2012, ജൂൺ 8, വെള്ളിയാഴ്‌ച

പാണ്ടന്‍ നായുടെ പല്ലിന്‍ ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല....

Preejith Raj


2006. വടകര, ഒഞ്ചിയം പ്രദേശത്ത് ചില 'ധീരരായ കമ്യൂണിസ്റ്റുകള്‍' വിഭാഗീയതക്ക് വളം വെക്കാന്‍ ഗീബല്‍സിയന്‍ തന്ത്രങ്ങള്‍ നന്നായി പ്രയോഗിക്കുന്ന കാലം. അവര്‍ക്ക് ഒറ്റ അജണ്ട, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മുതലാളിത്ത ദത്തുപുത്രനാണെന്ന് വരുത്തി തീര്‍ക്കണം. അതിനായി എന്ത് നുണയും പറയും. അവര്‍ക്ക് പുതിയൊരു ആയുധം കിട്ടി. സഖാവ് പിണറായിയുടെ വീട്. കോടിക്കണക്കിന് രൂപ പല മുതലാളിമാരും കൊടുത്താണ് വീടുപണി നടത്തിയത് എന്ന് ഇക്കൂട്ടര്‍ അക്കാലത്ത് വ്യാപകമായി പ്രചരിപ്പിച്ചു. പാര്‍ട്ടിക്കകത്തുള്ള ആള്‍ക്കാര്‍ വരെ സത്യമേത് മിഥ്യയേത് എന്നറിയാതെ ആ നുണപ്രചരണത്തില്‍ പതറി നിന്നു.

ആ സമയത്ത് ഓര്‍ക്കാട്ടേരി, ഏറാമല ഒറ്റ ലോക്കല്‍ കമ്മറ്റിയാണ്. ഏറാമല ലോക്കല്‍ കമ്മറ്റി. അവിടെയുള്ള തുരുത്തിമുക്ക് ബ്രാഞ്ചിലെ കെ.പി സുധീര്‍ ഇത്തരം കഥകള്‍ പ്രചരിപ്പിക്കുന്നതില്‍ അഗ്രഗണ്യനാണ്.
തലശ്ശേരി ഭാഗത്ത് സുധീറിന് ഒരു കല്യാണത്തിന് പോവണമായിരുന്നു. പിണറായിക്ക് അടുത്താണ് കല്യാണം. അദ്ദേഹം 'വിഭാഗീയടീമിലുള്ള' ടി പി ചന്ദ്രശേഖരന്റെ മനസാക്ഷി സൂക്ഷിപ്പുകാരന്‍കൂടിയായ വി കെ വിശ്വനെയും മറ്റൊരു സുഹൃത്ത് ടി കെ പ്രമോദിനെയും 'കല്യാണ- പിണറായി' സന്ദര്‍ശനത്തിന് കൂടെക്കൂട്ടുന്നു. പ്രമോദും വിശ്വനും അപ്പോള്‍ കുന്നുമ്മക്കര ബ്രാഞ്ച് മെമ്പര്‍മാരാണ്. കല്ല്യാണത്തിന് പോകുന്നതുകൊണ്ട് സുധീറിന്റെ ഭാര്യയും അവരുടെ കൂടെയുണ്ട്.

കല്ല്യാണം കഴിഞ്ഞ് ഇവര്‍ നേരെ പിണറായിയിലേക്ക് പോയി. പിണറായി വിജയന്റെ, മുതലാളിമാര്‍ കൊടുത്ത 'കോടിക്കണക്കിന്' രൂപകൊണ്ട് പണിത മണിമാളിക കാണാന്‍.! വി കെ വിശ്വന്‍ ഒരുമാഷെന്നപോലെ മേസ്ത്രിയുമാണ്. അധ്യാപകനാവുന്നതിന് മുമ്പ് വീടുപണിക്ക് പോകുമായിരുന്നു. നല്ല പണിക്കാരനാണ്. ഒരു വീട് കണ്ടാല്‍ മതിപ്പുവിലയൊക്കെ പറയാനുള്ള പരിജ്ഞാനമുണ്ട്. വിശ്വന്‍മാഷിന്റെയും കൂട്ടരുടെയും മനസില്‍പൊട്ടിയ ലഡു വീട് കണ്ടതോടെ ഉറഞ്ഞുപോയി. 'വര്‍ണമനോഹരമാണീ മാളിക വര്‍ണം വിതറി വിളങ്ങി നിന്നൂ...' എന്ന് കഥാപ്രസംഗം പറയാന്‍ മാത്രമൊന്നുമില്ല. കോടികള്‍ പോയിട്ട് ലക്ഷങ്ങളുടെ മതിപ്പ് പോലുമില്ല. എന്നിട്ടും വിട്ടില്ല. കല്ല്യാണവീട്ടിലെ ഫോട്ടോകളെടുക്കാന്‍ സുധീര്‍ കൊണ്ടുവന്ന ക്യാമറയില്‍ വീട് വലുതാണെന്ന് തോന്നിക്കുന്ന വിധത്തില്‍ ചില ഭാഗങ്ങളുടേത് മാത്രം അടര്‍ത്തിയെടുത്ത്, കിടന്നും ഇരുന്നും ചെരിഞ്ഞുമൊക്കെ ഫോട്ടോ പിടിച്ചു. 

ആശ്ചര്യജന്യമായ ഈ ഫോട്ടോയെടുപ്പ് തൊട്ടപ്പുറത്തെ പറമ്പില്‍(വിളയില്‍) തെങ്ങിന് തടമെടുക്കുന്ന കോണ്‍ഗ്രസുകാരനായ ഗോവിന്ദേട്ടന്‍ കണ്ടു. ഗോവിന്ദേട്ടന്‍ ഇവരുടെ അടുത്തേക്ക് വന്നു. 'നിങ്ങളാരാ.., ഏട്ന്നാ., എന്തിനാ വിജയന്റെ വീടിന്റെ ഫോട്ടം ഇങ്ങനെ എട്ക്ക്ന്ന്?' (അങ്ങനെ ചോദിക്കാന്‍ അദ്ദേഹത്തെ പിണറായി ഏര്‍പ്പാടാക്കി എന്നൊക്കെ ഒഞ്ചിയം പാണന്‍മാര്‍ക്ക് വേണമെങ്കില്‍ വാദത്തിന് വാദിക്കാവുന്നതാണ്.) 'ഈ വീടെടുക്കാന്‍ എത്ര ഉറുപ്പ്യ ചെലവായിറ്റുണ്ടാവും?' വിശ്വന്‍മാഷ് ഗോവിന്ദേട്ടനോട് ചോദിച്ചു... പറഞ്ഞ് പറഞ്ഞ് ഗോവിന്ദേട്ടന്‍ ഒഞ്ചിയത്തെ സത്യാന്വേഷികളുമായി ചൂടായി എന്നത് സത്യം. അവസാനം അടിയോടടുത്തപ്പോള്‍ വിശ്വന്‍മാഷും സംഘവും ഞങ്ങള്‍ വടകരയിലെ പാര്‍ട്ടിക്കാരാണ് എന്ന് ഗോവിന്ദേട്ടനോട് നെഞ്ച് വിരിച്ചു.! പാവം ഗോവിന്ദേട്ടന്‍, 'നെനക്കൊന്നും വേറെ പണിയൊന്നൂല്ലെങ്കില്‍, വല്ല പെരുത്തലമട്ടലുമെടുത്ത് അങ്ങോട്ടുമിങ്ങോട്ടും പൊറത്തടിച്ച് കളിക്കെടാ..' എന്ന് പറഞ്ഞ് ആ കോണ്‍ഗ്രസുകാരന്‍ അവിടം വിട്ടുപോയി എന്നതും നേര്.

ഒച്ചയും ബഹളവും കേട്ടപ്പോള്‍ ആള്‍ക്കാര്‍ കൂടി. ഇതങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ, ഫോട്ടോയൊക്കെ എടുത്ത് പോയത് ആരാണ്? എന്തിന് വേണ്ടിയാണ് എന്നറിയണമല്ലോ.. എന്ന ഉദ്ദേശശുദ്ധിയില്‍ പാണ്ട്യാലമുക്കിലെ (പിണറായിയുടെ വീട് നില്‍ക്കുന്ന സ്ഥലം) രണ്ട് ചെറുപ്പക്കാര്‍ ഒഞ്ചിയക്കാരറിയാതെ അവരെ പിന്തുടര്‍ന്നു. പിണറായിയില്‍ നിന്ന് ബസ് കയറി തലശ്ശേരിയിലേക്ക്. അവിടുന്ന് ബസ് മാറി വടകര ബസില്‍ കയറിയ ഈ ചെറുപ്പക്കാര്‍ ഒഞ്ചിയക്കാരുടെ കൂടെ കൈനാട്ടിയില്‍ ഇറങ്ങി. ഒഞ്ചിയക്കാര്‍ ഓര്‍ക്കാട്ടേരിയിലേക്ക് പോയി. കൈനാട്ടിയില്‍ നിന്ന് തന്നെ ഇവര്‍ ആരാണെന്ന് മനസിലാക്കിയ പിണറായിയിലെ ചെറുപ്പക്കാര്‍ തിരികെ വന്നു. അവര്‍ പിണറായിയിലെ പാര്‍ട്ടിക്കാരോട് വിവരം പറഞ്ഞു. ഫോട്ടോ എടുത്ത കാര്യവും വീടിന്റെ വിലയുടെ തര്‍ക്കവുമൊക്കെ വിശദമായി അവതരിപ്പിച്ചു.

അവിടുത്തെ പാര്‍ട്ടിക്കാര്‍ ഇത് ഒരു പരാതിയായി കണ്ണൂര്‍ ജില്ലാ കമ്മറ്റിക്ക് കൊടുത്തു. കണ്ണൂര്‍ ജില്ലാ കമ്മറ്റി ഇത് അന്വേഷിക്കാന്‍ വേണ്ടി കോഴിക്കോട് ജില്ലാ കമ്മറ്റിയോട് അഭ്യര്‍ത്ഥിച്ചു. കോഴിക്കോട് ജില്ലാ കമ്മറ്റി ഒഞ്ചിയത്ത് അന്വേഷിക്കുമ്പോഴേക്കും സുധീര്‍, വിശ്വന്‍മാഷ്, പ്രമോദ് തുടങ്ങിയവര്‍ പിണറായിയില്‍ പാര്‍ട്ടി സെക്രട്ടറിയുടെ വീട് കാണാന്‍ പോയതും അവിടെ വെച്ച് അക്രമിക്കപ്പെട്ടതും ബോബേറുകൊള്ളാതെ ചാടി രക്ഷപ്പെട്ടതുമൊക്കെ നല്ല ചിലവുള്ള കഥകളാക്കി മാറ്റി പ്രചരിപ്പിച്ച് അവയുടെ ചൂടൊക്കെ ആറിയിരുന്നു. ഫോട്ടോയും ഒഞ്ചിയത്തെ ഫോട്ടോഷോപ്പ് വിദഗ്ധരുടെ സഹായത്തോടെ 'പായലേ വിട, പൂപ്പലേ വിട, എന്നന്നേക്കും വിട' എന്ന ഏഷ്യന്‍ പെയിന്റ്‌സിന്റെ പരസ്യം പോലെ മാക്‌സിമം വലിയ രീതിയില്‍ 'കോടികളുടെ മതിപ്പോടെ' വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ടി പി ചന്ദ്രശേഖരന്‍ നേതൃത്വം കൊടുത്ത ആശയപോരാട്ടത്തിന്റെ ഒഞ്ചിയം പര്‍വ്വമാണിത്.

ഏറാമലയിലെ പാര്‍ട്ടി ഇവരോട് വിശദീകരണം ചോദിച്ചു. ഇവരെ സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിച്ചു. സഖാവ് മത്തായി ചാക്കോ അടക്കമുള്ള കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് ഏകകണ്ഠമായി ഈ സഖാക്കളെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്യാനുള്ള ഒഞ്ചിയംപാര്‍ട്ടിയുടെ തീരുമാനത്തിന് അംഗീകാരം നല്‍കി. കെ പി സുധീറും, വിശ്വന്‍ മാഷും, ടി കെ പ്രമോദും തെറ്റ് ബോധ്യപ്പെട്ട് തിരുത്താനോ പാര്‍ട്ടിയുടെ കൂടെ നില്‍ക്കാനോ പിന്നീട് തയ്യാറായില്ല. അരാഷ്ട്രീയ - അരാജകത്വ വഴിയിലൂടെ കുറെക്കാലം നടന്നു. വിഭാഗീയതാ രോഗത്തിന് തങ്ങളാല്‍ കഴിയുന്ന വെള്ളവും വളവും നല്‍കി. ആര്‍ എം പി രൂപീകൃതമായപ്പോള്‍ പ്രദേശത്തെ മറ്റ് സാമൂഹ്യവിരുദ്ധരുടേയും വെള്ളമടി പാഷനാക്കിയ പഴയ ആര്‍ എസ് എസുകാരുടേയും കൂടെ ആര്‍ എം പിയില്‍ ചേര്‍ന്നു. ഇപ്പോള്‍ ആര്‍ എം പിയുടെ പോളിറ്റ് ബ്യൂറോ അംഗങ്ങളാണെന്ന് തോന്നുന്നു. ഈ വസ്തുതകളെയാണ് ഈ കുറിപ്പിന്റെ കൂടെയുള്ള ഫോട്ടോ ഗിമ്മിക്കുകള്‍ പോലുള്ളവ ഉപയോഗിച്ച് ഒഞ്ചിയം പാണന്‍മാര്‍ പാടി നടക്കുന്നത്.

ഈ പാര്‍ട്ടിയെ കൊല്ലാന്‍ നിങ്ങള്‍ക്കാവില്ല മക്കളേ...

1 അഭിപ്രായം: