2014, ഡിസംബർ 2, ചൊവ്വാഴ്ച

കാര്‍ഷികമേഖലയില്‍ ഇടപെടുന്നതിനുള്ള നയപരിപാടി

by പിണറായി വിജയന്‍ on 01-December-2014

വിവിധ മേഖലകളിലെ പ്രശ്നങ്ങളില്‍ സജീവമായി ഇടപെടണമെന്ന സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് കാര്‍ഷികോല്‍പ്പാദന വര്‍ധനയ്ക്ക് പാര്‍ടി ഇടപെടുന്നത്. ഭക്ഷ്യോല്‍പ്പാദന വര്‍ധനയ്ക്കുള്ള ഇടപെടലുകള്‍ മുന്‍കാലത്തും ഉണ്ടായിട്ടുണ്ട്. 1943 ജൂണ്‍ 27ന് അന്നത്തെ ഭക്ഷ്യക്ഷാമത്തിന്റെകൂടി പശ്ചാത്തലത്തില്‍ പി കൃഷ്ണപിള്ള എഴുതിയ ലേഖനത്തില്‍ കൂടുതല്‍ ഭക്ഷ്യധാന്യങ്ങള്‍ ഉണ്ടാക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കേണ്ടതിന്റെ ആവശ്യകത എടുത്ത് പറയുന്നുണ്ട്. 1946 നവംബര്‍ 16ന് ഇ എം എസിന്റെ അധ്യക്ഷതയില്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തരിശുഭൂമി കൃഷിചെയ്ത് ഭക്ഷ്യധാന്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കുക എന്നത് പ്രധാന മുദ്രാവാക്യമായിത്തന്നെ അവതരിപ്പിക്കുന്നുണ്ട്.

വര്‍ത്തമാനകാലത്ത് കര്‍ഷകമേഖലയിലും കര്‍ഷകത്തൊഴിലാളിമേഖലയിലും ഇടപെടേണ്ടതിനെ സംബന്ധിച്ച് പാര്‍ടി തയ്യാറാക്കിയ രേഖയില്‍ കേരളത്തിന്റെ കാര്‍ഷികമേഖലയില്‍ നടത്തേണ്ട ഇടപെടലിനെ സംബന്ധിച്ച് പറയുന്നുണ്ട്. ആഗോളവല്‍ക്കരണനയങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ക്കെതിരായി ശക്തമായ പോരാട്ടം നടത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നു. ഇതിന്റെ ചുവടുപിടിച്ച് സംസ്ഥാന സര്‍ക്കാര്‍ ഈ മേഖലയില്‍ നടത്തുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരായുള്ള പ്രക്ഷോഭങ്ങളുടെ ആവശ്യകതയും രേഖയില്‍ അടിവരയിട്ട് പറയുന്നുണ്ട്. അതോടൊപ്പം, കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിക്കുക എന്നത് പ്രധാനമാണെന്നും അതിനായുള്ള കര്‍മപദ്ധതികള്‍ കേരളത്തില്‍ ആവിഷ്കരിക്കേണ്ടതിന്റെ പ്രാധാന്യവും എടുത്തു പറയുകയുണ്ടായി. പരമ്പരാഗതമായ കൃഷിരീതിയെയും നാട്ടറിവുകളെയും അടിസ്ഥാനപ്പെടുത്തി കാര്‍ഷികമേഖലയില്‍ ഇടപെടേണ്ടതുണ്ട്. അതോടൊപ്പം ശാസ്ത്രീയമായി നാം ആര്‍ജിച്ച അറിവുകള്‍ ഉപയോഗപ്പെടുത്തി മുമ്പോട്ടുപോവുക പ്രധാനമാണെന്നും ആ രേഖ പറഞ്ഞു. കാര്‍ഷിക ഉല്‍പ്പാദനം വര്‍ധിപ്പിച്ചെങ്കില്‍മാത്രമേ കര്‍ഷകര്‍ക്ക് ഈ മേഖലയില്‍ പിടിച്ചുനില്‍ക്കാനാവൂ എന്നും രേഖ വ്യക്തമാക്കി.

കേരളത്തിന്റെ സാമൂഹികവികാസത്തിന്റെ ഭാഗമായി കര്‍ഷകത്തൊഴിലാളികളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. കര്‍ഷകത്തൊഴിലാളികളെ ഈ മേഖലയില്‍ കൊണ്ടുവരണമെങ്കില്‍ കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിക്കണം. അതിലൂടെമാത്രമേ കര്‍ഷകത്തൊഴിലാളികളുടെ ജീവിതാവശ്യങ്ങള്‍ നിറവേറ്റുന്ന വിധത്തില്‍ വേതനം നല്‍കാന്‍ കര്‍ഷകര്‍ക്ക് കഴിയുകയുള്ളൂ. അതുകൊണ്ട് കാര്‍ഷിക ഉല്‍പ്പാദനവര്‍ധന എന്നത് കേരളത്തിന്റെ കാര്‍ഷികമേഖലയിലെ കര്‍ഷക-കര്‍ഷകത്തൊഴിലാളി ഐക്യത്തിനും കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും ജീവിതം മെച്ചപ്പെടുത്തുന്നതിനും അത്യാവശ്യമായ കാര്യമാണെന്നും രേഖ വിലയിരുത്തി.കര്‍ഷകത്തൊഴിലാളികള്‍ക്ക് സ്ഥിരംവരുമാനം ഉറപ്പുവരുത്തുന്ന വിധത്തിലുള്ള സംവിധാനവും ഉണ്ടാകണം. മാന്യമായ ഒരു തൊഴിലാണ് ഇത് എന്ന തരത്തില്‍ മാറ്റംവരുത്തണം.
കര്‍ഷകത്തൊഴിലാളികളുടെ തൊഴിലിനെ ബാധിക്കാത്ത വിധത്തില്‍ യന്ത്രങ്ങളുടെ ഉപയോഗവും കാര്‍ഷികമേഖലയില്‍ കടന്നുവരേണ്ടതിന്റെ പ്രാധാന്യവും എടുത്തുപറഞ്ഞിട്ടുണ്ട്. അതോടൊപ്പം സര്‍ക്കാരിന്റെ ഈ മേഖലയിലെ ഇടപെടല്‍ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും രേഖ വ്യക്തമാക്കി.

കാര്‍ഷികമേഖലയിലെ ഇടപെടലിനെ സംബന്ധിച്ച് ഈ രേഖ മുന്നോട്ടുവച്ച കാഴ്ചപ്പാടുകള്‍ പ്രാവര്‍ത്തികമാക്കുക എന്നത് കേരളത്തിന്റെ നിലനില്‍പ്പിനുതന്നെ അത്യാവശ്യമാണ്. അതുകൊണ്ടാണ് കാര്‍ഷിക ഉല്‍പ്പാദന വര്‍ധനയ്ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് പാര്‍ടി മുന്നിട്ടിറങ്ങുന്നത്. എന്നാല്‍, അത് പാര്‍ടിരംഗത്തുള്ള സഖാക്കള്‍മാത്രം ചെയ്യേണ്ട ഒന്നല്ല. ഇതില്‍ താല്‍പ്പര്യമുള്ളവരെയും കാര്‍ഷികമേഖലയിലെ വിദഗ്ധരെയും എല്ലാം ഉള്‍പ്പെടുത്തി നടത്തേണ്ട ജനകീയപ്രസ്ഥാനമാണ്. അത്തരമൊരു പ്രസ്ഥാനം രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് "കാര്‍ഷിക കേരളം ജനകീയ ഇടപെടല്‍' എന്ന ശില്‍പ്പശാല എ കെ ജി പഠനഗവേഷണകേന്ദ്രം കഴിഞ്ഞ ദിവസം നടത്തിയത്. ഇതിന്റെ സംഘാടനം ആരംഭിച്ചപ്പോള്‍ത്തന്നെ പങ്കെടുക്കാന്‍ ഏറെപ്പേര്‍ താല്‍പ്പര്യം അറിയിച്ചെങ്കിലും അവരെയെല്ലാം ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത്തരം വിഭാഗങ്ങളെയെല്ലാം ഉള്‍പ്പെടുത്തി വിപുലമായ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ആകമാനം വിശദമായി പ്ലാന്‍ ചെയ്യുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
ഈ ശില്‍പ്പശാലയുടെ ആദ്യ സെഷനില്‍ ഈ രംഗത്തെ കാഴ്ചപ്പാടുകള്‍ പാര്‍ടി നേതാക്കള്‍തന്നെ വ്യക്തമാക്കുകയുണ്ടായി. ഇത്തരത്തില്‍ പൊതുവായ സമീപനം മുമ്പോട്ടുവച്ചശേഷം നമ്മുടെ കൃഷിരീതികളെ ഉല്‍പ്പാദനവര്‍ധനയ്ക്ക് എങ്ങനെ ഉപയോഗപ്പെടുത്താമെന്ന കാര്യമാണ് ശില്‍പ്പശാലയില്‍ ചര്‍ച്ചചെയ്തത്. കേരളത്തിലെ പരമ്പരാഗതമായ കൃഷിസമ്പ്രദായങ്ങളെയും അതിന്റെ സവിശേഷതകളെയും വിശദമായിത്തന്നെ ഇതില്‍ പരിചയപ്പെടുത്തി. തുടര്‍ന്ന് ശാസ്ത്രീയമായ അന്വേഷണങ്ങളുടെ അടിസ്ഥാനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വികസിച്ചുവന്ന കാര്‍ഷികരീതികളെയും പരിചയപ്പെടുത്തി. ഇത്തരം രീതികള്‍ ഓരോ വ്യക്തിയും പ്രദേശവും അവരുടേതായ സവിശേഷതകള്‍ക്ക് അനുസരിച്ച് ഉപയോഗപ്പെടുത്തേണ്ടതാണെന്ന അഭിപ്രായമാണ് ശില്‍പ്പശാലയില്‍ ഉയര്‍ന്നുവന്നത്.

കൃഷിയിലെ മറ്റൊരു പ്രധാനപ്പെട്ട പ്രശ്നമാണ് കീടനാശിനികളുമായി ബന്ധപ്പെട്ടത്. മാരകമായ കീടനാശിനികള്‍ ഉപയോഗിക്കുന്നത് നിരവധി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇത് പരിഹരിക്കുന്നതിന് ജൈവകൃഷിയുടെ സാധ്യതകളെ സംബന്ധിച്ചും ഉപയോഗിക്കാവുന്ന ജൈവകീടനാശിനികളെ സംബന്ധിച്ചും വിശദമായ ചര്‍ച്ചകള്‍ നടക്കുകയുണ്ടായി. കൃഷി മുമ്പോട്ട് കൊണ്ടുപോകുന്നതിന് കര്‍ഷകത്തൊഴിലാളികളുടെ ലഭ്യത പ്രധാനമാണെന്ന കാര്യവും വ്യക്തമാക്കപ്പെട്ടു. ഈ മേഖലയില്‍ പുതിയ തൊഴിലാളികള്‍ കടന്നുവരുന്നില്ലെന്നു മാത്രമല്ല, സാങ്കേതിക വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ കുറവും നിലനില്‍ക്കുന്നതായി വിലയിരുത്തപ്പെട്ടു. അതിന്റെ അടിസ്ഥാനത്തില്‍ കാര്‍ഷികവിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും ലേബര്‍ ബാങ്ക് സമ്പ്രദായം നടപ്പാക്കേണ്ടതിന്റെ ആവശ്യകതയും വിശദീകരിക്കപ്പെടുകയുണ്ടായി. ഇതിനായി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ട ഇടപെടലുകളെ സംബന്ധിച്ചും ചര്‍ച്ചചെയ്തു.
കേരളത്തിന്റെ കാര്‍ഷികമേഖലയില്‍ നടക്കുന്ന വിവിധ പരീക്ഷണങ്ങളെ ശില്‍പ്പശാലയില്‍ പരിചയപ്പെടുത്തി. അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരാണ് അവരുടെ അനുഭവങ്ങള്‍ അവതരിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ശില്‍പ്പശാലയില്‍ ചര്‍ച്ച നടത്തുകയുണ്ടായി. തുടര്‍ന്ന് പ്രതിനിധികള്‍ക്ക് സാങ്കേതികകാര്യങ്ങളെ സംബന്ധിച്ചും മറ്റും തങ്ങളുടെ അഭിപ്രായങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള അവസരമുണ്ടായി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സജീവമായ ആലപ്പുഴയിലെ കഞ്ഞിക്കുഴിയിലും തൊട്ടടുത്ത പ്രദേശങ്ങളിലും നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ കാണുന്നതിനുള്ള അവസരവും പ്രതിനിധികള്‍ക്ക് ഒരുക്കി. ശില്‍പ്പശാലയില്‍ നടന്ന ഈ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഒരു നയപ്രഖ്യാപനരേഖ തയ്യാറാക്കി. അതാണ് ആലപ്പുഴയില്‍വച്ച് അവതരിപ്പിച്ചത്.
നയപ്രഖ്യാപനരേഖയുടെ അടിസ്ഥാനത്തില്‍ താഴെപറയുന്ന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനാണ് പാര്‍ടി ഉദ്ദേശിക്കുന്നത്. കാര്‍ഷികോല്‍പ്പാദന വര്‍ധനയ്ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ എല്ലാമേഖലയിലും സംഘടിപ്പിക്കണം. ആദ്യഘട്ടത്തില്‍ പ്രാമുഖ്യം നല്‍കുന്നത് പച്ചക്കറി ഉല്‍പ്പാദനത്തിന്റെ കാര്യത്തിലാണ്. വിഷമില്ലാത്ത പച്ചക്കറി കേരളത്തിലാകമാനം ഉല്‍പ്പാദിപ്പിക്കുക എന്നതാണ് ഈ ഘട്ടത്തിലെ പ്രധാനലക്ഷ്യം. ഇതിന്റെ ഭാഗമായി അഞ്ചുവര്‍ഷംകൊണ്ട് നമുക്ക് ആവശ്യമുള്ള പച്ചക്കറിയുടെ 75 ശതമാനം ഉല്‍പ്പാദിപ്പിക്കണം എന്നാണ് ഉദ്ദേശിക്കുന്നത്. എല്ലാവരും വീട്ടാവശ്യത്തിന് അല്‍പ്പമെങ്കിലും പച്ചക്കറി ഉല്‍പ്പാദിപ്പിക്കുക എന്നത് ലക്ഷ്യത്തിന്റെ ഭാഗങ്ങളില്‍ ഒന്നാണ്. അതോടൊപ്പം, ഉപവരുമാനം എന്ന നിലയില്‍ വാണിജ്യാടിസ്ഥാനത്തില്‍ പച്ചക്കറി ഉല്‍പ്പാദിപ്പിക്കുക എന്നതും പ്രധാനപ്പെട്ട കാര്യമായി പാര്‍ടി മുന്നോട്ടുവയ്ക്കുന്നു.
കേരളത്തില്‍ പച്ചക്കറി മേല്‍പറഞ്ഞ വിധത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് പരമ്പരാഗത കൃഷിരീതികളിലും ജൈവ സങ്കേതങ്ങളിലുമാണ് ഊന്നിനില്‍ക്കുക. ഇതോടൊപ്പം ആധുനിക സങ്കേതങ്ങളെക്കൂടി ഉപയോഗപ്പെടുത്തുന്നതിനുള്ള സമീപനവും സ്വീകരിക്കും. ഈ രംഗത്തുള്ള ആധുനിക ശാസ്ത്ര- സാങ്കേതിക വിദ്യകള്‍ ലഭ്യമാക്കുന്നതിനും ശ്രമിക്കും. ആധുനികമായ വിത്തുകളും മറ്റു സമ്പ്രദായങ്ങളും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളില്‍ വികസിപ്പിക്കുന്നതിനുള്ള നിലപാടുകള്‍ സ്വീകരിക്കും. ഇത്തരത്തിലുള്ള ഗവേഷണപ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി കാര്‍ഷിക ഗവേഷണസ്ഥാപനങ്ങളെ മാറ്റി എടുക്കുന്നതിനും ഇടപെടും.
ഒറ്റയായും കൂട്ടായുമുള്ള കൃഷിരീതികളെ പ്രോത്സാഹിപ്പിക്കുക എന്ന സമീപനമാണ് സംഘാടനത്തില്‍ സ്വീകരിക്കുക. അയല്‍ക്കൂട്ടങ്ങളെയും കുടുംബശ്രീയെയും ഇത്തരം രീതികളിലേക്ക് എത്തിക്കുന്നതിനുള്ള ഇടപെടല്‍ നടത്തും. സ്ഥിരം വരുമാനം കര്‍ഷകത്തൊഴിലാളികള്‍ക്ക് ഉറപ്പുവരുത്തുന്നവിധം ലേബര്‍ ബാങ്കുപോലുള്ള സമ്പ്രദായങ്ങള്‍ ആവിഷ്കരിക്കുന്നതിന് മുന്‍കൈ എടുക്കും. പച്ചക്കറിക്കൃഷിക്ക് ആവശ്യമായ വളം ശുചിത്വപ്രസ്ഥാനത്തിന്റെ ഭാഗമായി എത്തിക്കുന്നതിന് ഇടപെടും. പഞ്ചായത്തുകളില്‍ കിസോക്കുകള്‍ തുറന്ന് മാലിന്യങ്ങള്‍ ശേഖരിച്ച് കൃഷിക്കാര്‍ക്ക് എത്തിക്കുന്ന രീതിയും വികസിപ്പിക്കും.
പാര്‍ടിയുടെ നേതൃത്വത്തിലുള്ള തദ്ദേശസ്ഥാപനങ്ങളുടെ കീഴില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന് മുന്‍കൈ എടുക്കും. പാര്‍ടി ഭരിക്കാത്ത തദ്ദേശസ്ഥാപനങ്ങളില്‍ ഭരിക്കുന്നവര്‍ മുന്‍കൈ എടുത്താല്‍ അതുമായി സഹകരിക്കും. ഈ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ലെങ്കില്‍ പാര്‍ടി മുന്‍കൈ എടുത്ത് ഇവ നടപ്പാക്കാന്‍ ശ്രമിക്കും. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ തരത്തിലുള്ള സര്‍ക്കാര്‍സ്കീമുകളെ ഉപയോഗിക്കും. മേല്‍വിവരിച്ച പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന് കര്‍ഷകപ്രസ്ഥാനം, കര്‍ഷകത്തൊഴിലാളി പ്രസ്ഥാനം, മഹിളാ പ്രസ്ഥാനം എന്നീ സംഘടനകളുടെ സജീവമായ സഹകരണം അഭ്യര്‍ഥിക്കും. മറ്റ് വര്‍ഗ-ബഹുജനപ്രസ്ഥാനങ്ങളും ഈ പരിപാടികള്‍ക്ക് പിന്തുണ നല്‍കുന്നതിനുള്ള ഇടപെടല്‍ നടത്തും.
കാര്‍ഷികോല്‍പ്പന്നങ്ങളില്‍നിന്ന് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള സാങ്കേതികസഹായം എത്തിക്കുന്നതിന് ഇടപെടല്‍ നടത്തും. കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ അനുഭവങ്ങളുടെകൂടി അടിസ്ഥാനത്തില്‍ ഇത്തരം പദ്ധതികള്‍ സംസ്ഥാനത്ത് ഉടനീളം ആവിഷ്കരിക്കാന്‍ ശ്രമിക്കും. നാളികേരത്തിന്റെ സവിശേഷതതന്നെ അതിന്റെ എല്ലാഭാഗങ്ങളും ഉപയോഗിക്കാം എന്നതാണ്. നാളികേരത്തിന്റെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനുവേണ്ടിയുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്നതിന് സഹായിക്കും.
നമ്മള്‍ ആവിഷ്കരിക്കുന്ന ഇത്തരം പ്രവര്‍ത്തനപദ്ധതികള്‍ പ്രാവര്‍ത്തികമാക്കി, വരുന്ന ഓണക്കാലത്ത് സംസ്ഥാനത്തുടനീളം ജൈവപച്ചക്കറി ഉല്‍പ്പന്നങ്ങള്‍ ലഭിക്കുന്ന നൂറുകണക്കിന് ഔട്ട്ലെറ്റുകള്‍ ആരംഭിക്കുക എന്ന ലക്ഷ്യംകൂടി പാര്‍ടി വിഭാവനംചെയ്യുന്നു. ഇതിനായുള്ള ക്യാമ്പയിനുകള്‍ പാര്‍ടി ഉടന്‍ ആരംഭിക്കും.
കാര്‍ഷികമേഖലയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ആഗോളവല്‍ക്കരണനയങ്ങളെ പ്രതിരോധിക്കുമ്പോള്‍ത്തന്നെ ജനകീയ ബദല്‍ മുന്നോട്ടുവയ്ക്കുക എന്നുള്ള പ്രവര്‍ത്തനവും ആഗോളവല്‍ക്കരണ വിരുദ്ധസമരത്തില്‍ പ്രധാനമാണെന്ന് പാര്‍ടി തിരിച്ചറിയുന്നു. ഇത്തരമൊരു കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ പാര്‍ടി ആരംഭിക്കാന്‍ പോകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ജനവിഭാഗങ്ങളുടെയും സഹായസഹകരണങ്ങള്‍ അഭ്യര്‍ഥിക്കുന്നു.

2014, നവംബർ 17, തിങ്കളാഴ്‌ച

പോരാട്ടത്തിന്റെ അമ്പതുവര്‍ഷം

by വി വി ദക്ഷിണാമൂര്‍ത്തി on 16-November-2014

നവംബര്‍ അഞ്ചിന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കേരള കൗമുദിയില്‍ എഴുതിയ ലേഖനത്തിന് മറുപടിയെന്ന നിലയില്‍ സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ എഴുതിയ മറുപടി വായിച്ചു. ഭിന്നിപ്പ് ദുരന്തമായിരുന്നുവെന്ന തന്റെ വാദം ആവര്‍ത്തിച്ച് സ്ഥാപിക്കാനാണ് രവീന്ദ്രന്‍ ശ്രമിക്കുന്നത്. പോരാട്ടത്തിന്റെയും വളര്‍ച്ചയുടെയും അമ്പതാംവാര്‍ഷികം ദുരന്തത്തിന്റെ അമ്പതാംവാര്‍ഷികമായി വിലകുറച്ചുകാണിക്കാനുള്ള ഒരു സഹോദരപാര്‍ടിയുടെ വൃഥാശ്രമം കണ്ടില്ലെന്ന് കരുതി വഴിമാറിപ്പോകാന്‍ സാധ്യമല്ല. 1964ല്‍ അവിഭക്ത കമ്യൂണിസ്റ്റ്പാര്‍ടിയിലുണ്ടായ ഭിന്നിപ്പ് ദുരന്തമായിരുന്നു എന്നു സ്ഥാപിക്കാന്‍ സന്ദര്‍ഭത്തില്‍  നിന്നടര്‍ത്തിയെടുത്ത കേവലം ദുരന്തം എന്ന വാക്കുകൊണ്ടുള്ള അഭ്യാസം ഫലശൂന്യമാണെന്നു ചൂണ്ടിക്കാണിക്കാതിരിക്കാന്‍ വയ്യ.
ഭിന്നിപ്പ് എന്ന പദം സന്ദര്‍ഭത്തില്‍നിന്നടര്‍ത്തിയെടുത്താല്‍ ഗുണമാണെന്നാരും പറയില്ല. ഭിന്നിപ്പാണോ ഗുണം ഒന്നിക്കുന്നതാണോ ഗുണം എന്ന ചോദ്യം മാത്രമുന്നയിച്ചാല്‍ ഒന്നിക്കുന്നതാണ് നല്ലതെന്ന കേവലസത്യം ആരും നിഷേധിക്കാനിടയില്ല. ഭിന്നിച്ചാല്‍ തകരും, ഒന്നിച്ചാല്‍ നില്‍ക്കും എന്ന് കുട്ടികളെ പഠിപ്പിക്കാന്‍ ഒരധ്യാപകന്‍ ഒരു ദിവസം ക്ലാസ്മുറിയില്‍ പ്രവേശിച്ചത് ഒരുകെട്ട് ഈര്‍ക്കിലുമായാണ്. ക്ലാസില്‍ ഒരു കുട്ടിയെ വിളിച്ചടുത്തുനിര്‍ത്തി കെട്ടില്‍നിന്ന് ഒരീര്‍ക്കില്‍ വലിച്ചെടുത്ത് കൈയില്‍ കൊടുത്തു. കുട്ടിയോട് അതൊടിക്കാന്‍ നിര്‍ദേശിച്ചപ്പോള്‍ ക്ഷണനേരംകൊണ്ട് ഒടിച്ചുകാണിച്ചു. അടുത്തനിമിഷം ഈര്‍ക്കില്‍ക്കെട്ടപ്പാടെ കൈയില്‍കൊടുത്ത് ഒടിക്കാന്‍ നിര്‍ദേശിച്ചു. കുട്ടി എത്ര ശ്രമിച്ചിട്ടും ഒടിക്കാനോ പൊട്ടിക്കാനോ കഴിഞ്ഞില്ല. ഇങ്ങനെയാണ് ഒന്നിക്കുന്നതാണ് നല്ലതെന്നും ഭിന്നിപ്പിക്കുന്നത് ദോഷമാണെന്നും ഗുരുനാഥന്‍ കുട്ടികളെ ബോധ്യപ്പെടുത്തിയത്്. ഈ അര്‍ഥത്തില്‍ ചോദിച്ചാല്‍ ഭിന്നിപ്പ് ദോഷമാണെന്ന് ആരും പറയും. അങ്ങനെ കേവലമായ അര്‍ഥത്തില്‍ കാര്യങ്ങളെ കണ്ട് തീര്‍പ്പുപ്രഖ്യാപിക്കുന്നതല്ല മാര്‍ക്സിസത്തിന്റെ രീതി.
മാര്‍ക്സിസം- ലെനിനിസമാണല്ലോ വിപ്ലവത്തിന് വഴികാട്ടി. മാര്‍ക്സിസത്തിന്റെ അന്തസ്സത്ത വര്‍ഗസമരസിദ്ധാന്തമാണ്. വര്‍ഗസഹകരണസിദ്ധാന്തത്തില്‍നിന്ന് തികച്ചും ഭിന്നമാണ് വര്‍ഗസമരസിദ്ധാന്തം. മാര്‍ക്സിന്റെ ദര്‍ശനം നമ്മെ പഠിപ്പിക്കുന്നത് കാര്യത്തിന് കാരണമുണ്ടെന്നാണ്. കാരണവും കാര്യവും പരസ്പരബന്ധിതമാണ്. തീയുണ്ടെങ്കിലേ പുകയുണ്ടാകൂ എന്ന് പറയാറുണ്ട്. ഭിന്നിപ്പ് കേവലമായ ഒന്നല്ല. ഭിന്നിപ്പിനു കാരണമുണ്ടാകണം. അതുകൊണ്ടുതന്നെ 1964ലെ ഭിന്നിപ്പിനു മതിയായ കാരണമുണ്ടായിരുന്നോ, ഉണ്ടെങ്കില്‍ ഭിന്നിക്കാന്‍ കാരണമെന്താണ്, ഭിന്നിപ്പ് അനിവാര്യമായിരുന്നോ? എങ്കില്‍ ഭിന്നിപ്പിന് കാരണക്കാരാരാണ്? ഇങ്ങനെ ഓരോന്നും കാര്യകാരണസഹിതം പരിശോധിക്കുന്നതും കണ്ടെത്തുന്നതുമാണ് മാര്‍ക്സിസ്റ്റ് രീതി.
അവിഭക്ത കമ്യൂണിസ്റ്റ്പാര്‍ടിയില്‍ 1964ല്‍ ഭിന്നിപ്പുണ്ടായത് ഒരു ദശാബ്ദകാലത്തെ ഉള്‍പ്പാര്‍ടി സമരത്തിന്റെ ഫലമായാണ്. 10 വര്‍ഷവും ഭിന്നിക്കാതെ ഒന്നിക്കാനുള്ള ശ്രമമാണ് നടത്തിയത്. ഭിന്നിപ്പിന്റെ തുടക്കം 1953ലെ മൂന്നാംപാര്‍ടി കോണ്‍ഗ്രസിലാണ്. 1956ല്‍ പാലക്കാട്ട് ചേര്‍ന്ന നാലാം പാര്‍ടി കോണ്‍ഗ്രസില്‍ ഭിന്നിപ്പ് ശക്തിപ്പെട്ടു. പാര്‍ടി ജനറല്‍സെക്രട്ടറി അജയഘോഷ് ഔദ്യോഗിക പ്രമേയം അവതരിപ്പിച്ചു. പി സി ജോഷിയുടെ നേതൃത്വത്തില്‍ ഏതാനും സഖാക്കള്‍ ബദല്‍നയം അവതരിപ്പിച്ചു. ബദല്‍നയം അവതരിപ്പിച്ചവര്‍ കോണ്‍ഗ്രസുമായി ഐക്യമുന്നണി രൂപീകരിക്കണമെന്നും കോണ്‍ഗ്രസുമായി ചേര്‍ന്ന് ഭരണം നടത്തണമെന്നും വാദിച്ചു. കോണ്‍ഗ്രസ് ബൂര്‍ഷ്വാപാര്‍ടിയാണെങ്കിലും ആവടി സോഷ്യലിസം അംഗീകരിച്ച പാര്‍ടിയാണ്. സോഷ്യലിസ്റ്റ് മാതൃകയിലുള്ള സമൂഹമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ലക്ഷ്യമായി പ്രഖ്യാപിച്ചത്. സോവിയറ്റ് യൂണിയനില്‍ സ്റ്റാലിന്‍ അംഗീകരിച്ച് നടപ്പാക്കിയ സാമ്പത്തികാസൂത്രണം, അതായത് പഞ്ചവത്സരപദ്ധതി 1951ല്‍ നെഹ്റുസര്‍ക്കാര്‍ അംഗീകരിച്ച് ഇന്ത്യയിലും നടപ്പാക്കിത്തുടങ്ങിയിരുന്നു. നെഹ്റുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ദേശീയ ബൂര്‍ഷ്വാസിയുടെ പാര്‍ടിയാണ്. ദേശീയ ബൂര്‍ഷ്വാസിക്ക് സാമ്രാജ്യവിരുദ്ധവും കുത്തക വിരുദ്ധവും ഫ്യൂഡല്‍ വിരുദ്ധവുമായ താല്‍പ്പര്യമുണ്ട്. പിന്തിരിപ്പന്‍ ശക്തികളുടെ പാര്‍ടി സ്വതന്ത്രപാര്‍ടിയും ജനസംഘവുമാണ്. അതുകൊണ്ട് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി സോഷ്യലിസ്റ്റ് ലക്ഷ്യത്തിലേക്ക് മുന്നേറാന്‍ കഴിയും എന്നതായിരുന്നു പി സി ജോഷിയുടെ നേതൃത്വത്തിലുള്ള വലതുപക്ഷ റിവിഷനിസ്റ്റ്വാദം. ഈ വാദം നാലാംപാര്‍ടി കോണ്‍ഗ്രസ് വോട്ടിനിട്ട് തള്ളി.

പി സി ജോഷി, കെ ദാമോദരന്‍, ഭവാനിസെന്‍ തുടങ്ങിയവരുടെ ബദല്‍പ്രമേയത്തിന് മൂന്നിലൊന്ന് പ്രതിനിധികളുടെ പിന്‍തുണ ലഭിച്ചു. പ്രമേയം തള്ളപ്പെട്ടുവെങ്കിലും വലതുപക്ഷ അവസരവാദികള്‍ സ്വന്തം നിലപാടില്‍ ഉറച്ചുനിന്നു. 1961ല്‍ വിജയവാഡയില്‍ ചേര്‍ന്ന ആറാംപാര്‍ടി കോണ്‍ഗ്രസില്‍ ഇതേ അഭിപ്രായവ്യത്യാസം രൂക്ഷമായി. വര്‍ഗസഹകരണസിദ്ധാന്തവും വര്‍ഗസമരസിദ്ധാന്തവും പരസ്പരം ഏറ്റുമുട്ടി. ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്കു തയ്യാറായില്ല. ഒടുവില്‍ സോവിയറ്റ് കമ്യൂണിസ്റ്റ്പാര്‍ടിയുടെ പ്രതിനിധികള്‍ ഇടപെട്ടാണ് പിളര്‍പ്പൊഴിവാക്കി ഒത്തുതീര്‍പ്പുണ്ടാക്കിയത്. അജയഘോഷിന്റെ ഉദ്ഘാടനപ്രസംഗത്തില്‍ ചില്ലറ ഭേദഗതി വരുത്തി അത് ആറാം പാര്‍ടികോണ്‍ഗ്രസിന്റെ പ്രമേയമായി അംഗീകരിച്ചു. മറ്റെല്ലാം പിന്‍വലിച്ചു. യഥാര്‍ഥത്തില്‍ ഏച്ചുകൂട്ടിയ യോജിപ്പാണ് വിജയവാഡാ കോണ്‍ഗ്രസില്‍ രൂപപ്പെടുത്തിയത്. ഇതേ കാലഘട്ടത്തിലാണ് സാര്‍വദേശീയ കമ്യൂണിസ്റ്റ്പ്രസ്ഥാനത്തിലും ഭിന്നിപ്പുണ്ടായത്. സാര്‍വദേശീയ രംഗത്തുള്ള ഭിന്നിപ്പല്ല ഇന്ത്യയിലെ അവിഭക്ത കമ്യൂണിസ്റ്റ്പാര്‍ടിയിലെ പിളര്‍പ്പിന് വഴിവച്ചത് എന്ന സത്യം തറപ്പിച്ചുതന്നെ പറയാന്‍കഴിയും.രവീന്ദ്രന്‍ പറയുന്നത് 1964ല്‍ നടന്ന പാര്‍ടി രൂപീകരണത്തെക്കുറിച്ച് വിശദീകരിക്കുമ്പോള്‍ ഭിന്നിപ്പിനെ ന്യായീകരിച്ചുകൊണ്ട് വസ്തുതാവിരുദ്ധമായ കണ്ടെത്തലുകളാണ് പിണറായി വിജയന്‍ നടത്തിയിരിക്കുന്നത് എന്നാണ്.

വസ്തുതാവിരുദ്ധമായ കാര്യമായി രവീന്ദ്രന്‍ ചൂണ്ടിക്കാണിക്കുന്നത് ഇന്ത്യ-ചൈന തര്‍ക്കത്തില്‍ ഒരുവിഭാഗം സഖാക്കളെ ചൈനാചാരന്മാരായി മുദ്രകുത്തി ജയിലിലടയ്ക്കാന്‍ എസ് എ ഡാങ്കെ സഹായിച്ചുവെന്നത് നേരല്ല എന്നാണ്. രവീന്ദ്രന്റെ വാദം വസ്തുതാവിരുദ്ധമാണെന്ന് സ്ഥാപിക്കാന്‍ ഒരൊറ്റ ഉദാഹരണം മതി. രവീന്ദ്രന്‍ പറയുന്നത് അച്യുതമേനോന്‍, ടി വി തോമസ് എന്നിവരടക്കം ഡാങ്കെയെ അനുകൂലിക്കുന്ന ഏതാനും ചിലര്‍കൂടി ജയിലിലടയ്ക്കപ്പെട്ടുവെന്നാണ്. അച്യുതമേനോനെ തെറ്റായി അറസ്റ്റുചെയതുവെന്നത് വസ്തുതയാണ്. എന്നാല്‍, ഓര്‍ക്കേണ്ടതായ ഒരു കാര്യമുണ്ട്. 1962ല്‍ പാര്‍ടി ജനറല്‍സെക്രട്ടറി അജയഘോഷ് അന്തരിച്ചു. പകരം ഒരു ജനറല്‍സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതിനായി നാഷണല്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നു. പാര്‍ടി ജനറല്‍സെക്രട്ടറിയായി ഇ എം എസിന്റെ പേര് ഏകകണ്ഠമായി നിര്‍ദേശിക്കപ്പെട്ടു. അപ്പോഴാണ് എസ് എ ഡാങ്കെ രംഗത്തുവന്നത്. ഇ എം എസിനെ ജനറല്‍സെക്രട്ടറിയായി തെരഞ്ഞെടുക്കണമെങ്കില്‍ പാര്‍ടി ഭരണഘടനയിലില്ലാത്ത ചെയര്‍മാന്‍പദവി പുതുതായി സൃഷ്ടിക്കണമെന്ന് ഡാങ്കെയും കൂട്ടരും ശാഠ്യംപിടിച്ചു. യോജിപ്പിനുവേണ്ടി ഇ എം എസ് ഈ നിര്‍ദേശത്തെ അനുകൂലിച്ചു. അങ്ങനെ ഡാങ്കെ പാര്‍ടി ചെയര്‍മാനായി. ചെയര്‍മാനായി തെരഞ്ഞെടുക്കുമ്പോള്‍ താന്‍ അധ്യക്ഷപദവി അലങ്കരിക്കുകമാത്രമേ ചെയ്യൂ, പാര്‍ടി സെക്രട്ടറിക്കായിരിക്കും പൂര്‍ണാധികാരമെന്ന് ഡാങ്കെ സമ്മതിച്ചിരുന്നു.
ഇന്ത്യ-ചൈന തര്‍ക്കം മൂര്‍ച്ഛിച്ചപ്പോള്‍ പാര്‍ടിയില്‍ ചൈനാചാരന്മാരെന്ന് മുദ്രകുത്തി ഒരുവിഭാഗത്തെ തികച്ചും അന്യായമായി ജയിലിലടച്ചു. ഇ എം എസ് പാര്‍ടി സെക്രട്ടറി എന്ന നിലയിലും "ന്യൂ ഏജി'ന്റെ പത്രാധിപരെന്ന നിലയിലും ഒരു മുഖപ്രസംഗം തയ്യാറാക്കി പാര്‍ടി ഓഫീസില്‍ ഏല്‍പ്പിച്ചു. സഖാക്കളെ അന്യായമായി അറസ്റ്റുചെയ്ത് തടങ്കലില്‍ വച്ചതില്‍ പ്രതിഷേധിച്ചും സഖാക്കളെ ജയില്‍മോചിതരാക്കണമെന്ന് ആവശ്യപ്പെട്ടുമുള്ള മുഖപ്രസംഗമായിരുന്നു എഴുതിക്കൊടുത്തത്. ന്യൂ ഏജ് അച്ചടിച്ച് പുറത്തുവന്നപ്പോള്‍ മുഖ്യപത്രാധിപരായ ഇ എം എസ് എഴുതിനല്‍കിയ മുഖപ്രസംഗം വെളിച്ചംകണ്ടില്ല. ഡാങ്കെ അധികാരം ദുര്‍വിനിയോഗം നടത്തിയാണ് മുഖപ്രസംഗം തടഞ്ഞുവച്ചത്. പാര്‍ടിനേതാക്കളെയും സഖാക്കളെയും അറസ്റ്റുചെയ്ത് തടങ്കലില്‍ വച്ചാല്‍ അവരെ അറസ്റ്റുചെയ്തതില്‍ പ്രതിഷേധിക്കേണ്ടതും വിട്ടയക്കണമെന്ന് ആവശ്യപ്പെടേണ്ടതും സാമാന്യമര്യാദയല്ലേ? അവര്‍ ജയിലില്‍ കിടന്നാല്‍ ആകാശം ഇടിഞ്ഞുവീഴില്ല എന്നാണ് ഡാങ്കെ പ്രതികരിച്ചത്. ഇതേ ഡാങ്കെയാണ് 1924ല്‍ കാണ്‍പൂര്‍ ഗൂഢാലോചനക്കേസില്‍ ജയിലില്‍ കഴിയുമ്പോള്‍ മാപ്പപേക്ഷിച്ച് ബ്രിട്ടീഷ് ഗവണ്‍മെന്റിന് കത്തയച്ചത്. കത്ത് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. രേഖാശേഖരത്തില്‍നിന്ന് കത്ത് കണ്ടെടുത്തു. പാര്‍ടി ചെയര്‍മാന്‍ ഡാങ്കെ കത്തെഴുതിയോ എന്ന് അന്വേഷിക്കണമെന്നാണ് ഇടതുപക്ഷം ആവശ്യപ്പെട്ടത്. അത് ചര്‍ച്ചചെയ്യാന്‍പോലും ഡാങ്കെ അനുവദിച്ചില്ല.ഡാങ്കെ മാപ്പെഴുതിക്കൊടുത്തുവെന്നത് ആഭ്യന്തരമന്ത്രി ഗുല്‍സാരിലാല്‍നന്ദ പാര്‍ടിയെ ഭിന്നിപ്പിക്കാന്‍ കള്ളക്കഥയുണ്ടാക്കിയതാണെന്നാണ് രവീന്ദ്രന്‍ പറയുന്നത്. ഡാങ്കെ പിന്നീട് സിപിഐയെ വഞ്ചിച്ച് പുറത്തുപോയി മകള്‍ റോസാ ദേശ്പാണ്ഡെയോടൊപ്പം കോണ്‍ഗ്രസിന്റെ അനുബന്ധമായി ഒരു കമ്യൂണിസ്റ്റ് പാര്‍ടി ഉണ്ടാക്കിയല്ലോ. അവസാനം ഡാങ്കെ എവിടെയാണെത്തിപ്പെട്ടത്? ഇതേ ഡാങ്കെയാണ് അടിയന്തരാവസ്ഥക്കാലത്ത് തൊഴിലാളികളുടെ മിനിമം ബോണസ് നാലുശതമാനമാക്കി വെട്ടിക്കുറച്ചപ്പോള്‍ അതിനെ അനുകൂലിച്ചതും ന്യായീകരിച്ചതും. അടിയന്തരാവസ്ഥ ഫാസിസ്റ്റുകള്‍ക്കെതിരെയാണെന്നായിരുന്നു സിപിഐ വാദിച്ചത്. ബിഹാറില്‍ ഫാസിസ്റ്റ്വിരുദ്ധ റാലിവരെ നടത്തി. സിപിഐ എം നേതാക്കളെ അടിയന്തരാവസ്ഥക്കാലത്ത് അച്യുതമേനോന്‍ മുഖ്യമന്ത്രിയായപ്പോള്‍ ജയിലിലടച്ചത് ശരിയാണെന്ന് വാദിക്കുമോ?
1964ല്‍ പാര്‍ടി ഭിന്നിച്ചശേഷം 1965ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സിപിഐക്ക് മൂന്ന് സീറ്റും സിപിഐ എമ്മിന് 40 സീറ്റും കിട്ടിയത് ചൂണ്ടിക്കാണിച്ചപ്പോള്‍ ലീഗിന്റെയും മറ്റും പിന്തുണയോടെയാണ് മത്സരിച്ചതെന്ന് ഓര്‍മിപ്പിക്കുകയുണ്ടായി. ശരിയാണ്. ലീഗുമായി ചില നിയോജകമണ്ഡലങ്ങളില്‍ ധാരണയുണ്ടായിരുന്നു. സഖാക്കള്‍ ജയിലില്‍ കിടന്നപ്പോള്‍ അവരെ വിട്ടയക്കാന്‍ മുസ്ലിംലീഗ് ഉള്‍പ്പെടെയുള്ള പാര്‍ടികളാണ് ആവശ്യപ്പെട്ടത്. സ്വാഭാവികമായും "സങ്കടേ രക്ഷിക്കുന്ന മാനുഷനല്ലോ ബന്ധു' എന്ന ചൊല്ലനുസരിച്ച് സഖാക്കള്‍ ജയിലിലടയ്ക്കപ്പെട്ടപ്പോള്‍ സഹായിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചവരുമായി യോജിച്ചതില്‍ തെറ്റൊന്നുമില്ല. ശരിയായിരുന്നു. അന്ന് ലീഗുമായി കൊടില്‍കൊണ്ടുപോലും തൊടാന്‍ പാടില്ലെന്ന് വാദിച്ച സിപിഐ രണ്ടുവര്‍ഷം കഴിയുന്നതിനുമുമ്പ് മുസ്ലിംലീഗുമായി ഐക്യമുന്നണിയില്‍ അണിനിരക്കാന്‍ തയ്യാറായി. സപ്തമുന്നണി ഒന്നിച്ചു മത്സരിച്ച് വമ്പിച്ച ഭൂരിപക്ഷം നേടി. കോണ്‍ഗ്രസിന്റെ സീറ്റ് കേവലം ഒമ്പതായി ചുരുങ്ങി. ഇതെല്ലാം അമ്പതുവര്‍ഷത്തിനകം നടന്നതാണ്. അമ്പത് വര്‍ഷത്തിനകം വര്‍ഗബഹുജനസംഘടനകള്‍ ശക്തിപ്പെട്ടു. സിപിഐ എം ശക്തിപ്പെട്ടതുകൊണ്ടാണ് കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ ഇടതുപക്ഷ മതനിരപേക്ഷ ജനാധിപത്യ പാര്‍ടികളെ ഒന്നിപ്പിക്കാന്‍ കഴിഞ്ഞത്. 1964ല്‍ ഭിന്നിച്ചില്ലായിരുന്നെങ്കില്‍ ഞങ്ങളും അടിയന്തരാവസ്ഥയെ പിന്താങ്ങാന്‍ അച്ചടക്കത്തിന്റെപേരില്‍ നിര്‍ബന്ധിതരാകുമായിരുന്നില്ലേ എന്നാണ് ഇപ്പോള്‍ ചിന്തിക്കുന്നത്. ആ ഗതികേടില്‍നിന്ന് രക്ഷപ്പെട്ടതും ഭിന്നിച്ചതുകൊണ്ടാണല്ലോ. ചുരുക്കത്തില്‍ മാര്‍ക്സിസം ലെനിനിസവും അതിന്റെ ജീവനായ വര്‍ഗസമരസിദ്ധാന്തവും ഉയര്‍ത്തിപ്പിടിക്കുന്ന ഒരു യഥാര്‍ഥ കമ്യൂണിസ്റ്റ് പാര്‍ടി ഇവിടെ നിലനിന്നത് പിളര്‍ന്നതുകൊണ്ടാണ്.
ഭിന്നിപ്പിനെത്തുടര്‍ന്ന് പാര്‍ടിക്കുള്ള ബഹുജനപിന്തുണ വല്ലാതെ ഇടിഞ്ഞുപോയോ എന്ന കാര്യവും ഞങ്ങള്‍ പരിശോധിച്ചു. വസ്തുതാപരമായി പരിശോധിക്കുമ്പോള്‍ പിളര്‍പ്പിനുശേഷം 2004ലെ ലോക്സഭാതെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിനും സിപിഐയ്ക്കുംകൂടി 53 സീറ്റുകള്‍ ലഭിച്ചതായി കാണാം. ഭിന്നിപ്പിനുമുമ്പ് സിപിഐക്ക് 29 സീറ്റാണ് ലഭിച്ചത്. 1967ല്‍ സിപിഐക്ക് ലോക്സഭയില്‍ 23 സീറ്റ് ലഭിച്ചു. സിപിഐ എമ്മിന് ലഭിച്ചത് 19 സീറ്റാണ്. വോട്ട് 5.11ഉം 4.28 ശതമാനവും.
2009ലും 2014ലും ഇടതുപക്ഷത്തിന് വലിയ തിരിച്ചടി നേരിടേണ്ടിവന്നു. അത് ഭിന്നിപ്പുകൊണ്ടല്ല. പശ്ചിമബംഗാളില്‍ ഇടതുപക്ഷത്തിനുണ്ടായ കനത്ത തിരിച്ചടിയാണ് അടിസ്ഥാന കാരണം. മറ്റു സംസ്ഥാനങ്ങളിലും ക്ഷീണമുണ്ടായെന്നത് വസ്തുതയാണ്. തിരിച്ചടിക്കുള്ള യഥാര്‍ഥ കാരണം കണ്ടെത്താനും തിരുത്താനും പാര്‍ടിയെ പൂര്‍വാധികം ശക്തിപ്പെടുത്താനുമാണ് പാര്‍ടി ശ്രമിക്കുന്നത്. അതോടൊപ്പം യോജിപ്പിന്റെ മേഖല കണ്ടെത്തി ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്താനും വിപുലപ്പെടുത്താനുമാണ് ശ്രമിക്കുന്നത്. ഒരുകാര്യംകൂടി സൂചിപ്പിക്കട്ടെ. പാര്‍ടിയുടെ വിപ്ലവതന്ത്രവും അടവും തമ്മിലുള്ള വേര്‍തിരിവുപോലും ഓര്‍ക്കാതെയുള്ള സംവാദമല്ലേ സുഹൃത്തുക്കള്‍ നടത്തുന്നതെന്ന സംശയവും തോന്നുന്നു. അടിയന്തരാവസ്ഥയെത്തുടര്‍ന്ന് ജനസംഘം ഉള്‍പ്പെടെ ലയിച്ച ജനതാപാര്‍ടി രൂപംകൊണ്ടു. 1977ലെ തെരഞ്ഞെടുപ്പില്‍ കെ ജി മാരാര്‍ക്ക് പിന്തുണ നല്‍കിയത് ജനതാപാര്‍ടിയുടെ സ്ഥാനാര്‍ഥിയെന്ന നിലയ്ക്കാണെന്നതുപോലും ഓര്‍ക്കാതെ അതും തിരുത്തണമെന്നു പറയുന്നത് ദുരൂഹമാണ്. സിപിഐ എം കോണ്‍ഗ്രസുമായോ ബിജെപിയുമായോ കൂട്ടുകൂടി ഭരണത്തില്‍ പങ്കെടുത്തിട്ടില്ല. 2004ല്‍ ബിജെപി അധികാരത്തില്‍വരുന്നത് തടയാന്‍ യുപിഎയ്ക്ക് പുറത്തുനിന്ന് നാലുവര്‍ഷം പിന്തുണ നല്‍കുകമാത്രമാണ് ചെയ്തത്. സിപിഐയാകട്ടെ കോണ്‍ഗ്രസുമായി കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഭരണം പങ്കിട്ടു. ബിഹാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ജനസംഘത്തോടൊപ്പവും ഭരണം പങ്കുവച്ചു. ഇവിടെയാണ് വര്‍ഗസഹകരണത്തിന്റെ ആശയം പ്രാവര്‍ത്തികമാകുന്നത് എന്നതും ഓര്‍ക്കേണ്ടതാണ്.

ബദലിനായുള്ള പോരാട്ടം ശക്തിപ്പെടുത്തും


by പ്രകാശ് കാരാട്ട് on 11-November-2014

ജനാധിപത്യവും ജനാധിപത്യാവകാശങ്ങളും ഭരണഘടന പ്രദാനംചെയ്യുന്ന പരിമിതമായ അവകാശങ്ങള്‍പോലും രാജ്യത്തെ ഭരണവര്‍ഗങ്ങളുടെ കൈയില്‍ സുരക്ഷിതമല്ല; കാരണം സ്വന്തം താല്‍പ്പര്യസംരക്ഷണത്തിന് ആവശ്യമായി വരുമ്പോഴെല്ലാം ഭരണവര്‍ഗങ്ങള്‍ ജനാധിപത്യത്തെ കടന്നാക്രമിക്കാനും ജനാധിപത്യലംഘനങ്ങള്‍ നടത്താനും തയ്യാറാകുന്ന പ്രവണതയുണ്ട്. 1972ല്‍ പാര്‍ടിയുടെ ഒമ്പതാം കോണ്‍ഗ്രസില്‍, ആസന്നമായ ഏകകക്ഷി സ്വേച്ഛാധിപത്യത്തിന്റെ വിപത്തിനെതിരെ താക്കീത് നല്‍കിയ ആദ്യത്തെ പാര്‍ടി ആയിരുന്നു സിപിഐ എം. 1971 മുതല്‍ പശ്ചിമബംഗാളില്‍ നടമാടിയ അര്‍ധഫാസിസ്റ്റ് ഭീകരതയുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് പാര്‍ടി അത് പറഞ്ഞത്. ഇന്ദിരാഗാന്ധി ഗവണ്‍മെന്റിന്റെയും സംസ്ഥാന ഭരണയന്ത്രത്തിന്റെയും പിന്തുണ ആ ഭീകരതയ്ക്കുണ്ടായിരുന്നു. 1975 ജൂണില്‍ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിലേക്ക് നയിച്ച ആ കാലഘട്ടത്തില്‍ ജനാധിപത്യവും ജനാധിപത്യാവകാശങ്ങളും സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തില്‍ സിപിഐ എം മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. അടിയന്തരാവസ്ഥ വാഴ്ചക്കെതിരെ പാര്‍ടി പൊരുതി, ഈ കാലത്ത് പാര്‍ടിയുടെ നൂറുകണക്കിന് നേതാക്കളും കേഡര്‍മാരും ജയിലിലടയ്ക്കപ്പെട്ടു. എന്നാല്‍, ജനാധിപത്യത്തിനുമേലുള്ള കടന്നാക്രമണത്തെ എതിര്‍ക്കുന്നതിന് മറ്റ് ജനാധിപത്യശക്തികളുമായി പാര്‍ടി അണിചേര്‍ന്നു. അതുകൊണ്ടാണ് അടിയന്തരാവസ്ഥ പിന്‍വലിച്ചതോടെ പാര്‍ടി വര്‍ധിതമായ അന്തസ്സോടെയും അംഗീകാരത്തോടെയും ഉയര്‍ന്നുവന്നത്.
അഖിലേന്ത്യാ തലത്തില്‍ അടിയന്തരാവസ്ഥയ്ക്കെതിരെയും അര്‍ധഫാസിസ്റ്റ് ഭീകരതയ്ക്കെതിരെയും പൊരുതിയതിന്റെ പശ്ചാത്തലത്തിലായിരുന്നു സിപിഐ എമ്മും ഇടതുമുന്നണിയും 1977ല്‍ ആദ്യമായി മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്.ജനാധിപത്യത്തിനും ജനാധിപത്യാവകാശങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ പലപ്പോഴും സിപിഐ എമ്മിനും ഇടതുപക്ഷത്തിനും എതിരെ കേന്ദ്രീകരിക്കുകയാണുണ്ടായത്. പശ്ചിമബംഗാളിലെ അര്‍ധഫാസിസ്റ്റ് ഭീകരതയ്ക്കു ശേഷം, 1988നും 1993നും ഇടയ്ക്ക് ത്രിപുരയില്‍ ഭീകരതയുടേതായ ഒരു കാലഘട്ടമായിരുന്നു. 2011 മുതല്‍ പശ്ചിമബംഗാള്‍ വീണ്ടും വ്യാപകമായ ഭീകരതയും ജനാധിപത്യാവകാശങ്ങളുടെ ലംഘനവും നേരിടുകയാണ്. ജനാധിപത്യാവകാശങ്ങളെയും ചെങ്കൊടിയെയും സംരക്ഷിക്കുന്നതിനായി നൂറുകണക്കിന് സഖാക്കള്‍ ജീവന്‍ ബലിയര്‍പ്പിച്ചിട്ടുണ്ട്.
ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് പാര്‍ലമെന്ററി ജനാധിപത്യസംവിധാനത്തില്‍ പ്രവര്‍ത്തിച്ചതിന്റെ സമ്പന്നമായ അനുഭവമുണ്ട്. ഈ രംഗത്ത് സിപിഐ എം ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ട്. സിപിഐ എം രൂപീകരിക്കപ്പെട്ടതിനെത്തുടര്‍ന്ന്, പാര്‍ലമെന്ററി വേദികളില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നത് സംബന്ധിച്ചും സംസ്ഥാന ഗവണ്‍മെന്റുകളിലെ പങ്കാളിത്തം സംബന്ധിച്ചും സൃഷ്ടിപരമായ ഒരു സമീപനത്തിന് പാര്‍ടി രൂപം നല്‍കുകയുണ്ടായി. ഇതു സംബന്ധിച്ച അടവുപരമായ മാര്‍ഗനിര്‍ദേശം പാര്‍ടി പരിപാടിയില്‍തന്നെ നല്‍കിയിട്ടുണ്ട്. 1957ലെ കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ അനുഭവത്തെയാണ് അത് ആധാരമാക്കിയത്. നിയമസഭയില്‍ ഇടതുപക്ഷ ജനാധിപത്യശക്തികള്‍ ശക്തമായ സാന്നിധ്യമായിരിക്കുന്നിടത്തുമാത്രമേ സിപിഐ എം സംസ്ഥാന ഗവണ്‍മെന്റുകളില്‍ ചേരുകയുള്ളൂ. ബൂര്‍ഷ്വ-ഭൂപ്രഭു സംവിധാനത്തിനുള്ളില്‍ നിന്നുകൊണ്ട് ജനങ്ങള്‍ക്ക് സാധ്യമായ എല്ലാ ആശ്വാസങ്ങളും നല്‍കുമ്പോള്‍തന്നെ ബഹുജനസമരങ്ങളും ജനാധിപത്യപ്രസ്ഥാനവും വികസിപ്പിക്കുന്നതിനുള്ള സഹായം എന്ന നിലയിലാണ് സംസ്ഥാന ഗവണ്‍മെന്റുകളിലെ പങ്കാളിത്തത്തെ പാര്‍ടി കാണുന്നത്.
1967-70ല്‍ പശ്ചിമബംഗാളിലും കേരളത്തിലും ഐക്യമുന്നണി ഗവണ്‍മെന്റുകള്‍ രൂപീകരിച്ചപ്പോള്‍ സിപിഐ എം ഇത് പ്രയോഗത്തില്‍ വരുത്താന്‍ ശ്രമിച്ചു.1977 ല്‍ പശ്ചിമബംഗാളിലും തുടര്‍ന്ന് കേരളത്തിലും ത്രിപുരയിലും സിപിഐ എം നേതൃത്വത്തില്‍ ഇടതുമുന്നണി ഗവണ്‍മെന്റുകള്‍ രൂപീകരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തത്, ബൂര്‍ഷ്വാ ഭൂപ്രഭുനയങ്ങള്‍ക്കെതിരായ ബദല്‍ നയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനായി (സംസ്ഥാന ഗവണ്‍മെന്റുകളുടെ പരിമിതിക്കുള്ളില്‍നിന്ന്) ഇടതുപക്ഷ-ജനാധിപത്യപ്രസ്ഥാനത്തെ വളര്‍ത്തിക്കൊണ്ടു വരിക എന്ന സുപ്രധാന കടമയുടെ ഭാഗമായിട്ടായിരുന്നു.ഭൂപരിഷ്കരണം, അധികാരവികേന്ദ്രീകരണം, കൂട്ടായ പ്രക്ഷോഭങ്ങള്‍ക്ക് അധ്വാനിക്കുന്ന ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കല്‍, മതനിരപേക്ഷതയുടെ സംരക്ഷണം എന്നീ രംഗങ്ങളില്‍ ഈ ഗവണ്‍മെന്റുകള്‍ കൈവരിച്ച നേട്ടങ്ങള്‍ ഇടതുപക്ഷ-ജനാധിപത്യ അജന്‍ഡയുടെ മുന്നോട്ടുപോക്കിന് വലിയ സംഭാവന നല്‍കുകയുണ്ടായി.
സിപിഐ എം ഏറ്റെടുത്തിട്ടുള്ള ഒരു അനുബന്ധ രാഷ്ട്രീയ പരിപാടി ഫെഡറലിസത്തിന്റേതാണ്. ദേശീയപ്രശ്നം സംബന്ധിച്ച പാര്‍ടിയുടെ ധാരണപ്രകാരം ഇന്ത്യ ബഹുദേശീയ രാജ്യമാണ്. ഇന്ത്യന്‍ യൂണിയന്റെ ഐക്യം ഫെഡറല്‍ സംവിധാനത്തില്‍ മാത്രമേ ശക്തിപ്പെടുത്താനാകൂ. സാമ്പത്തിക-സാമൂഹികവികാസത്തില്‍ വിവിധ ഭാഷാദേശീയതകളെ താന്താങ്ങളുടെ അര്‍ഹമായ വിഹിതം നേടിയെടുക്കാന്‍ അനുവദിക്കുന്നതാണ് ഫെഡറല്‍ സംവിധാനം. ഫെഡറല്‍ രാഷ്ട്രീയഘടന ഉണ്ടാകേണ്ടത് ആവശ്യമാണ്.പ്രാദേശിക-ഭാഷാ-വംശീയ സങ്കുചിതവാദശക്തികളെ ചെറുത്തുകൊണ്ട് ജനങ്ങളുടെ ഐക്യത്തിനായും ഫെഡറലിസത്തിനായും വിട്ടുവീഴ്ചയില്ലാതെ പൊരുതുന്ന ശക്തിയാണ് സിപിഐ എം. രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ ശിഥിലീകരണശക്തികള്‍ സജീവമായിരുന്നപ്പോള്‍, സിപിഐ എം ദേശീയഐക്യത്തിനായി ഉറച്ചുനിന്നു. ശിഥിലീകരണശക്തികള്‍ക്കെതിരായ പോരാട്ടങ്ങളില്‍ സിപിഐ എമ്മിന്റെ നൂറുകണക്കിന് സഖാക്കളാണ് പഞ്ചാബിലും അസമിലും ത്രിപുരയിലും ജമ്മു കശ്മീരിലും ജീവന്‍ ബലിയര്‍പ്പിച്ചത്. കേന്ദ്ര സംസ്ഥാന ബന്ധങ്ങളില്‍ പൊളിച്ചെഴുത്ത് നടത്തണമെന്ന വിഷയത്തിലും പാര്‍ടി നിര്‍ണായകമായ പങ്ക് വഹിച്ചു. ഇടതുപക്ഷ നേതൃത്വത്തിലുള്ള ഗവണ്‍മെന്റുകളാണ് ഈ വിഷയത്തില്‍ നടന്ന നീക്കങ്ങളെ കൂട്ടിയോജിപ്പിച്ചത്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ സംബന്ധിച്ച് ഒരു പൊതുനിലപാടിന് രൂപം നല്‍കുന്നതില്‍ പാര്‍ടി സുപ്രധാന പങ്കുവഹിച്ചു. 1983ല്‍ 15 പാര്‍ടികള്‍ പങ്കെടുത്ത ശ്രീനഗര്‍ സമ്മേളനത്തിലെ പ്രസംഗങ്ങളില്‍ ഇത് കാണാനാവും.
വര്‍ഗീയതയ്ക്കെതിരായി അല്‍പ്പവും വിട്ടുവീഴ്ച ഇല്ലാത്ത നിലപാട് നിരന്തരം കൈക്കൊള്ളുന്ന ശക്തിയാണ് സിപിഐ എം. ചരിത്രപരമായി ബ്രിട്ടീഷ് വാഴ്ചക്കെതിരായ പോരാട്ടത്തിന്റെ നാളുകളില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനുള്ള ആയുധം എന്ന നിലയിലാണ് സാമ്രാജ്യത്വശക്തികള്‍ മതവര്‍ഗീയതയെ ഉപയോഗിച്ചത്. വിഭജനത്തിന്റെ നാളുകള്‍ വര്‍ഗീയഭ്രാന്തിനെ നേരിടുന്നതില്‍ ഉറച്ച നിലപാടെടുത്ത മഹനീയ പാരമ്പര്യമാണ് കമ്യൂണിസ്റ്റുകാര്‍ക്കുള്ളത്. എണ്ണത്തില്‍ കുറവായിരുന്നെങ്കിലും കമ്യൂണിസ്റ്റുകാര്‍ അക്രമങ്ങള്‍ക്കെതിരെ ഉറച്ചുനില്‍ക്കുകയും അക്രമാസക്തരായ ജനക്കൂട്ടങ്ങളില്‍നിന്നുള്ള ആക്രമണങ്ങള്‍ക്ക് വിധേയരായവരെ രക്ഷപ്പെടുത്തുന്നതിന് രംഗത്തിറങ്ങുകയും ചെയ്തു. പില്‍ക്കാലത്ത്, സ്വതന്ത്ര ഇന്ത്യയില്‍ വര്‍ഗീയ ലഹളകള്‍ പൊട്ടിപ്പുറപ്പെട്ടപ്പോഴെല്ലാം ആക്രമണവിധേയരായവരെ സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടുമുണ്ട്. ആ പാരമ്പര്യമാണ്, 1970ല്‍ തലശേരിയില്‍ വര്‍ഗീയ അക്രമത്തിനിടയില്‍, ആക്രമിക്കപ്പെട്ട മുസ്ലിം പള്ളി രക്ഷിക്കുന്നതിനിടയില്‍ കേരളത്തിലെ യു കെ കുഞ്ഞിരാമന്‍ എന്ന സിപിഐ എം നേതാവ് കൊല്ലപ്പെട്ടതില്‍ കാണാനാവുന്നത്. മതനിരപേക്ഷതയുടെ തത്വത്തോട് സിപിഐ എമ്മിന് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണുള്ളത്. മതത്തെയും ഭരണകൂടത്തെയും രാഷ്ട്രീയത്തെയും വേറിട്ടുനിര്‍ത്തുക എന്നാണ് മതനിരപേക്ഷത എന്നതുകൊണ്ടര്‍ഥമാക്കുന്നത്. നാനാവിധത്തിലുള്ള ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗീയതയെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്ന ബൂര്‍ഷ്വാ പാര്‍ടികളില്‍നിന്ന് വ്യത്യസ്തമായി വര്‍ഗീയശക്തികള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെ സിപിഐ എം പൂര്‍ണമായും എതിര്‍ക്കുകയാണ്.
1980കളുടെ ഒടുവില്‍ ഭൂരിപക്ഷ വര്‍ഗീയതയുടെ ഭീഷണി ഉയര്‍ന്നുവന്നപ്പോള്‍ സിപിഐ എം ആയിരുന്നു ആര്‍എസ്എസ്-ബിജെപി കൂട്ടുകെട്ടാണ് ഈ ഭീഷണിയെ പ്രതിനിധാനംചെയ്യുന്നത് എന്ന് ചൂണ്ടിക്കാണിച്ചത്. ഹിന്ദുത്വ ശക്തികളെ ചെറുക്കുന്നതിനും അവയെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തുന്നതിനും പാര്‍ടി അവിശ്രമം പ്രവര്‍ത്തിച്ചിട്ടുണ്ട്. നവലിബറല്‍ അജന്‍ഡയുമായി മുന്നോട്ടുപോകാന്‍ പ്രതിബദ്ധതയുള്ള ഒരു പാര്‍ടി എന്ന നിലയില്‍ ബിജെപിയെ വീക്ഷിക്കുന്ന വന്‍കിട ബൂര്‍ഷ്വാസിയുടെയും കോര്‍പറേറ്റുകളുടെയും താല്‍പ്പര്യങ്ങളോട് ഉദ്ഗ്രഥിക്കപ്പെടുന്നതെന്ന നിലയിലാണ് ബിജെപിയുടെ വളര്‍ച്ചയെയും അധികാരാരോഹണത്തെയും പാര്‍ടി കാണുന്നത്. അതുകൊണ്ടാണ് നവലിബറല്‍ നയങ്ങള്‍ക്കെതിരായ പോരാട്ടത്തെയും ഭൂരിപക്ഷവര്‍ഗീയതക്കെതിരായ പോരാട്ടത്തെയും പരസ്പരബന്ധമുള്ളതായി സിപിഐ എം വീക്ഷിക്കുന്നത്. രാഷ്ട്രീയ നഭോമണ്ഡലത്തിലാകെ നോക്കിയാല്‍, സിപിഐ എമ്മും ഇടതുപക്ഷ പാര്‍ടികളും മാത്രമാണ്, ബിജെപിയുമായും വര്‍ഗീയശക്തികളുമായും തെരഞ്ഞെടുപ്പ് നേട്ടത്തിനായോ രാഷ്ട്രീയനേട്ടത്തിനായോ ഇതേവരെ സന്ധി ചെയ്തിട്ടില്ലാത്തത്.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളില്‍ സിപിഐ എം ആണ് ഇന്ത്യയ്ക്ക് രാഷ്ട്രീയാടിസ്ഥാനത്തില്‍ ഒരു ബദല്‍ വികസനപാത ഉയര്‍ത്തിപ്പിടിച്ച ഗണനീയമായ ഏകശക്തി-സാമൂഹികമായും സാമ്പത്തികമായും നീതിയുക്തവും രാഷ്ട്രീയമായി ജനാധിപത്യപരവുമായതാണ് ഈ ബദല്‍. ഇന്ത്യന്‍ രാഷ്ട്രീയരംഗത്ത് ഉയര്‍ന്നുവന്ന മതനിരപേക്ഷത, ജനാധിപത്യം, ഫെഡറലിസം, തുല്യതയും നീതിയും എന്നിങ്ങനെയുള്ള എല്ലാ മുഖ്യവിഷയങ്ങളിലും സിപിഐ എം തനതായ വേറിട്ട സംഭാവന നല്‍കിയിട്ടുണ്ട്.അടുത്തകാലത്ത് നടന്ന തെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിനും ഇടതുപക്ഷത്തിനും ഗുരുതരമായ തിരിച്ചടി ഏല്‍ക്കേണ്ടതായിവന്നു. വലതുപക്ഷ മുന്നേറ്റം ബിജെപി ഗവണ്‍മെന്റ് അധികാരത്തില്‍ വരുന്നതിനിടയാക്കി. കോര്‍പറേറ്റ് വാഴ്ചയുടെയും ഹിന്ദുത്വത്തിന്റെയും ഇരട്ടശക്തികളെയാണ് ഈ ഗവണ്‍മെന്റ് പ്രതിനിധാനംചെയ്യുന്നത്. മതനിരപേക്ഷ ജനാധിപത്യത്തിനും അധ്വാനിക്കുന്ന ജനങ്ങളുടെ അവകാശങ്ങള്‍ക്കും ബദല്‍ നയങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടത്തിന് ശക്തമായ സിപിഐ എമ്മും ഇടതുപക്ഷവും അനുപേക്ഷണീയമാണ്. ഈ വെല്ലുവിളി തികഞ്ഞ ആത്മവിശ്വാസത്തോടെ പാര്‍ടി ഏറ്റെടുക്കുകയാണ്. 2015 ഏപ്രിലില്‍ ചേരുന്ന പാര്‍ടിയുടെ 21-ാം കോണ്‍ഗ്രസിന് മുന്നോടിയായി, ഈ പുതിയ രാഷ്ട്രീയ സാഹചര്യത്തെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി പുതിയൊരു രാഷ്ട്രീയ അടവുനയത്തിന് കേന്ദ്രകമ്മിറ്റി രൂപം നല്‍കുകയാണ്. നവലിബറല്‍ മുതലാളിത്തത്തിന്റേതായ രണ്ട് ദശകത്തിലേറെക്കാലം ഇന്ത്യന്‍ സമൂഹത്തിലും വര്‍ഗങ്ങളിലും സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് മൂര്‍ത്തമായ പഠനം അതില്‍ നടത്തിയിരിക്കുന്നു. സംഘടനയ്ക്കും ജനങ്ങള്‍ക്കിടയിലെ അതിന്റെ പ്രവര്‍ത്തനത്തിനും പാര്‍ടി കോണ്‍ഗ്രസ് ഒരു പുതിയ ദിശാബോധം പ്രദാനംചെയ്യും.
നമ്മുടെ ഭരണവര്‍ഗങ്ങള്‍ അംഗീകരിച്ചിരിക്കുന്ന നവലിബറല്‍ മാതൃകയിലൂടെ കൂടുതല്‍ കൊള്ളയടിക്കല്‍ സ്വഭാവത്തോടുകൂടിയ മുതലാളിത്തപ്രക്രിയ നടപ്പാക്കുന്നതിന് ഇന്ത്യ സാക്ഷ്യം വഹിക്കുകയാണ്. സാമ്പത്തികവും രാഷ്ട്രീയവുമായ അസമത്വങ്ങള്‍ കുത്തനെ വര്‍ധിപ്പിക്കുകയാണ്. ലോകത്തിലെ അതിസമ്പന്നരായ ചില ആളുകള്‍ ഇന്ത്യയില്‍ ഉണ്ടെന്നതിനൊപ്പംതന്നെ ലോകത്തില്‍ ഏറ്റവും അധികം ദരിദ്രരുള്ള നാടുമാണ് ഇന്ത്യ. സോഷ്യലിസത്തിലേക്ക് നയിക്കുന്ന ബദല്‍ പാതയ്ക്കുവേണ്ടിയുള്ള പോരാട്ടം അതീവദുഷ്കരവും പ്രയാസങ്ങള്‍ നിറഞ്ഞതുമായ സമരമായിരിക്കും.സിപിഐ എം നിലവില്‍ വന്നതിന്റെ 50-ാംവാര്‍ഷികം അടയാളപ്പെടുത്തുന്ന ഈ വേളയില്‍ ആത്മവിശ്വാസത്തോടെയും ദൃഢനിശ്ചയത്തോടെയും ഈ ലക്ഷ്യം കൈവരിക്കുന്നതിന് നാം സ്വയം പുനരര്‍പ്പിക്കുകയാണ്.

സിപിഐ എമ്മിന്റെ അമ്പതാം വാര്‍ഷികം

by പ്രകാശ് കാരാട്ട് on 10-November-2014

കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) അതിന്റെ രൂപീകരണത്തിന്റെ 50-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. 1964 ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 7 വരെ കൊല്‍ക്കത്തയില്‍ ചേര്‍ന്ന 7-ാം കോണ്‍ഗ്രസില്‍ ജന്മംകൊണ്ട പാര്‍ടി ഒട്ടേറെ അഗ്നിപരീക്ഷകളും പീഡനങ്ങളും നേരിട്ടാണ് മുന്നേറിയത്. ഈ സന്ദര്‍ഭത്തില്‍, പാര്‍ടിയുടെയും പ്രസ്ഥാനത്തിന്റെയും താല്‍പ്പര്യങ്ങള്‍ക്കായി രക്തസാക്ഷിത്വം വരിച്ച ആയിരക്കണക്കിനു സഖാക്കളെ ഞങ്ങള്‍ സ്മരിക്കുകയാണ്; അവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുകയാണ്.


സിപിഐ എമ്മിന്റെ രൂപീകരണം ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ നിര്‍ണായകവും അതിപ്രധാനവുമായ ഒരുഘട്ടത്തെയാണ് അടയാളപ്പെടുത്തുന്നത്. 1920ല്‍ താഷ്കെന്റില്‍ വച്ച് പ്രവാസികളായ ഒരുകൂട്ടം ഇന്ത്യന്‍ കമ്യൂണിസ്റ്റുകാരാണ് പാര്‍ടി രൂപീകരിച്ചത്. കമ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ അതിനെ ആ നിലയില്‍ അംഗീകരിക്കുകയുമുണ്ടായി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍, 1920കളില്‍, രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ ചെറിയ കമ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ ആവിര്‍ഭവിച്ചു. 1934ല്‍ മീററ്റ് ഗൂഢാലോചനക്കേസിലെ തടവുകാര്‍ ജയില്‍മോചിതരായശേഷമാണ് സംഘടിതമായ ഒരു അഖിലേന്ത്യാ പാര്‍ടി എന്നനിലയില്‍ കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.
സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ വിപ്ലവം പിന്തുടരേണ്ട തന്ത്രത്തെ സംബന്ധിച്ച് നെടുനാളത്തെ ഉള്‍പാര്‍ടി സമരത്തിന്റെ ഫലമായിരുന്നു സിപിഐ എമ്മിന്റെ രൂപീകരണം. അവിഭക്ത പാര്‍ടിക്കുള്ളില്‍ തികച്ചും ഒരു പതിറ്റാണ്ടുകാലം ഈ സമരം നടന്നു. ഒരു പരിപാടിയും അംഗീകരിക്കാന്‍ കഴിയാതിരുന്നതിന്റെ കാരണം അതാണ്.1964ല്‍ പാര്‍ടിയില്‍ പിളര്‍പ്പ് ഉണ്ടായപ്പോള്‍, ഏപ്രിലില്‍ ചേര്‍ന്ന ദേശീയ കൗണ്‍സില്‍ യോഗത്തില്‍നിന്ന് 32 അംഗങ്ങള്‍ ഇറങ്ങിപ്പോന്നശേഷം, സോവിയറ്റ്-ചൈനാ ഭിന്നിപ്പിന്റെ അടിസ്ഥാനത്തിലുള്ള പിളര്‍പ്പ് എന്നനിലയിലായിരുന്നു അത് വ്യാപകമായി അറിയപ്പെട്ടത്. അന്ന് ഭരണം നടത്തിയിരുന്ന കോണ്‍ഗ്രസ് ഗവണ്‍മെന്റും സിപിഐ എമ്മിനെ "പെക്കിങ് അനുകൂല' വിമതന്മാരായി മുദ്രകുത്തുകയും ചെയ്തിരുന്നു. 1960കളുടെ മധ്യത്തിലും 1962കളുടെ ഒടുവിലും കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ചൈനയുടെ ആഹ്വാനമനുസരിച്ച് നിരവധി രാജ്യങ്ങളിലെ നിലവിലുള്ള കമ്യൂണിസ്റ്റ് പാര്‍ടികളില്‍നിന്ന് അനേകം ഗ്രൂപ്പുകള്‍ പിളര്‍ന്നുപോയിരുന്നു. ഇതില്‍ മിക്ക പാര്‍ടിയും മാതൃപാര്‍ടിയില്‍നിന്നുള്ള പിളര്‍പ്പന്‍ ഗ്രൂപ്പുകളായി മാത്രം നിലനിന്നു; അവയ്ക്കൊന്നിനും ബഹുജനാടിത്തറ ഉണ്ടാക്കാനോ ഗണ്യമായ എന്തെങ്കിലും രാഷ്ട്രീയസ്വാധീനം കൈവരിക്കാനോ കഴിഞ്ഞതുമില്ല.

എന്നാല്‍, ഇന്ത്യയില്‍ കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നു. സിപിഐയില്‍ ഭിന്നിപ്പുണ്ടായത് സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ടിയും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയും തമ്മിലുള്ള ഭിന്നത വര്‍ധിച്ചുവന്ന കാലഘട്ടത്തിലായിരുന്നു. എന്നാല്‍, ഇന്ത്യന്‍ പാര്‍ടിയിലെ പിളര്‍പ്പിനു കാരണം അതായിരുന്നില്ല. ഇന്ത്യന്‍ ഭരണകൂടത്തിന്റെ വര്‍ഗസ്വഭാവം, ഭരണവര്‍ഗങ്ങളുടെ സ്വഭാവം തുടങ്ങിയുള്ള അടിസ്ഥാനചോദ്യങ്ങളുമായി ബന്ധപ്പെട്ട് പാര്‍ടി പിന്തുടരേണ്ട പരിപാടിപരമായ തന്ത്രത്തെ കേന്ദ്രീകരിച്ച് പാര്‍ടിക്കുള്ളില്‍ നടന്ന ദീര്‍ഘകാല പോരാട്ടത്തിന്റെ മൂര്‍ധന്യാവസ്ഥയായിരുന്നു സിപിഐ എമ്മിന്റെ രൂപീകരണം.
അങ്ങനെ, 1964 ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ചേര്‍ന്ന 7-ാം കോണ്‍ഗ്രസ് ഒരു പരിപാടി അംഗീകരിച്ചതിലൂടെയാണ് സിപിഐ എമ്മിന്റെ രൂപീകരണം അടയാളപ്പെടുത്തപ്പെടുന്നത്.7-ാം കോണ്‍ഗ്രസില്‍ അംഗീകരിച്ച പാര്‍ടി പരിപാടിയാണ്, ഇന്ത്യന്‍ സമൂഹത്തെയും അതിലെ വര്‍ഗങ്ങളെയും മാര്‍ക്സിസ്റ്റ്-ലെനിനിസത്തിന്റെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്ത് അതിനെ ആധാരമാക്കി ഇന്ത്യന്‍ വിപ്ലവത്തിന്റെ തന്ത്രപരമായ കടമകള്‍ ആദ്യമായി മുന്നോട്ടുവച്ചത്. വന്‍കിട ബൂര്‍ഷ്വാസിയാല്‍ നയിക്കപ്പെടുന്ന ബൂര്‍ഷ്വ-ഭൂപ്രഭു സഖ്യത്തിന്റെ നിയന്ത്രണത്തിലുള്ളതാണ് ഇന്ത്യന്‍ ഭരണകൂടമെന്ന് സുവ്യക്തമായി ഇന്ത്യന്‍ ഭരണകൂടത്തിന്റെ സ്വഭാവത്തെ സംബന്ധിച്ച് പരിപാടി വിശദമാക്കി. അങ്ങനെ; ഇപ്പോഴത്തെ തന്ത്രത്തിന് രൂപംനല്‍കുന്നതില്‍ വളരെ നിര്‍ണായകമായ ഈ അടിസ്ഥാന സവിശേഷതയ്ക്കുമേല്‍ നിലനിന്നിരുന്ന ആശയക്കുഴപ്പത്തിന്റേതായ മൂടല്‍മഞ്ഞ് നീക്കംചെയ്യപ്പെട്ടു.
വിപ്ലവത്തിന്റെ ഘട്ടം, ഭരണകൂടത്തിന്റെ സ്വഭാവം, ജനകീയ ജനാധിപത്യവിപ്ലവത്തിനുവേണ്ടിയുള്ള വര്‍ഗസഖ്യം എന്നിവയ്ക്ക് പരിപാടി രൂപംനല്‍കുകയുണ്ടായി. കാലത്തിന്റെയും പ്രയോഗത്തിന്റെയും പരീക്ഷണങ്ങളെ അതിജീവിച്ചതാണ് ഈ പരിപാടി. 2001ല്‍ ഈ പരിപാടി കാലോചിതമാക്കപ്പെടുകയുണ്ടായി. എന്നാല്‍, മേല്‍ സൂചിപ്പിച്ച അനുപേക്ഷണീയമായ ഘടകങ്ങള്‍ ഇപ്പോഴും സാധ്യതയുള്ളത് തന്നെയാണ്. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകളില്‍ പാര്‍ടിയുടെ രാഷ്ട്രീയവും സംഘടനാപരവും പ്രത്യയശാസ്ത്രപരവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കിയത് പരിപാടിയാണ്.ഈ പരിപാടിയെ അടിസ്ഥാനമാക്കിയാണ് രാജ്യത്തെ പ്രമുഖ ഇടതുപക്ഷ പാര്‍ടിയായി സിപിഐ എം വളര്‍ന്നത്. പാര്‍ടിക്ക് ഇപ്പോള്‍ പത്തു ലക്ഷത്തിലേറെ അംഗങ്ങളുണ്ട്. ഈ അംഗങ്ങള്‍ വിവിധ ബഹുജനസംഘടനകളില്‍ പ്രവര്‍ത്തിക്കുകയാണ്. ആ ബഹുജനസംഘടനകളിലെല്ലാം കൂടി ഏഴു കോടി അംഗങ്ങളുണ്ട്.
പാര്‍ടി രൂപീകരണത്തിനുശേഷം ഉടന്‍തന്നെ പ്രത്യയശാസ്ത്രപരമായ നിലപാടുകള്‍ക്ക് സിപിഐ എം രൂപംനല്‍കി. 1960കളുടെ ആരംഭത്തില്‍ സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ വളരെ ഗൗരവമുള്ള പ്രത്യയശാസ്ത്രസംവാദവും സംഘര്‍ഷങ്ങളും നടന്നിരുന്നു. പുതിയ കാലഘട്ടത്തിന്റെ ഉള്ളടക്കം, മുഖ്യ സാമൂഹ്യവൈരുധ്യങ്ങള്‍, രണ്ടു സാമൂഹ്യവ്യവസ്ഥകള്‍ തമ്മില്‍ സമാധാനപരമായ സഹവര്‍ത്തിത്വം, സോഷ്യലിസത്തിലേക്കുള്ള സമാധാനപരമായ പരിവര്‍ത്തനം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ടിയും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയും എതിര്‍ചേരികളില്‍ നിന്നുള്ള കടുത്ത ഭിന്നതകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ഇടയാക്കി. പ്രായോഗികമായി, 7-ാം പാര്‍ടി കോണ്‍ഗ്രസ് കഴിഞ്ഞയുടന്‍ സിപിഐ എം നേതൃനിര ഒന്നാകെ ജയിലില്‍ അടയ്ക്കപ്പെട്ടു; ആയതിനാല്‍ 1968 വരെ വിവിധ പ്രത്യയശാസ്ത്രപ്രശ്നങ്ങളില്‍ പാര്‍ടിയുടെ നിലപാട് രൂപീകരിക്കല്‍ സാധ്യമായില്ല. ചൈനീസ് പാര്‍ടി കൈക്കൊണ്ട നിലപാടുകളാണ് സിപിഐ എം പിന്തുടരുന്നതെന്ന തെറ്റായ ധാരണ പ്രചരിപ്പിക്കപ്പെടുന്നതിന് ഇത് ഇടയാക്കി. പാര്‍ടിയുടെ പ്രത്യയശാസ്ത്ര നിലപാടുകള്‍ വ്യക്തമാക്കുന്നതില്‍ വന്ന കാലതാമസം, ഈ രാജ്യത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുള്ളില്‍ ഇടതു സെക്ടേറിയന്‍ പ്രവണതകള്‍ ഉയര്‍ന്നുവന്നപ്പോള്‍ ചില നാശനഷ്ടങ്ങള്‍ക്ക് കാരണമായി.
സമഗ്രമായ ഉള്‍പാര്‍ടി ചര്‍ച്ചയ്ക്കുശേഷം 1965ല്‍ ചേര്‍ന്ന ബര്‍ദ്വാന്‍ പ്ലീനത്തില്‍ വച്ച് സിപിഐ എം പ്രത്യയശാസ്ത്ര നിലപാട് അംഗീകരിച്ചു. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെയും ഒപ്പം സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെയും വലതുപക്ഷ റിവിഷനിസവുമായും ഇടതുപക്ഷ സെക്ടേറിയനിസവുമായും ഒരേപോലെ ചരിത്രപരമായ വിച്ഛേദം അടയാളപ്പെടുത്തിയതായിരുന്നു ഈ പ്ലീനം. സിപിഎസ്യുവും സിപിസിയും കൈക്കൊണ്ടിരുന്ന നിരവധി സൈദ്ധാന്തികനിലപാടുകളോട് വിമര്‍ശപരമായ സമീപനം സ്വീകരിച്ചുകൊണ്ട് സിപിഐ എം ഒരുമറയുമില്ലാതെ തങ്ങളുടെ സ്വതന്ത്രനിലപാട് പ്രകടമാക്കി.വാസ്തവത്തില്‍ ഇത് സിപിഐ എമ്മിന്റെ വേറിട്ടസ്വഭാവം വെളിപ്പെടുത്തി. അവിഭക്ത സിപിഐ അനുഭവജ്ഞാനമില്ലാത്ത പാര്‍ടി ആയിരുന്നപ്പോള്‍ സിദ്ധാന്തവും പ്രയോഗവും സംബന്ധിച്ച കാര്യങ്ങള്‍ക്ക് സിപിഎസ്യുവിനെ ആശ്രയിച്ചിരുന്നു (സ്വാതന്ത്ര്യത്തിനു മുമ്പുള്ള കാലഘട്ടത്തില്‍ കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ നിര്‍ദേശപ്രകാരം ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ടി ഇതിന് ഇടനിലക്കാരനായി നിന്നു). സ്വാതന്ത്ര്യാനന്തരവും ഈ പൈതൃകം മാറ്റമില്ലാതെ തുടര്‍ന്നു. പിന്നീട്, 1960കളുടെ അവസാനം ഇടതു സെക്ടേറിയന്‍ പ്രവണത സിപിസിയില്‍നിന്ന് ഊര്‍ജം കണ്ടെത്തി. ഈ "ആശ്രിതത്വ'വുമായാണ് സിപിഐ എം വിടപറഞ്ഞത്. പരിപാടിയുടെ രൂപവല്‍ക്കരണവും അതില്‍നിന്ന് രൂപീകരിക്കപ്പെട്ട അടവുപരമായ കാഴ്ചപ്പാടും തുടര്‍ന്നംഗീകരിച്ച പ്രത്യയശാസ്ത്രപരമായ നിലപാടുകളും കഴിഞ്ഞകാല പ്രയോഗത്തില്‍നിന്നുള്ള വൈരുധ്യാത്മകമായ വിച്ഛേദമായി അടയാളപ്പെടുത്തപ്പെട്ടു. ഈ മൗലികമായ വേര്‍പിരിയലിന് അടിസ്ഥാനമായത് മൂര്‍ത്തമായ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ മാര്‍ക്സിസം-ലെനിനിസം പ്രയോഗിക്കാനുള്ള നിശ്ചയദാര്‍ഢ്യത്തോടെയുള്ള നീക്കമായിരുന്നു. കടംകൊണ്ട ബുദ്ധിയെ ആശ്രയിക്കരുതെന്നും മറ്റു രാജ്യങ്ങളില്‍ വിശിഷ്യാ വിപ്ലവം നടന്നവയില്‍ പിന്തുടര്‍ന്ന മാതൃക യാന്ത്രികമായി പകര്‍ത്തരുതെന്നുമാണ് ഇതിനര്‍ഥം.
സോവിയറ്റ് യൂണിയന്റെ തകര്‍ച്ച കമ്യൂണിസ്റ്റ് പാര്‍ടികളിലും സോഷ്യലിസ്റ്റ് ലക്ഷ്യത്തിലും വിനാശകരമായ പ്രത്യാഘാതങ്ങളുണ്ടാക്കി. ഇന്ത്യയിലും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെമേല്‍ ഇതിന്റെ അനന്തരഫലം അനുഭവപ്പെട്ടു. എന്നാല്‍, ഒരു പാര്‍ടി എന്നനിലയില്‍ രാഷ്ട്രീയ-പ്രത്യയശാസ്ത്ര അടിസ്ഥാനത്തില്‍ ഏറ്റവും കുറച്ചുമാത്രം ഇതിന്റെ പ്രത്യാഘാതം ബാധിച്ച ഒന്നായിരുന്നു സിപിഐ എം; അഥവാ ഒരു സംഘടന എന്നനിലയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മറ്റു ചില കമ്യൂണിസ്റ്റ് പാര്‍ടികളില്‍നിന്നും സിപിഐ എം വേറിട്ടുനിന്നു. ഇതിനു കാരണം പാര്‍ടിക്ക് മാര്‍ക്സിസത്തെ സംബന്ധിച്ച് സ്വതന്ത്രമായ ധാരണ ഉണ്ടായിരുന്നതായിരുന്നു. ഒരിക്കലും സോവിയറ്റ് വിരുദ്ധനിലപാട് കൈക്കൊള്ളാതെ തന്നെ സിപിഎസ്യുവിന്റെ പ്രത്യയശാസ്ത്രത്തോടും പ്രയോഗത്തോടുമുള്ള വിമര്‍ശപരമായ സമീപനമാണ് സിപിഐ എം സ്വീകരിച്ചത്. സോവിയറ്റ് യൂണിയനിലും സിപിഎസ്യുവിലും പാര്‍ടി അന്ധമായ വിശ്വാസം അര്‍പ്പിക്കാതിരുന്നതുമൂലം സോവിയറ്റ് യൂണിയന്റെ പെട്ടെന്നുള്ള പതനത്തെ നേരിടുന്നതിന് പാര്‍ടി സുസജ്ജമായിരുന്നു. തല്‍ഫലമായി, വളരെക്കുറച്ച് നാശനഷ്ടം മാത്രമേ സിപിഐ എമ്മിന് അനുഭവിക്കേണ്ടതായി വന്നുള്ളൂ. ഇന്ത്യയിലെ അധ്വാനിക്കുന്ന ജനങ്ങളിലും മാര്‍ക്സിസ്റ്റ്- ലെനിനിസ്റ്റ് പ്രത്യയശാസ്ത്രത്തിലും ആഴത്തില്‍ വേരുറപ്പിച്ചിട്ടുള്ളതെന്ന നിലയില്‍ പാര്‍ടിക്ക് സ്വന്തം സിദ്ധാന്തത്തില്‍നിന്നും പ്രയോഗത്തില്‍ നിന്നും ഊര്‍ജം നേടാന്‍ കഴിഞ്ഞു; അതിന്റെ അടിസ്ഥാനത്തില്‍ 20-ാം നൂറ്റാണ്ടില്‍ സോഷ്യലിസം കെട്ടിപ്പടുത്തതിന്റെ അനുഭവത്തെ പുനര്‍വിലയിരുത്തല്‍ നടത്താനും 21-ാം നൂറ്റാണ്ടിലെ നവീകരിക്കപ്പെട്ട സോഷ്യലിസത്തിനായി പ്രവര്‍ത്തിക്കാനുള്ള ആത്മവിശ്വാസം ആവര്‍ത്തിച്ചുറപ്പിക്കാനും പാര്‍ടിക്ക് കഴിഞ്ഞു.
വാസ്തവത്തില്‍, 1991നു ശേഷമുള്ള ദശകത്തില്‍ പാര്‍ടി അംഗത്വത്തില്‍ ക്രമാനുഗതമായ വളര്‍ച്ചയാണുണ്ടായത്.കാര്‍ഷികവിപ്ലവമാണ് ജനാധിപത്യവിപ്ലവത്തിന്റെ കാതലെന്ന് സിപിഐ എം പരിപാടി പ്രസ്താവിക്കുന്നു. ആയതിനാല്‍ കാര്‍ഷികപ്രശ്നവും ഭൂപ്രശ്നവും പാര്‍ടിയുടെ പ്രയോഗത്തിന്റെ കേന്ദ്രമായി മാറി.രൂപീകരണകാലം മുതല്‍ തന്നെ ഭൂമിക്കുവേണ്ടിയുള്ള സമരത്തില്‍ ഏറ്റവുമധികം മുന്നോട്ടുപോയ പാര്‍ടിയാണ് സിപിഐ എം. ഭൂപ്രഭുത്വത്തിനെതിരെയും ബിനാമി ഭൂമി ഏറ്റെടുക്കുന്നതിനായും മിച്ചഭൂമി വിതരണം ചെയ്യുന്നതിനായും കര്‍ഷകത്തൊഴിലാളികള്‍ക്ക് വീടുവയ്ക്കാന്‍ ഭൂമിക്ക് പട്ടയം നല്‍കുന്നതിനായും മറ്റും നടത്തിയ ഈ പോരാട്ടങ്ങളാണ് പശ്ചിമബംഗാളിലും കേരളത്തിലും ത്രിപുരയിലും ഇടതുപക്ഷ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ രൂപീകരിക്കുന്നതിനിടയാക്കിയത്. ആ സര്‍ക്കാരുകളാണ് രാജ്യത്ത് അര്‍ഥപൂര്‍ണമായ രീതിയില്‍ ഭൂപരിഷ്കരണം നടപ്പാക്കിയത്. ഈ പരിഷ്കരണങ്ങള്‍ മിച്ചഭൂമിയുടെ വിതരണത്തിനും പാട്ടക്കുടിയായ്മ അവസാനിപ്പിക്കുന്നതിനും പങ്കുപാട്ടക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഇടയാക്കി.
1960കളും 1970കളും വിശേഷിച്ചും ഈ പ്രശ്നങ്ങളിന്മേല്‍ സമരങ്ങളുടെ ഒരു വേലിയേറ്റത്തിനുതന്നെ സാക്ഷ്യംവഹിച്ചു. സിപിഐ എം പ്രധാന നേതൃത്വം നല്‍കിയിരുന്ന 1967-1970 കാലഘട്ടത്തിലെ പശ്ചിമബംഗാളിലെയും കേരളത്തിലെയും ഐക്യമുന്നണി സര്‍ക്കാരുകള്‍ ഭൂപ്രശ്നത്തില്‍ നിര്‍ണായകമായ മുന്നേറ്റമുണ്ടാക്കി. ശക്തമായ സമരങ്ങളുടെ പിന്‍ബലവും ഇതിനുണ്ടായിരുന്നു.തൊഴിലാളിവര്‍ഗത്തിന്റെ പാര്‍ടി എന്നനിലയില്‍ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിനും നിരന്തരം ശ്രമിച്ചിരുന്നു; ജനാധിപത്യപ്രസ്ഥാനത്തെ നയിക്കുന്നതിനുശേഷിയുള്ള രാഷ്ട്രീയശക്തിയെന്ന നിലയില്‍ തൊഴിലാളികളെ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. സ്വകാര്യവല്‍ക്കരണത്തിനും തൊഴിലിന്റെ കരാര്‍വല്‍ക്കരണത്തിനും എതിരെയും ട്രേഡ് യൂണിയന്‍ അവകാശങ്ങളുടെ സംരക്ഷണത്തിനായുള്ള പോരാട്ടങ്ങളില്‍ പാര്‍ടി സജീവമായി പങ്കെടുത്തിരുന്നു.വര്‍ഗപരമായ ചൂഷണത്തെയും സാമൂഹ്യമായ അടിച്ചമര്‍ത്തലിനെയും ഇന്നത്തെ ബൂര്‍ഷ്വ-ഭൂപ്രഭുവ്യവസ്ഥയുടെ ഇരട്ടസ്തംഭങ്ങള്‍ എന്നനിലയിലാണ് സിപിഐ എം കാണുന്നത്. ആയതിനാല്‍ സ്ത്രീകള്‍ക്കും ദളിതര്‍ക്കും ആദിവാസികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെല്ലാം നേരെയുള്ള സാമൂഹ്യമായ അടിച്ചമര്‍ത്തലുകളുടെ എല്ലാ രൂപങ്ങള്‍ക്കും എതിരായി പാര്‍ടി അവിരാമം പൊരുതുകയാണ്.

2014, നവംബർ 8, ശനിയാഴ്‌ച

ഔഷധവിപണി അടിയറവയ്ക്കുന്നു


പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് തൊട്ടുമുമ്പേ മരുന്നുവില നിയന്ത്രണാധികാരം പരിമിതപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയത് യാദൃച്ഛികമല്ല. 2013ലെ മരുന്നുവിലനിയന്ത്രണ ഉത്തരവിലെ 19-ാം വകുപ്പുപ്രകാരം പൊതുതാല്‍പ്പര്യാര്‍ഥം ദേശീയ അവശ്യമരുന്ന് പട്ടികയ്ക്കു പുറമെയുള്ള ഏത് മരുന്നിന്റെയും വില നിയന്ത്രിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. ഈ ഉത്തരവുപ്രകാരമാണ് ദേശീയ അവശ്യമരുന്ന് പട്ടികയില്‍ ഉള്‍പ്പെട്ട 348 മരുന്നുകള്‍ക്കുപുറമെ 108 അവശ്യമരുന്നുകളുടെകൂടി വില നിയന്ത്രിക്കുന്നതിനുള്ള ഉത്തരവ് ദേശീയ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി ഇറക്കിയത്. ഒരേ മരുന്നിന് വിവിധ കമ്പനികള്‍ ഈടാക്കുന്ന വിലയിലുള്ള ഭീമമായ അന്തരം ചൂണ്ടിക്കാട്ടിയാണ് വിലനിര്‍ണയസമിതി 108 മരുന്നുകളുടെ വിലനിയന്ത്രണ ഉത്തരവിറക്കിയത്. ഒരേ മരുന്നിന് വിവിധ കമ്പനികള്‍ ഈടാക്കുന്ന ശരാശരി ചില്ലറവില്‍പ്പന വിലയേക്കാള്‍ 25 ശതമാനത്തിലേറെ ഏതെങ്കിലുമൊരു കമ്പനി വില ഈടാക്കിയാല്‍ അത്തരം മരുന്നുകളുടെ വില നിയന്ത്രിക്കുന്നതിനും 2013ലെ മരുന്നുവിലനിയന്ത്രണ ഉത്തരവു പ്രകാരം വിലനിയന്ത്രണസമിതിക്ക് അധികാരമുണ്ട്. ദേശീയ അവശ്യമരുന്ന് പട്ടിക (നാഷണല്‍ ലിസ്റ്റ് ഓഫ് എസന്‍ഷ്യല്‍ മെഡിസിന്‍- എന്‍എല്‍ഇഎം)യ്ക്കു പുറമെയുള്ള മരുന്നുകളുടെ വില നിയന്ത്രിക്കുന്ന ഉത്തരവാണ് മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് തൊട്ടുമുമ്പേ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് റദ്ദാക്കിയത്.
ദേശീയ അവശ്യമരുന്ന് പട്ടികയില്‍ ക്യാന്‍സര്‍, എയ്ഡ്സ്, ക്ഷയം, മലേറിയ, ഹൃദ്രോഗം, പ്രമേഹം, ആസ്മ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കുള്ള നിരവധി അവശ്യമരുന്നുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 2013ലെ ഉത്തരവു പ്രകാരം കേവലം 348 മരുന്നുകളുടെ പരമാവധി ഈടാക്കാവുന്ന വിലയാണ് വിലനിര്‍ണയസമിതി നിശ്ചയിക്കുന്നത്. ഇത് മൊത്തം മരുന്നുവിപണിയുടെ 13 ശതമാനം മാത്രമാണ്. പുതുതായി ഉള്‍പ്പെടുത്താന്‍ ശ്രമിച്ച 108 മരുന്നുകള്‍ ചേര്‍ന്നാല്‍ത്തന്നെ നിയന്ത്രണം 20 ശതമാനം മരുന്നുകള്‍ക്കുമാത്രമാണ് ബാധകമാവുക. ഇതുപോലും അനുവദിക്കില്ലെന്ന വാശിയിലാണ് അമേരിക്കന്‍ അധിഷ്ഠിത മരുന്നുവ്യവസായ ഭീമന്മാര്‍. പുതിയ ഉത്തരവിലൂടെ 108 മരുന്നുകളുടെ വിലനിയന്ത്രണം ഇല്ലാതാവുകയും വന്‍കിട കമ്പനികള്‍ക്ക് ഇന്ത്യന്‍ ആതുരസേവനമേഖലയെ കൊള്ളയടിക്കാന്‍ അവസരമൊരുങ്ങുകയും ചെയ്യും. ഇതോടെ ക്യാന്‍സര്‍, ഹൃദ്രോഗം, പ്രമേഹം, ക്ഷയം, മലേറിയ, ആസ്മ, എയ്ഡ്സ് തുടങ്ങിയ മാരകരോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ വില കുതിച്ചുയരും എന്നാണ് റിപ്പോര്‍ട്ട്.

ഔഷധക്കമ്പനികള്‍ കൊള്ളലാഭം ലക്ഷ്യമിട്ട് നിശ്ചയിച്ച വിലയും നിയന്ത്രിതവിലയും തമ്മിലുള്ള ഭീമമായ അന്തരമാണ് ഇതിന്റെ കാരണം. വിലനിര്‍ണയസമിതി പുതുതായി ഉള്‍പ്പെടുത്തിയ വിലനിയന്ത്രണ ഉത്തരവല്ല, ആഭ്യന്തര ഗൈഡ്ലൈന്‍മാത്രമാണ് പിന്‍വലിച്ചതെന്ന വിശദീകരണമാണ് കേന്ദ്രസര്‍ക്കാര്‍ ഈ ഘട്ടത്തില്‍ നല്‍കിയത്. വില നിയന്ത്രിച്ചുള്ള ഉത്തരവല്ല വിലനിയന്ത്രണ അധികാരം പിന്‍വലിക്കുകതന്നെയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. വിലനിയന്ത്രണ ഉത്തരവ് ചോദ്യംചെയ്ത് മുംബൈ, ഡല്‍ഹി ഹൈക്കോടതികളില്‍ മരുന്നുകുത്തകകള്‍ നല്‍കിയ കേസ് കോടതി പരിഗണിക്കുന്ന ഘട്ടത്തിലാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം വന്നത്. മുംബൈ, ഡല്‍ഹി ഹൈക്കോടതികളിലെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍മാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിന്റെ കോപ്പി അടിയന്തരമായി നല്‍കിയതിന്റെയും സര്‍ക്കാര്‍നിലപാട് കോടതിയെ അറിയിക്കണമെന്ന് നിഷ്കര്‍ഷിച്ചതിന്റെയും പിന്നിലെ ലക്ഷ്യം വ്യക്തം.



വിലനിയന്ത്രണാധികാരമില്ലാത്ത ഒരു സമിതി പുറത്തിറക്കിയ വിലനിയന്ത്രണ ഉത്തരവ് കോടതി കടക്കുമോ എന്ന കാര്യം കണ്ടറിയണം. വിലനിയന്ത്രണ അധികാരം പിന്‍വലിച്ചതോടെ ദേശീയ അവശ്യമരുന്ന് പട്ടികയ്ക്കു പുറമെയുള്ള മരുന്നുകളുടെ വില നിയന്ത്രിക്കാന്‍ കഴിയാതാകും. കുത്തകകളെ പ്രീണിപ്പിക്കുന്ന വലതുപക്ഷ സര്‍ക്കാരുകള്‍ മരുന്നുവിലനിയന്ത്രണം ഒഴിവാക്കുന്നതിനുള്ള ഗൂഢശ്രമമാണ് എല്ലാക്കാലത്തും നടത്തിയത്.



1975ലെ ഔഷധവിലനിര്‍ണയ ഉത്തരവ് (ഡിപിസിഒ) പ്രകാരം 450 അവശ്യമരുന്നുകളുടെ വില നിയന്ത്രിച്ചിരുന്നു. ഔഷധകുത്തകകളുടെ സമ്മര്‍ദത്തിനു വഴങ്ങി 1985ല്‍ ഇത് 142 ആയും 1995ല്‍ 73 ആയും 2002ല്‍ 39 ആയും വെട്ടിക്കുറച്ചു. കുത്തക താല്‍പ്പര്യത്തിന് അനുസൃതമായി ഔഷധവിലനിയന്ത്രണം പൂര്‍ണമായി ഒഴിവാക്കുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം. ഈ ഘട്ടത്തില്‍ സുപ്രീംകോടതിയില്‍ ഐഡാന്‍ (ഓള്‍ ഇന്ത്യ ഡ്രഗ് ആക്ഷന്‍ നെറ്റ്വര്‍ക്ക്) സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിച്ച് അവശ്യമരുന്നുപട്ടികയില്‍ എല്ലാ അവശ്യമരുന്നുകളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് നിഷ്കര്‍ഷിക്കുകയുണ്ടായി. ഇതേത്തുടര്‍ന്നാണ് ദേശീയ അവശ്യമരുന്നുപട്ടികയില്‍ 348 മരുന്നുകള്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍, 1995 വരെ നിലവിലുണ്ടായിരുന്ന ഔഷധവിലനിര്‍ണയരീതി അട്ടിമറിച്ച് ഔഷധ കുത്തകസേവ നടത്തുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ശുഷ്കാന്തി കാട്ടിയത്.

1995 വരെ നിലവിലുണ്ടായിരുന്ന ഔഷധവിലനിര്‍ണയ ഉത്തരവുപ്രകാരം ഉല്‍പ്പാദനച്ചെലവ്, കമ്പനികളുടെ ലാഭം, നികുതി മുതലായ ഘടകങ്ങള്‍ കണക്കിലെടുത്ത് ഔഷധവില നിശ്ചയിക്കാനുള്ള അധികാരമാണ് വിലനിര്‍ണയസമിതിക്കുണ്ടായിരുന്നത്. 1975 മുതല്‍ ഔഷധവിലനിയന്ത്രണവുമായി ബന്ധപ്പെട്ട വിലനിര്‍ണയരീതിയാണ് 2013ലെ പുതിയ ഔഷധവിലനിര്‍ണയ ഉത്തരവിലൂടെ (സിപിസിഎ 2013) യുപിഎ സര്‍ക്കാര്‍ അട്ടിമറിച്ചത്. ഉല്‍പ്പാദനച്ചെലവ് കണക്കാക്കി വിലനിര്‍ണയിക്കുന്ന രീതിക്കുപകരം കമ്പോളത്തിലെ ശരാശരിവില കണക്കാക്കി എംആര്‍പി നിശ്ചയിക്കുന്ന നില വന്നതോടെ രാജ്യത്താകെ ഔഷധവില വന്‍തോതില്‍ കുതിച്ചുയര്‍ന്നു. 2005ലെ പേറ്റന്റ് നിയമഭേദഗതിയോടെ പേറ്റന്റുള്ള ഔഷധങ്ങളുടെ വില നിയന്ത്രിക്കാനുള്ള സംവിധാനവുമില്ലാതായി. ക്യാന്‍സര്‍, പ്രമേഹം, ക്ഷയം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് നല്‍കിവരുന്ന സുപ്രധാന മരുന്നുകളുടെ വിലനിയന്ത്രിക്കാനാകാതെ വന്നത് ഇക്കാരണത്താലാണ്. 2013ലെ ഉത്തരവിലെ 19-ാം വകുപ്പുപ്രകാരം അവശ്യഘട്ടത്തില്‍ ഏതു മരുന്നിന്റെയും വിലനിയന്ത്രിക്കുന്നതിനുള്ള അധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമായിരുന്നു. ഈ വ്യവസ്ഥപ്രകാരമാണ് 108 മരുന്നുകളുടെ വില നിയന്ത്രിക്കുന്നതിനുള്ള നീക്കം വിലനിര്‍ണയസമിതി നടത്തിയത്. ഈ ഒരധികാരമാണ് മോഡിസര്‍ക്കാര്‍ പുതിയ ഉത്തരവിലൂടെ പിന്‍വലിച്ചത്.പ്രധാനമന്ത്രിയുടെ അമേരിക്കന്‍ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പേ അവശ്യമരുന്നുപട്ടികയ്ക്കു പുറമെയുള്ള മരുന്നുവിലനിയന്ത്രണാധികാരം എടുത്തുകളഞ്ഞതുവഴി അമേരിക്കന്‍ഭരണകൂടത്തിന്റെ ഇംഗിതത്തിനു വഴങ്ങിയുള്ള കൃത്യമായ സന്ദേശമായിരുന്നു കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്.
നേരിട്ടുള്ള വിദേശനിക്ഷേപം ആകര്‍ഷിക്കാനെന്ന മറവില്‍ ഇന്ത്യയിലെ ആതുരസേവനമേഖലയെമാത്രമല്ല, വികസ്വരരാജ്യങ്ങളുടെ ഫാര്‍മസിയെയാകെയാണ് മോഡി സര്‍ക്കാര്‍ അപകടത്തിലാക്കുന്നത്. 2001ല്‍ ഫാര്‍മസ്യൂട്ടിക്കല്‍മേഖലയില്‍ 100 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിച്ചതിന്റെ അനുഭവം പരിശോധിക്കാനെങ്കിലും മോഡി സര്‍ക്കാര്‍ തയ്യാറാകേണ്ടതാണ്. ബഹുരാഷ്ട്ര ഭീമന്മാര്‍ പുതിയ മരുന്നുകമ്പനികള്‍ സ്ഥാപിച്ച് പുതിയ സൗകര്യങ്ങള്‍ ഒരുക്കിയുള്ള നിക്ഷേപമല്ല (ഗ്രീന്‍ഫീല്‍ഡ് നിക്ഷേപം) ഇവിടെ വന്നത്. മറിച്ച്, ഇന്ത്യന്‍ പേറ്റന്റ് നിയമത്തിന്റെയും മറ്റും പിന്‍ബലത്തില്‍ വളര്‍ന്നുവന്ന ഇന്ത്യന്‍കമ്പനികളെ വിലകൊടുത്തുകൊണ്ടുള്ള നിക്ഷേപമായിരുന്നു അത് (ബ്രൗണ്‍ ഫീല്‍ഡ് നിക്ഷേപം).

അമേരിക്കന്‍ ഔഷധഭീമന്‍ മൈലാന്‍ ഇന്ത്യയുടെ മാട്രിക്സ് ലബോറട്ടറീസ് വിലയ്ക്കെടുത്തതും ഇന്ത്യയിലെ ഏറ്റവും വലിയ ഔഷധക്കമ്പനിയായ റാന്‍ബാക്സിയെ ജപ്പാന്‍ കമ്പനി ഡയിച്ചി  വിലയ്ക്കെടുത്തതും ഇത്തരം ബ്രൗണ്‍ഫീല്‍ഡ് നിക്ഷേപങ്ങളില്‍ ചിലതുമാത്രം. ഇന്ത്യന്‍ കമ്പനികളെ ബഹുരാഷ്ട്ര ഭീമന്മാരുടെ കൈപ്പിടിയിലൊതുക്കാന്‍ അവസരമുണ്ടാക്കുന്ന നയം രാജ്യതാല്‍പ്പര്യത്തെ മുന്‍നിര്‍ത്തിയല്ല. വിദേശഭീമന്മാരുടെ നിയന്ത്രണത്തിലായതോടെ ഈ കമ്പനികള്‍ ഉല്‍പ്പാദിപ്പിക്കുന്ന ജനറിക്മരുന്നുകളുടെ വില വര്‍ധിപ്പിച്ചും പുതിയവ ഉല്‍പ്പാദിപ്പിക്കേണ്ടതില്ലെന്നു തീരുമാനിച്ചും തങ്ങളുടെ വിലയേറിയ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള ജനറിക് വെല്ലുവിളി ഇല്ലാതാക്കുകയായിരുന്നു ഇക്കൂട്ടര്‍ചെയ്തത്. അമേരിക്കന്‍ തിട്ടൂരത്തിനു വഴങ്ങി ഉല്‍പ്പന്ന പേറ്റന്റ് വ്യവസ്ഥ അംഗീകരിച്ചതിനുശേഷം 2005നും 2010നുമിടയില്‍ ഇന്ത്യാ ഗവണ്‍മെന്റ് അനുവദിച്ച 3488 പേറ്റന്റുകളില്‍ 3079ഉം കരസ്ഥമാക്കിയത് വിദേശ ബഹുരാഷ്ട്ര മരുന്നുകമ്പനികളാണ്. ഈ മരുന്നുകളുടെ ജനറിക് പതിപ്പുകള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ഇന്ത്യന്‍ കമ്പനികളുടെ സാധ്യത ഇല്ലാതാക്കിയതാണ് ഇതിന്റെ ദുരന്തഫലം. ഇന്ത്യയിലെമാത്രമല്ല, ലോകത്തെമ്പാടുമുള്ള മനുഷ്യര്‍ക്ക് ചെലവുകുറഞ്ഞ മരുന്ന് നിഷേധിക്കുകയായിരുന്നു പേറ്റന്റ് നിയമഭേദഗതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ചെയ്തത്.

75,690 കോടി രൂപയുടെ വാര്‍ഷിക വിറ്റുവരവുള്ള മേഖലയാണ് ഇന്ത്യന്‍ ഔഷധവ്യാപാര രംഗം. ബഹുരാഷ്ട്രഭീമന്മാരുടെ താല്‍പ്പര്യത്തിനു വഴങ്ങുന്ന കേന്ദ്രസര്‍ക്കാര്‍, രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുന്നതിന് ഒത്താശചെയ്യുന്ന സമീപനമാണ് സ്വീകരിക്കുന്നത്. മന്‍മോഹന്‍സിങ്ങും കൂട്ടരും നടപ്പാക്കിയ സമ്പന്നാനുകൂലനയം കൂടുതല്‍ ശക്തമാക്കാനുള്ള അത്യാവേശത്തിലാണ് മോഡിസര്‍ക്കാര്‍. രാജ്യത്തെ നിര്‍ധനരായ മനുഷ്യരുടെ ജീവിതംതന്നെയാണ് നരേന്ദ്രമോഡി ഒബാമയ്ക്കു മുന്നില്‍ കാഴ്ചവച്ചത്. ഇന്ത്യന്‍ ഔഷധവിപണിയെ കൈപ്പിടിയിലൊതുക്കാനുള്ള അമേരിക്കന്‍കമ്പനികളുടെ കുശലനീക്കങ്ങള്‍ക്ക്് പച്ചക്കൊടികാട്ടുകയാണ് പുതിയ ഉത്തരവിലൂടെ കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. മരുന്നുവിലനിയന്ത്രണം ഉപേക്ഷിച്ചും പേറ്റന്റ് നിയമത്തിലെ പരിമിതമായ നിയന്ത്രണാധികാരംപോലും അമേരിക്കന്‍ പ്രസിഡന്റിന്റെ കാല്‍ക്കീഴില്‍ സമര്‍പ്പിച്ചും, മന്‍മോഹന്‍സിങ്ങിനേക്കാള്‍ വലിയ സാമ്രാജ്യത്വഭക്തനാണ് താനെന്ന് മോഡി തെളിയിച്ചു.(അവസാനിച്ചു)


2014, നവംബർ 6, വ്യാഴാഴ്‌ച

ആതുര സേവനരംഗത്തെ മോഡി മാജിക്

by കെ കെ രാഗേഷ് on 04-November-2014

മാഡിസണ്‍ സ്ക്വയറിലെ മോഡിമാജിക്കിനെ വാനോളം പാടിപ്പുകഴ്ത്തിയ വലതുപക്ഷമാധ്യമങ്ങള്‍ മോഡി- ഒബാമ കൂട്ടുകെട്ടിലെ ഒളിഅജന്‍ഡ അതിസമര്‍ഥമായി മറച്ചുവച്ചു. അദാനിയും അമൂലും സണ്‍ഫാര്‍മയും എസ്സാര്‍ ഗ്രൂപ്പും സ്പോണ്‍സര്‍ ചെയ്ത ഇവന്റ് മാനേജ്മെന്റ് പരിപാടി മോഡിഷോ ആയാണ് തയ്യാറാക്കപ്പെട്ടത്. അമേരിക്കന്‍ മാധ്യമങ്ങള്‍ അവഗണിച്ച ഈ പൊറാട്ട്നാടകം നമ്മുടെ മാധ്യമങ്ങളുടെ വിശിഷ്ടവിഭവമായി. വാഷിങ്ടണ്‍ പോസ്റ്റിലെ സംയുക്ത എഡിറ്റോറിയലിന്റെ യഥാര്‍ഥ വസ്തുതകളും അതുണ്ടാക്കാന്‍ പോകുന്ന ദൂരവ്യാപക പ്രത്യാഘാതങ്ങളും മോഡിസ്തുതിയുടെ പ്രചണ്ഡമായ പ്രചാരണത്തിനുപിന്നില്‍ ഇക്കൂട്ടര്‍ ഒളിപ്പിച്ചുവച്ചു. രാജ്യത്തെ പേറ്റന്റ് നിയമവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കമ്പനികള്‍ക്കുള്ള ആശങ്കകള്‍ കണക്കിലെടുത്ത് ഇതിന്മേല്‍ തീരുമാനമെടുക്കാന്‍ അമേരിക്കന്‍ പ്രതിനിധികള്‍ ഉള്‍പ്പെട്ട യോജിച്ച കര്‍മസമിതി രൂപീകരിക്കുന്ന തീരുമാനം രാജ്യത്തിന്റെ സ്വയംനിര്‍ണയാവകാശത്തെ അപകടത്തിലാഴ്ത്തുന്നതാണ്. അമേരിക്കന്‍ ഭരണകൂടത്തിനുമുന്നില്‍ പരമാധികാരംപോലും പണയപ്പെടുത്തിയ നരേന്ദ്രമോഡിയെ പാടിപ്പുകഴ്ത്തുന്നതില്‍ അഭിരമിക്കുകയാണ് കോര്‍പറേറ്റ് മാധ്യമങ്ങള്‍.
മരുന്നുകള്‍ക്ക് പേറ്റന്റ് തരപ്പെടുത്തിയും പേറ്റന്റ് കാലാവധി നീട്ടിക്കിട്ടാന്‍ ചികിത്സാപരമായി ഒരു പ്രാധാന്യവുമില്ലാത്ത നിസ്സാരമാറ്റങ്ങള്‍ വരുത്തി പുതിയ കണ്ടുപിടുത്തമെന്നവകാശപ്പെട്ട് പേറ്റന്റ് അധികാരം അനന്തമായി നിലനിര്‍ത്തിയും രാജ്യത്തെ ആതുര സേവനരംഗത്തെ കൊള്ളയടിക്കാനുള്ള ശ്രമമാണ് പാശ്ചാത്യ മരുന്നുഭീമന്മാര്‍ എക്കാലത്തും നടത്തുന്നത്. കൊള്ളലാഭം ലക്ഷ്യംവച്ചുള്ള ഔഷധക്കുത്തകകളുടെ നീക്കത്തിന് തടയിടാനുള്ള വ്യവസ്ഥകള്‍ ഇന്ത്യന്‍ പേറ്റന്റ് നിയമത്തില്‍ ഇപ്പോഴും അവശേഷിച്ചിട്ടുണ്ട്. രാജ്യതാല്‍പ്പര്യത്തെ മുന്‍നിര്‍ത്തിയുള്ള ഈ വ്യവസ്ഥകള്‍ അട്ടിമറിക്കാനുള്ള അമേരിക്കന്‍ മരുന്നുകമ്പനികളുടെ കുതന്ത്രങ്ങള്‍ക്കുമുന്നില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി വിനീതവിധേയനാവുന്ന അപമാനകരമായ അവസ്ഥയാണ്, ഈ വ്യവസ്ഥകള്‍ പുനഃപരിശോധിക്കുന്നതിനുള്ള സംയുക്തസമിതി രൂപീകരിക്കുമെന്ന പ്രഖ്യാപനത്തോടെ വന്നുചേര്‍ന്നത്.
ഒബാമ- മോഡി കൂടിക്കാഴ്ച സംബന്ധിച്ച വാര്‍ത്തകള്‍ വന്നതിന് തൊട്ടുപിന്നാലെ സെപ്തംബര്‍ 18ന് അമേരിക്കന്‍ മരുന്ന് ഉല്‍പ്പാദക ഗവേഷണസംഘടനയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് റോഡ്ഹണ്ടര്‍ ഹിന്ദുസ്ഥാന്‍ ടൈംസില്‍ എഴുതിയ ലേഖനം കേന്ദ്രസര്‍ക്കാരിനുള്ള കൃത്യമായ സന്ദേശമായിരുന്നു. നേരിട്ടുള്ള വിദേശനിക്ഷേപത്തിന് വഴിയൊരുക്കാനുള്ള ആഹ്വാനം നടത്തി പ്രധാനമന്ത്രി നടത്തിയ സ്വാതന്ത്ര്യദിനപ്രസംഗത്തെ ശ്ലാഘിച്ച്, ഇതിനായി രാജ്യത്തെ കൊള്ളയടിക്കാനുള്ള എല്ലാ സൗകര്യവും വിദേശനിക്ഷേപകര്‍ക്ക് ഒരുക്കിക്കൊടുക്കണമെന്ന പരോക്ഷമായ ആവശ്യമാണ് റോഡ്ഹണ്ടര്‍ തന്റെ ലേഖനത്തിലൂടെ ഉന്നയിച്ചത്. ഔഷധമേഖലയുള്‍പ്പെടെയുള്ള വിജ്ഞാനാധിഷ്ഠിത വ്യവസായത്തില്‍ നിക്ഷേപിക്കുന്നതിനുള്ള പ്രധാനതടസ്സം ഇന്ത്യന്‍ ബൗദ്ധിക സ്വത്തവകാശനിയമമാണെന്ന് വ്യക്തമാക്കിയ ഹണ്ടര്‍, അന്താരാഷ്ട്ര മരുന്ന് കമ്പനികളുടെ നിരവധി ഔഷധങ്ങളുടെ പേറ്റന്റിന് നേരെ കടന്നാക്രമണം നടത്തുകയോ ഇല്ലാതാക്കുകയോ ആണ് ഇന്ത്യ ചെയ്യുന്നതെന്ന ആക്ഷേപവും ഉന്നയിച്ചു.
നമ്മുടെ രാജ്യത്ത് 1970ല്‍ പേറ്റന്റ് നിയമം നിലവില്‍ വരികയും 1972ല്‍ നിയമം പ്രാബല്യത്തിലാവുകയും ചെയ്തു. അതോടെ ഉല്‍പ്പന്ന പേറ്റന്റിനുപകരം പ്രക്രിയാ പേറ്റന്റ് നിലവില്‍വന്നു. ഇതോടെ ഏതൊരു മരുന്നും വ്യത്യസ്ത ഉല്‍പ്പാദനരീതികളിലൂടെ നിര്‍മിക്കാന്‍ മരുന്നുകമ്പനികള്‍ക്ക് അവസരം ലഭിച്ചു. വിവിധ ഔഷധങ്ങളിന്മേല്‍ വന്‍കിട കമ്പനികള്‍ക്കുണ്ടായിരുന്ന കുത്തകാവകാശം ഇല്ലാതാവുകയും ഇന്ത്യന്‍കമ്പനികള്‍ തനതുമാര്‍ഗത്തിലൂടെ ഈ ഔഷധങ്ങള്‍ നിര്‍മിക്കുന്ന സ്ഥിതിവിശേഷം സംജാതമാവുകയും ചെയ്തു. പുതിയ നയത്തോടെ രാജ്യത്തെ ഫാര്‍മസ്യൂട്ടിക്കല്‍രംഗം വലിയ വളര്‍ച്ച കൈവരിക്കുകയും കര്‍ശനമായ വിലനിയന്ത്രണസംവിധാനത്തിലൂടെ മരുന്നുവില നിയന്ത്രിതമാവുകയും ചെയ്തു. പേറ്റന്റ് നിയമത്തിന്റെ പിന്‍ബലത്തില്‍, ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയിലെ ബഹുരാഷ്ട്ര ഭീമന്മാര്‍ ഉല്‍പ്പാദിപ്പിക്കുന്ന ബ്രാന്‍ഡഡ് മരുന്നിനെ അപേക്ഷിച്ച് തുച്ഛമായ വിലയ്ക്ക് ജനറിക് മരുന്നുകള്‍ ഉല്‍പ്പാദിപ്പിച്ച് വിപണനം ചെയ്യാന്‍ തുടങ്ങിയതോടെ ഇന്ത്യന്‍ കമ്പനികള്‍ ആഗോളകുത്തകകള്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തി.
അന്താരാഷ്ട്രകമ്പോളത്തിലും വന്‍ സ്വാധീനം ചെലുത്താന്‍ ഇന്ത്യന്‍ മരുന്ന് കമ്പനികള്‍ക്ക് സാധിച്ചു. "ഡോക്ടേഴ്സ് വിതൗട്ട് ബോര്‍ഡേഴ്സ്' എന്ന അന്താരാഷ്ട്ര സംഘടന 2000ല്‍ തായ്ലന്‍ഡിലും ദക്ഷിണാഫ്രിക്കയിലും കാമറൂണിലും എയ്ഡ്സ് രോഗത്തിനുള്ള ചികിത്സ ആരംഭിച്ച ഘട്ടത്തില്‍ എയ്ഡ്സ് മരുന്നിന് ഒരുവര്‍ഷത്തേക്ക് 10,000 അമേരിക്കന്‍ ഡോളറായിരുന്നു വില. തൊട്ടടുത്ത വര്‍ഷമാണ് ഇന്ത്യന്‍ മരുന്നുകമ്പനികള്‍ എയ്ഡ്സ് ചികിത്സയ്ക്കുള്ള ജനറിക് മരുന്ന് ഉല്‍പ്പാദിപ്പിക്കാന്‍ ആരംഭിച്ചത്. അതോടെ മരുന്നുവില 96 ശതമാനമാണ് കുറഞ്ഞത്. ഈ മരുന്നിന്റെ ഇപ്പോഴത്തെ വില (ഒരുവര്‍ഷത്തേക്ക്) 140 അമേരിക്കന്‍ ഡോളറാണ്. ഇന്ത്യന്‍ നിര്‍മിത മരുന്ന് ഉപയോഗിച്ച്ഡോ ക്ടേഴ്സ് വിതൗട്ട് ബോര്‍ഡേഴ്സ് ഇന്നിപ്പോള്‍ 24 രാജ്യങ്ങളില്‍ സൗജന്യ എയ്ഡ്സ് ചികിത്സ നടത്തുന്നുണ്ട്. എയ്ഡ്സ് രോഗം നിയന്ത്രണവിധേയമാക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചത് ചെലവുകുറഞ്ഞ ഇന്ത്യന്‍ ഔഷധമാണെന്നത് സാര്‍വദേശീയമായി അംഗീകാരംനേടിയ വസ്തുതയാണ്. വികസ്വരരാജ്യങ്ങളുടെ ഫാര്‍മസി എന്ന് ഇന്ത്യന്‍ ഔഷധമേഖല വിശേഷിപ്പിക്കപ്പെട്ടത് ഇക്കാരണത്താലാണ്. അമേരിക്കയില്‍പ്പോലും ഇന്ത്യന്‍
കമ്പനികള്‍ക്ക് വന്‍സ്വാധീനമുണ്ടാക്കാന്‍ ഈ നയത്തിലൂടെ സാധിച്ചു.

അമേരിക്കന്‍ ആഭ്യന്തര ഔഷധവിപണിയില്‍ 40 ശതമാനത്തോളം ഇന്ത്യന്‍ കമ്പനികളുടെ ജനറിക് മരുന്നുകളാണ് വിറ്റഴിക്കുന്നത്. സാമ്രാജ്യത്വസമ്മര്‍ദത്തിന് വഴങ്ങി ഡബ്ല്യുടിഒ കരാറില്‍ ഒപ്പുവച്ചതോടെ സ്ഥിതിഗതികളാകെ തകിടംമറിഞ്ഞു. ലോകവ്യാപാരസംഘടനയുടെ ഉറുഗ്വേവട്ട ചര്‍ച്ചകളെത്തുടര്‍ന്ന് അംഗീകരിക്കപ്പെട്ട വ്യാപാരസംബന്ധിയായ ബൗദ്ധിക സ്വത്തവകാശ കരാര്‍ (ട്രിപ്സ്- എഗ്രിമെന്റ് ഓണ്‍ ട്രേഡ് റിലേറ്റഡ് ആസ്പെക്ട്സ് ഓഫ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്സ്) നിലവില്‍ വന്നതോടെയാണ് പേറ്റന്റ് നിയമം ഭേദഗതി ചെയ്യുന്നതിനുള്ള സമ്മര്‍ദം ശക്തിപ്പെട്ടത്. ഇതേതുടര്‍ന്ന് 1970ലെ പേറ്റന്റ് നിയമം തുടര്‍ച്ചയായി ഭേദഗതിചെയ്തു. 2005ലെ ഭേദഗതിയോടെ ട്രിപ്സ് ഉടമ്പടിക്കനുസൃതമായി ഉല്‍പ്പന്ന പേറ്റന്റ് സമ്പ്രദായം പുനഃസ്ഥാപിച്ചു. ഔഷധരംഗത്തെ വന്‍കിട ഭീമന്മാര്‍ക്ക് കുത്തകാധിപത്യം സ്ഥാപിക്കുന്നതിന് ഇത് വഴിയൊരുക്കി. അവശ്യമരുന്നുകളുടെ അനിയന്ത്രിതമായ വിലക്കയറ്റമായിരുന്നു ഇതിന്റെ ഫലം. പ്രക്രിയാ പേറ്റന്റ് വ്യവസ്ഥ ഉപേക്ഷിച്ച് ഉല്‍പ്പന്ന പേറ്റന്റ് നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഭേദഗതി എന്‍ഡിഎ സര്‍ക്കാരാണ് തയ്യാറാക്കിയത്. ഈ പേറ്റന്റ് നിയമഭേദഗതി ബില്‍ അതേപടി പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന സമീപനമാണ് തുടര്‍ന്നുവന്ന ഒന്നാം യുപിഎ സര്‍ക്കാര്‍ സ്വീകരിച്ചത്.
എന്‍ഡിഎ സര്‍ക്കാര്‍ തയ്യാറാക്കിയ ബില്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ നിയമമാക്കാന്‍ ശ്രമിച്ചപ്പോള്‍ ഇടതുപക്ഷം ഇതിനെതിരെ ശക്തമായി രംഗത്തുവന്നു. ഇടതുപക്ഷ എതിര്‍പ്പിനെ അവഗണിച്ച് പ്രക്രിയാ പേറ്റന്റ് സമ്പ്രദായം ഉപേക്ഷിച്ച് ഉല്‍പ്പന്ന പേറ്റന്റ് രീതി ഇന്ത്യന്‍ പേറ്റന്റ് നിയമത്തിന്റെ ഭാഗമാക്കാന്‍ രാജ്യത്തെ വലതുപക്ഷത്തിന് സാധിച്ചു. എന്നാല്‍, ഇടതുസമ്മര്‍ദത്തെ തുടര്‍ന്ന് 13 ഭേദഗതികള്‍ അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമായി. നിര്‍ബന്ധിത ലൈസന്‍സിങ് വ്യവസ്ഥ, 3ഡി വകുപ്പ്, പേറ്റന്റ് അനുവദിക്കുമ്പോള്‍ മൂന്നാംകക്ഷിക്ക് എതിര്‍തടസ്സവാദമുന്നയിക്കാനുള്ള അവകാശം ഉള്‍പ്പെടെയുള്ള സുപ്രധാന വ്യവസ്ഥകളാണ് ഇടതുസമ്മര്‍ദത്തിന്റെ ഫലമായി ഇന്ത്യന്‍ പേറ്റന്റ് നിയമത്തില്‍ ഉള്‍ച്ചേര്‍ക്കപ്പെട്ടത്.ഉല്‍പ്പന്ന പേറ്റന്റ് ലഭിച്ച ഒരു കമ്പനി മരുന്നിന്റെ കുത്തകാവകാശം ഉപയോഗിച്ച് വന്‍തോതില്‍ വിലവര്‍ധിപ്പിച്ചും മറ്റും പേറ്റന്റ് അധികാരം ദുരുപയോഗംചെയ്യുന്ന സ്ഥിതി ഉണ്ടാകുമ്പോള്‍ സര്‍ക്കാരിന് ഇടപെടാനുള്ള അധികാരംനല്‍കുന്ന വ്യവസ്ഥയാണ് നിര്‍ബന്ധിത ലൈസന്‍സിങ് വ്യവസ്ഥ. പേറ്റന്റ് അധികാരമുള്ള കമ്പനിയുടെ അനുമതിയില്ലാതെ അടിയന്തര സാഹചര്യങ്ങളില്‍ പ്രസ്തുത മരുന്ന് നിര്‍മിക്കുന്നതിന് ആഭ്യന്തര മരുന്നുകമ്പനികള്‍ക്ക് അനുമതി നല്‍കുന്നതിനുള്ള അധികാരമാണ് ഇതുവഴി സര്‍ക്കാരിന് ലഭിക്കുക. ഇത്തരത്തില്‍ സര്‍ക്കാരിന് ഇടപെടാന്‍ കഴിയുന്ന അടിയന്തര സാഹചര്യമേതെന്ന് നിശ്ചയിക്കാനുള്ള അധികാരവും അതാത് രാജ്യങ്ങള്‍ക്കുണ്ടെന്ന് ലോകവ്യാപാര സംഘടനയുടെ ദോഹവട്ട സമ്മേളനത്തില്‍ വ്യക്തത വരുത്തിയതാണ്. പേറ്റന്റ് അധികാരം അനന്തമായി നിലനിര്‍ത്തുന്നതിന് മരുന്നുകമ്പനികള്‍ നടത്തുന്ന സൂത്രപ്പണികളെ തടയുന്നതിന് പര്യാപ്തമായ വ്യവസ്ഥയാണ് 3ഡി വകുപ്പ്. മരുന്നിന്റെ രാസഘടനയില്‍ ചികിത്സാപരമായി ഒരു പ്രാധാന്യവുമില്ലാത്ത (മോളിക്യൂള്‍ മാറ്റം) നിസ്സാരമായ മാറ്റങ്ങള്‍ വരുത്തി പുതിയ കണ്ടുപിടുത്തമെന്നവകാശപ്പെട്ട് പേറ്റന്റ് അധികാരം എക്കാലത്തും നിലനിര്‍ത്തുന്ന മരുന്നുകമ്പനികളുടെ കുതന്ത്രം 3ഡി വ്യവസ്ഥ കാരണം ഇന്ത്യയില്‍ നടക്കാതായി. രാസമാറ്റം വരുത്തിയ ഇത്തരം മരുന്നുകള്‍ക്ക് പേറ്റന്റ് തരപ്പെടുത്താന്‍ ഇതോടെ ഔഷധഭീമന്മാര്‍ക്ക് സാധിക്കാതെ വന്നു.

ഇടതുസമ്മര്‍ദത്തെ തുടര്‍ന്ന് നിലനിര്‍ത്തിയ 3ഡി വ്യവസ്ഥയനുസരിച്ചാണ് 2012ല്‍ അമേരിക്കന്‍ ഔഷധഭീമനായ പി-ഫൈസര്‍ കമ്പനിയുടെ ക്യാന്‍സര്‍ മരുന്നായ സുറ്റെന്റിന് പേറ്റന്റ് നല്‍കണമെന്ന അപേക്ഷ ഇന്ത്യ നിരസിച്ചത്. ഇതേവര്‍ഷംതന്നെ ജര്‍മന്‍ ഔഷധകുത്തകയായ ബെയറിന്റെ ലിവര്‍ ക്യാന്‍സറിന് ഉപയോഗിക്കുന്ന നെക്സാവര്‍ മരുന്നിന്റെ ജനറിക് പതിപ്പ് ഉല്‍പ്പാദിപ്പിക്കാന്‍ ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാറ്റ്കോക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി.
ബെയര്‍ കമ്പനിയുടെ ഒരു മാസത്തേക്കുള്ള നെക്സാവര്‍ മരുന്നിന് 2,80,000 രൂപ ഈടാക്കിയ സാഹചര്യത്തിലാണ് പേറ്റന്റ് നിയമത്തിലെ നിര്‍ബന്ധിത ലൈസന്‍സിങ് വ്യവസ്ഥ ഉപയോഗിച്ച് ലിവര്‍ക്യാന്‍സര്‍ മരുന്ന് നിര്‍മിക്കാന്‍ നാറ്റ്കോയെ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. ലിവര്‍ ക്യാന്‍സര്‍ മരുന്ന് 8,800 രൂപയ്ക്കാണ് (ഒരുമാസത്തേക്ക്) നാറ്റ്കോ വിതരണം ചെയ്യുന്നത്. ഇതേ ഘട്ടത്തിലാണ് സ്വിസ് കമ്പനി നോവാര്‍ടിസിന്റെ ക്യാന്‍സര്‍ മരുന്നായ ഗ്ലൈവെകിന്റെ പേറ്റന്റ് അപേക്ഷ നിരസിക്കപ്പെട്ടതും നോവാര്‍ടീസ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച കേസ് തള്ളപ്പെട്ടതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ ഉണ്ടാകുന്നതും.ഇന്ത്യന്‍ പേറ്റന്റ് നിയമത്തിലെ ഇത്തരം വ്യവസ്ഥകള്‍ ഉപയോഗിച്ച് ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്തു നടന്ന ഇടപെടലുകള്‍ പാശ്ചാത്യ- അമേരിക്കന്‍ ഔഷധഭീമന്മാരെ തെല്ലൊന്നുമല്ല പ്രകോപിപ്പിച്ചത്. അമേരിക്കന്‍ ഭരണകൂടവും വിവിധ ചേംബറുകളും ഭീഷണികളുള്‍പ്പെടെയുള്ള സമ്മര്‍ദതന്ത്രങ്ങളുമായി രംഗത്തുവന്നു. അമേരിക്കന്‍ മരുന്നുകമ്പനികള്‍ നിര്‍ബന്ധിത ലൈസന്‍സിങ് രീതിക്കെതിരായും ഇന്ത്യന്‍ നിര്‍മിത മരുന്നുകള്‍ നിലവാരമില്ലാത്തതാണെന്നും മറ്റും ആക്ഷേപിച്ച് തുടര്‍ച്ചയായ കുപ്രചാരണം നടത്തുകയാണ്.
അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ ആഗോള ബൗദ്ധിക സ്വത്തവകാശ കേന്ദ്രം (ഗ്ലോബല്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി സെന്റര്‍) ഇന്ത്യക്കെതിരെ കടുത്ത ആക്ഷേപങ്ങളുമായാണ് രംഗത്തെത്തിയത്. ലോകത്തില്‍ ഏറ്റവും ദുര്‍ബലമായ ബൗദ്ധിക സ്വത്തവകാശ സംരക്ഷണം ലഭിക്കുന്ന രാജ്യം ഇന്ത്യയാണത്രെ. അമേരിക്കന്‍ വ്യാപാരികളുടെ സംഘടനയായ യുഎസ്ടിആര്‍ (യുണൈറ്റഡ് സ്റ്റേറ്റ് ട്രേഡ് റെപ്രസന്ററ്റീവ്സ്) ഇന്ത്യക്കെതിരെ തുടര്‍ച്ചയായ ഭീഷണി മുഴക്കുകയാണ്. ഇന്ത്യക്കെതിരെ വ്യാപാര ഉപരോധം ഏര്‍പ്പെടുത്തുമെന്ന മുന്നറിയിപ്പാണ് യുഎസ്ടിആര്‍ നല്‍കിയത്. അമേരിക്കയിലെ അന്താരാഷ്ട്ര വ്യാപാര കമീഷന്‍ (യുഎസ്ഐടിസി) ഇന്ത്യന്‍ പേറ്റന്റ് നിയമത്തിനെതിരെ ഉയര്‍ന്നുവന്ന ആക്ഷേപങ്ങള്‍ അന്വേഷിക്കുന്നതിന് തീരുമാനിച്ചു.
"ഇന്ത്യന്‍ വ്യാപാര, വ്യവസായ, നിക്ഷേപ നയങ്ങളും അത് അമേരിക്കന്‍ സമ്പദ്വ്യവസ്ഥയിലുണ്ടാക്കുന്ന പ്രത്യാഘാതവും' എന്ന പേരില്‍ യുഎസ്ഐടിസി നടത്തിയ അന്വേഷണങ്ങളോട് സഹകരിക്കേണ്ടെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. ഇന്ത്യന്‍ പേറ്റന്റ് നിയമത്തിലെ നിര്‍ബന്ധിത ലൈസന്‍സിങ് വ്യവസ്ഥ അന്താരാഷ്ട്ര കരാറിന് (ട്രിപ്സ്) അനുസൃതമാണെന്നും ബഹുരാഷ്ട്ര മരുന്നുകമ്പനികളുടെ ആക്ഷേപങ്ങള്‍ അടഞ്ഞ അധ്യായമാണെന്നുമുള്ള നിലപാടാണ് ഈ ഘട്ടത്തിലെല്ലാം ഇന്ത്യ സ്വീകരിച്ചുപോന്നത്. ഈ നിലപാടിന് കടകവിരുദ്ധമായി അമേരിക്കന്‍ സമ്മര്‍ദത്തിന് മുന്നില്‍ അടച്ച അധ്യായം വീണ്ടും തുറക്കുന്നതിനാണ് നരേന്ദ്രമോഡി തയ്യാറായത്. ഇന്ത്യന്‍ ബൗദ്ധിക സ്വത്തവകാശനിയമത്തെ സംബന്ധിച്ച പ്രശ്നത്തില്‍ അമേരിക്കന്‍ പ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തിയുള്ള യോജിച്ച സമിതി പ്രഖ്യാപനം അമേരിക്കന്‍ ഭരണകൂടത്തിന് ഇന്ത്യന്‍ നയരൂപീകരണത്തില്‍ ഇടപെടാന്‍ അവസരമൊരുക്കലാണ്. രാജ്യത്തിന്റെ ആഭ്യന്തരനയരൂപീകരണത്തില്‍ ഇടപെടാന്‍ അമേരിക്കപോലൊരു വിദേശരാജ്യത്തിന് ലഭിക്കുന്ന അവസരം ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ബൗദ്ധിക സ്വത്തവകാശനയത്തില്‍ ഇടപെടാന്‍ അനുവദിക്കുകവഴി രാജ്യത്തിന്റെ പരമാധികാരമാണ് അപകടത്തിലാവുന്നത്.

2014, ഒക്‌ടോബർ 31, വെള്ളിയാഴ്‌ച

ഭരണവര്‍ഗത്തിന്റെ ഇരട്ടക്കുട്ടികള്‍

by എം ബി രാജേഷ് on 28-October-2014

സീതയെ മോഹിപ്പിച്ച മാരീചനെപ്പോലെ ജനങ്ങളെ വ്യാമോഹത്തിലാഴ്ത്തിയ ഒറ്റവരി പരസ്യവാചകം- നല്ല ദിനങ്ങള്‍ വരാനിരിക്കുന്നു. കോണ്‍ഗ്രസ് വാഴ്ചയുടെ ദുര്‍ദിനങ്ങളില്‍ മനംമടുത്ത ജനങ്ങള്‍ക്കിടയില്‍ മോഡിയും ബിജെപിയും സമര്‍ഥമായി വിറ്റഴിച്ച ഈ ഒറ്റവരിയിലെ വാഗ്ദാനം വാചാലമായിരുന്നു. എന്നാല്‍, അധികാരമേറ്റയുടന്‍ മോഡി തിരുത്തി- കഠിന തീരുമാനങ്ങള്‍ വേണ്ടിവരും. അധികാരത്തിലേറുംമുമ്പ് മന്‍മോഹന്‍സിങ്ങും യുപിഎയും പറഞ്ഞത് കോണ്‍ഗ്രസിന്റെ കൈ ആം ആദ്മിക്കൊപ്പം, ഉള്‍ക്കൊള്ളുന്ന വളര്‍ച്ച എന്നൊക്കെയായിരുന്നു. തെരഞ്ഞെടുപ്പിനുശേഷം മന്‍മോഹന്‍സിങ്ങും മോഡിയെപ്പോലെ കഠിന തീരുമാനങ്ങളുടെ അനിവാര്യതയെക്കുറിച്ച് പറഞ്ഞു. മാത്രമല്ല, പണം മരത്തില്‍ കായ്ക്കില്ലെന്ന ബോധോദയവും അദ്ദേഹത്തിനുണ്ടായി. ഇരുവരുടെയും സ്വരത്തിലെയും സ്വരഭേദങ്ങളിലെയും സമാനത യഥാര്‍ഥത്തില്‍ നയത്തിലെ സമാനതയാണ്.
ഇരുകൂട്ടരും നവ ഉദാരനയങ്ങളുടെ വക്താക്കളാണ്. ഇവര്‍ക്കിടയിലുള്ള തര്‍ക്കം, കൂടുതല്‍ കാര്യക്ഷമമായും വേഗത്തിലും ശക്തിയോടെയും ഇത് നടപ്പാക്കാന്‍ കഴിവുള്ളത് ആര്‍ക്കാണ് എന്നതില്‍ മാത്രം. യുപിഎ സര്‍ക്കാരിനെതിരായ ഇടതുപക്ഷ വിമര്‍ശം, നവഉദാരനയങ്ങള്‍ തിരുത്താന്‍ തയ്യാറാകുന്നില്ല എന്നായിരുന്നുവെങ്കില്‍ ഈ നയം വേണ്ടത്ര തീവ്രതയോടെ നടപ്പാക്കാന്‍ കഴിയാത്ത നയപരമായ തളര്‍ച്ച ബാധിച്ച സര്‍ക്കാര്‍ എന്നായിരുന്നു ബിജെപിയുടെ വിമര്‍ശം. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ഈ നയപരമായ തളര്‍ച്ച പരിഹരിക്കുമെന്ന അവകാശവാദവും. അധികാരത്തില്‍ വന്നതുമുതല്‍ ഈ തളര്‍ച്ച പരിഹരിക്കാനുള്ള ഊര്‍ജിതശ്രമമാണ് മോഡിയും കൂട്ടരും നടത്തുന്നത്. ഇതിന്റെ ഫലമായി തീര്‍ച്ചയായും ഒരു കൂട്ടര്‍ക്ക് മന്‍മോഹന്‍ സമ്മാനിച്ചതിനേക്കാള്‍ നല്ല ദിനങ്ങള്‍ വന്നുകഴിഞ്ഞു; ഇന്ത്യനും വിദേശിയുമായ കോര്‍പറേറ്റുകളുടെ. മോഡിയുടെ കഠിന തീരുമാനങ്ങളുടെ ഇരകളാവട്ടെ മന്‍മോഹന്‍സിങ്ങിന്റെ കാലത്തെന്നപോലെ ഇപ്പോഴും സാധാരണ ജനങ്ങള്‍തന്നെ. സര്‍ക്കാരുകള്‍ മാറിയെങ്കിലും മൂലധനത്തിന് ഇളവുകളും ജനങ്ങള്‍ക്കുമേല്‍ അധികഭാരവും എന്ന യാഥാര്‍ഥ്യത്തിനുമാത്രം മാറ്റമേതുമില്ല. കാരണം, മാറിയത് സര്‍ക്കാര്‍മാത്രമാണ് നയങ്ങളല്ല എന്നതുതന്നെ.
  


യുപിഎ സര്‍ക്കാരിന്റെ അവസാനകാലത്തെ തീരുമാനങ്ങളില്‍ പ്രധാനമായിരുന്നു ഇന്‍ഷുറന്‍സില്‍ വിദേശനിക്ഷേപ പരിധി ഉയര്‍ത്താനും പ്രതിരോധം, റെയില്‍വേ എന്നീ മേഖലകളില്‍ വിദേശ നിക്ഷേപം അനുവദിക്കാനുമുള്ളത്. എന്നാല്‍, തെരഞ്ഞെടുപ്പ് അടുത്തതോടെ തീരുമാനം പ്രാവര്‍ത്തികമാക്കാന്‍ സാവകാശം ലഭിച്ചില്ല. യുപിഎയുടെ അവസാനതീരുമാനം ബിജെപി സര്‍ക്കാരിന്റെ ആദ്യ തീരുമാനങ്ങളിലൊന്നായി മാറി എന്നുമാത്രമല്ല പ്രാവര്‍ത്തികമാക്കാനുള്ള നടപടികള്‍ക്ക് അതിവേഗ തുടക്കവുമായി. ഇതില്‍ ഇന്‍ഷുറന്‍സില്‍ എഫ്ഡിഐ അനുവദിക്കുന്നതിനെ ബിജെപി അതിശക്തമായി എതിര്‍ത്തതായിരുന്നു. ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായശേഷം മോഡി ആദ്യം നല്‍കിയ ടെലിവിഷന്‍ അഭിമുഖത്തില്‍ കോണ്‍ഗ്രസിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത് ഇന്‍ഷുറന്‍സ് വിദേശ നിക്ഷേപത്തിന്റെ പേരിലായിരുന്നു. രാജ്യത്തെ വിദേശികള്‍ക്ക് അടിയറവയ്ക്കുന്നതിന്റെ ഉദാഹരണമായാണ് മോഡി ഈ നടപടിയെ വിശേഷിപ്പിച്ചത്. പിന്നീട് മോഡിതന്നെ ഇത് നടപ്പാക്കുമ്പോള്‍, ഭിക്ഷയില്ലെന്ന് പറയാനുള്ള അധികാരം തനിക്ക് മാത്രമേയുള്ളൂ എന്നുപറഞ്ഞ പഴയ തറവാട്ടുകാരണവരെപ്പോലെ, രാജ്യത്തെ അടിയറ വയ്ക്കാനുള്ള അധികാരം തനിക്കുമാത്രമാണ് എന്നാണാവോ മോഡി വിചാരിക്കുന്നത്?

പഴയ ധനമന്ത്രിയും ബിജെപി നേതാവുമായ യശ്വന്ത്സിന്‍ഹ അധ്യക്ഷനായ പാര്‍ലമെന്റിന്റെ ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയാവട്ടെ ഇന്‍ഷുറന്‍സ് വിദേശനിക്ഷേപ പരിധി ഉയര്‍ത്തരുതെന്ന ഏകകണ്ഠമായ ശുപാര്‍ശയും നല്‍കിയിരുന്നു. അതെല്ലാം വിഴുങ്ങി ബിജെപി സര്‍ക്കാര്‍ ഇന്‍ഷുറന്‍സിലും ഇതര മേഖലകളിലും വിദേശനിക്ഷേപത്തിന് പരവതാനി വിരിക്കുമ്പോള്‍ തങ്ങള്‍ ചെയ്ത കാര്യമാണ് മോഡി തുടരുന്നതെന്ന് മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് മേനി നടിക്കുന്നു. ഭരണ-പ്രതിപക്ഷ സഹകരണത്തിന്റെ എന്തൊരു നല്ല മാതൃക!യുപിഎ സര്‍ക്കാര്‍ നിര്‍ബാധം നടത്തിവന്ന പൊതുമേഖലാ ഓഹരി വില്‍പ്പന ഒരു പടികൂടി കടന്ന് ഒഎന്‍ജിസി, സെയില്‍ തുടങ്ങിയ മഹാനവരത്ന കമ്പനികളിലേക്കുകൂടി വ്യാപിപ്പിച്ച് ഇന്ത്യന്‍ പൊതുമേഖലയെ പൊളിച്ചടുക്കാനുള്ള കര്‍സേവയില്‍ മോഡിയും കൂട്ടരും വ്യാപൃതരാകുമ്പോള്‍ ഇതിന് ശിലാന്യാസം നടത്തിയവര്‍ തങ്ങളാണെന്ന് ലജ്ജയില്ലാതെ പുളകമണിയുകയാണ് കോണ്‍ഗ്രസ്.
ഇന്ദിരാഗാന്ധിക്ക് ഇടതുപക്ഷത്തിന്റെപോലും പിന്തുണ നേടിക്കൊടുത്ത ബാങ്ക്ദേശസാല്‍ക്കരണത്തിന്റെ കഥ കഴിക്കാനായി മന്‍മോഹന്‍സിങ്ങും ചിദംബരവും ചേര്‍ന്ന് ചമച്ച തിരക്കഥയ്ക്കനുസരിച്ചുതന്നെ മോഡിയും ജെയ്റ്റ്ലിയും കരുനീക്കങ്ങള്‍ ആരംഭിച്ചു. സ്വകാര്യബാങ്കിങ് ലൈസന്‍സ് യഥേഷ്ടം നല്‍കാന്‍ ബിജെപി നിശ്ചയിക്കുമ്പോള്‍ ഇന്ദിരയുടെ മരുമകളും കൊച്ചുമകനും നയിക്കുന്ന കോണ്‍ഗ്രസ് പരാതിയേതുമില്ലാതെ അനുകൂലിക്കുന്നു.രാജ്യത്തെ കോര്‍പറേറ്റുകള്‍ക്കും സമ്പന്നര്‍ക്കും രണ്ട് യുപിഎ സര്‍ക്കാരുകളുടെ പത്തുവര്‍ഷ കാലയളവില്‍ ഔദ്യോഗിക കണക്കനുസരിച്ചുതന്നെ 36 ലക്ഷം കോടിയിലധികം രൂപയുടെ ഇളവുകളും ആനുകൂല്യങ്ങളും നല്‍കിയപ്പോള്‍, അവ നല്‍കുന്നതില്‍ തെറ്റില്ലെന്നും ആ കണക്കുകള്‍ ബജറ്റ് രേഖകള്‍ക്കൊപ്പം അച്ചടിച്ചു നല്‍കി ജനങ്ങളെ അറിയിക്കുന്നതാണ് തെറ്റെന്നുമാണ് മോഡിയുടെ ധനമന്ത്രിയും. 
കോടതിയിലും രാഷ്ട്രീയത്തിലും ചിദംബരത്തെപ്പോലെ എന്നും കോര്‍പറേറ്റുകളുടെ മാത്രം വക്കാലത്തെടുത്തിട്ടുള്ളയാളുമായ അരുണ്‍ ജെയ്റ്റ്ലി (വിവാദമായ രണ്ട് കേസുകളില്‍ ചിദംബരം കൊക്കകോളയുടെയും അരുണ്‍ ജെയ്റ്റ്ലി വോഡഫോണിന്റെയും അഭിഭാഷകരായിരുന്നു) യുടെ വിചിത്ര വാദം. തെരഞ്ഞെടുപ്പ് തിരിമറിയിലൂടെ കഷ്ടിച്ച് ജയിച്ചുകയറിയവര്‍ എന്ന ആരോപണം നേരിട്ട ചിദംബരത്തെ മന്‍മോഹന്‍ ധനമന്ത്രിയാക്കിയതും, അമൃത്സറില്‍ ജനം തെരഞ്ഞെടുക്കാന്‍ കൂട്ടാക്കാതിരുന്ന ജെയ്റ്റ്ലിയെത്തന്നെ മോഡി വാശിയോടെ ധനവകുപ്പിനായി തെരഞ്ഞെടുത്തതും യാദൃച്ഛികമല്ല. ജനവിരുദ്ധ സാമ്പത്തികനയം കണ്ണില്‍ ചോരയില്ലാതെ നടപ്പാക്കാന്‍ നല്ലത് ജനം തിരസ്കരിച്ചവരാണെന്ന തിരിച്ചറിവായിരിക്കണം അതിനുപിന്നിലെ ചേതോവികാരം!
ജനങ്ങളെ മുഴുവന്‍ പെരുവഴിയാധാരമാക്കാന്‍ ലക്ഷ്യമിട്ട് യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ആധാര്‍ കാര്‍ഡിനും സബ്സിഡി പണമായി നല്‍കല്‍ പദ്ധതിക്കും എതിരായി ജനരോഷം ആളിക്കത്തിക്കാന്‍ എരിതീയില്‍ എണ്ണ പകര്‍ന്ന മോഡി ഇപ്പോള്‍ ജനങ്ങളോട് അടിയാധാരം ഹാജരാക്കാന്‍ കല്‍പ്പിക്കുന്ന അംശം അധികാരിയെ ഓര്‍മിപ്പിക്കുന്നു. അന്ന് കയ്ച്ചിട്ടിറക്കാന്‍ വയ്യാത്തതെന്ന് കുറ്റപ്പെടുത്തിയ ആധാറും നേരിട്ട് പണംനല്‍കലും ഇന്ന് മോഡിക്ക് മധുരിച്ചിട്ട് തുപ്പാന്‍ വയ്യാത്തത്ര പ്രിയപ്പെട്ടതായി.
അധികാരത്തിലേറി രണ്ടാഴ്ചയ്ക്കകം റെയില്‍വേ യാത്രാക്കൂലി 14 ശതമാനവും കടത്തുകൂലി 6.5 ശതമാനവും കൂട്ടി ജനത്തിനു നേരെ ചൂലെടുത്ത മോഡി സര്‍ക്കാരിന്റെ വാദം, യുപിഎ സര്‍ക്കാര്‍ എടുത്തുവച്ച തീരുമാനമാണ് തങ്ങള്‍ നടപ്പാക്കുന്നത് എന്നായിരുന്നു. സബ്സിഡി സിലിണ്ടര്‍ 12ല്‍ നിന്ന് 9 ആക്കി വെട്ടിക്കുറയ്ക്കാന്‍ യുപിഎ തീരുമാനിച്ചപ്പോള്‍ (ജനകീയ പ്രതിഷേധത്തെതുടര്‍ന്ന് വീണ്ടും 12 ആക്കി) ഉറഞ്ഞുതുള്ളിയ ബിജെപി വീണ്ടും അത് ഒന്‍പതിലേക്ക് ചുരുക്കാനും സബ്സിഡി തുക വെട്ടിക്കുറയ്ക്കാനും ഒരുങ്ങുമ്പോള്‍ എതിര്‍പ്പിന്റെ ഒരു മോങ്ങല്‍പോലും കോണ്‍ഗ്രസില്‍നിന്ന് ഉയരുന്നില്ല. ഇന്ധന വിലനിയന്ത്രണം നീക്കണമെന്ന കോര്‍പറേറ്റ് ആവശ്യത്തെക്കുറിച്ച് പഠിക്കാന്‍ കിരിത് പരേഖ് കമ്മിറ്റിയെ നിയോഗിച്ചതും അതിന്റെ ശുപാര്‍ശ അനുസരിച്ച് പെട്രോള്‍ വിലനിയന്ത്രണം എടുത്തുകളഞ്ഞതും മന്‍മോഹന്‍സിങ്ങായിരുന്നു. ഡീസലിന്റെ കൂടി വിലനിയന്ത്രണം എടുത്തുകളയാന്‍ കഴിയാത്തതിന്റെ നിരാശയും പെട്രോള്‍-ഡീസല്‍ വിലകളിലെ അസമത്വത്തിന്റെ അഭംഗിയും മന്‍മോഹന്‍സിങ്ങ് 2010ന് ശേഷം എപ്പോഴും ചൂണ്ടിക്കാണിച്ചത് ഓര്‍ക്കുമല്ലോ.
മന്‍മോഹന്‍സിങ്ങിന്റെ നിരാശയ്ക്ക് മോഡി അറുതിവരുത്തിയിരിക്കുന്നു. പ്രധാനമന്ത്രിയായി അഞ്ചുമാസത്തിനുള്ളില്‍ മന്‍മോഹന്റെ നടക്കാതെ പോയ സ്വപ്നം പിന്‍ഗാമിയായ മോഡി ഡീസല്‍വില നിയന്ത്രണം നീക്കിയതിലൂടെ യാഥാര്‍ഥ്യമാകുമ്പോള്‍ കോണ്‍ഗ്രസുകാരേക്കാള്‍ കൂടുതല്‍ മറ്റാരാണ് സന്തോഷിക്കുക? ശശിതരൂരിന് ഇനി മോഡിയുടെ പ്രതിപക്ഷ ബഹുമാനത്തെ വാഴ്ത്തി ഒരു ട്വീറ്റ് ആവാം. പെട്രോള്‍, ഡീസല്‍ വിലനിയന്ത്രണങ്ങള്‍ കൊണ്ടുമാത്രം മോഡി തൃപ്തിപ്പെടുന്നില്ല. മന്‍മോഹന്‍സിങ്ങിനേക്കാള്‍ കാര്യപ്രാപ്തിയുള്ള മൂലധന കാര്യസ്ഥനാണ് താനെന്ന് മോഡിക്ക് തെളിയിക്കണമല്ലോ. രാജ്യത്തെ പാവപ്പെട്ട ജനകോടികളുടെ ജീവരക്ഷയ്ക്കാവശ്യമായ മരുന്നുകളുടെ വിലനിയന്ത്രണം നീക്കിയാണ് കുത്തകകളുടെ ഗുഡ്ബുക്കില്‍ മോഡി മന്‍മോഹനേക്കാള്‍ മുകളിലെത്തിയത്.
അധികാരമേറി നൂറുദിനംകൊണ്ട് കള്ളപ്പണക്കാരുടെ പട്ടിക പുറത്തുവിടുമെന്നും കള്ളപ്പണം ഇന്ത്യയിലെത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്നും 58 ഇഞ്ച് നെഞ്ചളവിന്റെ പേരില്‍ ആണയിട്ടതായിരുന്നല്ലോ മോഡി. കള്ളപ്പണക്കാരുടെ പട്ടികയില്‍ കാവിപ്പടയുടെ അഭ്യുദയകാംക്ഷികള്‍ ഒട്ടേറെയുണ്ടെന്ന് കണ്ടപ്പോള്‍ പെട്ടെന്ന് നെഞ്ചളവ് ചുരുങ്ങിപ്പോയ മോഡി യുപിഎ സര്‍ക്കാരിനെപ്പോലെ പേര് വെളിപ്പെടുത്താനാവില്ല എന്ന് മലക്കംമറിഞ്ഞപ്പോള്‍, ഞങ്ങള്‍ പറഞ്ഞതുതന്നെ ഇപ്പോള്‍ നിങ്ങളും പറയുന്നല്ലോ എന്ന അടക്കിപ്പിടിച്ച ആഹ്ലാദവും ആശ്വാസവും പങ്കുവയ്ക്കുകയാണ് കോണ്‍ഗ്രസ്.
കുത്തകകള്‍ക്ക് അലോസരമുണ്ടാകരുതെന്നതില്‍, അവരുടെ ലാഭത്തിന് പോറലേല്‍ക്കരുത് എന്നതില്‍ ഇരുകൂട്ടര്‍ക്കും നിതാന്ത ജാഗ്രത. നിക്ഷേപ സൗഹൃദമെന്ന പേരില്‍ മൂലധന സേവയില്‍ ഇരുവരും ഒരേ തൂവല്‍പക്ഷികള്‍. ധനകമ്മി കുറയ്ക്കല്‍, ചെലവു ചുരുക്കല്‍ എന്നിവയുടെ എല്ലാം ഭാരം വഹിക്കേണ്ടവര്‍ ജനങ്ങള്‍ തന്നെ എന്നതിലും ഇവര്‍ക്കിടയില്‍ മറ്റെല്ലാ ഭിന്നതയും മറക്കുന്ന സമവായം. ഇതിന് പറയുക വര്‍ഗതാല്‍പ്പര്യം എന്നത്രേ. ഐഎംഎഫിലെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാക്കളായിരുന്ന രഘുറാംരാജന്‍ മന്‍മോഹന്‍സിങ്ങിന്റെയും അരവിന്ദ് സുബ്രഹ്മണ്യം ഇപ്പോള്‍ മോഡിയുടെയും ഉപദേഷ്ടാക്കളായതിന്റെ കാരണവും സമാനമായ ഈ വര്‍ഗതാല്‍പ്പര്യമാണ്. അരവിന്ദ് സുബ്രഹ്മണ്യത്തെ മോഡി ഉപദേഷ്ടാവാക്കിയത് ഏറ്റവും മികച്ച തീരുമാനമെന്ന് സാക്ഷ്യപ്പെടുത്തിയത് പി ചിദംബരമായിരുന്നു!.
നവഉദാര സാമ്പത്തികനയങ്ങളെ കാല്‍നൂറ്റാണ്ടായി വിട്ടുവീഴ്ചയുടെ ലാഞ്ഛനയില്ലാതെ എതിര്‍ത്തുവരുന്ന, ഭരണവര്‍ഗ സമവായത്തോട് നിരന്തമായി കലഹിക്കുന്ന ഇടതുപക്ഷത്തിന്റെ വേറിട്ട ഏകസ്വരം കൂടുതല്‍ ഉയര്‍ന്നുകേള്‍ക്കുന്ന നാളുകളാണ് വരാനിരിക്കുന്നത്. ഭരണവര്‍ഗ വിജയഭേരിക്കിടയില്‍ ഒരുവേള ഇടതുപക്ഷത്തിന്റെ ഈ ഏകസ്വരം മുങ്ങിപ്പോയിട്ടുണ്ടാകാമെങ്കിലും ആരവങ്ങള്‍ അടങ്ങിക്കഴിയുമ്പോള്‍ ചൂഷിതജനത ആ സ്വരം കേള്‍ക്കാന്‍ കാതുകൂര്‍പ്പിക്കുമെന്നതില്‍ സംശയം വേണ്ട. അതിനാല്‍ ഇന്ത്യയിലെ ഒരേയൊരു യഥാര്‍ഥ പ്രതിപക്ഷമായ ഇടതുപക്ഷത്തിന് ഒരു നിമിഷംപോലും നിശബ്ദരായിരിക്കാനാവില്ല.