2012, സെപ്റ്റംബർ 26, ബുധനാഴ്‌ച

കൂടംകുളവും ആണവോര്‍ജം സംബന്ധിച്ച സിപിഐ എം നിലപാടും

മുഖപ്രസംഗം
കൂടംകുളത്ത് ആണവനിലയം പ്രവര്‍ത്തനം ആരംഭിക്കുന്നതിനുമുമ്പ് തദ്ദേശവാസികള്‍ക്ക് അതുമൂലം ഉണ്ടായ ജീവിത സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്ക ദൂരീകരിക്കണമെന്ന് സിപിഐ (എം) ആവശ്യപ്പെടുന്നു. ഇവിടെ സമരംചെയ്യുന്ന ജനങ്ങളെ അടിച്ചമര്‍ത്തുകയല്ല കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്യേണ്ടത് എന്ന് പാര്‍ടി ആവശ്യപ്പെടുന്നു. ഒരു സ്വതന്ത്ര ഏജന്‍സി സ്ഥാപിച്ച് അതിനെക്കൊണ്ട് ആ നിലയം പരിശോധിപ്പിച്ച് സുരക്ഷിതമാണ് എന്ന് ഉറപ്പുവരുത്തണം. അതിനുശേഷമേ കൂടംകുളം ആണവനിലയത്തെ പ്രവര്‍ത്തനിരതമാക്കാവു എന്നും പാര്‍ടി നിര്‍ദ്ദേശിക്കുന്നു. ഇത്തരത്തില്‍ ആണവനിലയത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനു പ്രഥമ പരിഗണന നല്‍കുന്ന നിലപാട് ദേശീയതലത്തിലോ തമിഴ്നാട്ടിലോ മിക്ക പ്രമുഖ രാഷ്ട്രീയപാര്‍ടികളും കൈക്കൊള്ളാത്ത വേളയിലാണ് സിപിഐ (എം) ഇത്തരത്തിലൊരു ദൃഢമായ നിലപാട് കൈക്കൊണ്ടത്.

എന്നാല്‍, ഈ നിലപാടിന്റെ രാഷ്ട്രീയവും സാമൂഹ്യവും ശാസ്ത്രീയവുമായ പ്രാധാന്യം ഉയര്‍ത്തിക്കാണിക്കുന്നതിനുപകരം കേരളത്തിലെ ചില മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ സിപിഐ (എം) വ്യക്തമായ നിലപാട് കൈക്കൊള്ളുന്നില്ല എന്ന് പ്രചരിപ്പിക്കാനാണ് മുതിര്‍ന്നുകാണുന്നത്. അത് അവര്‍ മറ്റു പല കാര്യങ്ങളിലും പാര്‍ടി നിലപാടിനെ വളച്ചൊടിച്ച് ബഹുജന മധ്യത്തില്‍ അവതരിപ്പിക്കാറുള്ളതിന്റെ തുടര്‍ച്ചയാണ്. പാര്‍ടി നിലപാട് വികലമാക്കി അവതരിപ്പിച്ച് ജനമധ്യത്തില്‍ പാര്‍ടിയെ താറടിച്ചു കാണിക്കാനാണ് ഇത്തരം മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ഒരു കേന്ദ്രത്തില്‍ നിരവധി റിയാക്ടറുകള്‍ സ്ഥാപിക്കുക എന്ന കേന്ദ്രസര്‍ക്കാരിന്റെ നയം ജനങ്ങളുടെ സുരക്ഷയ്ക്ക് ആപത്താണ് എന്ന വിദഗ്ധരുടെ നിലപാട് പാര്‍ടി ചൂണ്ടിക്കാണിക്കുന്നു. കൂടംകുളത്തോ ജെയ്താപൂരിലോ ഗുജറാത്തിലും ആന്ധ്രാപ്രദേശിലും മറ്റും ആണവ നിലയങ്ങള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന കേന്ദ്രങ്ങളിലോ അങ്ങനെ ചെയ്തു കൂട. വിദേശ സര്‍ക്കാരുകളോ കമ്പനികളോ അവ ഇന്ത്യയില്‍ സ്ഥാപിക്കാന്‍ തയ്യാറുള്ള റിയാക്ടറുകള്‍മൂലം ഇവിടെ ജനങ്ങള്‍ക്ക് അപകടം നേരിട്ടാല്‍ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറല്ല. അതിനാല്‍ അത്തരക്കാരുടെ റിയാക്ടറുകള്‍ ഇന്ത്യ വാങ്ങി സ്ഥാപിക്കരുത്. ഇന്ത്യയിലെ ശാസ്ത്രജ്ഞരും സര്‍ക്കാര്‍ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ പ്രായോഗിക-ശാസ്ത്രീയ ജ്ഞാനം വേണ്ടത്രയുള്ളവരാണ്. അതിനാല്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കുന്നെങ്കില്‍ അവ ഇന്ത്യന്‍ നിര്‍മിതമായിരിക്കണം എന്ന് പാര്‍ടി നിര്‍ദ്ദേശിക്കുന്നു. അവയില്‍ അപകടമുണ്ടായാല്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം.

ഇന്ത്യയുടെ ഊര്‍ജാവശ്യങ്ങള്‍ക്ക് ഒരു പ്രധാന സ്രോതസ്സായി ആണവോര്‍ജ്ജത്തെ കണക്കാക്കിക്കൂട എന്ന് പാര്‍ടി തറപ്പിച്ചു പറയുന്നു. അത് താരതമ്യേന കൂടുതല്‍ വികിരണ അപകടസാധ്യതയുള്ളതും അത് തടയുന്നതിന് കൈക്കൊള്ളേണ്ട മുന്‍കരുതല്‍ ഏറെ ചെലവുള്ളതുമാണ്. ആണവ മാലിന്യം സുരക്ഷിതമായി നശിപ്പിക്കാന്‍ ഇന്ന് മാര്‍ഗമില്ല. ആണവ റിയാക്ടറുകള്‍ക്ക് പൊതുവിലുള്ള ഇത്തരം ദോഷങ്ങള്‍ ദൂരീകരിച്ചശേഷം മാത്രമേ വാണിജ്യാടിസ്ഥാനത്തില്‍ വികസിപ്പിക്കാവുന്ന ഊര്‍ജ്ജ സ്രോതസ്സായി ആണവോര്‍ജ്ജത്തെ കണക്കാക്കാന്‍ പാടുള്ളു. സിപിഐ (എം) ഒഴിച്ചുള്ള പ്രധാനപ്പെട്ട പാര്‍ടികള്‍ കൂടംകുളം നിലയത്തിലെ സമര പശ്ചാത്തലത്തില്‍ ആ ആണവനിലയത്തോടുള്ള നിലപാട് വ്യക്തമാക്കിയിട്ടില്ല. വ്യക്തമാക്കിയവര്‍ നിലയം പ്രവര്‍ത്തിക്കുന്നതിനെ അനുകൂലിക്കുന്നു. അവയില്‍ പലതും ഭരണപക്ഷം അല്ലെങ്കില്‍ പ്രതിപക്ഷം എന്ന നിലയില്‍ അന്ധമായ നിലപാടാണ് കൈക്കൊള്ളുന്നത്. സിപിഐ (എം) ആണ് കൂടംകുളം നിലയം സംബന്ധിച്ചു മാത്രമല്ല, രാജ്യത്തെ ആണവോര്‍ജ്ജത്തിന്റെ ഭാവിയെക്കുറിച്ചും വ്യക്തവും യുക്തിസഹവുമായ നിലപാട് ആവിഷ്കരിച്ചത്. ഇതാകട്ടെ ഇപ്പോഴത്തെ സമര പശ്ചാത്തലത്തില്‍ ധൃതികൂട്ടി തയ്യാറാക്കിയതുമല്ല. അമേരിക്കയില്‍നിന്ന് ആണവ റിയാക്ടറുകള്‍ വാങ്ങുന്നതിന് യുപിഎ സര്‍ക്കാര്‍ അമേരിക്കന്‍ സര്‍ക്കാരുമായി 123 കരാറില്‍ ഏര്‍പ്പെടാന്‍ തീരുമാനിച്ചപ്പോള്‍ ഇടതുപക്ഷം ആ സര്‍ക്കാരിന് നല്‍കിവന്ന പിന്തുണ പിന്‍വലിച്ചു.

രാഷ്ട്രീയമായ കാരണങ്ങളാല്‍ മാത്രമല്ല, ശാസ്ത്രീയവും സാമ്പത്തികവും ജനങ്ങളുടെ സുരക്ഷാപരവുമായ കാരണങ്ങളാലാണ് സിപിഐ (എം), വിപുലമായതോതില്‍ ആണവോര്‍ജ്ജം ഉല്‍പാദിപ്പിക്കുന്നതിനെ എതിര്‍ത്തത്. കോണ്‍ഗ്രസിനും ബിജെപിക്കും അവയെ അനുകൂലിക്കുന്ന മറ്റ് പല പാര്‍ടികള്‍ക്കും ആണവ നിലയങ്ങളോടും ആണവോര്‍ജ്ജത്തോടും ജനങ്ങളുടെ ജീവിത സുരക്ഷയെയും അവരെ ബാധിക്കുന്ന മറ്റ് ആഘാതങ്ങളെയും അടിസ്ഥാനമാക്കിയുള്ള ഉറച്ച നിലപാടില്ല. ""ദീപസ്തംഭം മഹാശ്ചര്യം..."" എന്ന നിലപാടാണ് അവയ്ക്കുള്ളത്. അതല്ലായിരുന്നുവെങ്കില്‍ പ്രധാനമന്ത്രിയോ കോണ്‍ഗ്രസ് പാര്‍ടിയോ മറ്റു പാര്‍ടികളോ കൂടംകുളത്തിന്റെ കാര്യത്തില്‍ ഉറച്ചതും ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്നതുമായ നിലപാട് കൈക്കൊള്ളുമായിരുന്നു.

അതേസമയം, വികാരപരമായി ചിലതരം പദ്ധതികളോട് അന്ധമായ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതും ശരിയല്ല. ആണവോര്‍ജ്ജത്തെ എക്കാലത്തേക്കുമായി തള്ളിക്കളയുന്നതും യുക്തിസഹമല്ല. ശാസ്ത്ര-സാങ്കേതിക വിദ്യകള്‍ വളര്‍ന്നു വികസിക്കുമ്പോള്‍ ഇപ്പോള്‍ മനുഷ്യന് മെരുക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ആണവ വികിരണത്തെ മെരുക്കാന്‍ കഴിഞ്ഞേക്കാം. ഇതേവരെയുള്ള ശാസ്ത്രീയ പുരോഗതി വീക്ഷിക്കുന്ന ആര്‍ക്കും ആ സാധ്യത തളളിക്കളയാനാവില്ല. ആ ശുഭ പ്രതീക്ഷ സിപിഐ (എം) പ്രകടിപ്പിക്കുന്നു. അതിനാല്‍ ആണവോര്‍ജ്ജത്തെ പാര്‍ടി എക്കാലത്തേക്കുമായി തള്ളിക്കളയുന്നില്ല. അതേസമയം ജനങ്ങള്‍ ഉന്നയിക്കുന്ന ഇന്നത്തെ ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. അതാണ് സിപിഐ (എം) ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് നടത്തിയ പ്രസ്താവനയുടെയും എഴുതിയ ലേഖനത്തിന്റെയും സത്ത. മുതലാളിത്ത ശക്തികള്‍ ഇക്കാര്യത്തില്‍ നേരിടുന്ന കടുത്ത പ്രതിസന്ധിയെ ചെപ്പടിവിദ്യകള്‍കൊണ്ട് മൂടിവെയ്ക്കാന്‍ കഴിയില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ