2012, ജൂൺ 6, ബുധനാഴ്‌ച

25 രൂപയില്‍ താഴെ വിലയ്ക്ക് പെട്രോള്‍ വിറ്റാലും

അന്താരാഷ്ട്രവിപണിയില്‍ ക്രൂഡോയില്‍ വില കൂപ്പുകുത്തുമ്പോഴും പെട്രോള്‍ വിലവര്‍ധനയെ ന്യായീകരിച്ച് എണ്ണക്കമ്പനികളുടെ പരസ്യം. എണ്ണക്കമ്പനികള്‍ നഷ്ടത്തിലല്ലെന്ന പ്രചാരണം മറികടക്കാന്‍ നല്‍കിയ പരസ്യത്തില്‍ നഷ്ടം ചൂണ്ടിക്കാട്ടാനുള്ള കണക്കുകള്‍ ഉണ്ടായിരുന്നുമില്ല. എണ്ണക്കമ്പനികള്‍ ലാഭത്തില്‍തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പരസ്യത്തില്‍ സമ്മതിക്കേണ്ടിവന്നു രൂപയുടെ വിനിമയമൂല്യം കുറയുന്നതുകൊണ്ടാണ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കേണ്ടിവന്നതെന്ന് കമ്പനികള്‍ വിശദീകരിക്കുന്നു. ദേശീയ ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച പരസ്യത്തിലാണ് വിലവര്‍ധനയെ ന്യായീകരിച്ചത്.


2010-11ല്‍ ഒരു ബാരല്‍ ക്രൂഡോയിലിന്റെ ശരാശരി വില 3874 രൂപയായിരുന്നത് 2011-12ല്‍ 5370 രൂപയായെന്നും രൂപയുടെ വിനിമയമൂല്യം ഇതേ കാലയളവില്‍ 44.50 രൂപയില്‍നിന്ന് 54.50 രൂപയായി (2012 മെയ്) ഉയര്‍ന്നെന്നും പരസ്യത്തില്‍ പറയുന്നു. ശരാശരി വിലയുടെ കാര്യം പറയുന്ന കമ്പനികള്‍ 2011 ഒക്ടോബര്‍ മുതല്‍ ക്രൂഡോയില്‍ വിലയില്‍ വന്ന കുറവ് മറച്ചുവയ്ക്കുകയാണ്. ബ്രെന്റ് ക്രൂഡോയിലിന് ചൊവ്വാഴ്ച അന്താരാഷ്ട്ര വിപണിയിലെ വില 81.50 ഡോളറാണ്. എട്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്. രൂപയുടെ നിരക്കനുസരിച്ച് ഇത് 4533.84 രൂപയാണ്. ഒരു ബാരല്‍ എന്നത് 158.76 ലിറ്ററാണ്. ഒരു ലിറ്റര്‍ ക്രൂഡോയിലിന് വില 28.50 രൂപയാകും. എണ്ണശുദ്ധീകരണത്തിന് ഏറ്റവും ചെലവുകുറഞ്ഞ രാജ്യമാണ് ഇന്ത്യ.
     
                         
ആറ് രൂപയോളമാണ് ഒരു ലിറ്റര്‍ ക്രൂഡോയില്‍ ശുദ്ധീകരിക്കാന്‍ റിഫൈനറികള്‍ക്ക് വേണ്ടിവരുന്ന ചെലവ്. 159 ലിറ്റര്‍ ക്രൂഡോയില്‍ ശുദ്ധീകരിച്ചാല്‍ 73 ലിറ്റര്‍ പെട്രോള്‍ ലഭിക്കും. 40 ലിറ്റര്‍ ഡീസലും കിട്ടും. ആറ് രൂപ കടത്തുകൂലിയും ഒരു രൂപ ഏജന്റുമാരുടെ കമീഷനും ചേര്‍ത്താലും 25 രൂപയില്‍ താഴെ വിലയ്ക്ക് പെട്രോള്‍ വിറ്റാലും എണ്ണക്കമ്പനികള്‍ക്ക് ലാഭത്തില്‍ പ്രവര്‍ത്തിക്കാം. എന്നാല്‍, പെട്രോളിന് ഈടാക്കുന്നത് ലിറ്ററിന് 73 രൂപ.

ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവ നഷ്ടത്തില്‍ വില്‍ക്കുന്നതിന് എണ്ണക്കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാരില്‍നിന്ന് സബ്സിഡി ലഭിക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഈയിനത്തില്‍ 65,000 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് നല്‍കി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ കമ്പനികള്‍ക്ക് 2011-12 സാമ്പത്തികവര്‍ഷം 8,33,000 കോടി രൂപയുടെ വിറ്റുവരവുണ്ടായെന്ന് പരസ്യത്തില്‍ പറയുന്നു. മൊത്തം ലാഭം 6177 കോടിയും. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നെന്ന വാദംതന്നെ ഇതോടെ പൊളിയുന്നു.

ആഭ്യന്തര ക്രൂഡോയില്‍ ഉല്‍പ്പാദനം നടത്തുന്ന ഒഎന്‍ജിസി പോലുള്ള സ്ഥാപനങ്ങള്‍ നല്‍കുന്ന സെസ് ഉപയോഗിച്ച് പെട്രോളിന്റെ വിലസ്ഥിരതാ ഫണ്ട് ഉണ്ടാക്കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. ഇക്കാര്യം പല തവണ പെട്രോളിയം മന്ത്രാലയത്തിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ ഉന്നയിച്ചെങ്കിലും അനുവദിച്ചിട്ടില്ലെന്ന് എം ബി രാജേഷ് എംപി പറഞ്ഞു. കഴിഞ്ഞ വര്‍ഷം പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയിലൂടെ കേന്ദ്രസര്‍ക്കാരിന് ലഭിച്ച നികുതിവരുമാനം 1,35,000 കോടി രൂപയാണ്. അതിന്റെ പകുതിപോലും സബ്സിഡിക്കായി മാറ്റിവച്ചില്ല. അടിക്കടി വില വര്‍ധിപ്പിക്കുമ്പോള്‍ അതിന് അനുസൃതമായി നികുതിവരുമാനത്തില്‍ വരുന്ന വര്‍ധനയിലാണ് കേന്ദ്രസര്‍ക്കാരിന്റെ നോട്ടം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ