2012, ജൂൺ 3, ഞായറാഴ്‌ച

 
Posted on: 02-Jun-2012 06:34 PM
"ആശാനേന്തിയ പന്തമേറ്റുവാങ്ങിയവരില്‍ പ്രമുഖന്‍ വൈലോപ്പിള്ളിയാണെങ്കില്‍ വൈലോപ്പിള്ളിയില്‍ നിന്നാ പന്തം ഏറ്റുവാങ്ങിയ പുതിയ കാലത്തെ കവിയായി പ്രഭാവര്‍മ നമ്മുടെ മുന്നില്‍ നില്‍ക്കുന്നു എന്ന് "ശ്യാമമാധവ"ത്തെ മുന്‍നിര്‍ത്തി പറയാനെിക്ക് സന്തോഷമുണ്ട് "      ഒ എന്‍ വി

ആശാന്റെ "ചിന്താവിഷ്ടയായ സീത"യും വി എസ് ഖണ്ഡേക്കറുടെ "യയാതി"യും കസാന്‍ദ് സാക്കിസിന്റെ "ഒഡീസി-പുതിയൊരനുബന്ധവും" മറ്റും ഇതിഹാസകഥകളുടെ വെറും പുനരാഖ്യാനമല്ലെന്ന് പ്രത്യേകം പറയേണ്ടതില്ല. അവ പുനഃസൃഷ്ടികളാണ്. വാഴ ഒരിക്കലേ കുലയ്ക്കുന്നുള്ളൂ. എന്നാല്‍, "വാഴയടിവാഴ" എന്നു നാടന്‍ കര്‍ഷകര്‍ പണ്ടു പറഞ്ഞിരുന്നതുപോലെ, മണ്ണില്‍ മറഞ്ഞിരിക്കുന്ന തായ്ക്കിഴങ്ങില്‍നിന്ന് പുതിയ വാഴത്തൈകള്‍ കിളര്‍ത്തുവരുന്നു. അവയില്‍ ചിലതു കുലച്ച് കേളിപ്പെടുന്നു. ഇത് ആവര്‍ത്തനത്തിലൂടെയുള്ള നിലനില്‍പ്പാണ്. എന്നാല്‍, ഇതിഹാസങ്ങളില്‍നിന്നും പൊട്ടിമുളയ്ക്കുന്ന, നേരത്തെ പറഞ്ഞതുപോലുള്ള കൃതികള്‍ പുതിയ സൃഷ്ടികള്‍ തന്നെയാണ്. പല പാത്രസ്വഭാവങ്ങളും പുതിയ വാര്‍പ്പുകളിലൂടെ പുനരവതരിക്കുന്നു. പഴയ പാഠത്തിനുമീതേ പുതിയ പാഠം കുറിച്ചിടുന്ന ഹസ്തലിഖിതഗ്രന്ഥം (palimsest) പോലെ എന്നു പറയാം. കവിയെ ഇതിനു പ്രേരിപ്പിക്കുന്നത് കാലമാണ്. ഇതിഹാസങ്ങള്‍ എന്നും സമകാലിക പ്രസക്തിയുള്ളവയായിത്തീരുന്നതും ഈ വിധത്തിലാണ്. കാലത്തിന് പുതിയ ചിത്രമെഴുതാന്‍ അവ ചമരും ചായവുമാകുന്നു. ശ്രീ. പ്രഭാവര്‍മ്മയുടെ "ശ്യാമമാധവം" എന്ന കാവ്യം അത്തരത്തിലുള്ള ഒരു കൃതിയാണ്. എല്ലാവരുമെന്നും പാടിപ്പുകഴ്ത്താറുള്ളത് കൃഷ്ണന്റെ വിചിത്രമായ ലീലാവിലാസങ്ങളാണ്.


                                                



ഈ കവിക്കാകട്ടെ, "കണ്ണടച്ചെന്നാലശ്രുകണമെന്നോണം" തുളുമ്പുന്ന ഒരു കൃഷ്ണരൂപമാണ് മനസ്സില്‍ തെളിയുന്നത്. "കാണെക്കാണെയെരിഞ്ഞെരിഞ്ഞു കനലായ്ത്തീരുന്ന ദുഃഖങ്ങളാല്‍ കാലം തീര്‍ത്തൊരു കൃഷ്ണരൂപം" - ആ കൃഷ്ണന്‍ ഏകാകിയാണ്. പൊയ്പോയ കാലത്തിന്റെ നടവഴികളിലേക്ക് ഓര്‍മകളെ നയിക്കാന്‍ ഏകാകിതപോലെ മറ്റെന്തവസ്ഥയാണുള്ളത്?. എന്നാലാ ഏകാകിതയില്‍ "ഏതോ നിഷാദനറിയാതേ തൊടുത്ത കണ കാലില്‍ തുളച്ചുകയറു"കയും കൂടി ചെയ്താലോ! വഴികളിരുളുന്നതായും, മിഴികളടയുന്നതായും തോന്നുന്ന പശ്ചാത്തലം ചുരുങ്ങിയ വാക്കുകളിലൊതുക്കിയിട്ടാണ് ആസന്നമരണനായ കൃഷ്ണന്റെ വെളിപാടുകളിലേക്ക് കവി നമ്മെ നയിക്കുന്നത്. കര്‍ണ്ണന്റെ മുന്നില്‍, ആത്മനിന്ദയിലേക്ക് പോലും വഴുതിവീണുപോകുന്ന ആത്മവിമര്‍ശനം കൊണ്ട്, കൃഷ്ണന്റെ വപുസ്സിനൊപ്പം മനസ്സും ശ്യാമവര്‍ണ്ണമാകുന്നു. "ശ്യാമമാധവ"മെന്ന പേര് ഈ കാവ്യത്തിന് അന്വര്‍ത്ഥമെന്ന് തുടക്കത്തിലേ നാമറിയുന്നു. സന്ദര്‍ഭത്തിന്റെ ചില്ലയില്‍നിന്ന് സാര്‍വകാലികമായ ജീവിതാന്തരീക്ഷത്തിലേക്ക് പറന്നുയരുന്ന അഗ്നിശലഭങ്ങളെപ്പോലെ കുറെ നിനവുകള്‍! - സൂര്യസുതന്‍ കോടിസൂയ്യ പ്രഭനായ കൃഷ്ണനെ തൊട്ടുനില്‍ക്കുന്നതും അവന്റെ നേര്‍ക്ക് നോക്കാന്‍ പോലുമാവാതെ കൃഷ്ണന്റെ കാഴ്ച നേര്‍ത്തുമങ്ങുന്നതും, കര്‍ണന്റെ അന്തര്‍ഗതങ്ങള്‍ കൃഷ്ണന്‍ മന്ത്രസന്നിഭം കേട്ടുനില്‍ക്കുന്നതുമെല്ലാം വര്‍ണിക്കുന്ന ഈയൊരൊറ്റ സര്‍ഗ്ഗം തന്നെ പൂര്‍ണശോഭമായൊരു ഖണ്ഡകാവ്യമായിരിക്കുന്നു എന്നു പറയാതെ വയ്യ! "ശബ്ദായമാനമായ മൗ"ത്തോടെ, രുധിരാഭിഷിക്തനായി കൃഷ്ണന്റെ അന്തര്‍നേത്രങ്ങള്‍ക്കു മുമ്പില്‍ വന്നുനില്‍ക്കുന്ന ജയദ്രഥന്റെ കാഴ്ചയും കൃഷ്ണനെ തളര്‍ത്തുന്നു; ഉള്ളിലേക്ക് സ്വയം പിന്‍വാങ്ങാന്‍ തോന്നിപ്പിക്കും വിധം! കാവ്യനീതിയോടൊപ്പം ഇതിഹാസോചിതമായ നിഷ്പക്ഷതയും കവി ഇവിടെ പുലര്‍ത്തുന്നു. "അനുഗീത" എന്ന സര്‍ഗ്ഗത്തില്‍, ഭഗവദ്ഗീതയെ ഓര്‍ത്തുകൊണ്ട് കവി ഉന്നയിക്കുന്ന ഒരു ചോദ്യം അല്‍പമൊന്നലോസരപ്പെടുത്താമെങ്കിലും അത് തീര്‍ത്തും പ്രസക്തമാണ്, സത്യസന്ധവുമാണ്. "എന്നാല്‍ ഗീത നച്ച മണ്ണിലൊരു നാ- ളെങ്ങാനുമേതെങ്കിലും സന്താപത്തിനു ശാന്തിയേകുമൊരു കൂ- മ്പെങ്ങാന്‍ പൊടിപ്പാര്‍ന്നുവോ?" കാലം ഈ ചോദ്യം ചോദിച്ചുകൊണ്ടേയിരിക്കുകയല്ലേ? - കാലത്തോട് നമുക്ക് ചോദിക്കാം: "ഭാരതേതിഹാസം സമാപിച്ചത് ശാന്തിപര്‍വത്തിലോ, വനശാന്തിപര്‍വ്വത്തിലോ?" ഉത്തരമെന്തെന്നതല്ല പ്രാധാനം; ഏതു സുവര്‍ണ്ണപാത്രത്തിനും മൂടിവെക്കാനാവാത്ത വിധം സത്യത്തിനുനേര്‍ക്കുയര്‍ത്തിപ്പിടിക്കുന്ന കണ്ണാടിയാണ് കവിത.


അത്, കാലം നടത്തുന്ന അഗ്നിപരീക്ഷകളിലെ ചോദ്യാവലിക്കുള്ള ഉത്തരക്കടലാസല്ല! മഹാഭാരതത്തില്‍ ഗീതയ്ക്കെന്നതുപോലെ "ശ്യാമമാധവ"കാവ്യത്തിന്റെ ഹൃദയഭാഗത്താണ് "അനുഗീത"യ്ക്കുള്ള സ്ഥാനം. കവിതയുടെ ഭാവിയേയും കാവ്യഭാഷയേയും പറ്റി ചിലതോര്‍മ്മിക്കുവാന്‍ ഈ കൃതി എന്നെ പ്രേരിപ്പിക്കുന്നു. ബൃഹദാഖ്യാനങ്ങള്‍ക്കിനി കവിതയില്‍ പ്രസക്തിയില്ലെന്ന വാദത്തെ ഈ കൃതി നിരാകരിക്കുന്നു. ഇതിഹാസങ്ങളിലെ, വിശിഷ്യാ മഹാഭാരതത്തിലെ കഥാപാത്രങ്ങള്‍ ഇന്നും നമുക്കിടയില്‍ ജീവിക്കുന്നു: സ്നേഹിച്ചും സ്നേഹഭംഗമേറ്റുവാങ്ങിയും അന്യരുടെ പാപത്തിന്റെ തിക്തഫലങ്ങള്‍ ആയുഷ്കാലം ഭുജിക്കാന്‍ വിധിക്കപ്പെട്ടും, അവിശുദ്ധമായ ആക്രാന്തങ്ങള്‍ക്കടിപ്പെട്ടും, ആശാനൈരാശ്യങ്ങള്‍ക്കിടയില്‍ നിരന്തരം ആടിയുലഞ്ഞും കള്ളച്ചൂത് കളിച്ചും കളിപ്പിച്ചും, കൊല്ലുന്നതിനേക്കാള്‍ കൊല്ലിക്കുന്നതില്‍ രസം പിടിച്ചും, "ശാശ്വതമൊന്നേ ദുഃഖ"മെന്ന അനുഭവസത്യത്തിലേക്ക് വാനപ്രസ്ഥമനുഷ്ഠിച്ചുമെല്ലാം ആ കഥാപാത്രങ്ങള്‍ ഇന്നും ജീവിക്കുന്നു: സംഭാവ്യതാനിയമം (theory of probability) പാലിച്ചുകൊണ്ടുതന്നെ ആ കഥാപാത്രങ്ങളെ പുനഃസൃഷ്ടിക്കുവാനും, അവരുടെ ധര്‍മ്മകര്‍മ്മങ്ങളെ പുനര്‍വ്യാഖ്യാനിക്കുവാനും, നീട്ടിയോ കുറുക്കിയോ എങ്ങനെ എഴുതണമെന്നത് സര്‍ഗ്ഗകര്‍ത്താവിന്റെ സ്വാതന്ത്ര്യമാണ്. "നീട്ടി നീട്ടി, കുറുക്കിക്കുറിക്കി" മാവിന്‍കൊമ്പിലിരുന്ന് യഥേഷ്ടം പാടിത്തിമിര്‍ക്കാനുള്ള കുയിലിന്റെ സ്വാതന്ത്ര്യത്തെ കല്ലെറിയരുത്. അതുകൊണ്ട്, വാഴക്കൈയിലിരുന്ന് ആരെയോ "വിരുന്നുവിളിക്കുന്ന കാകന്റെ "കാകാ"രവത്തിനും, പീലിവിടര്‍ത്താടുന്ന മയിലിന്റെ "കേകാ"രവത്തിനും പ്രകൃതി വിലക്കേര്‍പ്പെടുത്തുന്നില്ലെന്ന് നാം മനസ്സിലാക്കണം. സൃഷ്ടിയുടെ രീതി അനന്തവിചിത്രമാണെന്ന് കരുതാന്‍ വേണ്ട ജനാധിപത്യസംസ്കാരത്തെ നിഷേധിക്കരുത്. കാവ്യഭാഷ, ഭാഷയ്ക്കകത്തെ ഭാഷയാണ്. ഭാഷയാവട്ടെ പരിവര്‍ത്തനവിധേയവുമാണ്.
                                                                   

എന്നാല്‍ ആ പരിവര്‍ത്തനം "അടിച്ചുപൊളിക്കലല്ലാ", മറിച്ച് ക്രമാനുഗതമായ പരിണാമമാണ്. നവോത്ഥാനകവികളുടെ കാലത്തും കാവ്യഭാഷയില്‍ നിലനിന്നിരുന്ന "സന്തതം, സതതം, തത്ര, തരസാ" പോലെയുള്ള വാക്കുകള്‍ ഇന്ന് "കൊഴിഞ്ഞുപോയ തൂവലുകളാ"ണ്. എന്‍ വിയും എം ഗോവിന്ദനും ഇംഗ്ലീഷ് പദങ്ങളെപ്പോലും മലയാളകാവ്യഭാഷയോടിണക്കിച്ചേര്‍ത്തത് അതതു കവിതകളിലെ ഭാവോന്മീലനത്തിനും, അന്തരീക്ഷസൃഷ്ടിക്കും ഉചിതമായ രീതിയിലാണ്. എന്നാലാ രീതി എന്നേക്കുമായി കാവ്യഭാഷയേറ്റുവാങ്ങിയില്ല. ഇതിഹാസമാനമുള്ള ഈ കൃതിയിലാവട്ടെ ശ്രീ. പ്രഭാവര്‍മ്മ, മലയാളത്തിലെ "ചിത്രയോഗാ"ദിമഹാകാവ്യങ്ങളിലെ ജഡമായ കാവ്യഭാഷയെ നിരാകരിച്ചുകൊണ്ട്, ജീവല്‍ഭാഷാപദങ്ങളില്‍ നിന്നൊരു കാവ്യഭാഷ തോറ്റിയെടുത്തിരിക്കുന്നു എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ആശാനേന്തിയ പന്തമേറ്റുവാങ്ങിയവരില്‍ പ്രമുഖന്‍ വൈലോപ്പിള്ളിയാണെങ്കില്‍ വൈലോപ്പിള്ളിയില്‍ നിന്നാ പന്തം ഏറ്റുവാങ്ങിയ പുതിയ കാലത്തെ കവിയായി പ്രഭാവര്‍മ്മ നമ്മുടെ മുന്നില്‍ നില്‍ക്കുന്നു എന്ന് "ശ്യാമമാധവ"ത്തെ മുന്‍നിര്‍ത്തി പറയാനെിക്ക് സന്തോഷമുണ്ട്. ഇതിലെ ഓരോ സര്‍ഗ്ഗവും സ്വയം പര്യാപ്തമായ ഓരോ ലഘുകാവ്യമാണ് - എല്ലാം ചേര്‍ന്നൊരു സമഗ്രലാവണ്യമുറിപ്പിക്കുകയും ചെയ്യുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ