2014, ഓഗസ്റ്റ് 7, വ്യാഴാഴ്‌ച

വലതുപക്ഷ ആക്രമണം ശക്തിപ്പെടുമ്പോള്‍

by പ്രകാശ് കാരാട്ട് on 06-August-2014

മോഡി സര്‍ക്കാര്‍ ആദ്യമായി ഒരു സുപ്രധാന ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരിക്കുകയാണ്. ഇന്‍ഷുറന്‍സ് നിയമത്തില്‍ ഭേദഗതി വരുത്തുന്ന ബില്ലാണിത്. വിദേശനിക്ഷേപം 26 ശതമാനമെന്നത് 49 ആയി ഉയര്‍ത്താനാണ് ഇത്. വിദേശനിക്ഷേപം 49 ശതമാനമാക്കി ഉയര്‍ത്തുന്നതിന് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ സമാനമായ ബില്‍ 2008ല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. അന്ന് പ്രതിപക്ഷത്തായിരുന്ന ബിജെപി ബില്‍ പാസാക്കാന്‍ സഹകരിച്ചില്ല. ഇപ്പോള്‍ പ്രതിപക്ഷത്തായപ്പോള്‍ കോണ്‍ഗ്രസ് പറയുന്നത് ബില്ലിനെ എതിര്‍ക്കാനില്ലെങ്കിലും അത് സെലക്ട് കമ്മിറ്റിക്ക് വിട്ട് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ്. സെലക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്കുശേഷം പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍ ബില്‍ പാസാക്കാമെന്നാണ് രാജ്യസഭയിലെ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞത്. അതായത്, നമ്മള്‍ ഇപ്പോള്‍ കാണുന്നത് നിഴല്‍യുദ്ധമാണെന്ന്. യുപിഎ സര്‍ക്കാരിന്റെ നവ ഉദാരവല്‍ക്കരണനയങ്ങള്‍തന്നെയാണ് മോഡി സര്‍ക്കാരും പിന്തുടരുന്നത് എന്നാണ് രണ്ടു മാസത്തെ അവരുടെ ഭരണം വ്യക്തമാക്കുന്നത്. ബജറ്റിനെ ഒരു വിദഗ്ധന്‍ വിശേഷിപ്പിച്ചത് "കാവി ലിപ്സ്റ്റിക്കോടെയുള്ള ചിദംബരത്തിന്റെ ബജറ്റ്' എന്നാണ്.
പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയായാലും കോര്‍പറേറ്റുകള്‍ക്കും വിദേശമൂലധന ശക്തികള്‍ക്കും നികുതി ഇളവ് നല്‍കുന്ന കാര്യമായാലും ഇന്ധനം, രാസവളം, ഭക്ഷ്യവസ്തുക്കള്‍ എന്നിവയ്ക്കുള്ള സബ്സിഡികള്‍ വെട്ടിക്കുറയ്ക്കുന്ന കാര്യത്തിലായാലും കോണ്‍ഗ്രസ് സര്‍ക്കാരും ബിജെപി സര്‍ക്കാരും തമ്മില്‍ ഒരു വ്യത്യാസവുമില്ല. ഇരു സര്‍ക്കാരുകളും നവ ഉദാരവല്‍ക്കരണ ചട്ടക്കൂടിനുള്ളില്‍നിന്നാണ് പ്രവര്‍ത്തിക്കുന്നത്.
വര്‍ഗപരമായ ഈ നിലപാട് കാരണം കോണ്‍ഗ്രസിന് പ്രതിപക്ഷത്തിന്റെ കടമപോലും നിര്‍വഹിക്കാന്‍ കഴിയുന്നില്ല. ആഗസ്ത് ഒന്നിന് രാജസ്ഥാന്‍ നിയമസഭ നിരവധി തൊഴില്‍നിയമങ്ങളില്‍ ഭേദഗതികള്‍ അംഗീകരിച്ചു. സംസ്ഥാനത്തെ ബിജെപി സര്‍ക്കാരാണ് ഈ ഭേദഗതികള്‍ കൊണ്ടുവന്നത്. ഈ ഭേദഗതികളൊക്കെയും തൊഴിലുടമകളുടെയും മുതലാളിമാരുടെയും താല്‍പ്പര്യം സംരക്ഷിക്കുന്നതും തൊഴിലാളികളുടെയും ട്രേഡ്യൂണിയനുകളുടെയും അവകാശങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതുമാണ്. ഉദാഹരണത്തിന്, വ്യവസായ തര്‍ക്കനിയമത്തില്‍ വരുത്തിയ ഭേദഗതിയനുസരിച്ച് ഇനിമുതല്‍ 300 തൊഴിലാളികളുള്ള ഫാക്ടറികള്‍ക്കുമാത്രമേ തൊഴിലാളികളെ പിരിച്ചുവിടുന്നതിന് സര്‍ക്കാരിന്റെ അനുമതി വേണ്ടതുള്ളൂ. നേരത്തെ 100 തൊഴിലാളികളുള്ള ഫാക്ടറികള്‍ക്ക് ഇത് ബാധകമായിരുന്നു. പുതിയ ഭേദഗതി അംഗീകരിക്കപ്പെട്ടതോടെ മുന്നൂറില്‍ കുറവ് തൊഴിലാളികളുള്ള ഫാക്ടറികളില്‍ തൊഴിലുടമയ്ക്ക് യഥേഷ്ടം തൊഴിലാളികളെ പിരിച്ചുവിടാം. പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസാകട്ടെ, ഈ ഭേദഗതികളെ എതിര്‍ക്കുന്നില്ലെന്നുമാത്രമല്ല, പിന്തുണയ്ക്കുകയുമാണ്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചതോടെ ഇന്ത്യന്‍ രാഷ്ട്രീയത്തിലുണ്ടായ വലതുപക്ഷമാറ്റത്തിന് കോണ്‍ഗ്രസും അതിന്റെ സംഭാവനകള്‍ നല്‍കുകയാണ്. കഴിഞ്ഞ പത്തുവര്‍ഷം യുപിഎ സര്‍ക്കാര്‍ പിന്തുടര്‍ന്ന നവ ഉദാരവല്‍ക്കരണനയങ്ങളാണ് ബിജെപിയുടെ വളര്‍ച്ചയ്ക്ക് കാരണമായത്. കോണ്‍ഗ്രസ് ഭരണഫലമായുണ്ടായ ജീവിതദുരിതങ്ങളിലുള്ള പ്രതിഷേധത്തെയാണ് ബിജെപി നേട്ടമാക്കിയത്. ജനങ്ങളിലുള്ള പ്രതിഷേധത്തെ വര്‍ഗീയ വിഭാഗീയ പാതയില്‍ തിരിച്ചുവിട്ടാണ് ബിജെപി അവരെ സംഘടിപ്പിച്ചത്. ഉത്തര്‍പ്രദേശിലെ 80 സീറ്റില്‍ 71ഉം അവര്‍ നേടിയത് ഇതാണ് തെളിയിക്കുന്നത്.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടുമാസത്തിനുശേഷവും വര്‍ഗീയ വിഭജനവും വര്‍ഗീയശക്തികളുടെ സ്വാധീനവും കുറഞ്ഞിട്ടില്ലെന്നുമാത്രമല്ല, വര്‍ഗീയലഹളകള്‍ ശമനമില്ലാതെ തുടരുകയുമാണ്. കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി മൊറാദാബാദിലും സഹരന്‍പുരിലും വര്‍ഗീയസംഘര്‍ഷങ്ങളുണ്ടായി. മൊറാദാബാദിലെ ഒരു ഗ്രാമീണക്ഷേത്രത്തില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് സംബന്ധിച്ച് ദളിതരും മുസ്ലിങ്ങളും തമ്മിലുണ്ടായ തര്‍ക്കമാണ് കലാപമായി വളര്‍ന്നത്. ഗുരുദ്വാരയ്ക്കു സമീപമുള്ള തര്‍ക്കസ്ഥലത്തെച്ചൊല്ലി സിഖുകാരും മുസ്ലിങ്ങളും തമ്മിലാണ് സഹാരന്‍പുരില്‍ സംഘര്‍ഷമുണ്ടായത്. മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ വര്‍ഗീയ അജന്‍ഡ മുന്നോട്ടുകൊണ്ടുപോകുന്നതിനായി ന്യൂനപക്ഷത്തെ ലക്ഷ്യമാക്കുന്നതോടൊപ്പം സാംസ്കാരിക- ഗവേഷണ സ്ഥാപനങ്ങളില്‍ ഹിന്ദുത്വശക്തികള്‍ നുഴഞ്ഞുകയറുകയുമാണ്. ആര്‍എസ്എസിന്റെ ഒരു പോഷകസംഘടന പാഠപുസ്തകങ്ങളുടെ ഉള്ളടക്കം മാറ്റാനും വിദ്യാഭ്യാസരംഗമാകെ വര്‍ഗീയവല്‍ക്കരിക്കാനും ശ്രമിക്കുന്നു. 

ഇന്ത്യന്‍ ചരിത്രഗവേഷണ കൗണ്‍സിലിന്റെ ചെയര്‍മാനായി നിയമിക്കപ്പെട്ടയാളുടെ ഏക ഗവേഷണം ഇന്ത്യന്‍ ഇതിഹാസങ്ങളായ രാമായാണവും മഹാഭാരതവും ചരിത്രവസ്തുതകളടങ്ങിയതാണെന്ന് തെളിയിക്കാനാണ്. സുദര്‍ശന്‍ റാവു എന്ന ഈ വ്യക്തി പ്രാചീനമായ ജാതിവ്യവസ്ഥ ആദര്‍ശാത്മക സാമൂഹ്യ സംവിധാനമാണെന്നു പറഞ്ഞ് അതിനെ ന്യായീകരിച്ച് എഴുതാനും തയ്യാറായി. വിശ്വഹിന്ദു പരിഷത്ത് പ്രസിഡന്റ് അശോക്സിംഗാളാകട്ടെ, മാറിയ രാഷ്ട്രീയസാഹചര്യത്തില്‍ ഹിന്ദുവികാരത്തെ മാനിക്കാന്‍ മുസ്ലിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

ഹിന്ദു വര്‍ഗീയ സംഘടനകള്‍ കൈക്കൊള്ളുന്ന കടുത്ത സമീപനങ്ങള്‍ മുസ്ലിം ന്യൂനപക്ഷങ്ങളിലും അനുരണനങ്ങളുണ്ടാക്കുന്നു. മുസ്ലിം തീവ്രവാദ സംഘടനകള്‍ക്ക് അവരുടെ പിന്തുണ വര്‍ധിപ്പിക്കാനുള്ള വളക്കൂറുള്ള മണ്ണ് ഇത് പ്രദാനംചെയ്യുന്നു. ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ വളരുന്ന സുരക്ഷിതത്വമില്ലായ്മയെ ഉപയോഗിച്ച് വളരാനാണ് ഇത്തരം സംഘടനകളുടെ ശ്രമം. ന്യൂനപക്ഷ വര്‍ഗീയതയുടെയും മതമൗലികവാദത്തിന്റെയും വളര്‍ച്ച ഭൂരിപക്ഷ വര്‍ഗീയതയെയാണ് വളര്‍ത്തുക. അന്തിമമായി ഇത് ന്യൂനപക്ഷ സമുദായങ്ങളുടെ താല്‍പ്പര്യങ്ങളെ ഹനിക്കും. നിലവിലെ സാഹചര്യത്തില്‍ വലതുപക്ഷ ആക്രമണം പ്രതിനിധാനംചെയ്യുന്നത് മോഡി സര്‍ക്കാരിന്റെ നവ ഉദാരവല്‍ക്കരണനയങ്ങളും ജനങ്ങളുടെ ഐക്യത്തെ തകര്‍ക്കുന്ന വര്‍ഗീയശക്തികളുടെ പ്രവര്‍ത്തനങ്ങളുമാണ്. അതുകൊണ്ടുതന്നെ ഈ വലതുപക്ഷ ആക്രമണത്തെ രണ്ടു മേഖലയിലൂടെയും ചെറുക്കണം. ഇതില്‍ ഏറ്റവും പ്രധാനം നവ ഉദാരവല്‍ക്കരണനയങ്ങള്‍ക്കെതിരായ സമരങ്ങളാണ്. വികസനം, തൊഴില്‍, സംശുദ്ധഭരണം എന്നിവ ബിജെപി സര്‍ക്കാര്‍ പ്രദാനംചെയ്യുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ. എന്നാല്‍, വിലക്കയറ്റം, കൂലിക്കുറവ്, ജോലി സുരക്ഷിതത്വമില്ലായ്മ, തൊഴിലില്ലായ്മ, വിദ്യാഭ്യാസ- ആരോഗ്യ മേഖലകളിലെ സൗകര്യമില്ലായ്മ എന്നിവ കാരണം അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് ഒരു ആശ്വാസവും ലഭിക്കാനിടയില്ല. ഈ നയങ്ങള്‍ക്കെതിരെയുള്ള സമരത്തോടൊപ്പം വിവിധ ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള സമരങ്ങളും വളര്‍ത്തിക്കൊണ്ടുവരണം.
രണ്ടാമത്തെ മുന്നണി കെട്ടിപ്പടുക്കേണ്ടത് ഹിന്ദുത്വവര്‍ഗീയശക്തികള്‍ക്കെതിരെ ആശയസമരം വളര്‍ത്തിക്കൊണ്ടുവരുന്നതിലൂടെയാണ്. ഈ സമരത്തിന് രണ്ടു മുഖമുണ്ട്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതോടൊപ്പം വിദ്യാഭ്യാസ സാംസ്കാരികമേഖലകളിലെ മതനിരപേക്ഷ മൂല്യങ്ങളും സംരക്ഷിക്കണം. വര്‍ഗീയസംഘര്‍ഷങ്ങള്‍ തടയുന്നതിനായി സജീവമായി ഇടപെടണം. ഇതിന് എല്ലാ മതനിരപേക്ഷ ജനാധിപത്യശക്തികളെയും സംഘടിപ്പിക്കണം. വര്‍ഗീയതയ്ക്കെതിരെയുള്ള സമരം ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകാന്‍ ജനങ്ങളുടെ സാമ്പത്തിക- ജീവിത പ്രശ്നങ്ങളുയര്‍ത്തി ജനതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള യോജിച്ച പ്രസ്ഥാനങ്ങള്‍ക്ക് രൂപം നല്‍കണം. വര്‍ഗചൂഷണത്തിനും സാമൂഹ്യമായ അടിച്ചമര്‍ത്തലിനും എതിരെ ജനങ്ങളെ യോജിച്ച് അണിനിരത്തിയാല്‍ മാത്രമേ വര്‍ഗീയശക്തികളെ ഫലപ്രദമായി ചെറുക്കാനാകൂ.
ജനങ്ങളുടെ താല്‍പ്പര്യസംരക്ഷണത്തിനായി തുടര്‍ച്ചയായ പ്രസ്ഥാനങ്ങള്‍ വളര്‍ത്തിക്കൊണ്ടുവന്ന് ജനകീയപ്രതിഷേധത്തെ ശരിയായ വഴിക്ക് തിരിച്ചുവിടുന്നതിന് ഇടതുപക്ഷ ജനാധിപത്യശക്തികള്‍ക്ക് കഴിയാത്തതാണ് വലതുപക്ഷചായ്വിന് കാരണമാകുന്നത്. അതിനാല്‍ ഇടതുപക്ഷത്തിനു മുന്നിലുള്ള പ്രധാന കടമ രാഷ്ട്രീയ, ആശയ, സംഘടനാ മേഖലകളിലുള്ള ദൗര്‍ബല്യം പരിഹരിക്കലാണ്. എല്ലാ ഇടതുപക്ഷ പാര്‍ടികളെയും ഗ്രൂപ്പുകളെയും ഇടതുപക്ഷ ബുദ്ധിജീവികളെയും ഒന്നിച്ചണിനിരത്തി ഇടതുപക്ഷ വേദി ശക്തമാക്കുകയും യോജിച്ച പ്രവര്‍ത്തനം ശക്തിപ്പെടുത്തുകയും വേണം. നൂതനമായ പ്രചാരണങ്ങള്‍ സംഘടിപ്പിക്കുന്നതോടൊപ്പം വിപുലമായ ജനകീയപ്രസ്ഥാനങ്ങള്‍ വളര്‍ത്തിയെടുക്കുകയും വേണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ