2015, ഓഗസ്റ്റ് 3, തിങ്കളാഴ്‌ച

ഗുരുനിന്ദയുടെ രാഷ്ട്രീയത്തിലേക്കോ?


വിശ്വഹിന്ദു പരിഷത്ത് നേതാക്കളായ അശോക് സിംഗാള്‍, പ്രവീണ്‍ തൊഗാഡിയ എന്നിവരുമായി ആദ്യവും ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി തുടര്‍ന്നും നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞ കാര്യങ്ങളെ മുഖ്യമായും ആറായി തരംതിരിക്കാം.
പിന്നോക്ക താല്‍പ്പര്യം സംരക്ഷിക്കുന്ന പാര്‍ടിയാണ് ബിജെപി, ഹിന്ദുക്കള്‍ നേരിടുന്ന അവഗണന വലിയ പ്രശ്നമാണ്, കമ്യൂണിസ്റ്റുകാര്‍ അധികാരത്തിലിരുന്നപ്പോള്‍ സമുദായത്തിന് ഒരു ഗുണവും കിട്ടിയിട്ടില്ല, ബിജെപി സവര്‍ണ പാര്‍ടിയല്ല, ബിജെപിയോട് അയിത്തമില്ല, മറ്റു ജാതിസംഘടനകളുടെയും പിന്തുണ ഞാന്‍ ബിജെപിക്ക് ഉറപ്പുകൊടുത്തിട്ടുണ്ട് എന്നിവയാണവ.
ഇവ ഓരോന്നായി എടുക്കുക. പിന്നോക്ക താല്‍പ്പര്യം സംരക്ഷിക്കുന്ന പാര്‍ടിയാണ് ബിജെപി എന്നു വെള്ളാപ്പള്ളി പറയുന്നു. ബിജെപിയുടെ പിന്നോക്കസമുദായ താല്‍പ്പര്യം 1992ല്‍ നമ്മള്‍ നേരിട്ടുകണ്ടതാണ്. പിന്നോക്ക സമുദായക്കാര്‍ക്ക് കേന്ദ്രസര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും 27 ശതമാനം ജോലി സംവരണംചെയ്തുകൊണ്ട് ഇടതുപക്ഷ പിന്തുണയുണ്ടായിരുന്ന വി പി സിങ്ങിന്റെ നാഷണല്‍ ഫ്രണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയപ്പോള്‍ അതിനെതിരെ രാജ്യമാകെ പൊതുവിലും ഡല്‍ഹിയില്‍ പ്രത്യേകിച്ചും തീപടര്‍ത്തുന്ന പ്രക്ഷോഭം നടത്തിയ പാര്‍ടിയാണത്. മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കലില്‍ അസ്വസ്ഥതപൂണ്ട്, അത് വി പി സിങ് സര്‍ക്കാരിനുണ്ടാക്കിക്കൊടുക്കുന്ന ജനപിന്തുണയില്‍ വിറളിപിടിച്ച് രഥയാത്ര സംഘടിപ്പിക്കുകയും രഥയാത്രയെ തടഞ്ഞതിന്റെ പേരില്‍ കോണ്‍ഗ്രസിനൊപ്പംനിന്ന് വോട്ടുചെയ്ത് മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയ സര്‍ക്കാരിനെ മാസങ്ങള്‍ക്കുള്ളില്‍ അട്ടിമറിക്കുകയും ചെയ്ത പാര്‍ടിയാണ് ബിജെപി. എന്തൊരു പിന്നോക്ക സ്നേഹം!
നാഷണല്‍ ഫ്രണ്ട് മന്ത്രിസഭ മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയതിനെ തുടര്‍ന്നാണ് ഉത്തരേന്ത്യയില്‍ പരക്കെ പിന്നോക്ക ജാതി വിഭാഗത്തില്‍ വലിയ ഉണര്‍വ് ഉണ്ടായത്. അതിന്റെ തുടര്‍പ്രതിഫലനമായാണ് യുപിയിലും ബിഹാറിലും ഒക്കെ പിന്നോക്ക സമുദായക്കാരുടെ രാഷ്ട്രീയം മേല്‍ക്കൈ നേടുന്നതും മുലായംസിങ് യാദവിനെയും ലാലുപ്രസാദിനെയും ദളിത് സമുദായത്തില്‍പ്പെട്ട മായാവതിയെയുംപോലുള്ളവര്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് എത്തുന്നതും. ആ പിന്നോക്ക രാഷ്ട്രീയവളര്‍ച്ചയില്‍ അതിശക്തമായ അസഹിഷ്ണുതയായിരുന്നു ബിജെപിക്ക്. ആ വളര്‍ച്ച തടയാന്‍ ഹിന്ദുവര്‍ഗീയ വികാരം ഉപയോഗിക്കുകയെന്ന കുതന്ത്രമാണ് ബിജെപി പിന്നീടിങ്ങോട്ട് എന്നും പ്രയോഗിച്ചത്.
ഈ ചരിത്രവസ്തുതകളൊക്കെ സൗകര്യപൂര്‍വം മറന്നാലേ വെള്ളാപ്പള്ളി നടേശന്‍ പറയുന്നത്, അദ്ദേഹത്തിന്റെ സമുദായാംഗങ്ങള്‍ക്കുപോലും ഉള്‍ക്കൊള്ളാനാകൂ. സവര്‍ണ വര്‍ഗീയ അപസ്മാരം പടര്‍ത്തിയ മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ തെരുവില്‍ കത്തിയമര്‍ന്നവരുടെ ചിത്രം മനസ്സുകളില്‍നിന്ന് മാറാറായിട്ടില്ല. ആ വിധത്തില്‍ പിന്നോക്കവിരുദ്ധ ജാതീയതയുടെ തീ പടര്‍ത്തിയ, മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയ സര്‍ക്കാരിനെ അട്ടിമറിച്ചതിന്റെ ചോരപ്പാടുകള്‍ കൈകളിലുണങ്ങാത്ത ബിജെപിയുമായി വെള്ളാപ്പള്ളി നടേശനു കൈകോര്‍ക്കാനാകുമായിരിക്കും. സാധാരണക്കാരനായ എസ്എന്‍ഡിപി പ്രവര്‍ത്തകന് അതിനു സാധിക്കുമോ?
ഹിന്ദുക്കള്‍ നേരിടുന്ന അവഗണന വലിയ പ്രശ്നമാണെന്ന് വെള്ളാപ്പള്ളി പറയുന്നു. ഏതാണാവോ വെള്ളാപ്പള്ളി പറയുന്ന ഈ ഹിന്ദു?  
ഹിന്ദുമതത്തില്‍ പ്രമാണിമാരുണ്ട്. 
അങ്ങേയറ്റം പാവപ്പെട്ടവരുമുണ്ട്. 
വിരുദ്ധങ്ങളായ ഇവരുടെ താല്‍പ്പര്യങ്ങള്‍ ഏതു ബിന്ദുവിലാണ് കൂട്ടിമുട്ടി ഹിന്ദു താല്‍പ്പര്യമാകുക? 

ലക്ഷക്കണക്കിനാളുകള്‍ തെരുവിലുറങ്ങുന്ന മുംബൈയില്‍ 27 നിലയുള്ള വീട് കെട്ടിപ്പൊക്കിയ അംബാനിയുടെ താല്‍പ്പര്യവും വൈകിട്ടത്തെ അത്താഴത്തിന് അരിവാങ്ങാന്‍ വിഷമിക്കുന്ന ഒരു പാവപ്പെട്ട തൊഴിലാളിയുടെ താല്‍പ്പര്യവും ഇരുവരും ഹിന്ദുവാണ് എന്നതുകൊണ്ടുമാത്രം ഒന്നാകുമോ? 
ഹിന്ദുതാല്‍പ്പര്യം സംരക്ഷിക്കാന്‍ ആരുമായും കൂട്ടുകൂടും എന്ന് വെള്ളാപ്പള്ളി പറയുമ്പോള്‍ ഇതില്‍ ഏതു ഹിന്ദുവിന്റെ താല്‍പ്പര്യമാണ് മനസ്സിലുള്ളത് എന്നതുകൂടി വ്യക്തമാക്കണം. അദാനിക്കുവേണ്ടി ഭരണം നടത്തുന്ന, അത്തരം കോര്‍പറേറ്റുകള്‍ക്ക് കോര്‍പറേറ്റ് ടാക്സ് അഞ്ചുശതമാനംകണ്ട് ആദ്യ ബജറ്റില്‍ത്തന്നെ കുറച്ചുകൊടുത്ത നരേന്ദ്രമോഡിക്ക് കേരളത്തിലെ പ്രമുഖനായ വെള്ളാപ്പള്ളി ചെന്നു കൈകൊടുത്താല്‍ അത് ഹിന്ദുതാല്‍പ്പര്യ സംരക്ഷണമാകുമോ?
മറ്റു ജാതിസംഘടനകളുടെയും പിന്തുണ താന്‍ ബിജെപിക്ക് ഉറപ്പുകൊടുത്തിട്ടുണ്ട് എന്ന് വെള്ളാപ്പള്ളി പറഞ്ഞതായി കാണുന്നു. മറ്റു ജാതിസംഘടനകള്‍ക്കുവേണ്ടി സംസാരിക്കാനും ഇദ്ദേഹത്തിന് അധികാരമുണ്ടോ? 
മറ്റു സംഘടനകള്‍ ഇത്തരമൊരു ദൗത്യം ഇദ്ദേഹത്തെ ഏല്‍പ്പിച്ചിട്ടുണ്ടോ? 
ഇക്കാര്യങ്ങള്‍ അവര്‍ വ്യക്തമാക്കട്ടെ.
സിപിഐ എമ്മിനോടാണ് എസ്എന്‍ഡിപി യോഗത്തിന് താല്‍പ്പര്യം എന്നു വെള്ളാപ്പള്ളി പറയുന്നുണ്ട്, അമിത് ഷായുമായി ചേര്‍ന്നുനില്‍ക്കുമ്പോഴും. ഈഴവസമൂഹത്തിന് സിപിഐ എമ്മിനോട് താല്‍പ്പര്യമുണ്ട് എന്നു പറഞ്ഞാലതു ശരി. എസ്എന്‍ഡിപി നേതൃത്വത്തിന് കമ്യൂണിസ്റ്റുകാരോട് താല്‍പ്പര്യമുണ്ട് എന്നു പറഞ്ഞാല്‍ അത് എത്രമാത്രം ശരിയാകും? എസ്എന്‍ഡിപി നേതൃത്വം കമ്യൂണിസ്റ്റുകാരോട് എന്നെങ്കിലും താല്‍പ്പര്യം കാട്ടിയിട്ടുണ്ടോ?
1957ല്‍ കമ്യൂണിസ്റ്റുകാര്‍ മത്സരിച്ചപ്പോള്‍ യോഗനേതൃത്വം കമ്യൂണിസ്റ്റ് പാര്‍ടിക്കെതിരായിരുന്നു. 59ല്‍ വിമോചനസമരം വന്നപ്പോള്‍ യോഗനേതൃത്വം വിമോചനക്കാരുടെ കൂടെയായിരുന്നു. 
മന്നം-ശങ്കര്‍-പട്ടം-ബാഫക്കി എന്നതായിരുന്നു അന്നു മുദ്രാവാക്യം. അതായിരുന്നു അന്നത്തെ സഖ്യം. അന്ന് ശങ്കര്‍ കമ്യൂണിസ്റ്റുകാര്‍ക്കെതിരെ നിന്നപ്പോഴും സാധാരണ യോഗം പ്രവര്‍ത്തകരുടെ മനസ്സ് കമ്യൂണിസ്റ്റ് പാര്‍ടിക്കൊപ്പമായിരുന്നു. പിന്നീട് യോഗനേതൃത്വം എസ്ആര്‍പി എന്നൊരു പാര്‍ടിയുണ്ടാക്കി. ആ പാര്‍ടി ജനിച്ചതും മരിച്ചതും കമ്യൂണിസ്റ്റ് വിരുദ്ധ യുഡിഎഫില്‍. യോഗനേതൃത്വത്തിന്റെ ചരിത്രം ഇതാണ്. 
എന്നാല്‍, ഈഴവസമുദായത്തിന്റെ ചരിത്രം ഇതല്ല. ഇടത്തരം കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ചെത്തുതൊഴിലാളികളും കയര്‍ത്തൊഴിലാളികളും ഉള്‍പ്പെട്ട ആ സമുദായം യോഗനേതൃത്വം ഇത്തരം നിലപാടുകള്‍ എടുത്ത ഘട്ടത്തിലടക്കം കമ്യൂണിസ്റ്റ് പാര്‍ടിക്കൊപ്പം നിന്നിട്ടുണ്ട്.
കമ്യൂണിസ്റ്റുകാര്‍ അധികാരത്തിലിരുന്നപ്പോഴൊന്നും സമുദായത്തിന് ഒരു ഗുണവും കിട്ടിയിട്ടില്ല എന്നു പറയുന്നുണ്ട് വെള്ളാപ്പള്ളി നടേശന്‍. ജാതി അടിസ്ഥാനത്തിലാണല്ലൊ അദ്ദേഹം ഇതു പറയുന്നത്. അതുകൊണ്ടുമാത്രം അതേ ഭാഷയില്‍ത്തന്നെ തിരിച്ചുചോദിക്കട്ടെ. 
ഇ എം എസ് മന്ത്രിസഭ കൊണ്ടുവന്ന കാര്‍ഷികബന്ധ നിയമം, ഭൂപരിഷ്കരണ നിയമം തുടങ്ങിയവയുടെ ഫലമായി സ്വന്തമായി ഭൂമിയും കുടികിടപ്പും കിട്ടിയവരില്‍ മഹാഭൂരിപക്ഷവും ഈഴവസമുദായത്തില്‍പ്പെട്ടവരല്ലേ? കര്‍ഷകത്തൊഴിലാളികള്‍, ചെത്തുതൊഴിലാളികള്‍, ചെറുകിട കര്‍ഷകര്‍, കുടികിടപ്പുകാര്‍ ഒക്കെയായ ആ സമുദായത്തിലെ മഹാഭൂരിപക്ഷവും അതിന്റെ ഗുണഭോക്താക്കളായില്ലേ? ഈ വിഭാഗം തൊഴിലാളികളുടെ കൂലിയില്‍ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത വര്‍ധന വരുത്തിക്കൊടുത്തതു കമ്യൂണിസ്റ്റ് പാര്‍ടിയും അതിന്റെ സര്‍ക്കാരുമല്ലേ? കുട്ടിക്കൃഷ്ണമേനോന്റെ നേതൃത്വത്തിലുണ്ടായിരുന്ന ടെനന്‍സി കമീഷന് ഇ എം എസ് എഴുതിയ വിയോജനക്കുറിപ്പ്, ഭൂപരിഷ്കരണം കാണക്കൃഷിക്കാരില്‍നിന്ന് പാട്ടക്കൃഷിക്കാരുടെ തലത്തിലേക്കിറക്കിക്കൊണ്ടുവരണം എന്നതായിരുന്നു. അധികാരത്തില്‍ വന്നപ്പോള്‍ ഇ എം എസ് മന്ത്രിസഭ ചെയ്തതുമതാണ്. അതിന്റെ ഗുണം ഏറ്റവുമധികമനുഭവിച്ചത് ഈഴവസമുദായമാണെന്നു മനസ്സിലാക്കാന്‍ വെള്ളാപ്പള്ളി ചരിത്രം ഒന്നു പരതിനോക്കിയാല്‍മാത്രം മതി. സ്വസമുദായത്തിലെ പാവപ്പെട്ടവരോട് ഒന്നു ചോദിച്ചാലും മതി.
ഈ സത്യങ്ങള്‍ മറച്ചുവച്ചുകൊണ്ട് കമ്യൂണിസ്റ്റുകാരെക്കൊണ്ട് സമുദായത്തില്‍പ്പെട്ടവര്‍ക്ക് നേട്ടമുണ്ടായിട്ടില്ല എന്നു പറയാന്‍ വെള്ളാപ്പള്ളിക്ക് എങ്ങനെ കഴിയുന്നു? സമുദായത്തിലെ താഴെത്തട്ടുകാര്‍ക്ക് ഗുണമുണ്ടായിട്ടുണ്ട്. അതിലെ പ്രമാണിവിഭാഗത്തിന് അതില്‍ അസ്വസ്ഥതയുണ്ടായിട്ടുമുണ്ട്. ആ പ്രമാണി വിഭാഗവുമായി കമ്യൂണിസ്റ്റുകാര്‍ക്ക് ഇടയേണ്ടിവന്നിട്ടുണ്ട്. മുമ്പുണ്ടായിട്ടുണ്ട്. ഇപ്പോഴുമുണ്ട്. നാളെയുമുണ്ടാകും. അതു സ്വാഭാവികമാണുതാനും. മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരും അതിനു താഴെത്തട്ടിലുള്ളവരും എന്നും പാര്‍ടിക്കൊപ്പം നിന്നിട്ടുമുണ്ട്.
സമുദായപ്രമാണിമാര്‍ക്കുണ്ടാകുന്ന അസഹിഷ്ണുത സാധാരണ ഈഴവ സമുദായാംഗങ്ങളുടെ പറ്റില്‍ ആരും എഴുതേണ്ടതില്ല. ജാതി പറഞ്ഞാല്‍ എന്താണു കുഴപ്പം എന്നുചോദിക്കുന്ന വെള്ളാപ്പള്ളി കാര്‍ഷികബന്ധ നിയമംകൊണ്ടും കൂലിവര്‍ധനകൊണ്ടും നേട്ടമുണ്ടാക്കിയവരുടെ ജാതിതിരിച്ചുള്ള കണക്കെടുത്തുനോക്കട്ടെ. അപ്പോള്‍ മനസ്സിലാകും താന്‍ പറഞ്ഞതല്ല സത്യമെന്ന്.
ബിജെപി സവര്‍ണപാര്‍ടിയല്ല എന്നും പറയുന്നുണ്ട് വെള്ളാപ്പള്ളി. അദ്ദേഹം കര്‍ണാടകയിലെ ഉഡുപ്പി ക്ഷേത്രത്തില്‍ ഒന്നു പോകട്ടെ. അവിടെ ഇപ്പോഴും അയിത്തം നിലനില്‍ക്കുന്നു. രണ്ട് ഊട്ടുപുരയുണ്ട് അവിടെ. ഒന്നു ബ്രാഹ്മണര്‍ക്ക്. മറ്റൊന്ന് കീഴ്ജാതിക്കാര്‍ക്ക്. ഈ ജാതിവിവേചനവും അയിത്താചാരണവും അവിടെ അവസാനിപ്പിക്കാന്‍ ഏറെക്കാലമായി ഒരു പാര്‍ടി ലാത്തിച്ചാര്‍ജടക്കം നേരിട്ട് സമരം ചെയ്യുന്നുണ്ട്. അതാണ് സിപിഐ എം. സമരനേതാക്കളെ പൊലീസിനെവിട്ട് തല്ലിക്കുന്നതും കേസില്‍ കുടുക്കുന്നതും വിഎച്ച്പിയുടെയും ബിജെപിയുടെയും വലിയ നേതാവായ പേജാവര്‍ സ്വാമിയാണ്. വിശ്വഹിന്ദുപരിഷത്തിന്റെ നേതൃനിരയില്‍ അശോക് സിംഗാളിനും പ്രവീണ്‍ തൊഗാഡിയക്കും ഒപ്പം സ്ഥാനമുള്ളയാള്‍. അവരുടെ തെക്കേ ഇന്ത്യന്‍ നേതാവ്. പുതിയ ചങ്ങാതിമാരായ പ്രവീണ്‍ തൊഗാഡിയക്കും അശോക് സിംഗാളിനും ഒപ്പം വെള്ളാപ്പള്ളി ഒന്ന് അവിടെ പോകണം. അവര്‍ക്കൊപ്പം ഊണ് കഴിക്കാനിരുന്നാല്‍ രക്ഷപ്പെടുത്താന്‍ അവിടെ സമരം ചെയ്യുന്ന സിപിഐ എമ്മുകാരേ ഉണ്ടാകൂ.
തൊട്ടപ്പുറത്ത് മംഗലാപുരത്ത് കുക്കെ സുബ്രഹ്മണ്യ ക്ഷേത്രമുണ്ട്. ആ ക്ഷേത്രത്തില്‍ "മഡെ സ്നാന' എന്നൊരു ആചാരമുണ്ട്. ബ്രാഹ്മണര്‍ ഭക്ഷണം കഴിച്ചിട്ടു പുറത്തിടുന്ന ഇലയില്‍ അവര്‍ണ ജാതിക്കാര്‍ ഉരുളണം. ഇത് നടത്തിക്കൊണ്ടുപോകുന്നത് വിഎച്ച്പി-ബിജെപി നേതാക്കളാണ്. അവസാനിപ്പിക്കാന്‍ സമരം ചെയ്യുന്നത് സിപിഐ എമ്മുകാരും.
അവിടെച്ചെന്ന് വിശ്വഹിന്ദു പരിഷത്തിനോടു വെള്ളാപ്പള്ളി നടേശന്‍ ഒന്നു പറഞ്ഞുനോക്കട്ടെ ഈ അനാചാരം അവസാനിപ്പിക്കണമെന്ന്. അപ്പോള്‍ അറിയാം, വിഎച്ച്പിയും ബിജെപിയും ഒക്കെ സവര്‍ണ പാര്‍ടിയാണോ അല്ലയോ എന്ന്.
പിന്നോക്കക്കാരും ദളിത് വിഭാഗങ്ങളും സവര്‍ണ വര്‍ഗീയശക്തികളാല്‍ ആക്രമിക്കപ്പെട്ടിടങ്ങളിലൊക്കെ ബിജെപിയും വിഎച്ച്പിയും സംഘപരിവാര്‍ ആകെത്തന്നെയും ആക്രമണം നടത്തിയ സവര്‍ണ വര്‍ഗീയശക്തികളുടെ ഒപ്പമായിരുന്നു എന്നതും മറന്നുകൂടാ. 

2002ല്‍ ഹരിയാനയിലെ ഝജ്ജറില്‍ ഒരു വലിയ ദളിത്വേട്ട നടന്നു. ചമാര്‍ സമുദായത്തില്‍പ്പെട്ടവരാണ് ആക്രമിക്കപ്പെട്ടത്. ചത്തുപോയ കന്നുകാലികളുടെ തോലുരിച്ച് അതില്‍നിന്ന് ചെരിപ്പുണ്ടാക്കി വില്‍ക്കുന്നത് കുലത്തൊഴിലാക്കിയ സമുദായമാണത്. അതില്‍പ്പെട്ട നാലു ചെറുപ്പക്കാര്‍ ഒരു ചത്ത പശുവിനെ തോലുരിക്കാനായി കൊണ്ടുവരികയായിരുന്നു. അപ്പോള്‍ ബിജെപി-വിഎച്ച്പി-ആര്‍എസ്എസ് സംഘം ഇവരെ ആക്രമിച്ചു. ക്രൂരമായി മര്‍ദിച്ചശേഷം പൊലീസിന് ഏല്‍പ്പിച്ചുകൊടുത്തു. ലോക്കപ്പിലിട്ടും പൊലീസിനു പുറമെ ഈ സംഘാംഗങ്ങള്‍ ഇവരെ മര്‍ദിച്ചു. അതിന്റെ ഫലമായി നാലുപേരും കൊല്ലപ്പെട്ടു. ഇതില്‍ പ്രതിഷേധിച്ച ആ പ്രദേശത്തെ ദളിത് കുടുംബങ്ങളെയാകെ ഈ സംഘം വേട്ടയാടി. സ്ത്രീകളെ അപമാനിച്ചു, കുടിലുകള്‍ക്ക് തീവച്ചു. ഇവിടെ വിഎച്ച്പിയുടെയും ബിജെപിയുടെയും സംസ്ഥാന നേതൃത്വംവരെ കൊല്ലപ്പെട്ട ദളിതുകള്‍ക്കെതിരെയാണ് നിലകൊണ്ടത്. ഗോഹത്യ നടത്തിയവര്‍ക്ക് ഇങ്ങനെ വരണമെന്നാണ് പരസ്യമായി പറഞ്ഞത്. എന്നാല്‍, പിന്നീട് അന്വേഷണത്തില്‍ തെളിഞ്ഞത് ഇവര്‍ പശുവിനെ കൊന്നിരുന്നില്ല എന്നും ചത്ത പശുവിനെ എടുത്തുകൊണ്ടുവരികമാത്രമേ ചെയ്തിരുന്നുള്ളു എന്നുമാണ്. അന്ന് ബിജെപി പിന്തുണയോടെ ഹരിയാന ഭരിച്ചിരുന്ന ഓംപ്രകാശ് ചൗതാലയോ കേന്ദ്രം ഭരിച്ചിരുന്ന വാജ്പേയിയോ ഏതെങ്കിലും തരത്തില്‍ ഈ ദളിതുകളുടെ കണ്ണീരൊപ്പാന്‍ എത്തിയില്ല. മറിച്ച് സവര്‍ണ അക്രമകാരികളെ ഭരണാധികാരം വഴിവിട്ട് രക്ഷിക്കുകയും ചെയ്തു.
ഇനി മറ്റൊരു ഉദാഹരണം. 1997-1998ല്‍ മഹാരാഷ്ട്രയില്‍ ബിജെപി നേതാവായിരുന്ന പ്രമോദ് മഹാജന്റെ ലോക്സഭാ മണ്ഡലത്തില്‍ വ്യാപകമായി ദളിത് വേട്ട നടന്നു. മഹാജന്‍ അവിടേക്ക് തിരിഞ്ഞുനോക്കിയില്ല. ഇതിലുള്ള പ്രതിഷേധം മുന്‍നിര്‍ത്തി അടുത്ത തെരഞ്ഞെടുപ്പ് വന്നപ്പോള്‍ ആ മണ്ഡലത്തിലെ ദളിത് സമൂഹം കൂട്ടത്തോടെ മഹാജനെതിരെ വോട്ടുചെയ്തു. അദ്ദേഹം തോറ്റു. മഹാജന്‍ പിന്നീടൊരിക്കലും ലോക്സഭയിലേക്ക് മത്സരിച്ചിട്ടില്ല. മത്സരിക്കുന്നെങ്കില്‍ മഹാരാഷ്ട്രയ്ക്കു പുറത്തേ ഉണ്ടാകൂ എന്ന് അദ്ദേഹം പരസ്യമായി പറയുകയും ചെയ്തു. ഇതിലൊക്കെ പ്രകടമാണ് പിന്നോക്ക ദളിത് വിഭാഗങ്ങള്‍ക്ക് ബിജെപിയോടും ബിജെപിക്ക് ഈ വിഭാഗങ്ങളോടും ഉള്ള മനോഭാവം.
ഒരു "പിന്നോക്കക്കാരനെ' ഉയര്‍ത്തിക്കാട്ടി എന്നതുകൊണ്ട് ബിജെപി ബ്രാഹ്മണാധിപത്യ പാര്‍ടിയല്ലാതാകില്ല. അങ്ങനെ ഒരാളെ ഉയര്‍ത്തിക്കാട്ടാന്‍ അവര്‍ നിര്‍ബന്ധിതമായതുപോലും മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പിന്നോക്കരാഷ്ട്രീയതരംഗം കൊണ്ടാണ്. ഉയര്‍ത്തിക്കാട്ടപ്പെട്ട ആ പിന്നോക്കക്കാരന്‍ ബ്രാഹ്മണാധിപത്യത്തിന്റെയും കോര്‍പറേറ്റുകളുടെയും താല്‍പ്പര്യങ്ങളാണ് ഉയര്‍ത്തിപ്പിടിക്കുന്നത് എന്നത് വെള്ളാപ്പള്ളി കാണാതിരുന്നുകൂടാ.  

സിപിഐ എം പൊളിറ്റ് ബ്യൂറോയില്‍ ബ്രാഹ്മണനില്ലേ എന്നു ചോദിക്കുന്ന വെള്ളാപ്പള്ളി, ആ വ്യക്തിയാണ് അയിത്താചരണത്തിനെതിരായ സമരനിരയുടെ മുമ്പില്‍ ചെന്നുനിന്ന് ബ്രാഹ്മണാധിപത്യത്തെയും അതിന്റെ ജീര്‍ണാചാരങ്ങളെയും വെല്ലുവിളിക്കുന്നത് എന്നതും മറന്നുകൂടാ. ബിജെപി ഉയര്‍ത്തിക്കാട്ടിയ ആ പിന്നോക്കക്കാരന്റെ തണലിലാണ് മുന്‍ സൂചിപ്പിച്ചപോലെ പലയിടത്തും അശോക് സിംഗാളുമാരും പേജാവര്‍ സ്വാമിമാരും അയിത്താചരണം നടത്തുന്നത് എന്നതും മറന്നുകൂടാ.   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ