പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് തൊട്ടുമുമ്പേ മരുന്നുവില നിയന്ത്രണാധികാരം പരിമിതപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയത് യാദൃച്ഛികമല്ല. 2013ലെ മരുന്നുവിലനിയന്ത്രണ ഉത്തരവിലെ 19-ാം വകുപ്പുപ്രകാരം പൊതുതാല്‍പ്പര്യാര്‍ഥം ദേശീയ അവശ്യമരുന്ന് പട്ടികയ്ക്കു പുറമെയുള്ള ഏത് മരുന്നിന്റെയും വില നിയന്ത്രിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. ഈ ഉത്തരവുപ്രകാരമാണ് ദേശീയ അവശ്യമരുന്ന് പട്ടികയില്‍ ഉള്‍പ്പെട്ട 348 മരുന്നുകള്‍ക്കുപുറമെ 108 അവശ്യമരുന്നുകളുടെകൂടി വില നിയന്ത്രിക്കുന്നതിനുള്ള ഉത്തരവ് ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി ഇറക്കിയത്. ഒരേ മരുന്നിന് വിവിധ കമ്പനികള്‍ ഈടാക്കുന്ന വിലയിലുള്ള ഭീമമായ അന്തരം ചൂണ്ടിക്കാട്ടിയാണ് വിലനിര്‍ണയസമിതി 108 മരുന്നുകളുടെ വിലനിയന്ത്രണ ഉത്തരവിറക്കിയത്. ഒരേ മരുന്നിന് വിവിധ കമ്പനികള്‍ ഈടാക്കുന്ന ശരാശരി ചില്ലറവില്‍പ്പന വിലയേക്കാള്‍ 25 ശതമാനത്തിലേറെ ഏതെങ്കിലുമൊരു കമ്പനി വില ഈടാക്കിയാല്‍ അത്തരം മരുന്നുകളുടെ വില നിയന്ത്രിക്കുന്നതിനും 2013ലെ മരുന്നുവിലനിയന്ത്രണ ഉത്തരവു പ്രകാരം വിലനിയന്ത്രണസമിതിക്ക് അധികാരമുണ്ട്. ദേശീയ അവശ്യമരുന്ന് പട്ടിക (നാഷണല്‍ ലിസ്റ്റ് ഓഫ് എസന്‍ഷ്യല്‍ മെഡിസിന്‍- എന്‍എല്‍ഇഎം)യ്ക്കു പുറമെയുള്ള മരുന്നുകളുടെ വില നിയന്ത്രിക്കുന്ന ഉത്തരവാണ് മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് തൊട്ടുമുമ്പേ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് റദ്ദാക്കിയത്.
ദേശീയ അവശ്യമരുന്ന് പട്ടികയില്‍ ക്യാന്‍സര്‍, എയ്ഡ്സ്, ക്ഷയം, മലേറിയ, ഹൃദ്രോഗം, പ്രമേഹം, ആസ്മ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കുള്ള നിരവധി അവശ്യമരുന്നുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 2013ലെ ഉത്തരവു പ്രകാരം കേവലം 348 മരുന്നുകളുടെ പരമാവധി ഈടാക്കാവുന്ന വിലയാണ് വിലനിര്‍ണയസമിതി നിശ്ചയിക്കുന്നത്. ഇത് മൊത്തം മരുന്നുവിപണിയുടെ 13 ശതമാനം മാത്രമാണ്. പുതുതായി ഉള്‍പ്പെടുത്താന്‍ ശ്രമിച്ച 108 മരുന്നുകള്‍ ചേര്‍ന്നാല്‍ത്തന്നെ നിയന്ത്രണം 20 ശതമാനം മരുന്നുകള്‍ക്കുമാത്രമാണ് ബാധകമാവുക. ഇതുപോലും അനുവദിക്കില്ലെന്ന വാശിയിലാണ് അമേരിക്കന്‍ അധിഷ്ഠിത മരുന്നുവ്യവസായ ഭീമന്മാര്‍. പുതിയ ഉത്തരവിലൂടെ 108 മരുന്നുകളുടെ വിലനിയന്ത്രണം ഇല്ലാതാവുകയും വന്‍കിട കമ്പനികള്‍ക്ക് ഇന്ത്യന്‍ ആതുരസേവനമേഖലയെ കൊള്ളയടിക്കാന്‍ അവസരമൊരുങ്ങുകയും ചെയ്യും. ഇതോടെ ക്യാന്‍സര്‍, ഹൃദ്രോഗം, പ്രമേഹം, ക്ഷയം, മലേറിയ, ആസ്മ, എയ്ഡ്സ് തുടങ്ങിയ മാരകരോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ വില കുതിച്ചുയരും എന്നാണ് റിപ്പോര്‍ട്ട്.

ഔഷധക്കമ്പനികള്‍ കൊള്ളലാഭം ലക്ഷ്യമിട്ട് നിശ്ചയിച്ച വിലയും നിയന്ത്രിതവിലയും തമ്മിലുള്ള ഭീമമായ അന്തരമാണ് ഇതിന്റെ കാരണം. വിലനിര്‍ണയസമിതി പുതുതായി ഉള്‍പ്പെടുത്തിയ വിലനിയന്ത്രണ ഉത്തരവല്ല, ആഭ്യന്തര ഗൈഡ്ലൈന്‍മാത്രമാണ് പിന്‍വലിച്ചതെന്ന വിശദീകരണമാണ് കേന്ദ്രസര്‍ക്കാര്‍ ഈ ഘട്ടത്തില്‍ നല്‍കിയത്. വില നിയന്ത്രിച്ചുള്ള ഉത്തരവല്ല വിലനിയന്ത്രണ അധികാരം പിന്‍വലിക്കുകതന്നെയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. വിലനിയന്ത്രണ ഉത്തരവ് ചോദ്യംചെയ്ത് മുംബൈ, ഡല്‍ഹി ഹൈക്കോടതികളില്‍ മരുന്നുകുത്തകകള്‍ നല്‍കിയ കേസ് കോടതി പരിഗണിക്കുന്ന ഘട്ടത്തിലാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം വന്നത്. മുംബൈ, ഡല്‍ഹി ഹൈക്കോടതികളിലെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍മാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിന്റെ കോപ്പി അടിയന്തരമായി നല്‍കിയതിന്റെയും സര്‍ക്കാര്‍നിലപാട് കോടതിയെ അറിയിക്കണമെന്ന് നിഷ്കര്‍ഷിച്ചതിന്റെയും പിന്നിലെ ലക്ഷ്യം വ്യക്തം.



വിലനിയന്ത്രണാധികാരമില്ലാത്ത ഒരു സമിതി പുറത്തിറക്കിയ വിലനിയന്ത്രണ ഉത്തരവ് കോടതി കടക്കുമോ എന്ന കാര്യം കണ്ടറിയണം. വിലനിയന്ത്രണ അധികാരം പിന്‍വലിച്ചതോടെ ദേശീയ അവശ്യമരുന്ന് പട്ടികയ്ക്കു പുറമെയുള്ള മരുന്നുകളുടെ വില നിയന്ത്രിക്കാന്‍ കഴിയാതാകും. കുത്തകകളെ പ്രീണിപ്പിക്കുന്ന വലതുപക്ഷ സര്‍ക്കാരുകള്‍ മരുന്നുവിലനിയന്ത്രണം ഒഴിവാക്കുന്നതിനുള്ള ഗൂഢശ്രമമാണ് എല്ലാക്കാലത്തും നടത്തിയത്.



1975ലെ ഔഷധവിലനിര്‍ണയ ഉത്തരവ് (ഡിപിസിഒ) പ്രകാരം 450 അവശ്യമരുന്നുകളുടെ വില നിയന്ത്രിച്ചിരുന്നു. ഔഷധകുത്തകകളുടെ സമ്മര്‍ദത്തിനു വഴങ്ങി 1985ല്‍ ഇത് 142 ആയും 1995ല്‍ 73 ആയും 2002ല്‍ 39 ആയും വെട്ടിക്കുറച്ചു. കുത്തക താല്‍പ്പര്യത്തിന് അനുസൃതമായി ഔഷധവിലനിയന്ത്രണം പൂര്‍ണമായി ഒഴിവാക്കുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം. ഈ ഘട്ടത്തില്‍ സുപ്രീംകോടതിയില്‍ ഐഡാന്‍ (ഓള്‍ ഇന്ത്യ ഡ്രഗ് ആക്ഷന്‍ നെറ്റ്വര്‍ക്ക്) സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിച്ച് അവശ്യമരുന്നുപട്ടികയില്‍ എല്ലാ അവശ്യമരുന്നുകളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് നിഷ്കര്‍ഷിക്കുകയുണ്ടായി. ഇതേത്തുടര്‍ന്നാണ് ദേശീയ അവശ്യമരുന്നുപട്ടികയില്‍ 348 മരുന്നുകള്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍, 1995 വരെ നിലവിലുണ്ടായിരുന്ന ഔഷധവിലനിര്‍ണയരീതി അട്ടിമറിച്ച് ഔഷധ കുത്തകസേവ നടത്തുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ശുഷ്കാന്തി കാട്ടിയത്.

1995 വരെ നിലവിലുണ്ടായിരുന്ന ഔഷധവിലനിര്‍ണയ ഉത്തരവുപ്രകാരം ഉല്‍പ്പാദനച്ചെലവ്, കമ്പനികളുടെ ലാഭം, നികുതി മുതലായ ഘടകങ്ങള്‍ കണക്കിലെടുത്ത് ഔഷധവില നിശ്ചയിക്കാനുള്ള അധികാരമാണ് വിലനിര്‍ണയസമിതിക്കുണ്ടായിരുന്നത്. 1975 മുതല്‍ ഔഷധവിലനിയന്ത്രണവുമായി ബന്ധപ്പെട്ട വിലനിര്‍ണയരീതിയാണ് 2013ലെ പുതിയ ഔഷധവിലനിര്‍ണയ ഉത്തരവിലൂടെ (സിപിസിഎ 2013) യുപിഎ സര്‍ക്കാര്‍ അട്ടിമറിച്ചത്. ഉല്‍പ്പാദനച്ചെലവ് കണക്കാക്കി വിലനിര്‍ണയിക്കുന്ന രീതിക്കുപകരം കമ്പോളത്തിലെ ശരാശരിവില കണക്കാക്കി എംആര്‍പി നിശ്ചയിക്കുന്ന നില വന്നതോടെ രാജ്യത്താകെ ഔഷധവില വന്‍തോതില്‍ കുതിച്ചുയര്‍ന്നു. 2005ലെ പേറ്റന്റ് നിയമഭേദഗതിയോടെ പേറ്റന്റുള്ള ഔഷധങ്ങളുടെ വില നിയന്ത്രിക്കാനുള്ള സംവിധാനവുമില്ലാതായി. ക്യാന്‍സര്‍, പ്രമേഹം, ക്ഷയം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് നല്‍കിവരുന്ന സുപ്രധാന മരുന്നുകളുടെ വിലനിയന്ത്രിക്കാനാകാതെ വന്നത് ഇക്കാരണത്താലാണ്. 2013ലെ ഉത്തരവിലെ 19-ാം വകുപ്പുപ്രകാരം അവശ്യഘട്ടത്തില്‍ ഏതു മരുന്നിന്റെയും വിലനിയന്ത്രിക്കുന്നതിനുള്ള അധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമായിരുന്നു. ഈ വ്യവസ്ഥപ്രകാരമാണ് 108 മരുന്നുകളുടെ വില നിയന്ത്രിക്കുന്നതിനുള്ള നീക്കം വിലനിര്‍ണയസമിതി നടത്തിയത്. ഈ ഒരധികാരമാണ് മോഡിസര്‍ക്കാര്‍ പുതിയ ഉത്തരവിലൂടെ പിന്‍വലിച്ചത്.പ്രധാനമന്ത്രിയുടെ അമേരിക്കന്‍ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പേ അവശ്യമരുന്നുപട്ടികയ്ക്കു പുറമെയുള്ള മരുന്നുവിലനിയന്ത്രണാധികാരം എടുത്തുകളഞ്ഞതുവഴി അമേരിക്കന്‍ഭരണകൂടത്തിന്റെ ഇംഗിതത്തിനു വഴങ്ങിയുള്ള കൃത്യമായ സന്ദേശമായിരുന്നു കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്.
നേരിട്ടുള്ള വിദേശനിക്ഷേപം ആകര്‍ഷിക്കാനെന്ന മറവില്‍ ഇന്ത്യയിലെ ആതുരസേവനമേഖലയെമാത്രമല്ല, വികസ്വരരാജ്യങ്ങളുടെ ഫാര്‍മസിയെയാകെയാണ് മോഡി സര്‍ക്കാര്‍ അപകടത്തിലാക്കുന്നത്. 2001ല്‍ ഫാര്‍മസ്യൂട്ടിക്കല്‍മേഖലയില്‍ 100 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിച്ചതിന്റെ അനുഭവം പരിശോധിക്കാനെങ്കിലും മോഡി സര്‍ക്കാര്‍ തയ്യാറാകേണ്ടതാണ്. ബഹുരാഷ്ട്ര ഭീമന്മാര്‍ പുതിയ മരുന്നുകമ്പനികള്‍ സ്ഥാപിച്ച് പുതിയ സൗകര്യങ്ങള്‍ ഒരുക്കിയുള്ള നിക്ഷേപമല്ല (ഗ്രീന്‍ഫീല്‍ഡ് നിക്ഷേപം) ഇവിടെ വന്നത്. മറിച്ച്, ഇന്ത്യന്‍ പേറ്റന്റ് നിയമത്തിന്റെയും മറ്റും പിന്‍ബലത്തില്‍ വളര്‍ന്നുവന്ന ഇന്ത്യന്‍കമ്പനികളെ വിലകൊടുത്തുകൊണ്ടുള്ള നിക്ഷേപമായിരുന്നു അത് (ബ്രൗണ്‍ ഫീല്‍ഡ് നിക്ഷേപം).

അമേരിക്കന്‍ ഔഷധഭീമന്‍ മൈലാന്‍ ഇന്ത്യയുടെ മാട്രിക്സ് ലബോറട്ടറീസ് വിലയ്ക്കെടുത്തതും ഇന്ത്യയിലെ ഏറ്റവും വലിയ ഔഷധക്കമ്പനിയായ റാന്‍ബാക്സിയെ ജപ്പാന്‍ കമ്പനി ഡയിച്ചി  വിലയ്ക്കെടുത്തതും ഇത്തരം ബ്രൗണ്‍ഫീല്‍ഡ് നിക്ഷേപങ്ങളില്‍ ചിലതുമാത്രം. ഇന്ത്യന്‍ കമ്പനികളെ ബഹുരാഷ്ട്ര ഭീമന്മാരുടെ കൈപ്പിടിയിലൊതുക്കാന്‍ അവസരമുണ്ടാക്കുന്ന നയം രാജ്യതാല്‍പ്പര്യത്തെ മുന്‍നിര്‍ത്തിയല്ല. വിദേശഭീമന്മാരുടെ നിയന്ത്രണത്തിലായതോടെ ഈ കമ്പനികള്‍ ഉല്‍പ്പാദിപ്പിക്കുന്ന ജനറിക്മരുന്നുകളുടെ വില വര്‍ധിപ്പിച്ചും പുതിയവ ഉല്‍പ്പാദിപ്പിക്കേണ്ടതില്ലെന്നു തീരുമാനിച്ചും തങ്ങളുടെ വിലയേറിയ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള ജനറിക് വെല്ലുവിളി ഇല്ലാതാക്കുകയായിരുന്നു ഇക്കൂട്ടര്‍ചെയ്തത്. അമേരിക്കന്‍ തിട്ടൂരത്തിനു വഴങ്ങി ഉല്‍പ്പന്ന പേറ്റന്റ് വ്യവസ്ഥ അംഗീകരിച്ചതിനുശേഷം 2005നും 2010നുമിടയില്‍ ഇന്ത്യാ ഗവണ്‍മെന്റ് അനുവദിച്ച 3488 പേറ്റന്റുകളില്‍ 3079ഉം കരസ്ഥമാക്കിയത് വിദേശ ബഹുരാഷ്ട്ര മരുന്നുകമ്പനികളാണ്. ഈ മരുന്നുകളുടെ ജനറിക് പതിപ്പുകള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ഇന്ത്യന്‍ കമ്പനികളുടെ സാധ്യത ഇല്ലാതാക്കിയതാണ് ഇതിന്റെ ദുരന്തഫലം. ഇന്ത്യയിലെമാത്രമല്ല, ലോകത്തെമ്പാടുമുള്ള മനുഷ്യര്‍ക്ക് ചെലവുകുറഞ്ഞ മരുന്ന് നിഷേധിക്കുകയായിരുന്നു പേറ്റന്റ് നിയമഭേദഗതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ചെയ്തത്.

75,690 കോടി രൂപയുടെ വാര്‍ഷിക വിറ്റുവരവുള്ള മേഖലയാണ് ഇന്ത്യന്‍ ഔഷധവ്യാപാര രംഗം. ബഹുരാഷ്ട്രഭീമന്മാരുടെ താല്‍പ്പര്യത്തിനു വഴങ്ങുന്ന കേന്ദ്രസര്‍ക്കാര്‍, രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുന്നതിന് ഒത്താശചെയ്യുന്ന സമീപനമാണ് സ്വീകരിക്കുന്നത്. മന്‍മോഹന്‍സിങ്ങും കൂട്ടരും നടപ്പാക്കിയ സമ്പന്നാനുകൂലനയം കൂടുതല്‍ ശക്തമാക്കാനുള്ള അത്യാവേശത്തിലാണ് മോഡിസര്‍ക്കാര്‍. രാജ്യത്തെ നിര്‍ധനരായ മനുഷ്യരുടെ ജീവിതംതന്നെയാണ് നരേന്ദ്രമോഡി ഒബാമയ്ക്കു മുന്നില്‍ കാഴ്ചവച്ചത്. ഇന്ത്യന്‍ ഔഷധവിപണിയെ കൈപ്പിടിയിലൊതുക്കാനുള്ള അമേരിക്കന്‍കമ്പനികളുടെ കുശലനീക്കങ്ങള്‍ക്ക്് പച്ചക്കൊടികാട്ടുകയാണ് പുതിയ ഉത്തരവിലൂടെ കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. മരുന്നുവിലനിയന്ത്രണം ഉപേക്ഷിച്ചും പേറ്റന്റ് നിയമത്തിലെ പരിമിതമായ നിയന്ത്രണാധികാരംപോലും അമേരിക്കന്‍ പ്രസിഡന്റിന്റെ കാല്‍ക്കീഴില്‍ സമര്‍പ്പിച്ചും, മന്‍മോഹന്‍സിങ്ങിനേക്കാള്‍ വലിയ സാമ്രാജ്യത്വഭക്തനാണ് താനെന്ന് മോഡി തെളിയിച്ചു.(അവസാനിച്ചു)