2015, ഓഗസ്റ്റ് 5, ബുധനാഴ്‌ച

വിപല്‍ക്കരം ഈ ദൗത്യം


മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പായതിനെത്തുടര്‍ന്നാണ് പിന്നോക്കസമുദായക്കാര്‍ രാജ്യവ്യാപകമായി സാമ്പത്തികമായി അല്‍പ്പമൊക്കെ ഉയര്‍ന്നത്. എന്നാല്‍, നരേന്ദ്ര മോഡി ഇതാ പുതിയ ഭൂമി ഏറ്റെടുക്കല്‍ നിയമം കൊണ്ടുവരുന്നു. പാവപ്പെട്ടവരുടെ ഭൂമി ഏറ്റെടുത്ത് കോര്‍പറേറ്റുകള്‍ക്ക് കൈമാറുന്നതിനുള്ള നിയമമാണത്. മണ്ഡല്‍ കമീഷന്‍ നടപ്പായതിന്റെ പരോക്ഷഫലമായി പിന്നോക്കക്കാര്‍ക്ക് നേരിയതോതില്‍ കൈവന്ന ഭൂമിയാണ് അപ്പാടെ കോര്‍പറേറ്റുകള്‍ക്ക് അധീനമാകാന്‍ പോകുന്നത്. ഈ നിയമത്തിനുകീഴില്‍ ഏറ്റവുമധികം ഭൂമി നഷ്ടപ്പെടുക ഈ വിഭാഗം പിന്നോക്കക്കാര്‍ക്കാവും. ഇതുചെയ്യുന്ന ബിജെപിയാണ് വെള്ളാപ്പള്ളിയുടെ നോട്ടത്തില്‍ പിന്നോക്കത്തിന് വേണ്ടപ്പെട്ടവന്‍. കേരളത്തില്‍ കുടികിടപ്പും പത്തുസെന്റും പതിച്ചുനല്‍കിയ കമ്യൂണിസ്റ്റ് പാര്‍ടി പിന്നോക്കത്തിനു വേണ്ടാത്തവരും! ഈ തിയറി പിന്നോക്കസമുദായത്തിലെ ആര് ഏറ്റെടുക്കാനാണ്?
ഗോവിന്ദ ആചാര്യയും ഉമാഭാരതിയുമൊക്കെ പിന്നോക്ക സമുദായത്തില്‍നിന്നു വന്നവരായിരുന്നു. അവരുടെയൊക്കെ വായ അടപ്പിച്ചു ബിജെപി. കറിവേപ്പിലപോലെ ആവശ്യം കഴിഞ്ഞ് വലിച്ചെറിഞ്ഞു. ഇതു കാണാതിരിക്കേണ്ട കാര്യമില്ല. ഏതെങ്കിലും ഒരു പിന്നോക്കക്കാരനെ ഉന്നതസ്ഥാനത്തിരുത്തി എന്നതുകൊണ്ട് മറയുന്ന കാര്യവുമല്ല അത്. 

ഉത്തരേന്ത്യയാകെത്തന്നെ പിന്നോക്ക-ദളിത് രാഷ്ട്രീയവേലിയേറ്റത്തില്‍- മുലയം- ലാലു- മായാവതി - അമര്‍ന്ന ഘട്ടത്തില്‍ ആ കാര്‍ഡുകൊണ്ടുതന്നെ കളിച്ചാലേ നിലനില്‍ക്കാനാവൂ എന്നുവന്നു. അപ്പോള്‍മാത്രമേ സംഘപരിവാര്‍ പിന്നോക്കക്കാരനെ തേടിയുള്ളൂ. സംഘപരിവാറില്‍ അഞ്ച് പുരോഹിതരടങ്ങിയ സമിതിയാണ് നയനിലപാടുകള്‍ രൂപപ്പെടുത്തുന്നത്. അവരാകട്ടെ, ചാതുര്‍വര്‍ണ്യത്തിന്റെ കടുത്ത നിഷ്കര്‍ഷക്കാരുമാണ്. ഇതൊന്നും കാണാതെ ബിജെപി പിന്നോക്കക്കാര്‍ ആശ്രയിക്കേണ്ട പാര്‍ടിയാണെന്ന് പ്രചരിപ്പിച്ചാല്‍ പ്രചരിപ്പിക്കുന്നവര്‍ക്കുതന്നെ കടുത്ത വില നല്‍കേണ്ടിവരും; ആ ചാതുര്‍വര്‍ണ്യ ക്രമത്തിന്റെ കരാളമായ കുടുക്കില്‍പ്പെട്ട്.
എസ്എന്‍ഡിപിയും എന്‍എസ്എസുംപോലുള്ള സംഘടനകളെ തങ്ങളുടെ കുടക്കീഴിലാക്കാന്‍ സംഘപരിവാര്‍ മുമ്പും ശ്രമിച്ചിട്ടുണ്ട്. ആ കുടക്കീഴില്‍ പോയാല്‍ എന്‍എസ്എസ് ബാക്കിയുണ്ടാകില്ല, സംഘപരിവാറേ ശേഷിക്കൂ എന്നും എന്‍എസ്എസിനെ അതിന്റെ സമസ്ത ആസ്തികളോടെയും അവര്‍ വിഴുങ്ങും എന്നും എന്‍എസ്എസ് നേരത്തെതന്നെ തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് പെരുന്നയിലേക്ക് ചെല്ലാനുള്ള മോഡിയുടെ താല്‍പ്പര്യം സഫലമാകാതിരുന്നത്. ഈ തിരിച്ചറിവ് എസ്എന്‍ഡിപിക്കുണ്ടായില്ല. ശിവഗിരിയില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷമുണ്ടാവുകയും അതേത്തുടര്‍ന്ന് ശിവഗിരി മഠത്തിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും നടത്തിപ്പ് താല്‍ക്കാലികമായി ഓര്‍ഡിനന്‍സിലൂടെ സര്‍ക്കാരില്‍ നിക്ഷിപ്തമാവുകയുംചെയ്ത ഘട്ടത്തില്‍ "ശിവഗിരിയെ മോചിപ്പിക്കും' എന്ന പ്രഖ്യാപനവുമായി സംഘപരിവാറുകാര്‍ എത്തിയിരുന്നു. ശിവഗിരിക്കുമേല്‍ കാവിക്കൊടി പറത്താനായിരുന്നു നീക്കം. ഗുരുവിന്റെ പിന്മുറക്കാര്‍ അതനുവദിച്ചില്ല. എല്‍ഡിഎഫ് സര്‍ക്കാരാകട്ടെ, സാധാരണാവസ്ഥ പുനഃസ്ഥാപിച്ച് ട്രസ്റ്റ് ഭരണം സന്യാസിമാരെ തിരികെ ഏല്‍പ്പിക്കുകയുംചെയ്തു.
അന്ന് നടക്കാതെപോയ മോഹമാണ് അടുത്തകാലത്ത് സംഘപരിവാര്‍ വീണ്ടും പൊടിതട്ടി എടുത്തത്. അതിന്റെ ഭാഗമായിരുന്നു നരേന്ദ്ര മോഡിയുടെ ശിവഗിരി സന്ദര്‍ശനം. പണ്ട് ഗാന്ധിജിയെ ഗുരുദേവന്‍ സ്വീകരിച്ചിരുത്തിയ ശിവഗിരിയില്‍ ഗാന്ധിയെ വധിച്ചവരുടെ പ്രസ്ഥാനത്തിന്റെ പുതിയകാല നേതാവിനെ അടുത്തകാലത്ത് ചിലര്‍ വരവേറ്റു. മതസൗഹാര്‍ദത്തിന്റെ മഹാസന്ദേശം പ്രസരിപ്പിച്ച തീര്‍ഥാടനകേന്ദ്രത്തിലേക്ക് മതവിദ്വേഷത്തിന്റെ സന്ദേശം കടന്നുചെന്നു. അന്ന് നരേന്ദ്ര മോഡിയുടെ സന്ദര്‍ശനത്തെ ന്യായീകരിച്ച എസ്എന്‍ഡിപി യോഗനേതാവ് ഇന്ന് അദ്ദേഹത്തെ അന്വേഷിച്ച് ഡല്‍ഹിയില്‍ ചെല്ലുന്നത് സ്വാഭാവികമായ പരിണതിയാണ്. ഇതു ചെയ്യുന്നതിന് വെള്ളാപ്പള്ളി നടേശന് അദ്ദേഹത്തിന്റേതായ വ്യക്തിപരമായ കാരണങ്ങളുണ്ടാകാം. പക്ഷേ, അത് ശ്രീനാരായണശിഷ്യര്‍ക്ക് സ്വീകാര്യമാകുന്ന കാരണങ്ങളല്ല.
കറകളഞ്ഞ സവര്‍ണ ഫാസിസ്റ്റ് സ്വഭാവമുള്ള സംഘപരിവാറിന്, അവര്‍തന്നെ ഇക്കാലമത്രയും അവര്‍ണ സംഘടന എന്ന് മുദ്രയടിച്ച് അകറ്റിനിര്‍ത്തിയിരുന്ന എസ്എന്‍ഡിപിപോലുള്ള പ്രസ്ഥാനത്തെ കൊണ്ടുപോയി അടിയറവയ്ക്കുന്നത് യഥാര്‍ഥ ശ്രീനാരായണ ശിഷ്യര്‍ക്കെങ്ങനെ സ്വീകാര്യമാകാന്‍! നാരായണഗുരുവിന്റെ പ്രസ്ഥാനത്തെ നാഥൂറാമിന്റെ പ്രസ്ഥാനത്തിന്റെ കീഴില്‍ കൊണ്ടുപോയി കെട്ടുന്നത് അവര്‍ എങ്ങനെ സഹിക്കാന്‍! അവരുടെ വികാരം മനസ്സിലാക്കി വിപല്‍ക്കരമായ ഈ ദൗത്യത്തില്‍നിന്ന് പിന്തിരിയണമെന്നാണ് പറയാനുള്ളത്. ആ പിന്തിരിയലായിരിക്കും ഗുരുവിനുള്ള ഇക്കാലത്തെ വലിയ പ്രണാമം. "മനുഷ്യാണാം മനുഷ്യത്വം ജാതി' എന്ന് പഠിപ്പിച്ചയാളാണ് ഗുരു. മനുഷ്യത്വമാണ് മനുഷ്യന്റെ ജാതി എന്നര്‍ഥം. മനുഷ്യത്വം തൊട്ടുതെറിച്ചിട്ടില്ലാത്ത വര്‍ഗീയനരഹത്യ നടത്തുന്നവര്‍ക്കും ശ്രീനാരായണ പ്രസ്ഥാനത്തിനും ഇടയില്‍ പൊതുവായി എന്തെങ്കിലുമുണ്ടോ?"അവനവനാത്മ സുഖത്തിനാചരിക്കു-ന്നവയപരന്നു സുഖത്തിനായ് വരേണം' എന്നു പഠിപ്പിച്ചു ഗുരു. അപരന്റെ പിടഞ്ഞുപിടഞ്ഞുള്ള മരണം കണ്ട് ഗുജറാത്തിലും മറ്റും ആഹ്ലാദിച്ചവര്‍ക്കും ഗുരുശിഷ്യര്‍ക്കുമിടയില്‍ പൊതുവായി എന്തെങ്കിലുമുണ്ടോ? ജീര്‍ണമായ ചാതുര്‍വര്‍ണ്യവും വര്‍ണാശ്രമധര്‍മവും അടിസ്ഥാനമാക്കിയ സാമൂഹ്യക്രമം പുനഃസ്ഥാപിക്കുക എന്നതാണ് സംഘപരിവാറിന്റെ അജന്‍ഡ. മനുസ്മൃതിയില്‍ അധിഷ്ഠിതമാണത്. എന്താണ് ഇവരുടെ മാനിഫെസ്റ്റോ ആയ സ്മൃതി പറയുന്നത്?  
അക്ഷരം പഠിച്ച ശൂദ്രനെ അകറ്റിനിര്‍ത്തണം.
ശൂദ്രന്‍ വേദം കേട്ടാല്‍ അവന്റെ ചെവിയില്‍ ഈയം ഉരുക്കിയൊഴിക്കണം. 
ജീര്‍ണവസ്ത്രമേ കൊടുക്കാവൂ. പതിരുകലര്‍ത്തിയേ ധാന്യമളന്നുകൊടുക്കാവൂ. 
ധര്‍മനിര്‍ണയാവകാശം കൊടുക്കരുത്. 
ഇതൊക്കെ സാമൂഹിക നിയമമായിരുന്ന ഒരുകാലത്തെ പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്നവരുമായി എങ്ങനെ ഈ വിധത്തിലുള്ള കാലത്തെ മാറ്റിമറിക്കാന്‍ പോരാടിയ ശ്രീനാരായണ ഗുരുവിന്റെ ശിഷ്യര്‍ക്ക് കൈകോര്‍ക്കാനാകും.  

കൈകോര്‍ത്താല്‍ അതേക്കാള്‍ വലിയ ഗുരുനിന്ദയുണ്ടാകാനില്ല. ബ്രാഹ്മണ്യത്തിന്റെ ആധിപത്യമുറപ്പിക്കുന്ന മനുസ്മൃതിയൊക്കെ പഴയതല്ലേ എന്ന് വേണമെങ്കില്‍ ചോദിക്കാം. എന്നാല്‍, അത് ചോദിക്കുംമുമ്പ് മനുസ്മൃതിയെ തള്ളിപ്പറയാന്‍ തയ്യാറുണ്ടോ എന്ന് പ്രവീണ്‍ തൊഗാഡിയയോട് ചോദിക്കണം. 
അതിനു കിട്ടുന്ന ഉത്തരത്തില്‍നിന്ന് മനസ്സിലാകും തൊഗാഡിയയുടെയും അശോക് സിംഗാളിന്റെയും ഒക്കെ തനിനിറം. ശ്രീനാരായണ ഗുരുവിന്റെ സാര്‍വലൗകിക വ്യക്തിത്വത്തെ ഹിന്ദുത്വത്തില്‍ തളച്ചിടരുത്. 
"ഒരു ജാതി ഒരു മതം ഒരു ദൈവം' എന്ന തത്വം കേവലം ഹിന്ദുത്വത്തില്‍ ഒതുങ്ങിക്കൂടിയ ഒരാള്‍ക്കുയര്‍ത്താന്‍ കഴിയുന്നതായിരുന്നോ?

 "മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്നതില്‍ മതത്തിനല്ല മനുഷ്യനാണ് ഊന്നല്‍. 
മതമേതായാലും എന്നതിനര്‍ഥം, ഒരു മതവുമില്ലെങ്കിലും എന്നുകൂടിയാണ്. 
തനിക്കു ജാതിയില്ല, മതവുമില്ല എന്നു പ്രഖ്യാപിച്ച ഗുരുവിനെത്തന്നെ ഒരു പ്രത്യേക മതത്തിന്റെ കള്ളിയിലാക്കണോ?
മതം അപ്രധാനമാണെന്നാണ് അദ്ദേഹം വ്യക്തമാക്കിത്തന്നത്.1917ല്‍ ഗുരു പുറപ്പെടുവിച്ച ഒരു സന്ദേശത്തില്‍ ഇങ്ങനെ കാണാം. ""ഇനി ക്ഷേത്രനിര്‍മാണത്തെ പ്രോത്സാഹിപ്പിക്കരുത്. അമ്പലം കെട്ടുന്നത് ദുര്‍വ്യയമാണെന്ന് ജനങ്ങള്‍ പശ്ചാത്തപിക്കാനിടയുണ്ട്. പണം പിരിച്ച് പള്ളിക്കൂടങ്ങള്‍ കെട്ടാനാണ് ഉത്സാഹിക്കേണ്ടത്''. ഇങ്ങനെ പറഞ്ഞ ഒരു മഹാവ്യക്തിത്വത്തിന്റെ പേരിലുള്ള പ്രസ്ഥാനത്തെ, ക്ഷേത്രനിര്‍മാണത്തിന്റെ പേരില്‍ അയോധ്യയിലടക്കം ചോരപ്പുഴയൊഴുക്കിയ പ്രസ്ഥാനത്തിന്റെ വാലാക്കിമാറ്റിയാല്‍ അതേക്കാള്‍ വലിയ ഗുരുനിന്ദയുണ്ടോ? 
ജാതീയമായ ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് ഗുരു കേന്ദ്രീകരിച്ചത്. ആ പോരാട്ടം സാമ്പത്തിക ഉച്ചനീചത്വമവസാനിപ്പിക്കാനുള്ള പോരാട്ടമാക്കി മുമ്പോട്ടുകൊണ്ടുപോയത് കമ്യൂണിസ്റ്റുകാരാണ്. അതിന്റെ നേട്ടങ്ങള്‍ ഈഴവരടക്കമുള്ള മലയാളസമൂഹം അനുഭവിച്ചിട്ടുണ്ട്.
ചാതുര്‍വര്‍ണ്യത്തിന്റെ തേര്‍വാഴ്ചയില്‍ ഞെരിഞ്ഞമര്‍ന്ന് കിടന്ന ഒരു സമൂഹത്തെ ആ ജീര്‍ണവ്യവസ്ഥയ്ക്കെതിരെ പൊരുതാന്‍ കെല്‍പ്പുള്ളവരാക്കുകയാണ് ഗുരുചെയ്തത്. അതേ ജനസമൂഹത്തെ പഴയ ചാതുര്‍വര്‍ണ്യത്തിന്റെ പുത്തന്‍ നടത്തിപ്പുകാരുടെ സേവകരാക്കാന്‍ ഗുരുവിനോടോ സമൂഹത്തോടോ കൂറുണ്ടെങ്കില്‍ മുതിരരുത്. 
സ്വാമി വിവേകാനന്ദന്റെ മുമ്പില്‍ കേരളത്തെ ഭ്രാന്താലയാവസ്ഥയില്‍ നിര്‍ത്തിയത് ജാതിമേധാവിത്വത്തിന്റെ പഴയ വര്‍ണാശ്രമ ശക്തികളാണ്. അതേ ശക്തിയുടെ മതഭ്രാന്തിന്റെ അകത്തളത്തിലേക്ക് "പലമതസാരവുമേകം' എന്നു പഠിപ്പിച്ച ഗുരുവിന്റെ ശിഷ്യരെ കൊണ്ടുചെന്ന് അടയ്ക്കരുത്."
ചാതുര്‍വര്‍ണ്യം മയാസൃഷ്ടം' എന്ന സൂക്തമാണ് സംഘപരിവാറിനെ നയിക്കുന്നത് എന്ന് എല്ലാവര്‍ക്കുമറിയാം. ചാതുര്‍വര്‍ണ്യം താന്‍ സൃഷ്ടിച്ചതാണ് എന്നാണ് അതിനര്‍ഥം. ഗുരു നിരാകരിച്ച ചാതുര്‍വര്‍ണ്യ സംബന്ധമായ ആ മനോഭാവം നെഞ്ചോടുചേര്‍ത്ത് പിടിക്കുന്നവരാണ് വെള്ളാപ്പള്ളിയുടെ പുതിയ കൂട്ടുകാരായ തൊഗാഡിയയും മറ്റും. സംശയമുണ്ടെങ്കില്‍ അദ്ദേഹംതന്നെ അവരോട് ചോദിച്ചുനോക്കട്ടെ, ചാതുര്‍വര്‍ണ്യ സംബന്ധിയായ ഈ നിലപാടിനെ തള്ളിപ്പറയാന്‍ തയ്യാറുണ്ടോ എന്ന്. അപ്പോള്‍ അറിയാം അവരുടെ തനിനിറം."ഇവരെ വിശ്വസിച്ച് മുന്നോട്ടുപോയാല്‍ ഹൈന്ദവജനതയെ ഇവര്‍ എവിടെകൊണ്ടെത്തിക്കും' എന്ന് മുമ്പ് ഒരു അഭിമുഖത്തില്‍ ബിജെപിയെക്കുറിച്ച് ചോദിച്ച അതേ വെള്ളാപ്പള്ളിയാണ് പിന്നോക്കതാല്‍പ്പര്യം സംരക്ഷിക്കുന്ന പാര്‍ടിയാണ് ബിജെപി എന്ന് ഇപ്പോള്‍ പറയുന്നത്. "ന്യൂനപക്ഷ സമുദായങ്ങള്‍ നിയന്ത്രിക്കുന്ന പാര്‍ടികള്‍ക്കുവേണ്ടിപ്പോലും വോട്ട് മറിക്കുന്ന പാര്‍ടി'യെന്ന് ഒരിക്കല്‍ ബിജെപിയെ ആക്ഷേപിച്ച വെള്ളാപ്പള്ളിയാണ് ബിജെപിയോട് അയിത്തമില്ല എന്ന് ഇന്നു പറയുന്നത്. ഇതില്‍ ഏതു വെള്ളാപ്പള്ളിയെ വിശ്വസിക്കണം എസ്എന്‍ഡിപി അംഗങ്ങള്‍. ഈ മാറ്റങ്ങള്‍ വന്നത് എന്ത് അടിസ്ഥാനത്തില്‍ എന്നെങ്കിലും യോഗാംഗങ്ങളോട് പറയാനുള്ള ധാര്‍മിക ഉത്തരവാദിത്തമില്ലേ ഇദ്ദേഹത്തിന്?
ആര്‍എസ്എസിന് കേരളത്തിലൊരു അജന്‍ഡയുണ്ട്. അത് നടപ്പാക്കാന്‍ പലതരത്തില്‍ പല ഘട്ടങ്ങളില്‍ പലരിലൂടെ അവര്‍ ശ്രമിച്ചുനോക്കിയിട്ടുമുണ്ട്. പക്ഷേ, സാധിച്ചിട്ടില്ല. സാധിക്കാതെവന്നത് കേരളത്തിലുള്ള ഇടതുപക്ഷത്തിന്റെ പ്രത്യേകിച്ച് സിപിഐ എമ്മിന്റെ സ്വാധീനശക്തികൊണ്ടാണ്. എല്ലാ ജാതിമത വിഭാഗത്തില്‍പ്പെട്ടവരും സിപിഐ എമ്മിലുണ്ട്. അവര്‍ കൂട്ടായി ഈ കടന്നുകയറ്റത്തെ ചെറുക്കുന്നുമുണ്ട്. തങ്ങള്‍ നേരിട്ട് ശ്രമിച്ചാല്‍ ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താനാകില്ല എന്ന് ആര്‍എസ്എസിനറിയാം. ദുര്‍ബലപ്പെടുത്താതെ തങ്ങളുടെ അജന്‍ഡ നടപ്പാക്കാനാവില്ല എന്നും അറിയാം. അതുകൊണ്ട് തങ്ങള്‍ക്ക് നേരിട്ട് നടപ്പാക്കിയെടുക്കാന്‍ സാധിക്കാത്തത് ചില ഏജന്റുമാരെവച്ച് നടപ്പാക്കിയെടുക്കാന്‍ നോക്കുകയാണ് ആര്‍എസ്എസ്. എന്‍എസ്എസിനെ ഇങ്ങനെയൊരു ഏജന്റാക്കാന്‍ നോക്കി; പക്ഷേ പറ്റിയില്ല. എന്‍എസ്എസിന്റെ അടുത്ത് പരാജയപ്പെട്ട തന്ത്രം എസ്എന്‍ഡിപിയുടെ അടുത്ത് വിജയിപ്പിച്ചെടുക്കാന്‍ നോക്കുകയാണ് ഇപ്പോള്‍ ആര്‍എസ്എസ്.  
ഇതിന് ഒത്തുനില്‍ക്കാന്‍ എസ്എന്‍ഡിപിയിലെ ചില നേതാക്കള്‍ തയ്യാറാകുന്നത് സമുദായതാല്‍പ്പര്യത്തിലല്ല. മറിച്ച് സ്വന്തം സാമ്പത്തിക- സ്ഥാനമാന താല്‍പ്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ്. സ്വാര്‍ഥലാഭത്തിനായി ഈ എസ്എന്‍ഡിപി നേതൃത്വം ഒറ്റുകൊടുക്കുന്നത് അവരുടെതന്നെ സമുദായത്തിലെ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും താല്‍പ്പര്യങ്ങളാണ്. ഇത് എസ്എന്‍ഡിപി യോഗത്തിലെതന്നെ സാധാരണക്കാര്‍ തിരിച്ചറിയുമെന്നത് തീര്‍ച്ച 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ