http://www.mathrubhumi.com/story.php?id=250015osted on: 07 Feb 2012
പ്രകാശ് കാരാട്ട്
സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം രണ്ടു പതിറ്റാണ്ടു കഴിഞ്ഞപ്പോള്‍, അന്ന് നിലനിന്നിരുന്ന മുതലാളിത്തത്തിന്റെ വിജയാഹ്ലാദ മനോഭാവമെല്ലാം അപ്രത്യക്ഷമായിരിക്കുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യത്തെ സുദീര്‍ഘ മുതലാളിത്ത പ്രതിസന്ധിയോടെ, മുതലാളിത്തത്തിന്റെ ഭാവിയിലും അത് അഭിമുഖീകരിക്കുന്ന അനിശ്ചിതത്വത്തിലും ആണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്.
19-ാം നൂറ്റാണ്ടിലെ തത്ത്വശാസ്ത്രമാണ് മാര്‍ക്‌സിസമെന്ന് പറഞ്ഞ് പുച്ഛിച്ചു തള്ളുകയും അത് കാലഹരണപ്പെട്ടു കഴിഞ്ഞു എന്ന് 20-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നതാണ്. എന്നാല്‍, സമകാലീന മുതലാളിത്തത്തെ ബാധിച്ചിട്ടുള്ള പ്രതിസന്ധിയെ വിശകലനം ചെയ്യുന്നതിന് പര്യാപ്തമായ ഒരേയൊരു ശാസ്ത്രീയ സിദ്ധാന്തം ആ മാര്‍ക്‌സിസമാണെന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു. മുതലാളിത്തത്തെ അതിലംഘിച്ച് മുന്നേറുന്നതിനും വര്‍ഗചൂഷണത്തില്‍നിന്നും സാമൂഹികമായ അടിച്ചമര്‍ത്തലില്‍നിന്നും വിമുക്തമായ ഒരു പുതിയ സമൂഹം കെട്ടിപ്പടുക്കുന്നതിനും എങ്ങനെ കഴിയും എന്നതിനെ സംബന്ധിച്ച വഴികാട്ടിയായി മാര്‍ക്‌സിസം ഇപ്പോഴും നിലകൊള്ളുന്നു.
സിദ്ധാന്തവും പ്രയോഗവും എന്ന നിലയില്‍ മാര്‍ക്‌സിസം നിരന്തരം പരിണാമത്തിന് വിധേയമാക്കേണ്ടതുണ്ട്. വികസിച്ചുകൊണ്ടേയിരിക്കുന്ന ഒരു സിദ്ധാന്തം എന്ന നിലയിലാണ് മാര്‍ക്‌സിസത്തെ വീക്ഷിക്കേണ്ടത്. ഇരുപതാം നൂറ്റാണ്ടിലെ സോവിയറ്റ്‌ശൈലിയിലുള്ള മാര്‍ക്‌സിസത്തിന്റെ പൈതൃകം പരിഗണിക്കുമ്പോള്‍, ഇക്കാര്യം ഊന്നിപ്പറയേണ്ടതുണ്ട്. മാര്‍ക്‌സ്, എംഗല്‍സ്, ലെനിന്‍ തുടങ്ങിയവരുടെ ക്ലാസിക്കല്‍ ഗ്രന്ഥങ്ങളുടെ സംഹിതയായിട്ടാണ് മാര്‍ക്‌സിസം വീക്ഷിക്കപ്പെട്ടത്. ഈ ക്ലാസിക്കുകളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട്, വിവിധ വിജ്ഞാനശാഖകളിലെ സംഭവവികാസങ്ങള്‍ വിശകലനം ചെയ്യപ്പെട്ടു; ആ കാരണത്താല്‍ നിശ്ചിതമായ ഒരു ചട്ടക്കൂട്ടില്‍ അവയെ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമം നടന്നു. ഇത് സിദ്ധാന്തത്തെ കല്ലുപോലെയാക്കിത്തീര്‍ത്തു; വരട്ടുതത്ത്വവാദങ്ങളില്‍ അഥവാ നിശ്ചേഷ്ടാവസ്ഥയില്‍ ആണ് അത് കൊണ്ടുചെന്നെത്തിച്ചത്.
21-ാം നൂറ്റാണ്ടിലെ മാര്‍ക്‌സിസത്തിന്, സൈദ്ധാന്തികമായ ഈ ഇടുങ്ങിയ ചട്ടക്കൂട്ടില്‍ നിന്ന് പുറത്തുകടക്കേണ്ടതുണ്ട്. കാരണം മാര്‍ക്‌സിസത്തെ ജീവത്തായ ഒരു സിദ്ധാന്തവും പ്രയോഗത്തിനുള്ള കൃത്യമായ വഴികാട്ടിയും ആക്കിത്തീര്‍ക്കുന്നതിന്, അത് അവശ്യം ആവശ്യമാണ്.
19-ാം നൂറ്റാണ്ടിലെ തത്ത്വശാസ്ത്രമാണ് മാര്‍ക്‌സിസമെന്ന് പറഞ്ഞ് പുച്ഛിച്ചു തള്ളുകയും അത് കാലഹരണപ്പെട്ടു കഴിഞ്ഞു എന്ന് 20-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നതാണ്. എന്നാല്‍, സമകാലീന മുതലാളിത്തത്തെ ബാധിച്ചിട്ടുള്ള പ്രതിസന്ധിയെ വിശകലനം ചെയ്യുന്നതിന് പര്യാപ്തമായ ഒരേയൊരു ശാസ്ത്രീയ സിദ്ധാന്തം ആ മാര്‍ക്‌സിസമാണെന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നു. മുതലാളിത്തത്തെ അതിലംഘിച്ച് മുന്നേറുന്നതിനും വര്‍ഗചൂഷണത്തില്‍നിന്നും സാമൂഹികമായ അടിച്ചമര്‍ത്തലില്‍നിന്നും വിമുക്തമായ ഒരു പുതിയ സമൂഹം കെട്ടിപ്പടുക്കുന്നതിനും എങ്ങനെ കഴിയും എന്നതിനെ സംബന്ധിച്ച വഴികാട്ടിയായി മാര്‍ക്‌സിസം ഇപ്പോഴും നിലകൊള്ളുന്നു.
സിദ്ധാന്തവും പ്രയോഗവും എന്ന നിലയില്‍ മാര്‍ക്‌സിസം നിരന്തരം പരിണാമത്തിന് വിധേയമാക്കേണ്ടതുണ്ട്. വികസിച്ചുകൊണ്ടേയിരിക്കുന്ന ഒരു സിദ്ധാന്തം എന്ന നിലയിലാണ് മാര്‍ക്‌സിസത്തെ വീക്ഷിക്കേണ്ടത്. ഇരുപതാം നൂറ്റാണ്ടിലെ സോവിയറ്റ്‌ശൈലിയിലുള്ള മാര്‍ക്‌സിസത്തിന്റെ പൈതൃകം പരിഗണിക്കുമ്പോള്‍, ഇക്കാര്യം ഊന്നിപ്പറയേണ്ടതുണ്ട്. മാര്‍ക്‌സ്, എംഗല്‍സ്, ലെനിന്‍ തുടങ്ങിയവരുടെ ക്ലാസിക്കല്‍ ഗ്രന്ഥങ്ങളുടെ സംഹിതയായിട്ടാണ് മാര്‍ക്‌സിസം വീക്ഷിക്കപ്പെട്ടത്. ഈ ക്ലാസിക്കുകളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട്, വിവിധ വിജ്ഞാനശാഖകളിലെ സംഭവവികാസങ്ങള്‍ വിശകലനം ചെയ്യപ്പെട്ടു; ആ കാരണത്താല്‍ നിശ്ചിതമായ ഒരു ചട്ടക്കൂട്ടില്‍ അവയെ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമം നടന്നു. ഇത് സിദ്ധാന്തത്തെ കല്ലുപോലെയാക്കിത്തീര്‍ത്തു; വരട്ടുതത്ത്വവാദങ്ങളില്‍ അഥവാ നിശ്ചേഷ്ടാവസ്ഥയില്‍ ആണ് അത് കൊണ്ടുചെന്നെത്തിച്ചത്.
21-ാം നൂറ്റാണ്ടിലെ മാര്‍ക്‌സിസത്തിന്, സൈദ്ധാന്തികമായ ഈ ഇടുങ്ങിയ ചട്ടക്കൂട്ടില്‍ നിന്ന് പുറത്തുകടക്കേണ്ടതുണ്ട്. കാരണം മാര്‍ക്‌സിസത്തെ ജീവത്തായ ഒരു സിദ്ധാന്തവും പ്രയോഗത്തിനുള്ള കൃത്യമായ വഴികാട്ടിയും ആക്കിത്തീര്‍ക്കുന്നതിന്, അത് അവശ്യം ആവശ്യമാണ്.
തുടരുന്ന സാമ്രാജ്യത്വം
ആഗോള മുതലാളിത്ത വ്യവസ്ഥയുടെ അവിഭാജ്യ ഭാഗമായി സാമ്രാജ്യത്വം നിലനില്‍ക്കുന്നു എന്ന കാര്യം മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തിക വിശകലനം സ്ഥിരീകരിക്കുന്നുണ്ട്. ആഗോളീകരണത്തിന്റെ യുഗത്തില്‍ ദേശരാഷ്ട്രങ്ങള്‍ അപ്രസക്തമായിത്തീര്‍ന്നിരിക്കുന്നുവെന്നും ദരിദ്രരാഷ്ട്രങ്ങളെ സമ്പന്നരാഷ്ട്രങ്ങള്‍ കോളനികളാക്കുന്നതിന്റെയും ചൂഷണം ചെയ്യുന്നതിന്റെയും അടിസ്ഥാനത്തിലുള്ള സാമ്രാജ്യത്വം എന്ന സങ്കല്പത്തിനപ്പുറത്തേക്ക് നാം നീങ്ങേണ്ടത് ആവശ്യമാണെന്നും വാദിക്കുന്നവരുണ്ട്. ലോകമുതലാളിത്തത്തെ ഇന്ന് ചലിപ്പിച്ചുകൊണ്ടിരിക്കുന്ന മുഖ്യവര്‍ഗശക്തികളെ കണ്ടെത്തുന്നതില്‍ ആ വാദം പരാജയപ്പെടുന്നു. സാമ്രാജ്യത്വത്തിന്റെ രൂപത്തിലും സ്വഭാവത്തിലും ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ കാണുമ്പോള്‍ സാമ്രാജ്യത്വത്തിന്റെ അന്തഃസത്തയും ഉള്ളടക്കവും ഇല്ലാതായിക്കഴിഞ്ഞു എന്ന തെറ്റിദ്ധാരണയ്ക്ക് ഈ വാദം ഇടവരുത്തുന്നു.
മൂലധനത്തിന്റെ കേന്ദ്രീകരണത്തിന്റെയും വികസിത മുതലാളിത്ത രാജ്യങ്ങളിലെ ബാങ്കിങ് മൂലധനവും വ്യവസായ മൂലധനവും തമ്മില്‍ ലയിച്ചുചേര്‍ന്നതിന്റെയും ഫലമായി ഉയര്‍ന്നുവന്ന കുത്തകകളെയും അതിന്റെ ഫലമായുണ്ടായ ഫിനാന്‍സ് മൂലധനത്തിന്റെ ഉയര്‍ച്ചയെയും അടിസ്ഥാനപ്പെടുത്തിയാണ്, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ സാമ്രാജ്യത്വത്തെക്കുറിച്ച് ലെനിന്‍ വിശകലനം നടത്തിയത്. ഫിനാന്‍സ് മൂലധനം ദേശരാഷ്ട്രങ്ങളുടെ സഹായത്തോടുകൂടി, ദരിദ്രരാജ്യങ്ങളുടെ വിഭവങ്ങളെയും വിപണികളെയും നിയന്ത്രിച്ചുകൊണ്ട് സാമ്രാജ്യത്വത്തെ പ്രയോഗത്തില്‍ കൊണ്ടുവന്നു.

ലെനിന്റെ കാലത്തിനുശേഷം എങ്ങനെയാണ് കാര്യങ്ങള്‍ മാറിയത് എന്നത്, അന്താരാഷ്ട്ര ഫിനാന്‍സ് മൂലധനത്തിന്റെ വളര്‍ച്ചയില്‍നിന്ന് ദൃശ്യമാണ്. ഫിനാന്‍സ് മൂലധനത്തിന് പക്ഷേ, ഇന്ന് ദേശീയരൂപം ഒട്ടുമില്ല. അത് ഇന്ന് ആഗോളതലത്തില്‍ത്തന്നെ ചലിച്ചുകൊണ്ടിരിക്കുന്നു. ആഗോളതലത്തില്‍ കണ്ണിചേര്‍ക്കപ്പെട്ട ഒരു വിപണിയുണ്ടാവണമെന്നും ആ വിപണിയില്‍ തങ്ങള്‍ക്ക് അനിയന്ത്രിതമായ ചലന സ്വാതന്ത്ര്യം ഉണ്ടായിരിക്കണം എന്നുമാണ് ഇന്നത് ആവശ്യപ്പെടുന്നത്. സാമ്രാജ്യത്വ ദേശരാഷ്ട്രങ്ങള്‍ തമ്മില്‍ത്തമ്മിലുള്ള ശത്രുതകള്‍ അന്താരാഷ്ട്ര ഫിനാന്‍സ് മൂലധനത്തിന്റെ മേധാവിത്വത്തിനുമുന്നില്‍ പത്തിമടക്കിയിരിക്കുന്നു.
എന്നാല്‍, സാമ്രാജ്യത്വം അപ്രത്യക്ഷമായിക്കഴിഞ്ഞു എന്നല്ല ഇതിനര്‍ഥം. മറിച്ച്, അന്താരാഷ്ട്ര ഫിനാന്‍സ് മൂലധനത്തിന്റെ കല്പനകള്‍ക്കുകീഴില്‍ സാമ്രാജ്യത്വം പ്രത്യേകിച്ചും വിഷമയമായ ഒരു രൂപം ആര്‍ജിച്ചിരിക്കുന്നുവെന്ന് പറയാം.
2007-'08 കാലത്ത് ആരംഭിച്ച ഇന്നത്തെ പ്രതിസന്ധി, വിവേകശൂന്യമായ വിധത്തിലുള്ള വായ്പകളിലൂടെയും ഊഹ ഇടപാടുകളിലൂടെയും ഉണ്ടാക്കപ്പെട്ട ഫിനാന്‍സ് - ആസ്തി - വിലക്കയറ്റക്കുമിളകളിലൂടെയുള്ള കൊള്ളകളിലൂടെ ഉണ്ടാക്കപ്പെട്ടതാണ്. ഈ പ്രതിസന്ധിയുടെ ഉടനെയുണ്ടായ പ്രത്യാഘാതമെന്ന നിലയില്‍ ജി-20 രൂപവത്കരിക്കുന്നതിന് സാമ്രാജ്യത്വ രാജ്യങ്ങള്‍ മുന്‍കൈയെടുത്തു. പ്രതിസന്ധി തരണം ചെയ്യുന്നതിനുള്ള മാര്‍ഗമെന്ന നിലയില്‍ ഗവണ്‍മെന്റുകളുടെ ചെലവ് സംയുക്തമായി വര്‍ധിപ്പിക്കണമെന്ന് തുടര്‍ന്നവര്‍ നിര്‍ദേശിച്ചു. എന്നാല്‍, നികുതിദായകരുടെ പണം ഉപയോഗിച്ച് വന്‍കിട ബാങ്കുകളെയും ഫിനാന്‍ഷ്യല്‍ കമ്പനികളെയും രക്ഷപ്പെടുത്തിക്കഴിഞ്ഞ ഉടനെത്തന്നെ, സാമ്രാജ്യത്വശക്തികള്‍ (പ്രത്യേകിച്ചും അമേരിക്കയും ജര്‍മനിയും ഫ്രാന്‍സും ഇംഗ്ലണ്ടും) ആര്‍ഭാടങ്ങള്‍ ഒഴിവാക്കണമെന്നും ചെലവ് വെട്ടിച്ചുരുക്കണമെന്നും വാദിച്ചു തുടങ്ങി. സ്റ്റേറ്റ് ഖജനാവിന്റെ ചെലവിലാണ് അന്തര്‍ദേശീയ ഫിനാന്‍സ്, അതിന്റെ നഷ്ടങ്ങളില്‍നിന്ന് രക്ഷപ്പെട്ടതെങ്കില്‍ത്തന്നെയും അത്തരം നീക്കുപോക്കുകളുടെ ഭാരം, ചെലവുചുരുക്കല്‍ നടപടികളിലൂടെ ലോകത്തെങ്ങുമുള്ള അധ്വാനിക്കുന്ന ജനങ്ങളുടെ തലയിലേക്ക് മാറ്റിവെക്കുകയാണുണ്ടായത്. നവലിബറല്‍ ആഗോളീകരണത്തില്‍നിന്ന് വേറിട്ട ഒരു മാറ്റത്തിന്റെ സാധ്യതയെയും പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വന്‍കിട ഫിനാന്‍സിന്റെ അധികാരശക്തിയെ തടയുന്നതിനെയും സാമ്രാജ്യത്വം തടഞ്ഞുനിര്‍ത്തുകയായിരുന്നു.
ശീതയുദ്ധ കാലഘട്ടത്തിനുശേഷം നാറ്റോ വഹിച്ച പങ്ക്, സാമ്രാജ്യത്വത്തിന്റെ സൈനികമേധാവിത്വ വാഞ്ഛയ്ക്കുള്ള നിദര്‍ശനമാണ്. 'ഭീകരതയ്‌ക്കെതിരായ യുദ്ധം' എന്നോ 'മനുഷ്യത്വപരമായ ഇടപെടല്‍' എന്നോ ഒക്കെയുള്ള പേരില്‍ നാറ്റോയുടെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ പശ്ചിമേഷ്യയിലും വ്യാപിപ്പിച്ചിരിക്കുന്നു.
അതിനാല്‍, മാര്‍ക്‌സിസ്റ്റ് കാഴ്ചപ്പാടില്‍നിന്നുകൊണ്ട് വീക്ഷിക്കുമ്പോള്‍, ജനാധിപത്യപരവും സമാധാനപരവും നീതിയുക്തവുമായ ഒരു ലോകക്രമം ഉണ്ടാക്കുന്നതിനുവേണ്ടി ശ്രമിക്കുന്ന എല്ലാറ്റിനും മുന്നിലുള്ള തടസ്സമായി എല്ലായ്‌പ്പോഴും നില്‍ക്കുന്നത് സാനമ്രാജ്യത്വമാണ്. അന്താരാഷ്ട്ര ഫിനാന്‍സിന്റെ ഉത്തേജനത്താല്‍ ചലിച്ചുകൊണ്ടിരിക്കുന്ന സാനമ്രാജ്യത്വത്തിനെതിരായ ചെറുത്തുനില്‍പ്പും സമരവും ആണ്, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വിപ്ലവ പ്രസ്ഥാനത്തിന്റെ അന്തഃസത്ത.
നവലിബറല്‍ നയങ്ങളും പ്രതിസന്ധികളും
മുതലാളിത്തത്തിന്റെ ആദ്യഘട്ടത്തില്‍ ഉണ്ടാക്കപ്പെട്ട ക്ഷേമരാഷ്ട്രത്തെ, പ്രതിസന്ധി മൂര്‍ച്ഛിക്കുമ്പോള്‍ ഫിനാന്‍സ് മൂലധനം കടന്നാക്രമിക്കുകയും തകര്‍ത്തെറിയുകയും ചെയ്യുന്നു. വികസിത മുതലാളിത്ത രാജ്യങ്ങളിലെ ജനങ്ങളുടെ ഇടയിലെ രൂക്ഷമായ അസമത്വവും വര്‍ധിച്ചുകൊണ്ടിരിക്കുന്ന തൊഴിലില്ലായ്മയും പാര്‍പ്പിടക്ഷാമവും നവലിബറല്‍ നയങ്ങളുടെ ഫലമായി സംഭവിക്കുന്നതാണ്. കോര്‍പ്പറേറ്റുകളുടെ അത്യാര്‍ത്തിക്കും ചെലവുചുരുക്കല്‍ നടപടികള്‍ക്കും എതിരായ പ്രതിഷേധങ്ങള്‍ യൂറോപ്പിലും അമേരിക്കയിലും പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു; ശക്തിപ്രാപിച്ചിരിക്കുന്നു. അതെന്തായാലും ശക്തമായ ഒരു രാഷ്ട്രീയ ബദല്‍ ആയി ഇതു മാറേണ്ടിയിരിക്കുന്നു. വളരെ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ അതിന് കഴിയും.
നവലിബറല്‍ കടന്നാക്രമണങ്ങളെ പിറകോട്ടടിപ്പിക്കുന്നതിലും അന്താരാഷ്ട്ര ഫിനാന്‍സ് മൂലധനത്തിന്റെ പിടിത്തം വിടുവിക്കുന്നതിലും കേന്ദ്രീകരിച്ചുകൊണ്ടുള്ള ഒരു ഇടതുപക്ഷ ബദല്‍ പരിപാടി കെട്ടിപ്പടുക്കേണ്ടത്, സാമ്രാജ്യത്വ ആഗോളീകരണത്തെ ചെറുക്കുന്നതിന് ആവശ്യമാണ്. സാമ്പത്തിക പരമാധികാരവും ജനകീയ പരമാധികാരവും പുനഃസ്ഥാപിക്കുന്നതിനും അതാവശ്യമാണ്. തൊഴിലവസരങ്ങള്‍ ഉണ്ടാക്കുകയും വരുമാന അസമത്വം കുറയ്ക്കുകയും ചെയ്യുന്ന വിധത്തില്‍ ഉത്പാദനശക്തികളെ വളര്‍ത്തിക്കൊണ്ടുവരുന്നതിന് സ്റ്റേറ്റിന്റെ ഇടപെടല്‍ ഉണ്ടാകണമെന്ന്, അത്തരമൊരു ഇടതുപക്ഷ പരിപാടി ആവശ്യപ്പെടണം.
ഓരോ രാജ്യത്തും അതത് രാജ്യങ്ങളിലെ സ്ഥിതിഗതികള്‍ക്കനുസരിച്ച്, ഇടതുപക്ഷ ബദല്‍ പരിപാടിയും അതിനുവേണ്ടിയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും വളര്‍ത്തിയെടുക്കേണ്ടതുണ്ട്. അന്താരാഷ്ട്ര ഫിനാന്‍സ് മൂലധനം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് ആഗോളതലത്തിലാണെങ്കില്‍ത്തന്നെയും തങ്ങളുടെ നവലിബറല്‍ തിട്ടൂരങ്ങളെ പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനായി ഓരോ രാജ്യത്തെയും ഭരണകൂടത്തെ അത് പ്രയോജനപ്പെടുത്തുന്നു. അതുകൊണ്ട്, ജനങ്ങളുടെ സാമ്പത്തിക പരമാധികാരവും ജനകീയപരമാധികാരവും പിടിച്ചെടുക്കുന്നതിനുള്ള സമരം, ആ ദേശരാഷ്ട്രത്തിന്നുള്ളില്‍ത്തന്നെയുള്ള വര്‍ഗസമരമാണ്. ദേശരാഷ്ട്രങ്ങളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള ഈ സമരങ്ങളെ സാമ്രാജ്യത്വ ആഗോളീകരണം അപ്രസക്തമാക്കിത്തീര്‍ത്തിട്ടില്ല.

മുതലാളിത്തത്തിനെ വിപ്ലവപരമായി വെല്ലുവിളിക്കുമ്പോള്‍ അതിന്റെ കേന്ദ്രസ്ഥാനം തൊഴിലാളിവര്‍ഗത്തിനുതന്നെയാണ്. തൊഴിലാളിവര്‍ഗത്തിന്റെ ശക്തിയും വലിപ്പവും ആഗോളതലത്തില്‍ വിപുലമായിത്തീര്‍ന്നിട്ടുണ്ട് - പോസ്റ്റ് മാര്‍ക്‌സിസ്റ്റു കള്‍ മറിച്ച് പറയുന്നുണ്ടെങ്കില്‍ത്തന്നെയും. സേവനമേഖലകളില്‍ ജോലി ചെയ്യുന്നവരും ചൂഷണം ചെയ്യപ്പെടുന്ന തൊഴിലാളികള്‍ തന്നെയാണ്. രൂക്ഷമായ ചൂഷണത്തിന്റെ ഭാരം മുഴുവന്‍ പേറേണ്ടിവരുന്ന താത്കാലിക ജീവനക്കാരെയും അനൗപചാരിക തൊഴിലാളികളെയും സംഘടിപ്പിക്കുന്നതിനുള്ള ഒരു പുതിയ രൂപം ആവിഷ്‌കരിക്കുക എന്നതാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മാര്‍ക്‌സിസ്റ്റുകാരുടെ മുന്നിലുള്ള സുപ്രധാന വെല്ലുവിളി.
ഇന്ന് ലോകത്ത് സംഭവിക്കുന്ന ഏറ്റവും സങ്കീര്‍ണമായ പ്രക്രിയ, ഒരുപക്ഷേ, നാട്ടിന്‍പുറങ്ങളില്‍, പ്രത്യേകിച്ചും വികസനമധികം ഉണ്ടായിട്ടില്ലാത്ത രാജ്യങ്ങളിലെ നാട്ടിന്‍പുറങ്ങളില്‍ (ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെ) സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലമായി, 'ഘടനാപരമായ നീക്കുപോക്കുകളും സുദൃഢീകരണവും' എന്നു പറയപ്പെടുന്ന നയങ്ങള്‍, അന്താരാഷ്ട്ര മൂലധനവും ആഭ്യന്തര ബൂര്‍ഷ്വാസിയും ഭൂഉടമസ്ഥരായ ഗ്രാമീണ വരേണ്യവര്‍ഗവും ചേര്‍ന്ന്, മൂന്നാംലോകത്തെങ്ങുമുള്ള അധ്വാനിക്കുന്ന ജനങ്ങളുടെ തലയില്‍ നിരന്തരം കെട്ടിയേല്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. ഈ നയങ്ങള്‍ കാര്‍ഷിക പ്രതിസന്ധിയെ മൂര്‍ച്ഛിപ്പിക്കുകയും കര്‍ഷക ജനസാമാന്യത്തിന്റെ വരുമാനത്തെയും ഉപജീവനമാര്‍ഗങ്ങളെയും കൂടുതല്‍ വഷളാക്കുകയും അവരെ പാപ്പരാക്കിത്തീര്‍ക്കുകയും ചെയ്യുന്നു. ഭൂമി, ഉപജീവനമാര്‍ഗം, വിഭവങ്ങളുടെ ലഭ്യത എന്നീ വിഷയങ്ങളെച്ചൊല്ലിയുള്ള ഗ്രാമീണമേഖലയിലെ അസ്വാസ്ഥ്യം, ഇന്ന് വികസ്വര ലോകത്തിലെങ്ങും ദൃശ്യമാകുന്ന വ്യാപകമായ പ്രതിഭാസമാണ്. കര്‍ഷക ജനസാമാന്യത്തെയും ഗ്രാമീണ തൊഴിലാളികളെയും സംഘടിപ്പിക്കുകയും അവരും പട്ടണപ്രദേശങ്ങളിലെ തൊഴിലാളിവര്‍ഗവും ചേര്‍ന്ന സഖ്യം കെട്ടിപ്പടുക്കുകയും ചെയ്യുക എന്നത്, ഈ സമൂഹങ്ങളില്‍ ഉയര്‍ന്നുവരുന്ന ഏറ്റവും പ്രധാന വെല്ലുവിളിയാണ്.
(തുടരും)
21-ാം നൂറ്റാണ്ടിലെ മാര്‍ക്‌സിസം' എന്ന വിഷയത്തെക്കുറിച്ച് ലണ്ടനില്‍ നടന്ന ഒരു സെമിനാറില്‍ സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അവതരിപ്പിച്ച പ്രബന്ധത്തിലെ പ്രസക്ത ഭാഗങ്ങള്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ