2015, സെപ്റ്റംബർ 19, ശനിയാഴ്‌ച

യോജിച്ച് ചെറുക്കാം



രാജ്യത്ത് അധികാരത്തിലെത്തുകയും വിവിധ സംസ്ഥാന ഭരണം കൈയാളുകയുംചെയ്യുന്ന ബിജെപിക്ക് കേരളത്തില്‍ ആഗ്രഹിച്ചതരത്തില്‍ വേരോട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്നുവരെ നിയമസഭയിലേക്കോ പാര്‍ലമെന്റിലേക്കോ ഒരു ബിജെപിക്കാരനെയും അയക്കാത്ത സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. ബിജെപി ശ്രമിക്കാത്തതുകൊണ്ടോ ആഗ്രഹിക്കാത്തതുകൊണ്ടോ അല്ല ഇത് സംഭവിക്കുന്നത്. സംസ്ഥാനത്ത് വേരുറപ്പിക്കാന്‍ വര്‍ഗീയതയുടെ വിത്തെറിഞ്ഞും കലാപങ്ങള്‍ സൃഷ്ടിച്ചും ആര്‍എസ്എസ് അരനൂറ്റാണ്ടുമുമ്പുതന്നെ ശ്രമിച്ചുതുടങ്ങിയിട്ടുണ്ട്. എന്നാല്‍, ഇടതുപക്ഷപ്രസ്ഥാനം സ്വീകരിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത മതനിരപേക്ഷ-വര്‍ഗീയവിരുദ്ധ നിലപാട് വര്‍ഗീയശക്തികളുടെ വളര്‍ച്ചയെ കേരളത്തില്‍ തടയുന്നു. താല്‍ക്കാലിക രാഷ്ട്രീയലാഭത്തിനുവേണ്ടി വലതുപക്ഷകക്ഷികള്‍ വര്‍ഗീയതകളെ മാറിമാറി പ്രോത്സാഹിപ്പിക്കുകയും പ്രീണിപ്പിക്കുകയും ചെയ്യുമ്പോള്‍ എല്ലാ വര്‍ഗീയതയും ആപത്താണ് എന്ന തിരിച്ചറിവില്‍ ഒരു വര്‍ഗീയതയോടും സന്ധിചെയ്യാതെ നിലകൊള്ളുന്ന ഇടതുപക്ഷമാണ് കേരളത്തിന്റെ മതനിരപേക്ഷതയെ ഉറപ്പിച്ചുനിര്‍ത്തുന്നത്.
വര്‍ഗീയരാഷ്ട്രീയം എല്ലാ ഘട്ടത്തിലും ജനാധിപത്യത്തിന്റെ അന്തഃസത്തയെ തകര്‍ത്ത് തലപൊക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ജാതി, മത സ്വത്വങ്ങള്‍ക്ക് അതീതമായി മനുഷ്യനെ മാറ്റിയെടുക്കാന്‍ പരിശ്രമിച്ച നവോത്ഥാനപ്രസ്ഥാനത്തിന്റെ മൂല്യങ്ങളെ തകര്‍ക്കാന്‍ വര്‍ഗീയശക്തികള്‍ ശ്രമിച്ചപ്പോഴെല്ലാം എതിര്‍ത്തുപോരാടിയ പാരമ്പര്യമാണ് ഇടതുപക്ഷ പ്രസ്ഥാനത്തിന്റേത്. സാമൂഹ്യമുന്നേറ്റങ്ങളെയും മാനുഷികബന്ധങ്ങളെയും തടഞ്ഞുനിര്‍ത്തുന്നതാണ് നവോത്ഥാനവിരുദ്ധചിന്തകള്‍. അതിന്റെ ഗുണഭോക്താക്കള്‍ മുതലാളിത്തശക്തികളാണ്. മതത്തെ രാഷ്ട്രീയത്തില്‍നിന്ന് വേര്‍പെടുത്തുകയും രാഷ്ട്രീയം മതത്തില്‍ ഇടപെടാതിരിക്കുകയും എന്നതാണ് മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ സവിശേഷത. വര്‍ഗീയത ഉള്‍പ്പെടെയുള്ള പിന്തിരിപ്പന്‍ശക്തികളുമായി മുതലാളിത്തശക്തികള്‍ ഉണ്ടാക്കുന്ന ഐക്യമാണ് മതനിരപേക്ഷതയുടെ ശത്രു. അത് ജനങ്ങളുടെ കൂട്ടായ്മകളെയും സഹവര്‍ത്തിത്വത്തെയും തകര്‍ക്കും. എല്ലാ വിഭാഗത്തിലുംപെട്ട ജനങ്ങള്‍ ഐക്യത്തോടെ ജീവിക്കുക എന്ന സങ്കല്‍പ്പത്തെ നിരാകരിക്കാന്‍ മതമൗലികവാദശക്തികള്‍ സമീപകാലത്തായി കേരളത്തില്‍ ആസൂത്രിതവും നിരന്തരവുമായ ഇടപെടല്‍ നടത്തുന്നു. ഓരോ മതത്തിനും ജാതിക്കും പ്രത്യേകം അറകളുണ്ടാക്കി വേര്‍തിരിച്ചുനിര്‍ത്തുകയും ജനങ്ങള്‍ കൂട്ടായി പങ്കെടുത്ത ആഘോഷങ്ങളെയും കലാരൂപങ്ങളെയുംപോലും സങ്കുചിതമായി ജാതി-മതവല്‍ക്കരിക്കുകയും ചെയ്യുന്ന അപകടം നമുക്കുചുറ്റും ശക്തമാകുന്നു. കലാരൂപങ്ങള്‍, വസ്ത്രധാരണം, പൊതു ആഘോഷങ്ങള്‍- ഇവയെയൊക്കെ ഓരോ മതത്തിന്റെയും ജാതിയുടെയും ലേബലിലേക്ക് ചുരുക്കി സങ്കുചിതവല്‍ക്കരിക്കാന്‍ നടക്കുന്ന ഇത്തരം ശ്രമങ്ങള്‍ നവോത്ഥാനമൂല്യങ്ങളെ നിരാകരിക്കുന്നതാണ്. 

സംസ്ഥാനത്ത് സമീപകാലത്തായി പരസ്യമായ വര്‍ഗീയനിലപാടുകള്‍ക്കും ജാതീയ പ്രഖ്യാപനങ്ങള്‍ക്കും കപടമായ മാന്യത പതിച്ചുനല്‍കുന്ന അനുഭവം ആവര്‍ത്തിക്കുന്നു. ജാതി ചോദിക്കുന്നതിനും പറയുന്നതിനും ചിന്തിക്കുന്നതിനും വിലക്ക് കല്‍പ്പിച്ച ശ്രീനാരായണ ഗുരുവിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ നേതൃസ്ഥാനത്തിരിക്കുന്ന ചിലര്‍ ഗുരുവിനെത്തന്നെ പരസ്യമായി നിന്ദിച്ച്, "ജാതി പറയുന്നത് അപരാധമല്ല" എന്ന പ്രഖ്യാപനം നടത്തുന്നു. വ്യത്യസ്ത ജാതികളുടെ പേരില്‍ സംഘടിപ്പിക്കുന്ന ആളുകളെ മതത്തിന്റെ വിശാലമായ ക്യാന്‍വാസില്‍ ഒരുമിപ്പിച്ച് അതിനെ രാഷ്ട്രീയലക്ഷ്യത്തിനായി ഉപയോഗിക്കുക എന്ന പദ്ധതിയാണ് സംഘപരിവാര്‍ ആസൂത്രണംചെയ്യുന്നത്. വര്‍ഗീയ ധ്രുവീകരണം വര്‍ഗീയരാഷ്ട്രീയത്തിന്റെ വളര്‍ച്ചയ്ക്കുള്ള പ്രധാന ഉപാധിയാണ്. സാമുദായികമായി ജനങ്ങളെ ഭിന്നിപ്പിക്കുക, അങ്ങനെ ഭിന്നിച്ചുനില്‍ക്കുന്നവരെ വര്‍ഗീയമായി ഒന്നിപ്പിച്ച് രാഷ്ട്രീയലക്ഷ്യത്തിനായി ഉപയോഗിക്കുക എന്നതാണ് ആര്‍എസ്എസിന്റെ തന്ത്രം. സംഘപരിവാറില്‍നിന്ന് ഇന്ന് ജാതിസംഘടനകള്‍ക്ക് ലഭിക്കുന്ന പരിലാളനം അതിന്റെ ഫലമാണ്.
കേരളീയസമൂഹത്തിന്റെ കെട്ടുറപ്പ് തകര്‍ക്കുന്ന തരത്തില്‍ വര്‍ഗീയധ്രുവീകരണത്തിന് ശ്രമിക്കുന്നത് ബിജെപിയോ ആര്‍എസ്എസോ മാത്രമല്ല. ഇന്ന് സംസ്ഥാനത്ത് ഭരണത്തിലിരിക്കുന്ന യുഡിഎഫ് സംവിധാനവും വര്‍ഗീയവല്‍ക്കരണത്തിന്റെ രാഷ്ട്രീയനേട്ടം കൊതിക്കുകയും അനുഭവിക്കുകയും ചെയ്യുന്നവരാണ്. "ഹിന്ദുവെന്നും ഇസ്ലാമെന്നും ക്രിസ്ത്യനെന്നും വേറിട്ടുനില്‍ക്കുന്ന ജനങ്ങള്‍, ആ നിലയില്‍ത്തന്നെ ഉണ്ടാകാവുന്ന രാഷ്ട്രീയചേരിതിരിവ്, അതിന്റെ നേട്ടം' എന്നതാണ് ഒരേസമയം കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫിന്റെയും സംഘപരിവാറിന്റെയും അജന്‍ഡ. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ അതാണ് കണ്ടത്. അരുവിക്കരയില്‍ ബിജെപി ഒരുഘട്ടത്തിലും രണ്ടാംസ്ഥാനത്ത് എത്തിയ പാര്‍ടിയല്ല. ആ പാര്‍ടിക്ക് തെരഞ്ഞെടുപ്പില്‍ അവതരിപ്പിക്കാന്‍ ഏറ്റവും യോഗ്യനെന്ന് അവര്‍ കരുതുന്ന വ്യക്തിയെയാണ് അവിടെ സ്ഥാനാര്‍ഥിയാക്കിയത്. എന്നിട്ടുപോലും വിദൂരമായ മൂന്നാംസ്ഥാനത്തേ എത്തൂവെന്ന് ബിജെപി കണക്കാക്കിയിരുന്നു. ആ ഘട്ടത്തിലാണ്, ബിജെപി സ്ഥാനാര്‍ഥി രണ്ടാംസ്ഥാനത്ത് എത്തുന്നു എന്ന സന്ദേശം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയത്. ബിജെപി ജയിക്കാനിടയുണ്ട്, അതുകൊണ്ട് ന്യൂനപക്ഷങ്ങള്‍ യുഡിഎഫിന് വോട്ട് ചെയ്യൂ എന്ന ആഹ്വാനമായിരുന്നു അത്. രണ്ടുതരത്തില്‍ അതിന്റെ ഫലമുണ്ടായി. ഒന്ന്, ജയിക്കാന്‍ സാധ്യതയുള്ള സ്ഥാനാര്‍ഥി ബിജെപിയുടേതാണ് എന്ന തെറ്റിദ്ധാരണ ചിലരിലെങ്കിലും സൃഷ്ടിക്കപ്പെട്ടു. രണ്ട്, ബിജെപിയുടെ പരാജയം ഉറപ്പിക്കാന്‍ ന്യൂനപക്ഷങ്ങള്‍ യുഡിഎഫിന് വോട്ടുചെയ്യണം എന്ന സന്ദേശം പ്രചരിപ്പിക്കപ്പെട്ടു. രണ്ടും യുഡിഎഫിന് ഗുണംചെയ്തു. കുറെയേറെ ഭരണവിരുദ്ധവോട്ടുകള്‍ ബിജെപിയുടെ ചിഹ്നത്തിലേക്ക് എത്തിക്കാനുള്ള ദല്ലാള്‍ ജോലിയായി ഉമ്മന്‍ചാണ്ടിയുടെ ഈ സമീപനം മാറി. ഒരേസമയം, ഭിന്നവര്‍ഗീയതകളുടെ ഉത്തേജനവും അതിന്റെ ഭാഗമായി രാഷ്ട്രീയനേട്ടം സ്വന്തമാക്കലുമാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫ് നടത്തിയത്.

രാജ്യത്ത് നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ അധികാരത്തിലെത്തിയ ബിജെപി പതിവില്‍ക്കവിഞ്ഞ ആവേശത്തോടെ കേരളത്തില്‍ ഇടപെടാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് യുഡിഎഫിന്റെ ഈ സമീപനം വെള്ളവും വളവും നല്‍കുന്നു. ഇന്നലെവരെ പലതരത്തില്‍ നടത്തിയ ശ്രമങ്ങളുടെ പരാജയത്തില്‍നിന്ന് പഠിക്കാതെ ഇടതുപക്ഷപ്രസ്ഥാനങ്ങളെ തകര്‍ക്കാനുള്ള പുതിയ നീക്കത്തിലേക്ക് സംഘപരിവാര്‍ എത്തുന്നതിന്റെ പശ്ചാത്തലം ഇതാണ്. കേരളത്തിലെ കര്‍ഷകരും തൊഴിലാളികളും നടത്തിയ എണ്ണമറ്റ പോരാട്ടത്തിന്റെ ഭാഗമായി രൂപപ്പെട്ട പൊതുജനാധിപത്യബോധമാണ് ഇടതുപക്ഷത്തിന്റെ കരുത്തും അടിത്തറയും. അതിനെ തകര്‍ക്കാന്‍ വര്‍ഗീയവും ജാതീയവുമായ ബോധം നിര്‍മിക്കാനുള്ള പരിശ്രമം അവര്‍ വീണ്ടും പൊടിതട്ടി എടുത്തിരിക്കുന്നു. തൊണ്ണൂറുകളുടെ തുടക്കത്തില്‍ വടകര-ബേപ്പൂര്‍ മാതൃകയില്‍ ബിജെപിക്ക് കേരളത്തില്‍നിന്ന് പ്രാതിനിധ്യം ഉണ്ടാക്കാന്‍ കോണ്‍ഗ്രസും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗും ഒരുമിച്ചിരുന്നു. അന്ന് അതിനെ കോ-ലീ-ബി സഖ്യം എന്നാണ് വിളിച്ചത്. അത്തരമൊരു കുറുക്കുവഴിക്കുവേണ്ടിയുള്ള തെരച്ചിലിലാണ് ഇന്നും ഇരുവിഭാഗവും. ആര്‍എസ്എസ് നേതാക്കള്‍ പ്രതികളായ കേസുകള്‍ പിന്‍വലിക്കാനും പൊലീസ് സേനയില്‍ ഉള്‍പ്പെടെ ആര്‍എസ്എസിന്റെ ഇടപെടല്‍ തടസ്സമില്ലാതെ അനുവദിക്കാനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നത് ഇതിന്റെ ഭാഗമായാണ്. തലശേരിയില്‍ ആര്‍എസ്എസ് നേതാവ് കൊല്ലപ്പെട്ട കേസ് സിബിഐക്ക് വിടാന്‍ സ്വമേധയാ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത് കേരള പൊലീസിന്റെ പ്രാപ്തിയെ പരസ്യമായി അവഹേളിച്ചുകൊണ്ടാണ്. ആര്‍എസ്എസിന്റെ ഇംഗിതമനുസരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. സിപിഐ എം നേതൃത്വത്തെ വേട്ടയാടാനുള്ള സംയുക്ത പരിശ്രമമായിരുന്നു അത്. എല്ലാ തരത്തിലും വര്‍ഗീയ അജന്‍ഡകളോട് സമരസപ്പെടാനും പ്രോത്സാഹനം നല്‍കാനും യുഡിഎഫ് ശ്രമിക്കുന്നു. പ്രത്യുപകാരം എന്ന നിലയില്‍ പ്രത്യക്ഷവും പരോക്ഷവുമായ കൊടുക്കല്‍വാങ്ങലുകള്‍ക്ക് സംഘപരിവാര്‍ തയ്യാറാകുന്നു.
ഇത്തരം കുടിലമായ രാഷ്ട്രീയനീക്കങ്ങളില്‍ ജാതിസംഘടനകളെ പരമാവധി അണിനിരത്താനുള്ള ശ്രമവും ആസൂത്രിതമായി നടക്കുന്നുണ്ട്. വര്‍ഗസമീപനത്തിനുപകരം വര്‍ഗീയവും ജാതീയവുമായ ബോധം സൃഷ്ടിച്ചെടുക്കാനുള്ള ശ്രമം പുതിയതല്ല. ജാതികളുടെ പേരില്‍ രാഷ്ട്രീയപാര്‍ടികള്‍ രൂപീകരിക്കപ്പെട്ട അനുഭവം നമുക്ക് മുന്നിലുണ്ട്. ചില ജാതിസംഘടനകളില്‍ നുഴഞ്ഞുകയറിയും അവയുടെ നേതാക്കളില്‍ ചിലരുടെ കച്ചവടതാല്‍പ്പര്യങ്ങളെ തൃപ്തിപ്പെടുത്തിയും തങ്ങളുടെ അജന്‍ഡ നടപ്പാക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. ജാതിക്കും മതത്തിനും സാമൂഹ്യ അനീതികള്‍ക്കുമെതിരെ പോരാടിയ ശ്രീനാരായണ ഗുരുവിന്റെയും കുമാരനാശാന്റെയും ടി കെ മാധവന്റെയും സഹോദരന്‍ അയ്യപ്പന്റെയും പിന്മുറക്കാരായ ശ്രീനാരായണീയരെ ആര്‍എസ്എസിന്റെ കൊടിപിടിപ്പിക്കാന്‍ വ്യാമോഹിക്കുന്ന ചിലരുണ്ട്. ഇവര്‍തന്നെയാണ് മുമ്പ് ശ്രീനാരായണ ഗ്ലോബല്‍ മീറ്റ് നടത്തി ആര്‍എസ്എസ് നേതാവിനെ മുഖ്യപ്രാസംഗികനാക്കിയതും സദാ വര്‍ഗീയവിഷം വമിപ്പിക്കുന്ന ഉത്തരേന്ത്യന്‍ നേതാക്കളെ കേരളത്തില്‍ കൊണ്ടുവന്ന് ആദരിക്കുന്നതും.
അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ഇത്തരക്കാര്‍ ബിജെപിക്കുവേണ്ടി ഇടപെട്ടിരുന്നു. മൈക്രോ ഫിനാന്‍സിന്റെയും മറ്റും പേരില്‍ ഉണ്ടാക്കിയ സംവിധാനത്തെ ആര്‍എസ്എസിന് വോട്ട് സമാഹരിക്കാനുള്ള ഉപകരണമാക്കി മാറ്റാന്‍ ശ്രമിച്ചു. ഏതാനും ചില ശുദ്ധാത്മാക്കള്‍ അതിന്റെ അപകടം മനസ്സിലാക്കാതെ ഇടപെടുകയും ചെയ്തു. എന്നാല്‍, പൊതുവില്‍ വര്‍ഗീയ രാഷ്ട്രീയത്തിനെതിരായ വികാരമാണ് ശ്രീനാരായണീയരില്‍ നിലനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ ഏതെങ്കിലും ആനുകൂല്യങ്ങള്‍ കാട്ടി വശീകരിക്കാനോ നേതൃത്വത്തിന്റെ വ്യാമോഹങ്ങള്‍ക്ക് വഴങ്ങി വര്‍ഗരാഷ്ട്രീയം ഉപേക്ഷിക്കാനോ ശ്രീനാരായണപ്രസ്ഥാനത്തില്‍ അണിനിരക്കുന്ന ആരും തയ്യാറാകില്ല. നേരത്തെ അത്തരത്തിലുള്ള രാഷ്ട്രീയലക്ഷ്യങ്ങളുമായി രൂപീകരിച്ച പാര്‍ടിയുടെ അന്ത്യം ആരും മറന്നിട്ടില്ല.


സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില്‍ കഴിയുന്ന ജനവിഭാഗങ്ങള്‍ ആര്‍എസ്എസ് പ്രതിനിധാനംചെയ്യുന്ന തത്വശാസ്ത്രത്തില്‍ ഒരു പരിഗണനയും ഇല്ലാത്തവരാണ്. സവര്‍ണമേധാവിത്വമാണ്, അതിലധിഷ്ഠിതമായ രാഷ്ട്രീയമാണ് ആര്‍എസ്എസിന്റേത്. ദളിത്- പിന്നോക്ക വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ സംഘപരിവാറിന്റെ അജന്‍ഡയല്ല. ചാതുര്‍വര്‍ണ്യവ്യവസ്ഥയില്‍ വര്‍ണാശ്രമത്തിന് പുറത്തുള്ളവരെ മനുഷ്യരായി കാണാന്‍പോലും കൂട്ടാക്കാത്തവര്‍, രാഷ്ട്രീയാധികാരം നേടുന്നതിനായി ദളിത് വിഭാഗങ്ങളുടെ പിന്തുണ ലഭിക്കാന്‍ നിരന്തരശ്രമം നടത്തുന്നു. കെപിഎംഎസുപോലുള്ള സംഘടനകളില്‍ നുഴഞ്ഞുകയറിയും നേതൃത്വത്തില്‍ ചിലരെ പാട്ടിലാക്കിയും നടത്തുന്ന നീക്കങ്ങള്‍ അതിനുദാഹരണമാണ്. സാമുദായികമായ സംഘാടനങ്ങളെ വര്‍ഗീയവല്‍ക്കരിക്കാന്‍ ബോധപൂര്‍വം ആര്‍എസ്എസ് ശ്രമിക്കുന്നതിന്റെ മറ്റൊരുദാഹരണമാണ്, വിശ്വകര്‍മ സംഘടനയെ കൈപ്പിടിയിലൊതുക്കാനുള്ള നീക്കങ്ങള്‍. അതും ആര്‍എസ്എസ് ഉദ്ദേശിച്ച തരത്തിലേക്ക് കൊണ്ടെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ നീക്കങ്ങളുടെ അപകടം മുന്നില്‍ക്കണ്ട് പ്രതികരിക്കാനും നിലപാടെടുക്കാനും എന്‍എസ്എസ് തയ്യാറായിട്ടുണ്ട്. തീര്‍ച്ചയായും ആശാസ്യമായ അനുഭവമാണത്. അരുവിക്കരയില്‍ കോണ്‍ഗ്രസിന്, അല്ലെങ്കില്‍ ബിജെപിക്ക് വോട്ട് ചെയ്യാനാണ് കോണ്‍ഗ്രസിന്റെ പ്രമുഖ നേതൃത്വത്തില്‍നിന്നുതന്നെ ഉയര്‍ന്ന ആഹ്വാനം. അവിടെയും ഇടതുപക്ഷത്തെ ക്ഷീണിപ്പിക്കുക എന്ന അജന്‍ഡയാണ് മുന്നില്‍നിന്നത്. ബിജെപിയും യുഡിഎഫും ഒരു നാണയത്തിന്റെ രണ്ടുവശമാണ്. രണ്ടിനെയും എതിര്‍ത്ത് വര്‍ഗരാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന ഇടതുപക്ഷം രണ്ടുകൂട്ടരുടെയും ശത്രുപട്ടികയില്‍ വരുന്നത് അതുകൊണ്ടുതന്നെയാണ്.
ബിജെപിയെ തിരുത്തല്‍ശക്തിയായി കാണാന്‍ താല്‍പ്പര്യമുള്ള ചിലരുണ്ട്. അവരുടെ കണ്ണില്‍ സംഘപരിവാര്‍ നടത്തിയ അസംഖ്യം വര്‍ഗീയകലാപങ്ങളും മനുഷ്യക്കുരുതിയും വിഷയമാകുന്നില്ല. ശവപ്പെട്ടി കുംഭകോണംമുതല്‍ വ്യാപം അഴിമതിവരെ ബിജെപി നേതൃത്വത്തില്‍ നടന്ന കൊള്ളയില്‍ അവരുടെ ശ്രദ്ധ പതിയുന്നില്ല. ലഭ്യമായ രാഷ്ട്രീയാധികാരം രാജ്യത്തിന്റെ ഭരണഘടനയെപ്പോലും ആക്രമിക്കാനുള്ള ആയുധമാക്കുന്ന സംഘപരിവാറിന്റെ നൃശംസത അവരുടെ ചിന്തയ്ക്ക് പാത്രമാകുന്നില്ല. കോര്‍പറേറ്റുകളുടെയും ഉദ്യോഗസ്ഥ മേധാവിത്വത്തിന്റെയും രാഷ്ട്രീയ അധികാരത്തിന്റെയും സംയുക്തമായ കേന്ദ്രഭരണം അനുവര്‍ത്തിക്കുന്ന ജനദ്രോഹനടപടികള്‍ മന്‍മോഹന്‍സിങ്ങില്‍നിന്ന് നരേന്ദ്രമോഡിയെ ഒട്ടും വ്യത്യസ്തനാക്കുന്നില്ല. സാമ്പത്തികക്കുറ്റവാളിയായ ലളിത് മോഡിയുമായി വിദേശമന്ത്രി സുഷ്മ സ്വരാജിനടക്കമുള്ള ബന്ധവും പുറത്തുവന്ന തെളിവുകളോട് പ്രധാനമന്ത്രി നരേന്ദ്ര മോഡി പാലിക്കുന്ന മൗനവും ബിജെപിയുടെ അഴിമതിയില്‍മുങ്ങിയ പ്രതിച്ഛായയാണ് അനാവരണംചെയ്യുന്നത്.

കോര്‍പറേറ്റ് അജന്‍ഡകളുടെ നടത്തിപ്പുകാരനായി മോഡി മാറിയതിന്, അദ്ദേഹം നടത്തിയ വിദേശയാത്രകള്‍തന്നെയാണ് ഉദാഹരണം. അഴിമതിയും അധികാര ദുര്‍വിനിയോഗവും കോര്‍പറേറ്റ് സേവയും ജനദ്രോഹവും കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും സംയുക്ത അജന്‍ഡയാണ്. വര്‍ഗീയതയെ മാറിമാറി ഉപയോഗിക്കാന്‍ ഇരുകൂട്ടരും ശ്രമിക്കുന്നു. രാജ്യത്ത് ബിജെപിക്ക് ലഭിച്ച രാഷ്ട്രീയാധികാരം ഉയര്‍ത്തുന്ന വെല്ലുവിളിയും ഭീഷണിയും ഇതിനെല്ലാം ഉപരിയാണ്. പ്രത്യക്ഷമായ വര്‍ഗീയ അജന്‍ഡ നടപ്പാക്കുന്ന ആര്‍എസ്എസ് വിദ്യാഭ്യാസവും ചരിത്രവും സംസ്കാരവും മാറ്റിപ്പണിയാനുള്ള ശ്രമങ്ങള്‍ ശക്തമായി നടത്തുന്നത് തിരിച്ചറിയാതിരുന്നുകൂടാ. ഫാസിസ്റ്റ് സമീപനം സ്വീകരിക്കുന്ന ആര്‍എസ്എസിന്റെ വര്‍ഗീയസമീപനത്തെ ചെറുക്കാനല്ല പരിപോഷിപ്പിക്കാനാണ് കോണ്‍ഗ്രസ് തയ്യാറാകുന്നത് എന്നത് സംശയരഹിതമായി തെളിയിക്കപ്പെട്ട വസ്തുതയാണ്. മതേതരനിലപാട് സ്വീകരിക്കുന്നതിനുപകരം മൃദുഹിന്ദുത്വവും വര്‍ഗീയപോഷണവും കോണ്‍ഗ്രസ് അജന്‍ഡയാക്കിയതിന്റെ ദുരന്തഫലംകൂടിയാണ് ഇന്ന് രാജ്യത്ത് ബിജെപിക്ക് ലഭിച്ച അധികാരം.
വര്‍ഗീയശക്തികളുടെ നീക്കങ്ങള്‍ക്ക് കേരളത്തില്‍ പ്രതിരോധദുര്‍ഗം സൃഷ്ടിക്കുന്നത് തൊഴിലാളിവര്‍ഗപ്രസ്ഥാനങ്ങളാണ്. ന്യൂനപക്ഷവര്‍ഗീയതയും ഭൂരിപക്ഷവര്‍ഗീയതയും ആത്യന്തികമായി ആക്രമിക്കുന്നത് തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തെയാണ്. ഇരുവര്‍ഗീയതകളും പരസ്പരപൂരകങ്ങളാണ്. സംഘപരിവാര്‍ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടേണ്ടത് ന്യൂനപക്ഷ സമുദായാംഗങ്ങള്‍ സംഘടിച്ച് ആയുധമെടുത്തുകൊണ്ടല്ല. ന്യൂനപക്ഷവര്‍ഗീയശക്തികളുടെ ഇടപെടല്‍ ആര്‍എസ്എസിനാണ് ഗുണംചെയ്യുന്നത്. ഭിന്ന വര്‍ഗീയതകളെ സംരക്ഷിച്ച് നിര്‍ത്തുന്നതിന്റെ പ്രയോജനം കാംക്ഷിക്കുന്നത് വലതുപക്ഷ രാഷ്ട്രീയശക്തികളാണ്. മാനവികമായ എല്ലാ മൂല്യങ്ങളെയും തിരസ്കരിക്കുന്ന വര്‍ഗീയ- പിന്തിരിപ്പന്‍ ആശയങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണായി കേരളം മാറിക്കൂടാ. ജനാധിപത്യത്തെയും മതനിരപേക്ഷതയെയും സംരക്ഷിക്കാന്‍ വര്‍ഗീയവിരുദ്ധ നിലപാടുമായി ജനങ്ങള്‍ ശക്തമായി രംഗത്തിറങ്ങേണ്ടതുണ്ട്. കേരളത്തിന്റെ സാമൂഹിക- സാംസ്കാരിക ചരിത്രവും പശ്ചാത്തലവും പരിഗണിച്ചാല്‍ ബിജെപിക്ക് വര്‍ഗീയനിലപാടുകളില്‍ എത്താന്‍ കഴിയില്ല, വര്‍ഗീയവിദ്വേഷത്തിന്റെ അജന്‍ഡ പുറത്തെടുക്കാന്‍ കഴിയില്ല എന്ന മിഥ്യാസങ്കല്‍പ്പംകൊണ്ട് ജനങ്ങളെ വഴിതെറ്റിക്കാന്‍ നോക്കുന്നവര്‍ സംഘപരിവാറിന്റെ ദല്ലാള്‍മാരാണ് എന്ന് തിരിച്ചറിയപ്പെടേണ്ടതുണ്ട്. പുള്ളിപ്പുലിയുടെ പുള്ളികളെന്നപോലെയാണ് സംഘപരിവാറിന്റെ വര്‍ഗീയത. അത് ചായംതേച്ചാലോ നല്ല നടപ്പിന് ശിക്ഷിച്ചാലോ മാറ്റിയെടുക്കാവുന്നതല്ല. കേരളത്തിലെ ജനങ്ങള്‍ ആ വര്‍ഗീയവിപത്ത് നന്നായി തിരിച്ചറിഞ്ഞതും വിലയിരുത്തിയതുംകൊണ്ടാണ് ബിജെപി ഗതിപിടിക്കാതെപോയത്.
മതേതരത്വത്തെ കപട മതേതരത്വമെന്നു വിളിച്ചും വര്‍ഗീയതയ്ക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത നിലപാട് ന്യൂനപക്ഷ പ്രീണനമായി ചിത്രീകരിച്ചും സംഘപരിവാര്‍ പല തലങ്ങളിലായി പ്രചാരണം നടത്തുന്നുണ്ട്. മാറാട് കലാപത്തില്‍, ആശ്വാസംപകരാനും സര്‍വം നഷ്ടപ്പെട്ടവരുടെ കണ്ണീരൊപ്പാനും ഇടതുപക്ഷപ്രസ്ഥാനം പോയത് അവരുടെ മതം നോക്കിയല്ല. ആക്രമിക്കപ്പെടുന്നവര്‍ക്ക് ആശ്വാസം പകരലാണ്, അവര്‍ക്കുവേണ്ടി നിലകൊള്ളലാണ് മനുഷ്യത്വം. അതാണ് മതനിരപേക്ഷ സമീപനത്തിന്റെ സത്തയും. വര്‍ഗീയകലാപത്തില്‍ തകര്‍ന്ന മുസഫര്‍ നഗറില്‍ ആശ്വാസവുമായി എത്തിയത് സിപിഐ എം ആണ്. വീടുവച്ച് കൊടുത്തും ഇതര സഹായങ്ങള്‍ നല്‍കിയും വര്‍ഗീയകലാപത്തിന്റെ ഇരകളെ സംരക്ഷിക്കാന്‍ സിപിഐ എം നടത്തിയ ഇടപെടല്‍ ഏതെങ്കിലും പ്രീണനത്തിന്റെ ഭാഗമായല്ല. അത് വര്‍ഗീയതയെ ചെറുത്ത് മതനിരപേക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കാനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ്. റമദാന്‍ നാളുകളിലൊന്നില്‍ മുസാഫര്‍ നഗറില്‍ ഇഫ്താറില്‍ പങ്കെടുക്കാന്‍ പാര്‍ടിയുടെ രണ്ട് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ പോയത്, കലാപത്തിന്റെ ഭീകരാനുഭവങ്ങളില്‍നിന്ന് ഇരകള്‍ക്ക് മോചനം നല്‍കാനുള്ള പരിശ്രമം എന്ന നിലയിലാണ്. ന്യൂനപക്ഷങ്ങളില്‍നിന്ന് അരക്ഷിതബോധം അകറ്റാനുള്ള ഇടപെടലാണത്. വര്‍ഗീയതയ്ക്കെതിരായ പോരാട്ടം വര്‍ഗീയമായി സംഘടിച്ചുകൊണ്ടല്ല എന്ന സന്ദേശമാണത് നല്‍കുന്നത്. വര്‍ഗീയ ആക്രമണത്തിന് ഇരയായ ന്യൂനപക്ഷങ്ങള്‍ക്ക് ആശ്വാസം പകരുന്നതും അവരില്‍ ആത്മവിശ്വാസമുണ്ടാക്കുന്നതും മതനിരപേക്ഷത സംരക്ഷിക്കാനുള്ള പ്രവര്‍ത്തനംതന്നെയാണ്. അത്തരം പ്രവര്‍ത്തനങ്ങള്‍ തുടരുകതന്നെ വേണം.
രാജ്യത്ത് മതനിരപേക്ഷത നേരിടുന്ന അപകടം അതീവ ഗുരുതരമാണ്. വര്‍ഗീയതയ്ക്കെതിരെ ഉശിരന്‍ നിലപാടെടുത്തുകൊണ്ട് വലിയ ഐക്യനിര രൂപപ്പെടാനുള്ള ഘട്ടമാണ് ഇത്. സിപിഐ എമ്മിന് ഒരു വര്‍ഗീയതയോടും സന്ധിയില്ല. ജനങ്ങളെ വര്‍ഗീയമായി സംഘടിപ്പിക്കുന്നത് ഇന്ന് നാട് നേരിടുന്ന വിപത്ത് നേരിടാനല്ല, കൂടുതല്‍ രൂക്ഷമാക്കാനാണ് ഇടവരുത്തുക എന്ന ഉറച്ച ബോധ്യം പാര്‍ടിക്കുണ്ട്. എന്നാല്‍, മതനിരപേക്ഷത സംരക്ഷിക്കാനും വര്‍ഗീയതയുടെ ആപത്ത് തടയാനുമുള്ള പോരാട്ടത്തില്‍ ഞങ്ങള്‍മാത്രം മതി എന്നുള്ള ധാരണ ഞങ്ങള്‍ക്കില്ല. കക്ഷിവ്യത്യാസം മറന്നുള്ള ഐക്യപ്പെടല്‍ അനിവാര്യതയായി മാറുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്.
ഒരുവശത്ത് വര്‍ഗീയശക്തികളുടെ ആക്രമണം. മറുവശത്ത് നവലിബറല്‍നയങ്ങള്‍ തുടരുന്നതിന്റെ ഫലമായി ജനങ്ങളുടെ ജീവിതത്തിനേല്‍ക്കുന്ന ആഘാതം. ഇതിനെ രണ്ടിനെയും എതിര്‍ത്തുതോല്‍പ്പിക്കേണ്ടതുണ്ട്. ആ പോരാട്ടത്തില്‍ സിപിഐ എം അടിയുറച്ച് അണിചേരുന്നു. കണ്‍മുന്നിലെ വിപത്ത് തിരിച്ചറിഞ്ഞ്, കൂടുതല്‍ ജനവിഭാഗങ്ങള്‍, ഇതര പരിഗണനകള്‍ മാറ്റിവച്ച് അതില്‍ അണിനിരക്കണം എന്നാണ് ഞങ്ങളുടെ അഭിപ്രായം. അത്തരത്തിലുള്ള അണിചേരലിനുവേണ്ടിയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുക. അങ്ങനെ കൂട്ടായ്മ ഉയര്‍ന്നുവന്നാലേ, നമ്മുടെ നാടിനെ വര്‍ഗീയതയുടെ പരുക്കില്‍നിന്ന് രക്ഷപ്പെടുത്താനാകൂ.

2015, ഓഗസ്റ്റ് 5, ബുധനാഴ്‌ച

വിപല്‍ക്കരം ഈ ദൗത്യം


മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പായതിനെത്തുടര്‍ന്നാണ് പിന്നോക്കസമുദായക്കാര്‍ രാജ്യവ്യാപകമായി സാമ്പത്തികമായി അല്‍പ്പമൊക്കെ ഉയര്‍ന്നത്. എന്നാല്‍, നരേന്ദ്ര മോഡി ഇതാ പുതിയ ഭൂമി ഏറ്റെടുക്കല്‍ നിയമം കൊണ്ടുവരുന്നു. പാവപ്പെട്ടവരുടെ ഭൂമി ഏറ്റെടുത്ത് കോര്‍പറേറ്റുകള്‍ക്ക് കൈമാറുന്നതിനുള്ള നിയമമാണത്. മണ്ഡല്‍ കമീഷന്‍ നടപ്പായതിന്റെ പരോക്ഷഫലമായി പിന്നോക്കക്കാര്‍ക്ക് നേരിയതോതില്‍ കൈവന്ന ഭൂമിയാണ് അപ്പാടെ കോര്‍പറേറ്റുകള്‍ക്ക് അധീനമാകാന്‍ പോകുന്നത്. ഈ നിയമത്തിനുകീഴില്‍ ഏറ്റവുമധികം ഭൂമി നഷ്ടപ്പെടുക ഈ വിഭാഗം പിന്നോക്കക്കാര്‍ക്കാവും. ഇതുചെയ്യുന്ന ബിജെപിയാണ് വെള്ളാപ്പള്ളിയുടെ നോട്ടത്തില്‍ പിന്നോക്കത്തിന് വേണ്ടപ്പെട്ടവന്‍. കേരളത്തില്‍ കുടികിടപ്പും പത്തുസെന്റും പതിച്ചുനല്‍കിയ കമ്യൂണിസ്റ്റ് പാര്‍ടി പിന്നോക്കത്തിനു വേണ്ടാത്തവരും! ഈ തിയറി പിന്നോക്കസമുദായത്തിലെ ആര് ഏറ്റെടുക്കാനാണ്?
ഗോവിന്ദ ആചാര്യയും ഉമാഭാരതിയുമൊക്കെ പിന്നോക്ക സമുദായത്തില്‍നിന്നു വന്നവരായിരുന്നു. അവരുടെയൊക്കെ വായ അടപ്പിച്ചു ബിജെപി. കറിവേപ്പിലപോലെ ആവശ്യം കഴിഞ്ഞ് വലിച്ചെറിഞ്ഞു. ഇതു കാണാതിരിക്കേണ്ട കാര്യമില്ല. ഏതെങ്കിലും ഒരു പിന്നോക്കക്കാരനെ ഉന്നതസ്ഥാനത്തിരുത്തി എന്നതുകൊണ്ട് മറയുന്ന കാര്യവുമല്ല അത്. 

ഉത്തരേന്ത്യയാകെത്തന്നെ പിന്നോക്ക-ദളിത് രാഷ്ട്രീയവേലിയേറ്റത്തില്‍- മുലയം- ലാലു- മായാവതി - അമര്‍ന്ന ഘട്ടത്തില്‍ ആ കാര്‍ഡുകൊണ്ടുതന്നെ കളിച്ചാലേ നിലനില്‍ക്കാനാവൂ എന്നുവന്നു. അപ്പോള്‍മാത്രമേ സംഘപരിവാര്‍ പിന്നോക്കക്കാരനെ തേടിയുള്ളൂ. സംഘപരിവാറില്‍ അഞ്ച് പുരോഹിതരടങ്ങിയ സമിതിയാണ് നയനിലപാടുകള്‍ രൂപപ്പെടുത്തുന്നത്. അവരാകട്ടെ, ചാതുര്‍വര്‍ണ്യത്തിന്റെ കടുത്ത നിഷ്കര്‍ഷക്കാരുമാണ്. ഇതൊന്നും കാണാതെ ബിജെപി പിന്നോക്കക്കാര്‍ ആശ്രയിക്കേണ്ട പാര്‍ടിയാണെന്ന് പ്രചരിപ്പിച്ചാല്‍ പ്രചരിപ്പിക്കുന്നവര്‍ക്കുതന്നെ കടുത്ത വില നല്‍കേണ്ടിവരും; ആ ചാതുര്‍വര്‍ണ്യ ക്രമത്തിന്റെ കരാളമായ കുടുക്കില്‍പ്പെട്ട്.
എസ്എന്‍ഡിപിയും എന്‍എസ്എസുംപോലുള്ള സംഘടനകളെ തങ്ങളുടെ കുടക്കീഴിലാക്കാന്‍ സംഘപരിവാര്‍ മുമ്പും ശ്രമിച്ചിട്ടുണ്ട്. ആ കുടക്കീഴില്‍ പോയാല്‍ എന്‍എസ്എസ് ബാക്കിയുണ്ടാകില്ല, സംഘപരിവാറേ ശേഷിക്കൂ എന്നും എന്‍എസ്എസിനെ അതിന്റെ സമസ്ത ആസ്തികളോടെയും അവര്‍ വിഴുങ്ങും എന്നും എന്‍എസ്എസ് നേരത്തെതന്നെ തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് പെരുന്നയിലേക്ക് ചെല്ലാനുള്ള മോഡിയുടെ താല്‍പ്പര്യം സഫലമാകാതിരുന്നത്. ഈ തിരിച്ചറിവ് എസ്എന്‍ഡിപിക്കുണ്ടായില്ല. ശിവഗിരിയില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷമുണ്ടാവുകയും അതേത്തുടര്‍ന്ന് ശിവഗിരി മഠത്തിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും നടത്തിപ്പ് താല്‍ക്കാലികമായി ഓര്‍ഡിനന്‍സിലൂടെ സര്‍ക്കാരില്‍ നിക്ഷിപ്തമാവുകയുംചെയ്ത ഘട്ടത്തില്‍ "ശിവഗിരിയെ മോചിപ്പിക്കും' എന്ന പ്രഖ്യാപനവുമായി സംഘപരിവാറുകാര്‍ എത്തിയിരുന്നു. ശിവഗിരിക്കുമേല്‍ കാവിക്കൊടി പറത്താനായിരുന്നു നീക്കം. ഗുരുവിന്റെ പിന്മുറക്കാര്‍ അതനുവദിച്ചില്ല. എല്‍ഡിഎഫ് സര്‍ക്കാരാകട്ടെ, സാധാരണാവസ്ഥ പുനഃസ്ഥാപിച്ച് ട്രസ്റ്റ് ഭരണം സന്യാസിമാരെ തിരികെ ഏല്‍പ്പിക്കുകയുംചെയ്തു.
അന്ന് നടക്കാതെപോയ മോഹമാണ് അടുത്തകാലത്ത് സംഘപരിവാര്‍ വീണ്ടും പൊടിതട്ടി എടുത്തത്. അതിന്റെ ഭാഗമായിരുന്നു നരേന്ദ്ര മോഡിയുടെ ശിവഗിരി സന്ദര്‍ശനം. പണ്ട് ഗാന്ധിജിയെ ഗുരുദേവന്‍ സ്വീകരിച്ചിരുത്തിയ ശിവഗിരിയില്‍ ഗാന്ധിയെ വധിച്ചവരുടെ പ്രസ്ഥാനത്തിന്റെ പുതിയകാല നേതാവിനെ അടുത്തകാലത്ത് ചിലര്‍ വരവേറ്റു. മതസൗഹാര്‍ദത്തിന്റെ മഹാസന്ദേശം പ്രസരിപ്പിച്ച തീര്‍ഥാടനകേന്ദ്രത്തിലേക്ക് മതവിദ്വേഷത്തിന്റെ സന്ദേശം കടന്നുചെന്നു. അന്ന് നരേന്ദ്ര മോഡിയുടെ സന്ദര്‍ശനത്തെ ന്യായീകരിച്ച എസ്എന്‍ഡിപി യോഗനേതാവ് ഇന്ന് അദ്ദേഹത്തെ അന്വേഷിച്ച് ഡല്‍ഹിയില്‍ ചെല്ലുന്നത് സ്വാഭാവികമായ പരിണതിയാണ്. ഇതു ചെയ്യുന്നതിന് വെള്ളാപ്പള്ളി നടേശന് അദ്ദേഹത്തിന്റേതായ വ്യക്തിപരമായ കാരണങ്ങളുണ്ടാകാം. പക്ഷേ, അത് ശ്രീനാരായണശിഷ്യര്‍ക്ക് സ്വീകാര്യമാകുന്ന കാരണങ്ങളല്ല.
കറകളഞ്ഞ സവര്‍ണ ഫാസിസ്റ്റ് സ്വഭാവമുള്ള സംഘപരിവാറിന്, അവര്‍തന്നെ ഇക്കാലമത്രയും അവര്‍ണ സംഘടന എന്ന് മുദ്രയടിച്ച് അകറ്റിനിര്‍ത്തിയിരുന്ന എസ്എന്‍ഡിപിപോലുള്ള പ്രസ്ഥാനത്തെ കൊണ്ടുപോയി അടിയറവയ്ക്കുന്നത് യഥാര്‍ഥ ശ്രീനാരായണ ശിഷ്യര്‍ക്കെങ്ങനെ സ്വീകാര്യമാകാന്‍! നാരായണഗുരുവിന്റെ പ്രസ്ഥാനത്തെ നാഥൂറാമിന്റെ പ്രസ്ഥാനത്തിന്റെ കീഴില്‍ കൊണ്ടുപോയി കെട്ടുന്നത് അവര്‍ എങ്ങനെ സഹിക്കാന്‍! അവരുടെ വികാരം മനസ്സിലാക്കി വിപല്‍ക്കരമായ ഈ ദൗത്യത്തില്‍നിന്ന് പിന്തിരിയണമെന്നാണ് പറയാനുള്ളത്. ആ പിന്തിരിയലായിരിക്കും ഗുരുവിനുള്ള ഇക്കാലത്തെ വലിയ പ്രണാമം. "മനുഷ്യാണാം മനുഷ്യത്വം ജാതി' എന്ന് പഠിപ്പിച്ചയാളാണ് ഗുരു. മനുഷ്യത്വമാണ് മനുഷ്യന്റെ ജാതി എന്നര്‍ഥം. മനുഷ്യത്വം തൊട്ടുതെറിച്ചിട്ടില്ലാത്ത വര്‍ഗീയനരഹത്യ നടത്തുന്നവര്‍ക്കും ശ്രീനാരായണ പ്രസ്ഥാനത്തിനും ഇടയില്‍ പൊതുവായി എന്തെങ്കിലുമുണ്ടോ?"അവനവനാത്മ സുഖത്തിനാചരിക്കു-ന്നവയപരന്നു സുഖത്തിനായ് വരേണം' എന്നു പഠിപ്പിച്ചു ഗുരു. അപരന്റെ പിടഞ്ഞുപിടഞ്ഞുള്ള മരണം കണ്ട് ഗുജറാത്തിലും മറ്റും ആഹ്ലാദിച്ചവര്‍ക്കും ഗുരുശിഷ്യര്‍ക്കുമിടയില്‍ പൊതുവായി എന്തെങ്കിലുമുണ്ടോ? ജീര്‍ണമായ ചാതുര്‍വര്‍ണ്യവും വര്‍ണാശ്രമധര്‍മവും അടിസ്ഥാനമാക്കിയ സാമൂഹ്യക്രമം പുനഃസ്ഥാപിക്കുക എന്നതാണ് സംഘപരിവാറിന്റെ അജന്‍ഡ. മനുസ്മൃതിയില്‍ അധിഷ്ഠിതമാണത്. എന്താണ് ഇവരുടെ മാനിഫെസ്റ്റോ ആയ സ്മൃതി പറയുന്നത്?  
അക്ഷരം പഠിച്ച ശൂദ്രനെ അകറ്റിനിര്‍ത്തണം.
ശൂദ്രന്‍ വേദം കേട്ടാല്‍ അവന്റെ ചെവിയില്‍ ഈയം ഉരുക്കിയൊഴിക്കണം. 
ജീര്‍ണവസ്ത്രമേ കൊടുക്കാവൂ. പതിരുകലര്‍ത്തിയേ ധാന്യമളന്നുകൊടുക്കാവൂ. 
ധര്‍മനിര്‍ണയാവകാശം കൊടുക്കരുത്. 
ഇതൊക്കെ സാമൂഹിക നിയമമായിരുന്ന ഒരുകാലത്തെ പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്നവരുമായി എങ്ങനെ ഈ വിധത്തിലുള്ള കാലത്തെ മാറ്റിമറിക്കാന്‍ പോരാടിയ ശ്രീനാരായണ ഗുരുവിന്റെ ശിഷ്യര്‍ക്ക് കൈകോര്‍ക്കാനാകും.  

കൈകോര്‍ത്താല്‍ അതേക്കാള്‍ വലിയ ഗുരുനിന്ദയുണ്ടാകാനില്ല. ബ്രാഹ്മണ്യത്തിന്റെ ആധിപത്യമുറപ്പിക്കുന്ന മനുസ്മൃതിയൊക്കെ പഴയതല്ലേ എന്ന് വേണമെങ്കില്‍ ചോദിക്കാം. എന്നാല്‍, അത് ചോദിക്കുംമുമ്പ് മനുസ്മൃതിയെ തള്ളിപ്പറയാന്‍ തയ്യാറുണ്ടോ എന്ന് പ്രവീണ്‍ തൊഗാഡിയയോട് ചോദിക്കണം. 
അതിനു കിട്ടുന്ന ഉത്തരത്തില്‍നിന്ന് മനസ്സിലാകും തൊഗാഡിയയുടെയും അശോക് സിംഗാളിന്റെയും ഒക്കെ തനിനിറം. ശ്രീനാരായണ ഗുരുവിന്റെ സാര്‍വലൗകിക വ്യക്തിത്വത്തെ ഹിന്ദുത്വത്തില്‍ തളച്ചിടരുത്. 
"ഒരു ജാതി ഒരു മതം ഒരു ദൈവം' എന്ന തത്വം കേവലം ഹിന്ദുത്വത്തില്‍ ഒതുങ്ങിക്കൂടിയ ഒരാള്‍ക്കുയര്‍ത്താന്‍ കഴിയുന്നതായിരുന്നോ?

 "മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്നതില്‍ മതത്തിനല്ല മനുഷ്യനാണ് ഊന്നല്‍. 
മതമേതായാലും എന്നതിനര്‍ഥം, ഒരു മതവുമില്ലെങ്കിലും എന്നുകൂടിയാണ്. 
തനിക്കു ജാതിയില്ല, മതവുമില്ല എന്നു പ്രഖ്യാപിച്ച ഗുരുവിനെത്തന്നെ ഒരു പ്രത്യേക മതത്തിന്റെ കള്ളിയിലാക്കണോ?
മതം അപ്രധാനമാണെന്നാണ് അദ്ദേഹം വ്യക്തമാക്കിത്തന്നത്.1917ല്‍ ഗുരു പുറപ്പെടുവിച്ച ഒരു സന്ദേശത്തില്‍ ഇങ്ങനെ കാണാം. ""ഇനി ക്ഷേത്രനിര്‍മാണത്തെ പ്രോത്സാഹിപ്പിക്കരുത്. അമ്പലം കെട്ടുന്നത് ദുര്‍വ്യയമാണെന്ന് ജനങ്ങള്‍ പശ്ചാത്തപിക്കാനിടയുണ്ട്. പണം പിരിച്ച് പള്ളിക്കൂടങ്ങള്‍ കെട്ടാനാണ് ഉത്സാഹിക്കേണ്ടത്''. ഇങ്ങനെ പറഞ്ഞ ഒരു മഹാവ്യക്തിത്വത്തിന്റെ പേരിലുള്ള പ്രസ്ഥാനത്തെ, ക്ഷേത്രനിര്‍മാണത്തിന്റെ പേരില്‍ അയോധ്യയിലടക്കം ചോരപ്പുഴയൊഴുക്കിയ പ്രസ്ഥാനത്തിന്റെ വാലാക്കിമാറ്റിയാല്‍ അതേക്കാള്‍ വലിയ ഗുരുനിന്ദയുണ്ടോ? 
ജാതീയമായ ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് ഗുരു കേന്ദ്രീകരിച്ചത്. ആ പോരാട്ടം സാമ്പത്തിക ഉച്ചനീചത്വമവസാനിപ്പിക്കാനുള്ള പോരാട്ടമാക്കി മുമ്പോട്ടുകൊണ്ടുപോയത് കമ്യൂണിസ്റ്റുകാരാണ്. അതിന്റെ നേട്ടങ്ങള്‍ ഈഴവരടക്കമുള്ള മലയാളസമൂഹം അനുഭവിച്ചിട്ടുണ്ട്.
ചാതുര്‍വര്‍ണ്യത്തിന്റെ തേര്‍വാഴ്ചയില്‍ ഞെരിഞ്ഞമര്‍ന്ന് കിടന്ന ഒരു സമൂഹത്തെ ആ ജീര്‍ണവ്യവസ്ഥയ്ക്കെതിരെ പൊരുതാന്‍ കെല്‍പ്പുള്ളവരാക്കുകയാണ് ഗുരുചെയ്തത്. അതേ ജനസമൂഹത്തെ പഴയ ചാതുര്‍വര്‍ണ്യത്തിന്റെ പുത്തന്‍ നടത്തിപ്പുകാരുടെ സേവകരാക്കാന്‍ ഗുരുവിനോടോ സമൂഹത്തോടോ കൂറുണ്ടെങ്കില്‍ മുതിരരുത്. 
സ്വാമി വിവേകാനന്ദന്റെ മുമ്പില്‍ കേരളത്തെ ഭ്രാന്താലയാവസ്ഥയില്‍ നിര്‍ത്തിയത് ജാതിമേധാവിത്വത്തിന്റെ പഴയ വര്‍ണാശ്രമ ശക്തികളാണ്. അതേ ശക്തിയുടെ മതഭ്രാന്തിന്റെ അകത്തളത്തിലേക്ക് "പലമതസാരവുമേകം' എന്നു പഠിപ്പിച്ച ഗുരുവിന്റെ ശിഷ്യരെ കൊണ്ടുചെന്ന് അടയ്ക്കരുത്."
ചാതുര്‍വര്‍ണ്യം മയാസൃഷ്ടം' എന്ന സൂക്തമാണ് സംഘപരിവാറിനെ നയിക്കുന്നത് എന്ന് എല്ലാവര്‍ക്കുമറിയാം. ചാതുര്‍വര്‍ണ്യം താന്‍ സൃഷ്ടിച്ചതാണ് എന്നാണ് അതിനര്‍ഥം. ഗുരു നിരാകരിച്ച ചാതുര്‍വര്‍ണ്യ സംബന്ധമായ ആ മനോഭാവം നെഞ്ചോടുചേര്‍ത്ത് പിടിക്കുന്നവരാണ് വെള്ളാപ്പള്ളിയുടെ പുതിയ കൂട്ടുകാരായ തൊഗാഡിയയും മറ്റും. സംശയമുണ്ടെങ്കില്‍ അദ്ദേഹംതന്നെ അവരോട് ചോദിച്ചുനോക്കട്ടെ, ചാതുര്‍വര്‍ണ്യ സംബന്ധിയായ ഈ നിലപാടിനെ തള്ളിപ്പറയാന്‍ തയ്യാറുണ്ടോ എന്ന്. അപ്പോള്‍ അറിയാം അവരുടെ തനിനിറം."ഇവരെ വിശ്വസിച്ച് മുന്നോട്ടുപോയാല്‍ ഹൈന്ദവജനതയെ ഇവര്‍ എവിടെകൊണ്ടെത്തിക്കും' എന്ന് മുമ്പ് ഒരു അഭിമുഖത്തില്‍ ബിജെപിയെക്കുറിച്ച് ചോദിച്ച അതേ വെള്ളാപ്പള്ളിയാണ് പിന്നോക്കതാല്‍പ്പര്യം സംരക്ഷിക്കുന്ന പാര്‍ടിയാണ് ബിജെപി എന്ന് ഇപ്പോള്‍ പറയുന്നത്. "ന്യൂനപക്ഷ സമുദായങ്ങള്‍ നിയന്ത്രിക്കുന്ന പാര്‍ടികള്‍ക്കുവേണ്ടിപ്പോലും വോട്ട് മറിക്കുന്ന പാര്‍ടി'യെന്ന് ഒരിക്കല്‍ ബിജെപിയെ ആക്ഷേപിച്ച വെള്ളാപ്പള്ളിയാണ് ബിജെപിയോട് അയിത്തമില്ല എന്ന് ഇന്നു പറയുന്നത്. ഇതില്‍ ഏതു വെള്ളാപ്പള്ളിയെ വിശ്വസിക്കണം എസ്എന്‍ഡിപി അംഗങ്ങള്‍. ഈ മാറ്റങ്ങള്‍ വന്നത് എന്ത് അടിസ്ഥാനത്തില്‍ എന്നെങ്കിലും യോഗാംഗങ്ങളോട് പറയാനുള്ള ധാര്‍മിക ഉത്തരവാദിത്തമില്ലേ ഇദ്ദേഹത്തിന്?
ആര്‍എസ്എസിന് കേരളത്തിലൊരു അജന്‍ഡയുണ്ട്. അത് നടപ്പാക്കാന്‍ പലതരത്തില്‍ പല ഘട്ടങ്ങളില്‍ പലരിലൂടെ അവര്‍ ശ്രമിച്ചുനോക്കിയിട്ടുമുണ്ട്. പക്ഷേ, സാധിച്ചിട്ടില്ല. സാധിക്കാതെവന്നത് കേരളത്തിലുള്ള ഇടതുപക്ഷത്തിന്റെ പ്രത്യേകിച്ച് സിപിഐ എമ്മിന്റെ സ്വാധീനശക്തികൊണ്ടാണ്. എല്ലാ ജാതിമത വിഭാഗത്തില്‍പ്പെട്ടവരും സിപിഐ എമ്മിലുണ്ട്. അവര്‍ കൂട്ടായി ഈ കടന്നുകയറ്റത്തെ ചെറുക്കുന്നുമുണ്ട്. തങ്ങള്‍ നേരിട്ട് ശ്രമിച്ചാല്‍ ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താനാകില്ല എന്ന് ആര്‍എസ്എസിനറിയാം. ദുര്‍ബലപ്പെടുത്താതെ തങ്ങളുടെ അജന്‍ഡ നടപ്പാക്കാനാവില്ല എന്നും അറിയാം. അതുകൊണ്ട് തങ്ങള്‍ക്ക് നേരിട്ട് നടപ്പാക്കിയെടുക്കാന്‍ സാധിക്കാത്തത് ചില ഏജന്റുമാരെവച്ച് നടപ്പാക്കിയെടുക്കാന്‍ നോക്കുകയാണ് ആര്‍എസ്എസ്. എന്‍എസ്എസിനെ ഇങ്ങനെയൊരു ഏജന്റാക്കാന്‍ നോക്കി; പക്ഷേ പറ്റിയില്ല. എന്‍എസ്എസിന്റെ അടുത്ത് പരാജയപ്പെട്ട തന്ത്രം എസ്എന്‍ഡിപിയുടെ അടുത്ത് വിജയിപ്പിച്ചെടുക്കാന്‍ നോക്കുകയാണ് ഇപ്പോള്‍ ആര്‍എസ്എസ്.  
ഇതിന് ഒത്തുനില്‍ക്കാന്‍ എസ്എന്‍ഡിപിയിലെ ചില നേതാക്കള്‍ തയ്യാറാകുന്നത് സമുദായതാല്‍പ്പര്യത്തിലല്ല. മറിച്ച് സ്വന്തം സാമ്പത്തിക- സ്ഥാനമാന താല്‍പ്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ്. സ്വാര്‍ഥലാഭത്തിനായി ഈ എസ്എന്‍ഡിപി നേതൃത്വം ഒറ്റുകൊടുക്കുന്നത് അവരുടെതന്നെ സമുദായത്തിലെ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും താല്‍പ്പര്യങ്ങളാണ്. ഇത് എസ്എന്‍ഡിപി യോഗത്തിലെതന്നെ സാധാരണക്കാര്‍ തിരിച്ചറിയുമെന്നത് തീര്‍ച്ച 

2015, ഓഗസ്റ്റ് 3, തിങ്കളാഴ്‌ച

ഗുരുനിന്ദയുടെ രാഷ്ട്രീയത്തിലേക്കോ?


വിശ്വഹിന്ദു പരിഷത്ത് നേതാക്കളായ അശോക് സിംഗാള്‍, പ്രവീണ്‍ തൊഗാഡിയ എന്നിവരുമായി ആദ്യവും ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി തുടര്‍ന്നും നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞ കാര്യങ്ങളെ മുഖ്യമായും ആറായി തരംതിരിക്കാം.
പിന്നോക്ക താല്‍പ്പര്യം സംരക്ഷിക്കുന്ന പാര്‍ടിയാണ് ബിജെപി, ഹിന്ദുക്കള്‍ നേരിടുന്ന അവഗണന വലിയ പ്രശ്നമാണ്, കമ്യൂണിസ്റ്റുകാര്‍ അധികാരത്തിലിരുന്നപ്പോള്‍ സമുദായത്തിന് ഒരു ഗുണവും കിട്ടിയിട്ടില്ല, ബിജെപി സവര്‍ണ പാര്‍ടിയല്ല, ബിജെപിയോട് അയിത്തമില്ല, മറ്റു ജാതിസംഘടനകളുടെയും പിന്തുണ ഞാന്‍ ബിജെപിക്ക് ഉറപ്പുകൊടുത്തിട്ടുണ്ട് എന്നിവയാണവ.
ഇവ ഓരോന്നായി എടുക്കുക. പിന്നോക്ക താല്‍പ്പര്യം സംരക്ഷിക്കുന്ന പാര്‍ടിയാണ് ബിജെപി എന്നു വെള്ളാപ്പള്ളി പറയുന്നു. ബിജെപിയുടെ പിന്നോക്കസമുദായ താല്‍പ്പര്യം 1992ല്‍ നമ്മള്‍ നേരിട്ടുകണ്ടതാണ്. പിന്നോക്ക സമുദായക്കാര്‍ക്ക് കേന്ദ്രസര്‍വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും 27 ശതമാനം ജോലി സംവരണംചെയ്തുകൊണ്ട് ഇടതുപക്ഷ പിന്തുണയുണ്ടായിരുന്ന വി പി സിങ്ങിന്റെ നാഷണല്‍ ഫ്രണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയപ്പോള്‍ അതിനെതിരെ രാജ്യമാകെ പൊതുവിലും ഡല്‍ഹിയില്‍ പ്രത്യേകിച്ചും തീപടര്‍ത്തുന്ന പ്രക്ഷോഭം നടത്തിയ പാര്‍ടിയാണത്. മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കലില്‍ അസ്വസ്ഥതപൂണ്ട്, അത് വി പി സിങ് സര്‍ക്കാരിനുണ്ടാക്കിക്കൊടുക്കുന്ന ജനപിന്തുണയില്‍ വിറളിപിടിച്ച് രഥയാത്ര സംഘടിപ്പിക്കുകയും രഥയാത്രയെ തടഞ്ഞതിന്റെ പേരില്‍ കോണ്‍ഗ്രസിനൊപ്പംനിന്ന് വോട്ടുചെയ്ത് മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയ സര്‍ക്കാരിനെ മാസങ്ങള്‍ക്കുള്ളില്‍ അട്ടിമറിക്കുകയും ചെയ്ത പാര്‍ടിയാണ് ബിജെപി. എന്തൊരു പിന്നോക്ക സ്നേഹം!
നാഷണല്‍ ഫ്രണ്ട് മന്ത്രിസഭ മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയതിനെ തുടര്‍ന്നാണ് ഉത്തരേന്ത്യയില്‍ പരക്കെ പിന്നോക്ക ജാതി വിഭാഗത്തില്‍ വലിയ ഉണര്‍വ് ഉണ്ടായത്. അതിന്റെ തുടര്‍പ്രതിഫലനമായാണ് യുപിയിലും ബിഹാറിലും ഒക്കെ പിന്നോക്ക സമുദായക്കാരുടെ രാഷ്ട്രീയം മേല്‍ക്കൈ നേടുന്നതും മുലായംസിങ് യാദവിനെയും ലാലുപ്രസാദിനെയും ദളിത് സമുദായത്തില്‍പ്പെട്ട മായാവതിയെയുംപോലുള്ളവര്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് എത്തുന്നതും. ആ പിന്നോക്ക രാഷ്ട്രീയവളര്‍ച്ചയില്‍ അതിശക്തമായ അസഹിഷ്ണുതയായിരുന്നു ബിജെപിക്ക്. ആ വളര്‍ച്ച തടയാന്‍ ഹിന്ദുവര്‍ഗീയ വികാരം ഉപയോഗിക്കുകയെന്ന കുതന്ത്രമാണ് ബിജെപി പിന്നീടിങ്ങോട്ട് എന്നും പ്രയോഗിച്ചത്.
ഈ ചരിത്രവസ്തുതകളൊക്കെ സൗകര്യപൂര്‍വം മറന്നാലേ വെള്ളാപ്പള്ളി നടേശന്‍ പറയുന്നത്, അദ്ദേഹത്തിന്റെ സമുദായാംഗങ്ങള്‍ക്കുപോലും ഉള്‍ക്കൊള്ളാനാകൂ. സവര്‍ണ വര്‍ഗീയ അപസ്മാരം പടര്‍ത്തിയ മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ തെരുവില്‍ കത്തിയമര്‍ന്നവരുടെ ചിത്രം മനസ്സുകളില്‍നിന്ന് മാറാറായിട്ടില്ല. ആ വിധത്തില്‍ പിന്നോക്കവിരുദ്ധ ജാതീയതയുടെ തീ പടര്‍ത്തിയ, മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയ സര്‍ക്കാരിനെ അട്ടിമറിച്ചതിന്റെ ചോരപ്പാടുകള്‍ കൈകളിലുണങ്ങാത്ത ബിജെപിയുമായി വെള്ളാപ്പള്ളി നടേശനു കൈകോര്‍ക്കാനാകുമായിരിക്കും. സാധാരണക്കാരനായ എസ്എന്‍ഡിപി പ്രവര്‍ത്തകന് അതിനു സാധിക്കുമോ?
ഹിന്ദുക്കള്‍ നേരിടുന്ന അവഗണന വലിയ പ്രശ്നമാണെന്ന് വെള്ളാപ്പള്ളി പറയുന്നു. ഏതാണാവോ വെള്ളാപ്പള്ളി പറയുന്ന ഈ ഹിന്ദു?  
ഹിന്ദുമതത്തില്‍ പ്രമാണിമാരുണ്ട്. 
അങ്ങേയറ്റം പാവപ്പെട്ടവരുമുണ്ട്. 
വിരുദ്ധങ്ങളായ ഇവരുടെ താല്‍പ്പര്യങ്ങള്‍ ഏതു ബിന്ദുവിലാണ് കൂട്ടിമുട്ടി ഹിന്ദു താല്‍പ്പര്യമാകുക? 

ലക്ഷക്കണക്കിനാളുകള്‍ തെരുവിലുറങ്ങുന്ന മുംബൈയില്‍ 27 നിലയുള്ള വീട് കെട്ടിപ്പൊക്കിയ അംബാനിയുടെ താല്‍പ്പര്യവും വൈകിട്ടത്തെ അത്താഴത്തിന് അരിവാങ്ങാന്‍ വിഷമിക്കുന്ന ഒരു പാവപ്പെട്ട തൊഴിലാളിയുടെ താല്‍പ്പര്യവും ഇരുവരും ഹിന്ദുവാണ് എന്നതുകൊണ്ടുമാത്രം ഒന്നാകുമോ? 
ഹിന്ദുതാല്‍പ്പര്യം സംരക്ഷിക്കാന്‍ ആരുമായും കൂട്ടുകൂടും എന്ന് വെള്ളാപ്പള്ളി പറയുമ്പോള്‍ ഇതില്‍ ഏതു ഹിന്ദുവിന്റെ താല്‍പ്പര്യമാണ് മനസ്സിലുള്ളത് എന്നതുകൂടി വ്യക്തമാക്കണം. അദാനിക്കുവേണ്ടി ഭരണം നടത്തുന്ന, അത്തരം കോര്‍പറേറ്റുകള്‍ക്ക് കോര്‍പറേറ്റ് ടാക്സ് അഞ്ചുശതമാനംകണ്ട് ആദ്യ ബജറ്റില്‍ത്തന്നെ കുറച്ചുകൊടുത്ത നരേന്ദ്രമോഡിക്ക് കേരളത്തിലെ പ്രമുഖനായ വെള്ളാപ്പള്ളി ചെന്നു കൈകൊടുത്താല്‍ അത് ഹിന്ദുതാല്‍പ്പര്യ സംരക്ഷണമാകുമോ?
മറ്റു ജാതിസംഘടനകളുടെയും പിന്തുണ താന്‍ ബിജെപിക്ക് ഉറപ്പുകൊടുത്തിട്ടുണ്ട് എന്ന് വെള്ളാപ്പള്ളി പറഞ്ഞതായി കാണുന്നു. മറ്റു ജാതിസംഘടനകള്‍ക്കുവേണ്ടി സംസാരിക്കാനും ഇദ്ദേഹത്തിന് അധികാരമുണ്ടോ? 
മറ്റു സംഘടനകള്‍ ഇത്തരമൊരു ദൗത്യം ഇദ്ദേഹത്തെ ഏല്‍പ്പിച്ചിട്ടുണ്ടോ? 
ഇക്കാര്യങ്ങള്‍ അവര്‍ വ്യക്തമാക്കട്ടെ.
സിപിഐ എമ്മിനോടാണ് എസ്എന്‍ഡിപി യോഗത്തിന് താല്‍പ്പര്യം എന്നു വെള്ളാപ്പള്ളി പറയുന്നുണ്ട്, അമിത് ഷായുമായി ചേര്‍ന്നുനില്‍ക്കുമ്പോഴും. ഈഴവസമൂഹത്തിന് സിപിഐ എമ്മിനോട് താല്‍പ്പര്യമുണ്ട് എന്നു പറഞ്ഞാലതു ശരി. എസ്എന്‍ഡിപി നേതൃത്വത്തിന് കമ്യൂണിസ്റ്റുകാരോട് താല്‍പ്പര്യമുണ്ട് എന്നു പറഞ്ഞാല്‍ അത് എത്രമാത്രം ശരിയാകും? എസ്എന്‍ഡിപി നേതൃത്വം കമ്യൂണിസ്റ്റുകാരോട് എന്നെങ്കിലും താല്‍പ്പര്യം കാട്ടിയിട്ടുണ്ടോ?
1957ല്‍ കമ്യൂണിസ്റ്റുകാര്‍ മത്സരിച്ചപ്പോള്‍ യോഗനേതൃത്വം കമ്യൂണിസ്റ്റ് പാര്‍ടിക്കെതിരായിരുന്നു. 59ല്‍ വിമോചനസമരം വന്നപ്പോള്‍ യോഗനേതൃത്വം വിമോചനക്കാരുടെ കൂടെയായിരുന്നു. 
മന്നം-ശങ്കര്‍-പട്ടം-ബാഫക്കി എന്നതായിരുന്നു അന്നു മുദ്രാവാക്യം. അതായിരുന്നു അന്നത്തെ സഖ്യം. അന്ന് ശങ്കര്‍ കമ്യൂണിസ്റ്റുകാര്‍ക്കെതിരെ നിന്നപ്പോഴും സാധാരണ യോഗം പ്രവര്‍ത്തകരുടെ മനസ്സ് കമ്യൂണിസ്റ്റ് പാര്‍ടിക്കൊപ്പമായിരുന്നു. പിന്നീട് യോഗനേതൃത്വം എസ്ആര്‍പി എന്നൊരു പാര്‍ടിയുണ്ടാക്കി. ആ പാര്‍ടി ജനിച്ചതും മരിച്ചതും കമ്യൂണിസ്റ്റ് വിരുദ്ധ യുഡിഎഫില്‍. യോഗനേതൃത്വത്തിന്റെ ചരിത്രം ഇതാണ്. 
എന്നാല്‍, ഈഴവസമുദായത്തിന്റെ ചരിത്രം ഇതല്ല. ഇടത്തരം കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ചെത്തുതൊഴിലാളികളും കയര്‍ത്തൊഴിലാളികളും ഉള്‍പ്പെട്ട ആ സമുദായം യോഗനേതൃത്വം ഇത്തരം നിലപാടുകള്‍ എടുത്ത ഘട്ടത്തിലടക്കം കമ്യൂണിസ്റ്റ് പാര്‍ടിക്കൊപ്പം നിന്നിട്ടുണ്ട്.
കമ്യൂണിസ്റ്റുകാര്‍ അധികാരത്തിലിരുന്നപ്പോഴൊന്നും സമുദായത്തിന് ഒരു ഗുണവും കിട്ടിയിട്ടില്ല എന്നു പറയുന്നുണ്ട് വെള്ളാപ്പള്ളി നടേശന്‍. ജാതി അടിസ്ഥാനത്തിലാണല്ലൊ അദ്ദേഹം ഇതു പറയുന്നത്. അതുകൊണ്ടുമാത്രം അതേ ഭാഷയില്‍ത്തന്നെ തിരിച്ചുചോദിക്കട്ടെ. 
ഇ എം എസ് മന്ത്രിസഭ കൊണ്ടുവന്ന കാര്‍ഷികബന്ധ നിയമം, ഭൂപരിഷ്കരണ നിയമം തുടങ്ങിയവയുടെ ഫലമായി സ്വന്തമായി ഭൂമിയും കുടികിടപ്പും കിട്ടിയവരില്‍ മഹാഭൂരിപക്ഷവും ഈഴവസമുദായത്തില്‍പ്പെട്ടവരല്ലേ? കര്‍ഷകത്തൊഴിലാളികള്‍, ചെത്തുതൊഴിലാളികള്‍, ചെറുകിട കര്‍ഷകര്‍, കുടികിടപ്പുകാര്‍ ഒക്കെയായ ആ സമുദായത്തിലെ മഹാഭൂരിപക്ഷവും അതിന്റെ ഗുണഭോക്താക്കളായില്ലേ? ഈ വിഭാഗം തൊഴിലാളികളുടെ കൂലിയില്‍ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത വര്‍ധന വരുത്തിക്കൊടുത്തതു കമ്യൂണിസ്റ്റ് പാര്‍ടിയും അതിന്റെ സര്‍ക്കാരുമല്ലേ? കുട്ടിക്കൃഷ്ണമേനോന്റെ നേതൃത്വത്തിലുണ്ടായിരുന്ന ടെനന്‍സി കമീഷന് ഇ എം എസ് എഴുതിയ വിയോജനക്കുറിപ്പ്, ഭൂപരിഷ്കരണം കാണക്കൃഷിക്കാരില്‍നിന്ന് പാട്ടക്കൃഷിക്കാരുടെ തലത്തിലേക്കിറക്കിക്കൊണ്ടുവരണം എന്നതായിരുന്നു. അധികാരത്തില്‍ വന്നപ്പോള്‍ ഇ എം എസ് മന്ത്രിസഭ ചെയ്തതുമതാണ്. അതിന്റെ ഗുണം ഏറ്റവുമധികമനുഭവിച്ചത് ഈഴവസമുദായമാണെന്നു മനസ്സിലാക്കാന്‍ വെള്ളാപ്പള്ളി ചരിത്രം ഒന്നു പരതിനോക്കിയാല്‍മാത്രം മതി. സ്വസമുദായത്തിലെ പാവപ്പെട്ടവരോട് ഒന്നു ചോദിച്ചാലും മതി.
ഈ സത്യങ്ങള്‍ മറച്ചുവച്ചുകൊണ്ട് കമ്യൂണിസ്റ്റുകാരെക്കൊണ്ട് സമുദായത്തില്‍പ്പെട്ടവര്‍ക്ക് നേട്ടമുണ്ടായിട്ടില്ല എന്നു പറയാന്‍ വെള്ളാപ്പള്ളിക്ക് എങ്ങനെ കഴിയുന്നു? സമുദായത്തിലെ താഴെത്തട്ടുകാര്‍ക്ക് ഗുണമുണ്ടായിട്ടുണ്ട്. അതിലെ പ്രമാണിവിഭാഗത്തിന് അതില്‍ അസ്വസ്ഥതയുണ്ടായിട്ടുമുണ്ട്. ആ പ്രമാണി വിഭാഗവുമായി കമ്യൂണിസ്റ്റുകാര്‍ക്ക് ഇടയേണ്ടിവന്നിട്ടുണ്ട്. മുമ്പുണ്ടായിട്ടുണ്ട്. ഇപ്പോഴുമുണ്ട്. നാളെയുമുണ്ടാകും. അതു സ്വാഭാവികമാണുതാനും. മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരും അതിനു താഴെത്തട്ടിലുള്ളവരും എന്നും പാര്‍ടിക്കൊപ്പം നിന്നിട്ടുമുണ്ട്.
സമുദായപ്രമാണിമാര്‍ക്കുണ്ടാകുന്ന അസഹിഷ്ണുത സാധാരണ ഈഴവ സമുദായാംഗങ്ങളുടെ പറ്റില്‍ ആരും എഴുതേണ്ടതില്ല. ജാതി പറഞ്ഞാല്‍ എന്താണു കുഴപ്പം എന്നുചോദിക്കുന്ന വെള്ളാപ്പള്ളി കാര്‍ഷികബന്ധ നിയമംകൊണ്ടും കൂലിവര്‍ധനകൊണ്ടും നേട്ടമുണ്ടാക്കിയവരുടെ ജാതിതിരിച്ചുള്ള കണക്കെടുത്തുനോക്കട്ടെ. അപ്പോള്‍ മനസ്സിലാകും താന്‍ പറഞ്ഞതല്ല സത്യമെന്ന്.
ബിജെപി സവര്‍ണപാര്‍ടിയല്ല എന്നും പറയുന്നുണ്ട് വെള്ളാപ്പള്ളി. അദ്ദേഹം കര്‍ണാടകയിലെ ഉഡുപ്പി ക്ഷേത്രത്തില്‍ ഒന്നു പോകട്ടെ. അവിടെ ഇപ്പോഴും അയിത്തം നിലനില്‍ക്കുന്നു. രണ്ട് ഊട്ടുപുരയുണ്ട് അവിടെ. ഒന്നു ബ്രാഹ്മണര്‍ക്ക്. മറ്റൊന്ന് കീഴ്ജാതിക്കാര്‍ക്ക്. ഈ ജാതിവിവേചനവും അയിത്താചാരണവും അവിടെ അവസാനിപ്പിക്കാന്‍ ഏറെക്കാലമായി ഒരു പാര്‍ടി ലാത്തിച്ചാര്‍ജടക്കം നേരിട്ട് സമരം ചെയ്യുന്നുണ്ട്. അതാണ് സിപിഐ എം. സമരനേതാക്കളെ പൊലീസിനെവിട്ട് തല്ലിക്കുന്നതും കേസില്‍ കുടുക്കുന്നതും വിഎച്ച്പിയുടെയും ബിജെപിയുടെയും വലിയ നേതാവായ പേജാവര്‍ സ്വാമിയാണ്. വിശ്വഹിന്ദുപരിഷത്തിന്റെ നേതൃനിരയില്‍ അശോക് സിംഗാളിനും പ്രവീണ്‍ തൊഗാഡിയക്കും ഒപ്പം സ്ഥാനമുള്ളയാള്‍. അവരുടെ തെക്കേ ഇന്ത്യന്‍ നേതാവ്. പുതിയ ചങ്ങാതിമാരായ പ്രവീണ്‍ തൊഗാഡിയക്കും അശോക് സിംഗാളിനും ഒപ്പം വെള്ളാപ്പള്ളി ഒന്ന് അവിടെ പോകണം. അവര്‍ക്കൊപ്പം ഊണ് കഴിക്കാനിരുന്നാല്‍ രക്ഷപ്പെടുത്താന്‍ അവിടെ സമരം ചെയ്യുന്ന സിപിഐ എമ്മുകാരേ ഉണ്ടാകൂ.
തൊട്ടപ്പുറത്ത് മംഗലാപുരത്ത് കുക്കെ സുബ്രഹ്മണ്യ ക്ഷേത്രമുണ്ട്. ആ ക്ഷേത്രത്തില്‍ "മഡെ സ്നാന' എന്നൊരു ആചാരമുണ്ട്. ബ്രാഹ്മണര്‍ ഭക്ഷണം കഴിച്ചിട്ടു പുറത്തിടുന്ന ഇലയില്‍ അവര്‍ണ ജാതിക്കാര്‍ ഉരുളണം. ഇത് നടത്തിക്കൊണ്ടുപോകുന്നത് വിഎച്ച്പി-ബിജെപി നേതാക്കളാണ്. അവസാനിപ്പിക്കാന്‍ സമരം ചെയ്യുന്നത് സിപിഐ എമ്മുകാരും.
അവിടെച്ചെന്ന് വിശ്വഹിന്ദു പരിഷത്തിനോടു വെള്ളാപ്പള്ളി നടേശന്‍ ഒന്നു പറഞ്ഞുനോക്കട്ടെ ഈ അനാചാരം അവസാനിപ്പിക്കണമെന്ന്. അപ്പോള്‍ അറിയാം, വിഎച്ച്പിയും ബിജെപിയും ഒക്കെ സവര്‍ണ പാര്‍ടിയാണോ അല്ലയോ എന്ന്.
പിന്നോക്കക്കാരും ദളിത് വിഭാഗങ്ങളും സവര്‍ണ വര്‍ഗീയശക്തികളാല്‍ ആക്രമിക്കപ്പെട്ടിടങ്ങളിലൊക്കെ ബിജെപിയും വിഎച്ച്പിയും സംഘപരിവാര്‍ ആകെത്തന്നെയും ആക്രമണം നടത്തിയ സവര്‍ണ വര്‍ഗീയശക്തികളുടെ ഒപ്പമായിരുന്നു എന്നതും മറന്നുകൂടാ. 

2002ല്‍ ഹരിയാനയിലെ ഝജ്ജറില്‍ ഒരു വലിയ ദളിത്വേട്ട നടന്നു. ചമാര്‍ സമുദായത്തില്‍പ്പെട്ടവരാണ് ആക്രമിക്കപ്പെട്ടത്. ചത്തുപോയ കന്നുകാലികളുടെ തോലുരിച്ച് അതില്‍നിന്ന് ചെരിപ്പുണ്ടാക്കി വില്‍ക്കുന്നത് കുലത്തൊഴിലാക്കിയ സമുദായമാണത്. അതില്‍പ്പെട്ട നാലു ചെറുപ്പക്കാര്‍ ഒരു ചത്ത പശുവിനെ തോലുരിക്കാനായി കൊണ്ടുവരികയായിരുന്നു. അപ്പോള്‍ ബിജെപി-വിഎച്ച്പി-ആര്‍എസ്എസ് സംഘം ഇവരെ ആക്രമിച്ചു. ക്രൂരമായി മര്‍ദിച്ചശേഷം പൊലീസിന് ഏല്‍പ്പിച്ചുകൊടുത്തു. ലോക്കപ്പിലിട്ടും പൊലീസിനു പുറമെ ഈ സംഘാംഗങ്ങള്‍ ഇവരെ മര്‍ദിച്ചു. അതിന്റെ ഫലമായി നാലുപേരും കൊല്ലപ്പെട്ടു. ഇതില്‍ പ്രതിഷേധിച്ച ആ പ്രദേശത്തെ ദളിത് കുടുംബങ്ങളെയാകെ ഈ സംഘം വേട്ടയാടി. സ്ത്രീകളെ അപമാനിച്ചു, കുടിലുകള്‍ക്ക് തീവച്ചു. ഇവിടെ വിഎച്ച്പിയുടെയും ബിജെപിയുടെയും സംസ്ഥാന നേതൃത്വംവരെ കൊല്ലപ്പെട്ട ദളിതുകള്‍ക്കെതിരെയാണ് നിലകൊണ്ടത്. ഗോഹത്യ നടത്തിയവര്‍ക്ക് ഇങ്ങനെ വരണമെന്നാണ് പരസ്യമായി പറഞ്ഞത്. എന്നാല്‍, പിന്നീട് അന്വേഷണത്തില്‍ തെളിഞ്ഞത് ഇവര്‍ പശുവിനെ കൊന്നിരുന്നില്ല എന്നും ചത്ത പശുവിനെ എടുത്തുകൊണ്ടുവരികമാത്രമേ ചെയ്തിരുന്നുള്ളു എന്നുമാണ്. അന്ന് ബിജെപി പിന്തുണയോടെ ഹരിയാന ഭരിച്ചിരുന്ന ഓംപ്രകാശ് ചൗതാലയോ കേന്ദ്രം ഭരിച്ചിരുന്ന വാജ്പേയിയോ ഏതെങ്കിലും തരത്തില്‍ ഈ ദളിതുകളുടെ കണ്ണീരൊപ്പാന്‍ എത്തിയില്ല. മറിച്ച് സവര്‍ണ അക്രമകാരികളെ ഭരണാധികാരം വഴിവിട്ട് രക്ഷിക്കുകയും ചെയ്തു.
ഇനി മറ്റൊരു ഉദാഹരണം. 1997-1998ല്‍ മഹാരാഷ്ട്രയില്‍ ബിജെപി നേതാവായിരുന്ന പ്രമോദ് മഹാജന്റെ ലോക്സഭാ മണ്ഡലത്തില്‍ വ്യാപകമായി ദളിത് വേട്ട നടന്നു. മഹാജന്‍ അവിടേക്ക് തിരിഞ്ഞുനോക്കിയില്ല. ഇതിലുള്ള പ്രതിഷേധം മുന്‍നിര്‍ത്തി അടുത്ത തെരഞ്ഞെടുപ്പ് വന്നപ്പോള്‍ ആ മണ്ഡലത്തിലെ ദളിത് സമൂഹം കൂട്ടത്തോടെ മഹാജനെതിരെ വോട്ടുചെയ്തു. അദ്ദേഹം തോറ്റു. മഹാജന്‍ പിന്നീടൊരിക്കലും ലോക്സഭയിലേക്ക് മത്സരിച്ചിട്ടില്ല. മത്സരിക്കുന്നെങ്കില്‍ മഹാരാഷ്ട്രയ്ക്കു പുറത്തേ ഉണ്ടാകൂ എന്ന് അദ്ദേഹം പരസ്യമായി പറയുകയും ചെയ്തു. ഇതിലൊക്കെ പ്രകടമാണ് പിന്നോക്ക ദളിത് വിഭാഗങ്ങള്‍ക്ക് ബിജെപിയോടും ബിജെപിക്ക് ഈ വിഭാഗങ്ങളോടും ഉള്ള മനോഭാവം.
ഒരു "പിന്നോക്കക്കാരനെ' ഉയര്‍ത്തിക്കാട്ടി എന്നതുകൊണ്ട് ബിജെപി ബ്രാഹ്മണാധിപത്യ പാര്‍ടിയല്ലാതാകില്ല. അങ്ങനെ ഒരാളെ ഉയര്‍ത്തിക്കാട്ടാന്‍ അവര്‍ നിര്‍ബന്ധിതമായതുപോലും മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പിന്നോക്കരാഷ്ട്രീയതരംഗം കൊണ്ടാണ്. ഉയര്‍ത്തിക്കാട്ടപ്പെട്ട ആ പിന്നോക്കക്കാരന്‍ ബ്രാഹ്മണാധിപത്യത്തിന്റെയും കോര്‍പറേറ്റുകളുടെയും താല്‍പ്പര്യങ്ങളാണ് ഉയര്‍ത്തിപ്പിടിക്കുന്നത് എന്നത് വെള്ളാപ്പള്ളി കാണാതിരുന്നുകൂടാ.  

സിപിഐ എം പൊളിറ്റ് ബ്യൂറോയില്‍ ബ്രാഹ്മണനില്ലേ എന്നു ചോദിക്കുന്ന വെള്ളാപ്പള്ളി, ആ വ്യക്തിയാണ് അയിത്താചരണത്തിനെതിരായ സമരനിരയുടെ മുമ്പില്‍ ചെന്നുനിന്ന് ബ്രാഹ്മണാധിപത്യത്തെയും അതിന്റെ ജീര്‍ണാചാരങ്ങളെയും വെല്ലുവിളിക്കുന്നത് എന്നതും മറന്നുകൂടാ. ബിജെപി ഉയര്‍ത്തിക്കാട്ടിയ ആ പിന്നോക്കക്കാരന്റെ തണലിലാണ് മുന്‍ സൂചിപ്പിച്ചപോലെ പലയിടത്തും അശോക് സിംഗാളുമാരും പേജാവര്‍ സ്വാമിമാരും അയിത്താചരണം നടത്തുന്നത് എന്നതും മറന്നുകൂടാ.   

2015, ജൂലൈ 22, ബുധനാഴ്‌ച

ഇന്ത്യന്‍ അഴിമതി ലീഗ്

വ്യാപം: മധ്യപ്രദേശ്
അഴിമതി നടന്ന കാലാവധി 2007 മുതല്‍ 2013 വരെ.
എന്‍ജിനിയറിങ്, മെഡിക്കല്‍, മറ്റ് പ്രൊഫഷണല്‍ കോഴ്സുകള്‍ എന്നിവയ്ക്കുള്ള കളങ്കിതമായ പ്രവേശനപരീക്ഷയും സര്‍ക്കാര്‍ റിക്രൂട്ട്മെന്റിലെ അഴിമതിയും.
ബാധിച്ച യുവജനങ്ങള്‍- 76,76,718.
അറസ്റ്റുചെയ്യപ്പെട്ടവര്‍-വിദ്യാഭ്യാസമന്ത്രിയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും കുറ്റാരോപിതരായി ജയിലില്‍ കഴിയുന്നു. വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും ഉള്‍പ്പെടെ മറ്റു 2000പേരും ജയിലിലാണ്.
അഴിമതിയില്‍ കുറ്റാരോപിതരോ അതിനെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവരോ ആയവര്‍ ദുരൂഹസാഹചര്യത്തിലും അസ്വാഭാവികമായും മരണമടഞ്ഞത്- 49 (സംസ്ഥാന പ്രത്യേക അന്വേഷണസംഘം പോലും 25 മരണം നടന്നതായി അംഗീകരിക്കുന്നു.)
ഈ അഴിമതിയെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഏര്‍പ്പെട്ട, ഒരു ദേശീയ ടി വി ചാനലില്‍ ജോലി ചെയ്യുന്ന അക്ഷയ്സിങ്ങിന്റെ മരണത്തോടെ കൊല്ലപ്പെട്ടവരുടെ
ശിവരാജ്സിങ് ചൗഹാന്‍
കൂട്ടത്തില്‍ മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെട്ടുതുടങ്ങി. മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട് രണ്ടുദിവസത്തിനുശേഷം അഴിമതിയില്‍ ഉള്‍പ്പെട്ട രണ്ട് ആളുകള്‍ കൂടി അതേപോലെ ദുരൂഹവും അസ്വാഭാവികവുമായ വിധം മരിച്ചു.
അവരില്‍ ആദ്യത്തെയാള്‍ വ്യാജ മെഡിക്കല്‍ ബിരുദങ്ങള്‍ നല്‍കിയതു സംബന്ധിച്ച് അന്വേഷിക്കുന്ന ജബല്‍പുര്‍ മെഡിക്കല്‍ കോളേജിലെ ഡീന്‍ ഡോ. അരുണ്‍ ശര്‍മയാണ്; അദ്ദേഹത്തെ ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടു. ഒരുവര്‍ഷം മുമ്പ് സര്‍വകലാശാലയില്‍ അദ്ദേഹത്തിന്റെ മുന്‍ഗാമിയായിരുന്ന ഡീന്‍ കെ സാകലേയയെ വീടിനടുത്ത് കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയിരുന്നു. ഡോ. ശര്‍മയുടെ ദുരൂഹമരണത്തിനടുത്ത ദിവസം, വ്യാപത്തിലൂടെ റിക്രൂട്ട് ചെയ്യപ്പെട്ട സബ് ഇന്‍സ്പെക്ടര്‍ ട്രെയ്നിയെ സാഗര്‍ ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്സിനടത്തുള്ള കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.
ഈ അഴിമതിയുമായി ബന്ധപ്പെട്ട മൂന്ന് ആളുകളുടെ ദുരൂഹമരണം മൂന്നുദിവസമായി നടന്നപ്പോള്‍ മുന്‍ മുഖ്യമന്ത്രിയും ഇപ്പോള്‍ കേന്ദ്രമന്ത്രിയുമായ ഉമാഭാരതി താന്‍ അകാലത്തില്‍ കൊല്ലപ്പെട്ടേക്കുമെന്ന് ഭീതി പ്രകടിപ്പിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഒരു പൊതുതാല്‍പ്പര്യഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരുന്നതിനു രണ്ടുദിവസംമാത്രം മുമ്പ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കാന്‍ മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന്‍ നിര്‍ബന്ധിതനായി. ഈ നടപടി കൈക്കൊണ്ടതിന്റെ തൊട്ടുതലേ ദിവസമാണ് അദ്ദേഹവും സംസ്ഥാനത്തെയും കേന്ദ്രത്തിലെയും മറ്റു ബിജെപി നേതാക്കളും അഴിമതി അന്വേഷണത്തില്‍ സിബിഐയെ ഉള്‍പ്പെടുത്തേണ്ട ആവശ്യമില്ലെന്ന് ആവര്‍ത്തിച്ചുവ്യക്തമാക്കിയത്. ഇപ്പോള്‍ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുകയാണ്; കേസന്വേഷണത്തില്‍ സുപ്രീംകോടതി മേല്‍നോട്ടം വേണമോ എന്നകാര്യം തീരുമാനിക്കാനിരിക്കുകയുമാണ്. ഇതോടെ സിബിഐ അന്വേഷണത്തിന് വിസമ്മതിച്ച സര്‍ക്കാരിന്റെയും ബിജെപി നേതാക്കളുടെയും കാപട്യം തുറന്നുകാട്ടപ്പെട്ടു.
അരിവാങ്ങി പടുകൂറ്റന്‍ അഴിമതി
ഇതേവരെ പുറത്തുവന്നതില്‍ ഏറ്റവുംവലിയ അഴിമതി ഛത്തിസ്ഗഡ് മുഖ്യമന്ത്രി രമണ്‍സിങ്ങിന്റെ 36,000 കോടി രൂപയുടെ പൊതുവിതരണ കുംഭകോണമാകാനിടയുണ്ട്. രമണ്‍സിങ് പാവപ്പെട്ടവരുടെ ആഹാരംതന്നെ മോഷ്ടിക്കുന്നതായാണ് ആരോപണം. ഛത്തിസ്ഗഡിലെ പൊതുവിതരണസമ്പ്രദായത്തില്‍ ഇപ്പോള്‍ പുറത്തുവരുന്ന നാണംകെട്ടതും അതിഭീകരവുമായ അഴിമതി ഉന്നത നേതാക്കളുടെ അറിവും അനുവാദവുമില്ലാതെ നടക്കില്ല. ഈ ഒരൊറ്റ അഴിമതിയില്‍ ഉള്‍പ്പെട്ട പണം, ഒരുവര്‍ഷത്തേക്ക് രാജ്യത്താകെ തൊഴിലുറപ്പുപദ്ധതി നടപ്പാക്കാന്‍ ബജറ്റില്‍ നീക്കിവച്ച മൊത്തം തുകയേക്കാള്‍ ഏറെ കൂടുതലാണ്.
സുഷ്മ ബ്രാന്‍ഡ് ദേശീയത
ബിജെപി അധികാരത്തിലെത്തി ഒരുവര്‍ഷം പൂര്‍ത്തിയാകും മുമ്പുതന്നെ, ബ്രിട്ടീഷ് സര്‍ക്കാരില്‍നിന്ന് യാത്രാനുമതി നേടിയെടുക്കുന്നതിന് ലളിത് മോഡിയെ സഹായിച്ച സുഷ്മ സ്വരാജിന്റെ
സുഷ്മ സ്വരാജ്   ലളിത് മോഡി  വസുന്ധര രാജെ
അപലപനീയവും നികൃഷ്ടവുമായ നടപടി വെളിച്ചത്തുവന്നു. ധനമന്ത്രാലയത്തിനു കീഴിലുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്് അന്വേഷിക്കുന്ന പിടികിട്ടാപ്പുള്ളിയാണ് ലളിത് മോഡി. നികുതി വെട്ടിപ്പ്, കള്ളപ്പണം കടത്തല്‍, വിദേശനാണയവിനിമയ നിയമലംഘനം എന്നിവയുള്‍പ്പെടെ ഗുരുതരമായ ഇരുപത്തഞ്ചോളം കേസുകളില്‍ ഇയാള്‍ക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. ചോദ്യം ചെയ്യലില്‍നിന്ന് ഒളിച്ചോടി ബ്രിട്ടനില്‍
  രമണ്‍സിങ്
കഴിയുകയാണ് ലളിത് മോഡി. നിയമത്തിന്റെ കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിയുന്നയാളെ സഹായിക്കുന്നതിനുമുമ്പ്, ലളിത് മോഡിയെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനു പുറമേക്കെങ്കിലും ശ്രമിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോടോ തന്റെ തന്നെ ചുമതലയിലുള്ള മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരോടോ ആലോചിക്കേണ്ടത് ആവശ്യമാണെന്ന് സുഷ്മ സ്വരാജ് ചിന്തിച്ചതുമില്ല. മറിച്ച്, ലളിത് മോഡിയെ സഹായിക്കാന്‍ അവര്‍ നടപടിക്രമങ്ങളെല്ലാം ലംഘിക്കുകയായിരുന്നു.
നരേന്ദ്രമോഡിയുടെ "അഴിമതിമുക്ത' സര്‍ക്കാര്‍ ലളിത് മോഡിയോട് എപ്പോഴും മൃദുസമീപനമാണ് സ്വീകരിച്ചിരുന്നത്. ലളിത് മോഡിയുടെ അപ്പീല്‍ സ്വീകരിച്ച 2014 ആഗസ്തില്‍ ഡല്‍ഹി ഹൈക്കോടതി അയാളുടെ പാസ്പോര്‍ട്ട് തിരിച്ചുനല്‍കാന്‍ ഉത്തരവിട്ടപ്പോള്‍ മോഡി സര്‍ക്കാര്‍ അതിനെ എതിര്‍ക്കുകയോ അതിനെതിരെ അപ്പീല്‍ നല്‍കുകയോ ചെയ്തില്ല. ഉടന്‍തന്നെ ലളിത് മോഡിയുടെ പാസ്പോര്‍ട്ട് തിരിച്ചുനല്‍കുകയാണുണ്ടായത്. എന്തുകൊണ്ട്? സുഷമ സ്വരാജിന്റെ ഭര്‍ത്താവും മകളുമാണ് കോടതിയില്‍ ലളിത് മോഡിക്കുവേണ്ടി ഹാജരായത്. ലളിത് മോഡിയുടെ കമ്പനിയുടെ നിയമോപദേഷ്ടാവാണ് സുഷ്മ സ്വരാജിന്റെ ഭര്‍ത്താവ്. തന്റെ കമ്പനികളിലൊന്നിന്റെ ഡയറക്ടര്‍ ബോര്‍ഡ് മീറ്റിങ്ങില്‍ തന്റെ അസാന്നിധ്യത്തില്‍ തനിക്കുവേണ്ടി ഹാജരാകാന്‍ സുഷ്മ സ്വരാജിന്റെ ഭര്‍ത്താവിനെ ലളിത് മോഡി നിയമാനുസരണം ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ തമ്മിലുള്ള ഉറ്റബന്ധവും വിശ്വാസവുമാണ് ഇതു കാണിക്കുന്നത്. ആ നിലയില്‍, വിദേശമന്ത്രി സുഷ്മ സ്വരാജിന്റെ ഭാഗത്തുനിന്നുണ്ടായ അനുവദനീയമല്ലാത്ത അനൗചിത്യം മാത്രമായി ഈ കേസിനെ കാണാനാകില്ല; അതിനപ്പുറം ഇത് താല്‍പ്പര്യസംഘട്ടനത്തിന്റേതായ ഒരു കേസും കൂടിയാണ്. ബിജെപി ഇതിനെ ന്യായീകരിച്ചു. എന്നാല്‍, ആര്‍എസ്എസ് ഒരു പടികൂടി കടന്ന് ഇത് "ദേശീയവാദ'പരമായ ഒരു നടപടിയെന്ന് പറയുകയുണ്ടായി. ആര്‍എസ്എസിനെ സംബന്ധിച്ച് ക്രിമിനലുകള്‍ ഇന്ത്യക്കാരനാണെങ്കില്‍ അത്തരക്കാരെ സംരക്ഷിക്കുന്നത് ദേശസ്നേഹത്തിന്റെ സൂചനയാണ്. ഇതാണ് അവസ്ഥയെങ്കില്‍, ഇന്ത്യയിലെ എല്ലാ ക്രിമിനലുകള്‍ക്കും വിദേശരാജ്യങ്ങളില്‍ അഭയംതേടാം. അങ്ങനെയാകുമ്പോള്‍ ഏതുവിധേനയും അവരെ സഹായിക്കേണ്ടത് ആര്‍എസ്എസ് നയിക്കുന്ന മോഡി സര്‍ക്കാരിന്റെ ദേശീയവാദപരമായ കര്‍ത്തവ്യമായി പരിഗണിക്കപ്പെടും.
വസുന്ധര ബ്രാന്‍ഡ് സല്‍ഭരണം
ലളിത് മോഡിയെ സഹായിക്കുന്നതില്‍ വസുന്ധരരാജെ സിന്ധ്യ ആരുടെയും പിന്നിലല്ല. വസുന്ധര രാജെ മുമ്പ് മുഖ്യമന്ത്രിയായിരുന്ന വേളയിലാണ് ലളിത് മോഡി രാജസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ചുമതല ഏറ്റെടുത്തത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) എല്ലാമെല്ലാമായി അയാള്‍ മാറിയതും അപ്പോഴാണ്. ബ്രിട്ടീഷ് കോടതികളില്‍ ഉപയോഗിക്കുന്നതിനായി വസുന്ധര രാജെ രാജസ്ഥാന്‍ നിയമസഭയിലെ പ്രതിപക്ഷനേതാവെന്ന നിലയില്‍ ലളിത് മോഡിക്ക് സല്‍സ്വഭാവ സര്‍ട്ടിഫിക്കറ്റിന് സത്യവാങ്മൂലം നല്‍കുകയുണ്ടായി. രാഷ്ട്രീയപ്രതികാരത്തിന്റെ ഇരയായി ഇന്ത്യ വിടാന്‍ ലളിത് മോഡി നിര്‍ബന്ധിതനാകുകയായിരുന്നു എന്നാണ് വസുന്ധര രാജെ പ്രസ്താവിച്ചത്. അതിനുമപ്പുറം, തന്റെ പ്രസ്താവന ഇന്ത്യന്‍ അധികൃതര്‍ അറിയരുതെന്നും അത് രഹസ്യമായി സൂക്ഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇതിലേറെ ലജ്ജാകരമായ മറ്റൊരു നടപടി ഉണ്ടാകില്ല. ബിജെപിയുടെ ഉന്നതനേതാക്കളുടെ "സുതാര്യത'യുടെ ഉദാത്ത മാതൃകയാണിത്. ഇതാണോ ദേശസ്നേഹത്തിന്റെ പുതിയ ബ്രാന്‍ഡ്? ഇവിടെ ഇത് വെറുമൊരു താല്‍പ്പര്യസംഘട്ടനം മാത്രമല്ലാതാകുന്നു; അതുതന്നെ ആവശ്യത്തിലേറെ മോശപ്പെട്ട ഒരുകാര്യമാണെങ്കിലും അതിനുമപ്പുറം ഇത് പ്രത്യക്ഷത്തില്‍ തന്നെ കൊടുക്കല്‍വാങ്ങല്‍ ഇടപാടാണ്. വസുന്ധര രാജെയുടെ മകന്റെ ഉടമസ്ഥതയിലുള്ള നിയന്ത് ഹെറിറ്റേജ് ഹോട്ടല്‍സ് ലിമിറ്റഡിന്റെ ഓഹരികള്‍ ലളിത്മോഡി വാങ്ങുകയുണ്ടായി. ഓഹരി ഒന്നിന് പത്തുരൂപയാണ് വില. എന്നാല്‍, ലളിത് മോഡി അതു വാങ്ങിയത് ഓരോ ഓഹരിക്കും 96,000 രൂപ പ്രകാരമാണ്; മുഖവിലയുടെ 10,000 ഇരട്ടി വിലയ്ക്ക്. ഊതി വീര്‍പ്പിക്കപ്പെട്ട ഈ ഓഹരികളിലെ ഗണ്യമായ ഒരുഭാഗം ഉടന്‍തന്നെ മകനും മരുമകളും വസുന്ധര രാജെക്ക് "ജന്മദിനസമ്മാന'മായി കൈമാറുകയും ചെയ്തു. എന്നിട്ടും അവര്‍ ഇപ്പോഴും അധികാരത്തില്‍ തുടരുന്നു.
മഹാരാഷ്ട്ര മുന്നിലാണ്
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ അഴിമതി വെളിച്ചം കാണാന്‍ ഒരുവര്‍ഷംപോലും വേണ്ടിവന്നില്ല. ഉദാഹരണത്തിന്, ഒരുവര്‍ഷം പിന്നിടാന്‍ മാസങ്ങള്‍ അവശേഷിക്കെ, ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയിലെ രണ്ടു മന്ത്രിമാര്‍ കോടിക്കണക്കിനു രൂപയുടെ അഴിമതിയില്‍ ഉള്‍പ്പെട്ടതായി ആരോപണമുയര്‍ന്നു. വിനോദ് താവ്ഡെ എന്ന മന്ത്രി ടെന്‍ഡര്‍ വിളിക്കാതെ 191 കോടി രൂപയുടെ ഉപകരണങ്ങള്‍ വാങ്ങിയതായി ആരോപിക്കപ്പെടുന്നു. അതേസമയം, സംസ്ഥാന വനിത-ശിശുക്ഷേമമന്ത്രി പങ്കജ മുണ്ടെയുടെ പേര് "ചിക്കി-ചത്തയ് അഴിമതി'യുമായി ബന്ധപ്പെട്ട് പത്രങ്ങളുടെ തലവാചകങ്ങളില്‍ ഇടംപിടിച്ചിരിക്കുന്നു. ടെന്‍ഡര്‍ വിളിക്കാതെയും അംഗീകൃത മാനദണ്ഡങ്ങള്‍ പാലിക്കാതെയും അവര്‍ തന്റെ സില്‍ബന്ധികള്‍ക്ക് തികച്ചും ഏകപക്ഷീയമായി 206 കോടി രൂപയുടെ ഓര്‍ഡര്‍ നല്‍കി- അതും ഒരൊറ്റ ദിവസം. സംസ്ഥാന സര്‍ക്കാര്‍ 2013ല്‍ കരിമ്പട്ടികയില്‍പ്പെടുത്തിയ ഒരു എന്‍ജിഒക്ക് 80 കോടി രൂപയുടെ "ചിക്കി'ക്കുള്ള ഓര്‍ഡര്‍ നല്‍കിയത് ഇതില്‍പ്പെടുന്നു. ഈ ചിക്കി കളിമണ്ണുകലര്‍ത്തി മായം ചേര്‍ക്കപ്പെട്ടതാണെന്ന് പിന്നീട് കണ്ടെത്തി.
മുക്കൂട്ടു മുന്നണി
"ബിസിനസുകാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നതി'ലാണ് ബിജെപി സര്‍ക്കാര്‍ വിശ്വസിക്കുന്നത്. എല്ലാ നടപടിക്രമങ്ങളെയും നിയമങ്ങളെയും ചട്ടങ്ങളെയും അത് പൊളിച്ചടുക്കുകയാണ്; ബിസിനസ് ഇടപാടുകളെയും തെറ്റായ നടപടികളെയും നിരീക്ഷിക്കുന്നത് വേണ്ടെന്നുവയ്ക്കുകയാണ്. ഇത്തരം നയങ്ങളാണ് അഴിമതിയെ പ്രോത്സാഹിപ്പിക്കുന്നത്. ഇത്തരം നയങ്ങളാണ് രാഷ്ട്രീയക്കാരുമായി അവിശുദ്ധ കൂട്ടുകെട്ടിനുള്ള അവസരമൊരുക്കുന്നത്. ഈ നയംതന്നെയാണ് അഴിമതിക്കാരായ രാഷ്ട്രീയക്കാരും ഒരുകൂട്ടം ബ്യൂറോക്രാറ്റുകളും നേരുംനെറിയുമില്ലാത്ത ബിസിനസുകാരും ചേര്‍ന്നുള്ള അവിശുദ്ധ കൂട്ടുകെട്ട് നടത്തുന്ന അഴിമതിയുടെ അടിവേരാകുന്നത്. ഇത്തരമൊരു പരിതഃസ്ഥിതിയില്‍ ശിങ്കിടി മുതലാളിത്തം തഴച്ചുവളരുന്നു. കോടാനുകോടി രൂപയുടെ പൊതുപണം കൊള്ളയടിക്കപ്പെട്ട യുപിഎ ഭരണകാലത്തും ഇതുതന്നെയാണ് സംഭവിച്ചത്. സല്‍ഭരണം സംബന്ധിച്ച ബിജെപിയുടെ മുഖംമൂടി ഒരുവര്‍ഷത്തിനുള്ളില്‍ അഴിച്ചുമാറ്റപ്പെട്ടിരിക്കുകയാണ്. അതിന്റെ തനിനിറം ഇനിയും തുറന്നുകാട്ടപ്പെടേണ്ടതുണ്ട്.ബിജെപി-സംഘപരിവാര്‍ കൂട്ടുകെട്ടിന്റെ വര്‍ഗീയരാഷ്ട്രീയത്തിനെതിരെ എന്നപോലെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെയും സമരങ്ങള്‍ നടന്നുവരികയാണ്. ഇപ്പോള്‍ അവരുടെ അഴിമതികള്‍ സംബന്ധിച്ച സത്യങ്ങളും പുറത്തുവരുന്നു. ബിജെപിക്ക് വോട്ടുചെയ്ത ഇന്ത്യയിലെ 31 ശതമാനംപേര്‍ ഇത് പ്രതീക്ഷിച്ചതല്ല. എന്നാല്‍, ബിജെപിയെ ഇതൊന്നും ഉല്‍ക്കണ്ഠപ്പെടുത്തുന്നതേയില്ല. തങ്ങളുടെ സഹപ്രവര്‍ത്തകരുടെ സര്‍വനടപടികളെയും നാണംകെട്ട നിലയില്‍ ന്യായീകരിക്കുകയാണ്- പ്രധാനമന്ത്രി മോഡി ഭീതിദമായ മൗനത്തിലൂടെയും അമിത്ഷാ തന്റെ ശക്തമായ ന്യായവാദങ്ങളിലൂടെയും. ഇത് അംഗീകരിക്കാനാകില്ല. വലിയ കുംഭകോണങ്ങളില്‍ ഉള്‍പ്പെട്ട സുഷ്മ സ്വരാജും വസുന്ധരയും ശിവരാജ് സിങ് ചൗഹാനും ഉടന്‍ രാജിവയ്ക്കണമെന്നാണ് നീതിബോധം ആവശ്യപ്പെടുന്നത്.
ഇതിനോടൊക്കെ പ്രതിഷേധിക്കാന്‍ ആറ് ഇടതുപക്ഷ പാര്‍ടികള്‍ സംയുക്ത ആഹ്വാനം നല്‍കിയിരിക്കുകയാണ്. ബിജെപിയുടെ അഴിമതിക്കെതിരെ 20നു നടക്കുന്ന പ്രകടനത്തില്‍ ഏവരും അണിചേരുക.