2012, ജൂൺ 25, തിങ്കളാഴ്‌ച

രാഷ്ട്രപതി തെരഞ്ഞെടുപ്പും നിലപാടും


പ്രകാശ് കാരാട്ട്

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ രണ്ട് സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്- യുപിഎയ്ക്കുവേണ്ടി പ്രണബ് മുഖര്‍ജിയും എന്‍ഡിഎ പിന്തുണയ്ക്കുന്ന പി എ സാങ്മയും (സാങ്മയുടെ പേര് ആദ്യം മുന്നോട്ടുവച്ചത് എഐഎഡിഎംകെയും ബിജെഡിയുമാണ്). ഈ രണ്ട് സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള മത്സരംമാത്രമായി ഈ തെരഞ്ഞെടുപ്പിനെ കാണാന്‍ കഴിയില്ല. ഉപരിതലത്തിനുതാഴെ കലങ്ങിമറിയുകയാണ്, രാഷ്ട്രീയബന്ധങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാകാന്‍ പോകുന്നതിന്റെ മുന്നടയാളമായ പ്രക്രിയയാണ് നടക്കുന്നത്.

ഈ പശ്ചാത്തലത്തില്‍ ഒട്ടേറെ കുഴപ്പങ്ങളും യുപിഎ സര്‍ക്കാരിനെ ഗ്രസിച്ചിരിക്കുന്നു. പാപ്പരായ നയങ്ങള്‍മൂലം വഷളാകുന്ന സാമ്പത്തികസ്ഥിതി, മുന്നണിയിലെ കെട്ടുറപ്പിന്റെ അഭാവം, രാഷ്ട്രീയവും നയപരവുമായ മുന്‍കൈകള്‍ എടുക്കാനുള്ള കഴിവില്ലായ്മ എന്നിവ ഇതില്‍പ്പെടുന്നു. വിലക്കയറ്റവും അഴിമതിയും കോണ്‍ഗ്രസിന്റെയും യുപിഎ സര്‍ക്കാരിന്റെയും ജനപിന്തുണ തകര്‍ത്തിരിക്കുന്നു.

ബിജെപിയുടെ വിശ്വാസ്യതയ്ക്കും ക്ഷതമേറ്റിരിക്കുകയാണ്. മുംബൈ ദേശീയ എക്സിക്യൂട്ടീവ് യോഗം പാര്‍ടിനേതൃത്വത്തിലെ കിടമത്സരവും നരേന്ദ്രമോഡിയുടെ ആക്രമണാത്മകമായ ഉയര്‍ച്ചയും പുറത്തുകൊണ്ടുവന്നു. ആര്‍എസ്എസിന്റെ പങ്കും പ്രകടമായി. ഈ സംഭവവികാസങ്ങള്‍ എന്‍ഡിഎയിലും പ്രത്യാഘാതം സൃഷ്ടിച്ചു. ജെഡിയുവിന്റെ പ്രതികരണം ഉറച്ചതാണ്. സാങ്മയെയോ ബിജെപി പിന്താങ്ങുന്ന മറ്റേതെങ്കിലും സ്ഥാനാര്‍ഥിയെയോ പിന്തുണയ്ക്കില്ലെന്ന ജെഡിയുവിന്റെ നിലപാട് അവരിലെ അസ്വാരസ്യം വിളംബരംചെയ്യുന്നു.

യുപിഎയുടെയും എന്‍ഡിഎയുടെയും ശോഷണം, രാഷ്ട്രപതി തെരഞ്ഞെടുപ്പ് വിഷയം അവര്‍ കൈകാര്യം ചെയ്യുന്ന രീതികളില്‍നിന്ന് പ്രകടമാണ്. യുപിഎയില്‍, സ്ഥാനാര്‍ഥിയെച്ചൊല്ലി കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ ഭിന്നതയുണ്ടായി. ഇതിനെ ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ല. പല വിഷയങ്ങളിലും യുപിഎ സര്‍ക്കാരുമായി തൃണമൂല്‍ ഇടഞ്ഞുനില്‍ക്കുകയാണ്. ഈ സംഘര്‍ഷത്തില്‍ ഏറിയപങ്കും തൃണമൂലിന്റെ നാട്യങ്ങളാണെങ്കിലും ഇതിന് ആഴത്തിലുള്ള കാരണമുണ്ട്. പശ്ചിമബംഗാളില്‍ കോണ്‍ഗ്രസിനെ ഒതുക്കാനും അവരുടെ അടിത്തറ പിടിച്ചെടുക്കാനുമാണ് തൃണമൂല്‍ ശ്രമിക്കുന്നത്, ഈ ലക്ഷ്യം നേടാന്‍ ആയുധങ്ങള്‍ ഉപയോഗിച്ചുള്ള മാര്‍ഗം സ്വീകരിക്കാന്‍പോലും തൃണമൂലിന് മടിയില്ല.
ബിജെപിയാകട്ടെ എന്‍ഡിഎ വികസിപ്പിക്കാന്‍ ആഗ്രഹിക്കുന്നു; എന്നാല്‍ അത് താറുമാറായ അവസ്ഥയിലാണ്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ജെഡിയുവും ശിവസേനയും പ്രണബ് മുഖര്‍ജിയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

കോണ്‍ഗ്രസിനും ബിജെപിക്കും എതിരായി പ്രാദേശികപാര്‍ടികള്‍ ഇടംനേടുകയാണ്. ഇവയ്ക്ക് ഏതെങ്കിലും പ്രമുഖ പാര്‍ടികളോട് വിധേയത്വമില്ല. സ്വന്തം താല്‍പ്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് അവ പ്രവര്‍ത്തിക്കുന്നത്, ചിലപ്പോഴൊക്കെ അവസരവാദപരമായും. പക്ഷേ, അവ സ്വീകരിക്കുന്ന പൊതുനിലപാട് ഫെഡറല്‍ തത്വങ്ങള്‍ ഉറപ്പിക്കുന്നതാണ്, ഇത് ഗുണപരമായ പ്രവണതയുമാണ്.

ഇപ്പോള്‍ നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലം ഇതാണ്. സിപിഐ എം എല്ലാക്കാലത്തും രാഷ്ട്രപതി തെരഞ്ഞെടുപ്പിനെ രാഷ്ട്രീയവിഷയമായി കണ്ട് രാഷ്ട്രീയനിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. പാര്‍ടിയുടെ 20-ാം കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ- അടവുനയം, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിനും അവരുടെ സാമ്പത്തികനയങ്ങള്‍ക്കും എതിരായി പോരാടാനുള്ള ആഹ്വാനമാണ് നല്‍കിയിട്ടുള്ളത്. അതോടൊപ്പംതന്നെ ബിജെപിയെയും അതിന്റെ വര്‍ഗീയ അജന്‍ഡയെയും പാര്‍ടി എതിര്‍ക്കുന്നു. നവ ഉദാരനയങ്ങള്‍ക്കും വര്‍ഗീയതയ്ക്കും വളര്‍ന്നുവരുന്ന സാമ്രാജ്യത്വസ്വാധീനങ്ങള്‍ക്കും എതിരായി പാര്‍ടി പൊരുതും. പാര്‍ടി വിവിധ വിഷയങ്ങളില്‍ കോണ്‍ഗ്രസിതര മതനിരപേക്ഷ കക്ഷികളുടെ സഹകരണം നേടുകയും ജനകീയപ്രശ്നങ്ങളില്‍ യോജിച്ച മുന്നേറ്റങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും മുന്‍കൈ എടുക്കുകയും ചെയ്യും. ഇടതുപക്ഷ ജനാധിപത്യ ബദല്‍ കെട്ടിപ്പടുക്കാനായി പാര്‍ടി പ്രവര്‍ത്തിക്കും. ഇത്തരമൊരു ബദലിനായി സിപിഐ എമ്മും ഇടതുപക്ഷമാകെയും സ്വതന്ത്രശക്തിയെന്ന നിലയില്‍ കരുത്താര്‍ജിക്കേണ്ടത് ആവശ്യമാണ്. പശ്ചിമബംഗാളില്‍ കടുത്ത ആക്രമണം നേരിടുന്ന സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും സംരക്ഷിക്കേണ്ടത് പാര്‍ടിയെയും ഇടതുപക്ഷത്തെയും ശക്തിപ്പെടുത്താനുള്ള പ്രക്രിയയുടെ ഭാഗമാണ്.
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പാര്‍ടി നിലപാട് സ്വീകരിച്ചത് ഈ ചട്ടക്കൂടില്‍നിന്നാണ്. പ്രണബ് മുഖര്‍ജിയുടെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണയ്ക്കാന്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ തീരുമാനിച്ചു. ഈ തീരുമാനത്തിന്റെ അടിസ്ഥാനം വിശദീകരിക്കേണ്ടതുണ്ട്.

1992നുശേഷമുള്ള സമീപനം

1991ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം, ബിജെപി നിര്‍ദേശിക്കുന്ന സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുന്ന വിഷയമേ ഉണ്ടായിട്ടില്ല. എന്തുകൊണ്ടെന്നാല്‍, ബിജെപി ശക്തി നേടിയശേഷമുള്ള കാലത്ത് രാഷ്ട്രത്തിന്റെ ഭരണഘടനാപരമായ തലവന്റെ പദവിയില്‍ ഹിന്ദുത്വശക്തികളുടെ സ്വാധീനത്തിന് വഴങ്ങുന്ന ഒരാള്‍ അവരോധിക്കപ്പെടുന്നത് തടയേണ്ടത് അടിയന്തരകടമയായി മാറിയിട്ടുണ്ട്, കാരണം ഇത്തരമൊരു സാഹചര്യം ഉണ്ടാകുന്നത് ഭരണഘടനയുടെ മതനിരപേക്ഷ, ജനാധിപത്യ തത്വങ്ങള്‍ക്കുതന്നെ ഫലത്തില്‍ വിനാശകരമാകും.

ഈ പരിഗണനയാണ് 1992ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശങ്കര്‍ദയാല്‍ ശര്‍മയെ പിന്തുണയ്ക്കുന്നതിലേക്ക് പാര്‍ടിയെ നയിച്ചത്. നരസിംഹറാവു സര്‍ക്കാര്‍ നടപ്പാക്കുകയും പിന്നീട് തുടര്‍ച്ചയായി വന്ന സര്‍ക്കാരുകള്‍ പിന്തുടരുകയും ചെയ്യുന്ന ഉദാരവല്‍ക്കരണനയങ്ങളെ പാര്‍ടി വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുമ്പോഴും, 1992 മുതല്‍ ഭരണഘടനയുടെയും രാഷ്ട്രത്തിന്റെയും മതനിരപേക്ഷ അടിത്തറ സംരക്ഷിക്കുന്നതിന് പാര്‍ടി പ്രഥമപരിഗണന നല്‍കിവരുന്നതിനുള്ള കാരണവും ഇതുതന്നെ. ശങ്കര്‍ദയാല്‍ ശര്‍മ, കെ ആര്‍ നാരായണന്‍, പ്രതിഭ പാട്ടീല്‍ എന്നിവര്‍ക്ക് പിന്തുണ നല്‍കുന്നതിലേക്ക് പാര്‍ടിയെ നയിച്ചത് ഈ ധാരണയാണ്. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്ന 2002ല്‍മാത്രമാണ് വ്യത്യസ്ത സാഹചര്യം ഉണ്ടായത്. അന്ന് എ പി ജെ അബ്ദുള്‍കലാമിന്റെ പേര് ബിജെപി നിര്‍ദേശിക്കുകയും കോണ്‍ഗ്രസ് അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണയ്ക്കുകയും ചെയ്തു. ബിജെപിയിതര ക്യാമ്പില്‍നിന്ന് സ്വീകാര്യമായ മറ്റ് സ്ഥാനാര്‍ഥികളൊന്നും ഉയര്‍ന്നുവരാതിരുന്നതിനാല്‍ ഇടതുപക്ഷം സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തി.

ഇപ്പോഴത്തെ തെരഞ്ഞെടുപ്പില്‍ പ്രണബ് മുഖര്‍ജിയുടെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള ഭിന്നതയുടെ ആഴം വര്‍ധിപ്പിച്ചിരിക്കുകയാണ്. കലാമിനെ സ്ഥാനാര്‍ഥിയാക്കാന്‍ തൃണമൂല്‍ ശ്രമിച്ചു, ഈ നീക്കത്തിന് ബിജെപിയുടെ പൂര്‍ണപിന്തുണ ഉണ്ടായിരുന്നു. എന്നാല്‍, ശ്രമം പരാജയപ്പെട്ടതോടെ വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുക, അല്ലെങ്കില്‍ നിലപാട് തിരുത്തി പ്രണബ് മുഖര്‍ജിക്ക് പിന്തുണ നല്‍കുക- ഇതില്‍ ഏതെങ്കിലും ഒരു വഴി സ്വീകരിക്കേണ്ട അവസ്ഥയിലാണ് തൃണമൂല്‍. ഭരണമുന്നണിയിലുണ്ടായ ഈ ഭിന്നതയും കണക്കിലെടുത്താണ് സിപിഐ എം അതിന്റെ നിലപാട് എടുത്തത്.

ഏതാനും യുപിഎ ഇതര കക്ഷികള്‍ പ്രണബ് മുഖര്‍ജിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്ന വസ്തുതയും സിപിഐ എം പരിഗണിച്ചു. സമാജ്വാദി പാര്‍ടി, ബിഎസ്പി, ജെഡിഎസ്, ജെഡിയു എന്നിവ ഇതില്‍പ്പെടുന്നു. രണ്ടാമതൊരു സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കാനുള്ള സാധ്യതയും സിപിഐ എം പരിഗണിച്ചു, മറ്റു മതനിരപേക്ഷകക്ഷികള്‍ ഇപ്രകാരം ചെയ്യാന്‍ സന്നദ്ധമാകുന്നപക്ഷം. പക്ഷേ, ഇപ്പോള്‍ ബിജെപിയുടെ പിന്തുണ ലഭിച്ച സാങ്മയുടെ പേര് നിര്‍ദേശിച്ച എഐഎഡിഎംകെയും ബിജെഡിയും ഒഴികെയുള്ള കക്ഷികളില്‍ ബഹുഭൂരിപക്ഷവും യുപിഎയുടെ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുന്ന നിലപാടിലേക്കാണ് നീങ്ങിയത്. അങ്ങനെ പ്രണബ് മുഖര്‍ജി വിശാലമായ ധാരണയുടെ അടിസ്ഥാനത്തിലുള്ള സ്ഥാനാര്‍ഥിയായി മാറി. ഈ വസ്തുതകൂടി പാര്‍ടി പരിഗണിച്ചു; പ്രത്യേകിച്ച് ഡോ. കലാമിനെ സ്ഥാനാര്‍ഥിയായി കൊണ്ടുവരാന്‍ മമത ബാനര്‍ജിയും ബിജെപിയും ഭ്രാന്തമായ ശ്രമങ്ങള്‍ നടത്തിയ സാഹചര്യത്തില്‍. മുലായംസിങ്ങും സമാജ്വാദി പാര്‍ടിയും ഈ നീക്കത്തോട് യോജിച്ചില്ലെന്നതും നിര്‍ണായകമായി. 2002ല്‍ കലാം ഇവരുടെ കണ്ടെത്തലായിരുന്നു എന്ന വസ്തുതയും പ്രധാനമാണ്.

ഒട്ടേറെ കക്ഷികള്‍ അവരുടെ സ്ഥാനാര്‍ഥിയെ പിന്തുണച്ചതുകൊണ്ട് യുപിഎ ശക്തിപ്പെടില്ല. മറിച്ച്, സ്വന്തം സ്ഥാനാര്‍ഥിയുടെ വിജയത്തിനായി കോണ്‍ഗ്രസിന് പുറത്തുള്ള ശക്തികളെ ആശ്രയിക്കേണ്ടിവരുന്നുവെന്ന വസ്തുതയാണ് ഇത് ഉയര്‍ത്തിക്കാട്ടുക. മാത്രമല്ല, ഈ ശക്തികള്‍ തുല്യരെന്ന നിലയിലാണ് കോണ്‍ഗ്രസിനെ സമീപിക്കുന്നത്, കോണ്‍ഗ്രസിന് ഇവരെ ഭരിക്കാന്‍ കഴിയില്ല.

തുല്യദൂരമല്ല

കോണ്‍ഗ്രസിനെയും ബിജെപിയെയും നേരിടുകയെന്ന രാഷ്ട്രീയനിലപാടിനെ എല്ലാ വിഷയത്തിലും ഇരുകൂട്ടരോടും തുല്യദൂരം പുലര്‍ത്തുകയെന്നതിനോട് തുലനംചെയ്യാന്‍ കഴിയില്ല. ഉദാഹരണത്തിന്, രാഷ്ട്രപതിയുടെ വിഷയം വരുമ്പോള്‍ പ്രമുഖ ബൂര്‍ഷ്വാ പാര്‍ടികള്‍ കണ്ടെത്തുന്ന വ്യക്തിക്കുമാത്രമേ ഇപ്പോള്‍ ആ സ്ഥാനത്ത് എത്താന്‍ കഴിയൂ. മാത്രമല്ല, രാഷ്ട്രത്തിന്റെ ഭരണഘടനാപരമായ തലവന്റെ പദവിയില്‍ എത്തുന്ന വ്യക്തി ഉറച്ച മതനിരപേക്ഷവാദിയായിരിക്കണമെന്നത് മുഖ്യവിഷയമാണ്, ഒരുവിധത്തിലും ബിജെപി സ്വാധീനത്തിന് വഴങ്ങുന്ന വ്യക്തിയായിരിക്കരുത്, അപ്പോള്‍ ബിജെപി നിര്‍ദേശിക്കുന്ന സ്ഥാനാര്‍ഥിയുടെ എതിരാളിക്കാണ് സിപിഐ എം ഊന്നല്‍ നല്‍കുക. സാമ്പത്തികനയങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ വിഷയം വരുമ്പോള്‍ കോണ്‍ഗ്രസും യുപിഎയുമാണ് മുഖ്യഎതിരാളികള്‍. തുല്യദൂരത്തിന്റെ ആരാധകര്‍ക്ക് സിപിഐ എം രാഷ്ട്രപതി തെരഞ്ഞെടുപ്പുവിഷയത്തില്‍ കോണ്‍ഗ്രസ് മുന്നണി സര്‍ക്കാരിനെ പിന്തുണച്ചുവെന്ന് പഴിക്കാം; വിലക്കയറ്റത്തിനും കോണ്‍ഗ്രസ് സര്‍ക്കാരിന്റെ മറ്റു ജനവിരുദ്ധനയങ്ങള്‍ക്കുമെതിരായ പോരാട്ടത്തിന്റെ വിഷയത്തില്‍, ബിജെപിയുമായി കൈകോര്‍ത്തുവെന്നും ആക്ഷേപിക്കാം. സിപിഐ എമ്മിന്റെ രാഷ്ട്രീയനിലപാടിനെ ഇത്തരത്തില്‍ വ്യാഖ്യാനിക്കാന്‍ കഴിയില്ല.
മന്ത്രിസഭയില്‍നിന്നും ധനമന്ത്രാലയത്തില്‍നിന്നും പ്രണബ് മുഖര്‍ജി മാറുന്നത് സര്‍ക്കാര്‍ നടപ്പാക്കുന്ന സാമ്പത്തികനയങ്ങളുടെ ഗതിയെ ബാധിക്കില്ല. പി ചിദംബരമോ മറ്റാരെങ്കിലുമോ മുഖര്‍ജിയെ പിന്തുടര്‍ന്നുവന്നാലും നവ ഉദാരനയങ്ങള്‍ തുടരും. കാരണം ഭരണവര്‍ഗനയങ്ങളാണ് കോണ്‍ഗ്രസ് പിന്തുടരുന്നത്. സത്യത്തില്‍ നവ ഉദാരപരിഷ്കാരങ്ങള്‍ കൂടുതല്‍ ശക്തിയോടെ നടപ്പാക്കുകയാണ് ഉണ്ടാവുക. വന്‍കിട ബിസിനസുകാരും രാജ്യാന്തര ധനമൂലധന ശക്തികളും അതാണ് ആഗ്രഹിക്കുന്നത്.

മള്‍ട്ടി ബ്രാന്‍ഡ് ചില്ലറവ്യാപാരമേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കുകയെന്നത് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാന്‍ വ്യഗ്രത കാട്ടുന്ന കാര്യങ്ങളില്‍ ഒന്നാണ്. നാലുകോടി ആളുകളുടെ ജീവിതമാര്‍ഗം മുട്ടിക്കുന്ന വിഷയമാണിത്. ഇതിനെ ചെറുത്തുതോല്‍പ്പിക്കണം. യുപിഎയ്ക്കുപുറത്തുള്ള എല്ലാ രാഷ്ട്രീയകക്ഷിയെയും ഒന്നിച്ച് അണിനിരത്തിയാല്‍മാത്രമേ ഇത് സാധ്യമാകൂ. യുപിഎയെ പിന്തുണയ്ക്കുന്നവയും എന്‍ഡിഎയുടെ ഭാഗമായവയുമായ കക്ഷികളും ഈ മുന്നേറ്റത്തില്‍ അണിനിരക്കണം. ഇവിടെ കട തുറക്കാന്‍ കാത്തിരിക്കുന്ന വാള്‍മാര്‍ട്ട് അടക്കമുള്ള കുത്തകകള്‍ക്കെതിരെ അതിശക്തമായ ബഹുജനപ്രസ്ഥാനം കെട്ടിപ്പടുക്കാനാണ് സിപിഐ എം ശ്രമിക്കുന്നത്. എല്ലാ പ്രതിപക്ഷപാര്‍ടികളും യോജിച്ച നിലപാട് എടുക്കണമെന്ന് സിപിഐ എം ആഗ്രഹിക്കുന്നു. അതുകൊണ്ട്, രാഷ്ട്രപതി തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയവും നവ ഉദാരനയങ്ങള്‍ക്കെതിരായ പോരാട്ടതന്ത്രവും തമ്മില്‍ കൂട്ടിക്കുഴയ്ക്കുന്നത് വിവേകശൂന്യമാണ്.

വിട്ടുനില്‍ക്കലിനെക്കുറിച്ച്

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍നിന്ന് സിപിഐ എം വിട്ടുനില്‍ക്കാത്തതെന്തെന്ന ചോദ്യം ഉയര്‍ത്തുന്നവരുണ്ട്. യുപിഎ, ബിജെപി സ്ഥാനാര്‍ഥികളോടുള്ള എതിര്‍പ്പ് പ്രകടിപ്പിച്ച് ആര്‍ക്കും വോട്ട് ചെയ്യാതിരിക്കുക.

ഇന്നത്തെ സാഹചര്യത്തില്‍ വിട്ടുനില്‍ക്കല്‍ എന്നതിന്റെ അര്‍ഥം പശ്ചിമബംഗാളില്‍ മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും ഒപ്പം അണിനിരക്കുക എന്നതാണ്. ഇത് രാഷ്ട്രീയമായി അപകടവും അസ്വീകാര്യവുമാണ്. തൃണമൂല്‍ കോണ്‍ഗ്രസ് സിപിഐ എമ്മിനെതിരെ ഭീകരമായ കടന്നാക്രമണമാണ് നടത്തിവരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം സിപിഐ എമ്മിന്റെയും ഇടതുമുന്നണിയുടെയും പ്രവര്‍ത്തകരോ അനുഭാവികളോ ആയ 68 പേര്‍ കൊല്ലപ്പെട്ടു. ജനാധിപത്യത്തിനുനേരെയുള്ള ആക്രമണം എല്ലാ മേഖലയിലേക്കും വ്യാപിച്ചു. കോണ്‍ഗ്രസിനെപ്പോലും വെറുതെ വിടുന്നില്ല. തൃണമൂലിന്റെ അതേനിലപാട് സ്വീകരിക്കുകയെന്നത് ഇടതുപക്ഷത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കും പശ്ചിമബംഗാളില്‍ തൃണമൂലിനെതിരായി നടത്തുന്ന പോരാട്ടങ്ങള്‍ക്കും ഹാനികരമാണ്. ഇടതുപക്ഷത്തെ ഏറ്റവും വലിയ പാര്‍ടി എന്നനിലയില്‍ പശ്ചിമബംഗാളിലെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള പ്രധാന ഉത്തരവാദിത്തം സിപിഐ എമ്മിനുണ്ട്. ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രം സംരക്ഷിക്കുകയെന്നത് പാര്‍ടിയുടെ മുന്നിലുള്ള പ്രധാന കടമകളില്‍ ഒന്നാണ്. ഇത് ക്രമേണ ദേശീയതലത്തില്‍ പാര്‍ടിയുടെയും ഇടതുപക്ഷത്തിന്റെയും മുന്നേറ്റത്തിന് കാരണമാകും.
കൂടാതെ, ഇത് പശ്ചിമബംഗാളിന്റെമാത്രം വിഷയമല്ല. ദേശീയതലത്തില്‍ വിട്ടുനില്‍ക്കല്‍ എന്നത് മത്സരരംഗത്തുനിന്നുള്ള പാര്‍ടിയുടെ പിന്‍വാങ്ങലിനുതുല്യമാണ്. വളര്‍ന്നുവരുന്ന രാഷ്ട്രീയസംഭവവികാസങ്ങളില്‍ ഇടപെടാന്‍ ഇതുകാരണം പാര്‍ടിക്ക് കഴിയാതെവരും. ഇടതുപക്ഷത്തെ ഒറ്റപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഭരണവര്‍ഗങ്ങള്‍ ആസൂത്രിത ആക്രമണങ്ങള്‍ നടത്തിവരികയാണ്. 2009നുശേഷം സിപിഐ എമ്മും ഇടതുപക്ഷവും ദുര്‍ബലമായിട്ടുണ്ട്. ഭരണവര്‍ഗങ്ങള്‍ അവരുടെ ശത്രുതാപരമായ സമീപനം അവസാനിപ്പിക്കുമെന്ന മിഥ്യാധാരണ ഇല്ലാതെതന്നെ, നവ ഉദാരനയങ്ങള്‍ക്കെതിരായി ഇടതുപക്ഷം സന്ധിയില്ലാസമരം തുടരുമെന്ന് പ്രഖ്യാപിക്കുമ്പോള്‍ത്തന്നെ, ഭരണസഖ്യത്തിലെ ബൂര്‍ഷ്വാപാര്‍ടികള്‍ തമ്മിലുള്ള ഭിന്നതകളും വിള്ളലുകളും ഉപയോഗപ്പെടുത്തേണ്ടത് ആവശ്യമാണ്. ഈ ഘട്ടത്തില്‍ വിട്ടുനില്‍ക്കല്‍ ഇതിനൊന്നും സഹായകമല്ല.

ഇടതുപക്ഷപാര്‍ടികളുടെ നിലപാടുകള്‍

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷപാര്‍ടികള്‍ പൊതുനിലപാട് എടുത്തിട്ടില്ല. സിപിഐ എമ്മും ഓള്‍ ഇന്ത്യാ ഫോര്‍വേഡ് ബ്ലോക്കും പ്രണബ് മുഖര്‍ജിയുടെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചപ്പോള്‍, സിപിഐയും ആര്‍എസ്പിയും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചു. രാഷ്ട്രപതി തെരഞ്ഞെടുപ്പുവിഷയത്തില്‍ ഇടതുപക്ഷപാര്‍ടികള്‍ക്ക് പൊതുനിലപാടില്‍ എത്താന്‍ സാധിക്കാതിരുന്ന അവസ്ഥ മുമ്പും ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന്, 1992 മുതല്‍ മിക്കപ്പോഴും ആര്‍എസ്പി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണച്ചിട്ടില്ല.

ഈ വിഷയത്തില്‍ ഇടതുപക്ഷപാര്‍ടികള്‍ സ്വീകരിച്ച വ്യത്യസ്ത നിലപാട് ഇടതുപക്ഷ ഐക്യത്തെ ബാധിക്കില്ല. പ്രധാന രാഷ്ട്രീയ, സാമ്പത്തിക വിഷയങ്ങളുടെ കാര്യത്തില്‍ ഇടതുപക്ഷപാര്‍ടികള്‍ക്ക് പൊതുനിലപാടുണ്ട്. ഭക്ഷ്യസുരക്ഷയും സാര്‍വത്രിക പൊതുവിതരണസംവിധാനവും ആവശ്യപ്പെട്ട് ഇടതുപക്ഷപാര്‍ടികള്‍ യോജിച്ച പ്രക്ഷോഭത്തിന് ആഹ്വാനം നല്‍കിയിട്ടുള്ളത് ഇതിന്റെ അടിസ്ഥാനത്തിലാണ്. ഈ യോജിച്ച പ്രക്ഷോഭത്തിന് ജൂലൈ ഒന്നിന് തുടക്കമാകും.

2012, ജൂൺ 24, ഞായറാഴ്‌ച

ഒരു ശുദ്ധജനാധിപത്യവാദിയുടെ കമ്യൂണിസ്റ്റുവിരുദ്ധ പുരാണം


  • ഡോ. ടി എം തോമസ് ഐസക്
  • ടി പി ചന്ദ്രശേഖരന്റെ ദാരുണമായ വധത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഇന്ന് നടന്നു കൊണ്ടിരിക്കുന്ന സിപിഐ എം വിരുദ്ധ പ്രചാരവേലയുടെ മുന്നില്‍ നില്‍ക്കുന്നവരില്‍ പ്രമുഖന്‍ കെ. വേണുവാണ്. അല്ല, കമ്യൂണിസ്റ്റുകാര്‍ ജനാധിപത്യ പാതയിലല്ല (മാതൃഭൂമി ആഴ്ചപ്പതിപ്പ് മെയ് 20-26, 2012), ഭജനാധിപത്യവും നിയമവാഴ്ചയും കമ്മ്യൂണിസ്റ്റുകാരും (മാതൃഭൂമി ദിനപത്രം, 2012 ജൂണ്‍ 4) എന്നീ ലേഖനങ്ങളും തൃശൂരില്‍ നടന്ന എഴുത്തുകാരുടെ പ്രതിഷേധ സമ്മേളനത്തിലെ പ്രമേയവുമാണ് ഈ ഗണത്തില്‍ കെ. വേണുവിന്റെ സംഭാവനകള്‍. യഥാര്‍ത്ഥത്തില്‍, കോഴിക്കോട് പാര്‍ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ച് വേണു എഴുതിയ പൊളിച്ചെഴുതുക, പ്രത്യയശാസ്ത്രത്തെ (മാതൃഭൂമി ആഴ്ചപ്പതിപ്പ് - നവംബര്‍ 13-19, 2011) എന്ന ആഹ്വാനത്തിലെ വാദങ്ങളുടെ ആവര്‍ത്തനമാണ് മേല്‍പറഞ്ഞ ലേഖനങ്ങളിലെ വാദങ്ങള്‍. ആദ്യമായിട്ടല്ല വേണു ഇത്തരം ആഹ്വാനങ്ങള്‍ നടത്തി സിപിഐ എമ്മിനെ നേരേയാക്കാന്‍ ശ്രമിക്കുന്നത് എന്ന് അദ്ദേഹം എടുത്തു പറഞ്ഞിട്ടുണ്ട്. എന്നാല്‍ വേണുവിന്റെ ആഹ്വാനങ്ങള്‍ക്ക് സിപിഐ എം ചെവി കൊടുത്തില്ലപോലും. അതിന്റെ അനിവാര്യഫലമായിരുന്നുവത്രേ ടി പി ചന്ദ്രശേഖരന്‍ വധം. ഇതോടെ കെ. വേണുവിന് അര്‍ത്ഥശങ്കയില്ലാതെ ബോധ്യമായ കാര്യങ്ങള്‍ ഇവയാണ്: നന്നാകാനുളള തലവര കമ്മ്യൂണിസ്റ്റുകാര്‍ക്കില്ല; മാര്‍ക്സിസം - ലെനിനിസം ജനാധിപത്യവിരുദ്ധ പ്രത്യയശാസ്ത്രമാണ്; കമ്മ്യൂണിസം ഇന്ത്യന്‍ ജനാധിപത്യത്തിന് ഭീഷണിയാണ്; അതിനെ തകര്‍ത്തേ ജനാധിപത്യത്തെ രക്ഷിക്കാനാവൂ; ഇതിനായി പൗരസമൂഹം ഉണരണം.

    നക്സലുകളുടെ ഔദാര്യം!

    ഏതായാലും ഈ ലേഖനങ്ങളില്‍ സ്വന്തം ഭൂതകാലത്തെക്കുറിച്ച് വേണു നിശബ്ദത പാലിക്കുകയാണ്. ഒരു രസകരമായ പരാമര്‍ശമൊഴികെ. അല്ല, കമ്യൂണിസ്റ്റുകാര്‍ ജനാധിപത്യ പാതയിലല്ല എന്ന ലേഖനത്തില്‍ വേണു ഇങ്ങനെ വാദിക്കുന്നു; 1980 കളുടെ ആരംഭത്തില്‍ സജീവമായിരുന്ന നക്സലൈറ്റുകള്‍ക്കെതിരെ, രാഷ്ട്രീയ അസഹിഷ്ണുതയുടെ രൂപത്തില്‍ വ്യാപകമായി ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. തിരിച്ചടിക്കില്ലെന്ന നക്സലൈറ്റു നിലപാടു നിമിത്തമാണ് അന്ന് പരസ്പര സംഘട്ടനങ്ങളും ഒഴിവാക്കപ്പെട്ടത് . സിപിഐ എം ഭഅഴിച്ചുവിട്ട ആക്രമണത്തിന്റെ സ്വഭാവമെന്തായിരുന്നു? രാഷ്ട്രീയ അസഹിഷ്ണുതയുടെ രൂപത്തില്‍ ആയിരുന്നത്രേ. അതുശരി. രാഷ്ട്രീയവിമര്‍ശനത്തിന്റെ രൂപത്തിലുളള ആക്രമണം പോലും പാടില്ലത്രേ. അത് സംഘട്ടനത്തിലേയ്ക്ക് വഴിമാറാത്തത് നക്സലൈറ്റുകളുടെ ഔദാര്യം മൂലമായിരുന്നു പോലും. ഇതില്‍ നിന്നു സിപിഐ എമ്മിന്റെ നിലപാടു വ്യക്തമല്ലേ? പാര്‍ട്ടി വിട്ടുപോകുന്നവരെ രാഷ്ട്രീയമായി നേരിടാനാണ് സിപിഎം ശ്രമിച്ചിട്ടുളളത്. അങ്ങനെയുളള വിമര്‍ശനത്തെ കായികമായി നേരിടാതിരിക്കാനുളള ഔദാര്യം നക്സലൈറ്റുകള്‍ കാണിച്ചുവെന്നാണ് വേണു വാദിക്കുന്നത്. സിപിഐ എമ്മിന്റെ ജനാധിപത്യവിരുദ്ധതയെക്കുറിച്ച് ഉപന്യസിക്കുമ്പോഴും പഴയ നക്സലൈറ്റ് ഭൂതകാലം വേണുവില്‍ തികട്ടിവരുന്നുണ്ട്. സിപിഐ എം നേതാവ് അഴിക്കോടന്‍ രാഘവന്റെ വധം വേണുവിന് ഓര്‍മ്മയില്ല. വേണുവിന്റെ ഗ്രൂപ്പുകാരല്ല അതു ചെയ്തത് എന്നു വാദിക്കാം. എ. വി. ആര്യന്റെ ഗ്രൂപ്പുകാരായിരുന്നു. രാഷ്ട്രീയ പ്രതിയോഗികളെ കൊന്നു തളളുന്ന നക്സല്‍ പാരമ്പര്യംതന്നെയായിരുന്നു അവരുടേതും. നക്സല്‍ തീവ്രവാദത്തില്‍ നിന്ന് പടിപ്പടിയായി അകന്ന കെ വേണു, ഇന്നിപ്പോള്‍ ഒരു കമ്യൂണിസ്റ്റ് വിരുദ്ധ വലതുപക്ഷക്കാരനായി രൂപാന്തരപ്പെട്ടിരിക്കുന്നു. മാര്‍ക്സിസത്തിനും കമ്മ്യൂണിസ്റ്റു പാര്‍ട്ടിക്കുമെതിരെ വിമോചനസമരകാലം മുതല്‍ കേരളത്തിലെ പിന്തിരിപ്പന്‍ന്മാര്‍ പറഞ്ഞു പ്രചരിപ്പിച്ചിരുന്ന വിമര്‍ശനങ്ങളെയെല്ലാം പുതിയ ചായം മുക്കി കേരളത്തില്‍ വീണ്ടും അവതരിപ്പിക്കാന്‍ ടി പി ചന്ദ്രശേഖരന്‍ വധം വേണു ഒരു നിമിത്തമാക്കി മാറ്റിയിരിക്കുന്നു. വര്‍ഗശത്രുക്കളുടെ തലവെട്ടി വലതുപക്ഷ രാഷ്ട്രീയത്തെ ഉന്മൂലനം ചെയ്യാമെന്ന് വ്യാമോഹിച്ച് അതിവിപ്ലവത്തിന്റെ കാല്‍പനികപഥത്തില്‍ ഏറെക്കാലം അലഞ്ഞു നടന്ന കെ. വേണുവാണ് ഒടുവില്‍ അതേ വലതുപക്ഷത്തിനു വേണ്ടി തലച്ചോറു പുകയ്ക്കുന്നത്. തലവെട്ടു രാഷ്ട്രീയം വഴി വിപ്ലവം നടത്താമെന്നു വ്യാമോഹിച്ച കെ. വേണുവിനും സംഘത്തിനും ജയറാം പടിക്കലിന്റെ രൂപത്തില്‍ കെ.കരുണാകരന്‍ നല്‍കിയ ചികിത്സ ഫലിച്ചുവെന്നു വേണം കരുതാന്‍. നിയമവാഴ്ചയോടൊക്കെ വേണുവിനിപ്പോള്‍ എന്തൊരു മതിപ്പാണ്! എല്ലാത്തരം തൊഴില്‍സമരങ്ങളോടും അറുപുച്ഛവും! സിപിഎമ്മിന്റെ എല്ലാ പ്രവര്‍ത്തനങ്ങളോടും വേണുവിന് ആ പുച്ഛമുണ്ട്. സ്വന്തം രാഷ്ട്രീയഭൂതകാലം വിസ്മരിച്ചുകൊണ്ട് ചാനലുകളിലും മറ്റും അദ്ദേഹം തട്ടിവിടുന്ന സൈദ്ധാന്തിക ന്യായങ്ങള്‍ കേട്ട് ചരിത്രബോധമില്ലാത്ത ചാനല്‍ ആങ്കര്‍മാര്‍ ഒരുപക്ഷേ, തലകുലുക്കിയേക്കാം.

    കമ്യൂണിസ്റ്റ് പാര്‍ടി ജന്മം മുതല്‍ ജനാധിപത്യവിരുദ്ധമോ?

    കമ്യൂണിസ്റ്റുപാര്‍ടിയുടെ ജനാധിപത്യവിരുദ്ധതയെ ചരിത്രപരമായി അനാവരണം ചെയ്യാനുളള പരിശ്രമമാണ് പൊളിച്ചെഴുതുക പ്രത്യയശാസ്ത്രത്തെ എന്ന ലേഖനത്തില്‍ നല്ലൊരു പങ്കും. ആദ്യഘട്ടം തെലുങ്കാനസമരവും പുന്നപ്രവയലാറും കല്‍ക്കത്താ തീസീസുമെല്ലാം നടപ്പാക്കിയ കാലമാണ്. വേണുവിന്റെ അഭിപ്രായത്തില്‍ അന്ന് കമ്യൂണിസ്റ്റ് പാര്‍ടി ജനാധിപത്യത്തെയും നിയമവിധേയ പ്രവര്‍ത്തനത്തെയും തളളിക്കളഞ്ഞിരുന്നു. പക്ഷേ, അതിനു മുമ്പോ? 1920 മുതല്‍ 1942വരെ കമ്യൂണിസ്റ്റ് പാര്‍ടി പ്രായോഗികമായി നിരോധിക്കപ്പെട്ടിരുന്നുവെന്നും കൊളോണിയല്‍ ഭരണാധികാരികളുടെ രൂക്ഷമായ അടിച്ചമര്‍ത്തലിന് ഇരയായിരുന്നുവെന്നും കഴിഞ്ഞ ലേഖനത്തില്‍ പറഞ്ഞിരുന്നുവല്ലോ. ഇക്കാലവും കമ്മ്യൂണിസ്റ്റ് ജനാധിപത്യവിരുദ്ധ നിലപാടിന്റെ ഫലമായിരുന്നുവോ? വേണുവിന്റെ ദര്‍ശനം അനുസരിച്ച് ജനാധിപത്യമെന്നാല്‍ മുതലാളിത്തത്തിന്റെ സൃഷ്ടിയല്ല. ഗോത്രസമൂഹകാലം മുതല്‍ക്കേ പ്രവര്‍ത്തനമാരംഭിച്ച സാമൂഹിക സംഘടനാരൂപമാണത്. മനുഷ്യചരിത്രത്തിലുടനീളം ഈ സാമൂഹ്യസംഘടനാ രൂപം വിവിധ രൂപങ്ങള്‍ കൈവരിച്ചിട്ടുണ്ട്. (ഇന്നത്തെ) പാര്‍ലമെന്ററി ജനാധിപത്യം അതിലൊന്നുമാത്രമാണ്. ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ കീഴിലും ജനാധിപത്യത്തിന്റെ സവിശേഷ രൂപങ്ങളുണ്ടായിരുന്നു. പ്രാദേശിക തദ്ദേശ ഭരണസ്ഥാപനങ്ങള്‍ രൂപം കൊണ്ടിരുന്നു. പ്രവിശ്യാ നിയമസഭകളും നിലവിലുണ്ടായിരുന്നു. ജാതി ഗോത്ര സഭകളെയും കൂട്ടായ്മകളെയും ഈ ജനാധിപത്യ സംവിധാനത്തില്‍ വേണു ഉള്‍പ്പെടുത്തുമോ എന്നെനിക്കറിയില്ല. ഇവയൊക്കെ കമ്യൂണിസ്റ്റ് പാര്‍ടി തളളിപ്പറഞ്ഞതിനെ ജനാധിപത്യ വിരുദ്ധമെന്ന് വേണു കരുതുന്നുണ്ടോ? ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പോലും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പു ബഹിഷ്കരിച്ചിട്ടുണ്ട്. വേണുവിന്റെ യുക്തി അനുസരിച്ചാണെങ്കില്‍ ദേശീയ സ്വാതന്ത്ര്യസമരത്തിന് ഇന്ത്യന്‍ ജനത ഇറങ്ങേണ്ടിയിരുന്നില്ല; അന്നത്തെ പരിമിതമായ ജനാധിപത്യം പുഷ്ടിപ്പെടുത്തി വളര്‍ത്താനും അതുവഴി സ്വാതന്ത്ര്യം നേടാനുമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇന്ത്യന്‍ജനതയും ചെയ്യേണ്ടിയിരുന്നത്. മേല്‍പറഞ്ഞത്രയും വേണു പറഞ്ഞിട്ടില്ല എന്നു സമ്മതിക്കണം. ഇതെന്റെ വളച്ചൊടിക്കലാണ് എന്നു വേണമെങ്കില്‍ വിമര്‍ശിക്കാം. പക്ഷേ, അമ്പത്തൊന്നിനു ശേഷമുളള വേണുവിന്റെ ചരിത്രവ്യാഖ്യാനം കൃത്യമായി ലേഖനത്തിലുണ്ട്. സായുധ സമരം പിന്‍വലിച്ച് പാര്‍ലമെന്ററി പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചെങ്കിലും കമ്യൂണിസ്റ്റ് പാര്‍ടി യഥാര്‍ത്ഥത്തില്‍ ജനാധിപത്യത്തെ വഞ്ചിക്കാനായിരുന്നുവത്രേ തീരുമാനിച്ചത്. പാര്‍ട്ടി സംഘടന ജനാധിപത്യ കേന്ദ്രീകരണത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ തുടര്‍ന്നു. അതുപോലെ രഹസ്യപ്രവര്‍ത്തനങ്ങളും. എത്ര അരാഷ്ട്രീയവും ചരിത്രബോധമില്ലായ്മയുമാണ് അമ്പത്തൊന്നു കാലത്തെ വേണു വിലയിരുത്തുന്നത് എന്നുനോക്കൂ. സ്വാതന്ത്ര്യലബ്ധിയോടെ ഇന്ത്യന്‍ ഭരണാധികാരികളുടെ സ്വഭാവത്തില്‍ വന്ന അടിസ്ഥാനപരമായ മാറ്റം, കോണ്‍ഗ്രസുമായി സഹകരിച്ചുളള രാഷ്ട്രീയ പ്രവര്‍ത്തനത്തിനു പകരം ഭരണപ്പാര്‍ട്ടിയായ കോണ്‍ഗ്രസിനെതിരെ എതിര്‍പ്പിന്റെ കുന്തമുന തിരിക്കേണ്ടതിന്റെ അനിവാര്യത, ഇന്ത്യയിലെ പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയിലെ ജനാധിപത്യാവകാശങ്ങള്‍ ഈ സമരത്തില്‍ എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്താം എന്ന പ്രശ്നം ഇവയെല്ലാം കെ. വേണുവിന് കമ്മ്യൂണിസ്റ്റുകാരുടെ ഒരു രാഷ്ട്രീയ ഗൂഢാലോചനയും വേലകളിയും മാത്രമാണ്. വിപ്ലവമുഖം നിലനിര്‍ത്താന്‍ വേണ്ടി  പാര്‍ലമെന്റേതര സമരങ്ങളെന്ന പേരില്‍ പലവിധ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ആക്രമണങ്ങളും കമ്മ്യൂണിസ്റ്റുകാര്‍ നടത്തിക്കൊണ്ടിരുന്നുവത്രെ! ഇപ്പോഴും അതെല്ലാം തുടര്‍ന്നുകൊണ്ടിരിക്കുന്നുവത്രെ! 1957-ഉം അതിനുശേഷവും 1957-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ അധികാരത്തില്‍ വന്നതായിരുന്നു ഒരു വഴിത്തിരിവ്. 1957 ല്‍ കേരളത്തില്‍ കമ്യൂണിസ്റ്റുപാര്‍ട്ടി അധികാരത്തില്‍ വരുന്നതുവരെ, പോലീസിന്റെ ഭാഗത്തുനിന്നും ശത്രുവര്‍ഗ്ഗങ്ങളുടെ ഭാഗത്തുനിന്നും കമ്യൂണിസ്റ്റുകാര്‍ നിരന്തരം ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. 1957ല്‍ അധികാരത്തില്‍ വന്നതോടെ, സ്ഥിതിഗതികള്‍ക്ക് മാറ്റം വന്നു. പാര്‍ട്ടിയുടെ രഹസ്യയൂണിറ്റുകള്‍ ഭരണകാര്യങ്ങളില്‍ ഇടപെടാന്‍ തുടങ്ങി. വിമോചന സമരകാലത്ത് ഈ സെല്‍ഭരണം പ്രധാനവിമര്‍ശന വിഷയങ്ങളില്‍ ഒന്നായിരുന്നു. രണ്ടു ദശകങ്ങള്‍ കൊണ്ടാണ് അധികാര പാര്‍ട്ടിയിലേക്കുള്ള പരിവര്‍ത്തനം നടന്നത്. ചുരുങ്ങിയ സമയത്തേക്കാണെങ്കിലും ഇടയ്ക്കിടയ്ക്ക് അധികാരത്തില്‍ വരാന്‍ കഴിഞ്ഞതിലൂടെയാണ് ഈ മാറ്റം സാധ്യമായത്. ഹൊ. ഇത്രയും സമ്മതിച്ചല്ലോ. അമ്പത്തേഴു വരെ അക്രമത്തിനിരയായിരുന്നു കമ്മ്യൂണിസ്റ്റുകാര്‍. പക്ഷേ, അമ്പത്തേഴു മുതല്‍ അധികാരപ്പാര്‍ട്ടിയായി. എന്തെല്ലാം അതിക്രമങ്ങളാണ് ആ കമ്മ്യൂണിസ്റ്റു സര്‍ക്കാര്‍ കേരളത്തില്‍ നടത്തിക്കൂട്ടിയതെന്ന് സഹികെട്ട് ജനങ്ങള്‍ക്ക് വിമോചന സമരത്തിനിറങ്ങേണ്ടി വന്നു. എന്തിനാ വേണൂ, ചരിത്രം മറന്ന് വിമോചന സമരക്കാരുടെ കുഴലൂത്തുകാരനാകുന്നത്? വിമോചന സമരത്തിന്റെ കാണാപ്പുറങ്ങള്‍ എന്ന എന്റെ ഗ്രന്ഥത്തില്‍ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. മാര്‍ക്സിസ്റ്റ് വിരോധം കൊണ്ട് ഇത്രയേറെ തിമിരം ബാധിക്കാമോ? ഇങ്ങനെ അധികാരപ്പാര്‍ട്ടിയായി മാറിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, പ്രത്യേകിച്ച് സിപിഐഎം ആയതിനു ശേഷം എങ്ങനെയാണ് കൊലയാളിപ്പാര്‍ട്ടിയായി മാറിയത് എന്നതു സംബന്ധിച്ച് ഒരു വിവരണം ചരിത്രകാരനായ വേണു നല്‍കുന്നുണ്ട്.  60കളില്‍ സിപിഐ എം. ആരംഭിച്ച ഗോപാലസേന പ്രകടനപരമായിരുന്നെങ്കില്‍ 80കള്‍ ആയപ്പോഴേക്കും വളണ്ടിയര്‍സേന പ്രതിരോധത്തിനും പ്രത്യാക്രമണത്തിനും സജ്ജരാക്കപ്പെട്ടവരെകൂടി ഉള്‍ക്കൊള്ളുന്ന രീതിയില്‍ വളര്‍ത്തിക്കൊണ്ടുവന്നു. ഡിഫന്‍സ് വളണ്ടിയര്‍മാര്‍ എന്ന പേരില്‍ ഇത്തരം കാര്യങ്ങള്‍ക്കുവേണ്ടി പ്രത്യേകം പരിശീലിപ്പിക്കപ്പെട്ടു. ആര്‍.എസ്.എസുകാരെയും മറ്റ് എതിരാളികളെയും കൊലപ്പെടുത്തുന്നതിനുവേണ്ടി, ഈ ഡിഫന്‍സ് വളണ്ടിയര്‍മാരില്‍ നിന്ന് പ്രത്യേകം കോര്‍ഗ്രൂപ്പുകളെ പരിശീലിപ്പിക്കാനും തുടങ്ങി. ഇത്തരം ക്രൂരകൃത്യങ്ങള്‍ക്ക് വേണ്ടി സജ്ജരായവരെ വിപ്ലവത്തിന് വേണ്ടി പാര്‍ട്ടി പറയുന്ന ഏത് കൃത്യവും സന്തോഷത്തോടെ ഏറ്റെടുക്കുവാന്‍ കഴിയും വിധം മാനസികമായി തയ്യാറാക്കുന്ന പരിശീലനമാണ് നല്‍കിയിരുന്നത്. തങ്ങളുടെ പാര്‍ട്ടിയുടെമാത്രം ഭരണം വരുന്ന നാളെയെ സ്വപ്നം കണ്ടുകൊണ്ട്, അത്തരം ലക്ഷ്യസാക്ഷാത്ക്കാരത്തിന് വേണ്ടി, എതിരാളികളെ മുഴുവന്‍ അരിഞ്ഞുവീഴ്ത്തുന്നത് പാവനകര്‍ത്തവ്യമായി കണക്കാക്കാനാണ് പരിശീലിപ്പിക്കപ്പെട്ടത്. തങ്ങളുടെ പാര്‍ട്ടിയുടെ മാത്രം ഭരണമുള്ള നാളെയെക്കുറിച്ചുള്ള സങ്കല്പം ശക്തമാവുന്നതിനുസരിച്ച് മറ്റ് പാര്‍ട്ടിക്കാരെയും മറ്റും തുടച്ചുനീക്കുന്നത് ആവശ്യവും ന്യായവുമായിത്തീരുന്നു. ഒരു കുറ്റബോധവും തോന്നേണ്ടതില്ലെന്നു ചുരുക്കം. ആദ്യകാലങ്ങളില്‍ ഇങ്ങനെ മാനസികമായും ആശയപരമായും സജ്ജമാക്കപ്പെട്ടവരാണ് കൊലപാതകങ്ങള്‍ അടക്കമുള്ള അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. ക്രമേണ ഇത്തരം വിശ്വാസങ്ങള്‍ ദുര്‍ബലമാവുകയും വിപ്ലവത്തിലുള്ള പ്രതീക്ഷതന്നെ നഷ്ടപ്പെടുകയും ചെയ്തപ്പോള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടിസഖാക്കളെ കിട്ടാതായി തുടങ്ങി. അങ്ങിനെയാണ് ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടി ക്വട്ടേഷന്‍ സംഘങ്ങളെ ആശ്രയിക്കേണ്ടി വന്നത്. ആരാണ് ജനാധിപത്യവിരുദ്ധര്‍? വേണു ഈ പറയുന്ന കാലഘട്ടം ഏതായിരുന്നുവെന്ന് ഓര്‍ക്കുക. അമ്പതുകള്‍ മുതലുളള മൂന്നു പതിറ്റാണ്ടുകളിലാണ് കേരളത്തിലെ കര്‍ഷകത്തൊഴിലാളി പ്രസ്ഥാനം സംസ്ഥാന വ്യാപകമായത്. സവര്‍ണാധിപത്യത്തിനും ജന്മി വാഴ്ചയ്ക്കുമെതിരെ പടവെട്ടിയാണ് മാന്യമായ കൂലിയും മാനമായി ജീവിക്കാനുളള അവകാശവും അവര്‍ നേടിയത്. അറുപതുകളുടെ ഉത്തരാര്‍ദ്ധം മുതലാണ് പട്ടിണിക്കൂലി പോലും നിഷേധിക്കപ്പെട്ടിരുന്ന കേരളത്തിലെ അസംഘടിത മേഖലയിലെ കൈത്തൊഴിലുകാരെല്ലാം സംഘടിതരായി തലയുയര്‍ത്തി നിന്നത്. ട്രേഡ് യൂണിയനുകള്‍ നിഷിദ്ധമാക്കപ്പെട്ടിരുന്ന പ്ലാന്റേഷന്‍ മേഖലയില്‍ തൊഴിലാളികള്‍ സംഘടിച്ചത്. തീക്ഷ്ണമായ ഈ വര്‍ഗസമരകാലത്തെയും അതിലെ ഏറ്റുമുട്ടലുകളെയും ഇതില്‍പ്പരം ഒരാളിന് അപമാനിക്കാനാവില്ല. ഈ സമരചരിത്രത്തില്‍ എഴുപതുകളുടെ മധ്യത്തിലാണ് ഞാന്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയില്‍ അംഗമാകുന്നത്. വേണുവിന്റെ അഭിപ്രായത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി പൂര്‍ണ അധികാരപ്പാര്‍ട്ടിയായി മാറി കൊലയാളി സംഘങ്ങളെ വാര്‍ത്തെടുത്തു കൊണ്ടിരുന്ന കാലത്ത്. അക്കാലത്തെ എന്റെ അനുഭവം പറയാം. മഹാരാജാസിലെ എസ്എഫ്ഐക്കാരായ ഞങ്ങള്‍ അക്കാലത്ത് നഗരത്തിലെ ഒട്ടെല്ലാ സമരങ്ങളിലും സജീവ പങ്കാളികളായിരുന്നു. സമരങ്ങളിലുള്ള ഉശിരന്‍ പങ്കാളിത്തം ഞങ്ങളെ പലപ്പോഴും സംഘട്ടനങ്ങളിലും എത്തിച്ചു. കൊച്ചി തുറമുഖ മേഖലയിലെ ഗുണ്ടാസംഘവുമായുള്ള പകയായി ഈ സംഘര്‍ഷങ്ങള്‍ വളര്‍ന്നു. ഞാനടക്കം പ്രധാനപ്പെട്ട പ്രവര്‍ത്തകരെല്ലാം രഹസ്യമായി കായികപരിശീലനത്തില്‍ ഏര്‍പ്പെട്ടു. അടുത്ത തവണ കോളജ് ആക്രമിക്കുന്ന ഗുണ്ടകളെ നേരിടാന്‍ കെണിയൊരുക്കി. എന്നാല്‍ അത്തരമൊരു മാരകമായ സംഘട്ടനം അനേകം സഖാക്കളെ ബാധിക്കും എന്ന് തിരിച്ചറിഞ്ഞ പോളിയോ ബാധിച്ചു വികലാംഗനായ ആല്‍ബി കുപ്രസിദ്ധ ഗുണ്ടയെ കൊച്ചിയില്‍ ഒരു വോളീബാള്‍ ടൂര്‍ണമെന്റ് സ്ഥലത്തു ഒറ്റയ്ക്കു ചെന്നു കടന്നാക്രമിച്ചു. ഗുണ്ട പേടിച്ചോടി! പോളിയോ ബാധിതനായ ആല്‍ബിക്ക് ഓടാനും വയ്യ. കത്തിയുമായി അങ്ങനെ ടൂര്‍ണമെന്റിന്റെ നിറഞ്ഞ ഗ്യാലറിക്കു നടുവില്‍ നില്‍ക്കുകയാണ്! ആരും അടുക്കാന്‍ ധൈര്യപ്പെട്ടില്ല. പോലീസ് അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു. തുടര്‍ന്നാണ് എന്റെ നേരെ വധശ്രമം നടന്നത്. അന്നൊരു ദിവസം ഹോസ്റ്റല്‍ ടെറസില്‍ ഗാര്‍ഡ് ചുമതല എന്റെ ഗ്രൂപ്പിനായിരുന്നു. രാത്രി കണ്ണട ഒടിഞ്ഞുപോയി. കാലത്തുതന്നെ അതു നന്നാക്കാന്‍ കട അന്വേഷിച്ചു പോകുകയായിരുന്നു. ജനറല്‍ ഹോസ്പിറ്റലിന് അടുത്തുവച്ച് ഒരു കാര്‍ എന്റെയടുത്തു ബ്രേക്കിട്ടുനിര്‍ത്തി കണ്ണട ഇല്ലാത്തതിനാല്‍ ആരാണെന്നു വ്യക്തമല്ല. അതുകൊണ്ടു കാറിനുള്ളിലേക്കു തലയിട്ടു നോക്കി. ഊരിയ വടിവാളുകളും മറ്റ് ആയുധങ്ങളുമായി തിങ്ങിയിരിക്കുന്ന ഗുണ്ടാസംഘം! കണ്ണട ഇല്ലാത്തതിനാല്‍ ഞാന്‍ തന്നെയോ എന്ന് അവര്‍ക്കു സംശയം. ഓടുന്നതിനു പകരം അകത്തേക്കു തലയിട്ടു നോക്കുന്നതു കണ്ടപ്പോള്‍ ഞാനല്ല എന്ന നിഗമനത്തില്‍ അവര്‍ എത്തിയിട്ടും ഉണ്ടാകാം. ഭാവഭേദം കൂടാതെ ഞാന്‍ സാവധാനം നടന്നകന്നു. പിന്നെ ഒരു ഓട്ടമത്സരം ആയിരുന്നു. ജനറല്‍ ആശുപത്രിമതില്‍ എങ്ങനെ ചാടിക്കടന്നു എന്ന് ഇന്നും എനിക്ക് അറിയില്ല. ഇര കൈവിട്ടുപോയ ദേഷ്യത്തില്‍ ഹോസ്റ്റലിലേക്കു നീങ്ങിയ ഗുണ്ടാസംഘം ആദ്യം കണ്ടവരെ കുത്തിവീഴ്ത്തി. എസ്എഫ്ഐക്കാര്‍ അല്ലാത്തവരെല്ലാം ഹോസ്റ്റലില്‍നിന്നു വിട്ടുപോയിരുന്നു. ഇതറിയാതെ ബന്ധുവിനെ അന്വേഷിച്ചു വന്ന ലക്ഷദ്വീപുകാരന്‍ മുത്തുക്കോയയാണ് കൊലക്കത്തിക്ക് ഇരയായത്. പിന്നെ ഈ ഗുണ്ടയെ ഞാന്‍ പിന്നീടൊരിക്കല്‍ കണ്ടു. അടിയന്തരാവസ്ഥക്കാലത്ത് എറണാകുളം സബ്ജയിലില്‍ നിന്ന് സാക്ഷി പറയുന്നതിനായി എറണാകുളം കോടതിയില്‍ എന്നെ ഹാജരാക്കി. ക്രോസ് വിസ്താരത്തിനിടെയില്‍ പ്രഭാകരന്‍ വക്കീല്‍ എന്നോടു ചോദിച്ചു, ഇവനോട് നിങ്ങള്‍ക്ക് പകയുണ്ടായിരുന്നോ? ഉണ്ടായിരുന്നു എന്നു ഞാന്‍ സമ്മതിച്ചു. ഇപ്പോഴുമുണ്ടോ തിരിച്ചടിക്കാന്‍ ആഗ്രഹം? സര്‍ക്കാര്‍ വക്കീല്‍ കണ്ണുകൊണ്ട് ഇറുക്കി കാണിച്ചെങ്കിലും എന്റെ മറുപടി, ഉണ്ട് എന്നായിരുന്നു. ഇനി വേണു പറയൂ. കായിക പരിശീലനത്തിലേര്‍പ്പെട്ട ഞാന്‍ ജനാധിപത്യവിരുദ്ധനായിരുന്നോ? സ്വമേധയാ സഹപ്രവര്‍ത്തകരായ മറ്റു സഖാക്കളെ കേസില്‍ കുടുക്കേണ്ട എന്നു കരുതി ഗുണ്ടയെ കടന്നാക്രമിക്കാന്‍ കത്തിയുമായി ഇറങ്ങിത്തിരിച്ച ആ വികലാംഗനെ നിങ്ങള്‍ ഗുണ്ടയെന്ന് കരുതുന്നുണ്ടോ? ഇത് വിദ്യാര്‍ത്ഥി പ്രവര്‍ത്തകനായിരുന്ന എന്റെയൊരു കൊച്ചനുഭവം. ഇതുപോലെ എത്രയെത്ര പേര്‍ക്ക് ഇത്തരം തീക്ഷ്ണമായ അനുഭവങ്ങള്‍ ഉണ്ടായിരുന്നിരിക്കണം. വേണു ഒന്നു മനസിലാക്കുക. നാല്‍പതിലേറെ എസ്എഫ്ഐ പ്രവര്‍ത്തകരാണ് കാമ്പസുകളില്‍ പിടഞ്ഞു മരിച്ചത്. തിരിച്ച്, എസ്എഫ്ഐക്കാര്‍ കൊല ചെയ്ത ഒരു കെഎസ്യുക്കാരന്റെ പേരു പറഞ്ഞു തരാമോ? ചന്ദ്രശേഖരന്‍ വധമെടുത്തുവെച്ച് ഞങ്ങളെയൊക്കെ കൊലയാളികളായി ചിത്രീകരിച്ച് കമ്മ്യൂണിസ്റ്റ് വിരുദ്ധവേട്ടയ്ക്കിറങ്ങുന്ന ജനാധിപത്യവാദികളുടെ ബാക്കി വാദങ്ങള്‍ അടുത്ത ലക്കത്തില്‍ പരിശോധിക്കാം.

    അടുത്ത ലക്കം - വര്‍ഗസമരവും ബലപ്രയോഗവും

2012, ജൂൺ 23, ശനിയാഴ്‌ച

സിബിഐയുടെ അടിമപ്പണി


Posted on: 23-Jun-2012 12:38 AM
ഫസലിനെ കൊന്നത് ആരാണെന്ന് സിപിഐ എം കണ്ടുപിടിച്ച് സിബിഐക്ക് കൊണ്ടുകൊടുക്കേണ്ട അവസ്ഥയാണ്. പാര്‍ടിക്കെതിരെ ആരോപണമുയര്‍ന്നപ്പോള്‍ പലവട്ടം പരിശോധന നടന്നു. പാര്‍ടി പ്രവര്‍ത്തകരോ അനുഭാവികളോ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു. ഒരന്വേഷണത്തിലും അത്തരം സൂചന കണ്ടെത്താനായില്ല. കൊല്ലപ്പെട്ട ദിവസം ഫസലിന്റെ അടുത്ത ആളുകളിലുണ്ടായ പ്രതികരണം, പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയ ഭക്ഷണ അവശിഷ്ടം എന്നിവമാത്രമാണ് ചില സംശയങ്ങള്‍ ഉണര്‍ത്തിയത്്. കേസ് ഏതുവിധേനയും ആര്‍എസ്എസിന്റെ തലയിലിട്ട് അവസാനിപ്പിക്കാന്‍ എന്‍ഡിഎഫിന്റെ ചില നേതാക്കള്‍ നടത്തിയ ശ്രമം മറ്റൊന്ന്. എന്തായാലും രാഷ്ട്രീയമായ കാരണം ആരും കണ്ടെത്തിയില്ല. എന്നിട്ടും എങ്ങനെ സിപിഐ എമ്മിലും കാരായി രാജനിലും ചന്ദ്രശേഖരനിലും സിബിഐ എത്തി എന്നതാണ് പ്രശ്നം. രാജന്‍ തലശേരിയിലെ പാര്‍ടി ഏരിയ സെക്രട്ടറിയായിരുന്നു; ചന്ദ്രശേഖരന്‍ ലോക്കല്‍ സെക്രട്ടറിയാണ്. സിബിഐക്ക് കേസെടുക്കാന്‍ അത്രയും മതി എന്ന് വന്നിരിക്കുന്നു.

കൂത്തുപറമ്പില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജന്‍ കൊലചെയ്യപ്പെട്ടപ്പോള്‍, പൊലീസ് സിപിഐ എം ഓഫീസിലേക്ക് പാഞ്ഞുകയറി അന്നത്തെ ഏരിയ സെക്രട്ടറി എം ഒ പത്മനാഭനെയാണ് അറസ്റ്റ് ചെയ്തത്. സര്‍വാദരണീയനും രോഗവിവശനുമായ അദ്ദേഹത്തെ ടാഡ കേസില്‍പ്പെടുത്തി പൂജപ്പുര സെന്‍ട്രല്‍ ജയിലിലടച്ചു. കേസില്‍ എന്തെങ്കിലും പങ്കുള്ളതായി തെളിഞ്ഞിട്ടല്ല- സിപിഐ എം ഏരിയ സെക്രട്ടറിയാണ് എന്നതുകൊണ്ട്. ഇരിട്ടി ഏരിയ സെക്രട്ടറി ശ്രീധരനെയും അന്ന് ടാഡയില്‍ കുടുക്കി തടവിലിട്ടു. ഇപ്പോള്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒഞ്ചിയം ഏരിയ സെക്രട്ടറി സി എച്ച് അശോകനെ പിടിച്ചിരിക്കുന്നു. പാര്‍ടി നേതാവായാല്‍, ആ സമയത്ത് അന്നാട്ടില്‍ നടക്കുന്ന കേസുകളില്‍ പ്രതിയായിക്കൊള്ളണം എന്ന സ്ഥിതി.

ഫസല്‍കേസ് ക്രൈംബ്രാഞ്ച് അന്വേഷിച്ചപ്പോള്‍ നേരിട്ട് മേല്‍നോട്ടം വഹിച്ചയാളാണ് അന്നത്തെ ക്രൈംബ്രാഞ്ച് ഐജി ഋഷിരാജ് സിങ്. ഇപ്പോള്‍ സിങ് സിബിഐയിലാണ്. സിബിഐ എങ്ങനെയൊക്കെ ദുരുപയോഗിക്കപ്പെടുന്നു എന്ന് കൃത്യമായി പറയാന്‍ കഴിയുന്ന ആളും ഇന്ന് സിങ്ങുതന്നെ. താന്‍ ക്രൈംബ്രാഞ്ചിന്റെ അധിപനായിരുന്നപ്പോള്‍ ഉണ്ടാകാത്ത എന്ത് തെളിവാണ് ഇന്ന് സൃഷ്ടിക്കപ്പെട്ടതെന്ന് അദ്ദേഹം തന്റെ സിബിഐ അനുയായികളോട് തിരക്കും എന്ന് ആശിക്കാനേ തരമുള്ളൂ. കേസ് സിബിഐക്ക് വിട്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിലെ ജസ്റ്റിസ് രാംകുമാര്‍ നടത്തിയ പരാമര്‍ശങ്ങള്‍ വലിയതോതില്‍ ചര്‍ച്ചചെയ്യപ്പെട്ടതാണ്. മാധ്യമങ്ങളുടെ നിറംപിടിപ്പിച്ച കഥകള്‍ കോടതിയെപ്പോലുംസ്വാധീനിച്ചു. പിന്നീട് ഡിവിഷന്‍ ബെഞ്ച് ആ വിവാദ പരാമര്‍ശങ്ങള്‍ നീക്കംചെയ്തു. അന്ന്, സംസ്ഥാന പൊലീസ് അന്വേഷിക്കുന്ന കേസ് സര്‍ക്കാര്‍ തീരുമാനമില്ലാതെ സിബിഐക്ക് വിടുന്നതിനെതിരെയാണ് അപ്പീല്‍പോയത്. അതുപോലും സിപിഐ എമ്മിനെതിരായ വാദമായി ഇന്ന് പ്രചരിപ്പിക്കുന്നു. എന്‍ഡിഎഫിന്റെ സ്ഥിതി എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കഷ്ടത്തിലായിരുന്നു. തൊടുപുഴ ന്യൂമാന്‍സ് കോളേജ് അധ്യാപകന്റെ കൈവെട്ടുന്നത് 2010 ജൂലൈ നാലിനാണ്. അതിനു പിന്നില്‍ എന്‍ഡിഎഫ് തീവ്രവാദി സംഘമാണെന്ന് വ്യക്തമായതോടെ ശക്തമായ പൊലീസ് നടപടിയുണ്ടായി. ഐജി സന്ധ്യയുടെ നേതൃത്വത്തില്‍ പ്രത്യേക പൊലീസ് സംഘം കേസന്വേഷിച്ചു. എന്‍ഡിഎഫിന്റെ ആയുധപരിശീലനം, ഭീകരബന്ധങ്ങള്‍, ധനസ്രോതസ്സ്, പൊലീസിലടക്കമുള്ള നുഴഞ്ഞുകയറ്റം- ഇവയെല്ലാം പുറത്തുവന്നുകൊണ്ടിരുന്നു. നാട്ടിലാകെ സദാചാരപൊലീസ് ചമഞ്ഞ് നടക്കുന്ന അതിക്രമങ്ങള്‍ക്ക് നിയമത്തിന്റെ വിലക്കുവീണു. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം, തേജസ് പത്രത്തിന് സര്‍ക്കാര്‍ പരസ്യങ്ങള്‍ വിലക്കി. ഫ്രീഡംപരേഡ് എന്നപേരില്‍ നടത്തിയിരുന്ന ശക്തിപ്രകടനം മുടങ്ങി. സമൂഹത്തില്‍നിന്ന് എന്‍ഡിഎഫ് ഒറ്റപ്പെട്ടു.

മുസ്ലിംസമുദായത്തിലെ തീവ്രവാദികളെ ഒറ്റപ്പെടുത്തുന്നതിന് കലവറയില്ലാത്ത പിന്തുണ നല്‍കുമെന്ന് വിവിധ മുസ്ലിം സംഘടനാ നേതാക്കള്‍ പരസ്യമായ നിലപാടെടുത്തു. കോളേജ് അധ്യാപകന്റെ കൈ വെട്ടിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഇസ്ലാമിനെയും സമൂഹത്തെയുമാണ് അപമാനിച്ചതെന്ന് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി (ദക്ഷിണ കേരള ജം ഇയ്യത്തുല്‍ ഉലമ), അഡ്വ. കെ പി മുഹമ്മദ് (മുസ്ലിം ജമാ അത്ത് ഫെഡറേഷന്‍), ഹമീദ് വാണിമേല്‍ (ജമാ അത്തെ ഇസ്ലാമി), ഗഫൂര്‍ പുതുപ്പാടി (പിഡിപി), പ്രൊഫ. പി ഒ ജെ ലബ്ബ (എംഇഎസ്), ടി കെ അബ്ദുള്‍ കരീം (എംഎസ്എസ്), കെ ടി ജലീല്‍, പി ടി എ റഹീം എന്നിവര്‍ ഒന്നിച്ചുചെന്ന് മുഖ്യമന്ത്രിയടക്കമുള്ള നേതാക്കളോട് വ്യക്തമാക്കി. അധ്യാപകന്റെ കൈവെട്ടിയ സംഭവത്തെതുടര്‍ന്ന്, മതതീവ്രവാദികളുടെയും ഭീകര സംഘടനകളുടെയും പ്രവര്‍ത്തനം കര്‍ശനമായി അടിച്ചമര്‍ത്താന്‍ മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പൊലീസിന്റെ ഉന്നതതല യോഗം വിളിച്ച് നിര്‍ദേശം നല്‍കി.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യാജ വിലാസത്തില്‍ സിം കാര്‍ഡ് നല്‍കുന്ന മൊബൈല്‍ കമ്പനികള്‍ക്കും ഏജന്‍സികള്‍ക്കുമെതിരെ നടപടിയും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ മോട്ടോര്‍വാഹനവകുപ്പിന്റെയും പൊലീസിന്റെയും സംയുക്ത പരിശോധനയും ആരംഭിച്ചു. പോപ്പുലര്‍ ഫ്രണ്ട്, എന്‍ഡിഎഫ് തുടങ്ങിയ സംഘടനകള്‍ നടത്തിയ 22 കൊലപാതക കേസ് പുനരവലോകത്തിനെടുത്തു. തീവ്രവാദ സംഘടനകള്‍ക്കുള്ള വിദേശ സാമ്പത്തികസഹായം അന്വേഷിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഇന്ത്യയുടെ ഭരണഘടനയും നീതിന്യായവ്യവസ്ഥയും ജനാധിപത്യവും അംഗീകരിക്കാതെ തങ്ങള്‍ക്ക് അഹിതമായത് പ്രവര്‍ത്തിക്കുന്നവരെ സമാന്തര ശിക്ഷാവിധികളിലൂടെ നേരിടാനുറച്ച ഭീകരപ്രവര്‍ത്തനം തടയപ്പെട്ടപ്പോള്‍, ആ സംഘടനയുടെ മുഖ്യശത്രുവായി അന്നത്തെ ആഭ്യന്തരമന്ത്രി മാറി. അവര്‍ക്ക് സഹായവാഗ്ദാനം കിട്ടിയത് കേന്ദ്ര ഭരണകക്ഷിയില്‍നിന്നാണ്. പിന്നീട്, കേന്ദ്ര ആഭ്യന്തര സഹമന്ത്രിതന്നെ നേരിട്ട് സഹായിക്കാനെത്തി. ഇരുകൂട്ടരുടെയും പൊതുശത്രുവായ സിപിഐ എമ്മിനെതിരെ ഫസല്‍കേസ് എന്ന വാള്‍ മൂര്‍ച്ചകൂട്ടി പ്രയോഗിക്കുന്നത് അങ്ങനെയാണ്.

കോടിയേരി ബാലകൃഷ്ണനെ കേസില്‍ ഉള്‍പ്പെടുത്താന്‍ കോടതിയെ സമീപിക്കുന്നിടംവരെയാണ് ഈ ഗൂഢാലോചന വളര്‍ന്നത്്. സമാനതകളില്ലാത്ത അനുഭവമാണ് ഈ കേസിന്റേത്. അവിശ്വസനീയമായ കെട്ടുകഥകളല്ലാതെ, വിശ്വസിക്കാന്‍ കൊള്ളാത്തവരുടെ ഉദീരണങ്ങളല്ലാതെ ഒന്നുമില്ല; തരിമ്പുപോലുമില്ല തെളിവ്. സിബിഐയുടെ മുകളിലിരിക്കുന്ന ഒരു സഹമന്ത്രിയുടെ രാഷ്ട്രീയ കുബുദ്ധിയും ഭീകരപ്രവര്‍ത്തനം നടത്തുന്ന കൂട്ടരും ചേര്‍ന്ന് നിയമത്തെയും ജനാധിപത്യത്തെയും നീതിയെയും ജനങ്ങളുടെ ബോധത്തെയും കടന്നാക്രമിക്കുകയാണ്. സദാചാര പൊലീസായി മാറി കൊലപാതകങ്ങള്‍വരെ നടത്തുന്ന; വര്‍ഗീയവിഷം സമൂഹത്തില്‍ കുത്തിവയ്ക്കുന്ന; മനുഷ്യനെ ഏറ്റവും പൈശാചികമായി കൊല്ലാന്‍ പരിശീലനം നേടിയ; ദേശവിരുദ്ധ രീതിയിലൂടെ പണം കുന്നുകൂട്ടുന്ന വിഷവിത്തുകള്‍ ഇവിടെ ഗാന്ധിയന്മാരായി വേഷമണിയുകയാണ്. അവര്‍ക്കുവേണ്ടി; അവരെ വിശുദ്ധപ്പട്ടമണിയിക്കാനായി ഭരണസംവിധാനങ്ങളെയും അന്വേഷണ ഏജന്‍സിയെയും ദുരുപയോഗിക്കുകയാണ്. തൃശൂര്‍ ജില്ലയില്‍ ഗുരുവായൂരിനടുത്ത തൊഴിയൂരില്‍ 1994 ഡിസംബര്‍ നാലിന് സുനില്‍ എന്ന യുവാവ് കൊല്ലപ്പെട്ട കേസില്‍ നാലുപേരെ കോടതി ജീവപര്യന്തം ശിക്ഷിച്ചിരുന്നു. സിപിഐ എം പ്രവര്‍ത്തകരാണെന്ന ഒറ്റക്കാരണത്താലാണ് നിരപരാധികളായ നാല് യുവാക്കളെ പൊലീസും ഭരണനേതൃത്വവും കള്ളക്കേസില്‍ കുടുക്കിയത്. കേസില്‍പ്പെട്ടതോടെ നാലുപേരും കുടുംബവും അനുഭവിച്ച കടുത്ത മാനസിക- ശാരീരിക പീഡനങ്ങള്‍ അവരുടെ ജീവിതത്തെ തിരിച്ചെടുക്കാനാകാത്ത വിധം ഉലച്ചു. മുതുവട്ടൂര്‍ വാകയില്‍ ഗോപിയുടെ മകന്‍ ബിജി, തൈക്കാട് വീട്ടില്‍ മാധവന്റെ മകന്‍ ടി എം ബാബുരാജ്, മുതുവട്ടൂര്‍ രായംമരക്കാര്‍ വീട്ടില്‍ റഫീഖ്, കല്ലിങ്ങല്‍ പറമ്പില്‍ പരേതനായ ഹരിദാസന്‍ എന്നിവരെയാണ് കൊലക്കേസില്‍ കുടുക്കിയത്. ബിജെപി പ്രവര്‍ത്തകനായ തൊഴിയൂര്‍ മനങ്കുളം വീട്ടില്‍ സുനില്‍, സഹോദരന്‍ സുബ്രഹ്മണ്യന്‍, അച്ഛന്‍ കുഞ്ഞുമോന്‍, അമ്മ, മൂന്ന് സഹോദരിമാര്‍ എന്നിവരെ ആക്രമിച്ചതായിരുന്നു കേസ്. സുനിലിനെ വെട്ടിനുറുക്കി. സുബ്രഹ്മണ്യന്റെ ഇടതുകൈ അറുത്തെടുത്തു. കൊല നടത്തിയത് സിപിഐ എം ആണെന്ന് മാധ്യമങ്ങളും കോണ്‍ഗ്രസ് നേതാക്കളും ആരോപിച്ചു. തലേദിവസം ഗുരുവായൂര്‍ സ്വദേശി കണിമംഗലം ജോയിയെ ക്രിമിനലുകള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചതിന് പ്രതികാരമാണിതെന്നായിരുന്നു പ്രചാരണം. തൃശൂര്‍ സെഷന്‍സ് കോടതി ബിജി, ബാബുരാജ്, റഫീഖ്, ഹരിദാസന്‍ എന്നിവരെ വിവിധ വകുപ്പുകളില്‍ 33 വര്‍ഷത്തേക്ക് ശിക്ഷിച്ചു. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതിയെന്ന വ്യവസ്ഥയുള്ളതിനാല്‍ ഇതു ജീവപര്യന്തമായി. ഇതിനിടെ, തീരദേശ തീവ്രവാദ വിരുദ്ധസ്ക്വാഡിന്റെ കേസന്വേഷണത്തിനിടെ യഥാര്‍ഥ പ്രതികള്‍ വലയിലായി. തീവ്രവാദ സംഘടനയായ ജംഇയത്തുല്‍ ഹിസാനിയ പ്രവര്‍ത്തകരാണ് പിടിയിലായത്. സുനിലിനെയും കുടുംബത്തെയും ആക്രമിച്ചത് തങ്ങളാണെന്ന് അവര്‍ സമ്മതിച്ചു. സുനിലിന് ചില മുസ്ലിം വീടുകളുമായി സൗഹൃദമുണ്ടെന്ന സംശയത്തെതുടര്‍ന്നാണ് കൊല നടത്തിയതെന്ന് അന്വേഷണസംഘം വെളിപ്പെടുത്തി. വാടാനപ്പിള്ളി സ്വദേശി സന്തോഷ്, കയ്പമംഗലം ചളിങ്ങാട് രാജീവ്, കൊല്ലങ്കോട് താമി വധക്കേസുകളിലും നോമ്പുകാലത്ത് തുറന്നു പ്രവര്‍ത്തിച്ച സിനിമ തിയറ്ററുകള്‍ കത്തിച്ച കേസിലും ഇവര്‍ പ്രതികളായിരുന്നു. ചേകന്നൂര്‍ മൗലവി വധക്കേസില്‍ പ്രതിയായ സെയ്തലവി അന്‍വരിയും കൂട്ടാളികളുമാണ് സുനില്‍ വധത്തിനു പുറകിലുമെന്ന് പിന്നീട് തെളിഞ്ഞു. ഇവിടെയും അനുഭവം മറിച്ചാകില്ല.

ഇന്ന് നെറികെട്ട രാഷ്ട്രീയ അടിമപ്പണിചെയ്യുന്ന സിബിഐയും ചെയ്യിക്കുന്ന മേലാളന്മാരും ജനങ്ങള്‍ക്കുമുന്നില്‍ നിരന്നുനിന്ന് കണക്കുപറയേണ്ട അവസരമാകും അത്. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ നേതാക്കളെ വ്യാജമായി കേസില്‍കുടുക്കി ജയിലിലടയ്ക്കുന്നതിന്റെ ഭവിഷ്യത്ത് അതിഗുരുതരമാകുമെന്ന ധാരണ യുഡിഎഫ് നേതൃത്വത്തിനും ഉണ്ടാകേണ്ടതുണ്ട്. ഒരായുസ്സ് മുഴുവന്‍ കാരിരുമ്പഴിക്കുള്ളില്‍ കിടന്നാലും തീരാത്ത പാപങ്ങള്‍ ചെയ്തുകൂട്ടുന്നവരുടെ കൂടാരമാണ് യുഡിഎഫ്. അവരില്‍നിന്ന് സത്യവും നീതിയും ആരും പ്രതീക്ഷിക്കുന്നില്ല. സിബിഐ ഉണ്ടാക്കിയ കേസില്‍ കോടതി മുമ്പാകെ ഹാജരായ കാരായി രാജനും ചന്ദ്രശേഖരനും തങ്ങള്‍ക്ക് ഫസലിനെ അറിയുകതന്നെയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അറിയും എന്നതിന് തെളിവ് സിബിഐ നല്‍കിയിട്ടുമില്ല. ഇത് അപകടകരമായ പോക്കാണ്. ഇതിന് വളംവച്ചുകൊടുക്കുന്നവര്‍ക്കെതിരെയാകും ഇതേ ആയുധം നാളെ പ്രയോഗിക്കപ്പെടുന്നത്. വര്‍ഗീയ തീവ്രാദികള്‍ക്കുവേണ്ടി വിടുപണിചെയ്ത് രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ കൊതിക്കുന്നവര്‍ ജനങ്ങള്‍ക്കുമുന്നില്‍ കണക്കുപറയേണ്ട നാള്‍ വിദൂരമല്ല. (അവസാനിച്ചു)

"നേതാക്കളുടെ പേരു പറയൂ, നിങ്ങളെ വിടാം"


Posted on: 22-Jun-2012 12:28 AM
ആദ്യം ക്രൈംബ്രാഞ്ച് പിടിച്ച മൂന്നുപേരെ കേസില്‍ നിലനിര്‍ത്തിതന്നെ മൂന്നുപേരെക്കൂടി സിബിഐ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. തിരുവങ്ങാട് വലിയപുരയില്‍ അരുള്‍ദാസ്, മുണ്ടോത്തുംകണ്ടി എം കെ കലേഷ്, കുട്ടിമാക്കൂല്‍ അരുണ്‍ നിവാസില്‍ അരുണ്‍കുമാര്‍ എന്നിവരെ. മൂവരെയും നിരന്തരം ചോദ്യംചെയ്തു. സിബിഐക്കും അറിയാം; അവരില്‍നിന്ന് ഒന്നും കിട്ടാനില്ല എന്ന്. ഒടുവില്‍ ഒരു വാഗ്ദാനം വച്ചു- ""കാരായി രാജന്റെയും ചന്ദ്രശേഖരന്റെയും പേര് കോടതിയില്‍ പറഞ്ഞാല്‍ നിങ്ങളെ മാപ്പുസാക്ഷിയാക്കാം."" എത്ര നിര്‍ബന്ധിച്ചിട്ടും പ്രലോഭിപ്പിച്ചിട്ടും അത്തരമൊരു പച്ചക്കള്ളം പറയാന്‍ അവര്‍ തയ്യാറായില്ല. ഒരുഭാഗത്ത് കേന്ദ്രമന്ത്രിയുടെ നിരന്തര ഇടപെടല്‍, എന്‍ഡിഎഫിന്റെ സമ്മര്‍ദം. മറ്റൊരു വശത്ത് ഒരു തെളിവും കിട്ടാത്ത അവസ്ഥ. കേസ് ഊരാക്കുടുക്കായി മാറിയപ്പോള്‍ സിബിഐ കണ്ണടച്ച് വെടിവയ്ക്കുകയായിരുന്നു.

ഒരു കേസ് ഫ്രെയിംചെയ്യുമ്പോള്‍ ഏറ്റവും കുറഞ്ഞ അളവിലെങ്കിലും തെളിവുകള്‍ വേണം. അത് ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് സിബിഐ ദയനീയമായി പരാജയപ്പെട്ടത്. കൊലപാതകത്തിന് വിശ്വസനീയമായ കാരണം കണ്ടെത്താന്‍ സിബിഐക്ക് കഴിഞ്ഞില്ല. ഫസല്‍ സിപിഐ എം വിട്ടതിന്റെ വിദ്വേഷം, ദേശാഭിമാനിയുടെ പ്രചാരം തുടങ്ങിയ തീര്‍ത്തും ദുര്‍ബലമായ വാദങ്ങളാണ് അന്വേഷണ ഏജന്‍സി നിരത്തിയത്. ഒരിക്കലും പാര്‍ടി അംഗമല്ലാതിരുന്ന ഫസല്‍ "പാര്‍ടി" വിട്ടതിന് എങ്ങനെ വിദ്വേഷമുണ്ടാകും? ദേശാഭിമാനിയുടെ പ്രചാരമാകട്ടെ വര്‍ധിച്ചതേയുള്ളൂ. ആ കണക്കില്‍ മായംചേര്‍ത്ത് തെളിയിക്കാന്‍ സിബിഐക്ക് കഴിയില്ല. കണക്ക് ഓഡിറ്റ് ബ്യൂറോ ഓഫ് സര്‍ക്കുലേഷന്റെ രേഖകളിലുള്ളതാണല്ലോ.

മറ്റൊരു വാദം നിരത്തുന്നത്, തലശേരിയിലെ വോട്ടുകണക്കാണ്. തലശേരി മണ്ഡലത്തില്‍ എല്‍ഡിഎഫ് വോട്ട്ചോര്‍ച്ചയായതിനാല്‍ എന്‍ഡിഎഫ് സഹായംതേടിയെന്നാണ് ആരോപണം. സത്യം മറിച്ചാണ്. ഓരോ തെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് വോട്ട് വര്‍ധിക്കുകയാണുണ്ടായത്. 1987 മുതലുള്ള തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് വോട്ട്: 44,520 (1987), 48,936 (1991), 51,985 (1996), 53,412 (2001), 53,907 (2006), 66,870 (2011). "96ലെ ഉപതെരഞ്ഞെടുപ്പില്‍ ഇ കെ നായനാര്‍ക്ക് 60,841 വോട്ടാണ് ലഭിച്ചത്. 2001ല്‍ അയ്യായിരത്തില്‍ പരമായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ നേടിയ ഭൂരിപക്ഷമെങ്കില്‍, 2006ല്‍ അത് ഇരട്ടിച്ചു. ഈ കണക്കുകളെല്ലാം അനിഷേധ്യമാണ്. സിപിഐ എമ്മിന്റെ ഉരുക്കുകോട്ടയായി തലശേരി നിലനില്‍ക്കെ എന്‍ഡിഎഫുകാരനെ കൊന്ന് ഏതെങ്കിലും അട്ടിമറി നടത്തേണ്ട പ്രശ്നം ഉദിക്കുന്നതേയില്ല. അത് തെളിയിക്കാന്‍ സിബിഐക്ക് കഴിയുകയുമില്ല. ആ കഴിവുകേടാണ് വര്‍ഗീയ കലാപത്തിന് ശ്രമിച്ചു എന്ന ഏറ്റവും നീചമായ ആരോപണം ഉന്നയിക്കാന്‍ ഏജന്‍സിക്ക് പ്രേരണ നല്‍കിയത്. അതിന്റെ ബുദ്ധികേന്ദ്രം മുല്ലപ്പള്ളി രാമചന്ദ്രനാണ്. ഫസലിനെ വധിച്ചശേഷം തലശേരിയില്‍ ഹിന്ദു- മുസ്ലിം വര്‍ഗീയ കലാപം ഉണ്ടാക്കി അന്വേഷണം വഴിതെറ്റിക്കാനും പ്രതികളെ രക്ഷിക്കാനും ഗൂഢപദ്ധതി ആസൂത്രണംചെയ്തെന്ന ഗുരുതര ആക്ഷേപമാണ് സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍. അങ്ങനെ കണ്ടെത്തണമെങ്കില്‍, ആര്‍എസ്എസിനെതിരെ ആക്ഷേപമുയര്‍ത്തി രംഗത്തുവരേണ്ടത് സിപിഐ എം ആകണം; ഇവിടെ, എന്‍ഡിഎഫാണ് രംഗത്തുവന്നത്. ആര്‍എസ്എസാണ് ഫസലിനെ കൊന്നതെന്ന് എന്‍ഡിഎഫ് പറഞ്ഞാല്‍ എങ്ങനെ സിപിഐ എമ്മിനെ പഴിക്കും എന്ന ചോദ്യത്തിന് സിബിഐ കുറ്റപത്രത്തില്‍ ഉത്തരമില്ല.

വര്‍ഗീയ കലാപങ്ങള്‍ക്കെതിരെയും മതനിരപേക്ഷത സംരക്ഷിക്കാനും ജീവന്‍ കൊടുത്തും പോരാടുന്ന പ്രസ്ഥാനമാണ് സിപിഐ എം എന്ന് തെളിയിക്കപ്പെട്ട മണ്ണാണ് തലശേരിയുടേത്. കേരളത്തെ ഹിന്ദുവര്‍ഗീയ ഫാസിസ്റ്റുകള്‍ക്ക് കീഴ്പ്പെടുത്താനുള്ള ആര്‍എസ്എസ്- സംഘപരിവാര്‍ ആസൂത്രണത്തിന്റെ ഭാഗമായിരുന്നു 1971 ഡിസംബറില്‍ തലശേരിയില്‍ നടന്ന വര്‍ഗീയകലാപം. കലാപത്തെക്കുറിച്ച് അന്വേഷിച്ച ജ. വിതയത്തില്‍ കമീഷന്റെ റിപ്പോര്‍ട്ടില്‍ വര്‍ഗീയ കലാപകാരികള്‍ക്കെതിരെ സിപിഐ എം നടത്തിയ പ്രവര്‍ത്തനം എടുത്തുപറഞ്ഞിട്ടുണ്ട്. അന്നവിടെ സമാധാനത്തിന്റെ സന്ദേശവുമായി ചെന്നത് ഇന്നത്തെ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ (അന്ന് കൂത്തുപറമ്പ് എംഎല്‍എ) നേതൃത്വത്തിലുള്ള സിപിഐ എം നേതാക്കളും പ്രവര്‍ത്തകരുമായിരുന്നു. ഇന്ന് സിഎംപിയുടെ പൊളിറ്റ് ബ്യൂറോ അംഗമായ പാട്യം രാജനും അന്ന് ചെന്നവരിലുണ്ട്. കലാപത്തിനും രാഷ്ട്രീയ മുതലെടുപ്പിനുമുള്ള ശ്രമം സിപിഐ എം പരാജയപ്പെടുത്തിയതിലുള്ള പ്രതികാരമായാണ് 1972 ജനുവരി നാലിന് പാര്‍ടി മാങ്ങാട്ടിടം ലോക്കല്‍കമ്മിറ്റി അംഗം യു കെ കുഞ്ഞിരാമനെ ആര്‍എസ്എസ് കൊലപ്പെടുത്തിയത്. വിതയത്തില്‍ കമീഷന്‍ റിപ്പോര്‍ട്ടിന്റെ 220-ാം ഖണ്ഡികയില്‍ ആക്രമണവിധേയരായ മുസ്ലിം ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിന് സിപിഐ എമ്മിന്റെ പ്രവര്‍ത്തകര്‍ മുന്‍കൈയെടുത്തു എന്ന് വ്യക്തമാക്കുന്നു. സിപിഐ എം നേതാക്കളാരുംതന്നെ കലാപത്തില്‍ ഭാഗഭാക്കായില്ല എന്നും കമീഷന്‍ എടുത്തുകാട്ടി. കലാപം ആരംഭിച്ചതിന്റെ പിറ്റേന്ന് മാര്‍ക്സിസ്റ്റ് പ്രവര്‍ത്തകര്‍ കൊടികെട്ടിയ കാറില്‍ സഞ്ചരിച്ച് കലാപം അവസാനിപ്പിക്കാന്‍ അഭ്യര്‍ഥിച്ചിരുന്നു എന്നും മറ്റൊരു പാര്‍ടിയും ചെയ്തിട്ടില്ലാത്ത കാര്യമാണ് സിപിഐ എം ചെയ്തത് എന്നും കമീഷന്‍ വ്യക്തമാക്കുന്നു.

പിണറായി പഞ്ചായത്തിലെ ഉമ്മന്‍ചിറയില്‍ സിപിഐ എം നേതാവ് വി എം വേലായുധന്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ സമുദായ മൈത്രിക്കുവേണ്ടി പ്രവര്‍ത്തനം നടന്നു എന്ന് റിപ്പോര്‍ട്ടിലുണ്ട്. സമുദായ മൈത്രിക്കുവേണ്ടി പ്രവര്‍ത്തിച്ച അദ്ദേഹത്തെയും പാട്യം പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ പി ശ്രീധരന്‍ മാസ്റ്ററെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കലാപത്തിനു പിന്നില്‍ മാര്‍ക്സിസ്റ്റ് പാര്‍ടിയാണെന്നാണ് അന്നത്തെ സര്‍ക്കാര്‍ പ്രചരിപ്പിച്ചത്. ഇതിന്റെ ഭാഗമായിരുന്നു മേല്‍പ്പറഞ്ഞ നേതാക്കളുടെ അറസ്റ്റ്. എന്നാല്‍, മുസ്ലിങ്ങളടക്കമുള്ളവര്‍ പൊലീസ് സ്റ്റേഷനില്‍ പോയി ഇവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു. ജനവികാരം ശക്തമായി ഉയര്‍ന്നപ്പോഴാണ് പൊലീസ് ഇവരെ മോചിപ്പിച്ചത്. ഇതാണ് തലശേരിയിലെ സിപിഐ എമ്മിന്റെ പാരമ്പര്യം. അത്തരമൊരു പാര്‍ടി വര്‍ഗീയ കലാപമുണ്ടാക്കാന്‍ ശ്രമിച്ചു എന്ന് ആരോപിക്കുമ്പോള്‍, എന്താണ് അതുകൊണ്ട് നേട്ടം എന്നുകൂടി സിബിഐ പറയേണ്ടിയിരുന്നു.

തലശേരിയില്‍ മുസ്ലിം സമുദായത്തില്‍ സിപിഐ എമ്മിനുള്ള സ്വാധീനവും മേല്‍ക്കൈയും ഏറെപഴക്കമുള്ളതാണ്; ഉറച്ചതുമാണ്. അത് തകര്‍ത്തുമാത്രമേ പാര്‍ടിയെ നേരിടാന്‍ കഴിയൂ എന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പരസ്യമായിത്തന്നെ പറഞ്ഞിട്ടുണ്ട്. ഒരു കേസിലൂടെ, വൈകാരികമായി സിപിഐ എമ്മിനെതിരെ മുസ്ലിം സമൂഹത്തിന്റെ ചിന്ത തിരിച്ചുവിടാനുള്ള ആസൂത്രണം ഈ കേസില്‍ സിബിഐ നടത്താനുള്ള കാരണവും അതുതന്നെ. ഹിന്ദു-മുസ്ലിം വര്‍ഗീയ വാദികളുടെ എതിര്‍പ്പിന് ഒരുപോലെ ഇരയാകുന്ന പാര്‍ടിക്ക്, എല്ലാ മതവിഭാഗങ്ങളില്‍നിന്നും ലഭിക്കുന്ന പിന്തുണയുടെ വേരറുക്കാനുള്ള ആയുധമായാണ് മുല്ലപ്പള്ളി സിബിഐയെ ഉപയോഗിക്കാന്‍ ശ്രമിച്ചത്. ഒരു തൂവാലയുടെ കഥയാണ് "വര്‍ഗീയ കലാപശ്രമ" ആരോപണത്തെ സാധൂകരിക്കാന്‍ സിബിഐ മുന്നോട്ടുവയ്ക്കുന്നത്. ഫസലിന്റെ ചോരപുരണ്ട തൂവാല ആര്‍എസ്എസ് കേന്ദ്രത്തില്‍ കണ്ടു എന്നും അത് അന്വേഷണം വഴിതിരിച്ചുവിടാനും ആര്‍എസ്എസിനെ പ്രതിസ്ഥാനത്തുനിര്‍ത്താനുമുള്ള സിപിഐ എമ്മിന്റെ തന്ത്രമായിരുന്നു എന്നുമാണ് സിബിഐ പറയുന്നത് (ഈ കഥ ആദ്യം മാതൃഭൂമിയാണ് അവതരിപ്പിച്ചത്). ധര്‍മടത്തെ സിപിഐ എം ശക്തികേന്ദ്രമായ "മോസ്കോ" നഗറിലാണ് തൂവാല കണ്ടത്. പാര്‍ടികേന്ദ്രത്തില്‍ രക്തംപുരണ്ട തൂവാല കൊണ്ടിട്ടത്, സിപിഐ എമ്മിനെ കുടുക്കാനായിരിക്കില്ലേ എന്ന യുക്തിഭദ്രമായ സംശയം സിബിഐയുടെ തലയില്‍ കയറിയതേയില്ല. സാക്ഷികളായി ചിലരെ അവതരിപ്പിച്ചത് അതിനേക്കാള്‍ വിചിത്രമാണ്.

ഒരു സാക്ഷി, ആര്‍എസ്എസിനെ കുറ്റപ്പെടുത്തി ആദ്യപ്രസ്താവനയിറക്കിയ ജലാലുദീന്‍തന്നെ. സിപിഐ എം തനിക്ക് ആര്‍എസ്എസുകാരുടെ ലിസ്റ്റ് തന്നിരുന്നു എന്നാണ് അയാളെക്കൊണ്ട് പറയിപ്പിച്ചത്. എന്‍ഡിഎഫിന്റെ നിലപാടുമാറ്റത്തിനുസരിച്ച് മൊഴിമാറ്റാന്‍ ബാധ്യതപ്പെട്ടയാളെ പ്രധാന "വിശ്വസനീയ" സാക്ഷികളാക്കുന്നതിലും സിബിഐക്ക് അറപ്പില്ല. ഫലത്തില്‍ കഥകളല്ലാതെ തെളിവുകളില്ല. ഏതുകഥയും സിപിഐ എമ്മിനെതിരായാല്‍ മാധ്യമങ്ങള്‍ ഏറ്റെടുക്കും എന്ന സൗകര്യത്തില്‍ ഫസല്‍ വധക്കേസ് ആഘോഷിക്കപ്പെടുകയാണ്. ആ സൗകര്യമുപയോഗിച്ചുതന്നെയാണ്, കാരായി രാജനെയും ചന്ദ്രശേഖരനെയും പ്രതിപ്പട്ടികയിലെത്തിച്ചത്. (അവസാനിക്കുന്നില്ല)

കെട്ടുകഥകളുടെ ഘോഷയാത്ര

പി എം മനോജ്
Posted on: 21-Jun-2012 12:55 AM
""തലശേരിയിലെ ഫസല്‍ വധത്തിനുപിന്നില്‍ ആര്‍എസ്എസ് ആണെന്ന് അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചിരുന്നതായി "ഫസല്‍വധക്കേസില്‍ നേതാക്കളെ കുരുക്കിയത് സിബിഐ" എന്ന വാര്‍ത്തയിലും "ക്രിമിനല്‍ തമ്പുരാക്കന്മാര്‍ക്ക് രാഷ്ട്രീയ മേലാളന്മാര്‍" എന്ന പരമ്പരയിലും വന്ന പരാമര്‍ശം ശരിയല്ല. വധശ്രമം ആസൂത്രിതമാണെന്നും ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമാണ് കോടിയേരി പറഞ്ഞത്""- മാതൃഭൂമി ദിനപത്രത്തില്‍ ബുധനാഴ്ച പ്രസിദ്ധീകരിച്ച തിരുത്താണിത്. ഇതേ രീതിയില്‍ നേരത്തെ മലയാള മനോരമയും തിരുത്തിയിരുന്നു. ആഘോഷപൂര്‍വം അവാസ്തവങ്ങള്‍ എഴുന്നള്ളിക്കുക; എതിര്‍പ്പുവന്നാല്‍ അപ്രധാനമായി തിരുത്ത് പ്രസിദ്ധീകരിച്ച് രക്ഷപ്പെടുക. സ്വന്തം പത്രത്താളുകളെപോലും വഞ്ചിച്ച് മാധ്യമങ്ങള്‍ നടത്തിയ അപവാദ പ്രചാരണത്തിന് ഇത് ചെറിയ ഉദാഹരണംമാത്രം. വാര്‍ത്തകളായും പരമ്പരകളായും ഫസല്‍വധക്കേസ് സംബന്ധിച്ച് വന്ന ഭാവനയ്ക്ക് കൈയും കണക്കുമില്ല.

എന്‍ഡിഎഫിനെതിരെ മുന്‍സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ തുടങ്ങിയതോടെയാണ് കഥകളുടെ പ്രവാഹമുണ്ടായത്. പറഞ്ഞുപരത്തിയ ഒരു കഥ, ഡിവൈഎസ്പി രാധാകൃഷ്ണന്‍ സ്വാധീനത്തിന് വഴങ്ങാതിരുന്നപ്പോള്‍ അനാശാസ്യക്കേസില്‍ പെടുത്തി സസ്പെന്‍ഡ് ചെയ്യിച്ചു എന്നാണ്. ഫസല്‍ക്കേസ് ആദ്യം അന്വേഷിച്ചയാളാണ് രാധാകൃഷ്ണന്‍. അദ്ദേഹം 2006 നവംബര്‍ മൂന്നുവരെയാണ് അന്വേഷണച്ചുമതലയിലുണ്ടായിരുന്നത്. തളിപ്പറമ്പില്‍ രാധാകൃഷ്ണന്‍ പിടിയിലാകുന്നത് 2006 ഡിസംബര്‍ അഞ്ചിനാണ്. ആ സമയത്ത് ഫസല്‍ക്കേസില്‍ ഒരു ചുമതലയും ഉണ്ടായിരുന്നില്ല. തളിപ്പറമ്പ് കൂവോട്ടെ അനാശാസ്യകേന്ദ്രത്തില്‍ അദ്ദേഹം ഒറ്റയ്ക്കല്ല, കണ്ണൂര്‍ എആര്‍ പൊലീസ് കോണ്‍സ്റ്റബിളും സീരിയല്‍ നടനുമായ വേങ്ങാട്ടെ കെ പി സന്തോഷ്കുമാര്‍ (25), സീരിയല്‍ താരവും കോട്ടയം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ടാക്സി ഡ്രൈവറുമായിരുന്ന കാരാപ്പുഴ തിരുവാതക്കല്‍ കെ വി വിജയന്‍ (34), മൈക്രോ ഇന്‍ഷുറന്‍സ് കമ്പനി സിഇഒ കോട്ടയം തിരുനക്കരയിലെ കുളങ്ങര കെ എന്‍ രാജേഷ് (34), കോട്ടയം മണര്‍ക്കാട്ടെ കുഞ്ഞുമോന്റെ ഭാര്യ പുതുപറമ്പില്‍ അമ്മിണി (39) എന്നിവരോടൊപ്പമാണ് പിടിയിലായത്.

അന്ന് തളിപ്പറമ്പ് ഡിവൈഎസ്പിയുടെ ചുമതല രാധാകൃഷ്ണനായിരുന്നു. ഒരു സ്ത്രീയുടെ നിലവിളി കേട്ടാണ് നാട്ടുകാര്‍ കൂവോട്ടെ ഇരുനിലവീട്ടിലേക്ക് ഓടിയെത്തിയത്്. കാര്യം തിരക്കിയ നാട്ടുകാരെ ഡിവൈഎസ്പിയും സംഘവും ആക്രമിക്കാന്‍ മുതിര്‍ന്നു- സംഘര്‍ഷമായി. വിവരമറിഞ്ഞ് എസ്പി മാത്യു പോളികാര്‍പ്പ്, കണ്ണൂര്‍ ഡിവൈഎസ്പി ഹബീബ് റഹ്മാന്‍, സിഐമാരയ കെ വി സന്തോഷ്, പി രാജു എന്നിവരുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘമാണ് കസ്റ്റഡിയിലെടുത്തത്്. രാധാകൃഷ്ണന്‍ ഔദ്യോഗിക വാഹനത്തിലാണ് (കെഎല്‍ 01 എക്സ്- 9049 ജീപ്പ്) അവിടെ എത്തിയിരുന്നത്. ഈ സംഭവത്തെയാണ്, പിന്നീട് ഫസല്‍ക്കേസുമായി ബന്ധപ്പെടുത്തി കഥ രചിച്ചത്. മദ്യശേഖരവും നീലച്ചിത്ര പ്രദര്‍ശന ഉപകരണങ്ങളും സജ്ജീകരിച്ച അനാശാസ്യകേന്ദ്രത്തില്‍നിന്ന് ഒരുദ്യോഗസ്ഥന്‍ യാദൃച്ഛികമായി പിടിയിലാകുന്നതും ഫസല്‍ക്കേസും തമ്മിലെന്ത് ബന്ധം എന്ന ചോദ്യം ഇന്നും ഉത്തരംകിട്ടാതെ നില്‍ക്കുന്നു. ഫസലിന്റെ ഭാര്യ മറിയുവാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഇപ്പോള്‍, കേസന്വേഷണത്തില്‍ മേല്‍നോട്ടം വേണമെന്ന് അവര്‍തന്നെ ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നു. സിബിഐക്ക് ഗൂഢാലോചന കണ്ടെത്താന്‍ കഴിയില്ല എന്നാണ് ഇപ്പോഴത്തെ ആശങ്ക. കേസില്‍ ഇതുവരെ ഗൂഢാലോചന കണ്ടെത്തിയിട്ടില്ല എന്നര്‍ഥം. ഇത് ഈ കേസിന്റെ തുടക്കംമുതലുള്ള അനുഭവമാണ്. ഒരു കേസ് കെട്ടിച്ചമച്ച് ഉണ്ടാക്കുമ്പോള്‍ വിചാരിച്ച തെളിവുകള്‍ സംഘടിപ്പിക്കാന്‍ കഴിയില്ല എന്ന് വരും. അന്വേഷണ ഏജന്‍സി പരിഹാസ്യമാവുകയുംചെയ്യും. മൂന്നുകൊല്ലം അന്വേഷിച്ചിട്ടും പ്രതിയേത്, സാക്ഷിയേത് എന്ന് തിരിച്ചറിയാന്‍ സിബിഐക്ക് കഴിഞ്ഞില്ല എന്ന് ഹൈക്കോടതിയില്‍തന്നെ വ്യക്തമായതാണ്. മൂന്നുവര്‍ഷം അന്വേഷിച്ചിട്ടും തുമ്പൊന്നും കിട്ടാതെ വന്നപ്പോഴാണ് സിബിഐക്കുമേല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ പിടി വീണത്. തലശേരിയില്‍ മുന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കോണ്‍ഗ്രസ് നേതാവും ഇപ്പോഴത്തെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായ അഡ്വ. ആസിഫലിയും ഇടപെട്ടു. ഇരുവരുടെയും താല്‍പ്പര്യങ്ങള്‍ സമ്മര്‍ദമായി വന്നപ്പോഴാണ് സിപിഐ എം നേതാക്കളെ പ്രതിചേര്‍ക്കാന്‍ സിബിഐ ശ്രമം തുടങ്ങിയത്. തലശേരി ഏരിയാ സെക്രട്ടറിയായിരുന്ന കാരായി രാജന്‍ പ്രതിയാകും എന്ന് മാധ്യമങ്ങള്‍ എഴുതിത്തുടങ്ങിയതിനുപിന്നില്‍ അഡ്വ. ആസിഫലിയുടെ വ്യക്തിവിരോധമാണ്. സിപിഐ എമ്മിനെതിരെ കേസുകള്‍കൊണ്ട് "യുദ്ധം" നയിക്കുന്ന ആസിഫലിയുടെ തലശേരിയിലെ വീടിനുമുമ്പില്‍ ആരോ ഒരു റീത്ത് വച്ചു. അതിനുപിന്നില്‍ രാജനാണ് എന്ന് ആസിഫലി പരസ്യമായി ആക്ഷേപമുയര്‍ത്തി. രാജനെ പാഠം പഠിപ്പിക്കും എന്ന് പ്രഖ്യാപിക്കുകയുംചെയ്തിരുന്നു. ഫസല്‍വധവുമായി ബന്ധപ്പെടുത്തി നിരന്തരം വാര്‍ത്ത വന്നപ്പോള്‍ രാജന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലെത്തി. ഇക്കഴിഞ്ഞ ഏപ്രില്‍ 12ന് ജസ്റ്റിസ് ശശിധരന്‍ നമ്പ്യാരാണ് ആ ഹര്‍ജി പരിഗണിച്ചത്. അന്ന് അന്വേഷണ പുരോഗതി കോടതിയെ അറിയിക്കാന്‍ സിബിഐ തയ്യാറായില്ല. കേസില്‍ ഹര്‍ജിക്കാരന്‍ പ്രതിയാണോ സാക്ഷിയാണോ എന്ന് പറയാനാവില്ല എന്നാണ് സിബിഐ അറിയിച്ചത്. ചോദ്യംചെയ്തശേഷമേ പ്രതിയാക്കുന്ന കാര്യം പരിഗണിക്കൂ എന്നും. സിബിഐ നിലപാടില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. അന്വേഷണത്തിന്റെ അവസാനഘട്ടത്തിലും പ്രതിയെയും സാക്ഷിയെയും തിരിച്ചറിയാന്‍ കഴിയാത്ത അന്വേഷണ ഏജന്‍സിയുടെ അവസ്ഥ നിയമവൃത്തങ്ങളില്‍ പരിഹാസമുയര്‍ത്തി. പ്രതിചേര്‍ക്കാന്‍ അവരുടെ കൈയില്‍ ഒന്നുമുണ്ടായിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. പിന്നീട് സിബിഐ ഒന്ന് പതുങ്ങി. പക്ഷേ, അപ്പോഴേക്കും ഊരിയ വാള്‍ ഉറയിലിടാനാവാത്ത അവസ്ഥയിലെത്തിയിരുന്നു. ഏതുതരത്തിലും സിപിഐ എം നേതാക്കളെ ഉള്‍പ്പെടുത്തണം എന്ന സമ്മര്‍ദത്തില്‍, തെളിവുകളോ യുക്തിയോ ഏജന്‍സിക്ക് ആവശ്യമുണ്ടായിരുന്നില്ല. അവര്‍ മുല്ലപ്പള്ളി- മാധ്യമ- എന്‍ഡിഎഫ് കഥകള്‍ക്ക് അടിയൊപ്പ് വച്ച് "കുറ്റപത്രം" ചുട്ടെടുത്തു. തലശേരി പിലാക്കൂലിലാണ് ഫസലിന്റെ വീട്. മാടപ്പീടികയിലെ ഭാര്യവീട്ടിലായിരുന്നു താമസം. രാത്രി വീട്ടിലെത്തി പുലരുംമുമ്പ് മടങ്ങിപ്പോവുന്ന ഒരാള്‍ എന്നതില്‍ക്കവിഞ്ഞ് മാടപ്പീടികയില്‍ പറയത്തക്ക ബന്ധമുണ്ടായിരുന്നില്ല. ആദ്യഘട്ടത്തില്‍ ഇടതുപക്ഷ ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ഫസല്‍, ഒരിക്കലും പാര്‍ടിയുടെ പ്രവര്‍ത്തകന്‍ എന്ന നിലയിലേക്കുയര്‍ന്നിരുന്നില്ല. എന്‍ഡിഎഫ് പ്രചാരണങ്ങളില്‍ ഫസല്‍ ആകൃഷ്ടനായിരുന്നു. സിപിഐ എം ബന്ധമുള്ള ആരും ഫസലിനൊപ്പം എന്‍ഡിഎഫിലേക്ക് പോയിട്ടില്ല. അത്തരത്തില്‍ ഒരാളുടെ പേരുപോലും ആരും ചൂണ്ടിക്കാട്ടിയിട്ടുമില്ല. മുസ്ലിംലീഗ് അനുഭാവമുള്ളവരാണ് ഏറെയും എന്‍ഡിഎഫിലെത്തിയത്. ഫസല്‍ ആളുകളെ ആകര്‍ഷിച്ച് എന്‍ഡിഎഫിലെത്തിക്കുന്ന മാസ്മര വ്യക്തിത്വമായിരുന്നുവെന്നും മറ്റും ഇന്ന് പ്രചരിപ്പിക്കുന്നുണ്ട്. പിലാക്കൂലിലെയോ മാടപ്പീടികയിലെയോ ആരും അത് സാക്ഷ്യപ്പെടുത്തുന്നില്ല. ""മാടപ്പീടികയില്‍ ഒരു പോസ്റ്ററിനെച്ചൊല്ലി ആര്‍എസ്എസുകാരുമായി പ്രശ്നമുണ്ടാവുകയും ഫസലിന്റെ ബന്ധുക്കളുമായി അവര്‍ വാക്കുതര്‍ക്കമുണ്ടാക്കുകയുംചെയ്തു. ദിവസങ്ങള്‍ കഴിയുന്നതിനു മുമ്പായിരുന്നു സംഭവം. സ്വാഭാവികമായും ആര്‍എസ്എസിലേക്ക് ആളുകളുടെ ശ്രദ്ധ തിരിഞ്ഞു."" (തേജസ് ദിനപത്രം) എന്നാണ് എന്‍ഡിഎഫ് ഇപ്പോള്‍ പറയുന്നത്. എന്നാല്‍, കൊലയാളികള്‍ ആര്‍എസ്എസ് ആണ് എന്നതില്‍ അന്ന് എന്‍ഡിഎഫിന് ഒരുതരത്തിലുമുള്ള സംശയവുമുണ്ടായില്ല. ആ ഉറപ്പാണ് കേസന്വേഷണത്തെയും ജനങ്ങളുടെ സംശയത്തെയും ആര്‍എസ്എസിലേക്ക് തിരിച്ചത്. എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ എന്നുമാത്രമല്ല, ""തന്റെ പ്രദേശത്തെ കുട്ടികളെ ഇസ്ലാമുമായി ബന്ധപ്പെടുത്തുന്ന വിഷയങ്ങളില്‍ അതീവതല്‍പ്പരനായിരുന്"" ശഹീദായാണ് ഇന്ന് എന്‍ഡിഎഫ് ഫസലിനെ അവതരിപ്പിക്കുന്നത്. അവിടെയാണ് വര്‍ഗീയതയുടെ പ്രസരമുള്ളത്; ന്യൂനപക്ഷ സമുദായാംഗങ്ങളെ സിപിഐ എമ്മില്‍നിന്ന് അകറ്റുക എന്ന ലക്ഷ്യമുള്ളത്.

സിപിഐ എമ്മിനെ പ്രതിസ്ഥാനത്തു നിര്‍ത്താന്‍ സിബിഐയും എന്‍ഡിഎഫും ചൂണ്ടിക്കാണിക്കുന്ന ഒരു വിഷയം, ഫസലിന്റെ ഇടപെടലിന്റെ ഫലമായി ദേശാഭിമാനിയുടെ സര്‍ക്കുലേഷന്‍ ഇടിഞ്ഞു എന്നാണ്. മാടപ്പീടികയില്‍ 2006ല്‍ ദേശാഭിമാനിയുടെ പ്രചാരം 280ല്‍ നിന്ന് 360ലേക്ക് വര്‍ധിക്കുകയാണുണ്ടായത്. ഇപ്പോഴത് 450 ആണ്. തൊട്ടടുത്ത തിരുവങ്ങാട്, തലശേരി ലോക്കലുകളിലും പത്രം കുറഞ്ഞില്ല. 2006 ആഗസ്തില്‍ തലശേരി ടൗണ്‍ ഏജന്റിന് 232 പത്രവും തിരുവങ്ങാട് ഏജന്‍സിയില്‍ 223 പത്രവും തലശേരിബസ്സ്റ്റാന്‍ഡ്കെട്ടില്‍ 96 പത്രവുമാണുണ്ടായിരുന്നത്. പിന്നീട് ബസ്സ്റ്റാന്‍ഡ് ഏജന്‍സിയില്‍ ഒരു പത്രം കുറഞ്ഞു. ഒരു ഏജന്‍സിയുണ്ടായിരുന്ന തിരുവങ്ങാട് മേഖലയില്‍ ഇപ്പോള്‍ അഞ്ച് ഏജന്റുമാരുണ്ട്. ദേശാഭിമാനി വരിക്കാരുടെ എണ്ണം ആ മേഖലയിലാകെ വലിയതോതിലാണ് വര്‍ധിച്ചത്. ഇത് കൃത്യമായി വര്‍ഷാവര്‍ഷം ഓഡിറ്റ് ചെയ്യപ്പെടുന്ന കണക്കാണ്. എന്നിട്ടും പറയുന്നു, ദേശാഭിമാനിപത്രം കുറഞ്ഞതുകൊണ്ട് ഫസല്‍ കൊല്ലപ്പെട്ടു എന്ന്. അത് ഏറ്റുപാടുന്നവര്‍ക്ക് സത്യം അറിയേണ്ടതില്ല; തെളിവുകള്‍ വേണ്ടതില്ല. സിപിഐ എം അത്തരം നീതി അര്‍ഹിക്കുന്നില്ല എന്നാണ് അവരുടെ പക്ഷം. (അവസാനിക്കുന്നില്ല)

ഫസല്‍ വധത്തിന്റെ നിറംമാറ്റങ്ങള്‍


Posted on: 20-Jun-2012 12:32 AM
തലശേരി സെയ്താര്‍പള്ളിക്കടുത്ത് ജഗന്നാഥ ക്ഷേത്രം റോഡില്‍ 2006 ഒക്ടോബര്‍ 22ന് പുലര്‍ച്ചെ ഒരു കൊലപാതകം നടന്നു. കൊല്ലപ്പെട്ടത് മുഹമ്മദ് ഫസല്‍. എന്‍ഡിഎഫ് എന്ന ഇസ്ലാമിക തീവ്രവാദ സംഘടനയുടെ സജീവ പ്രവര്‍ത്തകനായിരുന്നു ഫസല്‍. കൊലപാതകം ആര്‍എസ്എസാണ് ചെയ്തതെന്ന് എന്‍ഡിഎഫ് തറപ്പിച്ചു പറഞ്ഞു. "എന്‍ഡിഎഫ് സബ്ഡിവിഷന്‍ കൗണ്‍സില്‍ അംഗം മുഹമ്മദ് ഫസലിനെ ആര്‍എസ്എസുകാര്‍ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നു" എന്ന് എന്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ എ സി ജലാലുദീന്‍ പ്രസ്താവനയിറക്കി. തലശേരി ആര്‍ഡിഒ കെ വി ഗംഗാധരന്‍ അന്നുതന്നെ സമാധാനയോഗം വിളിച്ചു. അതില്‍നിന്ന് പക്ഷേ, എന്‍ഡിഎഫ് പ്രതിനിധികള്‍ ഇറങ്ങിപ്പോയി. "കൊലപാതകത്തിലെ ഗൂഢാലോചന നടത്തിയ ആര്‍എസ്എസുകാരെ പങ്കെടുപ്പിച്ചുവെന്നാരോപിച്ച് എന്‍ഡിഎഫ് പ്രതിനിധികള്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി" എന്നാണ് 2006 ഒക്ടോബര്‍ മൂന്നിന്റെ മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തത്.

പെരുനാളിന്റെ തലേദിവസം കൊലപാതകത്തിന് തെരഞ്ഞെടുത്തത് അന്നുതന്നെ സംശയമുണര്‍ത്തിയിരുന്നു. ഒരു വര്‍ഗീയ കലാപത്തിന് വീണ്ടും അരങ്ങൊരുക്കുകയാണോ? നൂര്‍ജഹാന്‍ ഹോട്ടലില്‍നിന്ന് കലശഘോഷയാത്രയ്ക്കുനേരെ വന്ന ചെരിപ്പേറ് തലശേരിയുടെ മനസ്സിലുണ്ട്. അങ്ങനെ ഒന്നാണോ ഫസലിന്റെ ജീവനെടുത്തതിനു പിന്നില്‍? കൊലപാതകവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ആര്‍എസ്എസ് ജില്ലാ കാര്യകാരി വ്യക്തമാക്കി. എന്‍ഡിഎഫ്- സിപിഐ എം സംഘട്ടനത്തിന്റെ ഭാഗമാണ് കൊലപാതകമെന്ന ആരോപണവും അവരില്‍നിന്ന് വന്നു. ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അന്ന് തലശേരിയിലുണ്ടായിരുന്നു. അദ്ദേഹം ഇടപെട്ട് ഡിഐജിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘത്തെ നിയോഗിച്ചു. സംഭവത്തിനു പിന്നിലുള്ളവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഫസലിന്റെ മൃതദേഹം കണ്ടശേഷം കോടിയേരി വ്യക്തമാക്കുകയും ചെയ്തു.

അസാധാരണമായ ഒരു കൊലപാതകം. എന്താണ് അതിലേക്ക് നയിച്ച കാരണമെന്ന് ആര്‍ക്കും വ്യക്തമായില്ല. കൊല്ലപ്പെട്ടയാളുടെ സംഘടനതന്നെ, ആരാണ് കൊലപാതകികളെന്ന് പരസ്യമായി പ്രഖ്യാപിച്ചതോടെ പൊലീസ് നീക്കവും ആ വഴിക്കായി. ലോക്കല്‍പൊലീസിന്റെ അന്വേഷണത്തില്‍ കൊലപാതകികളെ കണ്ടെത്താനായില്ല. ഏറെ ദുരൂഹമായ കാര്യങ്ങളാണ് അന്വേഷണത്തില്‍ മുന്നില്‍ വന്നത്. ഫസല്‍ കൊല്ലപ്പെട്ടത് പുലര്‍ച്ചെ നാലിനാണ്. പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോള്‍ വയറ്റില്‍ ദഹിക്കാത്ത ബിരിയാണി കണ്ടെത്തിയിരുന്നു. ഫസലിന്റെ വീട്ടില്‍നിന്ന് ബിരിയാണി കഴിച്ചിരുന്നില്ല. മറ്റെവിടെയെങ്കിലും പോയതായി വീട്ടുകാര്‍ക്ക് അറിവുമില്ല.

കേസ് എങ്ങനെയെങ്കിലും അവസാനിപ്പിക്കണം എന്ന താല്‍പ്പര്യം അന്ന് ചില എന്‍ഡിഎഫ് നേതാക്കളില്‍ പ്രകടമായിരുന്നു. ആര്‍എസ്എസുകാരെ അറസ്റ്റുചെയ്യാന്‍ അവര്‍ പൊലീസില്‍ നിരന്തരം സമ്മര്‍ദം ചെലുത്തി. അതേ ആവശ്യമുന്നയിച്ച് ആഭ്യന്തരമന്ത്രിക്ക് നിവേദനം നല്‍കി. പക്ഷേ, തെളിവില്ലാതെ നിഗമനത്തിലെത്താന്‍ പൊലീസ് തയ്യാറായില്ല. കേസ് അന്വേഷണം തുടക്കംമുതല്‍ ഇരുട്ടിലായിരുന്നു. തലശേരി സിഐ ആയിരുന്ന പി സുകുമാരനാണ് എഫ്ഐആര്‍ ഇട്ടത്. അദ്ദേഹം മൂന്നു ദൃക്സാക്ഷികളെ ചോദ്യംചെയ്തു. കൊന്നവരെ തിരിച്ചറിയാന്‍ സാക്ഷികള്‍ക്ക് കഴിഞ്ഞില്ല. പരാതിക്കാരനോ പ്രതികളെക്കുറിച്ച് കൃത്യമായ വിവരമോ ഇല്ലാത്ത സാഹചര്യത്തില്‍ കൊലപാതകക്കുറ്റത്തിന് പൊലീസ് സ്വമേധയാ കേസ് ചാര്‍ജ്ചെയ്തു. ഡിവൈഎസ്പി രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ സ്പെഷ്യല്‍ ടീമിനെ അന്വേഷണത്തിന് നിയോഗിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ 105 പേരെ ചോദ്യംചെയ്തു. എന്താണ് സംഭവിച്ചതെന്നു മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. ഒരു പുരോഗതിയുമില്ലാതെ വന്നപ്പോള്‍ അന്വേഷണച്ചുമതല കണ്ണൂര്‍ ക്രൈംബ്രാഞ്ച് സിഐഡിക്ക് കൈമാറി. 2006 നവംബര്‍ എട്ടിന് ഡിവെഎസ്പി ഡി സാലി സംഘത്തിന്റെ നേതൃത്വമേറ്റു. പിന്നെയും ചോദ്യംചെയ്യല്‍. ഇത്തവണ 149 പേരെയാണ് വിളിച്ചുവരുത്തി ചോദ്യംചെയ്തത്. 2007 ജനുവരി 22 വരെ അന്വേഷണം അതേ നിലയില്‍ തുടര്‍ന്നു- കണ്ടെത്തല്‍മാത്രം ഉണ്ടായില്ല. കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പി മോഹന്‍ദാസായി തുടര്‍ന്നുള്ള അന്വേഷണച്ചുമതലക്കാരന്‍. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 33 പേരെയാണ് ചോദ്യംചെയ്തത്. കോഴിക്കോട് സ്ഫോടനക്കേസ് വന്നപ്പോള്‍ അതന്വേഷിക്കാന്‍ പോയ മോഹന്‍ദാസിനു പകരം ടി കെ രാജ്മോഹന്‍ വന്നു. തെളിവെടുപ്പും ചോദ്യംചെയ്യലും പരിശോധനകളുമെല്ലാം മുറയ്ക്ക് നടന്നതല്ലാതെ കേസിനെക്കുറിച്ച് ഒരു തുമ്പും അപ്പോഴും കിട്ടിയില്ല.

കുറ്റവാളികളെ പിടിക്കാത്തതില്‍ ഫസലിന്റെ കുടുംബം അതൃപ്തി രേഖപ്പെടുത്തി. പൊലീസ് അനാസ്ഥയെക്കുറിച്ച് തുടരെ വാര്‍ത്തകള്‍ വന്നു. അന്വേഷണത്തില്‍ ഒത്തുകളി നടക്കുന്നു എന്ന ആക്ഷേപമുയര്‍ന്നു. അതോടെ, കേസ് എവിടെയെങ്കിലും കൊണ്ടുകെട്ടാനായി ശ്രമം. സംഭവം നടന്ന് ഒരു വര്‍ഷമാകുമ്പോള്‍, 2007 ഒക്ടോബര്‍ എട്ടിനും പത്തിനുമായി മൂന്നുപേരെ അറസ്റ്റ് ചെയ്തു. അവര്‍ക്കെതിരെ കൃത്യമായ തെളിവുണ്ടായിട്ടല്ല- ക്രൈംബ്രാഞ്ചിന്റെ മുഖം രക്ഷിക്കാനുള്ള അഭ്യാസം. ഈ മൂന്നുപേര്‍ 90 ദിവസത്തെ റിമാന്‍ഡിനുശേഷം ജാമ്യത്തില്‍ പുറത്തിറങ്ങി. വിചിത്രമായ കാര്യം, പിന്നീട് സിബിഐ അന്വേഷിച്ചപ്പോള്‍ ഇവര്‍ക്കെതിരെ തെളിവുകളൊന്നും ലഭിച്ചില്ല എന്നതാണ്. എന്നിട്ടുമെന്തേ അവരെ ഒഴിവാക്കുന്നില്ല എന്ന ചോദ്യത്തിന്, അവരെ ഒഴിവാക്കാനുള്ള തെളിവൊന്നും കിട്ടിയില്ല എന്നാണ് സിബിഐ ഉദ്യോഗസ്ഥന്‍ മറുപടി നല്‍കിയത്. ഒന്നാംപ്രതിയായി ചേര്‍ത്തത്, ഇപ്പോള്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പിടിയിലായ കൊടി സുനിയെ ആണ്. സിബിഐ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ അയാള്‍ ക്ഷുഭിതനായത്രേ. "ഒരു കേസില്‍ ഒന്നാം പ്രതിയേക്കാള്‍ വലിയ പ്രതിയുണ്ടോ? നിങ്ങള്‍ ഏതായാലും എന്നെ ഒന്നാംപ്രതിയാക്കി. ഇതില്‍കൂടുതല്‍ ഒന്നും വരാനില്ലല്ലോ. അതുകൊണ്ട് ഹാജരാകാന്‍ സൗകര്യമില്ല" എന്നാണ് സുനി പ്രതികരിച്ചത്. പിന്നെ ചോദ്യംചെയ്യാന്‍ സിബിഐക്ക് തോന്നിയില്ല. ആയിടയ്ക്ക് എന്‍ഡിഎഫ് ഉള്‍പ്പെട്ട നിരവധി അക്രമസംഭവങ്ങള്‍ അനുദിനം വാര്‍ത്തയാകുന്നുണ്ടായിരുന്നു. ആ സംഘടനയുടെ താലിബാന്‍ രീതികള്‍ക്കെതിരെ സിപിഐ എം ശക്തമായ നിലപാടെടുത്തു. പൊലീസ് കാര്‍ക്കശ്യത്തോടെ എന്‍ഡിഎഫ് അക്രമങ്ങളെ നേരിട്ടു. സിപിഐ എമ്മിനെ കടുത്ത ശത്രുക്കളായി കാണാന്‍ തുടങ്ങിയ എന്‍ഡിഎഫ്, തലശേരിയില്‍ ന്യൂനപക്ഷങ്ങള്‍ക്കിടയിലുള്ള പാര്‍ടി സ്വാധീനം തകര്‍ക്കുന്നതിന് മുന്‍ഗണന നല്‍കി. ആര്‍എസ്എസിന്റെ ആക്രമണത്തില്‍നിന്ന് തലശേരിയിലെ ന്യൂനപക്ഷ സമുദായാംഗങ്ങളെ രക്ഷിക്കാന്‍ സ്വജീവന്‍ കൊടുക്കാന്‍ തയ്യാറായ കമ്യൂണിസ്റ്റുകാര്‍ക്ക് തലശേരിയിലെ മുസ്ലിം സമൂഹത്തില്‍ അസൂയാര്‍ഹമായ സ്ഥാനമാണുള്ളത്. എന്‍ഡിഎഫിന്റെ പടയോട്ടം തടയപ്പെട്ടതും ആ സ്വാധീനംകൊണ്ടുതന്നെ. സിപിഐ എമ്മിനെ പഴിചാരാനുള്ള ആയുധമായി ഫസല്‍വധക്കേസ് പരിവര്‍ത്തനപ്പെടുന്നത് ആ സാഹചര്യത്തിലാണ്. അതുവരെ ഫസല്‍വധത്തില്‍ മറ്റുവിധത്തിലുള്ള സംശയങ്ങള്‍ പ്രകടിപ്പിക്കപ്പെട്ടിരുന്നില്ല. ഫസലും സിപിഐ എമ്മും തമ്മില്‍ പ്രത്യേക വിരോധമുണ്ട് എന്ന കഥകളും ജനിച്ചിരുന്നില്ല. എന്‍ഡിഎഫുകാരന്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് തലശേരിയില്‍ ആര്‍എസ്എസ്- എന്‍ഡിഎഫ് സംഘട്ടനം വന്നാലുണ്ടാകുന്ന വിപത്ത് തിരിച്ചറിഞ്ഞ് ഇരുകൂട്ടര്‍ക്കുമെതിരെ ശക്തമായ പ്രചാരണമാണ് സിപിഐ എം സംഘടിപ്പിച്ചത്. കൊലയാളികളെ നിയമത്തിനുമുന്നില്‍കൊണ്ടുവരണമെന്ന് പാര്‍ടി നിരന്തരം ആവശ്യപ്പെട്ടു. പെട്ടെന്നൊരുനാള്‍ ഫസലിന്റെ ഭാര്യ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. അതിന് ചുക്കാന്‍ പിടിച്ചത് എന്‍ഡിഎഫ് നേതൃത്വംതന്നെയാണ്. ഹൈക്കോടതി ആ അപേക്ഷ പരിഗണിക്കുമ്പോഴേക്കും പുതിയ കഥകള്‍ പിറന്നു. സംഭ്രമജനകമായ വാര്‍ത്തകള്‍കൊണ്ട് മാധ്യമങ്ങള്‍ നിറഞ്ഞു.

ഏറെ പ്രകോപനപരമായ ചില പരാമര്‍ശങ്ങളോടെയാണ് ജസ്റ്റിസ് രാംകുമാര്‍ കേസ് സിബിഐ അന്വേഷണത്തിന് വിട്ടത്. സാധാരണ നിലയില്‍ കേസന്വേഷണം എങ്ങനെയെങ്കിലും ഒതുക്കാനല്ലാതെ സിബിഐയെ വിളിക്കാനൊന്നും എന്‍ഡിഎഫ് തയ്യാറാകാറില്ല. ഏതുതരം അന്വേഷണത്തെയും അവര്‍ ഭയപ്പെടുന്നു. ആയുധശേഖരണം, പരിശീലനം, വിദേശ ബന്ധങ്ങള്‍, സദാചാരപൊലീസ് ചമയല്‍, ധനസ്രോതസ്സുകള്‍- ഇങ്ങനെ മറച്ചുവയ്ക്കാന്‍ പലതുമുള്ളവര്‍ക്ക് അവരുമായി നേരിട്ടു ബന്ധമുള്ള അന്വേഷണത്തെ നേരിടാനാകില്ല. ഇവിടെ മറിച്ചു സംഭവിച്ചത് ഒറ്റനോട്ടത്തില്‍ വിചിത്രമാണ്- സുക്ഷ്മാംശത്തില്‍ കുശാഗ്രബുദ്ധിയും. എന്‍ഡിഎഫും സിബിഐയും യോജിക്കുന്ന മേഖല ഏതെന്ന അന്വേഷണത്തില്‍, തലശേരിയുടെ പ്രത്യേക സാഹചര്യത്തില്‍ രാഷ്ട്രീയമുതലെടുപ്പിനായി രംഗത്തുവന്ന ഒരു യുഡിഎഫ് നേതാവിന്റെ മുഖമാണ് തെളിയുക. ഒരേസമയം രണ്ടുകാര്യങ്ങള്‍- സിപിഐ എമ്മിന്റെ തലശേരിയിലെ സ്വാധീനം തളര്‍ത്തലും എന്‍ഡിഎഫിന്റെ സഹായം പറ്റലും. ഫസല്‍ വധക്കേസിന്റെ ഇന്നത്തെ അവസ്ഥയ്ക്കു പിന്നില്‍ യുഡിഎഫ് രാഷ്ട്രീയത്തിന്റെ ഈ സൃഗാല തന്ത്രമാണ്.

(അവസാനിക്കുന്നില്ല)

2012, ജൂൺ 17, ഞായറാഴ്‌ച

പാര്‍ട്ടി വിരുദ്ധ പ്രചാരണത്തിന്റെ ആശയ വെല്ലുവിളികള്‍


  • ഡോ. ടി എം തോമസ് ഐസക്
  • കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആരംഭിക്കുന്നത് കമ്മ്യൂണിസത്തെ പിടിച്ചുകെട്ടാന്‍ റഷ്യയിലെ സാര്‍ ചക്രവര്‍ത്തി മുതല്‍ ജര്‍മ്മന്‍ ചാരന്മാര്‍ വരെ അടങ്ങുന്ന അവിശുദ്ധ കൂട്ടുകെട്ടിനെ പരാമര്‍ശിച്ചുകൊണ്ടാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം രൂപംകൊണ്ട നാള്‍ മുതല്‍ സാര്‍വത്രികമായിട്ടുളള ഒരനുഭവമാണ് ഇത്. നിലവിലുളള വ്യവസ്ഥയെ അട്ടിമറിക്കാനുളള ആഹ്വാനവുമായുളള വിപ്ലവ പ്രസ്ഥാനത്തിന്റെ രൂപീകരണത്തെയും വളര്‍ച്ചയെയും എല്ലാ ഭരണകൂടങ്ങളും ആശങ്കയോടെയാണ് നോക്കിക്കാണുക. എങ്ങിനെ പ്രസ്ഥാനത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ കഴിയുമെന്ന പരിശ്രമം നടത്താത്ത ഒരു കാലത്തേയോ നാടിനേയോ കാണാനാവില്ല. അങ്ങിനെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അതിന്റെ വളര്‍ച്ചയുടെ ഘട്ടത്തില്‍ നിരന്തരമായ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നു. എന്നാല്‍ ഇരകളെത്തന്നെ അക്രമികളെന്ന് മുദ്രകുത്താനാണ് പിന്തിരിപ്പന്‍മാര്‍ ശ്രമിക്കുക. നമ്മുടെ അനുഭവവും വ്യത്യസ്തമല്ല.

    1920 ലാണ് താഷ്കെന്റില്‍ വച്ച് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകൃതമായത്. എന്നാല്‍ കല്‍ക്കട്ടയില്‍വച്ച് പ്രഥമ അഖിലേന്ത്യാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ 13 വര്‍ഷം കഴിഞ്ഞ് 1933 വരെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് കാത്തിരിക്കേണ്ടി വന്നു. രാഷ്ട്രീയ പ്രമേയവും താല്‍ക്കാലിക ഭരണഘടനയും അംഗീകരിച്ചു. ഒരു അഖിലേന്ത്യാ കേന്ദ്ര കമ്മറ്റിയെയും സെക്രട്ടറിയായി ഡോ.അധികാരിയേയും തെരഞ്ഞെടുത്തു. ഇതുകഴിഞ്ഞ് 10 വര്‍ഷം കഴിഞ്ഞിട്ടാണ് ബോംബെയില്‍വച്ച് പ്രഥമ പാര്‍ട്ടി കോണ്‍ഗ്രസ്സ് ചേരാന്‍ കഴിഞ്ഞത്. 1920 ലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകൃതമായതെങ്കിലും 1930 കളുടെ മധ്യം മുതലാണ് പാര്‍ട്ടിക്ക് സംഘടിതമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത്. എന്തുകൊണ്ട്? ഇവിടെയാണ് ഇന്ത്യയിലെ കേന്ദ്രീകൃത ബ്രിട്ടീഷ് ഭരണകൂടം നവജാത പാര്‍ട്ടിക്കെതിരെ നടത്തിയ ഭീകരമായ കടന്നാക്രമണ കഥ അനാവരണം ചെയ്യേണ്ടി വരുന്നത്. ബ്രിട്ടീഷ് ഇന്റലിജന്‍സ് വകുപ്പിന്റെ പ്രഥമ കര്‍ത്തവ്യങ്ങളിലൊന്ന് കമ്മ്യൂണിസ്റ്റ് വേട്ടയായി തീര്‍ന്നു. കമ്മ്യൂണിസ്റ്റ് സാഹിത്യം ഇന്ത്യയില്‍ നിരോധിക്കപ്പെട്ടു. ആശയ പ്രചരണം തടയുക മാത്രമല്ല നേതാക്കന്മാരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. സോവിയറ്റ് യൂണിയനില്‍ നിന്ന് രാഷട്രീയ പഠനം കഴിഞ്ഞ് ഇന്ത്യയിലേക്ക് തിരിച്ചുവന്ന മുജാഹിദുകളെ 1922 ല്‍ പെഷവാറില്‍ വച്ച് അറസ്റ്റ് ചെയ്തു. ഇത് ആദ്യത്തെ പെഷവാര്‍ ഗൂഢാലോചനക്കേസാണ്. 13 പേര്‍ കഠിന തടവിന് ശിക്ഷിക്കപ്പെട്ടു. ഇതുപോലെ 1927-വരെ 5 പെഷവാര്‍ ഗൂഢാലോചനക്കേസുകളാണ് ബ്രിട്ടീഷുകാര്‍ ചാര്‍ജ്ജ് ചെയ്തത്. കാണ്‍പൂര്‍ ഗൂഢാലോചനക്കേസില്‍ 13 പേരായിരുന്നു ജയിലില്‍. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട 31 കമ്മ്യൂണിസ്റ്റുകാര്‍ 1921 ല്‍ മീററ്റ് ഗൂഢാലോചനക്കേസില്‍ പ്രതികളായി.

    കമ്മ്യൂണിസ്റ്റ് എന്ന് അറിയപ്പെടുന്ന മുഴുവന്‍ പേരും അറസ്റ്റിനും പീഡനത്തിനും ഇടയായി. ഈ ക്രൂര മര്‍ദ്ദനങ്ങള്‍ അതിജീവിച്ചാണ് മുപ്പതുകളുടെ മധ്യത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്രീകൃത സംഘടനയായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. ഇന്ത്യയുടെ ഏതു പ്രദേശത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രമെടുത്താലും വിവരണാതീതമായ പീഡനങ്ങളെ അതിജീവിച്ചുകൊണ്ടാണ് വളര്‍ന്നുവന്നതെന്നു കാണാം. പാര്‍ട്ടിയുടെ 20-ാം കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് എടുത്ത കണക്കു പ്രകാരം നൂറുകണക്കിനു വരുന്ന പുന്നപ്ര-വയലാര്‍ രക്തസാക്ഷികളെ ഉള്‍പ്പെടുത്താതെ തന്നെ 528 കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ നമ്മുടെ സംസ്ഥാനത്ത് പോലീസ് മര്‍ദ്ദനങ്ങളിലും ഗുണ്ടാ ആക്രമണങ്ങളിലും മറ്റും രക്തസാക്ഷിത്വം വരിക്കുകയുണ്ടായി. ഇത്രയേറെ രാഷ്ട്രീയ കൊലപാതങ്ങള്‍ക്ക് ഇടയായിട്ടുളള മറ്റേതു പാര്‍ട്ടിയുണ്ട്?

    വടക്കേ മലബാറിലും ഇടുക്കി മലയോരങ്ങളിലും കുട്ടനാട് പാടശേഖരങ്ങളിലും പരമ്പരാഗത വ്യവസായ സമര മുഖങ്ങളിലും ഭരണവര്‍ഗ്ഗങ്ങളുടെ കടന്നാക്രമണങ്ങള്‍ക്ക് ഇരയായി എത്ര പേരാണ് മരിച്ചത്! ഈ രക്തസാക്ഷികളുടെ പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. ഈ കടന്നാക്രമണങ്ങളെ അതിജീവിക്കാന്‍ കഴിഞ്ഞത് ജനങ്ങളെ അണിനിരത്തിയതുകൊണ്ടാണ്. ചെറുത്തു നില്‍പ്പിന്റെ രൂപമെന്തെന്ന് കമ്മ്യൂണിസ്റ്റുകാര്‍ക്ക് തനിയെ തീരുമാനിക്കാനാവുകയില്ല. കായികമായ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും ഉണ്ടായിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകാര്‍ ആഗ്രഹിക്കുന്നതുകൊണ്ടല്ല, മറിച്ച് ഭരണകൂടത്തിന്റെയും പിന്തിരിപ്പന്മാരുടെയും ബലപ്രയോഗം അത്തരം ചെറുത്ത് നില്‍പ്പ് അനിവാര്യമാക്കുന്നു. പോരാട്ടങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നവരോ ഒളിച്ചോടുന്നവരോ അല്ല കമ്മ്യൂണിസ്റ്റുകാര്‍. പക്ഷേ ഒരു കാര്യം അസന്ദിദ്ധമായി പാര്‍ട്ടി എന്നും തളളിപ്പറഞ്ഞിട്ടുണ്ട്. വ്യക്തി ഉന്മൂലനത്തിലൂടെ രാഷ്ട്രീയ എതിര്‍പ്പുകളെ ഇല്ലാതാക്കുക എന്നത് പാര്‍ട്ടി നയമല്ല. അറുപതുകളില്‍ നക്സല്‍ പ്രവണതകളോട് പാര്‍ട്ടി കണക്കുതീര്‍ത്തപ്പോള്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ തളളിക്കളഞ്ഞ ഒരു കാഴ്ചപ്പാടാണിത്. രാഷ്ട്രീയ എതിരാളികളെ ഭയപ്പടുത്തി ജനങ്ങളെ ആവേശം കൊളളിക്കാനുളള ഒരു പ്രധാന സമരരൂപമായിട്ടാണ് നക്സലൈറ്റുകള്‍ ഉന്മൂലന സിദ്ധാന്തം മുന്നോട്ടുവച്ചത്. എന്നാല്‍ ഇത്തരം രാഷ്ട്രീയ കൊലപാതകങ്ങള്‍ വിപരീത ഫലമാണ് ഉണ്ടാക്കുക. അത് പാര്‍ട്ടിയെ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്തുന്നു. ജനങ്ങള്‍ക്കു പകരം ഒരുപിടി ധീരന്മാരുടെ കടന്നാക്രമണമായി രാഷ്ട്രീയത്തെ ചുരുക്കുന്നു. ആ അര്‍ത്ഥത്തില്‍ ഉന്മൂലന സിദ്ധാന്ത പരിപാടി അരാഷ്ട്രീയ വാദമാണ്. ഇത് മാര്‍ക്സിസ്റ്റ് പ്രയോഗത്തിന്റേതല്ല. മറിച്ച് അരാജകവാദത്തിന്റേതാണ്.

    ടി.പി.ചന്ദ്രശേഖരന്റെ വധം സിപിഐ എമ്മിന്റെ തലയില്‍ കെട്ടിവച്ച് പാര്‍ട്ടി കൊലയാളി സംഘമാണ് എന്നു വരുത്തിത്തീര്‍ക്കാനുളള കൊണ്ടുപിടിച്ച പ്രചാരണമാണ് ഇന്ന് കേരളത്തില്‍ നടക്കുന്നത്. കെപിആര്‍ ഗോപാലന്‍, എംവി രാഘവന്‍, ഗൗരിയമ്മ തുടങ്ങി എത്രയോ തലമുതിര്‍ന്ന നേതാക്കളാണ് രാഷ്ട്രീയ കാരണങ്ങളാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടിട്ടുളളത്. അവരില്‍ പലരും സിഎംപി, ജെഎസ്എസ് തുടങ്ങിയ പല പേരുകളില്‍ ഈര്‍ക്കില്‍ പാട്ടികളുണ്ടാക്കി ഇന്നും പ്രവര്‍ത്തിക്കുന്നു. അവരോടൊന്നും തോന്നാത്ത വ്യക്തി വിരോധം ഏതാനും പഞ്ചായത്തുകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ചന്ദ്രശേഖരന്റെ പാര്‍ട്ടിയോട് സിപിഐ എമ്മിന് എന്തിന് തോന്നണം?

    കേരളത്തിലെ അറിയപ്പെടുന്ന രാഷ്ട്രീയ നേതാക്കളുടെ കൊലപാതകങ്ങള്‍ക്കെല്ലാം ഇരകള്‍ സിപിഐ എം നേതാക്കളായിരുന്നെന്നോര്‍ക്കുക. ഇടതുപക്ഷ തീവ്രവാദികള്‍ വധിച്ച സ.അഴീക്കോടന്‍ രാഘവനെ, ഏതൊരു മലയാളിക്കാണ് മറക്കാന്‍ കഴിയുക. കേരളത്തില്‍ ആദ്യമായി വധിക്കപ്പെടുന്ന എംഎല്‍എ സ.കുഞ്ഞാലിയുടെ ഘാതകര്‍ കോണ്‍ഗ്രസ്സുകാരായിരുന്നു. പാര്‍ട്ടി മാറിയതിന്റെ പേരില്‍ ഏതെങ്കിലും നേതാവിനെ കൊന്നിട്ടുണ്ടെങ്കില്‍ അതിനുളള ക്രെഡിറ്റും കോണ്‍ഗ്രസ്സിനാണ്. കൊടുങ്ങല്ലൂര്‍ എംഎല്‍എയായിരുന്ന അബ്ദുള്‍ ഖാദറിന്റെ വധം. ചാവക്കാട് മുനിസിപ്പല്‍ ചെയര്‍മാനായിരുന്ന കെ.പി.വത്സലനെ വധിച്ചത് ലീഗ്-കോണ്‍ഗ്രസ്സ് ഗുണ്ടകളായിരുന്നു. മൊയ്യാരത്ത് ശങ്കരന്‍ മുതലുളള 200 ഓളം കമ്മ്യൂണിസ്റ്റുകാരുടെ രക്തക്കറ പുരണ്ടതാണ് കോണ്‍ഗ്രസ്സിന്റെ കൈകള്‍. അവരാണിപ്പോള്‍ ചന്ദ്രശേഖരന്‍ വധത്തിന്റെ പേരില്‍ സിപിഐ എമ്മിനെ കൊലയാളി സംഘമെന്ന് മുദ്രകുത്താന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്. പ്രചാരവേലയുടെ മുന്നില്‍ മാധ്യമങ്ങളാണ്. മാതൃഭൂമിയുടേയും മനോമരമയുടേയും കടുത്ത മാര്‍ക്സിസ്റ്റ് വിരുദ്ധ പ്രചാരണത്തോടൊപ്പം മറ്റു പത്രങ്ങളും ചേര്‍ന്നപ്പോള്‍ ഏതാണ്ട് 40 ലക്ഷം കമ്മ്യൂണിസ്റ്റ് വിരുദ്ധ സാഹിത്യം കേരളത്തിലെ വീടുകളിലെത്തുന്ന സ്ഥിതിയായി. കഴിഞ്ഞ ഒരുമാസം 24 മണിക്കൂര്‍ വാര്‍ത്താ ചാനലുകളുടെ ഹെഡ് ലൈനുകള്‍ ചന്ദ്രശേഖരന്‍ വധമാണ്.

    പെട്രോള്‍ വിലവര്‍ദ്ധന പോലും രണ്ടാം സ്ഥാനത്തായി. വായനക്കാരുടെ ഉത്കണ്ഠയും ഔത്സുക്യവും വളര്‍ത്തിയെടുക്കാനുതകുംവിധം ഓരോ ദിവസവും ഓരോ കഥകളുമായിട്ടാണിറങ്ങുന്നത്. ആദ്യം പറഞ്ഞിരുന്ന അവസാനത്തെ ഫോണ്‍ വിളി, വീട്ടിലേക്കുളള വഴിയില്‍ നിന്നും മാറിയുളള യാത്ര, റഫീക്കെന്ന സൂത്രധാരന്‍ തുടങ്ങിയ പല കഥകളും ഇന്ന് പാഴ്കഥകളായിട്ടുണ്ട്. പക്ഷേ പൊതുജനത്തിന് ഓര്‍മ്മ കുറവാണല്ലോ. അന്നന്നുളള ചൂടന്‍ വാര്‍ത്തകളില്‍ അവര്‍ രമിച്ചുകൊളളും. പോലീസില്‍ നിന്നുളള സൂചനകളെന്ന വിശേഷണത്തോടെയുളള എന്തെല്ലാം ഭാവനാവിലാസങ്ങളാണ് എഴുന്നെളളിക്കുന്നത്. പോലീസ് ചോദ്യം ചെയ്തതിന്റെ മൊഴികള്‍ തല്‍സമയ സംപ്രേഷണമെന്നപോലെ പുറത്തുകൊണ്ടുവരുന്നു. സിപിഐ എം ഈ നിയമ വിരുദ്ധ നടപടിക്കെതിരെ കേസുകൊടുത്തപ്പോള്‍ പോലീസ് ഇവയാകെ നിഷേധിച്ചിരിക്കുകയാണ്.

    തങ്ങള്‍ മൊഴികള്‍ ആര്‍ക്കും ചോര്‍ത്തിക്കൊടുത്തിട്ടില്ലെന്നും പുറത്തുവന്ന കാര്യങ്ങളില്‍ പലതും വസ്തുതാ വിരുദ്ധമാണ് എന്നുമാണ് അവര്‍ കോടതിയില്‍ കൊടുത്ത പ്രസ്താവന. പ്രചരണത്തിന്റെ രീതി കണ്ടാല്‍ തോന്നുക കേരളത്തിലെ ആദ്യത്തെ കൊലപാതകമാണ് ഇതെന്നാണ്. ഒരു മാസത്തിന് മുമ്പ് നടന്ന ഇടുക്കിയിലെ എസ്എഫ്ഐ നേതാവ് അനീഷ് രാജന്റെ വധം ഇവരാരും കണ്ട മട്ടില്ല. അതിലെ പ്രതികളാരെന്നുളള അന്വേഷണമില്ല. പോലീസ് കണ്ടെത്തലുകളെക്കുറിച്ചുളള തുടര്‍ക്കഥകളില്ല. അനീഷിന്റെ അച്ഛന്റെയും അമ്മയുടേയും ദുഖവും ക്യാമറകളില്‍ പതിയുന്നില്ല. ഇങ്ങനെ നോക്കുമ്പോഴാണ് കേരളത്തില്‍ ഒരു മാസമായി നടക്കുന്ന മാധ്യമ പ്രചരണത്തിന്റെ ഉന്നം വ്യക്തമാക്കുന്നത്.

    പാര്‍ട്ടിയെ തകര്‍ക്കുന്നതിനായി വീണുകിട്ടിയ ഒരവസരമായാണ് എല്ലാ പാര്‍ട്ടി വിരുദ്ധരും ചന്ദ്രശേഖരന്‍ വധത്തെ കാണുന്നത്. അതേസമയം പാര്‍ട്ടിയെ പ്രതിരോധിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ ഒന്നിച്ചണിനിരക്കുന്ന കാഴ്ചയാണ് കേരളത്തില്‍ അങ്ങേളമിങ്ങോളം നടക്കുന്ന വിശദീകരണ യോഗങ്ങളിലും പോലീസ് മര്‍ദ്ദന വിരുദ്ധ മാര്‍ച്ചുകളിലും കാണാന്‍ കഴിയുന്നത്. ചന്ദ്രശേഖരന്‍ വധത്തില്‍ സിപിഐ എമ്മിന് പങ്കില്ലായെന്ന് പാര്‍ട്ടി വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. പാര്‍ട്ടിയുടെ നയസമീപനത്തിന് കടകവിരുദ്ധമാണ് ഇത്തരത്തിലുളള കൊലപാതകങ്ങള്‍. പാര്‍ട്ടിയുടെ ഒരു സംഘടനാ തലത്തിലും ഇതു സംബന്ധിച്ച് ചര്‍ച്ചയോ തീരുമാനമോ ഉണ്ടായിട്ടില്ല. പാര്‍ട്ടിയുടെ പരിശോധനയില്‍ ഒരു നേതാവോ പ്രവര്‍ത്തകനോ വധത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്താനായിട്ടില്ല. വധകൃത്യത്തിന്റെ പേരില്‍ അറസ്റ്റിലായിട്ടുളള ഗുണ്ടകള്‍ക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല. വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുളള പ്രാദേശിക നേതാക്കളെ ക്രൂരമായി മര്‍ദ്ദിച്ച് മൊഴിയെടുക്കുന്ന നിലയാണ് ഉണ്ടായിട്ടുളളത്. ഇത്തരം തെറ്റായ പോലീസ് നീക്കങ്ങളെ തുറന്നു കാണിക്കുകയും ചെറുക്കുകയും ചെയ്യും. എങ്കില്‍ തന്നെയും ഏതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ ഈ കൊലപാതകവുമായി ബന്ധമുണ്ടെന്നു തെളിഞ്ഞാല്‍ അവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ലെന്ന് ജനറല്‍ സെക്രട്ടറി അടക്കമുളളവര്‍ വ്യക്തമാക്കിക്കഴിഞ്ഞു. കാരണം അത്തരം നടപടി പാര്‍ട്ടി നയങ്ങള്‍ക്ക് വിരുദ്ധമാണ്.



    പാര്‍ട്ടിയെ തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയവരുടെ കയ്യില്‍ അവര്‍ കൈക്കോടാലികള്‍ ആവുകയാണ്. വ്യക്തികളല്ല പാര്‍ട്ടിയാണ് വലുത്. ജനങ്ങളോടുളള വിശ്വാസ്യത പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കും. പോലീസ് മര്‍ദ്ദനത്തേയും ഒഞ്ചിയത്തെ ഗുണ്ടാ വിളയാട്ടത്തേയും ഫലപ്രദമായി തുറന്നു കാണിക്കാന്‍ കഴിയുന്നുണ്ട്. ഇതോടൊപ്പം ചന്ദ്രശേഖരന്‍ വധത്തിന്റെ മറവില്‍ പാര്‍ട്ടി നിലപാടുകള്‍ക്കെതിരെ നടക്കുന്ന ശക്തമായ ആശയ കടന്നാക്രമണങ്ങളെ ചെറുക്കേണ്ടതും പ്രധാനമാണ്. ആര്‍എംപി നേതാക്കള്‍, മലപ്പുറം സമ്മേളനത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയ സെക്ടേറിയന്‍ ആശയക്കാര്‍, മുന്‍ നക്സലൈറ്റുകള്‍ മുതല്‍ പ്രത്യക്ഷ രാഷ്ട്രീയ നിലപാടുകളോ ബന്ധമോ ഇല്ലാത്ത സാംസ്കാരിക പ്രവര്‍ത്തകന്‍ വരെ നീളുന്ന ഒരു നീണ്ട നിര ഇവിടെ കാണാം. ഇവരെ നാലുതരക്കാരായി തിരിക്കാം.

    1. ആര്‍എംപി എന്ന ഒഞ്ചിയത്തെ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടിക്ക് വ്യക്തമായ ഒരു രാഷ്ട്രീയ കാഴ്ചപ്പാട് ഉണ്ടെന്ന് പറയാനാവില്ല. സിപിഐ എമ്മിന്റെ നയപരിപാടികളോട് അഭിപ്രായവ്യത്യാസമില്ല, നേതാക്കളോടാണ് വിയോജിപ്പ് എന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് വി.ബി ചെറിയാനെ പോലെ 1964 ലെ പാര്‍ട്ടി പരിപാടി ശരി; പക്ഷേ പുതുക്കിയ പാര്‍ട്ടി പരിപാടി ശരിയല്ല എന്നു പറഞ്ഞു. ഇപ്പോഴാകട്ടെ സിപിഐ എം ഫാസിസ്റ്റ് പാര്‍ട്ടിയായി മാറിക്കറിഞ്ഞു എന്ന നിഗമനത്തിലാണവര്‍.

    2. പാര്‍ട്ടി മലപ്പുറം സമ്മേളനത്തെ തുടര്‍ന്ന് സെക്ടേറിയന്‍ കാഴ്ചപ്പാടുകളുമായി പുറത്തുപോയ ആസാദ്, ഹരിഹരന്‍, സുഗതന്‍, ഉമേഷ് ബാബു തുടങ്ങി, ഇടതുപക്ഷ ഏകോപന സമിതി പോലുളള സംഘടനകളുമായി ചുറ്റിപ്പറ്റി നില്‍ക്കുന്നവരാണ് രണ്ടാമത്തെ വിഭാഗം. സിപിഐ എമ്മിലെ വലതുപക്ഷ വല്‍ക്കരണത്തിനെതിരായിട്ടാണത്രെ അവരുടെ യുദ്ധം. പാര്‍ട്ടി പിന്തുടരുന്നത് നിയോ ലിബറല്‍ നയങ്ങളാണുപോലും. ഇവരാണ് ചാനലുകളിലും മാധ്യമങ്ങളിലും ഇടതുപക്ഷ വിരുദ്ധ പ്രചാരണത്തിനു ഏറ്റവും മുന്നില്‍.

    3. മുന്‍പ് നക്സലൈറ്റ് നേതാവായിരുന്ന കെ. വേണുവും കൂട്ടരും (?) ആണു മറ്റൊരു വിഭാഗം. ഇവര്‍ക്ക് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെന്നല്ല മാര്‍ക്സിസത്തില്‍ തന്നെ വിശ്വാസമില്ല. മുതലാളിത്ത ജനാധിപത്യത്തിന്റെ അപ്പോസ്തലന്മാരായി ഇവര്‍ മാറിയിട്ടുണ്ട്. സിപിഐ എം വലത്തോട്ടു പോകുന്നില്ല എന്നതാണ് ഇവരുടെ വിമര്‍ശനം. ജനാധിപത്യ ധ്വംസനത്തിനെതിരെയുളള പതാക വാഹകരായിട്ടാണ്. ചന്ദ്രശേഖരന്‍ വധത്തെ തുടര്‍ന്ന് ഇവര്‍ രംഗപ്രവേശം ചെയ്തിട്ടുളളത്.

    4. പിന്നെ അവസാനമായി പ്രത്യക്ഷ രാഷ്ട്രീയ ബന്ധമൊന്നുമില്ലാത്ത ഒട്ടേറെ സാഹിത്യകാരന്മാരും സാംസ്കാരിക പ്രവര്‍ത്തകരും ഈ നിഷ്ഠൂര വധത്തെ അപലപിച്ചിട്ടുണ്ട്. ഇതിന് സിപിഐ എമ്മിന് അവരോട് യാതൊരു വിരോധവുമില്ല. ഈ വധത്തെ ആരും അപലപിക്കേണ്ടതാണ്. പക്ഷേ ഇതിന്റെ അടിസ്ഥാനത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ആകെ തളളിപ്പറയാനും അപകീര്‍ത്തിപ്പെടുത്താനും ശ്രമിക്കുന്ന മഹാശ്വേതാ ദേവിയെപ്പോലുള്ളവരുടെ ഇടപെടലുകളെ അനുകൂലിക്കുമ്പോഴാണ് അഭിപ്രായവ്യത്യാസം. മേല്‍പ്പറഞ്ഞ ചിന്താഗതികളെ തുറന്നുകാണിക്കുന്നതിനും മറുപടി പറയുന്നതിനുമാണ് ഈ ലേഖന പരമ്പരയില്‍ പരിശ്രമിക്കുക. (തുടരും)

2012, ജൂൺ 9, ശനിയാഴ്‌ച

കൊലപാതകങ്ങളും പിശാചുവേട്ടകളും

മാര്‍ക്സിസം ആശയങ്ങളുടെ കേവലതകളില്‍ വിശ്വാസമര്‍പ്പിക്കുന്നില്ല; കാരണം, കേവലതയില്‍ വിശ്വസിക്കുന്നവര്‍ക്ക് ഒന്നും മാറ്റിത്തീര്‍ക്കാനാവില്ല,ഒന്നും സംശയിക്കാനാവില്ല (Doubt Everything എന്ന് മാര്‍ക്സ് ). അഹിംസയെ അരാഷ്ട്രീയവും അചരിത്രപരവുമായ ഒരു സംവര്‍ഗമായി മാര്‍ക്സിസത്തിന് കാണാനാവാത്തതും അത് കൊണ്ട് തന്നെ. ചാരുകസേരാ ബുദ്ധിജീവികള്‍ക്ക് വലിയ വായില്‍ അഹിംസയെക്കുറിച്ച് ഗീര്‍വാണം വിടാം, കമ്മ്യൂണിസ്റുകാര്‍ക്ക് സാധ്യമല്ല . ആശയപരമായ സംഘര്‍ഷങ്ങള്‍ പലപ്പോഴും കായികമായ സംഘര്‍ഷങ്ങള്‍ക്ക് വഴി മാറാറുണ്ട് ; ആശയങ്ങള്‍ പാര്‍ക്കുന്നതു പുസ്തകങ്ങളിലല്ല, മനുഷ്യരുടെ തലച്ചോറുകളിലാണ് എന്നത് തന്നെ കാരണം. നിലനില്‍ക്കുന്ന സാമൂഹ്യവ്യവസ്ഥയുടെ ബന്ധമാതൃകകളെയും ലോകബോധങ്ങളെയും നിരന്തരം ആക്രമിക്കുന്ന ഒരു ( പ്രയോഗത്തിന്റെ) തത്വചിന്തയ്ക്ക് അങ്ങനെയല്ലാതെ തരമില്ല – ടി.പി ചന്ദ്രശേഖരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ സി.പി.എമ്മിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണെന്നും അതിനുപിന്നില്‍ കൃത്യമായ പക്ഷപാതിത്വമുണ്ടെന്നും എഴുതുന്നു,എസ് ആര്‍ നന്ദകുമാര്‍



‘വിനൂ, നമ്മുടെ ഈ ചര്‍ച്ചതന്നെ വളരെ പക്ഷപാതപരവും അശാസ്ത്രീയവും മൈതാനപ്രസംഗങ്ങള്‍ക്ക് തുല്യമായ വൈകാരിക വിക്ഷോഭവുമൊക്കെയാണ്. അതൊരുപക്ഷേ, യുക്തിസഹമായ കാര്യങ്ങളോ വസ്തുനിഷ്ഠമായ കാര്യങ്ങളോ തെളിവുകളോ ഒന്നുമല്ല. അങ്ങനെയുള്ള ഈ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പറ്റില്ല.
എസ് ആര്‍ നന്ദകുമാര്‍
ഇതുവരെ സംസാരിച്ചവര്‍ വികാരവിജൃംഭിതരായി മൈതാനപ്രസംഗം നടത്തുകയായിരുന്നു. ഒരു സംഭവം നടന്നു, ആ സംഭവത്തിന്റെ കുറ്റവാളികള്‍ ആരാണെന്ന് തെളിയുംമുമ്പ് ഇന്ന കുറ്റവാളിയാണെന്ന് പ്രഖ്യാപിക്കുകയും അത് ആ പ്രസ്ഥാനത്തിന്റെയും സംഘടനയുടെയും സെക്രട്ടറിമുതലുള്ള എല്ലാ നേതാക്കളെയും വായില്‍തോന്നുന്ന എല്ലാ അശ്ലീലപദങ്ങളും കൊണ്ടഭിഷേകം ചെയ്യുകയും ആ കുറ്റം അദ്ദേഹത്തിന്റെ മേല്‍ ആരോപിച്ചുകൊണ്ട് നമ്മള്‍ ഇതുവരെ കേട്ടിട്ടില്ലാത്ത ധാര്‍ഷ്ട്യം നിറഞ്ഞ വാചകങ്ങളിലൂടെ അതിനെപ്പറ്റി കുറ്റപ്പെടുത്തി പരാമര്‍ശിക്കുകയുമൊക്കെ ചെയ്യുന്ന വളരെ അണ്‍ബാലന്‍സ്ഡും അണ്‍പ്രൊഫഷണലുമായിട്ടുള്ള ഒരു ചര്‍ച്ചയാണിത്. വിനു, അതിനാണ് ഇപ്പോള്‍ ആധ്യക്ഷം വഹിക്കുന്നത്.
എനിക്ക് തോന്നുന്നത് ഇതുപോലുള്ളൊരു ചര്‍ച്ചയ്ക്ക് പ്രസക്തിയില്ല പ്രസക്തി ഉണ്ടായിരിക്കാം; പക്ഷേ ഇതുപോലുള്ള ഒരു പക്ഷപാതപരമായ രാഷ്ട്രീയപ്രസംഗം പോലെയാകുന്നതുകൊണ്ട് അതില്‍ എന്തുതരത്തില്‍ പറയണമെന്ന് എനിക്ക് മനസ്സിലാകുന്നില്ല. തല്‍ക്കാലം ഞാന്‍ ഈ ചര്‍ച്ചയില്‍ നിന്ന് പിന്മാറുകയാണ്.’എം ജി രാധാകൃഷ്ണന്‍ എന്ന സാമൂഹ്യ നിരീക്ഷകന്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ മനം മടുത്ത് പറഞ്ഞവസാനിപ്പിച്ചത് ഇങ്ങനെയാണ്. ചന്ദ്രശേഖരന്‍ വധത്തിനു ശേഷം മുഖ്യധാര മാധ്യമങ്ങളുടെ നഗ്നമായ മാര്‍ക്സിസ്റ് വിരുദ്ധ പക്ഷപാതത്തെ തുറന്നു കാട്ടുന്ന നിരീക്ഷണമാണ് ഇത്.



സി പി എം അതിന്റെ ചരിത്രത്തില്‍ മുന്‍പൊരിക്കലും നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയുടെ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത് എന്നാണ് നമ്മുടെ കോട്ടയം പത്രങ്ങള്‍ മുതല്‍ ബി ബി സി വരെ പറഞ്ഞുറപ്പിക്കാന്‍ ശ്രമിക്കുന്നത്. കേരളത്തെ ഗ്രസിച്ച അക്രമരാഷ്ട്രീയത്തിന്റെ ഭൂതത്തെ ഉച്ചാടനം ചെയ്യാന്‍ രൂപം കൊണ്ട് കഴിഞ്ഞ മാര്‍ക്സിസ്റ്വിരുദ്ധ മഴവില്‍ മുന്നണിയില്‍ ലിബറല്‍ ജനാധിപത്യവാദികളും തീവ്ര ഇടതുപക്ഷവാദികളും മാധ്യമപ്രഭ്രുതികളും എല്ലാം വൈരം മറന്ന് അണി ചേര്‍ന്ന് കഴിഞ്ഞു. ഇത്ര കാലവും പോലീസിന്റെയും ഭരണകൂടഭീകരതയുടെയും മറുപക്ഷം പിടിച്ചും ബീമാപ്പള്ളി വെടിവെപ്പ് മുതല്‍ പാര്‍ലമന്റ് ആക്രമണം വരെയുള്ള യക്ഷിക്കഥകളെ സംശയലേശമന്യേ തള്ളിപ്പറഞ്ഞും സി കെ ജാനുവും സലീന പ്രക്കാനവും മുതല്‍ അഫ്സല്‍ ഗുരുവും പേരറിവാളനും വരെയുള്ളവര്‍ക്ക് അഭിവാദ്യങ്ങളര്‍പ്പിച്ചുകൊണ്ടും മാധ്യമങ്ങളിലും സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും നിറഞ്ഞു നിന്ന പല സ്വതന്ത്ര/നവസാമൂഹ്യ ബുദ്ധിജീവി സിംഹങ്ങളും കേരളാ പോലീസിന്റെ സ്തുതിപാഠകരായി തീരുന്ന അത്ഭുതകരമായ പ്രതിഭാസത്തിനാണ് നാം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. ഇത്ര കാലവും പോലീസ് ഭാഷ്യങ്ങളുടെ വിമര്‍ശകപക്ഷം പിടിച്ചവര്‍, അവയുടെ ആധികാരികതയെ നിരന്തരം ചോദ്യം ചെയ്തവര്‍ നേരമൊന്നിരുട്ടി വെളുത്തപ്പോഴേക്കും അവയെ വെള്ളം തൊടാതെ വിഴുങ്ങാന്‍ തയ്യാറാവുന്നത് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് സി പി എം ആയതുകൊണ്ട് മാത്രമാണ് . അതുകൊണ്ട് തന്നെയാണ് സാമാന്യബുദ്ധിയെ വെല്ലുവിളിക്കും വിധം കൊലപാതകത്തിന്റെ അസൂത്രകന്റെ പേര് ദിനംപ്രതി മാറ്റിപ്പറഞ്ഞിട്ടും ഗൂഡാലോചനയുടെ പ്രഭവകേന്ദ്രം അന്ത്യേരി സുരയുടെ വീട് മുതല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ വരെ പലതും പറഞ്ഞുകേട്ടിട്ടും, ഇതായിരുന്നില്ലല്ലോ ഇന്നലെ നിങ്ങള്‍ പറഞ്ഞതെന്ന് ആരും തിരിച്ചു ചോദിക്കാത്തത്.
കേരളത്തില്‍ നടക്കുന്ന ആദ്യത്തെ രാഷ്ട്രീയ കൊലപാതകമോ രക്തസാക്ഷിത്വമോ ആയിരുന്നില്ല ചന്ദ്രശേഖരന്റെത് ; നമുക്കെല്ലാം അറിയാവുന്ന പോലെ, അവസാനത്തേതുമാകാന്‍ പോകുന്നില്ല. ചന്ദ്രശേഖരനും മുന്‍പേ നൂറു കണക്കിന് ഉശിരന്മാരായ കമ്മ്യൂണിസ്റുകാര്‍ ഫാസിസ്റ്റുകളുടെയും കോണ്‍ഗ്രസ് ഗുണ്ടകളുടെയും കൊലക്കത്തിയില്‍ പിടഞ്ഞു മരിച്ചിട്ടുണ്ട്. അവര്‍ രക്തസാക്ഷിത്വം വരിച്ചത്, തങ്ങളുടെ ജീവനേക്കാള്‍ ആശയങ്ങളെ സ്നേഹിച്ചത് കൊണ്ടാണ്.എന്നാല്‍ ടി പി ചന്ദ്രശേഖരന്‍ മാത്രമാണ് ചരിത്രത്തിലാദ്യമായി കൊല്ലപ്പെട്ട കമ്മ്യുണിസ്റ്കാരന്‍ എന്ന മട്ടിലാണ് മാധ്യമ തമ്പുരാക്കന്മാര്‍ വാര്‍ത്തകള്‍ പടച്ചു വിടുന്നത്. അപരന്റെ വാക്കുകള്‍ കാതിനു സംഗീതം ചൊരിയുന്ന ഒരു കാലത്തിനു വേണ്ടി ജീവന്‍ വെടിഞ്ഞവരുടെ ത്യാഗങ്ങളെയാണ് ഇവര്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടകളില്‍ ചവിട്ടി താഴ്ത്താന്‍ ശ്രമിക്കുന്നത്. ഒരു ജനതയുടെ വിപ്ളവ ഭൂതകാലത്തെയാണ് അന്ധമായ കമ്മ്യൂണിസ്റ് വിരുദ്ധതയുടെ പേരില്‍ ഇവര്‍ ഒറ്റിക്കൊടുക്കാന്‍ ശ്രമിക്കുന്നത്.
പ്രാഥമിക മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ട ഒരു കാലത്ത് നിവര്‍ന്നു നിന്ന് ആത്മാഭിമാനം വീണ്ടെടുത്ത് കൊടുത്ത പ്രസ്ഥാനമാണ് ഒരു നാലാംകിട കൊലപാതകസംഘമായി ഇന്ന് മാധ്യമങ്ങളാല്‍ പ്രതിനിധാനം ചെയ്യപ്പെടുന്നത്. “പ്രതി കള്ളനും തെമ്മാടിയും സര്‍വോപരി കമ്മ്യൂണിസ്റകാരനുമാ”ണെന്ന് പോലീസുകാര്‍ മഹസ്സറെഴുതിയ കാലത്ത് നിന്ന് ഈ സമരോത്സുക വര്‍ത്തമാനത്തിലേക്കുള്ള ചരിത്രഗതിയില്‍ ഇതു മാധ്യമത്തിന്റെ പരിലാളനയാണ് കമ്മ്യൂണിസ്റ് പ്രസ്ഥാനത്തിന് ലഭിച്ചിട്ടുള്ളത്? എന്നിട്ടിപ്പോള്‍ അക്രമരാഷ്ട്രീയത്തിന്റെ പേരില്‍ മാര്‍ക്സിസ്റ് പറുദീസാനഷ്ടത്തെയോര്‍ത്തു വിലപിക്കുന്നത്, പാര്‍ട്ടിയെ നന്നാക്കാനാണെന്നാരും കരുതി പോവരുത്. കമ്മ്യൂണിസ്റ് വിരുദ്ധ പ്രചാരവേലകളിലൂടെ മറ്റൊരു ഇന്തോനേഷ്യ ആവര്‍ത്തിക്കാമെന്നത്, ആരുടെ വ്യാമോഹമാണ്?
രണ്ട്
സി പി എം അഹിംസയെ ഒരു രാഷ്ട്രീയ ആദര്‍ശമായി അംഗീകരിക്കുകയോ തങ്ങളുടെ പ്രത്യയശാസ്ത്രത്തില്‍ ഉള്‍ചേര്‍ക്കുകയോ ചെയ്ത ഒരു രാഷ്ട്രീയ പ്രസ്ഥാനമല്ല. എന്നാല്‍ സി പി എമ്മിന്റെ പ്രസക്തിയും സവിശേഷതയും അതല്ല; മറ്റെല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ലിബറല്‍ ജനാധിപത്യത്തെ തങ്ങളുടെ മാര്‍ഗവും ലക്ഷ്യവുമായി പരിമിതപ്പെടുത്തുമ്പോള്‍ കമ്മ്യൂണിസ്റ് പാര്‍ട്ടി നിലനില്‍ക്കുന്ന അധികാരവ്യവസ്ഥയെ അട്ടിമറിക്കാനിറങ്ങി പുറപ്പെട്ട സാമൂഹ്യേച്ഛയുടെ മൂര്‍ത്തമായ ജൈവഘടനയാണ്. മറ്റെല്ലാ തത്വചിന്തകളും ലോകത്തെ വ്യാഖ്യാനിക്കുക മാത്രം ചെയ്യുമ്പോള്‍ മാര്‍ക്സിസം മാത്രമാണ് ലോകത്തെ മാറ്റിമറിക്കാന്‍ പരിശ്രമിക്കുന്ന പ്രയോഗത്തിന്റെ തത്വചിന്ത. അത് ആശയങ്ങളുടെ കേവലതകളില്‍ വിശ്വാസമര്‍പ്പിക്കുന്നില്ല; കാരണം, കേവലതയില്‍ വിശ്വസിക്കുന്നവര്‍ക്ക് ഒന്നും മാറ്റിത്തീര്‍ക്കാനാവില്ല,ഒന്നും സംശയിക്കാനാവില്ല (Doubt Everything എന്ന് മാര്‍ക്സ് ). അഹിംസയെ അരാഷ്ട്രീയവും അചരിത്രപരവുമായ ഒരു സംവര്‍ഗമായി മാര്‍ക്സിസത്തിന് കാണാനാവാത്തതും അത് കൊണ്ട് തന്നെ. ചാരുകസേരാ ബുദ്ധിജീവികള്‍ക്ക് വലിയ വായില്‍ അഹിംസയെക്കുറിച്ച് ഗീര്‍വാണം വിടാം, കമ്മ്യൂണിസ്റുകാര്‍ക്ക് സാധ്യമല്ല . ആശയപരമായ സംഘര്‍ഷങ്ങള്‍ പലപ്പോഴും കായികമായ സംഘര്‍ഷങ്ങള്‍ക്ക് വഴി മാറാറുണ്ട് ; ആശയങ്ങള്‍ പാര്‍ക്കുന്നതു പുസ്തകങ്ങളിലല്ല, മനുഷ്യരുടെ തലച്ചോറുകളിലാണ് എന്നത് തന്നെ കാരണം. നിലനില്‍ക്കുന്ന സാമൂഹ്യവ്യവസ്ഥയുടെ ബന്ധമാതൃകകളെയും ലോകബോധങ്ങളെയും നിരന്തരം ആക്രമിക്കുന്ന ഒരു ( പ്രയോഗത്തിന്റെ) തത്വചിന്തയ്ക്ക് അങ്ങനെയല്ലാതെ തരമില്ല.
കമ്മ്യൂണിസ്റ് പാര്‍ട്ടികള്‍ ലോകത്തെല്ലായിടത്തും ഏറ്റവും പഴി കേള്‍ക്കേണ്ടി വന്നിട്ടുള്ളതും അക്രമരാഷ്ട്രീയത്തിന്റെ പേരിലാണ്. മാര്‍ക്സിസത്തെ തങ്ങളുടെ തത്വചിന്തയായി അംഗീകരിക്കുന്ന എല്ലാ രാഷ്ട്രീയ പാര്‍ടികളും അത്തരം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരികയും ചെയ്യും; അത് സി പി എം ആയാലും ആര്‍ എം പി ആയാലും അങ്ങനെ തന്നെ . (അത് കൊണ്ടാവണമല്ലോ, ടി പി വധാനന്തരം സി പി എം പ്രവര്‍ത്തകര്‍ക്ക് അതിഭീകരമായ സംഘടിതാക്രമാനങ്ങള്‍ ആ പ്രദേശങ്ങളില്‍ ഏറ്റുവാങ്ങേണ്ടി വന്നത് പക്ഷെ അതാരും അക്രമ രാഷ്ട്രീയതിന്റെ അക്കൌണ്ടില്‍ എഴുതിചേര്‍ത്തുകണ്ടില്ല. ) ആര്‍ എം പി യുടെ രൂപീകരണത്തിനുള്ള പല കാരണങ്ങള്‍ വലതുപക്ഷവ്യതിയാനം മുതല്‍ പഞ്ചായത്തിലെ അധികാരതര്‍ക്കങ്ങള്‍ വരെ പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും അതിലൊന്നും അക്രമരാഷ്ട്രീയമുണ്ടായിരുന്നില്ല എന്നത് സ്മരണീയമാണ്.



മൂന്ന്
നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി എഫ് ലോറന്‍സിനെ പാര്‍ട്ടി പ്രഖ്യാപിക്കവേ ഒരു സുഹൃത്ത് എന്നോട് പറഞ്ഞു :” ഇയാള്‍ വേണ്ടിയിരുന്നില്ല. ആ വിജയകുമാറോ മറ്റോ മതിയായിരുന്നു.”
“അതെന്താ?” ഞാന്‍ ആരാഞ്ഞു.
“ഇയാളെ കണ്ടാല്‍ തന്നെ ആരും വോട്ട് ചെയ്യില്ല. ഒരു വല്ലാത്ത രൂപം. ഭാഷയാകട്ടെ, വല്ലാത്ത പ്രാദേശിക ച്ചുവയുള്ളതും. ജനങ്ങള്‍ ഇത്തരമൊരു ആളെയല്ല പ്രതീക്ഷിക്കുന്നത്. ”
എന്റെ സുഹൃത്തായിരുന്നില്ല ആ സംസാരിച്ചത്; അയാളിലൂടെ കേരളത്തിലെ നവമധ്യവര്‍ഗ്ഗത്തിനു വേണ്ടി മാധ്യമങ്ങള്‍ സൃഷ്ടിച്ച വലതുപക്ഷ സൌന്ദര്യബോധമായിരുന്നു. കേരളീയ പൊതുമണ്ഡലം വിമോചനസമരാനന്തരം നേരിട്ട തിരിച്ചടികള്‍ എണ്‍പതുകളുടെ അവസാനത്തോടെ പൂര്‍ണമായ ശിഥിലീകരണത്തിന് വഴിമാറുകയുണ്ടായി. ഈ ശൂന്യ സ്ഥലികളിലേക്ക് ഇടിച്ചുകയറിയതാകട്ടെ, ടെലിവിഷന്‍ അടക്കമുള്ള നവമാധ്യമങ്ങളും. ടെലിവിഷന്‍ അങ്ങനെ ഒരു വ്യാജ പൊതുമണ്ഡലത്തിന്റെ പ്രതീതിലോകം സൃഷ്ടിച്ചു. വിനിമയങ്ങള്‍ക്ക് പുതിയുഒരു ഭാഷയും വ്യാകരണങ്ങളും നല്‍കി. രാഷ്ട്രീയം അവിടെ വെറും ദുരന്തനാടകവും രാഷ്ട്രീയക്കാര്‍ അതിലെ താരങ്ങളുമായി മാറി. “അവിശ്വാസത്തിന് പഴുതുകള്‍ നല്‍കാത്തതും സ്വാഭാവികമെന്ന് തോന്നിപ്പിക്കുന്ന ടെലിവിഷനിലാണ് പുതിയ കാലത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം വാര്‍ത്തയാകുന്നത്.വിചിത്രമെന്നു പറയട്ടെ, ദൃശ്യമാധ്യമാധ്യമങ്ങളിലൂടെ വെളിപ്പെടുന്ന സമകാലിക രാഷ്ട്രീയമണ്ഡലവും അതിലെ താരനിര്‍മിതിയും തികച്ചും mediated ആണ്. അതുകൊണ്ട് തന്നെ അയഥാര്‍ഥമാണ് .” ടെലിവിഷന്റെ ഈ കഴിവാണ് വി എസ അച്യുതാനന്ദന്റെ ‘പാര്‍ട്ടിവിരുദ്ധനായ പാര്‍ട്ടിക്കാരന്‍ ‘ എന്ന വീരനായകപരിവേഷത്തെ സാധ്യമാക്കിയത്. അത്തരമൊരു മിശിഹാവത്കരണം ടെലിവിഷന്റെ വ്യാപനത്തിന് മുന്‍പ് സാധ്യമായിരുന്നില്ല; ഒന്നുകില്‍ പാര്‍ട്ടിയ്ക്കകത്ത് അല്ലെങ്കില്‍ പുറത്ത് എന്ന ദ്വന്ദ്വയുക്തിയെ മറികടന്നു കൊണ്ട് പാര്‍ട്ടിക്കതീതമായ ഒരു വ്യവഹാരമണ്ഡലം ടെലിമാധ്യമങ്ങള്‍ വി എസ്സിന് കല്‍പ്പിച്ചു നല്‍കി. സ്വന്തം പാര്‍ട്ടിയില്‍ നിരന്തരം പരാജയം ഭക്ഷിച്ചു ജീവിക്കുമ്പോഴും ഈ മാധ്യമനിര്‍മിത വ്യവഹാരലോകത്തെ രാഷ്ട്രീയ ആള്‍ദൈവമാകാനും അരാഷ്ട്രീയ ആള്‍ക്കൂട്ടത്തെ തന്റെയൊപ്പം നിര്‍ത്താനും വി എസ്സിനെ പ്രാപ്തനാകിയത് ഇതാണ്.
രാഷ്ട്രീയം പൊതുവിടങ്ങളില്‍ നിന്ന് ടെലിവിഷനിലേക്ക് കുടിയേറിയതോടെ രാഷ്ട്രീയക്കാരന്റെ ശരീരഭാഷയെന്നത് നിര്‍വചിക്കപ്പെടേണ്ട ഒന്നായി മാറി. അലക്കിത്തേച്ച കുപ്പായവും സുസ്മേരവദനവും സംസ്കൃതവത്കരിക്കപ്പെട്ട ഭാഷയുമായി ചാനല്‍ മുറികളില്‍ നിന്ന് ചാനല്‍ മുറികളിലേക്ക് പായുന്ന നേതാവിന്റെ ശരീരഭാഷ അങ്ങനെ മാനകവത്കരിക്കപ്പെട്ടു. ഇ എം എസ്സിന്റെ വിക്ക് ഒരു പ്രശ്നമേയാകാതിരുന്ന മാധ്യമങ്ങള്‍ക്ക്, പിണറായി വിജയന്‍റെ മുഖത്തെ കറുത്ത പാടുകള്‍ പോലും പുച്ഛത്തിന്റെ ഭൂമിശാസ്ത്രമായി. കണ്ണൂര്‍ ലോബി (!!!) എന്ന മാഫിയാ സംഘവും ജയരാജത്രയവും ( വെടി കൊണ്ട ജയരാജന്‍ , വെറി കൊണ്ട ജയരാജന്‍ , വെട്ടു കൊണ്ട ജയരാജന്‍ എന്നത്രേ ഇവരുടെ ബിരുദങ്ങള്‍ ) എല്ലാം ചര്‍ച്ചാ വിഷയമായിതുടങ്ങി. ഈ ടെലിനിര്‍മിത സവര്‍ണ സൌെന്ദര്യശാസ്ത്രമാണ് എന്റെ സുഹൃത്തിനെ ക്കൊണ്ട് ലോറന്‍സ് നല്ല സ്ഥാനാര്‍ഥിയല്ലെന്നു പറയിച്ചത്. മഹാശ്വേതാ ദേവിയെക്കൊണ്ട് എം എം മണിയെ “പ്രാകൃതനും വികൃതനുമായ ” കഥാപാത്രമെന്ന് പറയിച്ചതും ഇത് തന്നെ.



മണിയുടെ ശരീരപ്രകൃതിയും പ്രാദേശികസംസാരശൈലിയും ഒന്നും മാധ്യമങ്ങള്‍ സൃഷ്ടിച്ച ഉത്തമ രാഷ്ട്രീയക്കാരന്റെ പ്രതിച്ഛായയുടെ ശരീരഭാഷയ്ക്കിണങ്ങുന്നതായിരുന്നില്ല. അതുകൊണ്ട് തന്നെയാണ് മണിയെ ഒരു വിഡ്ഢിയായും പരിഹാസകഥാപാത്രമായും ചിത്രീകരിക്കാനൊരുമ്പെടുന്നതും. ഇതിനോടുള്ള ശക്തമായ പ്രതികരണമായിരുന്നു പിണറായി വിജയന്‍ മഹാശ്വേത ദേവിക്കുള്ള മറുപടിക്കത്തില്‍ കൊടുത്തത്: “നാഗരിക പരിഷ്കാരങ്ങളോ തേച്ചു വെടിപ്പാക്കിയ ഭാഷയോ ഒന്നും അദ്ദേഹത്തിന് അതുകൊണ്ടുതന്നെ ഉണ്ടാവില്ല. ഗ്രാമീണമായ ഒരു “നേരേ വാ നേരേ പോ” രീതിയുണ്ടാവാം. ഗോത്രമേഖലയില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള നിങ്ങള്‍ക്ക് ആ ഗ്രാമീണതയും തൊഴിലാളി സഹജമായ ആത്മാര്‍ത്ഥതയും മനസ്സിലാവേണ്ടതാണ്. മണിയുടെ വാക്കുകളെ എതിര്‍ക്കാം; പക്ഷെ, അദ്ദേഹത്തിന്റെ രൂപത്തെ പ്രാകൃതമെന്ന് ആക്ഷേപിക്കാന്‍ പാടുണ്ടോ?”
മണിയുടെ ഭാഷയിലെ ആണ്‍കോയ്മാ പദങ്ങളുടെ ആധിക്യത്തെക്കുറിച്ച് കെ.എന്‍ അശോക് നാലാമിടത്തില്‍ എഴുതിയിരുന്നു. എന്നാല്‍ ഇത്, മണിയുടെയും മണി പ്രതിനിധാനം ചെയ്യുന്ന സി പി എമ്മിന്റെയും മാത്രം പ്രശ്നമാണോ? മണിയുടെ പ്രസംഗത്തിന്റെ ഏതാനും ദിവസം മുന്‍പാണ് ആര്‍ എം പി നേതാവ് കെ എസ് ഹരിഹരന്‍ “പിണറായി വിജയന്‍ ആണാണെങ്കില്‍ ടി പിയുടെ വധത്തിന്റെ ഉത്തരവാദിത്വമേറ്റെടുക്കണം” എന്ന് പ്രസംഗിച്ചത്. ഒരു പുരുഷാധിപത്യ സമൂഹത്തില്‍ സ്വാഭാവികമായ അഭിപ്രായപ്രകടനങ്ങള്‍ ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ത്രീവിരുദ്ധതയെ അല്ല അടയാളപെടുത്തുക. സംഘടനാ തലത്തിലും ഭരണതലത്തിലും മറ്റേതു രാഷ്ട്രീയ പാര്‍ട്ടിയെക്കാളും സ്ത്രീ പ്രാതിനിധ്യമുള്ള,താരതമ്യേന സ്ത്രീവിരുദ്ധത കുറവുള്ള പാര്‍ട്ടിയാണ് സി പി എം. എന്നാല്‍ മറുവശത്ത് ആര്‍ എം പി യോ? ഇത്രയേറെ ധീരതയും ആര്‍ജ്ജവവും ചങ്കൂറ്റവുമുള്ള, എസ് എഫ ഐ സംസ്ഥാന സമിതി അംഗമായിരുന്ന രമയ്ക്ക് ആര്‍ എം പി യുടെ നേതൃത്വത്തിലേക്കുയരാന്‍ ഭര്‍ത്താവിന്റെ ദാരുണമരണം വരെ വേണ്ടി വന്നു എന്നത് ആ പാര്‍ട്ടിയുടെ സ്ത്രീവിരുദ്ധതയെയല്ലേ ചൂണ്ടിക്കാട്ടുന്നത്?
ഇനി മണി പറഞ്ഞ കാര്യങ്ങളിലേക്ക്: മണി രണ്ടു കാര്യങ്ങളാണ് ഇടുക്കിയിലെ തോട്ടം തൊഴിലാളികളായ പാര്‍ട്ടി പ്രവര്‍ത്തകരോടു നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്: ഒന്ന്, പാര്‍ട്ടി മുന്‍പും രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ട്. രണ്ട്, ടി പി ചന്ദ്രശേഖരന്റെ വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ല. ഇതില്‍ ഒന്നാമത്തെ കാര്യം മാത്രം അക്ഷരാര്‍ഥത്തില്‍ എടുക്കുന്നവര്‍ എന്ത് കൊണ്ടാണ് രണ്ടാമത് പറഞ്ഞ കാര്യം കേട്ടില്ലെന്നു നടിക്കുന്നത്? പാര്‍ട്ടി രാഷ്ട്രീയ കൊലപാതകം നടത്തിയിട്ടുണ്ട് എന്ന വാദം വിശ്വാസത്തിലെടുക്കുന്നുവെങ്കില്‍ ടി പി യുടെ രക്തം പാര്‍ട്ടിയുടെ കൈകളിളില്ലെന്നതും വിശ്വാസത്തിലെടുത്തേ മതിയാവൂ. അന്വേഷണം നടക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് ചിലര്‍ പറയുന്നതു. ടി പി യുടെ വാദത്തിലും അന്വേഷണം നടക്കുക മാത്രമാണ്. ഇരുപത്തിയാറു പ്രതികള്‍ പിടിയിലായത്തില്‍ അഞ്ചു പേര്‍ മാത്രമാണ് പാര്‍ട്ടി ബന്ധമുള്ളവര്‍ . കോടതി കുറ്റം കണ്ടെത്തി ശിക്ഷ വിധിക്കും വരെ ഇവര്‍ കുറ്റാരോപിതര്‍ മാത്രമാണ്. അതിനു മുന്‍പേ പിശാചുവേട്ട നടത്തി കുറ്റവാളികളെ കണ്ടെത്തി ശിക്ഷ വിധിക്കാന്‍ ആര്‍ക്കാണിത്ര തിടുക്കമെന്നു ഇപ്പോള്‍ മനസിലായി വരുന്നുണ്ട്. നമ്മുടെ മാധ്യമ സുഹൃത്തുക്കള്‍ കണ്ണടയ്ക്കുന്നത് മനസിലാക്കാം, എന്നില്‍ ഒരു ജനതയ്ക്കൊന്നടങ്കം സ്മൃതിഭ്രംശം പിടിപെട്ടാലോ?
ടെലിവിഷന്‍ തിന്നും ടെലിവിഷന്‍ കുടിച്ചും ടെലിവിഷന്‍ വിസര്‍ജ്ജിച്ചും ഭൂതകാലം മറക്കുന്ന ജനതയായി നാം മാറിക്കഴിഞ്ഞിരിക്കുന്നു. രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയുന്ന പഴങ്കഥയിലെ കുട്ടി തെരുവില്‍ നിന്ന് ചാനല്‍ മുറിയിലേക്ക് കയറിയോടുമ്പോള്‍ അവനെ അവിശ്വസിക്കാതെ വയ്യ.
റഫറന്‍സ്
1. “നേതാവ് നിങ്ങള്‍ ആരോടാണ് സംസാരിക്കുന്നത്? ” , ഷിജു ജോസഫ് , വി ഹരീഷ് , മാതൃഭൂമി 87:24
2. ” അവതരിപ്പിച്ച് നഷ്ടപ്പെടുത്തുന്ന വാര്‍ത്തകള്‍ ” സി എസ് വെങ്കിടേശ്വരന്‍ , മാതൃഭൂമി 87:21
3. “പോരാളിയുടെ ശരീരഭാഷ” കെ ഇ എന്‍ , ദേശാഭിമാനി ഓണപ്പതിപ്പ് 2010

2012, ജൂൺ 8, വെള്ളിയാഴ്‌ച

പാണ്ടന്‍ നായുടെ പല്ലിന്‍ ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല....

Preejith Raj


2006. വടകര, ഒഞ്ചിയം പ്രദേശത്ത് ചില 'ധീരരായ കമ്യൂണിസ്റ്റുകള്‍' വിഭാഗീയതക്ക് വളം വെക്കാന്‍ ഗീബല്‍സിയന്‍ തന്ത്രങ്ങള്‍ നന്നായി പ്രയോഗിക്കുന്ന കാലം. അവര്‍ക്ക് ഒറ്റ അജണ്ട, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മുതലാളിത്ത ദത്തുപുത്രനാണെന്ന് വരുത്തി തീര്‍ക്കണം. അതിനായി എന്ത് നുണയും പറയും. അവര്‍ക്ക് പുതിയൊരു ആയുധം കിട്ടി. സഖാവ് പിണറായിയുടെ വീട്. കോടിക്കണക്കിന് രൂപ പല മുതലാളിമാരും കൊടുത്താണ് വീടുപണി നടത്തിയത് എന്ന് ഇക്കൂട്ടര്‍ അക്കാലത്ത് വ്യാപകമായി പ്രചരിപ്പിച്ചു. പാര്‍ട്ടിക്കകത്തുള്ള ആള്‍ക്കാര്‍ വരെ സത്യമേത് മിഥ്യയേത് എന്നറിയാതെ ആ നുണപ്രചരണത്തില്‍ പതറി നിന്നു.

ആ സമയത്ത് ഓര്‍ക്കാട്ടേരി, ഏറാമല ഒറ്റ ലോക്കല്‍ കമ്മറ്റിയാണ്. ഏറാമല ലോക്കല്‍ കമ്മറ്റി. അവിടെയുള്ള തുരുത്തിമുക്ക് ബ്രാഞ്ചിലെ കെ.പി സുധീര്‍ ഇത്തരം കഥകള്‍ പ്രചരിപ്പിക്കുന്നതില്‍ അഗ്രഗണ്യനാണ്.
തലശ്ശേരി ഭാഗത്ത് സുധീറിന് ഒരു കല്യാണത്തിന് പോവണമായിരുന്നു. പിണറായിക്ക് അടുത്താണ് കല്യാണം. അദ്ദേഹം 'വിഭാഗീയടീമിലുള്ള' ടി പി ചന്ദ്രശേഖരന്റെ മനസാക്ഷി സൂക്ഷിപ്പുകാരന്‍കൂടിയായ വി കെ വിശ്വനെയും മറ്റൊരു സുഹൃത്ത് ടി കെ പ്രമോദിനെയും 'കല്യാണ- പിണറായി' സന്ദര്‍ശനത്തിന് കൂടെക്കൂട്ടുന്നു. പ്രമോദും വിശ്വനും അപ്പോള്‍ കുന്നുമ്മക്കര ബ്രാഞ്ച് മെമ്പര്‍മാരാണ്. കല്ല്യാണത്തിന് പോകുന്നതുകൊണ്ട് സുധീറിന്റെ ഭാര്യയും അവരുടെ കൂടെയുണ്ട്.

കല്ല്യാണം കഴിഞ്ഞ് ഇവര്‍ നേരെ പിണറായിയിലേക്ക് പോയി. പിണറായി വിജയന്റെ, മുതലാളിമാര്‍ കൊടുത്ത 'കോടിക്കണക്കിന്' രൂപകൊണ്ട് പണിത മണിമാളിക കാണാന്‍.! വി കെ വിശ്വന്‍ ഒരുമാഷെന്നപോലെ മേസ്ത്രിയുമാണ്. അധ്യാപകനാവുന്നതിന് മുമ്പ് വീടുപണിക്ക് പോകുമായിരുന്നു. നല്ല പണിക്കാരനാണ്. ഒരു വീട് കണ്ടാല്‍ മതിപ്പുവിലയൊക്കെ പറയാനുള്ള പരിജ്ഞാനമുണ്ട്. വിശ്വന്‍മാഷിന്റെയും കൂട്ടരുടെയും മനസില്‍പൊട്ടിയ ലഡു വീട് കണ്ടതോടെ ഉറഞ്ഞുപോയി. 'വര്‍ണമനോഹരമാണീ മാളിക വര്‍ണം വിതറി വിളങ്ങി നിന്നൂ...' എന്ന് കഥാപ്രസംഗം പറയാന്‍ മാത്രമൊന്നുമില്ല. കോടികള്‍ പോയിട്ട് ലക്ഷങ്ങളുടെ മതിപ്പ് പോലുമില്ല. എന്നിട്ടും വിട്ടില്ല. കല്ല്യാണവീട്ടിലെ ഫോട്ടോകളെടുക്കാന്‍ സുധീര്‍ കൊണ്ടുവന്ന ക്യാമറയില്‍ വീട് വലുതാണെന്ന് തോന്നിക്കുന്ന വിധത്തില്‍ ചില ഭാഗങ്ങളുടേത് മാത്രം അടര്‍ത്തിയെടുത്ത്, കിടന്നും ഇരുന്നും ചെരിഞ്ഞുമൊക്കെ ഫോട്ടോ പിടിച്ചു. 

ആശ്ചര്യജന്യമായ ഈ ഫോട്ടോയെടുപ്പ് തൊട്ടപ്പുറത്തെ പറമ്പില്‍(വിളയില്‍) തെങ്ങിന് തടമെടുക്കുന്ന കോണ്‍ഗ്രസുകാരനായ ഗോവിന്ദേട്ടന്‍ കണ്ടു. ഗോവിന്ദേട്ടന്‍ ഇവരുടെ അടുത്തേക്ക് വന്നു. 'നിങ്ങളാരാ.., ഏട്ന്നാ., എന്തിനാ വിജയന്റെ വീടിന്റെ ഫോട്ടം ഇങ്ങനെ എട്ക്ക്ന്ന്?' (അങ്ങനെ ചോദിക്കാന്‍ അദ്ദേഹത്തെ പിണറായി ഏര്‍പ്പാടാക്കി എന്നൊക്കെ ഒഞ്ചിയം പാണന്‍മാര്‍ക്ക് വേണമെങ്കില്‍ വാദത്തിന് വാദിക്കാവുന്നതാണ്.) 'ഈ വീടെടുക്കാന്‍ എത്ര ഉറുപ്പ്യ ചെലവായിറ്റുണ്ടാവും?' വിശ്വന്‍മാഷ് ഗോവിന്ദേട്ടനോട് ചോദിച്ചു... പറഞ്ഞ് പറഞ്ഞ് ഗോവിന്ദേട്ടന്‍ ഒഞ്ചിയത്തെ സത്യാന്വേഷികളുമായി ചൂടായി എന്നത് സത്യം. അവസാനം അടിയോടടുത്തപ്പോള്‍ വിശ്വന്‍മാഷും സംഘവും ഞങ്ങള്‍ വടകരയിലെ പാര്‍ട്ടിക്കാരാണ് എന്ന് ഗോവിന്ദേട്ടനോട് നെഞ്ച് വിരിച്ചു.! പാവം ഗോവിന്ദേട്ടന്‍, 'നെനക്കൊന്നും വേറെ പണിയൊന്നൂല്ലെങ്കില്‍, വല്ല പെരുത്തലമട്ടലുമെടുത്ത് അങ്ങോട്ടുമിങ്ങോട്ടും പൊറത്തടിച്ച് കളിക്കെടാ..' എന്ന് പറഞ്ഞ് ആ കോണ്‍ഗ്രസുകാരന്‍ അവിടം വിട്ടുപോയി എന്നതും നേര്.

ഒച്ചയും ബഹളവും കേട്ടപ്പോള്‍ ആള്‍ക്കാര്‍ കൂടി. ഇതങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ, ഫോട്ടോയൊക്കെ എടുത്ത് പോയത് ആരാണ്? എന്തിന് വേണ്ടിയാണ് എന്നറിയണമല്ലോ.. എന്ന ഉദ്ദേശശുദ്ധിയില്‍ പാണ്ട്യാലമുക്കിലെ (പിണറായിയുടെ വീട് നില്‍ക്കുന്ന സ്ഥലം) രണ്ട് ചെറുപ്പക്കാര്‍ ഒഞ്ചിയക്കാരറിയാതെ അവരെ പിന്തുടര്‍ന്നു. പിണറായിയില്‍ നിന്ന് ബസ് കയറി തലശ്ശേരിയിലേക്ക്. അവിടുന്ന് ബസ് മാറി വടകര ബസില്‍ കയറിയ ഈ ചെറുപ്പക്കാര്‍ ഒഞ്ചിയക്കാരുടെ കൂടെ കൈനാട്ടിയില്‍ ഇറങ്ങി. ഒഞ്ചിയക്കാര്‍ ഓര്‍ക്കാട്ടേരിയിലേക്ക് പോയി. കൈനാട്ടിയില്‍ നിന്ന് തന്നെ ഇവര്‍ ആരാണെന്ന് മനസിലാക്കിയ പിണറായിയിലെ ചെറുപ്പക്കാര്‍ തിരികെ വന്നു. അവര്‍ പിണറായിയിലെ പാര്‍ട്ടിക്കാരോട് വിവരം പറഞ്ഞു. ഫോട്ടോ എടുത്ത കാര്യവും വീടിന്റെ വിലയുടെ തര്‍ക്കവുമൊക്കെ വിശദമായി അവതരിപ്പിച്ചു.

അവിടുത്തെ പാര്‍ട്ടിക്കാര്‍ ഇത് ഒരു പരാതിയായി കണ്ണൂര്‍ ജില്ലാ കമ്മറ്റിക്ക് കൊടുത്തു. കണ്ണൂര്‍ ജില്ലാ കമ്മറ്റി ഇത് അന്വേഷിക്കാന്‍ വേണ്ടി കോഴിക്കോട് ജില്ലാ കമ്മറ്റിയോട് അഭ്യര്‍ത്ഥിച്ചു. കോഴിക്കോട് ജില്ലാ കമ്മറ്റി ഒഞ്ചിയത്ത് അന്വേഷിക്കുമ്പോഴേക്കും സുധീര്‍, വിശ്വന്‍മാഷ്, പ്രമോദ് തുടങ്ങിയവര്‍ പിണറായിയില്‍ പാര്‍ട്ടി സെക്രട്ടറിയുടെ വീട് കാണാന്‍ പോയതും അവിടെ വെച്ച് അക്രമിക്കപ്പെട്ടതും ബോബേറുകൊള്ളാതെ ചാടി രക്ഷപ്പെട്ടതുമൊക്കെ നല്ല ചിലവുള്ള കഥകളാക്കി മാറ്റി പ്രചരിപ്പിച്ച് അവയുടെ ചൂടൊക്കെ ആറിയിരുന്നു. ഫോട്ടോയും ഒഞ്ചിയത്തെ ഫോട്ടോഷോപ്പ് വിദഗ്ധരുടെ സഹായത്തോടെ 'പായലേ വിട, പൂപ്പലേ വിട, എന്നന്നേക്കും വിട' എന്ന ഏഷ്യന്‍ പെയിന്റ്‌സിന്റെ പരസ്യം പോലെ മാക്‌സിമം വലിയ രീതിയില്‍ 'കോടികളുടെ മതിപ്പോടെ' വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ടി പി ചന്ദ്രശേഖരന്‍ നേതൃത്വം കൊടുത്ത ആശയപോരാട്ടത്തിന്റെ ഒഞ്ചിയം പര്‍വ്വമാണിത്.

ഏറാമലയിലെ പാര്‍ട്ടി ഇവരോട് വിശദീകരണം ചോദിച്ചു. ഇവരെ സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിച്ചു. സഖാവ് മത്തായി ചാക്കോ അടക്കമുള്ള കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് ഏകകണ്ഠമായി ഈ സഖാക്കളെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്യാനുള്ള ഒഞ്ചിയംപാര്‍ട്ടിയുടെ തീരുമാനത്തിന് അംഗീകാരം നല്‍കി. കെ പി സുധീറും, വിശ്വന്‍ മാഷും, ടി കെ പ്രമോദും തെറ്റ് ബോധ്യപ്പെട്ട് തിരുത്താനോ പാര്‍ട്ടിയുടെ കൂടെ നില്‍ക്കാനോ പിന്നീട് തയ്യാറായില്ല. അരാഷ്ട്രീയ - അരാജകത്വ വഴിയിലൂടെ കുറെക്കാലം നടന്നു. വിഭാഗീയതാ രോഗത്തിന് തങ്ങളാല്‍ കഴിയുന്ന വെള്ളവും വളവും നല്‍കി. ആര്‍ എം പി രൂപീകൃതമായപ്പോള്‍ പ്രദേശത്തെ മറ്റ് സാമൂഹ്യവിരുദ്ധരുടേയും വെള്ളമടി പാഷനാക്കിയ പഴയ ആര്‍ എസ് എസുകാരുടേയും കൂടെ ആര്‍ എം പിയില്‍ ചേര്‍ന്നു. ഇപ്പോള്‍ ആര്‍ എം പിയുടെ പോളിറ്റ് ബ്യൂറോ അംഗങ്ങളാണെന്ന് തോന്നുന്നു. ഈ വസ്തുതകളെയാണ് ഈ കുറിപ്പിന്റെ കൂടെയുള്ള ഫോട്ടോ ഗിമ്മിക്കുകള്‍ പോലുള്ളവ ഉപയോഗിച്ച് ഒഞ്ചിയം പാണന്‍മാര്‍ പാടി നടക്കുന്നത്.

ഈ പാര്‍ട്ടിയെ കൊല്ലാന്‍ നിങ്ങള്‍ക്കാവില്ല മക്കളേ...

2012, ജൂൺ 6, ബുധനാഴ്‌ച

25 രൂപയില്‍ താഴെ വിലയ്ക്ക് പെട്രോള്‍ വിറ്റാലും

അന്താരാഷ്ട്രവിപണിയില്‍ ക്രൂഡോയില്‍ വില കൂപ്പുകുത്തുമ്പോഴും പെട്രോള്‍ വിലവര്‍ധനയെ ന്യായീകരിച്ച് എണ്ണക്കമ്പനികളുടെ പരസ്യം. എണ്ണക്കമ്പനികള്‍ നഷ്ടത്തിലല്ലെന്ന പ്രചാരണം മറികടക്കാന്‍ നല്‍കിയ പരസ്യത്തില്‍ നഷ്ടം ചൂണ്ടിക്കാട്ടാനുള്ള കണക്കുകള്‍ ഉണ്ടായിരുന്നുമില്ല. എണ്ണക്കമ്പനികള്‍ ലാഭത്തില്‍തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പരസ്യത്തില്‍ സമ്മതിക്കേണ്ടിവന്നു രൂപയുടെ വിനിമയമൂല്യം കുറയുന്നതുകൊണ്ടാണ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കേണ്ടിവന്നതെന്ന് കമ്പനികള്‍ വിശദീകരിക്കുന്നു. ദേശീയ ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച പരസ്യത്തിലാണ് വിലവര്‍ധനയെ ന്യായീകരിച്ചത്.


2010-11ല്‍ ഒരു ബാരല്‍ ക്രൂഡോയിലിന്റെ ശരാശരി വില 3874 രൂപയായിരുന്നത് 2011-12ല്‍ 5370 രൂപയായെന്നും രൂപയുടെ വിനിമയമൂല്യം ഇതേ കാലയളവില്‍ 44.50 രൂപയില്‍നിന്ന് 54.50 രൂപയായി (2012 മെയ്) ഉയര്‍ന്നെന്നും പരസ്യത്തില്‍ പറയുന്നു. ശരാശരി വിലയുടെ കാര്യം പറയുന്ന കമ്പനികള്‍ 2011 ഒക്ടോബര്‍ മുതല്‍ ക്രൂഡോയില്‍ വിലയില്‍ വന്ന കുറവ് മറച്ചുവയ്ക്കുകയാണ്. ബ്രെന്റ് ക്രൂഡോയിലിന് ചൊവ്വാഴ്ച അന്താരാഷ്ട്ര വിപണിയിലെ വില 81.50 ഡോളറാണ്. എട്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്. രൂപയുടെ നിരക്കനുസരിച്ച് ഇത് 4533.84 രൂപയാണ്. ഒരു ബാരല്‍ എന്നത് 158.76 ലിറ്ററാണ്. ഒരു ലിറ്റര്‍ ക്രൂഡോയിലിന് വില 28.50 രൂപയാകും. എണ്ണശുദ്ധീകരണത്തിന് ഏറ്റവും ചെലവുകുറഞ്ഞ രാജ്യമാണ് ഇന്ത്യ.
     
                         
ആറ് രൂപയോളമാണ് ഒരു ലിറ്റര്‍ ക്രൂഡോയില്‍ ശുദ്ധീകരിക്കാന്‍ റിഫൈനറികള്‍ക്ക് വേണ്ടിവരുന്ന ചെലവ്. 159 ലിറ്റര്‍ ക്രൂഡോയില്‍ ശുദ്ധീകരിച്ചാല്‍ 73 ലിറ്റര്‍ പെട്രോള്‍ ലഭിക്കും. 40 ലിറ്റര്‍ ഡീസലും കിട്ടും. ആറ് രൂപ കടത്തുകൂലിയും ഒരു രൂപ ഏജന്റുമാരുടെ കമീഷനും ചേര്‍ത്താലും 25 രൂപയില്‍ താഴെ വിലയ്ക്ക് പെട്രോള്‍ വിറ്റാലും എണ്ണക്കമ്പനികള്‍ക്ക് ലാഭത്തില്‍ പ്രവര്‍ത്തിക്കാം. എന്നാല്‍, പെട്രോളിന് ഈടാക്കുന്നത് ലിറ്ററിന് 73 രൂപ.

ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവ നഷ്ടത്തില്‍ വില്‍ക്കുന്നതിന് എണ്ണക്കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാരില്‍നിന്ന് സബ്സിഡി ലഭിക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഈയിനത്തില്‍ 65,000 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് നല്‍കി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ കമ്പനികള്‍ക്ക് 2011-12 സാമ്പത്തികവര്‍ഷം 8,33,000 കോടി രൂപയുടെ വിറ്റുവരവുണ്ടായെന്ന് പരസ്യത്തില്‍ പറയുന്നു. മൊത്തം ലാഭം 6177 കോടിയും. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നെന്ന വാദംതന്നെ ഇതോടെ പൊളിയുന്നു.

ആഭ്യന്തര ക്രൂഡോയില്‍ ഉല്‍പ്പാദനം നടത്തുന്ന ഒഎന്‍ജിസി പോലുള്ള സ്ഥാപനങ്ങള്‍ നല്‍കുന്ന സെസ് ഉപയോഗിച്ച് പെട്രോളിന്റെ വിലസ്ഥിരതാ ഫണ്ട് ഉണ്ടാക്കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. ഇക്കാര്യം പല തവണ പെട്രോളിയം മന്ത്രാലയത്തിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ ഉന്നയിച്ചെങ്കിലും അനുവദിച്ചിട്ടില്ലെന്ന് എം ബി രാജേഷ് എംപി പറഞ്ഞു. കഴിഞ്ഞ വര്‍ഷം പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയിലൂടെ കേന്ദ്രസര്‍ക്കാരിന് ലഭിച്ച നികുതിവരുമാനം 1,35,000 കോടി രൂപയാണ്. അതിന്റെ പകുതിപോലും സബ്സിഡിക്കായി മാറ്റിവച്ചില്ല. അടിക്കടി വില വര്‍ധിപ്പിക്കുമ്പോള്‍ അതിന് അനുസൃതമായി നികുതിവരുമാനത്തില്‍ വരുന്ന വര്‍ധനയിലാണ് കേന്ദ്രസര്‍ക്കാരിന്റെ നോട്ടം.