ജനാധിപത്യ കേന്ദ്രീകരണത്തിന്റെ അച്ചടക്കം പാര്‍ടി മെമ്പര്‍മാരായ ഞങ്ങള്‍ സ്വയം തിരഞ്ഞെടുത്തിട്ടുളളതാണ്. അതിനോടു വിയോജിപ്പുളളവരെ പാര്‍ടിയില്‍ ചേരാന്‍ ആരും നിര്‍ബന്ധിക്കുന്നില്ല എന്നു പറഞ്ഞാലും ജെ. രഘു നമ്മെ വെറുതേ വിടില്ല. ഇത്തരമൊരു സംഘടനാശൈലിയുളള പാര്‍ടി സാമൂഹ്യവിരുദ്ധമാണ് എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അതിരുകവിഞ്ഞ അച്ചടക്കബോധം രണ്ടുപ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമത്രേ. ഒന്ന്, സ്വതന്ത്രചിന്തയെ നശിപ്പിക്കും, വൈജ്ഞാനിക വികാസത്തെ പുറകോട്ടടിപ്പിക്കും. രണ്ട്, അച്ചടക്ക ഭ്രാന്തന്മാര്‍ അച്ചടക്കം ലംഘിക്കുന്നവരോട് സൈക്കോപാത്തുകളെപ്പോലെ ആയിരിക്കും പെരുമാറുക. ഇതാണ് ചന്ദ്രശേഖരന്റെ വധം തെളിയിക്കുന്നത്. കമ്മ്യൂണിസ്റ്റു പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ജനാധിപത്യവിരുദ്ധമായേ പ്രവര്‍ത്തിക്കൂ, 1959ല്‍പ്പോലും പാര്‍ടിയുടെ ജനാധിപത്യധ്വംസനത്തില്‍ നിന്ന് കേരളത്തെ രക്ഷിക്കാന്‍ വിമോചന സമരം വേണ്ടിവന്നു എന്നു വാദിക്കുന്ന ശുദ്ധജനാധിപത്യവാദിയാണ് രഘു. വളരെ ഒറിജിനലായ ചിന്തകളാണ് രഘുവിന്റേത്. പക്ഷേ, സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ കമന്റടിച്ചതുപോലെ പലതും പമ്പര വിഡ്ഢിത്തങ്ങളാണെന്നു മാത്രം. ഉദാഹരണത്തിന്, പാര്‍ടിയുടെ സംഘടനാ ദര്‍ശനം അദൈ്വതമാണെന്ന അദ്ദേഹത്തിന്റെ അതിഗഹനമായ നിരീക്ഷണമെടുക്കൂ. &ഹറൂൗീ;വ്യക്തിത്വത്തിന്റെ വൈവിദ്ധ്യങ്ങള്‍ക്കു സ്ഥാനമില്ലാത്ത സംഘടനാസംവിധാനത്തിനു പിന്നിലുളള ലോകബോധം അദൈ്വതത്തിന്റേതാണ്. അദൈ്വത വേദാന്ത വീക്ഷണമനുസരിച്ച് അഹംബോധമുളള വ്യക്തി എന്ന ചിന്ത തന്നെ അജ്ഞാനത്തിന്റെ സൃഷ്ടിയാണ് അതിനാല്‍ ശരിയായ ജ്ഞാനം നേടുന്ന ഓരോ കമ്മ്യൂണിസ്റ്റുകാരനും സ്വയം ചിന്തിക്കേണ്ടത് ഞാന്‍ പാര്‍ടിയുടെ അദൈ്വതാംശമാണ് എന്നാണ് അദൈ്വതികളെപ്പോലെ പാര്‍ടി നേതാക്കന്മാര്‍ പാര്‍ടിയും വ്യക്തിയും തമ്മിലുളള വ്യത്യാസത്തെ നിഷേധിക്കുന്നുവെന്ന് രഘു നിരീക്ഷിക്കുന്നു.
പാര്‍ടിയുടെ സംഘടനാപരിപ്രേക്ഷ്യം എന്ത്?
കമ്മ്യൂണിസ്റ്റു പാര്‍ടിയുടെ ദര്‍ശനം വൈരുദ്ധ്യാത്മക ഭൗതികവാദമാണ്. പാര്‍ടി സംഘടനയെക്കുറിച്ചുളള വീക്ഷണവും ഇതിനെ അടിസ്ഥാനമാക്കിയാണ്. പാര്‍ടി സംഘടനയുടെ ഭൗതിക അടിത്തറ വര്‍ഗസമരമാണ്. വര്‍ഗസമരത്തിലൂടെ ഉയര്‍ന്നുവരുന്ന മുന്നണിപ്പോരാളികളാണ് കമ്മ്യൂണിസ്റ്റ് പാര്‍ടി അംഗങ്ങള്‍.
റോസാ ലക്സംബര്‍ഗ് അഭിപ്രായപ്പെട്ടതുപോലെ വിപ്ലവ സമരത്തിന്റെ ഉല്‍പന്നമാണ് പാര്‍ടി. പാര്‍ടി വിപ്ലവസമരത്തിന്റെ മുന്നുപാധിയാണ് എന്ന കൗട്സ്കിയുടെ നിലപാടിനെ വിമര്‍ശിക്കുകയായിരുന്നു അവര്‍. എന്നാല്‍ ലെനിന്റെ വൈരുദ്ധ്യാത്മക വീക്ഷണം വ്യത്യസ്തമായിരുന്നു. പാര്‍ടിയുടെ ഭൗതിക അടിത്തറ വര്‍ഗസമരമാണെങ്കിലും ആ വര്‍ഗസമരത്തെ വിപ്ലവകരമായി ഉയര്‍ത്തുന്നതിന് പാര്‍ടിയുടെ ഇടപെടല്‍ കൂടിയേ തീരൂ. ലൂക്കാച്ച് പറഞ്ഞതു പോലെ ഒരേസമയം പാര്‍ടി വിപ്ലവസമരത്തിന്റെ ഉല്‍പന്നവും ഉല്‍പാദകനുമാണ്. പാര്‍ടിയും പാര്‍ടി അംഗവും തമ്മിലുളള ബന്ധത്തെയും ലെനിന്‍ വൈരുദ്ധ്യാത്മകമായാണ് വീക്ഷിക്കുന്നത്. അദൈ്വതവാദിയെപ്പോലെ രണ്ടില്ല, ഒന്നേയുളളൂ, അത് പാര്‍ടിയാണ് എന്നതല്ല ലെനിനിസ്റ്റ് നിലപാട്. രണ്ടും വ്യത്യസ്തമാണ് എന്ന ധാരണ ഉളളതു കൊണ്ടാണല്ലോ അംഗങ്ങളുടെ ജനാധിപത്യസംരക്ഷണത്തിന് ജനാധിപത്യ കേന്ദ്രീകരണ തത്വത്തില്‍ സവിശേഷമായ സ്ഥാനം നല്‍കിയിട്ടുളളത്.

ഘടകത്തില്‍ സ്വതന്ത്രമായി അഭിപ്രായം പറയാനും ഉപരിഘടകങ്ങളെ തിരഞ്ഞെടുക്കുന്നതിനുമുളള അധികാരം. പാര്‍ടി സംഘടനാതത്വത്തില്‍ ജനാധിപത്യത്തിന്റെ പ്രാധാന്യമിതാണ്. പക്ഷേ, പാര്‍ടി വെറും അംഗങ്ങളുടെ കൂട്ടമല്ല. അംഗങ്ങളുടെ കൂട്ടായ്മ ഗുണപരമായ ചില സവിശേഷതകള്‍ സൃഷ്ടിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രീകരണ തത്വം. ന്യൂനപക്ഷം ഭൂരിപക്ഷത്തിനും കീഴ്ഘടകം മേല്‍ഘടകത്തിനും വഴങ്ങണം. കേന്ദ്രീകരണത്തിന്റെ അഭാവം പ്രവര്‍ത്തനത്തിലെ ഐക്യത്തെയും പ്രവര്‍ത്തനഫലത്തെയും പ്രതികൂലമായി ബാധിക്കും. സംശയം വേണ്ട. രണ്ടു വിരുദ്ധ പ്രവണതകളുണ്ട് - ജനാധിപത്യത്തിന്റെയും കേന്ദ്രീകരണത്തിന്റെയും. വിശദമായ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തീരുമാനത്തിലെത്തുന്നു. ഇവിടെ ജനാധിപത്യമാണ് മുന്നില്‍. എന്നാല്‍ നടപ്പാക്കുമ്പോള്‍ കേന്ദ്രീകരണം മുന്‍പന്തിയിലേയ്ക്കു വരുന്നു. പ്രയോഗത്തിന്റെ വേളയില്‍ ന്യൂനപക്ഷം ഭൂരിപക്ഷത്തെയും കീഴ്ഘടകം മേല്‍ഘടകത്തെയും അനുസരിച്ചേ പറ്റൂ. എന്നാല്‍ വിപ്ലവപ്രയോഗത്തെ റിവ്യൂ ചെയ്യുമ്പോള്‍ വീണ്ടും ജനാധിപത്യം മുന്നിലേയ്ക്കു വരും. ഇതാണ് പാര്‍ടി സംഘടനയുടെ ഡയലക്ടിക്സ്.
ഇത് രഘുവിന് മനസിലാകില്ല. കാരണം, അദ്ദേഹത്തിന്റെ ചിന്ത കേവലമാണ്. പാര്‍ടി അദൈ്വതവാദത്തില്‍ അഹംബോധം നശിപ്പിക്കലാണ് ആദര്‍ശമെന്നതിനാല്‍ മുഖമില്ലാത്ത ഒരു കൂട്ടരാണ് കമ്മ്യൂണിസ്റ്റുകാര്‍ എന്നാണ് രഘു വാദിക്കുന്നത്. സിദ്ധാന്തമൊക്കെ നില്‍ക്കട്ടെ. പ്രായോഗികമായ ഒരു ചോദ്യം ഉന്നയിക്കട്ടെ. ഇരുപതാം നൂറ്റാണ്ടിലെ കേരള ചരിത്രത്തില്‍ ഏറ്റവും പ്രഗത്ഭരായ വ്യക്തിത്വങ്ങളുടെ പട്ടിക പരിശോധിച്ചാല്‍ അതില്‍ ഭൂരിപക്ഷംപേരും ആ കാലഘട്ടത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കളോ സഹയാത്രികരോ ആണ് എന്നതിനെക്കുറിച്ച് തര്‍ക്കമുണ്ടാവുകയില്ല. കേരളത്തിലെ കമ്മ്യൂണിസ്റ്റു നേതാക്കള്‍ മുഖമില്ലാത്ത വ്യക്തിത്വങ്ങളായിരുന്നില്ല. രാഷ്ട്രീയ മേഖലയില്‍ മാത്രമല്ല, ചരിത്രത്തിലും സാമൂഹ്യശാസ്ത്രത്തിലും സാഹിത്യത്തിലുമെല്ലാം തനതായ സംഭാവനകള്‍ നല്‍കിയ വ്യക്തിത്വങ്ങളായിരുന്നു. പാര്‍ടിയുമായുളള ബന്ധം അവരുടെ വ്യക്തിത്വങ്ങളെ ഇല്ലാതാക്കിയിട്ടില്ല. മറിച്ച് അവരുടെ കഴിവുകള്‍ക്ക് പുരോഗമനപരമായ ദിശ നല്‍കുന്നതിനും കേരള ചരിത്രത്തെ മുന്നോട്ടു കൊണ്ടുപോകുന്നതിനും ഉപകാരപ്പെടുക മാത്രമേ ചെയ്തിട്ടുളളൂ.

സെക്രട്ടറിയുടെ അപ്രമാദിത്വം അദൈ്വതവാദത്തെ വിട്ട് അധികംതാമസിയാതെ രഘു കുലസ്വത്വവാദത്തിലേയ്ക്കു പോകുന്നു. നീ പാര്‍ടിയാകുന്നു, പാര്‍ടി, സെക്രട്ടറിയാകുന്നു... കുലം കുലമൂപ്പനില്‍ എന്നപോലെ പാര്‍ടി, പാര്‍ടി സെക്രട്ടറിയില്‍ ലയിക്കുകയാണ് ചെയ്യുന്നത്. സെക്രട്ടറിയുടെ നാവ് പാര്‍ടിയുടെ നാവായും സെക്രട്ടറിയുടെ മുഖം പാര്‍ടിയുടെ മുഖമായും സെക്രട്ടറിയുടെ അഭിപ്രായം പാര്‍ടിയുടെ അഭിപ്രായമായും രൂപാന്തരപ്പെടുന്നു. പാര്‍ടിയെ പാര്‍ടി സെക്രട്ടറിയിലേയ്ക്കു ചുരുക്കുന്ന സ്റ്റാലിന്‍ പ്രതിഭാസം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു പാര്‍ടിയുടെ ചരിത്രത്തില്‍ കാണാനാവില്ല. എത്രയോ പ്രഗത്ഭരായ കമ്മ്യൂണിസ്റ്റു നേതാക്കള്‍ - ഇഎംഎസ്, ബിടിആര്‍, എകെജി, ബാസവപുന്നയ്യ, ജ്യോതിബാസു, പ്രമോദ് ദാസ് ഗുപ്ത - തുടങ്ങിയവരുടെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാന സവിശേഷത ആരുടെയെങ്കിലും വ്യക്തിപ്രഭാവത്തിന്റേതായിരുന്നില്ല. കൂട്ടായ പ്രവര്‍ത്തനത്തിന്റേതായിരുന്നു. അതാണ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് നേതൃത്വശൈലി. ഇത്തരത്തിലുളള നേതൃത്വത്തെ വളര്‍ത്തിയെടുക്കാനാണ് പാര്‍ടി ശ്രമിക്കുന്നത്.
ഇരുപതാം പാര്‍ടി കോണ്‍ഗ്രസ് സുപ്രധാനമായ ഒരു സംഘടനാതീരുമാനമെടുക്കുകയുണ്ടായി. ഒരു വ്യക്തിതന്നെ ദീര്‍ഘകാലം സെക്രട്ടറിയായി തുടരുന്ന രീതി ഭരണഘടനാ ഭേദഗതിയിലൂടെ ഇല്ലാതാക്കിയിരിക്കുകയാണ്. അത്തരമൊരു സ്ഥിതി അതിരുകവിഞ്ഞ കേന്ദ്രീകരണത്തിന്റെ അപകടങ്ങള്‍ സൃഷ്ടിച്ചേക്കാം. അതുപോലെതന്നെ വ്യക്തിപ്രഭാവ പ്രശ്നങ്ങള്‍ സൃഷ്ടിക്കാം. അതുകൊണ്ട് ഇനിമേല്‍ സാധാരണഗതിയില്‍ രണ്ടുതവണയില്‍ കൂടുതല്‍ തുടര്‍ച്ചയായി ലോക്കല്‍ കമ്മിറ്റി വരെയുളള സെക്രട്ടറി പദത്തില്‍ ഒരാളും തിരഞ്ഞെടുക്കപ്പെടാന്‍ പാടില്ല. അനിവാര്യമായ സാഹചര്യങ്ങളില്‍ മൂന്നാം തവണകൂടി ഒരാളെ സെക്രട്ടറിയാക്കണമെങ്കില്‍ നിലവിലുളള കമ്മിറ്റി നാലില്‍ മൂന്നു ഭൂരിപക്ഷപ്രകാരം ആവശ്യപ്പെടുകയും ഉപരിക്കമ്മിറ്റി അംഗീകരിക്കുകയും വേണം. മൂന്നു തവണ സെക്രട്ടറിയായ ആള്‍ക്ക് ഒരുതവണ സ്ഥാനത്തു നിന്ന് മാറി നിന്ന് വീണ്ടും സെക്രട്ടറിയാകുന്നതിനുളള അവകാശം പാര്‍ടി ഭരണഘടന നല്‍കുന്നില്ല. ഇന്ത്യയിലെ ഏതു പാര്‍ടിയിലുണ്ട്, അതിരുകവിഞ്ഞ വ്യക്തികേന്ദ്രീകരണത്തെ തടസപ്പെടുത്തുന്നതിനു വേണ്ടി ഇത്തരത്തില്‍ ബോധപൂര്‍വമുളള ഭരണഘടനാ നിബന്ധനകള്‍?
സിപിഎമ്മിന്റെ ജനാധിപത്യവിമര്‍ശകരോട് ചോദിക്കാനുളളത് ഇതാണ്, ഇന്ത്യയില്‍ ഏതു പാര്‍ടിയെയാണ് ജനാധിപത്യ പാര്‍ടിയായി നിങ്ങള്‍ കരുതുന്നത്? എത്രയോ ദശാബ്ദങ്ങളായി സംഘടനാതിരഞ്ഞെടുപ്പു പോലും നടത്താത്ത, കുടുംബവാഴ്ച സ്ഥായിയാക്കിയ കോണ്‍ഗ്രസിനെയോ? നേതാക്കന്മാരെ ആര്‍എസ്എസ് എന്ന ഫാസിസ്റ്റ് സംഘടന അവരോധിക്കുന്ന ബിജെപിയെയോ? ജാതിയുടെയോ മതത്തിന്റെയോ പ്രദേശത്തിന്റെയോ അടിസ്ഥാനത്തിലുള്ള ഇന്ത്യയിലെ ഏത് പാര്‍ടിയിലാണ് ഇന്ന് കുടുംബവാഴ്ചയില്ലാത്തത്? ഇവരൊന്നും ജനാധിപത്യത്തിനു ഭീഷണിയല്ല. എന്നാല്‍ മേല്‍വിവരിച്ചതുപോലെ ഉള്‍പ്പാര്‍ടി ജനാധിപത്യം സംരക്ഷിക്കുന്നതിന് ബോധപൂര്‍വം നിലപാടുകള്‍ സ്വീകരിച്ചുവരികയും കാലാകാലങ്ങളില്‍ കൃത്യമായി സംഘടനാ സമ്മേളനങ്ങള്‍ നടത്തി ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന സിപിഐ എമ്മിനെയാണ് കേരളത്തിലെ പ്രഖ്യാപിത കമ്മ്യൂണിസ്റ്റു വിരോധികള്‍ ഏറ്റവും വലിയ ജനാധിപത്യധ്വംസകരായി ചിത്രീകരിക്കുന്നത്.
സൈദ്ധാന്തിക വളര്‍ച്ചയെ മുരടിപ്പിക്കുമോ?

മാര്‍ക്സിസ്റ്റ് സിദ്ധാന്തം പൂര്‍ണമാണെന്ന അവകാശവാദം ഒരു മാര്‍ക്സിസ്റ്റും നടത്തുകയില്ല. അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ കാലാനുസൃതമായ പുനര്‍വ്യാഖ്യാനങ്ങള്‍ മാത്രമല്ല, പുതിയ സൈദ്ധാന്തിക കൂട്ടിച്ചേര്‍ക്കലുകള്‍ തന്നെ അനിവാര്യമാണ്. പാര്‍ടി അംഗങ്ങളായിട്ടുളളവര്‍ മാത്രമല്ല, പാര്‍ടിക്കു പുറത്തുളളവരും ഇതില്‍ പങ്കാളികളാണ്. മാര്‍ക്സിസ്റ്റേതര ചിന്താപദ്ധതികളുമായിപ്പോലും സംവാദം അനിവാര്യമാണ്. എന്നാല്‍ പ്രകാശ് കാരാട്ട് മാര്‍ക്സിസ്റ്റില്‍ എഴുതിയ ജനാധിപത്യ കേന്ദ്രീകരണത്തെക്കുറിച്ച് എന്ന ലേഖനത്തില്‍ പറയുന്നതുപോലെ ഈയൊരു കാഴ്ചപ്പാട് നടപ്പാക്കുന്നതില്‍ വരട്ടുതത്വവാദപരമായ വീഴ്ചകള്‍ പലതുമുണ്ടായിട്ടുണ്ട്. പക്ഷേ, ഇത് ജനാധിപത്യ കേന്ദ്രീകരണത്തിന്റെ ദൗര്‍ബല്യമല്ല. ജ്ഞാനോല്‍പാദനത്തെക്കുറിച്ചുളള തെറ്റായ കാഴ്ചപ്പാടു മൂലമാണ്. ഒരു മൂര്‍ത്തമായ ഉദാഹരണത്തിനായി ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് പാസാക്കിയ പ്രത്യയശാസ്ത്ര പ്രമേയം എടുക്കാം. അതിവിപുലമായ ഉള്‍പ്പാര്‍ടി ചര്‍ച്ചയുടെ പര്യവസാനത്തിലാണ് ഈ പ്രമേയം അംഗീകരിക്കപ്പെട്ടത്. കേന്ദ്രക്കമ്മിറ്റി രണ്ടുവട്ടം ചര്‍ച്ച ചെയ്യുകയും അടിസ്ഥാനപരമായ പല മാറ്റങ്ങളും കരടു പ്രമേയത്തില്‍ കൊണ്ടു വരികയും ചെയ്തു. ഇതിനുശേഷവും ആയിരത്തില്‍പരം ഭേദഗതികള്‍ അംഗീകരിച്ചു. പാര്‍ടിയ്ക്കു പുറത്തുളളവര്‍ക്കുപോലും അഭിപ്രായമറിയിക്കുന്നതിന് അവസരം നല്‍കി.
ഈ പ്രത്യയശാസ്ത്ര പ്രമേയത്തില്‍ പുതിയ പല പ്രധാന കാഴ്ചപ്പാടുകളും മുന്നോട്ടു വെയ്ക്കുന്നു. അതില്‍ പ്രധാനപ്പെട്ടതാണ്, ആധുനിക ഫിനാന്‍സ് മൂലധനത്തിന്റെ സ്വഭാവം സംബന്ധിച്ച വിലയിരുത്തല്‍. രണ്ടു പതിറ്റാണ്ടുകളായി പാര്‍ടി അംഗങ്ങളായ ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലെ സാമ്പത്തിക വിദഗ്ധരാണ് ഈ വിഷയം അക്കാദമിക് തലത്തില്‍ ചര്‍ച്ച ചെയ്യുന്നതിന് മുന്‍കൈയെടുത്തത്. പാര്‍ടിയുമായി ബന്ധമില്ലാത്ത പണ്ഡിതരും സ്വാഭാവികമായി ചര്‍ച്ചയില്‍ പങ്കാളികളായിരുന്നു. ഇത് അച്ചടക്കലംഘനമായി ആരും വിലയിരുത്തിയില്ല. ഫിനാന്‍സ് കാപ്പിറ്റലിന്റെ അന്തര്‍ദ്ദേശീയവത്കരണം അന്തര്‍സാമ്രാജ്യവൈരുദ്ധ്യങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നതായിരുന്നു കേന്ദ്രപ്രശ്നം. ദേശീയതകളുമായി ബന്ധമില്ലാത്ത ഒരു സാമ്രാജ്യത്വത്തെക്കുറിച്ചുളള സങ്കല്‍പം മുതല്‍ ലെനിന്റെ കാലത്തെ ഫിനാന്‍സ് കാപ്പിറ്റല്‍ തന്നെയാണ് ഇന്നും എന്നുവരെയുളള വ്യത്യസ്ത നിലപാടുകളുണ്ട്. പാര്‍ട്ടിയ്ക്കു പുറത്തു നടന്ന ഈ ചര്‍ച്ച ഉല്‍പാദിപ്പിച്ച വിജ്ഞാനവും കൂടി കണക്കിലെടുത്താണ് പ്രത്യയശാസ്ത്ര പ്രശ്നത്തില്‍ ഫിനാന്‍സ് കാപ്പിറ്റലിന്റെ പുതിയ സവിശേഷതകളുടെ പശ്ചാത്തലത്തില്‍ ഇന്നത്തെ ലോകത്ത് അന്തര്‍സാമ്രാജ്യവൈരുദ്ധ്യങ്ങള്‍ ദുര്‍ബലപ്പെടുന്നു എന്ന നിഗമനത്തിലെത്തിയത്. ചൈനയെക്കുറിച്ചുളള നിഗമനങ്ങളും ഇത്തരത്തിലുളള പ്രക്രിയയിലൂടെ രൂപപ്പെട്ടതാണ്. ഇത്തരമൊരു ധാരണയിലെത്തിച്ചേര്‍ന്നു കഴിഞ്ഞാല്‍ പാര്‍ടി അംഗങ്ങള്‍ ആ നിലപാടില്‍ നില്‍ക്കാന്‍ ബാധ്യസ്ഥരാണ്. പ്രകാശ് കാരാട്ടിന്റെ വാക്കുകളില്‍, സിദ്ധാന്തത്തിന്റെ വലിയൊരു മേഖലയില്‍ സ്വതന്ത്രമായ ചര്‍ച്ചയും നിരന്തരമായ പുനഃപരിശോധനയും ആവശ്യമാണ്. പക്ഷേ, ഇത് രാഷ്ട്രീയ നിലപാട് അല്ലെങ്കില്‍, തീരുമാനം ചര്‍ച്ചയ്ക്കുശേഷമെടുത്ത മേഖലകളിലേയ്ക്ക് കൊണ്ടുപോകാന്‍ കഴിയില്ല. പാര്‍ടിയ്ക്ക് തീരുമാനത്തിന്റെയും ലൈനിന്റെയും അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട് എന്നുളളതുകൊണ്ട് പരസ്യമായ വ്യത്യസ്ത അഭിപ്രായങ്ങള്‍ അനുവദിക്കാനാവില്ല.

സൈദ്ധാന്തിക ചര്‍ച്ചകളെ അടിച്ചമര്‍ത്തുന്നതിനല്ല അച്ചടക്കം. മറിച്ച് പാര്‍ടി ഒറ്റലക്ഷ്യബോധത്തോടെ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ് അച്ചടക്കം. ശത്രുതാപരവും അല്ലാത്തതുമായ വൈരുദ്ധ്യങ്ങള്‍ രാഷ്ട്രീയ അടവോ ലൈനോ ആയി നേരിട്ടു ബന്ധമില്ലാത്ത സൈദ്ധാന്തിക കാര്യങ്ങളില്‍ അക്കാദമിക് തലത്തിലുളള ചര്‍ച്ചകളെ എത്രയേറെ സഹിഷ്ണുതയോടെയാണ് പാര്‍ടി കാണുന്നത് എന്നുളളത് 2009ലെ തിരഞ്ഞെടുപ്പിനുശേഷം കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ അനുഭവങ്ങളെക്കുറിച്ച് നടന്ന അക്കാദമിക് ചര്‍ച്ചകള്‍ പരിശോധിച്ചാല്‍ കാണാം. പാര്‍ടിയുമായി ബന്ധപ്പെട്ട പണ്ഡിതന്മാരായ പ്രഭാത് പട്നായിക്, പ്രബീര്‍ പുരസ്കായ, ജവീദ് അലാം, അശോക് മിത്ര തുടങ്ങിയവര്‍ ജനാധിപത്യ കേന്ദ്രീകരണ തത്വത്തെ വിമര്‍ശിച്ചുകൊണ്ട് ലേഖനങ്ങള്‍ എഴുതുകയുണ്ടായി. ഇവയ്ക്കു മറുപടി പറഞ്ഞുകൊണ്ടും പാര്‍ടി നിലപാടു വ്യക്തിമാക്കിയും മാര്‍ക്സിസ്റ്റ്; ത്രൈമാസികത്തില്‍ പ്രകാശ് കാരാട്ട് എഴുതിയ ലേഖനം ശത്രുതാപരമല്ലാത്ത വൈരുദ്ധ്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിന് ഏറ്റവും നല്ല ദൃഷ്ടാന്തങ്ങളാണ്. ആ ലേഖനം ആരംഭിക്കുന്നതു തന്നെ താഴെ പറയുന്ന പ്രസ്താവനയോടെയാണ്.
സമീപകാലത്ത് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷവും സിപഐഎമ്മും നേരിട്ട തിരിച്ചടി സംബന്ധിച്ച് വിമര്‍ശനപരമായ ചര്‍ച്ചകള്‍ നടക്കുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട് കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ സംഘടനാതത്വമെന്ന നിലയില്‍ ജനാധിപത്യ കേന്ദ്രീകരണത്തിന്റെ പ്രയോഗം സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തപ്പെട്ടിട്ടുണ്ട്. ഇത്തരം വിമര്‍ശനങ്ങള്‍ സിപിഐഎമ്മോ ഇടതുപക്ഷവുമായോ ബന്ധപ്പെട്ട ബുദ്ധിജീവികളില്‍ നിന്ന് ഉണ്ടായിട്ടുണ്ട്. പാര്‍ടിയോട് ശത്രുതാപരമായ നിലപാടില്ലാത്ത സഖാക്കളും വ്യക്തികളുമാണ്, അല്ലെങ്കില്‍ സ്വയം ഇടതുപക്ഷമായി കരുതുന്നവരാണ് ഈ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത് എന്നതുകൊണ്ട് ഇവരുയര്‍ത്തിയ പ്രശ്നങ്ങളോട് നാം പ്രതികരിക്കേണ്ടതുണ്ട്. ഇവരെയാകെ ശത്രുക്കളായി പ്രഖ്യാപിക്കാതെ വിമര്‍ശനങ്ങള്‍ക്കു മറുപടി പറയുകയും പാര്‍ടിയുടെ സുചിന്തിത നിലപാട് ആവര്‍ത്തിച്ചുറപ്പിക്കുകയുമാണ് സഖാവ് പ്രകാശ് കാരാട്ട് ചെയ്തത്.
ഇതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ നിലപാടാണ് പാര്‍ടി ഗവേഷണ വിഭാഗത്തിന്റെ തലവനായി പ്രവര്‍ത്തിച്ച പ്രസേന്‍ജിത്ത് ബോസിനോട് അനുവര്‍ത്തിച്ചത്. എന്തെങ്കിലും സൈദ്ധാന്തികമായ പ്രശ്നം സംബന്ധിച്ച ആശയക്കുഴപ്പമായിരുന്നില്ല, പ്രസേന്‍ജിത്ത് ബോസിന്റേത്. മറിച്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്വീകരിച്ച അടവു നയം സംബന്ധിച്ചായിരുന്നു. തീരുമാനമെടുത്തത് ഭൂരിപക്ഷാഭിപ്രായമനുസരിച്ചാണെന്ന് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ മേല്‍ക്കമ്മിറ്റിയുടെ ഭൂരിപക്ഷ തീരുമാനം അംഗീകരിക്കില്ല എന്ന പ്രസേന്‍ജിത്തിന്റെ നിലപാട് പാര്‍ടിയുടെ അടവിനെ തകര്‍ക്കുന്നതിന് തുല്യമാണ്. വിപ്ലവപ്രയോഗത്തിലുളള ഐക്യം ഇല്ലാതാക്കലാണ്. ഇത് അനുവദനീയമല്ല. നിശ്ചയമായിട്ടും പാര്‍ടിയില്‍ തുടര്‍ന്നിരുന്നുവെങ്കില്‍ പ്രസേന്‍ജിത്തിനെപ്പോലുളളവര്‍ക്ക് ഈ അടവ് ഉചിതമായിരുന്നോ എന്നു ചര്‍ച്ച ചെയ്യുന്നതിന് അവസരം ലഭിക്കുമായിരുന്നു. അടവ് നടപ്പാക്കുമ്പോഴല്ല, നടപ്പാക്കിക്കഴിഞ്ഞ് റിവ്യൂ ചെയ്യുമ്പോള്‍. പാര്‍ടിയുടെ രാഷ്ട്രീയലൈന്‍ പരസ്യമായി ചോദ്യം ചെയ്യുക മാത്രമല്ല, സ്വയം രാജി വെയ്ക്കുന്നു എന്നു പ്രഖ്യാപിക്കുകയും ചെയ്തയാളിനെ പുറത്താക്കിയത്, ജനാധിപത്യവിരുദ്ധമാണ് എന്ന് പ്രഫുല്‍ ബിദ്വായിയെപ്പോലുളളവര്‍ വാദിക്കുന്നത് വിചിത്രമാണ്.
അച്ചടക്കം മോശം, അച്ചടക്കലംഘനം കേമം ലെനിന്‍ ആണ് ജനാധിപത്യ കേന്ദ്രീകരണത്തിനു രൂപം നല്‍കിയതെങ്കിലും അച്ചടക്കമുളള പ്രവര്‍ത്തകരെക്കുറിച്ച് ലെനിന് പുച്ഛമായിരുന്നു എന്നാണ് രഘുവിന്റെ വാദം. പേശീബലത്തെ മുഖ്യ ആയുധമാക്കുന്ന, ധിഷണാശാലികളല്ലാത്ത ശരാശരിക്കാരായ കമ്മ്യൂണിസ്റ്റുകാരെ ഏകോപിപ്പിച്ചു നിര്‍ത്താനുളള വഴി അച്ചടക്കമാണെന്ന് ലെനിന്‍ മനസിലാക്കിയിരുന്നു എന്നുവേണം കരുതാന്‍. എന്നാല്‍ ബോള്‍ഷെവിക് സംഘടനാ തത്വങ്ങള്‍ക്കു രൂപം നല്‍കിയ ലെനിന്‍ തന്നെ അതിന്റെ പ്രതിബദ്ധ സഖാക്കളെ ഒരുതരം പുച്ഛത്തോടെയാണ് സമീപിച്ചിരുന്നത്....

എത്രയോ നിര്‍ണായകമായ പുതിയ തീരുമാനങ്ങള്‍ ജനാധിപത്യ കേന്ദ്രീകരണത്തിന്റെ ചട്ടക്കൂടിനുളളില്‍ നിന്നുകൊണ്ട് കമ്മ്യൂണിസ്റ്റു പാര്‍ടികള്‍ എടുത്തിട്ടുണ്ട്. എന്നാല്‍ രഘുവിന്റെ അഭിപ്രായത്തില്‍ യഥാര്‍ത്ഥ മാര്‍ക്സിസം അച്ചടക്കലംഘനമാണ്. അദ്ദേഹത്തിന്റെ എമണ്ടന്‍ ചോദ്യമിതാണ്. മാര്‍ക്സിസം: ലെനിനിസത്തിന്റെ പേരില്‍ പ്രതിജ്ഞയെടുക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ അച്ചടക്കം എന്ന സംഘടനാതത്വത്തെയാണോ അതോ ലെനിന്റെ മാതൃകയെയാണോ പിന്തുടരേണ്ടത്? സിപിഐ എമ്മില്‍ നിരന്തരമായി അച്ചടക്കം ലംഘിച്ചുകൊണ്ടിരിക്കുന്നവരാണ് പാര്‍ടിയിലെ ജനാധിപത്യത്തെ യഥാര്‍ത്ഥത്തില്‍ സംരക്ഷിക്കുന്നത് എന്ന അഭിപ്രായവും അദ്ദേഹത്തിനുണ്ട്. പാര്‍ടി സംഘടനയെ പൊളിച്ചടുക്കുന്നതിനു ഇതിനേക്കാള്‍ നല്ല മാര്‍ഗമില്ലല്ലോ.

ഇന്ത്യയിലും പുറത്തുമുളള മഹാത്മാക്കളായ കമ്മ്യൂണിസ്റ്റു നേതാക്കള്‍ ജനാധിപത്യ കേന്ദ്രീകരണത്തിന്റെ അച്ചടക്കം എങ്ങനെ പരിപാലിക്കണമെന്നുളളതിന്റെ ഉത്തമ മാതൃകകള്‍ സൃഷ്ടിച്ചിട്ടുണ്ട്. കല്‍ക്കട്ടാ തീസീസിന്റെ പരാജയത്തെ തുടര്‍ന്ന് സഖാവ് ബിടിആറിന് തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്യപ്പെട്ട് കേന്ദ്രക്കമ്മിറ്റി ഓഫീസിലെ ഒരു സാധാരണ പ്രവര്‍ത്തകനായി നില്‍ക്കേണ്ടി വന്നു. ഇഎംഎസിന്റെ ചില നിലപാടുകളെ പാര്‍ടി പിബി പരസ്യമായി കുറ്റപ്പെടുത്തിയിട്ടുണ്ട്. സിഐടിയു അഖിലേന്ത്യാ സെക്രട്ടറിയായിരുന്ന സഖാവ് പി. രാമമൂര്‍ത്തിയെ അച്ചടക്കലംഘനത്തിന്റെ പേരില്‍ പിബിയില്‍ നിന്നും കേന്ദ്രക്കമ്മിറ്റിയില്‍ നിന്നും നീക്കം ചെയ്തു. സാധാരണ പാര്‍ടി പ്രതിനിധിയായി അദ്ദേഹം കല്‍ക്കട്ടാ പാര്‍ടി കോണ്‍ഗ്രസില്‍ പങ്കെടുത്തു. സാല്‍ക്കിയ പ്ലീനം സഖാവ് സുന്ദരയ്യയുടെ സംഘടനാ നിലപാടുകള്‍ തളളിക്കളഞ്ഞു. പിബിയില്‍ നിന്ന് സ്വയം ഒഴിവായി അച്ചടക്കമുളള കമ്മ്യൂണിസ്റ്റുകാരനായി ആന്ധ്രാപ്രദേശ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കാനാണ് അദ്ദേഹം തുനിഞ്ഞത്. ഇവരൊക്കെയാണ് ഞങ്ങള്‍ക്കു മാതൃകകള്‍.
sir,
മറുപടിഇല്ലാതാക്കൂഅല്പം ലജ്ജയോടെ പറയട്ടെ...ഞാന്‍ മലയാളത്തില്‍ ഇത്തിരി പുറകിലാണ്...അതിനര്ത്ഥം. മോശക്കരനാണ് എന്നല്ല താനും...
എന്റെ ഊഹം ശേരിയാനെന്കില്‍ എന്നെ പോലെ ഒരു പാട് മലയാളികള്‍ ഉണ്ടായേക്കാം....പ്രത്യേകിച്ചും ഈ തലമുറയില്‍...
Sir,
എന്റെ അഭ്യര്ത്ഥാന, ഇത്തരത്തിലുള്ള വളരെ ഉപകാരം ഉള്ള ഉന്നതരും ദിശാഭോധം സ്രിഷ്ടിക്കുന്നവരുമായ അങ്ങയെ പോലുള്ളവരുടെ എഴ്തുകള്‍ യഥാര്ത്ഥഷ ഫലം നല്കാാനായി ദയവായി ലളിതമായ ഭാഷ ഉപയോഗിക്കണം...
പ്രത്യേഗിച്ചും സംഘടനാ പരിപ്രേക്ഷ്യം എന്നൊക്കെ ഉള്ള പ്രയോഗങ്ങള്‍....
എന്റെ ഈ അഭിപ്രായം വളരെ പോസിറ്റീവ് ആയി എടുക്കാനുള്ള പാണ്ഡിത്യം അങ്ങേക്കുണ്ട് എന്ന് ഉറച്ചു വിശ്വസിക്കുന്നു...
കമ്മ്യൂണിസം ഒരു മഹത്തായ കാഴ്ചപ്പാടാണ്...അതിന്റെ ഭരണ നിര്വയഹണ രൂപം എല്ലാ വിധ ജനങ്ങളും മനസ്സിലാക്കിയാല്‍ തന്നെ ഒരു ശക്തിക്കും തടസ്സം നിക്കനവില്ല....