞ്ചേരി ബേബിയുടെ നേതൃത്വത്തിലും(സമീപ) പ്രദേശങ്ങളില്‍ സിഐറ്റിയുവിനെതിരെ ആക്രമണം നടത്തിക്കൊണ്ടിരുന്നു. മാസങ്ങളോളം ഈ ഭീകരാന്തരീഷം നിലനിന്നു. സിഐടിയുവിന് സംഘടനാ പ്രവര്‍ത്തനം ഒരു തരത്തിലും മുന്നോട്ട് പോകാന്‍ വയ്യാത്ത ഘട്ടത്തില്‍ എത്തി. 1982 ന്റെ അവസാനം സ. കെ ആര്‍ ഗൗരിയമ്മ മുക്കിടി സന്ദര്‍ശിച്ചു. ആ സന്ദര്‍ശനത്തിന് ശേഷമാണ്, പ്രതിരോധത്തില്‍ നിന്നും പ്രത്യാക്രമണത്തിലേക്ക് സിപിഐ എം തിരിയുന്നത്. വീട് വിട്ട് ഓടിയവരെല്ലാം തോട്ടത്തില്‍ തിരികെയെത്തി പണിക്കു പോയി, എന്നും പാര്‍ട്ടി ഓഫീസില്‍ കൂടി, രാത്രി ഭീഷിണിയുണ്ടായിരുന്ന വീടുകള്‍ക്ക് കാവലിരുന്നു. സ. മേരി ഒളിവില്‍ നിന്നും തിരിച്ചു വന്നു. 1982 നവംബര്‍ 13ന് മേലെ ചെമ്മണാറില്‍ വച്ച് അഞ്ചേരി ബേബി വെടിയേറ്റു മരിച്ചു. ശാന്തന്‍പാറ സ്റ്റേഷന്‍ അതിര്‍ത്തിയിലെ രണ്ടാമത്തെ രാഷ്ട്രീയ കൊലപാതകം.

പിന്നെ പോലീസിന്റെ തേര്‍വാഴ്ചയായിരുന്നു. ഗുണ്ടകളും വെറുതെയിരുന്നില്ല. പുന്നോലി മേരിയെ തോട്ടം പണി കഴിഞ്ഞ് വരുന്ന വഴിയ്ക്ക് മത്തായിയും സംഘവും ആക്രമിച്ചു. മരിച്ചുവെന്നു കരുതി വഴിയില്‍ ഉപേക്ഷിച്ചിട്ടു കടന്നുകളഞ്ഞു. തലൈങ്കാവിലെ പ്രവര്‍ത്തകയായിരുന്ന തിലോത്തമയുടെ വീടുകയറി ആക്രമിച്ച് കൊച്ചുകുഞ്ഞിനെ മുറ്റത്തേയ്ക്ക് എടുത്തെറിഞ്ഞു. (തിലോത്തമ കഴിഞ്ഞ ടേമിലെ സേനാപതി പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു). മേരിയെ മര്‍ദ്ദിച്ചതിന്റെ കുറച്ചു ദിവസങ്ങള്‍ക്കു ശേഷം (1983 ജനുവരി 16 ന്) മുള്ളഞ്ചിറ മത്തായിയെ ഒരു സംഘം ആളുകള്‍ തല്ലിക്കൊന്നു. ഇതോടെ പീഡനത്തിന് നേതൃത്വം കൊടുക്കാന്‍ ആളില്ലാതെയായി. തോട്ടം ഉടമകള്‍ യൂണിയനെ അംഗീകരിച്ചു. യൂണിയന്‍ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ അംഗീകരിച്ചു. കങ്കാണി സമ്പ്രദായം നിര്‍ത്തലാക്കി. മിനിമം കൂലി 27 രൂപ ആയി നിജപ്പെടുത്തി (ഇന്നത് 215 രൂപയാണ്). എട്ടു മണിക്കൂര്‍ ജോലിസമയം അംഗീകരിച്ചു."" നിയമവിധേയമായ മാര്‍ഗങ്ങളിലൂടെ ജനാധിപത്യ വ്യവസ്ഥയില്‍ ഈ നേട്ടങ്ങള്‍ സ്വായത്തമാക്കിക്കൂടേ എന്നായിരിക്കും വേണുവിന്റെ ചോദ്യം. നിയമലംഘനവും ബലപ്രയോഗവും നടത്തുന്നത് ഭരണവര്‍ഗമാണ്. നിയമം പാലിക്കേണ്ട പോലീസും നിയമലംഘനത്തിന് കൂട്ടുനില്‍ക്കുന്നു. ഇതായിരുന്നില്ലേ ഇടുക്കിയിലെ അവസ്ഥ? ഈ അവസ്ഥ ഇല്ലാതായത് മുന്‍കാലങ്ങളിലെ ധീരമായ ചെറുത്തുനില്‍പ്പിന്റെ ഫലമായാണ്.

ജനകീയ സമരങ്ങളും ചെറുത്തുനില്‍പ്പുമാണ് ജനാധിപത്യത്തെ യാഥാര്‍ത്ഥ്യമാക്കിയത്. അതുകൊണ്ട് മേല്‍പറഞ്ഞ സമരങ്ങളെയോ അതുമായി ബന്ധപ്പെട്ട ബലപ്രയോഗങ്ങളെയോ സിപിഐ(എം) ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ല. പറയുകയുമില്ല. ഭരണവര്‍ഗത്തിന്റെയും ഭരണകൂടത്തിന്റെയും ബലപ്രയോഗത്തിനെതിരെയുളള ജനകീയ ചെറുത്തുനില്‍പ്പിന്റെ അനിവാര്യമായ പ്രത്യാഘാതമാണിത്.

പക്ഷേ, ഇവ സിപിഐ എം ആഘോഷിക്കാറില്ല. മരണം ആരുടേതായാലും ദൗര്‍ഭാഗ്യകരമാണ്. പിന്നെന്തിനാണ് എം. എം. മണിയുടെ പ്രസംഗത്തെ തളളിപ്പറഞ്ഞ് അദ്ദേഹത്തിനെതിരെ നടപടിയെടുത്തത്?

ഇടുക്കിയിലെ രൂക്ഷമായ വര്‍ഗസമരത്തിന്റെ പശ്ചാത്തലത്തില്‍നിന്ന് അടര്‍ത്തിമാറ്റി വ്യക്തിഗത ഗൂഢാലോചനയിലേക്ക് ആ പോരാട്ടത്തെ ചുരുക്കുകയായിരുന്നു എം എം മണി. ആ സമീപനം അരാഷ്ട്രീയമാണ്. വ്യക്തിപരമായ ഉന്മൂലനത്തെ പാര്‍ട്ടി അംഗീകരിക്കുന്നില്ല. പാര്‍ട്ടി പൊളിറ്റ് ബ്യൂറോയുടെ പ്രസ്താവനയില്‍ ചൂണ്ടിക്കാണിച്ചതുപോലെ പ്രതികാര കൊലപാതകങ്ങളും പാര്‍ട്ടിയുടെ നയമല്ല. അതുകൊണ്ട് എം എം മണിയുടെ പ്രസംഗം പാര്‍ട്ടിയുടെ പ്രഖ്യാപിത നയങ്ങളില്‍ നിന്നുളള വ്യതിചലനമാണ്. തന്റെ തന്നെ ഭൂതകാലാനുഭവങ്ങളോട് എം. എം. മണിയ്ക്ക് നീതിപുലര്‍ത്താനായില്ല. ഏതെങ്കിലും കോണിലിരുന്ന് ആരെങ്കിലും പട്ടിക തയ്യാറാക്കി നടത്തിയിട്ടുളളവയായിരുന്നില്ല, എം എം മണിയുടെ പ്രസംഗങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട സംഭവങ്ങള്‍. എം എം മണിയുടെ ഭാഷ്യവും ആംഗ്യവും പാര്‍ട്ടിയെ അവമതിപ്പെടുത്തുന്നതിനും കടന്നാക്രമിക്കുന്നതിനും വിരുദ്ധര്‍ക്ക് അവസരമൊരുക്കി.

നിരുപാധികമായി അപലപിച്ചിട്ടും നിലയ്ക്കാത്ത ആക്രമണം പക്ഷേ, ടി. പി. ചന്ദ്രശേഖരന്‍ വധത്തെ മേല്‍പറഞ്ഞ ഗണത്തില്‍ പാര്‍ട്ടി ഒരിക്കലും ഉള്‍പ്പെടുത്തിയിട്ടില്ല. വധത്തെ നിരുപാധികമായി അപലപിച്ചു കൊണ്ടാണ് അതേസംബന്ധിക്കുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവന തുടങ്ങുന്നതു തന്നെ. വേണു ദുര്‍വ്യാഖ്യാനം ചെയ്യുന്നതുപോലെ വര്‍ഗസമര സിദ്ധാന്തത്തിന്റെയും മറ്റും അടിസ്ഥാനത്തിലോ രാഷ്ട്രീയമായോ ഒരിക്കല്‍പ്പോലും ആരും ഇതിനെ ന്യായീകരിച്ചിട്ടില്ല. എന്തിനീ കൊലപാതകം പാര്‍ട്ടി നടത്തണം?

വേണു അവതരിപ്പിക്കുന്ന ന്യായം ഇതാണ്: അവര്‍ പുറത്തുവരികയും പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ ഒഞ്ചിയം പഞ്ചായത്ത് വിമതര്‍ പിടിച്ചെടുക്കുകയും ചെയ്തത് സി.പി.എമ്മിന് വലിയ രാഷ്ട്രീയനഷ്ടമാണ് ഉണ്ടാക്കിയത്  ഈ രാഷ്ട്രീയ നഷ്ടത്തിനുളള പ്രതികാരമാണത്രേ സിപിഐഎം ചെയ്തത്. ഒഞ്ചിയത്ത് ആര്‍എംപിക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ലഭിച്ചത് ആകെ 6293 വോട്ടുകളാണ്. അതിന്റെ നല്ലൊരു പങ്കും സംഭാവന ചെയ്തത് യുഡിഎഫാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍എംപിക്ക് ഒഞ്ചിയത്തു ലഭിച്ചത് 2959 വോട്ടുകള്‍. ഒറ്റവര്‍ഷം കൊണ്ട് ഒഞ്ചിയത്ത് ആര്‍എംപിയുടെ ശക്തി നേര്‍പകുതിയായി കുറഞ്ഞു. യുഡിഎഫിന്റെ നിക്ഷേപം അവര്‍ പിന്‍വലിച്ചത് ഒരു പ്രധാനകാരണമാണ്. സ്വന്തം നിലയില്‍ സംഭവിച്ച ശക്തിക്ഷയം വേറെ. ഇതു സംഭവിച്ചത് ടി. പി. ചന്ദ്രശേഖരന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെയാണ്.

രണ്ടാമതൊരു വാദമിങ്ങനെ: ഒഞ്ചിയം മേഖലയില്‍ ചന്ദ്രശേഖരന്റെയും കൂട്ടരുടെയും ജനപിന്തുണ കുറയുകയല്ല, വളരുകയാണുണ്ടാവുന്നതെന്ന് കണ്ട സി.പി.ഐഎം. നേതൃത്വം കോഴിക്കോട്ട് നടന്ന പാര്‍ട്ടികോണ്‍ഗ്രസ്സിന് മുമ്പ് തന്നെ ചന്ദ്രശേഖരനെ പാര്‍ട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ തീവ്രശ്രമം നടത്തുകയുണ്ടായി. പക്ഷേ, ടി.പി അല്പം പോലും വഴങ്ങിയില്ല. സംഭാഷണത്തിന് നിന്നു കൊടുത്തതേയില്ല. അപ്പോള്‍ പിന്നെ സി.പി.ഐ.എമ്മിന്റെ പതിവ് ശൈലിയില്‍ അവരുടെ മുന്നില്‍ മറ്റുമാര്‍ഗമില്ല. ശല്യകാരിയായ നേതൃത്വത്തെ തുടച്ചുനീക്കുകതന്നെ. അതാണിപ്പോള്‍ സംഭവിച്ചതെന്ന് കാണാന്‍ വിഷമമില്ല. ശല്യകാരികളെ തുടച്ചു നീക്കലാണത്രേ സിപിഐഎമ്മിന്റെ പതിവു ശൈലി. സിപിഐ എമ്മിന്റെ ചരിത്രത്തില്‍ നിന്ന് ഒരുദാഹരണം വേണു കാണിച്ചുതരൂ. വേണുവിന്റെ ഭൂതകാലത്തിന്റെ പാപഭാരം ഞങ്ങളുടെ മേല്‍ കെട്ടിവെയ്ക്കാന്‍ ശ്രമിക്കേണ്ട.

ടി പി ചന്ദ്രശേഖരന്‍ തിരിച്ചുവന്നില്ലെങ്കിലും അനേകം പേര്‍ തിരികെ പാര്‍ട്ടിയിലേയ്ക്കു വന്നു. ഈ പ്രവണത ശക്തിപ്പെടുത്താനാണ് പാര്‍ട്ടി ശ്രമിച്ചത്. എന്തിന് സിപിഐഎം ഇങ്ങനെയൊരു കൊലപാതകം നടത്തണമെന്നതിന് യുക്തിസഹമായ ഒരു വിശദീകരണവും വേണുവിന്റെ പക്കലില്ല. മറിച്ച് നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പുപോലുള്ള സുപ്രധാന വേളയില്‍ ഈ വധം സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കുകയാണ് ചെയ്തത്. അടിയന്തരാവസ്ഥയ്ക്കുശേഷമുളള ഏറ്റവും വലിയ ആക്രമണത്തിന് പാര്‍ട്ടി ഈ വധത്തോടെ ഇരയാവുകയും ചെയ്തു. അതുകൊണ്ടാണ് ഏതെങ്കിലും സിപിഐഎം പ്രവര്‍ത്തകന്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഈ കൊലപാതകവുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ അതു മാപ്പര്‍ഹിക്കാത്ത തെറ്റാവുന്നത്. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിനെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം പാര്‍ട്ടി പ്രസ്താവിക്കുകയും ചെയ്തു. ഈ നിലപാട് നിരാകരിച്ച് പാര്‍ട്ടിയെ തകര്‍ക്കാനാണ്് വേണുവും കൂട്ടരും കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്. ഈ കടന്നാക്രമണങ്ങളെ പാര്‍ട്ടിയും അനുഭാവികളും പ്രതിരോധിക്കുക തന്നെ ചെയ്യും.