2011, നവംബർ 17, വ്യാഴാഴ്‌ച

തൊഴിലാളിവര്‍ഗത്തിന്റെ മതനിരപേക്ഷതയും യുക്തിവാദവും

“ബൂര്‍ഷ്വാ യുക്തിവാദത്തില്‍ നിന്ന് വൈരുധ്യാത്മക ഭൌതിക വാദത്തിലേക്ക് ”( എന്ന ലഘു ഗ്രന്ഥത്തിലെ അവസാന അധ്യായം)
 

ഇം എം എസ് നമ്പൂതിരിപ്പാട്

 

കേരളത്തിലെ ഇന്നത്തെ കമ്യൂണിസ്റ്റുകാര്‍ അവരുടെ പൊതുജീവിതം തുടങ്ങിയതു യുക്തിവാദികളായിട്ടായിരുന്നുവെന്ന് പറഞ്ഞാണല്ലോ ഈ ലഘു ഗ്രന്ഥം തുടങ്ങിയതു. ആ നിലപാടില്‍ നിന്ന് ബഹുദൂരം മുമ്പോട്ടുപോയി മാര്‍ക്സിസ്റ്റ്- ലെനിനിസ്റ്റ് ദര്‍ശനത്തിലേക്ക് എത്തിയിരിക്കുകയാണവര്‍. അവരുടെ ആദ്യത്തെയും ഇന്നത്തെയും നിലപാടുകള്‍ തമ്മിലുള്ള വിത്യാസം വിശദമാക്കിക്കൊണ്ട് ഇതു അവസാനിപ്പിക്കാം.

ജനലക്ഷങ്ങളുടെ ഇടയിലുള്ള മത വിശ്വാസവും അവര്‍ നടത്തുന്ന ആരാധന നടപടികളുമാണ് സാമൂഹ്യ പുരോഗതിയെ തടയുതടയുന്നതെന്നാണ് യുക്തിവാദത്തിന്റെ നിലപാട്. അതാണ് ഇന്നത്തെ യുക്തിവാദികള്‍ തുടര്‍ന്നു പോരുന്നതു. അതുതന്നെയാണ് 60 വര്‍ഷത്തിലേറേ മുമ്പ് എന്നെ പോലുള്ള അന്നത്തെ യുവ യുക്തിവാദികള്‍ വിശ്വാസിച്ചിരുന്നതു.

പക്ഷേ അന്നുതന്നെ ഇന്ത്യന്‍ ജനതയുടെ മുഖ്യശത്രു ബ്രിട്ടിഷ് ഭരണമാണെന്നും കൊച്ചി, തിരുവിതാകൂര്‍ മുതലായ നാട്ടുരാജ്യങ്ങളിലെ സ്വേച്ഛാധിപത്യഭരനത്തിനെതിരെ പോരാടണമെന്നും ഞങ്ങള്‍ക്ക് അറിയാമായിരുന്നു അങ്ങനെ ആശയപരമായി മത നിഷേധികളും മത വിരോധികളുമായിരുന്ന ഞങ്ങള്‍ പ്രായോഗിക പൊതു ജീവിതത്തില്‍ ബ്രിട്ടീഷ് ഭരണത്തിനും നാട്ടുരാജ്യ പ്രദേശങ്ങളിലെ ജനാധിപത്യത്തിനും സമരത്തില്‍ മത വിശ്വാസികളുമായി സഹകരിക്കാന്‍ ഞങ്ങള്‍ തയാറായിരുന്നുവെന്നര്‍ഥം.

ഇതിനൊരു മാറ്റം വന്നതു അനന്തരകാല പഠത്തിന്റെ ഫലമായി ഞങ്ങള്‍ മാര്‍ക്സിസം പഠിക്കാന്‍ തുടങ്ങിയപ്പോഴാണ്. അധ്വാനിക്കുന്ന ബഹുജനങ്ങളുടെ മുമ്പിലുള്ള മുഖ്യതടസം ബൂര്‍ഷാ ഫ്യൂഡല്‍ ഭൂപ്രഭു വര്‍ഗങ്ങളുടെ ചൂഷ്ണമാണ്. അതിനെ നിലര്‍ത്തുകയും ശക്തിപെടുത്തുകയുമാണ് ബ്രീട്ടിഷ് ഭരണ മേധാവികളും നാട്ടുരാജ്യ സ്വേച്ഛാധിപത്യവുമെന്നു ഞങ്ങള്‍ മനസിലാക്കി. അങ്ങനെ ബ്രിട്ടീഷ് സാമ്രാജ്യത്വ് മേധാവിത്വം, നാട്ടുരാജ്യ പ്രദേശങ്ങളിലെ ഫ്യൂഡല്‍ മേധാവിത്വം ഈ രണ്ടിന്റെയും ശക്തമായ പിന്തുണയോടെ അധ്വാനിക ബഹുജനങ്ങളെ കൊള്ളയടിക്കുന്ന ബൂര്‍ഷ്വാ- ഫ്യൂഡല്‍ ചൂഷക വര്‍ഗങ്ങള്‍ക്ക് എന്നിവക്കെതിരെ നമ്മുടെ രാജ്യത്തെ ജനകോടികളെ അണിനിരത്തുന്നത് ഞങ്ങളുടെ മുഖ്യ രാഷ്ട്രിയ കടമയായി ഞങ്ങള്‍ കണ്ടു.

ഈ മുഖ്യ കടമ നിറവേറ്റണമെങ്കില്‍ യുക്തിവാദികളായിരുന്ന കാലത്ത് ഞങ്ങള്‍ക്ക് ഉണ്ടായിരുന്ന മതവിരോധം ഉപേക്ഷിക്കണമെന്നും അധ്വാനിക്കുന്ന ബഹുജനങ്ങളുടെ മുഖ്യശത്രുക്കള്‍കെതിരെ പോരാടാന്‍ തയ്യാറുള്ള മതവിശ്വാസികളും മത മേധാവികളുമായി സഹകരിക്കണമെന്നും ഞങ്ങള്‍ മനസിലാക്കി. എന്നുവച്ചാല്‍ മത വിരോധമല്ല മുഖമുദ്ര. ബൂര്‍ഷ ഫ്യൂഡല്‍ ചൂഷക വര്‍ഗങ്ങളും അവരുടെ കേന്ദ്ര സംസ്ഥാന ഭരകൂടവുമാണെന്നു ഞങ്ങള്‍ മനസിലാക്കി. ഇതനുസരിച്ചു വിവിധ മതാനുയായികളായ ബഹുജനങ്ങളെയും അവിശ്വാസികളെയും ഒന്നിച്ചണിനിര്‍ത്തികൊണ്ടുള്ള ഒരു പ്രസ്ഥാനത്തിനു ഞങ്ങള്‍ രൂപം നല്‍കി. ഇതോടെ പ്രായോഗിക ജിവിതത്തില്‍ തങ്ങളും യുക്തിവാദികളും തമ്മിലുള്ള ബന്ധം മുറിഞ്ഞു.

ഇതിനര്‍ഥം മതവിശ്വാസവുമായി ആശയതലത്തില്‍ ഞങ്ങള്‍ പൊരുത്തപെട്ടുവെന്നല്ല. മാര്‍ക്സിസ്റ്റ്- ലെനിനിസ്റ്റുകാരെന്ന നിലക്കു വൈരുദ്ധ്യാത്മക ഭൌതികവാദികളായ ഞങ്ങള്‍ മതവിശ്വാസത്തോട് ഒരുതരത്തിലും സന്ധിചെയ്യാന്‍ തയാറായിരുന്നില്ല. ഈ ലഘുഗ്രന്ഥത്തില്‍ ഇതിനുമുമ്പു വിവരിച്ച തരത്തില്‍ പ്രയോഗത്തില്‍ വരുത്തുന്ന വരുദ്ധ്യാത്മക ഭൌതികവാദത്തില്‍ തന്നെയാണ് യുക്തിവാദികളുമായി ബന്ധം വിടര്‍ത്തി ഇന്നേവരെ ഞങ്ങള്‍ ഉറച്ചുനിന്നത്. പക്ഷേ യുക്തിവാദികളെപോലെ മതവിശ്വാസത്തെയും മതാനുഷ്ഠാനങ്ങളെയും വിട്ടുവീഴ്ചകൂടാതെ എതിര്‍ക്കുക എന്നനിലപാട് ഞങ്ങള്‍ക്ക് സ്വീകാര്യമല്ല.


പഴയ യുക്തിവാദികളുമായി ആദ്യകാലത്തുണ്ടായിരുന്ന ബന്ധം മുറിക്കാന്‍ ഈ പ്രായോഗിക സമീപനം മതിയായിരുന്നു. പക്ഷേ ഈ പ്രായോഗിക നിലപാട് താത്വീകമായി നീധികരണം കണ്ടുപിടിക്കാന്‍ മാക്സും എംഗല്‍സും ലെനിനും മതത്തെയും തൊഴിലാളിവര്‍ഗത്തെയും അവത്തമ്മിലുള്ള ബന്ധത്തെയും പറ്റി നടത്തിയ പരാമര്‍ഷങ്ങള്‍ മുഴുവന്‍ സ്വയത്തക്കണമായിരുന്നു. അതിനു സമയം പിടിച്ചു. ഓരോ മതത്തിന്റെയും ഉത്ഭവകാലത്തെ നിലപാടും പിന്നീടതില്‍ വന്ന മാറ്റങ്ങളും മാര്‍ക്സും എംഗല്‍സും ലെനിനും വസ്തുനിഷ്ഠമായി പരിശോധിച്ചു. അതിന്റെ ഭാഗമാണ് ആദ്യകാല ക്രിസ്ത്യന്‍ സമൂഹത്തെകുറിച്ചു എംഗല്‍ സ് എഴുതിയ ലേഖനം. ആധൂനിക കാലത്തെ സോഷ്യലിസവും ആദ്യകാലത്തെ ക്രിസ്ത്യന്‍ മതപ്രമാണങ്ങളും തമ്മില്‍ താരതമ്യം പെടുത്തികൊണ്ട് അദേഹം പറഞ്ഞു.

ആദ്യകാലത്തെ ക്രിസ്ത്യന്‍ മതസിദ്ധാന്തങ്ങള്‍ പ്രയോഗത്തില്‍ വരുത്തുന്നതെങ്ങിനെയെന്നറിയേണ്ടവര്‍ ആധുനിക കാലത്തെ സംഘടിത തൊഴിലാളിപ്രസ്ഥാനത്തിന്റെ പരിപാടിയും ചട്ടങ്ങളും നോക്കിയാല്‍ മതി.

ഇതുപോലെ ഇന്നു ലോകത്തില്‍ നിലവിള്ള ഏത് മതത്തിന്റെ ആദ്യകാല പ്രമാണങ്ങള്‍ പരിശ്വാധിച്ചാലും, സാഹോദരസ്നേഹം, മനുഷ്യനന്മ മുതലായ മൂല്യങ്ങള്‍ അതില്‍ കാണാം കഴിയും. അനന്തരകാലത്താണ് സംഘടിത മതങ്ങള്‍ രൂപംകൊണ്ട് അവയെ ചൂഷകവര്‍ഗങ്ങള്‍ ചൂഷിത വര്‍ഗങ്ങള്‍ക്കെതിരെ ഉപയോഗിക്കാന്‍ തുടങ്ങിയത്. അതുകൊണ്ട് ഈ സംഘടിത മതങ്ങളുടെ ചൂഷകസ്വഭാവത്തിനെതിരെ അധ്വാനിക്കുന്ന ബഹുജനങ്ങളെ അണിനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ തന്നെ ആദ്യകാലത്തുണ്ടായിരുന്ന മാനുഷിക മൂല്യങ്ങളെ ആസ്പദമാക്കി മവിശ്വാസികളുമായി സഹകരിന്‍ സംഘടിത തൊഴിലാളിവര്‍ഗം തയ്യാറാവണം. മതവിശ്വാസികളെ മൊത്തത്തില്‍ എതിര്‍ ചേരിയില്‍ അണിനിരത്തിനു പകരം അവരുടെ മതവിശ്വാസത്തെപോലും അധ്വാനിക്കുന്ന ബഹുജനങ്ങളുടെ താല്പര്യങ്ങള്‍കനുഗുണമായി ഉപയോഗിക്കണമെന്നര്‍ഥം.


എംഗത്സിന്റെ ഈ കാഴ്ചപാട് പുഷ്ടിപെടുത്തിയിട്ടാണ് ലെനിന്‍ പറഞ്ഞത് “”പരലോകത്തു കിട്ടാന്‍ പോകുന്നുവെന്നു കരുതുന്ന സ്വര്‍ഗത്തിന്റെ സ്വഭാവത്തെകുറിച്ച് പരസ്പരം തര്‍ക്കിക്കുന്നതിനുപകരം ഇഹലോകത്ത് സ്വര്‍ഗം കെട്ടിപെടുക്കാന്‍ ശ്രമിക്കു“ന്നതാണ് തൊഴിലാളിവര്‍ഗത്തിന്റെ കടമ. അതുകൊണ്ടാണ് അധ്വാനിക്കുന്ന ബഹുജനങ്ങളുടെ മവിശ്വാസത്തെ  വ്രണപെടുത്തുന്ന യാതൊന്നും ചയ്യരുതെന്ന് ലെനിന്‍ തന്റെ അനുയായികള്‍ക്ക് നിര്‍ദേശം നല്‍കിയത്. കമ്യൂണിസ്റ്റുകാരയ നമുക്ക് മതത്തിലും ദവത്തിലും വിശ്വാസിക്കാതിരിക്കാനെന്നപോലെ വിശ്വാസികള്‍ക്ക് അവരുടെ വിശ്വാസം പുലര്‍ത്താനും അവകാശമുണ്ടെന്ന വസ്തുത അംഗീകരിച്ചാല്‍ മാത്രമേ ചൂഷക വര്‍ഗത്തിനെതിരെ ചൂഷിത വര്‍ഗത്തെ അണിനിരത്താന്‍ കഴിയൂ എന്ന് ലെനിന്‍ ചൂണ്ടികാണിച്ചു.

എംഗത്സും ലെനിനും നല്‍കിയ ഈ നിര്‍ദേശങ്ങള്‍ ഇന്നത്തെ ഇന്ത്യയുടെയും അതിന്റെ ഭാഗമായ കേരളത്തിന്റെയും സ്ഥിതിയില്‍ വിശേഷിച്ചും  പ്രസക്തമാണ്. എന്തുകൊണ്ടെന്നാല്‍ ‘ഹിന്ദുത്വ‘മെന്ന വിപത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തെയും കേരള്‍ രാഷ്ട്രിയത്തെയും വിഴുങ്ങാന്‍ നോക്കുകയാണ്. അതിനെതിരെ പോരാടാന്‍ അഹിന്ദുക്കള്‍ മാത്രമല്ല ഹിന്ദുക്കളില്‍തന്നെ നല്ലൊരു വിഭാഗം ജങ്ങള്‍കൂടി തയ്യാറായി വരികയാണ്. അതിന്റെ ഭാഗമായി മുസ്ലീം -ക്രിസ്ത്യാനാദി ന്യൂനപക്ഷ വിഭാഗങ്ങളില്പെട്ട സാധാരണക്കാരും പുരോഹിതരും മാത്രമല്ല ഹിന്ദു സന്യാസിമാരും മുമ്പോട്ട് വരാന്‍ തുടങ്ങിയിരിക്കുകയാണ്. രാഷ്ട്രീയത്തെ മതത്തില്‍നിന്ന് തികച്ചും വേര്‍തിരിക്കുക എന്ന അര്‍ഥത്തില്‍ മതനിരപേക്ഷതക്ക് ജനപിന്തുണ ഏറി ഏറി വരുകയാണ്.


ഇതുപയോഗിച്ചു ദേശിയൈക്യത്തെയും മതനിരപേക്ഷതയെയും രക്ഷിക്കണമെങ്കില്‍ യുക്തിവാദികള്‍ ഉയര്‍ത്തിപിടിക്കുന്ന മതവിരോധത്തിന്റെ കൊടികൂറ താഴ്ത്തി ഓരോ മതക്കാര്‍ക്കും താന്താങ്ങലുടെ മതത്തില്‍  വിശ്വാസിക്കാനും അതിന്റെ പ്രമാണങ്ങള്‍ അനുസരിക്കാനുമെന്നതുപോലെ മാര്‍ക്സിസ്റ്റുകാരടക്കമുള്ള അവിശ്വാസികള്‍ക്ക് സ്വന്തം വിശ്വാസം പുലര്‍തി അതനുസരിച്ച് ജീവിക്കാനുള്ള അവകാശവും അംഗീകാരിക്കണം. ഈ അര്‍ഥത്തിലുള്ള മനിരപേക്ഷതയെ യുക്തിവാദികളുടെ മതവിരോധമായി വ്യാഖ്യാനിക്കാനുള്ള പ്രവണത നിര്‍ഭാഗ്യവശാല്‍ ഇന്നത്തെ യുക്തിവാദികള്‍ പ്രകടിപ്പിക്കുന്നു

2011, നവംബർ 13, ഞായറാഴ്‌ച

ഭൂനയവും തൊഴിലാളിവര്‍ഗവും

http://dillipost.in/2011/11/13/%E0%B4%AD%E0%B5%82%E0%B4%A8%E0%B4%AF%E0%B4%B5%E0%B5%81%E0%B4%82-%E0%B4%A4%E0%B5%8A%E0%B4%B4%E0%B4%BF%E0%B4%B2%E0%B4%BE%E0%B4%B3%E0%B4%BF%E0%B4%B5%E0%B4%B0%E0%B5%8D%E2%80%8D%E0%B4%97%E0%B4%B5%E0%B5%81/

ഫ്രെഡി കെ താഴത്ത്

മണ്ണിന്റെ ഉപയോഗവും പങ്കിടലും മനുഷ്യരെ പ്രകൃതിയുമായും, മനുഷ്യര്‍ പരസ്പരവും പലപ്പോഴും ശത്രുതാപരമായ വൈരുധ്യങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. ഒരേ സമയം അത് നാശത്തിനും നാമ്പിനും വഴിമരുന്നും  വളവുമായി! അതിനാല്‍, ആധുനിക സമൂഹം അതിന്റെ ഉടമസ്ഥ , പ്രയോഗ, പങ്കാളിത്ത നിയാമാകത്വത്തില്‍ സൂക്ഷ്മതയും ദീര്‍ഘ വിവേകവും പുലര്‍ത്തേണ്ടതുണ്ട്. മനുഷ്യ സംസ്കാരത്തിന്റെ നായകസ്ഥാനത്തേക്കുയരുന്ന ആധുനിക തൊഴിലാളിവര്‍ഗമാകട്ടെ ഈ പൊതു തത്വത്തെ മൂര്‍ത്ത പ്രയോഗത്തിന് പാകമായ പദ്ധതിയാക്കി രൂപപ്പെടുത്തേണ്ടതുണ്ട്. ഭൂമിയിലെ ഉടമസ്ഥ നിയമങ്ങളെ അത് കൊണ്ട് തന്നെ വര്‍ത്തമാനത്തില്‍നിന്നു ഭാവിയെ നോക്കി പുനര്‍നിര്‍വചിക്കുകയും പുനര്‍രചിക്കുകയും വേണം. ഈ വെളിച്ചത്തില്‍ പരിശോധിക്കുകില്‍,  നമ്മുടെ നാട്ടില്‍ ഇന്ന് വരെ ഇക്കാര്യത്തില്‍ പുരോഗാമിയെന്നു നിശ്ചയിച്ചിരുന്ന ഭൂബന്ധമായ ‘കൃഷി ഭൂമി കര്‍ഷകന് ‘ എന്നത് ഈ രീതിയില്‍ പുനപ്പരിശോധിക്കാന്‍ സമയമായി എന്ന് കാണാനാവും .
‘കൃഷി ഭൂമി കര്‍ഷകന്’ എന്ന മുദ്രാവാക്യം തന്നെ ബൂര്‍ഷ്വാ സ്വത്തുടമസ്ഥതയ്ക്ക് വേണ്ടിയായിരുന്നു. അത് ബൂര്‍ഷ്വാ വിപ്ലവത്തിന്റെ മുദ്രാവാക്യവുമാണ്. ഫ്രെഞ്ചു വിപ്ലവമാണ് പ്രഭുക്കന്മാര്‍ക്കും രാജാവിനും മാത്രമാണ് ഭൂമിയില്‍ സ്വത്തുടമസ്ഥത പാടുള്ളൂ എന്ന അവസ്ഥ മാറ്റി എല്ലാ പ്രജകള്‍ക്കും ഭൂമിയില്‍ ഉടമസ്ഥത ആവാം എന്നത് നടപ്പാക്കുകയും ഫലത്തില്‍ ഭൂമിയുടെ തുണ്ടുവത്കരണം നടപ്പിലാവാന്‍ ഇട വരുത്തുകയും ചെയ്തത്. സമ്പദ്ഘടനയില്‍ ഇതിനു രണ്ടു നിയോഗങ്ങള്‍ ഉണ്ട്. ഒന്ന്, ഉല്‍പാദനത്തെ പണം-ചരക്കു-പണം എന്ന ബൂര്‍ഷ്വാ മാര്‍ക്കറ്റിന്റെ നിയമത്തിലേക്ക് വളര്‍ത്തുക. (അതിനു മുന്‍പ് ജന്മിമാരുടെ ഉപഭോഗമായിരുന്നു മുഖ്യമായി ഉല്‍പാദനത്തിന്റെ ലക്‌ഷ്യം); രണ്ട്, അതിനു അനുയോഗ്യമായ രീതിയില്‍ സാമൂഹ്യ കുടുംബ ബന്ധങ്ങളെ അഴിച്ചു പണിയുക. ഈ പ്രക്രിയ സമൂഹത്തില്‍ പുതിയ വര്‍ഗങ്ങളുടെ ആവിര്‍ഭാവവും പുതിയ വ്യക്തിജീവിത മൂല്യങ്ങളുടെ ഉദയവും  ഉണ്ടാക്കും. നേരത്തെ ചൂണ്ടിക്കാട്ടിയ പോലെ, ‘കൃഷിഭൂമി കര്‍ഷകന്’ എന്നത് ഒരു ബൂര്‍ഷ്വാ വിപ്ലവ അജന്‍ഡ ആയിരുന്നു. എന്തുകൊണ്ടെന്നാല്‍, ഭൂമിയില്‍ സ്വകാര്യ സ്വത്തവകാശം എല്ലാ പൗരര്‍ക്കുമായി അനുവദിക്കുന്ന, അതിനു വേണ്ടി രാജാവിന്റെയും പ്രഭുക്കന്മാരുടെയും മാത്രമായിരുന്ന ജന്മാവകാശം നിരോധിക്കുന്ന, കാഴ്ചപാടായിരുന്നു അത്. സ്വകാര്യ സ്വത്ത് തന്നെ നിരോധിക്കുന്ന തൊഴിലാളി വര്‍ഗത്തിന്റെ കാഴ്ചപാടായിരുന്നില്ല അത്. പിന്നെ എന്തിനാണ് കമ്യൂണിസ്റ്റുകാര്‍ ആ ബൂര്‍ഷ്വാ വിപ്ലവ അജന്‍ഡ നടപ്പിലാക്കുന്നത്, അതുകൊണ്ട് തൊഴിലാളി വര്‍ഗത്തിനു എന്ത് ഗുണം എന്നീ ചോദ്യങ്ങള്‍ ന്യായമായും ഉയരും.
ഈ കാര്യങ്ങള്‍ കാള്‍ മാര്‍ക്സ്‌, ഫ്രെഡറിക് എംഗല്‍സ് എന്നിവര്‍ ചര്‍ച്ച ചെയ്യുന്നത് നാം പരിശോധിച്ചാല്‍ ഭൂമിയിലെ ചെറുകിട ഉടമസ്ഥതയെ സാമൂഹ്യ പുരോഗതിക്ക് തടസമായിട്ടു കൂടി അവര്‍ കാണുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും. ഭൂമി ദേശസാത്കരിക്കേണ്ടതിന്റെ ആവശ്യത്തെ കുറിച്ചു മാര്‍ക്സ്‌ വ്യക്തമായി ഇങ്ങിനെ എഴുതി. “എന്തായാലും സ്വത്തിനുള്ള ‘അവകാശ’മെന്നു പറയുന്നതിനെ മാറ്റിനിര്‍ത്തിക്കൊണ്ട് ഞാന്‍ ഒരു കാര്യം ഊന്നി പറയട്ടെ. സമൂഹത്തിന്റെ സാമ്പത്തിക വികാസവും ജനങ്ങളുടെ പെരുപ്പവും സാന്ദ്രീകരണവും, കൃഷിയില്‍ കൂട്ടായ, സംഘടിതമായ, അധ്വാനമേര്‍പ്പെടുത്താനും യന്ത്രങ്ങളുടെയും അതുപോലുള്ള കണ്ടുപിടുത്തങ്ങളുടെയും സഹായം തേടാനും കൃഷിയുടമയായ മുതലാളിയെ നിര്‍ബന്ധിക്കുന്ന സാഹചര്യങ്ങള്‍ തന്നെയും ഭൂമിയുടെ ദേശസാത്കരണത്തെ കൂടുതല്‍ കൂടുതല്‍ ‘സാമൂഹ്യാവശ്യ’മാക്കിത്തീര്‍ക്കും. അതിനെതിരെ സ്വത്തവകാശത്തെക്കുറിച്ചു എത്ര സംസാരിച്ചാലും ഫലമില്ല. സമൂഹത്തിന്റെ അടിയന്തിരാവശ്യങ്ങള്‍ നിറവേറ്റിയേ തീരൂ. സാമൂഹ്യാവശ്യം അനുശാസിക്കുന്ന മാറ്റങ്ങള്‍ സ്വയം വഴിതെളിച്ചെടുക്കും. ഇന്നല്ലെങ്കില്‍ നാളെ അവ അവയുടെ താത്പര്യങ്ങള്‍ക്ക് അനുയോജ്യമായ നിയമ നിര്‍മാണം നടത്തുകയും ചെയ്യും. ദിവസം പ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഉത്പാദനമാണ് നമുക്ക് വേണ്ടത്. ഒരു പിടിയാളുകള്‍ക്ക് തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളും സ്വകീയ താത്പര്യങ്ങളുമനുസരിച്ച് ഉത്പാദനത്തെ ക്രമീകരിക്കാനോ അറിവില്ലായ്മ കൊണ്ട് മണ്ണിന്റെ ഗുണം മുഴുവന്‍ ഉപയോഗിച്ചു തീര്‍ക്കാനോ കഴിയുന്നൊരു സ്ഥിതിയില്‍ ഉല്‍പാദനത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റനാവില്ല. ജലസേചനം, ജലനിര്‍ഗമനം, ആവിശക്തിയുപയോഗിച്ചുള്ള ഉഴവു, രാസവസ്തുക്കളുടെ പ്രയോഗം തുടങ്ങിയ എല്ലാ ആധുനിക രീതികളും കൃഷിയില്‍ വിപുലമായുപയോഗിക്കണം. പക്ഷെ ഭൂമി വന്‍തോതില്‍ കൃഷി ചെയ്താലല്ലാതെ നമ്മുടെ ശാസ്ത്രീയ പരിജ്ഞാനമോ യന്ത്രങ്ങളും മറ്റുമായി നമ്മുടെ അധീനതയിലുള്ള സാങ്കേതികകൃഷിരീതികളോ വിജയകരമായി പ്രയോഗിക്കാന്‍ സാധിക്കില്ല… ഒരു വശത്ത് ജനങ്ങളുടെ നിരന്തരം വര്‍ധിച്ചു വരുന്ന ആവശ്യങ്ങളും മറു വശത്ത് കാര്‍ഷികോത്പന്നങ്ങളുടെ നിരന്തരം ഏറി വരുന്ന വിലയും ഭൂമിയുടെ ദേശസാത്കരണം ഒരു സാമൂഹ്യാവശ്യമായി തീര്‍ന്നിരിക്കുന്നുവെന്നതിനുള്ള അനിഷേധ്യമായ തെളിവാണ്…” [1872 മാര്‍ച്-ഏപ്രില്‍ മാസങ്ങളില്‍ മാര്‍ക്സ്‌ എഴുതിയത്. 'ദ ഇന്റര്‍നാഷനല്‍ ഹെരാള്‍ഡ് (ലക്കം II, 1872 ജൂണ്‍ 15) എന്ന പത്രത്തില്‍ പ്രസിദ്ധീകരിച്ചത്]“. (ജനകീയ ചൈന ഭരണഘടനാപരമായി തന്നെ ഭൂമിയെ മുഖ്യമായി ദേശസാത്കരിച്ചും പൊതുവായി സാമൂഹ്യ ഉടമസ്ഥതയിലും നിലനിര്‍ത്തിയിരിക്കുന്നത് അത് കൊണ്ടാണ്. ചൈന, പക്ഷേ, അനുദിനം സോഷ്യലിസ്റ്റ്‌ പാതയില്‍ ചരിക്കുന്ന ജനകീയ ജനാധിപത്യ രാഷ്ട്രമാണ്. ഇന്ത്യ ഒരു ബൂര്‍ഷ്വാ ഭൂപ്രഭു ഭരണകൂടത്തിന്‍ കീഴിലുള്ള രാഷ്ട്രവും).
ലെനിനിസ്റ്റ് വിപ്ലവപാത
മാര്‍ക്സിനും എംഗല്‍സിനും ശേഷം ലോക വ്യവസ്ഥയ്ക്ക്, ആഗോള മുതലാളിത്തത്തിന്, പ്രാതിഭാസിക മാറ്റമുണ്ടായി. അതിനെ ശരിയായും വ്യക്തതയോടെയും മനസിലാക്കി വിപ്ലവ പ്രയോഗത്തില്‍ നടപ്പാക്കിയ മഹാനാണ് സഖാവ് ലെനിന്‍. അതായത്, കുത്തക മൂലധനത്തിന്റെ ഉല്‍പത്തി എംഗല്‍സിന്റെ കാലത്തുണ്ടാവാന്‍ തുടങ്ങിയെങ്കിലും ആ പ്രവണത വേണ്ടത്ര വ്യക്തമായിരുന്നില്ല. ലെനിന്റെ കാലത്ത് ഈ കുത്തകവത്ക്കരണം ശക്തമായി. കൂടാതെ, കുത്തക മൂലധനം ബാങ്ക് മൂലധനവുമായി ഇഴചേര്‍ന്നു. ഇവ രണ്ടും കൂടിച്ചേര്‍ന്ന അവസ്ഥയെ ലെനിന്‍ ധനമൂലധനം (finance capital) എന്ന് വിളിച്ചു. സാമ്രാജ്യത്വത്തിനെ മുതലാളിത്തത്തിന്റെ പരമോന്നതവും ജീര്‍ണോന്മുഖവുമായ അന്തിമ ഘട്ടം എന്ന് നിര്‍ണയിച്ചു. അതിന്റെ യുഗത്തെ സാമ്രാജ്യത്വത്തിന്റെയും സോഷ്യലിസത്തിന്റെയും യുഗം എന്ന് വിളിച്ചു. (അതായത്, വൃദ്ധമായ സാമ്രാജ്യത്വത്തെ യൗവനയുക്തമായ ശാസ്ത്രീയ സോഷ്യലിസം സാമൂഹ്യ വിപ്ലവങ്ങളിലൂടെ പ്രായോഗികമായ എല്ലാ അര്‍ത്ഥത്തിലും കാലഹരണപ്പെടുത്തുന്ന ദീര്‍ഘിച്ച ചരിത്ര കാലഘട്ടം എന്നര്‍ത്ഥം). ഇതാണ് ലെനിനിസത്തിന്റെ കേന്ദ്ര ബിന്ദു.
ലെനിന്‍ സാമ്രാജ്യത്വത്തെ വൃദ്ധമായും, എല്ലാ സാമൂഹ്യ വിപ്ലവ മൂല്യങ്ങളും നഷ്ടപ്പെട്ടതായും കണ്ടതോടെ പ്രധാനപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ന്നു: ഇങ്ങനെയാണെങ്കില്‍, ബൂര്‍ഷ്വാസി നടത്തിയ/വാഗ്ദാനം ചെയ്ത ബൂര്‍ഷ്വാ സാമൂഹ്യ വിപ്ലവത്തിന്റെ കടമകളായ വ്യക്തിഗത സ്വത്തവകാശം, സാര്‍വജനീന വോട്ടവകാശം, മതേതര രാഷ്ട്രനിര്‍മിതി, സാര്‍വത്രിക വിദ്യാഭ്യാസം, എന്നിവയെല്ലാം ആരാണ് ഇനി ചരിത്രപരമായി പൂര്‍ത്തിയാക്കേണ്ടത്? സംശയമെന്ത്, തൊഴിലാളി വര്‍ഗം തന്നെ. അങ്ങനെ സോഷ്യലിസം എന്നത് നേരത്തെ തൊഴിലാളി വര്‍ഗത്തിന്റെ ഏകമാത്ര വിപ്ലവ അജന്‍ഡയായിരുന്നിടത്ത് നിന്ന് ജനാധിപത്യ വിപ്ലവകടമകള്‍ ഉള്ളടങ്ങിയ സോഷ്യലിസം എന്നത് തൊഴിലാളിവര്‍ഗ നേതൃത്വത്തില്‍ തൊഴിലാളി-കര്‍ഷക സഖ്യത്തില്‍ നടപ്പാക്കേണ്ട പുതുക്കപ്പെട്ട സാമൂഹ്യ വിപ്ലവ പദ്ധതി ആയി മാറ്റപ്പെട്ടു. ഇതാണ് ലെനിനിസ്റ്റ് വിപ്ലവപാത. ഈ പാതയില്‍, വന്‍ വികസിത മുതലാളിത്ത രാജ്യങ്ങളെക്കാള്‍ മുതലാളിത്ത രാഷ്ട്ര-ശൃംഘലയിലെ ദുര്‍ബല കണ്ണികളായ റഷയെ പോലുള്ളവയില്‍ കൂടുതല്‍ വിപ്ലവാത്മക പ്രതിസന്ധി രൂപമെടുത്തുവെന്നും, ഇതര ഏഷ്യന്‍/ആഫ്രിക്കന്‍/ലത്തീനമേരിക്കന്‍ രാഷ്ട്രങ്ങളില്‍ സോഷ്യലിസ്റ്റ്‌ ദിശയിലേക്ക് ചരിക്കുന്ന ദേശീയ ജനാധിപത്യ വിപ്ലവങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം കണ്ടു.
മാര്‍ക്സിസത്തിന്റെ പ്രാതിഭാസിക വികാസം
ഇതാകട്ടെ, മുമ്പ് യൂറോപ്പിലെ വികസിത മുതലാളിത്ത രാജ്യങ്ങളില്‍ മുന്നില്‍  നിന്നിരുന്ന ഇംഗ്ലണ്ടിലോ ജര്‍മനിയിലോ ആദ്യം സോഷ്യലിസ്റ്റ്‌ വിപ്ലവം ഉണ്ടാകുമായേക്കും എന്ന് മാര്‍ക്സ്‌ കണ്ടതിനെയോ,  മാര്‍ക്സിസത്തെ തന്നെയോ അടിസ്ഥാനപരമായി നിഷേധിക്കുന്ന ഒന്നല്ല. മറിച്ച്, മാര്‍ക്സിസത്തിന്റെ പ്രാതിഭാസിക വികാസമാണ്. അതായത്, കുത്തകവത്ക്കരിക്കുകയും ധന/ബാങ്ക് മൂലധനവുമായി ഇഴചേരുകയും ചെയ്ത, അങ്ങനെ സ്വതന്ത്രമത്സരം, സ്വതന്ത്ര അന്വേഷണം എന്നീ ഗുണങ്ങള്‍ കൈവെടിഞ്ഞു കൊണ്ട് ഉത്പാദനത്തെ നവീകരിക്കുവാനുള്ള  അടിസ്ഥാന ഊര്‍ജ്ജദായക ശക്തിയായി സദാ വര്ത്തിക്കെണ്ടുന്ന    മനുഷ്യന്റെ ഭാവനാന്വേഷണങ്ങളെ മുരടിപ്പിക്കുകയും, ബാങ്ക് പലിശ/ഊഹക്കച്ചവട കൊള്ള ലാഭത്തെ ലക്‌ഷ്യം വയ്ക്കുകയും ചെയ്യുന്നതുമായ സാമ്രാജ്യത്വ മൂലധനം കോളനികളിലേക്ക് മൂലധനം കയറ്റി അയയ്ക്കുന്നതിനോടൊപ്പം പ്രതിസന്ധിയും ‘സ്വന്തം’ പ്രഭവ കേന്ദ്രങ്ങളില്‍ നിന്ന് ആ കോളനികളിലേക്ക് കയറ്റി അയച്ചു. അതിനാല്‍ വിപ്ലവത്തിന്റെ കൊടുങ്കാറ്റു കേന്ദ്രങ്ങള്‍ അങ്ങോട്ട്‌ മാറി. അതാണ്‌ ലെനിന്‍ ഒക്ടോബര്‍ വിപ്ലവത്തിലൂടെയും, പിന്നീട് കൊമിന്റെണ്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ രൂപമെടുത്ത കമ്യൂണിസ്റ്റ് പാര്‍ടികള്‍ നേതൃത്വം വഹിച്ചും അതല്ലാതെയും ചൈന, വിയത്നാം, കൊറിയ തുടങ്ങി ക്യൂബ വരെയുള്ള രാജ്യങ്ങളില്‍ നടന്ന വിപ്ലവ വിമോചനങ്ങളിലൂടെയും ചരിത്രപരമായി തെളിഞ്ഞത്. ഇവയൊന്നും കാലികമായി വീണുകിട്ടിയ താത്കാലിക മുതലാളിത്ത പ്രതിസന്ധികളെ ഉപയോഗിച്ചു സാന്ദര്‍ഭിക വിജയങ്ങള്‍ നേടിയതിന്റെ ആകസ്മിക ഫലങ്ങള്‍ മാത്രമായിരുന്നില്ല തന്നെ. മറിച്ചു, സാമ്രാജ്യത്വത്തിന്റെ കൂടപ്പിറപ്പായ ആന്തരിക പ്രതിസന്ധിയുടെ പരിഹാരമായി ഓരോ രാഷ്ട്രങ്ങളിലെയും തൊഴിലാളിവര്‍ഗ നേതൃത്വത്തില്‍ നടപ്പിലാക്കിയ ലെനിനിസ്റ്റ്‌ പാതയുടെ ആ നാടുകളിലെ വിജയ ഘട്ടങ്ങളായിരുന്നു.
അതായത് , മുതലാളിത്തത്തിന്റെ അനുസ്യൂത സ്വഭാവം (spontaneity) അതിനു പ്രതിസന്ധിയും പൊതുക്കുഴപ്പങ്ങളും പ്രദാനം ചെയ്യുകയും ലോകത്തെ നാശത്തിലേക്ക് നയിക്കുയും ചെയ്തപ്പോള്‍ മനുഷ്യന്റെ ക്രിയാത്മകഭാവനയുടെ ഉന്നത പ്രകാശനമായി മാറിയ ലോക തൊഴിലാളിവര്‍ഗത്തിന്റെ ബോധപൂര്‍വ വിപ്ലവ പ്രയോഗം ലോകത്തെ വീണ്ടെടുക്കുന്നതിന്റെ  പ്രതീക്ഷാജനകമായ തുടര്‍ച്ചയുടെ  നിദര്‍ശനങ്ങളായിരുന്നു അവ. ഇവ ഒരേ സമയം മാര്‍ക്സിസത്തിന്റെയും ലെനിനിസത്തിന്റെയും സാധൂകരണമായിരുന്നു. അതായത്, മാര്‍ക്സിസത്തെയും ലെനിനിസത്തെയും പരസ്പരം വേര്‍പിരിക്കാനാവില്ല. അതുകൊണ്ടാണ് ലോകമെങ്ങുമുള്ള കമ്യുണിസ്റ്റുകാര്‍ തങ്ങളെ മാര്‍ക്സിസ്റ്റ്‌-ലെനിനിസ്റ്റുകള്‍ എന്നും കമ്യുണിസ്റ്റ്‌ പാര്‍ടികള്‍ അവരുടെ പ്രത്യയശാസ്ത്രത്തെ മാര്‍ക്സിസം-ലെനിനിസം എന്നും വിളിക്കുന്നത്‌. ഈ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് വിപ്ലവ പദ്ധതിയുടെ ഭാഗമായാണ്, പഴയ ബൂര്‍ഷ്വാ വിപ്ലവത്തിന്റെ ഭാഗമായിരുന്ന (ഇന്ന് ബൂര്‍ഷ്വാസി ഉപേക്ഷിച്ച) ഭൂപരിഷ്കരണം, പുതുക്കിയ സാമൂഹ്യ അര്‍ത്ഥ പ്രയോഗ സാധ്യതകളോടെ, കമ്യൂണിസ്റ്റ്‌ പാര്‍ടികള്‍ നടപ്പിലാക്കുന്നത്  .
പാരീസില്‍ നിന്നു മോസ്കോയിലേക്ക്
ബൂര്‍ഷ്വാ സാമൂഹ്യ വിപ്ലവമായ ഫ്രെഞ്ച് വിപ്ലവം (1789–1799) കൊണ്ടുവന്ന ‘ഭൂമിയില്‍ എല്ലാവര്‍ക്കും ഉടമാവകാശം’ എന്ന മുദ്രാവാക്യത്തിന്റെ സ്ഥാനത്ത് ‘ഭൂമിയില്‍ പൊതുവായ ഉടമാവകാശം മാത്രം’ എന്നത് സ്ഥാപിക്കുകയാണ് മഹത്തായ ഒക്ടോബര്‍ വിപ്ലവത്തിന്റെ ദൌത്യം. ഭൂമി ദേശസാത്കരിച്ചു കൊണ്ടുള്ള ആജ്ഞ പുറപ്പെടുവിച്ചു കൊണ്ടാണ് ലെനിന്‍ ഇത് സോവിയറ്റ്‌ റഷയില്‍ സ്ഥാപിച്ചത്. എന്നാല്‍, നേരത്തെ പറഞ്ഞ പ്രശ്നം, ചരിത്രം കടന്നുപോകേണ്ടാതായ ബൂര്‍ഷ്വാ വിപ്ലവ കടമകളുടെ കാലഘട്ടം താണ്ടിക്കഴിയായ്ക എന്ന പ്രശ്നം, അതിന്റെ ഭാഗമായുള്ള, ജന്മിത്വത്തേയും ക്സാര്‍ ചക്രവര്‍ത്തിയുടെ രാജ-ഭൂപ്രഭു അവകാശങ്ങളുടെയും വിപ്ലവകരമായ നിഗ്രഹത്തിന്റെ ആവശ്യം, റിപ്പബ്ലിക്കിലെ കര്‍ഷകര്‍ (ഉത്പാദനോപാധികള്‍ ഉടമപ്പെടാനും ചരക്കുകള്‍ വില്‍ക്കാനും സ്വാതന്ത്ര്യമുള്ള കര്‍ഷകര്‍) എന്ന പുതിയ ഉടമ വര്‍ഗത്തിന്റെ ആവിര്‍ഭാവ ആവശ്യം, കര്‍ഷക തൊഴിലാളികള്‍ എന്ന പുതിയ ഗ്രാമീണ തൊഴിലാളി വര്‍ഗത്തിന്റെ ഉത്ഭാവാവശ്യം, എന്നിവയ്ക്ക് ആ ആജ്ഞ തടസമാകുമെന്ന് അദ്ദേഹം കണ്ടു.
കൂടാതെ, ഒക്ടോബര്‍ വിപ്ലവത്തിന് ശേഷവും ‘ബോള്‍ഷെവിക്കുകള്‍ കര്‍ഷകരെ വഞ്ചിച്ചു…, ഭൂമി ദേശസാത്കരിച്ചു…, കര്‍ഷകര്‍ക്ക് തുണ്ട് ഭൂമിയില്ല”, എന്നിങ്ങനെ വിളിച്ചു കൂവിയിരുന്ന ‘സോഷ്യലിസ്റ്റ് റവല്യൂഷനറികള്‍’ എന്ന പ്രതിവിപ്ലവകാരികളുടെ (ഇവര്‍ പിന്നീട് ലെനിനെ വധിക്കാന്‍ ശ്രമിക്കുകയുണ്ടായി) പിളര്‍പ്പന്‍ പണി കര്‍ഷകര്‍ക്കിടയില്‍ പുതിയ സോഷ്യലിസ്റ്റ് ഭരണകൂടത്തിനും തൊഴിലാളി വര്‍ഗത്തിനും എതിരെ വളര്‍ത്തുന്ന സംശയത്തെയും അദ്ദേഹം ഗൗരവമായി കണ്ടു. മാത്രമല്ല, പുതിയ സോഷ്യലിസ്റ്റ് റിപബ്ലിക്കിന്റെ ഉത്പാദനാവശ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അന്നത്തെ ചരിത്ര മുഹൂര്‍ത്തത്തില്‍ ഭൂമിയുടെ മേലുള്ള ചെറുകിട ബൂര്‍ഷ്വാ ഭൂവുടമസ്ഥതയായ ‘കൃഷിഭൂമി കര്‍ഷകന്’ എന്ന മുദ്രാവാക്യത്തിന്റെ കാലിക-ഭൌതിക പ്രസക്തിയും ശരിമയും ആ മഹാമനീഷി തിരിച്ചറിഞ്ഞു. അന്നത്തെ സാമ്രാജ്യത്വ പ്രതിവിപ്ലവ യുദ്ധങ്ങളെ നേരിടേണ്ടത് ശക്തമായ തോഴിലാളിവര്‍ഗ-കര്‍ഷക സഖ്യമാണ് എന്നും സോവിയറ്റ് ജനാധിപത്യത്തിന്റെ അന്നത്തെ വര്ത്തമാനാവസ്ഥയിലെ വര്‍ഗാടിത്തറ അതാണ്‌ എന്നും ലെനിന്‍ മനസ്സിലാക്കി. ഇങ്ങനെയാണ് സോവിയറ്റ്‌ യൂണിയന്‍ ഭൂപരിഷ്കരണം നടപ്പാക്കിയതും ഈ പദ്ധതി മൂന്നാം കമ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ നിര്‍ദേശത്തിനനുസരിച്ച് ലോകമെങ്ങും കെട്ടിപ്പടുത്ത കമ്യൂണിസ്റ്റ് പാര്‍ടികളുടെ (മുതലാളിത്ത രാഷ്ട്രങ്ങളിലെ കമ്യൂണിസ്റ്റ്‌ പാര്‍ടികളുടെ പരിപാടികളില്‍ ഒഴികെ) ജനകീയ ജനാധിപത്യ വിപ്ലവ പരിപാടിയില്‍ ഈ ആധുനിക ഭൂപരിഷ്കരണം ഇടം കണ്ടതും.
തൊഴിലാളിവര്‍ഗത്തിന്റെ  ഭൂനയം എന്താകണം?
എന്നാല്‍ ഇന്ന്, ജന്മിത്ത-രാജവാഴ്ച്ചാ കാലത്തിന്റെ ഉത്പാദന സാമൂഹ്യവ്യവസ്ഥ ബാക്കി വച്ച പിന്തിരിപ്പന്‍ പിന്നോക്കാവസ്ഥ പരിഹരിച്ചു കൊണ്ട് ഉത്പാദന പുരോഗതിയും അതിന്റെ ഭാഗമായുള്ള പുത്തന്‍ തൊഴിലാളിവര്‍ഗത്തിന്റെ, ഗ്രാമീണ കര്‍ഷക തൊഴിലാളി വര്‍ഗത്തിന്റെ, ആവിര്‍ഭാവവും സംഭവിച്ചു കഴിഞ്ഞാല്‍ പിന്നെ അവ രണ്ടിന്റെയും കൂടുതല്‍ ഉയര്‍ന്ന ഗുണപരമായ വികാസത്തിനുതകുന്ന തരത്തില്‍ ഭൂമിയുടെ സംഘടിത ഉപയുക്തത, ശാസ്ത്ര സാങ്കേതിക പുരോഗതിയുടെ ഗുണഫലങ്ങള്‍ ഉടനുടന്‍ പ്രയോഗിക്കല്‍ എന്നിവ വിപ്ലവകരമായ സാമൂഹ്യ വികാസത്തിനു അനുപേക്ഷണീയമാണ്. ഇത് സംഭവിച്ചില്ലെങ്കില്‍ ഉത്പാദനവും പുതിയ ശ്രേണി തൊഴിലാളി വര്‍ഗത്തിന്റെ അവശ്യവളര്‍ച്ചയും അവതാളത്തിലാകും. മാത്രമല്ല, കാര്‍ഷിക ഉല്‍പാദന മേഖലയിലെ മുരടിപ്പ് ചൂണ്ടിക്കാട്ടി അതിനുള്ള ഏക പരിഹാരം ആ മേഖലകൂടി കുത്തക ബൂര്‍ഷ്വാസിയുടെ കയ്യിലേല്‍പ്പിക്കുക എന്നതാണെന്നും അങ്ങനെ മാത്രമേ ഭക്ഷ്യ സുരക്ഷ സാധ്യമാക്കാവുന്നത്ര ഉത്പാദനക്ഷമത ഉണ്ടാക്കാനാവൂ എന്നും സാമ്രാജ്യത്വ-കുത്തക ബൂര്‍ഷ്വാ ഏജന്റുമാരായ ‘വിദഗ്ദര്‍’ ശക്തമായി വാദിക്കും. ഇത് സമൂഹത്തിനു മേല്‍ കുത്തക മുതലാളിത്തത്തിന്റെ നീരളിപ്പിടുത്തം സമഗ്രമായി വന്നു വീഴാന്‍ ഇടയാക്കുകയും ചെയ്യും.
ഇത് ഒഴിവാക്കാന്‍ രണ്ടു പോം വഴികളാനുള്ളത്. ഒന്ന്: നിലവില്‍ വ്യാവസായികമായി കാര്‍ഷിക ഉല്‍പാദനം നടക്കുന്ന എസ്റ്റേറ്റുകളുടെ ഭൂമി തുണ്ടുവത്കരിക്കാതിരിക്കുക. അവയുടെ പാട്ടം തീരുന്ന മുറയ്ക്ക് (അല്ലെങ്കില്‍ ഗുരുതരമായ പാട്ടവ്യവസ്ഥാ ലംഘനങ്ങള്‍ ഉണ്ടായാല്‍ പാട്ടം റദ്ദാക്കിക്കൊണ്ട്) അവ ഏറ്റെടുത്തു പ്ലാന്റേഷന്‍ കോര്‍പറേഷന്‍ പോലുള്ള സര്‍ക്കാര്‍ പൊതു മേഖലാ സ്ഥാപനങ്ങളെ ഏല്‍പ്പിക്കുക. രണ്ടു: കാര്‍ഷിക വിളകള്‍, മുഖ്യമായും ധാന്യം, പച്ചക്കറി, കോഴി, ആട്, മാട് എന്നിവ സംഘടിതമായി കൃഷി ചെയ്യാനും പഞ്ചായത്തടിസ്ഥാനത്തില്‍ ഉല്‍പ്പാദക സഹകരണ സംഘങ്ങളും കര്‍ഷകരുടെ രജിസ്റ്റര്‍ ചെയ്ത കൂട്ടുസംരംഭങ്ങളും ഉണ്ടാക്കുക (സര്‍ക്കാരിന്റെ ശക്തമായ സഹായ നിര്‍ദേശങ്ങളോടെ). ഓരോ ബ്ലോക്കടിസ്ഥാനത്തിലും ഇവയുടെ ആധുനിക കമ്പോളവും വിതരണ സംവിധാനവും ഉണ്ടാക്കുക. കൂടെ, ഇവയുടെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്ന ഗ്രാമീണ വ്യവസായങ്ങള്‍ സൃഷ്ടിക്കുമാര്‍ വ്യാവസായിക നയം ഇതിനനുപൂരകമായി വികസിപ്പിക്കുക. വന്‍ ധാന്യ ഉല്‍പാദന കേന്ദ്രങ്ങളായ പാട ശേഖരങ്ങള്‍ ആധുനിക സംവിധാനം ഉപയോഗിച്ചുള്ള കാര്‍ഷിക ഉല്‍പാദനത്തില്‍ കൊണ്ടുവരുന്നതോടൊപ്പം അവയുടെ ഉടമകളായ കര്‍ഷകര്‍ക്ക് അടിസ്ഥാന ഡിവിഡന്റ് ഉറപ്പാക്കികൊണ്ട് ദീര്‍ഘ പാട്ടത്തിനെടുക്കാന്‍ ഈ കര്‍ഷക കൂട്ടായ്മകളെ പ്രോത്സാഹിപ്പിക്കുക. ഇതിനായി ആവശ്യമായ നിയമം നിര്‍മിക്കുക. നമ്മുടെ നാട്ടിലെ  റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാര്‍ എന്ന പെരുച്ചാഴികളെ പുകച്ചോടിച്ച് ഗ്രാമ, നഗര ഭേദമെന്യേ കൃത്യമായ ഭവനനിര്‍മാണ നയം നടപ്പിലാക്കുകയും, ഭവന/കെട്ടിട നിര്‍മാണത്തിനു അനുവദിക്കപ്പെട്ട ഇടം മാപ്പില്‍ വ്യക്തമായും രേഖപ്പെടുത്തുകയും ചെയ്യുക. സാമൂഹ്യ ജാഗ്രതയോടെ ഇത് കര്‍ശനമായും നടപ്പിലാക്കുകയും പാലിക്കുകയും വേണം. സ്കൂള്‍, ശ്മശാനം, ആശുപത്രി, മാര്‍ക്കെറ്റ്‌, പാഴ്വസ്തുക്കളുടെ നിര്‍മാര്‍ജന കേന്ദ്രം ഇവയെല്ലാം ശാസ്ത്രീയവും വികേന്ദ്രീകൃതവുമായി നടക്കണമെങ്കില്‍ ഇത് കൂടിയേ തീരൂ.
ഇങ്ങനെ,  ഭൂമിയുടെ ഉപയുക്തതയുടെ കാര്യത്തില്‍ സാമൂഹ്യ കാഴ്ചപ്പാടോടെ സാമൂഹ്യ നിയന്ത്രണത്തോടെ സാമൂഹ്യ പങ്കാളിത്തത്തോടെയുള്ള നയം പ്രാവര്‍ത്തികമാക്കുന്നില്ലെങ്കില്‍ ഭക്ഷ്യ പ്രതിസന്ധി ആസന്നമാകുന്ന ഈ കാലത്ത്,   ‘എന്റെ തുണ്ട് ഭൂമി കിട്ടിയില്ല’ എന്ന രീതിയില്‍ തുണ്ടുവത്കരണ വാദം വീണ്ടും സാമൂഹ്യനീതിയുടെ ന്യായമായ മുദ്രാവാക്യമായി ഉയര്‍ത്തപ്പെടുന്ന കാലത്ത്,  ഏറ്റവും  ആപത്കരമായ പ്രവണതയായി ഭൂ ഉടമസ്ഥത സംബന്ധിച്ച രണ്ടു സ്വഭാവങ്ങള്‍ വളരും—റിയല്‍ എസ്റ്റേറ്റുകാരുടെയും കുത്തകകളുടെയും ആവശ്യത്തിനായുള്ള ഭൂസമാഹരണവും, അന്തിമമായി അവരുടെ മുതല വായിലേക്ക് പോകുന്ന ശേഷിക്കുന്ന സംഘടിത കാര്‍ഷിക ഭൂമിയുടെ തുണ്ടുവത്കരണവും.

മാന്ദ്യം കടന്ന് മാനത്തേക്കൊരു കുതിപ്പ്



 ശരത്

ലോകത്ത് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ അപ്രമാദിത്യത്തിന് അറുതി വരുത്തുമെന്ന മുന്നറിയിപ്പോടെ പടിപടിയായി ചൈന നടത്തുന്ന കുതിപ്പിന് ലോകം സാക്ഷിയാകുന്നു. അമേരിക്കയും റഷ്യയും അടക്കിവാണ ബഹിരാകാശ രംഗത്തും, ലോക സമ്പദ് വ്യവസ്ഥയെ നിയന്ത്രിച്ചിരുന്ന അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തകകളെ പിന്നിലാക്കി സാമ്പത്തിക രംഗത്തുമെല്ലാം ചൈന കൈവരിക്കുന്ന നേട്ടങ്ങള്‍ ലോകത്തിന് പുതിയ ദിശാബോധം നല്‍കുകയാണ്. രാജ്യത്തിന്റെ വിഭവങ്ങള്‍ ക്രിയാത്മകമായി ഉപയോഗപ്പെടുത്തിയും ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തിയുമാണ് ചൈന കുതിക്കുന്നത്.




ഈയടുത്തുണ്ടായ രണ്ടു സംഭവങ്ങള്‍ ചൈനീസ് മുന്നേറ്റത്തിന്റെ സൂചികയാണ്. ബഹിരാകാശ രംഗത്തെ വിജയമാണ് ഒന്ന്. മറ്റൊന്ന് സാമ്പത്തിക മേഖലയിലെ മേല്‍ക്കൈയും. രണ്ട് പേടകം ബഹിരാകാശത്ത് വിജയകരമായി ലക്ഷ്യത്തിലെത്തിച്ചാണ് ചൈന ബഹിരാകാശ രംഗത്തെ കുതിപ്പ് തുടരുന്നത്. കഴിഞ്ഞദിവസം വിക്ഷേപിച്ച ആളില്ലാ പേടകം "ഷെന്‍ഷൂ-8"കഴിഞ്ഞമാസം വിക്ഷേപിച്ച "തിയാന്‍ഗോങ്-1" പേടകത്തിലേക്ക് കൃത്യമായി ഇണക്കിച്ചേര്‍ത്തുകൊണ്ട് അമേരിക്കയ്ക്കും റഷ്യക്കും പിന്നാലെ ഈ സാങ്കേതികവിദ്യ കൈവരിക്കുന്ന മൂന്നാമത്തെ രാജ്യമായി

ചൈന മാറി. 2020 ആവുമ്പോഴേക്കും സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിച്ച് മനുഷ്യനെ അവിടെ എത്തിക്കാനുള്ള പരിശ്രമത്തിലെ നിര്‍ണായക ചുവടുവയ്പാണ് ഈ നേട്ടത്തിലൂടെ ചൈന കൈവരിച്ചത്. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയ്ക്ക് പകരം വെക്കാവുന്ന കുതിപ്പുകളാണ് ചൈന തുടരുന്നത്. പതിനായിരത്തോളം ഭാഗങ്ങള്‍ സംയോജിച്ച പേടക സ്ഥാപന സംവിധാനം (ഡോക്കിങ് സിസ്റ്റം) ഷാങ്ഹായ് അക്കാഡമി ഓഫ് സ്പേസ് ഫ്ളൈറ്റ് ടെക്നോളജിയുടെ നേതൃത്വത്തില്‍ ചൈനീസ് ഗവേഷണ സ്ഥാപനങ്ങള്‍ തദ്ദേശീയമായി വികസിപ്പിച്ചതാണ്. അടുത്തവര്‍ഷം രണ്ട് പേടകംകൂടി ചൈന ഇപ്രകാരം ബഹിരാകാശത്ത് സ്ഥാപിക്കും. ഇതിനുശേഷം ബഹിരാകാശ പരീക്ഷണശാലയും നിലയവും സ്ഥാപിക്കാനുള്ള പ്രവര്‍ത്തനം തുടങ്ങുമെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍ പറഞ്ഞു. പേടകം കൃത്യമായി ബഹിരാകാശത്ത് സ്ഥാപിക്കാനുള്ള സാങ്കേതികവിദ്യ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ഉദ്യമത്തിലെ സുപ്രധാന നേട്ടമാണ്.

 
 
 

ബഹിരാകാശ രംഗത്ത് ഈ കുതിപ്പ് തുടരുമ്പോള്‍ , മാന്ദ്യത്തിന്റെ ശീതക്കാറ്റിലും സാമ്പത്തിക രംഗത്തെ ചൈനയുടെ ഉറച്ച ചുവടുവയ്പ്പും ലോകം ഉറ്റുനോക്കുകയാണ്. യൂറോപ്പിനെയും അമേരിക്കയെയും വട്ടം കറക്കുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും വിഭിന്നമായി സാമ്പത്തിക രംഗത്ത് ചൈന നേട്ടം കൈവരിക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ആഭ്യന്തര കടപരിധി വര്‍ധിപ്പിച്ചുകൊണ്ടുള്ള പുതിയ സാമ്പത്തികനയം അമേരിക്കയില്‍ നടപ്പാക്കിയത് ഈയിടെയാണ്. അമേരിക്കന്‍ ഓഹരി വിപണിയുടെ റേറ്റിങ് പ്രമുഖ ഏജന്‍സിയായ സ്റ്റാന്റേര്‍ഡ് ആന്റ് പ്യുവര്‍ "എഎഎ"യില്‍ നിന്ന് "എഎ+" ലേക്ക് തരം താഴ്ത്തിയത് അമേരിക്കന്‍ സമ്പദ് വ്യവസ്ഥ നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളിലേക്കാണ് വിരല്‍ ചൂണ്ടി. യൂറോപ്യന്‍ രാജ്യങ്ങളിലും കനത്ത സാമ്പത്തിക പ്രതിസന്ധി പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ഗ്രീസിലെ പ്രധാനമന്ത്രി ജോര്‍ജ് പപ്പന്‍ദ്രു സാമ്പത്തിക പ്രതിസന്ധിമൂലം പ്രധാമന്ത്രി പദം അടുത്തിടെ രാജിവെച്ചു. ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബര്‍ലുസ്കോണിയും സാമ്പത്തിക പ്രതിസന്ധിമൂലം രാജി പ്രഖ്യാപിച്ചിട്ടുണ്ട്.

 
 
  വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തില്‍ നിന്ന്
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ യൂറോപ്യന്‍ സാമ്പത്തിക സ്ഥിരതാ ഫണ്ടിലേക്ക്(ഇഎഫ്എസ്എഫ്) യൂറോസോണ്‍ ചൈനയുടെ സഹായം തേടിയത് അടുത്തിടെയാണ്. 3000 കോടി ഡോളറിലധികം വരുന്ന ചൈനയുടെ വിദേശ നീക്കിയിരുപ്പ് യൂറോപ്പിനെ കടക്കെണിയില്‍ നിന്ന് കരകയറ്റാന്‍ ചൈന ഉപയോഗപ്പെടുത്തിയേക്കും. ഇഎഫ്എസ്എഫ് ചീഫ് എക്സിക്യൂട്ടീവ് ക്ളോസ് റിഗ്ലിങ് ചൈനീസ് പ്രസിഡന്റ് ഹു സിന്റാവോയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. യൂറോപ്പിലെ പ്രബല രാജ്യങ്ങളായ ജര്‍മനിയും ബ്രിട്ടനും അടക്കമുള്ള രാജ്യങ്ങള്‍ക്ക് ഇഎഫ്എസ്എഫിന്റെ പുതിയ ഫണ്ടിലേക്ക് ഒരു യൂറോപോലും നല്‍കാന്‍ സാധിക്കാത്ത അവസരത്തിലാണ് ചൈനയുടെ സഹായ വാഗ്ദാനം. ചൈനയുമായി വിദേശ വ്യാപാരത്തിലേര്‍പ്പെട്ടിരിക്കുന്നതിലധികവും യൂറോപ്യന്‍ രാജ്യങ്ങളാണ്. 2001ല്‍ ചൈനയുമായുള്ള വ്യാപാരകരാറിന് ഗ്രീസ് തയാറാവാതിരുന്നത് ഗ്രീസിന്റെ സാമ്പത്തിക തകര്‍ച്ചയ്ക്ക് പ്രധാന കാരണമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് നിക്കൊളാസ് സര്‍ക്കോസി അഭിപ്രായപ്പെട്ടിരുന്നു.

 
 
 

ലോകത്തിലെ സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന വികസിത രാഷ്ട്രങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുമ്പോള്‍ ചൈന വേറിട്ട് നില്‍ക്കുകയാണ്. 2008ല്‍ ലോകത്ത് വീശിയടിച്ച സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ ദീര്‍ഘവീക്ഷണമുള്ള പദ്ധതികളാണ് ചൈന ആവിഷ്കരിച്ചത്. മാന്ദ്യത്തെ മറികടക്കാന്‍ ആയിരക്കണക്കിന് സ്വകാര്യ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി പൊതുമേഖല ശക്തപ്പെടുത്തുകയും ചെറുകിട വ്യവസായങ്ങള്‍ പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു. ശക്തമായ നടപടികളുടെ ഭാഗമായി 2010ആയപ്പോള്‍ കോടിക്കണക്കിന് ചെറുകിട വ്യവസായങ്ങള്‍ ചൈനയില്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് കണക്ക്. 1978 മുതല്‍ നടപ്പാക്കിയ സാമ്പത്തിക പരിഷ്കരണങ്ങളുടെ ഭാഗമായി ദശലക്ഷക്കണക്കിന് ജനങ്ങളാണ് ദാരിദ്ര്യത്തില്‍ നിന്നും കരകയറിയത്.  ദരിദ്ര ജനത 2005 ആയപ്പോഴേക്കും 2.5%മായി കുറഞ്ഞു. അമേരിക്കയടക്കമുള്ള വികസിത രാജ്യങ്ങളില്‍ തൊഴിലില്ലാത്തവരുടെയും ദരിദ്രരുടെയും എണ്ണം ദിനംപ്രതി വര്‍ധിക്കുമ്പോഴാണ് ചൈനയുടെ നേട്ടം. ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയും ചൈനയുടെതാണ്. കഴിഞ്ഞ 30 വര്‍ഷമായി തുടര്‍ച്ചയായ സാമ്പത്തിക പുരോഗതി കൈവരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ലോകത്ത് കയറ്റുമതിയില്‍ ഒന്നാംസ്ഥാനവും ഇറക്കുമതിയില്‍ രണ്ടാം സ്ഥാനവും ചൈനയ്ക്കാണ്. കൃഷിയും വ്യവസായവും ഒരുപോലെ മികച്ച രീതിയില്‍ മുന്നോട്ടു നയിക്കുന്നതാണ് ചൈനയുടെ മറ്റൊരു പ്രത്യേകത. ലോകത്ത് ഏറ്റവും കൂടുതല്‍ അരി ഉല്‍പാദിപ്പിക്കുന്നതും ചൈനയില്‍ത്തന്നെ. ഇത്തരത്തില്‍ വ്യവസായവും കൃഷിയും തുല്യപ്രാധാന്യത്തോടെ കൈകാര്യം ചെയ്ത് ദീര്‍ഘവീക്ഷണമുള്ള പരിഷ്കാരങ്ങളിലൂടെയാണ് ചൈന ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യമാവാനുള്ള കുതിപ്പ് തുടരുന്നത്. ലോക വിപണി ചൈന നിയന്ത്രിക്കുന്ന കാലം വിദൂരമല്ല.

2011, നവംബർ 11, വെള്ളിയാഴ്‌ച

മാര്‍ക്‌സ് മടങ്ങിവരുന്നു

Posted on: 11 Nov 2011
ബാലരാമന്‍



ആഗോള കമ്യൂണിസത്തിന്റെ ഉരുക്കുകോട്ട സോവിയറ്റ് യൂണിയന്‍ തകര്‍ന്ന് ആറ് വര്‍ഷം തികയുന്ന കാലത്താണ് മുതലാളിത്തത്തിന്റെ വത്തിക്കാനായ വാള്‍സ്ട്രീറ്റുള്ള നാട്ടില്‍ പ്രസിദ്ധീകരിക്കുന്ന 'ന്യൂയോര്‍ക്കര്‍' മാസിക അമ്പരപ്പിക്കുന്ന കവര്‍‌സ്റ്റോറിയുമായി ഇറങ്ങിയത്. 'ദ റിട്ടേണ്‍ ഓഫ് കാള്‍ മാര്‍ക്‌സ്' എന്ന ശീര്‍ഷകത്തിലുള്ള പ്രബന്ധം അമേരിക്കക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്ന ഒന്നായിരുന്നില്ല: 21-ാം നൂറ്റാണ്ടില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുകയും പഠിക്കപ്പെടുകയും ചെയ്യുക കാള്‍ മാര്‍ക്‌സായിരിക്കും- ലേഖനം പറഞ്ഞു.

''മാര്‍ക്‌സ് മുതലാളിത്തത്തെക്കുറിച്ച് പറഞ്ഞതെല്ലാം അക്ഷരംപ്രതി സത്യമാണെന്ന് വാള്‍സ്ട്രീറ്റില്‍ ജീവിക്കുന്ന ഓരോ നിമിഷവും എനിക്ക് കൂടുതല്‍ ഉറപ്പാവുകയാണ്'', പ്രബന്ധമെഴുതിയ 'ന്യൂയോര്‍ക്കറി'ന്റെ ധനകാര്യ ലേഖകന്‍ ജോണ്‍ കാസ്സിഡിയോട് ഇത് പറഞ്ഞത് 1980- കളില്‍ ഓക്‌സ്‌ഫോഡില്‍ ഒപ്പം പഠിച്ച സുഹൃത്താണ്, വാള്‍സ്ട്രീറ്റിലെ കേമപ്പെട്ട ഒരു ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുദ്യോഗസ്ഥന്‍.

സുഹൃത്ത് തന്നെ കളിയാക്കുകയാണോ എന്ന് സംശയിച്ചപ്പോള്‍ ബാങ്കര്‍ ഒന്നുകൂടി പറഞ്ഞു, ''മാര്‍ക്‌സിനെ കൃത്യമായി വ്യാഖ്യാനിക്കുന്ന ഇക്കണോമിസ്റ്റിനാണ് നൊബേല്‍ പ്രൈസ് കൊടുക്കേണ്ടത്. കാരണം മാര്‍ക്‌സിനെപ്പോലെ ഭംഗിയായി മുതലാളിത്തം പഠിച്ച മറ്റാരുമില്ല.''

അന്നേവരെ മാര്‍ക്‌സിസ്റ്റ് എന്ന ദുഷ്‌പേര് കേള്‍പ്പിച്ചിട്ടില്ലാത്ത കാസ്സിഡി അങ്ങനെയാണ് ലീവെടുത്ത് മാര്‍ക്‌സിന്റെ രചനകള്‍ വായിച്ചതും ഞെട്ടിക്കുന്ന പലതും കണ്ടെത്തിയതും. സങ്കീര്‍ണഗദ്യത്തില്‍ ഒന്നര നൂറ്റാണ്ട് മുമ്പ് മാര്‍ക്‌സ് പറഞ്ഞതെല്ലാം 20-ാം നൂറ്റാണ്ട് അവസാനിക്കുന്ന ദശകത്തില്‍ അക്ഷരംപ്രതി സത്യമായി മാറുന്നു! മാര്‍ക്‌സിന് മുമ്പും പിന്‍പും ജീവിച്ച, മുതലാളിത്ത സാമ്പത്തിക ശാസ്ത്രത്തിലെ ആചാര്യന്മാരൊന്നും ഇതേപ്പറ്റി ചിന്തിച്ചിട്ടുപോലുമില്ല!!

''മാര്‍ക്‌സിനെ രാഷ്ട്രീയ പ്രവാചകനായി കണ്ടതാണ് തെറ്റ്'' വായന കഴിഞ്ഞപ്പോള്‍ കാസ്സിഡി തീരുമാനിച്ചു. ''മാര്‍ക്‌സ് ഗംഭീരമായി ക്യാപിറ്റലിസം പഠിച്ച വിദ്യാര്‍ഥിയാണ്, മുതലാളിത്തം നിലനില്‍ക്കുന്ന കാലത്തോളം മാര്‍ക്‌സിന് പ്രസക്തിയുമുണ്ട്.''

വായനയ്ക്കു ശേഷം ലേഖകന്‍ വടക്കന്‍ ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിലെ മാര്‍ക്‌സിന്റെ ശവകുടീരവും സന്ദര്‍ശിച്ചു. ശവകുടീരത്തിനടുത്ത് മൂന്ന് സന്ദര്‍ശകര്‍ മാത്രമേയുള്ളൂ - താടിക്കാരായ രണ്ട് തുര്‍ക്കി യുവാക്കളും കൊറിയയില്‍ നിന്നൊരു യുവതിയും ലണ്ടനില്‍ പഠിക്കുന്നു. സോഷ്യലിസ്റ്റുകളുമാണ്. ''ആരെങ്കിലും മാര്‍ക്‌സിന്റെ ഗ്രന്ഥങ്ങള്‍ വായിച്ചിട്ടുണ്ടോ?'' കാസ്സിഡി അന്വേഷിച്ചു.

''ക്യാപിറ്റല്‍ വായിക്കാന്‍ ശ്രമിച്ചതാണ്, പക്ഷേ, ഭയങ്കര വലിപ്പം'' ഒരു താടി പറഞ്ഞു. ''ഞാന്‍ നോക്കി, എനിക്കൊന്നും മനസ്സിലായില്ല'' അപരനും പറഞ്ഞു.

******

ആ ലേഖനം വന്നത് 1997- ലാണ്. ആ വര്‍ഷം തന്നെയാണ് ഫിനാന്‍ഷ്യല്‍ ടൈംസിന്റെ പശ്ചിമേഷ്യ ലേഖകനായിരുന്ന ജെയിംസ് ബുച്ചന്റെ 'ഫ്രോസണ്‍ ഡിസൈര്‍: ദ മീനിങ്ങ് ഓഫ് മണി'യും പുറത്തിറങ്ങിയത്. ആദിമ ഗ്രീക്കുകാരുടെ കാലം മുതല്‍ പണം എന്ന സങ്കല്പത്തിനുണ്ടായ പരിണാമം വിവരിക്കുന്ന ബുച്ചന്‍ 20-ാം നൂറ്റാണ്ട് ആയപ്പോഴേക്കും ലോക വ്യവഹാരങ്ങളില്‍ അത് നേടിയെടുത്ത സ്ഥാനത്തെപ്പറ്റി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. പണം ഒരിക്കല്‍ മനുഷ്യന്റെ ആഗ്രഹങ്ങളും ആവശ്യങ്ങളും സഫലീകരിക്കാനുള്ള ഉപകരണം മാത്രമായിരുന്നു. പക്ഷേ, ഇന്ന് മനുഷ്യന് മറ്റെന്തിനേക്കാളും മോഹം ജനിപ്പിക്കുന്ന വസ്തുവായി പണം മാറി. പുസ്തകത്തില്‍ മാര്‍ക്‌സിനെപ്പറ്റി ഏറെ പരാമര്‍ശങ്ങളൊന്നുമില്ലെങ്കിലും അതിന്റെ രചനയ്ക്ക് പ്രേരകമായത് വൈകിവായിച്ച മാര്‍ക്‌സാണെന്ന് ബുച്ചന്‍ സമ്മതിക്കുന്നുണ്ട് (മാര്‍ക്‌സ് ഏറ്റവും കൂടുതല്‍ ചിന്തിച്ചത് പണത്തിന്റെ സ്വഭാവത്തെയും ധര്‍മത്തെയും പറ്റിയായിരുന്നു).

ഏതാനും ബുജികളുടെ വായനാലോകത്ത് ഒതുങ്ങി ഈയൊരു ലേഖനവും പുസ്തകവും. ഇതുകൊണ്ടൊന്നും ക്യാപിറ്റലിസത്തിന്റെ ഉരുക്കുകോട്ടകള്‍ കുലുങ്ങിയില്ല. അപ്പോഴാണ് ഏഷ്യന്‍ കടുവകള്‍ എന്ന് വിളിക്കുന്ന പൂര്‍വേഷ്യയിലെ നാല് രാജ്യങ്ങളില്‍ ഓഹരി വിപണികള്‍ മൂക്കുകുത്തിയത്. തൊട്ടുപിന്നാലെ റഷ്യന്‍ കറന്‍സി പ്രതിസന്ധിയും. പതിറ്റാണ്ട് തികയും മുമ്പേ ക്യാപിറ്റലിസത്തിനു പ്രതിസന്ധിയോ എന്ന് സംശയിച്ച 'ഫിനാന്‍ഷ്യല്‍ ടൈംസ്' മുഖപ്രസംഗത്തിന്റെ തലക്കെട്ട് 'ദാസ് ക്യാപിറ്റല്‍ റീവിസിറ്റഡ്' എന്നായിരുന്നു.

അടുത്തവര്‍ഷം, 20-ാം നൂറ്റാണ്ട് അവസാനിക്കുന്ന വേളയില്‍ സഹസ്രാബ്ദത്തിലെ ചിന്തകരില്‍ ഒന്നാമനെ കണ്ടെത്താന്‍ ബി.ബി.സി. ലോകവ്യാപകമായ ഓണ്‍ലൈന്‍ സര്‍വേ നടത്തിയപ്പോള്‍ ഫലം ഇതിലും നാടകീയം. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് ഒന്നാം സ്ഥാനത്തെത്തിയത് മാര്‍ക്‌സ്! ഐന്‍സ്റ്റീന്‍ രണ്ടാം സ്ഥാനത്തെത്തി. ന്യൂട്ടനും ഡാര്‍വിനും മൂന്നും നാലും സ്ഥാനങ്ങള്‍ മാത്രം.

ആ സമയത്തും മാര്‍ക്‌സ് ശത്രുതയോടെ കണ്ട പഠനവിഷയം -മുതലാളിത്തം-സമൃദ്ധിയുടെ പാരമ്യത്തിലായിരുന്നു. വികസിതലോകത്തിന്റെ വ്യവസായ ഉത്പന്നങ്ങള്‍ പിന്നാക്കരാജ്യക്കാരനും കൈയെത്തും ദൂരത്തായി. ഉദാരമായ വായ്പകളും എളുപ്പംകിട്ടുന്ന ക്രെഡിറ്റ് കാര്‍ഡുകളും ഉപഭോക്താക്കളെ തേടിവന്നു. ആഗോളീകരണഫലമായി ഏഷ്യനാഫ്രിക്കന്‍ ദരിദ്രര്‍ക്കും സമ്പന്നരാജ്യകമ്പനികളുടെ വന്‍ശമ്പളമുള്ള തൊഴിലുകള്‍ ലഭിച്ചുതുടങ്ങി. സമ്പദ്‌വ്യവസ്ഥയുടെ മുഴുവന്‍ സൂചികയായ ഓഹരിവിപണികള്‍ നാളെയെന്നൊന്നില്ല എന്ന മട്ടില്‍ അര്‍മാദിക്കുകയായിരുന്നു. അപ്പോള്‍ നിസ്വനായി ജീവിച്ച് മരിച്ച പഴയ ജര്‍മന്‍ ജൂതന്റെ വരട്ടുതത്ത്വവാദം വായിക്കാന്‍ ആര്‍ക്കുണ്ട് നേരം.

കഥ മാറുകയായിരുന്നു. സോവിയറ്റ് ചരമത്തിന്റെ പതിറ്റാണ്ട് തികയുന്നതിന് രണ്ട് മാസം മുമ്പ് (2001- ല്‍) ഒസാമ ബിന്‍ലാദന്‍ ഭൗമരാഷ്ട്രീയത്തിന്റെ ഗതി എന്നെന്നേക്കുമായി മാറ്റിമറിച്ചു. അധികാരത്തിന്റെ ഏകധ്രുവലോകത്തില്‍ പെട്ടെന്നൊരു ശത്രുവിനെ കിട്ടിയ ആവേശത്തില്‍ അമേരിക്ക എല്ലാം മറന്നു. മുമ്പ് നാല് പതിറ്റാണ്ട് കാലം മുഖ്യശത്രുവായ സോവിയറ്റ് യൂണിയനെ ചെറുക്കാനും തകര്‍ക്കാനും വേണ്ടി ട്രില്യണ്‍ (ലക്ഷം കോടി) കണക്കിന് ഡോളര്‍ മുടക്കി വികസിപ്പിച്ചെടുത്ത ആയുധങ്ങളും യുദ്ധതന്ത്രങ്ങളും വീണുകിട്ടിയ പോലെ മുമ്പില്‍ വന്ന ശത്രുവിന്റെ മേല്‍ പ്രയോഗിച്ചു.

ആയുധനിര്‍മാണം അമേരിക്കയില്‍ വന്‍വ്യവസായമാണ്. പ്രയോഗിക്കാന്‍ യുദ്ധമില്ലാതെ, വിറ്റഴിക്കാന്‍ വിപണിയില്ലാത്ത കെട്ടിക്കിടന്ന ആയുധങ്ങള്‍ക്കും ആയുധ വാഹിനികള്‍ക്കുമൊക്കെ അതോടെ ആവശ്യം വന്നു. ആയുധവ്യവസായികളുടെ സുവര്‍ണകാലം. നിഷ്‌നപ്രയാസം ലോകത്തെ രണ്ട് വര്‍ഗമാക്കി (മുസ്‌ലിമും അമുസ്‌ലിമും) വേര്‍തിരിച്ചശേഷം ജോര്‍ജ് ബുഷ് ജൂനിയര്‍ വെറുക്കപ്പെട്ട യു.എസ്. പ്രസിഡന്റുമാരുടെ പട്ടികയിലേക്ക് പടിയിറങ്ങി.

പിന്നെ നടന്നതെല്ലാം പെട്ടെന്നാണ്. ബലൂണ്‍ പോലെ വീര്‍ത്ത റിയല്‍ എസ്റ്റേറ്റ് വിപണി 2007 ഒടുവില്‍ കുമിള പോലെ പൊട്ടി. മോഹവിലയിട്ട കെട്ടിടങ്ങളും വീടുകളും വാങ്ങുന്നവര്‍ക്ക് ബാങ്കുകള്‍ വാശിപിടിച്ച് സബ് പ്രൈം (തിരിച്ചടവുശേഷി നോക്കാതെ നല്‍കുന്ന വായ്പ) ലോണുകള്‍ നല്‍കുകയായിരുന്നു. വായ്പ വാങ്ങിയവര്‍ അടവ് തെറ്റിക്കാന്‍ തുടങ്ങി. ആ വീടുകള്‍ കണ്ടുകെട്ടി വില്‍ക്കാന്‍ വെച്ചത് പാതിവിലയ്ക്കുപോലും വാങ്ങാന്‍ ആളില്ല. വായ്പകള്‍ ഇന്‍ഷുര്‍ ചെയ്ത ഇന്‍ഷുറന്‍സ് കമ്പനികള്‍ കൈമലര്‍ത്തി. ബാങ്കുകള്‍ പാപ്പരായി. ഇന്‍ഷുറന്‍സ് കമ്പനികളുടെ ഗതിയും തഥൈവ. ഊഹക്കച്ചവടത്തില്‍ കൊഴുത്ത യു.എസ്. ധനകാര്യ വിപണി തകര്‍ന്നപ്പോള്‍ അതിന്റെ ആന്ദോളനങ്ങള്‍ ലോകത്തിന്റെ മുക്കിലും മൂലയിലുമെത്തി.

വിപണിയില്‍ വീടുകള്‍ക്ക് മാത്രമല്ല ചെലവില്ലാതായത്. കാറുകള്‍ക്കും കമ്പ്യൂട്ടറുകള്‍ക്കും കണ്‍സ്യൂമര്‍ ഉത്പന്നങ്ങള്‍ക്കും ഇത് തന്നെയായി സ്ഥിതി. 1930- കളിലെ മഹാമാന്ദ്യം പോലെ ഭീകരമായ സാമ്പത്തിക പ്രതിസന്ധിയാണിതെന്ന് പലരും പറഞ്ഞു. സാമ്പത്തികശാസ്ത്രത്തിന് നൊബേല്‍ സമ്മാനം നേടിയ അര ഡസന്‍ ഇക്കണോമിസ്റ്റുകള്‍ ജീവനോടെയിരിക്കുന്ന യു.എസ്സില്‍ ഒരു ധനതത്ത്വശാസ്ത്രജ്ഞനുപോലും വരാന്‍ പോകുന്നത് മുന്‍കൂട്ടികാണാന്‍ കഴിഞ്ഞില്ലെന്നത് സാമ്പത്തിക ശാസ്ത്രത്തിന്റെ തന്നെ വില കളഞ്ഞു.

ലാഭകരമായി ബിസിനസ്സ് നടത്താന്‍ സ്വകാര്യ മേഖലയ്‌ക്കേ കഴിയൂവെന്നും (ബിസിനസ്സ് നടത്തുകയല്ല ഗവണ്മെന്റിന്റെ ബിസിനസ്സ്) വിപണിക്ക് വേണ്ടതെല്ലാം വിപണി തന്നെ ചെയ്തുകൊള്ളും എന്നു വാദിച്ചിരുന്നവര്‍ പോലും മാര്‍ക്കറ്റില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് പറഞ്ഞുതുടങ്ങി. നികുതിദായകന്റെ പണമെടുത്ത് കമ്പനികളുടെ നഷ്ടം ദേശസാത്കരിക്കുക (ലാഭമുണ്ടെങ്കില്‍ അത് സ്വകാര്യ മേഖല, ഭയന്നാണ് അതിന്റെ നികുതി പോലും സര്‍ക്കാറുകള്‍ ഈടാക്കുന്നത്) എന്ന തത്ത്വമനുസരിച്ച് ശതകോടിക്കണക്കിന് ഡോളര്‍ ബാങ്കുകള്‍ക്കും കമ്പനികള്‍ക്കുമായി യു.എസ്. ഗവണ്മന്റ് ചെലവഴിച്ചു.

വിപണി എന്നെന്നും മേല്‍പോട്ടു തന്നെയായിരിക്കുമെന്ന് എല്ലാവരും പ്രവചിച്ചിരുന്ന കാലത്ത്, 2005- ല്‍ റിയല്‍ എസ്റ്റേറ്റ് കുമിള ഏറെ വൈകാതെ പൊട്ടിത്തെറിക്കുമെന്ന് ഒരു സാമ്പത്തിക വിദഗ്ധന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു, ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ നൂറിയെല്‍ റൂബിനി. അന്ന് അദ്ദഹം പറഞ്ഞതെല്ലാം സത്യമായപ്പോള്‍ മാധ്യമങ്ങള്‍ അദ്ദേഹത്തിന് ഒരു കളിപ്പേര് നല്‍കി - 'ഡോക്ടര്‍ ഡൂം' (വിനാശത്തിന്റെ പ്രവാചകന്‍). അദ്ദേഹമാണ് ഈ വര്‍ഷം കാള്‍ മാര്‍ക്‌സിനെ സാധാരണ അമേരിക്കക്കാരുടെ പദാവലിയിലേക്ക് കൊണ്ടുവന്നത്. ഡോ. റൂബിനി അടുത്ത കാലത്ത് വാള്‍സ്ട്രീറ്റ് ജര്‍ണലിന് നല്‍കിയ അഭിമുഖത്തില്‍ മടിയില്ലാതെ തുറന്നടിച്ചു: ''മാര്‍ക്‌സ് പറഞ്ഞതെല്ലാം സത്യമായിരുന്നു.''

ലാന്‍കാസ്റ്റര്‍ 'യൂണിവേഴ്‌സിറ്റി പ്രൊഫസറും ബ്രിട്ടീഷ് ചിന്തകനുമായ ടെറി ഈഗിള്‍ട്ടന്റെ 'വൈ മാര്‍ക്‌സ് വാസ് റൈറ്റ്' എന്ന പുസ്തകവും ഈ വര്‍ഷം ജനശ്രദ്ധ പിടിച്ചുപറ്റി. മാര്‍ക്‌സിന്റെ വ്യക്തിജീവിതത്തിന്റെ കഥ പറയുന്ന 'ലവ് ആന്‍ഡ് ക്യാപിറ്റ'ലും (മേരി ഗബ്രിയേല്‍) ജനശ്രദ്ധ പിടിച്ചുപറ്റിയെന്ന് മാത്രമല്ല ആ പുസ്തകം അമേരിക്കയിലെ അഭിജാതമായ നാഷണല്‍ ബുക്ക് അവാര്‍ഡിന് ഷോട്ട്‌ലിസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു.

രണ്ട് വര്‍ഷം മുമ്പുവരെ മുഖ്യധാരാ അമേരിക്കന്‍ വാര്‍ത്താമാധ്യമങ്ങളുടെ സൈറ്റുകളില്‍ 'മാര്‍ക്‌സ്' എന്ന് അടിച്ച് തിരഞ്ഞാല്‍ പഴയ ഹോളിവുഡ് ഹാസ്യനടന്‍ ഗ്രൗച്ചോ മാര്‍ക്‌സ് മുതല്‍ കെന്റക്കിയിലെ കോഴിക്കച്ചവടക്കാരന്‍ വില്യം മാര്‍ക്‌സ് വരെ പ്രത്യക്ഷപ്പെട്ടാലും അന്വേഷണഫലങ്ങള്‍ കാട്ടുന്ന ആദ്യത്തെ ഒന്നുരണ്ട് പേജുകളിലൊരിടത്തും കാള്‍ മാര്‍ക്‌സ് പ്രത്യക്ഷപ്പെടില്ലായിരുന്നു. ഇന്ന് കഥ മാറി. 'ന്യൂയോര്‍ക്കറും' 'അറ്റ്‌ലാന്റിക്കും' പോലെ വിദ്യാസമ്പന്നര്‍ വായിക്കുന്ന പ്രസിദ്ധീകരണങ്ങളില്‍ മാത്രമല്ല 'ന്യൂയോര്‍ക്ക് ടൈംസ്' പോലുള്ള ജനപ്രിയ ദിനപ്പത്രങ്ങളിലും തിരഞ്ഞുനോക്കൂ. അന്വേഷണഫലങ്ങളുടെ ഒന്നാം പേജില്‍ തന്നെ കാള്‍ മാര്‍ക്‌സുണ്ടാകും, മിക്കവാറും ആദ്യത്തെ ചാര്‍ത്തായി തന്നെ. ചിലര്‍ മാര്‍ക്‌സിനെ പുകഴ്ത്തുകയായിരിക്കും, ചിലര്‍ കുറ്റം പറയുകയായിരിക്കും. പക്ഷേ, അമേരിക്കക്കാര്‍ക്കുപോലും മാര്‍ക്‌സിനെ അവഗണിക്കാന്‍ പറ്റാതായിരിക്കുന്നു.
ഇതിനെ ഇംഗ്ലീഷില്‍ പറഞ്ഞാല്‍'മാര്‍ക്‌സ് ഈസ് ബാക്ക് വിത്ത് എ ബാങ്!'

2011, നവംബർ 4, വെള്ളിയാഴ്‌ച

മാര്‍ക്സിസം കൂടുതല്‍ സാധൂകരിക്കപ്പെടുമ്പോള്‍



അഡ്വ. കെ അനില്‍കുമാര്‍

വിപ്ലവം, സമരം തുടങ്ങിയവയൊക്കെ അശ്ലീലപദങ്ങളായി കരുതപ്പെട്ടിരുന്ന ആഗോളവല്‍ക്കരണത്തിന്റെ ഒരു വ്യാഴവട്ടമാണ് കടന്നുപോയത്. മാനവരാശിക്ക് എന്തോ നന്മചെയ്യാന്‍ പോകുന്ന വിശുദ്ധ പാക്കേജായി ആഗോളവല്‍ക്കരണത്തെ മധ്യവര്‍ഗവും മാധ്യമങ്ങളും കൊണ്ടാടി. അതിനെ എതിര്‍ത്ത കമ്യൂണിസ്റ്റുകാര്‍ വികസനവിരുദ്ധരായി ആക്ഷേപിക്കപ്പെട്ടു. സാമ്പത്തികനയങ്ങളാല്‍ മാത്രമല്ല ആശയപ്രചാരണങ്ങളിലും ലോകജനതയ്ക്കുമേല്‍ സമ്പൂര്‍ണ മേധാവിത്വമാണ് ഇതുവഴി മുതലാളിത്തം സ്ഥാപിച്ചെടുത്തത്. സോവിയറ്റ് യൂണിയന്‍ തകര്‍ക്കപ്പെട്ടതോടെ അമേരിക്കന്‍ ചൊല്‍പ്പടിയില്‍ ഐക്യരാഷ്ട്രസഭയും ഒരു കളിപ്പാട്ടംപോലെയായി. ഭൂമിക്കടിയില്‍നിന്ന് എണ്ണയൂറുന്ന ഏതു രാജ്യത്തും ഏതെങ്കിലും കാരണം പറഞ്ഞ് കടന്നുകയറുന്ന കാട്ടു നീതിയാണ് ഇക്കാലത്ത് ലോകത്ത് നടമാടിയത്. ഇറാഖിനും അഫ്ഗാനിസ്ഥാനും പുറമെ ലിബിയകൂടി അധിനിവേശത്തിന് ഇരയാകുന്നു. എങ്കിലും അമേരിക്ക ജയിക്കുന്നില്ല. വാള്‍സ്ട്രീറ്റ് കലാപം ലോകത്തിനു നല്‍കുന്ന സന്ദേശം ഇതാണ്. സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയിട്ട് സര്‍വലോകവും നേടിയാലും അതിന്റെ നിരര്‍ഥകതയെപ്പറ്റി ദൈവശാസ്ത്രം വിരല്‍ചൂണ്ടുന്നതുപോലെ അമേരിക്കന്‍ വിജയങ്ങളുടെ നിരര്‍ഥകതയുടെ പരസ്യപ്പലകയാണ് വാള്‍സ്ട്രീറ്റ്. ഒരു സെപ്തംബര്‍ 11ന് ലോകവ്യാപാരകേന്ദ്രം മാത്രമല്ല, പെന്റഗണ്‍തന്നെ കുലുങ്ങി. അമേരിക്കന്‍ ഭരണകൂടം ആ ആക്രമണത്തെ രാജ്യത്തിന് എതിരായ യുദ്ധമായി വ്യാഖ്യാനിച്ചു. ഭരണകൂടത്തിനു പിന്നില്‍ അമേരിക്കന്‍ ജനതയെ അണിനിരത്താന്‍ അവര്‍ക്കും ആ ആക്രമണം പിടിവള്ളിയായി. അഫ്ഗാന്‍ ജനതയുടെ ജീവിതത്തിനുമേല്‍ അഭിശപ്തമായ മരണദൂതുമായി മിസൈലുകള്‍ പുറപ്പെട്ടത് അതിനുശേഷമാണ്.

സെപ്തംബര്‍ 11ന് ഉണ്ടായ ഭീകരവാദികളുടെ ആക്രമണം സാമ്രാജ്യത്വം ലോകമാകെ വിളയാടാനുള്ള അവസരമാക്കി. ഞങ്ങള്‍ ഒന്നാണെന്ന് അമേരിക്കന്‍ ജനതയെ ചൂണ്ടി ലോകത്തോട് വിളിച്ചുപറഞ്ഞ അമേരിക്കന്‍ ഭരണാധികാരികളോട് ഇന്ന് അമേരിക്കന്‍ ജനത തിരിച്ചു പറയുന്നു ഞങ്ങള്‍ 99 ശതമാനം ആണ്. നിങ്ങള്‍ ഒരു ശതമാനംമാത്രം. അമേരിക്കയില്‍ മാത്രമല്ല, മുതലാളിത്ത രാജ്യങ്ങളിലാകെ ഭരണകൂടത്തിനെതിരെ ജനങ്ങള്‍ തെരുവിലാണ്. ഒരു പുതിയ തിരിച്ചറിവിന്റെ നിറവില്‍ . ആഗോള രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുന്ന മുഖ്യവൈരുധ്യങ്ങളെപ്പറ്റി കമ്യൂണിസ്റ്റുകാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുതലാളിത്തരാജ്യങ്ങളിലെ ഭരണകൂടവും ആ രാജ്യങ്ങളിലെ ജനങ്ങളും തമ്മിലുള്ള വൈരുധ്യം തീവ്രമായി വരുന്നു. ആഗോളവല്‍ക്കരണത്തിന്റെ രണ്ടു പതിറ്റാണ്ടിലെ യാഥാര്‍ഥ്യങ്ങള്‍ പാശ്ചാത്യരാജ്യങ്ങളിലെ മുതലാളിത്ത ഭരണകൂടങ്ങളെ അവിടത്തെ ജനങ്ങളില്‍നിന്ന് ഒറ്റപ്പെടുത്തിയിരിക്കുന്നു. കോര്‍പറേറ്റുകളുടെ ആര്‍ത്തിയെ അവര്‍ പഴിക്കുന്നു. യഥാര്‍ഥത്തില്‍ ഇത് ആര്‍ത്തിയല്ല. മൂലധനത്തിന്റെ സ്വഭാവമാണ്, കൊള്ളയാണ്. അത്രയും അറിയാനും പറയാനുമുള്ള രാഷ്ട്രീയവളര്‍ച്ച വാള്‍സ്ട്രീറ്റ് പ്രക്ഷോഭകര്‍ നേടിയിട്ടില്ല എന്നേയുള്ളു. എങ്കിലും ഉണ്ടാകുന്ന സംഭവങ്ങള്‍ , സമരങ്ങള്‍ , പോരാട്ടങ്ങള്‍ , അവയുടെ ഉള്ളടക്കം സാമ്രാജ്യത്വത്തിനും മുതലാളിത്തത്തിനും എതിരാണ്. അതിനെ റാഞ്ചാന്‍ തീവ്രവലതുപക്ഷം കരുക്കള്‍ നീക്കുന്നുണ്ടെങ്കിലും അത് അത്ര എളുപ്പമല്ല. അതിന് കാരണം മാറുന്ന ലോകരാഷ്ട്രീയമാണ്. രണ്ടായിരത്തി അന്‍പതാമാണ്ടില്‍ ചൈന അമേരിക്കയെ മറികടന്ന് സാമ്പത്തികരംഗത്ത് ഒന്നാം ശക്തിയാകുമെന്നാണ് ലോകബാങ്ക് പ്രവചിച്ചത്. മാന്ദ്യംമൂലം തകരുന്ന അമേരിക്ക പിന്നോട്ടടിക്കുന്നതോടെ ചൈനയ്ക്ക് ഒന്നാമതെത്താന്‍ 2025ല്‍ തന്നെ കഴിയുമെന്നാണ് ഇപ്പോള്‍ അനുമാനിക്കപ്പെടുന്നത്.

ആഗോളവല്‍ക്കരണം നല്‍കിയ വിപുലമായ ചൂഷണാവസരങ്ങള്‍ കിട്ടിയിട്ടും എണ്ണസമ്പന്നമായ മൂന്നു രാജ്യത്തെ യുദ്ധത്താല്‍ കീഴ്പ്പെടുത്തിയിട്ടും അമേരിക്കയെ മാന്ദ്യം പിടികൂടിയതെന്തുകൊണ്ട്. മുതലാളിത്തവ്യവസ്ഥയുടെ ചാക്രിക കുഴപ്പങ്ങളെപ്പറ്റി കാള്‍ മാര്‍ക്സിന്റെ നിഗമനങ്ങള്‍ സാധൂകരിക്കുന്നതാണ് ഇപ്പോഴത്തെ ആഗോളമാന്ദ്യം. അത് നേരിടാന്‍ സ്വകാര്യ ധനസ്ഥാപനങ്ങളെ ഖജനാവിലെ പണം കൊടുത്ത് സഹായിച്ചിട്ടും കോര്‍പറേറ്റുകള്‍ വീണ്ടും രാഷ്ട്രസമ്പത്ത് വിഴുങ്ങുന്നെന്നല്ലാതെ മാന്ദ്യം മാറുന്നില്ല. മാന്ദ്യത്തിന് മുതലാളിത്ത വിദഗ്ധര്‍ നിര്‍ദേശിക്കുന്ന പരിഹാരം തൊഴിലിന്റെ പ്രതിഫലം വെട്ടിക്കുറയ്ക്കുകയെന്നതാണ്. മുതലാളിത്ത പ്രതിസന്ധിക്ക് അവര്‍ കണ്ട മരുന്ന് വെളുക്കാന്‍ തേച്ചത് പാണ്ടായ അവസ്ഥയിലെത്തിയെന്നതാണ് മുതലാളിത്ത രാജ്യങ്ങളിലെ സമരതരംഗങ്ങള്‍ തെളിയിക്കുന്നത്. സമരങ്ങളോട് വിരക്തിയും പുച്ഛവും കാട്ടിയിരുന്ന മധ്യവര്‍ഗം ഉള്‍പ്പെടെ നഷ്ടപ്പെടലിന്റെ നീറ്റലില്‍ പോരാട്ടത്തിന്റെ വഴിതേടുമ്പോള്‍ , ചൂഷിത ഭൂരിപക്ഷം പരസ്പരം ഐക്യപ്പെടുന്നതിന്റെ അടയാളമാണ് ലോകത്തെ ആയിരത്തിനടുത്ത പട്ടണങ്ങളില്‍ തെരുവിലേക്കിരമ്പിയെത്തിയത്. ചൈനയ്ക്ക് ഈ മാന്ദ്യം അതേ രീതിയില്‍ ബാധകമല്ലാത്തതിന് കാരണം ആ വ്യവസ്ഥയുടെ സത്ത മുതലാളിത്തമല്ലാത്തിനാലാണ്. അമേരിക്ക പിന്തള്ളപ്പെടുകയും സാമ്പത്തികവളര്‍ച്ചയാല്‍ സുരക്ഷിതമായ ചൈന ഒന്നാംശക്തിയാവുകയും ചെയ്യുമ്പോള്‍ , ലോകത്തെ വിവിധ രാജ്യങ്ങളിലെ വിപ്ലവ പ്രക്രിയയുടെ ഭാവി ഇരുളടഞ്ഞതാകില്ല. മാര്‍ക്സിസത്തെ സാധൂകരിക്കുന്ന സംഭവങ്ങള്‍ തുടരെയുണ്ടാകുമ്പോഴും നമ്മുടെ മാധ്യമങ്ങള്‍ പുലര്‍ത്തുന്ന മഹാമൗനത്തിനു പിന്നില്‍ ഏതു വര്‍ഗമാണ് തകരുന്നതെന്ന് വായിച്ചെടുക്കാനാകും. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ലോക വിപ്ലവത്തെപ്പറ്റിയാണ് ഉദ്ഘോഷിച്ചത്. എല്ലാ രാജ്യങ്ങളിലും ഒരേപോലെ വിപ്ലവപ്രസ്ഥാനത്തിന് വളര്‍ച്ചയുണ്ടാകാതെ വരുമ്പോള്‍ മുന്നേറാനാകുന്ന രാജ്യങ്ങളില്‍ തൊഴിലാളിവര്‍ഗം നിസ്സംഗരായിരിക്കാന്‍ പാടില്ല എന്നും സാമ്രാജ്യത്വത്തിന്റെ ചങ്ങലയിലെ കണ്ണി ദുര്‍ബലമാകുന്നിടത്ത് തൊഴിലാളിവര്‍ഗം വിപ്ലവത്തിലൂടെ ആഞ്ഞടിക്കണമെന്നുമാണ് ലെനിന്‍ സിദ്ധാന്തിച്ചത്.

സോവിയറ്റ് യൂണിയന്റെ ഉദയം അങ്ങനെയായിരുന്നു. ശീതയുദ്ധത്തിന്റെ അറുതിയിലെ സാമ്പത്തികത്തകര്‍ച്ച റഷ്യയെ ദുര്‍ബലപ്പെടുത്തി. എന്നാല്‍ ,ഒന്നാംശക്തിയാകുന്ന ചൈന സാമ്പത്തികമായി ശക്തമാണ്. പുതിയൊരു ലോകസാഹചര്യം ഉയരും. ബാഹ്യ വൈരുധ്യങ്ങള്‍ ഓരോ രാജ്യത്തിനകത്തെയും ആഭ്യന്തര രാഷ്ട്രീയത്തെ സ്വാധീനിക്കും. ലോകവിപ്ലവത്തിന്റെ പുതിയ സാധ്യതകളിലേക്ക് അത് വഴിതുറന്നുകൂടെന്നില്ല. ഏതായാലും വാള്‍സ്ട്രീറ്റ് പ്രക്ഷോഭം, മുതലാളിത്തത്തിന്റെയും ആഗോളവല്‍ക്കരണത്തിന്റെയും പൊള്ളത്തരം ഒന്നുകൂടി തുറന്നുകാട്ടുന്നു. വിപ്ലവങ്ങള്‍ അവസാനിച്ചെന്ന് ആരാണ് കളവ് പറഞ്ഞത്. മുതലാളിത്തം അവസാനത്തെ വ്യവസ്ഥയാണെന്ന് ആരാണ് പ്രചരിപ്പിച്ചത്. വാള്‍സ്ട്രീറ്റില്‍നിന്ന് ഉയരുന്നത് അവര്‍ക്കുള്ള മറുപടികൂടിയാണ്.