2012, സെപ്റ്റംബർ 19, ബുധനാഴ്‌ച

"കുലംകുത്തി"കളും "സൈക്കോപാത്തു"കളും


  •  ഡോ. ടി എം തോമസ് ഐസക്
    "റെനഗേഡ്" എന്നത് കമ്മ്യൂണിസ്റ്റു വിമര്‍ശന പദാ വലിയിലെ ഒരു പ്രധാനപ്പെട്ട പ്രയോഗമാണ്. തൊഴിലാളിവര്‍ഗത്തെയും കമ്മ്യൂണിസ്റ്റു പാര്‍ടിയെയും ഒറ്റുകൊടുക്കുന്നവരെയാണ് ആ പ്രയോഗം കൊണ്ട് വിശേഷിപ്പിക്കുന്നത്. മലയാളത്തില്‍ "വര്‍ഗ വഞ്ചകന്‍" എന്നര്‍ത്ഥം നല്‍കാം. സിപിഐഎമ്മിനെ ശത്രുക്കള്‍ക്ക് ഒറ്റുകൊടുത്തവരെ "റെനഗേഡ്" എന്ന അര്‍ത്ഥത്തില്‍ പിണറായി വിജയന്‍ "കുലംകുത്തി" എന്ന് ഒരു പൊതുയോഗത്തില്‍ വിശേഷിപ്പിച്ചിരുന്നു. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിനു ശേഷം നടന്ന ഒരു പത്രസമ്മേളനത്തില്‍ ആ പ്രയോഗത്തെക്കുറിച്ച് ഒരു മാധ്യമപ്രവര്‍ത്തകന്‍ അദ്ദേഹത്തോടു ചോദിച്ചു. ചോര നുണയുന്ന മാധ്യമകൗശലം തിരിച്ചറിഞ്ഞുകൊണ്ടു തന്നെ, അക്കാര്യം ചര്‍ച്ച ചെയ്യാനുളള സമയമല്ല ഇത് എന്ന് വ്യക്തമായ മറുപടിയും പിണറായി പറഞ്ഞു. തുടര്‍ന്നു വന്ന ചോദ്യങ്ങളോടു പ്രതികരിച്ചുകൊണ്ട് പണ്ടു നടത്തിയ പ്രയോഗത്തില്‍ തെറ്റില്ലെന്ന്് അദ്ദേഹം വ്യക്തമാക്കി. ഇതിനെച്ചൊല്ലി എന്തെല്ലാം കോലാഹലങ്ങളാണ് ഉണ്ടായത്? എത്ര ലേഖനങ്ങള്‍, എന്തെന്തു വ്യാഖ്യാനങ്ങള്‍! ""സ്വയം കുലമായി സങ്കോചിച്ചുകൊണ്ടിരിക്കുന്ന സിപിഎം കടുത്ത സൈനോ ഫോബിയയുടെ അടിമകളായിരിക്കുകയാണ്. ഏതു കുലത്തിന്റെയും മുഖമുദ്ര, കുലത്തിനു പുറത്തുളളവരെ ശത്രുക്കളായി കാണുന്ന മനോഘടനയാണ്"" എന്ന് ജെ രഘു മാതൃഭൂമി വാരികയില്‍ സിദ്ധാന്തിച്ചു. ""ഒരു കമ്മ്യൂണിസ്റ്റ് നേതാവ് കുലം എന്ന പദം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?"" എന്ന ചോദ്യമുയര്‍ത്തി, സി ആര്‍ നീലകണ്ഠന്‍. മരിച്ചുകിടക്കുന്ന ഒരാളെ പിണറായി വിജയന്‍ "കുലംകുത്തി"യെന്ന് ആക്ഷേപിച്ചത് ക്രൂരമാണെന്നായി ഉമ്മന്‍ചാണ്ടി. രമേശ് ചെന്നിത്തലയുടെ വകയുമുണ്ടായി, ആ പ്രയോഗത്തിനെതിരെ പ്രസ്താവനയും പത്രസമ്മേളനവും. ഇന്നു നടക്കുന്ന കമ്മ്യൂണിസ്റ്റു വിരുദ്ധ പ്രചാരവേലയുടെ ഒന്നാന്തരം ഉദാഹരണമാണ് കുലംകുത്തി പ്രയോഗത്തെക്കുറിച്ചുളള വിവാദം. ആദ്യം നിരന്തരമായ ആവര്‍ത്തനത്തിലൂടെ കമ്മ്യൂണിസ്റ്റുകാര്‍ പാര്‍ടി വിടുന്നവരെ മുഴുവന്‍ കുലംകുത്തികളാണെന്നാണ് വിശേഷിപ്പിക്കുക എന്ന് മനുഷ്യരുടെ മനസില്‍ സ്ഥാപിച്ചു. എന്തിന്, മരിച്ചു കിടക്കുന്നവരെപ്പോലും ഇത്തരത്തില്‍ ആക്ഷേപിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍. തുടര്‍ന്ന്, ഈ പദപ്രയോഗത്തെക്കുറിച്ചുളള അപനിര്‍മ്മാണ വിശകലനങ്ങളായി. കമ്മ്യൂണിസ്റ്റുകാരുടെ മനോഗതിയും അന്ധമായ വൈരനിര്യാതന ചിന്തയുമെല്ലാം ഈ പ്രയോഗത്തില്‍ നിന്ന് ജെ. രഘുവും സി. ആര്‍. നീലകണ്ഠനും സംഘവും വിശകലനം ചെയ്തു സ്ഥാപിക്കുന്നു.


    "കുലംകുത്തി"യെന്നാല്‍ വര്‍ഗവഞ്ചകന്‍

    നേരത്തെ സൂചിപ്പിച്ചതുപോലെ പാര്‍ടിയെ വഞ്ചിക്കുന്നവരെ വര്‍ഗവഞ്ചകരെന്നാണ് വിശേഷിപ്പിക്കുക. വിവാദ ഒഞ്ചിയം പ്രസംഗത്തിലെ കുലംകുത്തി പരാമര്‍ശത്തിനു മുമ്പ് ഇത്തരമൊരു പ്രയോഗം അദ്ദേഹം നടത്തിയിട്ടുളളതായും എനിക്കറിവില്ല. ഇഎംഎസിന്റെ രചനകള്‍ പരതിയപ്പോള്‍ അദ്ദേഹം ഇങ്ങനെയൊരു പദപ്രയോഗം ഒരിക്കല്‍ നടത്തിയതായി കണ്ടു. കൃഷിക്കാരുടെയും കര്‍ഷകത്തൊഴിലാളികളുടെയും കുടുംബത്തില്‍ ജനിച്ച് പറയത്തക്ക വിദ്യാഭ്യാസമൊന്നും ലഭിക്കാതെ, ബഹുജനപ്രസ്ഥാനങ്ങളുടെയും സമരങ്ങളുടെയും തീച്ചൂളയിലൂടെ വിപ്ലവരാഷ്ട്രീയത്തിന്റെ സംഘാടകരും നേതാക്കളുമായി ഉയര്‍ന്നുവന്ന ആയിരക്കണക്കിന് ആളുകള്‍ കമ്മ്യൂണിസ്റ്റു പാര്‍ടിയിലുണ്ട്. ഇതു തടയുന്നതിന് തുറന്ന വര്‍ഗശത്രുക്കള്‍ മാത്രമല്ല, അവരുടെ താളത്തിനൊത്തു തുള്ളുന്ന കുലംകുത്തികളും കിണഞ്ഞു പരിശ്രമിക്കുകയുണ്ടായി. അതിന്റെ ഏറ്റവും പ്രകടമായ തെളിവാണ് 1962നും തൊട്ടുമുമ്പും പിമ്പും ചൈനാവിരോധത്തിന്റെയും കോണ്‍ഗ്രസ് പ്രേമത്തിന്റെയും മറപിടിച്ച് കേരളത്തിലെയും ഇന്ത്യയിലെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ പിളര്‍ക്കാന്‍ റിവിഷനിസ്റ്റുകള്‍ നടത്തിയ ശ്രമം. (സഖാക്കള്‍, സുഹൃത്തുക്കള്‍ - ഇഎംഎസ്, പേജ് 97) ഇഎംഎസിന്റെ ഭാഗ്യമെന്നേ പറയേണ്ടൂ, ആ പദപ്രയോഗം സി ആര്‍ നീലകണ്ഠന്റെയും ജെ. രഘുവിന്റെയും വീരേന്ദ്രകുമാറിന്റെയുമൊന്നും കണ്ണില്‍പെട്ടിരുന്നില്ല. വര്‍ഗവഞ്ചകന്‍ എന്ന അര്‍ത്ഥത്തില്‍ തന്നെയാണ് പിണറായി വിജയന്‍ ഭകുലംകുത്തി എന്ന ഗ്രാമ്യപ്രയോഗം നടത്തിയത്. അത് അദ്ദേഹം പൊതുയോഗത്തില്‍ വിശേഷിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഓര്‍ക്കാട്ടേരിയിലെ പൊതുയോഗത്തില്‍ അക്കാര്യം വിശദീകരിച്ചു കൊണ്ട് പിണറായി വിജയന്‍ നടത്തിയ പ്രസംഗം ഇപ്പോഴും യുട്യൂബിലുണ്ട്. പ്രസംഗം സൂക്ഷ്മമായി പരിശോധിക്കുന്നവര്‍ക്ക് അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ കേള്‍ക്കാം ""ഈ പാര്‍ടി വിട്ട് ഈ പാര്‍ടിയെ ആക്രമിക്കാന്‍ പുറപ്പെട്ടവരെ ഇതിനു മുമ്പും വര്‍ഗവഞ്ചകര്‍ എന്നു പാര്‍ടി വിളിച്ചിട്ടുണ്ട്.... പാര്‍ടിയെ വര്‍ഗശത്രുക്കളോടൊപ്പം ചേര്‍ന്ന് തകര്‍ക്കാന്‍ നോക്കുകയാണ്. അതില്‍പ്പരം ഒരു വഞ്ചനയുണ്ടോ. ആ വഞ്ചന കാണിക്കുന്നവരെ വര്‍ഗവഞ്ചകന്‍ എന്നല്ലാതെ എന്താണ് വിളിക്കുക?""; സാധാരണഗതിയില്‍ വര്‍ഗവഞ്ചകന്‍ എന്ന ആക്ഷേപ പ്രയോഗം ഈ അപൂര്‍വവേളയില്‍ കുലംകുത്തിയെന്നും മാറ്റി വിളിച്ചു. ഇത് സര്‍വസാധാരണമായ ഒരു ആക്ഷേപപ്രയോഗമായി സ്ഥാപിച്ചെടുക്കാനുളള വ്യഗ്രതയുടെ പിന്നില്‍ ആശയപരമായ ചില ലക്ഷ്യങ്ങളുണ്ട്. ഈ പ്രയോഗത്തിന്റെ വ്യാഖ്യാനത്തിലൂടെ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ സ്വഭാവത്തെ താറടിക്കാനാണ് പരിശ്രമം. ;""ഒരു കമ്മ്യൂണിസ്റ്റ് പാര്‍ടി ഒരു കുലമായി നാടന്‍ഭാഷയില്‍ സ്വയം അടയാളപ്പെടുത്തുമ്പോള്‍ കുലബോധത്തിന്റെയും കുലധര്‍മ്മത്തിന്റെയും പ്രാചീനമായ സംഘബോധത്തെയാണ് പാര്‍ടിയിലേക്ക് ആവാഹിക്കുന്നത്: കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ കുലചിഹ്നമാണ് അരിവാള്‍ ചുറ്റിക. കുലപുരാവൃത്തങ്ങള്‍ പോലെയാണ് മാര്‍ക്സിസം ലെനിനിസവും പാര്‍ടി പരിപാടിയും. വര്‍ഗസമരം, വിപ്ലവം തുടങ്ങിയവ ആധുനിക മിത്തുകളാണ്. കുലപരേതാത്മാക്കളുടെ സ്ഥാനമാണ് രക്തസാക്ഷികള്‍ക്ക്. കുലമൂപ്പനാണ് പാര്‍ടി സെക്രട്ടറി"";. (ജെ. രഘു, നീ പാര്‍ടിയാകുന്നു, പാര്‍ടി, സെക്രട്ടറിയാകുന്നു, മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജൂലൈ 15).

    മരിച്ചവരെ കുലംകുത്തിയെന്ന് ആക്ഷേപിച്ചോ?

    മരിച്ച ചന്ദ്രശേഖരനെ വീണ്ടും കുലംകുത്തിയെന്ന് വിളിച്ചു എന്നു സ്ഥാപിക്കാന്‍ ആയുധമാക്കുന്നത് പിണറായി വിജയന്‍ തൃശൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തെയാണ്. ഈ പത്രസമ്മേളനത്തെക്കുറിച്ച് പിണറായി വിജയന്‍ തന്നെ തൊട്ടടുത്ത ദിവസം കണ്ണൂരില്‍ നടത്തിയ പ്രസംഗത്തില്‍ വിശദീകരിച്ചിട്ടുണ്ട്.  ""ഇന്നലെ തൃശൂരില്‍ ഒരു പരിപാടിയ്ക്കു പോയപ്പോള്‍ പത്രപ്രവര്‍ത്തകര്‍ മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. ആ പരിപാടിയ്ക്കു പോയപ്പോള്‍ ചിലര്‍ ചോദ്യം ചോദിച്ചു. നേരത്തെ നിങ്ങള്‍ പറഞ്ഞിരുന്നല്ലോ ഈ പാര്‍ടി വിട്ടവര്‍ കുലംകുത്തികളാണെന്ന്. അപ്പോള്‍ ഞാനത് ശരിയായ രീതിയില്‍ പറഞ്ഞു. പാര്‍ടി വിട്ടവര്‍ പലതരക്കാരുണ്ട്. പാര്‍ടി നടപടിയെടുത്തു പുറത്താക്കിയവരുണ്ട്. അവരില്‍ പലരും പാര്‍ടിയോടൊപ്പമുണ്ട്. അവര്‍ പാര്‍ടിക്കെതിരായിട്ടില്ല. തെറ്റ് അംഗീകരിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റു ബോധത്തോടെ പാര്‍ടിയോടൊപ്പം ഉറച്ചു നില്‍ക്കുന്നു...

    ശത്രുവിന്റെ കൈയില്‍ കളിച്ചുകൊണ്ട് നിലപാടുകള്‍ സ്വീകരിക്കുന്നവരെ ചില ഘട്ടങ്ങളില്‍ പാര്‍ടി കൈയോടെ പിടികൂടി. പിന്നെയവര്‍ക്ക് പാര്‍ടിയില്‍ നില്‍ക്കാന്‍ കഴിയില്ല. അവര്‍ പാര്‍ടിക്കു പുറത്തുപോയി ശത്രുക്കളുമായി കൂട്ടുചേരുന്നു. ഇപ്പോള്‍ ചന്ദ്രശേഖരന്‍ നേതൃത്വം കൊടുത്തിരുന്ന വിഭാഗം ഇക്കഴിഞ്ഞ കാലഘട്ടത്തില്‍ പാര്‍ടി ശത്രുക്കളുമായി കൂട്ടുകൂടിക്കൊണ്ടാണ് ഞങ്ങളെ നേരിട്ടിരുന്നത്. കേരളത്തിന്റെ പലഭാഗങ്ങളിലും അത്തരക്കാരുണ്ട്.... ശത്രുക്കളുമായി കൂട്ടുചേര്‍ന്ന് പാര്‍ടിയെ തകര്‍ക്കാന്‍ ശ്രമിച്ചവരുണ്ട്. അവര്‍ കുലംകുത്തികളാണ്.... അപ്പോള്‍ ഒരു പത്രപ്രവര്‍ത്തകന്‍ ചോദിച്ചു. ചന്ദ്രശേഖരനെക്കുറിച്ച് എന്താണ് അഭിപ്രായം... അപ്പോള്‍ ഞാന്‍ പറഞ്ഞു.. ചന്ദ്രശേഖരനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കേണ്ടതില്ല. ചന്ദ്രശേഖരനെ നിഷ്ഠുരമായി കൊല ചെയ്തിരിക്കുകയാണ്. ആ കൊല ചെയ്തത് ആരാണ് എന്നാണ് കണ്ടെത്തേണ്ടത്. അല്ലാതെ ചന്ദ്രശേഖരനെ വിലയിരുത്താനല്ല ശ്രമിക്കേണ്ടത്"". ഇതിനപ്പുറം എങ്ങനെയാണ് ഇക്കാര്യം വ്യക്തമാക്കേണ്ടതും വിശദീകരിക്കേണ്ടതും?

    തൃശൂര്‍ പത്രസമ്മേളനത്തില്‍ ചന്ദ്രശേഖരന്‍ കുലംകുത്തിയാണ് എന്ന് പിണറായിയെക്കൊണ്ടു പറയിപ്പിക്കാന്‍ കിണഞ്ഞു പരിശ്രമിച്ച മാധ്യമപ്രവര്‍ത്തകരോട് പിണറായി വിജയന്‍ പറഞ്ഞ മറുപടി ആവിയായിപ്പോയിട്ടൊന്നുമില്ല. ടെലിവിഷന്‍ ക്ലിപ്പിംഗുകളില്‍ അതിപ്പോഴുമുണ്ട്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇതായിരുന്നു :

    ""ചന്ദ്രശേഖരന്‍.... ഇപ്പോള്‍ മരണപ്പെട്ടയൊരാളെ അയാള്‍ പണ്ടുകാലത്ത് സ്വീകരിച്ച നിലപാട് എന്ത് എന്നാണോ പരിശോധിക്കേണ്ടത്? ആ കൊലയുടെ കാര്യം.... അതിന്റെ ക്രൂരത..... അതൊക്കെയല്ലേ ഇപ്പോള്‍ നാം ആലോചിക്കേണ്ടത്? ആ കൊല ചെയ്തവരാര്... അവരെ കണ്ടെത്തുകയല്ലേ അടിയന്തരമായി വേണ്ടത്?"".. തുടര്‍ന്നുളള കൗശലപൂര്‍വമായ ചോദ്യത്തോട് പ്രതികരിച്ചപ്പോഴാണ് പണ്ട് അങ്ങനെ വിശേഷിപ്പിച്ചതില്‍ തെറ്റില്ല എന്ന അര്‍ത്ഥത്തില്‍ ""കുലംകുത്തി, കുലംകുത്തി തന്നെ"" എന്നദ്ദേഹം പറഞ്ഞത്. ഈ പ്രയോഗത്തെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തി മാറ്റിയാണ് മരിച്ചുകിടക്കുന്ന ചന്ദ്രശേഖരനെ പിണറായി വിജയന്‍ കുലംകുത്തിയെന്നു വിളിച്ചു എന്ന നീചമായ പ്രചരണം കേരളത്തില്‍ നടന്നത്. ചന്ദ്രശേഖരന്‍ വധിക്കപ്പെടുന്നതിന് എത്രയോ മുമ്പാണ് പിണറായി വിജയന്റെ കുലംകുത്തി പ്രയോഗം നടന്നത്. ആ പ്രയോഗത്തിന്മേല്‍ അന്ന് സൈദ്ധാന്തികാഭ്യാസങ്ങളൊന്നും നടന്നിരുന്നില്ല. മരിച്ചു കിടക്കുന്നയാളെ പിണറായി വിജയന്‍ കുലംകുത്തിയെന്നു ആക്ഷേപിച്ചു എന്ന ആരോപണം ഉയര്‍ത്തിയാണ് പിന്നീടുളള കളികളൊക്കെ നടന്നത്. പിണറായി പറയാത്ത കാര്യം പറഞ്ഞുവെന്ന് പ്രചരിപ്പിക്കാന്‍ ഒരു മടിയുമുണ്ടായില്ല. അങ്ങനെ പ്രചരിപ്പിച്ചാണ് അവര്‍ മറ്റുളളവരുടെ പ്രതികരണങ്ങള്‍ ഇരന്നുവാങ്ങി വലിയ ബ്രേക്കിംഗ് ന്യൂസുകള്‍ സൃഷ്ടിച്ചത്. ആ നുണ പ്രചരണത്തിന്റെ സൈദ്ധാന്തികാവിഷ്കാരമാണ് സി ആര്‍ നീലകണ്ഠന്‍ മുതല്‍ ജെ. രഘു വരെയുളളവരുടെ ലേഖനങ്ങള്‍. രഘുവിന്റെ കമ്മ്യൂണിസ്റ്റു സൈക്കോപാത്തുകള്‍ കമ്മ്യൂണിസ്റ്റുകാര്‍ മുഴുവന്‍ സൈക്കോപാത്തുകള്‍ അഥവാ, കൊലയാളികളായ മനോരോഗികളാണെന്നാണ് ജെ. രഘുവിന്റ അഭിപ്രായം. ""ശരാശരി സിപിഐഎം നേതാക്കളുടെ മസ്തിഷ്ക ഘടനയ്ക്ക് അച്ചടക്കലംഘനങ്ങളുടെ ജനാധിപത്യത്തോട് സംവേദനം ചെയ്യാന്‍ കഴിയില്ല. കര്‍ക്കശമായ അച്ചടക്കബോധവും സംഘടനാ കൂറും ഇവരുടെ മസ്തിഷ്കഘടനയില്‍ മുദ്രിതമായിക്കഴിഞ്ഞിട്ടുണ്ട്. ഈ സംഘടനാപരിപ്രേക്ഷ്യ പാലനത്തെ മസ്തിഷ്ക സോഫ്റ്റ്വെയറാക്കി മാറ്റിയവര്‍ വിമര്‍ശനം, വിമതത്വം, അഭിപ്രായസ്വാതന്ത്ര്യം എന്നിവയോട് പൊരുത്തപ്പെട്ടു പോകാന്‍ അശക്തരായി മാറുന്നു. അതിനാല്‍ വിമര്‍ശനവും സ്വാതന്ത്ര്യവും ഇവര്‍ക്കു വഞ്ചനയും കുലംകുത്തലുമായി മാറുന്നു.

    വിമതര്‍ മാപ്പര്‍ഹിക്കാത്ത ശത്രുക്കളും. സംഘടനാ പരിപ്രേക്ഷ്യ പാലകര്‍ അതിനാല്‍ വിമര്‍ശനങ്ങള്‍ക്കും വിമതത്വങ്ങള്‍ക്കും മുന്നില്‍ രക്തദാഹികളായ കൊലയാളികളായി മാറുക സഹജമാണ്... ഇവര്‍ ക്രമേണ കമ്മ്യൂണിസ്റ്റ് സൈക്കോപാത്തുകളായി മാറുകയും ചെയ്യുന്നു"";. അങ്ങനെയാണത്രേ ചന്ദ്രശേഖരന്‍ വധിക്കപ്പെട്ടത്. ഇതുപോലെ സിപിഐഎം വിട്ട വേറെ എത്രപേരെ ഭ"കമ്മ്യൂണിസ്റ്റു സൈക്കോപാത്തുകള്‍" കൊല ചെയ്തിട്ടുണ്ട് എന്ന ലളിതമായ ചോദ്യത്തിനു മുന്നില്‍ രഘുവിന്റെ ഈ ഭയങ്കര വിശകലനം തകര്‍ന്നുവീഴും. സിപിഐ എം സാമ്പത്തിക അധോലോകത്തിന്റെ ഭാഗമാണ് എന്നാണ് രഘുവിന്റെ മറ്റൊരു വാദം. ""തങ്ങളെ വിട്ടുപോകുന്നവരെ കുറ്റബോധരഹിതമായി വകവരുത്തുകയെന്നത് അധോലോകത്തിന്റെ സാര്‍വത്രിക നിയമമാണ്. ഈ നിയമമാണ് ടി പി ചന്ദ്രശേഖരനെ കൊല ചെയ്തതിലൂടെ സിപിഐഎം നിര്‍വഹിച്ചിരിക്കുന്നത്"". ഇനിയാണ് രഘു കുലംകുത്തി വിമര്‍ശനത്തിലേക്ക് പ്രവേശിക്കുന്നത്. അതോടെ, മൗലികതയാര്‍ന്ന സിദ്ധാന്തങ്ങളുടെ കുത്തൊഴുക്കായി. ""അധോലോകത്തിന് സ്വയം ഒരു ആധുനിക കുല-ഗോത്രത്തിലേയ്ക്കു രൂപപ്പെടാമെന്നതിനു തെളിവാണ് കുലദ്രോഹി എന്ന പ്രയോഗം"". ഇത് സാമൂഹ്യശാസ്ത്രത്തിന് ഒരു മൗലിക സംഭാവന തന്നെയാണ്. കുലം, ഗോത്രം എന്നിവയെക്കുറിച്ചൊക്കെയുളള നിലവിലുളള നിര്‍വചനങ്ങളെ പൊളിച്ചെഴുതിക്കൊണ്ടാണ് സിപിഎമ്മിനെ അതില്‍ ഉള്‍ക്കൊളളിക്കാന്‍ വേണ്ടി ഈ സിദ്ധാന്തം രൂപീകരിച്ചിരിക്കുന്നത്.  ""കുലഗോത്ര ബോധം പേറുന്നവരെ സംബന്ധിച്ചിടത്തോളം കുലദ്രോഹം മാപ്പര്‍ഹിക്കാത്ത തെറ്റാണ്. അതിനാല്‍ കുലദ്രോഹിയെ കൊല്ലുക എന്നത് കുലാഭിമാനത്തിന്റെ ഭാഗമാണ്.... ടി പി ചന്ദ്രശേഖരനെ അമ്പത്തൊന്നു വെട്ടുകള്‍ വെട്ടി കൊലപ്പെടുത്തിയത് കുലചിഹ്നം പതിപ്പിക്കുന്നതിനു തുല്യമാണ്. കുലധര്‍മ്മത്തിന്റെ ഭാഗമായ കൊല വെറും കൊലയല്ല. ദൃശ്യസമ്പന്നമായ ഒരു അനുഷ്ഠാനമാണ്... കുലാംഗങ്ങള്‍ക്കിടയില്‍ അലങ്കാര ഭംഗിയോടെ വര്‍ണിക്കപ്പെടേണ്ടതും ഭീതി പടര്‍ത്തേണ്ടതുമായ ഒരു സ്പെക്ടക്കിള്‍ ആയിരിക്കണമത്"".  ചരിത്രത്തിന്റെയോ യുക്തിയുടെയോ പിന്‍ബലമില്ലാത്ത അതിഭാവുകത്വ പ്രസ്താവനയിലൂടെ കമ്മ്യൂണിസ്റ്റു വിരുദ്ധ വാഗ്മയ അന്തരീക്ഷം സൃഷ്ടിക്കാനാണ് രഘുവിന്റെ പരിശ്രമം. രാഷ്ട്രീയവാദത്തിന്റെ സൗകര്യത്തിനൊത്ത് സിദ്ധാന്തങ്ങളെ മാത്രമല്ല ഇതിഹാസങ്ങളെയും പുനര്‍വ്യാഖ്യാനം ചെയ്യുന്നു, ജെ. രഘു.

    ""ക്ഷത്രിയന്റെ കുലധര്‍മ്മത്തെക്കുറിച്ചാണ് ഭഗവത്ഗീത പറയുന്നത്. കൗരവപക്ഷത്തുളളത് രക്തബന്ധുക്കളാണെങ്കിലും അവര്‍ കുലംകുത്തികളായി മാറിയിരിക്കുന്നു"". അതെങ്ങനെയാണാവോ? അധികാരത്തര്‍ക്കത്തിനെയാണോ കുലംകുത്തിയെന്ന പദം കൊണ്ട് ഇവിടെ അര്‍ത്ഥമാക്കുന്നത്? &ഹറൂൗീ;""അതിനാല്‍ ക്ഷത്രിയന്റെ പരമധര്‍മ്മമായ കുലധര്‍മ്മം ആവശ്യപ്പെടുന്നത് കുലംകുത്തികളെ പശ്ചാത്താപരഹിതമായി കൊല്ലുക എന്നാണ് കൃഷ്ണന്‍ അര്‍ജുനനെ ഉപദേശിക്കുന്നത്"". ആണോ? അതോ ശത്രുസംഹാരമാണ് ക്ഷത്രിയധര്‍മ്മമെന്നോ? സൗകര്യപൂര്‍വമായ വ്യാഖ്യാനത്തിന് ഇത്രയും പ്രചുരപ്രചാരമുള്ള ഗീതാഭാഗം രഘുവിന് ഉപയോഗിക്കാമെങ്കില്‍, സങ്കീര്‍ണങ്ങളും അപരിചിതങ്ങളുമായ രാഷ്ട്രമീമാംസാ സിദ്ധാന്തങ്ങളെ എത്രവേഗം വളച്ചൊടിക്കാം? മേല്‍പറഞ്ഞ അഭ്യാസങ്ങളെല്ലാം താഴെ പറയുന്ന നിഗമനത്തില്‍ എത്തിച്ചേരുന്നതിനു വേണ്ടിയാണ്. ;""സിപിഎമ്മിന്റെ അധോലോക സാമ്രാജ്യത്തിന്റെ കുലധര്‍മ്മം ആവശ്യപ്പെടുന്നതും കുലംകുത്തികളെ കൊല്ലാനാണ്""; (ജെ. രഘു, എന്താണ് പാര്‍ടി, എന്താണ് സിപിഎം?)

    നീലകണ്ഠന്റെ മാനവകുലം സി. ആര്‍. നീലകണ്ഠനെ സംബന്ധിച്ചടത്തോളം പാര്‍ടി ഗ്രാമമെന്നല്ല, പാര്‍ടി കുടുംബമെന്നു പറയുന്നതുപോലും ജനാധിപത്യവിരുദ്ധമാണ്. ഫാസിസ്റ്റാണ്. കാരണം, ഒരു കുടുംബത്തില്‍ത്തന്നെ തീര്‍ത്തും വിരുദ്ധ രാഷ്ട്രീയ നിലപാടുളളവര്‍ ഉണ്ടാകാമല്ലോ. അതുകൊണ്ടുതന്നെ പാര്‍ടി കുടുംബം, പാര്‍ടി ഗ്രാമം എന്നിവ ജനാധിപത്യ വിരുദ്ധമാണ്. ഫാസിസ്റ്റാണ്. കുലത്തിലെ ഐക്യബോധം ജന്മം കൊണ്ടുളളതാണെങ്കില്‍ പാര്‍ടിയിലേത് പ്രത്യയശാസ്ത്രമാണ്. എല്ലാ ജന്മകുലങ്ങള്‍ക്കുമപ്പുറം മാനവകുലത്തിന്റെ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്ന വരാണ് മാര്‍ക്സിന്റെ പിന്‍ഗാമികള്‍"". കമ്മ്യൂണിസ്റ്റു പാര്‍ടിയിലേക്ക് ജന്മം കൊണ്ട് ആരും വരുന്നില്ല. വ്യക്തമായ ആശയനിലപാടിന്റെ അടിസ്ഥാനത്തില്‍ സ്വയം സംഘം ചേരുന്നവരാണ് അവര്‍. ആ സംഘബോധം ശക്തിപ്പെടുത്തുന്നതിനും മാനസിക ഐക്യം ഉളളവരുടെ ഒരു സംഘമായി മാറുന്നതിനും പാര്‍ടി വളരെയേറെ ശ്രദ്ധിക്കാറുണ്ട്. ഏതു വിപ്ലവത്തിന്റെ ചരിത്രമെടുത്താലും അസാമാന്യധീരതയോടെ മരണത്തെ വരിച്ച എത്രായിരം രക്തസാക്ഷികളുടെ കഥ പറയാനുണ്ടാവും. മരണാനന്തര ലോകത്ത് എന്തെങ്കിലും പ്രതിഫലം കിട്ടും എന്ന ആഗ്രഹത്തില്‍നിന്നുളള ധാര്‍മ്മികതയല്ല അവരെ നയിക്കുന്നത്. തങ്ങള്‍ വ്യക്തിപരമായി ഇല്ലാതായാലും തങ്ങളുടെ ആശയങ്ങള്‍ക്കു വേണ്ടിയുളള സമരം മുന്നോട്ടു കൊണ്ടുപോകും, അതിലൂടെ തങ്ങള്‍ക്ക് അമരത്വമുണ്ടാകുമെന്ന ചിന്തയാണ് അവരെ പ്രചോദിപ്പിക്കുന്നത്. ഏതു വിപ്ലവത്തിനും ഇത്തരമൊരു സംഘബോധം കൂടിയേ തീരൂ. ഇതിനെയാണ് ഗോത്രബോധമെന്നു വിശേഷിപ്പിക്കുന്നത്. സംഘബോധത്തെ ഗോത്രബോധവുമായി ബന്ധിപ്പിക്കാനുളള കണ്ണിയായി കുലംകുത്തിയെന്ന അപൂര്‍വ പ്രയോഗത്തെ എത്ര ഭാവനയോടെ വിരുദ്ധന്മാര്‍ മാറ്റിയെടുത്തു എന്നു നോക്കൂ.

    ഏതായാലും ഞങ്ങളുടെ ഒരു സ്വയംവിമര്‍ശനം ഈ ലേഖനത്തിലൂടെ പറയട്ടെ. കമ്മ്യൂണിസ്റ്റുകാരന്റെ രാഷ്ട്രീയ ജീവിതവും കുടുംബജീവിതവും തമ്മിലുളള അകലം വര്‍ദ്ധിച്ചുവരുന്നത് വലിയ വിപത്തായാണ് ഞങ്ങള്‍ കാണുന്നത്. രാഷ്ട്രീയം കുടുംബത്തിലേയ്ക്ക് കടന്നുചെല്ലണം. പാര്‍ടി കുടുംബമായി മാറണം. എന്തെങ്കിലും അടിച്ചേല്‍പ്പിക്കലിലൂടെയല്ല - കുടുംബാംഗങ്ങളുടെ രാഷ്ട്രീയവത്കരണത്തിലൂടെ. ""മാനവികമായ ഒന്നും എനിക്കന്യമല്ല"" എന്ന മാര്‍ക്സിന്റെ പ്രസ്താവനയെ അടിസ്ഥാനമാക്കി നീലകണ്ഠന്‍ എത്തിച്ചേരുന്നത് മാനവകുലമെന്നതിലാണ് മാര്‍ക്സ് അടിയുറച്ചു വിശ്വസിച്ചിരുന്നത്. പാര്‍ടിയെ കുലമെന്നു വിശേഷിപ്പിക്കാന്‍ പാടില്ല. ""പാര്‍ടിയെന്നതിന് സമാനമായി ഉപയോഗിക്കാവുന്ന വാക്കാണോ അത്?

    പാര്‍ടിദ്രോഹിയെന്നതും കുലദ്രോഹിയെന്നതും ഒരേ അര്‍ത്ഥമാണോ സൃഷ്ടിക്കുന്നത്? കുലം (ജാതി, ഗോത്രം, കുടുംബം) എന്നിവ പോലെ ജന്മം കൊണ്ടു കിട്ടുന്നതാണ്. നാം തിരഞ്ഞെടുക്കുന്നതല്ല"" ഇന്ന് സിപിഐ എം കുലബോധത്തെക്കുറിച്ചു പറയാന്‍ കാരണം, പ്രത്യയശാസ്ത്രമെല്ലാം നഷ്ടപ്പെട്ടതുകൊണ്ടാണ്. അതുകൊണ്ട് ഐക്യം നിലനിര്‍ത്താന്‍ ചില ഗോത്രബോധങ്ങള്‍ ഉയര്‍ത്തേണ്ടത് അത്യാവശ്യമായിരിക്കുന്നു. ""ആദ്യം മനുഷ്യന്‍, പിന്നെ മാര്‍ക്സിസം"" എന്ന് ചില ഇടതുപക്ഷ സാംസ്കാരിക പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ മുദ്രാവാക്യത്തെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് 1972-ല്‍ കെ ദാമോദരന്‍  ""മാര്‍ക്സിസത്തില്‍ നിന്ന് മനുഷ്യനെ മാറ്റിയാല്‍ പൂജ്യ""
    മാണെന്ന് പ്രസ്താവിക്കുകയുണ്ടായി. തുടര്‍ന്ന് കെ. ദാമോദരന്റെ നിലപാടുകളെ അംഗീകരിച്ചുകൊണ്ട് ഇഎംഎസ് സോഷ്യല്‍ സയന്റിസ്റ്റ് മാസികയില്‍ സാഹിത്യത്തിലെ മാനവികതയും വര്‍ഗസമരവും എന്നൊരു പ്രബന്ധം പ്രസിദ്ധീകരിച്ചു. മാര്‍ക്സിനെ വര്‍ഗസമര സിദ്ധാന്തത്തില്‍ നിന്ന് അടര്‍ത്തിമാറ്റി ആദ്യകാല മാര്‍ക്സിന്റെ ദാര്‍ശനിക വിശകലനങ്ങളില്‍ ഊന്നുന്നതിനെ സംബന്ധിച്ച് അല്‍ത്തൂസറും മറ്റും നടത്തിയ സംവാദങ്ങളും പ്രസിദ്ധമാണ്.

    അല്‍ത്തൂസറുടെ നിലപാടുകളില്‍ നിന്നു വ്യത്യാസമായ നിലപാടെടുക്കുന്ന ലൂക്കാച്ച്, ഗ്രാംഷി, ഇ. പി. തോംസണ്‍, സി. എല്‍. ആര്‍. ജെയിംസ് തുടങ്ങിയ പണ്ഡിതര്‍പോലും മാര്‍ക്സിന്റെ മാനവികതയെ ചരിത്രനിരപേക്ഷമായി വിലയിരുത്തിയിട്ടില്ല. വര്‍ഗവിഭജനത്തില്‍ നിന്നും വര്‍ഗസമരത്തില്‍ നിന്നും മാറ്റിനിര്‍ത്തിയല്ല മാര്‍ക്സിസം മാനവികതയെ പരിശോധിക്കുന്നത്. തങ്ങളുടെ ഏറ്റവും വലിയ സംഭാവനയായി മാര്‍ക്സും ഏംഗല്‍സും തന്നെ ചൂണ്ടിക്കാണിച്ചിട്ടുളളത് വര്‍ഗവിഭജനവും വര്‍ഗസമരവും അനിവാര്യമായി തൊഴിലാളിവര്‍ഗ ആധിപത്യ വ്യവസ്ഥയിലേയ്ക്കു നയിക്കുന്നു എന്നുള്ളതാണ്. നീലകണ്ഠനാവട്ടെ, വര്‍ഗബോധവും അതിന്റെ അടിസ്ഥാനത്തിലുള്ള പാര്‍ടിയും പാര്‍ടിക്കൂറും മാനവികതയ്ക്കു തന്നെ വിരുദ്ധമാണ്; അതുകൊണ്ട് മാര്‍ക്സിസ്റ്റ് വിരുദ്ധമാണ് എന്ന നിഗമനത്തിലാണ് എത്തുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ