ഈ വര്‍ഷം യുഡിഎഫ് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി (പ്ലസ്ടു) സ്കൂളുകളും ബാച്ചുകളും അനുവദിച്ചതു സംബന്ധിച്ച അഴിമതി ആരോപണങ്ങള്‍ കേരളത്തിലെ വിദ്യാഭ്യാസ ബൊഫോഴ്സായി മാറിയിരിക്കുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് ലംഘിച്ചതായി എംഇഎസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ പരാതിപ്പെട്ടു. കൊല്ലം പവിത്രേശ്വരത്ത് നവോത്ഥാനായകനായ ശ്രീനാരായണഗുരുവിന്റെ പവിത്രനാമത്തിലുള്ള വിദ്യാലയത്തില്‍ പ്ലസ്ടു അനുവദിക്കാന്‍ ഒരു കോടി രൂപ കോഴ ചോദിച്ചതായി സ്കൂള്‍ മാനേജര്‍ ഓമന ശ്രീറാം വ്യക്തമാക്കി. പണത്തിനുപകരം നാല് അധ്യാപക തസ്തികയിലും ഒരു പ്യൂണ്‍ തസ്തികയിലും തങ്ങള്‍ പറയുന്നവരെ നിയമിക്കാമെന്ന വ്യവസ്ഥയും സ്വീകാര്യമാണെന്ന് യുഡിഎഫില്‍നിന്നുള്ള ഇടപാടുകാര്‍ (ഇതില്‍ കോണ്‍ഗ്രസും ലീഗും ഉള്‍പ്പെടുമത്രെ) അറിയിച്ചതായും മാനേജര്‍ പറഞ്ഞു. ഇതില്‍നിന്ന് പ്ലസ്ടു അനുവദിക്കാനും അതില്‍ നിയമനം നടത്താനും നിലവിലുള്ള കോഴ നിലവാരം വ്യക്തമാകുന്നുമുണ്ട്. പ്ലസ്ടുവുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന അഴിമതിയുടെ ഒട്ടേറെ വിവരങ്ങള്‍ ഇതിന് പുറമെ വിവിധ അച്ചടി-ദൃശ്യമാധ്യമങ്ങള്‍ പുറത്തുകൊണ്ടുവരികയാണ്.

ആക്ഷേപങ്ങളും പരാതികളും കോടതിയിലുമെത്തി. എന്താണ് പുതിയ പ്ലസ്ടു സംബന്ധിച്ച മാനദണ്ഡമെന്ന് വ്യക്തമാക്കാന്‍ ഉമ്മന്‍ചാണ്ടി- അബ്ദുറബ്ബ് സര്‍ക്കാരിനോട് ഹൈക്കോടതി ജസ്റ്റിസ് പി എന്‍ രവീന്ദ്രന്‍ ആവശ്യപ്പെട്ടു. ഹയര്‍സെക്കന്‍ഡറി ഡയറക്ടറുടെ ശുപാര്‍ശ മറികടന്ന് പ്ലസ്ടു അനുവദിച്ചെന്ന് ഹൈക്കോടതിക്ക് ബോധ്യപ്പെട്ട എറണാകുളം ജില്ലയിലെ തുറവൂര്‍ മാര്‍ അഗസ്റ്റിന്‍ ഹൈസ്കൂളില്‍ പ്ലസ്ടു പ്രവേശനം ഹൈക്കോടതി തടഞ്ഞു. ഒരു വിശുദ്ധന്റെ നാമധേയത്തിലുള്ള വിദ്യാഭ്യാസസ്ഥാപനത്തിന് യുഡിഎഫ് അഴിമതിവാഴ്ചയില്‍ അനുഭവിക്കേണ്ടിവന്ന ഗതികേട് "ദൈവം ക്ഷമിക്കട്ടെ'!
പ്ലസ്ടു കേസില്‍ മന്ത്രിസഭാ ഉപസമിതിയെ കക്ഷിചേര്‍ത്ത ഹൈക്കോടതി, സര്‍ക്കാര്‍ ഉത്തരവും അനുബന്ധ രേഖകളും ഹാജരാക്കണമെന്നും അഡ്വക്കറ്റ് ജനറലിനോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച പത്രലേഖകരുടെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടിയായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവര്‍ത്തിക്കുന്ന രണ്ട് വാചകങ്ങളുണ്ട്. "നീഡ് ബേയ്സ്ഡ് ആയിട്ടാണ് ഞങ്ങള്‍ അനുമതി നല്‍കിയത്' എന്നും "മന്ത്രിസഭയ്ക്കും മുഖ്യമന്ത്രിയായ എനിക്കുമാണ് ഇതിനെല്ലാം പൂര്‍ണ ഉത്തരവാദിത്തം' എന്നും. ഇതു രണ്ടും ശരിയാണെന്നതില്‍ ആര്‍ക്കും സംശയവുമില്ല. "നീഡ്' എന്ന ആംഗലപദത്തിന്റെ അര്‍ഥം "ആവശ്യം' എന്നാണല്ലോ. ആരുടെ എന്ത് ആവശ്യം എന്നത് മാധ്യമങ്ങള്‍ വെളിപ്പെടുത്തിവരികയാണ്. ഇതിന്റെയൊക്കെ ഉത്തരവാദിത്തം മറ്റാരും ഏറ്റെടുക്കുമെന്നും നമ്മളാരും കരുതുന്നില്ല.വിദ്യാഭ്യാസമേഖലയെ മാത്രമല്ല, കേരളനാടിനെ ആസകലം നാറ്റി നാണംകെടുത്തുന്ന ഈ ഹിമാലയന്‍ കുംഭകോണം ഒരുവശത്തും കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്ലസ്ടു സ്കൂളും കോഴ്സും അനുവദിച്ച മാതൃക മറുവശത്തുമായി താരതമ്യംചെയ്താല്‍ എന്താണ് കാണാനാവുക?

2008ല്‍ ഹൈസ്കൂളുകളെ ഹയര്‍സെക്കന്‍ഡറിയും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയുമായി ഉയര്‍ത്തുകയും (124 സ്കൂളുകള്‍) പ്ലസ്ടു പഠനസൗകര്യമുണ്ടായിരുന്നവയില്‍ കുടുതല്‍ ബാച്ചുകള്‍ പുതുതായി അനുവദിക്കുകയുംചെയ്ത് (490) ആദ്യഘട്ടത്തില്‍ അനുവദിച്ചത് ഇരുപത്താറായിരത്തി ഇരുനൂറ് (26,200) പ്ലസ്ടു സീറ്റുകളാണ്. മുഴുവന്‍ സര്‍ക്കാര്‍ മേഖലയില്‍ മാത്രമായിരുന്നു. അതാകട്ടെ, അന്ന് പ്ലസ്ടു പഠന സൗകര്യം ഏറ്റവും കുറവുണ്ടായിരുന്ന കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലും. രണ്ടാംഘട്ടമായി 2010ല്‍ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് പുറമെ സര്‍ക്കാര്‍ എയ്ഡഡ്- അണ്‍ എയ്ഡഡ് സ്കൂളുകളില്‍കൂടി മാനദണ്ഡങ്ങള്‍ പാലിച്ച് പ്ലസ്ടു അനുവദിച്ചു. ഒരൊറ്റ അഴിമതി ആരോപണവും സ്കൂളോ ബാച്ചോ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്നില്ല. ചില സ്വകാര്യ മാനേജര്‍മാര്‍, തങ്ങള്‍ക്ക് അവകാശമുണ്ടായിട്ടും സര്‍ക്കാര്‍ ഹൈസ്കൂളിന് പരിഗണന നല്‍കി എന്ന് പരാതിപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചപ്പോള്‍, സര്‍ക്കാര്‍ മാനദണ്ഡം ശാസ്ത്രീയവും സുതാര്യവുമാണെന്ന് വിശദീകരിച്ച് കോടതിയുടെ അംഗീകാരം നേടുകയാണുണ്ടായത്.
പ്ലസ്ടു പഠനസൗകര്യം കേരളത്തിലെ എല്ലാ പഞ്ചായത്തിലും ലഭ്യമാക്കുക എന്ന നയം 2010ല്‍ എല്‍ഡിഎഫ് സര്‍ക്കാരാണ് പ്രഖ്യാപിച്ചത്. അന്ന് നടത്തിയ പഠനത്തില്‍ ഇരുനൂറ്റിമുപ്പതോളം പഞ്ചായത്തിലാണ് പ്ലസ്ടു പഠനസൗകര്യം ഇല്ലാതിരുന്നത്. (ത്രിതല പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ മാറ്റങ്ങള്‍ വരുന്നതുമൂലം ഇതുസംബന്ധിച്ച എണ്ണത്തില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകും). അതില്‍ നേര്‍പകുതിയിലേറെ പഞ്ചായത്തുകളില്‍ - നൂറ്റിഇരുപത്താറ് -പ്ലസ്ടു പഠനസൗകര്യം ഏര്‍പ്പെടുത്താന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞു. തമിഴ് ഭാഷാ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ഇടുക്കിജില്ലയിലെ ആറു സ്കൂള്‍ ഉള്‍പ്പെടെ തൃശൂര്‍ മുതല്‍ വടക്കോട്ടുള്ള ജില്ലകളിലാണ് ഈ ഘട്ടത്തില്‍ പ്ലസ്ടു അനുവദിച്ചത്. എറണാകുളംമുതല്‍ തെക്കോട്ടുള്ള ജില്ലകളില്‍ ഭാവിയില്‍ പ്ലസ്ടു പഠനസൗകര്യമില്ലാത്ത പഞ്ചായത്തുകളെ പരിഗണിക്കാമെന്ന നയവും അന്ന് പ്രഖ്യാപിച്ചു. അതിനുപുറമെ എല്ലാ പ്ലസ്ടു സ്കൂളിലും 10 ശതമാനം സീറ്റ് വര്‍ധിപ്പിക്കാനുള്ള അനുമതിയും അന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതിന്റെ പ്രയോജനം തെക്കന്‍ ജില്ലകളിലെ സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകള്‍ക്കും ലഭിക്കുകയുണ്ടായി.എയ്ഡഡ് സ്കൂളുകളുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ച് സുതാര്യമായും അഴിമതിവിമുക്തമായും തീരുമാനമെടുത്തു; ഏതെങ്കിലും ജാതിമത വിഭാഗങ്ങളെ പ്രീണിപ്പിക്കാനോ അവഗണിക്കാനോ തയ്യാറായില്ല.



മാനേജ്മെന്റ് വ്യക്തിപരമോ കോര്‍പറേറ്റോ എന്ന തരംതിരിവുകൂടാതെ നോക്കിയാല്‍ ഹിന്ദു 63, ക്രിസ്ത്യന്‍ 48, മുസ്ലിം 43 എന്നിങ്ങനെയാണ് അന്നനുവദിച്ചവയെ തരംതിരിക്കാവുത്. ഇപ്പോള്‍, സര്‍വ മാനദണ്ഡങ്ങളും ലംഘിച്ച് മറ്റു ചില പരിഗണനകളുടെ അടിസ്ഥാനത്തിലാണ് സ്കൂളുകളും ബാച്ചുകളും കച്ചവടംചെയ്തത്. ഇങ്ങനെ അനുവദിക്കപ്പെട്ട ഒരു സീറ്റില്‍പ്പോലും ഏകജാലകംവഴി പ്രവേശനം നടത്തുന്നില്ല. അനര്‍ഹമായി ലഭിച്ച സീറ്റുകള്‍ മെറിറ്റോ സംവരണമോ ബാധകമല്ലാതെ കച്ചവടം നടത്താന്‍ എയ്ഡഡ് സ്കൂളുകള്‍ക്ക് സൗകര്യം ചെയ്തുകൊടുത്തിരിക്കുകയാണ് ഇതിലൂടെ.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച എല്ലാ സീറ്റുകളിലും ഏകജാലക സമ്പ്രദായംവഴി മാത്രമേ പ്രവേശനം അനുവദിച്ചിട്ടുള്ളൂ എന്നും ഓര്‍ക്കേണ്ടതുണ്ട്. ആക്ഷേപരഹിതമായി തീരുമാനങ്ങളെടുത്ത എല്‍ഡിഎഫ് സര്‍ക്കാരിന്റെ മാതൃക കേരളത്തില്‍ ഉണ്ടെന്നിരിക്കെ എന്തുകൊണ്ട് യുഡിഎഫ് ഭരണത്തില്‍ ഇത്രവലിയ അഴിമതിക്ക് ഇടവന്നു? കാരണം വ്യക്തമാണ്. കമ്പോളശക്തികള്‍ക്ക് സര്‍വതും കീഴ്പ്പെടുത്തുന്ന നയമാണ് യുഡിഎഫിന്റേത്. വിദ്യാഭ്യാസമെന്നതുപോലെ വിദ്യാലയവും ഒരു കച്ചവടവസ്തുവാണ്.
മൂന്നുവര്‍ഷത്തിനിടയില്‍ രണ്ടായിരത്തഞ്ഞൂറ് സിബിഎസ്ഇ, അണ്‍എയ്ഡഡ് സ്കൂളുകള്‍ക്കാണ് ഇവര്‍ പുതുതായി അനുമതി നല്‍കിയത്. എല്‍ഡിഎഫ് കാലത്ത് ഗുണനിലവാരം ഉയര്‍ത്തി ശക്തിപ്പെടുത്താന്‍ പരിശ്രമിച്ച പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുന്ന ഈ വിനാശകരമായ നയം തിരുത്താതെ വിദ്യാഭ്യാസത്തിന്റെ കരിഞ്ചന്തവല്‍ക്കരണം അവസാനിപ്പിക്കാനാകില്ല. 

എല്ലാ കൂട്ടരും ഒരുപോലെയാണെന്ന ചിലരുടെ ബോധപൂര്‍വമായ പ്രചാരണം- ചിലരുടെ അറിവില്ലായ്മമൂലമുള്ള പ്രസ്താവം- എത്രമാത്രം അവാസ്തവമാണെന്നും മേല്‍ക്കൊടുത്ത താരതമ്യം വ്യക്തമാക്കുന്നു.